Wednesday, 12 August 2026 Hijri: 03:08:27 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

അൽ കഹ്ഫ് الكهف Al-Kahf

Surah 18 മക്കിയ്യ • مكية • Makkiyah 110 ആയത്തുകൾ • 110 Ayahs

സൂറത്ത് അൽ കഹ്ഫ് (Al-Kahf)യിലെ 110 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Kahf.

1

തന്‍റെ ദാസന്‍റെ മേല്‍ വേദഗ്രന്ഥമവതരിപ്പിക്കുകയും, അതിന് ഒരു വക്രതയും വരുത്താതിരിക്കുകയും ചെയ്ത അല്ലാഹുവിന് സ്തുതി.

ٱلۡحَمۡدُ لِلَّهِ ٱلَّذِيٓ أَنزَلَ عَلَىٰ عَبۡدِهِ ٱلۡكِتَٰبَ وَلَمۡ يَجۡعَل لَّهُۥ عِوَجَاۜ ۝١
തഫ്സീർആയത്ത് 1
പൂർണ്ണതയുടെയും മഹത്വത്തിൻ്റെയും വിശേഷണങ്ങൾ ഉള്ളവനാണ് എന്നതു കൊണ്ടും, പ്രത്യക്ഷവും പരോക്ഷവുമായ അനുഗ്രഹങ്ങൾ കാരണത്താലും അല്ലാഹുവിന് മാത്രമാകുന്നു സർവ്വസ്തുതികളും. തൻ്റെ ദാസനും ദൂതനുമായ മുഹമ്മദ് നബി -ﷺ- യുടെ മേൽ ഖുർആൻ അവതരിപ്പിച്ചവനാകുന്നു അവൻ. ഈ ഖുർആനിന് അവൻ ഒരു വക്രതയോ സത്യത്തിൽ നിന്ന് അകലമോ അവൻ ഉണ്ടാക്കിയിട്ടില്ല.
Source : QUL
2

ചൊവ്വായ നിലയില്‍. തന്‍റെപക്കല്‍ നിന്നുള്ള കഠിനമായ ശിക്ഷയെപ്പറ്റി താക്കീത് നല്‍കുവാനും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് ഉത്തമമായ പ്രതിഫലമുണ്ട് എന്ന് സന്തോഷവാര്‍ത്ത അറിയിക്കുവാനും വേണ്ടിയത്രെ അത്‌.

قَيِّمٗا لِّيُنذِرَ بَأۡسٗا شَدِيدٗا مِّن لَّدُنۡهُ وَيُبَشِّرَ ٱلۡمُؤۡمِنِينَ ٱلَّذِينَ يَعۡمَلُونَ ٱلصَّٰلِحَٰتِ أَنَّ لَهُمۡ أَجۡرًا حَسَنٗا ۝٢
തഫ്സീർആയത്ത് 2
അല്ലാഹു ഖുർആനിനെ ചൊവ്വായ നിലയിലാക്കിയിരിക്കുന്നു. അതിൽ യാതൊരു വൈരുദ്ധ്യമോ ഭിന്നതയോ ഇല്ല. (അല്ലാഹുവിനെ) നിഷേധിച്ചവരെ കാത്തിരിക്കുന്ന, അല്ലാഹുവിൽ നിന്നുള്ള കഠിനമായ ശിക്ഷയെ കുറിച്ച് താക്കീത് നൽകുന്നതിന് വേണ്ടിയാകുന്നു അവൻ ഖുർആൻ അവതരിപ്പിച്ചത്. സൽകർമ്മങ്ങൾ പ്രവർത്തിക്കുന്ന, മുഅ്മിനുകൾക്ക് സന്തോഷംപകരുന്ന വാർത്ത അറിയിക്കുന്നതിനും; അതായത് ഒരു പ്രതിഫലവും കിടപിടിക്കാത്തത്ര ഉൽകൃഷ്ടമായ പ്രതിഫലം അവർക്കുണ്ട് എന്ന വാർത്ത അറിയിക്കുന്നതിന്.
Source : QUL
3

അത് (പ്രതിഫലം) അനുഭവിച്ച് കൊണ്ട് അവര്‍ എന്നെന്നും കഴിഞ്ഞുകൂടുന്നതായിരിക്കും.

مَّٰكِثِينَ فِيهِ أَبَدٗا ۝٣
തഫ്സീർആയത്ത് 3
അവർ ഈ പ്രതിഫലത്തിൽ എന്നെന്നും കഴിഞ്ഞു കൂടുന്നതായിരിക്കും; ഒരിക്കലും അത് അവസാനിക്കുകയില്ല.
Source : QUL
4

അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന് പറഞ്ഞവര്‍ക്ക് താക്കീത് നല്‍കുവാന്‍ വേണ്ടിയുമാകുന്നു.

وَيُنذِرَ ٱلَّذِينَ قَالُواْ ٱتَّخَذَ ٱللَّهُ وَلَدٗا ۝٤
തഫ്സീർആയത്ത് 4
അല്ലാഹു ഒരു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന് പറഞ്ഞ യഹൂദരെയും നസ്വാറാക്കളെയും ബഹുദൈവാരാധകരിൽ ചിലരെയും താക്കീത് ചെയ്യുന്നതിനുമാകുന്നു.
Source : QUL
5

അവര്‍ക്കാകട്ടെ, അവരുടെ പിതാക്കള്‍ക്കാകട്ടെ അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവരുടെ വായില്‍ നിന്ന് പുറത്ത് വരുന്ന ആ വാക്ക് ഗുരുതരമായിരിക്കുന്നു. അവര്‍ കള്ളമല്ലാതെ പറയുന്നില്ല.

مَّا لَهُم بِهِۦ مِنۡ عِلۡمٖ وَلَا لِأٓبَآئِهِمۡۚ كَبُرَتۡ كَلِمَةٗ تَخۡرُجُ مِنۡ أَفۡوَٰهِهِمۡۚ إِن يَقُولُونَ إِلَّا كَذِبٗا ۝٥
തഫ്സീർആയത്ത് 5
അല്ലാഹുവിന് ഒരു സന്താനമുണ്ട് എന്ന് ജൽപ്പിക്കുന്ന ഈ വ്യാജവാദികൾക്ക് അവർ പറഞ്ഞു കൊണ്ടിരിക്കുന്നതിനെ കുറിച്ച് യാതൊരു അറിവോ, എന്തെങ്കിലും തെളിവോ ഇല്ല. അവർ അന്ധമായി അനുകരിച്ചിരിക്കുന്ന അവരുടെ പിതാക്കന്മാർക്കും അതിനെ കുറിച്ച് ഒരു അറിവുമില്ല. ചിന്തിക്കാതെ അവരുടെ വായിൽ നിന്ന് പുറത്തു വന്നിരിക്കുന്ന ആ വാക്ക് കടുത്ത മ്ലേഛതയുള്ളതായിരിക്കുന്നു. അവർ പറയുന്നത് കളവല്ലാതെ മറ്റൊന്നുമല്ല. അതിന് യാതൊരു അടിസ്ഥാനമോ അവലംബമോ ഇല്ല.
Source : QUL
6

അതിനാല്‍ ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിച്ചില്ലെങ്കില്‍ അവര്‍ പിന്തിരിഞ്ഞ് പോയതിനെത്തുടര്‍ന്ന് (അതിലുള്ള) ദുഃഖത്താല്‍ നീ ജീവനൊടുക്കുന്നവനായേക്കാം.(1)

فَلَعَلَّكَ بَٰخِعٞ نَّفۡسَكَ عَلَىٰٓ ءَاثَٰرِهِمۡ إِن لَّمۡ يُؤۡمِنُواْ بِهَٰذَا ٱلۡحَدِيثِ أَسَفًا ۝٦
തഫ്സീർആയത്ത് 6
അല്ലാഹുവിൻ്റെ റസൂലേ! അവർ ഈ ഖുർആനിൽ വിശ്വസിച്ചില്ലെങ്കിൽ അതിലുള്ള ദുഃഖവും നിരാശയും കാരണത്താൽ താങ്കൾ സ്വന്തത്തെ നശിപ്പിച്ചേക്കാം. എന്നാൽ താങ്കൾ അപ്രകാരം ചെയ്യരുത്. അവരെ സന്മാർഗത്തിലാക്കുക എന്നത് താങ്കളുടെ മേൽ ബാധ്യതയില്ല. താങ്കളുടെ മേൽ ബാധ്യതയുള്ളത് എത്തിച്ചു നൽകുക എന്നത് മാത്രമാണ്.
Source : QUL
7

തീര്‍ച്ചയായും ഭൂമുഖത്തുള്ളതിനെ നാം അതിന് ഒരു അലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരില്‍ ആരാണ് ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് നാം പരീക്ഷിക്കുവാന്‍ വേണ്ടി.(2)

إِنَّا جَعَلۡنَا مَا عَلَى ٱلۡأَرۡضِ زِينَةٗ لَّهَا لِنَبۡلُوَهُمۡ أَيُّهُمۡ أَحۡسَنُ عَمَلٗا ۝٧
തഫ്സീർആയത്ത് 7
തീർച്ചയായും ഭൂമിക്ക് മുകളിലുള്ള സൃഷ്ടിജാലങ്ങൾക്ക് നാം ഭംഗി നൽകിയിരിക്കുന്നു; അവരിലാരാണ് അല്ലാഹുവിന് തൃപ്തികരമായ പ്രവർത്തനം ഏറ്റവും നന്നായി ചെയ്യുക എന്നും, ഏറ്റവും മോശമായി ചെയ്യുക എന്നും പരീക്ഷിക്കുന്നതിന് വേണ്ടിയത്രെ അത്. അങ്ങനെ എല്ലാവർക്കും അവർക്ക് അർഹമായ പ്രതിഫലം നൽകുന്നതിന് വേണ്ടിയും.
Source : QUL
8

തീര്‍ച്ചയായും അതിന്മേലുള്ളതെല്ലാം നശിപ്പിച്ച് നാം തന്നെ അതൊരു മൊട്ടയായ ഭൂപ്രദേശമാക്കി മാറ്റിക്കളയുന്നതുമാണ്‌.(3)

وَإِنَّا لَجَٰعِلُونَ مَا عَلَيۡهَا صَعِيدٗا جُرُزًا ۝٨
തഫ്സീർആയത്ത് 8
ഭൂമിക്ക് മുകളിലുള്ള സൃഷ്ടിജാലങ്ങളെയെല്ലാം ഒരു ചെടി പോലും ബാക്കിയില്ലാത്ത ഭൂമിയാക്കി നാം മാറ്റുന്നതാണ്. അതിൻ്റെ മുകളിലുള്ള സൃഷ്ടികളുടെ ജീവിതം അവസാനിച്ചതിന് ശേഷമായിരിക്കും അത്. അതിനാൽ അവർ അതിൽ നിന്ന് പാഠമുൾക്കൊള്ളട്ടെ.
Source : QUL
9

അതല്ല, ഗുഹയുടെയും റഖീമിന്‍റെയും ആളുകള്‍ നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കൂട്ടത്തില്‍ ഒരു അത്ഭുതമായിരുന്നുവെന്ന് നീ വിചാരിച്ചിരിക്കുകയാണോ?(4)

أَمۡ حَسِبۡتَ أَنَّ أَصۡحَٰبَ ٱلۡكَهۡفِ وَٱلرَّقِيمِ كَانُواْ مِنۡ ءَايَٰتِنَا عَجَبًا ۝٩
തഫ്സീർആയത്ത് 9
അല്ലാഹുവിൻ്റെ റസൂലേ! ഗുഹയുടെ ആളുകളുടെയും, അവരുടെ പേരുകൾ രേഖപ്പെടുത്തപ്പെട്ട ഏടിൻ്റെയും ചരിത്രം നമ്മുടെ അത്ഭുതകരമായ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണെന്ന് അങ്ങ് ധരിക്കേണ്ടതില്ല. മറിച്ച്, അവയല്ലാത്ത ദൃഷ്ടാന്തങ്ങളാണ് അതിനെക്കാൾ അത്ഭുതകരമായിട്ടുള്ളത്; ഉദാഹരണത്തിന് ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പ്.
Source : QUL
10

ആ യുവാക്കള്‍ ഗുഹയില്‍ അഭയം പ്രാപിച്ച സന്ദര്‍ഭം!(5) അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ പക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ നല്‍കുകയും ഞങ്ങളുടെ കാര്യം നേരാംവണ്ണം നിര്‍വഹിക്കുവാന്‍ നീ സൗകര്യം നല്‍കുകയും ചെയ്യേണമേ.

إِذۡ أَوَى ٱلۡفِتۡيَةُ إِلَى ٱلۡكَهۡفِ فَقَالُواْ رَبَّنَآ ءَاتِنَا مِن لَّدُنكَ رَحۡمَةٗ وَهَيِّئۡ لَنَا مِنۡ أَمۡرِنَا رَشَدٗا ۝١٠
തഫ്സീർആയത്ത് 10
അല്ലാഹുവിൻ്റെ റസൂലേ! (അല്ലാഹുവിൽ) വിശ്വസിച്ചിരുന്നവരായ ആ യുവാക്കൾ തങ്ങളുടെ മതവിശ്വാസവും കൊണ്ട് ഓടിരക്ഷപ്പെട്ട സന്ദർഭം സ്മരിക്കുക. തങ്ങളുടെ രക്ഷിതാവിനോട് പ്രാർത്ഥിക്കവെ അവർ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ! നിൻ്റെ പക്കൽ നിന്ന് നീ ഞങ്ങൾക്ക് കാരുണ്യം ചൊരിയേണമേ! അങ്ങനെ, ഞങ്ങളുടെ തിന്മകൾ പൊറുത്തു നൽകുകയും, ഞങ്ങളുടെ ശത്രുക്കളിൽ നിന്ന് ഞങ്ങളെ രക്ഷപ്പെടുത്തുകയും, നിഷേധികളിൽ നിന്നുള്ള പലായനത്തിലും നിന്നിൽ വിശ്വസിച്ചതിലും നീ ഞങ്ങൾക്ക് സത്യത്തിൻ്റെ മാർഗത്തിലേക്ക് വഴിനയിക്കുകയും സ്ഥൈര്യം നൽകുകയും ചെയ്യേണമേ!
Source : QUL
11

അങ്ങനെ കുറെയേറെ വര്‍ഷങ്ങള്‍ ആ ഗുഹയില്‍ വെച്ച് നാം അവരുടെ കാതുകള്‍ അടച്ചു (ഉറക്കിക്കളഞ്ഞു)(6)

فَضَرَبۡنَا عَلَىٰٓ ءَاذَانِهِمۡ فِي ٱلۡكَهۡفِ سِنِينَ عَدَدٗا ۝١١
തഫ്സീർആയത്ത് 11
അവർ ആ ഗുഹയിലേക്ക് യാത്ര പോവുകയും, അവിടെ അഭയം തേടുകയും ചെയ്ത ശേഷം നാം അവരുടെ കാതുകൾക്ക് ശബ്ദങ്ങൾ കേൾക്കുന്നതിൽ നിന്ന് ഒരു മറയിട്ടു. ധാരാളം വർഷങ്ങളോളം നാമവർക്ക് ഉറക്കം ഇട്ടുകൊടുക്കുകയും ചെയ്തു.
Source : QUL
12

പിന്നെ അവര്‍ (ഗുഹയില്‍) താമസിച്ച കാലത്തെപ്പറ്റി കൃത്യമായി അറിയുന്നവര്‍ ഇരുകക്ഷികളില്‍(7) ആരാണെന്ന് അറിയാന്‍ തക്കവണ്ണം അവരെ നാം എഴുന്നേല്‍പിച്ചു.

ثُمَّ بَعَثۡنَٰهُمۡ لِنَعۡلَمَ أَيُّ ٱلۡحِزۡبَيۡنِ أَحۡصَىٰ لِمَا لَبِثُوٓاْ أَمَدٗا ۝١٢
തഫ്സീർആയത്ത് 12
സുദീർഘമായ അവരുടെ ഉറക്കത്തിന് ശേഷം അവരെ നാം എഴുന്നേൽപ്പിച്ചു. എത്ര കാലം തങ്ങൾ ആ ഗുഹയിൽ കഴിച്ചു കൂട്ടിയെന്ന് തർക്കിക്കുന്ന അവരിൽ പെട്ട രണ്ട് കൂട്ടരിൽ ആർക്കാണ് ആ കാലദൈർഘ്യത്തെ കുറിച്ച് ഏറ്റവും നന്നായി അറിയുക എന്നത് നാം നേരത്തെ അറിയുന്നതിന് പുറമെ കണ്ടറിയുന്നതിന് വേണ്ടി.
Source : QUL
13

അവരുടെ വര്‍ത്തമാനം നാം നിനക്ക് യഥാര്‍ത്ഥ രൂപത്തില്‍ വിവരിച്ചുതരാം. തങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ച ഏതാനും യുവാക്കളായിരുന്നു അവര്‍. അവര്‍ക്കു നാം സന്മാര്‍ഗബോധം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

نَّحۡنُ نَقُصُّ عَلَيۡكَ نَبَأَهُم بِٱلۡحَقِّۚ إِنَّهُمۡ فِتۡيَةٌ ءَامَنُواْ بِرَبِّهِمۡ وَزِدۡنَٰهُمۡ هُدٗى ۝١٣
തഫ്സീർആയത്ത് 13
അല്ലാഹുവിൻ്റെ റസൂലേ! ഒരു സംശയവുമില്ലാത്ത രൂപത്തിൽ അവരുടെ ചരിത്രം സത്യസന്ധമായി നാം താങ്കൾക്ക് അറിയിച്ചു നൽകാം. തങ്ങളുടെ രക്ഷിതാവിൽ വിശ്വസിക്കുകയും, അവനെ അനുസരിച്ചു പ്രവർത്തിക്കുകയും ചെയ്തിരുന്ന കുറച്ച് യുവാക്കളായിരുന്നു അവർ. അവർക്ക് നാം സന്മാർഗവും സത്യമാർഗത്തിലുള്ള സ്ഥൈര്യവും കൂടുതൽ വർദ്ധിപ്പിച്ചു നൽകുകയും ചെയ്തു.
Source : QUL
14

ഞങ്ങളുടെ രക്ഷിതാവ് ആകാശഭൂമികളുടെ രക്ഷിതാവാകുന്നു. അവന്നു പുറമെ യാതൊരു ഇലാഹിനോടും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതേയല്ല, എങ്കില്‍ (അങ്ങനെ ഞങ്ങള്‍ ചെയ്യുന്ന പക്ഷം) തീര്‍ച്ചയായും ഞങ്ങള്‍ അന്യായമായ വാക്ക് പറഞ്ഞവരായിപ്പോകും' എന്ന് അവര്‍ എഴുന്നേറ്റുനിന്ന് പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ അവരുടെ ഹൃദയങ്ങള്‍ക്കു നാം കെട്ടുറപ്പ് നല്‍കുകയും ചെയ്തു.

وَرَبَطۡنَا عَلَىٰ قُلُوبِهِمۡ إِذۡ قَامُواْ فَقَالُواْ رَبُّنَا رَبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ لَن نَّدۡعُوَاْ مِن دُونِهِۦٓ إِلَٰهٗاۖ لَّقَدۡ قُلۡنَآ إِذٗا شَطَطًا ۝١٤
തഫ്സീർആയത്ത് 14
അവരുടെ ഹൃദയങ്ങൾക്ക് (അല്ലാഹുവിലുള്ള) വിശ്വാസത്തിൽ നാം ശക്തിയും സ്ഥൈര്യവും നൽകി. അതിന് വേണ്ടി തങ്ങളുടെ നാടുകൾ ഉപേക്ഷിക്കാനുള്ള ക്ഷമയും പകർന്നു നൽകി. (അല്ലാഹുവിനെ) നിഷേധിച്ചവനായിരുന്ന രാജാവിന് മുൻപിൽ അവർ അല്ലാഹുവിൽ മാത്രം വിശ്വസിക്കുന്നവരാണ് തങ്ങൾ എന്ന് എഴുന്നേറ്റു നിന്ന് പരസ്യമാക്കിയ സന്ദർഭത്തിലായിരുന്നു അത്. അവർ രാജാവിനോട് പറഞ്ഞു: ഞങ്ങൾ വിശ്വസിക്കുകയും, ആരാധിക്കുകയും ചെയ്യുന്ന ഞങ്ങളുടെ രക്ഷിതാവ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവാകുന്നു. അവന് പുറമെ നിരർത്ഥകമായി കെട്ടിയുണ്ടാക്കപ്പെട്ട ആരാധ്യന്മാരെ ഞങ്ങൾ ആരാധിക്കുകയില്ല. അങ്ങനെ അവന് പുറമെ ആരെയെങ്കിലും ഞങ്ങൾ ആരാധിക്കുന്നുവെങ്കിൽ സത്യത്തിൽ നിന്ന് വളരെ അകലെ നിലകൊള്ളുന്ന ഒരു വാക്ക് തന്നെയായിരിക്കും ഞങ്ങൾ പറഞ്ഞിരിക്കുക.
Source : QUL
15

ഞങ്ങളുടെ ഈ ജനത അവന്നു പുറമെ പല ആരാധ്യരെയും സ്വീകരിച്ചിരിക്കുന്നു. അവരെ (ആരാധ്യരെ) സംബന്ധിച്ച് വ്യക്തമായ യാതൊരു പ്രമാണവും ഇവര്‍ കൊണ്ടുവരാത്തതെന്താണ്‌? അപ്പോള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനെക്കാള്‍ അക്രമിയായി ആരുണ്ട്?

هَٰٓؤُلَآءِ قَوۡمُنَا ٱتَّخَذُواْ مِن دُونِهِۦٓ ءَالِهَةٗۖ لَّوۡلَا يَأۡتُونَ عَلَيۡهِم بِسُلۡطَٰنِۭ بَيِّنٖۖ فَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبٗا ۝١٥
തഫ്സീർആയത്ത് 15
ശേഷം അവർ പരസ്പരം നോക്കികൊണ്ട് പറഞ്ഞു: നമ്മുടെ ഈ സമൂഹം അല്ലാഹുവിന് പുറമെ ആരാധിക്കുവാനായി പല ആരാധ്യന്മാരെ സ്വീകരിച്ചിരിക്കുന്നു. തങ്ങളുടെ ആരാധനക്ക് എന്തെങ്കിലും ഒരു തെളിവ് അവരുടെ പക്കലില്ല. അല്ലാഹുവിന് ഒരു പങ്കാളിയുണ്ട് എന്ന് കള്ളം കെട്ടിച്ചമച്ചവനെക്കാൾ അതിക്രമിയായി മറ്റാരും തന്നെയില്ല.
Source : QUL
16

(അവര്‍ അന്യോന്യം പറഞ്ഞു:) അവരെയും അല്ലാഹു ഒഴികെ അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്നതിനെയും നിങ്ങള്‍ വിട്ടൊഴിഞ്ഞ സ്ഥിതിക്ക് നിങ്ങള്‍ ആ ഗുഹയില്‍ അഭയം പ്രാപിച്ചുകൊള്ളുക. നിങ്ങളുടെ രക്ഷിതാവ് അവന്‍റെ കാരുണ്യത്തില്‍ നിന്ന് നിങ്ങള്‍ക്ക് വിശാലമായി നല്‍കുകയും, നിങ്ങളുടെ കാര്യത്തില്‍ സൗകര്യമേര്‍പ്പെടുത്തിത്തരികയും ചെയ്യുന്നതാണ്‌.

وَإِذِ ٱعۡتَزَلۡتُمُوهُمۡ وَمَا يَعۡبُدُونَ إِلَّا ٱللَّهَ فَأۡوُۥٓاْ إِلَى ٱلۡكَهۡفِ يَنشُرۡ لَكُمۡ رَبُّكُم مِّن رَّحۡمَتِهِۦ وَيُهَيِّئۡ لَكُم مِّنۡ أَمۡرِكُم مِّرۡفَقٗا ۝١٦
തഫ്സീർആയത്ത് 16
നിങ്ങളുടെ ജനങ്ങളിൽ നിന്ന് നിങ്ങൾ അകലുകയും, അല്ലാഹുവിന് പുറമെ അവർ ആരാധിക്കുന്നതിനെ നിങ്ങൾ ഉപേക്ഷിക്കുകയും, അവനെയല്ലാതെ നിങ്ങൾ ആരാധിക്കുകയില്ല എന്നുമുള്ള സ്ഥിതിയിൽ നിങ്ങളുടെ മതം സംരക്ഷിക്കുന്നതിന് നിങ്ങൾ ആ ഗുഹയിൽ അഭയം തേടിക്കൊള്ളുക. നിങ്ങളുടെ രക്ഷിതാവ് അവൻ്റെ കാരുണ്യത്തിൽ നിന്ന് നിങ്ങൾക്ക് വിശാലമായി നൽകുകയും, അങ്ങനെ നിങ്ങളുടെ ശത്രുക്കളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യും. നിങ്ങളുടെ ജനതക്കിടയിൽ താമസിക്കുക എന്നത് നിങ്ങൾ ഉപേക്ഷിച്ചതിന് പകരമായി നിങ്ങൾക്ക് പ്രയോജനകരമായത് അവൻ എളുപ്പമാക്കി തരികയും ചെയ്യും.
Source : QUL
17

സൂര്യന്‍ ഉദിക്കുമ്പോള്‍ അതവരുടെ ഗുഹവിട്ട് വലതുഭാഗത്തേക്ക് മാറിപ്പോകുന്നതായും, അത് അസ്തമിക്കുമ്പോള്‍ അതവരെ വിട്ട് കടന്ന് ഇടത് ഭാഗത്തേക്ക് പോകുന്നതായും നിനക്ക് കാണാം. അവരാകട്ടെ അതിന്‍റെ (ഗുഹയുടെ) വിശാലമായ ഒരു ഭാഗത്താകുന്നു.(8) അത് അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് സന്‍മാര്‍ഗം പ്രാപിച്ചവന്‍. അവന്‍ ആരെ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ അവനെ നേര്‍വഴിയിലേക്ക് നയിക്കുന്ന ഒരു രക്ഷാധികാരിയെയും നീ കണ്ടെത്തുന്നതല്ല തന്നെ.

