സൂറത്ത് ആലു ഇംറാൻ (Ali Imran)യിലെ 200 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Ali Imran.
1
അലിഫ് ലാം മീം.
الٓمٓ ١
തഫ്സീർആയത്ത് 1
അലിഫ് ലാം മീൻ എന്നത് എന്നത് ഖുർആനിലെ ചില അദ്ധ്യായങ്ങളുടെ തുടക്കത്തിലുള്ള അക്ഷരങ്ങളിൽ പെട്ടതാണ്. സമാനമായ അക്ഷരങ്ങളെ കുറിച്ചുള്ള വിശദീകരണം സൂറ. ബഖറയുടെ തുടക്കത്തിൽ കഴിഞ്ഞുപോയിട്ടുണ്ട്. ഈ അദ്ധ്യായത്തിൻ്റെ ആരംഭത്തിലുള്ള, സമാനമായ അറബി അക്ഷരങ്ങൾ ചേത്തു വെച്ചു കൊണ്ടാണ് അറബികൾ അവരുടെ സംസാരം രൂപപ്പെടുത്തുന്നത്; എന്നിരിക്കെ അവർക്ക് ഇതു പോലൊരു ഖുർആൻ കൊണ്ടുവരാൻ സാധിക്കുന്നില്ല എന്ന ഓർമ്മപ്പെടുത്തൽ ഈ അക്ഷരങ്ങൾ ഉൾക്കൊള്ളുന്നുണ്ട്.
2
അല്ലാഹു - അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍.
അല്ലാഹു; ആരാധിക്കപ്പെടാൻ അർഹതയുള്ളവനായി അവനല്ലാതെ മറ്റൊരു ആരാധ്യനുമില്ല. മരണമോ ന്യൂനതകയോ ഇല്ലാത്ത പരിപൂർണ്ണ ജീവിതത്തിൻ്റെ ഉടമയാണവൻ. എല്ലാ സൃഷ്ടികളിൽ നിന്നും ധന്യനായി സ്വയം നിലനിൽക്കുകയും എല്ലാം നിയന്ത്രിക്കുകയും ചെയ്യുന്നവൻ. അവനെ ആശ്രയിച്ചാണ് എല്ലാ സൃഷ്ടികളും നിലനിൽക്കുന്നത്. ഒരവസ്ഥയിലും അവനെ തൊട്ട് ധന്യരാവാൻ അവർക്ക് കഴിയുകയില്ല തന്നെ.
3
അവന്‍ ഈ വേദഗ്രന്ഥത്തെ മുന്‍ വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട് സത്യവുമായി നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. അവന്‍ തൗറാത്തും ഇന്‍ജീലും അവതരിപ്പിച്ചു.
അല്ലാഹുവിൻ്റെ റസൂലേ! സത്യസന്ധമായ വൃത്താന്തങ്ങളും നീതിപൂർവ്വകമായ വിധിവിലക്കുകളുമായി, മുൻകാല വേദഗ്രന്ഥങ്ങളോട് യോജിക്കുന്നതും അവക്ക് എതിരാവാത്തതുമായി ഖുർആനിനെ താങ്കൾക്ക് നാം ഇറക്കി തന്നിരിക്കുന്നു. താങ്കൾക്ക് ഖുർആൻ അവതരിപ്പിക്കുന്നതിന് മുമ്പ് മൂസാ നബിക്ക് തൗറാത്തും ഈസാ നബിക്ക് ഇഞ്ചീലും ഇറക്കപ്പെട്ടിട്ടുണ്ട്. ഈ വേദഗ്രന്ഥങ്ങളെല്ലാം സന്മാർഗത്തിലേക്ക് നയിക്കുന്നതും, ജനങ്ങളെ ഐഹികവും പാരത്രികവുമായ നന്മകളിലേക്ക് വഴികാട്ടുന്നതുമത്രെ. അസത്യത്തിൽ നിന്ന് സത്യവും, വഴികേടിൽ നിന്ന് സന്മാർഗ്ഗവും വേർതിരിച്ചറിയാൻ കഴിയുന്ന സത്യാസത്യ വിവേചന ഗ്രന്ഥമായ ഖുർആനും അവൻ അവതരിപ്പിച്ചു. താങ്കൾക്ക് അവതരിപ്പിക്കപ്പെട്ട ആയത്തുകളിൽ അവിശ്വസിക്കുന്നവർക്ക് കഠിനമായ ശിക്ഷയുണ്ട്. ആരാലും അതിജയിക്കപ്പെടാത്ത പ്രതാപിയാകുന്നു അല്ലാഹു. അവൻ്റെ ദൂതന്മാരെ കളവാക്കുന്നവരോടും, അവൻ്റെ കൽപനകൾക്ക് എതിരുപ്രവർത്തിക്കുന്നവരോടും പ്രതികാരമെടുക്കുന്നവനുമത്രെ അവൻ.
4
ഇതിനു മുമ്പ്; മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനത്തിനായി. സത്യാസത്യവിവേചനത്തിനുള്ള പ്രമാണവും അവന്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവര്‍ക്ക് കഠിനമായ ശിക്ഷയാണുള്ളത്. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി സ്വീകരിക്കുന്നവനുമാകുന്നു
അല്ലാഹുവിൻ്റെ റസൂലേ! സത്യസന്ധമായ വൃത്താന്തങ്ങളും നീതിപൂർവ്വകമായ വിധിവിലക്കുകളുമായി, മുൻകാല വേദഗ്രന്ഥങ്ങളോട് യോജിക്കുന്നതും അവക്ക് എതിരാവാത്തതുമായി ഖുർആനിനെ താങ്കൾക്ക് നാം ഇറക്കി തന്നിരിക്കുന്നു. താങ്കൾക്ക് ഖുർആൻ അവതരിപ്പിക്കുന്നതിന് മുമ്പ് മൂസാ നബിക്ക് തൗറാത്തും ഈസാ നബിക്ക് ഇഞ്ചീലും ഇറക്കപ്പെട്ടിട്ടുണ്ട്. ഈ വേദഗ്രന്ഥങ്ങളെല്ലാം സന്മാർഗത്തിലേക്ക് നയിക്കുന്നതും, ജനങ്ങളെ ഐഹികവും പാരത്രികവുമായ നന്മകളിലേക്ക് വഴികാട്ടുന്നതുമത്രെ. അസത്യത്തിൽ നിന്ന് സത്യവും, വഴികേടിൽ നിന്ന് സന്മാർഗ്ഗവും വേർതിരിച്ചറിയാൻ കഴിയുന്ന സത്യാസത്യ വിവേചന ഗ്രന്ഥമായ ഖുർആനും അവൻ അവതരിപ്പിച്ചു. താങ്കൾക്ക് അവതരിപ്പിക്കപ്പെട്ട ആയത്തുകളിൽ അവിശ്വസിക്കുന്നവർക്ക് കഠിനമായ ശിക്ഷയുണ്ട്. ആരാലും അതിജയിക്കപ്പെടാത്ത പ്രതാപിയാകുന്നു അല്ലാഹു. അവൻ്റെ ദൂതന്മാരെ കളവാക്കുന്നവരോടും, അവൻ്റെ കൽപനകൾക്ക് എതിരുപ്രവർത്തിക്കുന്നവരോടും പ്രതികാരമെടുക്കുന്നവനുമത്രെ അവൻ.
5
ഭൂമിയിലോ ആകാശത്തോ ഉള്ള യാതൊരു കാര്യവും അല്ലാഹുവിന്ന് അവ്യക്തമായിപ്പോകുകയില്ല; തീര്‍ച്ച.
ഭൂമിയിലോ ആകാശത്തോ ഉള്ള യാതൊരു കാര്യവും അല്ലാഹുവിന്ന് അവ്യക്തമായിപ്പോകുകയില്ല; തീർച്ച. എല്ലാ വസ്തുക്കളെയും -അവയുടെ അകവും പുറവും- അല്ലാഹുവിൻ്റെ അറിവ് വലയം ചെയ്തിരിക്കുന്നു.
ഗർഭാശയങ്ങളിൽ താൻ ഉദ്ദേശിക്കുന്ന വിധത്തിൽ ആണോ പെണ്ണോ, സൗന്ദര്യമുള്ളതോ ഇല്ലാത്തതോ, വെളുത്തതോ കറുത്തതോ ആയി വ്യത്യസ്ത രൂപത്തിൽ നിങ്ങളെ സൃഷ്ടിക്കുന്നത് അവനത്രെ. യഥാർത്ഥ ആരാധ്യനായി അവനല്ലാതെ മറ്റാരുമില്ല. ആരാലും അതിജയിക്കപ്പെടാത്ത മഹാപ്രതാപിയും, താൻ സൃഷ്ടിക്കുന്നതിലും തൻ്റെ നിയന്ത്രണത്തിലും മതനിയമങ്ങളിലും ഏറ്റവും യുക്തമായത് സ്വീകരിക്കുന്നവനുമത്രെ അവൻ.
7
(നബിയേ,) നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്. അവയത്രെ വേദഗ്രന്ഥത്തിന്‍റെ മൗലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്‍റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവാരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ.
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് ഖുർആൻ അവതരിപ്പിച്ചു തന്നിരിക്കുന്നത് അല്ലാഹുവത്രെ. അതിൽ ആശയം വ്യക്തമായ വചനങ്ങളുണ്ട്. അവയത്രെ ഖുർആനിൻ്റെ മൂലഭാഗവും, അതിൽ ഭൂരിഭാഗമുള്ളതും. അഭിപ്രായവ്യത്യാസങ്ങളിൽ ഇത്തരം വ്യക്തമായ ആയത്തുകളിലേക്കാണ് മടങ്ങേണ്ടത്. ഒന്നിലധികം ആശയങ്ങൾക്ക് സാധ്യതയുള്ള ചില വചനങ്ങളും ഖുർആനിലുണ്ട്. അതിൻറെ ആശയം അധികമാളുകൾക്കും അവ്യക്തമായിരിക്കും. എന്നാൽ മനസ്സുകളിൽ വക്രതയുള്ളവർ കുഴപ്പമുണ്ടാക്കാൻ ഉദ്ദേശിച്ചുകൊണ്ടും, ജനങ്ങളെ വഴിപിഴപ്പിക്കാൻ ആഗ്രഹിച്ചു കൊണ്ടും ഖണ്ഡിതമായതിനെ ഒഴിവാക്കി സാദൃശ്യമുള്ള വചനങ്ങളെ സ്വീകരിക്കുന്നു. അവരുടെ ദുഷിച്ച ആശയങ്ങൾക്ക് വേണ്ടി ഇച്ഛക്കനുസരിച്ച് അവയെ വ്യാഖ്യാനിക്കാനാണ് അവരുദ്ദേശിക്കുന്നത്. അതിൻറെ സാക്ഷാൽ വ്യാഖ്യാനവും, അതിൻ്റെ പൂർണ്ണമായ ഉദ്ദേശവും അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അറിവിൽ അടിയുറച്ച പാണ്ഡിത്യമുള്ളവർ പറയും: ഞങ്ങൾ ഖുർആനിൽ മുഴുവനും വിശ്വസിച്ചിരിക്കുന്നു. കാരണം അതിലുള്ള എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ളതാകുന്നു. സാദൃശ്യമായ വചനങ്ങളെ ഖണ്ഡിതമായ വചനങ്ങൾ കൊണ്ട് അവർ വ്യാഖ്യാനിക്കുകയും ചെയ്യും. ബുദ്ധിശാലികൾ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ.
8
(അവര്‍ പ്രാര്‍ത്ഥിക്കും:) 'ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്‍റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു.'
അറിവിൽ അടിയുറച്ച ആ പണ്ഡിതന്മാർ പ്രാർത്ഥിക്കും: ഞങ്ങളുടെ റബ്ബേ! ഞങ്ങളെ നീ സന്മാർഗത്തിലാക്കിയതിനു ശേഷം സത്യത്തിനോട് ഞങ്ങൾക്ക് മടുപ്പുണ്ടാക്കരുതേ! സത്യത്തിൽ നിന്ന് തെറ്റിപ്പോയവർക്ക് ബാധിച്ചതിൽ നിന്ന് ഞങ്ങളെ നീ രക്ഷിക്കണേ. നിൻ്റെ പക്കൽ നിന്നുള്ള വിശാലമായ കാരുണ്യം നീ ഞങ്ങൾക്ക് മേൽ വർഷിക്കുകയും, അതിലൂടെ ഞങ്ങളുടെ ഹൃദയങ്ങളെ നേർവഴിയിലാക്കുകയും, വഴികേടിൽ നിന്ന് അതിനെ സംരക്ഷിക്കുകയും ചെയ്യേണമേ! തീർച്ചയായും നീ ധാരാളമായി നന്മകൾ ചൊരിയുന്ന മഹാ ഔദാര്യവാനാകുന്നു.
9
ഞങ്ങളുടെ നാഥാ, തീര്‍ച്ചയായും നീ ജനങ്ങളെയെല്ലാം ഒരു ദിവസം ഒരുമിച്ചുകൂട്ടുന്നതാകുന്നു. അതില്‍ യാതൊരു സംശയവുമില്ല. തീര്‍ച്ചയായും അല്ലാഹു വാഗ്ദാനം ലംഘിക്കുന്നതല്ല.'
ഞങ്ങളുടെ റബ്ബേ! തീർച്ചയായും നീ ജനങ്ങളെയെല്ലാം വിചാരണ ചെയ്യുന്നതിന് വേണ്ടി -സംഭവിക്കുമെന്ന് യാതൊരു സംശയവുമില്ലാത്ത- ഒരു ദിവസത്തിലേക്ക് ഒരുമിച്ചുകൂട്ടുന്നതാകുന്നു. അത് സംഭവിക്കുക തന്നെ ചെയ്യുന്നതാണ്; യാതൊരു സംശയവും അക്കാര്യത്തിലില്ല. തീർച്ചയായും -ഞങ്ങളുടെ റബ്ബേ!- നീ വാഗ്ദാനം ലംഘിക്കുന്നതല്ല.
10
സത്യനിഷേധം കൈക്കൊണ്ടവര്‍ക്ക് അവരുടെ സ്വത്തുക്കളോ സന്താനങ്ങളോ അല്ലാഹുവിങ്കല്‍ യാതൊരു പ്രയോജനവും ചെയ്യുകയില്ല; തീര്‍ച്ച. അവരാകുന്നു നരകത്തിലെ ഇന്ധനമായിത്തീരുന്നവര്‍.
അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും നിഷേധിച്ചവരിൽ നിന്ന് അല്ലാഹുവിൻ്റെ ശിക്ഷയെ -ഇഹലോകത്തോ പരലോകത്തോ- തടുക്കാൻ അവരുടെ സ്വത്തുക്കളോ സന്താനങ്ങളോ ഉണ്ടാവുകയില്ല; തീർച്ച. നരകാഗ്നി കത്തിജ്വലിപ്പിക്കുന്ന വിറകുകളായിരിക്കും അക്കൂട്ടർ.
11
ഫിര്‍ഔന്‍റെ ആള്‍ക്കാരുടെയും അവരുടെ മുന്‍ഗാമികളുടെയും അവസ്ഥ പോലെത്തന്നെ. അവരൊക്കെ നമ്മുടെ ദൃഷ്ടാന്തങ്ങളെ തള്ളിക്കളഞ്ഞു. അപ്പോള്‍ അവരുടെ പാപങ്ങള്‍ കാരണമായി അല്ലാഹു അവരെ പിടികൂടി. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.
അല്ലാഹുവിൽ അവിശ്വസിക്കുകയും അവൻറെ ദൃഷ്ടാന്തങ്ങളെ കളവാക്കുകയും ചെയ്ത ഫിർഔനിൻറെ ആൾക്കാരുടെയും അവരുടെ മുൻഗാമികളുടെയും അവസ്ഥ പോലെത്തന്നെയാണ് ഈ നിഷേധികളുടെയും അവസ്ഥ. അവരുടെ പാപങ്ങൾ കാരണമായി അല്ലാഹു അവരെ ശിക്ഷിച്ചു. അവരുടെ സമ്പത്തോ സന്താനങ്ങളോ അവർക്കുപകാരപ്പെട്ടില്ല. അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ ദൃഷ്ടാന്തങ്ങളെ കളവാക്കുകയും ചെയ്യുന്നവരെ കഠിനമായി ശിക്ഷിക്കുന്നവനാകുന്നു അല്ലാഹു.
12
(നബിയേ,) നീ സത്യനിഷേധികളോട് പറയുക: നിങ്ങള്‍ കീഴടക്കപ്പെടുന്നതും നരകത്തിലേക്ക് കൂട്ടത്തോടെ നയിക്കപ്പെടുന്നതുമാണ്. അതെത്ര ചീത്തയായ വിശ്രമസ്ഥലം!
നബിയേ, (അല്ലാഹുവിനെ) നിഷേധിച്ചവരോട് -അവരേത് മതങ്ങളിൽ പെട്ടവരാണെങ്കിലും- പറഞ്ഞു കൊള്ളുക: (അല്ലാഹുവിൽ) വിശ്വസിച്ചവർ നിങ്ങളെ പരാജയപ്പെടുത്തുന്നതാണ്! നിങ്ങൾ അവിശ്വാസത്തിൽ മരണമടയുകയും അല്ലാഹു നിങ്ങളെ നരകത്തിൽ ഒരുമിച്ചുകൂട്ടുകയും ചെയ്യുന്നതാണ്. അതെത്ര ചീത്തയായ വിശ്രമസ്ഥലം!
13
(ബദ്‌റില്‍) ഏറ്റുമുട്ടിയ ആ രണ്ട് വിഭാഗങ്ങളില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ട്. ഒരു വിഭാഗം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. മറുവിഭാഗമാകട്ടെ സത്യനിഷേധികളും. (അവിശ്വാസികള്‍ക്ക്) തങ്ങളുടെ ദൃഷ്ടിയില്‍ അവര്‍ (വിശ്വാസികള്‍) തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ് തോന്നിയിരുന്നത്.(1) അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്‍റെ സഹായം കൊണ്ട് പിന്‍ബലം നല്‍കുന്നു. തീര്‍ച്ചയായും കണ്ണുള്ളവര്‍ക്ക് അതില്‍ ഒരു ഗുണപാഠമുണ്ട്.
ബദ്റിൽ ഏറ്റുമുട്ടിയ ആ രണ്ട് വിഭാഗങ്ങളിൽ തീർച്ചയായും നിങ്ങൾക്കൊരു ഗുണപാഠവും ദൃഷ്ടാന്തവുമുണ്ട്. അല്ലാഹുവിൽ വിശ്വസിച്ചവരായിരുന്നു അതിൽ ഒന്നാമത്തെ വിഭാഗം; അല്ലാഹുവിൻ്റെ റസൂൽ (സ) യും അവിടുത്തെ അനുചരന്മാരുമായിരുന്നു അവർ. അല്ലാഹുവിൻറെ മാർഗത്തിൽ അവൻറെ വചനം ഉന്നതമാവുന്നതിനും, നിഷേധത്തിൻ്റെ വാക്ക് തകർന്നടിയുന്നതിനുമാണ് അവർ യുദ്ധം ചെയ്യുന്നത്. അല്ലാഹുവിനെ നിഷേധിച്ചവരാണ് മറുപക്ഷത്തുള്ളത്; അഹങ്കാരവും പൊങ്ങച്ചവും വർഗീയതയും ഉയർത്തിപ്പിടിച്ച മക്കയിലെ നിഷേധികളാണവർ. (വിശ്വാസികൾ) തങ്ങളുടെ രണ്ടിരട്ടിയായി നിഷേധികളെ അവരുടെ കണ്ണാൽ യഥാർത്ഥരൂപത്തിൽ കാണുകയുണ്ടായി. അങ്ങനെ അല്ലാഹു അവൻറെ ഇഷ്ടദാസന്മാരെ സഹായിച്ചു. അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് തൻറെ സഹായം കൊണ്ട് പിൻബലം നൽകുന്നു. തീർച്ചയായും ഉൾക്കാഴ്ച്ചയുള്ളവർക്ക് അതിൽ ഗുണപാഠമുണ്ട്. വിജയവും (അല്ലാഹുവിൽ നിന്നുള്ള) സഹായവും -എണ്ണത്തിൽ കുറവാണെങ്കിലും- അവനിൽ വിശ്വസിച്ചവർക്കാണുള്ളതെന്നും, പരാജയവും തകർച്ചയും -ധാരാളം അംഗബലമുണ്ടെങ്കിലും- അവനെ നിഷേധിച്ചവർക്കാണ് ഉണ്ടായിരിക്കുക എന്നും അവർ അറിയുന്നതിന് വേണ്ടിയത്രെ അത്.
14
ഭാര്യമാര്‍, പുത്രന്‍മാര്‍, കൂമ്പാരമായിക്കൂട്ടിയ സ്വര്‍ണം, വെള്ളി, മേത്തരം കുതിരകള്‍, നാല്‍കാലി വര്‍ഗങ്ങള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോകജീവിതത്തിലെ വിഭവങ്ങളാകുന്നു. അല്ലാഹുവിന്‍റെ അടുക്കലാകുന്നു (മനുഷ്യര്‍ക്ക്) ചെന്നുചേരാനുള്ള ഉത്തമ സങ്കേതം.
സ്ത്രീകൾ, സന്താനങ്ങൾ, കുന്നുകൂടുന്ന സ്വർണ്ണം, വെള്ളി, ഇണക്കമുള്ള നല്ലയിനം കുതിരകൾ, ഒട്ടകവും പശുവും ആടും പോലെയുള്ള നാൽകാലികൾ, കൃഷി എന്നിങ്ങനെയുള്ള വസ്തുക്കളോടുള്ള ആഗ്രഹം മനുഷ്യർക്ക് പരീക്ഷണമെന്നോണം അല്ലാഹു ഭംഗിയാക്കി തോന്നിപ്പിച്ചിരിക്കുന്നു. എന്നാൽ ഇവയെല്ലാം ഐഹിക വിഭവങ്ങൾ മാത്രമാകുന്നു; കുറച്ചു കാലം ആസ്വദിച്ച ശേഷം അവയെല്ലാം ഇല്ലാതെയാകും. അതിനാൽ (അല്ലാഹുവിൽ) വിശ്വസിച്ചവരുടെ ഹൃദയം അവയുമായി ബന്ധിക്കപ്പെടരുത്. അല്ലാഹുവിൻറെ അടുക്കലാകുന്നു (മനുഷ്യർക്ക്) ചെന്നുചേരാനുള്ള ഉത്തമ സങ്കേതം. ആകാശ ഭൂമികളോളം വിശാലമായ സ്വർഗ്ഗമാകുന്നു അത്.
15
(നബിയേ,) പറയുക: അതിനെക്കാള്‍ (ആ ഇഹലോക സുഖങ്ങളെക്കാള്‍) നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത് ഞാന്‍ പറഞ്ഞുതരട്ടെയോ? സൂക്ഷ്മത പാലിച്ചവര്‍ക്ക് തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പരിശുദ്ധരായ ഇണകളും (അവര്‍ക്കുണ്ടായിരിക്കും.) കൂടാതെ അല്ലാഹുവിന്‍റെ പ്രീതിയും. അല്ലാഹു തന്‍റെ ദാസന്‍മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു.
നബിയേ, പറയുക: ആ ആഗ്രഹങ്ങളെക്കാൾ നിങ്ങൾക്ക് ഗുണകരമായിട്ടുള്ളത് ഞാൻ പറഞ്ഞുതരട്ടെയോ? അല്ലാഹുവിൻറെ കൽപ്പനകളനുസരിച്ചും അവനെ ധിക്കരിക്കുന്നത് വെടിഞ്ഞും സൂക്ഷ്മത പാലിച്ചവർക്ക് തങ്ങളുടെ രക്ഷിതാവിൻറെ അടുക്കൽ സ്വർഗത്തോപ്പുകളുണ്ട്; അതിലെ കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്തു കൂടെ അരുവികൾ ഒഴുകുന്നു. അവരതിൽ നിത്യവാസികളായിരിക്കും. അവർക്ക് മരണമോ നാശമോ പിടികൂടുകയില്ല. സ്വഭാവത്തിലോ ശരീരപ്രകൃതിയിലോ ഒരു ന്യൂനതയുമില്ലാത്ത പരിശുദ്ധകളായ ഇണകൾ അവർക്കവിടെ ഉണ്ടായിരിക്കും. കൂടാതെ അവർക്ക് മേൽ അല്ലാഹുവിൻറെ പ്രീതിയും വന്നുഭവിക്കുന്നതാണ്; അവൻ അവരോട് ഒരിക്കലും കോപിക്കുകയില്ല. അല്ലാഹു തൻറെ ദാസന്മാരുടെ കാര്യങ്ങൾ കണ്ടറിയുന്നവനാകുന്നു. ഒന്നും അവന് ഗോപ്യമാവുകയില്ല. അവക്കെല്ലാം അവൻ പ്രതിഫലം നൽകുകയും ചെയ്യുന്നതാണ്.
16
ഞങ്ങളുടെ നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും, നരക ശിക്ഷയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ എന്ന് പ്രാര്‍ത്ഥിക്കുന്നവരും,
സ്വർഗവാസികളായ ആ ജനങ്ങൾ ഇപ്രകാരം പറയുന്നവരാണ്: 'ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളിതാ നിന്നിലും നീ അയച്ച ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. നിൻറെ മത നിയമങ്ങൾ ഞങ്ങൾ പിൻപറ്റുകയും ചെയ്തിരിക്കുന്നു. അതിനാൽ ഞങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും, നരക ശിക്ഷയിൽ നിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ.'
സൽക്കർമ്മങ്ങൾ പ്രവർത്തിക്കുന്നതിനും, തിന്മകൾ വെടിയുന്നതിനും, തങ്ങളെ ബാധിക്കുന്ന ദുരിതങ്ങളിലും ക്ഷമ കൈക്കൊള്ളുന്നവരാണവർ. തങ്ങളുടെ വാക്കുകളിലും പ്രവർത്തനങ്ങളിലും സത്യസന്ധത പുലർത്തുന്നവരാണവർ. പൂർണമായി അല്ലാഹുവിനെ അനുസരിക്കുന്നവരുമാണവർ. അല്ലാഹുവിൻ്റെ മാഗ്ഗത്തിൽ ധനം ചെലവഴിക്കുന്നവരുമാണവർ. രാത്രിയുടെ അന്ത്യയാമങ്ങളിൽ പാപമോചനം തേടുന്നവരുമാകുന്നു അവർ; ആ സമയത്തുള്ള പ്രാർത്ഥന ഉത്തരം ലഭിക്കാൻ ഏറ്റവും സാധ്യതയുള്ളതാണ്. ഹൃദയം എല്ലാ തിരക്കുകളിൽ നിന്നും ശാന്തമാകുന്ന സമയവുമാണത്.
18
താനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്ന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന് സാക്ഷികളാകുന്നു.) അവന്‍ നീതി നിര്‍വഹിക്കുന്നവനത്രെ. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവന്.
യഥാർത്ഥ ആരാധ്യനായി അല്ലാഹുവിന് പുറമെ മറ്റൊരു ആരാധ്യനുമില്ലെന്നതിന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. അവൻ മാത്രമാണ് ആരാധനക്ക് അർഹതയുള്ളവൻ എന്നത് ബോധ്യപ്പെടുത്തുന്ന പ്രാപഞ്ചികവും മതപരവുമായ തെളിവുകൾ അവൻ സ്ഥാപിച്ചിരിക്കുന്നത് അക്കാരണത്താലാണ്. മലക്കുകളും അക്കാര്യം സാക്ഷ്യം വഹിച്ചിരിക്കുന്നു. (അല്ലാഹുവിൻ്റെ മതത്തിൽ) വിജ്ഞാനമുള്ളവരും അതിന്ന് സാക്ഷികളായിരിക്കുന്നു; അല്ലാഹുവിൻ്റെ ഏകത്വം വിശദീകരിച്ചു നൽകിക്കൊണ്ടും, അതിലേക്ക് ജനങ്ങളെ ക്ഷണിച്ചു കൊണ്ടുമാണ് അവർ തങ്ങളുടെ സാക്ഷ്യം നിറവേറ്റിയത്. ഏറ്റവും മഹത്തരമായ വിഷയത്തിലാണ് അവർ സാക്ഷ്യം വഹിച്ചിരിക്കുന്നത്; അല്ലാഹുവിൻ്റെ ഏകത്വവും, അവൻ തൻ്റെ സൃഷ്ടികളിലും തൻ്റെ മതത്തിലും പരിപൂർണ്ണ നീതിയോടെ നിലകൊണ്ടിരിക്കുന്നു എന്നതുമാണത്. അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. ആർക്കും അതിജയിക്കാൻ കഴിയാത്ത മഹാപ്രതാപിയും, തൻ്റെ സൃഷ്ടിപ്പിലും നിയന്ത്രണത്തിലും നിയമനിർമ്മാണങ്ങളിലും അതീവയുക്തിമാനുമത്രെ അവൻ.
19
തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ തങ്ങള്‍ക്ക് (മതപരമായ) അറിവ് വന്നുകിട്ടിയ ശേഷം തന്നെയാണ് ഭിന്നിച്ചത്. അവര്‍ തമ്മിലുള്ള കക്ഷിമാത്സര്യം നിമിത്തമത്രെ അത്. വല്ലവരും അല്ലാഹുവിന്‍റെ തെളിവുകള്‍ നിഷേധിക്കുന്നുവെങ്കില്‍ അല്ലാഹു അതിവേഗം കണക്ക് ചോദിക്കുന്നവനാകുന്നു.
തീർച്ചയായും അല്ലാഹുവിങ്കൽ സ്വീകാര്യമായ മതം ഇസ്ലാമാകുന്നു. സൽകർമ്മങ്ങളിലൂടെ അല്ലാഹുവിന് മാത്രമായി കീഴൊതുങ്ങിക്കൊണ്ടും, സമ്പൂർണ്ണ അടിമത്വം അല്ലാഹുവിന് മാത്രം സമർപ്പിച്ചു കൊണ്ടും, അല്ലാഹുവിൻ്റെ എല്ലാ ദൂതന്മാരിലും -ആദ്യത്തെ റസൂൽ മുതൽ അവസാന ദൂതനായ മുഹമ്മദ് നബി (സ) വരെയുള്ളവരിൽ)- വിശ്വസിക്കലുമാണ് ഇസ്ലാം. അല്ലാഹുവിൻ്റെ മതമായ ഇസ്ലാമല്ലാതെ അവൻ സ്വീകരിക്കുകയില്ല. യഹൂദരും നസ്വാറാക്കളും അവർക്ക് വ്യക്തമായ അറിവ് വന്നുകിട്ടുകയും, അവരുടെ മേൽ തെളിവുകൾ സ്ഥാപിക്കപ്പെടുകയും ചെയ്തതിന് ശേഷം മാത്രമാണ് വ്യത്യസ്ത കക്ഷികളും വിഭാഗങ്ങളുമായി തീർന്നത്. അവരുടെ അസൂയയും ഇഹലോകത്തോടുള്ള താല്പര്യവും നിമിത്തമത്രെ അത്. വല്ലവരും അല്ലാഹുവിൻ്റെ ദൂതനായ മുഹമ്മദ് നബി (സ) ക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഖുർആനിക വചനങ്ങളെ നിഷേധിക്കുന്നുവെങ്കിൽ, തീർച്ചയായും അല്ലാഹു അവനെ നിഷേധിക്കുകയും, അവൻ്റെ ദൂതന്മാരെ കളവാക്കുകയും ചെയ്തവരെ വളരെവേഗം വിചാരണ ചെയ്യുന്നതാകുന്നു.
20
ഇനി അവര്‍ നിന്നോട് തര്‍ക്കിക്കുകയാണെങ്കില്‍ നീ പറഞ്ഞേക്കുക: ഞാന്‍ എന്നെത്തന്നെ പൂര്‍ണ്ണമായി അല്ലാഹുവിന്ന് കീഴ്പെടുത്തിയിരിക്കുന്നു. എന്നെ പിന്‍പറ്റിയവരും (അങ്ങനെ തന്നെ) . വേദഗ്രന്ഥം നല്‍കപ്പെട്ടവരോടും അക്ഷരജ്ഞാനമില്ലാത്തവരോടും (ബഹുദൈവാരാധകരായ അറബികളോട്) നീ ചോദിക്കുക: നിങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്പെട്ടുവോ? അങ്ങനെ അവര്‍ കീഴ്പെട്ടു കഴിഞ്ഞാല്‍ അവര്‍ നേര്‍വഴിയിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞു കളഞ്ഞാലോ അവര്‍ക്ക് (അല്ലാഹുവിൻ്റെ സന്ദേശം) എത്തിക്കേണ്ട ബാധ്യത മാത്രമേ നിനക്കുള്ളൂ. അല്ലാഹു (തന്‍റെ) ദാസന്‍മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു.
നബിയേ, താങ്കൾക്ക് അവതരിപ്പിക്കപ്പെട്ട സത്യത്തെ സംബന്ധിച്ച് അവർ നിന്നോട് തർക്കിക്കുകയാണെങ്കിൽ അവരോട് താങ്കൾ പറഞ്ഞേക്കുക: ഞാനും എന്നെ പിൻപറ്റിയവരും അല്ലാഹുവിന്ന് കീഴൊതുങ്ങിയിരിക്കുന്നു (മുസ്ലിംകളായിരിക്കുന്നു). വേദം നല്കപ്പെട്ടവരോടും ബഹുദൈവാരാധകരോടും താങ്കൾ ചോദിക്കുക: അല്ലാഹുവിനോട് നിഷ്കളങ്കത പുലർത്തി കൊണ്ടും, ഞാൻ കൊണ്ടു വന്ന മതം (ഇസ്ലാം) പിൻപറ്റിക്കൊണ്ടും നിങ്ങൾ അല്ലാഹുവിന് കീഴൊതുങ്ങിയോ?! അങ്ങനെ അവർ അല്ലാഹുവിന് കീഴ്പെടുകയും താങ്കളുടെ മതം സ്വീകരിക്കുകയും ചെയ്താൽ അവർ സന്മാർഗത്തിൽ പ്രവേശിച്ചിരിക്കുന്നു. ഇനി അവർ ഇസ്ലാമിൽ നിന്ന് പിന്തിരിഞ്ഞു കളയുകയാണെങ്കിൽ, താങ്കൾക്ക് നൽകപ്പെട്ട സന്ദേശം അവർക്ക് എത്തിക്കേണ്ട ബാധ്യത മാത്രമേ താങ്കളുടെ മേലുള്ളൂ. അവരുടെ കാര്യം അല്ലാഹുവിങ്കലാകുന്നു. അല്ലാഹു തൻ്റെ ദാസന്മാരുടെ കാര്യങ്ങൾ കണ്ടറിയുന്നവനാകുന്നു. ഓരോരുത്തർക്കും അവർ പ്രവർത്തിച്ചതിനനുസരിച്ച് അവൻ പ്രതിഫലം നൽകുന്നതാണ്.
21
അല്ലാഹുവിന്‍റെ തെളിവുകള്‍ നിഷേധിച്ച് തള്ളുകയും, ഒരു ന്യായവുമില്ലാതെ പ്രവാചകന്‍മാരെ കൊലപ്പെടുത്തുകയും, നീതി പാലിക്കാന്‍ കല്‍പിക്കുന്ന ആളുകളെ കൊലപ്പെടുത്തുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി നീ 'സന്തോഷവാര്‍ത്ത' അറിയിക്കുക.
അല്ലാഹു അവർക്കായി അവതരിപ്പിച്ച അല്ലാഹുവിൻ്റെ തെളിവുകൾ നിഷേധിച്ച് തള്ളുകയും, ഒരു ന്യായവുമില്ലാതെ -തനിച്ച അനീതിയും അതിക്രമവുമായി കൊണ്ട്- നബിമാരെ കൊലപ്പെടുത്തുകയും, ജനങ്ങളിൽ നിന്ന് നീതി പാലിക്കാൻ കല്പിക്കുന്ന ആളുകളെ -നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവരെ- കൊലപ്പെടുത്തുകയും ചെയ്യുന്നവരാരോ ആ അവിശ്വാസികൾക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി നീ സന്തോഷവാർത്ത അറിയിക്കുക.
22
തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിപ്പോയ വിഭാഗമത്രെ അവര്‍. അവര്‍ക്ക് സഹായികളായി ആരും ഉണ്ടായിരിക്കുകയില്ല.
ഈ പറയപ്പെട്ട വിശേഷണങ്ങളുള്ളവർ; അവരുടെ പ്രവർത്തനങ്ങൾ നിഷ്ഫലമായിരിക്കുന്നു. ഇഹത്തിലോ പരത്തിലോ അവർക്ക് അത് പ്രയോജനം ചെയ്യുകയില്ല. അല്ലാഹുവിൽ അവർ വിശ്വസിക്കാതിരുന്നതിൻ്റെ ഫലമത്രെ അത്. അവൻ്റെ ശിക്ഷയിൽ നിന്ന് അവരെ തടയുന്ന സഹായികളാരും അവർക്ക് ഉണ്ടാവുകയുമില്ല.
23
വേദഗ്രന്ഥത്തില്‍ നിന്നും ഒരു പങ്ക് നല്‍കപ്പെട്ട ഒരു വിഭാഗത്തെപ്പറ്റി നീ അറിഞ്ഞില്ലേ? അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുവാനായി അല്ലാഹുവിന്‍റെ ഗ്രന്ഥത്തിലേക്ക് അവര്‍ വിളിക്കപ്പെടുന്നു. എന്നിട്ടതാ അവരില്‍ ഒരു കക്ഷി അവഗണിച്ചു കൊണ്ട് പിന്തിരിഞ്ഞു കളയുന്നു.(2)
നബിയേ! തൗറാതും താങ്കളുടെ പ്രവാചകത്വത്തെ കുറിച്ച് അതിലുള്ള സൂചനകളും നൽകിക്കൊണ്ട്, അല്ലാഹു വിജ്ഞാനത്തിൽ നിന്ന് ഒരു പങ്കു നൽകിയ യഹൂദരുടെ അവസ്ഥ താങ്കൾ കാണുന്നില്ലേ? അവർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായ കാര്യങ്ങളിൽ തീർപ്പുകൽപിക്കുവാനായി അല്ലാഹുവിൻറെ ഗ്രന്ഥമായ തൗറാതിലേക്ക് മടങ്ങാൻ ക്ഷണിക്കപ്പെടുമ്പോൾ അവരുടെ നേതാക്കന്മാരിലും പണ്ഡിതന്മാരിലും പെട്ട ഒരു വിഭാഗം അതിൻറെ വിധിയിൽ നിന്നും പിന്തിരിഞ്ഞുകളയുന്നു; അവരുടെ സ്വാർത്ഥതാൽപര്യങ്ങൾക്ക് അത് എതിരാകുന്നു എന്നതാണ് അവരുടെ അവഗണനയുടെ കാരണം. തങ്ങൾ തൗറാതിൻ്റെ പിൻഗാമികളാണ് എന്ന് ജൽപ്പിക്കുന്നവരാണ് യഹൂദർ എന്നിരിക്കെ ജനങ്ങളിൽ നിന്ന് ഏറ്റവും വേഗത്തിൽ ഈ ക്ഷണം സ്വീകരിക്കേണ്ടത് അവരായിരുന്നു.
24
എണ്ണപ്പെട്ട ഏതാനും ദിവസം മാത്രമേ തങ്ങളെ നരകാഗ്നി സ്പര്‍ശിക്കുകയുള്ളൂ എന്ന് അവര്‍ പറഞ്ഞ് കൊണ്ടിരിക്കുന്ന കാരണത്താലാണ് അവരങ്ങനെയായത്. അവര്‍ കെട്ടിച്ചമച്ചുണ്ടാക്കിയിരുന്ന വാദങ്ങള്‍ അവരുടെ മതകാര്യത്തില്‍ അവരെ വഞ്ചിതരാക്കിക്കളഞ്ഞു.
