Wednesday, 12 August 2026 Hijri: 04:46:36 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

അശ്ശൂറാ الشورى Ash-Shura

Surah 42 മക്കിയ്യ • مكية • Makkiyah 53 ആയത്തുകൾ • 53 Ayahs

സൂറത്ത് അശ്ശൂറാ (Ash-Shura)യിലെ 53 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Ash-Shura.

1

ഹാമീം.

حمٓ ۝١
തഫ്സീർആയത്ത് 1
ഹാമീം. ഐൻ സീൻ ഖാഫ്. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.
Source : QUL
2

ഐന്‍ സീന്‍ ഖാഫ്‌

عٓسٓقٓ ۝٢
തഫ്സീർആയത്ത് 2
ഹാമീം. ഐൻ സീൻ ഖാഫ്. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.
Source : QUL
3

അപ്രകാരം നിനക്കും നിന്‍റെ മുമ്പുള്ളവര്‍ക്കും പ്രതാപിയും യുക്തിമാനുമായ അല്ലാഹു ബോധനം നല്‍കുന്നു.

كَذَٰلِكَ يُوحِيٓ إِلَيۡكَ وَإِلَى ٱلَّذِينَ مِن قَبۡلِكَ ٱللَّهُ ٱلۡعَزِيزُ ٱلۡحَكِيمُ ۝٣
തഫ്സീർആയത്ത് 3
ഹേ മുഹമ്മദ്! നിനക്കും നിൻറെ മുൻപുള്ള അല്ലാഹുവിൻറെ നബിമാർക്കും ഇതിന് സമാനമായ ബോധനം നാം നൽകുന്നു. (തിന്മകൾ ചെയ്തു കൂട്ടിയ) തൻറെ ശത്രുക്കളിൽ നിന്ന് പകരം ചോദിക്കുന്ന 'അസീസും', സൃഷ്ടിപ്പിലും നിയന്ത്രണത്തിലും അങ്ങേയറ്റം യുക്തമായത് ചെയ്യുന്ന 'ഹകീമു'മാണ് അല്ലാഹു.
Source : QUL
4

അവന്നാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. അവനാകുന്നു ഉന്നതനും മഹാനുമായിട്ടുള്ളവന്‍.

لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۖ وَهُوَ ٱلۡعَلِيُّ ٱلۡعَظِيمُ ۝٤
തഫ്സീർആയത്ത് 4
ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്റേത് മാത്രമാകുന്നു. അവനാണ് അവയെ സൃഷ്ടിച്ചതും, അധീനപ്പെടുത്തുന്നതും, അവയെ നിയന്ത്രിക്കുന്നതും. എല്ലാത്തിനും ഉപരിയിലുള്ളവനും, സർവ്വ ഔന്നത്യമുള്ളവനും, എല്ലാവരെയും വിജയിച്ചടക്കിയവനുമായ അലിയ്യ് അവനത്രെ. സർവ്വ മഹത്വവുമുള്ളവനായ 'അദ്വീമും' അവനത്രെ.
Source : QUL
5

ആകാശങ്ങള്‍ അവയുടെ ഉപരിഭാഗത്ത് നിന്ന് പൊട്ടിപ്പിളരുമാറാകുന്നു.(1) മലക്കുകള്‍ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം (അവന്റെ) പരിശുദ്ധിയെ പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഭൂമിയിലുള്ളവര്‍ക്ക് വേണ്ടി അവര്‍ പാപമോചനം തേടുകയും ചെയ്യുന്നു. അറിയുക! തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനും.

