Wednesday, 12 August 2026 Hijri: 06:33:00 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

അൽ ഹുജുറാത്ത് الحجرات Al-Hujurat

Surah 49 മദനിയ്യ • مدنية • Madaniyah 18 ആയത്തുകൾ • 18 Ayahs

സൂറത്ത് അൽ ഹുജുറാത്ത് (Al-Hujurat)യിലെ 18 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Hujurat.

1

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്‍റെയും അവന്‍റെ റസൂലിന്‍റെയും മുമ്പില്‍ (യാതൊന്നും) മുൻകടന്നു പ്രവര്‍ത്തിക്കരുത്‌. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تُقَدِّمُواْ بَيۡنَ يَدَيِ ٱللَّهِ وَرَسُولِهِۦۖ وَٱتَّقُواْ ٱللَّهَۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٞ ۝١
തഫ്സീർആയത്ത് 1
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ നിയമങ്ങളെ പിൻപറ്റുകയും ചെയ്യുന്നവരേ! അല്ലാഹുവിൻ്റെ റസൂലിനെ വാക്കു കൊണ്ടോ പ്രവർത്തിയാലോ നിങ്ങൾ മുൻകടക്കരുത്. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു നിങ്ങളുടെ വാക്കുകൾ എല്ലാം കേൾക്കുന്ന 'സമീഉം', നിങ്ങളുടെ പ്രവർത്തനങ്ങൾ എല്ലാം അറിയുന്ന 'അലീമും'മാകുന്നു. അവന് അതിലൊന്നും മറഞ്ഞു പോവുകയില്ല; അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുകയും ചെയ്യുന്നതാണ്.
Source : QUL
2

സത്യവിശ്വാസികളേ, നിങ്ങളുടെ ശബ്ദങ്ങള്‍ പ്രവാചകന്‍റെ ശബ്ദത്തിന് മീതെ നിങ്ങൾ ഉയര്‍ത്തരുത്‌. അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ അന്യോന്യം ഒച്ചയിടുന്നത് പോലെ ഒച്ചയിടുകയും ചെയ്യരുത്‌. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായി പോകാതിരിക്കാന്‍ വേണ്ടി.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَرۡفَعُوٓاْ أَصۡوَٰتَكُمۡ فَوۡقَ صَوۡتِ ٱلنَّبِيِّ وَلَا تَجۡهَرُواْ لَهُۥ بِٱلۡقَوۡلِ كَجَهۡرِ بَعۡضِكُمۡ لِبَعۡضٍ أَن تَحۡبَطَ أَعۡمَٰلُكُمۡ وَأَنتُمۡ لَا تَشۡعُرُونَ ۝٢
തഫ്സീർആയത്ത് 2
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ നിയമങ്ങളെ പിൻപറ്റുകയും ചെയ്യുന്നവരേ! അല്ലാഹുവിൻറെ പ്രവാചകനോട് നിങ്ങൾ മര്യാദയുള്ളവരാവുക. നിങ്ങളുടെ ശബ്ദം നബി -ﷺ- യുടെ ശബ്ദത്തിന് മുകളിലാക്കുന്ന തരത്തിൽ അവിടുത്തോട് നിങ്ങൾ സംസാരിക്കരുത്. നിങ്ങൾ പരസ്പരം വിളിക്കുന്നതു പോലെ, അവിടുത്തെ പേരെടുത്ത് വിളിക്കുകയുമരുത്. മറിച്ച്, നബിയേ എന്നോ റസൂലോ എന്നോ, വിനയം നിറഞ്ഞ സ്വരത്തിൽ നിങ്ങൾ അവിടുത്തെ വിളിക്കുക. പ്രതിഫലം നഷ്ടപ്പെട്ടു പോകുമെന്ന് വിചാരിക്കപ്പെടാത്ത, നിങ്ങളുടെ സൽകർമ്മങ്ങളുടെ പ്രതിഫലം ഈ പ്രവൃത്തിയാൽ നഷ്ടപ്പെട്ടു പോയേക്കാം എന്നു ഭയപ്പെടുകയും ചെയ്യുക.
Source : QUL
3

തീര്‍ച്ചയായും തങ്ങളുടെ ശബ്ദങ്ങള്‍ അല്ലാഹുവിന്‍റെ റസൂലിന്‍റെ അടുത്ത് താഴ്ത്തുന്നവരാരോ അവരുടെ ഹൃദയങ്ങളാകുന്നു അല്ലാഹു ധർമ നിഷ്ഠയ്ക്കായി പരീക്ഷിച്ചെടുത്തിട്ടുള്ളത്‌. അവര്‍ക്കാകുന്നു പാപമോചനവും മഹത്തായ പ്രതിഫലവുമുള്ളത്‌.