۞ وَتَرَى ٱلشَّمۡسَ إِذَا طَلَعَت تَّزَٰوَرُ عَن كَهۡفِهِمۡ ذَاتَ ٱلۡيَمِينِ وَإِذَا غَرَبَت تَّقۡرِضُهُمۡ ذَاتَ ٱلشِّمَالِ وَهُمۡ فِي فَجۡوَةٖ مِّنۡهُۚ ذَٰلِكَ مِنۡ ءَايَٰتِ ٱللَّهِۗ مَن يَهۡدِ ٱللَّهُ فَهُوَ ٱلۡمُهۡتَدِۖ وَمَن يُضۡلِلۡ فَلَن تَجِدَ لَهُۥ وَلِيّٗا مُّرۡشِدٗا ۝١٧
തഫ്സീർആയത്ത് 17
അങ്ങനെ അവർ കൽപ്പിക്കപ്പെട്ട കാര്യം പ്രാവർത്തികമാക്കി. അല്ലാഹു അവർക്ക് മേൽ ഉറക്കം ഇട്ടുകൊടുക്കുകയും, അവരുടെ ശത്രുക്കളിൽ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്തു. നീ അവരെ നോക്കുകയാണെങ്കിൽ, സൂര്യൻ കിഴക്ക് നിന്ന് ഉദിച്ചു കഴിഞ്ഞാൽ അതവരുടെ ഗുഹയുടെ വലതുഭാഗത്തുള്ള പ്രവേശനകവാടത്തിൽ നിന്ന് മാറിപ്പോകുന്നത് കാണാം. അസ്തമിക്കുമ്പോഴാകട്ടെ, അതവരുടെ ഇടതു ഭാഗത്തു കൂടെ മാറിപ്പോകുന്നതും കാണാം. അതിനാൽ എപ്പോഴും അവർ തണലിലാണ്; സൂര്യൻ്റെ ചൂട് അവരെ ബാധിക്കുന്നില്ല. ഗുഹയിൽ അവശ്യംവേണ്ട വിശാലതയിലാണവർ എന്നതിനാൽ അവർക്ക് ആവശ്യമുള്ള വായുസഞ്ചാരവും അതിലുണ്ട്. ഈ രൂപത്തിൽ അവർക്ക് ഗുഹയിൽ അഭയം നൽകിയതും, അവർക്ക് മേൽ ഉറക്കം ഇട്ടുനൽകിയതും, സൂര്യൻ അവരിൽ നിന്ന് മാറിപ്പോകുന്നതും, അവരുടെ വാസസ്ഥലം വിശാലമാക്കിയതും, അവരുടെ നാട്ടിൽ നിന്ന് അവരെ രക്ഷപ്പെടുത്തിയതുമെല്ലാം അല്ലാഹുവിൻ്റെ ശക്തി തെളിയിക്കുന്ന അവൻ്റെ അത്ഭുതകരമായ പ്രവൃത്തികൾ തന്നെ. ആരെയെങ്കിലും സന്മാർഗത്തിൻ്റെ വഴിയിലേക്ക് അല്ലാഹു നയിക്കുന്നെങ്കിൽ അവനാകുന്നു യഥാർത്ഥത്തിൽ സന്മാർഗം സ്വീകരിച്ചിട്ടുള്ളവൻ. ആരെയെങ്കിലും അത് നൽകാതെ അല്ലാഹുകൈവെടിയുകയും, വഴികേടിലാക്കുകയും ചെയ്തുവെങ്കിൽ അവന് സന്മാർഗത്തിലേക്ക് സൗകര്യം ചെയ്തു നൽകുകയും, വഴികാണിച്ചു നൽകുകയും ചെയ്യുന്ന ഒരു സഹായിയെയും നിനക്ക് കണ്ടെത്താൻ കഴിയില്ല. കാരണം സന്മാർഗം നൽകുക എന്നത് അല്ലാഹുവിൻ്റെ അധീനതയിൽ മാത്രമാണ്. മറ്റാരുടെയും കയ്യിലല്ല.
Source : QUL
18

അവര്‍ ഉണര്‍ന്നിരിക്കുന്നവരാണ് എന്ന് നീ ധരിച്ച് പോകും. (വാസ്തവത്തില്‍) അവര്‍ ഉറങ്ങുന്നവരത്രെ. നാമവരെ വലത്തോട്ടും ഇടത്തോട്ടും മറിച്ചുകൊണ്ടിരിക്കുന്നു. അവരുടെ നായ ഗുഹാമുഖത്ത് അതിന്‍റെ രണ്ട് കൈകളും നീട്ടിവെച്ചിരിക്കുകയാണ്‌. അവരുടെ നേര്‍ക്ക് നീ എത്തി നോക്കുന്ന പക്ഷം നീ അവരില്‍ നിന്ന് പിന്തിരിഞ്ഞോടുകയും, അവരെപ്പറ്റി നീ ഭീതി പൂണ്ടവനായിത്തീരുകയും ചെയ്യും.

وَتَحۡسَبُهُمۡ أَيۡقَاظٗا وَهُمۡ رُقُودٞۚ وَنُقَلِّبُهُمۡ ذَاتَ ٱلۡيَمِينِ وَذَاتَ ٱلشِّمَالِۖ وَكَلۡبُهُم بَٰسِطٞ ذِرَاعَيۡهِ بِٱلۡوَصِيدِۚ لَوِ ٱطَّلَعۡتَ عَلَيۡهِمۡ لَوَلَّيۡتَ مِنۡهُمۡ فِرَارٗا وَلَمُلِئۡتَ مِنۡهُمۡ رُعۡبٗا ۝١٨
തഫ്സീർആയത്ത് 18
അവരെ നീ നോക്കുകയാണെങ്കിൽ, കണ്ണുകൾ തുറന്നിരിക്കുന്നതിനാൽ അവർ ഉണർന്നിരിക്കുന്നവരാണ് എന്ന് നീ ധരിച്ചു പോകും. എന്നാൽ യഥാർത്ഥത്തിൽ അവർ ഉറക്കത്തിലാണ്. അവരുടെ ഉറക്കത്തിൽ ചിലപ്പോൾ വലത്തോട്ടും, മറ്റുചിലപ്പോൾ ഇടത്തോട്ടും നാമവരെ മറിക്കുന്നുണ്ട്. ഭൂമി അവരുടെ ശരീരം ഭക്ഷിച്ചു തുടങ്ങാതിരിക്കാനാണത്. അവരുടെ കൂടെത്തന്നെയുള്ള അവരുടെ നായ ഗുഹയുടെ പ്രവേശനകവാടത്തിൽ അതിൻ്റെ രണ്ടു കൈകളും നീട്ടിവെച്ചിരിക്കുന്നുണ്ട്. നീ അവരെ എത്തിനോക്കുകയും, അവരെ കണ്ടുപോവുകയുമാണെങ്കിൽ ഭയം കാരണത്താൽ നീ അവരിൽ നിന്ന് ഓടിരക്ഷപ്പെട്ടേക്കും. നിൻ്റെ മനസ്സ് അവരെ കൊണ്ടുള്ള ഭീതി നിറയുകയും ചെയ്യും.
Source : QUL
19

അപ്രകാരം - അവര്‍ അന്യോന്യം ചോദ്യം നടത്തുവാന്‍ തക്കവണ്ണം - നാം അവരെ എഴുന്നേല്‍പിച്ചു.(9) അവരില്‍ ഒരാള്‍ ചോദിച്ചു: നിങ്ങളെത്ര കാലം (ഗുഹയില്‍) കഴിച്ചുകൂട്ടി? മറ്റുള്ളവര്‍ പറഞ്ഞു: നാം ഒരു ദിവസമോ ഒരു ദിവസത്തിന്‍റെ അല്‍പഭാഗമോ കഴിച്ചുകൂട്ടിയിരിക്കും. മറ്റു ചിലര്‍ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവാകുന്നു നിങ്ങള്‍ കഴിച്ചുകൂട്ടിയതിനെപ്പറ്റി ശരിയായി അറിയുന്നവന്‍. എന്നാല്‍ നിങ്ങളില്‍ ഒരാളെ നിങ്ങളുടെ ഈ വെള്ളിനാണയവും കൊണ്ട് പട്ടണത്തിലേക്ക് അയക്കുക. അവിടെ ആരുടെ പക്കലാണ് ഏറ്റവും നല്ല ഭക്ഷണമുള്ളത് എന്ന് നോക്കിയിട്ട് അവിടെ നിന്ന് നിങ്ങള്‍ക്ക് അവന്‍ വല്ല ആഹാരവും കൊണ്ടുവരട്ടെ. അവന്‍ കരുതലോടെ പെരുമാറട്ടെ. നിങ്ങളെപ്പറ്റി അവന്‍ യാതൊരാളെയും അറിയിക്കാതിരിക്കട്ടെ.

وَكَذَٰلِكَ بَعَثۡنَٰهُمۡ لِيَتَسَآءَلُواْ بَيۡنَهُمۡۚ قَالَ قَآئِلٞ مِّنۡهُمۡ كَمۡ لَبِثۡتُمۡۖ قَالُواْ لَبِثۡنَا يَوۡمًا أَوۡ بَعۡضَ يَوۡمٖۚ قَالُواْ رَبُّكُمۡ أَعۡلَمُ بِمَا لَبِثۡتُمۡ فَٱبۡعَثُوٓاْ أَحَدَكُم بِوَرِقِكُمۡ هَٰذِهِۦٓ إِلَى ٱلۡمَدِينَةِ فَلۡيَنظُرۡ أَيُّهَآ أَزۡكَىٰ طَعَامٗا فَلۡيَأۡتِكُم بِرِزۡقٖ مِّنۡهُ وَلۡيَتَلَطَّفۡ وَلَا يُشۡعِرَنَّ بِكُمۡ أَحَدًا ۝١٩
തഫ്സീർആയത്ത് 19
അവരുടെ കാര്യത്തിൽ നാം ചെയ്ത അത്ഭുതപ്രവൃത്തികൾ പോലെ, ധാരാളം കാലശേഷം നാമവരെ എഴുന്നേൽപ്പിച്ചു. ആ ഗുഹയിൽ എത്ര കാലം ഉറങ്ങിക്കഴിച്ചു കൂട്ടി എന്നവർ പരസ്പരം ചോദിക്കുന്നതിന് വേണ്ടി. അവരിൽ ചിലർ മറുപടി പറഞ്ഞു: നാം ഒരു ദിവസമോ, ഒരു ദിവസത്തിൻ്റെ കുറച്ചു ഭാഗമോ ഉറക്കത്തിലായി കഴിച്ചു കൂട്ടിയിട്ടുണ്ട്. എത്ര കാലം ഉറങ്ങിപ്പോയി എന്നത് വ്യക്തമായി മനസ്സിലായിട്ടില്ലാത്ത ചിലർ പറഞ്ഞു: നിങ്ങൾ എത്ര സമയം ഉറങ്ങി എന്നത് നിങ്ങളുടെ രക്ഷിതാവിന് നന്നായി അറിയാം. അതിനാൽ അതിനെ കുറിച്ചുള്ള അറിവ് അവനിലേക്ക് നിങ്ങൾ വിട്ടുനൽകുകയും, നിങ്ങൾക്ക് ഉപകാരപ്രദമായ എന്തെങ്കിലും കാര്യത്തിൽ വ്യാപൃതരാവുകയും ചെയ്യുക. അതിനാൽ നിങ്ങളുടെ കയ്യിലുള്ള വെള്ളിനാണയങ്ങളുമായി, കൂട്ടത്തിൽ ആരെയെങ്കിലും നമുക്ക് പരിചയമുള്ള നമ്മുടെ പട്ടണത്തിലേക്ക് അയക്കുക. ചന്തയിൽ ഏറ്റവും ശുദ്ധിയുള്ള ഭക്ഷവും ഏറ്റവും നല്ല സമ്പാദ്യമാർഗവും സ്വീകരിച്ചിരിക്കുന്നവൻ ആരാണെന്ന് അവൻ കണ്ടെത്തട്ടെ. അവിടെ നിന്ന് നിങ്ങൾക്കുള്ള ഭക്ഷണവുമായി അവൻ വന്നെത്തുകയും ചെയ്യട്ടെ. പട്ടണത്തിൽ പ്രവേശിക്കുമ്പോഴും അവിടെ നിന്ന് പോരുമ്പോഴും ആളുകളുമായി ഇടപഴകുമ്പോഴും അവൻ അവധാനത പുലർത്തുകയും ചെയ്യട്ടെ. അവൻ ശ്രദ്ധാലുവായി നിലകൊള്ളട്ടെ. നിങ്ങളുടെ സ്ഥലം അറിയാൻ ആർക്കും അവൻ അവസരം കൊടുക്കാതിരിക്കുകയും ചെയ്യട്ടെ. അങ്ങനെ സംഭവിച്ചാൽ അത് ഭീമമായ ഉപദ്രവമാണ് ഉണ്ടാക്കുക.
Source : QUL
20

തീര്‍ച്ചയായും നിങ്ങളെപ്പറ്റി അവര്‍ക്ക് അറിവ് ലഭിച്ചാല്‍ അവര്‍ നിങ്ങളെ എറിഞ്ഞുകൊല്ലുകയോ, അവരുടെ മതത്തിലേക്ക് മടങ്ങാന്‍ നിങ്ങളെ നിര്‍ബന്ധിക്കുകയോ ചെയ്യും. എങ്കില്‍ (അങ്ങനെ നിങ്ങള്‍ മടങ്ങുന്ന പക്ഷം) നിങ്ങളൊരിക്കലും വിജയിക്കുകയില്ല തന്നെ.

إِنَّهُمۡ إِن يَظۡهَرُواْ عَلَيۡكُمۡ يَرۡجُمُوكُمۡ أَوۡ يُعِيدُوكُمۡ فِي مِلَّتِهِمۡ وَلَن تُفۡلِحُوٓاْ إِذًا أَبَدٗا ۝٢٠
തഫ്സീർആയത്ത് 20
തീർച്ചയായും നിങ്ങളുടെ ജനത നിങ്ങളെ കുറിച്ച് അറിയുകയും, നിങ്ങളുടെ സ്ഥാനം മനസ്സിലാക്കുകയും ചെയ്താൽ നിങ്ങളെ കല്ലെറിഞ്ഞു കൊല്ലുകയോ, അതല്ലെങ്കിൽ മുൻപ് -അല്ലാഹു നിങ്ങൾക്ക് സന്മാർഗം നൽകിക്കൊണ്ട് നിങ്ങളുടെ മേൽ അനുഗ്രഹം ചൊരിയുന്നതിന് മുൻപ്- നിങ്ങൾ നിലകൊണ്ടിരുന്ന അവരുടെ വഴിപിഴച്ച മതത്തിലേക്ക് നിങ്ങളെ തിരിച്ചു കൊണ്ടുപോവുകയോ ചെയ്യും. നിങ്ങളെങ്ങാനും അതിലേക്ക് തിരിച്ചു പോയാൽ ഒരിക്കലും -ഇഹലോകത്താകട്ടെ പരലോകത്താകട്ടെ- നിങ്ങൾ വിജയിക്കുകയില്ല. മറിച്ച്, അല്ലാഹു നിങ്ങൾക്ക് സന്മാർഗം നൽകിയ നിങ്ങളുടെ സത്യമതം ഉപേക്ഷിക്കുകയും, ആ പിഴച്ച മതത്തിലേക്ക് തിരിച്ചു പോവുകയും ചെയ്തതിൻ്റെ ഫലമായി രണ്ടിടത്തും -ഇഹപരലോകങ്ങളിൽ- ഭീമമായ പരാജയമായിരിക്കും നിങ്ങൾ നേരിടുക.
Source : QUL
21

അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണെന്നും, അന്ത്യസമയത്തിന്‍റെ കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അവര്‍ (ജനങ്ങള്‍) മനസ്സിലാക്കുവാന്‍ വേണ്ടി നാം അവരെ (ഗുഹാവാസികളെ) കണ്ടെത്താന്‍ അപ്രകാരം അവസരം നല്‍കി.(10) അവര്‍ അന്യോന്യം അവരുടെ (ഗുഹാവാസികളുടെ) കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) അവര്‍ (ഒരു വിഭാഗം) പറഞ്ഞു: നിങ്ങള്‍ അവരുടെ മേല്‍ ഒരു കെട്ടിടം നിര്‍മിക്കുക. അവരുടെ രക്ഷിതാവ് അവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ പറഞ്ഞു: നമുക്ക് അവരുടെ മേല്‍ ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം.(11)

وَكَذَٰلِكَ أَعۡثَرۡنَا عَلَيۡهِمۡ لِيَعۡلَمُوٓاْ أَنَّ وَعۡدَ ٱللَّهِ حَقّٞ وَأَنَّ ٱلسَّاعَةَ لَا رَيۡبَ فِيهَآ إِذۡ يَتَنَٰزَعُونَ بَيۡنَهُمۡ أَمۡرَهُمۡۖ فَقَالُواْ ٱبۡنُواْ عَلَيۡهِم بُنۡيَٰنٗاۖ رَّبُّهُمۡ أَعۡلَمُ بِهِمۡۚ قَالَ ٱلَّذِينَ غَلَبُواْ عَلَىٰٓ أَمۡرِهِمۡ لَنَتَّخِذَنَّ عَلَيۡهِم مَّسۡجِدٗا ۝٢١
തഫ്സീർആയത്ത് 21
അവരെ വർഷങ്ങളോളം ഉറക്കികിടത്തുകയും, അതിന് ശേഷം ഉയിർത്തെഴുന്നേൽപ്പിക്കുകയും ചെയ്തു കൊണ്ട് അവർക്ക് മേൽ നാം പ്രവർത്തിച്ച അത്ഭുതങ്ങൾ പോലെ, അവരുടെ നാട്ടുകാർക്ക് അവരെ നാം കാണിച്ചു കൊടുത്തു. അല്ലാഹു അവനിൽ വിശ്വസിച്ചവരെ സഹായിക്കുമെന്നും, മനുഷ്യരെ അവൻ പുനരുജ്ജീവിപ്പിക്കുമെന്നുമുള്ള അവൻ്റെ വാഗ്ദാനം സത്യമാണെന്നും, അന്ത്യനാൾ സംഭവിക്കുന്നതാണെന്നും അതിൽ യാതൊരു സംശയവുമില്ലെന്നും അവരുടെ നാട്ടുകാർ അറിയുന്നതിന് വേണ്ടിയായിരുന്നു അത്. അങ്ങനെ ആ ഗുഹാവാസികളുടെ കാര്യം വ്യക്തമാവുകയും, അവർ മരിക്കുകയും ചെയ്തപ്പോൾ അവരെ കണ്ടെത്തിയ ജനങ്ങൾ എന്താണ് ഇവരെ ചെയ്യേണ്ടത് എന്ന കാര്യത്തിൽ അഭിപ്രായഭിന്നതയിലായി. അവരിൽ പെട്ട ഒരു വിഭാഗം പറഞ്ഞു: അവരുടെ ഗുഹയുടെ വാതിലിന് മുൻപിൽ അവരെ സംരക്ഷിക്കുകയും മറച്ചു പിടിക്കുകയും ചെയ്യുന്ന നിലയിൽ ഒരു കെട്ടിടം പണിയുക. അവരുടെ രക്ഷിതാവായ അല്ലാഹുവിന് അവരുടെ അവസ്ഥകൾ നന്നായി അറിയാം. അവർക്കുണ്ടായ ഈ സംഭവങ്ങളിൽ നിന്ന് അല്ലാഹുവിങ്കൽ അവർക്ക് പ്രത്യേകതയുണ്ട് എന്ന് മനസ്സിലാക്കാം. കാര്യങ്ങൾ നടപ്പിലാക്കാൻ ശേഷിയുണ്ടായിരുന്ന, അറിവോ ശരിയായ വാദഗതികളോ ഇല്ലാതിരുന്ന ഒരു കൂട്ടർ പറഞ്ഞു: അവരുടെ ഈ സ്ഥാനത്ത് നമുക്ക് ഒരു മസ്ജിദ് നിർമ്മിക്കാം. അവർക്കുള്ള ആദരവും, അവരുടെ സ്ഥാനത്തെ കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തലുമായി അത് നിലകൊള്ളും.
Source : QUL
22

അവര്‍ (ജനങ്ങളില്‍ ഒരു വിഭാഗം) പറയും; (ഗുഹാവാസികള്‍) മൂന്ന് പേരാണ്‌, നാലാമത്തെത് അവരുടെ നായയാണ് എന്ന്‌. ചിലര്‍ പറയും: അവര്‍ അഞ്ചുപേരാണ്‌; ആറാമത്തെത് അവരുടെ നായയാണ് എന്ന്‌. അദൃശ്യകാര്യത്തെപ്പറ്റിയുള്ള ഊഹം പറയല്‍ മാത്രമാണത്‌. ചിലര്‍ പറയും: അവര്‍ ഏഴു പേരാണ്‌. എട്ടാമത്തെത് അവരുടെ നായയാണ് എന്ന്.(12) (നബിയേ) പറയുക; എന്‍റെ രക്ഷിതാവ് അവരുടെ എണ്ണത്തെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്‌. ചുരുക്കം പേരല്ലാതെ അവരെപ്പറ്റി അറിയുകയില്ല. അതിനാല്‍ വ്യക്തമായ അറിവിന്‍റെ അടിസ്ഥാനത്തിലല്ലാതെ അവരുടെ വിഷയത്തില്‍ തര്‍ക്കിക്കരുത്‌.(13) അവരില്‍ (ജനങ്ങളില്‍) ആരോടും അവരുടെ കാര്യത്തില്‍ നീ അഭിപ്രായം ആരായുകയും ചെയ്യരുത്‌.

سَيَقُولُونَ ثَلَٰثَةٞ رَّابِعُهُمۡ كَلۡبُهُمۡ وَيَقُولُونَ خَمۡسَةٞ سَادِسُهُمۡ كَلۡبُهُمۡ رَجۡمَۢا بِٱلۡغَيۡبِۖ وَيَقُولُونَ سَبۡعَةٞ وَثَامِنُهُمۡ كَلۡبُهُمۡۚ قُل رَّبِّيٓ أَعۡلَمُ بِعِدَّتِهِم مَّا يَعۡلَمُهُمۡ إِلَّا قَلِيلٞۗ فَلَا تُمَارِ فِيهِمۡ إِلَّا مِرَآءٗ ظَٰهِرٗا وَلَا تَسۡتَفۡتِ فِيهِم مِّنۡهُمۡ أَحَدٗا ۝٢٢
തഫ്സീർആയത്ത് 22
അവരുടെ കഥയിൽ മുഴുകുകയും അവരുടെ എണ്ണത്തെ കുറിച്ച് അറിയുന്നതിൽ വ്യാപൃതരാവുകയും ചെയ്തിട്ടുള്ള ചിലർ പറയും: അവർ മൂന്ന് പേരുണ്ടായിരുന്നു; നാലാമത്തേത് അവരുടെ നായയായിരുന്നു. മറ്റു ചിലർ പറയും: അവർ അഞ്ചു പേരുണ്ടായിരുന്നു; ആറാമത്തേത് അവരുടെ നായയായിരുന്നു. ഈ രണ്ട് വിഭാഗങ്ങളും ഈ അഭിപ്രായങ്ങൾ പറഞ്ഞത് ഒരു തെളിവിൻ്റെയും അടിത്തറയില്ലാതെ കേവല ഊഹത്തെ അവലംബിച്ചു കൊണ്ടാണ്. അവരിൽ ചിലർ പറയും: അവർ ഏഴുപേരുണ്ടായിരുന്നു; എട്ടാമത്തേത് അവരുടെ നായയായിരുന്നു. അല്ലാഹുവിൻ്റെ റസൂലേ! പറയുക: അവരുടെ എണ്ണത്തെ കുറിച്ച് എൻ്റെ രക്ഷിതാവിന് നന്നായി അറിയാം. അല്ലാഹു അറിയിച്ചു നൽകിയ കുറഞ്ഞ ചിലർക്കല്ലാതെ അവരുടെ എണ്ണം അറിയുകയില്ല. അതിനാൽ അവരുടെ എണ്ണത്തിൻ്റെ കാര്യത്തിലോ, അവരുടെ ചരിത്രത്തെ കുറിച്ചോ മറ്റോ വേദക്കാരോടോ അല്ലാത്തവരോടോ നീ തർക്കങ്ങളിൽ ഏർപ്പെടരുത്. ആഴത്തിൽ കടക്കാതെയുള്ള, ഒരു ബാഹ്യമായ തർക്കം ഒഴികെ. അവരുടെ വിഷയത്തിൽ നിനക്ക് സന്ദേശം നൽകപ്പെട്ട വിവരത്തിൽ മാത്രം നീ ഒതുങ്ങി നിൽക്കുക. അവരോട് ആരോടും നീ ഗുഹാവാസികളുടെ കഥയുടെ വിശദാംശങ്ങൾ ആരായുകയും വേണ്ടതില്ല. തീർച്ചയായും അവർക്ക് അതിനെ കുറിച്ച് അറിയുകയില്ല.
Source : QUL
23

യാതൊരു കാര്യത്തെപ്പറ്റിയും നാളെ ഞാനത് തീര്‍ച്ചയായും ചെയ്യാം എന്ന് നീ പറഞ്ഞുപോകരുത്‌.