تَكَادُ ٱلسَّمَٰوَٰتُ يَتَفَطَّرۡنَ مِن فَوۡقِهِنَّۚ وَٱلۡمَلَٰٓئِكَةُ يُسَبِّحُونَ بِحَمۡدِ رَبِّهِمۡ وَيَسۡتَغۡفِرُونَ لِمَن فِي ٱلۡأَرۡضِۗ أَلَآ إِنَّ ٱللَّهَ هُوَ ٱلۡغَفُورُ ٱلرَّحِيمُ ۝٥
തഫ്സീർആയത്ത് 5
അല്ലാഹുവിൻറെ മഹത്വത്തിന് മുൻപിൽ ഭീമാകാരമുള്ളതും, ഉന്നതവുമായ ആകാശങ്ങൾ ഭൂമികൾക്ക് മുകളിൽ തകർന്നു വീഴാനായിരിക്കുന്നു. മലക്കുകൾ അവരുടെ രക്ഷിതാവിനെ പ്രകീർത്തിക്കുകയും, മഹത്വപ്പെടുത്തുകയും, അവന് മുൻപിൽ താഴ്മയോടും ആദരവോടും കൂടി അവനെ സ്തുതിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഭൂമിയിലുള്ളവർക്ക് വേണ്ടി അവർ അല്ലാഹുവിനോട് പാപമോചനം തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അറിയുക! തീർച്ചയായും അല്ലാഹു തൻറെ അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവർക്ക് അങ്ങേയറ്റം പൊറുത്തു കൊടുക്കുന്ന 'ഗഫൂറും', അവർക്ക് മേൽ ധാരാളമായി കാരുണ്യം ചൊരിയുന്ന 'റഹീമു'മത്രെ
Source : QUL
6

അവനു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവരാരോ, അവരെ അല്ലാഹു സൂക്ഷ്മനിരീക്ഷണം ചെയ്തുകൊണ്ടിരിക്കുകയാകുന്നു. നീ അവരുടെ കാര്യത്തില്‍ ചുമതല ഏല്‍പിക്കപ്പെട്ടവനേ അല്ല.

وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ ٱللَّهُ حَفِيظٌ عَلَيۡهِمۡ وَمَآ أَنتَ عَلَيۡهِم بِوَكِيلٖ ۝٦
തഫ്സീർആയത്ത് 6
അല്ലാഹുവിന് പുറമെ വിഗ്രഹങ്ങളെ സ്വീകരിക്കുകയും, അവയെ അല്ലാഹുഹുവിന് പുറമെയുള്ള രക്ഷാധികാരികളായി സ്വീകരിക്കുകയും ആരാധിക്കുകയും ചെയ്തവർ; അവരെ അല്ലാഹു സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. അവരുടെ പ്രവർത്തനങ്ങൾ അവൻ രേഖപ്പെടുത്തുകയും, അതിനുള്ള പ്രതിഫലം അവർക്ക് അവൻ നൽകുകയും ചെയ്യുന്നതാണ്. അല്ലാഹുവിൻറെ റസൂലേ! അവരുടെ പ്രവർത്തനങ്ങൾ സൂക്ഷിക്കാൻ താങ്കളെ ബാധ്യത ഏൽപ്പിച്ചിട്ടില്ല. അവരുടെ പ്രവർത്തനങ്ങളെ കുറിച്ച് താങ്കൾ ചോദ്യം ചെയ്യപ്പെടുന്നതുമല്ല. മറിച്ച്, താങ്കൾ ഈ സന്ദേശം എത്തിച്ചു കൊടുക്കുന്നവൻ മാത്രമാകുന്നു.
Source : QUL
7

അപ്രകാരം നിനക്ക് നാം അറബിഭാഷയിലുള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു. ഉമ്മുല്‍ഖുറാ(2) (മക്ക)യിലുള്ളവര്‍ക്കും അതിനു ചുറ്റുമുള്ളവര്‍ക്കും നീ താക്കീത് നല്‍കുവാന്‍ വേണ്ടിയും, സംശയരഹിതമായ സമ്മേളന ദിവസത്തെപ്പറ്റി നീ താക്കീത് നല്‍കുവാന്‍ വേണ്ടിയും. അന്ന് ഒരു വിഭാഗക്കാര്‍ സ്വര്‍ഗത്തിലായിരിക്കും. മറ്റൊരു വിഭാഗക്കാര്‍ കത്തിജ്വലിക്കുന്ന നരകത്തിലും.

