ഖാഫ്
മലയാളം Translation with Arabic Quran Text
| മലയാളം | العربية |
|---|---|
| 1 ഖാഫ്. മഹത്വമേറിയ ഖുര്‍ആന്‍ തന്നെയാണ, സത്യം. | قٓ ۚ وَٱلْقُرْءَانِ ٱلْمَجِيدِ. ﴿1﴾ |
| 2 എന്നാല്‍ അവരില്‍ നിന്നു തന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്ത് വന്നതിനാല്‍ അവര്‍ ആശ്ചര്യപ്പെട്ടു. എന്നിട്ട് സത്യനിഷേധികള്‍ പറഞ്ഞു: ഇത് അത്ഭുതകരമായ കാര്യമാകുന്നു. | بَلْ عَجِبُوٓا۟ أَن جَآءَهُم مُّنذِرٌۭ مِّنْهُمْ فَقَالَ ٱلْكَٰفِرُونَ هَٰذَا شَىْءٌ عَجِيبٌ. ﴿2﴾ |
| 3 നാം മരിച്ച് മണ്ണായിക്കഴിഞ്ഞിട്ടോ (വീണ്ടും ഒരു ജീവിതം?) അത് വിദൂരമായ ഒരു മടക്കമാകുന്നു. | أَءِذَا مِتْنَا وَكُنَّا تُرَابًۭا ۖ ذَٰلِكَ رَجْعٌۢ بَعِيدٌۭ. ﴿3﴾ |
|
4
അവരില്‍ നിന്ന് ഭൂമി ചുരുക്കികൊണ്ടിരിക്കുന്നത് നാം അറിഞ്ഞിട്ടുണ്ട്; തീര്‍ച്ച.(1) നമ്മുടെ അടുക്കല്‍ (വിവരങ്ങള്‍) സൂക്ഷ്മമായി രേഖപ്പെടുത്തിയ ഒരു ഗ്രന്ഥവുമുണ്ട്.
1) മണ്ണ് തിന്ന് തീര്‍ക്കുന്ന അവരുടെ മൃതദേഹങ്ങളെ സംബന്ധിച്ച സൂക്ഷ്മ വിവരങ്ങൾ അല്ലാഹുവിന് അറിയാം എന്നര്‍ത്ഥം.
|
قَدْ عَلِمْنَا مَا تَنقُصُ ٱلْأَرْضُ مِنْهُمْ ۖ وَعِندَنَا كِتَٰبٌ حَفِيظٌۢ. ﴿4﴾ |
| 5 എന്നാല്‍ സത്യം അവര്‍ക്കു വന്നെത്തിയപ്പോള്‍ അവര്‍ അത് നിഷേധിച്ചു കളഞ്ഞു. അങ്ങനെ അവര്‍ ഇളകികൊണ്ടിരിക്കുന്ന (അനിശ്ചിതമായ) ഒരു നിലപാടിലാകുന്നു. | بَلْ كَذَّبُوا۟ بِٱلْحَقِّ لَمَّا جَآءَهُمْ فَهُمْ فِىٓ أَمْرٍۢ مَّرِيجٍ. ﴿5﴾ |
|
6
അവര്‍ക്കു മുകളിലുള്ള ആകാശത്തേക്ക് അവര്‍ നോക്കിയിട്ടില്ലേ; എങ്ങനെയാണ് നാം അതിനെ നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളതെന്ന്? അതിന് വിടവുകളൊന്നുമില്ല.(2)
2) ആകാശഗോളങ്ങള്‍ മുഴുവന്‍ കണിശമായ പ്രാപഞ്ചിക നിയമങ്ങളാല്‍ ബന്ധിതമാണ്. അവ്യവസ്ഥിതമോ അനാസൂത്രിതമോ അല്ല ഉപരിലോകം എന്നാണ് ഗോളശാസ്ത്രസംബന്ധമായ എല്ലാ പഠനങ്ങളും തെളിയിക്കുന്നത്.
