Wednesday, 12 August 2026 Hijri: 02:25:19 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

അൽ അൻഫാൽ الأنفال Al-Anfal

Surah 8 മദനിയ്യ • مدنية • Madaniyah 75 ആയത്തുകൾ • 75 Ayahs

സൂറത്ത് അൽ അൻഫാൽ (Al-Anfal)യിലെ 75 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Anfal.

1

(നബിയേ,) നിന്നോടവര്‍ യുദ്ധത്തില്‍ നേടിയ സ്വത്തുക്കളെപ്പറ്റി ചോദിക്കുന്നു.(1) പറയുക: യുദ്ധത്തില്‍ നേടിയ സ്വത്തുക്കള്‍ അല്ലാഹുവിനും അവന്‍റെ റസൂലിനുമുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെയും അവൻ്റെ റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക.

يَسۡـَٔلُونَكَ عَنِ ٱلۡأَنفَالِۖ قُلِ ٱلۡأَنفَالُ لِلَّهِ وَٱلرَّسُولِۖ فَٱتَّقُواْ ٱللَّهَ وَأَصۡلِحُواْ ذَاتَ بَيۡنِكُمۡۖ وَأَطِيعُواْ ٱللَّهَ وَرَسُولَهُۥٓ إِن كُنتُم مُّؤۡمِنِينَ ۝١
തഫ്സീർആയത്ത് 1
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ അനുചരന്മാർ (സ്വഹാബികൾ) യുദ്ധാർജ്ജിത സ്വത്തുക്കളെ കുറിച്ച് -എങ്ങനെ അവ വീതിക്കണമെന്നും, ആർക്കെല്ലാം വീതിക്കണമെന്നും- താങ്കളോട് ചോദിക്കുന്നു. അല്ലാഹുവിൻ്റെ റസൂലേ! അവരുടെ ചോദ്യത്തിന് ഉത്തരമായി പറയുക: യുദ്ധാർജ്ജിത സ്വത്തുക്കൾ അല്ലാഹുവിനും അവൻ്റെ ദൂതനുമാണ്. അതിനാൽ ആ കാര്യത്തിൽ -അത് വീതംവെക്കുന്നതും വിതരണം ചെയ്യുന്നതുമെല്ലാം- വിധിക്കുന്നതിനുള്ള അവകാശവും അല്ലാഹുവിനും അവൻ്റെ ദൂതർക്കുമത്രെ. നിങ്ങളുടെ മേലുള്ള ബാധ്യത അല്ലാഹുവിനും റസൂലിനും കീഴൊതുങ്ങുകയും, സമർപ്പിക്കുകയും ചെയ്യലത്രെ. അതിനാൽ -അല്ലാഹുവിൽ വിശ്വസിച്ചവരേ!- അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. സ്നേഹത്തിലൂടെയും ബന്ധംപുതുക്കുന്നതിലൂടെയും നല്ല സ്വഭാവത്തിലൂടെയും വിട്ടുവീഴ്ചയിലൂടെയും നിങ്ങൾക്കിടയിലുള്ള ബന്ധവിഛേദനങ്ങളും അകൽച്ചയും ശരിയാക്കുകയും ചെയ്യുക. അല്ലാഹുവിനെ അനുസരിക്കുക എന്നതും, അവൻ്റെ റസൂലിനെ അനുസരിക്കുക എന്നതും എപ്പോഴും നിങ്ങൾ മുറുകെ പിടിക്കുകയും ചെയ്യുക; നിങ്ങൾ (അല്ലാഹുവിലും അവൻ്റെ റസൂലിലും അന്ത്യദിനത്തിലും) യഥാർത്ഥത്തിൽ വിശ്വസിച്ചവരാണെങ്കിൽ. കാരണം (ഈ പറഞ്ഞതിലുള്ള) വിശ്വാസം നന്മകൾ പ്രവർത്തിക്കാനും, തിന്മകളിൽ നിന്ന് അകന്നു നിൽക്കാനും പ്രേരിപ്പിക്കുന്നതാണ്. (ആയത്തിൽ പരാമർശിക്കപ്പെട്ട) സ്വഹാബികളുടെ ചോദ്യം ബദ്ർ യുദ്ധത്തിന് ശേഷമായിരുന്നു.
Source : QUL
2

അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്‍റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍.

إِنَّمَا ٱلۡمُؤۡمِنُونَ ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتۡ قُلُوبُهُمۡ وَإِذَا تُلِيَتۡ عَلَيۡهِمۡ ءَايَٰتُهُۥ زَادَتۡهُمۡ إِيمَٰنٗا وَعَلَىٰ رَبِّهِمۡ يَتَوَكَّلُونَ ۝٢
തഫ്സീർആയത്ത് 2
അല്ലാഹുവിനെ കുറിച്ച് സ്മരിക്കപ്പെട്ടാൽ ഹൃദയങ്ങൾ പേടിച്ചു നടുങ്ങുകയും നന്മകൾ പ്രവർത്തിക്കുന്നതിനായി ഹൃദയങ്ങളും ശരീരങ്ങളും യോജിച്ചു നിൽക്കുകയും, അല്ലാഹുവിൻ്റെ ആയത്തുകൾ പാരായണം ചെയ്തു കേൾപ്പിക്കപ്പെട്ടാൽ അതിനെ കുറിച്ച് ഉറ്റാലോചിക്കുകയും അങ്ങനെ തങ്ങളുടെ വിശ്വാസം മുൻപുള്ളതിനോടൊപ്പം വീണ്ടും വർദ്ധിക്കുകയും, നന്മകൾ നേടിയെടുക്കുന്നതിലും തിന്മകൾ തടുക്കുന്നതിലും തങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൻ്റെ മേൽ മാത്രം ഭരമേൽപ്പിക്കുകയും ചെയ്യുന്നവർ; അവർ മാത്രമാണ് (അല്ലാഹുവിൽ വിശ്വസിച്ച) യഥാർത്ഥ വിശ്വാസികൾ.
Source : QUL
3

നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവര്‍.

ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَمِمَّا رَزَقۡنَٰهُمۡ يُنفِقُونَ ۝٣
തഫ്സീർആയത്ത് 3
നിസ്കാരം അതിൻ്റെ പരിപൂർണ്ണമായ രൂപത്തിൽ അവയുടെ കൃത്യസമയങ്ങളിൽ തന്നെ നിർവ്വഹിക്കുന്നതിൽ കണിശത നിലനിർത്തുകയും, നാം ഉപജീവനം നൽകിയതിൽ നിന്ന് നിർബന്ധവും ഐഛികവുമായ ദാനധർമ്മങ്ങൾ (സകാത്തും സദഖയും) നൽകുന്നവർ.
Source : QUL
4

അവര്‍ തന്നെയാണ് യഥാര്‍ത്ഥത്തില്‍ വിശ്വാസികള്‍. അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ പല പദവികളുണ്ട്‌. പാപമോചനവും ഉദാരമായ ഉപജീവനവുമുണ്ട്‌.

أُوْلَٰٓئِكَ هُمُ ٱلۡمُؤۡمِنُونَ حَقّٗاۚ لَّهُمۡ دَرَجَٰتٌ عِندَ رَبِّهِمۡ وَمَغۡفِرَةٞ وَرِزۡقٞ كَرِيمٞ ۝٤
തഫ്സീർആയത്ത് 4
ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവർ; അവർ തന്നെയാകുന്നു (അല്ലാഹുവിൽ) യഥാർത്ഥത്തിൽ വിശ്വസിച്ചവർ. കാരണം അവർ ഈമാനിൻ്റെയും (ഹൃദയവിശ്വാസം) ഇസ്ലാമിൻ്റെയും (പ്രവർത്തനങ്ങൾ) പ്രകടമായ ഗുണവിശേഷണങ്ങൾ ഒരുമിപ്പിച്ചിരിക്കുന്നു. അവർക്കുള്ള പ്രതിഫലം അല്ലാഹുവിങ്കലുള്ള ഉന്നതമായ പദവികളും, അവരുടെ തെറ്റുകൾക്കുള്ള പാപമോചനവും, മാന്യമായ ഉപജീവനവുമാകുന്നു. അല്ലാഹു അവർക്കായി ഒരുക്കി വെച്ചിട്ടുള്ള അനുഗ്രഹങ്ങളാകുന്നു അത്.
Source : QUL
5

വിശ്വാസികളില്‍ ഒരു വിഭാഗം ഇഷ്ടമില്ലാത്തവരായിരിക്കെത്തന്നെ നിന്‍റെ വീട്ടില്‍ നിന്ന് ന്യായമായ കാര്യത്തിന് നിന്‍റെ രക്ഷിതാവ് നിന്നെ പുറത്തിറക്കിയത് പോലെത്തന്നെയാണിത്‌. (2)

كَمَآ أَخۡرَجَكَ رَبُّكَ مِنۢ بَيۡتِكَ بِٱلۡحَقِّ وَإِنَّ فَرِيقٗا مِّنَ ٱلۡمُؤۡمِنِينَ لَكَٰرِهُونَ ۝٥
തഫ്സീർആയത്ത് 5
യുദ്ധാർജ്ജിത സ്വത്ത് വീതം വെക്കുന്നതിൽ നിങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസവും ഭിന്നതയും സംഭവിച്ചതിന് ശേഷം അല്ലാഹു നിങ്ങളിൽ നിന്ന് യുദ്ധാർജ്ജിത സ്വത്ത് വീതംവെക്കുന്നത് എടുത്തു നീക്കുകയും, അല്ലാഹുവിനും റസൂലിനുമാണ് അത് എന്ന് നിശ്ചയിക്കുകയും ചെയ്തതു പോലെ; -അല്ലാഹുവിൻ്റെ റസൂലേ!- ബഹുദൈവാരാധകരെ യുദ്ധത്തിൽ നേരിടുന്നതിനായി താങ്കളെ മദീനയിൽ നിന്ന് നമ്മുടെ സന്ദേശത്തിലൂടെ പുറത്തിറക്കുകയും ചെയ്തു. മുസ്ലിംകളിൽ ചിലർക്ക് അതിൽ അനിഷ്ടമുണ്ടായിരിക്കെ തന്നെയായിരുന്നു അതും.
Source : QUL
6

ന്യായമായ കാര്യത്തില്‍, അതു വ്യക്തമായതിനു ശേഷവും അവര്‍ നിന്നോട് തര്‍ക്കിക്കുകയായിരുന്നു. അവര്‍ നോക്കിക്കൊണ്ടിരിക്കെ മരണത്തിലേക്ക് അവര്‍ നയിക്കപ്പെടുന്നത് പോലെ.

يُجَٰدِلُونَكَ فِي ٱلۡحَقِّ بَعۡدَ مَا تَبَيَّنَ كَأَنَّمَا يُسَاقُونَ إِلَى ٱلۡمَوۡتِ وَهُمۡ يَنظُرُونَ ۝٦
തഫ്സീർആയത്ത് 6
അല്ലാഹുവിൻ്റെ റസൂലേ! ബഹുദൈവാരാധകരുമായുള്ള യുദ്ധത്തിൻ്റെ കാര്യത്തിൽ -അത് ഉറപ്പായും സംഭവിക്കുന്നതാണ് എന്ന് വ്യക്തമായതിന് ശേഷവും- അല്ലാഹുവിൽ വിശ്വസിച്ച മുസ്ലിംകളിൽ ചിലർ താങ്കളോട് തർക്കിക്കുകയായിരുന്നു. മരണത്തിലേക്ക് നോക്കിക്കൊണ്ടിരിക്കെ, അതിലേക്ക് അവർ വലിച്ചിഴക്കപ്പെടുന്നത് പോലെയായിരുന്നു അത്. യുദ്ധത്തിനായി പുറപ്പെടുന്നതിൽ അവർക്കുണ്ടായിരുന്ന കടുത്ത അനിഷ്ടമായിരുന്നു അതിൻ്റെ കാരണം. കാരണം (ബദ്ർ അപ്രതീക്ഷിതമായി സംഭവിച്ചതായിരുന്നു എന്നതിനാൽ) യുദ്ധത്തിനായി അവർ തയ്യാറെടുക്കുകയോ, അതിന് വേണ്ട സന്നാഹങ്ങൾ അവർ ഒരുക്കുകയോ ചെയ്തിരുന്നില്ല.
Source : QUL
7

രണ്ടു സംഘങ്ങളിലൊന്ന് നിങ്ങള്‍ക്ക് അധീനമാകുമെന്ന് അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) ആയുധബലമില്ലാത്ത സംഘം നിങ്ങള്‍ക്കധീനമാകണമെന്നായിരുന്നു നിങ്ങള്‍ കൊതിച്ചിരുന്നത്‌. അല്ലാഹുവാകട്ടെ തന്‍റെ കല്‍പനകള്‍ മുഖേന സത്യം പുലര്‍ത്തിക്കാണിക്കുവാനും സത്യനിഷേധികളുടെ മുരട് മുറിച്ചുകളയുവാനും ആണ് ഉദ്ദേശിച്ചിരുന്നത്‌.

وَإِذۡ يَعِدُكُمُ ٱللَّهُ إِحۡدَى ٱلطَّآئِفَتَيۡنِ أَنَّهَا لَكُمۡ وَتَوَدُّونَ أَنَّ غَيۡرَ ذَاتِ ٱلشَّوۡكَةِ تَكُونُ لَكُمۡ وَيُرِيدُ ٱللَّهُ أَن يُحِقَّ ٱلۡحَقَّ بِكَلِمَٰتِهِۦ وَيَقۡطَعَ دَابِرَ ٱلۡكَٰفِرِينَ ۝٧
തഫ്സീർആയത്ത് 7
നബിയോട് തർക്കിച്ച മുസ്ലിംകളേ! ബഹുദൈവാരാധകരിൽ രണ്ടിലൊരു സംഘത്തെ അല്ലാഹു നിങ്ങൾക്ക് കീഴ്പ്പെടുത്തി നൽകും എന്ന് അവൻ നിങ്ങളോട് വാഗ്ദാനം നൽകിയ സന്ദർഭം ഓർക്കുക. (അബൂസുഫ്യാൻ്റെ നേതൃത്വത്തിലുള്ള) യാത്രാസംഘവും അവർ വഹിക്കുന്ന സമ്പത്തുമായിരുന്നു ഒന്ന്; നിങ്ങൾക്ക് അത് യുദ്ധാർജ്ജിത സ്വത്തായി എടുക്കാം. അതല്ലെങ്കിൽ യുദ്ധത്തിന് തയ്യാറെടുക്കുകയും, ബഹുദൈവാരാധകരുടെ സൈന്യത്തിന് മേൽ നിങ്ങൾക്ക് സഹായം നൽകപ്പെടുകയും ചെയ്യുക എന്നതായിരുന്നു (രണ്ടാമത്തേത്). നിങ്ങളാകട്ടെ, യാത്രാസംഘത്തെ ലഭിച്ചിരുന്നെങ്കിൽ എന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. യുദ്ധമൊന്നുമില്ലാതെ എളുപ്പത്തിൽ അവരെ കീഴടക്കാമെന്നതായിരുന്നു (ആ ആഗ്രഹത്തിന് പിന്നിലെ) കാരണം. അല്ലാഹുവാകട്ടെ, നിങ്ങളോട് യുദ്ധത്തിന് കൽപ്പിക്കുന്നതിലൂടെ സത്യത്തെ വിജയിപ്പിക്കാൻ ഉദ്ദേശിക്കുകയും ചെയ്തു. അങ്ങനെ, ബഹുദൈവാരാധകരിലെ തലവന്മാരെ നിങ്ങൾ കൊന്നുകളയുകയും, അവരിൽ ധാരാളം പേരെ നിങ്ങൾ തടവിലാക്കുകയും, അതിലൂടെ ഇസ്ലാമിൻ്റെ ശക്തി പ്രകടമാകുവാനുമായിരുന്നു അത്.
Source : QUL
8

സത്യത്തെ സത്യമായി പുലര്‍ത്തേണ്ടതിനും അസത്യത്തെ ഫലശൂന്യമാക്കിത്തീര്‍ക്കേണ്ടതിനുമത്രെ അത്‌. ദുഷ്ടന്‍മാര്‍ക്ക് അതെത്ര അനിഷ്ടകരമായാലും ശരി.

لِيُحِقَّ ٱلۡحَقَّ وَيُبۡطِلَ ٱلۡبَٰطِلَ وَلَوۡ كَرِهَ ٱلۡمُجۡرِمُونَ ۝٨
തഫ്സീർആയത്ത് 8
ഇസ്ലാമിനെയും മുസ്ലിംകളെയും വിജയിപ്പിച്ചു കൊണ്ട് അല്ലാഹു സത്യത്തെ സ്ഥാപിക്കുവാനും, അസത്യത്തെ തകർത്തു കളയാനുമത്രെ അത്. കാരണം, അതിലൂടെ ഇസ്ലാം സത്യമാണെന്നുള്ള തെളിവുകൾ പ്രകടമാവുകയും, അസത്യം നിരർത്ഥകമാണെന്നതിനുള്ള അടയാളങ്ങൾ വെളിവാവുകയും ചെയ്യും. ബഹുദൈവാരാധകർക്ക് അത് അനിഷ്ടകരമായാലും അല്ലാഹു ഇസ്ലാമിനെ വിജയിപ്പിക്കുക തന്നെ ചെയ്യുന്നതാണ്.
Source : QUL
9

നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി.

إِذۡ تَسۡتَغِيثُونَ رَبَّكُمۡ فَٱسۡتَجَابَ لَكُمۡ أَنِّي مُمِدُّكُم بِأَلۡفٖ مِّنَ ٱلۡمَلَٰٓئِكَةِ مُرۡدِفِينَ ۝٩
തഫ്സീർആയത്ത് 9
ബദ്ർ യുദ്ധ ദിവസം നിങ്ങൾ സ്മരിക്കുകയും ചെയ്യുക. നിങ്ങളുടെ ശത്രുവിനെതിരെ നിങ്ങൾക്ക് വിജയം നൽകാൻ അല്ലാഹുവിനോട് നിങ്ങൾ സഹായം തേടിയിരുന്ന സന്ദർഭം. അല്ലാഹുവിൽ വിശ്വസിച്ചവരേ! അപ്പോൾ തുടരെത്തുടരെ വരുന്ന ആയിരം മലക്കുകളെ കൊണ്ട് അല്ലാഹു നിങ്ങളെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതാണെന്ന് അറിയിച്ചു കൊണ്ട് അവൻ നിങ്ങൾക്ക് ഉത്തരം നൽകി.
Source : QUL
10

ഒരു സന്തോഷവാര്‍ത്തയായിക്കൊണ്ടും നിങ്ങളുടെ ഹൃദയങ്ങള്‍ക്കു സമാധാനം നല്‍കുന്നതിന് വേണ്ടിയും മാത്രമാണ് അല്ലാഹു അത് ഏര്‍പെടുത്തിയത്‌. അല്ലാഹുവിങ്കല്‍ നിന്നല്ലാതെ യാതൊരു സഹായവും ഇല്ല.(3) തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.

وَمَا جَعَلَهُ ٱللَّهُ إِلَّا بُشۡرَىٰ وَلِتَطۡمَئِنَّ بِهِۦ قُلُوبُكُمۡۚ وَمَا ٱلنَّصۡرُ إِلَّا مِنۡ عِندِ ٱللَّهِۚ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ ۝١٠
തഫ്സീർആയത്ത് 10
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങളുടെ ശത്രുക്കൾക്കെതിരെ അല്ലാഹു നിങ്ങളെ സഹായിക്കും എന്ന സന്തോഷവാർത്തയും, നിങ്ങളുടെ ഹൃദയങ്ങൾ സഹായം ലഭിക്കുമെന്ന ഉറപ്പിനാൽ സമാധാനചിത്തമാകുന്നതിനും വേണ്ടി മാത്രമായിരുന്നു അല്ലാഹു മലക്കുകളെ അയച്ചത്. എണ്ണപ്പെരുപ്പത്തിലോ, യുദ്ധസന്നാഹങ്ങളുടെ ആധിക്യത്തിലോ ഒന്നുമല്ല വിജയം. മറിച്ച് വിജയം അല്ലാഹുവിൽ നിന്ന് മാത്രമാണ്. തീർച്ചയായും അല്ലാഹു അവൻ്റെ അധികാരത്തിൽ മഹാ പ്രതാപമുള്ളവനാകുന്നു (അസീസ്); അവനെ ഒരാളും പരാജയപ്പെടുത്തുകയില്ല. തൻ്റെ മതനിയമങ്ങൾ നിശ്ചയിക്കുന്നതിലും വിധിനിർണ്ണയത്തിലും ഏറ്റവും യുക്തമായത് പ്രവർത്തിക്കുന്നവനും (ഹകീം) ആകുന്നു അവൻ.
Source : QUL
11

അല്ലാഹു തന്‍റെ പക്കല്‍ നിന്നുള്ള മനഃശാന്തിയുമായി നിങ്ങളെ നിദ്രാമയക്കം കൊണ്ട് ആവരണം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) നിങ്ങളെ ശുദ്ധീകരിക്കുന്നതിനും, നിങ്ങളില്‍ നിന്ന് പിശാചിന്‍റെ ദുര്‍ബോധനം നീക്കികളയുന്നതിനും, നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് കെട്ടുറപ്പ് നല്‍കുന്നതിനും, പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടി അവന്‍ നിങ്ങളുടെ മേല്‍ ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞുതന്നിരുന്ന സന്ദര്‍ഭവും (ഓര്‍ക്കുക.)