وَلَا تَقُولَنَّ لِشَاْيۡءٍ إِنِّي فَاعِلٞ ذَٰلِكَ غَدًا ۝٢٣
തഫ്സീർആയത്ത് 23
നബിയേ! നീ നാളെ ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരു കാര്യത്തെ കുറിച്ചും 'ഞാൻ നാളെ അത് ചെയ്യും' എന്ന് നീ പറയുകയേ ചെയ്യരുത്. കാരണം നീ അത് ചെയ്യുമോ അതല്ല നിനക്ക് വല്ല തടസ്സവും ഉണ്ടാവുമോ എന്ന് നിനക്കറിയില്ല. ഇത് എല്ലാ മുസ്ലിംകൾക്കുമുള്ള ഉപദേശമാണ്; (നബി -ﷺ- ക്ക് മാത്രമുള്ളതല്ല).
Source : QUL
24

അല്ലാഹു ഉദ്ദേശിക്കുന്നവെങ്കില്‍ (ചെയ്യാമെന്ന്‌) അല്ലാതെ. നീ മറന്നുപോകുന്ന പക്ഷം (ഓര്‍മവരുമ്പോള്‍) നിന്‍റെ രക്ഷിതാവിനെ അനുസ്മരിക്കുക.(14) എന്‍റെ രക്ഷിതാവ് എന്നെ ഇതിനെക്കാള്‍ സന്‍മാര്‍ഗത്തോട് അടുത്ത കാര്യത്തിലേക്ക് നയിച്ചേക്കാം എന്ന് പറയുകയും ചെയ്യുക.

إِلَّآ أَن يَشَآءَ ٱللَّهُۚ وَٱذۡكُر رَّبَّكَ إِذَا نَسِيتَ وَقُلۡ عَسَىٰٓ أَن يَهۡدِيَنِ رَبِّي لِأَقۡرَبَ مِنۡ هَٰذَا رَشَدٗا ۝٢٤
തഫ്സീർആയത്ത് 24
നീ ചെയ്യാനുദ്ദേശിക്കുന്ന പ്രവൃത്തി അല്ലാഹുവിൻ്റെ ഉദ്ദേശത്തിലേക്ക് ചേർത്തിക്കൊണ്ടല്ലാതെ. അതായത് 'ഇൻശാ അല്ലാഹ് (അല്ലാഹു ഉദ്ദേശിച്ചാൽ) ഞാൻ നാളെ അത് പ്രവർത്തിക്കുന്നതാണ്' എന്ന് നീ പറയുക. ഇപ്രകാരം ഇൻശാ അല്ലാഹ് എന്ന് പറയുന്നതിലൂടെ നീ നിൻ്റെ രക്ഷിതാവിനെ സ്മരിക്കുകയും ചെയ്യുക. ഇനി നീ അപ്രകാരം പറയാൻ മറന്നു പോയാൽ; നീ പറയുക: എൻ്റെ രക്ഷിതാവ് ഇതിനെക്കാൾ സന്മാർഗത്തിനോടും ശരിയോടും അടുത്തു നിൽക്കുന്നതിലേക്ക് എനിക്ക് വഴികാട്ടിയേക്കാം എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
Source : QUL
25

അവര്‍ അവരുടെ ഗുഹയില്‍ മുന്നൂറ് വര്‍ഷം താമസിച്ചു. അവര്‍ ഒമ്പതു വര്‍ഷം കൂടുതലാക്കുകയും ചെയ്തു.(15)

وَلَبِثُواْ فِي كَهۡفِهِمۡ ثَلَٰثَ مِاْئَةٖ سِنِينَ وَٱزۡدَادُواْ تِسۡعٗا ۝٢٥
തഫ്സീർആയത്ത് 25
ഗുഹാവാസികൾ അവരുടെ ഗുഹയിൽ മുന്നൂറ്റി ഒമ്പത് വർഷം വസിച്ചു.
Source : QUL
26

നീ പറയുക: അവര്‍ താമസിച്ചതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു. ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യജ്ഞാനം അവന്നാണുള്ളത്‌. അവന്‍ എത്ര കാഴ്ചയുള്ളവന്‍! എത്ര കേള്‍വിയുള്ളവന്‍! അവന്നു പുറമെ അവര്‍ക്ക് (മനുഷ്യര്‍ക്ക്‌) യാതൊരു രക്ഷാധികാരിയുമില്ല. തന്‍റെ തീരുമാനാധികാരത്തില്‍ യാതൊരാളെയും അവന്‍ പങ്കുചേര്‍ക്കുകയുമില്ല.

قُلِ ٱللَّهُ أَعۡلَمُ بِمَا لَبِثُواْۖ لَهُۥ غَيۡبُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ أَبۡصِرۡ بِهِۦ وَأَسۡمِعۡۚ مَا لَهُم مِّن دُونِهِۦ مِن وَلِيّٖ وَلَا يُشۡرِكُ فِي حُكۡمِهِۦٓ أَحَدٗا ۝٢٦
തഫ്സീർആയത്ത് 26
അല്ലാഹുവിൻ്റെ റസൂലേ! പറയുക: അവർ എത്ര കൊല്ലം അവരുടെ ഗുഹയിൽ വസിച്ചു എന്ന് അല്ലാഹുവിന് നല്ലവണ്ണം അറിയാം. അവരുടെ വാസസമയത്തെ കുറിച്ച് അവൻ നമുക്ക് അറിയിച്ചു തന്നിരിക്കുന്നു. അല്ലാഹുവിൻ്റെ വാക്കിന് ശേഷം ഇനി മറ്റാർക്കും അതിൽ അഭിപ്രായത്തിന് വകുപ്പില്ല. ആകാശങ്ങളിലും ഭൂമിയിലും മറഞ്ഞിരിക്കുന്നതെല്ലാം അവൻ്റേത് മാത്രമാകുന്നു; അവനാണവയെ സൃഷ്ടിച്ചതും അവനാണവയെല്ലാം അറിയുന്നതും. അവൻ എത്ര കാഴ്ചയുള്ളവനാണ്! എല്ലാം അവൻ കാണുന്നു. അവൻ എത്ര കേൾവിയുള്ളവനാണ്; എല്ലാം അവൻ കേൾക്കുന്നു! അവന് പുറമെ അവരുടെ കാര്യങ്ങൾ ഏറ്റെടുക്കാൻ ഒരു രക്ഷാധികാരി അവർക്കില്ല. അവൻ്റെ വിധികർതൃത്വത്തിൽ ആരെയും അവൻ പങ്കുചേർക്കുകയില്ല. അവൻ മാത്രമാകുന്നു വിധികൽപ്പിക്കുന്നവൻ.
Source : QUL
27

നിനക്ക് ബോധനം നല്‍കപ്പെട്ട നിന്‍റെ രക്ഷിതാവിന്‍റെ ഗ്രന്ഥം നീ പാരായണം ചെയ്യുക. അവന്‍റെ വചനങ്ങള്‍ക്ക് ഭേദഗതി വരുത്താനാരുമില്ല. അവന്നു പുറമെ യാതൊരു അഭയസ്ഥാനവും നീ ഒരിക്കലും കണ്ടെത്തുകയുമില്ല.

وَٱتۡلُ مَآ أُوحِيَ إِلَيۡكَ مِن كِتَابِ رَبِّكَۖ لَا مُبَدِّلَ لِكَلِمَٰتِهِۦ وَلَن تَجِدَ مِن دُونِهِۦ مُلۡتَحَدٗا ۝٢٧
തഫ്സീർആയത്ത് 27
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു താങ്കൾക്ക് ബോധനം നൽകിയ ഖുർആൻ താങ്കൾ പാരായണം ചെയ്യുകയും, അത് പ്രാവർത്തികമാക്കുകയും ചെയ്യുക. അല്ലാഹുവിൻ്റെ വചനങ്ങൾക്ക് മാറ്റം വരുത്താൻ ആരുമില്ല. കാരണം അത് പരിപൂർണ്ണമായും സത്യസന്ധവും, മുഴുവൻ നീതിപൂർവ്വകവുമാണ്. അല്ലാഹുവിന് പുറമെ അഭയം തേടിച്ചെല്ലാൻ ഒരു അഭയസ്ഥാനമോ, അവന് പുറമെ രക്ഷ തേടിച്ചെല്ലുവാൻ ഒരു രക്ഷാസങ്കേതമോ നീ കണ്ടെത്തുകയില്ല.
Source : QUL
28

തങ്ങളുടെ രക്ഷിതാവിന്‍റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട്(16) കാലത്തും വൈകുന്നേരവും അവനോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്‍റെ മനസ്സിനെ അടക്കി നിര്‍ത്തുക. ഇഹലോകജീവിതത്തിന്‍റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്‍റെ കണ്ണുകള്‍ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. ഏതൊരുവന്‍റെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവന്‍ തന്നിഷ്ടത്തെ പിന്തുടരുകയും അവന്‍റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചു പോകരുത്‌.(17)

وَٱصۡبِرۡ نَفۡسَكَ مَعَ ٱلَّذِينَ يَدۡعُونَ رَبَّهُم بِٱلۡغَدَوٰةِ وَٱلۡعَشِيِّ يُرِيدُونَ وَجۡهَهُۥۖ وَلَا تَعۡدُ عَيۡنَاكَ عَنۡهُمۡ تُرِيدُ زِينَةَ ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَلَا تُطِعۡ مَنۡ أَغۡفَلۡنَا قَلۡبَهُۥ عَن ذِكۡرِنَا وَٱتَّبَعَ هَوَىٰهُ وَكَانَ أَمۡرُهُۥ فُرُطٗا ۝٢٨
തഫ്സീർആയത്ത് 28
തങ്ങളുടെ രക്ഷിതാവിനെ നിഷ്കളങ്കമായി, രാവിലെയും വൈകുന്നേരവും ആരാധിക്കുകയും, വിളിച്ചു പ്രാർത്ഥിക്കുകയും ചെയ്യുന്നവരോടൊപ്പമുള്ള കൂട്ടുകെട്ട് നീ മുറുകെപിടിക്കുക. അവരിൽ നിന്ന് നിൻ്റെ കണ്ണുകൾ വിട്ടുപോവുകയും, സമ്പത്തും സ്ഥാനമാനങ്ങളും ഉള്ളവരോടൊപ്പം കൂട്ടുകൂടുന്നത് നീ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യട്ടെ. നമ്മുടെ സ്മരണയെ കുറിച്ച് അശ്രദ്ധമായ, മുദ്രവെക്കപ്പെട്ട ഹൃദയമുള്ള ഒരാളെയും നീ അനുസരിക്കരുത്. നിൻ്റെ സദസ്സിൽ നിന്ന് ദരിദ്രരെ മാറ്റിനിർത്താനാണ് അവൻ നിന്നോട് കൽപ്പിക്കുക. തൻ്റെ രക്ഷിതാവിനെ അനുസരിക്കുന്നതിനെക്കാൾ അവൻ മുൻഗണന നൽകിയിരിക്കുന്നത് തൻ്റെ ദേഹേഛയെ പിൻപറ്റുന്നതിനാണ്. അവൻ്റെ പ്രവർത്തനങ്ങളാകട്ടെ, വ്യർത്ഥവുമായിരിക്കുന്നു.
Source : QUL
29

പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഉദ്ദേശിക്കുന്നവര്‍ വിശ്വസിക്കട്ടെ. ഉദ്ദേശിക്കുന്നവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക് നാം നരകാഗ്നി ഒരുക്കി വെച്ചിട്ടുണ്ട്‌. അതിന്‍റെ കൂടാരം അവരെ വലയം ചെയ്തിരിക്കുന്നു. അവര്‍ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം ഉരുക്കിയ ലോഹം പോലുള്ള ഒരു വെള്ളമായിരിക്കും അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടുന്നത്‌. അത് മുഖങ്ങളെ എരിച്ച് കളയും. വളരെ ദുഷിച്ച പാനീയം തന്നെ. അത് (നരകം) വളരെ ദുഷിച്ച വിശ്രമ സ്ഥലം തന്നെ.

وَقُلِ ٱلۡحَقُّ مِن رَّبِّكُمۡۖ فَمَن شَآءَ فَلۡيُؤۡمِن وَمَن شَآءَ فَلۡيَكۡفُرۡۚ إِنَّآ أَعۡتَدۡنَا لِلظَّٰلِمِينَ نَارًا أَحَاطَ بِهِمۡ سُرَادِقُهَاۚ وَإِن يَسۡتَغِيثُواْ يُغَاثُواْ بِمَآءٖ كَٱلۡمُهۡلِ يَشۡوِي ٱلۡوُجُوهَۚ بِئۡسَ ٱلشَّرَابُ وَسَآءَتۡ مُرۡتَفَقًا ۝٢٩
തഫ്സീർആയത്ത് 29
അല്ലാഹുവിൻ്റെ റസൂലേ! അശ്രദ്ധമായ ഹൃദയങ്ങളുള്ള, അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയെ അവഗണിച്ചവരോട് താങ്കൾ പറയുക: ഞാൻ കൊണ്ടുവന്നിരിക്കുന്നതെന്തോ; അതാകുന്നു സത്യം. അതാകട്ടെ അല്ലാഹുവിൽ നിന്നുള്ളതാകുന്നു; എൻ്റെ അടുക്കൽ നിന്നുള്ളതല്ല. (അല്ലാഹുവിൽ) വിശ്വസിച്ചവരെ ആട്ടിപ്പറഞ്ഞയക്കൂ എന്ന നിങ്ങളുടെ ആവശ്യം ഞാൻ അംഗീകരിക്കുന്നതല്ല. നിങ്ങളുടെ കൂട്ടത്തിൽ നിന്നാരെങ്കിലും ഈ സത്യത്തിൽ വിശ്വസിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അവൻ അതിൽ വിശ്വസിക്കട്ടെ. അവന് ലഭിക്കുന്ന പ്രതിഫലത്തിൽ അവന് നാളെ സന്തോഷിക്കാവുന്നതാണ്. നിങ്ങളിലാരെങ്കിലും ഇതിനെ നിഷേധിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അവൻ നിഷേധിക്കട്ടെ; അവനെ കാത്തിരിക്കുന്ന ശിക്ഷ (കാണുമ്പോൾ) അവൻ ദുഃഖിക്കുന്നതാണ്. തീർച്ചയായും നാം, അല്ലാഹുവിലുള്ള നിഷേധം തിരഞ്ഞെടുത്തു കൊണ്ട് സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചവർക്ക് ഭീകരമായ നരകം ഒരുക്കിവെച്ചിരിക്കുന്നു. അതിന്റെ ഭിത്തികൾ അവരെ അടിമുടി വലയം ചെയ്യുന്നതാണ്; അവർക്കതിൽ നിന്ന് ഓടിരക്ഷപ്പെടാൻ സാധിക്കുന്നതല്ല. കടുത്ത ദാഹത്തിൽ നിന്ന് രക്ഷപ്പെടാൻ വെള്ളം ആവശ്യപ്പെട്ടാൽ കടുത്ത ചൂടുള്ള, ഉരുകിയ ലോഹത്തിൻ്റെ ദ്രാവകമായിരിക്കും അവർക്ക് ലഭിക്കുന്ന സഹായം. അതിൻ്റെ കഠിനമായ ചൂട് അവരുടെ മുഖങ്ങളെ എരിച്ചു കളയും. അവർക്ക് സഹായമായി നൽകപ്പെടുന്ന ഈ വെള്ളം എത്ര മോശമായിരിക്കുന്നു; അതവരുടെ ദാഹം ശമിപ്പിക്കുകയില്ല. അല്ല! യഥാർത്ഥത്തിൽ അവരുടെ ദാഹം വർദ്ധിപ്പിക്കുകയാണ് അത് ചെയ്യുക. അവരുടെ മുഖങ്ങളെ കരിച്ചു കളയുന്ന അഗ്നിയെ അത് കെടുത്തിക്കളയുകയുമില്ല. അവർ എത്തിച്ചേർന്നിരിക്കുന്ന സങ്കേതവും, അവർ വസിക്കുന്ന വാസസ്ഥലവും -അതായത് നരകം- എത്ര മോശമായിരിക്കുന്നു.
Source : QUL
30

തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അത്തരം സല്‍പ്രവര്‍ത്തനം നടത്തുന്ന യാതൊരാളുടെയും പ്രതിഫലം നാം തീര്‍ച്ചയായും പാഴാക്കുന്നതല്ല.

إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ إِنَّا لَا نُضِيعُ أَجۡرَ مَنۡ أَحۡسَنَ عَمَلًا ۝٣٠
തഫ്സീർആയത്ത് 30
തീർച്ചയായും അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ തങ്ങളുടെ പ്രവർത്തനം നന്നാക്കിയിരിക്കുന്നു. അവർക്ക് മഹത്തരമായ പ്രതിഫലമുണ്ട്. തീർച്ചയായും പ്രവർത്തനം നന്നാക്കിയവരുടെ പ്രതിഫലം നാം പാഴാക്കികളയുകയില്ല. മറിച്ച്, അവരുടെ പ്രതിഫലം -ഒരു കുറവും വരുത്താതെ- പരിപൂർണ്ണമായി നാമവർക്ക് നൽകുന്നതാണ്.
Source : QUL
31

തു അക്കൂട്ടര്‍ക്കാകുന്നു സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരുടെ താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നതാണ്‌. അവര്‍ക്കവിടെ സ്വര്‍ണം കൊണ്ടുള്ള വളകള്‍ അണിയിക്കപ്പെടുന്നതാണ്‌. നേരിയതും കട്ടിയുള്ളതുമായ പച്ചപ്പട്ടു വസ്ത്രങ്ങള്‍ അവര്‍ ധരിക്കുകയും ചെയ്യും. അവിടെ അവര്‍ അലങ്കരിച്ച കട്ടിലുകളില്‍ ചാരിയിരുന്ന് വിശ്രമിക്കുന്നവരായിരിക്കും. എത്ര വിശിഷ്ടമായ പ്രതിഫലം! എത്ര ഉത്തമമായ വിശ്രമസ്ഥലം!

أُوْلَٰٓئِكَ لَهُمۡ جَنَّٰتُ عَدۡنٖ تَجۡرِي مِن تَحۡتِهِمُ ٱلۡأَنۡهَٰرُ يُحَلَّوۡنَ فِيهَا مِنۡ أَسَاوِرَ مِن ذَهَبٖ وَيَلۡبَسُونَ ثِيَابًا خُضۡرٗا مِّن سُندُسٖ وَإِسۡتَبۡرَقٖ مُّتَّكِـِٔينَ فِيهَا عَلَى ٱلۡأَرَآئِكِۚ نِعۡمَ ٱلثَّوَابُ وَحَسُنَتۡ مُرۡتَفَقٗا ۝٣١
തഫ്സീർആയത്ത് 31
(അല്ലാഹുവിൽ) വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത ഇക്കൂട്ടർ; അവർക്ക് എന്നെന്നും വസിക്കാനുള്ള വാസസ്ഥലമായി സ്വർഗമുണ്ടായിരിക്കുന്നതാണ്. അതിലെ സൗധങ്ങൾക്ക് താഴ്ഭാഗത്തു കൂടെയായി സ്വർഗത്തിലെ പരിശുദ്ധമായ അരുവികൾ ഒഴുകുന്നു. സ്വർണ്ണത്തിൻ്റെ വളകൾ ധരിപ്പിക്കപ്പെട്ടു കൊണ്ട് അവർ അലങ്കരിക്കപ്പെടുന്നതാണ്. കട്ടിയുള്ളതും നേരിയതുമായ പട്ടിൻ്റെ തുണികൾ അവരവിടെ ധരിക്കുന്നതാണ്. ചുറ്റും മറക്കുന്ന മനോഹരമായ വിരിപ്പുകളാൽ അലങ്കരിക്കപ്പെട്ട കട്ടിലുകളിൽ അവർ ചാരിയിരിക്കുന്നതാണ്. അവരുടെ പ്രതിഫലം എത്ര നല്ല പ്രതിഫലമായിരിക്കുന്നു. അവർക്ക് താമസിക്കാൻ എത്ര നല്ല വാസസ്ഥലവും ഭവനുമായിരിക്കുന്നു സ്വർഗം!
Source : QUL
32

നീ അവര്‍ക്ക് ഒരു ഉപമ വിവരിച്ചുകൊടുക്കുക. രണ്ട് പുരുഷന്‍മാര്‍. അവരില്‍ ഒരാള്‍ക്ക് നാം രണ്ട് മുന്തിരിത്തോട്ടങ്ങള്‍ നല്‍കി. അവയെ (തോട്ടങ്ങളെ) നാം ഈന്തപ്പനകൊണ്ട് വലയം ചെയ്തു. അവയ്ക്കിടയില്‍ (തോട്ടങ്ങള്‍ക്കിടയില്‍) ധാന്യകൃഷിയിടവും നാം നല്‍കി.

۞ وَٱضۡرِبۡ لَهُم مَّثَلٗا رَّجُلَيۡنِ جَعَلۡنَا لِأَحَدِهِمَا جَنَّتَيۡنِ مِنۡ أَعۡنَٰبٖ وَحَفَفۡنَٰهُمَا بِنَخۡلٖ وَجَعَلۡنَا بَيۡنَهُمَا زَرۡعٗا ۝٣٢
തഫ്സീർആയത്ത് 32
അല്ലാഹുവിൻ്റെ റസൂലേ! രണ്ട് പുരുഷന്മാരുടെ ഉപമ അവർക്ക് വിവരിച്ചു നൽകുക. ഒരാൾ (അല്ലാഹുവിനെ) നിഷേധിച്ച വ്യക്തിയും, മറ്റൊരാൾ (അല്ലാഹുവിൽ) വിശ്വസിച്ച വ്യക്തിയുമാണ്. അതിൽ, കാഫിറിന് (അല്ലാഹുവിനെ നിഷേധിച്ച വ്യക്തിക്ക്) നാം മുന്തിരികളുടെ രണ്ട് തോട്ടങ്ങൾ നൽകി. ആ രണ്ട് തോട്ടങ്ങളെയും ഈത്തപ്പന കൊണ്ട് നാം വലയം ചെയ്തു. അതിനുള്ളിലെ മൈതാനിയിൽ നാം ധാന്യങ്ങൾ മുളപ്പിക്കുകയും ചെയ്തു.
Source : QUL
33

ഇരു തോട്ടങ്ങളും അവയുടെ ഫലങ്ങള്‍ നല്‍കി വന്നു. അതില്‍ യാതൊരു ക്രമക്കേടും വരുത്തിയില്ല. അവയ്ക്കിടയിലൂടെ നാം ഒരു നദി ഒഴുക്കുകയും ചെയ്തു.

كِلۡتَا ٱلۡجَنَّتَيۡنِ ءَاتَتۡ أُكُلَهَا وَلَمۡ تَظۡلِم مِّنۡهُ شَيۡـٔٗاۚ وَفَجَّرۡنَا خِلَٰلَهُمَا نَهَرٗا ۝٣٣
തഫ്സീർആയത്ത് 33
ഓരോ തോട്ടവും അതിൻ്റെ ഫലങ്ങൾ -ഈത്തപ്പഴവും മുന്തിരിയും ധാന്യവും- നൽകി. അതിൽ ഒരു കുറവും ഉണ്ടായില്ല. മറിച്ച് അവയുടെ ഉല്പാദനം പരിപൂർണ്ണമായിരുന്നു. അവയ്ക്കിടയിലൂടെ -ചെടികൾ നനക്കുവാൻ എളുപ്പമാകുന്ന രൂപത്തിൽ- നാം ഒരു നദി ഒഴുക്കുകയും ചെയ്തു.
Source : QUL
34

അവന്നു പല വരുമാനവുമുണ്ടായിരുന്നു. അങ്ങനെ അവന്‍ തന്‍റെ ചങ്ങാതിയോട് സംവാദം നടത്തിക്കൊണ്ടിരിക്കെ പറയുകയുണ്ടായി: ഞാനാണ് നിന്നെക്കാള്‍ കൂടുതല്‍ ധനമുള്ളവനും കൂടുതല്‍ സംഘബലമുള്ളവനും.

وَكَانَ لَهُۥ ثَمَرٞ فَقَالَ لِصَٰحِبِهِۦ وَهُوَ يُحَاوِرُهُۥٓ أَنَا۠ أَكۡثَرُ مِنكَ مَالٗا وَأَعَزُّ نَفَرٗا ۝٣٤
തഫ്സീർആയത്ത് 34
രണ്ട് തോട്ടങ്ങളുള്ള വ്യക്തിക്ക് ധാരാളം സമ്പാദ്യവും മറ്റു ഫലങ്ങളുമുണ്ടായിരുന്നു. (അല്ലാഹുവിൽ) വിശ്വസിച്ച തൻ്റെ കൂട്ടുകാരനോട് സംസാരിച്ചു കൊണ്ടിരിക്കെ, അയാളിൽ സ്വാധീനം ചെലുത്തുന്നതിന് വേണ്ടി, (തൻ്റെ സമ്പാദ്യത്തിൽ) വഞ്ചിതനായി കൊണ്ട് അയാൾ പറഞ്ഞു: നിന്നെക്കാൾ സമ്പാദ്യമുള്ളവൻ ഞാനാണ്. നിന്നെക്കാൾ സ്ഥാനമുള്ളതും കൂടുതൽ ശക്തമായ സംഘബലമുള്ളതും എനിക്കാണ്.
Source : QUL
35

സ്വന്തത്തോട് തന്നെ അന്യായം പ്രവര്‍ത്തിച്ചുകൊണ്ട് അവന്‍ തന്‍റെ തോട്ടത്തില്‍ പ്രവേശിച്ചു. അവന്‍ പറഞ്ഞു: ഒരിക്കലും ഇതൊന്നും നശിച്ചുപോകുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല.

