Wednesday, 12 August 2026 Hijri: 01:42:38 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Quran translation reader

അൽ ഹിജ്ർ الحجر Al-Hijr

സൂറത്ത് അൽ ഹിജ്ർ (Al-Hijr), ഖുർആൻ അധ്യായം 15 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 99 ആയത്തുകൾ വായിക്കുക. Read Surah Al-Hijr with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

അലിഫ് - ലാം - റാഅ്. വേദപുസ്തകത്തിലെ അഥവാ, സുവ്യക്തമായ ഖുര്‍ആനിലെ വചനങ്ങളാണിവ.

الٓرۚ تِلۡكَ ءَايَٰتُ ٱلۡكِتَٰبِ وَقُرۡءَانٖ مُّبِينٖ ۝١
2

തങ്ങള്‍ മുസ്ലിംകളായിരുന്നെങ്കില്‍ എന്ന് സത്യനിഷേധികള്‍ കൊതിച്ചുപോകുന്ന അവസ്ഥയുണ്ടാകും.

رُّبَمَا يَوَدُّ ٱلَّذِينَ كَفَرُواْ لَوۡ كَانُواْ مُسۡلِمِينَ ۝٢
3

അവരെ നീ വിട്ടേക്കുക. അവര്‍ തിന്നും സുഖിച്ചും വ്യാമോഹങ്ങള്‍ക്കടിപ്പെട്ടും കഴിയട്ടെ. വൈകാതെ അവര്‍ എല്ലാം അറിയും.

ذَرۡهُمۡ يَأۡكُلُواْ وَيَتَمَتَّعُواْ وَيُلۡهِهِمُ ٱلۡأَمَلُۖ فَسَوۡفَ يَعۡلَمُونَ ۝٣
4

നിശ്ചിതമായ അവധി നല്‍കിക്കൊണ്ടല്ലാതെ നാം ഒരു നാടിനെയും നശിപ്പിച്ചിട്ടില്ല.

وَمَآ أَهۡلَكۡنَا مِن قَرۡيَةٍ إِلَّا وَلَهَا كِتَابٞ مَّعۡلُومٞ ۝٤
5

ഒരു സമുദായവും നിശ്ചിത അവധിക്കുമുമ്പ് നശിക്കുകയില്ല. അവധിയെത്തിയാല്‍ പിന്നെ പിന്തിക്കുകയുമില്ല.

مَّا تَسۡبِقُ مِنۡ أُمَّةٍ أَجَلَهَا وَمَا يَسۡتَـٔۡخِرُونَ ۝٥
6

സത്യനിഷേധികള്‍ പറഞ്ഞു: "ഉദ്ബോധനം ഇറക്കിക്കിട്ടിയവനേ, നീയൊരു ഭ്രാന്തന്‍ തന്നെ.”

وَقَالُواْ يَٰٓأَيُّهَا ٱلَّذِي نُزِّلَ عَلَيۡهِ ٱلذِّكۡرُ إِنَّكَ لَمَجۡنُونٞ ۝٦
7

"നീ സത്യവാനെങ്കില്‍ ഞങ്ങളുടെ അടുത്ത് മലക്കുകളെ കൊണ്ടുവരാത്തതെന്ത്?”

لَّوۡمَا تَأۡتِينَا بِٱلۡمَلَٰٓئِكَةِ إِن كُنتَ مِنَ ٱلصَّٰدِقِينَ ۝٧
8

എന്നാല്‍ ന്യായമായ ആവശ്യത്തിനല്ലാതെ നാം മലക്കുകളെ ഇറക്കുകയില്ല. ഇറക്കിയാല്‍ പിന്നെ അവര്‍ക്ക് അവസരം നല്‍കുകയുമില്ല.

مَا نُنَزِّلُ ٱلۡمَلَٰٓئِكَةَ إِلَّا بِٱلۡحَقِّ وَمَا كَانُوٓاْ إِذٗا مُّنظَرِينَ ۝٨
9

തീര്‍ച്ചയായും നാമാണ് ഈ ഖുര്‍ആന്‍ ഇറക്കിയത്. നാം തന്നെ അതിനെ കാത്തുരക്ഷിക്കുകയും ചെയ്യും.

إِنَّا نَحۡنُ نَزَّلۡنَا ٱلذِّكۡرَ وَإِنَّا لَهُۥ لَحَٰفِظُونَ ۝٩
10

നിനക്കുമുമ്പ് പൂര്‍വികരായ പല വിഭാഗങ്ങളിലും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്.

وَلَقَدۡ أَرۡسَلۡنَا مِن قَبۡلِكَ فِي شِيَعِ ٱلۡأَوَّلِينَ ۝١٠
11

അവരുടെ അടുത്ത് ദൈവദൂതന്‍ ചെന്നപ്പോഴെല്ലാം അവരദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല.

وَمَا يَأۡتِيهِم مِّن رَّسُولٍ إِلَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ ۝١١
12

അവ്വിധമാണ് നാം കുറ്റവാളികളുടെ മനസ്സുകളില്‍ നാം പരിഹാസം കടത്തിവിടുന്നത്.