إِذۡ يُغَشِّيكُمُ ٱلنُّعَاسَ أَمَنَةٗ مِّنۡهُ وَيُنَزِّلُ عَلَيۡكُم مِّنَ ٱلسَّمَآءِ مَآءٗ لِّيُطَهِّرَكُم بِهِۦ وَيُذۡهِبَ عَنكُمۡ رِجۡزَ ٱلشَّيۡطَٰنِ وَلِيَرۡبِطَ عَلَىٰ قُلُوبِكُمۡ وَيُثَبِّتَ بِهِ ٱلۡأَقۡدَامَ ۝١١
തഫ്സീർആയത്ത് 11
(അല്ലാഹുവിൽ) വിശ്വസിച്ചവരേ! അല്ലാഹു നിങ്ങൾക്ക് മേൽ ആ മയക്കം ഇട്ടുതന്ന സന്ദർഭം സ്മരിക്കുക. ശത്രുവിനെ കുറിച്ച് നിങ്ങൾക്ക് ഉണ്ടായ ഭയത്തിൽ നിന്ന് നിർഭയത്വം നൽകുന്നതായിരുന്നു ആ മയക്കം. ആകാശത്ത് നിന്ന് നിങ്ങൾക്ക് മേൽ അവൻ മഴ വർഷിക്കുകയും ചെയ്തു. എല്ലാ അശുദ്ധികളിൽ നിന്നും നിങ്ങളെ ശുദ്ധീകരിക്കുന്നതിനും, പിശാചിൻ്റെ ദുർബോധനങ്ങൾ നിങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നതിനും, നിങ്ങളുടെ ഹൃദയങ്ങൾ ഉറപ്പിച്ചു നിർത്തുന്നതിനും അതിലൂടെ യുദ്ധത്തിൽ (ശത്രുവിനെ) കണ്ടുമുട്ടുമ്പോൾ നിങ്ങളുടെ ശരീരങ്ങൾ ഉറച്ചു നിൽക്കുന്നതിനുമായിരുന്നു ആ മഴ വർഷിച്ചത്. അതോടൊപ്പം മണൽ നിറഞ്ഞ (ബദ്റിലെ) ഭൂമിയിൽ കാലുകൾ തെന്നിപ്പോകാതെ ഉറപ്പിച്ചു നിർത്താനും (ആ മഴ കാരണമായി).
Source : QUL
12

നിന്‍റെ രക്ഷിതാവ് മലക്കുകള്‍ക്ക് ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ ഹൃദയങ്ങളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാല്‍ കഴുത്തുകള്‍ക്ക് മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക.

إِذۡ يُوحِي رَبُّكَ إِلَى ٱلۡمَلَٰٓئِكَةِ أَنِّي مَعَكُمۡ فَثَبِّتُواْ ٱلَّذِينَ ءَامَنُواْۚ سَأُلۡقِي فِي قُلُوبِ ٱلَّذِينَ كَفَرُواْ ٱلرُّعۡبَ فَٱضۡرِبُواْ فَوۡقَ ٱلۡأَعۡنَاقِ وَٱضۡرِبُواْ مِنۡهُمۡ كُلَّ بَنَانٖ ۝١٢
തഫ്സീർആയത്ത് 12
നബിയേ! താങ്കളുടെ രക്ഷിതാവ് മലക്കുകളെ കൊണ്ട് ബദ്റിൽ നിരന്ന മുസ്ലിംകളെ സഹായിച്ച വേളയിൽ അവർക്ക് ബോധനം നൽകിയ സന്ദർഭം; (അല്ലാഹു അവരോട് പറഞ്ഞു:) മലക്കുകളേ! നിങ്ങളെ സഹായിച്ചും പിന്തുണച്ചും ഞാൻ നിങ്ങളോടൊപ്പമുണ്ട്. അതിനാൽ ശത്രുക്കൾക്കെതിരെയുള്ള യുദ്ധത്തിൽ മുസ്ലിംകളുടെ ദൃഢനിശ്ചയം ഉറപ്പിച്ചു നിർത്തുക. അല്ലാഹുവിനെ നിഷേധിച്ചവരുടെ ഹൃദയത്തിൽ കടുത്ത ഭയം ഞാൻ ഇട്ടുനൽകുന്നതാണ്. അതിനാൽ -അല്ലാഹുവിൽ വിശ്വസിച്ചവരേ!- (അല്ലാഹുവിനെ) നിഷേധിച്ചവരുടെ പിരടികളിൽ നിങ്ങൾ വെട്ടിക്കൊള്ളുക; അവർ മരിച്ചു വീഴട്ടെ. അവരുടെ സന്ധികളിലും പാർശ്വങ്ങളിലും വെട്ടിക്കൊള്ളുക; അവർക്ക് നിങ്ങളോട് യുദ്ധം ചെയ്യാൻ സാധ്യമാകാതെ വരട്ടെ!
Source : QUL
13

അവര്‍ അല്ലാഹുവോടും അവന്‍റെ ദൂതനോടും എതിര്‍ത്തു നിന്നതിന്‍റെ ഫലമത്രെ അത്‌. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും എതിര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്‌.

ذَٰلِكَ بِأَنَّهُمۡ شَآقُّواْ ٱللَّهَ وَرَسُولَهُۥۚ وَمَن يُشَاقِقِ ٱللَّهَ وَرَسُولَهُۥ فَإِنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ ۝١٣
തഫ്സീർആയത്ത് 13
(അല്ലാഹുവിനെ) നിഷേധിച്ചവരുടെ മേൽ വന്നുഭവിച്ച ഈ ശിക്ഷ -അവർ കൊല്ലപ്പെടുകയും, അവരുടെ സന്ധികൾ വെട്ടേൽക്കേണ്ടി വരുകയും ചെയ്തു എന്നത്-; അല്ലാഹുവിനോടും അവൻ്റെ ദൂതനോടും അവർ എതിർത്തു നിന്നതത്രെ അതിൻ്റെ കാരണം. അല്ലാഹുവും അവൻ്റെ ദൂതനും അവരോട് കൽപ്പിച്ചത് അവർ പ്രാവർത്തികമാക്കിയില്ല. വിലക്കിയതിൽ നിന്ന് വിട്ടുനിൽക്കാനും അക്കൂട്ടർ തയ്യാറായില്ല. ആരെങ്കിലും അല്ലാഹുവിനോടും റസൂലിനോടും എതിർത്തു നിൽക്കുന്നെങ്കിൽ തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു. (അവർക്കുള്ള ശിക്ഷയായി) ഇഹലോകത്ത് അവർ (യുദ്ധത്തിൽ) കൊല്ലപ്പെടുകയും തടവിലാക്കപ്പെടുകയും, പരലോകത്ത് നരകത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നതാണ്.
Source : QUL
14

അതാ അതു നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്ക് തന്നെയാണ് നരകശിക്ഷ എന്ന് (മനസ്സിലാക്കുകയും ചെയ്യുക.)

ذَٰلِكُمۡ فَذُوقُوهُ وَأَنَّ لِلۡكَٰفِرِينَ عَذَابَ ٱلنَّارِ ۝١٤
തഫ്സീർആയത്ത് 14
-അല്ലാഹുവിനോടും അവൻ്റെ ദൂതനോടും എതിരിട്ടു നിൽക്കുന്നവരേ!- ഈ പറയപ്പെട്ട ശിക്ഷ; അത് നിങ്ങൾ ഇഹലോകത്ത് നേരത്തെ തന്നെ ആസ്വദിച്ചു കൊള്ളുക. -നിഷേധത്തിലും ധിക്കാരത്തിലും നിലകൊള്ളവെ തന്നെയാണ് നിങ്ങൾ മരിക്കുന്നതെങ്കിൽ- പരലോകത്ത് നരകശിക്ഷയും നിങ്ങൾക്ക് ഉണ്ടായിരിക്കും.
Source : QUL
15

സത്യവിശ്വാസികളേ, സത്യനിഷേധികള്‍ പടയണിയായി വരുന്നതു നിങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ അവരില്‍ നിന്ന് പിന്തിരിഞ്ഞ് ഓടരുത്‌.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا لَقِيتُمُ ٱلَّذِينَ كَفَرُواْ زَحۡفٗا فَلَا تُوَلُّوهُمُ ٱلۡأَدۡبَارَ ۝١٥
തഫ്സീർആയത്ത് 15
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്തവരേ! ബഹുദൈവാരാധകരുമായി യുദ്ധഭൂമിയിൽ മുഖാമുഖം അടുത്തെത്തിയാൽ നിങ്ങൾ അവരുടെ മുന്നിൽ തകർന്നടിയുകയോ, പിന്തിരിഞ്ഞ് ഓടുകയോ ചെയ്യരുത്. മറിച്ച്, അവരുടെ മുൻപിൽ ഉറച്ചു നിൽക്കുകയും, അവരുമായുള്ള ഏറ്റുമുട്ടലിൽ ക്ഷമയോടെ നിലകൊള്ളുകയും ചെയ്യുക. അല്ലാഹു അവൻ്റെ സഹായവും പിന്തുണയുമായി നിങ്ങളോടൊപ്പമുണ്ട്.
Source : QUL
16

യുദ്ധ(തന്ത്ര)ത്തിനായി സ്ഥാനം മാറുന്നതിനോ (സ്വന്തം) സംഘത്തോടൊപ്പം ചേരുന്നതിനോ അല്ലാതെ അന്ന് അവരില്‍ നിന്നു (ശത്രുക്കളുടെ മുമ്പില്‍ നിന്ന്‌) വല്ലവനും പിന്തിരിഞ്ഞുകളയുന്ന പക്ഷം അവന്‍ അല്ലാഹുവില്‍ നിന്നുള്ള കോപത്തിനു പാത്രമായിരിക്കുന്നതും അവന്‍റെ സങ്കേതം നരകമായിരിക്കുന്നതുമാണ്‌. ചെന്നുചേരാന്‍ കൊള്ളരുതാത്ത സ്ഥലമത്രെ അത്‌. (4)

وَمَن يُوَلِّهِمۡ يَوۡمَئِذٖ دُبُرَهُۥٓ إِلَّا مُتَحَرِّفٗا لِّقِتَالٍ أَوۡ مُتَحَيِّزًا إِلَىٰ فِئَةٖ فَقَدۡ بَآءَ بِغَضَبٖ مِّنَ ٱللَّهِ وَمَأۡوَىٰهُ جَهَنَّمُۖ وَبِئۡسَ ٱلۡمَصِيرُ ۝١٦
തഫ്സീർആയത്ത് 16
ശത്രുക്കളുടെ യുദ്ധം വഴിതിരിച്ചു വിടാൻ വേണ്ടിയുള്ള തന്ത്രത്തിൻ്റെ ഭാഗമായി പിന്തിരിഞ്ഞോടുന്നതായി അവർക്ക് തോന്നിപ്പിക്കുകയും അവർക്ക് നേരെ ആഞ്ഞടിക്കാൻ ഉദ്ദേശിക്കുകയോ, അല്ലെങ്കിൽ (യുദ്ധത്തിന്) തയ്യാറായി നിൽക്കുന്ന മുസ്ലിംകളുടെ മറ്റൊരു സൈനികസംഘത്തിലേക്ക് ചേരുകയും അവരുടെ സഹായം തേടുന്നതിനും വേണ്ടിയോ അല്ലാതെ ആരെങ്കിലും അവരിൽ (ശത്രുക്കളിൽ) നിന്ന് പിന്തിരിഞ്ഞോടിയാൽ അല്ലാഹുവിൻ്റെ കോപവുമായി -അതിന് അർഹതയുള്ളവനായി കൊണ്ടാണ്- അവൻ മടങ്ങിയിരിക്കുന്നത്. പരലോകത്ത് അവൻ്റെ സ്ഥാനം നരകമായിരിക്കും. എത്ര മോശമാണ് അവൻ ചെന്നുചേരുന്ന ആ സ്ഥാനം. എത്ര മോശമാണ് അവൻ്റെ മടക്കഗേഹം.
Source : QUL
17

എന്നാല്‍ നിങ്ങള്‍ അവരെ കൊലപ്പെടുത്തിയിട്ടില്ല. പക്ഷെ അല്ലാഹുവാണ് അവരെ കൊലപ്പെടുത്തിയത്‌. (നബിയേ,) നീ എറിഞ്ഞ സമയത്ത് നീ എറിഞ്ഞിട്ടുമില്ല. പക്ഷെ അല്ലാഹുവാണ് എറിഞ്ഞത്‌.(5) തന്‍റെ ഭാഗത്തു നിന്നുള്ള ഗുണകരമായ ഒരു പരീക്ഷണത്തിലൂടെ അല്ലാഹു സത്യവിശ്വാസികളെ പരീക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു അത്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്‌.

فَلَمۡ تَقۡتُلُوهُمۡ وَلَٰكِنَّ ٱللَّهَ قَتَلَهُمۡۚ وَمَا رَمَيۡتَ إِذۡ رَمَيۡتَ وَلَٰكِنَّ ٱللَّهَ رَمَىٰ وَلِيُبۡلِيَ ٱلۡمُؤۡمِنِينَ مِنۡهُ بَلَآءً حَسَنًاۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٞ ۝١٧
തഫ്സീർആയത്ത് 17
അല്ലാഹുവിൽ വിശ്വസിച്ചവരേ! ബദ്ർ യുദ്ധദിവസം ബഹുദൈവാരാധകരെ നിങ്ങളുടെ ശക്തിയും കഴിവും കൊണ്ടല്ല നിങ്ങൾ കൊലപ്പെടുത്തിയത്. മറിച്ച്, അല്ലാഹുവാണ് അതിന് നിങ്ങളെ സഹായിച്ചത്. അല്ലാഹുവിൻ്റെ റസൂലേ! ബഹുദൈവാരാധകരെ (കയ്യിൽ ഒരു പിടി മണ്ണുമായി) താങ്കൾ എറിഞ്ഞപ്പോൾ താങ്കളല്ല അവർക്കത് കൊള്ളിച്ചത്. മറിച്ച്, താങ്കളുടെ ഏറ് അവരിലേക്ക് എത്തിച്ചു കൊണ്ട് അല്ലാഹുവാണ് അവരെ എറിഞ്ഞത്. അല്ലാഹു അവനിൽ വിശ്വസിച്ചവരെ -അവർ എണ്ണത്തിലും യുദ്ധസന്നാഹത്തിലും കുറവുള്ളവരായിട്ടും- അവരുടെ ശത്രുക്കൾക്കെതിരെ വിജയം നൽകിക്കൊണ്ട് അനുഗ്രഹിക്കാനും, അതിലൂടെ അവർ അല്ലാഹുവിന് നന്ദി കാണിക്കുമോ എന്ന് അവരെ പരീക്ഷിക്കുവാനുമായിരുന്നു അത്. തീർച്ചയായും അല്ലാഹു നിങ്ങളുടെ പ്രാർത്ഥനകളും വാക്കുകളും നന്നായി കേൾക്കുന്നവനും (സമീഅ്), നിങ്ങളുടെ പ്രവർത്തനങ്ങളും, നിങ്ങളുടെ നന്മ ഏതിലെന്നും ഏറ്റവും നന്നായി അറിയുന്നവനുമാകുന്നു (അലീം) അല്ലാഹു.
Source : QUL
18

അതാണ് (കാര്യം) സത്യനിഷേധികളുടെ തന്ത്രത്തെ അല്ലാഹു ബലഹീനമാക്കുക തന്നെ ചെയ്യുന്നതുമാണ്‌.

ذَٰلِكُمۡ وَأَنَّ ٱللَّهَ مُوهِنُ كَيۡدِ ٱلۡكَٰفِرِينَ ۝١٨
തഫ്സീർആയത്ത് 18
(മുൻപുള്ള ആയത്തുകളിൽ) പരാമർശിക്കപ്പെട്ട നിലയിൽ ബഹുദൈവാരാധകർ (യുദ്ധത്തിൽ) കൊല്ലപ്പെടുകയും, അവരെ (നബി -ﷺ- യുടെ) ഏറ് ബാധിപ്പിക്കുകയും, അങ്ങനെ അവർ പരാജയപ്പെടുകയും പിന്തിരിഞ്ഞോടുകയും, അല്ലാഹു (അവനിൽ) വിശ്വസിച്ചവർക്ക് അവരുടെ ശത്രുക്കൾക്ക് മേൽ വിജയം നൽകി അനുഗ്രഹിക്കുകയും ചെയ്തതെല്ലാം അല്ലാഹുവിൽ നിന്നുള്ളതാകുന്നു. (അല്ലാഹുവിനെ) നിഷേധിച്ചവർ ഇസ്ലാമിനെതിരെ മെനയുന്ന തന്ത്രങ്ങളെ അല്ലാഹു ദുർബലമാക്കുന്നതാണ്.
Source : QUL
19

(സത്യനിഷേധികളേ,) നിങ്ങള്‍ വിജയമായിരുന്നു തേടിയിരുന്നതെങ്കില്‍ ആ 'വിജയ'മിതാ നിങ്ങള്‍ക്കു വന്നു കഴിഞ്ഞിരിക്കുന്നു.(6) നിങ്ങള്‍ വിരമിക്കുകയാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കിലോ നാമും ആവര്‍ത്തിക്കുന്നതാണ്‌. നിങ്ങളുടെ സംഘം എത്ര എണ്ണക്കൂടുതലുള്ളതാണെങ്കിലും അത് നിങ്ങള്‍ക്ക് ഉപകരിക്കുകയേയില്ല. അല്ലാഹു സത്യവിശ്വാസികളുടെ കൂടെത്തന്നെയാണ്‌.

إِن تَسۡتَفۡتِحُواْ فَقَدۡ جَآءَكُمُ ٱلۡفَتۡحُۖ وَإِن تَنتَهُواْ فَهُوَ خَيۡرٞ لَّكُمۡۖ وَإِن تَعُودُواْ نَعُدۡ وَلَن تُغۡنِيَ عَنكُمۡ فِئَتُكُمۡ شَيۡـٔٗا وَلَوۡ كَثُرَتۡ وَأَنَّ ٱللَّهَ مَعَ ٱلۡمُؤۡمِنِينَ ۝١٩
തഫ്സീർആയത്ത് 19
ബഹുദൈവാരാധകരേ! അല്ലാഹുവിൻ്റെ ശിക്ഷയും അവനിൽ നിന്നുള്ള കുഴപ്പവും അതിക്രമികളും അതിരുകവിഞ്ഞവരുമായ ആളുകൾക്ക് മേൽ വന്നുപതിക്കട്ടെ എന്നതായിരുന്നു നിങ്ങൾ ആഗ്രഹിച്ചിരുന്നതെങ്കിൽ അല്ലാഹുവിതാ നിങ്ങൾ തേടിയിരുന്നത് നിങ്ങൾക്ക് മേൽ തന്നെ ബാധിപ്പിച്ചിരിക്കുന്നു. നിങ്ങൾക്ക് ഗുണപാഠമായി തീരാവുന്ന ശിക്ഷയും, അല്ലാഹുവിനെ സൂക്ഷിക്കുന്നവർക്ക് ഒരു പാഠവുമായി അവൻ നിങ്ങൾക്ക് മേൽ അത് (ശിക്ഷ) ഇറക്കിയിരിക്കുന്നു. ഇനി നിങ്ങൾ അത് തേടുന്നത് അവസാനിപ്പിച്ചാൽ അതാകുന്നു നിങ്ങൾക്ക് നല്ലത്. അല്ലാഹു നിങ്ങൾക്ക് അവധി നൽകുകയും, നിങ്ങളോട് ഉടനടി പ്രതികാരനടപടി സ്വീകരിക്കാതിരിക്കുകയും ചെയ്തേക്കാം. ഇനിയും നിങ്ങൾ അതിന് മെനക്കെടുകയും, (അല്ലാഹുവിൽ) വിശ്വസിച്ചവരുമായി യുദ്ധം ചെയ്യുകയുമാണെങ്കിൽ വീണ്ടും നിങ്ങൾക്ക് മേൽ ശിക്ഷ ഇറക്കുകയും, (അല്ലാഹുവിൽ) വിശ്വസിച്ചവരെ സഹായിക്കുകയും ചെയ്തു കൊണ്ട് നാം (ഇത്) ആവർത്തിക്കുന്നതാണ്. നിങ്ങളുടെ ആൾക്കൂട്ടവും നിങ്ങളുടെ സഹായികളും -എത്രയെല്ലാം എണ്ണത്തിലും യുദ്ധസന്നാഹത്തിലും കൂടുതലുണ്ടെങ്കിലും-, അല്ലാഹുവിൽ വിശ്വസിച്ചവർ എത്ര കുറവാണെങ്കിലും അതൊന്നും നിങ്ങൾക്ക് യാതൊരു ഉപകാരവും ചെയ്യുകയില്ല. തീർച്ചയായും അല്ലാഹു (അവനിൽ) വിശ്വസിച്ചവരെ സഹായിച്ചും അവർക്ക് ശക്തിയേകിയും അവരോടൊപ്പമുണ്ട്. ആരോടെങ്കിലുമൊപ്പം അല്ലാഹുവുണ്ടെങ്കിലും അവനെ പരാജയപ്പെടുത്താൻ ഒരാളുമില്ല.
Source : QUL
20

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെയും അവന്‍റെ റസൂലിനെയും അനുസരിക്കുക. (സത്യസന്ദേശം) കേട്ടുകൊണ്ടിരിക്കെ നിങ്ങള്‍ അദ്ദേഹത്തെ വിട്ട് തിരിഞ്ഞുകളയരുത്‌.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَرَسُولَهُۥ وَلَا تَوَلَّوۡاْ عَنۡهُ وَأَنتُمۡ تَسۡمَعُونَ ۝٢٠
തഫ്സീർആയത്ത് 20
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ ദൂതനെ പിൻപറ്റുകയും ചെയ്തവരേ! അല്ലാഹുവിനെ നിങ്ങൾ അനുസരിക്കുക. അവൻ്റെ റസൂലിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവിടുത്തെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും റസൂലിനെയും നിങ്ങൾ അനുസരിക്കുക. അവിടുത്തെ കൽപ്പനക്ക് എതിരുനിന്നു കൊണ്ടും, അവിടുത്തെ വിലക്കുകൾ പ്രവർത്തിച്ചു കൊണ്ടും നിങ്ങൾ അല്ലാഹുവിൻ്റെ റസൂലിൽ നിന്ന് തിരിഞ്ഞു കളയരുത്. അല്ലാഹുവിൻ്റെ ആയത്തുകളാകട്ടെ; നിങ്ങൾക്ക് മേൽ പാരായണം ചെയ്തു കേൾപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു.
Source : QUL
21

ഞങ്ങള്‍ കേട്ടിരിക്കുന്നു എന്ന് പറയുകയും യാതൊന്നും കേള്‍ക്കാതിരിക്കുകയും ചെയ്തവരെപോലെ നിങ്ങളാകരുത്‌.

