അല്ലാഹു അനുഗ്രഹം നല്‍കിയിട്ടുള്ള പ്രവാചകന്‍മാരത്രെ അവര്‍. ആദമിന്‍റെ സന്തതികളില്‍ പെട്ടവരും, നൂഹിനോടൊപ്പെം നാം കപ്പലില്‍ കയറ്റിയവരില്‍പെട്ടവരും ഇബ്‌റാഹീമിന്‍റെയും ഇസ്റാഈലിന്‍റെയും സന്തതികളില്‍ പെട്ടവരും, നാം നേര്‍വഴിയിലാക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരുമത്രെ അവര്‍. പരമകാരുണികന്‍റെ തെളിവുകള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെടുന്ന പക്ഷം പ്രണമിക്കുന്നവരും കരയുന്നവരുമായിക്കൊണ്ട് അവര്‍ താഴെ വീഴുന്നതാണ്.
ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പര്‍വ്വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരില്‍ കുറെപേരും അല്ലാഹുവിന് സുജൂദ് ചെയ്തുകൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? (വേറെ) കുറെ പേരുടെ കാര്യത്തില്‍ ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കുവാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു.
സത്യവിശ്വാസികളേ, നിങ്ങള്‍ കുമ്പിടുകയും, സാഷ്ടാംഗം ചെയ്യുകയും, നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുകയും, നന്‍മ പ്രവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
റഹ്‌മാന് (പരമകാരുണികനായ അല്ലാഹുവിന്) നിങ്ങള്‍ സുജൂദ് (സാഷ്ടാംഗം) ചെയ്യുക എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ പറയും: എന്താണീ റഹ്‌മാൻ?(15) നീ ഞങ്ങളോട് കല്‍പിക്കുന്നതിന് ഞങ്ങള്‍ സുജൂദ് ചെയ്യുകയോ? അങ്ങനെ അത് അവരുടെ അകല്‍ച്ച വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്.
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ സാഷ്ടാംഗം പ്രണമിക്കുന്നവരായി (സുജൂദിൽ) വീഴുകയും, തങ്ങളുടെ രക്ഷിതാവിനെ സ്തുതിച്ചു കൊണ്ട് (അവന്റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നവര്‍ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയുള്ളൂ. അവര്‍ അഹംഭാവം നടിക്കുകയുമില്ല.
അദ്ദേഹം (ദാവൂദ്) പറഞ്ഞു: തന്‍റെ പെണ്ണാടുകളുടെ കൂട്ടത്തിലേക്ക് നിന്‍റെ പെണ്ണാടിനെ കൂടി ആവശ്യപ്പെട്ടതു മുഖേന അവന്‍ നിന്നോട് അനീതി കാണിക്കുക തന്നെ ചെയ്തിരിക്കുന്നു. തീര്‍ച്ചയായും പങ്കാളികളില്‍ (കൂട്ടുകാരില്‍) പലരും പരസ്പരം അതിക്രമം കാണിക്കുകയാണ് ചെയ്യുന്നത്. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. വളരെ കുറച്ച് പേരേയുള്ളൂ അത്തരക്കാര്‍. ദാവൂദ് മനസിലാക്കി; നാം അദ്ദേഹത്തെ പരീക്ഷിക്കുക തന്നെയാണ് ചെയ്തതെന്ന്. തുടര്‍ന്ന് അദ്ദേഹം തന്‍റെ രക്ഷിതാവിനോട് പാപമോചനം തേടുകയും അദ്ദേഹം കുമ്പിട്ടു കൊണ്ട് വീഴുകയും ഖേദിച്ചുമടങ്ങുകയും ചെയ്തു.