وَكَذَٰلِكَ أَوۡحَيۡنَآ إِلَيۡكَ قُرۡءَانًا عَرَبِيّٗا لِّتُنذِرَ أُمَّ ٱلۡقُرَىٰ وَمَنۡ حَوۡلَهَا وَتُنذِرَ يَوۡمَ ٱلۡجَمۡعِ لَا رَيۡبَ فِيهِۚ فَرِيقٞ فِي ٱلۡجَنَّةِ وَفَرِيقٞ فِي ٱلسَّعِيرِ ۝٧
തഫ്സീർആയത്ത് 7
അല്ലാഹുവിൻറെ റസൂലേ! നിനക്ക് മുൻപുള്ള നബിമാർക്ക് നാം ബോധനം നൽകിയതു പോലെ അറബി ഭാഷയിലുള്ള ഒരു ഖുർആൻ നിനക്കും നാം ബോധനം നൽകിയിരിക്കുന്നു. മക്കയിലുള്ളവർക്കും അതിന് ചുറ്റുമുള്ള അറബ് നാടുകളിലുള്ളവർക്കും, ശേഷം മറ്റെല്ലാ ജനങ്ങൾക്കും നീ താക്കീത് നൽകുന്നതിനും, അല്ലാഹു ആദ്യകാലക്കാരെയും പിൽക്കാലക്കാരെയും വിചാരണക്കും പ്രതിഫലം നൽകുന്നതിനുമായി, ഒരിടത്ത് ഒരുമിച്ചു കൂട്ടുന്ന അന്ത്യനാളിനെ കുറിച്ച് അവരെ ഭയപ്പെടുത്തുന്നതിനും വേണ്ടിയത്രെ അത്. അന്നേ ദിവസം അത് സംഭവിക്കുമെന്നതിൽ ഒരു സംശയവുമില്ല. ജനങ്ങൾ അന്ന് രണ്ട് വിഭാഗങ്ങളായി വേർതിരിയുന്നതാണ്. ഒരു വിഭാഗം സ്വർഗത്തിലായിരിക്കും; (ഇസ്ലാമിൽ) വിശ്വസിച്ചവരാണവർ. മറു വിഭാഗം നരകത്തിലും; (ഇസ്ലാമിനെ) നിഷേധിച്ചവരാണവർ.
Source : QUL
8

അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരെ (മനുഷ്യരെ)യെല്ലാം അവന്‍ ഒരേ സമുദായമാക്കുമായിരുന്നു.(3) പക്ഷെ, താന്‍ ഉദ്ദേശിക്കുന്നവരെ തന്‍റെ കാരുണ്യത്തില്‍ അവന്‍ പ്രവേശിപ്പിക്കുന്നു. അക്രമികളാരോ അവര്‍ക്ക് യാതൊരു രക്ഷാധികാരിയും സഹായിയുമില്ല.

وَلَوۡ شَآءَ ٱللَّهُ لَجَعَلَهُمۡ أُمَّةٗ وَٰحِدَةٗ وَلَٰكِن يُدۡخِلُ مَن يَشَآءُ فِي رَحۡمَتِهِۦۚ وَٱلظَّٰلِمُونَ مَا لَهُم مِّن وَلِيّٖ وَلَا نَصِيرٍ ۝٨
തഫ്സീർആയത്ത് 8
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവരെയെല്ലാം അവൻ ഇസ്ലാം മതത്തിൽ നിലകൊള്ളുന്ന ഏകസമുദായമാക്കുമായിരുന്നു. അങ്ങനെ അവരെയെല്ലാം അവൻ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ അല്ലാഹുവിൻറെ മഹത്തരമായ യുക്തപൂർണ്ണമായ ഉദ്ദേശത്താൽ അവൻ ഉദ്ദേശിക്കുന്നവർ ഇസ്ലാമിൽ പ്രവേശിക്കുകയും, അവരെ അവൻ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ (ഇസ്ലാമിനെ) നിഷേധിച്ചും തിന്മകൾ പ്രവർത്തിച്ചും സ്വന്തത്തോട് അതിക്രമങ്ങൾ പ്രവർത്തിച്ചവനാകട്ടെ; അവർക്ക് അവരെ സഹായിക്കുന്ന ഒരു രക്ഷാധികാരിയോ, അല്ലാഹുവിൻറെ ശിക്ഷയിൽ നിന്ന് അവരെ രക്ഷപ്പെടുത്തുന്ന ഒരു സഹായിയോ ഉണ്ടായിരിക്കില്ല.
Source : QUL
9