وَلَا تَكُونُواْ كَٱلَّذِينَ قَالُواْ سَمِعۡنَا وَهُمۡ لَا يَسۡمَعُونَ ۝٢١
തഫ്സീർആയത്ത് 21
(അല്ലാഹുവിൽ) വിശ്വസിച്ചവരേ! കപടവിശ്വാസികളെയും ബഹുദൈവാരാധകരെയും പോലെ നിങ്ങളാകരുത്. അവർക്ക് അല്ലാഹുവിൻ്റെ ആയത്തുകൾ പാരായണം ചെയ്തു കേൾപ്പിക്കപ്പെട്ടാൽ അവർ പറയും: ഞങ്ങൾക്ക് മേൽ ഓതി കേൾപ്പിക്കപ്പെടുന്ന ഖുർആൻ ഞങ്ങളുടെ ചെവികൾ കൊണ്ട് ഞങ്ങൾ കേട്ടിരിക്കുന്നു. എന്നാൽ ചിന്തിച്ചു കൊണ്ടോ, ഗുണപാഠം ഉൾക്കൊള്ളാൻ വേണ്ടിയോ, അങ്ങനെ തങ്ങൾ കേട്ടതിൽ നിന്ന് പ്രയോജനം ഉൾക്കൊള്ളുന്നതിനോ വേണ്ടിയല്ല അവർ അത് കേട്ടത്.
Source : QUL
22

തീര്‍ച്ചയായും ജന്തുക്കളുടെ കൂട്ടത്തില്‍ അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും മോശമായവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ബധിരന്‍മാരുമാകുന്നു. (7)

۞ إِنَّ شَرَّ ٱلدَّوَآبِّ عِندَ ٱللَّهِ ٱلصُّمُّ ٱلۡبُكۡمُ ٱلَّذِينَ لَا يَعۡقِلُونَ ۝٢٢
തഫ്സീർആയത്ത് 22
തീർച്ചയായും ഭൂമിക്ക് മുകളിൽ ചലിക്കുന്ന സൃഷ്ടികളിൽ അല്ലാഹുവിൻ്റെ അടുക്കൽ ഏറ്റവും മോശമായവർ, സത്യം കേൾക്കുകയോ, കേട്ടു സ്വീകരിക്കുകയോ ചെയ്യാത്ത ഊമകളും, സത്യം ഉച്ചരിക്കാത്ത ബധിരന്മാരുമാകുന്നു. അല്ലാഹുവിൻ്റെ കൽപ്പനകളും വിലക്കുകളും ഉൾക്കൊള്ളാത്തവരാകുന്നു അക്കൂട്ടർ.
Source : QUL
23

അവരില്‍ വല്ല നന്മയുമുള്ളതായി അല്ലാഹു അറിഞ്ഞിരുന്നുവെങ്കില്‍ അവരെ അവന്‍ കേള്‍പ്പിക്കുക തന്നെ ചെയ്യുമായിരുന്നു. അവരെ അവന്‍ കേള്‍പിച്ചിരുന്നെങ്കില്‍ തന്നെ അവര്‍ അവഗണിച്ചുകൊണ്ട് തിരിഞ്ഞു കളയുമായിരുന്നു.

وَلَوۡ عَلِمَ ٱللَّهُ فِيهِمۡ خَيۡرٗا لَّأَسۡمَعَهُمۡۖ وَلَوۡ أَسۡمَعَهُمۡ لَتَوَلَّواْ وَّهُم مُّعۡرِضُونَ ۝٢٣
തഫ്സീർആയത്ത് 23
(അല്ലാഹുവിനെ) നിഷേധിക്കുന്ന ഈ ബഹുദൈവാരാധകന്മാരിൽ എന്തെങ്കിലും നന്മയുള്ളതായി അല്ലാഹു അറിഞ്ഞിരുന്നെങ്കിൽ അവർക്ക് ഉപകാരപ്പെടുകയും, തെളിവുകളും പ്രമാണങ്ങളും പിൻപറ്റുകയും ചെയ്യുന്ന രൂപത്തിൽ അവൻ അവരെ കേൾപ്പിക്കുമായിരുന്നു. എന്നാൽ അവരിൽ യാതൊരു നന്മയുമില്ല എന്ന് അല്ലാഹു അറിഞ്ഞിരിക്കുന്നു. ഇനി അല്ലാഹു അവരെ കേൾപ്പിച്ചു നൽകി എന്ന് തന്നെ ധരിച്ചാൽ പോലും, അവർ ധിക്കാരപൂർവം അതിൽ നിന്ന് തിരിഞ്ഞു കളയുകയും, അതിനെ അവഗണിക്കുകയും ചെയ്യുമായിരുന്നു.
Source : QUL
24

നിങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോള്‍(8) സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക. മനുഷ്യന്നും അവന്‍റെ ഹൃദയത്തിനുമിടയില്‍ അല്ലാഹു മറയിടുന്നതാണ് എന്നും(9) അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്നും നിങ്ങള്‍ അറിഞ്ഞുകൊള്ളുക.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱسۡتَجِيبُواْ لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمۡ لِمَا يُحۡيِيكُمۡۖ وَٱعۡلَمُوٓاْ أَنَّ ٱللَّهَ يَحُولُ بَيۡنَ ٱلۡمَرۡءِ وَقَلۡبِهِۦ وَأَنَّهُۥٓ إِلَيۡهِ تُحۡشَرُونَ ۝٢٤
തഫ്സീർആയത്ത് 24
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ ദൂതനെ പിൻപറ്റുകയും ചെയ്തവരേ! അല്ലാഹുവും അവൻ്റെ റസൂലും കൽപ്പിച്ച കാര്യങ്ങൾ പിൻപറ്റുകയും, വിലക്കിയ കാര്യങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു കൊണ്ട് കീഴൊതുക്കത്തോടെ നിങ്ങൾ അല്ലാഹുവിനും അവൻ്റെ റസൂലിനും ഉത്തരം നൽകുക; നിങ്ങൾക്ക് ജീവൻ നൽകുന്ന സത്യത്തിലേക്ക് റസൂൽ നിങ്ങളെ ക്ഷണിച്ചാൽ (ഉടനടി നിങ്ങൾ ഉത്തരം നൽകുക). അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്ന് നിങ്ങൾ ഉറച്ചു വിശ്വസിക്കുകയും ചെയ്യുക. സത്യം (ഇസ്ലാം) നിങ്ങൾ തള്ളിക്കളഞ്ഞതിന് ശേഷം, പിന്നീട് നിങ്ങൾ അത് സ്വീകരിക്കാൻ ഉദ്ദേശിച്ചാൽ തന്നെയും സത്യത്തിന് കീഴൊതുങ്ങുന്നതിനും നിങ്ങൾക്കും ഇടയിൽ മറ സൃഷ്ടിക്കാൻ അവൻ കഴിവുള്ളവനാണ്. അതിനാൽ സത്യം സ്വീകരിക്കാൻ നിങ്ങൾ ധൃതി കൂട്ടുക. അല്ലാഹുവിലേക്ക് മാത്രമാണ് പരലോകത്ത് നിങ്ങൾ ഒരുമിച്ചു കൂട്ടപ്പെടുന്നത് എന്നതിൽ നിങ്ങൾ ദൃഢവിശ്വാസമുള്ളവരാവുകയും ചെയ്യുക. നിങ്ങൾ ഇഹലോകത്ത് പ്രവർത്തിച്ച നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അവിടെ വെച്ച് അവൻ പ്രതിഫലം നൽകുന്നതാണ്.
Source : QUL
25

ഒരു പരീക്ഷണം (ശിക്ഷ) വരുന്നത് നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളില്‍ നിന്നുള്ള അക്രമികള്‍ക്ക് പ്രത്യേകമായിട്ടാവുകയില്ല.(10) അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.

وَٱتَّقُواْ فِتۡنَةٗ لَّا تُصِيبَنَّ ٱلَّذِينَ ظَلَمُواْ مِنكُمۡ خَآصَّةٗۖ وَٱعۡلَمُوٓاْ أَنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ ۝٢٥
തഫ്സീർആയത്ത് 25
അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹുവിൻ്റെ ശിക്ഷയെ നിങ്ങൾ സൂക്ഷിക്കുക. നിങ്ങളിൽ തെറ്റു ചെയ്തവരെ മാത്രമായിരിക്കില്ല അത് ബാധിക്കുക. മറിച്ച് അവനെയും അവനല്ലാത്തവരെയും അത് ബാധിക്കുന്നതാണ്. അതിക്രമങ്ങൾ പ്രകടമാവുകയും, ആരും അതിനെ തിരുത്താൻ ഇല്ലാതെയാവുകയും ചെയ്താലാണ് ഇപ്രകാരം ശിക്ഷ സംഭവിക്കുക. അല്ലാഹു, തന്നെ ധിക്കരിച്ചവരെ കഠിനമായി ശിക്ഷിക്കുന്നവനാണ് എന്നതിൽ നിങ്ങൾ ദൃഢവിശ്വാസമുള്ളവരാവുക; അതിനാൽ അല്ലാഹുവിനെ ധിക്കരിക്കുന്നത് നിങ്ങൾ സൂക്ഷിക്കുക.
Source : QUL
26

നിങ്ങള്‍ ഭൂമിയില്‍ ബലഹീനരായി ഗണിക്കപ്പെട്ടിരുന്ന കുറച്ച് പേര്‍ മാത്രമായിരുന്ന സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുക. ജനങ്ങള്‍ നിങ്ങളെ റാഞ്ചിയെടുത്ത് കളയുമെന്ന് നിങ്ങള്‍ ഭയപ്പെട്ടിരുന്നു. എന്നിട്ട് അവന്‍ നിങ്ങള്‍ക്ക് ആശ്രയം നല്‍കുകയും അവന്‍റെ സഹായം കൊണ്ട് നിങ്ങള്‍ക്ക് പിന്‍ബലം നല്‍കുകയും വിശിഷ്ട വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി.

وَٱذۡكُرُوٓاْ إِذۡ أَنتُمۡ قَلِيلٞ مُّسۡتَضۡعَفُونَ فِي ٱلۡأَرۡضِ تَخَافُونَ أَن يَتَخَطَّفَكُمُ ٱلنَّاسُ فَـَٔاوَىٰكُمۡ وَأَيَّدَكُم بِنَصۡرِهِۦ وَرَزَقَكُم مِّنَ ٱلطَّيِّبَٰتِ لَعَلَّكُمۡ تَشۡكُرُونَ ۝٢٦
തഫ്സീർആയത്ത് 26
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങൾ മക്കയിലായിരുന്ന കാലഘട്ടം ഓർക്കുക. എണ്ണത്തിൽ വളരെ കുറവായിരുന്ന, ആ നാട്ടുകാർ നിങ്ങളെ അടിച്ചമർത്തുകയും ദുർബലരാക്കുകയും ചെയ്തിരുന്ന കാലം. നിങ്ങളുടെ ശത്രുക്കൾ ഞൊടിയിടയിൽ നിങ്ങളെ പിടികൂടുമെന്ന് നിങ്ങൾ ഭയന്നിരുന്നു. അങ്ങനെ അല്ലാഹു നിങ്ങളെ ഒരു അഭയസ്ഥാനത്തിലേക്ക് -മദീനയിലേക്ക്- ഒരുമിച്ചു ചേർത്തു. യുദ്ധരണാങ്കണങ്ങളിൽ -ബദ്റിൽ- നിങ്ങളുടെ ശത്രുക്കൾക്കെതിരെ വിജയം നൽകിക്കൊണ്ട് അവൻ നിങ്ങൾക്ക് ശക്തി പകർന്നു. നിങ്ങൾക്കവൻ പരിശുദ്ധമായ ഉപജീവനം നൽകുകയും ചെയ്തു; നിങ്ങളുടെ ശത്രുക്കളിൽ നിന്ന് നിങ്ങൾ പിടിച്ചെടുത്ത യുദ്ധാർജ്ജിത സ്വത്തുക്കൾ അതിൽ പെട്ടതാണ്. അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നിങ്ങൾ അവനോട് നന്ദി കാണിക്കുന്നതിനും, അങ്ങനെ അവൻ നിങ്ങൾക്ക് അവൻ്റെ അനുഗ്രഹങ്ങൾ വർദ്ധിപ്പിച്ചു നൽകുന്നതിനുമാണിതെല്ലാം. നിങ്ങൾ അല്ലാഹുവിനോട് നന്ദികേട് കാണിക്കരുത്. അങ്ങനെയെങ്കിൽ അവൻ അവയെല്ലാം നിങ്ങളിൽ നിന്ന് എടുത്തു മാറ്റുകയും, നിങ്ങളെ ശിക്ഷിക്കുകയും ചെയ്യുന്നതാണ്.
Source : QUL
27

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുത്‌. നിങ്ങള്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ട കാര്യങ്ങളില്‍ അറിഞ്ഞ് കൊണ്ട് വഞ്ചന കാണിക്കുകയും ചെയ്യരുത്‌.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَخُونُواْ ٱللَّهَ وَٱلرَّسُولَ وَتَخُونُوٓاْ أَمَٰنَٰتِكُمۡ وَأَنتُمۡ تَعۡلَمُونَ ۝٢٧
തഫ്സീർആയത്ത് 27
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ ദൂതനെ പിൻപറ്റുകയും ചെയ്തവരേ! കൽപ്പനകൾ പ്രാവർത്തികമാക്കാതെയും വിലക്കുകൾ ഉപേക്ഷിക്കാതെയും നിങ്ങൾ അല്ലാഹുവിനെയും റസൂലിനെയും വഞ്ചിക്കരുത്. മതപരമായതോ മറ്റോ ആയ കാര്യങ്ങളിൽ നിങ്ങളുടെ മേൽ വിശ്വസിച്ചേൽപ്പിക്കപ്പെട്ട കാര്യങ്ങളിലും -ചെയ്യുന്നത് വഞ്ചനയാണെന്ന് അറിഞ്ഞു കൊണ്ട്- നിങ്ങൾ വഞ്ചന കാണിക്കരുത്. അങ്ങനെ വന്നാൽ നിങ്ങൾ വഞ്ചകന്മാരിൽ ഉൾപ്പെടുന്നതാണ്.
Source : QUL
28

നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.

وَٱعۡلَمُوٓاْ أَنَّمَآ أَمۡوَٰلُكُمۡ وَأَوۡلَٰدُكُمۡ فِتۡنَةٞ وَأَنَّ ٱللَّهَ عِندَهُۥٓ أَجۡرٌ عَظِيمٞ ۝٢٨
തഫ്സീർആയത്ത് 28
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങളുടെ സമ്പാദ്യങ്ങളും സന്താനങ്ങളും അല്ലാഹുവിൽ നിന്ന് നിങ്ങൾക്കുള്ള ഒരു പരീക്ഷണവും പരീക്ഷയുമാണെന്ന് മനസ്സിലാക്കുക. അത് ചിലപ്പോൾ പരലോകത്തിന് വേണ്ടി പ്രവർത്തിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുകയും, വഞ്ചന പ്രവർത്തിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തേക്കാം. അല്ലാഹുവിൻ്റെ പക്കൽ മഹത്തരമായ പ്രതിഫലമുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കുക. അതിനാൽ നിങ്ങളുടെ സമ്പത്തിനെയും സന്താനങ്ങളെയും പരിഗണിച്ചു കൊണ്ട് വഞ്ചന നടത്തുന്നതിലൂടെ ആ പ്രതിഫലം നിങ്ങൾ നഷ്ടപ്പെടുത്താതിരിക്കുക.
Source : QUL
29

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സത്യവും അസത്യവും വിവേചിക്കുവാനുള്ള കഴിവ് അവനുണ്ടാക്കിത്തരികയും, അവന്‍ നിങ്ങളുടെ തിന്‍മകള്‍ മായ്ച്ചുകളയുകയും, നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِن تَتَّقُواْ ٱللَّهَ يَجۡعَل لَّكُمۡ فُرۡقَانٗا وَيُكَفِّرۡ عَنكُمۡ سَيِّـَٔاتِكُمۡ وَيَغۡفِرۡ لَكُمۡۗ وَٱللَّهُ ذُو ٱلۡفَضۡلِ ٱلۡعَظِيمِ ۝٢٩
തഫ്സീർആയത്ത് 29
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ ദൂതനെ പിൻപറ്റുകയും ചെയ്തവരേ! അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുകയാണെങ്കിൽ സത്യവും അസത്യവും വേർതിരിക്കാനുള്ള കഴിവ് അല്ലാഹു നിങ്ങൾക്ക് നൽകുന്നതാണെന്ന് നിങ്ങൾ മനസ്സിലാക്കുക. അങ്ങനെ വന്നാൽ സത്യവും അസത്യവും നിങ്ങൾക്ക് മേൽ കൂടിക്കലർന്ന് അവ്യക്തമാവുകയില്ല. നിങ്ങൾ ചെയ്തു പോയ തിന്മകൾ അല്ലാഹു നിങ്ങളിൽ നിന്ന് മായ്ച്ചു കളയുകയും, നിങ്ങളുടെ പാപങ്ങൾ നിങ്ങൾക്ക് പൊറുത്തു നൽകുകയും ചെയ്യുന്നതാണ്. അല്ലാഹു മഹത്തരമായ ഔദാര്യമുള്ളവനാകുന്നു. തൻ്റെ ദാസന്മാരിൽ സൂക്ഷ്മത പാലിക്കുന്നവർക്ക് അവൻ ഒരുക്കി വെച്ചിട്ടുള്ള സ്വർഗം അവൻ്റെ മഹത്തരമായ ഔദാര്യത്തിൽ പെട്ടതാണ്.
Source : QUL
30

നിന്നെ ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാന്‍ വേണ്ടി നിനക്കെതിരായി സത്യനിഷേധികള്‍ തന്ത്രം പ്രയോഗിച്ചിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരില്‍ മെച്ചപ്പെട്ടവന്‍.

وَإِذۡ يَمۡكُرُ بِكَ ٱلَّذِينَ كَفَرُواْ لِيُثۡبِتُوكَ أَوۡ يَقۡتُلُوكَ أَوۡ يُخۡرِجُوكَۚ وَيَمۡكُرُونَ وَيَمۡكُرُ ٱللَّهُۖ وَٱللَّهُ خَيۡرُ ٱلۡمَٰكِرِينَ ۝٣٠
തഫ്സീർആയത്ത് 30
അല്ലാഹുവിൻ്റെ റസൂലേ! താങ്കളെ തടവിലാക്കുകയോ കൊന്നു കളയുകയോ നാട്ടിൽ നിന്ന് (മക്കയിൽ നിന്ന്) വേറെയെവിടേക്കെങ്കിലും നാടുകടത്തുകയോ ചെയ്യുന്നതിനായി തന്ത്രം മെനയുക എന്ന ഉദ്ദേശത്തിൽ ബഹുദൈവാരാധകർ ഒത്തുകൂടിയ സന്ദർഭം ഓർക്കുക! അവർ താങ്കൾക്കെതിരെ തന്ത്രം മെനയുമ്പോൾ അല്ലാഹു അവരുടെ തന്ത്രം അവർക്കെതിരെ തന്നെ തിരിച്ചു. അല്ലാഹുവും തന്ത്രം മെനഞ്ഞു. ഏറ്റവും നന്നായി തന്ത്രം മെനയുന്നവൻ അല്ലാഹുവത്രെ.
Source : QUL
31

നമ്മുടെ വചനങ്ങള്‍ അവര്‍ക്ക് ഓതികേള്‍പിക്കപ്പെടുമ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ കേട്ടിരിക്കുന്നു. ഞങ്ങള്‍ വിചാരിച്ചിരുന്നെങ്കില്‍ ഇതു (ഖുര്‍ആന്‍) പോലെ ഞങ്ങളും പറയുമായിരുന്നു. ഇത് പൂര്‍വ്വികന്‍മാരുടെ പഴങ്കഥകളല്ലാതെ മറ്റൊന്നുമല്ല.

وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُنَا قَالُواْ قَدۡ سَمِعۡنَا لَوۡ نَشَآءُ لَقُلۡنَا مِثۡلَ هَٰذَآ إِنۡ هَٰذَآ إِلَّآ أَسَٰطِيرُ ٱلۡأَوَّلِينَ ۝٣١
തഫ്സീർആയത്ത് 31
അവർക്ക് മേൽ നമ്മുടെ ആയത്തുകൾ പാരായണം ചെയ്തു കേൾപ്പിക്കപ്പെട്ടാൽ സത്യത്തിനോടുള്ള നിഷേധവും, അഹങ്കാരവും മൂലം അവർ പറയും: ഇതു പോലുള്ളത് ഞങ്ങൾ മുൻപും കേട്ടിട്ടുണ്ട്. ഖുർആൻ പോലെയുള്ളത് പറഞ്ഞുണ്ടാക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ ഞങ്ങൾക്കും പറയാൻ കഴിയുമായിരുന്നു. നാമീ കേട്ട ഖുർആൻ പൂർവ്വികരുടെ കള്ളങ്ങളല്ലാതെ മറ്റൊന്നുമല്ല; അതിനാൽ ഞങ്ങൾ ഇതിൽ വിശ്വസിക്കുകയേയില്ല.
Source : QUL
32

അല്ലാഹുവേ, ഇതു നിന്‍റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ നീ ഞങ്ങളുടെ മേല്‍ ആകാശത്ത് നിന്ന് കല്ല് വര്‍ഷിപ്പിക്കുകയോ, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വേദനാജനകമായ ശിക്ഷ കൊണ്ടുവരികയോ ചെയ്യുക എന്ന് അവര്‍ (അവിശ്വാസികള്‍) പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക.)