وَدَخَلَ جَنَّتَهُۥ وَهُوَ ظَالِمٞ لِّنَفۡسِهِۦ قَالَ مَآ أَظُنُّ أَن تَبِيدَ هَٰذِهِۦٓ أَبَدٗا ۝٣٥
തഫ്സീർആയത്ത് 35
അങ്ങനെ (അല്ലാഹുവിനെ) നിഷേധിച്ചു കൊണ്ടും, തനിച്ച പ്രൗഢിയോടും കൂടി അവൻ (അല്ലാഹുവിൽ) വിശ്വസിക്കുന്ന വ്യക്തിയോടൊപ്പം -അയാൾക്ക് തൻ്റെ തോട്ടം കാണിച്ചു കൊടുക്കുന്നതിനായി- അവിടെ പ്രവേശിച്ചു. (അല്ലാഹുവിനെ) നിഷേധിച്ച ആ മനുഷ്യൻ പറഞ്ഞു: നീയീ കണ്ടുകൊണ്ടിരിക്കുന്ന പൂന്തോട്ടം എന്നെങ്കിലും ഇല്ലാതാകുമെന്ന് ഞാൻ കരുതുന്നില്ല. ഇത് നിലനിൽക്കാൻ വേണ്ടതായ കാര്യങ്ങളെല്ലാം ഞാൻ ചെയ്തുവെച്ചിട്ടുണ്ട്.
Source : QUL
36

അന്ത്യസമയം നിലവില്‍ വരും എന്നും ഞാന്‍ വിചാരിക്കുന്നില്ല. ഇനി ഞാന്‍ എന്‍റെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുകയാണെങ്കിലോ, തീര്‍ച്ചയായും, മടങ്ങിച്ചെല്ലുന്നതിന് ഇതിനേക്കാള്‍ ഉത്തമമായ ഒരു സ്ഥലം എനിക്ക് ലഭിക്കുക തന്നെ ചെയ്യും.(18)

وَمَآ أَظُنُّ ٱلسَّاعَةَ قَآئِمَةٗ وَلَئِن رُّدِدتُّ إِلَىٰ رَبِّي لَأَجِدَنَّ خَيۡرٗا مِّنۡهَا مُنقَلَبٗا ۝٣٦
തഫ്സീർആയത്ത് 36
ഉയിർത്തെഴുന്നേൽപ്പ് ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. ഈ ജീവിതമിങ്ങനെ തുടർന്നു പോകും. ഇനി അതെങ്ങാനും സംഭവിച്ചാൽ തന്നെയും; ഞാൻ പുനരുജ്ജീവിപ്പിക്കപ്പെടുകയും, എൻ്റെ രക്ഷിതാവിലേക്ക് ഞാൻ മടക്കപ്പെടുകയും ചെയ്താൽ പുനരുത്ഥാനത്തിന് ശേഷം ഈ പൂന്തോട്ടത്തിനെക്കാൾ ഉത്തമമായത് ഞാൻ മടങ്ങിച്ചെല്ലുന്നിടത്ത് എനിക്ക് കണ്ടെത്താൻ കഴിയും. ഇഹലോകത്ത് ഞാൻ ധനികനാണ് എന്നതിനാൽ പുനരുത്ഥാനത്തിന് ശേഷവും തീർച്ചയായും ഞാൻ ധനികൻ തന്നെയായിരിക്കും.
Source : QUL
37

അവന്‍റെ ചങ്ങാതി അവനുമായി സംവാദം നടത്തിക്കൊണ്ടിരിക്കെ പറഞ്ഞു: മണ്ണില്‍ നിന്നും അനന്തരം ബീജത്തില്‍ നിന്നും നിന്നെ സൃഷ്ടിക്കുകയും, പിന്നീട് നിന്നെ ഒരു പുരുഷനായി സംവിധാനിക്കുകയും ചെയ്തവനില്‍ നീ അവിശ്വസിച്ചിരിക്കുകയാണോ?

قَالَ لَهُۥ صَاحِبُهُۥ وَهُوَ يُحَاوِرُهُۥٓ أَكَفَرۡتَ بِٱلَّذِي خَلَقَكَ مِن تُرَابٖ ثُمَّ مِن نُّطۡفَةٖ ثُمَّ سَوَّىٰكَ رَجُلٗا ۝٣٧
തഫ്സീർആയത്ത് 37
(അല്ലാഹുവിൽ) വിശ്വസിച്ചവനായ, അവൻ്റെ കൂട്ടുകാരൻ ഈ സംസാരത്തിനുള്ള മറുപടിയായി പറഞ്ഞു: നിൻ്റെ പിതാവ് ആദമിനെ മണ്ണിൽ നിന്ന് സൃഷ്ടിക്കുകയും, ശേഷം നിന്നെ ഒരു ബീജത്തിൽ നിന്ന് സൃഷ്ടിക്കുകയും, പിന്നീട് നിന്നെ ഒരു പുരുഷനായി -മനുഷ്യനായി- രൂപപ്പെടുത്തുകയും, നിൻ്റെ അവയവങ്ങളെ ക്രമപ്പെടുത്തുകയും നിന്നെ പൂർണ്ണതയുള്ളവനാക്കുകയും ചെയ്തവനിൽ നീ അവിശ്വസിക്കുകയാണോ?! ഇതിനെല്ലാം കഴിവുള്ളവൻ നിന്നെ പുനരുജ്ജീവിപ്പിക്കാനും കഴിവുള്ളവനാണ്.
Source : QUL
38

എന്നാല്‍ (എന്‍റെ വിശ്വാസമിതാണ്‌.) അവന്‍ അഥവാ അല്ലാഹുവാകുന്നു എന്‍റെ രക്ഷിതാവ്‌. എന്‍റെ രക്ഷിതാവിനോട് യാതൊന്നിനെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.

لَّٰكِنَّا۠ هُوَ ٱللَّهُ رَبِّي وَلَآ أُشۡرِكُ بِرَبِّيٓ أَحَدٗا ۝٣٨
തഫ്സീർആയത്ത് 38
എന്നാൽ ഞാൻ നിൻ്റെ ഈ വിശ്വാസം പറയുന്നവനല്ല. മറിച്ച്, എനിക്ക് പറയാനുള്ളത് ഇത്ര മാത്രമാണ്: അല്ലാഹു; അവനാകുന്നു എൻ്റെ രക്ഷിതാവ്. നമ്മുടെ മേൽ അനുഗ്രഹങ്ങൾ ചൊരിഞ്ഞത് അവനാകുന്നു. അവനുള്ള ആരാധനയിൽ ഒരാളെയും ഞാൻ പങ്കുചേർക്കുകയില്ല.
Source : QUL
39

നീ നിന്‍റെ തോട്ടത്തില്‍ കടന്ന സമയത്ത്‌, 'ഇത് അല്ലാഹു ഉദ്ദേശിച്ചതത്രെ, അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും ഇല്ല' എന്ന് നിനക്ക് പറഞ്ഞുകൂടായിരുന്നോ? നിന്നെക്കാള്‍ ധനവും സന്താനവും കുറഞ്ഞവനായി നീ എന്നെ കാണുന്നുവെങ്കില്‍.

وَلَوۡلَآ إِذۡ دَخَلۡتَ جَنَّتَكَ قُلۡتَ مَا شَآءَ ٱللَّهُ لَا قُوَّةَ إِلَّا بِٱللَّهِۚ إِن تَرَنِ أَنَا۠ أَقَلَّ مِنكَ مَالٗا وَوَلَدٗا ۝٣٩
തഫ്സീർആയത്ത് 39
നിൻ്റെ പൂന്തോട്ടത്തിൽ പ്രവേശിച്ച സന്ദർഭത്തിൽ 'മാശാ അല്ലാഹ് (അല്ലാഹു ഉദ്ദേശിച്ചതത്രെ). ലാ ഖുവ്വത ഇല്ലാബില്ലാഹ് (അല്ലാഹുവിനെ കൊണ്ടല്ലാതെ ആർക്കും ഒരു ശക്തിയുമില്ല). അവനാകുന്നു ഉദ്ദേശിച്ചതെല്ലാം പ്രവർത്തിക്കുന്നവൻ. അവൻ അതിശക്തനാകുന്നു.' എന്ന് നീ പറഞ്ഞിരുന്നെങ്കിൽ. നിന്നെക്കാൾ ദാരിദ്ര്യമുള്ളവനും നിന്നെക്കാൾ കുറവ് സന്താനങ്ങളും ഉള്ളവനായി എന്നെ നീ കാണുന്നെങ്കിൽ.
Source : QUL
40

എന്‍റെ രക്ഷിതാവ് എനിക്ക് നിന്‍റെ തോട്ടത്തെക്കാള്‍ നല്ലത് നല്‍കി എന്ന് വരാം. നിന്‍റെ തോട്ടത്തിന്‍റെ നേരെ അവന്‍ ആകാശത്ത് നിന്ന് ഒരു ശിക്ഷ അയക്കുകയും, അങ്ങനെ അത് ചതുപ്പുനിലമായിത്തീരുകയും ചെയ്തു എന്നും വരാം.

فَعَسَىٰ رَبِّيٓ أَن يُؤۡتِيَنِ خَيۡرٗا مِّن جَنَّتِكَ وَيُرۡسِلَ عَلَيۡهَا حُسۡبَانٗا مِّنَ ٱلسَّمَآءِ فَتُصۡبِحَ صَعِيدٗا زَلَقًا ۝٤٠
തഫ്സീർആയത്ത് 40
നിൻ്റെ തോട്ടത്തെക്കാൾ ഉത്തമമായത് അല്ലാഹു എനിക്ക് നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിൻ്റെ തോട്ടത്തിന് നേർക്ക് അവൻ ആകാശത്ത് നിന്ന് ഒരു ശിക്ഷ അയക്കുകയും, അങ്ങനെ ചെടികളൊന്നുമില്ലാത്ത, കാലുകൾ തെന്നിപ്പോകുന്ന ഒരു വഴുക്കൻ പ്രദേശമായി നിൻ്റെ തോട്ടം മാറുകയും ചെയ്തേക്കാം (എന്നും ഞാൻ പ്രതീക്ഷിക്കുന്നു).
Source : QUL
41

അല്ലെങ്കില്‍ അതിലെ വെള്ളം നിനക്ക് ഒരിക്കലും തേടിപ്പിടിച്ച് കൊണ്ടുവരുവാന്‍ കഴിയാത്ത വിധം വറ്റിപ്പോയെന്നും വരാം.

أَوۡ يُصۡبِحَ مَآؤُهَا غَوۡرٗا فَلَن تَسۡتَطِيعَ لَهُۥ طَلَبٗا ۝٤١
തഫ്സീർആയത്ത് 41
അതല്ലെങ്കിൽ അതിലെ വെള്ളം ഭൂമിയിലേക്ക് താഴ്ന്നു പോവുകയും, നിനക്ക് ഒരു വഴിയിലൂടെയും അത് എത്തിപ്പിടിക്കാൻ സാധിക്കാതെ വരുകയും ചെയ്തേക്കാം. അങ്ങനെ അതിലെ വെള്ളം താഴോട്ടുപോയാൽ പിന്നെ ഈ തോട്ടം ബാക്കിയുണ്ടാവുകയില്ല.
Source : QUL
42

അവന്‍റെ ഫലസമൃദ്ധി (നാശത്താല്‍) വലയം ചെയ്യപ്പെട്ടു. അവ (തോട്ടങ്ങള്‍) അവയുടെ പന്തലുകളോടെ വീണടിഞ്ഞുകിടക്കവെ താന്‍ അതില്‍ ചെലവഴിച്ചതിന്‍റെ പേരില്‍ അവന്‍ (നഷ്ടബോധത്താല്‍) കൈ മലര്‍ത്തുന്നവനായിത്തീര്‍ന്നു. 'എന്‍റെ രക്ഷിതാവിനോട് ആരെയും ഞാന്‍ പങ്കുചേര്‍ക്കാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ' എന്ന് അവന്‍ പറയുകയും ചെയ്തുകൊണ്ടിരുന്നു.

وَأُحِيطَ بِثَمَرِهِۦ فَأَصۡبَحَ يُقَلِّبُ كَفَّيۡهِ عَلَىٰ مَآ أَنفَقَ فِيهَا وَهِيَ خَاوِيَةٌ عَلَىٰ عُرُوشِهَا وَيَقُولُ يَٰلَيۡتَنِي لَمۡ أُشۡرِكۡ بِرَبِّيٓ أَحَدٗا ۝٤٢
തഫ്സീർആയത്ത് 42
(അല്ലാഹുവിൽ) വിശ്വസിച്ചിരുന്ന ആ വ്യക്തി പ്രതീക്ഷിച്ചതു പോലെ തന്നെ സംഭവിച്ചു. (അല്ലാഹുവിനെ) നിഷേധിച്ച ആ മനുഷ്യൻ്റെ തോട്ടത്തിലെ ഫലവർഗങ്ങൾ മുഴുവൻ നാശംകൊണ്ട് മൂടി. അത് കെട്ടിപ്പടുക്കുവാനും പരിചരിക്കുവാനും ചെലവഴിച്ച സമ്പാദ്യമോർത്ത് കടുത്ത ഖേദവും നിരാശയും കാരണത്താൽ തൻ്റെ കൈ മലർത്തുന്നവനായി അവൻ മാറി. ആ പൂന്തോട്ടമാകട്ടെ; മുന്തിരിവള്ളികൾ നാട്ടിനിർത്തപ്പെട്ട തൂണുകളോടെ നിലംപതിച്ചു. അവനതാ വിലപിക്കുന്നു: 'ഞാൻ എൻ്റെ രക്ഷിതാവിൽ മാത്രം വിശ്വസിക്കുന്നവനായിരുന്നെങ്കിൽ! അവനുള്ള ആരാധനയിൽ ഞാൻ ആരെയും പങ്കുചേർത്തിരുന്നില്ലെങ്കിൽ!'
Source : QUL
43

അല്ലാഹുവിന് പുറമെ യാതൊരു കക്ഷിയും അവന്ന് സഹായം നല്‍കുവാനുണ്ടായില്ല. അവന്ന് (സ്വയം) അതിജയിക്കുവാന്‍ കഴിഞ്ഞതുമില്ല.

وَلَمۡ تَكُن لَّهُۥ فِئَةٞ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مُنتَصِرًا ۝٤٣
തഫ്സീർആയത്ത് 43
ഈ കാഫിറിന് മേൽ വന്നിറങ്ങിയ ശിക്ഷ തടുത്തു നിർത്താൻ ഒരു കൂട്ടവും ഉണ്ടായില്ല. തൻ്റെ സംഘബലത്തിൽ പൊങ്ങച്ചം നടിച്ചിരുന്നവനായിരുന്നു അവൻ. അല്ലാഹു തൻ്റെ തോട്ടത്തെ നശിപ്പിച്ചപ്പോൾ അതിനെ തടുത്തു നിർത്താൻ അവനു സാധിച്ചില്ല.
Source : QUL
44

യഥാര്‍ത്ഥ ആരാധ്യനായ അല്ലാഹുവിന്നത്രെ അവിടെ രക്ഷാധികാരം. നല്ല പ്രതിഫലം നല്‍കുന്നവനും നല്ല പര്യവസാനത്തിലെത്തുക്കുന്നവനും അവനത്രെ.

هُنَالِكَ ٱلۡوَلَٰيَةُ لِلَّهِ ٱلۡحَقِّۚ هُوَ خَيۡرٞ ثَوَابٗا وَخَيۡرٌ عُقۡبٗا ۝٤٤
തഫ്സീർആയത്ത് 44
ആ സാഹചര്യത്തിൽ സഹായം അല്ലാഹുവിൽ നിന്ന് മാത്രമാകുന്നു. തന്നിൽ വിശ്വസിച്ച തൻ്റെ ഇഷ്ടദാസന്മാർക്ക് ഏറ്റവും നല്ല പ്രതിഫലം നൽകുന്നവൻ അവനത്രെ. അവരുടെ പ്രതിഫലം അവൻ ഇരട്ടിയിരട്ടിയായി നൽകുന്നു. അവർക്ക് ഏറ്റവും ഉത്തമമായ പര്യവസാനവും അവങ്കൽ തന്നെ.
Source : QUL
45

(നബിയേ,) നീ അവര്‍ക്ക് ഐഹികജീവിതത്തിന്‍റെ ഉപമ വിവരിച്ചുകൊടുക്കുക: ആകാശത്ത് നിന്ന് നാം ഇറക്കിയ വെള്ളം പോലെ. അതുമൂലം ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്നുവളര്‍ന്നു. താമസിയാതെ അത് കാറ്റുകള്‍ പറത്തിക്കളയുന്ന തുരുമ്പായിത്തീര്‍ന്നു. (അതുപോലെയത്രെ ഐഹികജീവിതം.) അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.

وَٱضۡرِبۡ لَهُم مَّثَلَ ٱلۡحَيَوٰةِ ٱلدُّنۡيَا كَمَآءٍ أَنزَلۡنَٰهُ مِنَ ٱلسَّمَآءِ فَٱخۡتَلَطَ بِهِۦ نَبَاتُ ٱلۡأَرۡضِ فَأَصۡبَحَ هَشِيمٗا تَذۡرُوهُ ٱلرِّيَٰحُۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَيۡءٖ مُّقۡتَدِرًا ۝٤٥
തഫ്സീർആയത്ത് 45
ഇഹലോകത്തിൽ വഞ്ചിതരായിരിക്കുന്നവർക്ക് അതിൻ്റെ ഉപമ വിവരിച്ചു കൊടുക്കൂ നബിയേ! എത്ര വേഗതയിലാണ് അത് ഇല്ലാതെയാവുകയും നശിച്ചു പോവുകയും ചെയ്യുന്നതെന്ന് ബോധ്യപ്പെടുത്തുന്ന, അതിനുള്ള ഉപമ ആകാശത്ത് നിന്ന് നാം ഇറക്കുന്ന മഴവെള്ളമാണ്. ആ വെള്ളം മൂലം ഭൂമിയിൽ ചെടികൾ മുളക്കുകയും അതിൻ്റെ മൂപ്പെത്തുകയും ചെയ്തു. പിന്നീട് ആ ചെടികൾ പൊടിഞ്ഞു ചിതറിയതായി മാറി. കാറ്റ് അതിൻ്റെ കഷ്ണങ്ങളെ പലയിടങ്ങളിലേക്കായി വഹിച്ചു കൊണ്ടുപോകുന്നു. അങ്ങനെ ഭൂമി പഴയതിലേക്ക് തന്നെ മടങ്ങിപ്പോയി. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. അവന് യാതൊന്നും അസാധ്യമാവുകയില്ല. അവൻ ഉദ്ദേശിക്കുന്നതിനെ അവൻ ജീവിപ്പിക്കുന്നു. അവൻ ഉദ്ദേശിക്കുന്നതിനെ അവൻ ഇല്ലാതെയാക്കുന്നു.
Source : QUL
46

സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്‍റെ അലങ്കാരമാകുന്നു.(19) എന്നാല്‍ നിലനില്‍ക്കുന്ന സല്‍കര്‍മ്മങ്ങളാണ് നിന്‍റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‍കുന്നതും.

ٱلۡمَالُ وَٱلۡبَنُونَ زِينَةُ ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَٱلۡبَٰقِيَٰتُ ٱلصَّٰلِحَٰتُ خَيۡرٌ عِندَ رَبِّكَ ثَوَابٗا وَخَيۡرٌ أَمَلٗا ۝٤٦
തഫ്സീർആയത്ത് 46
സമ്പത്തും സന്താനങ്ങളുമെല്ലാം ഇഹലോക ജീവിതത്തിൽ അലങ്കാരമായി സ്വീകരിക്കപ്പെടാവുന്ന കാര്യങ്ങൾ മാത്രമാകുന്നു. അല്ലാഹുവിന് തൃപ്തികരമായ മാർഗത്തിൽ ചെലവഴിച്ചില്ലെങ്കിൽ സമ്പത്ത് പരലോകത്ത് യാതൊരു ഉപകാരവും ചെയ്യുകയില്ല. ഇഹലോകത്തുള്ള സർവ്വ അലങ്കാരങ്ങളെക്കാളും അല്ലാഹുവിങ്കൽ ഉത്തമമായ പ്രതിഫലമുള്ളത് തൃപ്തികരമായ വാക്കുകൾക്കും പ്രവൃത്തികൾക്കുമാകുന്നു. മനുഷ്യൻ പ്രതീക്ഷ വെക്കുന്ന കാര്യങ്ങളിൽ ഏറ്റവും നല്ലത് അതാകുന്നു. കാരണം, ഐഹികലോകത്തെ അലങ്കാരങ്ങളെല്ലാം അവസാനിക്കുന്നതാകുന്നു. അല്ലാഹുവിങ്കൽ തൃപ്തികരമായ വാക്കുകൾക്കും പ്രവൃത്തികൾക്കുമുള്ള പ്രതിഫലമാകട്ടെ; എന്നെന്നും നിലനിൽക്കുന്നതുമാകുന്നു.
Source : QUL
47

പര്‍വ്വതങ്ങളെ നാം സഞ്ചരിപ്പിക്കുകയും തെളിഞ്ഞ് നിരപ്പായ നിലയില്‍ ഭൂമി നിനക്ക് കാണുമാറാകുകയും, തുടര്‍ന്ന് അവരില്‍ നിന്ന് (മനുഷ്യരില്‍ നിന്ന്‌) ഒരാളെയും വിട്ടുകളയാതെ നാം അവരെ ഒരുമിച്ചുകൂട്ടുകയും ചെയ്യുന്ന ദിവസം(20) (ശ്രദ്ധേയമാകുന്നു.)

وَيَوۡمَ نُسَيِّرُ ٱلۡجِبَالَ وَتَرَى ٱلۡأَرۡضَ بَارِزَةٗ وَحَشَرۡنَٰهُمۡ فَلَمۡ نُغَادِرۡ مِنۡهُمۡ أَحَدٗا ۝٤٧
തഫ്സീർആയത്ത് 47
പർവ്വതങ്ങൾ അവയുടെ സ്ഥാനങ്ങളിൽ നിന്ന് നാം നീക്കുകയും, ഭൂമിക്ക് മുകളിലുള്ള മലകളും മരങ്ങളും കെട്ടിടങ്ങളുമെല്ലാം നാമാവശേഷമായി ഭൂമി നിരപ്പായ രൂപത്തിൽ നീ കാണുകയും, നാം സർവ്വസൃഷ്ടികളെയും ഒരുമിച്ചു കൂട്ടുകയും, ഒരാളെയും വിട്ടുപോകാതെ നാം പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന ദിവസം ഓർക്കുക.
Source : QUL
48

നിന്‍റെ രക്ഷിതാവിന്‍റെ മുമ്പാകെ അവര്‍ അണിയണിയായി പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്യും. (അന്നവന്‍ പറയും:) നിങ്ങളെ നാം ആദ്യതവണ സൃഷ്ടിച്ച പ്രകാരം നിങ്ങളിതാ നമ്മുടെ അടുത്തുവന്നിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ക്ക് നാം ഒരു നിശ്ചിത സമയം(21) ഏര്‍പെടുത്തുകയേയില്ല എന്ന് നിങ്ങള്‍ ജല്‍പിക്കുകയാണ് ചെയ്തത്‌.

وَعُرِضُواْ عَلَىٰ رَبِّكَ صَفّٗا لَّقَدۡ جِئۡتُمُونَا كَمَا خَلَقۡنَٰكُمۡ أَوَّلَ مَرَّةِۭۚ بَلۡ زَعَمۡتُمۡ أَلَّن نَّجۡعَلَ لَكُم مَّوۡعِدٗا ۝٤٨
തഫ്സീർആയത്ത് 48
മനുഷ്യർ അവരുടെ രക്ഷിതാവിൻ്റെ മുന്നിൽ അണിയണിയായി നിരത്തിനിർത്തപ്പെടും. അങ്ങനെ അവൻ അവരെ വിചാരണ ചെയ്യും. അവരോട് പറയപ്പെടും: നഗ്നപാദരും വിവസ്ത്രരും ചേലാകർമ്മം ചെയ്യപ്പെടാത്തവരുമായി നിങ്ങളിതാ നമ്മുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു; നാം നിങ്ങളെ ആദ്യതവണ സൃഷ്ടിച്ചതു പോലെ തന്നെ. എന്നാൽ നിങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടുകയോ, നാം നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുന്നതിനായി ഒരു സ്ഥലമോ സന്ദർഭമോ നിശ്ചയിക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു നിങ്ങൾ ജൽപ്പിച്ചിരുന്നത്.
Source : QUL
49

(കര്‍മ്മങ്ങളുടെ) രേഖ വെക്കപ്പെടും. അപ്പോള്‍ കുറ്റവാളികളെ, അതിലുള്ളതിനെപ്പറ്റി ഭയവിഹ്വലരായ നിലയില്‍ നിനക്ക് കാണാം. അവര്‍ പറയും: ഹോ! ഞങ്ങള്‍ക്ക് നാശം. ഇതെന്തൊരു രേഖയാണ്‌? ചെറുതോ വലുതോ ആയ ഒന്നും തന്നെ അത് കൃത്യമായി രേഖപ്പെടുത്താതെ വിട്ടുകളയുന്നില്ലല്ലോ! തങ്ങള്‍ പ്രവര്‍ത്തിച്ചതൊക്കെ ഹാജരായ നിലയിൽ അവര്‍ കണ്ടെത്തും. നിന്‍റെ രക്ഷിതാവ് യാതൊരാളോടും അനീതി കാണിക്കുകയില്ല.