അന്ത്യനാളിൽ വളരെ കുറഞ്ഞ ചില ദിവസങ്ങൾ മാത്രമേ തങ്ങളെ നരകാഗ്നി സ്പർശിക്കുകയുള്ളൂ, ശേഷം ഞങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്' എന്ന അവരുടെ പിഴച്ച വാദം കാരണത്താലാകുന്നു സത്യത്തിൽ നിന്ന് അവർ പിന്തിരിഞ്ഞു കളയുകയും, അതിനെ അവർ അവഗണിക്കുകയും ചെയ്തത്. അല്ലാഹുവിനെ കുറിച്ചും മതത്തെ കുറിച്ചും അവർ കെട്ടിച്ചമച്ചുണ്ടാക്കിയ വാദങ്ങൾ അവരുടെ മതകാര്യത്തിൽ അവരെ വഞ്ചിതരാക്കിക്കളഞ്ഞു. അങ്ങനെ അല്ലാഹുവിൻ്റെയും അവൻ്റെ മതത്തിൻ്റെയും കാര്യത്തിൽ കടുത്ത ധിക്കാരം പുലർത്താൻ അവർക്ക് ധൈര്യം വന്നു.
25
എന്നാല്‍ യാതൊരു സംശയത്തിനും ഇടയില്ലാത്ത ഒരു ദിവസത്തിനായി നാമവരെ ഒരുമിച്ചുകൂട്ടിയാല്‍ (അവരുടെ സ്ഥിതി) എങ്ങനെയായിരിക്കും? അന്ന് ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചതിന്‍റെ ഫലം പൂര്‍ണ്ണമായി കൊടുക്കപ്പെടുന്നതാണ്. ഒരു അനീതിയും അവരോട് കാണിക്കപ്പെടുന്നതല്ല.
അപ്പോൾ എങ്ങനെയുണ്ടായിരിക്കും അവരുടെ അവസ്ഥയും കഠിനമായ ഖേദവും? യാതൊരു സംശയത്തിനും ഇടയില്ലാത്ത ആ ദിവസത്തിലേക്ക് -ഖിയാമത്ത് നാളിലേക്ക്- വിചാരണക്കായി അവരെ നാം ഒരുമിച്ചുകൂട്ടിയാൽ അങ്ങേയറ്റം കഷ്ടത്തിലായിരിക്കും അവരുടെ അവസ്ഥ. അന്ന് ഓരോ വ്യക്തിക്കും താൻ സമ്പാദിച്ചതിൻറെ ഫലം അർഹമായ തോതിൽ കൊടുക്കപ്പെടുന്നതാണ്. നന്മകളിൽ കുറവ് വരുത്തിയോ തിന്മകൾ വർദ്ധിപ്പിച്ചോ ഒരു അനീതിയും അവരോട് കാണിക്കപ്പെടുന്നതല്ല.
26
പറയുക: ആധിപത്യത്തിന്‍റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ ആധിപത്യം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ പ്രതാപം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്‍റെ കൈവശമത്രെ നന്‍മയുള്ളത്. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
നബിയേ, നിൻ്റെ രക്ഷിതാവിനെ സ്തുതിച്ചു കൊണ്ടും, അവനെ മഹത്വപ്പെടുത്തി കൊണ്ടും ഇപ്രകാരം പറയുക: അല്ലാഹുവേ! ഇഹലോകത്തും പരലോകത്തും സർവ്വ ആധിപത്യത്തിൻറെയും ഉടമസ്ഥനായവൻ നീയാണ്! നിൻ്റെ സൃഷ്ടികളിൽ നിന്ന് നീ ഉദ്ദേശിക്കുന്നവർക്ക് നീ ആധിപത്യം നൽകുന്നു. നീ ഉദ്ദേശിക്കുന്നവരിൽ നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. അവരിൽ നിന്ന് നീ ഉദ്ദേശിക്കുന്നവർക്ക് നീ പ്രതാപം നൽകുന്നു. നീ ഉദ്ദേശിക്കുന്നവർക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. അതെല്ലാം നിൻറെ യുക്തിയും നീതിയും നിമിത്തമത്രെ. നിൻറെ കൈവശം മാത്രമാണ് മുഴുവൻ നന്മയുള്ളത്. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
27
രാവിനെ നീ പകലില്‍ പ്രവേശിപ്പിക്കുന്നു. പകലിനെ നീ രാവിലും പ്രവേശിപ്പിക്കുന്നു. ജീവനില്ലാത്തതില്‍ നിന്ന് നീ ജീവിയെ പുറത്ത് വരുത്തുന്നു. ജീവിയില്‍ നിന്ന് ജീവനില്ലാത്തതിനെയും നീ പുറത്തു വരുത്തുന്നു.(3) നീ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്ക് നോക്കാതെ നീ നല്‍കുകയും ചെയ്യുന്നു.
രാവിനെ നീ പകലിൽ പ്രവേശിപ്പിക്കുകയും, അങ്ങനെ പകലിൻ്റെ സമയം ദൈർഘ്യമുള്ളതാവുകയും ചെയ്യുന്നു എന്നത് നിൻ്റെ ശക്തിയുടെ അടയാളങ്ങളിൽ പെട്ടതാണ്. അങ്ങിനെ പകൽ സമയം ദീർഘമുള്ളതാവുന്നു. പകലിനെ നീ രാവിലും പ്രവേശിപ്പിക്കുന്നു. അങ്ങനെ രാവ് ദീർഘിക്കുകയും ചെയ്യുന്നു. ജീവനില്ലാത്തതിൽ നിന്ന് നീ ജീവനുള്ളതിനെ പുറത്തു കൊണ്ടുവരുന്നു; നിഷേധിയായ വ്യക്തി വിശ്വാസമുള്ളവനായി മാറുന്നതും, ധാന്യത്തിൽ നിന്ന് വിളവുണ്ടാകുന്നതും അതിൻ്റെ ഉദാഹരണമത്രെ. ജീവനുള്ളതിൽ നിന്ന് ജീവനില്ലാത്തതിനെയും നീ പുറത്തു കൊണ്ടുവരുന്നു; (അല്ലാഹുവിൽ) വിശ്വാസമുള്ളവൻ നിഷേധിയായി മാറുന്നതും, കോഴിയിൽ നിന്ന് അതിൻ്റെ മുട്ട പുറത്തു വരുന്നതും ഉദാഹരണങ്ങൾ. നീ ഉദ്ദേശിക്കുന്നവർക്ക് കണക്ക് നോക്കാതെ വിശാലമായ ഉപജീവനം നീ നൽകുകയും ചെയ്യുന്നു.
28
സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന് യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട് കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ (നിങ്ങള്‍) തിരിച്ചുചെല്ലേണ്ടത്.
(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾ വിശ്വാസികൾക്ക് പുറമെ (അല്ലാഹുവിനെ) നിഷേധിച്ചവരെ ഉറ്റമിത്രങ്ങളാക്കുകയും, അവരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യരുത്. അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അവൻ അല്ലാഹുവിൽ നിന്നും, അല്ലാഹു അവനിൽ നിന്നും ഒഴിവായിരിക്കുന്നു. എന്നാൽ നിങ്ങൾ (സത്യനിഷേധികളുടെ) അധികാരത്തിന് കീഴിലാവുകയും, നിങ്ങളുടെ കാര്യത്തിൽ അവരിൽ നിന്ന് ഉപദ്രവം ഭയക്കുകയും ചെയ്യുന്നുണ്ടെങ്കിലൊഴികെ. അപ്പോൾ അവരോടുള്ള ശത്രുത മറച്ചുവെച്ച് വാക്കുകളിലും പ്രവർത്തനങ്ങളിലും സൗമ്യത പ്രകടിപ്പിക്കുന്നതിൽ തെറ്റില്ല. അല്ലാഹു അവനെപ്പറ്റി നിങ്ങൾക്ക് താക്കീത് നൽകുന്നു. അവനെ നിങ്ങൾ ഭയപ്പെടുക. പാപങ്ങൾ ചെയ്ത് നിങ്ങൾ അവൻ്റെ കോപം വരുത്തിവെക്കരുത്. അടിമകളെല്ലാം അവരുടെ പ്രവർത്തനങ്ങളുടെ പ്രതിഫലത്തിനായി അന്ത്യനാളിൽ അവൻ്റെ അടുക്കലേക്ക് മാത്രമാകുന്നു മടങ്ങിച്ചെല്ലുന്നത്.
29
(നബിയേ,) പറയുക: നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് നിങ്ങള്‍ മറച്ചു വെച്ചാലും വെളിപ്പെടുത്തിയാലും അല്ലാഹു അറിയുന്നതാണ്. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവനറിയുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.
(നബിയേ,) പറയുക: നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് നിങ്ങൾ മറച്ചു വെച്ചാലും വെളിപ്പെടുത്തിയാലും അവയെല്ലാം അല്ലാഹു അറിയുന്നതാണ്. അല്ലാഹുവിനെ നിഷേധിച്ചവരോടുള്ള സ്നേഹബന്ധം ചിലർ ഹൃദയത്തിൽ മറച്ചു വെക്കുന്നത് പോലെ. അല്ലാഹുവിന് യാതൊന്നും ഗോപ്യമാകുന്നില്ല. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവനറിയുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു. ഒന്നും അവന് അശക്തമാവുന്നുമില്ല.
30
നന്‍മയായും തിന്‍മയായും താന്‍ പ്രവര്‍ത്തിച്ച ഓരോ കാര്യവും (തന്‍റെ മുമ്പില്‍) ഹാജരാക്കപ്പെട്ടതായി ഓരോ വ്യക്തിയും കണ്ടെത്തുന്ന ദിവസത്തെക്കുറിച്ച് (ഓര്‍ക്കുക) . തന്‍റെയും അതിന്‍റെ (ദുഷ്പ്രവൃത്തിയുടെ) യും ഇടയില്‍ വലിയ ദൂരമുണ്ടായിരുന്നെങ്കില്‍ എന്ന് ഓരോ വ്യക്തിയും അന്ന് കൊതിച്ചു പോകും. അല്ലാഹു തന്നെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹു (തന്‍റെ) ദാസന്‍മാരോട് വളരെ ദയയുള്ളവനാകുന്നു.
നന്മയായി താൻ പ്രവർത്തിച്ച ഓരോ കാര്യവും യാതൊരു കുറവും വരാത്ത നിലയിൽ ഓരോ വ്യക്തിയും ഖിയാമത്ത് നാളിൽ കണ്ടെത്തും. തിന്മയുടെയും തൻ്റെയും ഇടയിൽ വലിയ ദൂരമുണ്ടായിരുന്നെങ്കിൽ എന്ന് ഓരോ വ്യക്തിയും അന്ന് കൊതിച്ചു പോകും. എന്നാൽ അവനാഗ്രഹിച്ചത് എങ്ങിനെ സംഭവിക്കാനാണ്! അല്ലാഹു അവനെ കുറിച്ച് നിങ്ങളെ താക്കീത് നല്കുന്നു. അതിനാൽ പാപങ്ങൾ ചെയ്തു കൊണ്ട് അവൻ്റെ കോപത്തിന് നിങ്ങൾ ഇടവരുത്തരുത്. അല്ലാഹു തൻ്റെ ദാസന്മാരോട് വളരെ ദയയുള്ളവനാകുന്നു. അത് കൊണ്ടാണ് അവൻ അവർക്ക് താക്കീത് നൽകുകയും അവരെ ഭയപ്പെടുത്തുകയും ചെയ്യുന്നത്.
31
(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
നബിയേ, പറയുക: നിങ്ങൾ അല്ലാഹുവെ യഥാവിധി സ്നേഹിക്കുന്നുണ്ടെങ്കിൽ ഞാൻ കൊണ്ടുവന്നതിനെ മുഴുവനായും -രഹസ്യത്തിലും പരസ്യത്തിലും- നിങ്ങൾ പിന്തുടരുക. എങ്കിൽ അല്ലാഹുവിൻ്റെ സ്നേഹം നിങ്ങൾക്ക് നേടിയെടുക്കാം. നിങ്ങളുടെ പാപങ്ങൾ അവൻ നിങ്ങൾക്ക് പൊറുത്തു നൽകുകയും ചെയ്യുന്നതാണ്. അടിമകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ഏറെ പൊറുത്തുകൊടുക്കുന്നവനും അവരോട് അങ്ങേയറ്റം കരുണ ചൊരിയുന്നവനുമാണ് അല്ലാഹു.
32
പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്നേഹിക്കുന്നതല്ല; തീര്‍ച്ച.
നബിയേ പറയുക: (അല്ലാഹുവിൻ്റെയും റസൂലിൻ്റെയും) കൽപ്പനകൾ പാലിച്ചു കൊണ്ടും, അവർ വിരോധിച്ചവ ഉപേക്ഷിച്ചു കൊണ്ടും നിങ്ങൾ അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും അനുസരിക്കുവിൻ. അതിൽ നിന്ന് അവർ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹുവിൻ്റെയും അവൻ്റെ ദൂതൻ്റെയും കല്പനകൾക്ക് എതിരു പ്രവർത്തിക്കുന്ന സത്യനിഷേധികളെ അല്ലാഹു സ്നേഹിക്കുന്നതല്ല; തീർച്ച.
തീർച്ചയായും ആദമിനെ അല്ലാഹു തെരഞ്ഞെടുക്കുകയും മലക്കുകളെ കൊണ്ട് അദ്ദേഹത്തിന് സുജൂദ് (സാഷ്ടാംഘം) ചെയ്യിക്കുകയും ചെയ്തു. അല്ലാഹു നൂഹിനെയും തെരഞ്ഞെടുത്തു; അദ്ദേഹത്തെ ഭൂനിവാസികൾക്കുള്ള ഒന്നാമത്തെ പ്രവാചകനാക്കുകയും ചെയ്തു. ഇബ്രാഹീം കുടുംബത്തെയും അല്ലാഹു തെരഞ്ഞെടുത്തു; പ്രവാചകത്വം അദ്ദേഹത്തിൻ്റെ കുടുംബത്തിൽ അല്ലാഹു അവശേഷിപ്പിക്കുകയും ചെയ്തു. ഇംറാൻ കുടുംബത്തേയും അല്ലാഹു തെരഞ്ഞെടുത്തു. ഇവർ ഓരോരുത്തരെയും അല്ലാഹു തിരഞ്ഞെടുക്കുകയും, അവരവരുടെ കാലഘട്ടത്തിൽ ഏറ്റവും ശ്രേഷ്ഠരാക്കുകയും ചെയ്തു.
34
ചിലര്‍ ചിലരുടെ സന്തതികളായിക്കൊണ്ട്. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
ഈ പറയപ്പെട്ട നബിമാരും, അവരുടെ മാർഗ്ഗം പിന്തുടർന്ന അവരുടെ സന്താനങ്ങളും അല്ലാഹുവിലുള്ള ഏകത്വം പാലിച്ചു കൊണ്ടും, സൽക്കർമ്മങ്ങളിൽ വ്യാപൃതരായും പരസ്പരം ഇഴപിരിഞ്ഞു നിലകൊള്ളുന്നവരാകുന്നു. അവരിൽ ചിലർ മറ്റു ചിലരിൽ നിന്ന് ഉൽകൃഷ്ടമായ മാതൃകകളും മഹത്വങ്ങളും അനന്തരമെടുക്കുന്നു. അല്ലാഹു അവൻറെ അടിമകളുടെ വാക്കുകൾ കേൾക്കുന്നവനും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയുന്നവനുമാകുന്നു. അവരിൽ നിന്നും അവനുദ്ദേശിക്കുന്നവരെയാണ് അവൻ തെരഞ്ഞെടുക്കുന്നത്.
35
ഇംറാന്‍റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക:) എന്‍റെ രക്ഷിതാവേ, എന്‍റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായ് ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു.(4) ആകയാല്‍ എന്നില്‍ നിന്ന് നീ അത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
അല്ലാഹുവിൻ്റെ റസൂലേ! ഇംറാൻ്റെ ഭാര്യയും മർയമിൻ്റെ മാതാവുമായവർ ഇപ്രകാരം പറഞ്ഞ സന്ദർഭം ഓർക്കുക: എൻ്റെ റബ്ബേ! എൻ്റെ വയറ്റിലുള്ള കുഞ്ഞിനെ എല്ലാറ്റിൽ നിന്നും ഒഴിവായി നിനക്ക് സേവനം ചെയ്യാനും നിൻ്റെ പള്ളി പരിപാലനത്തിനുമായി ഉഴിഞ്ഞുവെക്കാൻ ഞാൻ നേർച്ച നേർന്നിരിക്കുന്നു. ആകയാൽ എന്നിൽ നിന്ന് നീ അത് സ്വീകരിക്കേണമേ. തീർച്ചയായും നീ എൻ്റെ പ്രാർത്ഥന കേൾക്കുന്നവനും എൻ്റെ ഉദ്ദേശം അറിയുന്നവനുമത്രെ.
36
എന്നിട്ട് പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ.- എന്നാല്‍ അല്ലാഹു അവള്‍ പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവനത്രെ -ആണ് പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക് ഞാന്‍ മര്‍യം എന്ന് പേരിട്ടിരിക്കുന്നു. ശപിക്കപ്പെട്ട പിശാചില്‍ നിന്നും അവളെയും അവളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാന്‍ നിന്നില്‍ ശരണം പ്രാപിക്കുകയും ചെയ്യുന്നു.
അങ്ങനെ ഗർഭകാലം പൂർത്തിയാവുകയും, കുട്ടിയെ പ്രസവിക്കുകയും ചെയ്തപ്പോൾ --കുട്ടി ആണാകുമെന്നായിരുന്നു അവരുടെ പ്രതീക്ഷയെങ്കിലും ജനിച്ചത് പെൺകുട്ടിയായിരുന്നു- അവർ പറഞ്ഞു: എൻ്റെ രക്ഷിതാവേ, ഞാൻ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ. എന്നാൽ അല്ലാഹു അവൾ പ്രസവിച്ചതിനെപ്പറ്റി കൂടുതൽ അറിവുള്ളവനത്രെ. ആൺകുട്ടിയെ പോലെ ആയിരിക്കില്ല -ശക്തിയിലും സൃഷ്ടിപ്രകൃതിയിലും- ഒരു പെൺകുട്ടി. ഇവൾക്ക് ഞാൻ മർയം എന്ന് പേരിട്ടിരിക്കുന്നു. നിൻ്റെ കാരുണ്യത്തിൽ നിന്നും ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്ന് അവളെയും അവളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാൻ നിന്നിൽ അവളെ സുരക്ഷിതമായി ഏൽപ്പിക്കുകയും ചെയ്യുന്നു.
37
അങ്ങനെ അവളുടെ (മര്‍യമിന്‍റെ) രക്ഷിതാവ് അവളെ നല്ല നിലയില്‍ സ്വീകരിക്കുകയും, നല്ല നിലയില്‍ വളര്‍ത്തിക്കൊണ്ടു വരികയും, അവളുടെ സംരക്ഷണച്ചുമതല അവന്‍ സകരിയ്യായെ ഏല്‍പിക്കുകയും ചെയ്തു.(5) മിഹ്‌റാബില്‍ (പ്രാര്‍ത്ഥനാവേദിയില്‍) അവളുടെ അടുക്കല്‍ സകരിയ്യാ കടന്നു ചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത് എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മര്‍യമെ, നിനക്ക് എവിടെ നിന്നാണിത് കിട്ടിയത്? അവള്‍ മറുപടി പറഞ്ഞു. അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്നതാകുന്നു. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്ക് നോക്കാതെ നല്കുന്നു.
അങ്ങനെ അവളുടെ നേർച്ച അല്ലാഹു നല്ല നിലയിൽ സ്വീകരിക്കുകയും, മർയമിനെ നല്ല നിലയിൽ വളർത്തിക്കൊണ്ടു വരികയും ചെയ്തു. സജ്ജനങ്ങളുടെ ഹൃദയം മർയമിനോട് അനുകമ്പയുള്ളതാക്കുകയും ചെയ്തു. മർയമിൻ്റെ സംരക്ഷണച്ചുമതല സകരിയ്യാ (അ) ന് മേൽ നിശ്ചയിക്കുകയും ചെയ്തു. ആരാധനകൾക്കായുള്ള സ്ഥലത്ത് മർയമിൻ്റെ അടുക്കൽ സകരിയ്യാ കടന്നു ചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത് നല്ല എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മർയമേ, നിനക്ക് എവിടെ നിന്നാണ് ഈ ഭക്ഷണം കിട്ടിയത്? അവൾ മറുപടി പറഞ്ഞു. അത് അല്ലാഹുവിങ്കൽ നിന്ന് ലഭിക്കുന്നതാകുന്നു. തീർച്ചയായും അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് വിശാലമായി കണക്ക് നോക്കാതെ നല്കുന്നു.
38
അവിടെ വെച്ച് സകരിയ്യാ തന്‍റെ രക്ഷിതാവിനോട് പ്രാര്‍ത്ഥിച്ചു: 'എന്‍റെ രക്ഷിതാവേ, എനിക്ക് നീ നിന്‍റെ പക്കല്‍ നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ത്ഥന കേള്‍ക്കുന്നവനാണല്ലോ' എന്ന് അദ്ദേഹം പറഞ്ഞു.
സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഇമ്രാൻറെ മകൾ മർയമിൻറെ അടുക്കൽ അല്ലാഹു നൽകിയ ഭക്ഷണം കണ്ടപ്പോൾ അവിടെ വെച്ച് തനിക്ക് ഒരു സന്താനത്തെ ലഭിക്കണമെന്ന ആഗ്രഹത്തോടെ സകരിയ്യ (അ) -അദ്ദേഹം പ്രായാധിക്യം ബാധിച്ചവനും അദ്ദേഹത്തിൻ്റെ ഭാര്യ വന്ധ്യയുമായിരുന്നു - തൻറെ രക്ഷിതാവിനോട് പ്രാർത്ഥിച്ചു: എൻറെ രക്ഷിതാവേ, എനിക്ക് നീ നിൻറെ പക്കൽ നിന്ന് ഒരു ഉത്തമ സന്താനത്തെ നൽകേണമേ. തീർച്ചയായും നിന്നോട് പ്രാർത്ഥിക്കുന്നവരുടെ പ്രാർത്ഥന കേൾക്കുന്നവനും അതിന് ഉത്തരം നൽകുന്നവനുമാണല്ലോ നീ.
39
അങ്ങനെ അദ്ദേഹം 'മിഹ്‌റാബി'ല്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ മലക്കുകള്‍ അദ്ദേഹത്തെ വിളിച്ചുകൊണ്ടു പറഞ്ഞു: യഹ്‌യാ (എന്ന കുട്ടി) യെപ്പറ്റി അല്ലാഹു നിനക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു 'വചന'ത്തെ ശരിവെക്കുന്നവനും(6) നേതാവും ആത്മനിയന്ത്രണമുള്ളവനും സദ്‌വൃത്തരില്‍ പെട്ട ഒരു പ്രവാചകനും ആയിരിക്കും അവന്.
അങ്ങനെ അദ്ദേഹം തൻ്റെ ആരാധനയുടെ സ്ഥലത്ത് പ്രാർത്ഥിച്ചു കൊണ്ട് നിൽക്കുമ്പോൾ മലക്കുകൾ അദ്ദേഹത്തെ വിളിച്ചുകൊണ്ടു പറഞ്ഞു: താങ്കൾക്ക് ജനിക്കാനിരിക്കുന്ന യഹ്'യാ എന്ന കുട്ടിയെപ്പറ്റി അല്ലാഹു താങ്കൾക്ക് സന്തോഷവാർത്ത അറിയിക്കുന്നു. അല്ലാഹുവിങ്കൽ നിന്നുള്ള വചനമായ മർയമിൻറെ മകൻ ഈസായെ സത്യപ്പെടുത്തുന്നവനായിരിക്കും അദ്ദേഹം. മറ്റു മനുഷ്യരിൽ നിന്ന് വ്യത്യസ്തമായി 'ഉണ്ടാകൂ' എന്ന അല്ലാഹുവിൻ്റെ വചനത്താൽ സൃഷ്ടിക്കപ്പെട്ട വ്യക്തിയാണ് ഈസാ (عليه السلام) എന്നത് കൊണ്ടാണ് അദ്ദേഹത്തെ വചനം എന്ന് വിശേഷിപ്പിച്ചത്. അറിവിലും ആരാധനയിലും തൻ്റെ ജനതയുടെ നേതാവും, സ്ത്രീകളെ സമീപിക്കുക എന്നതു പോലുള്ള ഭൗതികആഗ്രഹങ്ങളിൽ നിന്ന് സ്വന്തത്തെ പിടിച്ചു വെക്കുന്നവനും, തൻ്റെ രക്ഷിതാവിനുള്ള ആരാധനയിൽ വ്യാപൃതനുമായിരിക്കും അദ്ദേഹം. അതോടൊപ്പം സജ്ജനങ്ങളിൽ പെട്ട ഒരു പ്രവാചകനും ആയിരിക്കും യഹ് യാ (عليه السلام).
40
അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്കെങ്ങനെയാണ് ഒരു ആണ്‍കുട്ടിയുണ്ടാവുക? എനിക്ക് വാര്‍ദ്ധക്യമെത്തിക്കഴിഞ്ഞു. എന്‍റെ ഭാര്യയാണെങ്കില്‍ വന്ധ്യയാണു താനും. അല്ലാഹു പറഞ്ഞു: അങ്ങനെതന്നെയാകുന്നു; അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു.
യഹ്യയെ കുറിച്ച് മലക്കുകൾ സന്തോഷവാർത്ത അറിയിച്ചപ്പോൾ സകരിയ്യാ (അ) പറഞ്ഞു: എൻറെ രക്ഷിതാവേ, എനിക്കെങ്ങനെയാണ് ഒരു ആൺകുട്ടിയുണ്ടാവുക. എനിക്കാണെങ്കിൽ വാർദ്ധക്യമെത്തിക്കഴിഞ്ഞു. എൻറെ ഭാര്യയാണെങ്കിൽ സന്താനമുണ്ടാകാത്ത വന്ധ്യയാണു താനും! അല്ലാഹു പറഞ്ഞു: സാധാരണ സുപരിചിതമായതിന് വിപരീതമായി അല്ലാഹു ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു എന്നത് പോലെയാണ് യഹ് യായുടെ സൃഷ്ടിപ്പും. കാരണം അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു. അവൻ്റെ മഹത്തരമായ യുക്തിയുടെയും അറിവിൻ്റെയും അടിസ്ഥാനത്തിൽ ഉദ്ദേശിക്കുന്നത് അവൻ പ്രവർത്തിക്കുന്നു.
41
അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്ക് ഒരു അടയാളം ഏര്‍പെടുത്തിത്തരേണമേ. അല്ലാഹു പറഞ്ഞു: നിനക്കുള്ള അടയാളം ആംഗ്യരൂപത്തിലല്ലാതെ മൂന്നു ദിവസം നീ മനുഷ്യരോട് സംസാരിക്കാതിരിക്കലാകുന്നു. നിന്‍റെ രക്ഷിതാവിനെ നീ ധാരാളം ഓര്‍മിക്കുകയും, വൈകുന്നേരവും രാവിലെയും അവന്‍റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക.
സകരിയ്യ പറഞ്ഞു: എൻറെ രക്ഷിതാവേ, എൻറെ ഭാര്യ എന്നിൽ നിന്ന് ഗർഭിണിയാകുമെന്നതിന് എനിക്ക് ഒരു അടയാളം നൽകേണമേ! അല്ലാഹു പറഞ്ഞു: നിനക്കുള്ള അടയാളം ഒരു കുഴപ്പവും ബാധിക്കാതെ തന്നെ ആംഗ്യരൂപത്തിലല്ലാതെ മൂന്നു പകലും രാത്രിയും ജനങ്ങളോട് സംസാരിക്കാൻ നിനക്ക് സാധിക്കാതെ വരുമെന്നതാകുന്നു. അതിനാൽ നിൻറെ രക്ഷിതാവിനെ നീ ധാരാളം ഓർമിക്കുകയും, പകലിൻ്റെ അവസാനത്തിലും, ആദ്യത്തിലും അവൻറെ പരിശുദ്ധിയെ നീ പ്രകീർത്തിക്കുകയും ചെയ്യുക.
42
മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധിക്കുക:) മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുക്കുകയും, നിനക്ക് പരിശുദ്ധി നല്‍കുകയും, ലോകത്തുള്ള സ്ത്രീകളില്‍ വെച്ച് ഉല്‍കൃഷ്ടയായി നിന്നെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.
അല്ലാഹുവിൻ്റെ റസൂലേ! മലക്കുകൾ മർയമിനോട് പറഞ്ഞ സന്ദർഭം ഓർക്കുക: ഹേ മർയം! തീർച്ചയായും നല്ല സ്വഭാവഗുണങ്ങൾ പാലിക്കുന്ന നിന്നെ അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു. ന്യുനതകളിൽ നിന്ന് അവൻ നിന്നെ ശുദ്ധീകരിക്കുകയും ചെയ്തിരിക്കുന്നു. നിൻ്റെ ഈ കാലഘട്ടത്തിലെ സ്ത്രീകളിൽ ഏറ്റവും ഉൽകൃഷ്ടയായി നിന്നെ അവൻ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.
43
മര്‍യമേ, നിന്‍റെ രക്ഷിതാവിനോട് നീ ഭയഭക്തി കാണിക്കുകയും, സാഷ്ടാംഗം ചെയ്യുകയും, തലകുനിക്കുന്നവരോടൊപ്പം തലകുനിക്കുകയും ചെയ്യുക.
ഹേ മർയം! നിസ്കാരത്തിൽ നീ ദീർഘമായി നിൽക്കുക. നിൻ്റെ റബ്ബിന് വേണ്ടി നീ സുജൂദ് ചെയ്യുകയും, അവൻ്റെ സച്ചരിതരായ ദാസന്മാരോടൊപ്പം റുകൂഅ് നിർവ്വഹിക്കുകയും ചെയ്യുക.
44
(നബിയേ,) നാം നിനക്ക് ബോധനം നല്‍കുന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു അവയൊക്കെ. അവരില്‍ ആരാണ് മര്‍യമിന്‍റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിക്കുവാനായി അവര്‍ തങ്ങളുടെ പെൻകോലുകളിട്ടുകൊണ്ട് നറുക്കെടുപ്പ് നടത്തിയിരുന്ന സമയത്ത് നീ അവരുടെ അടുത്തുണ്ടായിരുന്നില്ലല്ലോ. അവര്‍ തര്‍ക്കത്തില്‍ ഏര്‍പെട്ടുകൊണ്ടിരുന്നപ്പോഴും നീ അവരുടെ അടുത്തുണ്ടായിരുന്നില്ല.
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് നാം അറിയിച്ചു നൽകുന്ന അദൃശ്യവൃത്താന്തങ്ങളിൽ പെട്ടതാണ് സകരിയ്യ നബി (അ) യുടെയും, മറിയം (അ) യുടെയും ചരിത്ര സംഭവങ്ങൾ. ആരാണ് മർയമിൻറെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിക്കുവാനായി അവർ പരസ്പരം തർക്കിച്ചു കൊണ്ടിരിക്കുകയും, അങ്ങനെ (ആ പദവി ലഭിക്കുന്നതിന് വേണ്ടി) തങ്ങളുടെ അമ്പുകളിട്ടു കൊണ്ട് അവർ നറുക്കെടുപ്പ് നടത്തേണ്ടി വരികയും, അങ്ങനെ നറുക്കിൽ സകരിയ്യ (അ) വിജയിക്കുകയും ചെയ്ത സന്ദർഭത്തിൽ താങ്കൾ ആ പണ്ഡിതന്മാരുടെയും സജ്ജനങ്ങളുടെയും അടുത്തുണ്ടായിരുന്നില്ല.
45
മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്‍റെ പക്കല്‍ നിന്നുള്ള ഒരു വചന(7)ത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ മര്‍യമിന്‍റെ മകന്‍ മസീഹ്(8) ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും
നബിയേ, മലക്കുകൾ പറഞ്ഞ സന്ദർഭം ശ്രദ്ധിക്കുക: മർയമേ, പിതാവില്ലാതെ സൃഷ്ടിക്കപ്പെടാൻ പോകുന്ന ഒരു കുട്ടിയെക്കുറിച്ച് അല്ലാഹു നിനക്ക് സന്തോഷവാർത്ത അറിയിക്കുന്നു. കുൻ (ഉണ്ടാകൂ) എന്ന അല്ലാഹുവിൻറെ വചനത്തിൽ നിന്ന് മാത്രമായി -അല്ലാഹുവിൻറെ അനുമതിയോടെ- ആ കുഞ്ഞ് ഉണ്ടാകും. അവൻറെ പേര് മർയമിൻറെ മകൻ മസീഹ് ഈസാ എന്നാകുന്നു. അവൻ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും അല്ലാഹുവിൽ സാമീപ്യം സിദ്ധിച്ചവരിൽ പെട്ടവനുമായിരിക്കും
സംസാര പ്രായമെത്തുന്നതിന് മുൻപ് ചെറിയ കുട്ടിയായിരിക്കുമ്പോഴും, ശക്തിയും പൗരുഷവും പൂർണ്ണതയിലെത്തുന്ന മദ്ധ്യവയസ്സിലും അവൻ ജനങ്ങളോട് സംസാരിക്കുന്നതാണ്. അവരുടെ മതപരവും ഭൗതികവുമായ നന്മകളെ കുറിച്ച് ഈസാ അവരെ അറിയിക്കുന്നതാണ്. തങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും സദ്വൃത്തരായ ജനങ്ങളിൽ പെട്ടവനുമായിരിക്കും അദ്ദേഹം.
47
അവള്‍ (മര്‍യം) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്ക് എങ്ങനെയാണ് കുട്ടിയുണ്ടാവുക? എന്നെ ഒരു മനുഷ്യനും സ്പര്‍ശിച്ചിട്ടില്ലല്ലോ. അല്ലാഹു പറഞ്ഞു: അങ്ങനെത്തന്നെയാകുന്നു. താന്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനോട് 'ഉണ്ടാകൂ' എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു.
ഭർത്താവില്ലാത്ത തനിക്ക് കുട്ടിയുണ്ടാവാൻ പോകുന്നു എന്നറിഞ്ഞപ്പോൾ മർയം ആശ്ചര്യത്തോടെ പറഞ്ഞു: എൻറെ രക്ഷിതാവേ, ഒരു നിലക്കും -അനുവദനീയമോ നിഷിദ്ധമോ ആയ രൂപത്തിൽ- എന്നെ ഒരു പുരുഷനും സ്പർശിച്ചിട്ടില്ലല്ലോ, പിന്നെ എങ്ങനെയാണ് എനിക്ക് കുട്ടിയുണ്ടാവുക? (മർയമിൻ്റെ അരികിൽ വന്ന) മലക്ക് അവരോട് പറഞ്ഞു: അല്ലാഹു അവൻ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു -അത് സാധാരണ പ്രപഞ്ചരീതികൾക്ക് വിരുദ്ധമാണെങ്കിലും-; ഒരു പിതാവിൽ നിന്നല്ലാതെ നിനക്ക് ഒരു കുഞ്ഞിനെ അവൻ സൃഷ്ടിക്കുന്നതും അതു പോലെ തന്നെ. അവൻ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാൽ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോൾ അതുണ്ടാകുന്നു. ഒന്നും അവന് അസാധ്യമാവുകയില്ല.
48
അവന് (ഈസാക്ക്) അല്ലാഹു ഗ്രന്ഥവും ജ്ഞാനവും തൗറാത്തും ഇന്‍ജീലും(9) പഠിപ്പിക്കുകയും ചെയ്യും.
അവന് (ഈസാക്ക്) അല്ലാഹു എഴുതാനുള്ള അറിവും, വാക്കും പ്രവർത്തിയും ശരിയായി തീരാനുള്ള അനുഗ്രഹവും നൽകുന്നതാണ്. മൂസാ നബിക്ക് അവതരിപ്പിക്കപ്പെട്ട തൗറാത്തും, ഈസായുടെ മേൽ അവതരിപ്പിക്കപ്പെടാനിരിക്കുന്ന ഇൻജീലും അദ്ദേഹത്തെ അവൻ പഠിപ്പിക്കുന്നതാണ്.
49
ഇസ്രായീല്‍ സന്തതികളിലേക്ക് (അവനെ) ദൂതനായി നിയോഗിക്കുകയും ചെയ്യും. അവന്‍ അവരോട് പറയും:) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍ രൂപം നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉണ്ടാക്കുകയും, എന്നിട്ട് ഞാനതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്‍റെ അനുവാദപ്രകാരം അതൊരു പക്ഷിയായിത്തീരുകയും ചെയ്യും. അല്ലാഹുവിന്‍റെ അനുവാദപ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തുകയും, മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുതിനെപ്പറ്റിയും, നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചു വെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്; നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍.
അല്ലാഹു അദ്ദേഹത്തെ ഇസ്രാഈൽ സന്തതികളിലേക്കുള്ള റസൂലായി നിശ്ചയിക്കുകയും ചെയ്യുന്നതാണ്. അങ്ങനെ അവരോട് അദ്ദേഹം ഇപ്രകാരം പറയുന്നതാണ്: തീർച്ചയായും ഞാൻ നിങ്ങളിലേക്കുള്ള അല്ലാഹുവിൻ്റെ ദൂതനാകുന്നു. എൻറെ പ്രവാചകത്വത്തിൻറെ സത്യതക്കുള്ള തെളിവുമായാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. ഞാൻ ഒരു പക്ഷിയുടെ ആകൃതിയിൽ ഒരു കളിമൺ രൂപം നിങ്ങൾക്ക് വേണ്ടി ഉണ്ടാക്കുകയും, എന്നിട്ട് ഞാനതിൽ ഊതുകയും ചെയ്യുമ്പോൾ -അല്ലാഹുവിൻറെ അനുമതിപ്രകാരം- അതൊരു ജീവനുള്ള പക്ഷിയായി തീരുന്നതാണ്. ജന്മനാ കാഴ്ചയില്ലാത്തവനെ ഞാൻ സുഖപ്പെടുത്തുകയും അവൻ കാഴ്ചയുള്ളവനാവുകയും ചെയ്യും. പാണ്ഡുരോഗിയെ ഞാൻ സുഖപ്പെടുത്തുകയും അവൻറെ ചർമ്മം നല്ലതായി മാറുകയും ചെയ്യും. മരിച്ചവരെ ഞാൻ ജീവിപ്പിക്കുകയും ചെയ്യും. അതെല്ലാം അല്ലാഹുവിൻറെ അനുവാദപ്രകാരം മാത്രമാണ്. നിങ്ങൾ തിന്നുതിനെപ്പറ്റിയും, നിങ്ങൾ നിങ്ങളുടെ വീടുകളിൽ സൂക്ഷിച്ചു വെക്കുന്ന ഭക്ഷണത്തെ പറ്റിയും ഞാൻ നിങ്ങൾക്ക് അറിയിച്ചു തരികയും ചെയ്യും. മനുഷ്യർക്ക് സാധ്യമല്ലാത്ത, ഞാൻ നിങ്ങളോട് പറഞ്ഞു തന്ന ഈ കാര്യങ്ങളെല്ലാം ഞാൻ നിങ്ങളിലേക്കുള്ള അല്ലാഹുവിൻ്റെ ദൂതനാണെന്നതിനുള്ള വ്യക്തമായ തെളിവാണ്. നിങ്ങൾ (അല്ലാഹുവിൽ) വിശ്വസിക്കാൻ ഉദ്ദേശിക്കുകയും, തെളിവുകളെ സത്യപ്പെടുത്തുകയും ചെയ്യുന്നുവെങ്കിൽ.
50
എന്‍റെ മുമ്പിലുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് അനുവദിച്ചു തരുവാന്‍ വേണ്ടിയുമാകുന്നു(10) (ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്). നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും നിങ്ങള്‍ക്ക് ഞാന്‍ കൊണ്ടു വന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
-അതോടൊപ്പം- എൻറെ മുൻപ് ഇറക്കപ്പെട്ട തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, മുൻപ് നിങ്ങൾക്ക് മേൽ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളിൽ ചിലത് -നിങ്ങൾക്ക് എളുപ്പവും ഇളവും നൽകുന്നതിന് വേണ്ടി- നിങ്ങൾക്ക് അനുവദിച്ചു തരാനുമാകുന്നു ഞാൻ നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ടിട്ടുള്ളത്. ഞാൻ നിങ്ങളോട് പറഞ്ഞതെല്ലാം സത്യമാണെന്നതിനുള്ള വ്യക്തമായ പ്രമാണവും ഞാൻ നിങ്ങൾക്ക് എത്തിച്ചു തന്നിരിക്കുന്നു. അതിനാൽ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രവർത്തിച്ചു കൊണ്ടും, അവൻ വിരോധച്ചവ വെടിഞ്ഞു കൊണ്ടും നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക! ഞാൻ നിങ്ങളെ ക്ഷണിക്കുന്ന കാര്യത്തിൽ എന്നെ അനുസരിക്കുകയും ചെയ്യുക!