|
أَفَلَمْ يَنظُرُوٓا۟ إِلَى ٱلسَّمَآءِ فَوْقَهُمْ كَيْفَ بَنَيْنَٰهَا وَزَيَّنَّٰهَا وَمَا لَهَا مِن فُرُوجٍۢ. ﴿6﴾ |
| 7 ഭൂമിയാകട്ടെ നാം അതിനെ വികസിപ്പിക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ നാം സ്ഥാപിക്കുകയും കൗതുകമുള്ള എല്ലാ സസ്യവര്‍ഗങ്ങളും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു. | وَٱلْأَرْضَ مَدَدْنَٰهَا وَأَلْقَيْنَا فِيهَا رَوَٰسِىَ وَأَنۢبَتْنَا فِيهَا مِن كُلِّ زَوْجٍۭ بَهِيجٍۢ. ﴿7﴾ |
| 8 (സത്യത്തിലേക്ക്) മടങ്ങുന്ന ഏതൊരു ദാസന്നും കണ്ടുമനസ്സിലാക്കുവാനും അനുസ്മരിക്കുവാനും വേണ്ടി. | تَبْصِرَةًۭ وَذِكْرَىٰ لِكُلِّ عَبْدٍۢ مُّنِيبٍۢ. ﴿8﴾ |
| 9 ആകാശത്തുനിന്ന് നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയും, എന്നിട്ട് അതു മൂലം പല തരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു. | وَنَزَّلْنَا مِنَ ٱلسَّمَآءِ مَآءًۭ مُّبَٰرَكًۭا فَأَنۢبَتْنَا بِهِۦ جَنَّٰتٍۢ وَحَبَّ ٱلْحَصِيدِ. ﴿9﴾ |
| 10 അടുക്കടുക്കായി കുലകളുള്ള ഉയരമുള്ള ഈന്തപ്പനകളും. | وَٱلنَّخْلَ بَاسِقَٰتٍۢ لَّهَا طَلْعٌۭ نَّضِيدٌۭ. ﴿10﴾ |
|
11
(നമ്മുടെ) ദാസന്‍മാര്‍ക്ക് ഉപജീവനമായിട്ടുള്ളതത്രെ അവ. നിര്‍ജീവമായ നാടിനെ അത് മൂലം ജീവനുള്ളതാക്കുകയും ചെയ്തു. അപ്രകാരം തന്നെയാകുന്നു (ഖബ്‌റുകളില്‍ നിന്നുള്ള) പുറപ്പാട്.(3)
3) നിര്‍ജീവമായ ഭൂമിക്ക് ജീവന്‍ നല്കുന്നതുപോലെ തന്നെ മരിച്ചു മണ്ണായിത്തീര്‍ന്നവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്പിക്കുകയും ചെയ്യും.
|
رِّزْقًۭا لِّلْعِبَادِ ۖ وَأَحْيَيْنَا بِهِۦ بَلْدَةًۭ مَّيْتًۭا ۚ كَذَٰلِكَ ٱلْخُرُوجُ. ﴿11﴾ |
| 12 ഇവരുടെ മുമ്പ് നൂഹിന്‍റെ ജനതയും റസ്സുകാരും, ഥമൂദ് സമുദായവും (റസൂലുകളെ) നിഷേധിക്കുകയുണ്ടായി. | كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍۢ وَأَصْحَٰبُ ٱلرَّسِّ وَثَمُودُ. ﴿12﴾ |
| 13 ആദ് സമുദായവും, ഫിര്‍ഔനും, ലൂത്വിന്‍റെ സഹോദരങ്ങളും, | وَعَادٌۭ وَفِرْعَوْنُ وَإِخْوَٰنُ لُوطٍۢ. ﴿13﴾ |
| 14 മരക്കൂട്ടങ്ങള്‍ക്കിടയില്‍ വസിച്ചിരുന്നവരും, തുബ്ബഇന്‍റെ ജനതയും. ഇവരെല്ലാം (അല്ലാഹുവിന്റെ) ദൂതന്‍മാരെ നിഷേധിച്ചു തള്ളി. അപ്പോള്‍ (അവരില്‍) എന്‍റെ താക്കീത് സത്യമായി പുലര്‍ന്നു. | وَأَصْحَٰبُ ٱلْأَيْكَةِ وَقَوْمُ تُبَّعٍۢ ۚ كُلٌّۭ كَذَّبَ ٱلرُّسُلَ فَحَقَّ وَعِيدِ. ﴿14﴾ |