إِنَّ ٱلَّذِينَ يَغُضُّونَ أَصۡوَٰتَهُمۡ عِندَ رَسُولِ ٱللَّهِ أُوْلَٰٓئِكَ ٱلَّذِينَ ٱمۡتَحَنَ ٱللَّهُ قُلُوبَهُمۡ لِلتَّقۡوَىٰۚ لَهُم مَّغۡفِرَةٞ وَأَجۡرٌ عَظِيمٌ ۝٣
തഫ്സീർആയത്ത് 3
അല്ലാഹുവിൻ്റെ ദൂതരുടെ -ﷺ- അടുക്കൽ ശബ്ദം താഴ്ത്തുന്നവർ; അവരുടെ ഹൃദയങ്ങൾ തന്നെയാകുന്നു അല്ലാഹു പരീക്ഷണത്തിന് വിധേയമാക്കുകയും, (അല്ലാഹുവിനെ) സൂക്ഷിക്കുന്ന, നിഷ്കളങ്ക ഹൃദയങ്ങളാക്കി തീർത്തതും. അവരുടെ തെറ്റുകൾക്ക് അവർക്ക് പാപമോചനമുണ്ട്. അല്ലാഹു അവരെ അതിൻ്റെ പേരിൽ പിടികൂടുകയില്ല. പരലോകത്ത് മഹത്തരമായ പ്രതിഫലവും അവർക്കുണ്ട്. അല്ലാഹു അവരെ സ്വർഗത്തിൽ പ്രവേശിപ്പിക്കുമെന്നതാണ് അത്.
Source : QUL
4

(നീ താമസിക്കുന്ന) അറകള്‍ക്കു പുറത്തു നിന്ന് നിന്നെ ഉച്ചത്തിൽ വിളിക്കുന്നവരാരോ അവരില്‍ അധികപേരും ചിന്തിച്ചു മനസ്സിലാക്കുന്നില്ല.

إِنَّ ٱلَّذِينَ يُنَادُونَكَ مِن وَرَآءِ ٱلۡحُجُرَٰتِ أَكۡثَرُهُمۡ لَا يَعۡقِلُونَ ۝٤
തഫ്സീർആയത്ത് 4
അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ പത്നിമാരുടെ മുറികൾക്ക് പുറത്ത് നിന്ന് നിന്നെ വിളിക്കുന്ന ഗ്രാമീണ അറബികളിൽ പെട്ടവരിൽ ബഹുഭൂരിപക്ഷവും ചിന്തിച്ചു മനസ്സിലാക്കുന്നവരല്ല.
Source : QUL
5

നീ അവരുടെ അടുത്തേക്കു പുറപ്പെട്ട് ചെല്ലുന്നത് വരെ അവര്‍ ക്ഷമിച്ചിരുന്നെങ്കില്‍ അതായിരുന്നു അവര്‍ക്ക് കൂടുതല്‍ നല്ലത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

وَلَوۡ أَنَّهُمۡ صَبَرُواْ حَتَّىٰ تَخۡرُجَ إِلَيۡهِمۡ لَكَانَ خَيۡرٗا لَّهُمۡۚ وَٱللَّهُ غَفُورٞ رَّحِيمٞ ۝٥
തഫ്സീർആയത്ത് 5
അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ ഭാര്യമാരുടെ മുറികൾക്ക് പിന്നിൽ നിന്ന് അങ്ങയെ വിളിക്കുന്നവർ ക്ഷമയോടെ നിൽക്കുകയും, അങ്ങ് പുറത്തിറങ്ങുന്നത് വരെ കാത്തു നിൽക്കുകയും, അങ്ങയോട് ശബ്ദം താഴ്ത്തി സംസാരിക്കുകയും ചെയ്തിരുന്നെങ്കിൽ അതായിരുന്നു അവർക്ക് അങ്ങയെ പിന്നിൽ നിന്ന് വിളിക്കുന്നതിനെക്കാൾ നല്ലത്. കാരണം അങ്ങനെ ചെയ്യുന്നതിലാണ് ബഹുമാനവും ആദരവുമുള്ളത്. അല്ലാഹു തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിച്ചവർക്കും അല്ലാത്തവർക്കും, അറിവില്ലാതെ തെറ്റുകൾ സംഭവിച്ചു പോയവർക്കും ധാരാളമായി പൊറുത്തു കൊടുക്കുന്ന 'ഗഫൂറും', അവരോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്ന 'റഹീമു'മാകുന്നു.
Source : QUL
6

സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِن جَآءَكُمۡ فَاسِقُۢ بِنَبَإٖ فَتَبَيَّنُوٓاْ أَن تُصِيبُواْ قَوۡمَۢا بِجَهَٰلَةٖ فَتُصۡبِحُواْ عَلَىٰ مَا فَعَلۡتُمۡ نَٰدِمِينَ ۝٦
തഫ്സീർആയത്ത് 6
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ നിയമങ്ങളെ പിൻപറ്റുകയും ചെയ്യുന്നവരേ! ഒരു അധർമ്മകാരി ഏതെങ്കിലും വിഭാഗത്തെ കുറിച്ച് നിങ്ങളുടെ അടുക്കൽ ഒരു വാർത്തയുമായി വന്നാൽ അതിൻ്റെ സത്യാവസ്ഥ നിങ്ങൾ ഉറപ്പു വരുത്തുക. ഉടനടി നിങ്ങൾ അവനെ സത്യപ്പെടുത്തരുത്. ഉറപ്പു വരുത്തുന്നതിന് മുൻപ് അവൻ്റെ വാർത്ത നിങ്ങൾ സത്യപ്പെടുത്തുകയും, അങ്ങനെ നിങ്ങൾ - യാഥാർഥ്യം അറിയാതെ - ഏതെങ്കിലും ജനതയെ അക്രമിക്കുകയും ചെയ്തു പോയേക്കാം. പിന്നീട് നിങ്ങൾ കേട്ട വാർത്ത കളവാണെന്ന് അറിഞ്ഞു കഴിഞ്ഞാൽ അത് നിങ്ങളെ ഖേദവാന്മാരാക്കും.
Source : QUL
7