51
തീര്‍ച്ചയായും അല്ലാഹു എന്‍റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു നേരായ മാര്‍ഗം.
തീർച്ചയായും അല്ലാഹു തന്നെയാകുന്നു എൻറെ റബ്ബും (രക്ഷിതാവ്), നിങ്ങളുടെ റബ്ബും. അവൻ മാത്രമാണ് അനുസരിക്കപ്പെടാനും സൂക്ഷിക്കപ്പെടാനും അർഹൻ. അതിനാൽ അവനെ മാത്രം നിങ്ങൾ ആരാധിക്കുക. ഞാൻ നിങ്ങളോട് കൽപ്പിച്ചിരിക്കുന്ന ഈ കാര്യം -അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനെ സൂക്ഷിക്കുകയും ചെയ്യുക എന്നത്-; അതു തന്നെയാകുന്നു വക്രതയില്ലാത്ത നേരായ പാത (സ്വിറാത്വുൽ മുസ്തഖീം).
52
എന്നിട്ട് ഈസായ്ക്ക് അവരുടെ നിഷേധസ്വഭാവം ബോധ്യമായപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവിങ്കലേക്ക് എന്‍റെ സഹായികളായി ആരുണ്ട്? ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാകുന്നു. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്പെട്ടവരാണ് എന്നതിന് താങ്കള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യണം.
ബനൂ ഇസ്രാഈല്യർ തങ്ങളുടെ നിഷേധത്തിൽ തന്നെ ഉറച്ചു നിൽക്കുമെന്ന് ബോധ്യപ്പെട്ടപ്പോൾ ഈസാ (അ) അവരോട് പറഞ്ഞു: അല്ലാഹുവിങ്കലേക്കുള്ള പ്രബോധനത്തിൽ എന്നെ സഹായിക്കാൻ ആരുണ്ട്? അദ്ദേഹത്തിൻറെ അനുചരന്മാരിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു വിഭാഗം (ഹവാരിയ്യുകൾ) പറഞ്ഞു: ഞങ്ങൾ അല്ലാഹുവിൻറെ മതത്തെ സഹായിക്കുന്നവരാകുന്നു. ഞങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുകയും താങ്കളെ പിൻപറ്റുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിനെ ഏകനാക്കുകയും, അവനെ അനുസരിക്കുകയും ചെയ്തു കൊണ്ട് അല്ലാഹുവിന് കീഴൊതുങ്ങിയവരാണ് ഞങ്ങൾ എന്നതിന് -ഈസാ!- താങ്കൾ സാക്ഷ്യം വഹിച്ചു കൊള്ളുക!
53
(തുടര്‍ന്ന് അവര്‍ പ്രാര്‍ത്ഥിച്ചു:) ഞങ്ങളുടെ നാഥാ, നീ അവതരിപ്പിച്ചു തന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുകയും, (നിന്‍റെ) ദൂതനെ ഞങ്ങള്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ആകയാല്‍ സാക്ഷ്യം വഹിച്ചവരോടൊപ്പം ഞങ്ങളെ നീ രേഖപ്പെട്ടുത്തേണമേ.
ഹവാരിയ്യുകൾ ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്തു: ഞങ്ങളുടെ നാഥാ, നീ അവതരിപ്പിച്ചു തന്ന ഇൻജീലിൽ ഞങ്ങൾ വിശ്വസിക്കുകയും, ഈസാ നബിയെ ഞങ്ങൾ പിൻപറ്റുകയും ചെയ്തിരിക്കുന്നു. ആകയാൽ നിന്നിലും നിൻറെ പ്രവാചകന്മാരിലും വിശ്വസിച്ച് സത്യത്തിന് സാക്ഷ്യം വഹിച്ചവരോടൊപ്പം ഞങ്ങളെ നീ രേഖപ്പെടുത്തേണമേ.
54
അവര്‍ (സത്യനിഷേധികള്‍) തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു നന്നായി തന്ത്രം പ്രയോഗിക്കുന്നവനാകുന്നു.
ഈസാ നബിയെ വധിക്കുന്നതിനായി ബനൂ ഇസ്രാഈല്യരിലെ നിഷേധികൾ തന്ത്രം പ്രയോഗിച്ചു. അങ്ങനെ അവരെ അവരുടെ വഴികേടിൽ ഉപേക്ഷിച്ചുകൊണ്ട് അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. ഈസാ നബിയുടെ രൂപസാദൃശ്യം മറ്റൊരാളിൽ അല്ലാഹു ഇട്ടു കൊടുത്തു. അല്ലാഹു ഏറ്റവും നന്നായി തന്ത്രം പ്രയോഗിക്കുന്നവനാകുന്നു. ശത്രുക്കളോടുള്ള അല്ലാഹുവിൻറെ തന്ത്രത്തെക്കാൾ കഠിനമായ മറ്റൊരു തന്ത്രവുമില്ല തന്നെ.
55
അല്ലാഹു പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക:) ഹേ; ഈസാ, തീര്‍ച്ചയായും നിന്നെ നാം പൂര്‍ണ്ണമായി ഏറ്റെടുക്കുകയും, എന്‍റെ അടുക്കലേക്ക് നിന്നെ ഉയര്‍ത്തുകയും, സത്യനിഷേധികളില്‍ നിന്ന് നിന്നെ നാം ശുദ്ധമാക്കുകയും, നിന്നെ പിന്തുടര്‍ന്നവരെ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ വരേക്കും സത്യനിഷേധികളെക്കാള്‍ ഉന്നതന്‍മാരാക്കുകയും ചെയ്യുന്നതാണ്. പിന്നെ എന്‍റെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. നിങ്ങള്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന കാര്യത്തില്‍ അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുന്നതാണ്.
അല്ലാഹു അവർക്കെതിരെ തന്ത്രം പ്രയോഗിച്ചു, ഈസാ നബിയോട് അല്ലാഹു പറഞ്ഞു: ഹേ; ഈസാ! -മരണത്തിലൂടെയല്ലാതെ- തീർച്ചയായും നിന്നെ നാം പൂർണ്ണമായി ഏറ്റെടുക്കുന്നതാണ്. നിൻറെ ശരീരവും ആത്മാവും എൻറെ അടുക്കലേക്ക് ഉയർത്തുകയും, നിന്നിൽ അവിശ്വസിച്ചവരിൽ നിന്ന് നിന്നെ നാം ശുദ്ധമാക്കുകയും, അവരിൽ നിന്ന് നിന്നെ അകറ്റുകയും ചെയ്യുന്നതാണ്. സത്യമതം പിൻപറ്റിക്കൊണ്ട് നിന്നെ പിൻപറ്റിയവർക്ക് നിഷേധികളുടെ മുകളിൽ നാം പ്രമാണവും പ്രതാപവും കൊണ്ട് അന്ത്യനാൾ വരെ നാം വിജയം നൽകുന്നതാണ്; മുഹമ്മദ് നബി (സ) യിൽ വിശ്വസിക്കുക എന്നതും സത്യമതം പിൻപറ്റുക എന്നതിൽ പെട്ടതാണ്. പിന്നീട് എൻറെ അടുത്തേക്ക് മാത്രമാണ് ഖിയാമത്ത് നാളിൽ നിങ്ങളുടെ മടക്കം. അപ്പോൾ നിങ്ങൾ ഭിന്നിച്ചു കൊണ്ടിരുന്ന കാര്യത്തിൽ ഞാൻ സത്യപ്രകാരം തീർപ്പുകൽപിക്കുന്നതാണ്.
56
എന്നാല്‍ അവിശ്വസിച്ചവര്‍ക്ക് ഇഹത്തിലും പരത്തിലും ഞാന്‍ കഠിനമായ ശിക്ഷ നല്‍കുന്നതാണ്. അവര്‍ക്ക് സഹായികളായി ആരുമുണ്ടായിരിക്കുന്നതല്ല.
എന്നാൽ നിന്നെയും, നീ കൊണ്ടുവന്ന സത്യത്തെയും നിഷേധിക്കുന്നവർ; അവരെ ഇഹലോകത്ത് ഞാൻ ശിക്ഷിക്കുന്നതാണ്; (യുദ്ധത്തിൽ) വധിക്കപ്പെട്ടു കൊണ്ടും, തടവുകാരാക്കപ്പെട്ടും, നിന്ദ്യത ബാധിച്ചു കൊണ്ടും അവർ ശിക്ഷിക്കപ്പെടും. പരലോകത്ത് നരകാഗ്നി കൊണ്ടും അവരെ ഞാൻ ശിക്ഷിക്കുന്നതാണ്. എൻ്റെ ശിക്ഷ അവരിൽ നിന്ന് തടയാൻ ഒരു സഹായിയും അവർക്കുണ്ടാവുകയില്ല.
57
എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം അല്ലാഹു പൂര്‍ണ്ണമായി നല്‍കുന്നതാണ്. അക്രമികളെ അല്ലാഹു ഇഷ്ടപെടുകയില്ല.
എന്നാൽ താങ്കളിലും താങ്കൾ കൊണ്ടുവന്ന സത്യത്തിലും വിശ്വസിക്കുകയും, നിസ്കാരം നിലനിർത്തിയും സക്കാത് നൽകിയും, നോമ്പ് അനുഷ്ഠിച്ചും, കുടുംബബന്ധങ്ങൾ ചേർത്തും മറ്റുമെല്ലാം സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാകട്ടെ; അല്ലാഹു അവർക്ക് അവരുടെ പ്രവർത്തനങ്ങളുടെ പ്രതിഫലങ്ങൾ പൂർണ്ണമായും നൽകുന്നതാണ്; അതിൽ യാതൊരു കുറവും അവൻ വരുത്തുന്നതല്ല. ഈസാ നബി (അ) തന്നെ സന്തോഷവാർത്ത അറിയിച്ച അന്തിമദൂതനായ മുഹമ്മദ് നബി (സ) നിയോഗിക്കപ്പെടുന്നതിന് മുൻപുള്ള അദ്ദേഹത്തിൻ്റെ (ഈസായുടെ) അനുയായികളെക്കുറിച്ചാണ് ഇത്രയും പറഞ്ഞത്. അല്ലാഹു അതിക്രമികളെ സ്നേഹിക്കുന്നതല്ല; ഏറ്റവും വലിയ അക്രമം അല്ലാഹുവിൽ പങ്കുചേർക്കലും അവൻറെ ദൂതന്മാരെ കളവാക്കലുമാകുന്നു.
58
നിനക്ക് നാം ഓതികേള്‍പിക്കുന്ന ആ കാര്യങ്ങള്‍ (അല്ലാഹുവിന്‍റെ) ദൃഷ്ടാന്തങ്ങളിലും യുക്തിമത്തായ ഉല്‍ബോധനത്തിലും പെട്ടതാകുന്നു.
ഈസാ നബിയുടെ വാർത്തകളിൽ നിന്ന് നിനക്ക് നാം ഓതികേൾപിക്കുന്ന ആ കാര്യങ്ങൾ താങ്കൾക്ക് അവതരിപ്പിക്കപ്പെട്ടതിൻറെ സത്യത അറിയിക്കുന്ന വ്യക്തമായ ദൃഷ്ടാന്തങ്ങളിൽ പെട്ടതാകുന്നു. അല്ലാഹുവിനെ സൂക്ഷിക്കുന്നവർക്കുള്ള ഉൽബോധനവും, അസത്യം കടന്നുവരാത്ത ഖണ്ഡിതവചനങ്ങളുമത്രെ അവ.
59
അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അവനെ (അവന്‍റെ രൂപം) മണ്ണില്‍ നിന്നും അവന്‍ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോള്‍ അവന്‍ (ആദം) അതാ ഉണ്ടാകുന്നു.(11)
ഈസാ (അ) ൻ്റെ സൃഷ്ടിപ്പിൻ്റെ ഉപമ -അല്ലാഹുവിങ്കൽ- ആദം (അ) നെ മണ്ണിൽ നിന്ന് സൃഷ്ടിച്ച ഉപമ പോലെയാകുന്നു. അദ്ദേഹത്തെ പിതാവോ മാതാവോ ഇല്ലാതെയാണ് അല്ലാഹു സൃഷ്ടിച്ചത്. അല്ലാഹു അതിനോട് "മനുഷ്യനാകൂ" എന്ന് പറഞ്ഞപ്പോൾ അല്ലാഹു ഉദ്ദേശിച്ച പോലെ അത് ഉണ്ടായിത്തീർന്നു. മാതാവും പിതാവുമില്ലാതെ സൃഷ്ടിക്കപ്പെട്ട ആദം (അ) മനുഷ്യനാണെന്ന് അംഗീകരിക്കുന്ന നസ്വാറാക്കൾ എങ്ങനെയാണ് ഈസാ (അ) പിതാവില്ലാതെ സൃഷ്ടിക്കപ്പെട്ടു എന്നത് അദ്ദേഹം ദൈവമാണെന്നതിന് തെളിവാക്കുക?!
60
സത്യം നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ആകയാല്‍ നീ സംശയാലുക്കളില്‍ പെട്ടുപോകരുത്.
അല്ലാഹു നിനക്ക് അറിയിച്ചു തന്നതാകുന്നു ഈസാ (അ) ൻ്റെ കാര്യത്തിലുള്ള യാഥാർഥ്യം; ഒരു സംശയവുമില്ലാത്ത സത്യമാണത്. അതിനാൽ നീ ഒരിക്കലും സംശയാലുക്കളിൽ പെട്ടുപോകരുത്. മറിച്ച് നീ ഏതൊന്നിലാണോ ആ സത്യത്തിൽ ഉറച്ചുനിൽക്കുക എന്നതാണ് നിൻറെ കടമ.
61
ഇനി നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം അദ്ദേഹത്തിന്‍റെ (ഈസായുടെ) കാര്യത്തില്‍ നിന്നോട് ആരെങ്കിലും തര്‍ക്കിക്കുകയാണെങ്കില്‍ നീ പറയുക: നിങ്ങള്‍ വരൂ. ഞങ്ങളുടെ മക്കളെയും, നിങ്ങളുടെ മക്കളെയും, ഞങ്ങളുടെ സ്ത്രീകളെയും നിങ്ങളുടെ സ്ത്രീകളെയും നമുക്ക് വിളിച്ചുകൂട്ടാം. ഞങ്ങളും നിങ്ങളും (കൂടുകയും ചെയ്യാം.) എന്നിട്ട് കള്ളം പറയുന്ന കക്ഷിയുടെ മേല്‍ അല്ലാഹുവിന്‍റെ ശാപമുണ്ടായിരിക്കാന്‍ നമുക്ക് ഉള്ളഴിഞ്ഞ് പ്രാര്‍ത്ഥിക്കാം
അല്ലാഹുവിൻ്റെ റസൂലേ! ഈസാ നബിയുടെ കാര്യത്തിൽ താങ്കൾക്ക് ശരിയായ അറിവ് വന്നുകിട്ടിയതിനു ശേഷം ഈസാ അല്ലാഹുവിൻറെ അടിമയല്ല എന്ന് വാദിച്ചുകൊണ്ട് താങ്കളോട് തർക്കിച്ച നജ്റാനിലെ നസ്വാറാക്കളോട് താങ്കൾ പറയുക: ;നിങ്ങൾ വരൂ. ഞങ്ങളുടെ മക്കളെയും, നിങ്ങളുടെ മക്കളെയും, ഞങ്ങളുടെ സ്ത്രീകളെയും നിങ്ങളുടെ സ്ത്രീകളെയും ഇവിടെ സന്നിഹിതരാകാൻ നമുക്ക് വിളിച്ചു കൂട്ടാം. അങ്ങനെ ഞങ്ങളും നിങ്ങളും ഒരിടത്ത് ഒരുമിച്ചു കൂടുകയും, എന്നിട്ട് ഞങ്ങളിൽ നിന്നും നിങ്ങളിൽ നിന്നും കള്ളം പറയുന്ന കക്ഷിയുടെ മേൽ അല്ലാഹുവിൻറെ ശാപമുണ്ടായിരിക്കാൻ നമുക്ക് ഉള്ളഴിഞ്ഞ് പ്രാർത്ഥിക്കുകയും ചെയ്യാം.
62
തീര്‍ച്ചയായും ഇത് യഥാര്‍ത്ഥമായ സംഭവ വിവരണമാകുന്നു. അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരും ഇല്ല തന്നെ. തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു പ്രതാപവാനും യുക്തിമാനും.
തീർച്ചയായും ഈസാ നബി (അ) യെ കുറിച്ച് നാം വിവരിച്ചു തന്നത് സംശയമോ കളവോ ഇല്ലാത്ത യഥാർത്ഥ സംഭവ വിവരണമാകുന്നു. അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല തന്നെ. തീർച്ചയായും അല്ലാഹു അവൻറെ ആധിപത്യത്തിൽ പ്രതാപവാനും, തൻ്റെ സൃഷ്ടിപ്പിലും കൽപ്പനയിലും നിയന്ത്രണത്തിലും അങ്ങേയറ്റം യുക്തിമാനുമാകുന്നു.
63
എന്നിട്ടവര്‍ പിന്തിരിഞ്ഞുകളയുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കുഴപ്പക്കാരെപ്പറ്റി അറിവുള്ളവനാകുന്നു.
താങ്കൾ കൊണ്ടുവന്നതിൽ നിന്ന് അവർ പിന്തിരിഞ്ഞുകളയുകയും താങ്കളെ പിൻപറ്റാതിരിക്കുകയും ചെയ്യുകയാണെങ്കിൽ അത് അവരുടെ കുഴപ്പമാകുന്നു. അല്ലാഹു ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരെ കുറിച്ച് നന്നായി അറിവുള്ളവനാകുന്നു. അവർക്ക് അതിനുള്ള ശിക്ഷ അവൻ നൽകുകയും ചെയ്യുന്നതാണ്.
64
(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക്(12) നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്) . എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക.(13)
നബിയേ, പറയുക: യഹൂദരും നസ്വാറാക്കളുമായ വേദക്കാരേ! വരൂ; നമുക്കും നിങ്ങൾക്കും നീതിപൂർണ്ണമായ ഒരു വാക്യത്തിൽ ഒരുമിക്കാം. അല്ലാഹുവിന് മാത്രം നാം ആരാധനകൾ സമർപ്പിക്കുകയും, അവനോടൊപ്പം മറ്റാരെയും -അവരെത്ര വലിയ സ്ഥാനവും പദവിയുമുള്ളവരാണെങ്കിലും- നാം ആരാധിക്കാതിരിക്കുകയും ചെയ്യുക എന്നതാണത്; അതോടൊപ്പം നമ്മിൽ ചിലർ മറ്റു ചിലരെ അല്ലാഹുവിനു പുറമെ ആരാധിക്കപ്പെടുകയും അനുസരിക്കപ്പെടുകയും ചെയ്യുന്ന രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക. എന്നിട്ടും താങ്കൾ അവരെ ക്ഷണിക്കുന്ന സത്യത്തിൽ നിന്നും നീതിയിൽ നിന്നും അവർ പിന്തിരിഞ്ഞുകളയുകയാണെങ്കിൽ താങ്കൾ അവരോട് പറയുക: അല്ലാഹുവിൽ വിശ്വസിച്ചവരേ! ഞങ്ങൾ അല്ലാഹുവിനെ അനുസരിച്ച് കൊണ്ട് അവന് കീഴൊതുങ്ങുകയും, അല്ലാഹുവിന് സ്വന്തത്തെ സമർപ്പിച്ചവരും (മുസ്ലിംകൾ) ആണെന്നതിന്ന് നിങ്ങൾ സാക്ഷ്യം വഹിച്ചു കൊള്ളുക.
65
വേദക്കാരേ, ഇബ്രാഹീമിന്‍റെ കാര്യത്തില്‍ നിങ്ങളെന്തിനാണ് തര്‍ക്കിക്കുന്നത്? തൗറാത്തും ഇന്‍ജീലും അവതരിപ്പിക്കപ്പെട്ടത് അദ്ദേഹത്തിനു ശേഷം മാത്രമാണല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത്?
വേദക്കാരേ! ഇബ്രാഹീമിൻ്റെ ആദർശം എന്തായിരുന്നു എന്ന കാര്യത്തിൽ നിങ്ങളെന്തിനാണ് തർക്കിക്കുന്നത്? ഇബ്രാഹീം യഹൂദനായിരുന്നു എന്ന് യഹൂദിയും, നസ്വാറാക്കളിൽ പെട്ടവനായിരുന്നു എന്ന് നസ്വാറാക്കളും വാദിക്കുന്നു. എന്നാൽ യഹൂദ നസ്വാറാ മതങ്ങൾ അദ്ദേഹത്തിൻറെ മരണ ശേഷം ദീർഘ കാലം കഴിഞ്ഞു മാത്രമാണ് ഉടലെടുത്തത് എന്നത് നിങ്ങൾക്ക് തന്നെ അറിയുകയും ചെയ്യാം. അപ്പോൾ നിങ്ങൾ പറയുന്നതിൻ്റെ നിരർത്ഥകതയും, ആ വാദത്തിലെ അബദ്ധവും നിങ്ങളുടെ ബുദ്ധി കൊണ്ട് നിങ്ങൾ മനസ്സിലാവുന്നില്ലേ?
66
ഹേ; കൂട്ടരേ, നിങ്ങള്‍ക്ക് അറിവുള്ള കാര്യത്തെപ്പറ്റി നിങ്ങള്‍ തര്‍ക്കിച്ചു. ഇനി നിങ്ങള്‍ക്കറിവില്ലാത്ത വിഷയത്തില്‍ നിങ്ങളെന്തിന്ന് തര്‍ക്കിക്കുന്നു? അല്ലാഹു അറിയുന്നു നിങ്ങള്‍ അറിയുന്നില്ല.
ഹേ വേദക്കാരേ! നിങ്ങൾക്ക് അറിവുള്ള വിഷയങ്ങളിൽ -നിങ്ങളുടെ മതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും നിങ്ങൾക്ക് മേൽ അവതരിപ്പിക്കപ്പെട്ട വിഷയങ്ങളിലും- നിങ്ങൾ നബി (സ) യോട് നിങ്ങളിതാ തർക്കിക്കുന്നു. ഇനി നിങ്ങൾക്ക് അറിവില്ലാത്ത ഇബ്റാഹീമിൻറെ കാര്യത്തെ പറ്റിയും അദ്ദേഹത്തിൻറെ മതത്തെ കുറിച്ചും നിങ്ങളെന്തിന്ന് തർക്കിക്കുന്നു? നിങ്ങളുടെ വേദഗ്രന്ഥങ്ങളിലോ, നിങ്ങളുടെ നബിമാർ കൊണ്ടു വന്ന സന്ദേശങ്ങളിലോ അവയെ കുറിച്ചൊന്നുമില്ല. എല്ലാ കാര്യങ്ങളുടെയും പിന്നിലുള്ള യാഥാർത്ഥ്യവും അതിൻ്റെ ഉള്ളറകളും അല്ലാഹു അറിയുന്നു. എന്നാൽ നിങ്ങൾ അതൊന്നും അറിയുന്നുമില്ല.
67
ഇബ്രാഹീം യഹൂദനോ ക്രിസ്ത്യാനിയോ ആയിരുന്നില്ല. മറിച്ച് അദ്ദേഹം (ശിർക്കിൽ നിന്ന് പരിപൂർണമായി അകന്ന) ശുദ്ധമനസ്ഥിതിക്കാരനും (അല്ലാഹുവിന്ന്) കീഴ്പെട്ട (മുസ്‌ലിമും) ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍പെട്ടവനായിരുന്നിട്ടുമില്ല.
ഇബ്രാഹീം (അ) യഹൂദ മാർഗ്ഗത്തിലോ നസ്വാറാ മാർഗ്ഗത്തിലോ ആയിരുന്നില്ല. മറിച്ച് അദ്ദേഹം എല്ലാ അസത്യ മതവിശ്വാസങ്ങളിൽ നിന്നും അകന്നു നിൽക്കുന്ന വ്യക്തിയും, അല്ലാഹുവിന്ന് പരിപൂർണ്ണമായി സമർപ്പിക്കുകയും, അവനെ ഏകനാക്കുകയും ചെയ്യുന്ന മുസ്ലിമുമായിരുന്നു. തങ്ങൾ ഇബ്രാഹീമിൻ്റെ മാർഗത്തിലാണെന്ന് വാദിക്കുന്ന അറേബ്യയിലെ ബഹുദൈവാരാധകരുടെ മാർഗത്തിൽ പെട്ടവനുമായിരുന്നില്ല അദ്ദേഹം.
68
തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്രാഹീമിനോട് കൂടുതല്‍ അടുപ്പമുള്ളവര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരും, ഈ പ്രവാചകനും (അദ്ദേഹത്തില്‍) വിശ്വസിച്ചവരുമാകുന്നു. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാകുന്നു.
തീർച്ചയായും ഇബ്രാഹീമിൻ്റെ മാർഗത്തിലാണെന്ന് അവകാശപ്പെടാൻ ജനങ്ങളിൽ ഏറ്റവും അർഹതയുള്ളവർ ഇബ്രാഹീം അദ്ദേഹത്തിൻ്റെ ജീവിതകാലത്ത് കൊണ്ടുവന്ന ആദർശത്തെ പിന്തുടർന്നവരും, ഈ നബിയും -മുഹമ്മദ് നബി (സ)-, ഈ സമുദായത്തിൽ നിന്ന് അദ്ദേഹത്തിൽ വിശ്വസിച്ചവരുമാകുന്നു. അല്ലാഹു അവനിൽ വിശ്വസിച്ചവരെ സഹായിക്കുന്നവനും സംരക്ഷിക്കുന്നവനുമാകുന്നു.
69
വേദക്കാരില്‍ ഒരു വിഭാഗം, നിങ്ങളെ വഴിതെറ്റിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കൊതിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അവര്‍ വഴിതെറ്റിക്കുന്നത് അവരെത്തന്നെയാണ്. അവരത് മനസ്സിലാക്കുന്നില്ല.
യഹൂദ നസ്വാറാക്കളിൽ പെട്ട വേദക്കാരായ ചില പുരോഹിതന്മാർ അല്ലാഹു നിങ്ങൾക്ക് വഴികാണിച്ചു നൽകിയ സത്യമാർഗ്ഗത്തിൽ നിന്നും നിങ്ങളെ വഴിതെറ്റിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് വ്യാമോഹിക്കുന്നുണ്ട്. യഥാർത്ഥത്തിൽ അവർ വഴിതെറ്റിക്കുന്നത് അവരെത്തന്നെയാണ്. കാരണം വിശ്വാസികളെ വഴിതെറ്റിക്കാനുള്ള അവരുടെ പരിശ്രമം അവരുടെ വഴികേട് വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അവരുടെ പ്രവർത്തനത്തിൻ്റെ അന്ത്യം അവർ മനസ്സിലാക്കുന്നില്ല.
70
വേദക്കാരേ, നിങ്ങളെന്തിനാണ് അല്ലാഹുവിന്‍റെ തെളിവുകളില്‍ അവിശ്വസിക്കുന്നത്? നിങ്ങള്‍ തന്നെ (അവയ്ക്ക്) സാക്ഷ്യം വഹിക്കുന്നവരാണല്ലോ.
യഹൂദ നസ്വാറാക്കളിൽ പെട്ട വേദക്കാരേ! നിങ്ങളെന്തിനാണ് നിങ്ങൾക്കിറക്കപ്പെട്ട അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെയും അതിലുള്ള മുഹമ്മദ് നബി (സ) യെ കുറിച്ച തെളിവുകളെയും നിഷേധിക്കുന്നത്? നിങ്ങളുടെ വേദഗ്രന്ഥങ്ങൾ അറിയിച്ച ആ കാര്യം സത്യമാണെന്നതിന് നിങ്ങൾ തന്നെ സാക്ഷ്യം വഹിക്കുന്നവരാണല്ലോ?
71
വേദക്കാരേ, നിങ്ങളെന്തിനാണ് സത്യത്തെ അസത്യവുമായി കൂട്ടികലര്‍ത്തുകയും, അറിഞ്ഞുകൊണ്ട് സത്യം മറച്ചു വെക്കുകയും ചെയ്യുന്നത്?
വേദക്കാരേ, നിങ്ങളുടെ വേദത്തിൽ അവതരിപ്പിക്കപ്പെട്ട സത്യത്തെ നിങ്ങളെന്തിനാണ് അസത്യവുമായി കൂട്ടികലർത്തുകയും, അതിലുള്ള സത്യവും സന്മാർഗ്ഗവും മറച്ചു വെക്കുകയും ചെയ്യുന്നത്? മുഹമ്മദ് നബി (സ) യുടെ പ്രവാചകത്വത്തിൻറെ സത്യത അതിൽ പെട്ടതാകുന്നു. സത്യത്തിൽ നിന്ന് അസത്യവും, വഴികേടിൽ നിന്ന് സന്മാർഗ്ഗവും ഏതാണെന്ന് നിങ്ങൾക്ക് വേർതിരിച്ചറിയുകയും ചെയ്യാമല്ലോ?
72
വേദക്കാരില്‍ ഒരു വിഭാഗം (സ്വന്തം അനുയായികളോട്) പറഞ്ഞു: ഈ വിശ്വാസികള്‍ക്ക് അവതരിപ്പിക്കപ്പെട്ടതില്‍ പകലിന്‍റെ ആരംഭത്തില്‍ നിങ്ങള്‍ വിശ്വസിച്ചുകൊള്ളുക. പകലിന്‍റെ അവസാനത്തില്‍ നിങ്ങളത് അവിശ്വസിക്കുകയും ചെയ്യുക. (അത് കണ്ട്) അവര്‍ (വിശ്വാസികള്‍) പിന്‍മാറിയേക്കാം.(14)
യഹൂദ പുരോഹിതന്മാരിലെ ഒരു കൂട്ടർ പറഞ്ഞു: (അല്ലാഹുവിൽ) വിശ്വസിച്ചവർക്ക് മേൽ അവതരിക്കപ്പെട്ട ഖുർആനിൽ നിങ്ങൾ വിശ്വസിച്ചിരിക്കുന്നുവെന്ന് പകലിൻ്റെ ആരംഭത്തിൽ പുറമേക്ക് നിങ്ങൾ തോന്നിപ്പിക്കുക. വൈകുന്നേരമാകുമ്പോൾ അതിനെ നിങ്ങൾ നിഷേധിച്ചിരിക്കുന്നുവെന്നും പറയുക. ഒരു തവണ വിശ്വസിച്ച ശേഷം നിങ്ങൾ അതിൽ അവിശ്വസിക്കുന്നത് കാണുമ്പോൾ വിശ്വാസികൾക്ക് അവരുടെ മതത്തിൽ സംശയമുണ്ടാവുകയും അവർ അതിൽ നിന്ന് മടങ്ങുകയും ചെയ്തേക്കാം. 'അല്ലാഹുവിൻ്റെ ഗ്രന്ഥങ്ങളെ കുറിച്ച് നമ്മേക്കാൾ കൂടുതൽ അറിയുന്നവർ വേദക്കാരാണല്ലോ; അവരത് ഉപേക്ഷിച്ചിരിക്കുന്നല്ലോ' എന്ന് അവർ പറയുകയും ചെയ്തേക്കാം.
73
നിങ്ങളുടെ മതത്തെ പിന്‍പറ്റിയവരെയല്ലാതെ നിങ്ങള്‍ വിശ്വസിച്ചു പോകരുത്- (നബിയേ,) പറയുക: (ശരിയായ) മാര്‍ഗദര്‍ശനം അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനമത്രെ-(വേദക്കാരായ) നിങ്ങള്‍ക്ക് നല്‍കപ്പെട്ടതു പോലുള്ളത് (വേദഗ്രന്ഥം) മറ്റാര്‍ക്കെങ്കിലും നല്‍കപ്പെടുമെന്നോ നിങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ അവരാരെങ്കിലും നിങ്ങളോട് ന്യായവാദം നടത്തുമെന്നോ (നിങ്ങള്‍ വിശ്വസിക്കരുത് എന്നും ആ വേദക്കാര്‍ പറഞ്ഞു) . (നബിയേ,) പറയുക: തീര്‍ച്ചയായും അനുഗ്രഹം അല്ലാഹുവിന്‍റെ കയ്യിലാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു.
അവർ പറഞ്ഞു: നിങ്ങളുടെ മതത്തെ പിൻപറ്റിയവരെയല്ലാതെ നിങ്ങൾ സത്യപ്പെടുത്തരുത്. അല്ലാഹുവിൻ്റെ റസൂലേ! പറയുക: തീർച്ചയായും സത്യത്തിലേക്ക് നയിക്കുന്ന മാർഗം അല്ലാഹുവിൻ്റെ മാർഗം മാത്രമാകുന്നു. നിങ്ങൾക്ക് നൽകപ്പെട്ടത് പോലുള്ള വല്ല ശ്രേഷ്ഠതയും മറ്റാർക്കെങ്കിലും നൽകപ്പെടുമെന്നോ, അവർക്കിറക്കപ്പെട്ടത് നിങ്ങൾ അംഗീകരിച്ചാൽ നിങ്ങളുടെ രക്ഷിതാവിൻറെ അടുക്കൽ അവരാരെങ്കിലും നിങ്ങളോട് ന്യായവാദം നടത്തുമെന്നോ ഭയന്നു കൊണ്ട് നിങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന നിഷേധത്തിൻ്റെയും (സത്യത്തോടുള്ള) എതിർപ്പിൻ്റെയും മാർഗമല്ല ശരിയായ മാർഗ്ഗദർശനം. അല്ലാഹുവിൻ്റെ റസൂലേ! പറയുക: തീർച്ചയായും സർവ്വ അനുഗ്രഹങ്ങളും അല്ലാഹുവിൻറെ കയ്യിലാകുന്നു. അവൻ ഉദ്ദേശിക്കുന്ന അവന്റെ അടിമകൾക്ക് അതവൻ നൽകുന്നു. അവൻറെ അനുഗ്രഹം ഏതെങ്കിലും ഒരു സമൂഹത്തിന് മാത്രം പരിമിതമല്ല. അല്ലാഹു വിശാലമായി അനുഗ്രഹം ചൊരിയുന്നവനും, അതിന് അർഹതയുള്ളവരെ നന്നായി അറിയുന്നവനുമാകുന്നു.
74
അവന്‍ ഉദ്ദേശിക്കുന്നവരോട് അവന്‍ പ്രത്യേകം കരുണ കാണിക്കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹം ചെയ്യുന്നവനാകുന്നു.
അവൻ ഉദ്ദേശിക്കുന്നവരോട് അവൻ പ്രത്യേകം കരുണ കാണിക്കുന്നു. അവർക്കവൻ സന്മാർഗ്ഗവും പ്രവാചകത്വവും മറ്റ് വിവിധങ്ങളായ അനുഗ്രഹങ്ങളും ഔദാര്യമായി നൽകുന്നു. അല്ലാഹു പരിധിയില്ലാതെ മഹത്തായ അനുഗ്രഹം ചെയ്യുന്നവനാകുന്നു.
75
ഒരു സ്വര്‍ണക്കൂമ്പാരം തന്നെ വിശ്വസിച്ചേല്‍പിച്ചാലും അത് നിനക്ക് തിരിച്ചുനല്‍കുന്ന ചിലര്‍ വേദക്കാരിലുണ്ട്. അവരില്‍ തന്നെ മറ്റൊരു തരക്കാരുമുണ്ട്. അവരെ ഒരു ദീനാര്‍ നീ വിശ്വസിച്ചേല്‍പിച്ചാല്‍ പോലും നിരന്തരം (ചോദിച്ചു കൊണ്ട്) നിന്നെങ്കിലല്ലാതെ അവരത് നിനക്ക് തിരിച്ചുതരികയില്ല. അക്ഷരജ്ഞാനമില്ലാത്ത ആളുകളുടെ(16) കാര്യത്തില്‍ (അവരെ വഞ്ചിക്കുന്നതില്‍) ഞങ്ങള്‍ക്ക് കുറ്റമുണ്ടാകാന്‍ വഴിയില്ലെന്ന് അവര്‍ പറഞ്ഞതിനാലത്രെ അത്. അവര്‍ അല്ലാഹുവിന്‍റെ പേരില്‍ അറിഞ്ഞ് കൊണ്ട് കള്ളം പറയുകയാകുന്നു.
ധാരാളം സമ്പത്ത് വിശ്വസിച്ചേൽപിച്ചാലും അത് നിനക്ക് തിരിച്ചുനൽകുന്ന ചിലർ വേദക്കാരിലുണ്ട്. വളരെ കുറച്ച് വിശ്വസിച്ചേൽപിച്ചാൽ പോലും നിരന്തരം ചോദിച്ചു കൊണ്ട് നിന്നെങ്കിലല്ലാതെ തിരിച്ചുതരാതിരിക്കുന്നവരും അവരുടെ കൂട്ടത്തിലുണ്ട്. (നിരക്ഷരരായ) അറബികളുടെ വിഷയത്തിലും, അവരുടെ സമ്പത്ത് (അന്യായമായി) കൈക്കലാക്കുന്നതിലും ഞങ്ങൾക്ക് മേൽ യാതൊരു തെറ്റുമുണ്ടാവില്ല; കാരണം അല്ലാഹു അതെല്ലാം ഞങ്ങൾക്ക് അനുവദിച്ചിട്ടുണ്ട് എന്ന അവരുടെ പിഴച്ച ധാരണയും വാദവും കാരണമത്രേ അത്. തങ്ങൾ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമച്ചു പറയുകയാണ് എന്ന ബോധ്യത്തോടെയാണ് അവരിതെല്ലാം പറഞ്ഞു കൊണ്ടിരിക്കുന്നത്.
76
അല്ല, വല്ലവനും തന്‍റെ കരാര്‍ നിറവേറ്റുകയും ധര്‍മ്മനിഷ്ഠപാലിക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു ധര്‍മ്മനിഷ്ഠപാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
അവർ ജൽപ്പിക്കുന്നത് പോലെയല്ല കാര്യങ്ങൾ; മറിച്ച് അവരുടെ ഇത്തരം പ്രവർത്തനങ്ങളിൽ അവരുടെ മേൽ തെറ്റുണ്ട്. എന്നാൽ ആരെങ്കിലും അല്ലാഹുവിലും അവൻറെ ദൂതന്മാരിലും വിശ്വസിച്ചു കൊണ്ട് അവനുമായുള്ള തൻറെ കരാർ നിറവേറ്റുകയും, തൻ്റെ മേൽ വിശ്വസിച്ചേൽപ്പിക്കപ്പെട്ട കാര്യം നിറവേറ്റി നൽകിക്കൊണ്ട് ജനങ്ങളുമായുള്ള കരാർ പാലിക്കുകയും, (അല്ലാഹുവിൻ്റെ) കൽപ്പനകൾ പാലിച്ചും അവൻ്റെ വിരോധങ്ങൾ വെടിഞ്ഞും ധർമ്മനിഷ്ഠപാലിക്കുകയും ചെയ്യുന്ന പക്ഷം തീർച്ചയായും അല്ലാഹു ധർമ്മനിഷ്ഠ പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. അവർക്കവൻ അതിന് മാന്യമായ പ്രതിഫലം നൽകുകയും ചെയ്യും.
77
അല്ലാഹുവോടുള്ള കരാറും സ്വന്തം ശപഥങ്ങളും തുച്ഛവിലയ്ക്ക് വില്‍ക്കുന്നവരാരോ അവര്‍ക്ക് പരലോകത്തില്‍ യാതൊരു ഓഹരിയുമില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ, അവരുടെ നേര്‍ക്ക് (കാരുണ്യപൂര്‍വ്വം) നോക്കുകയോ ചെയ്യുന്നതല്ല. അവന്‍ അവര്‍ക്ക് വിശുദ്ധി നല്‍കുന്നതുമല്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുന്നതുമാണ്
അല്ലാഹു അവൻ്റെ ഗ്രന്ഥത്തിൽ അവതരിപ്പിക്കുകയും, അവൻ്റെ ദൂതന്മാരുടെ കൈകളിൽ അയച്ചതുമായ കാര്യങ്ങൾ പിൻപറ്റണമെന്ന അല്ലാഹുവിൻ്റെ ഗൗരവമാർന്ന ഉപദേശത്തിനും, അല്ലാഹുവിൻറെ കരാറുകൾ പാലിച്ചു കൊള്ളാമെന്ന തങ്ങളുടെ ശപഥത്തിനും പകരമായി ഐഹിക ജീവിതത്തിലെ തുച്ഛമായ വിഭവങ്ങൾ കൊണ്ട് തൃപ്തിപ്പെട്ടവർ; അവർക്ക് അന്ത്യനാളിൽ യാതൊരു ഓഹരിയുമില്ല. ഉയിർത്തെഴുന്നേൽപിൻറെ നാളിൽ അവർക്ക് സന്തോഷമേകുന്ന ഒന്നും അവരോട് അല്ലാഹു പറയുകയില്ല. അവരുടെ നേർക്ക് കാരുണ്യപൂർവ്വം അവൻ നോക്കുന്നതുമല്ല. അവരുടെ പാപങ്ങളുടെയും നിഷേധത്തിൻ്റെയും മാലിന്യത്തിൽ നിന്ന് അവരെ അവൻ ശുദ്ധീകരിക്കുന്നതുമല്ല. അവർക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുന്നതുമാണ്.
