Wednesday, 12 August 2026 Hijri: 03:56:05 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

അദ്ദാരിയാത്ത് الذاريات Adh-Dhariyat

Surah 51 മക്കിയ്യ • مكية • Makkiyah 60 ആയത്തുകൾ • 60 Ayahs

സൂറത്ത് അദ്ദാരിയാത്ത് (Adh-Dhariyat)യിലെ 60 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Adh-Dhariyat.

1

ശക്തിയായി (പൊടി) വിതറിക്കൊണ്ടിരിക്കുന്നവ (കാറ്റുകള്‍) തന്നെയാണ, സത്യം.

وَٱلذَّٰرِيَٰتِ ذَرۡوٗا ۝١
തഫ്സീർആയത്ത് 1
പൊടിമണ്ണ് വിതറുന്ന കാറ്റുകളെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
Source : QUL
2

(ജല) ഭാരം വഹിക്കുന്ന (മേഘങ്ങള്‍) തന്നെയാണ, സത്യം.

فَٱلۡحَٰمِلَٰتِ وِقۡرٗا ۝٢
തഫ്സീർആയത്ത് 2
ധാരാളം വെള്ളം വഹിക്കുന്ന മേഘങ്ങളെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
Source : QUL
3

നിഷ്പ്രയാസം സഞ്ചരിക്കുന്നവ (കപ്പലുകള്‍) തന്നെയാണ, സത്യം!

فَٱلۡجَٰرِيَٰتِ يُسۡرٗا ۝٣
തഫ്സീർആയത്ത് 3
എളുപ്പത്തിലും നിഷ്പ്രയാസമായും സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
Source : QUL
4

കാര്യങ്ങള്‍ വിഭജിച്ചു കൊടുക്കുന്നവര്‍ (മലക്കുകള്‍) തന്നെയാണ, സത്യം.

فَٱلۡمُقَسِّمَٰتِ أَمۡرًا ۝٤
തഫ്സീർആയത്ത് 4
സൃഷ്ടികളുടെ കാര്യത്തിൽ അല്ലാഹു വിഭജിച്ചു നൽകാൻ ഏൽപ്പിച്ചിരിക്കുന്ന കാര്യങ്ങൾ വിഭജിച്ചു നൽകുന്ന മലക്കുകളെ കൊണ്ടും അവൻ സത്യം ചെയ്തിരിക്കുന്നു.
Source : QUL
5

തീര്‍ച്ചയായും നിങ്ങള്‍ക്കു താക്കീത് നല്‍കപ്പെടുന്ന കാര്യം സത്യമായിട്ടുള്ളത് തന്നെയാകുന്നു.

إِنَّمَا تُوعَدُونَ لَصَادِقٞ ۝٥
തഫ്സീർആയത്ത് 5
തീർച്ചയായും നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് വാഗ്ദാനം നൽകിയിട്ടുള്ള വിചാരണയും പ്രതിഫലവുമെല്ലാം യാഥാർഥ്യം തന്നെയാകുന്നു. അതിൽ യാതൊരു സംശയവുമില്ല.
Source : QUL
6

തീര്‍ച്ചയായും ന്യായവിധി സംഭവിക്കുന്നതു തന്നെയാകുന്നു.

وَإِنَّ ٱلدِّينَ لَوَٰقِعٞ ۝٦
തഫ്സീർആയത്ത് 6
സൃഷ്ടികളുടെ വിചാരണ പരലോകത്ത് സംഭവിക്കുക തന്നെ ചെയ്യുന്നതാണ്; തീർച്ച. അതിൽ യാതൊരു സംശയവുമില്ല.
Source : QUL
7

വിവിധ പഥങ്ങളുള്ള ആകാശം തന്നെയാണ,സത്യം.

وَٱلسَّمَآءِ ذَاتِ ٱلۡحُبُكِ ۝٧
തഫ്സീർആയത്ത് 7
മനോഹരമായ സൃഷ്ടിപ്പുള്ള, വ്യത്യസ്ത (നക്ഷത്ര) പഥങ്ങളുള്ള ആകാശത്തെ കൊണ്ട് അല്ലാഹു സത്യം ചെയ്യുന്നു.
Source : QUL
8

തീര്‍ച്ചയായും നിങ്ങള്‍ വിഭിന്നമായ അഭിപ്രായത്തിലാകുന്നു.

إِنَّكُمۡ لَفِي قَوۡلٖ مُّخۡتَلِفٖ ۝٨
തഫ്സീർആയത്ത് 8
അല്ലയോ മക്കക്കാരേ! തീർച്ചയായും വൈരുദ്ധ്യം നിറഞ്ഞ എതിരഭിപ്രായങ്ങളിലാണ് നിങ്ങൾ നിലകൊള്ളുന്നത്. ചിലപ്പോൾ നിങ്ങൾ പറയുന്നു: ഖുർആൻ ഒരു മാരണമാണെന്ന്. മറ്റു ചിലപ്പോൾ അതൊരു കവിതയാണെന്നും. മുഹമ്മദ് -ﷺ- മാരണക്കാരനാണെന്ന് ചിലപ്പോൾ പറയും. കവിയാണെന്ന് ചിലപ്പോൾ പറയും.
Source : QUL
9

(സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെട്ടവന്‍ അതില്‍ നിന്ന് (ഖുര്‍ആനില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നു.

يُؤۡفَكُ عَنۡهُ مَنۡ أُفِكَ ۝٩
തഫ്സീർആയത്ത് 9
ഖുർആനിലും നബി -ﷺ- യിലും വിശ്വസിക്കുന്നതിൽ നിന്ന് അകറ്റപ്പെടണമെന്ന് അല്ലാഹുവിൻ്റെ അറിവിൽ നിശ്ചയിക്കപ്പെട്ടവർ അവയിൽ നിന്ന് അകറ്റപ്പെടുന്നു. കാരണം അവൻ വിശ്വസിക്കില്ലെന്ന് അല്ലാഹുവിന് അറിയാം. അതിനാൽ അവന് സന്മാർഗത്തിലേക്ക് സൗകര്യം ചെയ്യപ്പെടുകയുമില്ല.
Source : QUL
10

ഊഹാപോഹക്കാര്‍ ശപിക്കപ്പെടട്ടെ.

قُتِلَ ٱلۡخَرَّٰصُونَ ۝١٠
തഫ്സീർആയത്ത് 10
ഖുർആനിനെ കുറിച്ചും തങ്ങളുടെ നബിയെ കുറിച്ചും തോന്നിയതെല്ലാം പറഞ്ഞു പരത്തിയ ഈ കള്ളന്മാർ ശപിക്കപ്പെടട്ടെ.
Source : QUL
11

വിവരക്കേടില്‍ മതിമറന്നു കഴിയുന്നവര്‍

ٱلَّذِينَ هُمۡ فِي غَمۡرَةٖ سَاهُونَ ۝١١
തഫ്സീർആയത്ത് 11
തങ്ങളുടെ അജ്ഞതയിൽ, അന്ത്യനാളിനെ കുറിച്ച് അശ്രദ്ധരായി കഴിച്ചു കൂട്ടുന്നവർ. അതിന് യാതൊരു പരിഗണനയും അവർ നൽകുന്നില്ല.
Source : QUL
12

ന്യായവിധിയുടെ നാള്‍ എപ്പോഴായിരിക്കും എന്നവര്‍ ചോദിക്കുന്നു.