അല്ലാഹുവിന്‍റെ റസൂലാണ് നിങ്ങള്‍ക്കിടയിലുള്ളതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ വിഷമിച്ചു പോകുമായിരുന്നു.(1) എങ്കിലും അല്ലാഹു നിങ്ങള്‍ക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിത്തീര്‍ക്കുകയും, നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നിക്കുകയും ചെയ്തിരിക്കുന്നു. അവിശ്വാസവും അധര്‍മ്മവും അനുസരണക്കേടും നിങ്ങള്‍ക്കവന്‍ അനിഷ്ടകരമാക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയുള്ളവരാകുന്നു നേര്‍മാര്‍ഗം സ്വീകരിച്ചവര്‍.

وَٱعۡلَمُوٓاْ أَنَّ فِيكُمۡ رَسُولَ ٱللَّهِۚ لَوۡ يُطِيعُكُمۡ فِي كَثِيرٖ مِّنَ ٱلۡأَمۡرِ لَعَنِتُّمۡ وَلَٰكِنَّ ٱللَّهَ حَبَّبَ إِلَيۡكُمُ ٱلۡإِيمَٰنَ وَزَيَّنَهُۥ فِي قُلُوبِكُمۡ وَكَرَّهَ إِلَيۡكُمُ ٱلۡكُفۡرَ وَٱلۡفُسُوقَ وَٱلۡعِصۡيَانَۚ أُوْلَٰٓئِكَ هُمُ ٱلرَّٰشِدُونَ ۝٧
തഫ്സീർആയത്ത് 7
(ഇസ്ലാമിൽ) വിശ്വസിച്ചവരേ! നിങ്ങൾക്കിടയിൽ വഹ്യ് ഇറക്കപ്പെടുന്ന അല്ലാഹുവിൻ്റെ ദൂതരാണ് ഉള്ളതെന്ന് നിങ്ങൾ മനസ്സിലാക്കണം. അവിടുത്തോട് നിങ്ങൾ കളവ് പറയുകയും, പിന്നീട് അല്ലാഹു നിങ്ങൾ കളവു പറഞ്ഞു എന്നത് അവിടുത്തെ അറിയിക്കുകയും ചെയ്യുന്നത് നിങ്ങൾ ഭയക്കുക. നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത് ഏതാണെന്ന് അല്ലാഹുവിന് നന്നായി അറിയാം. നിങ്ങൾ മുന്നോട്ടു വെക്കുന്ന അനേകം അഭിപ്രായങ്ങളിൽ അവിടുന്ന് നിങ്ങളെ അനുസരിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് തന്നെ തൃപ്തികരമല്ലാത്ത പ്രയാസങ്ങളിൽ നിങ്ങൾ പെട്ടു പോകുമായിരുന്നു. എന്നാൽ അല്ലാഹു അവൻ്റെ ഔദാര്യത്താൽ (ഇസ്ലാമിൽ) വിശ്വസിക്കുന്നത് നിങ്ങൾക്ക് പ്രിയങ്കരമാക്കിയിരിക്കുന്നു. അതവൻ നിങ്ങളുടെ മനസ്സിൽ മനോഹരമാക്കുകയും, അങ്ങനെ നിങ്ങൾ വിശ്വസിക്കുകയും ചെയ്തു. (ഇസ്ലാമിനെ) നിഷേധിക്കുന്നതും, അല്ലാഹുവിനെ അനുസരിക്കാതിരിക്കുന്നതും, അവനെ ധിക്കരിക്കുന്നതും അവൻ നിങ്ങൾക്ക് വെറുപ്പുള്ളതാക്കി. ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവരാണ് ശരിയുടെയും സന്മാർഗത്തിൻ്റെയും വഴിയിൽ പ്രവേശിച്ചിട്ടുള്ളത്.
Source : QUL
8

അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു ഔദാര്യവും അനുഗ്രഹവുമാകുന്നു അത്‌. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.