78
വേദഗ്രന്ഥത്തിലെ വാചകശൈലികള്‍ വളച്ചൊടിക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്. അത് വേദഗ്രന്ഥത്തില്‍ പെട്ടതാണെന്ന് നിങ്ങള്‍ ധരിക്കുവാന്‍ വേണ്ടിയാണത്. അത് വേദഗ്രന്ഥത്തിലുള്ളതല്ല. അവര്‍ പറയും; അത് അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണെന്ന്. എന്നാല്‍ അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട് അല്ലാഹുവിന്‍റെ പേരില്‍ കള്ളം പറയുകയാണ്.
അല്ലാഹുവിൽ നിന്നവതരിപ്പിക്കപ്പെട്ട തൗറാത്തിൽ ഇല്ലാത്തത് പറഞ്ഞു കൊണ്ട് തങ്ങളുടെ സംസാരം വളച്ചൊടിക്കുന്ന ഒരു വിഭാഗം യഹൂദികളുടെ കൂട്ടത്തിലുണ്ട്. അവർ തൗറാത്ത് വായിക്കുന്നവരാണെന്ന് നിങ്ങൾ ധരിക്കുവാൻ വേണ്ടിയാണത്. അത് തൗറാത്തിലുള്ളതല്ല. മറിച്ച് അവരുടെ കളവും, അല്ലാഹുവിൻ്റെ മേൽ അവർ കെട്ടിച്ചമച്ചു പറയുന്നതുമത്രെ അത്. അവർ പറയും; ഞങ്ങൾ വായിക്കുന്നത് അല്ലാഹുവിൽ നിന്നുള്ളതാണെന്ന്. എന്നാൽ അത് അല്ലാഹുവിങ്കൽ നിന്നുള്ളതല്ല. അവർ അല്ലാഹുവിൻറെ പേരിൽ കള്ളം പറയുകയാണ്. തങ്ങൾ അല്ലാഹുവിൻ്റെയും അവൻ്റെ ദൂതന്മാരുടെയും പേരിൽ കളവു പറയുകയാണെന്ന് അവർക്ക് തന്നെ അറിയാവുന്നതാണ്.
79
അല്ലാഹു ഒരു മനുഷ്യന് വേദവും മതവിജ്ഞാനവും പ്രവാചകത്വവും നല്‍കുകയും, എന്നിട്ട് അദ്ദേഹം ജനങ്ങളോട് നിങ്ങള്‍ അല്ലാഹുവെ വിട്ട് എന്‍റെ ദാസന്‍മാരായിരിക്കുവിന്‍ എന്ന് പറയുകയും ചെയ്യുക എന്നത് ഉണ്ടാകാവുന്നതല്ല. എന്നാല്‍ നിങ്ങള്‍ വേദഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിലൂടെയും, പഠിച്ച് കൊണ്ടിരിക്കുന്നതിലൂടെയും (അല്ലാഹുവിൻ്റെ) നിഷ്കളങ്ക ദാസന്‍മാരായിരിക്കണം (എന്നായിരിക്കും അദ്ദേഹം പറയുന്നത്.)
അല്ലാഹു ഒരു മനുഷ്യന് തൻറെ അടുത്ത് നിന്ന് വേദഗ്രന്ഥം അവതരിപ്പിക്കുകയും, അദ്ദേഹത്തിന് അറിവും ജ്ഞാനവും നൽകുകയും, അദ്ദേഹത്തെ നബിയായി തെരഞ്ഞെടുക്കുകയും, എന്നിട്ട് അദ്ദേഹം ജനങ്ങളോട് നിങ്ങൾ അല്ലാഹുവെ വിട്ട് എൻറെ ദാസന്മാരായിരിക്കുവിൻ എന്ന് പറയുകയും ചെയ്യുക എന്നത് ഉണ്ടാകാവുന്നതല്ല. എന്നാൽ നിങ്ങൾ അഗാധജ്ഞാനമുള്ള പണ്ഡിതന്മാരും, പഠിച്ചത് പ്രാവർത്തികമാക്കുന്നവരും, ജനങ്ങളെ (വൈജ്ഞാനികമായി) വളർത്തിക്കൊണ്ടു വരുന്നവരും, അവരുടെ കാര്യങ്ങൾ ശരിയാക്കുന്നവരുമാവുകയാണ് വേണ്ടത്. ജനങ്ങൾക്കായി അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങൾ നിങ്ങൾ അവരെ പഠിപ്പിക്കുകയും, അത് മനപാഠമാക്കുകയും ഗ്രഹിക്കുകയും ചെയ്തു കൊണ്ട് നിങ്ങൾ സ്വയം പഠിക്കുകയും ചെയ്യുന്നതിനാൽ (അപ്രകാരമാണ് നിങ്ങളാകേണ്ടത് എന്നത്രെ നബിമാർ പറയുക).
80
മലക്കുകളെയും പ്രവാചകന്‍മാരെയും നിങ്ങള്‍ രക്ഷിതാക്കളായി സ്വീകരിക്കണമെന്ന് അദ്ദേഹം നിങ്ങളോട് കല്‍പിക്കുകയുമില്ല. നിങ്ങള്‍ മുസ്ലിംകളായിക്കഴിഞ്ഞതിന് ശേഷം അവിശ്വാസം സ്വീകരിക്കാന്‍ അദ്ദേഹം നിങ്ങളോട് കല്‍പിക്കുമെന്നാണോ (നിങ്ങള്‍ കരുതുന്നത്?)
മലക്കുകളെയും പ്രവാചകന്മാരെയും അല്ലാഹുവിന് പുറമെ ആരാധിക്കുന്ന രക്ഷിതാക്കളായി സ്വീകരിക്കണമെന്ന് കൽപിക്കുക എന്നതും -അതു പോലെ- അദ്ദേഹത്തിൽ നിന്ന് സംഭവിക്കുകയില്ല. നിങ്ങൾ അല്ലാഹുവിന് കീഴൊതുങ്ങുകയും, അവന് സമർപ്പിക്കുകയും ചെയ്തു കൊണ്ട് മുസ്ലിമീങ്ങളായ ശേഷം അവിശ്വാസം സ്വീകരിക്കാൻ അദ്ദേഹം നിങ്ങളോട് കൽപിക്കുക എന്നത് അദ്ദേഹത്തിനെങ്ങനെ സാധിക്കും?!
81
അല്ലാഹു പ്രവാചകന്‍മാരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക) : ഞാന്‍ നിങ്ങള്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും നല്‍കുകയും, അനന്തരം നിങ്ങളുടെ പക്കലുള്ളതിനെ ശരിവെച്ചുകൊണ്ട് ഒരു ദൂതന്‍ നിങ്ങളുടെ അടുത്ത് വരികയുമാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും, അദ്ദേഹത്തെ സഹായിക്കുകയും ചെയ്യേണ്ടതാണ് എന്ന്. (തുടര്‍ന്ന്) അവന്‍ (അവരോട്) ചോദിച്ചു: നിങ്ങളത് സമ്മതിക്കുകയും അക്കാര്യത്തില്‍ എന്നോടുള്ള ബാധ്യത ഏറ്റെടുക്കുകയും ചെയ്തുവോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു. അവന്‍ പറഞ്ഞു: എങ്കില്‍ നിങ്ങള്‍ അതിന് സാക്ഷികളായിരിക്കുക. ഞാനും നിങ്ങളോടൊപ്പം സാക്ഷിയായിരിക്കുന്നതാണ്.
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു നബിമാരിൽ നിന്ന് ശക്തമായ കരാർ വാങ്ങിയ സന്ദർഭം താങ്കൾ സ്മരിക്കുക. അല്ലാഹു അവരോട് പറഞ്ഞു: ഞാൻ നിങ്ങൾക്ക് അവതരിപ്പിച്ച വേദഗ്രന്ഥവും പഠിപ്പിച്ച വിജ്ഞാനവും ഏതുതന്നെ ആയിരുന്നാലും, നിങ്ങളിലോരോരുത്തരും എത്രയെല്ലാം ഉന്നതമായ പദവിയിലും സ്ഥാനത്തിലും എത്തിയാലും, നിങ്ങളുടെ പക്കലുള്ള വേദത്തെയും വിജ്ഞാനത്തെയും ശരിവെച്ചുകൊണ്ട് ഒരു റസൂൽ -മുഹമ്മദ് നബി (സ) യാണ് ഇവിടെ ഉദ്ദേശം- നിങ്ങളുടെ അടുത്ത് വന്നാൽ തീർച്ചയായും നിങ്ങൾ അദ്ദേഹം കൊണ്ടുവന്നതിൽ വിശ്വസിക്കുകയും, അദ്ദേഹത്തെ പിൻപറ്റി സഹായിക്കുകയും ചെയ്യേണ്ടതാണ്! നിങ്ങളത് സമ്മതിക്കുകയും അക്കാര്യത്തിൽ ഞാനുമായി ശക്തമായ കരാർ സ്വീകരിക്കുകയും ചെയ്തിരിക്കുന്നുവോ? അവർ പറഞ്ഞു: അതെ! ഞങ്ങൾ അക്കാര്യം അംഗീകരിച്ചിരിക്കുന്നു. അല്ലാഹു പറഞ്ഞു: എങ്കിൽ നിങ്ങൾ നിങ്ങൾക്കു തന്നെയും, നിങ്ങളുടെ ജനസമൂഹങ്ങൾക്കും സാക്ഷികളായിരിക്കുക. നിങ്ങളുടെയും അവരുടെയും മേൽ -നിങ്ങളോടൊപ്പം- ഞാനും സാക്ഷിയാകുന്നു.
82
അതിന് ശേഷവും(16) ആരെങ്കിലും പിന്തിരിയുകയാണെങ്കില്‍ അവര്‍ തന്നെയാകുന്നു ധിക്കാരികള്‍.
അല്ലാഹുവിൽ നിന്നും അവൻ്റെ ദൂതന്മാരിൽ നിന്നുമുള്ള സാക്ഷ്യത്താൽ സുദൃഢമാക്കപ്പെട്ട ഈ കരാറിന് ശേഷം ആരെങ്കിലും പിന്തിരിഞ്ഞുകളയുന്ന പക്ഷം അത്തരക്കാർ തന്നെയാകുന്നു അല്ലാഹുവിൻറെ മതത്തിൽ നിന്നും അവനുള്ള അനുസരണയിൽ നിന്നും പുറത്ത് പോയവർ.
83
അപ്പോള്‍ അല്ലാഹുവിന്‍റെ മതമല്ലാത്ത മറ്റു വല്ല മതവുമാണോ അവര്‍ ആഗ്രഹിക്കുന്നത്? (വാസ്തവത്തില്‍) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണയോടെയോ നിര്‍ബന്ധിതമായോ അവന്ന് കീഴ്പെട്ടിരിക്കുകയാണ്. അവനിലേക്ക് തന്നെയാണ് അവര്‍ മടക്കപ്പെടുന്നതും.
അല്ലാഹു തൻറെ അടിമകൾക്ക് വേണ്ടി തെരഞ്ഞെടുത്ത ഇസ്ലാം മതമല്ലാത്ത മറ്റു വല്ല മതവുമാണോ അവർ അന്വേഷിക്കുന്നത്?! ആകാശങ്ങളിലും ഭൂമിയിലും ഉള്ള സർവ്വ സൃഷ്ടികളും അവന്ന് മാത്രമാണ് കീഴ്പെട്ടിരിക്കുന്നത്. അല്ലാഹുവിൽ വിശ്വസിച്ചവരെ പോലെ സ്വേഛപ്രകാരം അവന് കീഴൊതുങ്ങിയവരും, നിഷേധികളെ പോലെ അനിഷ്ടത്തോടെ കീഴൊതുങ്ങിയവരും അവരിലുണ്ട്. ഖിയാമത്ത് നാളിൽ വിചാരണക്കും പ്രതിഫലത്തിനും വേണ്ടി അവനിലേക്ക് തന്നെയാണ് അവർ മടക്കപ്പെടുന്നതും.
നബിയേ പറയുക: അല്ലാഹുവിനെ ആരാധ്യനായി ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അവൻ ഞങ്ങളോട് കൽപ്പിച്ചത് ഞങ്ങൾ അനുസരിച്ചിരിക്കുന്നു. അവങ്കൽ നിന്ന് ഞങ്ങൾക്ക് അവതരിപ്പിച്ചു കിട്ടിയ സന്ദേശത്തിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ഇബ്രാഹീമിനും ഇസ്മാഈലിനും ഇസ്ഹാഖിനും യഅ്ഖൂബിനും, യഅ്ഖൂബ് സന്തതികളിലെ പ്രവാചകന്മാർക്കും അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവർക്ക് നൽകപ്പെട്ടതിലും, സർവ്വ പ്രവാചകന്മാർക്കും അവരുടെ രക്ഷിതാവിങ്കൽ നിന്ന് നൽകപ്പെട്ട വേദഗ്രന്ഥങ്ങളിലും ദൃഷ്ടാന്തങ്ങളിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ചിലരിൽ വിശ്വസിക്കുകയും, മറ്റു ചിലരെ നിഷേധിക്കുകയും ചെയ്തു കൊണ്ട് അവരിൽ ആർക്കിടയിലും ഞങ്ങൾ വിവേചനം കൽപ്പിക്കുന്നില്ല. ഞങ്ങൾ അല്ലാഹുവിന്ന് മാത്രം കീഴ്പെട്ടവരും, അവന് സമർപ്പിച്ചവരുമാകുന്നു.
85
ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും.
അല്ലാഹു തൃപ്തിപ്പെട്ട ഇസ്ലാം അല്ലാത്ത മറ്റേതെങ്കിലും മതത്തെ ആരെങ്കിലും തൻ്റെ മതമായി അന്വേഷിക്കുന്ന പക്ഷം അത് അവനിൽ നിന്ന് ഒരിക്കലും അല്ലാഹു സ്വീകരിക്കുന്നതല്ല. അന്ത്യനാളിൽ സ്വന്തത്തെ നരകത്തിലേക്ക് വലിച്ചിഴച്ച നഷ്ടക്കാരിലാണ് അവൻ ഉൾപ്പെടുക.
86
വിശ്വാസത്തിന് ശേഷം അവിശ്വാസം സ്വീകരിച്ച ഒരു ജനതയെ അല്ലാഹു എങ്ങനെ നേര്‍വഴിയിലാക്കും? അവരാകട്ടെ (അല്ലാഹുവിൻ്റെ) ദൂതന്‍ സത്യവാനാണെന്ന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവര്‍ക്ക് വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയിട്ടുമുണ്ട്. അക്രമികളായ ആ ജനവിഭാഗത്തെ അല്ലാഹു നേര്‍വഴിയിലാക്കുന്നതല്ല.
അല്ലാഹുവിൽ വിശ്വസിക്കുകയും മുഹമ്മദ് നബി (സ) കൊണ്ടുവന്നത് സത്യമാണെന്ന് സാക്ഷ്യപ്പെടുത്തുകയും അതിൻറെ സത്യതക്ക് വ്യക്തമായ തെളിവുകൾ വന്നെത്തുകയും ചെയ്ത ശേഷം അവിശ്വാസം സ്വീകരിച്ച ഒരു ജനതക്ക് എങ്ങനെയാണ് അല്ലാഹുവിലും അവൻറെ ദൂതരിലും വിശ്വസിക്കാൻ അല്ലാഹു സൗഭാഗ്യം നൽകുക ? സന്മാർഗ്ഗത്തിന് പകരം വഴികേട് തെരഞ്ഞെടുത്ത അക്രമികളായ ജനവിഭാഗത്തെ അല്ലാഹു നേർവഴിയിലാക്കുന്നതല്ല.
87
അല്ലാഹുവിന്‍റെയും മലക്കുകളുടെയും മനുഷ്യരുടെയും എല്ലാം ശാപം അവരുടെ മേലുണ്ടായിരിക്കുക എന്നതത്രെ അവര്‍ക്കുള്ള പ്രതിഫലം.
അസത്യത്തെ തെരഞ്ഞെടുത്ത ആ അക്രമികൾക്കുള്ള പ്രതിഫലം അല്ലാഹുവിൻറെയും മലക്കുകളുടെയും മനുഷ്യരുടെയും എല്ലാം ശാപം അവരുടെ മേലുണ്ടായിരിക്കുക എന്നതത്രെ. അവർ അല്ലാഹുവിൻറെ കാരുണ്യത്തിൽ നിന്നും അകറ്റപ്പെടുന്നവരും ആട്ടിയോടിക്കപ്പെടുന്നവരുമായിരിക്കും.
88
അവര്‍ അതില്‍ (ശാപഫലമായ ശിക്ഷയില്‍) സ്ഥിരവാസികളായിരിക്കുന്നതാണ്. അവര്‍ക്ക് ശിക്ഷ ലഘൂകരിക്കപ്പെടുന്നതല്ല. അവര്‍ക്ക് അവധി നല്‍കപ്പെടുകയുമില്ല.
നരകത്തിൽ അവർ ശാശ്വതരായിരിക്കും, അതിൽ നിന്നവർ പുറത്ത് കടക്കുകയില്ല. അവർക്ക് ശിക്ഷ ഇളവ് ചെയ്യപ്പെടുകയില്ല. പശ്ചാത്തപിക്കാനും ഒഴിവുകഴിവ് പറയാനും അവർക്ക് ഇടകൊടുക്കപ്പെടുകയുമില്ല.
89
അതിന് (അവിശ്വാസത്തിനു) ശേഷം പശ്ചാത്തപിക്കുകയും, ജീവിതം നന്നാക്കിത്തീര്‍ക്കുകയും ചെയ്തവരൊഴികെ. അപ്പോള്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും അത്യധികം കരുണ കാണിക്കുന്നവനുമാകുന്നു.
തങ്ങളുടെ നിഷേധത്തിനും അക്രമത്തിനും ശേഷം അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും, തങ്ങളുടെ പ്രവർത്തനങ്ങൾ നന്നാക്കുകയും ചെയ്തവർ ഒഴികെ. തീർച്ചയായും അല്ലാഹു തൻ്റെ ദാസന്മാരിൽ നിന്ന് പശ്ചാത്തപിക്കുന്നവർക്ക് ഏറെ പൊറുത്തു കൊടുക്കുന്നവനും (ഗഫൂർ) അവരോട് ധാരാളമായി കരുണ കാണിക്കുന്നവനും (റഹീം) തന്നെയാകുന്നു.
90
വിശ്വസിച്ചതിന് ശേഷം അവിശ്വാസികളായി മാറുകയും, അവിശ്വാസം കൂടിക്കൂടി വരികയും ചെയ്ത വിഭാഗത്തിന്‍റെ പശ്ചാത്താപം ഒരിക്കലും സ്വീകരിക്കപ്പെടുകയില്ല. അവരത്രെ വഴിപിഴച്ചവര്‍.
(അല്ലാഹുവിൽ) വിശ്വസിച്ചതിന് ശേഷം അവിശ്വാസികളായി മാറുകയും, മരണം കൺമുന്നിൽ കാണുന്നത് വരെ അവിശ്വാസത്തിൽ തുടരുകയും ചെയ്ത വിഭാഗത്തിൻറെ പശ്ചാത്താപം ഒരിക്കലും സ്വീകരിക്കപ്പെടുകയില്ല. കാരണം പശ്ചാത്തപിക്കാനുള്ള അവരുടെ അവസരം കഴിഞ്ഞു പോയിരിക്കുന്നു. അവരത്രെ അല്ലാഹുവിലേക്കെത്തുന്ന നേരായ മാർഗത്തിൽ നിന്ന് വഴിപിഴച്ചു പോയവർ.
91
അവിശ്വസിക്കുകയും അവിശ്വാസികളായിക്കൊണ്ട് മരിക്കുകയും ചെയ്തവരില്‍പെട്ട ഒരാള്‍ ഭൂമി നിറയെ സ്വര്‍ണം പ്രായശ്ചിത്തമായി നല്‍കിയാല്‍ പോലും അത് സ്വീകരിക്കപ്പെടുന്നതല്ല. അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്. അവര്‍ക്ക് സഹായികളായി ആരുമുണ്ടായിരിക്കുന്നതുമല്ല.
(അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും) നിഷേധിക്കുകയും, തങ്ങളുടെ നിഷേധത്തിൽ നിലകൊള്ളവരെ മരണപ്പെടുകയും ചെയ്ത ഒരാൾ നരകത്തിൽ നിന്ന് രക്ഷപ്പെടാനായി ഭൂമി നിറയെ സ്വർണം പ്രായശ്ചിത്തമായി നൽകിയാൽ പോലും അവനിൽ നിന്ന് അത് സ്വീകരിക്കപ്പെടുന്നതല്ല. അവർക്കാണ് വേദനയേറിയ ശിക്ഷയുള്ളത്. ഖിയാമത്ത് നാളിൽ ശിക്ഷയിൽ നിന്ന് തടയാൻ സഹായികളായി ആരുമുണ്ടായിരിക്കുന്നതുമല്ല.
92
നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നത് വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ഏതൊരു വസ്തു ചെലവഴിക്കുന്നതായാലും തീര്‍ച്ചയായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു.
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങൾ ഇഷ്ടപ്പെടുന്ന നിങ്ങളുടെ ധനത്തിൽ നിന്ന് അല്ലാഹുവിൻറെ മാർഗ്ഗത്തിൽ ചെലവഴിക്കുന്നത് വരെ നിങ്ങൾക്ക് പുണ്യവാൻമാരുടെ പ്രതിഫലവും പദവിയും നേടാനാവില്ല. നിങ്ങൾ എന്തൊന്ന് ചെലവഴിക്കുന്നതായാലും -അതെത്ര കൂടുതലായാലും കുറവായാലും- തീർച്ചയായും അല്ലാഹു നിങ്ങളുടെ ഉദ്ദേശങ്ങളും പ്രവർത്തനങ്ങളും നന്നായി അറിയുന്നവനാകുന്നു. എല്ലാവർക്കും അവരുടെ പ്രവർത്തനങ്ങൾക്കനുസരിച്ച് അവൻ പ്രതിഫലം നൽകുകയും ചെയ്യുന്നതാണ്.
പരിശുദ്ധമായ എല്ലാ ഭക്ഷണങ്ങളും ഇസ്രാഈൽ സന്തതികൾക്ക് അനുവദനീയമായിരുന്നു. തൗറാത്ത് അവതരിക്കുന്നതിന് മുൻപ് യഅ്ഖൂബ് നബി -عَلَيْهِ السَّلَامُ- തൻ്റെ മേൽ നിഷിദ്ധമാക്കിയവയല്ലാതെ മറ്റൊന്നും അവരുടെ മേൽ നിഷിദ്ധമായിരുന്നില്ല. യഹൂദർ അവകാശപ്പെടുന്നത് പോലെ അവയൊന്നും നിഷിദ്ധമാണെന്ന കാര്യം തൗറാത്തിൽ പറയപ്പെട്ടതല്ല. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: നിങ്ങൾ തൗറാത്ത് കൊണ്ടുവരികയും, അതെടുത്ത് വായിക്കുകയും ചെയ്യുക; നിങ്ങൾ വാദിക്കുന്നത് സത്യമാണെങ്കിൽ (അപ്രകാരം ചെയ്യൂ). അതോടെ അവരുടെ വായ അടയുകയാണുണ്ടായത്. അവർ തൗറാത്ത് കൊണ്ടുവരാൻ തയ്യാറായില്ല. യഹൂദർ തൗറാത്തിൽ കെട്ടിച്ചമക്കുകയും, അതിൻ്റെ ഉള്ളടക്കം വക്രീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന ഒരു ഉദാഹരണം മാത്രമാണിത്.
94
എന്നിട്ട് അതിനു ശേഷവും അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവരാരോ അവര്‍ തന്നെയാകുന്നു അക്രമികള്‍.
തെളിവ് വ്യക്തമായി തീർന്നതിന് ശേഷവും ആരെങ്കിലും അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുകയും, യഅ്ഖൂബ് നബി -عَلَيْهِ السَّلَامُ- അല്ലാഹു നിഷിദ്ധമാക്കാത്തത് സ്വയം തൻ്റെ മേൽ നിഷിദ്ധമാക്കിയെന്ന് ജൽപ്പിക്കുകയും ചെയ്താൽ അക്കൂട്ടർ തന്നെയാകുന്നു സ്വന്തത്തോട് അതിക്രമം പ്രവർത്തിച്ചവർ. (കാരണം) തെളിവ് വ്യക്തമായതിന് ശേഷവും അവർ സത്യത്തെ ഉപേക്ഷിച്ചിരിക്കുന്നു.
95
(നബിയേ,) പറയുക: അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു. ആകയാല്‍ ശുദ്ധമനസ്കനായ ഇബ്രാഹീമിന്‍റെ മാര്‍ഗം നിങ്ങള്‍ പിന്തുടരുക. അദ്ദേഹം ബഹുദൈവാരാധകരുടെ കൂട്ടത്തിലായിരുന്നില്ല.
അല്ലാഹുവിൻ്റെ റസൂലേ! പറയുക: യഅ്ഖൂബ് നബി -عَلَيْهِ السَّلَامُ- യെ കുറിച്ച് അല്ലാഹു അറിയിച്ചത് സത്യമാകുന്നു. അവൻ അവതരിപ്പിച്ച എല്ലാ കാര്യവും മുഴുവൻ മതനിയമങ്ങളും അപ്രകാരം തന്നെ. അതിനാൽ നിങ്ങൾ ഇബ്രാഹീം -عَلَيْهِ السَّلَامُ- ൻ്റെ ദീൻ പിൻപറ്റുക. എല്ലാ മതങ്ങളിൽ നിന്നും വിട്ടുനിന്ന, (അല്ലാഹുവിന് മാത്രം സമർപ്പിക്കുന്ന) ഇസ്ലാമിലേക്ക് ചാഞ്ഞു നിന്ന വ്യക്തിയായിരുന്നു അദ്ദേഹം. അല്ലാഹുവിൽ മറ്റാരെയും ഒരിക്കൽ പോലും അദ്ദേഹം പങ്കുചേർക്കുകയുണ്ടായിട്ടില്ല.
96
തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍(18) ഉള്ളതത്രെ. (അത്) അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു.)
ഭൂമിയിൽ മനുഷ്യർക്ക് അല്ലാഹുവിനെ ആരാധിക്കുന്നതിന് വേണ്ടി മാത്രമായി ആദ്യമായി നിർമ്മിക്കപ്പെട്ട ഭവനം മക്കയിലുള്ള അല്ലാഹുവിൻ്റെ ഭവനമായ പവിത്രമായ കഅ്ബയാകുന്നു. അനുഗൃഹീതമായ ഗേഹമാകുന്നു അത്; ഐഹികവും പാരത്രികവുമായ അനേകം നന്മകൾ അതിലുണ്ട്. സർവ്വ ലോകർക്കും സന്മാർഗത്തിന് ഉതകുന്നതും അതിലുണ്ട്.
97
അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍- (വിശിഷ്യാ) ഇബ്രാഹീം നിന്ന സ്ഥലം -ഉണ്ട്. ആര്‍ അവിടെ പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്. ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരുടെ ആശ്രയമില്ലാത്തവനാകുന്നു.
ആ ഭവനത്തിൻ്റെ ശ്രേഷ്ഠതയും മഹത്വവും ബോധ്യപ്പെടുത്തുന്ന അനേകം ദൃഷ്ടാന്തങ്ങൾ അവിടെയുണ്ട്. അവിടെ നടക്കുന്ന ഹജ്ജിൻ്റെ കർമ്മങ്ങളും ആരാധനകളും ഉദാഹരണം. കഅ്ബയുടെ മതിൽ കെട്ടിയുയർത്തുന്ന വേളയിൽ ഇബ്രാഹീം നിലയുറപ്പിച്ച കല്ല് ആ അടയാളങ്ങളിൽ പെട്ടതാണ്. ആ ഭവനത്തിൽ ആരെങ്കിലും പ്രവേശിച്ചാൽ അവൻ്റെ ഭയം നീങ്ങുമെന്നതും, യാതൊരു ഉപദ്രവവും അവനെ ബാധിക്കില്ലെന്നതും അതിൽ പെട്ട മറ്റൊരു അടയാളമാണ്. ഹജ്ജിൻ്റെ കർമ്മങ്ങൾ നിർവ്വഹിക്കുക എന്ന ഉദ്ദേശത്തോടെ ഈ ഭവനത്തെ ലക്ഷ്യം വെച്ച് തീർത്ഥയാത്ര നടത്തുക എന്നത് അവിടേക്ക് എത്തിപ്പെടാൻ സാധിക്കുന്ന എല്ലാ മനുഷ്യർക്കും അല്ലാഹുവിനോടുള്ള നിർബന്ധ ബാധ്യതയത്രെ. ആര് ഹജ്ജ് എന്ന നിർബന്ധ ആരാധനാ കർമ്മത്തെ നിഷേധിച്ചോ തീർച്ചയായും അല്ലാഹു ആ കാഫിറിൽ നിന്നും, സർവ്വ ലോകരിൽ നിന്നും അങ്ങേയറ്റം ധന്യനത്രെ.
അല്ലാഹുവിൻ്റെ റസൂലേ! പറയുക: യഹൂദരിലും നസ്വാറാക്കളിലും പെട്ട വേദക്കാരേ! മുഹമ്മദ് നബി -ﷺ- യുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന തെളിവുകളെ നിങ്ങളെന്തിനാണ് നിഷേധിക്കുന്നത്?! അതിൽ പെട്ട ചില തെളിവുകൾ തൗറാത്തിലും ഇഞ്ചീലിലും വന്നവയാണല്ലോ?! അല്ലാഹു നിങ്ങളുടെ ഈ പ്രവർത്തനങ്ങളെല്ലാം കാണുകയും, അവക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നുണ്ട്. അവക്കുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്.
99
(നബിയേ,) പറയുക: വേദക്കാരേ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്- അതിനെ വളച്ചൊടിക്കാന്‍ ശ്രമിച്ചു കൊണ്ട്-നിങ്ങളെന്തിന് വിശ്വാസികളെ പിന്തിരിപ്പിച്ചുകളയുന്നു? (ആ മാര്‍ഗം ശരിയാണെന്നതിന്) നിങ്ങള്‍ തന്നെ സാക്ഷികളാണല്ലോ. നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.
അല്ലാഹുവിൻ്റെ റസൂലേ! പറയുക: യഹൂദരിൽ നസ്വാറാക്കളിലും പെട്ട വേദക്കാരേ! ജനങ്ങളുടെ കൂട്ടത്തിൽ നിന്ന് അല്ലാഹുവിൻ്റെ ദീനിൽ വിശ്വസിച്ചവരെ നിങ്ങൾ എന്തിനാണ് തടയുന്നത്?! അല്ലാഹുവിൻ്റെ മതം സത്യത്തിൽ നിന്ന് അസത്യത്തിലേക്കും, അതിൻ്റെ വക്താക്കൾ സന്മാർഗത്തിൽ നിന്ന് വഴികേടിലേക്കും ചാഞ്ഞു പോകണമെന്ന് നിങ്ങളെന്തിനാണ് ആഗ്രഹിക്കുന്നത്?! നിങ്ങളാകട്ടെ, ഈ മതം (ഇസ്ലാം) തന്നെയാണ് സത്യമെന്നും, അത് നിങ്ങളുടെ വേദഗ്രന്ഥങ്ങളിലുള്ളത് സത്യപ്പെടുത്തുന്നുണ്ടെന്നും സാക്ഷ്യം വഹിക്കുന്നവരുമാണ്. നിങ്ങൾ അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തടുക്കുകയും ചെയ്യുന്നതിനെ കുറിച്ച് അല്ലാഹു അശ്രദ്ധനല്ല തന്നെ; അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്.
100
സത്യവിശ്വാസികളേ, വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം നിങ്ങള്‍ വിശ്വാസം സ്വീകരിച്ചതിന് ശേഷം അവര്‍ നിങ്ങളെ അവിശ്വാസികളായി മാറ്റിയേക്കും.
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്തവരേ! യഹൂദരും നസ്വാറാക്കളുമാകുന്ന വേദക്കാരിൽ പെട്ട ഏതെങ്കിലും വിഭാഗത്തെ അവർ പറയുന്നതിൽ നിങ്ങൾ പിൻപറ്റുകയും, അവരുടെ അഭിപ്രായം നിങ്ങൾ സ്വീകരിക്കുകയും ചെയ്താൽ അല്ലാഹുവിൽ വിശ്വസിച്ചതിന് ശേഷം അവനെ നിഷേധിക്കുന്നതിലേക്ക് തന്നെ നിങ്ങളെ അവർ തിരികെ കൊണ്ടെത്തിക്കുന്നതാണ്. അവർക്ക് നിങ്ങളോടുള്ള അസൂയയും, അവർ അകപ്പെട്ടിരിക്കുന്ന ദുർമാർഗവുമാണതിന് കാരണം.
അല്ലാഹുവിൽ വിശ്വസിച്ചതിന് ശേഷം എങ്ങനെയാണ് നിങ്ങൾ അല്ലാഹുവിനെ നിഷേധിക്കുക?! (അല്ലാഹുവിലും അവൻ്റെ മതമായ ഇസ്ലാമിലുമുള്ള) വിശ്വാസത്തിൽ ഉറച്ചു നിലകൊള്ളാനുള്ള ഏറ്റവും മഹത്തരമായ കാരണം നിങ്ങളോടൊപ്പമുണ്ട്. അല്ലാഹുവിൻ്റെ ആയത്തുകളിതാ നിങ്ങൾക്ക് മേൽ പാരായണം ചെയ്തു കേൾപ്പിക്കപ്പെടുന്നു. അല്ലാഹുവിൻ്റെ ദൂതനായ മുഹമ്മദ് നബി -ﷺ- നിങ്ങൾക്ക് അത് വിശദീകരിച്ചു നൽകുകയും ചെയ്യുന്നു. ആരെങ്കിലും അല്ലാഹുവിൻ്റെ ഗ്രന്ഥമായ ഖുർആനും, നബി -ﷺ- യുടെ ചര്യയും മുറുകെ പിടിച്ചാൽ അവനെ അല്ലാഹു വക്രതകളില്ലാത്ത നേരായ മാർഗത്തിലേക്ക് നയിക്കുക തന്നെ ചെയ്യും.
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്തവരേ! നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ ഭയക്കേണ്ട മുറപ്രകാരം നിങ്ങൾ ഭയക്കുക! അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും, അവൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിച്ചു കൊണ്ടുമാണ് അവനെ ഭയക്കേണ്ടത്. നിങ്ങളുടെ മതമായ ഇസ്ലാമിനെ നിങ്ങൾ മുറുകെ പിടിക്കുകയും ചെയ്യുക; മരണം നിങ്ങളിലേക്ക് വന്നെത്തുന്നത് വരെ അതേ മാർഗത്തിൽ നിങ്ങൾ നിലയുറപ്പിക്കുക.
103
നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്‍റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഡത്തിന്‍റെ(19) വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി.
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങൾ ഖുർആനും നബി -ﷺ- യുടെ ചര്യയും മുറുകെ പിടിക്കുക. നിങ്ങളെ ഭിന്നിപ്പിലേക്ക് എത്തിക്കുന്ന ഒന്നും നിങ്ങൾ പ്രവർത്തിച്ചു പോകരുത്. ഇസ്ലാം (സ്വീകരിക്കുന്നതിന്) മുൻപ് നിങ്ങൾ ശത്രുക്കളായിരിക്കുകയും, ഏറ്റവും ചെറിയ കാര്യത്തിന് പോലും പരസ്പരം പോരടിക്കുകയും ചെയ്തിരുന്ന അവസ്ഥക്ക് ശേഷം അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹം നിങ്ങൾ ഓർക്കുകയും ചെയ്യുക. അവൻ ഇസ്ലാമിലൂടെ നിങ്ങളുടെ ഹൃദയങ്ങളെ ഒരുമിപ്പിക്കുകയും, അവൻ്റെ ഔദാര്യത്താൽ നിങ്ങൾ ദീനിൻ്റെ മാർഗത്തിൽ -പരസ്പരം കാരുണ്യം ചൊരിയുകയും, ഗുണകാംക്ഷ പുലർത്തുകയും ചെയ്യുന്ന- സഹോദരങ്ങളായിത്തീരുകയും ചെയ്തു. അതിന് മുൻപ് നിങ്ങൾ (അല്ലാഹുവിനെ) നിഷേധിച്ചതിനാൽ നരകത്തിൽ പ്രവേശിക്കാൻ വളരെ അടുത്തു നിന്നവരായിരുന്നു. അങ്ങനെ അല്ലാഹു നിങ്ങളെ ഇസ്ലാം മുഖേന അതിൽ നിന്ന് രക്ഷപ്പെടുത്തുകയും, അല്ലാഹുവിൽ വിശ്വസിക്കാൻ നിങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു. ഇതെല്ലാം അല്ലാഹു നിങ്ങൾക്ക് വിശദീകരിച്ചു നൽകിയത് പോലെ, ഇഹലോകത്തും പരലോകത്തും നിങ്ങൾക്ക് പ്രയോജനപ്രദമായത് അല്ലാഹു നിങ്ങൾക്ക് വിശദീകരിച്ചു നൽകുന്നു. സന്മാർഗത്തിൻ്റെ വഴിയിലേക്ക് നിങ്ങൾ എത്തിപ്പെടുന്നതും, നേർമാർഗത്തിൽ നിങ്ങൾ പ്രവേശിക്കുന്നതിനുമത്രെ അത്.
104
നന്‍മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍.
അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹു ഇഷ്ടപ്പെടുന്ന എല്ലാ നന്മയിലേക്കും ക്ഷണിക്കുകയും, ഇസ്ലാം പഠിപ്പിച്ചു നൽകുകയും ബുദ്ധി മനോഹരമായി കാണുകയും ചെയ്യുന്ന എല്ലാ സദാചാരങ്ങളും കൽപ്പിക്കുകയും, ഇസ്ലാം വിലക്കുകയും ബുദ്ധി മോശമായി കാണുകയും ചെയ്യുന്ന എല്ലാ ദുരാചാരങ്ങളും വിലക്കുകയും ചെയ്യുന്ന ഒരു കൂട്ടം നിങ്ങളിൽ നിന്നുണ്ടാകട്ടെ! ഈ പറയപ്പെട്ട സ്വഭാവഗുണങ്ങൾ ഉള്ളവർ തന്നെയാകുന്നു ഇഹലോകത്തും പരലോകത്തും പരിപൂർണ്ണ വിജയം നേടിയെടുത്തവർ.
105
വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന് ശേഷം പല കക്ഷികളായി പിരിഞ്ഞ് ഭിന്നിച്ചവരെപ്പോലെ നിങ്ങളാകരുത്. അവര്‍ക്കാണ് കനത്ത ശിക്ഷയുള്ളത്.
അല്ലാഹുവിൽ വിശ്വസിച്ചവരേ! ഭിന്നിച്ചു പോവുകയും, അങ്ങനെ കക്ഷികളും വ്യത്യസ്ത കൂട്ടങ്ങളുമായി തീർന്ന വേദക്കാരെ പോലെ നിങ്ങൾ ആയിത്തീരരുത്. അല്ലാഹുവിൽ നിന്ന് വ്യക്തമായ തെളിവുകൾ വന്നെത്തിയതിന് ശേഷം അവർ തങ്ങളുടെ മതത്തിൻ്റെ കാര്യത്തിൽ അഭിപ്രായഭിന്നതയിലായി. ആ പറയപ്പെട്ടവർക്ക് അല്ലാഹുവിൽ നിന്ന് ഗുരുതരമായ ശിക്ഷ തന്നെയുണ്ട്.