يَسۡـَٔلُونَ أَيَّانَ يَوۡمُ ٱلدِّينِ ۝١٢
തഫ്സീർആയത്ത് 12
എന്നാണീ പ്രതിഫലനാൾ?; അവർ ചോദിക്കുന്നു. എന്നാൽ അതിന് വേണ്ടി ഒന്നും അവർ പ്രവർത്തിക്കുന്നില്ല!
Source : QUL
13

നരകാഗ്നിയില്‍ അവര്‍ (വെന്തുരുകി) ശിക്ഷിക്കപ്പെടുന്ന ദിവസമത്രെ അത്‌.

يَوۡمَ هُمۡ عَلَى ٱلنَّارِ يُفۡتَنُونَ ۝١٣
തഫ്സീർആയത്ത് 13
അല്ലാഹു അവരുടെ ചോദ്യത്തിന് ഉത്തരം നൽകുന്നു: നരകത്തിൽ അവർ കത്തിയെരിക്കപ്പെടുന്ന ദിനമത്രെ അത്.
Source : QUL
14

(അവരോട് പറയപ്പെടും:) നിങ്ങള്‍ക്കുള്ള ശിക്ഷ നിങ്ങള്‍ അനുഭവിച്ചു കൊള്ളുവിന്‍. നിങ്ങള്‍ എന്തൊന്നിന് ധൃതികൂട്ടിക്കൊണ്ടിരുന്നുവോ അതത്രെ ഇത്‌.

ذُوقُواْ فِتۡنَتَكُمۡ هَٰذَا ٱلَّذِي كُنتُم بِهِۦ تَسۡتَعۡجِلُونَ ۝١٤
തഫ്സീർആയത്ത് 14
അവരോട് പറയപ്പെടും: നിങ്ങളുടെ ശിക്ഷ രുചിച്ചു കൊള്ളുക! ഇതിനെ കുറിച്ച് താക്കീത് നൽകപ്പെടുമ്പോഴെല്ലാം പരിഹസിച്ചു കൊണ്ട് നിങ്ങൾ നേരത്തെയാക്കാൻ ആവശ്യപ്പെട്ടിരുന്ന ശിക്ഷയാണിത്.
Source : QUL
15

തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും അരുവികളിലുമായിരിക്കും.

إِنَّ ٱلۡمُتَّقِينَ فِي جَنَّٰتٖ وَعُيُونٍ ۝١٥
തഫ്സീർആയത്ത് 15
തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ പാലിച്ചും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അവനെ സൂക്ഷിച്ചു ജീവിച്ചവർ പരലോകത്ത് പൂന്തോട്ടങ്ങൾക്കും ഒഴുകുന്ന ഉറവകൾക്കുമിടയിലായിരിക്കും.
Source : QUL
16

അവര്‍ക്ക് അവരുടെ രക്ഷിതാവ് നല്‍കിയത് ഏറ്റുവാങ്ങിക്കൊണ്ട്‌. തീര്‍ച്ചയായും അവര്‍ അതിനു മുമ്പ് സദ്‌വൃത്തരായിരുന്നു.

ءَاخِذِينَ مَآ ءَاتَىٰهُمۡ رَبُّهُمۡۚ إِنَّهُمۡ كَانُواْ قَبۡلَ ذَٰلِكَ مُحۡسِنِينَ ۝١٦
തഫ്സീർആയത്ത് 16
അല്ലാഹു അവർക്ക് നൽകിയ മാന്യമായ പ്രതിഫലം ഏറ്റുവാങ്ങുന്നവരായി കൊണ്ട്. ഈ പ്രതിഫലം നൽകപ്പെടുന്നതിന് മുൻപ് - ഇഹലോകത്ത് - അവർ സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നവരായിരുന്നു.
Source : QUL
17

രാത്രിയില്‍ നിന്ന് അല്‍പഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ.(1)

كَانُواْ قَلِيلٗا مِّنَ ٱلَّيۡلِ مَا يَهۡجَعُونَ ۝١٧
തഫ്സീർആയത്ത് 17
അവർ രാത്രിയിൽ നിന്നുള്ള നിശ്ചിതസമയം നിസ്കരിക്കുന്നവരായിരുന്നു. വളരെ കുറഞ്ഞ സമയമല്ലാതെ അവർ ഉറങ്ങാറില്ലായിരുന്നു.
Source : QUL
18

രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു.

وَبِٱلۡأَسۡحَارِ هُمۡ يَسۡتَغۡفِرُونَ ۝١٨
തഫ്സീർആയത്ത് 18
രാത്രിയുടെ അന്ത്യഭാഗമായ - നോമ്പിൻ്റെ അത്താഴ സമയങ്ങളിൽ - തങ്ങളുടെ തിന്മകൾ പൊറുത്തു നൽകാൻ അല്ലാഹുവിനോട് പാപമോചനം തേടുന്നവരായിരുന്നു അവർ.
Source : QUL
19

അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശമുണ്ടായിരിക്കുകയും ചെയ്യും.(2)

وَفِيٓ أَمۡوَٰلِهِمۡ حَقّٞ لِّلسَّآئِلِ وَٱلۡمَحۡرُومِ ۝١٩
തഫ്സീർആയത്ത് 19
ജനങ്ങളിൽ ഉപജീവനം തടയപ്പെട്ടവർക്ക് - അവരിൽ സഹായം ചോദിക്കുന്നവർക്കും അല്ലാത്തവർക്കുമായി - തങ്ങളുടെ സമ്പാദ്യത്തിൽ ഒരു നിശ്ചിത ഭാഗം ഐഛികമായി അവർ മാറ്റിവെച്ചിരുന്നു.
Source : QUL
20

ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.

وَفِي ٱلۡأَرۡضِ ءَايَٰتٞ لِّلۡمُوقِنِينَ ۝٢٠
തഫ്സീർആയത്ത് 20
അല്ലാഹുവാണ് സർവ്വതിൻ്റെയും സൃഷ്ടാവും അവയ്ക്കെല്ലാം രൂപം നൽകിയവനെന്നും ഉറച്ചു വിശ്വസിക്കുന്നവർക്ക് അല്ലാഹുവിൻ്റെ ശക്തി ബോധ്യപ്പെടുത്തി നൽകുന്ന അനേകം ദൃഷ്ടാന്തങ്ങൾ ഭൂമിയിലും അതിലുള്ള പർവ്വതങ്ങളിലും സമുദ്രങ്ങളിലും നദികളിലും വൃക്ഷങ്ങളിലും ചെടികളിലും മൃഗങ്ങളിലുമെല്ലാമുണ്ട്.
Source : QUL
21

നിങ്ങളില്‍ തന്നെയും (പല ദൃഷ്ടാന്തങ്ങളുണ്ട്‌.) എന്നിട്ട് നിങ്ങള്‍ കണ്ടറിയുന്നില്ലെ?