وَإِذۡ قَالُواْ ٱللَّهُمَّ إِن كَانَ هَٰذَا هُوَ ٱلۡحَقَّ مِنۡ عِندِكَ فَأَمۡطِرۡ عَلَيۡنَا حِجَارَةٗ مِّنَ ٱلسَّمَآءِ أَوِ ٱئۡتِنَا بِعَذَابٍ أَلِيمٖ ۝٣٢
തഫ്സീർആയത്ത് 32
അല്ലാഹുവിൻ്റെ റസൂലേ! ബഹുദൈവാരാധകർ ഇപ്രകാരം പറഞ്ഞ സന്ദർഭം സ്മരിക്കുക: അല്ലാഹുവേ! മുഹമ്മദ് കൊണ്ട് വന്നത് സത്യമാണെങ്കിൽ ഞങ്ങൾക്ക് മേൽ ആകാശത്ത് നിന്ന് നീ ഞങ്ങളെ നശിപ്പിക്കുന്ന ഒരു കല്ല് താഴേക്കിടേണമേ! അതല്ലെങ്കിൽ ഞങ്ങൾക്ക് കഠിനമായ ഒരു ശിക്ഷ കൊണ്ടുവരേണമേ!നിഷേധത്തിൻ്റെയും നിരാസത്തിൻ്റെയും പാരമ്യത്തിലാണ് അവരത് പറഞ്ഞത്.
Source : QUL
33

എന്നാല്‍ നീ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. അവര്‍ പാപമോചനം തേടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല.

وَمَا كَانَ ٱللَّهُ لِيُعَذِّبَهُمۡ وَأَنتَ فِيهِمۡۚ وَمَا كَانَ ٱللَّهُ مُعَذِّبَهُمۡ وَهُمۡ يَسۡتَغۡفِرُونَ ۝٣٣
തഫ്സീർആയത്ത് 33
അല്ലാഹു താങ്കളുടെ ജനതയെ -താങ്കൾക്ക് ഉത്തരം നൽകിയ താങ്കളുടെ അനുയായികളെയോ, താങ്കൾ (ഇസ്ലാമിലേക്ക്) ക്ഷണിക്കേണ്ടതായിട്ടുള്ള താങ്കളുടെ (പ്രബോധിത) സമൂഹമോ ആകട്ടെ; അവരെ- താങ്കൾ അവർക്കിടയിൽ ജീവനോടെ ഉള്ള അവസ്ഥയിൽ അല്ലാഹു മുഴുവനായും നശിപ്പിക്കുന്ന രൂപത്തിൽ ശിക്ഷിക്കുന്നതല്ല. താങ്കൾ അവർക്കിടയിൽ ഉണ്ട് എന്നത് ശിക്ഷയിൽ നിന്ന് അവർക്കുള്ള കാവലാകുന്നു. തങ്ങളുടെ തെറ്റുകളിൽ നിന്ന് അവർ പശ്ചാത്താപം തേടിക്കൊണ്ടിരിക്കുന്ന അവസ്ഥയിലും അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല.
Source : QUL
34

അല്ലാഹു അവരെ ശിക്ഷിക്കാതിരിക്കാന്‍ അവർക്ക് എന്ത് അര്‍ഹതയാണുള്ളത്‌? അവരാകട്ടെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് ആളുകളെ തടഞ്ഞുകൊണ്ടിരിക്കുന്നു. അവരാണെങ്കില്‍ അതിന്‍റെ രക്ഷാധികാരികളല്ലതാനും. ഭയഭക്തിയുള്ളവരല്ലാതെ അതിന്‍റെ രക്ഷാധികാരികളാകാവുന്നതല്ല. പക്ഷെ അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല.

وَمَا لَهُمۡ أَلَّا يُعَذِّبَهُمُ ٱللَّهُ وَهُمۡ يَصُدُّونَ عَنِ ٱلۡمَسۡجِدِ ٱلۡحَرَامِ وَمَا كَانُوٓاْ أَوۡلِيَآءَهُۥٓۚ إِنۡ أَوۡلِيَآؤُهُۥٓ إِلَّا ٱلۡمُتَّقُونَ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ ۝٣٤
തഫ്സീർആയത്ത് 34
അവരെ ശിക്ഷിക്കുന്നതിൽ നിന്ന് എന്തൊരു കാര്യമാണ് തടസ്സമുണ്ടാക്കുന്നത്?! ശിക്ഷ നിർബന്ധമാക്കാവുന്ന പ്രവർത്തനങ്ങൾ അവർ ചെയ്തു കഴിഞ്ഞിരിക്കുന്നു; മസ്ജിദുൽ ഹറാമിൽ ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നതിൽ നിന്നും, അവിടെ നിസ്കരിക്കുന്നതിൽ നിന്നും അവർ ജനങ്ങളെ തടഞ്ഞിരിക്കുന്നു. ബഹുദൈവാരാധകർ അല്ലാഹുവിൻ്റെ ഇഷ്ടദാസന്മാരേയല്ല. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ വിലക്കിയ കാര്യങ്ങൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കുന്നവരല്ലാതെ അവൻ്റെ ഇഷ്ടദാസന്മാർ (ഔലിയാക്കൾ) ആവുകയില്ല. എന്നാൽ ബഹുദൈവാരാധകരിൽ ബഹുഭൂരിപക്ഷവും അക്കാര്യം അറിയുന്നില്ല; അതു കൊണ്ടാണ് തങ്ങൾ അല്ലാഹുവിൻ്റെ ഇഷ്ടദാസന്മാരാണ് എന്ന് അവർ അവകാശപ്പെട്ടു കൊണ്ടിരിക്കുന്നത്; അവരാകട്ടെ അങ്ങനെയല്ല താനും.
Source : QUL
35

ആ ഭവനത്തിന്‍റെ (കഅ്ബയുടെ) അടുക്കല്‍ അവര്‍ നടത്തുന്ന പ്രാര്‍ത്ഥന ചൂളംവിളിയും കൈകൊട്ടലുമല്ലാതെ മറ്റൊന്നുമായിരുന്നില്ല.(11) അതിനാല്‍ നിങ്ങള്‍ സത്യനിഷേധം കൈക്കൊണ്ടിരുന്നത് നിമിത്തം ശിക്ഷ ആസ്വദിച്ച് കൊള്ളുക.

وَمَا كَانَ صَلَاتُهُمۡ عِندَ ٱلۡبَيۡتِ إِلَّا مُكَآءٗ وَتَصۡدِيَةٗۚ فَذُوقُواْ ٱلۡعَذَابَ بِمَا كُنتُمۡ تَكۡفُرُونَ ۝٣٥
തഫ്സീർആയത്ത് 35
ബഹുദൈവാരാധകർ മസ്ജിദുൽ ഹറാമിൻ്റെ അരികിൽ വെച്ച് നടത്തിയിരുന്ന പ്രാർത്ഥന ചൂളംവിളിയും കൈകൊട്ടുമല്ലാതെ മറ്റൊന്നുമല്ല. അതിനാൽ -ബഹുദൈവാരാധകരേ!- (ബദ്ർ) യുദ്ധത്തിൽ കൊല്ലപ്പെട്ടു കൊണ്ടും, തടവിലാക്കപ്പെട്ടു കൊണ്ടും അല്ലാഹുവിൻ്റെ ശിക്ഷ നിങ്ങൾ ആസ്വദിച്ചു കൊള്ളുക. നിങ്ങൾ അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ ദൂതനെ കളവാക്കുകയും ചെയ്തത് കാരണത്താലാണത്.
Source : QUL
36

തീര്‍ച്ചയായും സത്യനിഷേധികള്‍ തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിക്കുന്നത് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) പിന്തിരിപ്പിക്കുവാന്‍ വേണ്ടിയത്രെ. അവര്‍ അത് ചെലവഴിക്കും. പിന്നീട് അതവര്‍ക്ക് ഖേദത്തിന് കാരണമായിത്തീരും. അനന്തരം അവര്‍ കീഴടക്കപ്പെടുകയും ചെയ്യും. സത്യനിഷേധികള്‍ നരകത്തിലേക്ക് വിളിച്ചുകൂട്ടപ്പെടുന്നതാണ്‌.

إِنَّ ٱلَّذِينَ كَفَرُواْ يُنفِقُونَ أَمۡوَٰلَهُمۡ لِيَصُدُّواْ عَن سَبِيلِ ٱللَّهِۚ فَسَيُنفِقُونَهَا ثُمَّ تَكُونُ عَلَيۡهِمۡ حَسۡرَةٗ ثُمَّ يُغۡلَبُونَۗ وَٱلَّذِينَ كَفَرُوٓاْ إِلَىٰ جَهَنَّمَ يُحۡشَرُونَ ۝٣٦
തഫ്സീർആയത്ത് 36
തീർച്ചയായും അല്ലാഹുവിനെ നിഷേധിച്ചവർ അല്ലാഹുവിൻ്റെ മതത്തിൽ നിന്ന് (ഇസ്ലാമിൽ നിന്ന്) ജനങ്ങളെ തടയുന്നതിനായി തങ്ങളുടെ സമ്പത്ത് ചെലവഴിക്കുന്നതാണ്. എന്നാൽ അവർ ഉദ്ദേശിച്ചത് ഒരിക്കലും അവർക്ക് നേടിയെടുക്കുക സാധ്യമല്ല. ഖേദം മാത്രമായിരിക്കും അവർ തങ്ങളുടെ സമ്പത്ത് ചെലവഴിച്ചു എന്നതിൻ്റെ പര്യവസാനം. കാരണം, അവരുടെ സമ്പത്തും അത് ചെലവഴിച്ചതിന് പിന്നിലുള്ള അവരുടെ ഉദ്ദേശവും പാഴായിപ്പോകുന്നതാണ്. പിന്നീട് (അല്ലാഹുവിൽ) വിശ്വസിച്ചവർക്ക് വിജയം നൽകപ്പെടുന്നതിലൂടെ അവർ പരാജിതരാക്കപ്പെടുന്നതുമാണ്. അല്ലാഹുവിനെ നിഷേധിച്ചവർ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നരകത്തിലേക്ക് തെളിക്കപ്പെടും. അങ്ങനെ അവരതിൽ ശാശ്വതവാസികളായി പ്രവേശിക്കുന്നതാണ്.
Source : QUL
37

അല്ലാഹു നല്ലതില്‍ നിന്ന് ചീത്തയെ വേര്‍തിരിക്കാനും ചീത്തയെ ഒന്നിനുമേല്‍ മറ്റൊന്നായി ഒന്നിച്ചു കൂമ്പാരമാക്കി നരകത്തിലിടാനും വേണ്ടിയത്രെ അത്‌. അക്കൂട്ടര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍.

لِيَمِيزَ ٱللَّهُ ٱلۡخَبِيثَ مِنَ ٱلطَّيِّبِ وَيَجۡعَلَ ٱلۡخَبِيثَ بَعۡضَهُۥ عَلَىٰ بَعۡضٖ فَيَرۡكُمَهُۥ جَمِيعٗا فَيَجۡعَلَهُۥ فِي جَهَنَّمَۚ أُوْلَٰٓئِكَ هُمُ ٱلۡخَٰسِرُونَ ۝٣٧
തഫ്സീർആയത്ത് 37
അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തടയുന്നതിനായി സമ്പത്ത് ചെലവഴിച്ച, കാഫിറുകളായ ഇക്കൂട്ടർ നരകത്തിലേക്ക് തെളിക്കപ്പെടുന്നതാണ്. ദുഷിച്ചവരായ കാഫിറുകളെ നല്ലവരായ മുഅ്മിനുകളിൽ നിന്ന് അല്ലാഹു വേർതിരിക്കുന്നതിനത്രെ അത്. മോശം പ്രവർത്തനങ്ങളെയും സമ്പാദ്യങ്ങളെയും വ്യക്തികളെയും ഒന്നിനു മുകളിൽ ഒന്നായി ഒരുമിച്ചു കൂട്ടിയ ശേഷം അവ അവൻ നരകത്തിലേക്ക് ഇടുന്നതിനുമത്രെ അത്. അക്കൂട്ടർ തന്നെയാകുന്നു യഥാർത്ഥ നഷ്ടക്കാർ; കാരണം അന്ത്യനാളിൽ അവർ സ്വദേഹങ്ങളെയും അവരുടെ കുടുംബങ്ങളെയും നഷ്ടത്തിൽ അകപ്പെടുത്തിയിരിക്കുന്നു.
Source : QUL
38

സത്യനിഷേധികളോട്‌, അവര്‍ വിരമിക്കുകയാണെങ്കില്‍ അവര്‍ മുമ്പ് ചെയ്തുപോയിട്ടുള്ളത് അവര്‍ക്കു പൊറുത്തുകൊടുക്കപ്പെടുന്നതാണ് എന്ന് നീ പറയുക. ഇനി അവര്‍ (നിഷേധത്തിലേക്കു തന്നെ) മടങ്ങുകയാണെങ്കിലോ, പൂര്‍വ്വികന്‍മാരുടെ കാര്യത്തില്‍ (അല്ലാഹുവിന്‍റെ) നടപടി കഴിഞ്ഞുപോയിട്ടുണ്ടല്ലോ.

قُل لِّلَّذِينَ كَفَرُوٓاْ إِن يَنتَهُواْ يُغۡفَرۡ لَهُم مَّا قَدۡ سَلَفَ وَإِن يَعُودُواْ فَقَدۡ مَضَتۡ سُنَّتُ ٱلۡأَوَّلِينَ ۝٣٨
തഫ്സീർആയത്ത് 38
അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ ജനതയിൽ അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും നിഷേധിച്ചവരോട് പറയുക: അവർ അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും നിഷേധിക്കുന്നത് അവസാനിപ്പിക്കുകയും, അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് അതിൽ വിശ്വസിച്ചവരെ തടയുന്നത് നിർത്തുകയും ചെയ്താൽ അവരുടെ മുൻപ് കഴിഞ്ഞുപോയ തിന്മകൾ അല്ലാഹു അവർക്ക് പൊറുത്തു നൽകുന്നതാണ്. കാരണം ഇസ്ലാം സ്വീകരിക്കുന്നത് അതിന് മുൻപുള്ള എല്ലാ തിന്മകളെയും ഇല്ലാതെയാക്കുന്നതാണ്. അവർ തങ്ങളുടെ നിഷേധത്തിലേക്ക് തിരിച്ചു മടങ്ങുകയാണെങ്കിൽ മുൻഗാമികളുടെ കാര്യത്തിൽ അല്ലാഹുവിൻ്റെ നടപടിക്രമം കഴിഞ്ഞു പോയിട്ടുണ്ട്. അവർ നിഷേധിക്കുകയും, അതിൽ തുടരുകയും ചെയ്താൽ അല്ലാഹു അവർക്ക് (ഇഹലോകത്ത്) ശിക്ഷ ധൃതിയിൽ നൽകുന്നതാണ് (എന്നതാണ് ആ നടപടിക്രമം).
Source : QUL
39

കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ (12) നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാണ്‌.

وَقَٰتِلُوهُمۡ حَتَّىٰ لَا تَكُونَ فِتۡنَةٞ وَيَكُونَ ٱلدِّينُ كُلُّهُۥ لِلَّهِۚ فَإِنِ ٱنتَهَوۡاْ فَإِنَّ ٱللَّهَ بِمَا يَعۡمَلُونَ بَصِيرٞ ۝٣٩
തഫ്സീർആയത്ത് 39
അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹുവിനെ നിഷേധിച്ചവരായ നിങ്ങളുടെ ശത്രുക്കളോട് നിങ്ങൾ യുദ്ധം ചെയ്യുക. അങ്ങനെ ബഹുദൈവാരാധനയോ, മുസ്ലിംകളെ അല്ലാഹുവിൻ്റെ ദീനിൽ നിന്ന് തടയുന്ന സ്ഥിതിവിശേഷമോ ഇല്ലാതെയാകുന്നത് വരെയും, ദീനും (ഇസ്ലാം) സൽകർമ്മങ്ങളും -ഒരു പങ്കാളിയുമില്ലാതെ- അല്ലാഹുവിന് മാത്രമാവുകയും ചെയ്യുന്നത് വരെ (യുദ്ധം ചെയ്യുക). ഇനി അല്ലാഹുവിനെ നിഷേധിച്ചവർ അവർ മുൻപ് നിലകൊണ്ടിരുന്ന ശിർക്കും, അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് തടസ്സം സൃഷ്ടിക്കലുമെല്ലാം അവസാനിപ്പിക്കുകയാണെങ്കിൽ അവരെ നിങ്ങൾ വിട്ടേക്കുക. തീർച്ചയായും അവരുടെ പ്രവർത്തനങ്ങൾ അല്ലാഹു വീക്ഷിക്കുന്നുണ്ട്; യാതൊരു രഹസ്യവും അവന് അവ്യക്തമാവുകയില്ല.
Source : QUL
40

എന്നാല്‍ അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍ അല്ലാഹുവാണ് നിങ്ങളുടെ രക്ഷാധികാരിയെന്ന് നിങ്ങള്‍ മനസ്സിലാക്കുക. എത്രയോ നല്ല രക്ഷാധികാരി! എത്രയോ നല്ല സഹായി!!

وَإِن تَوَلَّوۡاْ فَٱعۡلَمُوٓاْ أَنَّ ٱللَّهَ مَوۡلَىٰكُمۡۚ نِعۡمَ ٱلۡمَوۡلَىٰ وَنِعۡمَ ٱلنَّصِيرُ ۝٤٠
തഫ്സീർആയത്ത് 40
അവരോട് കൽപ്പിക്കപ്പെട്ട കാര്യത്തിൽ നിന്ന് -അല്ലാഹുവിനെ നിഷേധിക്കുന്നതും, അവൻ്റെ മാർഗത്തിൽ നിന്ന് തടസ്സം സൃഷ്ടിക്കുന്നതും അവസാനിപ്പിക്കണമെന്ന കൽപ്പനയിൽ നിന്ന്- അവർ തിരിഞ്ഞു കളയുകയാണെങ്കിൽ -അല്ലാഹുവിൽ വിശ്വസിച്ചവരേ!-; അവർക്കെതിരിൽ നിങ്ങളെ അല്ലാഹു സഹായിക്കുന്നതാണെന്ന് ദൃഢ വിശ്വാസമുള്ളവരാവുക. രക്ഷാധികാരിയായി സ്വീകരിച്ചവനെ സംബന്ധിച്ചിടത്തോളം എത്ര നല്ല രക്ഷാധികാരിയാണ് അല്ലാഹു! ആരെ അല്ലാഹു സഹായിച്ചോ അവനുള്ള എത്ര നല്ല സഹായി ആണ് അല്ലാഹു! ആരെങ്കിലും അല്ലാഹുവിനെ രക്ഷാധികാരിയായി സ്വീകരിച്ചാൽ അവൻ വിജയിച്ചിരിക്കുന്നു. ആരെയെങ്കിലും അല്ലാഹു സഹായിച്ചാൽ അവൻ രക്ഷപ്പെട്ടിരിക്കുന്നു.
Source : QUL
41

നിങ്ങള്‍ (യുദ്ധത്തില്‍) നേടിയെടുത്ത ഏതൊരു വസ്തുവില്‍ നിന്നും അതിന്‍റെ അഞ്ചിലൊന്ന് അല്ലാഹുവിനും റസൂലിനും (റസൂലിന്‍റെ) അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും പാവപ്പെട്ടവര്‍ക്കും വഴിപോക്കന്‍മാര്‍ക്കും ഉള്ളതാണെന്ന് നിങ്ങള്‍ മനസ്സിലാക്കുവിന്‍.(13) അല്ലാഹുവിലും സത്യാസത്യവിവേചനത്തിന്‍റെ ദിവസത്തില്‍ അഥവാ ആ രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസത്തില്‍ നമ്മുടെ ദാസന്‍റെ മേല്‍ നാം അവതരിപ്പിച്ചതിലും (14) നിങ്ങള്‍ വിശ്വസിച്ചുകഴിഞ്ഞിട്ടുണ്ടെങ്കില്‍. അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു.