106
ചില മുഖങ്ങള്‍ വെളുക്കുകയും, ചില മുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തില്‍. എന്നാല്‍ മുഖങ്ങള്‍ കറുത്തു പോയവരോട് പറയപ്പെടും: വിശ്വാസം സ്വീകരിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിക്കുകയാണോ ചെയ്തത്? എങ്കില്‍ നിങ്ങള്‍ അവിശ്വാസം സ്വീകരിച്ചതിന്‍റെ ഫലമായി ശിക്ഷ അനുഭവിച്ചു കൊള്ളുക.
ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർക്ക് മേൽ ഈ ഭയങ്കരമായ ശിക്ഷ സംഭവിക്കുന്നതാണ്. അല്ലാഹുവിൽ വിശ്വസിച്ചവരുടെ മുഖങ്ങൾ അന്നേരം സന്തോഷവും സൗഭാഗ്യവും കാരണത്താൽ വെളുക്കുന്നതാണ്. അല്ലാഹുവിനെ നിഷേധിച്ചവരുടെ മുഖങ്ങൾ അന്നേ ദിവസം ദുഃഖവും നിരാശയും കാരണത്താൽ കറുക്കുന്നതുമാണ്. എന്നാൽ ഭയാനകമായ ആ ദിവസത്തിൽ മുഖങ്ങൾ കറുത്തു പോയവർ; അവരെ ആക്ഷേപിച്ചുകൊണ്ട് അന്നേ ദിവസം പറയപ്പെടും: അല്ലാഹുവിനെ ഏകനാക്കുക എന്നതും, അവനിൽ യാതൊന്നിനെയും പങ്കുചേർക്കുകയില്ല എന്ന കരാറും -അവ സത്യപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്തതിന് ശേഷം- നിങ്ങൾ നിഷേധിച്ചു കളഞ്ഞുവോ?! അതിനാൽ നിങ്ങളുടെ നിഷേധം കാരണത്താൽ അല്ലാഹു നിങ്ങൾക്കായി ഒരുക്കി വെച്ച ശിക്ഷ നിങ്ങൾ ആസ്വദിച്ചു കൊള്ളുക.
എന്നാൽ മുഖങ്ങൾ വെളുത്തു തിളങ്ങുന്നവർ; അവരുടെ സ്ഥാനം സുഖാനുഗ്രഹങ്ങളുടെ സ്വർഗങ്ങളിലായിരിക്കും. അവരതിൽ എന്നെന്നേക്കുമായി ശാശ്വതവാസികളാണ്. ഒരിക്കലും അവസാനിക്കുകയോ മാറുകയോ ചെയ്യാത്ത സുഖാനുഗ്രഹങ്ങളിൽ.
108
അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളത്രെ അവ. സത്യപ്രകാരം നാം അവ നിനക്ക് ഓതികേള്‍പിച്ചു തരുന്നു. ലോകരോട് ഒരു അനീതിയും കാണിക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല.
അല്ലാഹുവിൻ്റെ വാഗ്ദാനങ്ങളും താക്കീതുകളും ഉൾക്കൊള്ളുന്ന അവൻ്റെ ആയത്തുകൾ നാമിതാ -അല്ലാഹുവിൻ്റെ റസൂലേ!- താങ്കൾക്ക് പാരായണം ചെയ്തു കേൾപ്പിക്കുന്നു. അവ വാർത്തകളിൽ പരിപൂർണ്ണ സത്യസന്ധവും, വിധിവിലക്കുകളിൽ പരിപൂർണ്ണ നീതിയുമുള്ളതാണ്. അല്ലാഹു ലോകരിൽ ഒരാളോടും തന്നെ അനീതി ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. മറിച്ച്, ഒരാളെയും അവർ പ്രവർത്തിച്ചതിൻ്റെ കാരണത്താലല്ലാതെ അവൻ ശിക്ഷിക്കുന്നതല്ല.
ആകാശങ്ങളിലെയും ഭൂമിയിലെയും അധികാരം അല്ലാഹുവിന് മാത്രമാകുന്നു. അവ സൃഷ്ടിച്ചതും നിയന്ത്രിക്കുന്നതും അവനത്രെ. അവൻ്റെ സൃഷ്ടികളുടെയെല്ലാം മടക്കവും അവനിലേക്കാകുന്നു. അപ്പോൾ അർഹമായ കണക്കിലുള്ള പ്രതിഫലം അവർക്കെല്ലാം അവൻ നൽകുന്നതാണ്.
110
മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാര്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഉത്തമമായിരുന്നു. അവരുടെ കൂട്ടത്തില്‍ വിശ്വാസമുള്ളവരുണ്ട്. എന്നാല്‍ അവരില്‍ അധികപേരും ധിക്കാരികളാകുന്നു.
മുഹമ്മദ് നബി (ﷺ) യുടെ സമൂഹമേ! (അല്ലാഹുവിലുള്ള) വിശ്വാസത്തിലും (സൽകർമ്മങ്ങൾ) പ്രവർത്തിക്കുന്നതിലും ജനങ്ങളിൽ ഏറ്റവും നല്ലവരായ നിലയിൽ, ജനങ്ങൾക്ക് വേണ്ടി അല്ലാഹു കൊണ്ടുവന്ന സമൂഹമാകുന്നു നിങ്ങൾ. മനുഷ്യരുടെ കൂട്ടത്തിൽ ജനങ്ങൾക്ക് ഏറ്റവും ഉപകാരമുള്ളവരാകുന്നു നിങ്ങൾ. (ഇസ്ലാമിക) നിയമങ്ങൾ പഠിപ്പിക്കുകയും (സാമാന്യ) ബുദ്ധി നല്ലതാണെന്ന് അംഗീകരിക്കുകയും ചെയ്യുന്ന സദാചാരങ്ങൾ കൽപ്പിക്കുകയും, (ഇസ്ലാമിക) നിയമങ്ങൾ നിരോധിക്കുകയും (സാമാന്യ) ബുദ്ധി മോശമായി കാണുകയും ചെയ്യുന്ന ദുരാചാരങ്ങൾ വിലക്കുകയും ചെയ്യുന്നു നിങ്ങൾ. അല്ലാഹുവിൽ നിങ്ങൾ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു; നിങ്ങളുടെ പ്രവർത്തനങ്ങൾ (ആ വിശ്വാസത്തെ) സത്യപ്പെടുത്തുന്നുണ്ട്. യഹൂദരും നസ്വാറാക്കളുമാകുന്ന വേദക്കാർ മുഹമ്മദ് നബി (ﷺ) യിൽ വിശ്വസിക്കുകയാണെങ്കിൽ ഇഹലോകത്തും പരലോകത്തും അവർക്ക് അതാണ് നല്ലതായിട്ടുള്ളത്. വേദക്കാരുടെ കൂട്ടത്തിൽ മുഹമ്മദ് നബി (ﷺ) കൊണ്ടുവന്ന ദീനിൽ വിശ്വസിക്കുന്ന ഒരു ന്യൂനപക്ഷമുണ്ട്. എന്നാൽ അവരിൽ ബഹുഭൂരിപക്ഷവും അല്ലാഹുവിൻ്റെ മതവും നിയമസംഹിതയും ഉപേക്ഷിച്ച ധിക്കാരികളത്രെ.
111
ചില്ലറ ശല്യമല്ലാതെ നിങ്ങള്‍ക്ക് ഒരു ഉപദ്രവവും വരുത്താന്‍ അവര്‍ക്കാവില്ല. ഇനി അവര്‍ നിങ്ങളോട് യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ തന്നെ അവര്‍ പിന്തിരിഞ്ഞോടുന്നതാണ്. പിന്നീടവര്‍ക്ക് സഹായം ലഭിക്കുകയുമില്ല.
(അല്ലാഹുവിൽ) വിശ്വസിച്ചവരേ! എത്രയെല്ലാം ശത്രുത അവർക്ക് നിങ്ങളോടുണ്ടെങ്കിലും നിങ്ങൾക്കോ നിങ്ങളുടെ മതത്തിനോ യാതൊരു ഉപദ്രവമേൽപ്പിക്കാൻ ഒരിക്കലും അവർക്ക് സാധ്യമല്ല; ദീനിനെ ആക്ഷേപിക്കുകയും, നിങ്ങളെ പരിഹസിക്കുകയുമൊക്കെ ചെയ്തു കൊണ്ട് തങ്ങളുടെ നാവ് കൊണ്ട് നിങ്ങളെ ഉപദ്രവിക്കാനേ അവർക്ക് കഴിയൂ. അവർ നിങ്ങളോട് യുദ്ധം ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് മുൻപിൽ പരാജിതരായി അവർ പിന്തിരിഞ്ഞോടുന്നതാണ്. നിങ്ങൾക്ക് മേൽ അവർക്ക് ഒരിക്കലും വിജയം നൽകപ്പെടുന്നതല്ല.
112
നിന്ദ്യത അവരില്‍ അടിച്ചേല്‍പിക്കപ്പെട്ടിരിക്കുന്നു; അവര്‍ എവിടെ കാണപ്പെട്ടാലും. അല്ലാഹുവില്‍ നിന്നുള്ള പിടികയറോ, ജനങ്ങളില്‍ നിന്നുള്ള പിടികയറോ മുഖേനയല്ലാതെ (അവര്‍ക്ക് അതില്‍ നിന്ന് മോചനമില്ല.) അവര്‍ അല്ലാഹുവിന്‍റെ കോപത്തിന് പാത്രമാകുകയും, അവരുടെ മേല്‍ അധമത്വം അടിച്ചേല്‍പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അവര്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ തള്ളിക്കളയുകയും, അന്യായമായി പ്രവാചകന്‍മാരെ കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നതിന്‍റെ ഫലമത്രെ അത്. അവര്‍ അനുസരണക്കേട് കാണിക്കുകയും, അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്തതിന്‍റെ ഫലമത്രെ അത്.
യഹൂദർ എവിടെയാണെങ്കിലും നിന്ദ്യതയും പതിത്വവും അവരെ വലയം ചെയ്യുന്ന നിലയിലായിരിക്കുന്നു. അല്ലാഹുവിൽ നിന്നുള്ള കരാറോ നിർഭയത്വ വാഗ്ദാനമോ, ജനങ്ങളിൽ നിന്നുള്ള കരാറോ ഇല്ലാതെ അവർക്ക് നിർഭയത്വമുണ്ടാവുകയില്ല. അല്ലാഹുവിൻ്റെ കോപവുമായാണ് അവർ മടങ്ങിയിരിക്കുന്നത്. ദാരിദ്ര്യവും പ്രയാസവും അവർക്ക് മേൽ വലയം ചെയ്യപ്പെട്ട നിലയിലായിരിക്കുന്നു. ഇതെല്ലാം അവർക്ക് മേൽ നിശ്ചയിക്കപ്പെട്ടത് അല്ലാഹുവിൻ്റെ ആയത്തുകളെ അവർ നിഷേധിക്കുകയും, നബിമാരെ അവർ അന്യായമായി കൊലപ്പെടുത്തുകയും ചെയ്തതിനാലത്രെ. അവരുടെ ധിക്കാരവും, അല്ലാഹുവിൻ്റെ വിധിവിലക്കുകൾ അവർ മറികടന്നതും അതിനുള്ള കാരണമത്രെ.
113
അവരെല്ലാം ഒരുപോലെയല്ല. നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുന്ന ഒരു സമൂഹവും വേദക്കാരിലുണ്ട്. രാത്രി സമയങ്ങളില്‍ സുജൂദില്‍ (അഥവാ നമസ്കാരത്തില്‍) ഏര്‍പെട്ടുകൊണ്ട് അവര്‍ അല്ലാഹുവിന്‍റെ വചനങ്ങള്‍ പാരായണം ചെയ്യുന്നു.
വേദക്കാരെല്ലാം അവരുടെ അവസ്ഥയിൽ ഒരു പോലെയല്ല. മറിച്ച്, അവരുടെ കൂട്ടത്തിൽ അല്ലാഹുവിൻ്റെ മതത്തിൽ നേരെനിലകൊള്ളുന്ന ഒരു കൂട്ടമുണ്ട്. അവർ അല്ലാഹുവിൻ്റെ കൽപ്പനകളും വിലക്കുകളും പാലിക്കുകയും, രാത്രി സമയങ്ങളിൽ അല്ലാഹുവിന് വേണ്ടി നിസ്കരിക്കുകയും, അതിൽ അവൻ്റെ (വേദഗ്രന്ഥത്തിലെ) ആയത്തുകൾ (വചനങ്ങൾ) പാരായണം നടത്തുകയും ചെയ്യുന്നു. മുഹമ്മദ് നബി (ﷺ) റസൂലായി നിയോഗിക്കപ്പെടുന്നതിന് മുൻപായിരുന്നു ഇക്കൂട്ടർ ഉണ്ടായിരുന്നത്. അവിടുന്ന് നബിയായി നിയോഗിക്കപ്പെട്ട കാലഘട്ടത്തിൽ ജീവിച്ച, അവരിൽപെട്ടവരെല്ലാം ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്.
114
അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സദാചാരം കല്‍പിക്കുകയും. ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, നല്ല കാര്യങ്ങളില്‍ അത്യുത്സാഹം കാണിക്കുകയും ചെയ്യും. അവര്‍ സജ്ജനങ്ങളില്‍ പെട്ടവരാകുന്നു.
അവർ അല്ലാഹുവിലും, അന്ത്യനാളിലും ഉറച്ച വിശ്വാസമുള്ളവരാകുന്നു. അക്കൂട്ടർ സദാചാരവും നന്മയും കൽപ്പിക്കുകയും, ദുരാചാരവും തിന്മയും വിലക്കുകയും ചെയ്യുന്നു. സൽപ്രവർത്തനങ്ങളിലേക്ക് ധൃതിയോടെ മുന്നേറുകയും, നന്മകളുടെ കാലഘട്ടം (സൽകർമ്മങ്ങൾക്ക് ധാരാളം പ്രതിഫലം ലഭിക്കുന്ന സമയം) അവർ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. (മനസ്സിലെ) ഉദ്ദേശവും (പുറമേക്കുള്ള) പ്രവൃത്തിയും നന്നായിത്തീർന്ന അല്ലാഹുവിൻ്റെ ദാസന്മാരിൽ പെട്ടവരാകുന്നു ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവർ.
115
അവര്‍ ഏതൊരു നല്ല കാര്യം ചെയ്താലും അതിന്‍റെ പ്രതിഫലം അവര്‍ക്ക് നിഷേധിക്കപ്പെടുന്നതല്ല. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെപ്പറ്റി അറിവുള്ളവനാകുന്നു.
അവർ കുറച്ചോ ധാരാളമോ ആയി എന്തൊരു നന്മ പ്രവർത്തിച്ചാലും അല്ലാഹു അതിനുള്ള പ്രതിഫലം ഒരിക്കലും വൃഥാവിലാക്കുകയോ, അതിൽ കുറവ് വരുത്തുകയോ ഇല്ല. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, അവൻ്റെ വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്തു കൊണ്ട് സൂക്ഷ്മത പാലിക്കുന്നവരെ അല്ലാഹു നന്നായി അറിയുന്നു. അവരുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അല്ലാഹുവിന് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ അവർക്ക് നൽകുന്നതാണ്.
116
സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം അവരുടെ സ്വത്തുക്കളോ സന്താനങ്ങളോ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് അവര്‍ക്ക് ഒട്ടും രക്ഷനേടിക്കൊടുക്കുന്നതല്ല. അവരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
അല്ലാഹുവിനെയും അവൻ്റെ ദൂതന്മാരെയും നിഷേധിച്ചവർ; അക്കൂട്ടരുടെ സമ്പത്തോ സന്താനമോ അല്ലാഹുവിൽ നിന്ന് അവർക്ക് പ്രതിരോധം ഒരുക്കുകയോ, അവൻ്റെ ശിക്ഷയെ അവരിൽ നിന്ന് തടുത്തു നിർത്തുകയോ, അല്ലാഹുവിൻ്റെ കാരുണ്യം അവർക്ക് നേടിക്കൊടുക്കുകയോ ചെയ്യുന്നതല്ല. മറിച്ച്, അതെല്ലാം അവരുടെ ശിക്ഷയും നിരാശയും വർദ്ധിപ്പിക്കുക മാത്രമേ ചെയ്യൂ. അവരാകുന്നു നരകാവകാശികൾ; അവരതിൽ എന്നെന്നും കഴിഞ്ഞു കൂടുന്നവരായിരിക്കും.
117
ഈ ഐഹികജീവിതത്തില്‍ അവര്‍ ചെലവഴിക്കുന്നതിനെ ഉപമിക്കാവുന്നത് ആത്മദ്രോഹികളായ ഒരു ജനവിഭാഗത്തിന്‍റെ കൃഷിയിടത്തില്‍ ആഞ്ഞുവീശി അതിനെ നശിപ്പിച്ച് കളഞ്ഞ ഒരു ശീതക്കാറ്റിനോടാകുന്നു.(20) അല്ലാഹു അവരോട് ദ്രോഹം കാണിച്ചിട്ടില്ല. പക്ഷെ, അവര്‍ സ്വന്തത്തോട് തന്നെ ദ്രോഹം ചെയ്യുകയായിരുന്നു.
(അല്ലാഹുവിനെ) നിഷേധിച്ചവർ നന്മയുടെ മാർഗങ്ങളിൽ ചെലവഴിക്കുകയും, അതിലൂടെ അവർ പ്രതിഫലം പ്രതീക്ഷിക്കുകയും ചെയ്യുന്നതിൻ്റെ ഉപമ ഒരു കാറ്റിൻ്റെ ഉപമയാകുന്നു. ആ കാറ്റിൽ കടുത്ത തണുപ്പുണ്ട്. തിന്മകളും മറ്റും പ്രവർത്തിച്ചു കൊണ്ട് സ്വന്തത്തോട് അതിക്രമം പ്രവർത്തിച്ച ഒരു കൂട്ടരുടെ കൃഷിയെ ആ കാറ്റ് ബാധിച്ചു. അങ്ങനെ അത് അവരുടെ കൃഷിയെ നശിപ്പിച്ചു കളഞ്ഞു. അവരാകട്ടെ, ആ കൃഷിയിൽ നിന്ന് ധാരാളം നന്മകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. അടിച്ചു വീശിയ ആ കാറ്റ് അവരുടെ കൃഷി നശിപ്പിക്കുകയും അത് യാതൊരു ഉപകാരമില്ലാതാവുകയും ചെയ്തത് പോലെ, (അല്ലാഹുവിലുള്ള) നിഷേധം അവർ പ്രതീക്ഷ വെക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും പ്രതിഫലം നശിപ്പിച്ചു കളയുന്നതാണ്. അല്ലാഹു അവരോട് യാതൊരു അനീതിയും പ്രവർത്തിച്ചിട്ടില്ല; അനീതി പ്രവർത്തിക്കുക എന്നതിൽ നിന്ന് അവൻ തീർത്തും അത്യുന്നതനത്രെ. മറിച്ച്, അവർ അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ ദൂതന്മാരെ കളവാക്കുകയും ചെയ്തു കൊണ്ട് സ്വന്തത്തോട് അനീതി പ്രവർത്തിക്കുക മാത്രമാണ് ചെയ്തത്.
118
സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് പുറമെയുള്ളവരില്‍ നിന്ന് നിങ്ങള്‍ ഉള്ളുകള്ളിക്കാരെ സ്വീകരിക്കരുത്. നിങ്ങള്‍ക്ക് അനര്‍ത്ഥമുണ്ടാക്കുന്ന കാര്യത്തില്‍ അവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല. നിങ്ങള്‍ ബുദ്ധിമുട്ടുന്നതാണ് അവര്‍ക്ക് ഇഷ്ടം. വിദ്വേഷം അവരുടെ വായില്‍ നിന്ന് വെളിപ്പെട്ടിരിക്കുന്നു. അവരുടെ മനസ്സുകള്‍ ഒളിച്ച് വെക്കുന്നത് കൂടുതല്‍ ഗുരുതരമാകുന്നു. നിങ്ങള്‍ക്കിതാ നാം തെളിവുകള്‍ വിവരിച്ചുതന്നിരിക്കുന്നു; നിങ്ങള്‍ ചിന്തിക്കുന്നവരാണെങ്കില്‍.
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ ദൂതന്മാരെ പിൻപറ്റുകയും ചെയ്തവരെ! (അല്ലാഹുവിൽ) വിശ്വസിച്ചവരിൽ നിന്നല്ലാതെ നിങ്ങൾ ഉറ്റമിത്രങ്ങളെയും അടുത്ത സുഹൃത്തുക്കളെയും സ്വീകരിക്കരുത്. അങ്ങനെ നിങ്ങളുടെ രഹസ്യങ്ങളും നിങ്ങളുടെ ഉള്ളുകള്ളികളും അവരെ അറിയിച്ചു കൂടാ. നിങ്ങൾക്ക് എന്തെങ്കിലുമൊരു ഉപദ്രവം വരുത്തി വെക്കുവാനുള്ള വഴികൾ തേടിപ്പിടിക്കുന്നതിലോ, നിങ്ങളുടെ അവസ്ഥ നശിപ്പിക്കുന്നതിലോ അവർ യാതൊരു കുറവും വരുത്തുന്നുമില്ല. നിങ്ങൾക്ക് ഉപദ്രവമുണ്ടാക്കുന്നതും പ്രയാസം സൃഷ്ടിക്കുന്നതുമായ കാര്യം ഉണ്ടാകണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. നിങ്ങളോടുള്ള അവരുടെ വെറുപ്പും ശത്രുതയും അവരുടെ നാവുകളിൽ പ്രകടമായിരിക്കുന്നു; നിങ്ങളുടെ ദീനിനെ (ഇസ്ലാമിനെ) അവർ കുറ്റം പറയുകയും, നിങ്ങളെ അവർ ആക്ഷേപിക്കുകയും, നിങ്ങളുടെ രഹസ്യങ്ങൾ പരസ്യമാക്കുകയും ചെയ്യുന്നതിൽ നിന്ന് അത് നിങ്ങൾക്ക് തിരിച്ചറിയാം. അവരുടെ ഹൃദയങ്ങൾ മറച്ചു വെക്കുന്ന വെറുപ്പ് അതിനെക്കാൾ കഠിനമത്രെ. അല്ലാഹുവിൽ വിശ്വസിച്ചവരേ! നാമിതാ നിങ്ങൾക്ക് വ്യക്തമായ തെളിവുകൾ വിശദീകരിച്ചു തന്നിരിക്കുന്നു. ഇഹപരലോകങ്ങളിൽ നിങ്ങൾക്ക് ഉപകാരപ്രദമായതെല്ലാം അതിലുണ്ട്. നിങ്ങളുടെ രക്ഷിതാവിൽ നിന്ന് നിങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടത് നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നുണ്ടെങ്കിൽ (അക്കാര്യം തിരിച്ചറിയുക).
119
നോക്കൂ; (നിങ്ങളുടെ സ്ഥിതി.) നിങ്ങളവരെ സ്നേഹിക്കുന്നു. അവര്‍ നിങ്ങളെ സ്നേഹിക്കുന്നില്ല. നിങ്ങള്‍ എല്ലാ വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുകയും ചെയ്യുന്നു.(21) നിങ്ങളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്. എന്നാല്‍ അവര്‍ തനിച്ചാകുമ്പോള്‍ നിങ്ങളോടുള്ള അരിശം കൊണ്ട് അവര്‍ വിരലുകള്‍ കടിക്കുകയും ചെയ്യും. (നബിയേ,) പറയുക: നിങ്ങളുടെ അരിശം കൊണ്ട് നിങ്ങള്‍ മരിച്ചുകൊള്ളൂ. തീര്‍ച്ചയായും അല്ലാഹു മനസ്സുകളിലുള്ളത് അറിയുന്നവനാകുന്നു.
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങളെ നോക്കൂ! അക്കൂട്ടരെ നിങ്ങൾ സ്നേഹിക്കുകയും, അവർക്ക് നന്മ വരാൻ നിങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാൽ അവർ നിങ്ങളെ സ്നേഹിക്കുന്നില്ല. നിങ്ങൾക്കൊരു നന്മയും വരണമെന്ന് അവർ ആഗ്രഹിക്കുന്നുമില്ല. മറിച്ച് നിങ്ങളെ അവർ വെറുക്കുകയാണ് ചെയ്യുന്നത്. നിങ്ങളാകട്ടെ, എല്ലാ വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുന്നു. അവരുടെ വേദഗ്രന്ഥങ്ങളും അക്കൂട്ടത്തിലുണ്ട്. എന്നാൽ അവരാകട്ടെ, അല്ലാഹു നിങ്ങളുടെ നബിയുടെ മേൽ അവതരിപ്പിച്ച വേദഗ്രന്ഥമായ ഖുർആനിൽ വിശ്വസിക്കുന്നില്ല. നിങ്ങളെ കണ്ടുമുട്ടിയാൽ 'ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു' എന്നവർ പറയും. എന്നാൽ നിങ്ങൾക്കിടയിലുള്ള ഐക്യത്തിലും ഒരുമയിലും, നിങ്ങളുടെ വാക്കുകളിലുള്ള യോജിപ്പിലും, ഇസ്ലാമിൻ്റെ പ്രതാപത്തിലും, അവരെ ബാധിച്ചിരിക്കുന്ന അപമാനത്തിലുമുള്ള വിഷമവും ഈർഷ്യതയും കാരണത്താൽ അവർ മാത്രം ഒറ്റക്കായാൽ തങ്ങളുടെ വിരലുകൾ അവർ കടിക്കുന്നതാണ്. അല്ലാഹുവിൻ്റെ റസൂലേ! ഇക്കൂട്ടരോട് പറയുക: വിഷമവും ഈർഷ്യതയും നിറഞ്ഞ് നിങ്ങൾ മരിക്കുന്നത് വരെ ഇതേ പോലെ തന്നെ കഴിഞ്ഞു കൊള്ളുക. തീർച്ചയായും അല്ലാഹു ഹൃദയങ്ങളിലുള്ള വിശ്വാസവും നിഷേധവും, നന്മയും തിന്മയുമെല്ലാം നന്നായി അറിയുന്നവനാകുന്നു.
120
നിങ്ങള്‍ക്ക് വല്ല നേട്ടവും ലഭിക്കുന്ന പക്ഷം അതവര്‍ക്ക് മനഃപ്രയാസമുണ്ടാക്കും. നിങ്ങള്‍ക്ക് വല്ല ദോഷവും നേരിട്ടാല്‍ അവരതില്‍ സന്തോഷിക്കുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രം നിങ്ങള്‍ക്കൊരു ഉപദ്രവവും വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളുടെ എല്ലാവശവും അറിയുന്നവനാകുന്നു.
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങൾക്ക് ശത്രുവിൻ്റെ മേൽ വിജയം ലഭിക്കുകയോ, സമ്പത്തിലോ സന്താനങ്ങളിലോ വർദ്ധനവ് ഉണ്ടാവുകയോ ചെയ്യുന്നത് പോലുള്ള അനുഗ്രഹമെന്തെങ്കിലും ലഭിച്ചാൽ അവർക്ക് ദുഃഖവും സങ്കടവുമാണ് ബാധിക്കുക. നിങ്ങൾക്ക് ശത്രുവിൻ്റെ അടുക്കൽ പരാജയമോ, സമ്പത്തിലോ സന്താനത്തിലോ കുറവ് ബാധിക്കുകയോ ചെയ്യുന്നത് പോലുള്ള എന്തെങ്കിലും ഉപദ്രവം ബാധിച്ചാൽ അവരതിൽ സന്തോഷിക്കുകയും, നിങ്ങളുടെ പ്രയാസത്തിൽ ആഹ്ളാദിക്കുകയും ചെയ്യും. നിങ്ങൾ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുന്നതിലും, അല്ലാഹുവിൻ്റെ വിധിയിലും ക്ഷമയോടെ നിലകൊള്ളുകയും, നിങ്ങൾക്ക് മേൽ അല്ലാഹുവിൻ്റെ കോപം വന്നുഭവിക്കുന്നത് സൂക്ഷിക്കുകയും ചെയ്താൽ അവരുടെ കുതന്ത്രവും ഉപദ്രവങ്ങളും നിങ്ങൾക്ക് യാതൊരു പ്രയാസവും ഏൽപ്പിക്കുകയില്ല. തീർച്ചയായും അവർ പ്രവർത്തിക്കുന്ന കുതന്ത്രങ്ങൾ അല്ലാഹു ചൂഴ്ന്നറിഞ്ഞിരിക്കുന്നു. അവയെല്ലാം അവൻ പരാജയമാക്കി തീർക്കുന്നതാണ്.
121
(നബിയേ,) സത്യവിശ്വാസികള്‍ക്ക് യുദ്ധത്തിനുള്ള താവളങ്ങള്‍ സൗകര്യപ്പെടുത്തിക്കൊടുക്കുവാനായി നീ സ്വന്തം കുടുംബത്തില്‍ നിന്ന് കാലത്തു പുറപ്പെട്ടുപോയ സന്ദര്‍ഭം ഓര്‍ക്കുക. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
അല്ലാഹുവിൻ്റെ റസൂലേ! പുലരിയുടെ സമയത്ത് മദീനയിൽ നിന്ന് മുശ്'രിക്കുകളോട് യുദ്ധം ചെയ്യുന്നതിനായി താങ്കൾ ഉഹ്ദിലേക്ക് പുറപ്പെട്ട സന്ദർഭം ഓർക്കുക. (അല്ലാഹുവിൽ) വിശ്വസിച്ച മുസ്ലിംകളെ താങ്കൾ കൃത്യമായ യുദ്ധസ്ഥാനങ്ങളിൽ നിശ്ചയിക്കുകയും, ഓരോരുത്തർക്കും അവരവരുടെ സ്ഥാനങ്ങൾ വിശദീകരിച്ചു നൽകുകയും ചെയ്തു. അല്ലാഹു നിങ്ങളുടെ വാക്കുകൾ നന്നായി കേൾക്കുകയും, നിങ്ങളുടെ പ്രവർത്തനങ്ങൾ നന്നായി അറിയുകയും ചെയ്യുന്നുണ്ട്.
122
നിങ്ങളില്‍ പെട്ട രണ്ട് വിഭാഗങ്ങള്‍ ഭീരുത്വം കാണിക്കാന്‍ ഭാവിച്ച സന്ദര്‍ഭം (ശ്രദ്ധേയമാണ്.) എന്നാല്‍ അല്ലാഹുവാകുന്നു ആ രണ്ടു വിഭാഗത്തിന്‍റെയും രക്ഷാധികാരി. അല്ലാഹുവിന്‍റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്.(22)
അല്ലാഹുവിൻ്റെ റസൂലേ! ബനൂസലമക്കാർക്കും, ബനൂ ഹാരിഥക്കാർക്കും (രണ്ട് ഗോത്രങ്ങൾ) സംഭവിച്ചത് താങ്കൾ സ്മരിക്കുക. ആ രണ്ടു ഗോത്രക്കാർ ദുർബലരാവുകവും, കപടവിശ്വാസികൾ തിരിച്ചു പോയപ്പോൾ അവരോടൊപ്പം മടങ്ങാൻ അവർക്ക് തോന്നുകയും ചെയ്തു. അവരെ യുദ്ധത്തിൽ ഉറപ്പിച്ചു നിർത്തുകയും, അവരുടെ മനസ്സിൽ വന്ന ഉദ്ദേശം നീക്കുകയും ചെയ്തു കൊണ്ട് അല്ലാഹു അവരെ സഹായിച്ചു. അല്ലാഹുവിൻ്റെ മേൽ മാത്രമാകട്ടെ അവനിൽ വിശ്വസിച്ചവർ എല്ലാ സന്ദർഭങ്ങളിലും ഭരമേൽപ്പിക്കുന്നത്.
123
നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്‌റില്‍ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം.
നിങ്ങൾ ദുർബലരായിരിക്കെ -നിങ്ങളുടെ എണ്ണവും യുദ്ധക്കോപ്പുകളും വളരെ കുറവായിരിക്കെ- ബദ്ർ യുദ്ധത്തിൽ ബഹുദൈവാരാധകർക്കെതിരെ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാൽ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹത്തിന് നന്ദിയായി കൊണ്ട് അവനെ നിങ്ങൾ സൂക്ഷിക്കുക.
124
(നബിയേ,) നിങ്ങളുടെ രക്ഷിതാവ് മുവ്വായിരം മലക്കുകളെ ഇറക്കികൊണ്ട് നിങ്ങളെ സഹായിക്കുക എന്നത് നിങ്ങള്‍ക്ക് മതിയാവുകയില്ലേ എന്ന് നീ സത്യവിശ്വാസികളോട് പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.)
അല്ലാഹുവിൻ്റെ റസൂലേ! ബദ്ർ യുദ്ധ വേളയിൽ മുശ്'രിക്കുകൾക്ക് സൈനികസഹായം വന്നെത്താനിരിക്കുന്നു എന്ന വാർത്ത കേട്ടപ്പോൾ മുസ്ലിംകൾക്ക് സ്ഥൈര്യം നൽകുന്നതിന് വേണ്ടി അവരോട് താങ്കൾ പറഞ്ഞ സന്ദർഭം ഓർക്കുക: അല്ലാഹു യുദ്ധത്തിൽ നിങ്ങൾക്ക് ശക്തി പകരുന്നതിനായി, അവൻ്റെ പക്കൽ നിന്ന് മുവ്വായിരം മലക്കുകളെ ഇറക്കി നൽകുന്നത് നിങ്ങൾക്ക് മതിയാവുകയില്ലേ?!
125
(പിന്നീട് അല്ലാഹു വാഗ്ദാനം ചെയ്തു:) അതെ, നിങ്ങള്‍ ക്ഷമിക്കുകയും, സൂക്ഷ്മത പാലിക്കുകയും, നിങ്ങളുടെ അടുക്കല്‍ ശത്രുക്കള്‍ ഈ നിമിഷത്തില്‍ തന്നെ വന്നെത്തുകയുമാണെങ്കില്‍ നിങ്ങളുടെ രക്ഷിതാവ് പ്രത്യേക അടയാളമുള്ള അയ്യായിരം മലക്കുകള്‍ മുഖേന നിങ്ങളെ സഹായിക്കുന്നതാണ്.(23)
അതെ! നിങ്ങൾക്കത് മതിയാകുന്നതാണ്. എന്നാൽ അല്ലാഹുവിൽ നിന്ന് നിങ്ങൾക്ക് മറ്റൊരു സന്തോഷവാർത്ത കൂടിയുണ്ട്. നിങ്ങൾ യുദ്ധത്തിൽ ക്ഷമയോടെ നിലയുറപ്പിക്കുകയും, അല്ലാഹുവിനെ സൂക്ഷിക്കുകയും, നിങ്ങളുടെ ശത്രുക്കൾ നിങ്ങൾക്കെതിരെ കുതിക്കുന്ന വേളയിൽ അവർക്ക് സൈനികസഹായം വന്നെത്തുകയും ചെയ്താൽ അയ്യായിരം മലക്കുകളെ കൊണ്ട് നിങ്ങളുടെ രക്ഷിതാവ് നിങ്ങളെ സഹായിക്കുന്നതാണ്. മലക്കുകൾക്കും അവരെ വഹിക്കുന്ന കുതിരകൾക്കും വ്യക്തമായ അടയാളം വെക്കപ്പെട്ടിട്ടുമുണ്ടായിരിക്കും.
126
നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്തയായിക്കൊണ്ടും, നിങ്ങളുടെ മനസ്സുകള്‍ സമാധാനപ്പെടുവാന്‍ വേണ്ടിയും മാത്രമാണ് അല്ലാഹു ആ പിന്‍ബലം നല്‍കിയത്. (സാക്ഷാല്‍) സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നുമാത്രമാകുന്നു.
ഈ സഹായവും മലക്കുകളെ കൊണ്ടുള്ള പിന്തുണയുമെല്ലാം നിങ്ങളുടെ ഹൃദയങ്ങൾ സമാധാനപ്പെടുന്നതിനായി, നിങ്ങൾക്കൊരു സന്തോഷവാർത്തയായി അല്ലാഹു നിശ്ചയിച്ചത് മാത്രമാണ്. അതല്ലെങ്കിൽ യഥാർത്ഥ വിജയം ഈ പറയപ്പെട്ട കാരണങ്ങൾ കൊണ്ട് മാത്രമല്ല സംഭവിക്കുന്നത്. മറിച്ച്, ശരിയായ സഹായം അല്ലാഹുവിൽ നിന്നാകുന്നു; ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത മഹാപ്രതാപിയും (അസീസ്), തൻ്റെ വിധിനിർണ്ണയത്തിലും മതനിയമങ്ങളിലും ഏറ്റവും യുക്തിമാനായ (ഹകീം) അല്ലാഹുവിൽ നിന്ന്.
127
സത്യനിഷേധികളില്‍ നിന്ന് ഒരു ഭാഗത്തെ ഉന്‍മൂലനം ചെയ്യുകയോ, അല്ലെങ്കില്‍ അവരെ കീഴൊതുക്കിയിട്ട് അവര്‍ നിരാശരായി പിന്തിരിഞ്ഞോടുകയോ ചെയ്യാന്‍ വേണ്ടിയത്രെ അത്.
ബദ്ർ യുദ്ധത്തിലൂടെ നിങ്ങൾക്ക് ലഭിച്ച ഈ വിജയം; അല്ലാഹുവിനെ നിഷേധിച്ചവരെ അതിലൂടെ കൊലപ്പെടുത്തി കൊണ്ട് അവരെ നശിപ്പിക്കാനും, അവരിൽ പെട്ട മറ്റൊരു കൂട്ടരെ അപമാനിതരാക്കാനും തങ്ങളെ ബാധിച്ച പരാജയത്തിൽ ഈർഷ്യം കൊള്ളിക്കാനുമാണ് അല്ലാഹു ഉദ്ദേശിച്ചത്. അങ്ങനെ പരാജയവും അപമാനവുമായി അവർ തിരിച്ചു പോകാനുമത്രെ (അല്ലാഹു ഉദ്ദേശിച്ചത്).
128
(നബിയേ,) കാര്യത്തിന്‍റെ തീരുമാനത്തില്‍ നിനക്ക് യാതൊരു അവകാശവുമില്ല.(24) അവന്‍ (അല്ലാഹു) ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവന്‍ അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു.
ഉഹ്ദ് യുദ്ധത്തിൽ സംഭവിച്ച (പ്രയാസങ്ങൾക്ക്) ശേഷം ബഹുദൈവാരാധകരിലെ നേതാക്കന്മാർക്കെതിരെ നബി (ﷺ) നാശത്തിന് വേണ്ടി പ്രാർത്ഥിച്ചപ്പോൾ അവിടുത്തോട് അല്ലാഹു പറയുന്നു: അവരുടെ കാര്യത്തിൽ താങ്കൾക്ക് യാതൊരു തീരുമാനത്തിനും കഴിവില്ല. മറിച്ച് കാര്യത്തിൻ്റെ നിയന്ത്രണമെല്ലാം അല്ലാഹുവിനാകുന്നു. അതിനാൽ അല്ലാഹു നിങ്ങൾക്കിടയിൽ വിധി നടപ്പിലാക്കുകയോ, അതല്ലെങ്കിൽ (ചെയ്ത തെറ്റുകളിൽ നിന്ന്) പശ്ചാത്തപിക്കുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്യുന്നതിലേക്ക് അല്ലാഹു അവർക്ക് വഴിയൊരുക്കുകയോ, അതുമല്ലെങ്കിൽ അവർ തങ്ങളുടെ നിഷേധത്തിൽ തുടരുകയും അല്ലാഹു അവരെ ശിക്ഷിക്കുകയും ചെയ്യുന്നത് വരെ താങ്കൾ ക്ഷമിക്കുക. അവർ അതിക്രമികളും ശിക്ഷക്ക് അർഹരും തന്നെയാണ്.
129
ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്‍റെതാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പൊറുത്തുകൊടുക്കുകയും അവന്‍ ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും; അവ സൃഷ്ടിച്ചതും നിയന്ത്രിക്കുന്നതും അവനത്രെ. തൻ്റെ ദാസന്മാരിൽ താൻ ഉദ്ദേശിക്കുന്നവർക്ക് തൻ്റെ കാരുണ്യത്താൽ അവൻ പൊറുത്തു നൽകുന്നു. ഉദ്ദേശിക്കുന്നവരെ തൻ്റെ നീതിയാൽ അവൻ ശിക്ഷിക്കുകയും ചെയ്യുന്നു. തൻ്റെ ദാസന്മാരിൽ നിന്ന് പശ്ചാത്തപിക്കുന്നവർക്ക് ഏറെ പൊറുത്തു നൽകുന്നവനും (ഗഫൂർ), അവരോട് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം) ആകുന്നു അല്ലാഹു.