وَفِيٓ أَنفُسِكُمۡۚ أَفَلَا تُبۡصِرُونَ ۝٢١
തഫ്സീർആയത്ത് 21
ജനങ്ങളേ! നിങ്ങളിൽ തന്നെയും അല്ലാഹുവിൻ്റെ ശക്തി ബോധ്യപ്പെടുത്തുന്ന അനേകം തെളിവുകളുണ്ട്. നിങ്ങൾ കാണുന്നില്ലേ?! ഗുണപാഠമുൾക്കൊള്ളുന്നില്ലേ?!
Source : QUL
22

ആകാശത്ത് നിങ്ങള്‍ക്കുള്ള ഉപജീവനവും, നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യങ്ങളുമുണ്ട്‌.(3)

وَفِي ٱلسَّمَآءِ رِزۡقُكُمۡ وَمَا تُوعَدُونَ ۝٢٢
തഫ്സീർആയത്ത് 22
ആകാശത്ത് നിന്നാകുന്നു നിങ്ങൾക്കുള്ള ഐഹികവും ആത്മീയവുമായ ഉപജീവനം (ഇറക്കപ്പെടുന്നത്). നിങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട നന്മയും തിന്മവും അവിടെയുണ്ട്.
Source : QUL
23

എന്നാല്‍ ആകാശത്തിന്‍റെയും ഭൂമിയുടെയും രക്ഷിതാവിനെ തന്നെയാണ, സത്യം! നിങ്ങള്‍ സംസാരിക്കുന്നു എന്നതു പോലെ തീര്‍ച്ചയായും ഇത് സത്യമാകുന്നു(4)

فَوَرَبِّ ٱلسَّمَآءِ وَٱلۡأَرۡضِ إِنَّهُۥ لَحَقّٞ مِّثۡلَ مَآ أَنَّكُمۡ تَنطِقُونَ ۝٢٣
തഫ്സീർആയത്ത് 23
ആകാശത്തിൻ്റെയും ഭൂമിയുടെയും രക്ഷിതാവിനെ തന്നെ സത്യം! നിങ്ങൾ സംസാരിക്കുമ്പോൾ അതെത്ര യാഥാർഥ്യമാണോ അതു പോലെ പുനരുത്ഥാനവും ഉറപ്പായും യാഥാർഥ്യം തന്നെയാകുന്നു.
Source : QUL
24

ഇബ്റാഹീമിന്റെ മാന്യരായ അതിഥികളെ പറ്റിയുള്ള വാര്‍ത്ത നിനക്ക് വന്നുകിട്ടിയിട്ടുണ്ടോ?

هَلۡ أَتَىٰكَ حَدِيثُ ضَيۡفِ إِبۡرَٰهِيمَ ٱلۡمُكۡرَمِينَ ۝٢٤
തഫ്സീർആയത്ത് 24
അല്ലാഹുവിൻ്റെ റസൂലേ! ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- ആദരവോടെ സ്വീകരിച്ച അദ്ദേഹത്തിൻ്റെ മലക്കുകളിൽ പെട്ട അതിഥികളെ കുറിച്ചുള്ള വാർത്ത താങ്കൾക്കെത്തിയോ?!
Source : QUL
25

അവര്‍ അദ്ദേഹത്തിന്‍റെ അടുത്തു കടന്നു വന്നിട്ട് സലാം പറഞ്ഞ സമയത്ത് അദ്ദേഹം പറഞ്ഞു: സലാം (നിങ്ങള്‍) അപരിചിതരായ ആളുകളാണല്ലോ.

إِذۡ دَخَلُواْ عَلَيۡهِ فَقَالُواْ سَلَٰمٗاۖ قَالَ سَلَٰمٞ قَوۡمٞ مُّنكَرُونَ ۝٢٥
തഫ്സീർആയത്ത് 25
അവർ അദ്ദേഹത്തിൻ്റെ അടുക്കൽ പ്രവേശിച്ചപ്പോൾ ഇബ്രാഹീമിന് സലാം പറഞ്ഞു. ഇബ്രാഹീം അവർക്ക് മറുപടിയായും സലാം പറഞ്ഞു. അദ്ദേഹം മനസ്സിൽ പറഞ്ഞു: "നമുക്കറിയാത്ത ആളുകളാണല്ലോ ഇത്."
Source : QUL
26

അനന്തരം അദ്ദേഹം ധൃതിയില്‍ തന്‍റെ ഭാര്യയുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് ഒരു തടിച്ച കാളക്കുട്ടിയെ (വേവിച്ചു) കൊണ്ടുവന്നു.

فَرَاغَ إِلَىٰٓ أَهۡلِهِۦ فَجَآءَ بِعِجۡلٖ سَمِينٖ ۝٢٦
തഫ്സീർആയത്ത് 26
ഉടനെ അദ്ദേഹം രഹസ്യമായി തൻ്റെ ഭാര്യയുടെ അടുക്കലേക്ക് ചെന്നു. അവരുടെ അടുക്കൽ നിന്ന് ഒരു തടിച്ച കാളക്കുട്ടിയെ മുഴുവനായി (വേവിച്ചു) കൊണ്ടു വന്നു. അവർ മനുഷ്യരാണെന്നായിരുന്നു അദ്ദേഹം ധരിച്ചത്.
Source : QUL
27

എന്നിട്ട് അത് അവരുടെ അടുത്തേക്ക് വെച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ?

فَقَرَّبَهُۥٓ إِلَيۡهِمۡ قَالَ أَلَا تَأۡكُلُونَ ۝٢٧
തഫ്സീർആയത്ത് 27
ഭക്ഷണം അവരുടെ അടുത്തേക്ക് നീക്കിവെച്ചു കൊണ്ട്, വളരെ സൗമ്യമായി അദ്ദേഹം പറഞ്ഞു: നിങ്ങൾക്ക് കൊണ്ടു വന്ന ഭക്ഷണം കഴിക്കുന്നില്ലേ?!
Source : QUL
28

അപ്പോള്‍ അവരെപ്പറ്റി അദ്ദേഹത്തിന്‍റെ മനസ്സില്‍ ഭയം കടന്നു കൂടി. അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടേണ്ട. അദ്ദേഹത്തിന് ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെ പറ്റി അവര്‍ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു.