അതല്ല, അവര്‍ അവന്നുപുറമെ രക്ഷാധികാരികളെ സ്വീകരിച്ചിരിക്കുകയാണോ? എന്നാല്‍ അല്ലാഹു തന്നെയാകുന്നു രക്ഷാധികാരി. അവന്‍ മരിച്ചവരെ ജീവിപ്പിക്കുന്നു. അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനത്രെ.

أَمِ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَۖ فَٱللَّهُ هُوَ ٱلۡوَلِيُّ وَهُوَ يُحۡيِ ٱلۡمَوۡتَىٰ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ۝٩
തഫ്സീർആയത്ത് 9
എന്നാൽ ഈ ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ രക്ഷാധികാരികളെ സ്വീകരിച്ചിരിക്കുന്നു. എന്നാൽ അല്ലാഹുവാകുന്നു യഥാർത്ഥ രക്ഷാധികാരി. അവന് പുറമെയുള്ളവർ യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യുകയില്ല. അവനാകുന്നു മരിച്ചവരെ വിചാരണക്കും പ്രതിഫലത്തിനുമായി ഉയർത്തെഴുന്നേൽപിക്കുന്നവൻ. അവന് യാതൊന്നും തന്നെ അസാധ്യമാവുകയില്ല.
Source : QUL
10

നിങ്ങള്‍ അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത് ഏത് കാര്യത്തിലാവട്ടെ അതില്‍ തീര്‍പ്പുകല്‍പിക്കാനുള്ള അവകാശം അല്ലാഹുവിന്നാകുന്നു. അവനാണ് എന്‍റെ രക്ഷിതാവായ അല്ലാഹു. അവന്‍റെ മേല്‍ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു. അവങ്കലേക്ക് ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു.

وَمَا ٱخۡتَلَفۡتُمۡ فِيهِ مِن شَيۡءٖ فَحُكۡمُهُۥٓ إِلَى ٱللَّهِۚ ذَٰلِكُمُ ٱللَّهُ رَبِّي عَلَيۡهِ تَوَكَّلۡتُ وَإِلَيۡهِ أُنِيبُ ۝١٠
തഫ്സീർആയത്ത് 10
അല്ലയോ ജനങ്ങളേ! നിങ്ങൾ അഭിപ്രായവ്യത്യാസത്തിലായിട്ടുള്ള, -അടിസ്ഥാനപരമോ ശാഖാപരമോ ആയ- മതവിഷയങ്ങളിൽ എല്ലാം വിധി തീർപ്പാക്കാനുള്ള അവകാശം അല്ലാഹുവിന് മാത്രമാണ്. അത്തരം വിഷയങ്ങളെല്ലാം അല്ലാഹുവിൻറെ ഖുർആനിലേക്കോ, അവിടുത്തെ ദൂതനായ മുഹമ്മദ് നബി -ﷺ- യുടെ ചര്യയിലേക്കോ മടക്കുകയാണ് വേണ്ടത്. ഈ വിശേഷണങ്ങളെല്ലാം ഉള്ളവനാണ് എൻറെ രക്ഷിതാവായ അല്ലാഹു. എൻറെ എല്ലാ കാര്യങ്ങളും അവൻറെ മേലാണ് ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നത്. അവനിലേക്കാണ് (സംഭവിച്ചു പോയ തെറ്റുകളിൽ നിന്ന്) ഞാൻ ഖേദിച്ചു മടങ്ങുന്നത്.
Source : QUL
11

ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു (അവന്‍.) നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ വര്‍ഗത്തില്‍ നിന്നു തന്നെ അവന്‍ ഇണകളെ (ഉണ്ടാക്കിത്തന്നിരിക്കുന്നു.) കന്നുകാലികളിലും അവൻ ഇണകളെ ഏർപ്പെടുത്തിയിരിക്കുന്നു. അതിലൂടെ നിങ്ങളെ അവന്‍ സൃഷ്ടിച്ച് വര്‍ധിപ്പിക്കുന്നു.(4) അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു.

فَاطِرُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ جَعَلَ لَكُم مِّنۡ أَنفُسِكُمۡ أَزۡوَٰجٗا وَمِنَ ٱلۡأَنۡعَٰمِ أَزۡوَٰجٗا يَذۡرَؤُكُمۡ فِيهِۚ لَيۡسَ كَمِثۡلِهِۦ شَيۡءٞۖ وَهُوَ ٱلسَّمِيعُ ٱلۡبَصِيرُ ۝١١
തഫ്സീർആയത്ത് 11
മുൻമാതൃകയില്ലാതെ ആകാശഭൂമികളെ സൃഷ്ടിച്ചവനാകുന്നു അല്ലാഹു. നിങ്ങൾക്കവൻ നിങ്ങളിൽ നിന്നു തന്നെ ഇണകളെ നിശ്ചയിച്ചു തന്നിരിക്കുന്നു. ഒട്ടകത്തിലും പശുക്കളിലും ആടുകളിലും അവൻ ഇണകളെ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ നിങ്ങൾക്ക് വേണ്ടി അവക്ക് വംശവർദ്ധനവ് ഉണ്ടാവാനത്രേ അത്. നിങ്ങൾക്ക് അവൻ നിശ്ചയിച്ചു തന്ന ഇണകളുമായി വിവാഹബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ അവൻ നിങ്ങളെയും സൃഷ്ടിക്കുന്നു. നിങ്ങൾക്ക് അവൻ ഒരുക്കി തന്ന കന്നുകാലികളുടെ മാംസവും പാലും ഭക്ഷിക്കാൻ നൽകി കൊണ്ട് നിങ്ങളുടെ ജീവൻ അവൻ നിലനിർത്തുന്നു. അവൻറെ സൃഷ്ടികളിൽ ഒന്നു പോലും അവന് സമാനമല്ല. തൻറെ സൃഷ്ടികളുടെ സംസാരങ്ങളെല്ലാം കേൾക്കുന്ന 'സമീഉം', അവരുടെ പ്രവർത്തനങ്ങളെല്ലാം കാണുന്ന 'ബസ്വീറു'മത്രെ അവൻ. അവരുടെ ഒരു കാര്യവും അവൻ അറിയാതെ പോകില്ല. അവക്കെല്ലാമുള്ള പ്രതിഫലം -നന്മയാണെങ്കിൽ നല്ല പ്രതിഫലവും, ചീത്തയാണെങ്കിൽ ചീത്ത പ്രതിഫലവും- അവൻ നൽകുന്നതായിരിക്കും.
Source : QUL
12

ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകള്‍ അവന്‍റെ അധീനത്തിലാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം അവന്‍ വിശാലമാക്കുന്നു. (മറ്റുള്ളവര്‍ക്ക്‌) അവന്‍ അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.