كَذَٰلِكَ نَسۡلُكُهُۥ فِي قُلُوبِ ٱلۡمُجۡرِمِينَ ۝١٢
13

എന്നിട്ടും അവരതില്‍ വിശ്വസിക്കുന്നില്ല. പൂര്‍വികരും ഇമ്മട്ടില്‍ തന്നെയായിരുന്നു.

لَا يُؤۡمِنُونَ بِهِۦ وَقَدۡ خَلَتۡ سُنَّةُ ٱلۡأَوَّلِينَ ۝١٣
14

നാമവര്‍ക്ക് മാനത്തുനിന്നൊരു വാതില്‍ തുറന്നുകൊടുത്തുവെന്ന് വെക്കുക. അങ്ങനെ അവരതിലൂടെ കയറിപ്പോയിക്കൊണ്ടിരിക്കുന്നുവെന്നും.

وَلَوۡ فَتَحۡنَا عَلَيۡهِم بَابٗا مِّنَ ٱلسَّمَآءِ فَظَلُّواْ فِيهِ يَعۡرُجُونَ ۝١٤
15

എന്നാല്‍പ്പോലും അവര്‍ പറയും: "നമ്മുടെ കണ്ണുകള്‍ക്ക് മയക്കം ബാധിച്ചതാണ്. അല്ല നാം മാരണത്തിനിരയായ ജനമത്രെ.”

لَقَالُوٓاْ إِنَّمَا سُكِّرَتۡ أَبۡصَٰرُنَا بَلۡ نَحۡنُ قَوۡمٞ مَّسۡحُورُونَ ۝١٥
16

ആകാശത്തു നാം രാശികളുണ്ടാക്കിയിരിക്കുന്നു. കാണികള്‍ക്ക് അത് അലംകൃതമാക്കുകയും ചെയ്തിരിക്കുന്നു.

وَلَقَدۡ جَعَلۡنَا فِي ٱلسَّمَآءِ بُرُوجٗا وَزَيَّنَّٰهَا لِلنَّٰظِرِينَ ۝١٦
17

ശപിക്കപ്പെട്ട സകല പിശാചുക്കളില്‍നിന്നും നാമതിനെ കാത്തുരക്ഷിച്ചിരിക്കുന്നു;

وَحَفِظۡنَٰهَا مِن كُلِّ شَيۡطَٰنٖ رَّجِيمٍ ۝١٧
18

കട്ടുകേള്‍ക്കുന്നവനില്‍ നിന്നൊഴികെ. അങ്ങനെ ചെയ്യുമ്പോള്‍ തീക്ഷ്ണമായ ജ്വാല അവനെ പിന്തുടരുന്നു.

إِلَّا مَنِ ٱسۡتَرَقَ ٱلسَّمۡعَ فَأَتۡبَعَهُۥ شِهَابٞ مُّبِينٞ ۝١٨
19

ഭൂമിയെ നാം വിശാലമാക്കി. അതില്‍ മലകളെ ഉറപ്പിച്ചുനിര്‍ത്തി. അതില്‍ നാം നാനാതരം വസ്തുക്കള്‍ കൃത്യമായ പരിമാണത്തോടെ മുളപ്പിച്ചു.

وَٱلۡأَرۡضَ مَدَدۡنَٰهَا وَأَلۡقَيۡنَا فِيهَا رَوَٰسِيَ وَأَنۢبَتۡنَا فِيهَا مِن كُلِّ شَيۡءٖ مَّوۡزُونٖ ۝١٩
20

നാമതില്‍ നിങ്ങള്‍ക്ക് ജീവനോപാധികള്‍ ഉണ്ടാക്കിവെച്ചിരിക്കുന്നു. നിങ്ങള്‍ ആഹാരം കൊടുക്കാത്തവയ്ക്കും.

وَجَعَلۡنَا لَكُمۡ فِيهَا مَعَٰيِشَ وَمَن لَّسۡتُمۡ لَهُۥ بِرَٰزِقِينَ ۝٢٠
21

എല്ലാറ്റിന്റെയും ജീവിതോപാധികളുടെ പത്തായം നമ്മുടെ വശമാണ്. നീതിപൂര്‍വം നിശ്ചിത തോതില്‍ നാമതു ഇറക്കിക്കൊടുക്കുന്നു.

وَإِن مِّن شَيۡءٍ إِلَّا عِندَنَا خَزَآئِنُهُۥ وَمَا نُنَزِّلُهُۥٓ إِلَّا بِقَدَرٖ مَّعۡلُومٖ ۝٢١
22

നാം മേഘവാഹിനികളായ കാറ്റിനെ അയക്കുന്നു. അങ്ങനെ മാനത്തുനിന്ന് വെള്ളമിറക്കുന്നു. നാം നിങ്ങളെയത് കുടിപ്പിക്കുന്നു. അതൊന്നും ശേഖരിച്ചുവെക്കുന്നത് നിങ്ങളല്ലല്ലോ.

وَأَرۡسَلۡنَا ٱلرِّيَٰحَ لَوَٰقِحَ فَأَنزَلۡنَا مِنَ ٱلسَّمَآءِ مَآءٗ فَأَسۡقَيۡنَٰكُمُوهُ وَمَآ أَنتُمۡ لَهُۥ بِخَٰزِنِينَ ۝٢٢
23

തീര്‍ച്ചയായും നാമാണ് ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും. എല്ലാറ്റിനെയും അനന്തരമെടുക്കുന്നതും നാം തന്നെ.