فَأَوۡجَسَ مِنۡهُمۡ خِيفَةٗۖ قَالُواْ لَا تَخَفۡۖ وَبَشَّرُوهُ بِغُلَٰمٍ عَلِيمٖ ۝٢٨
തഫ്സീർആയത്ത് 28
അവർ ഭക്ഷണം കഴിക്കുന്നില്ലെന്ന് കണ്ടപ്പോൾ അദ്ദേഹത്തിന് അവരെ കുറിച്ച് മനസ്സിൽ ഭയമുടലെടുത്തു. അദ്ദേഹത്തിൻറെ ഭയം അവർ മനസ്സിലാക്കി. അപ്പോൾ അവർ അദ്ദേഹത്തെ സമാശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു: താങ്കൾ ഭയക്കേണ്ടതില്ല. ഞങ്ങൾ അല്ലാഹുവിൽ നിന്നുള്ള ദൂതന്മാരാകുന്നു. ഇബ്രാഹീമിന് ജനിക്കാനിരിക്കുന്ന, വലിയ ജ്ഞാനമുള്ള ഒരു മകനെ കുറിച്ച് - ഇസ്ഹാഖ് -عَلَيْهِ السَّلَامُ- നെ കുറിച്ചുള്ള - സന്തോഷകരമായ വാർത്ത അവർ അദ്ദേഹത്തെ അറിയിച്ചു.
Source : QUL
29

അപ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ ഉച്ചത്തില്‍ ഒരു ശബ്ദമുണ്ടാക്കിക്കൊണ്ട് മുന്നോട്ട് വന്നു. എന്നിട്ട് തന്‍റെ മുഖത്തടിച്ചുകൊണ്ട് പറഞ്ഞു: വന്ധ്യയായ ഒരു കിഴവിയാണോ (പ്രസവിക്കാന്‍ പോകുന്നത്‌?)

فَأَقۡبَلَتِ ٱمۡرَأَتُهُۥ فِي صَرَّةٖ فَصَكَّتۡ وَجۡهَهَا وَقَالَتۡ عَجُوزٌ عَقِيمٞ ۝٢٩
തഫ്സീർആയത്ത് 29
അദ്ദേഹത്തിൻ്റെ ഭാര്യ ഈ സന്തോഷവാർത്ത കേട്ടപ്പോൾ സന്തോഷം കൊണ്ട് ശബ്ദമുണ്ടാക്കി കൊണ്ട് അവിടേക്ക് വന്നു. അത്ഭുതത്തോടെ - സ്വയം മുഖത്തടിച്ചു കൊണ്ട് - അവർ പറഞ്ഞു: പ്രായമേറെയെത്തിയ കിളവി - അതും മുൻപ് വന്ധ്യയായിരുന്നവൾ - പ്രസവിക്കുകയോ?
Source : QUL
30

അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: അപ്രകാരം തന്നെയാകുന്നു നിന്‍റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നത്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു യുക്തിമാനും ജ്ഞാനിയും ആയിട്ടുള്ളവന്‍.

قَالُواْ كَذَٰلِكِ قَالَ رَبُّكِۖ إِنَّهُۥ هُوَ ٱلۡحَكِيمُ ٱلۡعَلِيمُ ۝٣٠
തഫ്സീർആയത്ത് 30
മലക്കുകൾ അവരോട് പറഞ്ഞു: ഞങ്ങൾ നിങ്ങളെ അറിയിച്ച കാര്യം അല്ലാഹു പറഞ്ഞ കാര്യമാണ്. അവൻ പറഞ്ഞതിന് യാതൊരു തടസ്സവുമുണ്ടാകില്ല. തീർച്ചയായും തൻ്റെ സൃഷ്ടിപ്പിലും തീരുമാനത്തിലും അങ്ങേയറ്റം യുക്തമായത് ചെയ്യുന്ന 'ഹകീമും', തൻ്റെ സൃഷ്ടികളെ കുറിച്ചും അവർക്ക് അനുയോജ്യമായതെന്തെന്നും അങ്ങേയറ്റം അറിയുന്ന 'അലീമു'മത്രെ അവൻ.
Source : QUL
31

അദ്ദേഹം ചോദിച്ചു: ഹേ; ദൂതന്‍മാരേ, അപ്പോള്‍ നിങ്ങളുടെ കാര്യമെന്താണ്‌?

۞ قَالَ فَمَا خَطۡبُكُمۡ أَيُّهَا ٱلۡمُرۡسَلُونَ ۝٣١
തഫ്സീർആയത്ത് 31
ഇബ്രാഹീം -عَلَيْهِ السَّلَامُ- മലക്കുകളോട് പറഞ്ഞു: എന്താണ് നിങ്ങളുടെ കാര്യം?! എന്താണ് നിങ്ങളുടെ ഉദ്ദേശം?
Source : QUL
32

അവര്‍ പറഞ്ഞു: ഞങ്ങള്‍ കുറ്റവാളികളായ ഒരു ജനതയിലേക്ക് അയക്കപ്പെട്ടതാകുന്നു.(5)

قَالُوٓاْ إِنَّآ أُرۡسِلۡنَآ إِلَىٰ قَوۡمٖ مُّجۡرِمِينَ ۝٣٢
തഫ്സീർആയത്ത് 32
മലക്കുകൾ അദ്ദേഹത്തോട് മറുപടിയായി പറഞ്ഞു: വളരെ മ്ലേഛമായ തിന്മകൾ ചെയ്തു കൂട്ടുന്ന ഒരു സമൂഹത്തിലേക്ക് അല്ലാഹു നിയോഗിച്ചതാകുന്നു ഞങ്ങളെ.
Source : QUL
33

കളിമണ്ണുകൊണ്ടുള്ള കല്ലുകള്‍ ഞങ്ങള്‍ അവരുടെ നേരെ അയക്കുവാന്‍ വേണ്ടി.

لِنُرۡسِلَ عَلَيۡهِمۡ حِجَارَةٗ مِّن طِينٖ ۝٣٣
തഫ്സീർആയത്ത് 33
ഉറച്ച കളിമൺ കല്ലുകൾ അവർക്ക് മേൽ ഞങ്ങൾ അയക്കുന്നതിന് വേണ്ടി.
Source : QUL
34

അതിക്രമകാരികള്‍ക്ക് വേണ്ടി തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ അടയാളപ്പെടുത്തിയ (കല്ലുകള്‍).

مُّسَوَّمَةً عِندَ رَبِّكَ لِلۡمُسۡرِفِينَ ۝٣٤
തഫ്സീർആയത്ത് 34
അല്ലയോ ഇബ്രാഹീം! അല്ലാഹുവിൻ്റെ അതിർവരമ്പുകൾ മറികടക്കുകയും, നിഷേധത്തിലും തിന്മകളിലും അതിരുവിടുകയും ചെയ്തവർക്ക് മേൽ അയക്കപ്പെടുന്ന, നിൻ്റെ രക്ഷിതാവിങ്കൽ അടയാളപ്പെടുത്തിയ കല്ലുകൾ.
Source : QUL
35

അപ്പോള്‍ സത്യവിശ്വാസികളില്‍ പെട്ടവരായി അവിടെ ഉണ്ടായിരുന്നവരെ നാം പുറത്തു കൊണ്ടു വന്നു (രക്ഷപെടുത്തി.)