فَضۡلٗا مِّنَ ٱللَّهِ وَنِعۡمَةٗۚ وَٱللَّهُ عَلِيمٌ حَكِيمٞ ۝٨
തഫ്സീർആയത്ത് 8
നന്മയോട് നിങ്ങളുടെ മനസ്സിൽ ഇഷ്ടം തോന്നിപ്പിച്ചുവെന്നതും, തിന്മയോട് നിങ്ങൾക്ക് വെറുപ്പുണ്ടാക്കി എന്നതും അല്ലാഹുവിൻ്റെ ഔദാര്യം മാത്രമാകുന്നു. അവൻ നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹമാണത്. തൻ്റെ അടിമകളിൽ ആരെല്ലാമാണ് നന്ദി പ്രകടിപ്പിക്കുകയെന്നും, അങ്ങനെ അവർക്ക് (കൂടുതൽ നന്മകളിലേക്ക്) സൗകര്യം ചെയ്തു കൊടുക്കേണ്ടതെന്നും ഏറ്റവും അറിയുന്നവനാണ് അല്ലാഹു. എല്ലാ കാര്യങ്ങളും ഏറ്റവും യോജ്യമായ സ്ഥലത്ത് നിശ്ചയിക്കുന്ന 'ഹകീമു'മാകുന്നു അവൻ.
Source : QUL
9

സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടു വിഭാഗങ്ങള്‍ പരസ്പരം പോരടിച്ചാല്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കണം. എന്നിട്ടു രണ്ടില്‍ ഒരു വിഭാഗം മറുവിഭാഗത്തിനെതിരില്‍ അതിക്രമം കാണിച്ചാല്‍ അതിക്രമം കാണിക്കുന്ന വിഭാഗത്തോട് അവര്‍ അല്ലാഹുവിന്‍റെ കല്‍പനയിലേക്ക് മടങ്ങിവരുന്നതു വരെ നിങ്ങള്‍ യുദ്ധം നടത്തണം. അങ്ങനെ ആ വിഭാഗം മടങ്ങിവരികയാണെങ്കില്‍ നീതിപൂര്‍വ്വം ആ രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുകയും നിങ്ങള്‍ നീതി പാലിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.

وَإِن طَآئِفَتَانِ مِنَ ٱلۡمُؤۡمِنِينَ ٱقۡتَتَلُواْ فَأَصۡلِحُواْ بَيۡنَهُمَاۖ فَإِنۢ بَغَتۡ إِحۡدَىٰهُمَا عَلَى ٱلۡأُخۡرَىٰ فَقَٰتِلُواْ ٱلَّتِي تَبۡغِي حَتَّىٰ تَفِيٓءَ إِلَىٰٓ أَمۡرِ ٱللَّهِۚ فَإِن فَآءَتۡ فَأَصۡلِحُواْ بَيۡنَهُمَا بِٱلۡعَدۡلِ وَأَقۡسِطُوٓاْۖ إِنَّ ٱللَّهَ يُحِبُّ ٱلۡمُقۡسِطِينَ ۝٩
തഫ്സീർആയത്ത് 9
(ഇസ്ലാമിൽ) വിശ്വസിച്ചവരിൽ പെട്ട രണ്ടു വിഭാഗങ്ങൾ പരസ്പരം പോരടിച്ചാൽ - വിശ്വാസികളേ! - അവർക്കിടയിലെ അഭിപ്രായവ്യത്യാസം പരിഹരിക്കാൻ അല്ലാഹുവിൻ്റെ നിയമം അനുസരിച്ച് വിധിക്കുന്നതിലേക്ക് അവരെ നിങ്ങൾ ക്ഷണിക്കുക. അവരിൽ ഒരു കൂട്ടർ രഞ്ജിപ്പിന് തയ്യാറാകാതെ, അതിക്രമം പ്രവർത്തിച്ചാൽ അക്കൂട്ടരോട് - അവർ അല്ലാഹുവിൻ്റെ വിധിയിലേക്ക് മടങ്ങി വരുന്നത് വരെ - നിങ്ങൾ പോരാടുക. ഇനി അവർ അല്ലാഹുവിൻ്റെ വിധിയിലേക്ക് മടങ്ങി വന്നാൽ അവർക്കിടയിൽ നീതിപൂർവ്വകമായി നിങ്ങൾ രഞ്ജിപ്പുണ്ടാക്കുക. അവർക്കിടയിൽ വിധി കൽപ്പിക്കുന്നതിൽ നിങ്ങളും നീതി പുലർത്തുക. തീർച്ചയായും അല്ലാഹു തങ്ങളുടെ വിധികളിൽ നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
Source : QUL
10

സത്യവിശ്വാസികള്‍ (പരസ്പരം) സഹോദരങ്ങള്‍ തന്നെയാകുന്നു.(2) അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.