۞ وَٱعۡلَمُوٓاْ أَنَّمَا غَنِمۡتُم مِّن شَيۡءٖ فَأَنَّ لِلَّهِ خُمُسَهُۥ وَلِلرَّسُولِ وَلِذِي ٱلۡقُرۡبَىٰ وَٱلۡيَتَٰمَىٰ وَٱلۡمَسَٰكِينِ وَٱبۡنِ ٱلسَّبِيلِ إِن كُنتُمۡ ءَامَنتُم بِٱللَّهِ وَمَآ أَنزَلۡنَا عَلَىٰ عَبۡدِنَا يَوۡمَ ٱلۡفُرۡقَانِ يَوۡمَ ٱلۡتَقَى ٱلۡجَمۡعَانِۗ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٌ ۝٤١
തഫ്സീർആയത്ത് 41
അറിയുക! -അല്ലയോ മുഅ്മിനീങ്ങളേ- അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദിൽ കാഫിറുകളെ പരാജയപ്പെടുത്തി കൊണ്ട് നിങ്ങൾ അവരിൽ നിന്ന് എടുത്ത എന്തും അഞ്ച് ഭാഗങ്ങളായി വീതിക്കപ്പെടണം. അതിൽ നാല് ഭാഗം ജിഹാദിൽ പങ്കെടുത്തവര്ക്കിടയിൽ വീതിക്കപ്പെടേണ്ടതാണ്. ബാക്കിയുള്ള അഞ്ചിലൊരു ഭാഗം വീണ്ടും അഞ്ചായി വീതം വെക്കപ്പെടണം. അതിൽ ഒരു ഭാഗം മുസ്ലിമീങ്ങളുടെ പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ടതിനായി അല്ലാഹുവിനും റസൂലിനുമുള്ളതാണ്. ഒരു ഭാഗം ബനൂ ഹാശിമുകാരിലും, ബനുൽ മുത്വലിബുകാരിലും പെട്ട നബി-ﷺ-യുടെ കുടുംബക്കാർക്കാണ്. ഒരു ഭാഗം യതീമുകൾ(പിതാവ് നഷ്ടപ്പെട്ട പ്രായപൂർത്തിയെത്തിയിട്ടില്ലാത്ത കുട്ടികൾ)ക്കും, ഒരു ഭാഗം ഫുഖറാക്കൾ(ദരിദ്രർ)ക്കും മിസ്കീന്മാർ(പാവപ്പെട്ടവർ)ക്കും ഒരു ഭാഗം യാത്ര മുടങ്ങിയ വഴിപോക്കർക്കുമാകുന്നു. നിങ്ങൾ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്നവരും, സത്യവും അസത്യവും വേർതിരിക്കപ്പെട്ട ബദ്ർ യുദ്ധദിനത്തിൽ നമ്മുടെ ദാസനായ മുഹമ്മദ് നബി -ﷺ- യുടെ മേൽ -നിങ്ങളുടെ ശത്രുക്കൾക്കെതിരെ- ഇറക്കിയ സഹായത്തിലും വിശ്വസിക്കുന്നവരുമാണെങ്കിൽ. നിങ്ങളെ സഹായിച്ച അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
Source : QUL
42

നിങ്ങള്‍ (താഴ്‌വരയില്‍ മദീനയോട്‌) അടുത്ത ഭാഗത്തും, അവര്‍ അകന്ന ഭാഗത്തും, സാര്‍ത്ഥവാഹക സംഘം നിങ്ങളെക്കാള്‍ താഴെയുമായിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) നിങ്ങള്‍ അന്യോന്യം (പോരിന്‌) നിശ്ചയിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ ആ നിശ്ചയം നിറവേറ്റുന്നതില്‍ ഭിന്നിക്കുമായിരുന്നു.(15) പക്ഷെ ഉണ്ടാകേണ്ട ഒരു കാര്യം അല്ലാഹു നിര്‍വഹിക്കുന്നതിന് വേണ്ടിയായിരുന്നു അത്‌. അതായത് നശിച്ചവര്‍ വ്യക്തമായ തെളിവ് കണ്ടുകൊണ്ട് നശിക്കാനും, ജീവിച്ചവര്‍ വ്യക്തമായ തെളിവ് കണ്ടുകൊണ്ട് ജീവിക്കുവാനും വേണ്ടി. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.

إِذۡ أَنتُم بِٱلۡعُدۡوَةِ ٱلدُّنۡيَا وَهُم بِٱلۡعُدۡوَةِ ٱلۡقُصۡوَىٰ وَٱلرَّكۡبُ أَسۡفَلَ مِنكُمۡۚ وَلَوۡ تَوَاعَدتُّمۡ لَٱخۡتَلَفۡتُمۡ فِي ٱلۡمِيعَٰدِ وَلَٰكِن لِّيَقۡضِيَ ٱللَّهُ أَمۡرٗا كَانَ مَفۡعُولٗا لِّيَهۡلِكَ مَنۡ هَلَكَ عَنۢ بَيِّنَةٖ وَيَحۡيَىٰ مَنۡ حَيَّ عَنۢ بَيِّنَةٖۗ وَإِنَّ ٱللَّهَ لَسَمِيعٌ عَلِيمٌ ۝٤٢
തഫ്സീർആയത്ത് 42
താഴ്വരയിൽ മദീനയോട് അടുത്തുള്ള ഭാഗത്ത് നിങ്ങളും, മക്കയോട് അടുത്തുള്ള ഭാഗത്ത് മുശ്രിക്കുകളും ആയിരുന്ന സന്ദർഭം നിങ്ങൾ ഓർക്കുക. കച്ചവടസംഘമാകട്ടെ, ചെങ്കടലിനോട് ചേർന്ന് നിങ്ങൾ നിൽക്കുന്ന ഇടത്തെക്കാൾ താഴ്ചയുള്ള ഭാഗത്തുമായിരുന്നു. നിങ്ങളും മുശ്രിക്കുകളും ബദ്റിൽ ഏറ്റുമുട്ടാം എന്ന് മുൻപ് തീരുമാനിച്ച് ഉറപ്പിച്ചതായിരുന്നെങ്കിൽ നിങ്ങളിൽ ചിലർ മറ്റു ചിലരോട് അത് പാലിക്കാതെ പോകുമായിരുന്നു. എന്നാൽ മുൻനിശ്ചയമൊന്നുമില്ലാതെ അല്ലാഹു നിങ്ങളെ ബദ്റിൽ ഒരുമിച്ചു കൂട്ടി. മുഅ്മിനീങ്ങളെ സഹായിക്കുകയും കാഫിറുകളെ അപമാനിക്കുകയും, അല്ലാഹുവിൻ്റെ ദീനിനെ പ്രതാപമുള്ളതാക്കുകയും, ശിർക്കിനെ അപമാനിതമാക്കുകയും ചെയ്യുക എന്ന –അല്ലാഹു മുൻപെ നിശ്ചയിച്ച ഒരു കാര്യം- പൂർത്തീകരിക്കുന്നതിന് വേണ്ടിയായിരുന്നു അത്. അങ്ങനെ അവരിൽ നിന്ന് മരണപ്പെട്ടവർക്ക് മേൽ അല്ലാഹുവിൻ്റെ തെളിവ് സ്ഥാപിക്കപ്പെടുന്നതിന് വേണ്ടി; മുഅ്മിനുകൾ എണ്ണത്തിലും ആയുധശക്തിയിലും കുറവുള്ളവരായിട്ടും മുശ്രിക്കുകൾക്കെതിരെ അല്ലാഹു അവരെ സഹായിച്ചു. അവരിൽ ജീവിച്ചിരിക്കുന്നവർ അല്ലാഹു വ്യക്തമാക്കിയ അവൻ്റെ തെളിവ് കണ്ടുകൊണ്ട് ജീവിക്കാൻ വേണ്ടിയുമാണത്. ഇനി ആർക്കും അല്ലാഹുവിനെതിരെ ഒരു തെളിവും ബാക്കി നിൽക്കുന്നില്ല. അല്ലാഹു എല്ലാവരുടെയും സംസാരം കേൾക്കുന്നവനും, അവരുടെയെല്ലാം പ്രവർത്തനങ്ങൾ അറിയുന്നവനുമാകുന്നു. അതിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവർക്ക് അവൻ നല്കുന്നതുമാണ്.
Source : QUL
43

അവരെ (ശത്രുക്കളെ) അല്ലാഹു നിനക്ക് നിന്‍റെ സ്വപ്നത്തില്‍ കുറച്ച് പേര്‍ മാത്രമായി കാണിച്ചുതന്നിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) നിനക്ക് അവരെ അധികമായി കാണിച്ചിരുന്നെങ്കില്‍ നിങ്ങളുടെ ധൈര്യം ക്ഷയിക്കുകയും, കാര്യത്തില്‍ നിങ്ങള്‍ ഭിന്നിക്കുകയും ചെയ്യുമായിരുന്നു. പക്ഷെ അല്ലാഹു രക്ഷിച്ചു. തീര്‍ച്ചയായും അവന്‍ ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു.

إِذۡ يُرِيكَهُمُ ٱللَّهُ فِي مَنَامِكَ قَلِيلٗاۖ وَلَوۡ أَرَىٰكَهُمۡ كَثِيرٗا لَّفَشِلۡتُمۡ وَلَتَنَٰزَعۡتُمۡ فِي ٱلۡأَمۡرِ وَلَٰكِنَّ ٱللَّهَ سَلَّمَۚ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ ۝٤٣
തഫ്സീർആയത്ത് 43
അല്ലാഹുവിൻ്റെ റസൂലേ! ഓർക്കുക; അല്ലാഹു താങ്കൾക്ക് ഉറക്കത്തിൽ മുശ്രിക്കുകളെ എണ്ണത്തില് കുറവുള്ളവരായി കാണിച്ചു തന്നു എന്നത് നിനക്കും മുഅ്മിനീങ്ങള്ക്കും മേൽ അവൻ ചൊരിഞ്ഞ അനുഗ്രഹങ്ങളിൽ പെട്ടതാണ്. അങ്ങനെ മുഅ്മിനീങ്ങളെ നീ അത് അറിയിക്കുകയും, അവർ നന്മ സംഭവിക്കുക തന്നെ ചെയ്യും എന്ന് പ്രതീക്ഷയുള്ളവരാവുകയും ചെയ്തു. തങ്ങളുടെ ശത്രുക്കളെ പടക്കളത്തിൽ കണ്ടുമുട്ടാനും അവരോട് ഏറ്റുമുട്ടാനുമുള്ള മുഅ്മിനീങ്ങളുടെ തീരുമാനം ദൃഢമാവുകയും ചെയ്തു. അല്ലാഹുവെങ്ങാനും മുശ്രിക്കുകളെ എണ്ണക്കൂടുതലുള്ളവരായി നിനക്ക് കാണിച്ചു തന്നിരുന്നെങ്കിൽ നിന്നോടൊപ്പമുള്ള സ്വഹാബികളുടെ മനോധൈര്യം കെട്ടുപോവുകയും, അവർ യുദ്ധത്തെ ഭയക്കുകയും ചെയ്യുമായിരുന്നു. എന്നാൽ അല്ലാഹു അതിൽ നിന്ന് അവരെ സംരക്ഷിക്കുകയും, പരാജയത്തിൽ നിന്ന് അവരെ കാത്തുരക്ഷിക്കുകയും ചെയ്തു. റസൂൽ -ﷺ- യുടെ കണ്ണിൽ മുശ്രിക്കുകളെ അവന് എണ്ണം കുറച്ചു കാണിച്ചു. തീർച്ചയായും അല്ലാഹു ഹൃദയങ്ങൾക്കുള്ളിൽ മറഞ്ഞിരിക്കുന്നതും, മനസ്സുകൾ ഒളിച്ചു വെക്കുന്നതും അറിയുന്നവനാകുന്നു.
Source : QUL
44

നിങ്ങള്‍ കണ്ടുമുട്ടിയ സന്ദര്‍ഭത്തില്‍ നിങ്ങളുടെ ദൃഷ്ടിയില്‍ നിങ്ങള്‍ക്ക് അവരെ അവന്‍ കുറച്ച് മാത്രമായി കാണിക്കുകയും, അവരുടെ ദൃഷ്ടിയില്‍ നിങ്ങളെ എണ്ണം കുറച്ച് കാണിക്കുകയും ചെയ്ത സന്ദര്‍ഭം ഓര്‍ക്കുക.(16) നടക്കേണ്ടതായ ഒരു കാര്യം അല്ലാഹു നിര്‍വഹിക്കുവാന്‍ വേണ്ടിയത്രെ അത്‌. അല്ലാഹുവിങ്കലേക്കാണ് കാര്യങ്ങള്‍ മടക്കപ്പെടുന്നത്‌.

وَإِذۡ يُرِيكُمُوهُمۡ إِذِ ٱلۡتَقَيۡتُمۡ فِيٓ أَعۡيُنِكُمۡ قَلِيلٗا وَيُقَلِّلُكُمۡ فِيٓ أَعۡيُنِهِمۡ لِيَقۡضِيَ ٱللَّهُ أَمۡرٗا كَانَ مَفۡعُولٗاۗ وَإِلَى ٱللَّهِ تُرۡجَعُ ٱلۡأُمُورُ ۝٤٤
തഫ്സീർആയത്ത് 44
ഹേ മുഅ്മിനീങ്ങളേ! മുശ്രിക്കുകളുമായി നിങ്ങൾ ഏറ്റുമുട്ടിയ വേളയിൽ അവരെ എണ്ണം കുറഞ്ഞവരായി നിങ്ങൾക്ക് അല്ലാഹു കാണിച്ചു തന്ന സന്ദർഭം ഓർക്കുക. അങ്ങനെ അവരുമായി യുദ്ധം ചെയ്യാൻ അല്ലാഹു നിങ്ങൾക്ക് ധൈര്യം തന്നു. നിങ്ങളെ അവരുടെ കണ്ണുകളിൽ എണ്ണം കുറവുള്ളവരാക്കിയും അവൻ കാണിച്ചു കൊടുത്തു; അങ്ങനെ യുദ്ധത്തിൽ പിൻവാങ്ങേണ്ടി വരുന്നതിനെ കുറിച്ച് ചിന്തിക്കാതെ അവർ നിങ്ങളോട് യുദ്ധം ചെയ്യുന്നതിനായി മുന്നോട്ട് വരികയും ചെയ്തു. മുശ്രിക്കുകളെ കൊലപ്പെടുത്തിയും തടവിലാക്കിയും അവരോട് പകരം വീട്ടുന്നതിനും, യുദ്ധത്തിൽ സഹായിക്കപ്പെട്ടും ശത്രുക്കളുടെ മേൽ വിജയം നേടിയും മുഅ്മിനീങ്ങളെ അനുഗ്രഹിക്കുന്നതിനും, അങ്ങനെ അല്ലാഹു മുൻപേ നിശ്ചയിച്ച കാര്യം നടപ്പിൽ വരുത്തുന്നതിനും വേണ്ടിയത്രെ ഇത്. അല്ലാഹുവിലേക്ക് മാത്രമാകുന്നു കാര്യങ്ങൾ മടക്കപ്പെടുന്നത്; തിന്മ ചെയ്തവർക്ക് അവരുടെ തിന്മയുടെ ഫലം നൽകുന്നതിനും, നന്മ ചെയ്തവർക്ക് അവരുടെ നന്മക്കുള്ള പ്രതിഫലം നൽകുന്നതിനും വേണ്ടി.
Source : QUL
45

സത്യവിശ്വാസികളേ, നിങ്ങള്‍ ഒരു (സൈന്യ) സംഘത്തെ കണ്ടുമുട്ടിയാല്‍ ഉറച്ചുനില്‍ക്കുകയും അല്ലാഹുവെ അധികമായി ഓര്‍മിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا لَقِيتُمۡ فِئَةٗ فَٱثۡبُتُواْ وَٱذۡكُرُواْ ٱللَّهَ كَثِيرٗا لَّعَلَّكُمۡ تُفۡلِحُونَ ۝٤٥
തഫ്സീർആയത്ത് 45
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്തവരേ! നിങ്ങൾ കാഫിറുകളുടെ ഒരു സൈന്യത്തെ നേരിട്ടാൽ അവർക്ക് മുൻപിൽ ഉറച്ചു നിൽക്കുകയും, ഭീരുത്വം കാട്ടാതിരിക്കുകയും ചെയ്യുക. അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും അവനോട് പ്രാർഥിക്കുകയും ചെയ്യുക. അവർക്കെതിരെ നിങ്ങളെ സഹായിക്കാൻ കഴിവുള്ളവൻ അവനാണ്. (ഇപ്രകാരം പ്രവർത്തിക്കുന്നത്) നിങ്ങൾ തേടുന്ന ലക്ഷ്യം നിങ്ങൾക്ക് സാധ്യമാക്കുകയും, നിങ്ങൾ ഭയപ്പെടുന്നത് നിങ്ങളിൽ നിന്ന് അകറ്റുകയും ചെയ്തേക്കാം.
Source : QUL
46

അല്ലാഹുവെയും അവന്‍റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. നിങ്ങള്‍ ഭിന്നിച്ചു പോകരുത്‌. എങ്കില്‍ നിങ്ങള്‍ക്ക് ധൈര്യക്ഷയം നേരിടുകയും നിങ്ങളുടെ വീര്യം (നശിച്ചു) പോകുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാകുന്നു.

وَأَطِيعُواْ ٱللَّهَ وَرَسُولَهُۥ وَلَا تَنَٰزَعُواْ فَتَفۡشَلُواْ وَتَذۡهَبَ رِيحُكُمۡۖ وَٱصۡبِرُوٓاْۚ إِنَّ ٱللَّهَ مَعَ ٱلصَّٰبِرِينَ ۝٤٦
തഫ്സീർആയത്ത് 46
നിങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും എല്ലാ അവസ്ഥാന്തരങ്ങളിലും അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നത് നിങ്ങൾ മുറുകെ പിടിക്കുക. നിങ്ങൾ അഭിപ്രായങ്ങളിൽ ഭിന്നിക്കരുത്. തീർച്ചയായും അഭിപ്രായവ്യത്യാസം നിങ്ങളുടെ ദുർബലതക്കും ഭയത്തിനും ശക്തി ഇല്ലാതായി പോകുന്നതിനുമുള്ള കാരണമാണ്. ശത്രുവിനെ കണ്ടുമുട്ടിയാൽ നിങ്ങൾ ക്ഷമിക്കുക! തീർച്ചയായും ക്ഷമാശീലരെ സഹായിച്ചും അവരെ പിന്തുണച്ചും അവർക്ക് വിജയം നൽകിയും അല്ലാഹു അവരോടൊപ്പമുണ്ട്. ആരുടെയെങ്കിലും ഒപ്പം അല്ലാഹു ഉണ്ടെങ്കിൽ വിജയിക്കുന്നതും സഹായം ലഭിക്കുന്നതും അവൻ തന്നെ; സംശയമില്ല.
Source : QUL
47

ഗര്‍വ്വോട് കൂടിയും, ജനങ്ങളെ കാണിക്കാന്‍ വേണ്ടിയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടഞ്ഞുനിര്‍ത്താന്‍ വേണ്ടിയും തങ്ങളുടെ വീടുകളില്‍ നിന്ന് ഇറങ്ങിപ്പുറപ്പെട്ടവരെപ്പോലെ നിങ്ങളാകരുത്‌. അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.

وَلَا تَكُونُواْ كَٱلَّذِينَ خَرَجُواْ مِن دِيَٰرِهِم بَطَرٗا وَرِئَآءَ ٱلنَّاسِ وَيَصُدُّونَ عَن سَبِيلِ ٱللَّهِۚ وَٱللَّهُ بِمَا يَعۡمَلُونَ مُحِيطٞ ۝٤٧
തഫ്സീർആയത്ത് 47
മക്കയിൽ നിന്ന് അഹങ്കാരത്തോടെയും ജനങ്ങളെ കാണിക്കാൻ വേണ്ടിയും പുറപ്പെട്ട, ജനങ്ങളെ അല്ലാഹുവിൻ്റെ ദീനിൽ നിന്ന് തടസ്സം സൃഷ്ടിക്കുകയും അതിൽ പ്രവേശിക്കുന്നതിൽ നിന്ന് അവരെ തടയുകയും ചെയ്യുന്ന ബഹുദൈവാരാധകരെ പോലെ നിങ്ങളാകരുത്. അല്ലാഹു അവർ പ്രവർത്തിക്കുന്നതിനെ വലയം ചെയ്തിരിക്കുന്നു. അവരുടെ പ്രവർത്തനങ്ങളിൽ ഒന്നും അല്ലാഹുവിന് അവ്യക്തമാവുകയില്ല; അവക്കെല്ലാം അവർക്ക് അവൻ പ്രതിഫലം നൽകുന്നതുമാണ്.
Source : QUL
48

ഇന്ന് ജനങ്ങളില്‍ നിങ്ങളെ തോല്‍പിക്കാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ സംരക്ഷകനായിരിക്കും' എന്ന് പറഞ്ഞുകൊണ്ട് പിശാച് അവര്‍ക്ക് അവരുടെ ചെയ്തികള്‍ ഭംഗിയായി തോന്നിച്ച സന്ദര്‍ഭവും (ഓര്‍ക്കുക.) അങ്ങനെ ആ രണ്ടുസംഘങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍, 'എനിക്കു നിങ്ങളുമായി ഒരു ബന്ധവുമില്ല, തീര്‍ച്ചയായും നിങ്ങള്‍ കാണാത്ത പലതും ഞാന്‍ കാണുന്നുണ്ട്‌,(17) തീര്‍ച്ചയായും ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനത്രെ' എന്ന് പറഞ്ഞുകൊണ്ട് അവന്‍ (പിശാച്‌) പിന്മാറിക്കളഞ്ഞു.

وَإِذۡ زَيَّنَ لَهُمُ ٱلشَّيۡطَٰنُ أَعۡمَٰلَهُمۡ وَقَالَ لَا غَالِبَ لَكُمُ ٱلۡيَوۡمَ مِنَ ٱلنَّاسِ وَإِنِّي جَارٞ لَّكُمۡۖ فَلَمَّا تَرَآءَتِ ٱلۡفِئَتَانِ نَكَصَ عَلَىٰ عَقِبَيۡهِ وَقَالَ إِنِّي بَرِيٓءٞ مِّنكُمۡ إِنِّيٓ أَرَىٰ مَا لَا تَرَوۡنَ إِنِّيٓ أَخَافُ ٱللَّهَۚ وَٱللَّهُ شَدِيدُ ٱلۡعِقَابِ ۝٤٨
തഫ്സീർആയത്ത് 48
അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹം നിങ്ങൾ ഓർക്കുകയും ചെയ്യുക. പിശാച് ബഹുദൈവാരാധകർക്ക് അവരുടെ പ്രവർത്തനങ്ങൾ ഭംഗിയാക്കി തോന്നിപ്പിക്കുകയും, മുസ്ലിംകളുമായി യുദ്ധത്തിലേർപ്പെടാനും ഏറ്റുമുട്ടാനും അവർക്ക് ധൈര്യം പകരുകയും ചെയ്ത സന്ദർഭം. അവൻ അവരോടായി പറഞ്ഞു: ഇന്ന് നിങ്ങളെ പരാജയപ്പെടുത്താൻ ആരും തന്നെയില്ല. ഞാൻ നിങ്ങളെ ഉറപ്പായും സഹായിക്കുന്നതാണ്. നിങ്ങളുടെ ശത്രുവിൽ നിന്ന് ഞാൻ നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും. അങ്ങനെ രണ്ട് കൂട്ടരും -അല്ലാഹുവിൽ വിശ്വസിച്ചവരും അവരെ സഹായിച്ചു കൊണ്ടുള്ള മലക്കുകളും അടങ്ങുന്ന സംഘവും, ബഹുദൈവാരാധകരും അവരുടെ സഹായിയായ പിശാചടങ്ങുന്ന സംഘവും- നേർക്കുനേരെ വന്നപ്പോൾ പിശാച് പിന്തിരിഞ്ഞോടി. ബഹുദൈവാരാധകരോട് അവൻ പറഞ്ഞു: തീർച്ചയായും ഞാൻ നിങ്ങളിൽ നിന്നൊഴിവാണ്. (അല്ലാഹുവിൽ) വിശ്വസിച്ചവരെ സഹായിക്കുന്നതിനായി മലക്കുകൾ വന്നിരിക്കുന്നത് ഞാനിതാ നോക്കിക്കാണുന്നുണ്ട്. അല്ലാഹു എന്നെ നശിപ്പിച്ചു കളയുമെന്ന് ഞാൻ പേടിക്കുന്നു. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു; അവൻ്റെ ശിക്ഷ സഹിക്കാൻ ഒരാൾക്കും സാധിക്കുകയില്ല.
Source : QUL
49

ഈ കൂട്ടരെ (മുസ്ലിംകളെ) അവരുടെ മതവിശ്വാസം വഞ്ചിച്ചു കളഞ്ഞിരിക്കുന്നു എന്ന് കപടവിശ്വാസികളും, മനസ്സില്‍ രോഗമുള്ളവരും പറഞ്ഞുകൊണ്ടിരുന്ന സന്ദര്‍ഭമത്രെ അത്‌. വല്ലവനും അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.