فَأَخۡرَجۡنَا مَن كَانَ فِيهَا مِنَ ٱلۡمُؤۡمِنِينَ ۝٣٥
തഫ്സീർആയത്ത് 35
അപ്പോൾ ലൂത്വിൻ്റെ സമൂഹം വസിച്ചിരുന്ന നാട്ടിൽ നിന്ന് അദ്ദേഹത്തിൽ വിശ്വസിച്ചിരുന്നവരെ നാം പുറത്തു കൊണ്ടു വന്നു; അതിക്രമികൾക്ക് വന്നുഭവിക്കാനിരിക്കുന്ന ശിക്ഷ അവരെ ബാധിക്കാതിരിക്കുന്നതിന് വേണ്ടി.
Source : QUL
36

എന്നാല്‍ മുസ്‌ലിംകളുടെതായ ഒരു വീടല്ലാതെ നാം അവിടെ കണ്ടെത്തിയില്ല.

فَمَا وَجَدۡنَا فِيهَا غَيۡرَ بَيۡتٖ مِّنَ ٱلۡمُسۡلِمِينَ ۝٣٦
തഫ്സീർആയത്ത് 36
അവരുടെ നാട്ടിൽ മുസ്ലിംകളിൽ പെട്ട ഒരാളുടെയും വീട് നാം കണ്ടില്ല; ഒരൊറ്റ വീടൊഴികെ. ലൂത് -عَلَيْهِ السَّلَامُ- യുടെ വീടായിരുന്നു അത്.
Source : QUL
37

വേദനയേറിയ ശിക്ഷ ഭയപ്പെടുന്നവര്‍ക്ക് ഒരു ദൃഷ്ടാന്തം നാം അവിടെ അവശേഷിപ്പിക്കുകയും ചെയ്തു.

وَتَرَكۡنَا فِيهَآ ءَايَةٗ لِّلَّذِينَ يَخَافُونَ ٱلۡعَذَابَ ٱلۡأَلِيمَ ۝٣٧
തഫ്സീർആയത്ത് 37
ലൂത്വിൻ്റെ സമൂഹം വസിച്ചിരുന്ന നാട്ടിൽ അവർക്ക് വന്നു ഭവിച്ച ശിക്ഷയുടെ തെളിവായി അതിൻ്റെ അടയാളങ്ങൾ നാം അവശേഷിപ്പിച്ചു. അവർക്ക് ബാധിച്ചതു പോലുള്ള, വേദനയേറിയ ശിക്ഷ തങ്ങളെ ബാധിക്കുന്നത് ഭയക്കുന്നവർക്ക് ഗുണപാഠം ഉൾക്കൊള്ളുന്നതിനും, അവരുടേതിന് സമാനമായ പ്രവർത്തനങ്ങൾ ഇവർ ചെയ്യാതിരിക്കുന്നതിനുമാണത്.
Source : QUL
38

മൂസായുടെ ചരിത്രത്തിലുമുണ്ട് (ദൃഷ്ടാന്തങ്ങള്‍.) വ്യക്തമായ ആധികാരിക പ്രമാണവുമായി ഫിര്‍ഔന്‍റെ അടുത്തേക്ക് നാം അദ്ദേഹത്തെ നിയോഗിച്ച സന്ദര്‍ഭം.

وَفِي مُوسَىٰٓ إِذۡ أَرۡسَلۡنَٰهُ إِلَىٰ فِرۡعَوۡنَ بِسُلۡطَٰنٖ مُّبِينٖ ۝٣٨
തഫ്സീർആയത്ത് 38
വ്യക്തമായ തെളിവുകളുമായി ഫിർഔനിൻ്റെ അടുക്കലേക്ക് മൂസ -عَلَيْهِ السَّلَامُ- യെ നിയോഗിച്ചതിലും വേദനയേറിയ ശിക്ഷയെ ഭയക്കുന്നവർക്ക് ദൃഷ്ടാന്തങ്ങളുണ്ട്.
Source : QUL
39

അപ്പോള്‍ അവന്‍ തന്‍റെ ശക്തിയില്‍ അഹങ്കരിച്ച് പിന്തിരിഞ്ഞു കളയുകയാണ് ചെയ്തത്‌. (മൂസാ) ഒരു ജാലവിദ്യക്കാരനോ അല്ലെങ്കില്‍ ഭ്രാന്തനോ എന്ന് അവന്‍ പറയുകയും ചെയ്തു.

فَتَوَلَّىٰ بِرُكۡنِهِۦ وَقَالَ سَٰحِرٌ أَوۡ مَجۡنُونٞ ۝٣٩
തഫ്സീർആയത്ത് 39
തൻ്റെ ശക്തിയും സൈന്യവും ഉപയോഗപ്പെടുത്തി, സത്യത്തിൽ നിന്ന് അതിക്രമിയായി കൊണ്ടവൻ തിരിഞ്ഞു കളഞ്ഞു. മൂസ -عَلَيْهِ السَّلَامُ- യെ കുറിച്ച് അവൻ പറഞ്ഞു: ജനങ്ങളെ മാരണത്തിൽ അകപ്പെടുത്തുന്ന ഒരു മാരണക്കാരനോ, പറയുന്നതെന്തെന്ന് വകതിരിവില്ലാത്ത ഭ്രാന്തനോ ആണ് ഇവൻ.
Source : QUL
40

അതിനാല്‍ അവനെയും അവന്‍റെ സൈന്യങ്ങളെയും നാം പിടികൂടുകയും, എന്നിട്ട് അവരെ നാം ‍കടലിൽ എറിയുകയും ചെയ്തു. അവന്‍ തന്നെയായിരുന്നു ആക്ഷേപാര്‍ഹന്‍ .

فَأَخَذۡنَٰهُ وَجُنُودَهُۥ فَنَبَذۡنَٰهُمۡ فِي ٱلۡيَمِّ وَهُوَ مُلِيمٞ ۝٤٠
തഫ്സീർആയത്ത് 40
അപ്പോൾ നാം അവനെയും അവൻ്റെ സർവ്വ സൈന്യത്തെ ഒരുമിച്ചു പിടികൂടി. അവരെയെല്ലാം നാം കടലിലെറിഞ്ഞു. അവരതിൽ മുങ്ങിച്ചാവുകയും നശിച്ചു പോവുകയും ചെയ്തു. ഫിർഔനാകട്ടെ; (അല്ലാഹുവിൻ്റെ ദൂതന്മാരെ) കളവാക്കിയും, താനാണ് ആരാധ്യനെന്ന് സ്വയം ജൽപ്പിച്ചും ആക്ഷേപാർഹനായിരുന്നു താനും.
Source : QUL
41

ആദ് ജനതയിലും (ദൃഷ്ടാന്തമുണ്ട്.‌) വന്ധ്യമായ കാറ്റ് നാം അവരുടെ നേരെ അയച്ച സന്ദര്‍ഭം!

