അൽ-ഗാശിയ
മലയാളം Translation with Arabic Quran Text
| മലയാളം | العربية |
|---|---|
|
1
(നബിയേ,) ആ മൂടുന്ന സംഭവത്തെ(1) സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ?
1) ഭയവും അമ്പരപ്പും എല്ലാവരെയും ആവരണം ചെയ്യുന്ന അന്ത്യദിനമത്രെ ഉദ്ദേശ്യം.
|
هَلْ أَتَىٰكَ حَدِيثُ ٱلْغَٰشِيَةِ. ﴿1﴾ |
| 2 അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മകാണിക്കുന്നതും | وُجُوهٌۭ يَوْمَئِذٍ خَٰشِعَةٌ. ﴿2﴾ |
|
3
പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും.(2)
2) അല്ലാഹുവിന്റെ വിചാരണയെയും ശിക്ഷയെയും പറ്റിയുള്ള ഭയം നിമിത്തം കീഴ്‌പ്പോട്ട് താഴ്ന്നവയായിരിക്കും ആ മുഖങ്ങള്‍. അവര്‍ ഭൗതിക ലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രയത്‌നങ്ങളോ തെറ്റായ മതാനുഷ്ഠാനങ്ങളോ ചെയ്ത് ക്ഷീണിച്ചവരായിരിക്കും. പക്ഷെ, അന്ത്യദിനത്തില്‍ അതൊന്നും അവര്‍ക്ക് ഉപകാരപ്പെടുകയില്ല.
|
عَامِلَةٌۭ نَّاصِبَةٌۭ. ﴿3﴾ |
| 4 ചൂടേറിയ അഗ്നിയില്‍ അവ പ്രവേശിക്കുന്നതാണ്. | تَصْلَىٰ نَارًا حَامِيَةًۭ. ﴿4﴾ |
| 5 ചുട്ടുതിളക്കുന്ന ഒരു ഉറവില്‍ നിന്ന് അവര്‍ക്കു കുടിപ്പിക്കപ്പെടുന്നതാണ്. | تُسْقَىٰ مِنْ عَيْنٍ ءَانِيَةٍۢ. ﴿5﴾ |
|
6
ദരീഇല്‍(3) നിന്നല്ലാതെ അവര്‍ക്ക് യാതൊരു ആഹാരവുമില്ല.
3) വളരെ കയ്പ്പുള്ള ഒരു ചെടിയാണ് 'ദ്വരീഅ്' എന്നാണ് പല വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിട്ടുള്ളത്.
|
لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍۢ. ﴿6﴾ |
| 7 അത് പോഷണം നല്‍കുകയില്ല. വിശപ്പിന് ശമനമുണ്ടാക്കുകയുമില്ല. | لَّا يُسْمِنُ وَلَا يُغْنِى مِن جُوعٍۢ. ﴿7﴾ |
| 8 ചില മുഖങ്ങള്‍ അന്നു തുടുത്തു മിനുത്തതായിരിക്കും. | وُجُوهٌۭ يَوْمَئِذٍۢ نَّاعِمَةٌۭ. ﴿8﴾ |
|
9
അവയുടെ പ്രയത്നത്തെപ്പറ്റി തൃപ്തിയടഞ്ഞവയുമായിരിക്കും.(9)
4) ഇഹലോകത്ത് തങ്ങള്‍ ചെയ്ത കര്‍മങ്ങള്‍ സഫലമായിത്തീര്‍ന്നതില്‍ അവര്‍ സംതൃപ്തരായിരിക്കും.
|
لِّسَعْيِهَا رَاضِيَةٌۭ. ﴿9﴾ |
| 10 ഉന്നതമായ സ്വര്‍ഗത്തില്‍. | فِى جَنَّةٍ عَالِيَةٍۢ. ﴿10﴾ |
| 11 അവിടെ യാതൊരു നിരര്‍ത്ഥകമായ വാക്കും അവര്‍ കേള്‍ക്കുകയില്ല. | لَّا تَسْمَعُ فِيهَا لَٰغِيَةًۭ. ﴿11﴾ |
| 12 അതില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന അരുവിയുണ്ട്. | فِيهَا عَيْنٌۭ جَارِيَةٌۭ. ﴿12﴾ |
| 13 അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും, | فِيهَا سُرُرٌۭ مَّرْفُوعَةٌۭ. ﴿13﴾ |
| 14 തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും, | وَأَكْوَابٌۭ مَّوْضُوعَةٌۭ. ﴿14﴾ |
| 15 അണിയായി വെക്കപ്പെട്ട തലയണകളും, | وَنَمَارِقُ مَصْفُوفَةٌۭ. ﴿15﴾ |
| 16 വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ട്. | وَزَرَابِىُّ مَبْثُوثَةٌ. ﴿16﴾ |
|
17
ഒട്ടകത്തിന്‍റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ?(5) അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്.
5) മരുഭൂമിയിലെ മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന, മരുഭൂമിയുടെ പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന ഒട്ടകത്തിന്റെ ശരീരഘടന വിസ്മയകരമാണ്. ഒട്ടകത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും സൃഷ്ടികര്‍ത്താവിന്റെ സംവിധാനവൈഭവത്തെപ്പറ്റി ചിന്തിക്കാതിരിക്കാന്‍ കഴിയില്ല.
|
أَفَلَا يَنظُرُونَ إِلَى ٱلْإِبِلِ كَيْفَ خُلِقَتْ. ﴿17﴾ |
| 18 ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. | وَإِلَى ٱلسَّمَآءِ كَيْفَ رُفِعَتْ. ﴿18﴾ |
| 19 പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന്. | وَإِلَى ٱلْجِبَالِ كَيْفَ نُصِبَتْ. ﴿19﴾ |
|
20
ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്.(6)
6) ഭൂമിയുടെ ഉപരിതലം മനുഷ്യന്റെ എല്ലാവിധ ആവശ്യങ്ങള്‍ക്കും ഉതകുംവിധം പരപ്പും വിശാലതയും ഉള്ളതാക്കപ്പെട്ടിരിക്കുന്നു.
|
وَإِلَى ٱلْأَرْضِ كَيْفَ سُطِحَتْ. ﴿20﴾ |
| 21 അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു. | فَذَكِّرْ إِنَّمَآ أَنتَ مُذَكِّرٌۭ. ﴿21﴾ |
| 22 നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല. | لَّسْتَ عَلَيْهِم بِمُصَيْطِرٍ. ﴿22﴾ |
| 23 പക്ഷെ, വല്ലവനും തിരിഞ്ഞുകളയുകയും, അവിശ്വസിക്കുകയും ചെയ്യുന്ന പക്ഷം | إِلَّا مَن تَوَلَّىٰ وَكَفَرَ. ﴿23﴾ |
| 24 അല്ലാഹു അവനെ ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്. | فَيُعَذِّبُهُ ٱللَّهُ ٱلْعَذَابَ ٱلْأَكْبَرَ. ﴿24﴾ |
| 25 തീര്‍ച്ചയായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം | إِنَّ إِلَيْنَآ إِيَابَهُمْ. ﴿25﴾ |
| 26 പിന്നീട്, തീര്‍ച്ചയായും നമ്മുടെ ബാധ്യതയാണ് അവരുടെ വിചാരണ. | ثُمَّ إِنَّ عَلَيْنَا حِسَابَهُم. ﴿26﴾ |