وَوُضِعَ ٱلۡكِتَٰبُ فَتَرَى ٱلۡمُجۡرِمِينَ مُشۡفِقِينَ مِمَّا فِيهِ وَيَقُولُونَ يَٰوَيۡلَتَنَا مَالِ هَٰذَا ٱلۡكِتَٰبِ لَا يُغَادِرُ صَغِيرَةٗ وَلَا كَبِيرَةً إِلَّآ أَحۡصَىٰهَاۚ وَوَجَدُواْ مَا عَمِلُواْ حَاضِرٗاۗ وَلَا يَظۡلِمُ رَبُّكَ أَحَدٗا ۝٤٩
തഫ്സീർആയത്ത് 49
പ്രവർത്തനങ്ങൾ രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥം വെക്കപ്പെടും. തൻ്റെ വലതു കൈ കൊണ്ട് ഗ്രന്ഥം ഏറ്റുവാങ്ങുന്നവരുണ്ട്; ഇടതു കൈ കൊണ്ട് ഗ്രന്ഥം എടുക്കുന്നവരുമുണ്ട്. മനുഷ്യാ! അല്ലാഹുവിനെ നിഷേധിച്ചവർ ആ ഗ്രന്ഥത്തിലുള്ളതിനെ കുറിച്ച് ഭയവിഹ്വലരായ നിലയിൽ നിൽക്കുന്നത് നീ കാണും. കാരണം അവർ മുൻപ് ചെയ്തുകൂട്ടിയ നിഷേധവും തിന്മകളും അവർക്ക് അറിയാം. അവർ പറയും: ഞങ്ങളുടെ നാശമേ! ഹാ, ഞങ്ങൾക്ക് ബാധിച്ചിരിക്കുന്ന മഹാവിപത്ത്! എന്തൊരു ഗ്രന്ഥമാണിത്?! നമ്മുടെ പ്രവർത്തനങ്ങളിൽ പെട്ട ചെറുതോ വലുതോ ആയ ഒന്നും ഇത് രേഖപ്പെടുത്തുകയും എണ്ണിക്കണക്കാക്കുകയും ചെയ്യാതെ വിടുന്നില്ലല്ലോ?! ഇഹലോകത്ത് അവർ ചെയ്ത തിന്മകൾ അതിൽ രേഖപ്പെടുത്തപ്പെട്ടതായി അവർ കാണും. അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ രക്ഷിതാവ് ഒരാളോടും അനീതി പ്രവർത്തിക്കുകയില്ല. തിന്മ കാരണത്താലല്ലാതെ അവൻ ഒരാളെയും ശിക്ഷിക്കുകയില്ല. നന്മകൾ പ്രവർത്തിച്ചവൻ്റെ പ്രതിഫലത്തിൽ നിന്ന് ഒട്ടും അവൻ കുറക്കുകയുമില്ല.
Source : QUL
50

നാം മലക്കുകളോട് നിങ്ങള്‍ ആദമിന് പ്രണാമം ചെയ്യുക എന്ന് പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമത്രെ.) അവര്‍ പ്രണാമം ചെയ്തു. ഇബ്‌ലീസ് ഒഴികെ. അവന്‍ ജിന്നുകളില്‍ പെട്ടവനായിരുന്നു. അങ്ങനെ തന്‍റെ രക്ഷിതാവിന്‍റെ കല്‍പന അവന്‍ ധിക്കരിച്ചു. എന്നിരിക്കെ നിങ്ങള്‍ എന്നെ വിട്ട് അവനെയും അവന്‍റെ സന്തതികളെയും രക്ഷാധികാരികളാക്കുകയാണോ? അവര്‍ നിങ്ങളുടെ ശത്രുക്കളത്രെ. അക്രമികള്‍ക്ക് (അല്ലാഹുവിന്‌) പകരം കിട്ടിയത് വളരെ ചീത്ത തന്നെ.

وَإِذۡ قُلۡنَا لِلۡمَلَٰٓئِكَةِ ٱسۡجُدُواْ لِأٓدَمَ فَسَجَدُوٓاْ إِلَّآ إِبۡلِيسَ كَانَ مِنَ ٱلۡجِنِّ فَفَسَقَ عَنۡ أَمۡرِ رَبِّهِۦٓۗ أَفَتَتَّخِذُونَهُۥ وَذُرِّيَّتَهُۥٓ أَوۡلِيَآءَ مِن دُونِي وَهُمۡ لَكُمۡ عَدُوُّۢۚ بِئۡسَ لِلظَّٰلِمِينَ بَدَلٗا ۝٥٠
തഫ്സീർആയത്ത് 50
അല്ലാഹുവിൻ്റെ റസൂലേ! നാം മലക്കുകളോട് പറഞ്ഞ സന്ദർഭം ഓർക്കുക: 'നിങ്ങൾ ആദമിന് അഭിവാദനത്തിൻ്റെ സാഷ്ടാംഗം അർപ്പിക്കുക.' അപ്പോൾ അവരെല്ലാം അവരുടെ രക്ഷിതാവിൻ്റെ കൽപ്പന അനുസരിച്ചു കൊണ്ട് ആദമിന് സുജൂദ് ചെയ്തു; ഇബ്'ലീസ് ഒഴികെ. ജിന്നുകളിൽ പെട്ടവനായിരുന്നു അവൻ; മലക്കുകളിൽ പെട്ടവനായിരുന്നില്ല. അവൻ വിസമ്മതിക്കുകയും, ആദമിന് സാഷ്ടാംഗം അർപ്പിക്കുന്നതിൽ നിന്ന് അഹങ്കാരം നടിക്കുകയും ചെയ്തു. അങ്ങനെ അവൻ തൻ്റെ രക്ഷിതാവിനെ ധിക്കരിച്ചു. അല്ലയോ മനുഷ്യരെ! നിങ്ങൾ അവനെയും അവൻ്റെ സന്താനങ്ങളെയും എനിക്ക് പുറമെയുള്ള രക്ഷകർത്താക്കളായി സ്വീകരിക്കുകയാണോ?! അവരാകട്ടെ, നിങ്ങളുടെ ശത്രുക്കളാണ്. എങ്ങനെയാണ് നിങ്ങളുടെ ശത്രുക്കളെ നിങ്ങൾ രക്ഷാധികാരികളായി സ്വീകരിക്കുക?! പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുകയും, അല്ലാഹുവിൻ്റെ രക്ഷാകർതൃത്വം സ്വീകരിക്കാതിരിക്കുകയും ചെയ്ത അതിക്രമികളുടെ പ്രവർത്തനം എത്ര മോശമായിരിക്കുന്നു.
Source : QUL
51

ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനാകട്ടെ, അവരുടെ തന്നെ സൃഷ്ടിപ്പിനാകട്ടെ നാം അവരെ സാക്ഷികളാക്കിയിട്ടില്ല. വഴിപിഴപ്പിക്കുന്നവരെ ഞാന്‍ സഹായികളായി സ്വീകരിക്കുന്നവനല്ലതാനും.(22)

۞ مَّآ أَشۡهَدتُّهُمۡ خَلۡقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَلَا خَلۡقَ أَنفُسِهِمۡ وَمَا كُنتُ مُتَّخِذَ ٱلۡمُضِلِّينَ عَضُدٗا ۝٥١
തഫ്സീർആയത്ത് 51
എനിക്ക് പുറമെ നിങ്ങൾ രക്ഷാധികാരികളായി സ്വീകരിച്ചിരിക്കുന്ന ഇവർ നിങ്ങളെ പോലുള്ള അടിമകൾ മാത്രമാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിന് -അവയെ സൃഷ്ടിക്കുന്ന വേളയിൽ- നാം അവരെ സാക്ഷികളാക്കിയിട്ടില്ല. അല്ല! അപ്പോൾ അവരാരും ഉണ്ടായിരുന്നില്ല തന്നെ. അവരിൽ ചിലരെ സൃഷ്ടിക്കുന്നതിന് (അവരിൽ പെട്ട) വേറെ ചിലരെയും സാക്ഷികളാക്കിയിട്ടില്ല. സൃഷ്ടിപ്പും നിയന്ത്രണവുമെല്ലാം ഞാൻ ഏകനായാണ് നിർവ്വഹിച്ചത്. മനുഷ്യരിലും ജിന്നുകളിലും പെട്ട വഴിപിഴപ്പിക്കുന്ന പിശാചുക്കളെ സഹായികളായി സ്വീകരിക്കുന്നവനല്ല ഞാൻ. ഞാൻ സർവ്വസഹായികളിൽ നിന്നും ധന്യനാകുന്നു.
Source : QUL
52

എന്‍റെ പങ്കാളികളെന്ന് നിങ്ങള്‍ ജല്‍പിച്ച് കൊണ്ടിരുന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ എന്ന് അവന്‍ (അല്ലാഹു) പറയുന്ന ദിവസവും (ശ്രദ്ധേയമത്രെ.) അപ്പോള്‍ ഇവര്‍ അവരെ വിളിച്ച് നോക്കുന്നതാണ്‌. എന്നാല്‍ അവര്‍ ഇവര്‍ക്ക് ഉത്തരം നല്‍കുന്നതല്ല. അവര്‍ക്കിടയില്‍ നാം ഒരു നാശഗര്‍ത്തം ഉണ്ടാക്കുകയും ചെയ്യും.(23)

وَيَوۡمَ يَقُولُ نَادُواْ شُرَكَآءِيَ ٱلَّذِينَ زَعَمۡتُمۡ فَدَعَوۡهُمۡ فَلَمۡ يَسۡتَجِيبُواْ لَهُمۡ وَجَعَلۡنَا بَيۡنَهُم مَّوۡبِقٗا ۝٥٢
തഫ്സീർആയത്ത് 52
അല്ലാഹുവിൻ്റെ റസൂലേ! ഇഹലോകത്ത് വെച്ച് അല്ലാഹുവിൽ പങ്കുചേർത്തവരോട് അല്ലാഹു ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ പറയുന്ന സന്ദർഭം സ്മരിക്കുക. (അവൻ പറയും:) എൻ്റെ പങ്കാളികളാണെന്ന് നിങ്ങൾ ജൽപ്പിച്ചിരുന്നവരെ വിളിച്ചു നോക്കൂ; അവർ നിങ്ങളെ സഹായിച്ചേക്കുമെങ്കിൽ. അങ്ങനെ അവർ അവരെ (ആരാധ്യന്മാരെ) വിളിച്ചു നോക്കും; എന്നാൽ അവർ ഇവരുടെ പ്രാർത്ഥനക്ക് ഉത്തരം നൽകുകയോ, അവരെ സഹായിക്കുകയോ ഇല്ല. ആരാധിച്ചവർക്കും ആരാധ്യന്മാർക്കും പങ്കുചേരാൻ ഒരു നാശകേന്ദ്രം നാം നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു; നരകമാണത്.
Source : QUL
53

കുറ്റവാളികള്‍ നരകം നേരില്‍ കാണും. അപ്പോള്‍ തങ്ങള്‍ അതില്‍ അകപ്പെടാന്‍ പോകുകയാണെന്ന് അവര്‍ ഉറപ്പാക്കും. അതില്‍ നിന്ന് വിട്ടുമാറിപ്പോകാന്‍ ഒരു മാര്‍ഗവും അവര്‍ കണ്ടെത്തുകയുമില്ല.

وَرَءَا ٱلۡمُجۡرِمُونَ ٱلنَّارَ فَظَنُّوٓاْ أَنَّهُم مُّوَاقِعُوهَا وَلَمۡ يَجِدُواْ عَنۡهَا مَصۡرِفٗا ۝٥٣
തഫ്സീർആയത്ത് 53
ബഹുദൈവാരാധകർ നരകം കൺമുന്നിൽ കാണും. തങ്ങൾ അതിൽ വീഴാൻ പോവുകയാണെന്ന് അപ്പോൾ അവർക്ക് ഉറച്ച ബോധ്യം വരും. അതിൽ നിന്ന് രക്ഷപ്പെട്ടു മാറാൻ ഒരു സ്ഥലവും അവർ കാണുകയില്ല.
Source : QUL
54

തീര്‍ച്ചയായും ജനങ്ങള്‍ക്കുവേണ്ടി എല്ലാവിധ ഉപമകളും ഈ ഖുര്‍ആനില്‍ നാം വിവിധ തരത്തില്‍ വിവരിച്ചിരിക്കുന്നു. എന്നാല്‍ മനുഷ്യന്‍ അത്യധികം തര്‍ക്കസ്വഭാവമുള്ളവനത്രെ.

وَلَقَدۡ صَرَّفۡنَا فِي هَٰذَا ٱلۡقُرۡءَانِ لِلنَّاسِ مِن كُلِّ مَثَلٖۚ وَكَانَ ٱلۡإِنسَٰنُ أَكۡثَرَ شَيۡءٖ جَدَلٗا ۝٥٤
തഫ്സീർആയത്ത് 54
മുഹമ്മദ് നബി -ﷺ- ക്ക് മേൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ ഖുർആനിൽ ധാരാളം രൂപത്തിലുള്ള ഉപമകൾ വിവിധരൂപത്തിൽ നാം വിശദീകരിച്ചിരിക്കുന്നു. അവർ ഉൽബോധനം ഉൾക്കൊള്ളുകയും, ഗുണപാഠം സ്വീകരിക്കുന്നതിനുമത്രെ അത്. എന്നാൽ മനുഷ്യർ -പ്രത്യേകിച്ച് അല്ലാഹുവിനെ നിഷേധിച്ചവർ-; അവരിൽ നിന്ന് ഏറ്റവും കൂടുതൽ പ്രകടമാകുന്നത് നിരർത്ഥകമായ തർക്കം മാത്രമത്രെ.
Source : QUL
55

തങ്ങള്‍ക്കു മാര്‍ഗദര്‍ശനം വന്നുകിട്ടിയപ്പോള്‍ അതില്‍ വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും ചെയ്യുന്നതിന് ജനങ്ങള്‍ക്ക് തടസ്സമായത് പൂര്‍വ്വികന്‍മാരുടെ കാര്യത്തിലുണ്ടായ അതേ നടപടി അവര്‍ക്കും വരണം അല്ലെങ്കില്‍ അവര്‍ക്ക് നേരിട്ട് ശിക്ഷ വരണം എന്ന അവരുടെ നിലപാട് മാത്രമാകുന്നു.(24)

وَمَا مَنَعَ ٱلنَّاسَ أَن يُؤۡمِنُوٓاْ إِذۡ جَآءَهُمُ ٱلۡهُدَىٰ وَيَسۡتَغۡفِرُواْ رَبَّهُمۡ إِلَّآ أَن تَأۡتِيَهُمۡ سُنَّةُ ٱلۡأَوَّلِينَ أَوۡ يَأۡتِيَهُمُ ٱلۡعَذَابُ قُبُلٗا ۝٥٥
തഫ്സീർആയത്ത് 55
തൻ്റെ രക്ഷിതാവിൽ നിന്ന് നബി -ﷺ- കൊണ്ട് വന്നതിൽ വിശ്വസിക്കാനും, അല്ലാഹുവിനോട് തങ്ങളുടെ തെറ്റുകൾക്ക് പാപമോചനം തേടാനും സത്യത്തെ തള്ളിക്കളഞ്ഞ നിഷേധികൾക്ക് തടസ്സമായത് (സത്യം) വിശദീകരിക്കപ്പെട്ടത് പോരാഞ്ഞിട്ടല്ല. വിശുദ്ധ ഖുർആനിൽ ഉപമകൾ അവർക്കായി വിവരിക്കപ്പെട്ടിരിക്കുന്നു. വ്യക്തമായ തെളിവുകളും അവർക്ക് വന്നെത്തിയിരിക്കുന്നു. മുൻപ് കഴിഞ്ഞു പോയ സമൂഹങ്ങൾക്ക് വന്നെത്തിയ ശിക്ഷ തങ്ങൾക്ക് മേലും വന്നു പതിക്കട്ടെയെന്നും, തങ്ങൾക്ക് താക്കീത് നൽകപ്പെട്ടിരിക്കുന്ന ശിക്ഷ നേരിൽ കാണണമെന്നുമുള്ള അവരുടെ ആവശ്യം മാത്രമായിരുന്നു കടുത്ത പിടിവാശിയോടെ അവരെ (അല്ലാഹുവിലും അവൻ്റെ ദൂതരിലും) വിശ്വസിക്കുന്നതിൽ നിന്ന് തടഞ്ഞു നിർത്തിയത്.
Source : QUL
56

സന്തോഷവാര്‍ത്ത അറിയിക്കുന്നവരായിക്കൊണ്ടും, താക്കീത് നല്‍കുന്നവരായിക്കൊണ്ടും മാത്രമാണ് നാം ദൂതന്‍മാരെ നിയോഗിക്കുന്നത്‌. അവിശ്വസിച്ചവര്‍ മിഥ്യാവാദവുമായി തര്‍ക്കിച്ച് കൊണ്ടിരിക്കുന്നു; അത് മൂലം സത്യത്തെ തകര്‍ത്തുകളയുവാന്‍ വേണ്ടി. എന്‍റെ ദൃഷ്ടാന്തങ്ങളെയും അവര്‍ക്ക് നല്‍കപ്പെട്ട താക്കീതുകളെയും അവര്‍ പരിഹാസ്യമാക്കിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു.

وَمَا نُرۡسِلُ ٱلۡمُرۡسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَۚ وَيُجَٰدِلُ ٱلَّذِينَ كَفَرُواْ بِٱلۡبَٰطِلِ لِيُدۡحِضُواْ بِهِ ٱلۡحَقَّۖ وَٱتَّخَذُوٓاْ ءَايَٰتِي وَمَآ أُنذِرُواْ هُزُوٗا ۝٥٦
തഫ്സീർആയത്ത് 56
(അല്ലാഹുവിൽ) വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് സന്തോഷവാർത്ത അറിയിക്കുന്നവരും, (അല്ലാഹുവിനെ) നിഷേധിക്കുകയും തിന്മകൾ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് താക്കീത് നൽകുകയും ചെയ്യുന്നവരായിട്ടല്ലാതെ നമ്മുടെ ദൂതന്മാരിൽ പെട്ട ആരെയും നാം അയക്കുന്നില്ല. ജനങ്ങളെ സന്മാർഗത്തിലേക്ക് നയിക്കാനുള്ള കഴിവ് അവർക്കില്ല. അല്ലാഹുവിനെ നിഷേധിക്കുന്നവരാകട്ടെ, തെളിവുകൾ അവർക്ക് വ്യക്തമായതിന് ശേഷവും അല്ലാഹുവിൻ്റെ ദൂതന്മാരോട് തർക്കിക്കുകയാണ്. അവരുടെ അസത്യം കൊണ്ട് മുഹമ്മദ് നബി -ﷺ- യുടെ മേൽ അവതരിപ്പിക്കപ്പെട്ട സത്യത്തെ ഇല്ലാതെയാക്കാനാണ് അവർ ഈ തർക്കിക്കുന്നത്. വിശുദ്ധ ഖുർആനെയും, അവർക്ക് താക്കീത് നൽകപ്പെട്ട ശിക്ഷയെയും ഒരു തമാശയും പരിഹാസവിഷയവുമാക്കി അവർ മാറ്റിയിരിക്കുന്നു.
Source : QUL
57

തന്‍റെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ഓര്‍മിപ്പിക്കപ്പെട്ടിട്ട് അതില്‍ നിന്ന് തിരിഞ്ഞുകളയുകയും, തന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തത് (ദുഷ്കര്‍മ്മങ്ങള്‍) മറന്നുകളയുകയും ചെയ്തവനെക്കാള്‍ അക്രമിയായി ആരുണ്ട്‌? തീര്‍ച്ചയായും അവരത് ഗ്രഹിക്കുന്നതിന് (തടസ്സമായി) നാം അവരുടെ ഹൃദയങ്ങളില്‍ മൂടികളും, അവരുടെ കാതുകളില്‍ ഭാര(അടപ്പ്‌)വും ഏര്‍പെടുത്തിയിരിക്കുന്നു. (അങ്ങനെയിരിക്കെ) നീ അവരെ സന്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്ന പക്ഷം അവര്‍ ഒരിക്കലും സന്‍മാര്‍ഗം സ്വീകരിക്കുകയില്ല.

وَمَنۡ أَظۡلَمُ مِمَّن ذُكِّرَ بِـَٔايَٰتِ رَبِّهِۦ فَأَعۡرَضَ عَنۡهَا وَنَسِيَ مَا قَدَّمَتۡ يَدَاهُۚ إِنَّا جَعَلۡنَا عَلَىٰ قُلُوبِهِمۡ أَكِنَّةً أَن يَفۡقَهُوهُ وَفِيٓ ءَاذَانِهِمۡ وَقۡرٗاۖ وَإِن تَدۡعُهُمۡ إِلَى ٱلۡهُدَىٰ فَلَن يَهۡتَدُوٓاْ إِذًا أَبَدٗا ۝٥٧
തഫ്സീർആയത്ത് 57
തൻ്റെ രക്ഷിതാവിൻ്റെ ആയത്തുകൾ ഓർമ്മിക്കപ്പെട്ട ശേഷം, ശിക്ഷയെക്കുറിച്ച് അതിലുള്ള താക്കീതുകൾക്ക് ഒരു വിലയും കൽപ്പിക്കാതിരിക്കുകയും, അതിൽ നിന്ന് പാഠമുൾക്കൊള്ളാതെ തിരിഞ്ഞു കളയുകയും, തൻ്റെ ഐഹിക ജീവിതത്തിൽ ചെയ്തു കൂട്ടിയ നിഷേധവും തിന്മകളും മറക്കുകയും, അതിൽ നിന്ന് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവനെക്കാൾ കടുത്ത അതിക്രമം പ്രവർത്തിച്ച മറ്റാരും തന്നെയില്ല. ഈ രൂപത്തിലുള്ളവരുടെ ഹൃദയങ്ങൾക്ക് മേൽ നാം മൂടികൾ വെച്ചിരിക്കുന്നു. ഖുർആൻ ഗ്രഹിക്കുന്നതിൽ നിന്ന് അതവരെ തടയുന്നു. അവരുടെ കാതുകളിൽ അതിൽ (ഖുർആനിൽ) നിന്നുള്ള ബധിരതയുമുണ്ട്. അതിനാൽ ഖുർആനിലുള്ളത് ഉൾക്കൊള്ളുന്ന തരത്തിൽ അവർ കേൾക്കുകയില്ല. (അല്ലാഹുവിൽ) വിശ്വസിക്കുന്നതിലേക്ക് നീ അവരെ ക്ഷണിച്ചാൽ -അവരുടെ ഹൃദയങ്ങളിൽ ആ മൂടികളും, അവരുടെ കാതുകളിൽ ആ അടപ്പുകളും നിലകൊള്ളുന്നിടത്തോളം- അവർ നീ ക്ഷണിക്കുന്നതിന് ഒരിക്കലും ഉത്തരം നൽകുകയില്ല.
Source : QUL
58

നിന്‍റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണയുള്ളവനുമാകുന്നു. അവര്‍ ചെയ്തുകൂട്ടിയതിന് അവന്‍ അവര്‍ക്കെതിരില്‍ നടപടി എടുക്കുകയായിരുന്നെങ്കില്‍ അവര്‍ക്കവന്‍ ഉടന്‍ തന്നെ ശിക്ഷ നല്‍കുമായിരുന്നു. പക്ഷെ അവര്‍ക്കൊരു നിശ്ചിത അവധിയുണ്ട്‌. അതിനെ മറികടന്നുകൊണ്ട് രക്ഷപ്രാപിക്കാവുന്ന ഒരു സ്ഥാനവും അവര്‍ കണ്ടെത്തുകയേയില്ല.

وَرَبُّكَ ٱلۡغَفُورُ ذُو ٱلرَّحۡمَةِۖ لَوۡ يُؤَاخِذُهُم بِمَا كَسَبُواْ لَعَجَّلَ لَهُمُ ٱلۡعَذَابَۚ بَل لَّهُم مَّوۡعِدٞ لَّن يَجِدُواْ مِن دُونِهِۦ مَوۡئِلٗا ۝٥٨
തഫ്സീർആയത്ത് 58
തന്നെ നിഷേധിക്കുന്നവർക്ക് മേൽ വേഗം ശിക്ഷ ഇറക്കിക്കൊണ്ട് അവർക്ക് അല്ലാഹു മറുപടി നൽകുമെന്ന ധാരണ നബി -ﷺ- ക്ക് ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി അല്ലാഹു അവിടുത്തോട് പറയുന്നു: അല്ലാഹുവിൻ്റെ റസൂലേ! തൻ്റെ ദാസന്മാരിൽ ഖേദിച്ചു മടങ്ങുന്നവർക്ക് അങ്ങേയറ്റം പൊറുത്തു കൊടുക്കുന്നവനും, സർവ്വതിനെയും വിശാലമായി ചൂഴ്ന്നിരിക്കുന്ന കാരുണ്യത്തിൻ്റെ ഉടമയുമാണ് താങ്കളുടെ റബ്ബ്. ധിക്കാരികൾ തൻ്റെ അടുത്തേക്ക് പശ്ചാത്തപിച്ചു മടങ്ങിയേക്കാം എന്നതിനാൽ അവധി നീട്ടിനൽകുക എന്നത് അവൻ്റെ കാരുണ്യത്തിൽ പെട്ടതാണ്. (സത്യത്തിൽ നിന്ന്) തിരിഞ്ഞു കളഞ്ഞ ഇക്കൂട്ടരെ ശിക്ഷിക്കാൻ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ ഇഹലോക ജീവിതത്തിൽ വെച്ച് തന്നെ അവരെ അവൻ ഉടനടി ശിക്ഷിക്കുമായിരുന്നു. എന്നാൽ അവൻ സഹനശീലനും, ധാരാളമായി കരുണ ചൊരിയുന്നവനുമാകുന്നു. അവർ പശ്ചാത്തപിച്ചു മടങ്ങുന്നതിനായി അവരുടെ ശിക്ഷ അവൻ വൈകിപ്പിച്ചിരിക്കുന്നു. എന്നാൽ, പശ്ചാത്തപിച്ചു മടങ്ങിയില്ലെങ്കിൽ അവരുടെ നിഷേധത്തിനും അവഗണനക്കുമുള്ള പ്രതിഫലം നൽകപ്പെടുന്നതിനു വേണ്ടി നിശ്ചയിക്കപ്പെട്ട ഒരു സമയവും സ്ഥലവും അവർക്കുണ്ട്. അപ്പോൾ അതിനെ മറികടന്ന് ഒരു രക്ഷാസങ്കേതം അവർക്ക് കണ്ടെത്താൻ കഴിയുന്നതല്ല.
Source : QUL
59

ആ രാജ്യങ്ങള്‍ അക്രമത്തില്‍ ഏര്‍പെട്ടപ്പോള്‍ അവരെ നാം നശിപ്പിച്ചുകളഞ്ഞു. അവരുടെ നാശത്തിന് നാം ഒരു നിശ്ചിത അവധി നിശ്ചയിച്ചിരുന്നു‌.