130
സത്യവിശ്വാസികളേ, നിങ്ങള്‍ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയികളായേക്കാം.
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്തവരേ! -ജാഹിലിയ്യത്തിലെ ജനങ്ങൾ ചെയ്യുന്നത് പോലെ- കടം നൽകിയ നിങ്ങളുടെ മുതലുകളുടെ മേൽ പലിശ ഇരട്ടിയിരട്ടിയായി വാങ്ങിക്കൂട്ടുന്നത് നിങ്ങൾ ഉപേക്ഷിക്കുക. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, അവൻ്റെ വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്തു കൊണ്ട് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക. എങ്കിൽ ഇഹലോകത്തും പരലോകത്തും നിങ്ങൾ തേടിക്കൊണ്ടിരിക്കുന്ന നന്മ നിങ്ങൾക്ക് നേടിയെടുക്കാം.
131
സത്യനിഷേധികള്‍ക്ക് ഒരുക്കിവെക്കപ്പെട്ട നരകാഗ്നിയെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക.
അല്ലാഹുവിനെ നിഷേധിച്ചവർക്ക് അവൻ ഒരുക്കി വെച്ച നരകത്തിനും നിങ്ങൾക്കുമിടയിൽ ഒരു മറ നിങ്ങൾ സ്വീകരിക്കുകയും ചെയ്യുക. നന്മകൾ പ്രവർത്തിച്ചു കൊണ്ടും, തിന്മകൾ ഉപേക്ഷിച്ചു കൊണ്ടുമാണ് ആ കവചം നിർമിക്കേണ്ടത്.
കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും നിങ്ങൾ അനുസരിക്കുകയും ചെയ്യുക. എങ്കിൽ ഇഹലോകത്തും പരലോകത്തും (അല്ലാഹുവിൽ നിന്നുള്ള) കാരുണ്യം നിങ്ങൾക്ക് നേടിയെടുക്കാം.
133
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്.
നന്മകൾ പ്രവർത്തിക്കുകയും, വ്യത്യസ്ത ഇബാദത്തുകൾ നിർവ്വഹിച്ചു കൊണ്ട് അല്ലാഹുവിലേക്ക് സാമീപ്യം സിദ്ധിക്കുന്നതിലേക്കും നിങ്ങൾ ധൃതിപ്പെട്ട് മുന്നേറുക. അങ്ങനെ അല്ലാഹുവിൽ നിന്നുള്ള മഹത്തരമായ പാപമോചനം നേടിയെടുക്കാനും, അവൻ്റെ സ്വർഗത്തിൽ പ്രവേശിക്കാനും നിങ്ങൾക്ക് സാധിക്കുന്നതാണ്. ആകാശഭൂമികളുടെ വിശാലതയുള്ള സ്വർഗമത്രെ അത്; തൻ്റെ ദാസന്മാരിൽ സൂക്ഷ്മത പാലിക്കുന്നവർക്കായി അല്ലാഹു ഒരുക്കി വെച്ചതത്രെ അത്.
എളുപ്പത്തിലും പ്രയാസത്തിലും തങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് അല്ലാഹുവിൻ്റെ മാർഗത്തിൽ ചെലവഴിക്കുകയും, പ്രതികാരം ചെയ്യാൻ കഴിവുണ്ടായിട്ടും തങ്ങളുടെ കോപം പിടിച്ചു വെക്കുകയും, തങ്ങളോട് അതിക്രമം പ്രവർത്തിച്ചവർക്ക് മാപ്പു നൽകുകയും ചെയ്യുന്നവർ; അവരാണ് സൂക്ഷ്മത പാലിക്കുന്നവർ. ഈ പറയപ്പെട്ട സ്വഭാവവിശേഷണങ്ങൾ പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.
135
വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. -പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്?- ചെയ്തുപോയ (ദുഷ്) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍.
വൻപാപങ്ങളിൽ പെട്ട ഏതെങ്കിലും തിന്മ പ്രവർത്തിക്കുകയോ, അതിൽ താഴെയുള്ള തെറ്റുകളാൽ തനിക്ക് (അല്ലാഹുവിങ്കലുള്ള പ്രതിഫലത്തിൻ്റെ) വിഹിതത്തിൽ കുറവ് വരുത്തുകയോ ചെയ്തു പോയാൽ അല്ലാഹുവിനെ സ്മരിക്കുകയും, പാപികളോടുള്ള അവൻ്റെ താക്കീതും സൂക്ഷ്മത പാലിക്കുന്നവർക്കുള്ള അവൻ്റെ വാഗ്ദാനവും ഓർക്കുകയും, (സംഭവിച്ചു പോയതിലുള്ള) ഖേദത്തോടെ തങ്ങളുടെ തെറ്റുകൾ മറച്ചു വെക്കാനും അവയുടെ പേരിൽ ശിക്ഷിക്കാതിരിക്കാനും അല്ലാഹുവിനോട് ചോദിക്കുകയും ചെയ്യുന്നവരതെ അവർ. കാരണം, തിന്മകൾ പൊറുക്കുന്നവനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. ചെയ്യുന്നത് പാപമാണെന്നും, അല്ലാഹു പാപങ്ങൾ മുഴുവൻ പൊറുത്തു നൽകുന്നവനാണെന്നും അറിഞ്ഞതിന് ശേഷവും തങ്ങളുടെ തിന്മകളിൽ തുടർന്നു പോവുന്നവരല്ല അവർ.
136
അത്തരക്കാര്‍ക്കുള്ള പ്രതിഫലം തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുമാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്ര നന്നായിരിക്കുന്നു!
ഈ പറയപ്പെട്ട മനോഹരമായ സ്വഭാവവിശേഷണങ്ങളും, ഉന്നതമായ ഗുണങ്ങളുമുള്ളവർ; അല്ലാഹു അവരുടെ തിന്മകൾ മറച്ചു വെക്കുകയും, അവർക്ക് പൊറുത്തു നൽകുകയും ചെയ്യുന്നതാണ് എന്നതത്രെ അവർക്കുള്ള പ്രതിഫലം. പരലോകത്ത് കൊട്ടാരങ്ങൾക്ക് താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്ന സ്വർഗത്തോപ്പുകൾ അവർക്കുണ്ട്. അവരതിൽ എന്നെന്നും കഴിഞ്ഞു കൂടുന്നവരാണ്. അല്ലാഹുവിനെ ആരാധിക്കുന്ന, സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നവർക്ക് എത്ര നല്ല പ്രതിഫലമാകുന്നു അത്.
137
നിങ്ങള്‍ക്ക് മുമ്പ് (അല്ലാഹുവിൻ്റെ) പല നടപടികളും കഴിഞ്ഞുപോയിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുവിന്‍.
ഉഹ്ദ് യുദ്ധത്തിൽ ബാധിച്ച പ്രയാസങ്ങളാൽ മുസ്ലിംകൾ പരീക്ഷിക്കപ്പെട്ടപ്പോൾ അവരെ സമാധാനിപ്പിച്ചു കൊണ്ട് അല്ലാഹു പറയുന്നു: അല്ലാഹുവിനെ നിഷേധിച്ചവരെ നശിപ്പിച്ചു കൊണ്ട് നിങ്ങൾക്ക് മുൻപും അല്ലാഹുവിൻ്റെ നടപടിക്രമം സംഭവിച്ചിട്ടുണ്ട്. മുസ്ലിംകളെ പരീക്ഷണത്തിന് വിധേയരാക്കിയതിന് ശേഷം അന്തിമവിജയം അവർക്ക് തന്നെ അവൻ നൽകിയിട്ടുമുണ്ട്. അതിനാൽ നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കുകയും, അല്ലാഹുവിനെയും അവൻ്റെ റസൂലുകളെയും നിഷേധിച്ചവരുടെ പര്യവസാനം എങ്ങനെയായിരുന്നെന്നും നോക്കിക്കണ്ട് മനസ്സിലാക്കുക. അവരുടെ ഭവനങ്ങൾ ശൂന്യമാവുകയും, അധികാരം നശിച്ചു പോവുകയും ചെയ്തിരിക്കുന്നു.
138
ഇത് മനുഷ്യര്‍ക്കായുള്ള ഒരു വിളംബരവും, ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവും, സാരോപദേശവുമാകുന്നു.
ഈ മഹത്തരമായ ഖുർആൻ സത്യം വിശദീകരിക്കുന്നതും, അസത്യത്തിൽ നിന്ന് സർവ്വ ജനങ്ങളെയും താക്കീത് ചെയ്യുന്നതുമാകുന്നു. സന്മാർഗത്തിലേക്ക് വഴികാട്ടുന്നതും, അല്ലാഹുവിനെ സൂക്ഷിക്കുന്നവർക്ക് സാരോപദേശമേകുന്നതുമാകുന്നു. കാരണം, (അല്ലാഹുവിനെ സൂക്ഷിക്കുന്നവരാകുന്നു) അതിലുള്ള സന്മാർഗവും നന്മയും കൊണ്ട് പ്രയോജനമെടുക്കുന്നവർ.
139
നിങ്ങള്‍ ദൗര്‍ബല്യം കാണിക്കുകയോ ദുഃഖിക്കുകയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്‍മാര്‍.
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങൾ ദുർബലരാകരുത്. നിങ്ങളെ ഉഹ്ദ് യുദ്ധദിവസം ബാധിച്ചതിൽ ദുഃഖിക്കരുത്. നിങ്ങൾക്ക് അതൊരിക്കലും യോജിച്ചതല്ല. അല്ലാഹുവിലുള്ള നിങ്ങളുടെ വിശ്വാസം കാരണത്താൽ നിങ്ങൾ തന്നെയാകുന്നു ഉന്നതർ. അല്ലാഹുവിൻ്റെ സഹായവും, അവനിൽ നിന്നുള്ള വിജയത്തിലുള്ള പ്രതീക്ഷയും കാരണത്താൽ നിങ്ങൾ തന്നെയാണ് ഔന്നത്യമുള്ളവർ. നിങ്ങൾ അല്ലാഹുവിലും സൂക്ഷ്മത പാലിക്കുന്ന ദാസന്മാർക്കുള്ള അവൻ്റെ വാഗ്ദാനത്തിലും വിശ്വസിക്കുന്നവരാണെങ്കിൽ.
140
നിങ്ങള്‍ക്കിപ്പോള്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ (മുമ്പ്) അക്കൂട്ടര്‍ക്കും അതുപോലെ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ആ (യുദ്ധ) ദിവസങ്ങളിലെ ജയാപജയങ്ങള്‍ ആളുകള്‍ക്കിടയില്‍ നാം മാറ്റിക്കൊണ്ടിരിക്കുന്നതാണ്. വിശ്വസിച്ചവരെ അല്ലാഹു തിരിച്ചറിയുവാനും, നിങ്ങളില്‍ നിന്ന് രക്തസാക്ഷികളെ ഉണ്ടാക്കിത്തീര്‍ക്കുവാനും കൂടിയാണത്. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല.
അല്ലാഹുവിൽ വിശ്വസിച്ചവരേ! ഉഹ്ദ് യുദ്ധദിവസം നിങ്ങൾക്ക് മുറിവുകളേൽക്കുകയും നിങ്ങളുടെ കൂട്ടത്തിൽ നിന്നുള്ളവർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളെ ബാധിച്ചതിന് സമാനമായ മുറിവുകളും മരണവും അവർക്കും ഉണ്ടായിട്ടുണ്ട്. അല്ലാഹുവിൽ വിശ്വസിച്ചവർക്കും അവനെ നിഷേധിച്ചവർക്കുമിടയിൽ വിജയവും പരാജയവുമെല്ലാം നൽകിക്കൊണ്ട് അല്ലാഹു ദിവസങ്ങൾ മാറിമാറി നൽകുന്നതാണ്. അതിൽ അല്ലാഹുവിന് മഹത്തരമായ ഉദ്ദേശലക്ഷ്യങ്ങളുണ്ട്. യഥാർത്ഥ വിശ്വാസികൾ കപടവിശ്വാസികളിൽ നിന്ന് വേറിട്ടു നിൽക്കുക എന്നത് അതിൽ പെട്ടതത്രെ. അല്ലാഹുവിൻ്റെ മാർഗത്തിൽ രക്തസാക്ഷിത്വം വരിക്കാൻ ഭാഗ്യം നൽകിക്കൊണ്ട് തൻ്റെ ദാസന്മാരിൽ ചിലരെ ആദരിക്കുന്നതിനുമത്രെ അത്. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധം ഉപേക്ഷിച്ചു കൊണ്ട് സ്വന്തത്തോട് അതിക്രമം പ്രവർത്തിച്ചവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.
141
അല്ലാഹു സത്യവിശ്വാസികളെ ശുദ്ധീകരിച്ചെടുക്കുവാന്‍ വേണ്ടിയും, സത്യനിഷേധികളെ ക്ഷയിപ്പിക്കുവാന്‍ വേണ്ടിയും കൂടിയാണത്.
(മുസ്ലിമീങ്ങൾക്ക് യുദ്ധങ്ങളിൽ പരീക്ഷണങ്ങൾ ബാധിക്കുന്നതിന് പിന്നിലുള്ള) ഉദ്ദേശയുക്തികളിൽ പെട്ടതാണ് അവരുടെ തിന്മകളിൽ നിന്ന് അവരെ ശുദ്ധീകരിക്കുക എന്നതും, കപടവിശ്വാസികളിൽ നിന്ന് അവരുടെ അണികൾ പരിശുദ്ധമാക്കുക എന്നതും. അതോടൊപ്പം (അല്ലാഹുവിനെ) നിഷേധിച്ചവരെ നശിപ്പിക്കുകയും, അവരെ തുടച്ചു നീക്കുകയും ചെയ്യുന്നു ഈ യുദ്ധങ്ങളിലൂടെ.
142
അതല്ല, നിങ്ങളില്‍ നിന്ന് ധര്‍മ്മസമരത്തില്‍ ഏര്‍പെട്ടവരെയും ക്ഷമാശീലരെയും അല്ലാഹു തിരിച്ചറിഞ്ഞിട്ടല്ലാതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിച്ചുകളയാമെന്ന് നിങ്ങള്‍ വിചാരിച്ചിരിക്കയാണോ?
അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹുവിൻ്റെ മാർഗത്തിൽ യഥാർത്ഥ പോരാട്ടം നടത്തുന്നവർ ആരാണെന്നും, തങ്ങളെ ബാധിക്കുന്ന കുഴപ്പങ്ങളിൽ ക്ഷമിക്കുന്നവർ ആരാണെന്നും വ്യക്തമാകുന്ന രൂപത്തിലുള്ള പരീക്ഷണമോ ക്ഷമയോ ഇല്ലാതെ സ്വർഗത്തിൽ പ്രവേശിക്കാമെന്നാണോ നിങ്ങൾ വിചാരിച്ചിരിക്കുന്നത്?!
143
നിങ്ങള്‍ മരണത്തെ നേരില്‍ കാണുന്നതിന് മുമ്പ് നിങ്ങളതിന് കൊതിക്കുന്നവരായിരുന്നു. ഇപ്പോളിതാ നിങ്ങള്‍ നോക്കിനില്‍ക്കെത്തന്നെ അത് നിങ്ങള്‍ കണ്ടു കഴിഞ്ഞു.
അല്ലാഹുവിൽ വിശ്വസിച്ചിരുന്നവരേ! ബദ്ർ യുദ്ധത്തിൽ നിങ്ങളുടെ സഹോദരങ്ങൾ നേടിയെടുത്തത് പോലെ, അല്ലാഹുവിനെ നിഷേധിച്ചവരെ യുദ്ധമുഖത്ത് കണ്ടുമുട്ടുവാനും അങ്ങനെ അല്ലാഹുവിൻ്റെ മാർഗത്തിൽ രക്തസാക്ഷിത്വം വഹിക്കാനും നിങ്ങൾ (ഉഹ്ദിൽ) മരണത്തിൻ്റെ വഴികളും കാഠിന്യവും വന്നെത്തുന്നതിന് മുൻപ് ആഗ്രഹിച്ചിരുന്നുവല്ലോ?! ഇതാ ഉഹ്ദിൻ്റെ (രണാങ്കണത്തിൽ) ആ ആഗ്രഹിച്ചത് നിങ്ങൾ നേരിൽ കണ്ടിരിക്കുന്നു. മരണത്തെയിതാ കണ്മുന്നിൽ നിങ്ങൾ നോക്കിക്കാണുന്നു.
144
മുഹമ്മദ് അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങള്‍ പുറകോട്ട് തിരിച്ചുപോകുകയോ? ആരെങ്കിലും പുറകോട്ട് തിരിച്ചുപോകുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദികാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്.
മുഹമ്മദ് (ﷺ) അവിടുത്തേക്ക് മുൻപ് വന്ന റസൂലുകളുടെ കൂട്ടത്തിൽ പെട്ട -മരിക്കുകയും കൊല്ലപ്പെടുകയുമെല്ലാം ചെയ്ത നബിമാരിൽ പെട്ട- ഒരു റസൂലല്ലാതെയല്ല. അവിടുന്ന് മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തുവെന്നാൽ നിങ്ങൾ നിങ്ങളുടെ ദീൻ (ഇസ്ലാം) വെടിയുകയും (അല്ലാഹുവിൻ്റെ മാർഗത്തിലുള്ള) യുദ്ധം ഉപേക്ഷിക്കുകയുമാണോ?! അങ്ങനെ തൻ്റെ ദീൻ ആരെങ്കിലും ഉപേക്ഷിച്ചുവെങ്കിൽ അല്ലാഹുവിന് അവൻ യാതൊരു ഉപദ്രവവും വരുത്തുന്നില്ല. കാരണം മഹാശക്തനും മഹാപ്രതാപിയുമത്രെ അവൻ. ഇസ്ലാമിനെ ഉപേക്ഷിക്കുന്നവൻ ഇഹപരലോകങ്ങളിലെ മഹാനഷ്ടത്തിലേക്ക് സ്വയം വലിച്ചിഴച്ചു കൊണ്ട് സ്വന്തത്തെ തന്നെയാണ് ഉപദ്രവിക്കുന്നത്. തൻ്റെ മതത്തിലും, അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിലും സ്ഥൈര്യതയോടെ നിലയുറപ്പിച്ചു കൊണ്ട് (അല്ലാഹുവിനോട്) നന്ദി കാണിച്ചവർക്ക് അവൻ ഏറ്റവും നല്ല പ്രതിഫലം നൽകുന്നതാണ്.
145
അല്ലാഹുവിന്‍റെ ഉത്തരവനുസരിച്ചല്ലാതെ ഒരാള്‍ക്കും മരിക്കാനൊക്കുകയില്ല. അവധി കുറിക്കപ്പെട്ട ഒരു വിധിയാണത്. ആരെങ്കിലും ഇഹലോകത്തെ പ്രതിഫലമണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവന്ന് ഇവിടെ നിന്ന് നാം നല്‍കും. ആരെങ്കിലും പരലോകത്തെ പ്രതിഫലമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവന്ന് നാം അവിടെ നിന്ന് നല്‍കും. നന്ദികാണിക്കുന്നവര്‍ക്ക് നാം തക്കതായ പ്രതിഫലം നല്‍കുന്നതാണ്.
അല്ലാഹുവിൻ്റെ വിധിയില്ലാതെ ഒരു വ്യക്തിയും മരണപ്പെടുകയില്ല. അല്ലാഹു അവർക്ക് വിധിച്ച ആയുസ്സും, നിശ്ചയിച്ച അവധിയും അവർ പൂർത്തീകരിച്ച ശേഷമല്ലാതെ (ഒരാളും മരണപ്പെടുകയില്ല). അതിൽ എന്തെങ്കിലും കുറയുകയോ കൂടുകയോ ഇല്ല. ആരെങ്കിലും തൻ്റെ പ്രവർത്തനം കൊണ്ട് ഇഹലോകത്തെ പ്രതിഫലമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അവന് നിശ്ചയിക്കപ്പെട്ട കണക്കനുസരിച്ച് നാം (ദുനിയാവിൽ) നൽകുന്നതാണ്. പരലോകത്ത് യാതൊരു പങ്കും അവന് ഉണ്ടായിരിക്കുന്നതല്ല. ആരെങ്കിലും തൻ്റെ പ്രവർത്തനം കൊണ്ട് പരലോകത്തെ പ്രതിഫലമാണ് ഉദ്ദേശിക്കുന്നതെങ്കിൽ പാരത്രികലോകത്തെ പ്രതിഫലം നാമവന് നൽകുന്നതാണ്. തങ്ങളുടെ രക്ഷിതാവിനോട് നന്ദികാണിക്കുന്നവർക്ക് മഹത്തരമായ പ്രതിഫലം നാം നൽകുന്നതാണ്.
146
എത്രയെത്ര പ്രവാചകന്‍മാരോടൊപ്പം (അല്ലാഹുവിൻ്റെ) അനേകം ദാസന്‍മാര്‍ യുദ്ധം ചെയ്തിട്ടുണ്ട്. എന്നിട്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ തങ്ങള്‍ക്ക് നേരിട്ട യാതൊന്നു കൊണ്ടും അവര്‍ തളര്‍ന്നില്ല. അവര്‍ ദൗര്‍ബല്യം കാണിക്കുകയോ ഒതുങ്ങികൊടുക്കുകയോ ചെയ്തില്ല. അത്തരം ക്ഷമാശീലരെ അല്ലാഹു സ്നേഹിക്കുന്നു.
എത്രയെത്ര നബിമാരോടൊപ്പം അദ്ദേഹത്തെ പിൻപറ്റിയ ധാരാളക്കണക്കിന് അനുയായികൾ യുദ്ധം ചെയ്തിട്ടുണ്ട്. അല്ലാഹുവിൻ്റെ മാർഗത്തിൽ മുറിവുകളും മരണവുമെല്ലാം നേരിട്ടപ്പോൾ അവർ യുദ്ധത്തിൽ നിന്ന് ഭീരുത്വം പ്രകടിപ്പിക്കുകയോ, ശത്രുവിനോട് യുദ്ധം ചെയ്യുന്നതിൽ ദൗർബല്യം കാണിക്കുകയോ ചെയ്തില്ല. മറിച്ച് അവർ ക്ഷമിക്കുകയും, സ്ഥൈര്യത്തോടെ നിലയുറപ്പിക്കുകയും ചെയ്തു. അല്ലാഹുവിൻ്റെ മാർഗത്തിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും ക്ഷമിക്കുന്നവരെ അവൻ ഇഷ്ടപ്പെടുന്നു.
147
അവര്‍ പറഞ്ഞിരുന്നത് ഇപ്രകാരം മാത്രമായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പാപങ്ങളും, ഞങ്ങളുടെ കാര്യങ്ങളില്‍ വന്നുപോയ അതിക്രമങ്ങളും ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ. ഞങ്ങളുടെ കാലടികള്‍ നീ ഉറപ്പിച്ചു നിര്‍ത്തുകയും, സത്യനിഷേധികളായ ജനതക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ.
കഠിനതകൾ ബാധിച്ചപ്പോൾ ആ ക്ഷമാശീലർ പറഞ്ഞത് ഇത്ര മാത്രമായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളുടെ തിന്മകളും, കാര്യങ്ങളിൽ സംഭവിച്ചു പോയ അതിരുകവിച്ചിലുകളും ഞങ്ങൾക്ക് നീ പൊറുത്തു നൽകേണമേ! ശത്രുവിനെ കണ്ടുമുട്ടുമ്പോൾ ഞങ്ങളുടെ കാൽപ്പാദങ്ങൾ നീ ഉറപ്പിച്ചു നിർത്തുകയും, നിന്നെ നിഷേധിച്ച സമൂഹത്തിന് മേൽ ഞങ്ങൾക്ക് നീ സഹായം നൽകുകയും ചെയ്യേണമേ!
148
തന്‍മൂലം ഇഹലോകത്തെ പ്രതിഫലവും, പരലോകത്തെ വിശിഷ്ടമായ പ്രതിഫലവും അല്ലാഹു അവര്‍ക്ക് നല്‍കി. അല്ലാഹു സല്‍കര്‍മ്മകാരികളെ സ്നേഹിക്കുന്നു.
അപ്പോൾ വിജയവും അധികാരവും നൽകിക്കൊണ്ട് അല്ലാഹു ഇഹലോകത്ത് അവർക്ക് പ്രതിഫലം നൽകി. പരലോകത്ത് അവരെ അല്ലാഹു തൃപ്തിപ്പെടുകയും, സുഖാനുഗ്രഹങ്ങളുടെ ശാശ്വത സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു കൊണ്ട് ഉത്തമമായ പ്രതിഫലം വേറെയും നൽകി. തങ്ങളുടെ ആരാധനകളിലും പെരുമാറ്റങ്ങളിലും ഏറ്റവും നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.
149
സത്യവിശ്വാസികളേ, സത്യനിഷേധികളെ നിങ്ങള്‍ അനുസരിച്ച് പോയാല്‍ അവര്‍ നിങ്ങളെ പുറകോട്ട് തിരിച്ചുകൊണ്ടു പോകും. അങ്ങനെ നിങ്ങള്‍ നഷ്ടക്കാരായി മാറിപ്പോകും.
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്തവരേ! (അല്ലാഹുവിനെ) നിഷേധിച്ചവരായ യഹൂദരിലും നസ്വാറാക്കളിലും ബഹുദൈവാരാധകരിലും പെട്ടവർ നിങ്ങളോട് കൽപ്പിക്കുന്ന വഴികേടുകളിൽ അവരെ നിങ്ങൾ പിൻപറ്റുകയാണെങ്കിൽ നിങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചതിന് ശേഷം മുൻപ് നിങ്ങൾ നിഷേധികളായിരുന്നപ്പോഴുള്ള അവസ്ഥയിലേക്ക് അവർ നിങ്ങളെ തിരിച്ചു കൊണ്ടുപോകുന്നതാണ്. അങ്ങനെ ഇഹലോകത്തും പരലോകത്തും നിങ്ങൾ നഷ്ടക്കാരായി മടങ്ങുന്നതാണ്.
150
അല്ല, അല്ലാഹുവാകുന്നു നിങ്ങളുടെ രക്ഷാധികാരി. അവനാകുന്നു സഹായികളില്‍ ഉത്തമന്‍.
അല്ലാഹുവിനെ നിഷേധിച്ചവരായ ഈ കൂട്ടരെ നിങ്ങൾ അനുസരിച്ചാൽ അവർ നിങ്ങളെ സഹായിക്കുന്നതല്ല. മറിച്ച് അല്ലാഹുവാകുന്നു ശത്രുക്കൾക്കെതിരിൽ നിങ്ങളെ സഹായിക്കുന്നവൻ. അതിനാൽ അവനെ നിങ്ങൾ അനുസരിക്കുക. സഹായിക്കുന്നവരിൽ ഏറ്റവും ഉത്തമൻ അവനാകുന്നു; അവന് ശേഷം മറ്റാരെയും നിങ്ങൾക്ക് ആവശ്യമുണ്ടാവുകയില്ല.
151
സത്യനിഷേധികളുടെ മനസ്സുകളില്‍ നാം ഭയം ഇട്ടുകൊടുക്കുന്നതാണ്. അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്ത വസ്തുക്കളെ അല്ലാഹുവോട് അവര്‍ പങ്കുചേര്‍ത്തതിന്‍റെ ഫലമാണത്. നരകമാകുന്നു അവരുടെ സങ്കേതം. അക്രമികളുടെ പാര്‍പ്പിടം എത്രമോശം!
അല്ലാഹുവിനെ നിഷേധിച്ചവരുടെ ഹൃദയത്തിൽ നാം കടുത്ത ഭയം ഇട്ടുനൽകുന്നതാണ്. അങ്ങനെ നിങ്ങളോടുള്ള യുദ്ധത്തിൽ നിലയുറപ്പിക്കാൻ അവർക്ക് സാധിക്കില്ല. തങ്ങളുടെ ദേഹേഛകളുടെ അടിസ്ഥാനത്തിൽ അല്ലാഹുവിനുള്ള ആരാധനയിൽ മറ്റു ആരാധ്യന്മാരെ അവർ പങ്കുചേർത്തത് കാരണത്താലാകുന്നു അത്. അതിന് യാതൊരു തെളിവും അല്ലാഹു അവതരിപ്പിച്ചിട്ടില്ല. പരലോകത്ത് അവർ മടങ്ങിച്ചെല്ലുന്ന അവരുടെ സങ്കേതം നരകമത്രെ. അതിക്രമികൾക്ക് എത്ര മോശം സങ്കേതമാണ് നരകമെന്നത്!
152
അല്ലാഹുവിന്‍റെ അനുമതി പ്രകാരം നിങ്ങളവരെ കൊന്നൊടുക്കിക്കൊണ്ടിരുന്നപ്പോള്‍ നിങ്ങളോടുള്ള അല്ലാഹുവിന്‍റെ വാഗ്ദാനത്തില്‍ അവന്‍ സത്യം പാലിച്ചിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ ഭീരുത്വം കാണിക്കുകയും, കാര്യനിര്‍വഹണത്തില്‍ അന്യോന്യം പിണങ്ങുകയും, നിങ്ങള്‍ ഇഷ്ടപ്പെടുന്ന നേട്ടം അല്ലാഹു നിങ്ങള്‍ക്ക് കാണിച്ചുതന്നതിന് ശേഷം നിങ്ങള്‍ അനുസരണക്കേട് കാണിക്കുകയും ചെയ്തപ്പോഴാണ് (കാര്യങ്ങള്‍ നിങ്ങള്‍ക്കെതിരായത്.) നിങ്ങളില്‍ ഇഹലോകത്തെ ലക്ഷ്യമാക്കുന്നവരുണ്ട്. പരലോകത്തെ ലക്ഷ്യമാക്കുന്നവരും നിങ്ങളിലുണ്ട്. അനന്തരം നിങ്ങളെ പരീക്ഷിക്കുവാനായി അവരില്‍ (ശത്രുക്കളില്‍) നിന്ന് നിങ്ങളെ അല്ലാഹു പിന്തിരിപ്പിച്ചുകളഞ്ഞു. എന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് തന്നിരിക്കുന്നു. അല്ലാഹു സത്യവിശ്വാസികളോട് ഔദാര്യം കാണിക്കുന്നവനാകുന്നു.
നിങ്ങളുടെ ശത്രുക്കൾക്കെതിരെ നിങ്ങൾക്ക് സഹായം നൽകുമെന്ന അല്ലാഹുവിൻ്റെ വാഗ്ദാനം ഉഹ്ദ് യുദ്ധദിവസവും അവൻ നിറവേറ്റിയിട്ടുണ്ട്. അങ്ങനെ നിങ്ങൾ അല്ലാഹുവിൻ്റെ അനുമതിപ്രകാരം (ബഹുദൈവാരാധകരെ) ശക്തമായി വധിച്ചു കൊണ്ടിരുന്നു. എന്നാൽ നിങ്ങൾ ഭീരുത്വം കാണിക്കുകയും, നബി -ﷺ- നിങ്ങളോട് കൽപ്പിച്ചതിന് വിരുദ്ധമായി യുദ്ധമുഖത്ത് ഉറച്ചു നിൽക്കാതെ ദുർബലരാവുകയും, (നബി -ﷺ- നിശ്ചയിച്ച) നിങ്ങളുടെ സ്ഥാനങ്ങളിൽ നിലയുറപ്പിക്കണോ അതല്ല അവിടം ഉപേക്ഷിച്ച് യുദ്ധാർജ്ജിത സ്വത്തുക്കൾ ശേഖരിക്കാൻ ഇറങ്ങണോ എന്ന് അഭിപ്രായഭിന്നതയിലാവുകയും, എന്തെല്ലാം സംഭവിച്ചാലും നിങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് നീങ്ങരുതെന്ന നബി -ﷺ- യുടെ കൽപ്പന നിങ്ങൾ ധിക്കരിക്കുകയും ചെയ്യുന്നത് വരെ (വിജയം നിങ്ങളോടൊപ്പം നിന്നു). നിങ്ങൾ ആഗ്രഹിച്ചത് പോലെ ശത്രുക്കൾക്കെതിരിൽ അല്ലാഹു നിങ്ങൾക്ക് വിജയം നൽകിയതിന് ശേഷമായിരുന്നു ഇതെല്ലാം നിങ്ങളിൽ നിന്ന് സംഭവിച്ചത്. നിങ്ങളിൽ ഐഹികനേട്ടങ്ങൾ ആഗ്രഹിക്കുന്ന ചിലരുണ്ട്. അവരാണ് തങ്ങളുടെ നിശ്ചിതസ്ഥാനങ്ങൾ ഉപേക്ഷിച്ചത്. നിങ്ങളിൽ പരലോകം ആഗ്രഹിക്കുന്നവരുമുണ്ട്; അവരാണ് നബി -ﷺ- യെ അനുസരിച്ചു കൊണ്ട്, തങ്ങളുടെ സ്ഥാനങ്ങളിൽ ഉറച്ചു നിന്നത്. ശേഷം അല്ലാഹു അവരിൽ നിന്ന് നിങ്ങളെ തിരിച്ചു കളയുകയും, അവർക്ക് നിങ്ങളുടെ മേൽ ആധിപത്യം നൽകുകയും ചെയ്തു. നിങ്ങളെ പരീക്ഷിക്കുന്നതിനായിരുന്നു അത്; അങ്ങനെ കാലിടറി പോവുകയും ദൗർബല്യം കാണിക്കുകയും ചെയ്തവർ പ്രയാസങ്ങളിൽ ക്ഷമിക്കുന്ന യഥാർത്ഥ വിശ്വാസിയിൽ നിന്ന് വേർതിരിയുന്നതിനത്രെ അത്. നബി -ﷺ- യുടെ കൽപ്പന നിങ്ങൾ ധിക്കരിച്ചത് അല്ലാഹു നിങ്ങൾക്ക് പൊറുത്തു തന്നിരിക്കുന്നു. അല്ലാഹു അവനിൽ വിശ്വസിച്ചവരോട് ധാരാളമായി ഔദാര്യം ചൊരിയുന്നവനാകുന്നു; അവൻ അവർക്ക് (ഇസ്ലാം സ്വീകരിക്കാനുള്ള) സന്മാർഗം നൽകുകയും, അവരുടെ തെറ്റുകൾ പൊറുത്തു നൽകുകയും, അവരെ ബാധിച്ച പ്രയാസങ്ങൾക്ക് പ്രതിഫലം നൽകുകയും ചെയ്തിരിക്കുന്നു.
153
ആരെയും തിരിഞ്ഞ് നോക്കാതെ നിങ്ങള്‍ (പടക്കളത്തില്‍നിന്നു) ഓടിക്കയറിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) റസൂല്‍ പിന്നില്‍ നിന്ന് നിങ്ങളെ വിളിക്കുന്നുണ്ടായിരുന്നു. അങ്ങനെ അല്ലാഹു നിങ്ങള്‍ക്കു ദുഃഖത്തിനുമേല്‍ ദുഃഖം പ്രതിഫലമായി നല്‍കി. നഷ്ടപ്പെട്ടുപോകുന്ന നേട്ടത്തിന്‍റെ പേരിലോ, നിങ്ങളെ ബാധിക്കുന്ന ആപത്തിന്‍റെ പേരിലോ നിങ്ങള്‍ ദുഃഖിക്കുവാന്‍ ഇടവരാതിരിക്കുന്നതിനുവേണ്ടിയാണിത്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.
അല്ലാഹുവിൽ വിശ്വസിച്ചവരേ! രണാങ്കണത്തിൽ നിന്ന് നിങ്ങൾ അകന്നു പോവുകയും, ഉഹ്ദ് യുദ്ധദിവസം നിങ്ങൾ തിരിഞ്ഞോടുകയും, നബി -ﷺ- യെ ധിക്കരിച്ചതിനാൽ നിങ്ങളെ പരാജയം ബാധിക്കുകയും ചെയ്ത സന്ദർഭം ഓർക്കുക. നിങ്ങൾ പരസ്പരം നോക്കുന്നു പോലുമുണ്ടായിരുന്നില്ല. അല്ലാഹുവിൻ്റെ റസൂലാകട്ടെ, നിങ്ങളുടെ പിന്നിൽ നിന്ന് -നിങ്ങൾക്കും ബഹുദൈവാരാധകർക്കും ഇടയിൽ നിലയുറപ്പിച്ചു കൊണ്ട്- നിങ്ങളെ വിളിക്കുന്നുണ്ടായിരുന്നു. 'അല്ലാഹുവിൻ്റെ ദാസന്മാരേ! എൻ്റെയരികിലേക്ക് വരൂ! എൻ്റെയരികിലേക്ക് വരൂ അല്ലാഹുവിൻ്റെ ദാസന്മാരേ!' എന്ന് അവിടുന്ന് പറഞ്ഞു കൊണ്ടേയിരുന്നു. നഷ്ടപ്പെട്ട വിജയവും യുദ്ധാർജ്ജിത സ്വത്തുക്കളും ഓർത്തു കൊണ്ടുള്ള വേദനയും സങ്കടവും (നിങ്ങളുടെ ഈ പ്രവൃത്തിക്ക്) അല്ലാഹു പ്രതിഫലമായി നൽകി. ഈ ദുഃഖത്തിനോടൊപ്പം നബി -ﷺ- കൊല്ലപ്പെട്ടിരിക്കുന്നു എന്ന വാർത്ത പരന്നതിനാൽ മറ്റൊരു ദുഃഖവും വേദനയും നിങ്ങളെ ബാധിച്ചു. അല്ലാഹു ഇതെല്ലാം നിങ്ങൾക്ക് ബാധിപ്പിച്ചത് നബി -ﷺ- മരിച്ചിട്ടില്ല എന്ന് അറിഞ്ഞതിന് ശേഷം നിങ്ങൾക്ക് നഷ്ടപ്പെട്ടു പോയ വിജയത്തിൻ്റെയും യുദ്ധാർജ്ജിത സ്വത്തുക്കളുടെയും നിങ്ങളെ ബാധിച്ച മുറിവുകളുടെയും മരണത്തിൻ്റെയും പേരിൽ നിങ്ങൾ അമിതമായി ദുഃഖിക്കാതിരിക്കുന്നതിനത്രെ. കാരണം, (അവിടുന്ന് മരിച്ചിട്ടില്ല എന്ന വാർത്ത കേട്ടതോടെ) എല്ലാ പ്രയാസങ്ങളും വേദനകളും നിങ്ങൾക്ക് നിസ്സാരമായി തീർന്നു. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു; നിങ്ങളുടെ ഹൃദയങ്ങളിലെ അവസ്ഥാന്തരങ്ങളോ, അവയവങ്ങൾ കൊണ്ട് ചെയ്യുന്ന പ്രവർത്തനങ്ങളോ അവന് അവ്യക്തമാവുകയില്ല.
154
പിന്നീട് ആ ദുഃഖത്തിനു ശേഷം അല്ലാഹു നിങ്ങള്‍ക്കൊരു നിര്‍ഭയത്വം അഥവാ മയക്കം ഇറക്കിത്തന്നു.(25) ആ മയക്കം നിങ്ങളില്‍ ഒരു വിഭാഗത്തെ പൊതിയുകയായിരുന്നു. വേറെ ഒരു വിഭാഗമാകട്ടെ സ്വന്തം ദേഹങ്ങളെപ്പറ്റിയുള്ള ചിന്തയാല്‍ അസ്വസ്ഥരായിരുന്നു. അല്ലാഹുവെപ്പറ്റി അവര്‍ ധരിച്ചിരുന്നത് സത്യവിരുദ്ധമായ അനിസ്ലാമിക ധാരണയായിരുന്നു. അവര്‍ പറയുന്നു: കാര്യത്തില്‍ നമുക്ക് വല്ല സ്വാധീനവുമുണ്ടോ? (നബിയേ,) പറയുക: കാര്യമെല്ലാം അല്ലാഹുവിന്‍റെ അധീനത്തിലാകുന്നു. നിന്നോടവര്‍ വെളിപ്പെടുത്തുന്നതല്ലാത്ത മറ്റൊന്ന് മനസ്സുകളില്‍ അവര്‍ ഒളിച്ചു വെക്കുന്നു. അവര്‍ പറയുന്നു: കാര്യത്തില്‍ നമുക്ക് വല്ല സ്വാധീനവുമുണ്ടായിരുന്നുവെങ്കില്‍ നാം ഇവിടെ വെച്ച് കൊല്ലപ്പെടുമായിരുന്നില്ല. (നബിയേ,) പറയുക: നിങ്ങള്‍ സ്വന്തം വീടുകളില്‍ ആയിരുന്നാല്‍ പോലും കൊല്ലപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ തങ്ങള്‍ മരിച്ചുവീഴുന്ന സ്ഥാനങ്ങളിലേക്ക് (സ്വയം) പുറപ്പെട്ട് വരുമായിരുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത് അല്ലാഹു പരീക്ഷിച്ചറിയുവാന്‍ വേണ്ടിയും, നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് ശുദ്ധീകരിച്ചെടുക്കുവാന്‍ വേണ്ടിയുമാണിതെല്ലാം. മനസ്സുകളിലുള്ളതെല്ലാം അറിയുന്നവനാകുന്നു അല്ലാഹു.