لَهُۥ مَقَالِيدُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُۚ إِنَّهُۥ بِكُلِّ شَيۡءٍ عَلِيمٞ ۝١٢
തഫ്സീർആയത്ത് 12
അവൻറെ പക്കൽ മാത്രമാകുന്നു ആകാശ ഭൂമികളിലെ ഖജനാവുകളുടെ താക്കോലുകൾ. അവൻ ഉദ്ദേശിക്കുന്ന തൻറെ അടിമകളുടെ ഉപജീവനം അവൻ വിശാലമാക്കി നൽകുന്നു; അവൻ നന്ദി കാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന പരീക്ഷണമാണത്. അവൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം അവൻ ഇടുങ്ങിയതാക്കുന്നു; അവൻ അതിൽ ക്ഷമ കൈക്കൊള്ളുമോ, അതല്ല അല്ലാഹുവിൻറെ വിധിയിൽ അസഹിഷ്ണുത പ്രകടിപ്പിക്കുമോ എന്ന പരീക്ഷണമാണത്. അവൻ എല്ലാ കാര്യവും അറിയുന്നവനാകുന്നു; അവൻറെ അടിമകൾക്ക് ഏതിലാണ് നന്മയുള്ളതെന്നത് അവന് അവ്യക്തമാവുകയില്ല.
Source : QUL
13

നൂഹിനോട് കല്‍പിച്ചതും നിനക്ക് നാം ബോധനം നല്‍കിയതും ഇബ്രാഹീം, മൂസാ, ഈസാ എന്നിവരോട് നാം കല്‍പിച്ചതുമായ കാര്യം(5) - നിങ്ങള്‍ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുക, അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക എന്നകാര്യം - അവന്‍ നിങ്ങള്‍ക്ക് മതനിയമമായി നിശ്ചയിച്ചിരിക്കുന്നു. ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ ഏതൊരു കാര്യത്തിലേക്ക് ക്ഷണിക്കുന്നുവോ അത് അവര്‍ക്ക് വലിയ ഭാരമായി തോന്നിയിരിക്കുന്നു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു തന്‍റെ അടുക്കലേക്ക് തെരഞ്ഞെടുക്കുന്നു. താഴ്മയോടെ മടങ്ങുന്നവരെ അവങ്കലേക്കുള്ള മാര്‍ഗത്തില്‍ നയിക്കുകയും ചെയ്യുന്നു.

۞ شَرَعَ لَكُم مِّنَ ٱلدِّينِ مَا وَصَّىٰ بِهِۦ نُوحٗا وَٱلَّذِيٓ أَوۡحَيۡنَآ إِلَيۡكَ وَمَا وَصَّيۡنَا بِهِۦٓ إِبۡرَٰهِيمَ وَمُوسَىٰ وَعِيسَىٰٓۖ أَنۡ أَقِيمُواْ ٱلدِّينَ وَلَا تَتَفَرَّقُواْ فِيهِۚ كَبُرَ عَلَى ٱلۡمُشۡرِكِينَ مَا تَدۡعُوهُمۡ إِلَيۡهِۚ ٱللَّهُ يَجۡتَبِيٓ إِلَيۡهِ مَن يَشَآءُ وَيَهۡدِيٓ إِلَيۡهِ مَن يُنِيبُ ۝١٣
തഫ്സീർആയത്ത് 13
നൂഹിനോട് നാം (ജനങ്ങൾക്ക്) എത്തിച്ചു നൽകാനും പ്രാവർത്തികമാക്കാനും കൽപ്പിച്ചതുമായ അതേ കാര്യം നിങ്ങൾക്കും നാം മതനിയമമായി നിശ്ചയിച്ചിരിക്കുന്നു. അല്ലാഹുവിൻറെ റസൂലേ! അതേ കാര്യം തന്നെയാണ് താങ്കൾക്കും നാം ബോധനം നൽകിയിരിക്കുന്നത്. ഇബ്രാഹീമിനോടും മൂസയോടും ഈസയോടും (ജനങ്ങൾക്ക്) എത്തിച്ചു നൽകാനും പ്രാവർത്തികമാക്കാനും കൽപ്പിച്ച കാര്യവും അതു തന്നെ. നിങ്ങൾ (അല്ലാഹുവിൻറെ) മതം നേരാംവണ്ണം നിലനിർത്തുകയും, അതിൽ പരസ്പരം ഭിന്നിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യുക എന്നതാണ് ആ കൽപ്പനയുടെ ചുരുക്കം. ബഹുദൈവാരാധകർക്ക് നിങ്ങൾ അവരെ ക്ഷണിച്ചു കൊണ്ടിരിക്കുന്ന കാര്യം -അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതും, അവന് പുറമെയുള്ളവരെ ആരാധിക്കുന്നത് അവസാനിപ്പിക്കുക എന്നതുമെല്ലാം- (സ്വീകരിക്കുന്നത്) വളരെ പ്രയാസകരമായിരിക്കുന്നു. അല്ലാഹു അവൻ ഉദ്ദേശിക്കുന്ന തൻറെ ദാസന്മാരെ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലേക്കും അവനെ അനുസരിക്കുന്നതിലേക്കും നയിക്കുന്നു. തൻറെ തെറ്റുകളിൽ നിന്ന് (ഖേദത്തോടെ) പശ്ചാത്തപിച്ചു മടങ്ങുന്നവരെ അവൻ തൻറെ മാർഗത്തിലേക്ക് വഴികാട്ടുന്നു.
Source : QUL
14