إِنَّمَا ٱلۡمُؤۡمِنُونَ إِخۡوَةٞ فَأَصۡلِحُواْ بَيۡنَ أَخَوَيۡكُمۡۚ وَٱتَّقُواْ ٱللَّهَ لَعَلَّكُمۡ تُرۡحَمُونَ ۝١٠
തഫ്സീർആയത്ത് 10
(ഇസ്ലാമിൽ) വിശ്വസിച്ച (മുസ്ലിംകൾ) ഇസ്ലാമിക സഹോദരങ്ങളാണ്. വിശ്വാസികളേ! നിങ്ങൾക്കിടയിൽ പരസ്പരം ഇടഞ്ഞു നിൽക്കുന്ന നിങ്ങളുടെ സഹോദരങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കാൻ ഈ ഇസ്ലാമിക സാഹോദര്യം നിങ്ങളിൽ നിന്ന് ആവശ്യപ്പെടുന്നുണ്ട്. നിങ്ങൾ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അവനെ സൂക്ഷിക്കുക; നിങ്ങൾക്ക് മേൽ കാരുണ്യം ചൊരിയപ്പെട്ടേക്കാം.
Source : QUL
11

സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്‌. നിങ്ങള്‍ പരിഹാസപേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മ്മികമായ പേര് (വിളിക്കുന്നത്‌) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا يَسۡخَرۡ قَوۡمٞ مِّن قَوۡمٍ عَسَىٰٓ أَن يَكُونُواْ خَيۡرٗا مِّنۡهُمۡ وَلَا نِسَآءٞ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيۡرٗا مِّنۡهُنَّۖ وَلَا تَلۡمِزُوٓاْ أَنفُسَكُمۡ وَلَا تَنَابَزُواْ بِٱلۡأَلۡقَٰبِۖ بِئۡسَ ٱلِٱسۡمُ ٱلۡفُسُوقُ بَعۡدَ ٱلۡإِيمَٰنِۚ وَمَن لَّمۡ يَتُبۡ فَأُوْلَٰٓئِكَ هُمُ ٱلظَّٰلِمُونَ ۝١١
തഫ്സീർആയത്ത് 11
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! നിങ്ങൾ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ പരിഹസിക്കാതിരിക്കട്ടെ. ചിലപ്പോൾ പരിഹസിക്കപ്പെടുന്നവർ ആയിരിക്കാം അല്ലാഹുവിൻ്റെ അടുത്ത് കൂടുതൽ നല്ലവർ. അല്ലാഹുവിൻ്റെ അടുക്കൽ ഏതവസ്ഥയിലാണ് എന്നതാണല്ലോ പരിഗണനീയമായിട്ടുള്ളതും?! ഒരു വിഭാഗം സ്ത്രീകൾ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കാതിരിക്കട്ടെ. ചിലപ്പോൾ പരിഹസിക്കപ്പെടുന്നവർ ആയിരിക്കാം അല്ലാഹുവിൻ്റെ അടുത്ത് കൂടുതൽ നല്ലവർ. നിങ്ങളുടെ സഹോദരങ്ങളെ നിങ്ങൾ കുത്തിപ്പറയരുത്; അവർക്ക് നിങ്ങളുടെ അതേ സ്ഥാനം തന്നെയുണ്ട്. നിങ്ങൾ പരസ്പരം ഒരാൾക്ക് വെറുപ്പുള്ള ഇരട്ടപ്പേരു വിളിക്കരുത്. നബി -ﷺ- മദീനയിലേക്ക് എത്തുന്നതിന് മുൻപ് അൻസ്വാറുകൾക്കിടയിൽ ഈ രീതി ഉണ്ടായിരുന്നു. നിങ്ങളിൽ നിന്ന് ആരെങ്കിലും ഇതെല്ലാം ചെയ്യുന്നെങ്കിൽ അവൻ ദുർമാർഗിയാണ്. ഇസ്ലാമിൽ വിശ്വസിച്ചതിന് ശേഷം ദുർമാർഗിയെന്നു വിശേഷിപ്പിക്കപ്പെടുന്നത് എത്ര മോശമാണ്! അതിനാൽ ആരെങ്കിലും ഈ തിന്മകളിൽ നിന്ന് ഖേദിച്ചു മടങ്ങുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നില്ലെങ്കിൽ അവർ തന്നെയാകുന്നു തിന്മകൾ പ്രവർത്തിച്ചു കൊണ്ട് തങ്ങളെ നാശത്തിൻ്റെ പടുകുഴികളിലേക്ക് വലിച്ചിട്ട, സ്വന്തങ്ങളോട് അതിക്രമം ചെയ്തവർ.
Source : QUL
12

സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്‌. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്‌. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ?(3) എന്നാല്‍ അത് (ശവം തിന്നുന്നത്‌) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്‌. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱجۡتَنِبُواْ كَثِيرٗا مِّنَ ٱلظَّنِّ إِنَّ بَعۡضَ ٱلظَّنِّ إِثۡمٞۖ وَلَا تَجَسَّسُواْ وَلَا يَغۡتَب بَّعۡضُكُم بَعۡضًاۚ أَيُحِبُّ أَحَدُكُمۡ أَن يَأۡكُلَ لَحۡمَ أَخِيهِ مَيۡتٗا فَكَرِهۡتُمُوهُۚ وَٱتَّقُواْ ٱللَّهَۚ إِنَّ ٱللَّهَ تَوَّابٞ رَّحِيمٞ ۝١٢
തഫ്സീർആയത്ത് 12
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! പ്രസക്തമായ കാരണങ്ങളോ സാഹചര്യത്തെളിവുകളോ ഇല്ലാത്ത ഊഹാപോഹങ്ങളിൽ അധികവും നിങ്ങൾ വെടിയുക. തീർച്ചയായും ചില ഊഹങ്ങൾ പാപമാകുന്നു. ബാഹ്യമായി നന്മ കാണപ്പെടുന്ന വ്യക്തിയെ കുറിച്ച് മോശം വിചാരിക്കുക എന്നത് ഉദാഹരണം. (ഇസ്ലാമിൽ) വിശ്വസിച്ചവരുടെ ന്യൂനതകൾ രഹസ്യമായി നിങ്ങൾ ചികഞ്ഞന്വേഷിക്കരുത്. നിങ്ങളുടെ സഹോദരന് അവന് വെറുപ്പുള്ള രൂപത്തിൽ നിങ്ങൾ സ്മരിക്കുകയുമരുത്. അവൻ മരിച്ചു കിടക്കവെ അവൻ്റെ മാസം തിന്നുന്നതിന് സമാനമാകുന്നു അത്. നിങ്ങളിലാരെങ്കിലും തൻ്റെ സഹോദരൻ്റെ മൃതശരീരത്തിൽ നിന്ന് ഭക്ഷിക്കുന്നത് ഇഷ്ടപ്പെടുമോ?! അത് നിങ്ങൾ വെറുക്കുന്നത് പോലെ തന്നെ, തൻ്റെ സഹോദരനെ പരദൂഷണം പറയുന്നതും നിങ്ങൾ വെറുക്കുക. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അല്ലാഹുവിനെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു തൻ്റെ അടിമകളിൽ നിന്ന് ഖേദത്തോടെ പശ്ചാത്തപിച്ച് മടങ്ങുന്നവർക്ക് ധാരാളമായി പൊറുത്തു നൽകുന്ന 'തവ്വാബും', അവരോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്ന 'റഹീമു'മാകുന്നു.
Source : QUL
13

ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ ഗോത്രങ്ങളും ഉപ ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു.(4) തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.

يَٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقۡنَٰكُم مِّن ذَكَرٖ وَأُنثَىٰ وَجَعَلۡنَٰكُمۡ شُعُوبٗا وَقَبَآئِلَ لِتَعَارَفُوٓاْۚ إِنَّ أَكۡرَمَكُمۡ عِندَ ٱللَّهِ أَتۡقَىٰكُمۡۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٞ ۝١٣
തഫ്സീർആയത്ത് 13
അല്ലയോ ജനങ്ങളേ! തീർച്ചയായും നാം നിങ്ങളെ ഒരു പുരുഷനിൽ നിന്നും ഒരു സ്ത്രീയിൽ നിന്നും സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളുടെ പിതാവായ ആദമും മാതാവായ ഹവ്വാഉമാകുന്നു അവർ. നിങ്ങളുടെയെല്ലാം പിതൃപരമ്പര ഒന്നു തന്നെ. അതിനാൽ നിങ്ങൾ പരസ്പരം തറവാടിൻ്റെ പേരിൽ അഹങ്കാരം നടിക്കാതിരിക്കുക. നിങ്ങളെ അതിന് ശേഷം വിവിധ സമുദായങ്ങളും പരന്നു കിടക്കുന്ന ഗോത്രങ്ങളുമാക്കി മാറ്റിയത് നിങ്ങൾക്ക് പരസ്പരം തിരിച്ചറിയുന്നതിനാണ്. ഒരിക്കലും അതിൻ്റെ പേരിൽ മേന്മ നടിക്കാനല്ല. കാരണം മനുഷ്യർ വേർതിരിയുന്നത് അല്ലാഹുവിനോടുള്ള സൂക്ഷ്മതയുടെ അടിസ്ഥാനത്തിലാണ്. അതു കൊണ്ടാണ് അല്ലാഹു പറഞ്ഞത്: നിങ്ങളിൽ അല്ലാഹുവിങ്കൽ ഏറ്റവും ആദരണീയനായിട്ടുള്ളത് നിങ്ങളിൽ ഏറ്റവും അല്ലാഹുവിനെ സൂക്ഷിക്കുന്നവരാണ്. തീർച്ചയായും അല്ലാഹു നിങ്ങളുടെ അവസ്ഥകളെല്ലാം അറിയുന്ന 'അലീമും', നിങ്ങളിൽ ഉള്ള കുറവുകളും മേന്മകളും സൂക്ഷ്മമായി അറിയുന്ന 'ഖബീറു'മാകുന്നു. അവന് യാതൊന്നും തന്നെ അവ്യക്തമാവുകയില്ല.
Source : QUL
14