وَفِي عَادٍ إِذۡ أَرۡسَلۡنَا عَلَيۡهِمُ ٱلرِّيحَ ٱلۡعَقِيمَ ۝٤١
തഫ്സീർആയത്ത് 41
ഹൂദ് -عَلَيْهِ السَّلَامُ- യുടെ സമൂഹമായ ആദ് ഗോത്രത്തിലും വേദനയേറിയ ശിക്ഷ ഭയക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. മഴ വഹിച്ചു കൊണ്ടു വരുകയോ, വൃക്ഷങ്ങളുടെ പരാഗണത്തിന് സഹായിക്കുകയോ ചെയ്യാത്ത, ഒരു അനുഗ്രഹവും ഉൾക്കൊള്ളാത്ത ഒരു കാറ്റ് നാം അവർക്ക് മേൽ അയച്ച സന്ദർഭം.
Source : QUL
42

ആ കാറ്റ് ഏതൊരു വസ്തുവിന്മേല്‍ ചെന്നെത്തിയോ, അതിനെ ദ്രവിച്ച തുരുമ്പു പോലെ ആക്കാതെ അത് വിടുമായിരുന്നില്ല.

مَا تَذَرُ مِن شَيۡءٍ أَتَتۡ عَلَيۡهِ إِلَّا جَعَلَتۡهُ كَٱلرَّمِيمِ ۝٤٢
തഫ്സീർആയത്ത് 42
അതിൻ്റെ മുന്നിൽ പെട്ട ഏതൊരു വ്യക്തിയോ സമ്പത്തോ -എന്തുമാകട്ടെ- അതിനെ തകർത്തു കളയുകയും, പിന്നിച്ചീന്തിയ വൈക്കോൽ തുരുമ്പു പോലെയാക്കുകയും ചെയ്യാതെ അത് വിട്ടു കളഞ്ഞിട്ടില്ല.
Source : QUL
43

ഥമൂദ് ജനതയിലും (ദൃഷ്ടാന്തമുണ്ട്‌.) ഒരു സമയം വരെ നിങ്ങള്‍ സുഖം അനുഭവിച്ച് കൊള്ളുക എന്ന് അവരോട് പറയപ്പെട്ട സന്ദര്‍ഭം!

وَفِي ثَمُودَ إِذۡ قِيلَ لَهُمۡ تَمَتَّعُواْ حَتَّىٰ حِينٖ ۝٤٣
തഫ്സീർആയത്ത് 43
സ്വാലിഹ് -عَلَيْهِ السَّلَامُ- യുടെ സമൂഹമായ ഥമൂദ് ഗോത്രത്തിലും വേദനയേറിയ ശിക്ഷ ഭയക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. അവരോട് പറയപ്പെട്ടു: നിങ്ങളുടെ ആയുസ്സ് അവസാനിക്കുന്നത് വരെ ജീവിതം കൊണ്ട് സുഖിച്ചു കൊള്ളുക.
Source : QUL
44

എന്നിട്ട് അവര്‍ തങ്ങളുടെ രക്ഷിതാവിന്‍റെ കല്‍പനക്കെതിരായി ധിക്കാരം കൈക്കൊണ്ടു. അതിനാല്‍ അവര്‍ നോക്കിക്കൊണ്ടിരിക്കെ ആ ഘോരനാദം അവരെ പിടികൂടി.

فَعَتَوۡاْ عَنۡ أَمۡرِ رَبِّهِمۡ فَأَخَذَتۡهُمُ ٱلصَّٰعِقَةُ وَهُمۡ يَنظُرُونَ ۝٤٤
തഫ്സീർആയത്ത് 44
അങ്ങനെ അവർ തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പന സ്വീകരിക്കുന്നതിൽ നിന്ന് അഹങ്കാരം നടിക്കുകയും, അല്ലാഹുവിൽ വിശ്വസിക്കുകയും അവനെ അനുസരിക്കുകയും ചെയ്യുന്നതിൽ നിന്ന് അഹങ്കാരത്തോടെ ഔന്നത്യം നടിക്കുകയും ചെയ്തു. അപ്പോൾ ഘോരനാദം കൊണ്ടുള്ള ശിക്ഷ അവരെ പിടികൂടി. മൂന്ന് ദിവസങ്ങൾക്ക് മുൻപ് ശിക്ഷ അവരെ പിടികൂടുമെന്ന താക്കീത് ലഭിച്ചതിനാൽ അവർ ശിക്ഷ ഇറങ്ങുന്നത് കാത്തിരിക്കുന്നവരായിരുന്നു.
Source : QUL
45

അപ്പോള്‍ അവര്‍ക്ക് എഴുന്നേറ്റു പോകാന്‍ കഴിവുണ്ടായില്ല. അവര്‍ രക്ഷാനടപടികളെടുക്കുന്നവരായതുമില്ല.

فَمَا ٱسۡتَطَٰعُواْ مِن قِيَامٖ وَمَا كَانُواْ مُنتَصِرِينَ ۝٤٥
തഫ്സീർആയത്ത് 45
അപ്പോൾ അവർക്ക് തങ്ങളുടെ മേൽ ഇറങ്ങിയ ശിക്ഷയെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. അതിനെ തടുക്കാൻ ഒരു ശക്തിയും അവർക്കുണ്ടായിരുന്നതുമില്ല.
Source : QUL
46

അതിനു മുമ്പ് നൂഹിന്‍റെ ജനതയെയും (നാം നശിപ്പിക്കുകയുണ്ടായി.) തീര്‍ച്ചയായും അവര്‍ അധര്‍മ്മകാരികളായ ഒരു ജനതയായിരുന്നു.

وَقَوۡمَ نُوحٖ مِّن قَبۡلُۖ إِنَّهُمۡ كَانُواْ قَوۡمٗا فَٰسِقِينَ ۝٤٦
തഫ്സീർആയത്ത് 46
ഈ പറയപ്പെട്ടവർക്കെല്ലാം മുൻപ് നൂഹിൻ്റെ സമൂഹത്തെ നാം മുക്കി നശിപ്പിച്ചിട്ടുണ്ട്. അല്ലാഹുവിനെ അനുസരിക്കുന്നതിൽ വിസമ്മതം പ്രകടിപ്പിച്ച, ശിക്ഷക്ക് എന്തു കൊണ്ടും അർഹരായ ഒരു സമുദായമായിരുന്നു അവർ.
Source : QUL
47

ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു.(6)

وَٱلسَّمَآءَ بَنَيۡنَٰهَا بِأَيۡيْدٖ وَإِنَّا لَمُوسِعُونَ ۝٤٧
തഫ്സീർആയത്ത് 47
ആകാശത്തെ നാം സൃഷ്ടിച്ചിരിക്കുന്നു. അതിൻ്റെ സൃഷ്ടിപ്പ് നാം ശക്തിയോടെ സൂക്ഷ്മമാക്കുകയും ചെയ്തിരിക്കുന്നു. നാം അതിൻ്റെ അറ്റങ്ങളെ വികസിപ്പിക്കുന്നവനാകുന്നു.
Source : QUL
48

ഭൂമിയാകട്ടെ നാം അതിനെ ഒരു വിരിപ്പാക്കിയിരിക്കുന്നു. എന്നാല്‍ അത് വിതാനിച്ചവന്‍ എത്ര നല്ലവന്‍!