إِذۡ يَقُولُ ٱلۡمُنَٰفِقُونَ وَٱلَّذِينَ فِي قُلُوبِهِم مَّرَضٌ غَرَّ هَٰٓؤُلَآءِ دِينُهُمۡۗ وَمَن يَتَوَكَّلۡ عَلَى ٱللَّهِ فَإِنَّ ٱللَّهَ عَزِيزٌ حَكِيمٞ ۝٤٩
തഫ്സീർആയത്ത് 49
കപടവിശ്വാസികളും ദുർബല വിശ്വാസികളും ഇപ്രകാരം പറഞ്ഞിരുന്ന സന്ദർഭവും നിങ്ങൾ ഓർക്കുക: എണ്ണത്തിൽ കുറവാണെങ്കിലും, യുദ്ധസന്നാഹങ്ങൾ ദുർബലമാണെങ്കിലും ശത്രുക്കൾക്കെതിരെ നിങ്ങൾ തന്നെ വിജയം വരിക്കുമെന്ന് ഇക്കൂട്ടർക്ക് വാഗ്ദാനം നൽകുന്ന ഇവരുടെ ദീൻ -ഇസ്ലാം- മുസ്ലിംകളെ വഞ്ചിച്ചിരിക്കുന്നു. എന്നാൽ ആരെങ്കിലും അല്ലാഹുവിൻ്റെ മേൽ മാത്രം ഭരമേൽപ്പിക്കുകയും, അവൻ വാഗ്ദാനം ചെയ്ത സഹായത്തിൽ ദൃഢവിശ്വാസമുള്ളവർ ആയിരിക്കുകയും ചെയ്താൽ അല്ലാഹു അവനെ സഹായിക്കുക തന്നെ ചെയ്യുന്നതാണ് എന്ന കാര്യം ഇക്കൂട്ടർ മനസ്സിലാക്കിയിട്ടില്ല. അല്ലാഹു ഒരിക്കലും (അവനിൽ ഭരമേൽപ്പിച്ചവരെ) പരാജയപ്പെടുത്തുന്നതല്ല; അവർ എത്ര ദുർബലരാണെങ്കിലുംശരി. അല്ലാഹു മഹാപ്രതാപമുള്ളവനത്രെ; ആർക്കും അവനെ പരാജയപ്പെടുത്തുക സാധ്യമല്ല. അല്ലാഹു അങ്ങേയറ്റം യുക്തിമാനാകുന്നു.അവൻ്റെ വിധിനിർണ്ണയത്തിലും മതനിയമങ്ങളിലും (അവൻ ഏറ്റവും യുക്തമായത് പ്രവർത്തിക്കുന്നവനത്രെ).
Source : QUL
50

സത്യനിഷേധികളുടെ മുഖങ്ങളിലും പിന്‍വശങ്ങളിലും അടിച്ചു കൊണ്ട്(18) മലക്കുകള്‍ അവരെ മരിപ്പിക്കുന്ന സന്ദര്‍ഭം നീ കണ്ടിരുന്നുവെങ്കില്‍! (അവര്‍ (മലക്കുകള്‍) അവരോട് പറയും:) ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക.

وَلَوۡ تَرَىٰٓ إِذۡ يَتَوَفَّى ٱلَّذِينَ كَفَرُواْ ٱلۡمَلَٰٓئِكَةُ يَضۡرِبُونَ وُجُوهَهُمۡ وَأَدۡبَٰرَهُمۡ وَذُوقُواْ عَذَابَ ٱلۡحَرِيقِ ۝٥٠
തഫ്സീർആയത്ത് 50
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനെയും അവൻ്റെ ദൂതനെയും നിഷേധിച്ചവരുടെ ആത്മാവുകൾ മലക്കുകൾ പിടിക്കുകയും ഊരിയെടുക്കുകയും ചെയ്യുന്ന സന്ദർഭത്തിന് താങ്കളെങ്ങാനും സാക്ഷിയായിരുന്നെങ്കിൽ! അവർ മുന്നോട്ടു വന്നാൽ മലക്കുകൾ അവരുടെ മുഖത്തടിക്കുന്നതാണ്. അവർ പിന്തിരിഞ്ഞോടിയാൽ അവരുടെ പിൻഭാഗങ്ങളിലും മലക്കുകൾ മർദ്ധിക്കുന്നതാണ്. അവരോട് മലക്കുകൾ ഇപ്രകാരം പറയുകയും ചെയ്യും: അല്ലാഹുവിനെ നിഷേധിച്ചവരേ! കരിച്ചു കളയുന്ന നരകശിക്ഷ ആസ്വദിച്ചു കൊള്ളുക. നബിയേ! താങ്കളെങ്ങാനും അതിന് സാക്ഷിയായിരുന്നെങ്കിൽ തീർച്ചയായും അങ്ങേയറ്റം ഗുരുതരമായ ഒരു കാഴ്ചക്ക് തന്നെയാകുമായിരുന്നു താങ്കൾ സാക്ഷ്യം വഹിക്കുന്നത്.
Source : QUL
51

നിങ്ങളുടെ കൈകള്‍ മുന്‍കൂട്ടിചെയ്തുവെച്ചത് നിമിത്തമത്രെ അത്‌. അല്ലാഹു അടിമകളോട് ഒട്ടും അനീതി കാണിക്കുന്നവനല്ല എന്നതിനാലും.(19)

ذَٰلِكَ بِمَا قَدَّمَتۡ أَيۡدِيكُمۡ وَأَنَّ ٱللَّهَ لَيۡسَ بِظَلَّٰمٖ لِّلۡعَبِيدِ ۝٥١
തഫ്സീർആയത്ത് 51
നിങ്ങളുടെ ആത്മാവുകൾ പിടികൂടുന്ന സന്ദർഭത്തിൽ വേദനയേറിയ ശിക്ഷ നിങ്ങളെ ബാധിക്കുവാനും, നിങ്ങളുടെ ഖബറുകളിലും പരലോകത്തും കരിച്ചു കളയുന്ന നരകശിക്ഷ നിങ്ങൾക്ക് ലഭിക്കാനുമുള്ള കാരണം ഇഹലോകത്ത് നിങ്ങളുടെ കൈകൾ പ്രവർത്തിച്ച (പ്രവർത്തനങ്ങൾ) തന്നെയാണ്. അല്ലാഹു മനുഷ്യരോട് അനീതി പ്രവർത്തിക്കുകയില്ല. അവൻ അവർക്കിടയിൽ നീതിപൂർവ്വകമായേ വിധിക്കുകയുള്ളൂ. ഏറ്റവും നന്നായി വിധിക്കുന്നവനും, അങ്ങേയറ്റം നീതിയുള്ളവനുമാകുന്നു അല്ലാഹു.
Source : QUL
52

ഫിര്‍ഔന്‍റെ ആളുകളുടെയും അവരുടെ മുമ്പുള്ളവരുടെയും സമ്പ്രദായം പോലെത്തന്നെ. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിക്കുകയും, അപ്പോള്‍ അവരുടെ പാപങ്ങള്‍ കാരണമായി അല്ലാഹു അവരെ പിടികൂടുകയും ചെയ്തു. തീര്‍ച്ചയായും അല്ലാഹു ശക്തനും കഠിനമായി ശിക്ഷിക്കുന്നവനുമാണ്‌.

كَدَأۡبِ ءَالِ فِرۡعَوۡنَ وَٱلَّذِينَ مِن قَبۡلِهِمۡۚ كَفَرُواْ بِـَٔايَٰتِ ٱللَّهِ فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمۡۚ إِنَّ ٱللَّهَ قَوِيّٞ شَدِيدُ ٱلۡعِقَابِ ۝٥٢
തഫ്സീർആയത്ത് 52
അല്ലാഹുവിനെ നിഷേധിച്ച (മക്കയിലെ) ഇക്കൂട്ടർക്ക് ബാധിച്ച ശിക്ഷ അവർക്ക് മാത്രം ലഭിച്ച ശിക്ഷയൊന്നുമല്ല. മറിച്ച്, എല്ലാ കാലഘട്ടത്തിലും എല്ലായിടത്തുമുള്ള കാഫിറുകളുടെ കാര്യത്തിൽ അല്ലാഹു നടപ്പിലാക്കിയ അവൻ്റെ നടപടിക്രമമാണിത്. ഫിർഔൻ്റെ കൂട്ടരെയും അവർക്ക് മുൻപുള്ള ജനസമൂഹങ്ങളെയും അവർ അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചപ്പോൾ ഇതു പോലെ ശിക്ഷ ബാധിച്ചിട്ടുണ്ട്. അങ്ങനെ അവരുടെ തിന്മകളുടെ ഫലമായി പ്രതാപവാനും സർവ്വ ശക്തനുമായവൻ്റെ പിടുത്തം അല്ലാഹു അവരെ പിടികൂടുകയും, അവരുടെ മേൽ അവൻ്റെ ശിക്ഷ അവൻ ഇറക്കുകയും ചെയ്തു. തീർച്ചയായും അല്ലാഹു അതിശക്തനാകുന്നു; അവൻ പരാജിതനാവുകയോ തോൽപ്പിക്കപ്പെടുകയോ ഇല്ല. തന്നെ ധിക്കരിക്കുന്നവരെ കഠിനമായി ശിക്ഷിക്കുന്നവനുമാകുന്നു അവൻ.
Source : QUL
53

ഒരു ജനവിഭാഗത്തിന് താന്‍ ചെയ്തുകൊടുത്ത അനുഗ്രഹം അവരുടെ സ്വന്തം നിലപാടില്‍ അവര്‍ മാറ്റം വരുത്തുന്നത് വരെ അല്ലാഹു മാറ്റിക്കളയുന്നതല്ല എന്നതുകൊണ്ടത്രെ അത്‌. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ് എന്നതുകൊണ്ടും.

ذَٰلِكَ بِأَنَّ ٱللَّهَ لَمۡ يَكُ مُغَيِّرٗا نِّعۡمَةً أَنۡعَمَهَا عَلَىٰ قَوۡمٍ حَتَّىٰ يُغَيِّرُواْ مَا بِأَنفُسِهِمۡ وَأَنَّ ٱللَّهَ سَمِيعٌ عَلِيمٞ ۝٥٣
തഫ്സീർആയത്ത് 53
അല്ലാഹു ഒരു ജനതയുടെ മേൽ അവൻ്റെ പക്കൽ നിന്നുള്ള അനുഗ്രഹം ചൊരിഞ്ഞാൽ അത് അവരിൽ നിന്ന് അവൻ എടുത്തു മാറ്റുകയില്ല; അവർ അവരുടെ നല്ല അവസ്ഥയിൽ നിന്ന് മോശം അവസ്ഥയിലേക്ക് മാറിയാലല്ലാതെ. അതായത്, അല്ലാഹുവിലുള്ള വിശ്വാസവും അവൻ്റെ മതത്തിൽ നേരെനിലകൊള്ളുന്നതും അവൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നതുമെല്ലാം നിർത്തി കൊണ്ട്, അല്ലാഹുവിനെ നിഷേധിക്കുകയും ധിക്കരിക്കുകയും അവൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദികേട് കാണിക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് അവർ മാറി എന്ന കാരണത്താലാണ് അവർക്ക് ആ കഠിനമായ ശിക്ഷ വന്നുഭവിച്ചത്. അല്ലാഹു അവൻ്റെ അടിമകളുടെ സംസാരങ്ങൾ എല്ലാം കേൾക്കുന്നവനും (സമീഅ്), അവരുടെ പ്രവർത്തനങ്ങൾ എല്ലാം അറിയുന്നവനും (അലീം) ആണ് എന്നതിനാലുമാണ് അത് സംഭവിച്ചത്. അവന് യാതൊന്നും അവ്യക്തമാവുന്നതല്ല.
Source : QUL
54

ഫിര്‍ഔന്‍റെ ആളുകളുടെയും അവരുടെ മുമ്പുള്ളവരുടെയും സമ്പ്രദായം പോലെത്തന്നെ. അവര്‍ അവരുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചുതള്ളുകയും, അപ്പോള്‍ അവരുടെ പാപങ്ങള്‍ കാരണമായി നാം അവരെ നശിപ്പിക്കുകയും ചെയ്തു. ഫിര്‍ഔന്‍റെ ആളുകളെ നാം മുക്കിനശിപ്പിക്കുകയാണ് ചെയ്തത്‌. (അവര്‍) എല്ലാവരും അക്രമികളായിരുന്നു.

كَدَأۡبِ ءَالِ فِرۡعَوۡنَ وَٱلَّذِينَ مِن قَبۡلِهِمۡۚ كَذَّبُواْ بِـَٔايَٰتِ رَبِّهِمۡ فَأَهۡلَكۡنَٰهُم بِذُنُوبِهِمۡ وَأَغۡرَقۡنَآ ءَالَ فِرۡعَوۡنَۚ وَكُلّٞ كَانُواْ ظَٰلِمِينَ ۝٥٤
തഫ്സീർആയത്ത് 54
നിഷേധികളായ ഇക്കൂട്ടരുടെ അവസ്ഥ അല്ലാഹുവിനെ നിഷേധിച്ച, ഇവർക്ക് മുൻപുള്ള ഫിർഔൻ്റെ കൂട്ടരുടെയും അവർക്ക് മുൻപുള്ള നിഷേധികളായ സമൂഹങ്ങളുടെയും അവസ്ഥ പോലെ തന്നെയാണ്. അവരുടെ രക്ഷിതാവിൻ്റെ ദൃഷ്ടാന്തങ്ങളെ അവർ നിഷേധിച്ചു. അപ്പോൾ അല്ലാഹു അവർ ചെയ്തു കൂട്ടിയ തിന്മകൾ കാരണത്താൽ അവരെ നശിപ്പിച്ചു. ഫിർഔൻ്റെ കൂട്ടരെ അല്ലാഹു സമുദ്രത്തിൽ മുക്കി നശിപ്പിച്ചു. ഫിർഔൻ്റെ ജനതയും അവർക്ക് മുൻപുള്ള സമൂഹങ്ങളുമെല്ലാം അല്ലാഹുവിനെ നിഷേധിക്കുകയും, അവനിൽ പങ്കുചേർക്കുകയും ചെയ്തു കൊണ്ട് അതിക്രമം പ്രവർത്തിച്ചവരായിരുന്നു. അങ്ങനെ അവർ അല്ലാഹുവിൻ്റെ ശിക്ഷക്ക് അർഹരാവുകയും, അതവർക്ക് മേൽ വന്നുഭവിക്കുകയും ചെയ്തു.
Source : QUL
55

തീര്‍ച്ചയായും, അല്ലാഹുവിന്‍റെ അടുക്കല്‍ ജന്തുക്കളില്‍ വെച്ച് ഏറ്റവും മോശപ്പെട്ടവര്‍ സത്യനിഷേധികളാകുന്നു. ആകയാല്‍ അവര്‍ വിശ്വസിക്കുകയില്ല.

إِنَّ شَرَّ ٱلدَّوَآبِّ عِندَ ٱللَّهِ ٱلَّذِينَ كَفَرُواْ فَهُمۡ لَا يُؤۡمِنُونَ ۝٥٥
തഫ്സീർആയത്ത് 55
ഭൂമിക്ക് മുകളിൽ ചലിക്കുന്ന ജീവികളുടെ കൂട്ടത്തിൽ ഏറ്റവും മോശമായിട്ടുള്ളവർ അല്ലാഹുവിനെയും അവൻ്റെ ദൂതന്മാരെയും നിഷേധിച്ചവരാകുന്നു. സർവ്വ ദൃഷ്ടാന്തങ്ങളും അവർക്ക് വന്നെത്തിയാലും അവർ വിശ്വസിക്കുന്നതല്ല. തങ്ങളുടെ നിഷേധത്തിൽ തന്നെ അവർ തുടരുന്നതാണ്. അവരുടെ സന്മാർഗത്തിൻ്റെ മാർഗങ്ങളെല്ലാം -ബുദ്ധിയും കേൾവിയും കാഴ്ച്ചയുമെല്ലാം- ഫലശൂന്യമായിത്തീർന്നിരിക്കുന്നു.
Source : QUL
56

അവരില്‍ ഒരു വിഭാഗവുമായി നീ കരാറില്‍ ഏര്‍പെടുകയുണ്ടായി. എന്നിട്ട് ഓരോ തവണയും തങ്ങളുടെ കരാര്‍ അവര്‍ ലംഘിച്ചുകൊണ്ടിരുന്നു. അവര്‍ (അല്ലാഹുവെ) സൂക്ഷിക്കുന്നുമില്ല.

ٱلَّذِينَ عَٰهَدتَّ مِنۡهُمۡ ثُمَّ يَنقُضُونَ عَهۡدَهُمۡ فِي كُلِّ مَرَّةٖ وَهُمۡ لَا يَتَّقُونَ ۝٥٦
തഫ്സീർആയത്ത് 56
ബനൂ ഖുറൈദയെ പോലെ, താങ്കൾ കരാറുകളിലും സന്ധികളിലും ഏർപ്പെട്ട കൂട്ടർ; താങ്കളുമായി ചെയ്ത കരാറുകളതാ അവർ എല്ലാ തവണയും ലംഘിക്കുന്നു. അല്ലാഹുവിനെ അവർ ഭയക്കുന്നേയില്ല. അതു കൊണ്ടാണ് അവർ തങ്ങളുടെ കരാറുകൾ പൂർത്തീകരിക്കാത്തതും, സന്ധിനിയമങ്ങൾ പാലിക്കാത്തതും.
Source : QUL
57

അതിനാല്‍ നീ അവരെ യുദ്ധത്തില്‍ കണ്ടുമുട്ടിയാല്‍ അവര്‍ക്കേല്‍പിക്കുന്ന നാശം അവരുടെ പിന്നില്‍ വരുന്നവരെയും കൂടി തിരിച്ചോടിക്കും വിധമാക്കുക. അവര്‍ ശ്രദ്ധിച്ചു മനസ്സിലാക്കിയേക്കാം.

فَإِمَّا تَثۡقَفَنَّهُمۡ فِي ٱلۡحَرۡبِ فَشَرِّدۡ بِهِم مَّنۡ خَلۡفَهُمۡ لَعَلَّهُمۡ يَذَّكَّرُونَ ۝٥٧
തഫ്സീർആയത്ത് 57
അല്ലാഹുവിൻ്റെ റസൂലേ! തങ്ങളുടെ കരാറുകൾ ലംഘിച്ചവരുമായി താങ്കൾ യുദ്ധത്തിലേർപ്പെട്ടാൽ അവർക്ക് കടുത്ത ശിക്ഷ തന്നെ താങ്കൾ നൽകുക. മറ്റുള്ളവർ കൂടി കേട്ടറിയുന്ന തരത്തിലുള്ള ശിക്ഷയാകട്ടെ അത്. അങ്ങനെ അവർ അതിൽ നിന്ന് പാഠമുൾക്കൊള്ളുകയും, താങ്കളുമായി യുദ്ധത്തിലേർപ്പെടുകയോ താങ്കളുടെ ശത്രുക്കളെ താങ്കൾക്കെതിരെ സഹായിക്കുകയോ ചെയ്യാൻ ഭയപ്പെടുന്ന സ്ഥിതിയിലാകട്ടെ.
Source : QUL
58

വല്ല ജനവിഭാഗത്തില്‍ നിന്നും വഞ്ചനയുണ്ടാകുമെന്ന് നീ ഭയപ്പെടുന്ന പക്ഷം തത്തുല്യമായി നീ അവരിലേക്ക് എറിഞ്ഞുകൊടുത്തേക്കുക.(20) തീര്‍ച്ചയായും അല്ലാഹു വഞ്ചകന്‍മാരെ ഇഷ്ടപ്പെടുകയില്ല.