وَإِنَّا لَنَحۡنُ نُحۡيِۦ وَنُمِيتُ وَنَحۡنُ ٱلۡوَٰرِثُونَ ۝٢٣
24

നിങ്ങളില്‍നിന്ന് നേരത്തെ കടന്നുപോയവര്‍ ആരെന്ന് നമുക്ക് നന്നായറിയാം. പിറകെ വരുന്നവരാരെന്നും നാമറിയുന്നു.

وَلَقَدۡ عَلِمۡنَا ٱلۡمُسۡتَقۡدِمِينَ مِنكُمۡ وَلَقَدۡ عَلِمۡنَا ٱلۡمُسۡتَـٔۡخِرِينَ ۝٢٤
25

നിസ്സംശയം; നിന്റെ നാഥന്‍ അവരെയൊക്കെ ഒരുമിച്ചുകൂട്ടും. അവന്‍ യുക്തിമാനും എല്ലാം അറിയുന്നവനും തന്നെ.

وَإِنَّ رَبَّكَ هُوَ يَحۡشُرُهُمۡۚ إِنَّهُۥ حَكِيمٌ عَلِيمٞ ۝٢٥
26

നിശ്ചയമായും മനുഷ്യനെ നാം, മുട്ടിയാല്‍ മുഴങ്ങുന്ന, ഗന്ധമുള്ള കറുത്ത കളിമണ്ണില്‍ നിന്നു സൃഷ്ടിച്ചു.

وَلَقَدۡ خَلَقۡنَا ٱلۡإِنسَٰنَ مِن صَلۡصَٰلٖ مِّنۡ حَمَإٖ مَّسۡنُونٖ ۝٢٦
27

അതിനുമുമ്പ് ജിന്നുകളെ നാം അത്യുഷ്ണമുള്ള തീജ്ജ്വാലയില്‍നിന്ന് സൃഷ്ടിച്ചു.

وَٱلۡجَآنَّ خَلَقۡنَٰهُ مِن قَبۡلُ مِن نَّارِ ٱلسَّمُومِ ۝٢٧
28

നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: നിശ്ചയമായും മുട്ടിയാല്‍ മുഴങ്ങുന്ന, ഗന്ധമുള്ള, കറുത്ത കളിമണ്ണില്‍ നിന്ന് നാം മനുഷ്യനെ സൃഷ്ടിക്കാന്‍ പോവുകയാണ്.

وَإِذۡ قَالَ رَبُّكَ لِلۡمَلَٰٓئِكَةِ إِنِّي خَٰلِقُۢ بَشَرٗا مِّن صَلۡصَٰلٖ مِّنۡ حَمَإٖ مَّسۡنُونٖ ۝٢٨
29

അങ്ങനെ ഞാനവനെ രൂപപ്പെടുത്തുകയും എന്റെ ആത്മാവില്‍ നിന്ന് അവനിലൂതുകയും ചെയ്താല്‍ നിങ്ങളെല്ലാവരും അവന് പ്രണാമമര്‍പ്പിക്കുന്നവരായിത്തീരണം.

فَإِذَا سَوَّيۡتُهُۥ وَنَفَخۡتُ فِيهِ مِن رُّوحِي فَقَعُواْ لَهُۥ سَٰجِدِينَ ۝٢٩
30

അങ്ങനെ മലക്കുകളൊക്കെ പ്രണമിച്ചു.

فَسَجَدَ ٱلۡمَلَٰٓئِكَةُ كُلُّهُمۡ أَجۡمَعُونَ ۝٣٠
31

ഇബ്ലീസൊഴികെ. പ്രണാമമര്‍പ്പിക്കുന്നവരോടൊപ്പം ചേരാന്‍ അവന്‍ വിസമ്മതിച്ചു.

إِلَّآ إِبۡلِيسَ أَبَىٰٓ أَن يَكُونَ مَعَ ٱلسَّٰجِدِينَ ۝٣١
32

അല്ലാഹു ചോദിച്ചു: "പ്രണാമം ചെയ്തവരോടൊപ്പം ചേരാതിരിക്കാന്‍ നിന്നെ പ്രേരിപ്പിച്ചതെന്ത്?”

قَالَ يَٰٓإِبۡلِيسُ مَا لَكَ أَلَّا تَكُونَ مَعَ ٱلسَّٰجِدِينَ ۝٣٢
33

ഇബ്ലീസ് പറഞ്ഞു: "മുട്ടിയാല്‍ മുഴങ്ങുന്ന, ഗന്ധമുള്ള കറുത്ത കളിമണ്ണില്‍ നിന്ന് നീ സൃഷ്ടിച്ച മനുഷ്യനെ പ്രണമിക്കേണ്ടവനല്ല ഞാന്‍.”