وَتِلۡكَ ٱلۡقُرَىٰٓ أَهۡلَكۡنَٰهُمۡ لَمَّا ظَلَمُواْ وَجَعَلۡنَا لِمَهۡلِكِهِم مَّوۡعِدٗا ۝٥٩
തഫ്സീർആയത്ത് 59
നിങ്ങളോട് അടുത്തുള്ള, ആ നിഷേധികളുടെ നാടുകളെ -അവർ അല്ലാഹുവിനെ നിഷേധിച്ചു കൊണ്ടും, തിന്മകൾ പ്രവർത്തിച്ചു കൊണ്ടും സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചപ്പോൾ- നാം നശിപ്പിക്കുകയുണ്ടായി. ഹൂദിൻ്റെയും സ്വാലിഹിൻ്റെയും ശുഐബിൻ്റെയും നാടുകൾ ഉദാഹരണം. അവരുടെ ശിക്ഷക്ക് നാം നിർണ്ണിതമായ ഒരു അവധി നിശ്ചയിച്ചിരിക്കുന്നു.
Source : QUL
60

മൂസാ തന്‍റെ ഭൃത്യനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) ഞാന്‍ രണ്ട് കടലുകള്‍ കൂടിച്ചേരുന്നിടത്ത് എത്തുകയോ, അല്ലെങ്കില്‍ സുദീര്‍ഘമായ ഒരു കാലഘട്ടം മുഴുവന്‍ നടന്നു കഴിയുകയോ ചെയ്യുന്നതുവരെ ഞാന്‍ (ഈ യാത്ര) തുടര്‍ന്നു കൊണ്ടേയിരിക്കും.

وَإِذۡ قَالَ مُوسَىٰ لِفَتَىٰهُ لَآ أَبۡرَحُ حَتَّىٰٓ أَبۡلُغَ مَجۡمَعَ ٱلۡبَحۡرَيۡنِ أَوۡ أَمۡضِيَ حُقُبٗا ۝٦٠
തഫ്സീർആയത്ത് 60
അല്ലാഹുവിൻ്റെ റസൂലേ! തൻ്റെ ഭൃത്യനായ യൂശഅ് ബ്നു നൂനിനോട് മൂസ -عَلَيْهِ السَّلَامُ- ഇപ്രകാരം പറഞ്ഞ സന്ദർഭം ഓർക്കുക: രണ്ട് സമുദ്രങ്ങൾ കൂടിച്ചേരുന്ന ഒരിടത്ത് എത്തുന്നത് വരെ ഞാൻ സഞ്ചരിച്ചു കൊണ്ടേയിരിക്കും. അതല്ലെങ്കിൽ, സച്ചരിതനായ ആ ദാസനെ കണ്ടുമുട്ടുകയും, അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ സാധിക്കുകയും ചെയ്യുന്നത് വരെ സുദീർഘമായ ഒരു കാലഘട്ടം ഞാൻ യാത്ര ചെയ്യുന്നതാണ്.
Source : QUL
61

അങ്ങനെ അവര്‍ അവ (കടലുകള്‍) രണ്ടും കൂടിച്ചേരുന്നിടത്തെത്തിയപ്പോള്‍ തങ്ങളുടെ മത്സ്യത്തിന്‍റെ കാര്യം മറന്നുപോയി.(25) അങ്ങനെ അത് കടലില്‍ (ചാടി) അത് പോയ മാര്‍ഗം ഒരു തുരങ്കം (പോലെ) ആക്കിത്തീര്‍ത്തു.(26)

فَلَمَّا بَلَغَا مَجۡمَعَ بَيۡنِهِمَا نَسِيَا حُوتَهُمَا فَٱتَّخَذَ سَبِيلَهُۥ فِي ٱلۡبَحۡرِ سَرَبٗا ۝٦١
തഫ്സീർആയത്ത് 61
അങ്ങനെ അവർ രണ്ടു പേരും സഞ്ചാരം തുടങ്ങി. രണ്ട് സമുദ്രങ്ങൾ കൂടിച്ചേരുന്ന പ്രദേശം എത്തിയപ്പോൾ അവർ രണ്ടു പേരും ഭക്ഷണമായി കൂടെക്കരുതിയ തങ്ങളുടെ പക്കലുള്ള മത്സ്യത്തിൻ്റെ കാര്യം വിസ്മരിച്ചു. അല്ലാഹു ആ മത്സ്യത്തിന് ജീവൻ നൽകുകയും, അത് സഞ്ചരിച്ച സ്ഥലത്ത് തുരങ്കം പോലെ ഒരു വഴി ബാക്കിവെക്കുകയും ചെയ്തു. അവിടെ വെള്ളം കൂടിച്ചേരാതെ നിലകൊണ്ടു.
Source : QUL
62

അങ്ങനെ അവര്‍ ആ സ്ഥലം വിട്ടു മുന്നോട്ട് പോയിക്കഴിഞ്ഞപ്പോള്‍ മൂസാ തന്‍റെ ഭൃത്യനോട് പറഞ്ഞു: നീ നമുക്ക് നമ്മുടെ ഭക്ഷണം കൊണ്ടുവാ. നമ്മുടെ ഈ യാത്ര നിമിത്തം നമുക്ക് ക്ഷീണം നേരിട്ടിരിക്കുന്നു.

فَلَمَّا جَاوَزَا قَالَ لِفَتَىٰهُ ءَاتِنَا غَدَآءَنَا لَقَدۡ لَقِينَا مِن سَفَرِنَا هَٰذَا نَصَبٗا ۝٦٢
തഫ്സീർആയത്ത് 62
അങ്ങനെ അവർ ആ സ്ഥലം വിട്ടു മുന്നോട്ടു പോയിക്കഴിഞ്ഞപ്പോൾ മൂസ -عَلَيْهِ السَّلَامُ- തൻ്റെ ഭൃത്യനോട് പറഞ്ഞു: നമ്മുടെ പ്രഭാതഭക്ഷണം കൊണ്ടുവരൂ. നമ്മുടെ ഈ യാത്ര കാരണം കടുത്ത ക്ഷീണം നമ്മെ ബാധിച്ചിരിക്കുന്നു.
Source : QUL
63

അവന്‍ പറഞ്ഞു: താങ്കള്‍ കണ്ടുവോ? നാം ആ പാറക്കല്ലില്‍ അഭയം പ്രാപിച്ച സന്ദര്‍ഭത്തില്‍ ഞാന്‍ ആ മത്സ്യത്തെ മറന്നുപോവുകതന്നെ ചെയ്തു. അത് പറയാന്‍ എന്നെ മറപ്പിച്ചത് പിശാചല്ലാതെ മറ്റാരുമല്ല. അത് കടലിലൂടെ സഞ്ചരിച്ച വഴി ഒരു അത്ഭുതമാക്കിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു.

قَالَ أَرَءَيۡتَ إِذۡ أَوَيۡنَآ إِلَى ٱلصَّخۡرَةِ فَإِنِّي نَسِيتُ ٱلۡحُوتَ وَمَآ أَنسَىٰنِيهُ إِلَّا ٱلشَّيۡطَٰنُ أَنۡ أَذۡكُرَهُۥۚ وَٱتَّخَذَ سَبِيلَهُۥ فِي ٱلۡبَحۡرِ عَجَبٗا ۝٦٣
തഫ്സീർആയത്ത് 63
ഭൃത്യൻ പറഞ്ഞു: നാം ആ പാറക്കല്ലിൽ അഭയം പ്രാപിച്ച സന്ദർഭത്തിൽ സംഭവിച്ചത് താങ്കൾ കണ്ടുവോ?! മത്സ്യത്തിൻ്റെ കാര്യം താങ്കളോട് പറയുവാൻ ഞാൻ മറന്നു പോയതാണ്. അത് താങ്കളോട് പറയുന്നതിൽ നിന്ന് എന്നെ മറപ്പിച്ചത് പിശാചല്ലാതെ മറ്റാരുമല്ല. തീർച്ചയായും മത്സ്യത്തിന് ജീവൻ വരികയും, അത് സമുദ്രത്തിലൂടെ ഒരു വഴി കണ്ടെത്തുകയും ചെയ്തു. (അതിൻ്റെ പ്രവർത്തനം) അത്ഭുതം ജനിപ്പിക്കുന്നത് തന്നെ!
Source : QUL
64

അദ്ദേഹം (മൂസാ) പറഞ്ഞു: അതുതന്നെയാണ് നാം തേടിക്കൊണ്ടിരുന്നത്‌.(27) ഉടനെ അവര്‍ രണ്ടുപേരും തങ്ങളുടെ കാല്‍പാടുകള്‍ നോക്കിക്കൊണ്ട് മടങ്ങി.

قَالَ ذَٰلِكَ مَا كُنَّا نَبۡغِۚ فَٱرۡتَدَّا عَلَىٰٓ ءَاثَارِهِمَا قَصَصٗا ۝٦٤
തഫ്സീർആയത്ത് 64
മൂസ -عَلَيْهِ السَّلَامُ- ഭൃത്യനോട് പറഞ്ഞു: അത് തന്നെയായിരുന്നു നാം തേടിക്കൊണ്ടിരുന്നത്. സച്ചരിതനായ ആ അടിമയുടെ സ്ഥലത്തിൻ്റെ അടയാളമാണത്. അങ്ങനെ വഴിതെറ്റാതിരിക്കുന്നതിന് വേണ്ടി അവർ തങ്ങളുടെ കാൽപ്പാടുകൾ പിന്തുടർന്നു കൊണ്ട് തിരിച്ചു മടങ്ങുകയും, ആ പാറയുടെ അടുക്കൽ എത്തുകയും, അവിടെ നിന്ന് മത്സ്യം (സമുദ്രത്തിൽ) പ്രവേശിച്ചയിടത്തും എത്തി.
Source : QUL
65

അപ്പോള്‍ അവര്‍ രണ്ടുപേരും നമ്മുടെ ദാസന്‍മാരില്‍ ഒരാളെ(28) കണ്ടെത്തി. അദ്ദേഹത്തിന് നാം നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം നല്‍കുകയും, നമ്മുടെ പക്കല്‍ നിന്നുള്ള ജ്ഞാനം നാം അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌.

فَوَجَدَا عَبۡدٗا مِّنۡ عِبَادِنَآ ءَاتَيۡنَٰهُ رَحۡمَةٗ مِّنۡ عِندِنَا وَعَلَّمۡنَٰهُ مِن لَّدُنَّا عِلۡمٗا ۝٦٥
തഫ്സീർആയത്ത് 65
അങ്ങനെ മത്സ്യത്തെ നഷ്ടപ്പെട്ട സ്ഥലത്ത് അവർ എത്തിയപ്പോൾ നമ്മുടെ സച്ചരിതരായ ദാസന്മാരിൽ പെട്ട ആ വ്യക്തിയെ അവർ അവിടെ കണ്ടെത്തി. (ഖദിർ -عَلَيْهِ السَّلَامُ- യാണ് ഈ പറയപ്പെട്ട വ്യക്തി). അദ്ദേഹത്തിന് നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യം നാം ചൊരിഞ്ഞു നൽകിയിരുന്നു. ജനങ്ങൾക്ക് അറിയാൻ കഴിയാത്ത, നമ്മുടെ പക്കൽ നിന്നുള്ള അറിവും അദ്ദേഹത്തിന് നാം പഠിപ്പിച്ചു നൽകിയിരുന്നു. ഈ കഥ അതിനെ കുറിച്ചാണ്.
Source : QUL
66

മൂസാ അദ്ദേഹത്തോട് പറഞ്ഞു: താങ്കള്‍ക്ക് പഠിപ്പിക്കപ്പെട്ട സന്‍മാര്‍ഗജ്ഞാനത്തില്‍ നിന്ന് എനിക്ക് താങ്കള്‍ പഠിപ്പിച്ചുതരുന്നതിന്നായി ഞാന്‍ താങ്കളെ അനുഗമിക്കട്ടെ?

قَالَ لَهُۥ مُوسَىٰ هَلۡ أَتَّبِعُكَ عَلَىٰٓ أَن تُعَلِّمَنِ مِمَّا عُلِّمۡتَ رُشۡدٗا ۝٦٦
തഫ്സീർആയത്ത് 66
വിനയത്തോടെയും താഴ്മയോടെയും മൂസ -عَلَيْهِ السَّلَامُ- അദ്ദേഹത്തോട് ചോദിച്ചു: സത്യത്തിലേക്ക് നയിക്കുന്നതായ, അല്ലാഹു താങ്കൾക്ക് പഠിപ്പിച്ചു നൽകിയ വിജ്ഞാനത്തിൽ നിന്ന് എനിക്ക് താങ്കൾ പഠിപ്പിച്ചു തരുന്നതിനായി ഞാൻ താങ്കളെ അനുഗമിക്കട്ടെ?!
Source : QUL
67

അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ക്ക് എന്‍റെ കൂടെ ക്ഷമിച്ചുകഴിയാന്‍ സാധിക്കുകയേ ഇല്ല.

قَالَ إِنَّكَ لَن تَسۡتَطِيعَ مَعِيَ صَبۡرٗا ۝٦٧
തഫ്സീർആയത്ത് 67
ഖദിർ -عَلَيْهِ السَّلَامُ- പറഞ്ഞു: എൻ്റെ വിജ്ഞാനത്തിൽ നിന്ന് കാണുന്ന കാര്യങ്ങളിൽ ക്ഷമയോടെ നിലകൊള്ളാൻ താങ്കൾക്ക് സാധിക്കുകയില്ല. കാരണം താങ്കളുടെ പക്കലുള്ള വിജ്ഞാനത്തോട് അത് യോജിക്കുന്നില്ല.
Source : QUL
68

താങ്കള്‍ സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത ഒരു വിഷയത്തില്‍ താങ്കള്‍ക്കെങ്ങനെ ക്ഷമിക്കാനാകും?

وَكَيۡفَ تَصۡبِرُ عَلَىٰ مَا لَمۡ تُحِطۡ بِهِۦ خُبۡرٗا ۝٦٨
തഫ്സീർആയത്ത് 68
താങ്കൾ കാണുന്ന ചെയ്തികളിൽ ശരിയുടെ വശം എന്താണെന്ന് മനസ്സിലാക്കാതെ താങ്കൾ എങ്ങനെ ക്ഷമിച്ചു നിലകൊള്ളാനാണ്? കാരണം താങ്കളുടെ അറിവനുസരിച്ചായിരിക്കും (താങ്കൾ കാണുന്ന പ്രവർത്തനങ്ങളെ) താങ്കൾ വീക്ഷിക്കുക.
Source : QUL
69

അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമയുള്ളവനായി താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്‌. ഞാന്‍ താങ്കളുടെ ഒരു കല്‍പനയ്ക്കും എതിര്‍ പ്രവര്‍ത്തിക്കുന്നതല്ല.

قَالَ سَتَجِدُنِيٓ إِن شَآءَ ٱللَّهُ صَابِرٗا وَلَآ أَعۡصِي لَكَ أَمۡرٗا ۝٦٩
തഫ്സീർആയത്ത് 69
മൂസ -عَلَيْهِ السَّلَامُ- പറഞ്ഞു: ഇൻശാ അല്ലാഹ് (അല്ലാഹു ഉദ്ദേശിച്ചാൽ) താങ്കളിൽ ഞാൻ കാണുന്ന പ്രവർത്തനങ്ങളിൽ ക്ഷമയോടെ -താങ്കളുടെ കൽപ്പനകൾ അനുസരിച്ചു നിലകൊള്ളുന്നവനായി- താങ്കൾക്ക് എന്നെ കാണാൻ കഴിയും. താങ്കൾ എന്നോട് കൽപ്പിക്കുന്ന ഒരു കൽപ്പനയും ഞാൻ ധിക്കരിക്കുന്നതല്ല.
Source : QUL
70

അദ്ദേഹം പറഞ്ഞു: എന്നാല്‍ താങ്കള്‍ എന്നെ അനുഗമിക്കുന്ന പക്ഷം യാതൊരു കാര്യത്തെപ്പറ്റിയും താങ്കള്‍ എന്നോട് ചോദിക്കരുത്‌: അതിനെപ്പറ്റിയുള്ള വിവരം ഞാന്‍ തന്നെ താങ്കള്‍ക്കു പറഞ്ഞുതരുന്നത് വരെ.

قَالَ فَإِنِ ٱتَّبَعۡتَنِي فَلَا تَسۡـَٔلۡنِي عَن شَيۡءٍ حَتَّىٰٓ أُحۡدِثَ لَكَ مِنۡهُ ذِكۡرٗا ۝٧٠
തഫ്സീർആയത്ത് 70
ഖദിർ മൂസ -عَلَيْهِ السَّلَامُ- യോട് പറഞ്ഞു: താങ്കൾ എന്നെ അനുഗമിക്കുകയാണെങ്കിൽ ഞാൻ ചെയ്യുന്നതായി താങ്കൾ കാണുന്ന ഒരു കാര്യത്തെ കുറിച്ചും താങ്കൾ എന്നോട് ചോദിക്കരുത്. (എൻ്റെ പ്രവൃത്തിയുടെ) കാരണം ഞാൻ തന്നെ അങ്ങോട്ട് വിശദീകരിച്ചു തരുന്നത് വരെ (താങ്കൾ അപ്രകാരം നിലകൊള്ളണം).
Source : QUL
71

തുടര്‍ന്ന് അവര്‍ രണ്ടുപേരും പോയി. അങ്ങനെ അവരിരുവരും കപ്പലില്‍ കയറിയപ്പോള്‍ അദ്ദേഹം അതിന് കേടുവരുത്തുകയുണ്ടായി. മൂസാ പറഞ്ഞു: അതിലുള്ളവരെ മുക്കിക്കളയുവാന്‍ വേണ്ടി താങ്കളതിന് കേടുവരുത്തിയിരിക്കുകയാണോ? തീര്‍ച്ചയായും ഗുരുതരമായ ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തത്‌.

فَٱنطَلَقَا حَتَّىٰٓ إِذَا رَكِبَا فِي ٱلسَّفِينَةِ خَرَقَهَاۖ قَالَ أَخَرَقۡتَهَا لِتُغۡرِقَ أَهۡلَهَا لَقَدۡ جِئۡتَ شَيۡـًٔا إِمۡرٗا ۝٧١
തഫ്സീർആയത്ത് 71
അങ്ങനെ അവർ രണ്ട് പേരും ആ പറഞ്ഞതിൽ യോജിപ്പിലെത്തിയപ്പോൾ, അവർ രണ്ട് പേരും സമുദ്രതീരത്തേക്ക് ചെന്നു. അവിടെ അവർ ഒരു കപ്പൽ കാണുകയും, അതിലവർ പ്രതിഫലം നൽകാതെ കയറുകയും ചെയ്തു. ഖദിറിനോടുള്ള ആദരവ് കാരണത്താലാണ് (അവർ പ്രതിഫലം വാങ്ങാതിരുന്നത്). അങ്ങനെ ഖദിർ ആ കപ്പലിനെ പലകകളിൽ ഒന്ന് എടുത്തുമാറ്റി കൊണ്ട് അതിന് ഓട്ടയാക്കി. അപ്പോൾ മൂസ -عَلَيْهِ السَّلَامُ- അദ്ദേഹത്തോട് ചോദിച്ചു: ഒരു പ്രതിഫലവും വാങ്ങാതെ നമ്മെ ഒപ്പം കൂട്ടിയവരുടെ കപ്പൽ -അവരെ മുക്കിക്കളയുന്നതിനായി- താങ്കൾ ഓട്ടയാക്കിയിരിക്കുകയാണോ?! തീർച്ചയായും ഗുരുതരമായ ഒരു പ്രവൃത്തി തന്നെയാകുന്നു താങ്കൾ ചെയ്തിരിക്കുന്നത്.
Source : QUL
72

അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ക്ക് എന്‍റെ കൂടെ ക്ഷമിച്ചുകഴിയാന്‍ സാധിക്കില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ?

قَالَ أَلَمۡ أَقُلۡ إِنَّكَ لَن تَسۡتَطِيعَ مَعِيَ صَبۡرٗا ۝٧٢
തഫ്സീർആയത്ത് 72
ഖദിർ -عَلَيْهِ السَّلَامُ- മൂസ -عَلَيْهِ السَّلَامُ- യോട് പറഞ്ഞു: തീർച്ചയായും എൻ്റെ അടുക്കൽ നിന്നുള്ള പ്രവർത്തികൾ കണ്ടാൽ താങ്കൾക്ക് എന്നോടൊപ്പം ക്ഷമയോടെ നിൽക്കാൻ സാധിക്കില്ലെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ?!
Source : QUL
73

അദ്ദേഹം പറഞ്ഞു: ഞാന്‍ മറന്നുപോയതിന് താങ്കള്‍ എന്‍റെ പേരില്‍ നടപടി എടുക്കരുത്‌. എന്‍റെ കാര്യത്തില്‍ വിഷമകരമായ യാതൊന്നിനും താങ്കള്‍ എന്നെ നിര്‍ബന്ധിക്കുകയും ചെയ്യരുത്‌.

قَالَ لَا تُؤَاخِذۡنِي بِمَا نَسِيتُ وَلَا تُرۡهِقۡنِي مِنۡ أَمۡرِي عُسۡرٗا ۝٧٣
തഫ്സീർആയത്ത് 73
മൂസ -عَلَيْهِ السَّلَامُ- ഖദിറിനോട് പറഞ്ഞു: താങ്കളോട് ചെയ്ത കരാർ മറന്നു കൊണ്ട് ലംഘിച്ചതിൻ്റെ പേരിൽ താങ്കൾ എന്നെ ശിക്ഷിക്കരുത്. താങ്കളോടൊപ്പം സഹചരിക്കുന്നതിൽ എനിക്ക് താങ്കൾ ഇടുക്കം സൃഷ്ടിക്കുകയോ, കടുത്ത നിലപാടെടുക്കുകയോ ചെയ്യരുത്.
Source : QUL
74

അനന്തരം അവര്‍ ഇരുവരും പോയി. അങ്ങനെ ഒരു ബാലനെ അവര്‍ കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം അവനെ കൊന്നുകളഞ്ഞു. മൂസാ പറഞ്ഞു: നിര്‍ദോഷിയായ ഒരാളെ മറ്റൊരാള്‍ക്കു പകരമായിട്ടല്ലാതെ(29) താങ്കള്‍ കൊന്നുവോ? തീര്‍ച്ചയായും നിഷിദ്ധമായ ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തിട്ടുള്ളത്‌.

فَٱنطَلَقَا حَتَّىٰٓ إِذَا لَقِيَا غُلَٰمٗا فَقَتَلَهُۥ قَالَ أَقَتَلۡتَ نَفۡسٗا زَكِيَّةَۢ بِغَيۡرِ نَفۡسٖ لَّقَدۡ جِئۡتَ شَيۡـٔٗا نُّكۡرٗا ۝٧٤
തഫ്സീർആയത്ത് 74
അങ്ങനെ കപ്പലിൽ നിന്ന് ഇറങ്ങിയ ശേഷം അവർ വീണ്ടും കടൽക്കരയിലൂടെ യാത്ര തുടർന്നു. അങ്ങനെ പ്രായപൂർത്തി എത്തിയിട്ടില്ലാത്ത ഒരു കുട്ടി മറ്റു കുട്ടികളോടൊപ്പം കളിക്കുന്നത് അവർ കണ്ടു. ഖദിർ അവനെ കൊന്നുകളഞ്ഞു. ഇത് കണ്ടപ്പോൾ മൂസ -عَلَيْهِ السَّلَامُ- അദ്ദേഹത്തോട് ചോദിച്ചു: പ്രായപൂർത്തിയാവാത്ത, ഒരു അപരാധവും ചെയ്തിട്ടില്ലാത്ത, പരിശുദ്ധമായ ഒരു ജീവനെ താങ്കൾ കൊല്ലുകയോ?! താങ്കൾ വളരെ നിഷിദ്ധമായ ഒരു പ്രവൃത്തി തന്നെയാണ് ചെയ്തിരിക്കുന്നത്.
Source : QUL
75

അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ക്ക് എന്‍റെ കൂടെ ക്ഷമിച്ചു കഴിയുവാന്‍ സാധിക്കുകയേ ഇല്ല എന്ന് ഞാന്‍ താങ്കളോട് പറഞ്ഞിട്ടില്ലേ?

۞ قَالَ أَلَمۡ أَقُل لَّكَ إِنَّكَ لَن تَسۡتَطِيعَ مَعِيَ صَبۡرٗا ۝٧٥
തഫ്സീർആയത്ത് 75
ഖദിർ മൂസാ -عَلَيْهِ السَّلَامُ- യോട് പറഞ്ഞു: മൂസാ! തീർച്ചയായും താങ്കൾക്ക് ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ എന്നോടൊപ്പം ക്ഷമിച്ചു നിലകൊള്ളാൻ കഴിയില്ലെന്ന് ഞാൻ താങ്കളോട് പറഞ്ഞതായിരുന്നില്ലേ?!
Source : QUL
76

മൂസാ പറഞ്ഞു: ഇതിന് ശേഷം വല്ലതിനെപ്പറ്റിയും ഞാന്‍ താങ്കളോട് ചോദിക്കുകയാണെങ്കില്‍ പിന്നെ താങ്കള്‍ എന്നെ സഹവാസിയാക്കേണ്ടതില്ല. എന്നില്‍ നിന്ന് താങ്കള്‍ക്ക് ന്യായമായ കാരണം കിട്ടിക്കഴിഞ്ഞു.(30)

قَالَ إِن سَأَلۡتُكَ عَن شَيۡءِۭ بَعۡدَهَا فَلَا تُصَٰحِبۡنِيۖ قَدۡ بَلَغۡتَ مِن لَّدُنِّي عُذۡرٗا ۝٧٦
തഫ്സീർആയത്ത് 76
മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: ഇനിയൊരു തവണ ഞാൻ എന്തെങ്കിലും കാര്യത്തെ കുറിച്ച് ചോദിക്കുകയാണെങ്കിൽ എന്നെ താങ്കൾ വിട്ടുപിരിഞ്ഞോളൂ. കാരണം, രണ്ട് തവണ താങ്കളുടെ കൽപ്പന ധിക്കരിച്ചതിനാൽ എന്നോടുള്ള സഹവാസം വെടിയാൻ മതിയായ കാരണം താങ്കൾക്ക് ലഭിച്ചിരിക്കുന്നു.
Source : QUL
77

അനന്തരം അവര്‍ ഇരുവരും പോയി. അങ്ങനെ അവര്‍ ഇരുവരും ഒരു രാജ്യക്കാരുടെ അടുക്കല്‍ ചെന്നപ്പോള്‍ ആ രാജ്യക്കാരോട് അവര്‍ ഭക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍ ഇവരെ സല്‍ക്കരിക്കുവാന്‍ അവര്‍ വൈമനസ്യം കാണിക്കുകയാണ് ചെയ്തത്‌. അപ്പോള്‍ പൊളിഞ്ഞുവീഴാനൊരുങ്ങുന്ന ഒരു മതില്‍ അവര്‍ അവിടെ കണ്ടെത്തി. ഉടനെ അദ്ദേഹം അത് നേരെയാക്കി. മൂസാ പറഞ്ഞു: താങ്കള്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിന്‍റെ പേരില്‍ താങ്കള്‍ക്ക് വല്ല പ്രതിഫലവും വാങ്ങാമായിരുന്നു.