وَإِمَّا تَخَافَنَّ مِن قَوۡمٍ خِيَانَةٗ فَٱنۢبِذۡ إِلَيۡهِمۡ عَلَىٰ سَوَآءٍۚ إِنَّ ٱللَّهَ لَا يُحِبُّ ٱلۡخَآئِنِينَ ۝٥٨
തഫ്സീർആയത്ത് 58
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾ കരാറിലേർപ്പെട്ട ഏതെങ്കിലും ജനതയിൽ നിന്ന് വഞ്ചനയും കരാർലംഘനവും ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ലഭിക്കുകയും, അങ്ങനെ സംഭവിക്കുമെന്ന് താങ്കൾ ഭയക്കുകയും ചെയ്താൽ അവരുടെ കരാർ അസാധുവായിരിക്കുന്നുവെന്ന് അവരെ താങ്കൾ അറിയിച്ചേക്കുക. അങ്ങനെ അക്കാര്യം താങ്കളെ പോലെ അവരും തുല്യമായി അറിയട്ടെ. കരാർ അസാധുവായ കാര്യം അവരെ അറിയിക്കുന്നതിന് മുൻപ് പൊടുന്നനെ താങ്കൾ അവരെ അക്രമിക്കരുത്. അങ്ങനെ അവരെ അക്രമിക്കുന്നത് വഞ്ചനയാണ്. അല്ലാഹു വഞ്ചകന്മാരെ ഇഷ്ടപ്പെടുന്നില്ല. മറിച്ച്, അവരോട് അവൻ കോപിക്കുകയാണ് ചെയ്യുക. അതിനാൽ വഞ്ചന നടത്തുന്നത് താങ്കൾ സൂക്ഷിക്കുക.
Source : QUL
59

സത്യനിഷേധികളായ ആളുകള്‍, തങ്ങള്‍ അതിജയിച്ചുകഴിഞ്ഞിരിക്കുന്നു എന്ന് ധരിച്ചു പോകരുത്‌. തീര്‍ച്ചയായും അവര്‍ക്ക് (അല്ലാഹുവെ) തോല്‍പിക്കാനാവില്ല.

وَلَا يَحۡسَبَنَّ ٱلَّذِينَ كَفَرُواْ سَبَقُوٓاْۚ إِنَّهُمۡ لَا يُعۡجِزُونَ ۝٥٩
തഫ്സീർആയത്ത് 59
അല്ലാഹുവിനെ നിഷേധിച്ചവർ തങ്ങൾ അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടുവെന്നും, അവനിൽ നിന്ന് കുതറിമാറിയെന്നും ധരിക്കേണ്ടതേയില്ല. അല്ലാഹുവിനെ അവർക്ക് തോൽപ്പിക്കാനോ, അവൻ്റെ ശിക്ഷയിൽ നിന്ന് അവർക്ക് രക്ഷപ്പെടാനോ സാധിക്കുകയില്ല. മറിച്ച് അല്ലാഹു അവരെ പിടികൂടുന്നതും, അവരെ കണ്ടെത്തുന്നതുമാണ്.
Source : QUL
60

അവരെ നേരിടാന്‍ വേണ്ടി നിങ്ങളുടെ കഴിവില്‍ പെട്ട എല്ലാ ശക്തിയും (21), കെട്ടിനിര്‍ത്തിയ കുതിരകളെയും നിങ്ങള്‍ ഒരുക്കുക.അതുമുഖേന അല്ലാഹുവിന്‍റെയും നിങ്ങളുടെയും ശത്രുവെയും, അവര്‍ക്ക് പുറമെ നിങ്ങള്‍ അറിയാത്തവരും അല്ലാഹു അറിയുന്നവരുമായ മറ്റുചിലരെയും നിങ്ങള്‍ ഭയപ്പെടുത്തുവാന്‍ വേണ്ടി. നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ഏതൊരു വസ്തു ചെലവഴിച്ചാലും നിങ്ങള്‍ക്കതിന്‍റെ പൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടും. നിങ്ങളോട് അനീതി കാണിക്കപ്പെടുന്നതല്ല.

وَأَعِدُّواْ لَهُم مَّا ٱسۡتَطَعۡتُم مِّن قُوَّةٖ وَمِن رِّبَاطِ ٱلۡخَيۡلِ تُرۡهِبُونَ بِهِۦ عَدُوَّ ٱللَّهِ وَعَدُوَّكُمۡ وَءَاخَرِينَ مِن دُونِهِمۡ لَا تَعۡلَمُونَهُمُ ٱللَّهُ يَعۡلَمُهُمۡۚ وَمَا تُنفِقُواْ مِن شَيۡءٖ فِي سَبِيلِ ٱللَّهِ يُوَفَّ إِلَيۡكُمۡ وَأَنتُمۡ لَا تُظۡلَمُونَ ۝٦٠
തഫ്സീർആയത്ത് 60
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങൾക്ക് ഒരുക്കാൻ കഴിയുന്നത്ര സംഘബലവും അമ്പെയ്ത്ത് പോലുള്ള ആയുധശേഷിയും നിങ്ങൾ സ്വരുക്കൂട്ടിക്കൊള്ളുക. കെട്ടിനിർത്തിയ കുതിരകളെയും അല്ലാഹുവിൻ്റെ മാർഗത്തിൽ നിങ്ങൾ ഒരുക്കി നിർത്തുക. അങ്ങനെ അല്ലാഹുവിൻ്റെയും നിങ്ങളുടെയും ശത്രുക്കളായ, നിങ്ങളുടെ നാശം കാത്തിരിക്കുന്ന നിഷേധികളെ നിങ്ങൾ ഭയപ്പെടുത്തുക. മറ്റൊരു വിഭാഗം ജനങ്ങളെയും അതിലൂടെ നിങ്ങൾ ഭയപ്പെടുത്തുന്നുണ്ട്; അവരെയോ അവർ നിങ്ങളോട് മനസ്സിൽ സൂക്ഷിക്കുന്ന ശത്രുതയോ നിങ്ങൾക്ക് അറിയില്ലെങ്കിലും അല്ലാഹു അവരെയും അവരുടെ മനസ്സുകളിൽ ഒളിപ്പിക്കുന്നതിനെയും അറിയുന്നുണ്ട്. നിങ്ങൾ ചെലവഴിക്കുന്നതെന്തും -അത് കുറവോ കൂടുതലോ ആകട്ടെ- അല്ലാഹു നിങ്ങൾക്ക് ഇഹലോകത്ത് തന്നെ അതിന് പകരം നൽകുന്നതാണ്. അതിൻ്റെ പ്രതിഫലമാകട്ടെ പരലോകത്ത് യാതൊരു കുറവുമില്ലാതെ അവൻ നിങ്ങൾക്ക് നൽകുകയും ചെയ്യും. അതിനാൽ അല്ലാഹുവിൻ്റെ മാർഗത്തിൽ ചെലവഴിക്കുന്നതിന് നിങ്ങൾ ധൃതികൂട്ടുക.
Source : QUL
61

ഇനി, അവര്‍ സമാധാനത്തിലേക്ക് ചായ്‌വ് കാണിക്കുകയാണെങ്കില്‍ നീയും അതിലേക്ക് ചായ്‌വ് കാണിക്കുകയും, അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവനാണ് എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍.

۞ وَإِن جَنَحُواْ لِلسَّلۡمِ فَٱجۡنَحۡ لَهَا وَتَوَكَّلۡ عَلَى ٱللَّهِۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡعَلِيمُ ۝٦١
തഫ്സീർആയത്ത് 61
ഇനി അവർ രമ്യതയിലേക്ക് നീങ്ങുകയും, നിന്നോട് യുദ്ധം ചെയ്യുന്നത് ഉപേക്ഷിക്കുകയുമാണെങ്കിൽ -അല്ലാഹുവിൻ്റെ റസൂലേ!- താങ്കളും അതിലേക്ക് തന്നെ ചായുക. അവരുമായി കരാറിലേർപ്പെടുകയും, അല്ലാഹുവിൻ്റെ മേൽ ഭരമേൽപ്പിക്കുകയും, അവനിൽ പ്രതീക്ഷയർപ്പിക്കുകയും ചെയ്യുക. അല്ലാഹു ഒരിക്കലും നിന്നെ പരാജയപ്പെടുത്തുന്നതല്ല. തീർച്ചയായും അവൻ അവരുടെ സംസാരങ്ങൾ കേൾക്കുന്നവനും (സമീഅ്) അവരുടെ മനസ്സിലെ ഉദ്ദേശങ്ങളും പ്രവർത്തനങ്ങളും നന്നായി അറിയുന്നവനും (അലീം) ആകുന്നു.
Source : QUL
62

ഇനി അവര്‍ നിന്നെ വഞ്ചിക്കാന്‍ ഉദ്ദേശിക്കുന്ന പക്ഷം തീര്‍ച്ചയായും നിനക്ക് അല്ലാഹു മതി. അവനാണ് അവന്‍റെ സഹായം മുഖേനയും, വിശ്വാസികള്‍ മുഖേനയും നിനക്ക് പിന്‍ബലം നല്‍കിയവന്‍.

وَإِن يُرِيدُوٓاْ أَن يَخۡدَعُوكَ فَإِنَّ حَسۡبَكَ ٱللَّهُۚ هُوَ ٱلَّذِيٓ أَيَّدَكَ بِنَصۡرِهِۦ وَبِٱلۡمُؤۡمِنِينَ ۝٦٢
തഫ്സീർആയത്ത് 62
അവർ രഞ്ജിപ്പിലേക്കും യുദ്ധം ഉപേക്ഷിക്കുന്നതിലേക്കും മാറിയത് നിന്നെ വഞ്ചിക്കുന്നതിനും, അതിലൂടെ നീയുമായി യുദ്ധം ചെയ്യാൻ തയ്യാറെടുക്കുന്നതിനും ആയിരുന്നെങ്കിൽ -അല്ലാഹുവിൻ്റെ റസൂലേ!- തീർച്ചയായും അവരുടെ കുതന്ത്രവും വഞ്ചനയും തടുക്കാൻ താങ്കൾക്ക് അല്ലാഹു മതിയായവനാണ്. അവനാകുന്നു തൻ്റെ സഹായം കൊണ്ട് താങ്കൾക്ക് ശക്തി നൽകിയവൻ. അല്ലാഹുവിൽ വിശ്വസിച്ച മുഹാജിറുകളെയും അൻസ്വാറുകളെയും കൊണ്ട് താങ്കളെ സഹായിച്ചവനും അവനത്രെ.
Source : QUL
63

അവരുടെ (വിശ്വാസികളുടെ) ഹൃദയങ്ങള്‍ തമ്മില്‍ അവന്‍ ഇണക്കിചേര്‍ക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലുള്ളത് മുഴുവന്‍ നീ ചെലവഴിച്ചാല്‍ പോലും അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ ഇണക്കിച്ചേര്‍ക്കാന്‍ നിനക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ തമ്മില്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു. തീര്‍ച്ചയായും അവന്‍ പ്രതാപിയും യുക്തിമാനുമാകുന്നു.

وَأَلَّفَ بَيۡنَ قُلُوبِهِمۡۚ لَوۡ أَنفَقۡتَ مَا فِي ٱلۡأَرۡضِ جَمِيعٗا مَّآ أَلَّفۡتَ بَيۡنَ قُلُوبِهِمۡ وَلَٰكِنَّ ٱللَّهَ أَلَّفَ بَيۡنَهُمۡۚ إِنَّهُۥ عَزِيزٌ حَكِيمٞ ۝٦٣
തഫ്സീർആയത്ത് 63
(ഇസ്ലാം സ്വീകരിക്കുന്നതിന് മുൻപ്) ഭിന്നിച്ചു നിലകൊണ്ടിരുന്ന, (അല്ലാഹുവിൽ) വിശ്വസിച്ചവരുടെ ഹൃദയങ്ങളെ കൂട്ടിയിണക്കിയത് അല്ലാഹുവാകുന്നു. അവരെ കൊണ്ടാണല്ലോ അല്ലാഹു താങ്കളെ സഹായിച്ചത്. ഭിന്നിച്ചു നിൽക്കുന്ന അവരുടെ ഹൃദയങ്ങളെ ഒരുമിപ്പിക്കുന്നതിനായി ഭൂമിയിലുള്ള മുഴുവൻ സമ്പത്തും താങ്കൾ ഉപയോഗപ്പെടുത്തിയിരുന്നെങ്കിലും അവയെ ഒരുമിച്ചു കൂട്ടാൻ താങ്കൾക്ക് കഴിയുമായിരുന്നില്ല. എന്നാൽ അല്ലാഹുവാകുന്നു അവരെ ഒരുമിച്ചു കൂട്ടിയത്. തീർച്ചയായും അവൻ തൻ്റെ അധികാരത്തിൽ മഹാപ്രതാപിയാകുന്നു; ഒരാൾക്കും അവനെ പരാജയപ്പെടുത്തുക സാധ്യമല്ല. തൻ്റെ വിധിനിർണ്ണയത്തിലും പ്രപഞ്ചനിയന്ത്രണത്തിലും മതനിയമങ്ങളിലും ഏറ്റവും യുക്തമായത് ചെയ്യുന്നവനുമാകുന്നു അവൻ.
Source : QUL
64

നബിയേ, നിനക്കും നിന്നെ പിന്‍പറ്റിയ സത്യവിശ്വാസികള്‍ക്കും അല്ലാഹു തന്നെ മതി.

يَٰٓأَيُّهَا ٱلنَّبِيُّ حَسۡبُكَ ٱللَّهُ وَمَنِ ٱتَّبَعَكَ مِنَ ٱلۡمُؤۡمِنِينَ ۝٦٤
തഫ്സീർആയത്ത് 64
നബിയേ! തീർച്ചയായും താങ്കളുടെ ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്ന് താങ്കളെയും താങ്കളോടൊപ്പമുള്ള മുഅ്മിനുകളെയും പ്രതിരോധിക്കാൻ അല്ലാഹു മതിയായവനാണ്. അതിനാൽ അല്ലാഹുവിൽ താങ്കൾ പ്രതീക്ഷയർപ്പിക്കുകയും അവനിൽ താങ്കൾ ഭരമേൽപ്പിക്കുകയും ചെയ്യുക.
Source : QUL
65

നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന് പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ ഇരുപത് പേരുണ്ടായിരുന്നാല്‍ ഇരുനൂറ് പേരെ അവര്‍ക്ക് ജയിച്ചടക്കാവുന്നതാണ്‌. നിങ്ങളുടെ കൂട്ടത്തില്‍ നൂറ് പേരുണ്ടായിരുന്നാല്‍ സത്യനിഷേധികളില്‍ നിന്ന് ആയിരം പേരെ അവര്‍ക്ക് ജയിച്ചടക്കാവുന്നതാണ്‌. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനവിഭാഗമാണ് എന്നതുകൊണ്ടത്രെ അത്‌.

يَٰٓأَيُّهَا ٱلنَّبِيُّ حَرِّضِ ٱلۡمُؤۡمِنِينَ عَلَى ٱلۡقِتَالِۚ إِن يَكُن مِّنكُمۡ عِشۡرُونَ صَٰبِرُونَ يَغۡلِبُواْ مِاْئَتَيۡنِۚ وَإِن يَكُن مِّنكُم مِّاْئَةٞ يَغۡلِبُوٓاْ أَلۡفٗا مِّنَ ٱلَّذِينَ كَفَرُواْ بِأَنَّهُمۡ قَوۡمٞ لَّا يَفۡقَهُونَ ۝٦٥
തഫ്സീർആയത്ത് 65
നബിയേ! അല്ലാഹുവിൽ വിശ്വസിച്ചവരെ താങ്കൾ യുദ്ധത്തിന് പ്രേരിപ്പിക്കുക. അവരുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തുകയും, ലക്ഷ്യം ഉന്നതമാക്കുകയും ചെയ്യുന്ന രൂപത്തിൽ അവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുക. അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹുവിനെ നിഷേധിച്ചവരുമായി യുദ്ധം ചെയ്യുന്നതിൽ ക്ഷമയോടെ നിലകൊള്ളുന്ന ഇരുപത് പേർ നിങ്ങളിൽ നിന്നുണ്ടെങ്കിൽ കാഫിറുകളിൽ നിന്നുള്ള ഇരുന്നൂറ് പേരെ അവർ വിജയിച്ചടക്കും. നിങ്ങളിൽ നിന്ന് ക്ഷമാശീലരായ നൂറ് പേരുണ്ടെങ്കിൽ അവർ കാഫിറുകളിലെ ആയിരം പേരെ വിജയിച്ചടക്കുന്നതാണ്. അല്ലാഹു അവൻ്റെ ഇഷ്ടദാസന്മാരെ സഹായിക്കുകയും, അവൻ്റെ ശത്രുക്കളെ തകർക്കുകയും ചെയ്യുന്നതാണ് എന്ന അല്ലാഹുവിൻ്റെ നടപടിക്രമം തിരിച്ചറിയാത്തവരാണ് കാഫിറുകൾ എന്നതാണ് അതിൻ്റെ പിന്നിലെ കാരണം. യുദ്ധത്തിന് പിന്നിലുള്ള ലക്ഷ്യവും അവർ തിരിച്ചറിയുന്നില്ല. ഭൂമിയിൽ ഔന്നത്യം നടിക്കാൻ മാത്രമത്രെ അവർ യുദ്ധം ചെയ്യുന്നത്.
Source : QUL
66

ഇപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക് ഭാരം കുറച്ച് തന്നിരിക്കുന്നു. നിങ്ങളില്‍ ബലഹീനതയുണ്ടെന്ന് അവന്‍ അറിയുകയും ചെയ്തിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ നൂറുപേരുണ്ടായിരുന്നാല്‍ അവര്‍ക്ക് ഇരുനൂറ് പേരെ ജയിച്ചടക്കാവുന്നതാണ്‌. നിങ്ങളുടെ കൂട്ടത്തില്‍ ആയിരം പേരുണ്ടായിരുന്നാല്‍ അല്ലാഹുവിന്‍റെ അനുമതി പ്രകാരം രണ്ടായിരം പേരെ അവര്‍ക്കു ജയിച്ചടക്കാവുന്നതാണ്‌.(22) അല്ലാഹു ക്ഷമാശീലരോടൊപ്പമാകുന്നു.

ٱلۡـَٰٔنَ خَفَّفَ ٱللَّهُ عَنكُمۡ وَعَلِمَ أَنَّ فِيكُمۡ ضَعۡفٗاۚ فَإِن يَكُن مِّنكُم مِّاْئَةٞ صَابِرَةٞ يَغۡلِبُواْ مِاْئَتَيۡنِۚ وَإِن يَكُن مِّنكُمۡ أَلۡفٞ يَغۡلِبُوٓاْ أَلۡفَيۡنِ بِإِذۡنِ ٱللَّهِۗ وَٱللَّهُ مَعَ ٱلصَّٰبِرِينَ ۝٦٦
തഫ്സീർആയത്ത് 66
അല്ലാഹുവിൽ വിശ്വസിച്ചവരേ! ഇപ്പോൾ അല്ലാഹു നിങ്ങൾക്ക് എളുപ്പമാക്കി തന്നിരിക്കുന്നു; കാരണം, നിങ്ങളുടെ ബലഹീനത അവൻ അറിഞ്ഞിരിക്കുന്നു. അതിനാൽ, നിങ്ങളോടുള്ള അനുകമ്പയാൽ അവൻ നിങ്ങൾക്ക് എളുപ്പം നൽകിയിരിക്കുന്നു. (യുദ്ധവേളയിൽ) (അല്ലാഹുവിനെ) നിഷേധിച്ച പത്തു പേർക്ക് മുൻപിൽ ഒരാൾ ഉറച്ചു നിൽക്കണമെന്നതിന് പകരം രണ്ട് പേർക്ക് മുൻപിൽ ഒരാൾ ഉറച്ചു നിന്നാൽ മതിയെന്ന് അവൻ നിയമമാക്കിയിരിക്കുന്നു. നിങ്ങളുടെ കൂട്ടത്തിൽ ക്ഷമാശീലരായ നൂറു പേരുണ്ടെങ്കിൽ (അല്ലാഹുവിനെ) നിഷേധിച്ചവരിൽ പെട്ട ഇരുന്നൂറ് പേരെ അവർ പരാജയപ്പെടുത്തുന്നതാണ്. ക്ഷമാശീലരായ ആയിരം പേർ നിങ്ങളിൽ നിന്നുണ്ടെങ്കിൽ അല്ലാഹുവിനെ നിഷേധിച്ചവരുടെ കൂട്ടത്തിൽ നിന്ന് രണ്ടായിരം പേരെ അവർ പരാജയപ്പെടുത്തുന്നതാണ്; അല്ലാഹുവിൻ്റെ അനുമതിയോടെ. ക്ഷമാശീലരായ മുഅ്മിനുകൾക്കൊപ്പം അവരെ പിന്തുണച്ചും സഹായിച്ചും അല്ലാഹുവുണ്ട്.
Source : QUL
67

ഒരു പ്രവാചകന്നും (ശത്രുക്കളെ കീഴടക്കി) നാട്ടില്‍ ശക്തി പ്രാപിക്കുന്നത് വരെ യുദ്ധത്തടവുകാരുണ്ടായിരിക്കാന്‍ പാടുള്ളതല്ല.(23) നിങ്ങള്‍ ഇഹലോകത്തെ ക്ഷണികമായ നേട്ടം ആഗ്രഹിക്കുന്നു.(24) അല്ലാഹുവാകട്ടെ പരലോകത്തെയും ഉദ്ദേശിക്കുന്നു. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.