നിങ്ങളെ ബാധിച്ച ദുഃഖത്തിനും വേദനക്കും ശേഷം അല്ലാഹു നിങ്ങൾക്ക് സമാധാനവും മനസ്സാന്നിധ്യവും നൽകി. അങ്ങനെ നിങ്ങളിൽ പെട്ട -അല്ലാഹുവിൻ്റെ വാഗ്ദാനത്തിൽ ഉറച്ച വിശ്വാസമുള്ളവരായിരുന്ന- ഒരു വിഭാഗം; ഹൃദയത്തിലുണ്ടായ സമാധാനവും ശാന്തിയും കാരണത്താൽ അവരെ ഒരു മയക്കം പൊതിഞ്ഞു. മറ്റൊരു വിഭാഗമാകട്ടെ, അവർക്ക് സമാധാനമോ മയക്കമോ ബാധിച്ചില്ല. തങ്ങളുടെ ജീവൻ രക്ഷിക്കുക എന്നതല്ലാതെ മറ്റൊരു ചിന്തയുമില്ലാത്ത കപടവിശ്വാസികളായിരുന്നു അവർ. അവർ ഇളകിമറിഞ്ഞ ഹൃദയവും ഭീതിയുമായാണ് നിലകൊണ്ടത്. അല്ലാഹുവിനെ കുറിച്ച് മോശം ധാരണകൾ അവർ വെച്ചുപുലർത്തി. അല്ലാഹു അവൻ്റെ റസൂലിനെ സഹായിക്കുകയോ, അവൻ്റെ ദാസന്മാരെ പിന്തുണക്കുകയോ ചെയ്യില്ലെന്നായിരുന്നു അത്. അല്ലാഹുവിനെ ആദരിക്കേണ്ട മുറപ്രകാരം ആദരിക്കാത്ത ജാഹിലിയ്യ സമൂഹത്തിൻ്റെ ധാരണ പോലെയായിരുന്നു അത്. അല്ലാഹുവിനെ കുറിച്ചുള്ള അറിവില്ലായ്മയിൽ നിന്ന് കപടവിശ്വാസികൾ പറഞ്ഞു: യുദ്ധത്തിന് പുറപ്പെടുന്ന വിഷയത്തിൽ ഞങ്ങൾക്ക് യാതൊരു തീരുമാനവുമുണ്ടായിരുന്നില്ല. ഞങ്ങളായിരുന്നു വിഷയത്തിൽ തീരുമാനം എടുത്തിരുന്നതെങ്കിൽ നാമൊരിക്കലും യുദ്ധത്തിന് പുറപ്പെടില്ലായിരുന്നു. അല്ലാഹുവിൻ്റെ റസൂലേ! അവരോട് മറുപടിയായി പറയുക: 'കാര്യത്തിൻ്റെ തീരുമാനം മുഴുവൻ അല്ലാഹുവിൻ്റെ പക്കലാകുന്നു. അവൻ്റെ ഉദ്ദേശം അനുസരിച്ചാകുന്നു അവൻ (കാര്യങ്ങൾ) തീരുമാനിക്കുന്നതും വിധിക്കുന്നതും. നിങ്ങൾ യുദ്ധത്തിന് പുറത്തിറങ്ങണമെന്ന് വിധിച്ചത് അവനാകുന്നു.' ഈ കപടന്മാർ അവരുടെ ഹൃദയത്തിൽ ഒളിപ്പിക്കുന്ന മോശം വിചാരങ്ങളും സംശയങ്ങളും താങ്കളോട് വ്യക്തമാക്കുന്നില്ല. അവർ പറയുന്നു: 'ഞങ്ങളുടെ തീരുമാന പ്രകാരമായിരുന്നു കാര്യങ്ങൾ നടന്നിരുന്നതെങ്കിൽ നാം ഇവിടെ ഇങ്ങനെ കൊല്ലപ്പെടില്ലായിരുന്നു.' നബിയേ! അവരോട് പറയുക: യുദ്ധത്തിൻ്റെയും മരണത്തിൻ്റെയും സ്ഥാനങ്ങളിൽ നിന്ന് വിദൂരെ -നിങ്ങളുടെ വീടുകളിലാണ്- നിങ്ങളുണ്ടായിരുന്നതെങ്കിലും നിങ്ങളുടെ കൂട്ടത്തിൽ നിന്ന് കൊല്ലപ്പെടണമെന്ന് അല്ലാഹു വിധിച്ചവൻ അവൻ്റെ മരണം നടക്കുന്നിടത്തേക്ക് ഇറങ്ങിപ്പുറപ്പെടുക തന്നെ ചെയ്യുമായിരുന്നു. ഇതെല്ലാം അല്ലാഹു ഇപ്രകാരം വിധിച്ചത് നിങ്ങളുടെ മനസ്സുകളിലെ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും അല്ലാഹു പരിശോധിക്കുന്നതിനത്രെ. അതിലുള്ള യഥാർത്ഥ വിശ്വാസവും കാപട്യവും വേർതിരിയുന്നതിനത്രെ. തൻ്റെ അടിമകളുടെ ഹൃദയങ്ങളിലുള്ളത് നന്നായി അറിയുന്നവനത്രെ അല്ലാഹു; യാതൊരു കാര്യവും അവന് അവ്യക്തമാവുകയില്ല.
155
രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസം നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് പിന്തിരിഞ്ഞ് ഓടിയവരെ തങ്ങളുടെ ചില ചെയ്തികള്‍ കാരണമായി പിശാച് വഴിതെറ്റിക്കുകയാണുണ്ടായത്. അല്ലാഹു അവര്‍ക്ക് മാപ്പുനല്‍കിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു.
മുഹമ്മദ് നബി (ﷺ) യുടെ അനുചരന്മാരേ! മുശ്'രിക്കുകളുടെ സൈന്യവും മുസ്ലിംകളുടെ സൈന്യവും പരസ്പരം ഏറ്റുമുട്ടിയ ഉഹ്ദ് യുദ്ധദിവസം (യുദ്ധത്തിൽ) തോറ്റോടിയ നിങ്ങളുടെ കൂട്ടത്തിലുള്ള ചിലർ; അവർ മുൻപ് ചെയ്തു പോയ ചില തിന്മകളുടെ പേരിൽ പിശാച് അവരെ ആ അബദ്ധത്തിലേക്ക് വീഴ്ത്തുകയാണുണ്ടായത്. അല്ലാഹു അവൻ്റെ ഔദാര്യവും കാരുണ്യവുമായി കൊണ്ട് അവർക്ക് പൊറുത്തു നൽകുകയും, അതിൻ്റെ പേരിൽ അവരെ ശിക്ഷിക്കാതെ വിടുകയും ചെയ്തിരിക്കുന്നു. തീർച്ചയായും തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ധാരാളമായി പൊറുത്തു നൽകുകയും (ഗഫൂർ), അവരെ പൊടുന്നനെ ശിക്ഷിക്കാതെ വിടുന്ന, അങ്ങേയറ്റം ക്ഷമിക്കുന്നവനും (ഹലീം) ആകുന്നു അല്ലാഹു.
156
സത്യവിശ്വാസികളേ, നിങ്ങള്‍ (ചില) സത്യനിഷേധികളെപ്പോലെയാകരുത്. തങ്ങളുടെ സഹോദരങ്ങള്‍ യാത്രപോകുകയോ, യോദ്ധാക്കളായി പുറപ്പെടുകയോ ചെയ്തിട്ട് മരണമടയുകയാണെങ്കില്‍ അവര്‍ പറയും: ഇവര്‍ ഞങ്ങളുടെ അടുത്തായിരുന്നെങ്കില്‍ മരണപ്പെടുകയോ കൊല്ലപ്പെടുകയോ ഇല്ലായിരുന്നു. അങ്ങനെ അല്ലാഹു അത് അവരുടെ മനസ്സുകളില്‍ ഒരു ഖേദമാക്കിവെക്കുന്നു. അല്ലാഹുവാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനുമത്രെ.
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്തവരേ! കപടവിശ്വാസികളായ, (അല്ലാഹുവിനെ) നിഷേധിച്ചവരെ പോലെ നിങ്ങൾ ആയിത്തീരരുത്. ഉപജീവനം തേടിക്കൊണ്ട് യാത്ര പോവുകയോ, യുദ്ധത്തിൽ പുറപ്പെട്ടു മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്ത തങ്ങളുടെ ബന്ധുക്കളെക്കുറിച്ച് അവർ പറയുന്നു: അവർ നമ്മോടൊപ്പം തന്നെ നിൽക്കുകയും, ഇവിടെ നിന്ന് പോകാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ -അതല്ലെങ്കിൽ യുദ്ധം ചെയ്യാതിരുന്നിരുന്നെങ്കിൽ- അവർ മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്യില്ലായിരുന്നു. അവരുടെ ഹൃദയത്തിൽ അല്ലാഹു ഈ വിശ്വാസം ഇട്ടുകൊടുത്തത് അവരുടെ ഖേദവും ദുഃഖവും വർദ്ധിക്കുന്നതിന് മാത്രമാകുന്നു. അല്ലാഹുവാകുന്നു അവൻ്റെ ഉദ്ദേശപ്രകാരം ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവൻ. (വീട്ടിൽ) ചടഞ്ഞിരിക്കുന്നത് അല്ലാഹുവിൻ്റെ വിധിയെ തടുക്കുകയോ, പുറത്തു പോകുന്നത് അത് നേരത്തെയാക്കുകയോ ഇല്ല. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നത് നന്നായി കണ്ടറിയുന്നവനാകുന്നു. നിങ്ങളുടെ പ്രവർത്തനങ്ങളൊന്നും അവന് അവ്യക്തമാവുകയില്ല. അവക്കെല്ലാം അവൻ നിങ്ങൾക്ക് പ്രതിഫലം നൽകുകയും ചെയ്യുന്നതാണ്.
157
നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെടുകയോ, മരണപ്പെടുകയോ ചെയ്യുന്ന പക്ഷം അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന പാപമോചനവും കാരുണ്യവുമാണ് അവര്‍ ശേഖരിച്ച് വെക്കുന്നതിനെക്കാളെല്ലാം ഗുണകരമായിട്ടുള്ളത്.
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങൾ അല്ലാഹുവിൻ്റെ മാർഗത്തിൽ കൊല്ലപ്പെടുകയോ അതല്ലെങ്കിൽ മരണപ്പെടുകയോ ആണെങ്കിൽ അല്ലാഹു നിങ്ങൾക്ക് മഹത്തരമായ പാപമോചനം തന്നെ നൽകുന്നതാണ്. അവൻ്റെ പക്കൽ നിന്നുള്ള കാരുണ്യം നിങ്ങൾക്ക് മേൽ അവൻ ചൊരിയുകയും ചെയ്യുന്നതാണ്. ഇഹലോകത്തുള്ള എന്തൊന്നിനെക്കാളും, അതിൻ്റെ ആളുകൾ സ്വരുക്കൂട്ടി കൊണ്ടിരിക്കുന്ന നശ്വരമായ സുഖാനുഗ്രഹങ്ങളെക്കാളും ഉത്തമമാണ് അക്കാര്യം.
158
നിങ്ങള്‍ മരണപ്പെടുകയാണെങ്കിലും കൊല്ലപ്പെടുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹുവിങ്കലേക്ക് തന്നെയാണ് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നത്.
നിങ്ങൾ ഏതൊരു അവസ്ഥയിലായിരിക്കെ മരണപ്പെട്ടാലും, അതല്ലെങ്കിൽ നിങ്ങൾ കൊല്ലപ്പെട്ടാലും അല്ലാഹുവിലേക്ക് മാത്രമാകുന്നു നിങ്ങളേവരും മടങ്ങിച്ചെല്ലുന്നത്. നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അല്ലാഹു പ്രതിഫലം നൽകുന്നതിനത്രെ അത്.
159
(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്.
അല്ലാഹുവിൽ നിന്നുള്ള മഹത്തരമായ അനുഗ്രഹത്താലാണ് -നബിയേ!- അനുചരന്മാരോടുള്ള താങ്കളുടെ പെരുമാറ്റം വളരെ സൗമ്യതയുള്ളതായത്. താങ്കളെങ്ങാനും സംസാരത്തിലും പ്രവർത്തനത്തിലും പരുഷത പുലർത്തുന്നവരും, ഹൃദയകാഠിന്യമുള്ളവരും ആയിരുന്നെങ്കിൽ അവർ താങ്കളിൽ നിന്ന് അകന്നു പോകുമായിരുന്നു. അതിനാൽ താങ്കളോടുള്ള ബാധ്യതകളിൽ അവർ വരുത്തുന്ന കുറവുകൾ അവർക്ക് താങ്കൾ പൊറുത്തു കൊടുക്കുകയും, അവർക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കൂടിയാലോചന വേണ്ടതായ കാര്യങ്ങളിൽ അവരുടെ അഭിപ്രായം അന്വേഷിക്കുകയും ചെയ്യുക. അങ്ങനെ കൂടിയാലോചനക്ക് ശേഷം ഏതെങ്കിലുമൊരു കാര്യത്തിൽ താങ്കൾ ഉറച്ച തീരുമാനമെടുത്താൽ അതുമായി മുന്നോട്ടുപോവുകയും , അല്ലാഹുവിൽ ഭരമേൽപ്പിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നവരെ അവൻ ഇഷ്ടപ്പെടുന്നു. അവരെ അവൻ നന്മയിലേക്ക് വഴിനടത്തുകയും, അവർക്ക് പിന്തുണ നൽകുകയും ചെയ്യുന്നു.
160
നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം നിങ്ങളെ തോല്‍പിക്കാനാരുമില്ല. അവന്‍ നിങ്ങളെ കൈവിട്ടുകളയുന്ന പക്ഷം അവന്നു പുറമെ ആരാണ് നിങ്ങളെ സഹായിക്കാനുള്ളത്? അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ.
അല്ലാഹു അവൻ്റെ സഹായവും വിജയവും മുഖേന നിങ്ങളെ പിന്തുണച്ചാൽ -ഭൂമിയിലുള്ള സർവ്വ മനുഷ്യരും നിങ്ങൾക്കെതിരെ ഒരുമിച്ചാലും- ഒരാൾക്കും നിങ്ങളെ പരാജയപ്പെടുത്തുക സാധ്യമല്ല. എന്നാൽ അല്ലാഹു നിങ്ങളെ സഹായിക്കുന്നത് ഉപേക്ഷിക്കുകയും, നിങ്ങളുടെ കാര്യം നിങ്ങളെ തന്നെ ഏൽപ്പിക്കുകയും ചെയ്താൽ അവന് ശേഷം ഒരാൾക്കും നിങ്ങളെ സഹായിക്കുക സാധ്യമല്ല. അതിനാൽ സഹായം അവൻ്റെ പക്കൽ മാത്രമാകുന്നു. അതിനാൽ അല്ലാഹുവിൽ മാത്രമാകട്ടെ (അവനിൽ) വിശ്വസിച്ചവർ ഭരമേല്പിക്കുന്നത്; മറ്റാരുടെ മേലും അവർ ഭരമേൽപ്പിക്കാതിരിക്കട്ടെ.
161
ഒരു പ്രവാചകനും വല്ലതും വഞ്ചിച്ചെടുക്കുക എന്നത് ഉണ്ടാകാവുന്നതല്ല.(26) വല്ലവനും വഞ്ചിച്ചെടുത്താല്‍ താന്‍ വഞ്ചിച്ചെടുത്ത സാധനവുമായി ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ വരുന്നതാണ്. അനന്തരം ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചുവെച്ചതിന്‍റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടും. അവരോട് ഒരു അനീതിയും കാണിക്കപ്പെടുന്നതല്ല.
അല്ലാഹു പ്രത്യേകമായി നൽകിയത് ഒഴികെ മറ്റെന്തെങ്കിലും യുദ്ധാർജ്ജിതസ്വത്തിൽ നിന്ന് കൈവശപ്പെടുത്തി കൊണ്ട് വഞ്ചന കാണിക്കുക എന്നത് ഒരു നബിയിൽ നിന്നും സംഭവിക്കുകയില്ല. നിങ്ങളിൽ നിന്ന് ആരെങ്കിലും യുദ്ധാർജ്ജിത സ്വത്തിൽ നിന്ന് എന്തെങ്കിലും വഞ്ചനയിലൂടെ എടുത്താൽ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ വഷളാക്കപ്പെട്ടു കൊണ്ട് അവന് അതിനുള്ള ശിക്ഷ നൽകപ്പെടുന്നതാണ്. അങ്ങനെ സർവ്വ സൃഷ്ടികൾക്കും മുൻപിൽ താൻ വഞ്ചിച്ചെടുത്ത വസ്തുവും വഹിച്ചു കൊണ്ട് അവൻ വരുന്നതാണ്. ശേഷം ഓരോ വ്യക്തിക്കും അവൻ പ്രവർത്തിച്ചതിൻ്റെ പ്രതിഫലം പരിപൂർണ്ണമായി -യാതൊരു കുറവുമില്ലാതെ- നൽകപ്പെടുന്നതാണ്. അവരുടെ തിന്മകൾ അധികരിപ്പിച്ചുകൊണ്ടോ, അവരുടെ നന്മകളിൽ കുറവു വരുത്തിക്കൊണ്ടോ അവരോട് അനീതി പ്രവർത്തിക്കപ്പെടുന്നതല്ല.
162
അല്ലാഹുവിന്‍റെ പ്രീതിയെ പിന്തുടര്‍ന്ന ഒരുവന്‍ അല്ലാഹുവിന്‍റെ കോപത്തിന് പാത്രമായ വാസസ്ഥലം നരകമായവനെപ്പോലെയാണോ? അത് എത്ര ചീത്ത സങ്കേതം.
അല്ലാഹുവിൻ്റെ തൃപ്തി നേടാൻ വേണ്ടതായ വിശ്വാസവും സൽകർമ്മങ്ങളും പിൻപറ്റിയവനും, അല്ലാഹുവിനെ നിഷേധിക്കുകയും തിന്മകൾ പ്രവർത്തിക്കുകയും അല്ലാഹുവിൻ്റെ കോപവുമായി മടങ്ങുകയും ചെയ്തവനും അല്ലാഹുവിൻ്റെ അടുക്കൽ സമമാവുകയില്ല. അവൻ്റെ (അല്ലാഹുവിനെ നിഷേധിച്ചവൻ്റെ) സങ്കേതം നരകമാകുന്നു. എത്ര മോശം മടക്കസങ്കേതവും അഭയസ്ഥാനവുമാകുന്നു അത്.
163
അവര്‍ അല്ലാഹുവിന്‍റെ അടുക്കല്‍ പല പദവികളിലാകുന്നു. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്.
അല്ലാഹുവിൻ്റെ അടുക്കൽ ഇഹലോകത്തും പരലോകത്തും അവർ വ്യത്യസ്ത പദവികളിലാകുന്നു. അല്ലാഹു അവർ പ്രവർത്തിക്കുന്നത് നന്നായി കണ്ടറിയുന്നവനാകുന്നു. അവന് യാതൊരു കാര്യവും അവ്യക്തമാവുകയില്ല. എല്ലാവർക്കും അവരുടെ പ്രവർത്തനത്തിന് അവൻ പ്രതിഫലം നൽകുന്നതാണ്.
164
തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതികേള്‍പിക്കുകയും, അവരെ സംസ്കരിക്കുകയും, അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു.
തങ്ങളിൽ നിന്ന് തന്നെയുള്ള ഒരു റസൂലിനെ (ദൂതനെ) അവരിലേക്ക് നിയോഗിച്ചതിലൂടെ അല്ലാഹു (അവനിൽ) വിശ്വസിച്ചവർക്ക് മേൽ അനുഗ്രഹം ചൊരിയുകയും, അവരോട് അത്യന്തം നന്മ ചൊരിയുകയും ചെയ്തിരിക്കുന്നു. ആ റസൂൽ അവർക്ക് ഖുർആൻ പാരായണം ചെയ്തു നൽകുകയും, അവരെ ബഹുദൈവാരാധനയിൽ നിന്നും മറ്റ് മ്ലേഛമായ സ്വഭാവങ്ങളിൽ നിന്നും ശുദ്ധീകരിക്കുകയും ചെയ്യുന്നു. അവർക്ക് അദ്ദേഹം ഖുർആനും സുന്നത്തും (നബിചര്യ) പഠിപ്പിക്കുന്നു. ഈ റസൂലിൻ്റെ നിയോഗത്തിന് മുൻപ് സന്മാർഗത്തിൽ നിന്നും ശരിയിൽ നിന്നും ബഹുദൂരം അകലെ, വ്യക്തമായ വഴികേടിൽത്തന്നെയായിരുന്നു അവർ.
165
നിങ്ങള്‍ക്ക് ഒരു വിപത്ത് നേരിട്ടു. അതിന്‍റെ ഇരട്ടി നിങ്ങള്‍ ശത്രുക്കള്‍ക്ക് വരുത്തിവെച്ചിട്ടുണ്ടായിരുന്നു.(27) എന്നിട്ടും നിങ്ങള്‍ പറയുകയാണോ; ഇതെങ്ങനെയാണ് സംഭവിച്ചത് എന്ന്? (നബിയേ,) പറയുക: അത് നിങ്ങളുടെ പക്കല്‍ നിന്ന് തന്നെ ഉണ്ടായതാകുന്നു. തീര്‍ച്ചയായും അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു.
അല്ലാഹുവിൽ വിശ്വസിച്ചവരേ! ഉഹ്ദിൽ നിങ്ങൾ പരാജയപ്പെടുകയും, നിങ്ങളിൽ നിന്ന് ചിലർ കൊല്ലപ്പെടുകയും ചെയ്തപ്പോൾ -വധിക്കുന്നതിലും തടവിലാക്കുന്നതിലും നിങ്ങൾക്ക് ബാധിച്ചതിൻ്റെ ഇരട്ടി പ്രഹരം നിങ്ങളുടെ ശത്രുവിന് ബദ്`റിൽ വെച്ച് നിങ്ങളേൽപ്പിച്ചിട്ടും- നിങ്ങൾ പറയുന്നു: നമ്മൾ അല്ലാഹുവിനെ വിശ്വസിച്ചവരായിരിക്കെ, -നബി (ﷺ) നമുക്കിടയിൽ ഉണ്ടായിരിക്കെ- എവിടെ നിന്നാണ് ഈ പ്രയാസം നമ്മെ ബാധിച്ചത്?! അല്ലാഹുവിൻ്റെ റസൂലേ! പറയുക: നിങ്ങൾ ഭിന്നിക്കുകയും, നബി (ﷺ) യെ ധിക്കരിക്കുകയും ചെയ്തപ്പോഴാണ് അത് നിങ്ങൾക്ക് വന്നെത്തിയത്; നിങ്ങൾ കാരണത്താൽ തന്നെയാണ് അതെല്ലാം നിങ്ങളെ ബാധിച്ചത്. തീർച്ചയായും അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാകുന്നു; അവൻ ഉദ്ദേശിക്കുന്നവരെ അവൻ സഹായിക്കുകയും, അവൻ ഉദ്ദേശിക്കുന്നവരെ അവൻ കൈവെടിയുകയും ചെയ്യുന്നു.
166
രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടിയ ആ ദിവസം നിങ്ങള്‍ക്ക് ബാധിച്ച വിപത്ത് അല്ലാഹുവിന്‍റെ അനുമതിയോടെത്തന്നെയാണുണ്ടായത്. സത്യവിശ്വാസികളാരെന്ന് അവന് തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്.
നിങ്ങളുടെ സൈന്യവും ബഹുദൈവാരാധകരുടെ സൈന്യവും ഏറ്റുമുട്ടിയ ഉഹ്ദ് യുദ്ധദിവസം നിങ്ങൾക്ക് ബാധിച്ച ആൾനഷ്ടവും പരുക്കുകളും പരാജയവുമെല്ലാം അല്ലാഹുവിൻ്റെ തീരുമാനവും വിധിയും പ്രകാരമാണ്. സത്യസന്ധരായ വിശ്വാസികൾ വേർതിരിയുക എന്ന അല്ലാഹുവിൻ്റെ മഹത്തരമായ ഒരു യുക്തി അതിന് പിന്നിലുണ്ടായിരുന്നു.
167
നിങ്ങള്‍ വരൂ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യൂ, അല്ലെങ്കില്‍ ചെറുത്ത് നില്‍ക്കുകയെങ്കിലും ചെയ്യൂ' എന്ന് കല്‍പിക്കപ്പെട്ടാല്‍ 'യുദ്ധമുണ്ടാകുമെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നെങ്കില്‍ ഞങ്ങളും നിങ്ങളുടെ പിന്നാലെ വരുമായിരുന്നു' എന്ന് പറയുന്ന കാപട്യക്കാരെ അവന്‍ തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്. അന്ന് സത്യവിശ്വാസത്തോടുള്ളതിനെക്കാള്‍ കൂടുതല്‍ അടുപ്പം അവര്‍ക്ക് അവിശ്വാസത്തോടായിരുന്നു. തങ്ങളുടെ വായ്കൊണ്ട് അവര്‍ പറയുന്നത് അവരുടെ ഹൃദയങ്ങളിലില്ലാത്തതാണ്. അവര്‍ മൂടിവെക്കുന്നതിനെപ്പറ്റി അല്ലാഹു കൂടുതല്‍ അറിയുന്നവനാകുന്നു.
കപടവിശ്വാസികളെ അല്ലാഹു പുറത്തു കൊണ്ടുവരുന്നതിനുമായിരുന്നു അത് (ഉഹ്ദ് യുദ്ധം) സംഭവിച്ചത്. അല്ലാഹുവിൻ്റെ മാർഗത്തിൽ നിങ്ങൾ യുദ്ധം ചെയ്യുകയോ, മുസ്ലിംകളുടെ എണ്ണം വർദ്ധിപ്പിച്ചു കൊണ്ട് അവർക്ക് വേണ്ടി പ്രതിരോധം തീർക്കുകയോ ചെയ്യൂ എന്ന് പറയപ്പെട്ടപ്പോൾ അവർ പറഞ്ഞു: യുദ്ധം ഉണ്ടാകുമെന്ന് അറിയുമായിരുന്നെങ്കിൽ ഞങ്ങൾ നിങ്ങളോടൊപ്പം വരുമായിരുന്നു. എന്നാൽ നിങ്ങൾക്കും അവർക്കുമിടയിൽ യുദ്ധമുണ്ടാകുമെന്ന് ഞങ്ങൾ കരുതുന്നില്ല. അവരുടെ ഈമാൻ വെളിവാക്കുന്ന കാര്യത്തേക്കാൾ അവരുടെ കുഫ്ർ വെളിവാക്കുന്ന കാര്യത്തിലേക്കായിരുന്നു ആ സന്ദർഭത്തിൽ അവർ കൂടുതൽ അടുത്തു നിന്നത്. തങ്ങളുടെ ഹൃദയത്തിൽ ഇല്ലാത്ത കാര്യമാണ് നാവ് കൊണ്ട് അവർ പറയുന്നത്. അവരുടെ ഹൃദയങ്ങളിൽ അവർ ഒളിപ്പിച്ചു വെക്കുന്നതിനെ കുറിച്ച് അല്ലാഹു ഏറ്റവും നന്നായി അറിയുന്നു. അവക്കുള്ള ശിക്ഷ അവൻ അവർക്ക് നൽകുന്നതാണ്.
168
(യുദ്ധത്തിന് പോകാതെ) വീട്ടിലിരിക്കുകയും (യുദ്ധത്തിന് പോയ) സഹോദരങ്ങളെപ്പറ്റി, 'ഞങ്ങളുടെ വാക്ക് സ്വീകരിച്ചിരുന്നെങ്കില്‍ അവര്‍ കൊല്ലപ്പെടുമായിരുന്നില്ല' എന്ന് പറയുകയും ചെയ്തവരാണവര്‍ (കപടന്‍മാര്‍). (നബിയേ,) പറയുക: എന്നാല്‍ നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ നിങ്ങളില്‍ നിന്ന് നിങ്ങള്‍ മരണത്തെ തടുത്തു നിര്‍ത്തൂ.
യുദ്ധത്തിൽ നിന്ന് പിന്മാറി നിൽക്കുകയും, ഉഹ്ദ് യുദ്ധദിവസം മരണപ്പെട്ട തങ്ങളുടെ ബന്ധുക്കളെക്കുറിച്ച് 'ഞങ്ങളെ അവർ അനുസരിക്കുകയും, യുദ്ധത്തിന് അവർ പുറപ്പെടാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ അവർ മരണപ്പെടില്ലായിരുന്നു' എന്ന് പറയുകയും ചെയ്തവരാണ് അക്കൂട്ടർ. അല്ലാഹുവിൻ്റെ റസൂലേ! അവർക്ക് മറുപടിയായി കൊണ്ട് പറയുക: എങ്കിൽ മരണം നിങ്ങൾക്ക് മേൽ വന്നുപതിക്കുമ്പോൾ നിങ്ങളതിനെ തടുത്തു വെക്കുക. നിങ്ങളെ അനുസരിച്ചിരുന്നെങ്കിൽ അവർ മരണപ്പെടില്ലായിരുന്നു എന്നും, മരണത്തിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാനുള്ള പോംവഴി അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിൽ നിന്ന് പിന്മാറി നിൽക്കലാണെന്നുമുള്ള നിങ്ങളുടെ ജൽപ്പനം സത്യസന്ധമാണെങ്കിൽ അങ്ങനെ ചെയ്തു കാണിക്കൂ.
169
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ചുപോയവരായി നീ ഗണിക്കരുത്. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്‍റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നു.(28)
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിൽ രക്തസാക്ഷികളായവരെ കുറിച്ച് അവർ മരണപ്പെട്ടവരാണെന്ന് താങ്കൾ ധരിച്ചു പോകരുത്. മറിച്ച്, അവർ അവരുടെ രക്ഷിതാവിൻ്റെ അരികിൽ -അവൻ്റെ ആദരവിൻ്റെ ഭവനത്തിൽ- അവർക്ക് മാത്രം പ്രത്യേകമായ ജീവിതം നയിച്ചു കൊണ്ടിരിക്കുന്നവരാണ്. അല്ലാഹുവിന് മാത്രം അറിയാവുന്ന പലതരം അനുഗ്രഹങ്ങൾ അവർക്കവിടെ നൽകപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്.
170
അല്ലാഹു തന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്കു നല്‍കിയതുകൊണ്ട് അവര്‍ സന്തുഷ്ടരായിരിക്കും. തങ്ങളോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത, തങ്ങളുടെ പിന്നില്‍ (ഇഹലോകത്ത്) കഴിയുന്ന വിശ്വാസികളെപ്പറ്റി, അവര്‍ക്ക് യാതൊന്നും ഭയപ്പെടുവാനോ ദുഃഖിക്കാനോ ഇല്ലെന്നോര്‍ത്ത് അവര്‍ (ആ രക്തസാക്ഷികള്‍) സന്തോഷമടയുന്നു.
അല്ലാഹു അവർക്ക് മേൽ ചൊരിഞ്ഞ അവൻ്റെ ഔദാര്യം കാരണത്താൽ സൗഭാഗ്യം അവരെ പൊതിയുകയും, ആഹ്ളാദം അവരെ മൂടുകയും ചെയ്തിരിക്കുന്നു. ഇഹലോകത്ത് ബാക്കിയുള്ള തങ്ങളുടെ സഹോദരങ്ങളും തങ്ങളോടൊപ്പം വന്നുചേരുമെന്ന് അവർ പ്രതീക്ഷിക്കുകയും, അതിനായി അവർ കാത്തിരിക്കുകയും ചെയ്യുന്നു. അവരും അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിലായിരിക്കെ മരണപ്പെട്ടാൽ തങ്ങൾക്ക് ലഭിച്ചത് പോലുള്ള ഔദാര്യം അവർക്കും ലഭിക്കുന്നതാണ്. വരാനിരിക്കുന്ന പരലോകത്തിൻ്റെ കാര്യത്തിൽ യാതൊരു ഭയവും അവർക്കുണ്ടാവുകയില്ല. ഇഹലോകത്ത് നഷ്ടപ്പെട്ട വിഭവങ്ങളെ കുറിച്ചോർത്തുള്ള ദുഃഖവും അവരെ ബാധിക്കുകയില്ല.
171
അല്ലാഹുവിന്‍റെ അനുഗ്രഹവും ഔദാര്യവും കൊണ്ട് അവര്‍ സന്തോഷമടയുന്നു. സത്യവിശ്വാസികളുടെ പ്രതിഫലം അല്ലാഹു പാഴാക്കുകയില്ല എന്നതും (അവരെ സന്തുഷ്ടരാക്കുന്നു.)
ഇതോടൊപ്പം അല്ലാഹുവിൽ നിന്ന് അവർ കാത്തിരിക്കുന്ന മറ്റൊരു വലിയ പ്രതിഫലവും, അതിൽ കൂടുതലായി ലഭിക്കുന്ന മറ്റൊരു മഹത്തരമായ പ്രതിഫലവും കാരണത്താലും അവർ സന്തോഷിക്കുന്നു. അല്ലാഹു അവനിൽ വിശ്വസിച്ചവരുടെ പ്രതിഫലം നിഷ്ഫലമാക്കില്ലെന്നതും അവരെ സന്തോഷിപ്പിക്കുന്നു. അവൻ അവരുടെ പ്രതിഫലം പൂർണ്ണമായി നൽകുകയും, അതിൽ വർദ്ധിപ്പിച്ചു നൽകുകയും ചെയ്യുന്നതാണ്.
172
പരിക്ക് പറ്റിയതിന് ശേഷവും അല്ലാഹുവിന്‍റെയും റസൂലിന്‍റെയും കല്‍പനക്ക് ഉത്തരം ചെയ്തവരാരോ അവരില്‍ നിന്ന് സല്‍കര്‍മ്മകാരികളായിരിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്.
അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിനായി പുറപ്പെടാനും, ഉഹ്ദ് യുദ്ധത്തിൽ നേരിട്ട പരിക്കുകൾക്ക് തൊട്ടുടനെ 'ഹംറാഉൽ അസദി'ലേക്ക് (മദീനക്ക് പുറത്തുള്ള ഒരു പ്രദേശം) ബഹുദൈവാരാധകരെ നേരിടുന്നതിനും വിളിക്കപ്പെട്ടപ്പോൾ അല്ലാഹുവിനും അവൻ്റെ റസൂലിനും ഉത്തരം നൽകിയവർ; അവരെ ബാധിച്ച മുറിവുകൾ അല്ലാഹുവിൻ്റെയും റസൂലിൻ്റെയും വിളിക്ക് ഉത്തരം നൽകാൻ അവർക്ക് തടസ്സമായില്ല. അവരിൽ നിന്ന് തങ്ങളുടെ പ്രവർത്തനങ്ങൾ നന്നാക്കുകയും, അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അവനെ സൂക്ഷിക്കുകയും ചെയ്തവർക്ക് അല്ലാഹുവിൽ നിന്ന് മഹത്തരമായ പ്രതിഫലമുണ്ട്. സ്വർഗമാണ് ആ പ്രതിഫലം.
173
ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ.(29)
ഖുറൈഷികൾ അബൂ സുഫ്യാൻ്റെ നേതൃത്വത്തിൽ നിങ്ങളോട് യുദ്ധം ചെയ്യുന്നതിനും, നിങ്ങളുടെ കഥ കഴിക്കുന്നതിനുമായി വലിയ സൈനികസംഘങ്ങളെ ഒരുമിച്ചു കൂട്ടിയിരിക്കുന്നു; അതിനാൽ അവരെ നിങ്ങൾ സൂക്ഷിച്ചു കൊള്ളുക. അവരെ നേരിടുന്നത് നിങ്ങൾ ഭയപ്പെട്ടു കൊള്ളുക' എന്ന് ബഹുദൈവാരാധകരിൽ പെട്ട ചിലർ അവരോട് (സ്വഹാബികളോട്) പറഞ്ഞപ്പോൾ ഈ സംസാരവും ഭയപ്പെടുത്തലും അല്ലാഹുവിലുള്ള വിശ്വാസവും അവൻ്റെ വാഗ്ദാനത്തിലുള്ള ഉറച്ച പ്രതീക്ഷയും അവർക്ക് വർദ്ധിപ്പിക്കുകയാണുണ്ടായത്. 'ഞങ്ങൾക്ക് അല്ലാഹു മതി. ഞങ്ങളുടെ കാര്യങ്ങൾ ഭരമേൽപ്പിക്കാൻ ഏറ്റവും നല്ലവൻ അവനത്രെ' എന്ന് പറഞ്ഞു കൊണ്ട് അവർ മുശ്'രിക്കുകളെ നേരിടാനായി പുറപ്പെട്ടു.
174
അങ്ങനെ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും ഔദാര്യവും കൊണ്ട് യാതൊരു ദോഷവും ബാധിക്കാതെ അവര്‍ മടങ്ങി. അല്ലാഹുവിന്‍റെ പ്രീതിയെ അവര്‍ പിന്തുടരുകയും ചെയ്തു. മഹത്തായ ഔദാര്യമുള്ളവനത്രെ അല്ലാഹു.
ഹംറാഉൽ അസദിലേക്ക്' യുദ്ധത്തിനായി പുറപ്പെട്ട ശേഷം അവർ അല്ലാഹുവിൽ നിന്നുള്ള മഹത്തരമായ പ്രതിഫലവുമായാണ് തിരിച്ചെത്തിയത്. അവരുടെ പദവികൾ വർദ്ധിക്കുകയും, അവരുടെ ശത്രുക്കളിൽ നിന്ന് അവർ സുരക്ഷിതരാവുകയും ചെയ്തു. അവർക്ക് ആൾനഷ്ടമോ പരുക്കുകളോ ഒന്നും ബാധിച്ചില്ല. അല്ലാഹുവിനെ തൃപ്തിപ്പെടുത്തുന്ന -അവനെ അനുസരിക്കുകയും, അവനെ ധിക്കരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുക എന്ന കാര്യം- അവർ മുറുകെ പിടിക്കുകയും ചെയ്തു. അല്ലാഹു അവൻ്റെ വിശ്വാസികളായ ദാസന്മാർക്ക് മേൽ ധാരാളമായി ഔദാര്യം ചൊരിയുന്നവനത്രെ.
175
അത് (നിങ്ങളെ പേടിപ്പിക്കാന്‍ ശ്രമിച്ചത്) പിശാചു മാത്രമാകുന്നു. അവന്‍ തന്‍റെ മിത്രങ്ങളെപ്പറ്റി (നിങ്ങളെ) പേടിപ്പെടുത്തുകയാണ്. അതിനാല്‍ നിങ്ങളവരെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക: നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍.
നിങ്ങളെ ഭയപ്പെടുത്തുന്നവൻ പിശാച് മാത്രമാണ്. അവൻ തൻ്റെ അനുചരന്മാരെയും സഹായികളെയും കുറിച്ച് നിങ്ങളെ ഭയപ്പെടുത്തുന്നു. അതിനാൽ നിങ്ങൾ അവരെ പേടിച്ചു പോകരുത്. അവർക്ക് യാതൊരു ശക്തിയോ കഴിവോ ഇല്ല. നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുന്നത് മുറുകെ പിടിച്ചു കൊണ്ട് അവനെ മാത്രം പേടിക്കുക. നിങ്ങൾ യഥാർത്ഥത്തിൽ അല്ലാഹുവിൽ വിശ്വസിക്കുന്നവരാണെങ്കിൽ (അപ്രകാരം ചെയ്യുക).