| 15 അപ്പോള്‍ ആദ്യതവണ സൃഷ്ടിച്ചതു കൊണ്ട് നാം ക്ഷീണിച്ചു പോയോ? അല്ല, അവര്‍ പുതിയൊരു സൃഷ്ടിപ്പിനെപ്പറ്റി സംശയത്തിലാകുന്നു. | أَفَعَيِينَا بِٱلْخَلْقِ ٱلْأَوَّلِ ۚ بَلْ هُمْ فِى لَبْسٍۢ مِّنْ خَلْقٍۢ جَدِيدٍۢ. ﴿15﴾ |
| 16 തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്‍റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം (അവന്‍റെ) കണ്ഠനാഡിയെക്കാള്‍ അവനോട് അടുത്തവനും ആകുന്നു. | وَلَقَدْ خَلَقْنَا ٱلْإِنسَٰنَ وَنَعْلَمُ مَا تُوَسْوِسُ بِهِۦ نَفْسُهُۥ ۖ وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ ٱلْوَرِيدِ. ﴿16﴾ |
|
17
വലതുഭാഗത്തും ഇടതുഭാഗത്തും ഇരുന്നു കൊണ്ട് ഏറ്റുവാങ്ങുന്ന രണ്ടുപേര്‍ ഏറ്റുവാങ്ങുന്ന സന്ദര്‍ഭം.(4)
4) ഓരോ വ്യക്തിയുടെയും രണ്ടുവശങ്ങളിലിരുന്ന് അവന്റെ വാഗ്‌വിചാരകര്‍മങ്ങള്‍ രണ്ടു മലക്കുകള്‍ രേഖപ്പെടുത്തുന്നു. നല്ലതെല്ലാം ഒരു മലക്കും ചീത്തയെല്ലാം മറ്റൊരു മലക്കും രേഖപ്പെടുത്തുന്നു.
|
إِذْ يَتَلَقَّى ٱلْمُتَلَقِّيَانِ عَنِ ٱلْيَمِينِ وَعَنِ ٱلشِّمَالِ قَعِيدٌۭ. ﴿17﴾ |
| 18 അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്‍റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല. | مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌۭ. ﴿18﴾ |
| 19 മരണവെപ്രാളം യാഥാര്‍ത്ഥ്യവും കൊണ്ട് വരുന്നതാണ്. എന്തൊന്നില്‍ നിന്ന് നീ ഒഴിഞ്ഞു മാറികൊണ്ടിരിക്കുന്നുവോ അതത്രെ ഇത്. | وَجَآءَتْ سَكْرَةُ ٱلْمَوْتِ بِٱلْحَقِّ ۖ ذَٰلِكَ مَا كُنتَ مِنْهُ تَحِيدُ. ﴿19﴾ |
| 20 കാഹളത്തില്‍ ഊതപ്പെടുകയും ചെയ്യും. അതാകുന്നു താക്കീതിന്‍റെ ദിവസം. | وَنُفِخَ فِى ٱلصُّورِ ۚ ذَٰلِكَ يَوْمُ ٱلْوَعِيدِ. ﴿20﴾ |
|
21
കൂടെ ഒരു ആനയിക്കുന്നവനും ഒരു സാക്ഷിയുമുള്ള നിലയിലായിരിക്കും(5) ഏതൊരാളും (അന്ന്) വരുന്നത്.
5) ന്യായവിധിയുടെ നാളില്‍ ഓരോ വ്യക്തിയുടെയും കൂടെ അവനെ വിചാരണവേദിയിലേക്ക് ആനയിക്കാന്‍ ഒരു മലക്കും അവന്റെ കര്‍മങ്ങളെ സംബന്ധിച്ച് സാക്ഷ്യം വഹിക്കാന്‍ ഒരു മലക്കും ഉണ്ടായിരിക്കും എന്നര്‍ത്ഥം.
|
وَجَآءَتْ كُلُّ نَفْسٍۢ مَّعَهَا سَآئِقٌۭ وَشَهِيدٌۭ. ﴿21﴾ |
|
22
(അന്ന് സത്യനിഷേധിയോടു പറയപ്പെടും:) തീര്‍ച്ചയായും നീ ഇതിനെപ്പറ്റി അശ്രദ്ധയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിന്നില്‍ നിന്ന് നിന്‍റെ ആ മൂടി നാം നീക്കം ചെയ്തിരിക്കുന്നു.(6) അങ്ങനെ നിന്‍റെ ദൃഷ്ടി ഇന്ന് മൂര്‍ച്ചയുള്ളതാകുന്നു.