قَالَ لَمۡ أَكُن لِّأَسۡجُدَ لِبَشَرٍ خَلَقۡتَهُۥ مِن صَلۡصَٰلٖ مِّنۡ حَمَإٖ مَّسۡنُونٖ ۝٣٣
34

അല്ലാഹു കല്‍പിച്ചു: "എങ്കില്‍ നീ ഇവിടെനിന്നിറങ്ങിപ്പോവുക. നീ ഭ്രഷ്ടനാണ്.

قَالَ فَٱخۡرُجۡ مِنۡهَا فَإِنَّكَ رَجِيمٞ ۝٣٤
35

"ന്യായവിധിയുടെ നാള്‍വരെ നിനക്കു ശാപമുണ്ടായിരിക്കും.”

وَإِنَّ عَلَيۡكَ ٱللَّعۡنَةَ إِلَىٰ يَوۡمِ ٱلدِّينِ ۝٣٥
36

അവന്‍ പറഞ്ഞു: "എന്റെ നാഥാ, അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നാള്‍വരെ എനിക്ക് അവധി തന്നാലും.”

قَالَ رَبِّ فَأَنظِرۡنِيٓ إِلَىٰ يَوۡمِ يُبۡعَثُونَ ۝٣٦
37

അല്ലാഹു അറിയിച്ചു: "നിനക്ക് അവസരം തന്നിരിക്കുന്നു.

قَالَ فَإِنَّكَ مِنَ ٱلۡمُنظَرِينَ ۝٣٧
38

"നിശ്ചിതസമയം വന്നെത്തുന്ന ദിനംവരെ.”

إِلَىٰ يَوۡمِ ٱلۡوَقۡتِ ٱلۡمَعۡلُومِ ۝٣٨
39

അവന്‍ പറഞ്ഞു: "എന്റെ നാഥാ, നീ എന്നെ വഴികേടിലാക്കി. അതേപോലെ ഭൂമിയില്‍ ഞാനവര്‍ക്ക് ചീത്തവൃത്തികള്‍ ചേതോഹരമായിത്തോന്നിപ്പിക്കും. അവരെയൊക്കെ ദുര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും; തീര്‍ച്ച.

قَالَ رَبِّ بِمَآ أَغۡوَيۡتَنِي لَأُزَيِّنَنَّ لَهُمۡ فِي ٱلۡأَرۡضِ وَلَأُغۡوِيَنَّهُمۡ أَجۡمَعِينَ ۝٣٩
40

"അവരിലെ നിന്റെ ആത്മാര്‍ഥതയുള്ള ദാസന്മാരെയൊഴികെ.”

إِلَّا عِبَادَكَ مِنۡهُمُ ٱلۡمُخۡلَصِينَ ۝٤٠
41

അല്ലാഹു പറഞ്ഞു: "ഇതാണ് എന്നിലേക്കെത്താനുള്ള നേര്‍ വഴി.

قَالَ هَٰذَا صِرَٰطٌ عَلَيَّ مُسۡتَقِيمٌ ۝٤١
42

"എന്റെ അടിമകളുടെ മേല്‍ നിനക്കൊരു സ്വാധീനവുമില്ല. നിന്നെ പിന്തുടര്‍ന്ന വഴിപിഴച്ചവരിലൊഴികെ.

إِنَّ عِبَادِي لَيۡسَ لَكَ عَلَيۡهِمۡ سُلۡطَٰنٌ إِلَّا مَنِ ٱتَّبَعَكَ مِنَ ٱلۡغَاوِينَ ۝٤٢
43

"തീര്‍ച്ചയായും നരകമാണ് അവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഇടം.”

وَإِنَّ جَهَنَّمَ لَمَوۡعِدُهُمۡ أَجۡمَعِينَ ۝٤٣
44

അതിന് ഏഴു വാതിലുകളുണ്ട്. ഓരോ വാതിലിലൂടെയും പ്രവേശിക്കാന്‍ അവരില്‍നിന്ന് പ്രത്യേകം വീതിക്കപ്പെട്ട ഓരോ വിഭാഗമുണ്ട്.

لَهَا سَبۡعَةُ أَبۡوَٰبٖ لِّكُلِّ بَابٖ مِّنۡهُمۡ جُزۡءٞ مَّقۡسُومٌ ۝٤٤
45

ഉറപ്പായും സൂക്ഷ്മത പാലിക്കുന്നവര്‍ സ്വര്‍ഗീയാരാമങ്ങളിലും അരുവികളിലുമായിരിക്കും.

إِنَّ ٱلۡمُتَّقِينَ فِي جَنَّٰتٖ وَعُيُونٍ ۝٤٥
46

അവരോടു പറയും: "നിര്‍ഭയരായി സമാധാനത്തോടെ നിങ്ങളതില്‍ പ്രവേശിച്ചുകൊള്ളുക.”

ٱدۡخُلُوهَا بِسَلَٰمٍ ءَامِنِينَ ۝٤٦
47

അവരുടെ ഹൃദയങ്ങളിലുണ്ടായേക്കാവുന്ന വിദ്വേഷം നാം നീക്കിക്കളയും. പരസ്പരം സഹോദരങ്ങളായി ചാരുകട്ടിലുകളിലവര്‍ അഭിമുഖമായി ഇരിക്കും.