فَٱنطَلَقَا حَتَّىٰٓ إِذَآ أَتَيَآ أَهۡلَ قَرۡيَةٍ ٱسۡتَطۡعَمَآ أَهۡلَهَا فَأَبَوۡاْ أَن يُضَيِّفُوهُمَا فَوَجَدَا فِيهَا جِدَارٗا يُرِيدُ أَن يَنقَضَّ فَأَقَامَهُۥۖ قَالَ لَوۡ شِئۡتَ لَتَّخَذۡتَ عَلَيۡهِ أَجۡرٗا ۝٧٧
തഫ്സീർആയത്ത് 77
ശേഷം അവർ രണ്ട് പേരും യാത്ര തുടർന്നു. ഒരു നാട്ടുകാരുടെ അടുക്കൽ എത്തിയപ്പോൾ അവരുടെ അടുത്ത് നിന്ന് ഇവർ ഭക്ഷണം ആവശ്യപ്പെട്ടു. എന്നാൽ ആ നാട്ടുകാർ അവർക്ക് ഭക്ഷണം നൽകാനും, അതിഥികൾക്കുള്ള അവകാശം നിർവ്വഹിക്കാനും വിസമ്മതിച്ചു. ആ നാട്ടിൽ തകർന്നുവീഴാനായിട്ടുള്ള, ചെരിഞ്ഞു നിൽക്കുന്ന ഒരു മതിൽ അവർ കണ്ടു. ഖദിർ അത് നേരെയാക്കി നൽകി. അപ്പോൾ മൂസാ -عَلَيْهِ السَّلَامُ- ഖദിറിനോട് പറഞ്ഞു: അത് നന്നാക്കുന്നതിന് എന്തെങ്കിലും പ്രതിഫലം താങ്കൾ സ്വീകരിച്ചിരുന്നെങ്കിൽ; അവർ നമുക്ക് ആതിഥ്യമരുളാത്തതിനാൽ നമുക്കാകട്ടെ (പണത്തിന്) ആവശ്യമുണ്ട് താനും.
Source : QUL
78

അദ്ദേഹം പറഞ്ഞു: ഇത് ഞാനും താങ്കളും തമ്മിലുള്ള വേര്‍പാടാകുന്നു. ഏതൊരു കാര്യത്തിന്‍റെ പേരില്‍ താങ്കള്‍ക്ക് ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ അതിന്‍റെ പൊരുള്‍ ഞാന്‍ താങ്കള്‍ക്ക് അറിയിച്ചുതരാം.

قَالَ هَٰذَا فِرَاقُ بَيۡنِي وَبَيۡنِكَۚ سَأُنَبِّئُكَ بِتَأۡوِيلِ مَا لَمۡ تَسۡتَطِع عَّلَيۡهِ صَبۡرًا ۝٧٨
തഫ്സീർആയത്ത് 78
ഖദിർ മൂസാ -عَلَيْهِ السَّلَامُ- യോട് പറഞ്ഞു: മതിൽ നേരെയാക്കിയതിന് പ്രതിഫലം പറ്റാതിരുന്നതിൽ എന്നോട് എതിരുപറഞ്ഞതോടെ ഞാനും താങ്കളും പിരിയാനുള്ള സന്ദർഭമെത്തിയിരിക്കുന്നു. ഞാൻ ചെയ്ത കാര്യങ്ങളിൽ നിങ്ങൾക്ക് ക്ഷമയോടെ നിലകൊള്ളാൻ സാധിക്കാതിരുന്നവയുടെ വിശദീകരണം ഞാൻ നിങ്ങൾക്ക് അറിയിച്ചു തരാം.
Source : QUL
79

ആ കപ്പലാകട്ടെ കടലില്‍ ജോലിചെയ്യുന്ന ഏതാനും ദരിദ്രന്‍മാരുടെതായിരുന്നു. അതിനാല്‍ ഞാനത് കേടുവരുത്തണമെന്ന് ഉദ്ദേശിച്ചു. (കാരണം) അവരുടെ പുറകെ എല്ലാ (നല്ല) കപ്പലും ബലാല്‍ക്കാരമായി പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു.

أَمَّا ٱلسَّفِينَةُ فَكَانَتۡ لِمَسَٰكِينَ يَعۡمَلُونَ فِي ٱلۡبَحۡرِ فَأَرَدتُّ أَنۡ أَعِيبَهَا وَكَانَ وَرَآءَهُم مَّلِكٞ يَأۡخُذُ كُلَّ سَفِينَةٍ غَصۡبٗا ۝٧٩
തഫ്സീർആയത്ത് 79
താങ്കൾ എന്നെ എതിർക്കാൻ കാരണമായ, ഞാൻ ഓട്ടയാക്കിയ ആ കപ്പലാകട്ടെ; സമുദ്രത്തിൽ പോയി കപ്പലിൽ പണിയെടുക്കുന്ന ചില ദുർബലരുടേതായിരുന്നു അത്. അവർക്ക് ആ കപ്പലിനെ സംരക്ഷിക്കാൻ കഴിയില്ല. ഞാൻ അതിൽ ഉണ്ടാക്കിയ ഓട്ട വഴി കപ്പലിന് ഒരു ന്യൂനത വരുത്തുവാനും, അതിലൂടെ അവരുടെ മുന്നിലുള്ള ഒരു രാജാവ് ആ കപ്പൽ പിടിച്ചെടുക്കുന്ന സ്ഥിതിവിശേഷം ഒഴിവാക്കാനുമാണ് ഞാൻ ഉദ്ദേശിച്ചത്. എല്ലാ നല്ല കപ്പലുകളും അതിൻ്റെ ഉടമസ്ഥരിൽ നിന്ന് ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുന്ന ഒരാളായിരുന്നു ഈ രാജാവ്. എന്നാൽ ന്യൂനതകളുള്ള കപ്പലുകൾ അയാൾ വെറുതെ വിട്ടിരുന്നു.
Source : QUL
80

എന്നാല്‍ ആ ബാലനാകട്ടെ അവന്‍റെ മാതാപിതാക്കള്‍ സത്യവിശ്വാസികളായിരുന്നു. എന്നാല്‍ അവന്‍ അവരെ അതിക്രമത്തിനും അവിശ്വാസത്തിനും നിര്‍ബന്ധിതരാക്കിത്തീര്‍ക്കുമെന്ന് നാം ഭയപ്പെട്ടു.

وَأَمَّا ٱلۡغُلَٰمُ فَكَانَ أَبَوَاهُ مُؤۡمِنَيۡنِ فَخَشِينَآ أَن يُرۡهِقَهُمَا طُغۡيَٰنٗا وَكُفۡرٗا ۝٨٠
തഫ്സീർആയത്ത് 80
ഞാൻ കൊലപ്പെടുത്തിയതിൽ താങ്കൾ എതിർപ്പ് പ്രകടിപ്പിച്ച ആ കുട്ടിയാകട്ടെ; അവൻ്റെ മാതാപിതാക്കൾ (അല്ലാഹുവിൽ) വിശ്വസിച്ചവരായിരുന്നു. അവനാകട്ടെ, (അല്ലാഹുവിനെ) നിഷേധിക്കുന്നവനായി മാറുമെന്ന് അല്ലാഹുവിന് അറിയുന്നവനുമാണ്. പ്രായപൂർത്തി ആയാൽ അവൻ തൻ്റെ മാതാപിതാക്കളെ അല്ലാഹുവിനെ നിഷേധിക്കുന്നതിലേക്കും അതിക്രമം പ്രവർത്തിക്കുന്നതിലേക്കും എത്തിക്കുമെന്ന് നാം ഭയന്നു. അവർക്ക് രണ്ടു പേർക്കും ആ കുട്ടിയോടുള്ള അതിരുവിട്ട സ്നേഹമോ, കടുത്ത ആശ്രിതത്വമോ കാരണത്താൽ (അങ്ങനെ സംഭവിച്ചേക്കാം).
Source : QUL
81

അതിനാല്‍ അവര്‍ക്ക് അവരുടെ രക്ഷിതാവ് അവനെക്കാള്‍ സ്വഭാവശുദ്ധിയില്‍ മെച്ചപ്പെട്ടവനും, കാരുണ്യത്താല്‍ കൂടുതല്‍ അടുപ്പമുള്ളവനുമായ ഒരു സന്താനത്തെ പകരം നല്‍കണം എന്നു നാം ആഗ്രഹിച്ചു.

فَأَرَدۡنَآ أَن يُبۡدِلَهُمَا رَبُّهُمَا خَيۡرٗا مِّنۡهُ زَكَوٰةٗ وَأَقۡرَبَ رُحۡمٗا ۝٨١
തഫ്സീർആയത്ത് 81
അല്ലാഹു അവനെക്കാൾ നല്ല മതചിട്ടയും സൽസ്വഭാവവും തിന്മകളിൽ നിന്ന് പരിശുദ്ധിയുമുള്ള, തൻ്റെ മാതാപിതാക്കളോട് ഇവനെക്കാൾ കാരുണ്യം പുലർത്തുന്ന ഒരു കുട്ടിയെ പകരംനൽകണമെന്ന് നാം ആഗ്രഹിച്ചു.
Source : QUL
82

ആ മതിലാണെങ്കിലോ, അത് ആ പട്ടണത്തിലെ അനാഥരായ രണ്ട് ബാലന്‍മാരുടെതായിരുന്നു. അതിനു ചുവട്ടില്‍ അവര്‍ക്കായുള്ള ഒരു നിധിയുണ്ടായിരുന്നു. അവരുടെ പിതാവ് ഒരു നല്ല മനുഷ്യനായിരുന്നു. അതിനാല്‍ അവര്‍ ഇരുവരും യൗവ്വനം പ്രാപിക്കുകയും, എന്നിട്ടവരുടെ നിധി പുറത്തെടുക്കുകയും ചെയ്യണമെന്ന് താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചു.(31) താങ്കളുടെ രക്ഷിതാവിന്‍റെ കാരുണ്യം എന്ന നിലയിലത്രെ അത്‌. അതൊന്നും എന്‍റെ അഭിപ്രായപ്രകാരമല്ല ഞാന്‍ ചെയ്തത്‌.(32) താങ്കള്‍ക്ക് ഏത് കാര്യത്തില്‍ ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ അതിന്‍റെ പൊരുളാകുന്നു അത്‌.

وَأَمَّا ٱلۡجِدَارُ فَكَانَ لِغُلَٰمَيۡنِ يَتِيمَيۡنِ فِي ٱلۡمَدِينَةِ وَكَانَ تَحۡتَهُۥ كَنزٞ لَّهُمَا وَكَانَ أَبُوهُمَا صَٰلِحٗا فَأَرَادَ رَبُّكَ أَن يَبۡلُغَآ أَشُدَّهُمَا وَيَسۡتَخۡرِجَا كَنزَهُمَا رَحۡمَةٗ مِّن رَّبِّكَۚ وَمَا فَعَلۡتُهُۥ عَنۡ أَمۡرِيۚ ذَٰلِكَ تَأۡوِيلُ مَا لَمۡ تَسۡطِع عَّلَيۡهِ صَبۡرٗا ۝٨٢
തഫ്സീർആയത്ത് 82
എന്നോട് താങ്കൾ വിയോജിപ്പ് പ്രകടിപ്പിച്ച, ഞാൻ നന്നാക്കി നൽകിയ ആ മതിലാകട്ടെ; അത് നാം എത്തിച്ചേർന്ന ആ പട്ടണത്തിലെ രണ്ട് ചെറിയ കുട്ടികളുടേതായിരുന്നു. അവരുടെ രണ്ടു പേരുടെയും പിതാവ് മരിച്ചിരിക്കുന്നു. ആ മതിലിൻ്റെ താഴെയായി കുഴിച്ചിടപ്പെട്ട, അവർക്കുള്ള ഒരു നിധിയുണ്ട്. ഈ രണ്ട് കുട്ടികളുടെയും പിതാവാകട്ടെ, ഒരു സുകൃതവാനായിരുന്നു. അതിനാൽ -മൂസാ- അവർ രണ്ട് പേരും വിവേകത്തിൻ്റെ പ്രായമെത്തുകയും, വലുതാവുകയും ചെയ്താൽ ആ മതിലിന് താഴെ കുഴിച്ചിടപ്പെട്ട അവരുടെ നിധി പുറത്തെടുക്കണമെന്ന് താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചു. ആ മതിലെങ്ങാനും ഇപ്പോൾ തകർന്നുവീണാൽ അതിൻ്റെ താഴെയുള്ള സമ്പാദ്യം പുറത്താവുകയും, പാഴായിപ്പോവുകയും ചെയ്തേക്കാം. ഈ രൂപത്തിൽ കാര്യങ്ങൾ ക്രമീകരിച്ചത് ആ രണ്ട് കുട്ടികളോടുള്ള നിൻ്റെ രക്ഷിതാവിൻ്റെ പക്കൽ നിന്നുള്ള കാരുണ്യമായി കൊണ്ടാണ്. എൻ്റെ സ്വന്തം തീരുമാനപ്രകാരം ഞാൻ ചെയ്തതല്ല ഇത്. താങ്കൾക്ക് ക്ഷമിച്ചു നിലകൊള്ളാൻ സാധിക്കാത്ത വിഷയത്തിൻ്റെ വിശദീകരണമാണിത്.
Source : QUL
83

അവര്‍ നിന്നോട് ദുല്‍ഖര്‍നൈനി(33)യെപ്പറ്റി ചോദിക്കുന്നു. നീ പറയുക: അദ്ദേഹത്തെപ്പറ്റിയുള്ള വിവരം ഞാന്‍ നിങ്ങള്‍ക്ക് ഓതികേള്‍പിച്ച് തരാം.

وَيَسۡـَٔلُونَكَ عَن ذِي ٱلۡقَرۡنَيۡنِۖ قُلۡ سَأَتۡلُواْ عَلَيۡكُم مِّنۡهُ ذِكۡرًا ۝٨٣
തഫ്സീർആയത്ത് 83
അല്ലാഹുവിൻ്റെ റസൂലേ! ബഹുദൈവാരാധകരും യഹൂദരും നിന്നെ പരീക്ഷിക്കുന്നതിനായി ദുൽഖർനൈനിനെ കുറിച്ച് താങ്കളോട് ചോദിക്കുന്നു. പറയുക: നിങ്ങൾക്ക് പാഠമുൾക്കൊള്ളാനും ചിന്തിക്കുന്നതിനുമായി അദ്ദേഹത്തിൻ്റെ ചരിത്രത്തിൽ നിന്ന് ഒരു ഭാഗം ഞാൻ നിങ്ങൾക്ക് പാരായണം ചെയ്തു കേൾപ്പിക്കാം.
Source : QUL
84

തീര്‍ച്ചയായും നാം അദ്ദേഹത്തിന് ഭൂമിയില്‍ സ്വാധീനം നല്‍കുകയും, എല്ലാ കാര്യത്തിനുമുള്ള മാര്‍ഗം നാം അദ്ദേഹത്തിന് സൗകര്യപ്പെടുത്തികൊടുക്കുകയും ചെയ്തു

إِنَّا مَكَّنَّا لَهُۥ فِي ٱلۡأَرۡضِ وَءَاتَيۡنَٰهُ مِن كُلِّ شَيۡءٖ سَبَبٗا ۝٨٤
തഫ്സീർആയത്ത് 84
അദ്ദേഹത്തിന് നാം ഭൂമിയിൽ അധികാരം നൽകുകയും, എല്ലാ കാര്യത്തിലും അദ്ദേഹത്തിൻ്റെ ലക്ഷ്യം നേടിപ്പിടിക്കാൻ ആവശ്യമായ എല്ലാ വഴികളും നാം അദ്ദേഹത്തിന് സൗകര്യപ്പെടുത്തി നൽകുകയും ചെയ്തു.
Source : QUL
85

അങ്ങനെ അദ്ദേഹം ഒരു മാര്‍ഗം പിന്തുടര്‍ന്നു.(34)

فَأَتۡبَعَ سَبَبًا ۝٨٥
തഫ്സീർആയത്ത് 85
നാം അദ്ദേഹത്തിന് നൽകിയ മാർഗങ്ങളിൽ നിന്നും വഴികളിൽ നിന്നും തൻ്റെ ലക്ഷ്യം നേടുവാൻ വേണ്ടത് അദ്ദേഹം സ്വീകരിച്ചു. അങ്ങനെ പടിഞ്ഞാറു ഭാഗം അദ്ദേഹം ലക്ഷ്യം വെച്ചു.
Source : QUL
86

അങ്ങനെ അദ്ദേഹം സൂര്യാസ്തമനസ്ഥാനത്തെത്തിയപ്പോള്‍ അത് ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞു പോകുന്നതായി അദ്ദേഹം കണ്ടു.(35) അതിന്‍റെ അടുത്ത് ഒരു ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി. (അദ്ദേഹത്തോട്‌) നാം പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, ഒന്നുകില്‍ നിനക്ക് ഇവരെ ശിക്ഷിക്കാം. അല്ലെങ്കില്‍ നിനക്ക് അവരില്‍ നന്‍മയുണ്ടാക്കാം.(36)

حَتَّىٰٓ إِذَا بَلَغَ مَغۡرِبَ ٱلشَّمۡسِ وَجَدَهَا تَغۡرُبُ فِي عَيۡنٍ حَمِئَةٖ وَوَجَدَ عِندَهَا قَوۡمٗاۖ قُلۡنَا يَٰذَا ٱلۡقَرۡنَيۡنِ إِمَّآ أَن تُعَذِّبَ وَإِمَّآ أَن تَتَّخِذَ فِيهِمۡ حُسۡنٗا ۝٨٦
തഫ്സീർആയത്ത് 86
അങ്ങനെ അദ്ദേഹം ഭൂമിയിലൂടെ സഞ്ചരിക്കുകയും, കണ്ണെത്തുന്ന ദൂരത്തിൽ സൂര്യാസ്തമയ ദിശയിൽ -ഭൂമിയുടെ അറ്റത്ത്- എത്തിച്ചേരുകയും ചെയ്തു. കറുത്ത മണ്ണുള്ള, ചൂടുള്ള ഒരു ജലാശയത്തിൽ സൂര്യൻ മറഞ്ഞു പോകുന്നത് പോലെ അദ്ദേഹം കണ്ടു. സൂര്യാസ്തമയ സ്ഥാനത്തിൻ്റെ ഭാഗത്തായി (അല്ലാഹുവിനെ) നിഷേധിക്കുന്നവരായിരുന്ന ഒരു സമൂഹത്തെ അദ്ദേഹം കണ്ടു. അവരുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നൽകിക്കൊണ്ട് നാം അദ്ദേഹത്തോട് പറഞ്ഞു: ഹേ ദുൽഖർനൈൻ! ഒന്നുകിൽ നിനക്ക് അവരെ കൊന്നൊടുക്കി കൊണ്ടോ മറ്റോ ശിക്ഷിക്കാം. അല്ലെങ്കിൽ അവരോട് നിനക്ക് നന്മ ചെയ്യാം.
Source : QUL
87

അദ്ദേഹം (ദുല്‍ഖര്‍നൈന്‍) പറഞ്ഞു: എന്നാല്‍ ആര്‍ അക്രമം പ്രവര്‍ത്തിച്ചുവോ അവനെ നാം ശിക്ഷിക്കുന്നതാണ്‌. പിന്നീട് അവന്‍ തന്‍റെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുകയും അപ്പോള്‍ അവന്‍ ഗുരുതരമായ ശിക്ഷ അവന്ന് നല്‍കുകയും ചെയ്യുന്നതാണ്‌.

قَالَ أَمَّا مَن ظَلَمَ فَسَوۡفَ نُعَذِّبُهُۥ ثُمَّ يُرَدُّ إِلَىٰ رَبِّهِۦ فَيُعَذِّبُهُۥ عَذَابٗا نُّكۡرٗا ۝٨٧
തഫ്സീർആയത്ത് 87
ദുൽ ഖർനൈൻ പറഞ്ഞു: എന്നാൽ ആരെങ്കിലും അല്ലാഹുവിൽ പങ്കുചേർക്കുകയും, നാം അല്ലാഹുവിനെ മാത്രം ആരാധിക്കുവാൻ ക്ഷണിച്ചതിന് ശേഷവും അതിൽ (നിഷേധത്തിൽ) തന്നെ തുടരുകയും ചെയ്താൽ അവരെ ഇഹലോകത്ത് കൊലപ്പെടുത്തിക്കൊണ്ട് നാം നശിപ്പിക്കുന്നതാണ്. ശേഷം അവൻ തൻ്റെ രക്ഷിതാവിലേക്ക് മടങ്ങുകയും, അവന് അല്ലാഹു കഠിനമായ ശിക്ഷ നൽകുകയും ചെയ്യുന്നതാണ്.
Source : QUL
88

എന്നാല്‍ ആര്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തുവോ അവന്നാണ് പ്രതിഫലമായി അതിവിശിഷ്ടമായ സ്വര്‍ഗമുള്ളത്‌. അവനോട് നാം നിര്‍ദേശിക്കുന്നത് നമ്മുടെ കല്‍പനയില്‍ നിന്ന് എളുപ്പമുള്ളതായിരിക്കുകയും ചെയ്യും.(37)

وَأَمَّا مَنۡ ءَامَنَ وَعَمِلَ صَٰلِحٗا فَلَهُۥ جَزَآءً ٱلۡحُسۡنَىٰۖ وَسَنَقُولُ لَهُۥ مِنۡ أَمۡرِنَا يُسۡرٗا ۝٨٨
തഫ്സീർആയത്ത് 88
എന്നാൽ അവരുടെ കൂട്ടത്തിൽ നിന്ന് അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തവർ; അവർക്ക് സ്വർഗമുണ്ട്. അല്ലാഹുവിൽ വിശ്വസിച്ചതിനും സൽകർമ്മം പ്രവർത്തിച്ചതിനും അവൻ്റെ രക്ഷിതാവിൽ നിന്നുള്ള പ്രതിഫലമാണത്. അവനോട് സൗമ്യതയും എളുപ്പവും നിറഞ്ഞ നമ്മുടെ കൽപ്പന നാം അറിയിക്കുന്നതാണ്.
Source : QUL
89

പിന്നെ അദ്ദേഹം മറ്റൊരു മാര്‍ഗം പിന്തുടര്‍ന്നു.

ثُمَّ أَتۡبَعَ سَبَبًا ۝٨٩
തഫ്സീർആയത്ത് 89
ശേഷം അദ്ദേഹം തൻ്റെ ആദ്യത്തെ വഴിവിട്ടു കൊണ്ട്, സൂര്യോദയത്തിൻ്റെ ദിശയിലേക്കുള്ള വഴിപിന്തുടർന്നു.
Source : QUL
90

അങ്ങനെ അദ്ദേഹം സൂര്യോദയസ്ഥാനത്തെത്തിയപ്പോള്‍(38) അത് ഒരു ജനതയുടെ മേല്‍ ഉദിച്ചുയരുന്നതായി അദ്ദേഹം കണ്ടെത്തി. അതിന്‍റെ (സൂര്യന്‍റെ) മുമ്പില്‍ അവര്‍ക്കു നാം യാതൊരു മറയും ഉണ്ടാക്കിക്കൊടുത്തിട്ടില്ല.(39)

حَتَّىٰٓ إِذَا بَلَغَ مَطۡلِعَ ٱلشَّمۡسِ وَجَدَهَا تَطۡلُعُ عَلَىٰ قَوۡمٖ لَّمۡ نَجۡعَل لَّهُم مِّن دُونِهَا سِتۡرٗا ۝٩٠
തഫ്സീർആയത്ത് 90
അങ്ങനെ അദ്ദേഹം യാത്ര തുടരുകയും, കണ്ണെത്തുന്ന ദൂരത്ത് സൂര്യൻ ഉദിച്ചുയരുന്ന സ്ഥാനത്ത് എത്തുകയും ചെയ്തു. അങ്ങനെ സൂര്യൻ ചില ജനവിഭാഗങ്ങളുടെ മേൽ ഉദിച്ചുയരുന്നതായി അദ്ദേഹം കണ്ടു. അവർക്ക് സൂര്യനിൽ നിന്ന് മറയായി വീടുകളോ, മരത്തിൻ്റെ തണലുകളോ നാം നൽകിയിട്ടില്ല.
Source : QUL
91

അപ്രകാരം തന്നെ (അദ്ദേഹം പ്രവര്‍ത്തിച്ചു.)(40) അദ്ദേഹത്തിന്‍റെ പക്കലുള്ളതിനെപ്പറ്റി (നമ്മുടെ) സൂക്ഷ്മജ്ഞാനം കൊണ്ട് നാം പൂര്‍ണ്ണമായി അറിഞ്ഞിട്ടുണ്ട് താനും.

كَذَٰلِكَۖ وَقَدۡ أَحَطۡنَا بِمَا لَدَيۡهِ خُبۡرٗا ۝٩١
തഫ്സീർആയത്ത് 91
ഇപ്രകാരമാണ് ദുൽ ഖർനൈനിൻ്റെ കാര്യം. അദ്ദേഹത്തിനുണ്ടായിരുന്ന ശക്തിയുടെയും അധികാരത്തിൻ്റെയും വിശദാംശങ്ങളെ നമ്മുടെ അറിവ് വലയം ചെയ്തിരിക്കുന്നു.
Source : QUL
92

പിന്നെ അദ്ദേഹം മറ്റൊരു മാര്‍ഗം പിന്തുടര്‍ന്നു.