6) സൂക്ഷ്മ സത്യങ്ങള്‍ മനസ്സിലാക്കുന്നതിന് ഇഹലോകത്ത് പല തടസ്സങ്ങളും ഉണ്ടാകും. പരലോകത്ത് എല്ലാ മൂടികളും, മറകളും നീക്കപ്പെടുന്നതോടെ സകല സത്യങ്ങളും അനാവൃതമാകുന്നതാണ്.
|
لَّقَدْ كُنتَ فِى غَفْلَةٍۢ مِّنْ هَٰذَا فَكَشَفْنَا عَنكَ غِطَآءَكَ فَبَصَرُكَ ٱلْيَوْمَ حَدِيدٌۭ. ﴿22﴾ |
| 23 അവന്‍റെ സഹചാരി (മലക്ക്) പറയും: ഇതാകുന്നു എന്‍റെ പക്കല്‍ തയ്യാറുള്ളത് (രേഖ). | وَقَالَ قَرِينُهُۥ هَٰذَا مَا لَدَىَّ عَتِيدٌ. ﴿23﴾ |
| 24 (അല്ലാഹു മലക്കുകളോട് കല്‍പിക്കും:) സത്യനിഷേധിയും ധിക്കാരിയുമായിട്ടുള്ള ഏതൊരുത്തനെയും നിങ്ങള്‍ നരകത്തില്‍ ഇട്ടേക്കുക. | أَلْقِيَا فِى جَهَنَّمَ كُلَّ كَفَّارٍ عَنِيدٍۢ. ﴿24﴾ |
| 25 അതായത് നന്മയെ മുടക്കുന്നവനും അതിക്രമകാരിയും സംശയാലുവുമായ ഏതൊരുത്തനെയും. | مَّنَّاعٍۢ لِّلْخَيْرِ مُعْتَدٍۢ مُّرِيبٍ. ﴿25﴾ |
| 26 അതെ, അല്ലാഹുവോടൊപ്പം വേറെ ആരാധ്യനെ സ്ഥാപിച്ച ഏതൊരുവനെയും. അതിനാല്‍ കഠിനമായ ശിക്ഷയില്‍ അവനെ നിങ്ങള്‍ ഇട്ടേക്കുക. | ٱلَّذِى جَعَلَ مَعَ ٱللَّهِ إِلَٰهًا ءَاخَرَ فَأَلْقِيَاهُ فِى ٱلْعَذَابِ ٱلشَّدِيدِ. ﴿26﴾ |
|
27
അവന്‍റെ കൂട്ടാളി(7) പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞാനവനെ വഴിതെറ്റിച്ചിട്ടില്ല. പക്ഷെ, അവന്‍ വിദൂരമായ ദുര്‍മാര്‍ഗത്തിലായിരുന്നു.
7) ഈ വചനത്തില്‍ ഖരീന്‍ (കൂട്ടാളി അഥവാ സഹചാരി) എന്നുപറഞ്ഞത് മനുഷ്യന്റെ കൂടെ നടന്ന് അവനെ പിഴപ്പിക്കുന്ന പിശാചിനെപ്പറ്റിയാണ്.