وَنَزَعۡنَا مَا فِي صُدُورِهِم مِّنۡ غِلٍّ إِخۡوَٰنًا عَلَىٰ سُرُرٖ مُّتَقَٰبِلِينَ ۝٤٧
48

അവിടെ അവരെ ക്ഷീണം ബാധിക്കുകയില്ല. അവിടെനിന്നവര്‍ പുറന്തള്ളപ്പെടുകയുമില്ല.

لَا يَمَسُّهُمۡ فِيهَا نَصَبٞ وَمَا هُم مِّنۡهَا بِمُخۡرَجِينَ ۝٤٨
49

ഞാന്‍ ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമാണെന്ന് എന്റെ ദാസന്മാരെ അറിയിക്കുക;

۞ نَبِّئۡ عِبَادِيٓ أَنِّيٓ أَنَا ٱلۡغَفُورُ ٱلرَّحِيمُ ۝٤٩
50

തീര്‍ച്ചയായും എന്റെ ശിക്ഷയാണ് ഏറ്റം നോവേറിയ ശിക്ഷയെന്നും.

وَأَنَّ عَذَابِي هُوَ ٱلۡعَذَابُ ٱلۡأَلِيمُ ۝٥٠
51

ഇബ്റാഹീമിന്റെ അതിഥികളെപ്പറ്റിയും നീ അവര്‍ക്കു പറഞ്ഞുകൊടുക്കുക.

وَنَبِّئۡهُمۡ عَن ضَيۡفِ إِبۡرَٰهِيمَ ۝٥١
52

അവര്‍ അദ്ദേഹത്തിന്റെ അടുത്തുചെന്ന സന്ദര്‍ഭം: അപ്പോള്‍ അവര്‍ പറഞ്ഞു: "താങ്കള്‍ക്കു സമാധാനം.” അദ്ദേഹം പറഞ്ഞു: "സത്യമായും ഞങ്ങള്‍ക്കു നിങ്ങളെപ്പറ്റി പേടിതോന്നുന്നു.”

إِذۡ دَخَلُواْ عَلَيۡهِ فَقَالُواْ سَلَٰمٗا قَالَ إِنَّا مِنكُمۡ وَجِلُونَ ۝٥٢
53

അവര്‍ പറഞ്ഞു: "താങ്കള്‍ പേടിക്കേണ്ട. ജ്ഞാനമുള്ള ഒരു പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്ത ഞങ്ങളിതാ താങ്കളെ അറിയിക്കുന്നു.”

قَالُواْ لَا تَوۡجَلۡ إِنَّا نُبَشِّرُكَ بِغُلَٰمٍ عَلِيمٖ ۝٥٣
54

അദ്ദേഹം പറഞ്ഞു: "ഈ വയസ്സുകാലത്താണോ നിങ്ങളെന്നെ പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിക്കുന്നത്? എന്തൊരു ശുഭവാര്‍ത്തയാണ് നിങ്ങള്‍ ഈ നല്‍കുന്നത്?”

قَالَ أَبَشَّرۡتُمُونِي عَلَىٰٓ أَن مَّسَّنِيَ ٱلۡكِبَرُ فَبِمَ تُبَشِّرُونَ ۝٥٤
55

അവര്‍ പറഞ്ഞു: "ഞങ്ങള്‍ താങ്കള്‍ക്കു നല്‍കുന്നത് ശരിയായ ശുഭവാര്‍ത്ത തന്നെ. അതിനാല്‍ താങ്കള്‍ നിരാശനാവാതിരിക്കുക.”

قَالُواْ بَشَّرۡنَٰكَ بِٱلۡحَقِّ فَلَا تَكُن مِّنَ ٱلۡقَٰنِطِينَ ۝٥٥
56

ഇബ്റാഹീം പറഞ്ഞു: "തന്റെ നാഥന്റെ അനുഗ്രഹത്തെക്കുറിച്ച് ആരാണ് നിരാശനാവുക? വഴിപിഴച്ചവരൊഴികെ.”

قَالَ وَمَن يَقۡنَطُ مِن رَّحۡمَةِ رَبِّهِۦٓ إِلَّا ٱلضَّآلُّونَ ۝٥٦
57

ഇബ്റാഹീം ചോദിച്ചു: "അല്ലയോ ദൂതന്മാരേ, നിങ്ങളുടെ പ്രധാന ദൌത്യമെന്താണ്?”

قَالَ فَمَا خَطۡبُكُمۡ أَيُّهَا ٱلۡمُرۡسَلُونَ ۝٥٧
58

അവര്‍ പറഞ്ഞു: "കുറ്റവാളികളായ ഒരു ജനതയിലേക്കാണ് ഞങ്ങളെ നിയോഗിച്ചിരിക്കുന്നത്.”

قَالُوٓاْ إِنَّآ أُرۡسِلۡنَآ إِلَىٰ قَوۡمٖ مُّجۡرِمِينَ ۝٥٨
59

ലൂത്വിന്റെ കുടുംബം അതില്‍ നിന്നൊഴിവാണ്. അവരെയൊക്കെ നാം രക്ഷപ്പെടുത്തും.