ഗ്രാമീണ അറബികള്‍ പറയുന്നു; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു (മുഅ്മിനുകൾ ആയിരിക്കുന്നു) എന്ന്‌. നീ പറയുക: നിങ്ങള്‍ വിശ്വസിച്ചിട്ടില്ല. എന്നാല്‍ ഞങ്ങള്‍ കീഴ്പെട്ടിരിക്കുന്നു (മുസ്‌ലിംകൾ ആയിരിക്കുന്നു) എന്ന് നിങ്ങള്‍ പറഞ്ഞു കൊള്ളുക. വിശ്വാസം നിങ്ങളുടെ ഹൃദയങ്ങളില്‍ പ്രവേശിച്ചുകഴിഞ്ഞിട്ടില്ല. അല്ലാഹുവെയും അവന്‍റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുന്ന പക്ഷം നിങ്ങള്‍ക്കു നിങ്ങളുടെ കര്‍മ്മഫലങ്ങളില്‍ നിന്ന് യാതൊന്നും അവന്‍ കുറവ് വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

۞ قَالَتِ ٱلۡأَعۡرَابُ ءَامَنَّاۖ قُل لَّمۡ تُؤۡمِنُواْ وَلَٰكِن قُولُوٓاْ أَسۡلَمۡنَا وَلَمَّا يَدۡخُلِ ٱلۡإِيمَٰنُ فِي قُلُوبِكُمۡۖ وَإِن تُطِيعُواْ ٱللَّهَ وَرَسُولَهُۥ لَا يَلِتۡكُم مِّنۡ أَعۡمَٰلِكُمۡ شَيۡـًٔاۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٌ ۝١٤
തഫ്സീർആയത്ത് 14
ഗ്രാമീണ അറബികളിൽ പെട്ട ചിലർ നബി -ﷺ- യുടെ അടുക്കൽ വന്നപ്പോൾ അവർ 'ഞങ്ങൾ അല്ലാഹുവിലും റസൂലിലും വിശ്വസിച്ചിരിക്കുന്നു' എന്ന് പറയുന്നു. നബിയേ! അവരോട് പറയുക: നിങ്ങൾ ഈ സമയം വരെ വിശ്വാസികളായിട്ടില്ല. പക്ഷേ ഞങ്ങൾ കീഴൊതുങ്ങുകയും സമർപ്പിക്കുകയും ചെയ്തിരിക്കുന്നു എന്നു പറഞ്ഞോളൂ. ഇപ്പോഴും വിശ്വാസം നിങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിച്ചിട്ടില്ല. ചിലപ്പോൾ ഇനിയൊരു സമയം അത് നിങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിച്ചേക്കാം. അല്ലയോ ഗ്രാമീണ അറബികളേ! നിങ്ങൾ അല്ലാഹുവിനെയും അവൻ്റെ ദൂതരെയും വിശ്വാസം സ്വീകരിക്കുന്നതിലും, സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നതിലും നിഷിദ്ധങ്ങൾ വെടിയുന്നതിലും അനുസരിച്ചാൽ, അല്ലാഹു നിങ്ങളുടെ പ്രതിഫലത്തിൽ നിന്ന് ഒന്നും തന്നെ കുറവ് വരുത്തുകയില്ല. തീർച്ചയായും അല്ലാഹു തൻ്റെ അടിമകളിൽ നിന്ന് ഖേദത്തോടെ പശ്ചാത്തപിക്കുന്നവർക്ക് ധാരാളമായി പൊറുത്തു കൊടുക്കുന്ന 'ഗഫൂറും', അവരോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്ന 'റഹീമു'മാകുന്നു.
Source : QUL
15

അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ പോരാട്ടം നടത്തുകയും ചെയ്തവരാരോ അവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍.

إِنَّمَا ٱلۡمُؤۡمِنُونَ ٱلَّذِينَ ءَامَنُواْ بِٱللَّهِ وَرَسُولِهِۦ ثُمَّ لَمۡ يَرۡتَابُواْ وَجَٰهَدُواْ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡ فِي سَبِيلِ ٱللَّهِۚ أُوْلَٰٓئِكَ هُمُ ٱلصَّٰدِقُونَ ۝١٥
തഫ്സീർആയത്ത് 15
യഥാർഥ (ഇസ്ലാമിക) വിശ്വാസികൾ എന്നാൽ അവർ അല്ലാഹുവിലും അവൻ്റെ ദൂതരിലും വിശ്വസിക്കുകയും, ശേഷം തങ്ങളുടെ വിശ്വാസത്തിൽ സംശയം കൂട്ടിക്കലർത്താതിരിക്കുകയും, തങ്ങളുടെ സമ്പാദ്യങ്ങളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിലേർപ്പെടുകയും ചെയ്തവരാണ്. അതിലൊന്നിലും അവർ യാതൊരു പിശുക്കും പ്രകടിപ്പിച്ചില്ല. ഈ വിശേഷണങ്ങൾ ഉള്ളവരാണ് തങ്ങളുടെ വിശ്വാസത്തിൽ സത്യസന്ധതയുള്ളവർ.
Source : QUL
16

നീ പറയുക: നിങ്ങളുടെ മതത്തെപ്പറ്റി നിങ്ങള്‍ അല്ലാഹുവെ പഠിപ്പിക്കുകയാണോ? അല്ലാഹുവാകട്ടെ ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അറിയുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിയുന്നവനാകുന്നു.