പൂര്‍വ്വവേദക്കാര്‍ ഭിന്നിച്ചത് അവര്‍ക്ക് അറിവ് വന്നുകിട്ടിയതിന് ശേഷം തന്നെയാണ്‌. അവര്‍ തമ്മിലുള്ള വിരോധം നിമിത്തമാണത്‌.(6) നിര്‍ണിതമായ ഒരു അവധിവരേക്ക് ബാധകമായ ഒരു വചനം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് മുമ്പ് തന്നെ ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ (ഉടനെ) തീര്‍പ്പുകല്‍പിക്കപ്പെടുമായിരുന്നു.(7) അവര്‍ക്ക് ശേഷം വേദഗ്രന്ഥത്തിന്‍റെ അനന്തരാവകാശം നല്‍കപ്പെട്ടവര്‍ തീര്‍ച്ചയായും അതിനെപ്പറ്റി അവിശ്വാസജനകമായ സംശയത്തിലാകുന്നു.

وَمَا تَفَرَّقُوٓاْ إِلَّا مِنۢ بَعۡدِ مَا جَآءَهُمُ ٱلۡعِلۡمُ بَغۡيَۢا بَيۡنَهُمۡۚ وَلَوۡلَا كَلِمَةٞ سَبَقَتۡ مِن رَّبِّكَ إِلَىٰٓ أَجَلٖ مُّسَمّٗى لَّقُضِيَ بَيۡنَهُمۡۚ وَإِنَّ ٱلَّذِينَ أُورِثُواْ ٱلۡكِتَٰبَ مِنۢ بَعۡدِهِمۡ لَفِي شَكّٖ مِّنۡهُ مُرِيبٖ ۝١٤
തഫ്സീർആയത്ത് 14
മുഹമ്മദ് നബി -ﷺ- യുടെ നിയോഗത്തെ കുറിച്ചുള്ള വ്യക്തമായ തെളിവ് സ്ഥാപിക്കപ്പെട്ടതിന് ശേഷം തന്നെയാണ് നിഷേധികളും ബഹുദൈവാരാധകരും അക്കാര്യത്തിൽ ഭിന്നിച്ചിട്ടുള്ളത്. അവരുടെ ഭിന്നതക്ക് കാരണം വിരോധവും അതിക്രമവുമല്ലാതെ മറ്റൊന്നുമല്ല. അവരിൽ നിന്ന് അന്ത്യനാൾ വരെ ശിക്ഷ പിന്തിക്കപ്പെടും എന്ന കാര്യം അല്ലാഹുവിൻറെ അറിവിൽ മുൻപേ സ്ഥിരപ്പെട്ടിട്ടില്ലായിരുന്നെങ്കിൽ അല്ലാഹു അവർക്കിടയിൽ ഇപ്പോൾ തന്നെ തീർപ്പു കൽപ്പിക്കുകയും, അല്ലാഹുവിനെ നിഷേധിക്കുകയും അവൻറെ ദൂതനെ കളവാക്കുകയും ചെയ്തതിന് ഉടൻ തന്നെ അവരെ ശിക്ഷിക്കുകയും ചെയ്യുമായിരുന്നു. തങ്ങളുടെ പൂർവ്വികരിൽ നിന്ന് തൗറാത്ത് അനന്തരമായി നൽകപ്പെട്ട യഹൂദരും, ഇഞ്ചീൽ നൽകപ്പെട്ട നസ്വാറാക്കളും, അവർക്കു ശേഷം വന്ന ഈ ബഹുദൈവാരാധകരും മുഹമ്മദ് നബി -ﷺ- കൊണ്ടു വന്ന ഈ ഖുർആനിൽ വ്യക്തമായ സംശയത്തിലും, അതിനെ കളവാക്കുന്നവരുമാകുന്നു.
Source : QUL
15