إِلَّآ ءَالَ لُوطٍ إِنَّا لَمُنَجُّوهُمۡ أَجۡمَعِينَ ۝٥٩
60

അദ്ദേഹത്തിന്റെ ഭാര്യയെ ഒഴികെ. അവള്‍ പിന്തിനില്‍ക്കുന്നവരിലായിരിക്കുമെന്ന് നാം തീരുമാനിച്ചിരിക്കുന്നു.

إِلَّا ٱمۡرَأَتَهُۥ قَدَّرۡنَآ إِنَّهَا لَمِنَ ٱلۡغَٰبِرِينَ ۝٦٠
61

അങ്ങനെ ആ മലക്കുകള്‍ ലൂത്വിന്റെ ആളുകളുടെ അടുക്കലെത്തിയപ്പോള്‍.

فَلَمَّا جَآءَ ءَالَ لُوطٍ ٱلۡمُرۡسَلُونَ ۝٦١
62

അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ അപരിചിതരായ ആളുകളാണല്ലോ.”

قَالَ إِنَّكُمۡ قَوۡمٞ مُّنكَرُونَ ۝٦٢
63

അവര്‍ പറഞ്ഞു: "ഈ ജനം സംശയിച്ചുകൊണ്ടിരുന്ന കാര്യവുമായാണ് ഞങ്ങള്‍ വന്നിരിക്കുന്നത്.

قَالُواْ بَلۡ جِئۡنَٰكَ بِمَا كَانُواْ فِيهِ يَمۡتَرُونَ ۝٦٣
64

"ഞങ്ങള്‍ സത്യവുമായാണ് താങ്കളുടെ അടുത്ത് വന്നിരിക്കുന്നത്. തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവരാണ്.

وَأَتَيۡنَٰكَ بِٱلۡحَقِّ وَإِنَّا لَصَٰدِقُونَ ۝٦٤
65

"അതിനാല്‍ രാവിന്റെ ഒരു ഖണ്ഡം മാത്രം ബാക്കിനില്‍ക്കെ താങ്കള്‍ കുടുംബത്തെയും കൂട്ടി ഇവിടം വിടുക. താങ്കള്‍ അവരുടെ പിന്നില്‍ നടക്കണം. ആരും തിരിഞ്ഞുനോക്കരുത്. ആവശ്യപ്പെടുന്നേടത്തേക്ക് പോവുക.”

فَأَسۡرِ بِأَهۡلِكَ بِقِطۡعٖ مِّنَ ٱلَّيۡلِ وَٱتَّبِعۡ أَدۡبَٰرَهُمۡ وَلَا يَلۡتَفِتۡ مِنكُمۡ أَحَدٞ وَٱمۡضُواْ حَيۡثُ تُؤۡمَرُونَ ۝٦٥
66

അഥവാ, അടുത്ത പ്രഭാതത്തോടെ ഇക്കൂട്ടരുടെ മുരടു മുറിച്ചുമാറ്റുമെന്ന് നാം അദ്ദേഹത്തെ ഖണ്ഡിതമായി അറിയിച്ചു.

وَقَضَيۡنَآ إِلَيۡهِ ذَٰلِكَ ٱلۡأَمۡرَ أَنَّ دَابِرَ هَٰٓؤُلَآءِ مَقۡطُوعٞ مُّصۡبِحِينَ ۝٦٦
67

അപ്പോഴേക്കും നഗരവാസികള്‍ ആഹ്ളാദഭരിതരായി വന്നെത്തി.

وَجَآءَ أَهۡلُ ٱلۡمَدِينَةِ يَسۡتَبۡشِرُونَ ۝٦٧
68

ലൂത്വ് പറഞ്ഞു: "നിശ്ചയമായും ഇവരെന്റെ വിരുന്നുകാരാണ്. അതിനാല്‍ നിങ്ങളെന്നെ വഷളാക്കരുതേ.

قَالَ إِنَّ هَٰٓؤُلَآءِ ضَيۡفِي فَلَا تَفۡضَحُونِ ۝٦٨
69

"അല്ലാഹുവെ ഓര്‍ത്ത് നിങ്ങളെന്നെ മാനക്കേടിലാക്കാതിരിക്കുക.”

وَٱتَّقُواْ ٱللَّهَ وَلَا تُخۡزُونِ ۝٦٩
70

അവര്‍ പറഞ്ഞു: "ജനങ്ങളുടെ കാര്യത്തിലിടപെടരുതെന്ന് നിന്നെ ഞങ്ങള്‍ വിലക്കിയിരുന്നില്ലേ?”

قَالُوٓاْ أَوَلَمۡ نَنۡهَكَ عَنِ ٱلۡعَٰلَمِينَ ۝٧٠
71

അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ എന്തെങ്കിലും ചെയ്തേ അടങ്ങൂ എങ്കില്‍ ഇതാ ഇവര്‍, എന്റെ പെണ്‍മക്കള്‍.”

قَالَ هَٰٓؤُلَآءِ بَنَاتِيٓ إِن كُنتُمۡ فَٰعِلِينَ ۝٧١
72

നിന്റെ ജീവിതമാണ് സത്യം! അവര്‍ തങ്ങളുടെ ലഹരിയില്‍ മതിമറന്ന് എന്തൊക്കെയോ ചെയ്യുകയാണ്.