|
۞ قَالَ قَرِينُهُۥ رَبَّنَا مَآ أَطْغَيْتُهُۥ وَلَٰكِن كَانَ فِى ضَلَٰلٍۭ بَعِيدٍۢ. ﴿27﴾ |
| 28 അവന്‍ (അല്ലാഹു) പറയും: നിങ്ങള്‍ എന്‍റെ അടുക്കല്‍ തര്‍ക്കിക്കേണ്ട. മുമ്പേ ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്. | قَالَ لَا تَخْتَصِمُوا۟ لَدَىَّ وَقَدْ قَدَّمْتُ إِلَيْكُم بِٱلْوَعِيدِ. ﴿28﴾ |
| 29 എന്‍റെ അടുക്കല്‍ വാക്ക് മാറ്റപ്പെടുകയില്ല. ഞാന്‍ ദാസന്‍മാരോട് ഒട്ടും അനീതി കാണിക്കുന്നവനുമല്ല. | مَا يُبَدَّلُ ٱلْقَوْلُ لَدَىَّ وَمَآ أَنَا۠ بِظَلَّٰمٍۢ لِّلْعَبِيدِ. ﴿29﴾ |
| 30 നീ നിറഞ്ഞു കഴിഞ്ഞോ' എന്ന് നാം നരകത്തോട് പറയുകയും, 'കൂടുതല്‍ എന്തെങ്കിലുമുണ്ടോ' എന്ന് അത് (നരകം) പറയുകയും ചെയ്യുന്ന ദിവസത്തിലത്രെ അത്. | يَوْمَ نَقُولُ لِجَهَنَّمَ هَلِ ٱمْتَلَأْتِ وَتَقُولُ هَلْ مِن مَّزِيدٍۢ. ﴿30﴾ |
| 31 സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അകലെയല്ലാത്ത വിധത്തില്‍ സ്വര്‍ഗം അടുത്തു കൊണ്ടുവരപ്പെടുന്നതാണ്. | وَأُزْلِفَتِ ٱلْجَنَّةُ لِلْمُتَّقِينَ غَيْرَ بَعِيدٍ. ﴿31﴾ |
| 32 (അവരോട് പറയപ്പെടും:) അല്ലാഹുവിങ്കലേക്ക് ഏറ്റവും അധികം മടങ്ങുന്നവനും, (ജീവിതം) കാത്തുസൂക്ഷിക്കുന്നവനും ആയ ഏതൊരാള്‍ക്കും നല്‍കാമെന്ന് നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതാകുന്നു ഇത്. | هَٰذَا مَا تُوعَدُونَ لِكُلِّ أَوَّابٍ حَفِيظٍۢ. ﴿32﴾ |
| 33 അതായത് അദൃശ്യമായ നിലയില്‍ പരമകാരുണികനെ ഭയപ്പെടുകയും താഴ്മയുള്ള ഹൃദയത്തോടുകൂടി വരുകയും ചെയ്തവന്ന്. | مَّنْ خَشِىَ ٱلرَّحْمَٰنَ بِٱلْغَيْبِ وَجَآءَ بِقَلْبٍۢ مُّنِيبٍ. ﴿33﴾ |
| 34 (അവരോട് പറയപ്പെടും:) സമാധാനപൂര്‍വ്വം നിങ്ങളതില്‍ പ്രവേശിച്ചു കൊള്ളുക. ശാശ്വതവാസത്തിനുള്ള ദിവസമാകുന്നു അത്. | ٱدْخُلُوهَا بِسَلَٰمٍۢ ۖ ذَٰلِكَ يَوْمُ ٱلْخُلُودِ. ﴿34﴾ |
| 35 അവര്‍ക്കവിടെ ഉദ്ദേശിക്കുന്നതെന്തും ഉണ്ടായിരിക്കും. നമ്മുടെ പക്കലാകട്ടെ കൂടുതലായി പലതുമുണ്ട്. | لَهُم مَّا يَشَآءُونَ فِيهَا وَلَدَيْنَا مَزِيدٌۭ. ﴿35﴾ |
| 36 ഇവര്‍ക്കു മുമ്പ് എത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്! അവര്‍ ഇവരെക്കാള്‍ കടുത്ത കൈയ്യൂക്കുള്ളവരായിരുന്നു. എന്നിട്ടവര്‍ നാടുകളിലാകെ ചികഞ്ഞു നോക്കി; രക്ഷപ്രാപിക്കാന്‍ വല്ല ഇടവുമുണ്ടോ എന്ന്. | وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هُمْ أَشَدُّ مِنْهُم بَطْشًۭا فَنَقَّبُوا۟ فِى ٱلْبِلَٰدِ هَلْ مِن مَّحِيصٍ. ﴿36﴾ |