وَٱلۡأَرۡضَ فَرَشۡنَٰهَا فَنِعۡمَ ٱلۡمَٰهِدُونَ ۝٤٨
തഫ്സീർആയത്ത് 48
ഭൂമിയെ അതിന് മുകളിൽ താമസിക്കുന്നവർക്ക് -ഒരു വിരിപ്പ് പോലെ- നാം താമസയോഗ്യമാക്കിയിരിക്കുന്നു. അവർക്ക് ഇപ്രകാരം ഒരുക്കി കൊടുത്ത നാം എത്ര നല്ലവൻ!
Source : QUL
49

എല്ലാ വസ്തുക്കളില്‍ നിന്നും ഈ രണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുവാന്‍ വേണ്ടി.

وَمِن كُلِّ شَيۡءٍ خَلَقۡنَا زَوۡجَيۡنِ لَعَلَّكُمۡ تَذَكَّرُونَ ۝٤٩
തഫ്സീർആയത്ത് 49
എല്ലാ വസ്തുക്കളിൽ നിന്നും നാം രണ്ട് ഇനങ്ങൾ സൃഷ്ടിച്ചിരിക്കുന്നു; പുരുഷനും സ്ത്രീയും പോലെ. ആകാശവും ഭൂമിയും പോലെ. കടലും കരയും പോലെ. എല്ലാ വസ്തുക്കളിൽ നിന്നും രണ്ട് ഇനങ്ങളെ സൃഷ്ടിച്ച അല്ലാഹുവിൻ്റെ ഏകത്വത്തെ കുറിച്ച് നിങ്ങൾ സ്മരിക്കാനും, അവൻ്റെ ശക്തി നിങ്ങൾ ഓർക്കാനുമത്രെ അത്.
Source : QUL
50

അതിനാല്‍ നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് ഓടിച്ചെല്ലുക. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് അവന്‍റെ അടുക്കല്‍ നിന്നുള്ള വ്യക്തമായ താക്കീതുകാരനാകുന്നു.

فَفِرُّوٓاْ إِلَى ٱللَّهِۖ إِنِّي لَكُم مِّنۡهُ نَذِيرٞ مُّبِينٞ ۝٥٠
തഫ്സീർആയത്ത് 50
അതിനാൽ നിങ്ങൾ അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് അവൻ്റെ പ്രതിഫലത്തിലേക്ക് ഓടിയണയുക. അവനെ അനുസരിച്ചും, ധിക്കരിക്കാതെയുമാണ് അത് ചെയ്യേണ്ടത്. അല്ലയോ ജനങ്ങളേ! തീർച്ചയായും ഞാൻ നിങ്ങൾക്ക് അവൻ്റെ ശിക്ഷയിൽ നിന്ന് വ്യക്തമായ താക്കീത് നൽകുന്ന ഒരു താക്കീതുകാരനാകുന്നു.
Source : QUL
51

അല്ലാഹുവോടൊപ്പം മറ്റൊരു ആരാധ്യനെയും നിങ്ങള്‍ സ്ഥാപിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് അവന്‍റെ അടുക്കല്‍ നിന്നുള്ള വ്യക്തമായ താക്കീതുകാരനാകുന്നു.

وَلَا تَجۡعَلُواْ مَعَ ٱللَّهِ إِلَٰهًا ءَاخَرَۖ إِنِّي لَكُم مِّنۡهُ نَذِيرٞ مُّبِينٞ ۝٥١
തഫ്സീർആയത്ത് 51
അല്ലാഹുവിന് പുറമെ ആരാധനകൾ സമർപ്പിക്കാൻ മറ്റൊരു ആരാധ്യനെയും നിങ്ങൾ സ്വീകരിച്ചു പോകരുത്! തീർച്ചയായും ഞാൻ നിങ്ങൾക്ക് അവൻ്റെ ശിക്ഷയിൽ നിന്ന് വ്യക്തമായ താക്കീത് നൽകുന്ന ഒരു താക്കീതുകാരനാകുന്നു.
Source : QUL
52

അപ്രകാരം തന്നെ ഇവരുടെ പൂര്‍വ്വികന്‍മാരുടെ അടുത്ത് ഏതൊരു റസൂല്‍ വന്നപ്പോഴും ജാലവിദ്യക്കാരനെന്നോ, ഭ്രാന്തനെന്നോ അവര്‍ പറയാതിരുന്നിട്ടില്ല.

كَذَٰلِكَ مَآ أَتَى ٱلَّذِينَ مِن قَبۡلِهِم مِّن رَّسُولٍ إِلَّا قَالُواْ سَاحِرٌ أَوۡ مَجۡنُونٌ ۝٥٢
തഫ്സീർആയത്ത് 52
മക്കക്കാർ നബി -ﷺ- യെ നിഷേധിച്ചത് പോലെ തന്നെ മുൻപുള്ള സമുദായങ്ങളും നിഷേധിച്ചിട്ടുണ്ട്. അല്ലാഹുവിങ്കൽ നിന്ന് ഏതൊരു ദൂതൻ അവരിലേക്ക് ചെന്നപ്പോഴും 'ഇയാൾ മാരണക്കാരനോ ഭ്രാന്തനോ' ആണെന്ന് അവരെല്ലാം പറയാതിരുന്നിട്ടില്ല.
Source : QUL
53

അതിന് (അങ്ങനെ പറയണമെന്ന്‌) അവര്‍ അന്യോന്യം വസ്വിയ്യത്ത് ചെയ്തിരിക്കുകയാണോ? അല്ല, അവര്‍ അതിക്രമകാരികളായ ഒരു ജനതയാകുന്നു.

أَتَوَاصَوۡاْ بِهِۦۚ بَلۡ هُمۡ قَوۡمٞ طَاغُونَ ۝٥٣
തഫ്സീർആയത്ത് 53
നിഷേധികളുടെ ആദ്യ തലമുറക്കാർ പിൻതലമുറക്കാർക്ക് അല്ലാഹുവിൻ്റെ ദൂതന്മാരെ നിഷേധിക്കണമെന്ന അന്തിമോപദേശം നൽകിയിരിക്കുകയാണോ?! അല്ല! അവർ ചെയ്തു വെച്ച അതിക്രമങ്ങളാണ് അവരെ ഒരു പോലെ നിഷേധികളാക്കിയത്.
Source : QUL
54

ആകയാല്‍ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക. നീ ആക്ഷേപാര്‍ഹനല്ല.