لَعَمۡرُكَ إِنَّهُمۡ لَفِي سَكۡرَتِهِمۡ يَعۡمَهُونَ ۝٧٢
73

പ്രഭാതോദയത്തോടെ ഒരു ഘോരഗര്‍ജനം അവരെ പിടികൂടി.

فَأَخَذَتۡهُمُ ٱلصَّيۡحَةُ مُشۡرِقِينَ ۝٧٣
74

അങ്ങനെ ആ നാടിനെ നാം കീഴ്മേല്‍ മറിച്ചു. പിന്നെ നാം ചുട്ടുപഴുത്ത കല്ലുകള്‍ അവരുടെമേല്‍ വീഴ്ത്തി.

فَجَعَلۡنَا عَٰلِيَهَا سَافِلَهَا وَأَمۡطَرۡنَا عَلَيۡهِمۡ حِجَارَةٗ مِّن سِجِّيلٍ ۝٧٤
75

കാര്യങ്ങള്‍ വേര്‍തിരിച്ചറിയാന്‍ കഴിയുന്നവര്‍ക്ക് തീര്‍ച്ചയായും ഇതില്‍ ധാരാളം തെളിവുകളുണ്ട്.

إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّلۡمُتَوَسِّمِينَ ۝٧٥
76

ആ നാട് ഇന്നും ജനസഞ്ചാരമുള്ള വഴിയിലാണ്.

وَإِنَّهَا لَبِسَبِيلٖ مُّقِيمٍ ۝٧٦
77

തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കിതില്‍ മഹത്തായ അടയാളമുണ്ട്.

إِنَّ فِي ذَٰلِكَ لَأٓيَةٗ لِّلۡمُؤۡمِنِينَ ۝٧٧
78

ഉറപ്പായും ഐക്കവാസികള്‍ അക്രമികളായിരുന്നു.

وَإِن كَانَ أَصۡحَٰبُ ٱلۡأَيۡكَةِ لَظَٰلِمِينَ ۝٧٨
79

അതിനാല്‍ അവരെയും നാം ശിക്ഷിച്ചു. തീര്‍ച്ചയായും ഈ രണ്ടു നാടുകളും തുറസ്സായ വഴിയില്‍തന്നെയാണുള്ളത്.

فَٱنتَقَمۡنَا مِنۡهُمۡ وَإِنَّهُمَا لَبِإِمَامٖ مُّبِينٖ ۝٧٩
80

ഹിജ്റ് ദേശക്കാരും ദൈവദൂതന്മാരെ തള്ളിപ്പറഞ്ഞു.

وَلَقَدۡ كَذَّبَ أَصۡحَٰبُ ٱلۡحِجۡرِ ٱلۡمُرۡسَلِينَ ۝٨٠
81

നാമവര്‍ക്ക് നമ്മുടെ തെളിവുകള്‍ നല്‍കി. എന്നാല്‍ അവര്‍ അവയെ അവഗണിക്കുകയായിരുന്നു.

وَءَاتَيۡنَٰهُمۡ ءَايَٰتِنَا فَكَانُواْ عَنۡهَا مُعۡرِضِينَ ۝٨١
82

അവര്‍ പര്‍വതങ്ങളിലെ പാറകള്‍ തുരന്ന് വീടുകളുണ്ടാക്കി. അവരവിടെ നിര്‍ഭയരായി കഴിയുകയായിരുന്നു.

وَكَانُواْ يَنۡحِتُونَ مِنَ ٱلۡجِبَالِ بُيُوتًا ءَامِنِينَ ۝٨٢
83

അങ്ങനെ ഒരു പ്രഭാതവേളയില്‍ ഘോരഗര്‍ജനം അവരെ പിടികൂടി.

فَأَخَذَتۡهُمُ ٱلصَّيۡحَةُ مُصۡبِحِينَ ۝٨٣
84

അപ്പോള്‍ അവര്‍ നേടിയതൊന്നും അവര്‍ക്ക് ഉപകരിച്ചില്ല.

فَمَآ أَغۡنَىٰ عَنۡهُم مَّا كَانُواْ يَكۡسِبُونَ ۝٨٤
85

ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും നാം ന്യായമായ ആവശ്യത്തിനല്ലാതെ സൃഷ്ടിച്ചിട്ടില്ല. തീര്‍ച്ചയായും അന്ത്യസമയം വന്നെത്തുക തന്നെ ചെയ്യും. അതിനാല്‍ നീ വിട്ടുവീഴ്ച കാണിക്കുക. മാന്യമായ വിട്ടുവീഴ്ച.

وَمَا خَلَقۡنَا ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَآ إِلَّا بِٱلۡحَقِّۗ وَإِنَّ ٱلسَّاعَةَ لَأٓتِيَةٞۖ فَٱصۡفَحِ ٱلصَّفۡحَ ٱلۡجَمِيلَ ۝٨٥
86

നിശ്ചയമായും നിന്റെ നാഥന്‍ എല്ലാറ്റിനെയും സൃഷ്ടിച്ചവനാണ്. എല്ലാം അറിയുന്നവനും.