قُلۡ أَتُعَلِّمُونَ ٱللَّهَ بِدِينِكُمۡ وَٱللَّهُ يَعۡلَمُ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۚ وَٱللَّهُ بِكُلِّ شَيۡءٍ عَلِيمٞ ۝١٦
തഫ്സീർആയത്ത് 16
അല്ലാഹുവിൻ്റെ റസൂലേ! ഈ ഗ്രാമീണ അറബികളോട് പറയുക: നിങ്ങൾ അല്ലാഹുവിന് നിങ്ങളുടെ മതം (എങ്ങനെയായിരിക്കണമെന്ന്) പഠിപ്പിച്ചു കൊടുക്കുകയും, പറഞ്ഞു കൊടുക്കുകയുമാണോ?! അല്ലാഹുവാകട്ടെ; ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അറിയുന്നു. അല്ലാഹു എല്ലാ കാര്യത്തെ കുറിച്ചും അങ്ങേയറ്റം അറിയുന്നവനാകുന്നു. അവന് യാതൊരു കാര്യവും അവ്യക്തമാവുകയില്ല. അതിനാൽ നിങ്ങൾ നിങ്ങളുടെ മതത്തെ കുറിച്ച് അവനെ പഠിപ്പിക്കേണ്ട ആവശ്യമില്ല.
Source : QUL
17

അവര്‍ ഇസ്‌ലാം മതം സ്വീകരിച്ചു എന്നത് അവര്‍ നിന്നോട് കാണിച്ച ദാക്ഷിണ്യമായി അവര്‍ എടുത്തുപറയുന്നു. നീ പറയുക: നിങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചതിനെ എന്നോട് കാണിച്ച ദാക്ഷിണ്യമായി എടുത്ത് പറയരുത്‌. പ്രത്യുത, സത്യവിശ്വാസത്തിലേക്ക് നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി എന്നത് അല്ലാഹു നിങ്ങളോട് ദാക്ഷിണ്യം കാണിക്കുന്നതാകുന്നു. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (ഇത് നിങ്ങള്‍ അംഗീകരിക്കുക)

يَمُنُّونَ عَلَيۡكَ أَنۡ أَسۡلَمُواْۖ قُل لَّا تَمُنُّواْ عَلَيَّ إِسۡلَٰمَكُمۖ بَلِ ٱللَّهُ يَمُنُّ عَلَيۡكُمۡ أَنۡ هَدَىٰكُمۡ لِلۡإِيمَٰنِ إِن كُنتُمۡ صَٰدِقِينَ ۝١٧
തഫ്സീർആയത്ത് 17
അല്ലാഹുവിൻ്റെ റസൂലേ! ഈ ഗ്രാമീണ അറബികൾ അവർ ഇസ്ലാം സ്വീകരിച്ചു എന്നത് താങ്കളോട് ചെയ്ത ഔദാര്യമായി പറയുന്നു. അവരോട് പറയുക: അല്ലാഹുവിൻ്റെ മതമായ ഇസ്ലാമിൽ പ്രവേശിച്ചു എന്നത് നിങ്ങൾ എന്നോട് ചെയ്ത ഔദാര്യമായി എടുത്തു പറയരുത്. ഇസ്ലാം സ്വീകരിച്ചതു കൊണ്ട് എന്തൊരു നന്മയുണ്ടെങ്കിലും അതെല്ലാം നിങ്ങൾക്ക് തന്നെയാണ് ലഭിക്കുന്നത്. മറിച്ച്, അല്ലാഹുവാകുന്നു നിങ്ങൾക്ക് (ഇസ്ലാമിൽ) വിശ്വസിക്കാൻ സൗകര്യം ചെയ്തു തന്നു കൊണ്ട് നിങ്ങളോട് ഔദാര്യം ചെയ്യുന്നത്. നിങ്ങൾ ഇസ്ലാമിൽ പ്രവേശിച്ചു എന്നത് സത്യമാണെങ്കിൽ (അത് നിങ്ങൾ അംഗീകരിക്കുക).
Source : QUL
18

തീര്‍ച്ചയായും അല്ലാഹു ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യകാര്യം അറിയുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനുമാകുന്നു അല്ലാഹു.

إِنَّ ٱللَّهَ يَعۡلَمُ غَيۡبَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَٱللَّهُ بَصِيرُۢ بِمَا تَعۡمَلُونَ ۝١٨
തഫ്സീർആയത്ത് 18
തീർച്ചയായും അല്ലാഹു ആകാശങ്ങളിലെ അദൃശ്യകാര്യങ്ങളും, ഭൂമിയിലെ അദൃശ്യകാര്യങ്ങളും അറിയുന്നു. അവന് അതിലൊരു കാര്യവും അവ്യക്തമാവുകയില്ല. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. - നന്മയാകട്ടെ, തിന്മയാകട്ടെ - അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുകയും ചെയ്യുന്നതാണ്.
Source : QUL