| 37 ഹൃദയമുള്ളവനായിരിക്കുകയോ, മനസ്സാന്നിധ്യത്തോടെ ചെവികൊടുത്ത് കേള്‍ക്കുകയോ ചെയ്തവന്ന് തീര്‍ച്ചയായും അതില്‍ ഒരു ഉല്‍ബോധനമുണ്ട്. | إِنَّ فِى ذَٰلِكَ لَذِكْرَىٰ لِمَن كَانَ لَهُۥ قَلْبٌ أَوْ أَلْقَى ٱلسَّمْعَ وَهُوَ شَهِيدٌۭ. ﴿37﴾ |
| 38 ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം ആറു ദിവസങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നു. യാതൊരു ക്ഷീണവും നമ്മെ ബാധിച്ചിട്ടുമില്ല. | وَلَقَدْ خَلَقْنَا ٱلسَّمَٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍۢ وَمَا مَسَّنَا مِن لُّغُوبٍۢ. ﴿38﴾ |
| 39 അതിനാല്‍ അവര്‍ പറയുന്നതിന്‍റെ പേരില്‍ നീ ക്ഷമിച്ചു കൊള്ളുക. സൂര്യോദയത്തിനു മുമ്പും അസ്തമനത്തിനുമുമ്പും നിന്‍റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം (അവന്റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കുകയും ചെയ്യുക. | فَٱصْبِرْ عَلَىٰ مَا يَقُولُونَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ ٱلشَّمْسِ وَقَبْلَ ٱلْغُرُوبِ. ﴿39﴾ |
| 40 രാത്രിയില്‍ നിന്ന് കുറച്ചു സമയവും അവനെ പ്രകീര്‍ത്തിക്കുക. സാഷ്ടാംഗ നമസ്കാരത്തിനു ശേഷമുള്ള സമയങ്ങളിലും. | وَمِنَ ٱلَّيْلِ فَسَبِّحْهُ وَأَدْبَٰرَ ٱلسُّجُودِ. ﴿40﴾ |
| 41 അടുത്ത ഒരു സ്ഥലത്ത് നിന്ന് വിളിച്ചുപറയുന്നവന്‍ വിളിച്ചുപറയുന്ന ദിവസത്തെപ്പറ്റി ശ്രദ്ധിച്ചു കേള്‍ക്കുക. | وَٱسْتَمِعْ يَوْمَ يُنَادِ ٱلْمُنَادِ مِن مَّكَانٍۢ قَرِيبٍۢ. ﴿41﴾ |
| 42 അതായത് ആ ഘോരശബ്ദം യഥാര്‍ത്ഥമായും അവര്‍ കേള്‍ക്കുന്ന ദിവസം. അതത്രെ (ഖബ്‌റുകളില്‍ നിന്നുള്ള) പുറപ്പാടിന്‍റെ ദിവസം. | يَوْمَ يَسْمَعُونَ ٱلصَّيْحَةَ بِٱلْحَقِّ ۚ ذَٰلِكَ يَوْمُ ٱلْخُرُوجِ. ﴿42﴾ |
| 43 തീര്‍ച്ചയായും നാം ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ അടുത്തേക്ക് തന്നെയാണ് തിരിച്ചെത്തലും. | إِنَّا نَحْنُ نُحْىِۦ وَنُمِيتُ وَإِلَيْنَا ٱلْمَصِيرُ. ﴿43﴾ |
| 44 അവരെ വിട്ടു ഭൂമി പിളര്‍ന്നു മാറിയിട്ട് അവര്‍ അതിവേഗം വരുന്ന ദിവസം! അത് നമ്മെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള ഒരു ഒരുമിച്ചുകൂട്ടലാകുന്നു. | يَوْمَ تَشَقَّقُ ٱلْأَرْضُ عَنْهُمْ سِرَاعًۭا ۚ ذَٰلِكَ حَشْرٌ عَلَيْنَا يَسِيرٌۭ. ﴿44﴾ |
| 45 അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നതിനെ പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു. നീ അവരുടെ മേല്‍ സ്വേച്ഛാധികാരം ചെലുത്തേണ്ടവനല്ല. അതിനാല്‍ എന്‍റെ താക്കീത് ഭയപ്പെടുന്നവരെ ഖുര്‍ആന്‍ മുഖേന നീ ഉല്‍ബോധിപ്പിക്കുക. | نَّحْنُ أَعْلَمُ بِمَا يَقُولُونَ ۖ وَمَآ أَنتَ عَلَيْهِم بِجَبَّارٍۢ ۖ فَذَكِّرْ بِٱلْقُرْءَانِ مَن يَخَافُ وَعِيدِ. ﴿45﴾ |