176
സത്യനിഷേധത്തിലേക്ക് ധൃതിപ്പെട്ട് മുന്നേറിക്കൊണ്ടിരിക്കുന്നവര്‍ നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. തീര്‍ച്ചയായും അവര്‍ അല്ലാഹുവിന് ഒരു ദ്രോഹവും വരുത്താന്‍ പോകുന്നില്ല. പരലോകത്തില്‍ അവര്‍ക്ക് ഒരു പങ്കും കൊടുക്കാതിരിക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു. കനത്ത ശിക്ഷയാണ് അവര്‍ക്കുള്ളത്.
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനെ നിഷേധിക്കുന്നതിനായി തങ്ങളുടെ ദീൻ ഉപേക്ഷിച്ചു പിന്തിരിഞ്ഞു പോകാൻ കപടവിശ്വാസികൾ കാണിക്കുന്ന താല്പര്യം താങ്കളെ സങ്കടപ്പെടുത്താതിരിക്കട്ടെ. അവർ അല്ലാഹുവിനെ യാതൊരു ഉപദ്രവവും ബാധിപ്പിക്കുന്നതല്ല. അല്ലാഹുവിലുള്ള വിശ്വാസത്തിൽ നിന്നും, അവനെ അനുസരിക്കുന്നതിൽ നിന്നും സ്വയം അകന്നു പോയിക്കൊണ്ട് അവർ സ്വദേഹങ്ങളെ തന്നെയാണ് ഉപദ്രവിക്കുന്നത്. അവരെ കൈവെടിയുന്നതിലൂടെയും, അവരെ നന്മയിലേക്ക് നയിക്കാതിരിക്കുന്നതിലൂടെയും പരലോകത്ത് യാതൊരു വിഹിതവും അവർക്ക് ലഭിക്കാതിരിക്കണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. അവർക്ക് അവിടെ -നരകത്തിൽ- കനത്ത ശിക്ഷയാണുള്ളത്.
തീർച്ചയായും, അല്ലാഹുവിലുള്ള വിശ്വാസത്തിന് പകരം അവനെ നിഷേധിക്കുക എന്നത് സ്ഥാപിച്ചവർ അല്ലാഹുവിനെ ഒരു നിലക്കും ഉപദ്രവമേൽപ്പിക്കുന്നില്ല. അവർ സ്വദേഹങ്ങളെ മാത്രമാണ് ഉപദ്രവിക്കുന്നത്. പരലോകത്ത് അവർക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.
178
സത്യനിഷേധികള്‍ക്ക് നാം സമയം നീട്ടികൊടുക്കുന്നത് അവര്‍ക്ക് ഗുണകരമാണെന്ന് അവര്‍ ഒരിക്കലും വിചാരിച്ചു പോകരുത്. അവരുടെ പാപം കൂടിക്കൊണ്ടിരിക്കാന്‍ വേണ്ടി മാത്രമാണ് നാമവര്‍ക്ക് സമയം നീട്ടികൊടുക്കുന്നത്. അപമാനകരമായ ശിക്ഷയാണ് അവര്‍ക്കുള്ളത്.
തങ്ങളുടെ രക്ഷിതാവിനെ നിഷേധിക്കുകയും, അല്ലാഹുവിൻ്റെ ദീനിനോട് ശത്രുത പുലർത്തുകയും ചെയ്തവർക്ക് അവരുടെ നിഷേധത്തിൽ നിലയുറപ്പിച്ച അവസ്ഥയിൽ അല്ലാഹു അവധി നീട്ടിനൽകുന്നതും, അവരുടെ ആയുസ്സ് വർദ്ധിപ്പിച്ചു നൽകുന്നതും അവർക്ക് നന്മയായി ഭവിക്കുമെന്ന് അക്കൂട്ടർ ധരിക്കേണ്ടതില്ല. അവർ ധരിക്കുന്നത് പോലെയല്ല യഥാർത്ഥത്തിൽ കാര്യമുണ്ടാവുക. നാമവർക്ക് അവധി നീട്ടിനൽകുന്നത് പാപങ്ങൾക്ക് മേൽ പാപങ്ങൾ വർദ്ധിച്ചു കൊണ്ട് അവരുടെ തിന്മകൾ വർദ്ധിക്കുന്നതിന് വേണ്ടി മാത്രമാണ്. അവർക്ക് അപമാനകരമായ ശിക്ഷയുണ്ടായിരിക്കും.
179
നല്ലതില്‍ നിന്ന് ദുഷിച്ചതിനെ വേര്‍തിരിച്ചു കാണിക്കാതെ, സത്യവിശ്വാസികളെ നിങ്ങളിന്നുള്ള അവസ്ഥയില്‍ അല്ലാഹു വിടാന്‍ പോകുന്നില്ല. അദൃശ്യജ്ഞാനം അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരാനും പോകുന്നില്ല. എന്നാല്‍ അല്ലാഹു അവന്‍റെ ദൂതന്‍മാരില്‍ നിന്ന് അവന്‍ ഉദ്ദേശിക്കുന്നവരെ (അദൃശ്യജ്ഞാനം അറിയിച്ചുകൊടുക്കുവാനായി) തെരഞ്ഞെടുക്കുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുവിന്‍. നിങ്ങള്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ക്കു മഹത്തായ പ്രതിഫലമുണ്ട്.
അല്ലാഹുവിൽ വിശ്വസിച്ചവരേ! കപടവിശ്വാസികളുമായി കൂടിക്കലർന്ന നിലയിൽ -നിങ്ങൾക്കിടയിൽ പരസ്പരം വേർതിരിവ് ഉണ്ടാകാതെയും, യഥാർത്ഥ വിശ്വാസികൾ ആരാണെന്ന് പ്രകടമാകാതെയും- നിങ്ങളെ അല്ലാഹു വിട്ടേക്കുക എന്നത് അല്ലാഹുവിൻ്റെ യുക്തിയിൽ പെട്ടതേയല്ല. പലതരം ബാധ്യതകൾ ഏൽപ്പിച്ചു കൊണ്ടും പരീക്ഷണങ്ങളിലൂടെയും അവൻ നിങ്ങളെ വേർതിരിക്കുന്നതാണ്. അങ്ങനെ പരിശുദ്ധനായ വിശ്വാസി മ്ലേഛവാനായ കപടവിശ്വാസിയിൽ നിന്ന് വേർതിരിയും. നിങ്ങൾക്ക് അദൃശ്യമായ മറഞ്ഞ കാര്യങ്ങൾ അല്ലാഹു വെളിപ്പെടുത്തി നൽകുകയും, അങ്ങനെ കപടനെയും യഥാർത്ഥ വിശ്വാസിയും വേർതിരിക്കാൻ നിങ്ങൾക്ക് കഴിയുക എന്നതും അല്ലാഹുവിൻ്റെ യുക്തിയിൽ പെട്ടതല്ല. മറിച്ച്, അല്ലാഹു അവൻ്റെ ദൂതന്മാരിൽ നിന്ന് അവൻ ഉദ്ദേശിക്കുന്നവരെ തിരഞ്ഞെടുക്കുകയും, അവർക്ക് അദൃശ്യകാര്യങ്ങളിൽ നിന്ന് ചിലത് അറിയിച്ചു നൽകുകയും ചെയ്യും. കപടവിശ്വാസികളുടെ അവസ്ഥകളെ കുറിച്ച് നബി (ﷺ) ക്ക് അല്ലാഹു അറിയിച്ചു നൽകിയത് പോലെ. അതിനാൽ അല്ലാഹുവിലും അവൻ്റെ റസൂലിലുമുള്ള നിങ്ങളുടെ വിശ്വാസം ശരിയാക്കുക. നിങ്ങൾ അല്ലാഹുവിൽ യഥാർത്ഥ രൂപത്തിൽ വിശ്വസിക്കുകയും, അവൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അവനെ സൂക്ഷിക്കുകയുമാണെങ്കിൽ നിങ്ങൾക്ക് അല്ലാഹുവിങ്കൽ മഹത്തരമായ പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്.
180
അല്ലാഹു അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്കു തന്നിട്ടുള്ളതില്‍ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്. അല്ല, അവര്‍ക്ക് ദോഷകരമാണത്. അവര്‍ പിശുക്ക് കാണിച്ച ധനം കൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവരുടെ കഴുത്തില്‍ മാല ചാര്‍ത്തപ്പെടുന്നതാണ്. ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനത്രെ. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.
അല്ലാഹു അവൻ്റെ ഔദാര്യമായി നൽകിയ അനുഗ്രഹങ്ങളിൽ പിശുക്ക് കാണിക്കുകയും, അതിൽ അല്ലാഹുവിനോടുള്ള ബാധ്യതകൾ തടഞ്ഞു വെക്കുകയും ചെയ്യുന്നവർ അപ്രകാരം ചെയ്യുന്നത് തങ്ങൾക്ക് പ്രയോജനപ്രദമാണ് എന്ന് വിചാരിക്കേണ്ടതില്ല. മറിച്ച്, അതവർക്ക് ഉപദ്രവകരമാണ്. കാരണം, അവർ പിശുക്ക് കാണിച്ചതെല്ലാം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവരുടെ കഴുത്തിൽ വളയമായി കെട്ടിത്തൂക്കപ്പെടുകയും, അത് കൊണ്ട് അവർ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതാണ്. ആകാശങ്ങളിലും ഭൂമിയിലും ഉള്ളതെല്ലാം അല്ലാഹുവിങ്കലേക്ക് മാത്രമാകുന്നു മടങ്ങിച്ചെല്ലുന്നത്. തൻ്റെ സൃഷ്ടികളെല്ലാം നശിച്ചതിന് ശേഷവും എന്നെന്നും ജീവിച്ചിക്കുന്നവൻ (ഹയ്യ്) അവനാകുന്നു. നിങ്ങൾ പ്രവർത്തിക്കുന്നതിൻ്റെ സൂക്ഷ്മവശങ്ങളെ കുറിച്ച് നന്നായി അറിയുന്നവനും (അലീം) ആകുന്നു അവൻ. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്.
181
അല്ലാഹു ദരിദ്രനും നമ്മള്‍ ധനികരുമാണ് എന്ന് പറഞ്ഞവരുടെ വാക്ക്(30) അല്ലാഹു തീര്‍ച്ചയായും കേട്ടിട്ടുണ്ട്. അവര്‍ ആ പറഞ്ഞതും അവര്‍ പ്രവാചകന്‍മാരെ അന്യായമായി കൊലപ്പെടുത്തിയതും നാം രേഖപ്പെടുത്തി വെക്കുന്നതാണ്. കത്തിയെരിയുന്ന നരകശിക്ഷ ആസ്വദിച്ചു കൊള്ളുക എന്ന് നാം (അവരോട്) പറയുകയും ചെയ്യും.
യഹൂദരുടെ വാക്ക് അല്ലാഹു കേട്ടിരിക്കുന്നു. അവർ പറഞ്ഞു: "അല്ലാഹു ദരിദ്രനാകുന്നു; കാരണം അവൻ നമ്മോട് കടം ചോദിക്കുന്നു. നമ്മളാകുന്നു ധനികർ; കാരണം നമ്മുടെ പക്കലാണ് സമ്പത്തുള്ളത്." അവർ അവരുടെ രക്ഷിതാവിൻ്റെ മേൽ പറഞ്ഞുണ്ടാക്കിയ ഈ കളവും ആരോപണവും, നബിമാരെ അന്യായമായി അവർ കൊലപ്പെടുത്തിയെന്നതും നാം രേഖപ്പെടുത്തി വെക്കുന്നതാണ്. നാം അവരോട് പറയുകയും ചെയ്യും: കരിച്ചു കളയുന്ന നരകത്തിലെ ശിക്ഷ നിങ്ങൾ ആസ്വദിച്ചു കൊള്ളുക.
182
നിങ്ങളുടെ കൈകള്‍ മുന്‍കൂട്ടി ചെയ്തു വെച്ചതുകൊണ്ടും അല്ലാഹു അടിമകളോട് അനീതി കാണിക്കുന്നവനല്ല എന്നതുകൊണ്ടുമാണ് അത്.
യഹൂദരേ! നിങ്ങളുടെ കൈകൾ മുൻകൂട്ടി പ്രവർത്തിച്ച തിന്മകളും മ്ലേഛവൃത്തികളും കാരണത്താലത്രെ അത്. അല്ലാഹു തൻ്റെ അടിമകളിൽ ഒരാളോടും അനീതി പ്രവർത്തിക്കുന്നവനല്ല എന്നതു കൊണ്ടുമത്രെ അത്.
183
ഞങ്ങളുടെ മുമ്പാകെ ഒരു ബലി നടത്തി അതിനെ (ആകാശത്തു നിന്നു വരുന്ന) തീ തിന്നുകളയുന്നത് (ഞങ്ങള്‍ക്ക് കാണിച്ചുതരുന്നത്) വരെ ഒരു റസൂലിലും ഞങ്ങള്‍ വിശ്വസിക്കരുതെന്ന് അല്ലാഹു ഞങ്ങളോട് കരാറു വാങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞവരത്രെ അവര്‍. (നബിയേ,) പറയുക: വ്യക്തമായ തെളിവുകള്‍ സഹിതവും, നിങ്ങള്‍ ഈ പറഞ്ഞത് സഹിതവും എനിക്ക് മുമ്പ് പല ദൂതന്‍മാരും നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ട്. എന്നിട്ട് നിങ്ങളുടെ വാദം സത്യമാണെങ്കില്‍ നിങ്ങളെന്തിന് അവരെ കൊന്നുകളഞ്ഞു?
കളവായും കെട്ടിച്ചമച്ചു കൊണ്ടും ഇപ്രകാരം പറഞ്ഞവരത്രെ അവർ: 'ഒരു നബിയിലും -അദ്ദേഹത്തിൻ്റെ വാക്ക് സത്യപ്പെടുത്തുന്ന തെളിവ് അയാൾ കൊണ്ടുവരുന്നത് വരെ- വിശ്വസിക്കരുതെന്നാണ് അല്ലാഹു അവൻ്റെ ഗ്രന്ഥങ്ങളിലൂടെയും നബിമാരുടെ വാക്കുകളിലൂടെയും ഞങ്ങളെ അറിയിച്ചത്. ആകാശത്ത് നിന്ന് ഒരു അഗ്നി വന്നെത്തുകയും അത് കരിച്ചു കളയുകയും ചെയ്യുന്ന തരത്തിൽ ഒരു ദാനം അയാൾ അല്ലാഹുവിനായി ചെയ്തു കാണിക്കും എന്നതാണ് ആ ദൃഷ്ടാന്തം.' ഇങ്ങനെയൊരു കാര്യം അല്ലാഹു പറഞ്ഞിട്ടുണ്ടെന്ന് അല്ലാഹുവിൻ്റെ മേൽ അവർ കള്ളം കെട്ടിച്ചമക്കുകയാണ് ചെയ്തത്. നബിമാരുടെ സത്യസന്ധത തെളിയിക്കുന്ന ദൃഷ്ടാന്തം ഇതു മാത്രമാണെന്നത് അവർ പറഞ്ഞ കളവാണ്. അതിനാൽ അവർക്ക് മറുപടിയായി കൊണ്ട് നബി -ﷺ- യോട് പറയുവാൻ അല്ലാഹു കൽപ്പിക്കുന്നു: തങ്ങളുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന വ്യക്തമായ തെളിവുകളുമായി എനിക്ക് മുൻപ് നബിമാർ നിങ്ങളിലേക്ക് വന്നുകഴിഞ്ഞിട്ടുണ്ട്. നിങ്ങളീ പറയുന്ന -ആകാശത്ത് നിന്ന് തീ വന്നെത്തി കരിച്ചു കളയുന്ന തരത്തിലുള്ള ദാനധർമ്മം-; അതുമായും നബിമാർ വന്നിട്ടുണ്ട്. അപ്പോൾ നിങ്ങളെന്തേ അവരെ കളവാക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്; നിങ്ങൾ പറയുന്ന കാര്യത്തിൽ സത്യസന്ധതയുള്ളവരാണെങ്കിൽ ഇതിന് മറുപടി നൽകൂ.
184
അപ്പോള്‍ നിന്നെ അവര്‍ നിഷേധിച്ചിട്ടുണ്ടെങ്കില്‍ നിനക്ക് മുമ്പ് വ്യക്തമായ തെളിവുകളും ഏടുകളും വെളിച്ചം നല്‍കുന്ന വേദഗ്രന്ഥവുമായി വന്ന ദൂതന്‍മാരും നിഷേധിക്കപ്പെട്ടിട്ടുണ്ട്.
നബിയേ! താങ്കളെ അവർ നിഷേധിച്ചെങ്കിൽ അതിൽ താങ്കൾ ദുഃഖിക്കേണ്ടതില്ല. അല്ലാഹുവിനെ നിഷേധിക്കുന്നവരുടെ സ്ഥിരം രീതിയാണത്. താങ്കൾക്ക് മുൻപ് ധാരാളം നബിമാർ നിഷേധിക്കപ്പെട്ടിട്ടുണ്ട്. അവർ വ്യക്തമായ തെളിവുകളുമായും, ഉപദേശങ്ങളും ഗുണദോഷങ്ങളും ഉൾക്കൊള്ളുന്ന ഗ്രന്ഥങ്ങളും, വിധിവിലക്കുകളും മതനിയമങ്ങളും ഉൾക്കൊള്ളുന്ന വേദഗ്രന്ഥങ്ങളുമായും വന്നവരായിരുന്നു.
185
ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.
എല്ലാ വ്യക്തിയും -അത് ആരാണെങ്കിലും- ഉറപ്പായും മരണം ആസ്വദിക്കുന്നതാണ്. അതിനാൽ ഒരാളും ഈ ഐഹികജീവതത്തിൽ വഞ്ചിതനാകാതിരിക്കട്ടെ. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നിങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലങ്ങൾ -യാതൊരു കുറവുമില്ലാതെ- പൂർണ്ണമായി നൽകപ്പെടുന്നതാണ്. അപ്പോൾ ആരെയെങ്കിലും അല്ലാഹു നരകത്തിൽ നിന്ന് അകറ്റുകയും, സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്താൽ അവൻ ആഗ്രഹിക്കുന്ന നന്മ നേടിയെടുക്കുകയും, അവൻ ഭയപ്പെടുന്ന തിന്മയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തിരിക്കുന്നു. ഐഹികജീവിതമെന്നാൽ അവസാനിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല. അതിനാൽ വഞ്ചിതരായവരല്ലാതെ അതിൽ കടിച്ചു തൂങ്ങുകയില്ല.
186
തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുകളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു.
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങളുടെ സമ്പാദ്യത്തിൻ്റെ കാര്യത്തിൽ -അതിലുള്ള നിർബന്ധബാധ്യതകൾ നിങ്ങൾ നിറവേറ്റുന്നുണ്ടോ എന്നും, അതിൽ ബാധിക്കുന്ന പ്രയാസങ്ങൾ കൊണ്ടും- നിങ്ങൾ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങളുടെ ശരീരങ്ങളുടെ കാര്യത്തിൽ -മതപരമായ ബാധ്യതകൾ നിങ്ങൾ നിറവേറ്റുന്നുണ്ടോ എന്നും, നിങ്ങളെ ബാധിക്കുന്ന പ്രയാസങ്ങൾ കൊണ്ടും- നിങ്ങൾ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങൾക്ക് മുൻപ് വേദം നൽകപ്പെട്ടവരിൽ നിന്നും, അല്ലാഹുവിൽ പങ്കുചേർത്ത ബഹുദൈവാരാധകരിൽ നിന്നും ധാരാളം ആക്ഷേപങ്ങൾ -നിങ്ങളെ കുറിച്ചും നിങ്ങളുടെ ദീനിനെ കുറിച്ചും- നിങ്ങൾ കേൾക്കുന്നതാണ്. നിങ്ങളെ ബാധിക്കുന്ന പ്രയാസങ്ങളിലും പരീക്ഷണങ്ങളിലും നിങ്ങൾ ക്ഷമിക്കുകയും, അല്ലാഹു കൽപ്പിച്ചത് പ്രാവർത്തികമാക്കി കൊണ്ടും അവൻ വിലക്കിയത് ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുകയാണെങ്കിൽ; തീർച്ചയായും ദൃഢനിശ്ചയം വേണ്ടതായ കാര്യത്തിൽ പെട്ടതാകുന്നു അത്. അതിൽ തന്നെയാകുന്നു മത്സരിക്കുന്നവർ മത്സരിക്കേണ്ടതും.
187
വേദഗ്രന്ഥം നല്‍കപ്പെട്ടവരോട് നിങ്ങളത് ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കണമെന്നും, നിങ്ങളത് മറച്ച് വെക്കരുതെന്നും അല്ലാഹു കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക) എന്നിട്ട് അവരത് (വേദഗ്രന്ഥം) പുറകോട്ട് വലിച്ചെറിയുകയും, തുച്ഛമായ വിലയ്ക്ക് അത് വിറ്റുകളയുകയുമാണ് ചെയ്തത്. അവര്‍ പകരം വാങ്ങിയത് വളരെ ചീത്ത തന്നെ.
അല്ലാഹുവിൻ്റെ റസൂലേ! വേദക്കാരായ യഹൂദ നസ്വാറാക്കളിലെ പണ്ഡിതന്മാരിൽ നിന്ന് അല്ലാഹു ഉറപ്പായ ഒരു കരാർ സ്വീകരിച്ച സന്ദർഭം ഓർക്കുക. അല്ലാഹുവിൻ്റെ ഗ്രന്ഥം നിങ്ങൾ ജനങ്ങൾക്ക് വിശദീകരിച്ചു നൽകണമെന്നും, അതിലുള്ള സന്മാർഗം നിങ്ങൾ മറച്ചു വെക്കരുതെന്നും, മുഹമ്മദ് നബി -ﷺ- യുടെ പ്രവാചകത്വം അറിയിക്കുന്നത് മൂടിവെക്കരുതെന്നുമായിരുന്നു ആ കരാർ. എന്നാൽ അവർ ആ കരാർ ഉപേക്ഷിക്കുക മാത്രമാണ് ചെയ്തത്. അതിനവർ ശ്രദ്ധ കൊടുക്കുകയേ ചെയ്തില്ല. അങ്ങനെ അവർ സത്യം മറച്ചു വെക്കുകയും, അസത്യം വെളിവാക്കുകയും ചെയ്തു. അല്ലാഹുവിൻ്റെ കരാറിന് പകരമായി അവർ സ്വീകരിച്ചത് തീർത്തും തുഛമായ വിലയാണ്; അവർക്ക് ലഭിച്ചേക്കാവുന്ന സമ്പത്തും സ്ഥാനമാനങ്ങളുമാണത്. അല്ലാഹുവിൻ്റെ കരാറിന് പകരമായി അവർ സ്വീകരിച്ച ഈ പ്രതിഫലം എത്ര നീചമാകുന്നു.
188
തങ്ങള്‍ ചെയ്തതില്‍ സന്തോഷം കൊള്ളുകയും ചെയ്തിട്ടില്ലാത്ത കാര്യത്തിന്‍റെ പേരില്‍ പ്രശംസിക്കപ്പെടാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന ആ വിഭാഗത്തെപ്പറ്റി അവര്‍ ശിക്ഷയില്‍ നിന്ന് മുക്തമായ അവസ്ഥയിലാണെന്ന് നീ വിചാരിക്കരുത്. അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്.
അല്ലാഹുവിൻ്റെ റസൂലേ! തങ്ങൾ പ്രവർത്തിച്ച തിന്മകളുടെ പേരിൽ ആഹ്ളാദിക്കുകയും, തങ്ങൾ പ്രവർത്തിച്ചിട്ടില്ലാത്ത നന്മകളുടെ പേരിൽ ജനങ്ങൾ തങ്ങളെ പുകഴ്ത്തണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവർ അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുകയും സുരക്ഷിതരാവുകയും ചെയ്യുമെന്ന് താങ്കൾ വിചാരിക്കുകയേ ചെയ്യേണ്ടതില്ല. മറിച്ച് അവരുടെ സ്ഥാനം നരകമാകുന്നു. അതിലവർക്ക് വേദനയേറിയ ശിക്ഷയുണ്ട്.
189
അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.
അല്ലാഹുവിന് മാത്രമാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും അതിലുള്ളതിൻ്റെയുമെല്ലാം അധികാരം; മറ്റാർക്കുമല്ല. അവനാകുന്നു അവ സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
190
തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.
തീർച്ചയായും ഒരു മുൻമാതൃകയുമില്ലാതെ ആകാശഭൂമികളെ അല്ലാഹു സൃഷ്ടിച്ചു എന്നതിലും, രാപ്പകലുകൾ മാറിമാറിവരുന്നതിലും, അവയുടെ ദൈർഘ്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലിലും ശരിയായ ബുദ്ധിയുള്ള ജനങ്ങൾക്ക് വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്. പ്രപഞ്ച സ്രഷ്ടാവിനെ കുറിച്ച് അതവരെ അറിയിക്കുന്നു. ആരാധനകൾക്ക് അർഹൻ അവൻ മാത്രമാണെന്നും.
191
നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ.
തങ്ങളുടെ എല്ലാ അവസ്ഥാന്തരങ്ങളിലും അല്ലാഹുവിനെ ഓർക്കുന്നവരത്രെ അവർ. നിൽക്കുമ്പോഴും, ഇരിക്കുമ്പോഴും, കിടക്കുമ്പോഴുമെല്ലാം (അവർ അല്ലാഹുവിനെ ഓർക്കുന്നു). ആകാശഭൂമികളുടെ സൃഷ്ടിപ്പിനെ കുറിച്ചാണ് അവരുടെ ബുദ്ധിയെ അവർ ചിന്തിക്കാൻ വിട്ടിരിക്കുന്നത്. അവർ പറയുന്നു: ഞങ്ങളുടെ റബ്ബേ! ഈ മഹത്തരമായ സൃഷ്ടിപ്പ് നീ ഉണ്ടാക്കിയത് വെറുതെയല്ല. അങ്ങനെ നിരർത്ഥകമായതെന്തെങ്കിലും ചെയ്യുക എന്നതിൽ നിന്ന് നീ പരിശുദ്ധനായിരിക്കുന്നു. അതിനാൽ നന്മകൾ പ്രവർത്തിക്കാൻ ഞങ്ങൾക്ക് സൗകര്യം ചെയ്തു നൽകിയും, തിന്മകളിൽ നിന്ന് ഞങ്ങളെ സംരക്ഷിച്ചു കൊണ്ടും നരകശിക്ഷയിൽ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കേണമേ!
192
ഞങ്ങളുടെ രക്ഷിതാവേ, നീ വല്ലവനെയും നരകത്തില്‍ പ്രവേശിപ്പിച്ചാല്‍ അവനെ നിന്ദ്യനാക്കിക്കഴിഞ്ഞു. അക്രമികള്‍ക്ക് സഹായികളായി ആരുമില്ല താനും
ഞങ്ങളുടെ രക്ഷിതാവേ! നിൻ്റെ സൃഷ്ടികളിൽ നിന്ന് ആരെയെങ്കിലും നീ നരകത്തിൽ പ്രവേശിപ്പിച്ചാൽ അവനെ നീ വഷളാക്കുകയും അപമാനിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്നും കോപത്തിൽ നിന്നും അതിക്രമികളെ രക്ഷപ്പെടുത്താൻ പരലോകത്ത് ഒരു സഹായിയും ഉണ്ടായിരിക്കുന്നതല്ല.
193
ഞങ്ങളുടെ രക്ഷിതാവേ, സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കുന്ന ഒരു പ്രബോധകന്‍ 'നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിക്കുവിന്‍' എന്നു പറയുന്നത് ഞങ്ങള്‍ കേട്ടു. അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ഞങ്ങളുടെ തിന്‍മകള്‍ ഞങ്ങളില്‍ നിന്ന് നീ മായ്ച്ചുകളയുകയും ചെയ്യേണമേ. പുണ്യവാന്‍മാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ.
ഞങ്ങളുടെ രക്ഷിതാവേ! അല്ലാഹുവിൽ വിശ്വസിക്കാൻ ഞങ്ങളെ ക്ഷണിക്കുന്ന ഒരു പ്രബോധകൻ്റെ ശബ്ദം -മുഹമ്മദ് നബി -ﷺ- യുടെ ക്ഷണം- ഞങ്ങൾ കേട്ടു. 'നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൽ -ഏകനായ ആരാധ്യനിൽ- നിങ്ങൾ വിശ്വസിക്കൂ!' എന്ന് അദ്ദേഹം പറയുന്നുണ്ടായിരുന്നു. അപ്പോൾ അദ്ദേഹം ക്ഷണിക്കുന്നതിൽ ഞങ്ങൾ വിശ്വസിക്കുകയും, അദ്ദേഹത്തിൻ്റെ മതത്തിലെ നിയമങ്ങൾ ഞങ്ങൾ പിൻപറ്റുകയും ചെയ്തു. അതിനാൽ ഞങ്ങളുടെ തിന്മകൾ നീ മറച്ചു വെക്കുകയും, ഞങ്ങളെ അപമാനിതരാക്കാതിരിക്കുകയും ചെയ്യേണമേ! ഞങ്ങളുടെ തെറ്റുകൾ നീ മാപ്പാക്കുകയും, അതിൻ്റെ പേരിൽ ഞങ്ങളെ ശിക്ഷിക്കാതിരിക്കുകയും ചെയ്യേണമേ! സൽകർമ്മങ്ങൾ പ്രവർത്തിക്കാനും തിന്മകൾ ഉപേക്ഷിക്കാനും ഞങ്ങൾക്ക് വഴിയൊരുക്കി നൽകിക്കൊണ്ട് സച്ചരിതരോടൊപ്പമായ നിലയിൽ ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ!
194
ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ ദൂതന്‍മാര്‍ മുഖേന ഞങ്ങളോട് നീ വാഗ്ദാനം ചെയ്തത് ഞങ്ങള്‍ക്ക് നല്‍കുകയും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഞങ്ങള്‍ക്കു നീ നിന്ദ്യത വരുത്താതിരിക്കുകയും ചെയ്യേണമേ. നീ വാഗ്ദാനം ലംഘിക്കുകയില്ല; തീര്‍ച്ച.
ഞങ്ങളുടെ രക്ഷിതാവേ! നിൻ്റെ ദൂതന്മാരുടെ വാക്കുകളിലൂടെ നീ വാഗ്ദാനം നൽകിയതെന്തോ; അത് നീ ഞങ്ങൾക്ക് നൽകേണമേ! സന്മാർഗം സ്വീകരിക്കാനുള്ള സൗഭാഗ്യവും, ഇഹലോകത്തുള്ള വിജയവുമാണത്. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നരകത്തിൽ പ്രവേശിപ്പിച്ചു കൊണ്ട് ഞങ്ങളെ നീ അപമാനിതരാക്കരുതേ! തീർച്ചയായും -ഞങ്ങളുടെ രക്ഷിതാവേ!- നീ അങ്ങേയറ്റം മാന്യതയുള്ളവനാകുന്നു; നീയൊരിക്കലും വാഗ്ദാനം ലംഘിക്കുകയില്ല.
195
അപ്പോള്‍ അവരുടെ രക്ഷിതാവ് അവര്‍ക്ക് ഉത്തരം നല്‍കി: പുരുഷനാകട്ടെ, സ്ത്രീയാകട്ടെ നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്ഫലമാക്കുകയില്ല. നിങ്ങളില്‍ ഓരോ വിഭാഗവും മറ്റു വിഭാഗത്തില്‍ നിന്ന് ഉല്‍ഭവിച്ചവരാകുന്നു.(31) ആകയാല്‍ സ്വന്തം നാട് വെടിയുകയും, സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയും, എന്‍റെ മാര്‍ഗത്തില്‍ മര്‍ദ്ദിക്കപ്പെടുകയും, യുദ്ധത്തില്‍ ഏര്‍പെടുകയും, കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളവരാരോ അവര്‍ക്ക് ഞാന്‍ അവരുടെ തിന്‍മകള്‍ മായ്ച്ചുകൊടുക്കുന്നതും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവരെ ഞാന്‍ പ്രവേശിപ്പിക്കുന്നതുമാണ്. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലമത്രെ അത്. അല്ലാഹുവിന്‍റെ പക്കലാണ് ഉത്തമമായ പ്രതിഫലമുള്ളത്.
അപ്പോൾ അവരുടെ രക്ഷിതാവ് അവരുടെ പ്രാർത്ഥനക്ക് ഉത്തരം നൽകി. നിങ്ങളുടെ പ്രവർത്തനങ്ങളുടെ പ്രതിഫലം -ആ പ്രവർത്തനങ്ങൾ കൂടുതലായാലും കുറവായാലും, പ്രവർത്തിച്ചയാൾ പുരുഷനോ സ്ത്രീയോ ആണെങ്കിലും- ഞാൻ വൃഥാവിലാക്കില്ലെന്ന് അവൻ പറഞ്ഞു. ഈ ദീനിൽ നിങ്ങളിൽ ചിലരുടെ വിധി തന്നെയാണ് മറ്റുള്ളവർക്കുമുള്ളത്. പുരുഷന് കൂടുതൽ നൽകപ്പെടുകയോ, സ്ത്രീക്ക് കുറവ് നൽകപ്പെടുകയോ ഇല്ല. അല്ലാഹുവിൻ്റെ മാർഗത്തിൽ പലായനം ചെയ്യുകയും, (അല്ലാഹുവിനെ) നിഷേധിച്ചവർ നാട്ടിൽ നിന്ന് പുറത്താക്കുകയും, തങ്ങളുടെ രക്ഷിതാവിനെ അനുസരിച്ചതിനാൽ പ്രയാസങ്ങൾ ബാധിക്കുകയും, അല്ലാഹുവിൻ്റെ മാർഗത്തിൽ -അവൻ്റെ വചനം (ലാഇലാഹഇല്ലല്ലാഹ്) ഉന്നതമാകുന്നതിനായി- യുദ്ധം ചെയ്യുകയും അങ്ങനെ അതിൽ കൊല്ലപ്പെടുകയും ചെയ്തവർ; അവരുടെ പാപങ്ങൾ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ഞാൻ പൊറുത്തു നൽകുകയും അവർക്ക് മാപ്പ് നൽകുകയും ചെയ്യുന്നതാണ്. കൊട്ടാരങ്ങൾക്ക് താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്ന സ്വർഗത്തോപ്പുകളിൽ നാമവരെ പ്രവേശിപ്പിക്കുന്നതാണ്. അല്ലാഹുവിൽ നിന്നുള്ള പ്രതിഫലമാകുന്നു അത്. അല്ലാഹുവിങ്കലാകുന്നു -യാതൊരു സമാനതകളുമില്ലാത്ത- ഏറ്റവും ഉത്തമമായ പ്രതിഫലമുള്ളത്.
196
സത്യനിഷേധികള്‍ നാടുകളിലെങ്ങും സ്വൈരവിഹാരം നടത്തിക്കൊണ്ടിരിക്കുന്നത് നിന്നെ ഒരിക്കലും വഞ്ചിതനാക്കിക്കളയരുത്.
ഈ ഐഹികജീവിതം തുഛമായ -നിലനിൽക്കാത്ത- വിഭവം മാത്രമാകുന്നു. ശേഷം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർക്ക് മടങ്ങിച്ചെല്ലാനുള്ള അവരുടെ സങ്കേതം നരകമാകുന്നു. എത്ര മോശമായ വിരിപ്പിടമാകുന്നു അത്.
198
എന്നാല്‍ തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചതാരോ അവര്‍ക്കാണ് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുള്ളത്. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള സല്‍ക്കാരം! അല്ലാഹുവിന്‍റെ അടുക്കലുള്ളതാകുന്നു പുണ്യവാന്‍മാര്‍ക്ക് ഏറ്റവും ഉത്തമം.
എന്നാൽ അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിച്ചവർക്ക് കൊട്ടാരങ്ങൾക്ക് താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്ന സ്വർഗത്തോപ്പുകളുണ്ട്. അവരതിൽ കാലാകാലം വസിക്കുന്നവരായിരിക്കും. അല്ലാഹുവിൽ നിന്ന് അവർക്കായി ഒരുക്കി വെക്കപ്പെട്ട പ്രതിഫലമത്രെ അത്. അല്ലാഹുവിനെ നിഷേധിച്ചവർ കഴിഞ്ഞു കൂടുന്ന ഐഹിക സുഖാനുഭവങ്ങളെക്കാൾ ഉത്തമവും ശ്രേഷ്ഠവുമായിട്ടുള്ളത് അല്ലാഹു തൻ്റെ സച്ചരിതരായ ദാസന്മാർക്ക് ഒരുക്കി വെച്ചിരിക്കുന്ന പ്രതിഫലമാകുന്നു.
199
തീര്‍ച്ചയായും വേദക്കാരില്‍ ഒരു വിഭാഗമുണ്ട്. അല്ലാഹുവിലും, നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ട വേദത്തിലും, അവര്‍ക്ക് അവതരിപ്പിക്കപ്പെട്ട വേദത്തിലും അവര്‍ വിശ്വസിക്കും. (അവര്‍) അല്ലാഹുവോട് താഴ്മയുള്ളവരായിരിക്കും. അല്ലാഹുവിന്‍റെ വചനങ്ങള്‍ വിറ്റ് അവര്‍ തുച്ഛമായ വില വാങ്ങുകയില്ല. അവര്‍ക്കാകുന്നു തങ്ങളുടെ രക്ഷിതാവിങ്കല്‍ അവരുടെ പ്രതിഫലമുള്ളത്. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനാകുന്നു.
വേദക്കാർ എല്ലാവരും ഒരുപോലെയല്ല. അവരുടെ കൂട്ടത്തിൽ അല്ലാഹുവിൽ വിശ്വസിക്കുകയും, നിങ്ങൾക്ക് അവതരിക്കപ്പെട്ട സത്യത്തിലും സന്മാർഗത്തിലും വിശ്വസിക്കുകയും, തങ്ങളുടെ ഗ്രന്ഥങ്ങളിൽ അവതരിപ്പിക്കപ്പെട്ടതിൽ വിശ്വസിക്കുകയും ചെയ്യുന്ന ചിലരുമുണ്ട്. അവർ അല്ലാഹുവിൻ്റെ ദൂതന്മാർക്കിടയിൽ യാതൊരു വേർതിരിവും വെക്കുന്നില്ല. അല്ലാഹുവിന് കീഴൊതുങ്ങുകയും അവനോട് വിനയം പുലർത്തുകയും ചെയ്തവരത്രെ അവർ. അല്ലാഹുവിങ്കലുള്ള പ്രതിഫലമാകുന്നു അവർ പ്രതീക്ഷിക്കുന്നത്. അല്ലാഹുവിൻ്റെ ആയത്തുകൾക്ക് ഐഹികവിഭവങ്ങളാകുന്ന തുഛവിഭവങ്ങൾ അവർ പകരംവെക്കുന്നില്ല. ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവർ; അവർക്ക് അവരുടെ രക്ഷിതാവിൻ്റെ അരികിൽ മഹത്തരമായ പ്രതിഫലമുണ്ട്. തീർച്ചയായും അല്ലാഹു പ്രവർത്തനങ്ങൾ വേഗത്തിൽ വിചാരണ നടത്തുന്നവനും, അവയ്ക്ക് വേഗത്തിൽ പ്രതിഫലം നൽകുന്നവനുമത്രെ.
200
സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മികവ് കാണിക്കുകയും, പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ ദൂതനെ പിൻപറ്റുകയും ചെയ്തവരേ! അല്ലാഹുവിൻ്റെ ദീനിലെ മതനിയമങ്ങൾ പാലിക്കുന്നതിലും, നിങ്ങളെ ബാധിക്കുന്ന ഐഹിക ജീവിതത്തിലെ പ്രയാസങ്ങളിലും നിങ്ങൾ ക്ഷമ കൈക്കൊള്ളുക. അല്ലാഹുവിനെ നിഷേധിച്ചവരെ നിങ്ങൾ ക്ഷമയിൽ മറികടക്കുക; അവർ നിങ്ങളെക്കാൾ കടുത്ത ക്ഷമയുള്ളവരാകരുത്. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിൽ നിങ്ങൾ നിലകൊള്ളുകയും ചെയ്യുക. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക. എങ്കിൽ നിങ്ങളുടെ ലക്ഷ്യം -നരകത്തിൽ നിന്ന് രക്ഷപ്പെട്ടു കൊണ്ടും, സ്വർഗത്തിൽ പ്രവേശിച്ചു കൊണ്ടും- നിങ്ങൾക്ക് നേടിയെടുക്കാൻ കഴിയും.