ثُمَّ أَتۡبَعَ سَبَبًا ۝٩٢
തഫ്സീർആയത്ത് 92
പിന്നെ അദ്ദേഹം ആദ്യം സ്വീകരിച്ച രണ്ടു വഴികളുമല്ലാത്ത മറ്റൊരു വഴിപിന്തുടർന്നു. കിഴക്കിനും പടിഞ്ഞാറിനും ഇടയിലൂടെയായിരുന്നു ആ മാർഗം.
Source : QUL
93

അങ്ങനെ അദ്ദേഹം രണ്ട് പര്‍വ്വതനിരകള്‍ക്കിടയിലെത്തിയപ്പോള്‍ അവയുടെ ഇപ്പുറത്തുണ്ടായിരുന്ന ഒരു ജനതയെ അദ്ദേഹം കാണുകയുണ്ടായി. പറയുന്നതൊന്നും മിക്കവാറും അവര്‍ക്ക് മനസ്സിലാക്കാനാവുന്നില്ല.

حَتَّىٰٓ إِذَا بَلَغَ بَيۡنَ ٱلسَّدَّيۡنِ وَجَدَ مِن دُونِهِمَا قَوۡمٗا لَّا يَكَادُونَ يَفۡقَهُونَ قَوۡلٗا ۝٩٣
തഫ്സീർആയത്ത് 93
അങ്ങനെ അദ്ദേഹം സഞ്ചരിക്കുകയും, രണ്ട് പർവ്വതങ്ങൾക്കിടയിലെ ഒരു വിടവിനിടയിൽ അദ്ദേഹം എത്തുകയും ചെയ്തു. അതിൻ്റെ ഭാഗത്തായി ഒരു സമൂഹത്തെ അദ്ദേഹം കണ്ടു. മറ്റുള്ളവരുടെ സംസാരം അധികമൊന്നും അവർക്ക് ഗ്രഹിക്കാൻ കഴിയുന്നില്ല.
Source : QUL
94

അവര്‍ പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, തീര്‍ച്ചയായും യഅ്ജൂജ് - മഅ്ജൂജ് വിഭാഗങ്ങള്‍(41) ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരാകുന്നു. ഞങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ താങ്കള്‍ ഒരു മതില്‍കെട്ട് ഉണ്ടാക്കിത്തരണമെന്ന വ്യവസ്ഥയില്‍ ഞങ്ങള്‍ താങ്കള്‍ക്ക് ഒരു കരം നിശ്ചയിച്ച് തരട്ടെയോ?

قَالُواْ يَٰذَا ٱلۡقَرۡنَيۡنِ إِنَّ يَأۡجُوجَ وَمَأۡجُوجَ مُفۡسِدُونَ فِي ٱلۡأَرۡضِ فَهَلۡ نَجۡعَلُ لَكَ خَرۡجًا عَلَىٰٓ أَن تَجۡعَلَ بَيۡنَنَا وَبَيۡنَهُمۡ سَدّٗا ۝٩٤
തഫ്സീർആയത്ത് 94
അവർ പറഞ്ഞു: ഹേ ദുൽഖർനൈൻ! തീർച്ചയായും യഅ്ജൂജും മഅ്ജൂജും കൊല്ലും കൊലയും നടത്തിക്കൊണ്ടും മറ്റും ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരാണ്. (ആദം സന്തതികളിൽ പെട്ട വലിയൊരു ജനവിഭാഗമാകുന്നു യഅ്ജൂജും മഅ്ജൂജും). ഞങ്ങൾക്കും അവർക്കുമിടയിൽ ഒരു തടസ്സം നിർമ്മിച്ചു നൽകുന്നതിനായി ഞങ്ങൾ താങ്കൾക്ക് ഒരു നിശ്ചിതതുക നിർണ്ണയിച്ചു തരട്ടെയോ?!
Source : QUL
95

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവ് എനിക്ക് അധീനപ്പെടുത്തിത്തന്നിട്ടുള്ളത് (അധികാരവും, ഐശ്വര്യവും) (നിങ്ങള്‍ നല്‍കുന്നതിനെക്കാളും) ഉത്തമമത്രെ. എന്നാല്‍ (നിങ്ങളുടെ ശാരീരിക) ശക്തികൊണ്ട് നിങ്ങളെന്നെ സഹായിക്കുവിന്‍. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഞാന്‍ ബലവത്തായ ഒരു മതിലുണ്ടാക്കിത്തരാം.(42)

قَالَ مَا مَكَّنِّي فِيهِ رَبِّي خَيۡرٞ فَأَعِينُونِي بِقُوَّةٍ أَجۡعَلۡ بَيۡنَكُمۡ وَبَيۡنَهُمۡ رَدۡمًا ۝٩٥
തഫ്സീർആയത്ത് 95
ദുൽഖർനൈൻ പറഞ്ഞു: നിങ്ങൾ എനിക്ക് നൽകുന്ന സമ്പത്തിനെക്കാൾ ഉത്തമമായതാണ് എൻ്റെ രക്ഷിതാവ് എനിക്ക് നൽകിയിട്ടുള്ള അധികാരവും അധീശത്വവും. അതിനാൽ പണിക്കാരെയും ആയുധങ്ങളെയും നൽകിക്കൊണ്ട് നിങ്ങളെന്നെ സഹായിക്കുവിൻ. ഞാൻ നിങ്ങൾക്കും അവർക്കുമിടയിൽ ഒരു തടസ്സമുണ്ടാക്കിത്തരാം.
Source : QUL
96

നിങ്ങള്‍ എനിക്ക് ഇരുമ്പുകട്ടികള്‍ കൊണ്ട് വന്ന് തരൂ. അങ്ങനെ ആ രണ്ട് പര്‍വ്വത പാര്‍ശ്വങ്ങളുടെ ഇട സമമാക്കിത്തീര്‍ത്തിട്ട് അദ്ദേഹം പറഞ്ഞു: നിങ്ങള്‍ കാറ്റൂതുക. അങ്ങനെ അത് (പഴുപ്പിച്ച്‌) തീ പോലെയാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളെനിക്ക് ഉരുക്കിയ ചെമ്പ് കൊണ്ടുവന്നു തരൂ ഞാനത് അതിന്‍മേല്‍ ഒഴിക്കട്ടെ

ءَاتُونِي زُبَرَ ٱلۡحَدِيدِۖ حَتَّىٰٓ إِذَا سَاوَىٰ بَيۡنَ ٱلصَّدَفَيۡنِ قَالَ ٱنفُخُواْۖ حَتَّىٰٓ إِذَا جَعَلَهُۥ نَارٗا قَالَ ءَاتُونِيٓ أُفۡرِغۡ عَلَيۡهِ قِطۡرٗا ۝٩٦
തഫ്സീർആയത്ത് 96
നിങ്ങൾ ഇരുമ്പുകട്ടികൾ കൊണ്ടുവന്നു തരൂ. അങ്ങനെ അവർ അത് കൊണ്ടുവന്നു. അദ്ദേഹം അത് കൊണ്ട് രണ്ട് പർവ്വതങ്ങൾക്കുമിടയിൽ നിർമ്മാണം ആരംഭിച്ചു. അങ്ങനെ അതിൻ്റെ നിർമ്മാണം നേരെയാക്കിയ ശേഷം പണിക്കാരോടായി അദ്ദേഹം പറഞ്ഞു: ഈ ഇരുമ്പുകട്ടികൾക്ക് മേൽ നിങ്ങൾ തീ ആളിക്കത്തിക്കുക. ഇരുമ്പ് ചുവപ്പുനിറമായപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങൾ എനിക്ക് (ഉരുക്കിയ) ചെമ്പ് കൊണ്ടുവന്നു തരൂ; ഞാൻ അത് ഇതിന് മുകളിൽ ഒഴിക്കട്ടെ.
Source : QUL
97

പിന്നെ, ആ മതില്‍ക്കെട്ട് കയറിമറിയുവാന്‍ അവര്‍ക്ക് (യഅ്ജൂജ് - മഅ്ജൂജിന്ന്‌) സാധിച്ചില്ല. അതിന്ന് തുളയുണ്ടാക്കുവാനും അവര്‍ക്ക് സാധിച്ചില്ല.

فَمَا ٱسۡطَٰعُوٓاْ أَن يَظۡهَرُوهُ وَمَا ٱسۡتَطَٰعُواْ لَهُۥ نَقۡبٗا ۝٩٧
തഫ്സീർആയത്ത് 97
യഅ്ജൂജിനും മഅ്ജൂജിനും ആ മതിലിന് മുകളിൽ കയറുവാൻ -അതിൻ്റെ ഉയരം കാരണത്താൽ- കഴിഞ്ഞില്ല. വളരെ ഉറപ്പുള്ളതായതിനാൽ മതിലിൻ്റെ താഴ്ഭാഗത്ത് ഓട്ടയുണ്ടാക്കുവാനും അവർക്ക് സാധിച്ചില്ല.
Source : QUL
98

അദ്ദേഹം (ദുല്‍ഖര്‍നൈന്‍) പറഞ്ഞു: ഇത് എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യമത്രെ. എന്നാല്‍ എന്‍റെ രക്ഷിതാവിന്‍റെ വാഗ്ദത്ത സമയം വന്നാല്‍ അവന്‍ അതിനെ തകര്‍ത്ത് നിരപ്പാക്കിക്കളയുന്നതാണ്‌.(43) എന്‍റെ രക്ഷിതാവിന്‍റെ വാഗ്ദാനം യാഥാര്‍ത്ഥ്യമാകുന്നു.

قَالَ هَٰذَا رَحۡمَةٞ مِّن رَّبِّيۖ فَإِذَا جَآءَ وَعۡدُ رَبِّي جَعَلَهُۥ دَكَّآءَۖ وَكَانَ وَعۡدُ رَبِّي حَقّٗا ۝٩٨
തഫ്സീർആയത്ത് 98
ദുൽഖർനൈൻ പറഞ്ഞു: യഅ്ജൂജ്-മഅ്ജൂജിനെ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നതിൽ നിന്ന് തടഞ്ഞു നിർത്തുകയും, അവരെ തടുക്കുകയും ചെയ്യുന്ന ഈ മതിൽ എൻ്റെ രക്ഷിതാവിൽ നിന്നുള്ള കാരുണ്യമാകുന്നു. എന്നാൽ അന്ത്യനാളിന് മുൻപ് അവർ പുറപ്പെടാനുള്ള -അല്ലാഹു നിശ്ചയിച്ച- സമയം എത്തിക്കഴിഞ്ഞാൽ അല്ലാഹു അതിനെ ഭൂമിയോട് ചേർത്ത് നിരപ്പാക്കിക്കളയുന്നതാണ്. ഈ മതിൽ നിലംപരിശാക്കുകയും, യഅ്ജൂജ് മഅ്ജൂജ് പുറപ്പെടുകയും ചെയ്യുമെന്നുള്ള അല്ലാഹുവിൻ്റെ വാഗ്ദാനം ഉറച്ച വാഗ്ദാനമാകുന്നു; അതൊരിക്കലും നടപ്പാകാതെ പോവുകയില്ല.
Source : QUL
99

(അന്ന്‌) അവരില്‍ ചിലര്‍ മറ്റുചിലരുടെ മേല്‍ തിരമാലകള്‍ പോലെ തള്ളിക്കയറുന്ന രൂപത്തില്‍ നാം വിട്ടേക്കുന്നതാണ്‌.(44) കാഹളത്തില്‍ ഊതപ്പെടുകയും അപ്പോള്‍ നാം അവരെ ഒന്നിച്ച് ഒരുമിച്ചുകൂട്ടുകയും ചെയ്യും.

۞ وَتَرَكۡنَا بَعۡضَهُمۡ يَوۡمَئِذٖ يَمُوجُ فِي بَعۡضٖۖ وَنُفِخَ فِي ٱلصُّورِ فَجَمَعۡنَٰهُمۡ جَمۡعٗا ۝٩٩
തഫ്സീർആയത്ത് 99
സൃഷ്ടികളിൽ ചിലരെ മറ്റുചിലർക്ക് മേൽ ഇളകിമറിയുകയും ഇരച്ചുകയറുകയും ചെയ്യുന്ന രൂപത്തിൽ നാം വിടുന്നതാണ്. കാഹളത്തിൽ ഊതപ്പെട്ടാൽ സർവ്വ സൃഷ്ടികളെയും നാം വിചാരണക്കും പ്രതിഫലത്തിനുമായി ഒരുമിച്ചു കൂട്ടുകയും ചെയ്യും.
Source : QUL
100

അവിശ്വാസികള്‍ക്ക് അന്നേ ദിവസം നാം നരകത്തെ ശരിയാംവണ്ണം കാണിച്ചുകൊടുക്കുന്നതാണ്‌.

وَعَرَضۡنَا جَهَنَّمَ يَوۡمَئِذٖ لِّلۡكَٰفِرِينَ عَرۡضًا ۝١٠٠
തഫ്സീർആയത്ത് 100
അല്ലാഹുവിനെ നിഷേധിച്ചവർക്ക് നരകത്തെ നാം പ്രദർശിപ്പിച്ചു നൽകുന്നതാണ്. ഒരു അവ്യക്തതയുമില്ലാതെ, അവർക്ക് കണ്ണുനിറയെ കാണാവുന്ന തരത്തിൽ (നാം അത് കാണിച്ചു കൊടുക്കും).
Source : QUL
101

എന്‍റെ സന്ദേശത്തിന്‍റെ മുമ്പില്‍ ആരുടെ കണ്ണുകള്‍ക്ക് മൂടിവീണുപോകുകയും അതുകേട്ടു ഗ്രഹിക്കാന്‍ ആര്‍ക്ക് സാധിക്കാതാവുകയും ചെയ്തിരുന്നുവോ അവരത്രെ (ആ അവിശ്വാസികള്‍) .

ٱلَّذِينَ كَانَتۡ أَعۡيُنُهُمۡ فِي غِطَآءٍ عَن ذِكۡرِي وَكَانُواْ لَا يَسۡتَطِيعُونَ سَمۡعًا ۝١٠١
തഫ്സീർആയത്ത് 101
നരകം നാം പ്രദർശിപ്പിച്ചു നൽകുന്ന ആ നിഷേധികൾ; അവർ ഇഹലോകത്തായിരിക്കെ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് അന്ധത പുലർത്തിയിരുന്നവരായിരുന്നു. കാരണം, അവരുടെ കണ്ണുകൾക്ക് മേൽ അതിൽ നിന്ന് (അല്ലാഹുവിൻ്റെ സ്മരണയിൽ നിന്ന്) തടസ്സമുണ്ടാക്കുന്ന ഒരു മറയുണ്ടായിരുന്നു. അല്ലാഹുവിൻ്റെ ആയത്തുകൾ ഉൾക്കൊള്ളുന്ന രൂപത്തിൽ കേൾക്കാനും അവർക്ക് സാധിച്ചിരുന്നില്ല.
Source : QUL
102

എനിക്ക് പുറമെ എന്‍റെ ദാസന്‍മാരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കാമെന്ന് അവിശ്വാസികള്‍ വിചാരിച്ചിരിക്കുകയാണോ? തീര്‍ച്ചയായും അവിശ്വാസികള്‍ക്ക് സല്‍ക്കാരം നല്‍കുവാനായി നാം നരകത്തെ ഒരുക്കിവെച്ചിരിക്കുന്നു.

أَفَحَسِبَ ٱلَّذِينَ كَفَرُوٓاْ أَن يَتَّخِذُواْ عِبَادِي مِن دُونِيٓ أَوۡلِيَآءَۚ إِنَّآ أَعۡتَدۡنَا جَهَنَّمَ لِلۡكَٰفِرِينَ نُزُلٗا ۝١٠٢
തഫ്സീർആയത്ത് 102
നമ്മുടെ അടിമകളിൽ പെട്ട മലക്കുകളെയുംറസൂലുകളെയും പിശാചുക്കളെയും എനിക്ക് പുറമെയുള്ള ആരാധ്യന്മാരായി സ്വീകരിക്കാമെന്ന് അല്ലാഹുവിനെ നിഷേധിച്ചവർ ധരിച്ചിരിക്കുകയാണോ?! തീർച്ചയായും (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് താമസസ്ഥലമായി നാം നരകത്തെ ഒരുക്കിവെച്ചിരിക്കുന്നു.
Source : QUL
103

(നബിയേ,) പറയുക: കര്‍മ്മങ്ങള്‍ ഏറ്റവും നഷ്ടകരമായി തീര്‍ന്നവരെ സംബന്ധിച്ച് നാം നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ?

قُلۡ هَلۡ نُنَبِّئُكُم بِٱلۡأَخۡسَرِينَ أَعۡمَٰلًا ۝١٠٣
തഫ്സീർആയത്ത് 103
അല്ലാഹുവിൻ്റെ റസൂലേ! പറയുക: ജനങ്ങളേ! ആളുകളുടെ കൂട്ടത്തിൽ തൻ്റെ പ്രവർത്തനങ്ങൾ ഏറ്റവും നഷ്ടപ്പെട്ടവരെ ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?!
Source : QUL
104

ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്‌.

ٱلَّذِينَ ضَلَّ سَعۡيُهُمۡ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَهُمۡ يَحۡسَبُونَ أَنَّهُمۡ يُحۡسِنُونَ صُنۡعًا ۝١٠٤
തഫ്സീർആയത്ത് 104
പരലോകത്തെത്തിയാൽ, ഇഹലോകത്ത് തങ്ങൾ പ്രവർത്തിച്ചിരുന്നതെല്ലാം വൃഥാവിലായി എന്ന് ബോധ്യപ്പെടാനിരിക്കുന്നവരത്രെ അവർ. അവർ ധരിക്കുന്നത് തങ്ങളുടെ പരിശ്രമങ്ങൾ കൊണ്ട് അവർ നന്മയാണ് പ്രവർത്തിക്കുന്നതെന്നും, അവരുടെ പ്രവർത്തനങ്ങൾ അവർക്ക് ഉപകാരപ്പെടുമെന്നുമാണ്. എന്നാൽ യാഥാർത്ഥ്യമാകട്ടെ, അതിന് നേർവിപരീതവുമാണ്.
Source : QUL
105

തങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളിലും അവനുമായി കണ്ടുമുട്ടുന്നതിലും വിശ്വസിക്കാത്തവരത്രെ അവര്‍. അതിനാല്‍ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോയിരിക്കുന്നു. അതിനാല്‍ നാം അവര്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ യാതൊരു തൂക്കവും നിലനിര്‍ത്തുകയില്ല.(45)

أُوْلَٰٓئِكَ ٱلَّذِينَ كَفَرُواْ بِـَٔايَٰتِ رَبِّهِمۡ وَلِقَآئِهِۦ فَحَبِطَتۡ أَعۡمَٰلُهُمۡ فَلَا نُقِيمُ لَهُمۡ يَوۡمَ ٱلۡقِيَٰمَةِ وَزۡنٗا ۝١٠٥
തഫ്സീർആയത്ത് 105
അവരുടെ രക്ഷിതാവിൻ്റെ ഏകത്വം ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങളിലും, അവനെ കണ്ടുമുട്ടുമെന്നതിലും വിശ്വസിക്കാത്തവരാകുന്നു അക്കൂട്ടർ. (അല്ലാഹുവിൻ്റെ ഏകത്വത്തെയും പരലോകത്തെയും) നിഷേധിച്ചതിനാൽ അവരുടെ പ്രവർത്തനങ്ങൾ നിഷ്ഫലമായി തീർന്നിരിക്കുന്നു. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർക്ക് അല്ലാഹുവിങ്കൽ യാതൊരു സ്ഥാനവും ഉണ്ടായിരിക്കുന്നതല്ല.
Source : QUL
106

അതത്രെ അവര്‍ക്കുള്ള പ്രതിഫലം. അവിശ്വസിക്കുകയും, എന്‍റെ ദൃഷ്ടാന്തങ്ങളെയും, ദൂതന്‍മാരെയും പരിഹാസ്യമാക്കുകയും ചെയ്തതിന്നുള്ള (ശിക്ഷയായ) നരകം.

ذَٰلِكَ جَزَآؤُهُمۡ جَهَنَّمُ بِمَا كَفَرُواْ وَٱتَّخَذُوٓاْ ءَايَٰتِي وَرُسُلِي هُزُوًا ۝١٠٦
തഫ്സീർആയത്ത് 106
അവർക്ക് ഒരുക്കിവെക്കപ്പെട്ടിരിക്കുന്ന നരകമാകുന്ന ആ ശിക്ഷ; അല്ലാഹുവിനെ അവർ നിഷേധിക്കുകയും ഞാൻ അവതരിപ്പിച്ച എൻ്റെ ആയത്തുകളെയും എൻ്റെ ദൂതന്മാരെയും പരിഹാസപാത്രമായി അവർ മാറ്റുകയും ചെയ്തതിനാലത്രെ അത്.
Source : QUL
107

തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് സല്‍ക്കാരം നല്‍കാനുള്ളതാകുന്നു സ്വര്‍ഗത്തോപ്പുകള്‍.

إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ كَانَتۡ لَهُمۡ جَنَّٰتُ ٱلۡفِرۡدَوۡسِ نُزُلًا ۝١٠٧
തഫ്സീർആയത്ത് 107
തീർച്ചയായും അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ; -അവർക്കുള്ള ആദരവായി കൊണ്ട്- ഏറ്റവും ഉന്നതമായ സ്വർഗം അവരുടെ താമസസ്ഥലമായിരിക്കും.
Source : QUL
108

അവരതില്‍ നിത്യവാസികളായിരിക്കും. അതില്‍ നിന്ന് വിട്ടുമാറാന്‍ അവര്‍ ആഗ്രഹിക്കുകയില്ല.

خَٰلِدِينَ فِيهَا لَا يَبۡغُونَ عَنۡهَا حِوَلٗا ۝١٠٨
തഫ്സീർആയത്ത് 108
അവരതിൽ എന്നെന്നും വസിക്കുന്നവരായിരിക്കും. അവിടെ നിന്നൊരു മാറ്റം അവർ ആഗ്രഹിക്കുകയില്ല. കാരണം, ഒരു പ്രതിഫലവും അതിന് സമാനമായില്ല തന്നെ.
Source : QUL
109

(നബിയേ,) പറയുക: സമുദ്രജലം എന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളെഴുതാനുള്ള മഷിയായിരുന്നെങ്കില്‍ എന്‍റെ രക്ഷിതാവിന്‍റെ വചനങ്ങള്‍ തീരുന്നതിനുമുമ്പായി സമുദ്രജലം തീര്‍ന്നുപോകുക തന്നെ ചെയ്യുമായിരുന്നു; അതിന് തുല്യമായ മറ്റൊരു സമുദ്രം കൂടി നാം സഹായത്തിനു കൊണ്ട് വന്നാലും ശരി.

قُل لَّوۡ كَانَ ٱلۡبَحۡرُ مِدَادٗا لِّكَلِمَٰتِ رَبِّي لَنَفِدَ ٱلۡبَحۡرُ قَبۡلَ أَن تَنفَدَ كَلِمَٰتُ رَبِّي وَلَوۡ جِئۡنَا بِمِثۡلِهِۦ مَدَدٗا ۝١٠٩
തഫ്സീർആയത്ത് 109
അല്ലാഹുവിൻ്റെ റസൂലേ! പറയുക: എൻ്റെ രക്ഷിതാവിൻ്റെ വചനങ്ങൾ ധാരാളമുണ്ട്. സമുദ്രം അതെഴുതിയെടുക്കാനുള്ള മഷിയായിരുന്നെങ്കിൽ എൻ്റെ രക്ഷിതാവിൻ്റെ വചനങ്ങൾ (എഴുതി) തീരുന്നതിന് മുൻപ് സമുദ്രത്തിലെ വെള്ളം അവസാനിക്കുമായിരുന്നു. മറ്റനേകം സമുദ്രങ്ങൾ നാം കൊണ്ടുവന്നിരുന്നെങ്കിൽ അതും തീർന്നു പോകുമായിരുന്നു.
Source : QUL
110

(നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു.(46) നിങ്ങളുടെ ആരാധനകൾക്കർഹൻ ഏക ആരാധ്യൻ (അല്ലാഹു) മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.

قُلۡ إِنَّمَآ أَنَا۠ بَشَرٞ مِّثۡلُكُمۡ يُوحَىٰٓ إِلَيَّ أَنَّمَآ إِلَٰهُكُمۡ إِلَٰهٞ وَٰحِدٞۖ فَمَن كَانَ يَرۡجُواْ لِقَآءَ رَبِّهِۦ فَلۡيَعۡمَلۡ عَمَلٗا صَٰلِحٗا وَلَا يُشۡرِكۡ بِعِبَادَةِ رَبِّهِۦٓ أَحَدَۢا ۝١١٠
തഫ്സീർആയത്ത് 110
അല്ലാഹുവിൻ്റെ റസൂലേ! പറയുക: ഞാൻ നിങ്ങളെ പോലെയുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു. നിങ്ങളുടെ യഥാർത്ഥ ആരാധ്യൻ ഒരേയൊരുവനാണെന്നും, അവന് ഒരു പങ്കുകാരനുമില്ലെന്നും എനിക്ക് ബോധനം നൽകപ്പെടുന്നു; അല്ലാഹുവാണ് ആ ഏകആരാധ്യൻ. അതിനാൽ ആരെങ്കിലും തൻ്റെ രക്ഷിതാവിനെ കണ്ടുമുട്ടുന്നത് ഭയക്കുന്നെങ്കിൽ അവൻ അല്ലാഹുവിൻ്റെ മതനിയമങ്ങൾക്ക് യോജിച്ച രൂപത്തിലുള്ള കർമ്മങ്ങൾ പ്രവർത്തിക്കുകയും, അതിൽ തൻ്റെ രക്ഷിതാവിനോട് നിഷ്കളങ്കത പുലർത്തുകയും ചെയ്യട്ടെ. തൻ്റെ രക്ഷിതാവിനുള്ള ആരാധനയിൽ ഒരാളെയും അവൻ പങ്കുചേർക്കാതിരിക്കുകയും ചെയ്യട്ടെ.
Source : QUL