إِنَّ رَبَّكَ هُوَ ٱلۡخَلَّٰقُ ٱلۡعَلِيمُ ۝٨٦
87

ആവര്‍ത്തിച്ച് പാരായണം ചെയ്യുന്ന ഏഴു സൂക്തങ്ങള്‍ നിനക്കു നാം നല്‍കിയിട്ടുണ്ട്. മഹത്തായ ഈ ഖുര്‍ആനും.

وَلَقَدۡ ءَاتَيۡنَٰكَ سَبۡعٗا مِّنَ ٱلۡمَثَانِي وَٱلۡقُرۡءَانَ ٱلۡعَظِيمَ ۝٨٧
88

അവരിലെ വിവിധ വിഭാഗങ്ങള്‍ക്ക് നാം നല്‍കിയ സുഖഭോഗങ്ങളില്‍ നീ കണ്ണുവെക്കേണ്ടതില്ല. അവരെപ്പറ്റി ദുഃഖിക്കേണ്ടതുമില്ല. സത്യവിശ്വാസികള്‍ക്ക് നീ നിന്റെ ചിറക് താഴ്ത്തിക്കൊടുക്കുക.

لَا تَمُدَّنَّ عَيۡنَيۡكَ إِلَىٰ مَا مَتَّعۡنَا بِهِۦٓ أَزۡوَٰجٗا مِّنۡهُمۡ وَلَا تَحۡزَنۡ عَلَيۡهِمۡ وَٱخۡفِضۡ جَنَاحَكَ لِلۡمُؤۡمِنِينَ ۝٨٨
89

നീ ഇങ്ങനെ പറയുകയും ചെയ്യുക: "തീര്‍ച്ചയായും ഞാന്‍ വ്യക്തമായ മുന്നറിയിപ്പുകാരന്‍ മാത്രമാണ്.”

وَقُلۡ إِنِّيٓ أَنَا ٱلنَّذِيرُ ٱلۡمُبِينُ ۝٨٩
90

ശൈഥില്യം സൃഷ്ടിച്ചവര്‍ക്ക് നാം താക്കീതു നല്‍കി. അതുപോലെയാണിതും.

كَمَآ أَنزَلۡنَا عَلَى ٱلۡمُقۡتَسِمِينَ ۝٩٠
91

ഖുര്‍ആനെ വ്യത്യസ്ത തട്ടുകളാക്കി മാറ്റിയവരാണവര്‍.

ٱلَّذِينَ جَعَلُواْ ٱلۡقُرۡءَانَ عِضِينَ ۝٩١
92

നിന്റെ നാഥന്‍ സാക്ഷി. അവരെയൊക്കെ നാം വിചാരണ ചെയ്യും.

فَوَرَبِّكَ لَنَسۡـَٔلَنَّهُمۡ أَجۡمَعِينَ ۝٩٢
93

അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി.

عَمَّا كَانُواْ يَعۡمَلُونَ ۝٩٣
94

അതിനാല്‍ നിന്നോടാവശ്യപ്പെട്ടതെന്തോ, അത് ഉറക്കെ പ്രഖ്യാപിക്കുക. ബഹുദൈവവാദികളെ തീര്‍ത്തും അവഗണിക്കുക.

فَٱصۡدَعۡ بِمَا تُؤۡمَرُ وَأَعۡرِضۡ عَنِ ٱلۡمُشۡرِكِينَ ۝٩٤
95

കളിയാക്കുന്നവരില്‍നിന്ന് നിന്നെ കാക്കാന്‍ നാം തന്നെ മതി.

إِنَّا كَفَيۡنَٰكَ ٱلۡمُسۡتَهۡزِءِينَ ۝٩٥
96

അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളെ സങ്കല്‍പിക്കുന്നവരാണവര്‍. അതിന്റെ ഫലം അടുത്തുതന്നെ അവരറിയും.

ٱلَّذِينَ يَجۡعَلُونَ مَعَ ٱللَّهِ إِلَٰهًا ءَاخَرَۚ فَسَوۡفَ يَعۡلَمُونَ ۝٩٦
97

അവര്‍ പറഞ്ഞുപരത്തുന്നതു കാരണം നിന്റെ മനസ്സ് തിടുങ്ങുന്നുണ്ടെന്ന് നാം അറിയുന്നു.

وَلَقَدۡ نَعۡلَمُ أَنَّكَ يَضِيقُ صَدۡرُكَ بِمَا يَقُولُونَ ۝٩٧
98

അതിനാല്‍ നീ നിന്റെ നാഥനെ കീര്‍ത്തിച്ച് അവന്റെ വിശുദ്ധി വാഴ്ത്തുക. അവന് പ്രണാമമര്‍പ്പിക്കുന്നവരില്‍ പെടുകയും ചെയ്യുക.

فَسَبِّحۡ بِحَمۡدِ رَبِّكَ وَكُن مِّنَ ٱلسَّٰجِدِينَ ۝٩٨
99

നീ നിന്റെ നാഥന്ന് വഴിപ്പെടുക. ആ ഉറപ്പായ കാര്യം നിനക്കു വന്നെത്തുംവരെ.

وَٱعۡبُدۡ رَبَّكَ حَتَّىٰ يَأۡتِيَكَ ٱلۡيَقِينُ ۝٩٩