← എല്ലാ സൂറത്തുകളും കാണുക

99. അസ്-സൽസല

മലയാള വിവർത്തനം

1
ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍ - അതിന്‍റെ ഭയങ്കരമായ ആ പ്രകമ്പനം.
2
ഭൂമി അതിന്‍റെ ഭാരങ്ങള്‍ പുറം തള്ളിയാൽ,
3
അതിന് എന്തുപറ്റി എന്ന് മനുഷ്യന്‍ പറയുകയും ചെയ്താല്‍.(1)
കുറിപ്പ്: 1) അന്ത്യദിനത്തിലുണ്ടാകുന്ന സംഭവങ്ങളത്രെ ഇവിടെ പ്രതിപാദിക്കപ്പെടുന്നത്.
4
അന്നേ ദിവസം അത് (ഭൂമി) അതിന്‍റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്‌.
5
നിന്‍റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം.
6
അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്‌. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്‌.
7
അപ്പോള്‍ ആര്‍ ഒരു അണുവിന്‍റെ തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും.
8
ആര്‍ ഒരു അണുവിന്‍റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവന്‍ അതും കാണും.(2)
കുറിപ്പ്: 2) ഇഹലോകത്ത് മനുഷ്യന്‍ ചെയ്ത ഏത് നിസ്സാരമായ പ്രവൃത്തിക്കും കണിശമായ പ്രതിഫലം പരലോകത്ത് അല്ലാഹു നല്കുന്നതാണ് എന്നര്‍ത്ഥം.