فَتَوَلَّ عَنۡهُمۡ فَمَآ أَنتَ بِمَلُومٖ ۝٥٤
തഫ്സീർആയത്ത് 54
അല്ലാഹുവിൻ്റെ റസൂലേ! ഈ നിഷേധികളെ നീ അവഗണിച്ചേക്കുക. നീ ആക്ഷേപാർഹനല്ല. അവരിലേക്ക് എത്തിച്ചു കൊടുക്കാൻ ബാധ്യത ഏൽപ്പിക്കപ്പെട്ടത് അവർക്ക് നീ എത്തിച്ചു നൽകിയിരിക്കുന്നു.
Source : QUL
55

നീ ഉല്‍ബോധിപ്പിക്കുക. തീര്‍ച്ചയായും ഉല്‍ബോധനം സത്യവിശ്വാസികള്‍ക്ക് പ്രയോജനം ചെയ്യും.

وَذَكِّرۡ فَإِنَّ ٱلذِّكۡرَىٰ تَنفَعُ ٱلۡمُؤۡمِنِينَ ۝٥٥
തഫ്സീർആയത്ത് 55
അവർ തിരിഞ്ഞു കളയുന്നു എന്നത് അവരെ ഉപദേശിക്കുന്നതിൽ നിന്നും, അവർക്ക് ഉൽബോധനം നൽകുന്നതിൽ നിന്നും നിന്നെ തടയാതിരിക്കട്ടെ. അതിനാൽ നീ അവരെ ഉപദേശിക്കുകയും ഉൽബോധിപ്പിക്കുകയും ചെയ്യുക. തീർച്ചയായും ഉപദേശം അല്ലാഹുവിൽ വിശ്വസിച്ചവർക്ക് ഉപകാരം ചെയ്യും.
Source : QUL
56

ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.

وَمَا خَلَقۡتُ ٱلۡجِنَّ وَٱلۡإِنسَ إِلَّا لِيَعۡبُدُونِ ۝٥٦
തഫ്സീർആയത്ത് 56
എന്നെ മാത്രം ആരാധിക്കാൻ വേണ്ടിയല്ലാതെ ഞാൻ ജിന്നിനെയോ മനുഷ്യരെയോ സൃഷ്ടിച്ചിട്ടില്ല. എനിക്ക് പങ്കുകാരെ നിശ്ചയിക്കുന്നതിനല്ല ഞാൻ അവരെ സൃഷ്ടിച്ചത്.
Source : QUL
57

ഞാന്‍ അവരില്‍ നിന്ന് ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവര്‍ എനിക്ക് ഭക്ഷണം നല്‍കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല.(7)

مَآ أُرِيدُ مِنۡهُم مِّن رِّزۡقٖ وَمَآ أُرِيدُ أَن يُطۡعِمُونِ ۝٥٧
തഫ്സീർആയത്ത് 57
അവരിൽ നിന്ന് ഒരു ഉപജീവനവും ഞാൻ ആഗ്രഹിക്കുന്നില്ല. അവർ എനിക്ക് ഭക്ഷണം നൽകണമെന്നും ഞാൻ ഉദ്ദേശിക്കുന്നില്ല.
Source : QUL
58

തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനും.

إِنَّ ٱللَّهَ هُوَ ٱلرَّزَّاقُ ذُو ٱلۡقُوَّةِ ٱلۡمَتِينُ ۝٥٨
തഫ്സീർആയത്ത് 58
തീർച്ചയായും അല്ലാഹുവാകുന്നു അവൻ്റെ അടിമകൾക്ക് ഉപജീവനം നൽകുന്നവൻ. അതിനാൽ എല്ലാവരും അവൻ്റെ ഉപജീവനത്തിന് ആവശ്യക്കാരാണ്. ശക്തിയുള്ളവനും, ആർക്കും പരാജയപ്പെടുത്താൻ കഴിയാത്ത സർവ്വ ശക്തനുമായുള്ളവൻ. അവൻ്റെ ശക്തിക്ക് കീഴൊതുങ്ങിയവരാണ് സർവ്വ ജിന്നുകളും മനുഷ്യരും.
Source : QUL
59

തീര്‍ച്ചയായും (ഇന്ന്‌) അക്രമം ചെയ്യുന്നവര്‍ക്ക് (പൂര്‍വ്വികരായ) തങ്ങളുടെ കൂട്ടാളികള്‍ക്കു ലഭിച്ച വിഹിതം പോലെയുള്ള വിഹിതം തന്നെയുണ്ട്‌. അതിനാല്‍ എന്നോട് അവര്‍ ധൃതികൂട്ടാതിരിക്കട്ടെ.

فَإِنَّ لِلَّذِينَ ظَلَمُواْ ذَنُوبٗا مِّثۡلَ ذَنُوبِ أَصۡحَٰبِهِمۡ فَلَا يَسۡتَعۡجِلُونِ ۝٥٩
തഫ്സീർആയത്ത് 59
അല്ലാഹുവിൻ്റെ റസൂലേ! അങ്ങയെ നിഷേധിച്ചു കൊണ്ട് സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചവർ അവരുടെ മുൻകാല കൂട്ടാളികൾക്ക് ലഭിച്ചതിന് സമാനമായ ശിക്ഷയുടെ പങ്കുണ്ട്. അതിന് നിശ്ചയിക്കപ്പെട്ട ഒരു അവധിയുണ്ട്. അതിനാൽ അതിൻ്റെ സമയം എത്തുന്നതിന് മുൻപ് അവർ തിരക്കു കൂട്ടേണ്ടതില്ല.
Source : QUL
60

അപ്പോള്‍ തങ്ങള്‍ക്ക് താക്കീത് നല്‍കപ്പെടുന്നതായ ആ ദിവസം നിമിത്തം (അല്ലാഹുവിനെയും അവന്റെ മതത്തെയും) നിഷേധിച്ചവർക്കു നാശം.

فَوَيۡلٞ لِّلَّذِينَ كَفَرُواْ مِن يَوۡمِهِمُ ٱلَّذِي يُوعَدُونَ ۝٦٠
തഫ്സീർആയത്ത് 60
അപ്പോൾ അല്ലാഹുവിനെ നിഷേധിക്കുകയും, തങ്ങളിലേക്ക് വന്ന ദൂതന്മാരെ കളവാക്കുകയും ചെയ്തവർക്ക് പരലോകത്ത് നാശവും നഷ്ടവുമുണ്ടാകട്ടെ! അന്നേ ദിവസം അവരുടെ മേൽ ശിക്ഷ വന്നിറങ്ങുമെന്ന് അവർക്ക് താക്കീത് നൽകപ്പെട്ടിട്ടുണ്ട്.
Source : QUL