مَا كَانَ لِنَبِيٍّ أَن يَكُونَ لَهُۥٓ أَسۡرَىٰ حَتَّىٰ يُثۡخِنَ فِي ٱلۡأَرۡضِۚ تُرِيدُونَ عَرَضَ ٱلدُّنۡيَا وَٱللَّهُ يُرِيدُ ٱلۡأٓخِرَةَۗ وَٱللَّهُ عَزِيزٌ حَكِيمٞ ۝٦٧
തഫ്സീർആയത്ത് 67
താനുമായി യുദ്ധത്തിലേർപ്പെട്ട, അല്ലാഹുവിനെ നിഷേധിച്ചവരിൽ (കാഫിറുകളിൽ) നിന്ന് തടവുകാരെ സ്വീകരിക്കുക എന്നത് ഒരു നബിക്കും പാടുള്ളതല്ല. അവരിൽ നിന്ന് ധാരാളം പേരെ കൊന്നൊടുക്കിയിട്ടല്ലാതെ. (അല്ലാഹുവിനെ) നിഷേധിച്ചവരുടെ ഹൃദയത്തിൽ ഭയം പ്രവേശിപ്പിക്കുന്നതിനും, അങ്ങനെ അവർ പിന്നീട് യുദ്ധത്തിന് വരാതിരിക്കുന്നതിനുമത്രെ അത്. അല്ലാഹുവിൽ വിശ്വസിച്ചവരേ! മോചനദ്രവ്യം സ്വീകരിച്ച് (മോചിപ്പിക്കുന്ന രൂപത്തിൽ) ബദ്റിലെ തടവുകാരെ കൈകാര്യം ചെയ്യാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. അല്ലാഹുവാകട്ടെ പരലോകമാണ് ഉദ്ദേശിക്കുന്നത്. ദീനിനെ വിജയിപ്പിച്ചു കൊണ്ടും, അതിന് ശക്തി പകർന്നു കൊണ്ടുമാണ് ആ പരലോകം നേടിയെടുക്കാൻ കഴിയുക. അല്ലാഹു അവൻ്റെ അസ്തിത്വത്തിലും വിശേഷണങ്ങളിലും അധീശത്വത്തിലും മഹാപ്രതാപിയാകുന്നു; ഒരാൾക്കും അവനെ പരാജയപ്പെടുത്തുക സാധ്യമല്ല. തൻ്റെ വിധിനിർണ്ണയത്തിലും മതനിയമങ്ങളിലും ഏറ്റവും യുക്തിമാനുമാകുന്നു അവൻ.
Source : QUL
68

അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു നിശ്ചയം മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ നിങ്ങള്‍ ആ വാങ്ങിയതിന്‍റെ പേരില്‍ നിങ്ങളെ വമ്പിച്ച ശിക്ഷ ബാധിക്കുകതന്നെ ചെയ്യുമായിരുന്നു.

لَّوۡلَا كِتَٰبٞ مِّنَ ٱللَّهِ سَبَقَ لَمَسَّكُمۡ فِيمَآ أَخَذۡتُمۡ عَذَابٌ عَظِيمٞ ۝٦٨
തഫ്സീർആയത്ത് 68
യുദ്ധാർജ്ജിത സ്വത്തുകളും തടവുകാരുടെ മോചനദ്രവ്യവും നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു എന്ന് അല്ലാഹു മുൻകൂട്ടി രേഖപ്പെടുത്തുകയും, അപ്രകാരം അവൻ വിധിക്കുകയും നിർണ്ണയിക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ അല്ലാഹുവിൽ നിന്നുള്ള കഠിനമായ ശിക്ഷ നിങ്ങളെ ബാധിക്കുക തന്നെ ചെയ്യുമായിരുന്നു. യുദ്ധാർജ്ജിത സ്വത്തും തടവുകാരുടെ മോചനദ്രവ്യവും നിങ്ങൾക്ക് അനുവദനീയമാണെന്ന് അറിയിക്കുന്ന അല്ലാഹുവിൻ്റെ സന്ദേശം വരുന്നതിന് മുൻപ് തന്നെ നിങ്ങൾ അവ സ്വീകരിച്ചതായിരുന്നു (ശിക്ഷ ബാധിക്കേണ്ടതിനുള്ള) കാരണം.
Source : QUL
69

എന്നാല്‍ (യുദ്ധത്തിനിടയില്‍) നിങ്ങള്‍ നേടിയെടുത്തതില്‍ നിന്ന് അനുവദനീയവും ഉത്തമവുമായത് നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു.

فَكُلُواْ مِمَّا غَنِمۡتُمۡ حَلَٰلٗا طَيِّبٗاۚ وَٱتَّقُواْ ٱللَّهَۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٞ ۝٦٩
തഫ്സീർആയത്ത് 69
അതിനാൽ -അല്ലാഹുവിൽ വിശ്വസിച്ചവരേ!- കാഫിറുകളിൽ നിന്ന് നിങ്ങൾ എടുത്ത യുദ്ധാർജ്ജിത സ്വത്തിൽ നിന്ന് നിങ്ങൾ ഭക്ഷിച്ചു കൊള്ളുക. അത് നിങ്ങൾക്ക് അനുവദനീയമാകുന്നു. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു അവനിൽ വിശ്വസിച്ച തൻ്റെ ദാസന്മാരോട് ഏറെ പൊറുക്കുന്നവനും (ഗഫൂർ), അവരോട് ധാരാളമായി കരുണ ചൊരിയുന്നവനുമാകുന്നു.
Source : QUL
70

നബിയേ, നിങ്ങളുടെ കൈവശമുള്ള യുദ്ധത്തടവുകാരോട് നീ പറയുക: നിങ്ങളുടെ ഹൃദയങ്ങളില്‍ വല്ല നന്‍മയുമുള്ളതായി അല്ലാഹു അറിയുന്ന പക്ഷം നിങ്ങളുടെ പക്കല്‍ നിന്ന് മേടിക്കപ്പെട്ടതിനേക്കാള്‍ ഉത്തമമായത് അവന്‍ നിങ്ങള്‍ക്ക് തരികയും നിങ്ങള്‍ക്ക് അവന്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു.

يَٰٓأَيُّهَا ٱلنَّبِيُّ قُل لِّمَن فِيٓ أَيۡدِيكُم مِّنَ ٱلۡأَسۡرَىٰٓ إِن يَعۡلَمِ ٱللَّهُ فِي قُلُوبِكُمۡ خَيۡرٗا يُؤۡتِكُمۡ خَيۡرٗا مِّمَّآ أُخِذَ مِنكُمۡ وَيَغۡفِرۡ لَكُمۡۚ وَٱللَّهُ غَفُورٞ رَّحِيمٞ ۝٧٠
തഫ്സീർആയത്ത് 70
നബിയേ! ബദ്ർ യുദ്ധദിനം നിങ്ങളുടെ കൈകളിൽ അകപ്പെട്ട ബഹുദൈവാരാധകരിലെ തടവുകാരോട് പറയുക: നിങ്ങളുടെ ഹൃദയങ്ങളിൽ നന്മയോടുള്ള ആഗ്രഹവും, നല്ല ഉദ്ദേശവും ഉള്ളതായി അല്ലാഹു അറിഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങളുടെ കയ്യിൽ നിന്ന് പിടിച്ചെടുക്കപ്പെട്ട മോചനദ്രവ്യത്തെക്കാൾ ഉത്തമമായത് അവൻ നിങ്ങൾക്ക് നൽകുന്നതാണ്. അതിനാൽ നിങ്ങളിൽ നിന്ന് പിടിച്ചെടുക്കപ്പെട്ടതിൽ നിങ്ങൾ വ്യസനിക്കേണ്ടതില്ല. അല്ലാഹു നിങ്ങളുടെ തെറ്റുകൾ നിങ്ങൾക്ക് പൊറുത്തു നൽകുകയും ചെയ്യുന്നതാണ്. തൻ്റെ ദാസന്മാരിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ധാരാളമായി പൊറുത്തു നൽകുന്നവനും അവരോട് അങ്ങേയറ്റം കരുണ ചൊരിയുന്നവനുമാകുന്നു അവൻ. പിൽക്കാലഘട്ടത്തിൽ ഇസ്ലാം സ്വീകരിച്ച നബി -ﷺ- യുടെ എളാപ്പയായ അബ്ബാസ് -رَضِيَ اللَّهُ عَنْهُ- വിനെ പോലുള്ളവർക്ക് ഈ ആയത്തിൽ അല്ലാഹു നൽകിയ വാഗ്ദാനം യാഥാർത്ഥ്യമായി തീർന്നിട്ടുണ്ട്.
Source : QUL
71

ഇനി നിന്നെ വഞ്ചിക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മുമ്പ് അവര്‍ അല്ലാഹുവോടും വഞ്ചന കാണിച്ചിട്ടുണ്ട്‌. അത് കൊണ്ടാണ് അവന്‍ അവരെ (നിങ്ങള്‍ക്കു) കീഴ്പെടുത്തിത്തന്നത്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

وَإِن يُرِيدُواْ خِيَانَتَكَ فَقَدۡ خَانُواْ ٱللَّهَ مِن قَبۡلُ فَأَمۡكَنَ مِنۡهُمۡۗ وَٱللَّهُ عَلِيمٌ حَكِيمٌ ۝٧١
തഫ്സീർആയത്ത് 71
അല്ലാഹുവിൻ്റെ റസൂലേ! സംസാരത്തിലൂടെ താങ്കളെ വഞ്ചിക്കാനാണ് അവർ ഉദ്ദേശിക്കുന്നതെങ്കിൽ ഇതിന് മുൻപ് അവർ അല്ലാഹുവിനെ വഞ്ചിട്ടുണ്ട്. അല്ലാഹുവാകട്ടെ, അവർക്ക് മേൽ താങ്കൾക്ക് സഹായം നൽകുകയും ചെയ്തു. അങ്ങനെ അവരിൽ നിന്ന് ധാരാളം പേർ കൊല്ലപ്പെടുകയും, തടവിലാക്കപ്പെടുകയും ചെയ്തു. അതിനാൽ ഇവർ ഇനിയും ഇത് ആവർത്തിക്കുകയാണെങ്കിൽ സമാനമായത് വീണ്ടും അവർ പ്രതീക്ഷിച്ചു കൊള്ളട്ടെ. അല്ലാഹു തൻ്റെ സൃഷ്ടികളെക്കുറിച്ചും അവർക്ക് അനുയോജ്യമായതിനെ കുറിച്ചും നന്നായി അറിയുന്നവനും (അലീം), ഏറ്റവും യുക്തമായ രൂപത്തിൽ കാര്യങ്ങളെ നിയന്ത്രിക്കുന്നവനും (ഹകീം) ആകുന്നു.
Source : QUL
72

തീര്‍ച്ചയായും വിശ്വസിക്കുകയും, സ്വദേശം വെടിഞ്ഞ് പോകുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്തവരും, അവര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും ചെയ്തവരും അന്യോന്യം ഉറ്റമിത്രങ്ങളാകുന്നു. വിശ്വസിക്കുകയും എന്നാല്‍ സ്വദേശം വെടിഞ്ഞ് പോകാതിരിക്കുകയും ചെയ്തവരോട് അവര്‍ സ്വദേശം വെടിഞ്ഞ് പോരുന്നത് വരെ നിങ്ങള്‍ക്ക് യാതൊരു സംരക്ഷണ ബാധ്യതയുമില്ല.(25) ഇനി മതകാര്യത്തില്‍ അവര്‍ നിങ്ങളുടെ സഹായം തേടുകയാണെങ്കില്‍ സഹായിക്കാന്‍ നിങ്ങള്‍ക്ക് ബാധ്യതയുണ്ട്‌. എന്നാല്‍ നിങ്ങളുമായി കരാറില്‍ ഏര്‍പെട്ടുകഴിയുന്ന ജനതക്കെതിരെ (നിങ്ങളവരെ സഹായിക്കാന്‍) പാടില്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു.

إِنَّ ٱلَّذِينَ ءَامَنُواْ وَهَاجَرُواْ وَجَٰهَدُواْ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡ فِي سَبِيلِ ٱللَّهِ وَٱلَّذِينَ ءَاوَواْ وَّنَصَرُوٓاْ أُوْلَٰٓئِكَ بَعۡضُهُمۡ أَوۡلِيَآءُ بَعۡضٖۚ وَٱلَّذِينَ ءَامَنُواْ وَلَمۡ يُهَاجِرُواْ مَا لَكُم مِّن وَلَٰيَتِهِم مِّن شَيۡءٍ حَتَّىٰ يُهَاجِرُواْۚ وَإِنِ ٱسۡتَنصَرُوكُمۡ فِي ٱلدِّينِ فَعَلَيۡكُمُ ٱلنَّصۡرُ إِلَّا عَلَىٰ قَوۡمِۭ بَيۡنَكُمۡ وَبَيۡنَهُم مِّيثَٰقٞۗ وَٱللَّهُ بِمَا تَعۡمَلُونَ بَصِيرٞ ۝٧٢
തഫ്സീർആയത്ത് 72
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ റസൂലിനെ സത്യപ്പെടുത്തുകയും, അല്ലാഹുവിൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കുകയും, അനിസ്ലാമിക രാജ്യത്ത് നിന്ന് ഇസ്ലാമിക രാജ്യത്തേക്ക് -അതല്ലെങ്കിൽ നിർഭയരായി അല്ലാഹുവിനെ ആരാധിക്കാൻ കഴിയുന്ന ഒരിടത്തേക്ക്- പാലായനം ചെയ്യുകയും, അല്ലാഹുവിൻ്റെ വചനം (ലാ ഇലാഹ ഇല്ലല്ലാഹ്) ഉന്നതമാക്കുന്നതിനായി തങ്ങളുടെ സമ്പത്തും ശരീരങ്ങളും ദാനം നൽകിക്കൊണ്ട് കഠിനപരിശ്രമത്തിൽ ഏർപ്പെടുകയും ചെയ്തവരും, (പാലായനം ചെയ്തു വന്നവരെ) തങ്ങളുടെ ഭവനങ്ങളിൽ സ്വീകരിക്കുകയും, അവരെ സഹായിക്കുകയും ചെയ്തവരും; ഈ രണ്ട് വിഭാഗവും -പാലായനം ചെയ്ത മുഹാജിറുകളും അവരെ സഹായിച്ച നാട്ടുകാരും പരസ്പരം സഹായിക്കുന്നതിലും പിന്തുണക്കുന്നതിലും ഉറ്റമിത്രങ്ങളാകുന്നു. എന്നാൽ അല്ലാഹുവിൽ വിശ്വസിക്കുകയും അനിസ്ലാമിക രാജ്യത്ത് നിന്ന് ഇസ്ലാമിക രാജ്യത്തേക്ക് പാലായനം ചെയ്യാതിരിക്കുകയും ചെയ്തവർ; -അല്ലാഹുവിൽ വിശ്വസിച്ചവരേ!- അക്കൂട്ടർ അല്ലാഹുവിൻ്റെ മാർഗത്തിൽ പാലായനം ചെയ്യുന്നത് വരെ അവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നത് നിങ്ങൾക്ക് മേൽ ബാധ്യതയില്ല. (അല്ലാഹുവിനെ) നിഷേധിച്ചവർ അവരോട് അതിക്രമം പ്രവർത്തിക്കുകയും, അവർ നിങ്ങളുടെ സഹായം ആവശ്യപ്പെടുകയുമാണെങ്കിൽ ശത്രുക്കൾക്കെതിരെ അവരെ നിങ്ങൾ സഹായിക്കുക; നിങ്ങൾക്കും അവരുടെ ശത്രുവിനും ഇടയിൽ ലംഘിക്കപ്പെടാത്ത ഒരു കരാറുണ്ടെങ്കിൽ ഒഴികെ. (അപ്പോൾ ആ കരാർ നിങ്ങൾ പാലിക്കുക). അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതുമാണ്.
Source : QUL
73

സത്യനിഷേധികളും അന്യോന്യം മിത്രങ്ങളാകുന്നു.(26) ഇത് (ഈ നിര്‍ദേശങ്ങള്‍) നിങ്ങള്‍ പ്രാവര്‍ത്തികമാക്കിയിട്ടില്ലെങ്കില്‍ നാട്ടില്‍ കുഴപ്പവും വലിയ നാശവും ഉണ്ടായിത്തീരുന്നതാണ്‌.

وَٱلَّذِينَ كَفَرُواْ بَعۡضُهُمۡ أَوۡلِيَآءُ بَعۡضٍۚ إِلَّا تَفۡعَلُوهُ تَكُن فِتۡنَةٞ فِي ٱلۡأَرۡضِ وَفَسَادٞ كَبِيرٞ ۝٧٣
തഫ്സീർആയത്ത് 73
അല്ലാഹുവിനെ നിഷേധിച്ചവർ; അവരുടെ നിഷേധമാണ് അവരെ ഒരുമിപ്പിക്കുന്നത്. അതിനാൽ അവർ പരസ്പരം സഹായിക്കുന്നതാണ്. അതിനാൽ, (അല്ലാഹുവിൽ) വിശ്വസിച്ച ഒരാൾ ഒരിക്കലും അവരെ ഉറ്റമിത്രങ്ങളാക്കുകയില്ല. നിങ്ങൾ (അല്ലാഹുവിൽ) വിശ്വസിച്ചവരുമായി ആത്മബന്ധം സ്ഥാപിക്കുകയും, (അല്ലാഹുവിനെ) നിഷേധിച്ചവരെ ശത്രുക്കളായി പരിഗണിക്കുകയും ചെയ്തില്ലെങ്കിൽ അത് (അല്ലാഹുവിൽ) വിശ്വസിച്ചവർക്ക് ഒരു കുഴപ്പമായി മാറുന്നതാണ്. കാരണം അവരുടെ മുസ്ലിം സഹോദരങ്ങളെ സഹായികളായി അവർക്ക് ലഭിക്കുന്നതല്ല. അങ്ങനെ അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തടയുക എന്ന വമ്പിച്ച കുഴപ്പം ഉടലെടുക്കുന്നതാണ്.
Source : QUL
74

വിശ്വസിക്കുകയും സ്വദേശം വെടിഞ്ഞ് പോകുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്തവരും,(27) അവര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും ചെയ്തവരും(28) തന്നെയാണ് യഥാര്‍ത്ഥത്തില്‍ സത്യവിശ്വാസികള്‍. അവര്‍ക്ക് പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കും.

وَٱلَّذِينَ ءَامَنُواْ وَهَاجَرُواْ وَجَٰهَدُواْ فِي سَبِيلِ ٱللَّهِ وَٱلَّذِينَ ءَاوَواْ وَّنَصَرُوٓاْ أُوْلَٰٓئِكَ هُمُ ٱلۡمُؤۡمِنُونَ حَقّٗاۚ لَّهُم مَّغۡفِرَةٞ وَرِزۡقٞ كَرِيمٞ ۝٧٤
തഫ്സീർആയത്ത് 74
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ മാർഗത്തിൽ (അനിസ്ലാമിക രാജ്യത്തു നിന്ന് ഇസ്ലാമിക രാജ്യത്തേക്ക്) പാലായനം ചെയ്തവരും, അവർക്ക് അഭയം നൽകുകയും അവരെ സഹായിക്കുകയും ചെയ്തവരും; അക്കൂട്ടർ തന്നെയാകുന്നു യഥാർത്ഥ വിശ്വാസത്തിൻ്റെ സ്വഭാവഗുണങ്ങളുള്ളവർ. അവരുടെ പ്രതിഫലം അല്ലാഹുവിൽ നിന്ന് അവരുടെ തെറ്റുകൾക്കുള്ള പാപമോചനവും, അവനിൽ നിന്നുള്ള മാന്യമായ ഉപജീവനം -അതായത് സ്വർഗവും- ആകുന്നു.
Source : QUL
75

അതിന് ശേഷം വിശ്വസിക്കുകയും, സ്വദേശം വെടിയുകയും, നിങ്ങളോടൊപ്പം സമരത്തില്‍ ഏര്‍പെടുകയും ചെയ്തവരും നിങ്ങളുടെ കൂട്ടത്തില്‍ തന്നെ. എന്നാല്‍ രക്തബന്ധമുള്ളവര്‍ അല്ലാഹുവിന്‍റെ രേഖയില്‍ (നിയമത്തില്‍) അന്യോന്യം കൂടുതല്‍ ബന്ധപ്പെട്ടവരാകുന്നു. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.

وَٱلَّذِينَ ءَامَنُواْ مِنۢ بَعۡدُ وَهَاجَرُواْ وَجَٰهَدُواْ مَعَكُمۡ فَأُوْلَٰٓئِكَ مِنكُمۡۚ وَأُوْلُواْ ٱلۡأَرۡحَامِ بَعۡضُهُمۡ أَوۡلَىٰ بِبَعۡضٖ فِي كِتَٰبِ ٱللَّهِۚ إِنَّ ٱللَّهَ بِكُلِّ شَيۡءٍ عَلِيمُۢ ۝٧٥
തഫ്സീർആയത്ത് 75
ഇസ്ലാമിലേക്ക് ആദ്യം കടന്നു വന്ന മുഹാജിറുകൾക്കും അൻസ്വാറുകൾക്കും ശേഷം ഇസ്ലാം സ്വീകരിക്കുകയും, അനിസ്ലാമിക രാജ്യത്ത് നിന്ന് ഇസ്ലാമിക രാജ്യത്തിലേക്ക് പാലായനം ചെയ്യുകയും, അല്ലാഹുവിൻ്റെ വചനം ഉന്നതമാകുന്നതിനും അവനെ നിഷേധിച്ചവരുടെ വാദം തകരുന്നതിനും വേണ്ടി അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുകയും ചെയ്തവർ; -അല്ലാഹുവിൽ വിശ്വസിച്ചവരേ!- അവർ നിങ്ങളിൽ പെട്ടവർ തന്നെയാണ്. നിങ്ങൾക്കുള്ള അവകാശങ്ങളെല്ലാം അവർക്കും ഉണ്ട്. നിങ്ങളുടെ മേലുള്ള നിർബന്ധ ബാധ്യതകളെല്ലാം അവർക്ക് മേലുമുണ്ട്. മുൻപ് അല്ലാഹുവിൽ വിശ്വസിക്കുകയും (മക്കയിൽ നിന്ന്) പാലായനം നടത്തുകയും ചെയ്തതിൻ്റെ പേരിലുണ്ടായിരുന്ന അനന്തരാവകാശത്തെക്കാൾ കുടുംബബന്ധമുള്ളവർ തമ്മിലാണ് അല്ലാഹുവിൻ്റെ നിയമത്തിൽ, അനന്തരാവകാശത്തിന് കൂടുതൽ അർഹതയുള്ളത്. തീർച്ചയായും, അല്ലാഹു എല്ലാ കാര്യങ്ങളും നന്നായി അറിയുന്നവനാകുന്നു. അവന് യാതൊരു കാര്യവും അവ്യക്തമാവുകയില്ല. തൻ്റെ അടിമകൾക്ക് പ്രയോജനകരമായത് എന്താണെന്ന് അവൻ ഏറ്റവും നന്നായി അറിയുന്നു. അതാണ് അവൻ അവർക്ക് നിയമമായി നിശ്ചയിച്ചു നൽകുന്നത്.
Source : QUL