അതിനാല്‍ നീ പ്രബോധനം ചെയ്തുകൊള്ളുക. നീ കല്‍പിക്കപ്പെട്ടത് പോലെ നേരെ നിലകൊള്ളുകയും ചെയ്യുക. അവരുടെ തന്നിഷ്ടങ്ങളെ നീ പിന്തുടര്‍ന്ന് പോകരുത്‌. നീ പറയുക: അല്ലാഹു അവതരിപ്പിച്ച ഏത് ഗ്രന്ഥത്തിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ക്കിടയില്‍ നീതിപുലര്‍ത്തുവാന്‍ ഞാന്‍ കല്‍പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹുവാകുന്നു ഞങ്ങളുടെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും. ഞങ്ങള്‍ക്കുള്ളത് ഞങ്ങളുടെ കര്‍മ്മങ്ങളും നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മ്മങ്ങളും. ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ യാതൊരു തര്‍ക്കപ്രശ്നവുമില്ല. അല്ലാഹു നമ്മെ തമ്മില്‍ ഒരുമിച്ചുകൂട്ടും. അവങ്കലേക്കാകുന്നു ചെന്നെത്താനുള്ളത്‌.

فَلِذَٰلِكَ فَٱدۡعُۖ وَٱسۡتَقِمۡ كَمَآ أُمِرۡتَۖ وَلَا تَتَّبِعۡ أَهۡوَآءَهُمۡۖ وَقُلۡ ءَامَنتُ بِمَآ أَنزَلَ ٱللَّهُ مِن كِتَٰبٖۖ وَأُمِرۡتُ لِأَعۡدِلَ بَيۡنَكُمُۖ ٱللَّهُ رَبُّنَا وَرَبُّكُمۡۖ لَنَآ أَعۡمَٰلُنَا وَلَكُمۡ أَعۡمَٰلُكُمۡۖ لَا حُجَّةَ بَيۡنَنَا وَبَيۡنَكُمُۖ ٱللَّهُ يَجۡمَعُ بَيۡنَنَاۖ وَإِلَيۡهِ ٱلۡمَصِيرُ ۝١٥
തഫ്സീർആയത്ത് 15
ഈ നേരായ മതത്തിലേക്ക് - ഇസ്ലാമിലേക്ക് - നീ ക്ഷണിക്കുക. അല്ലാഹു നിന്നോട് കൽപ്പിച്ചതു പോലെ, നീ അതിൽ ദൃഢതയോടെ നിലകൊള്ളുക. അവരുടെ ദേഹേഛകളെ നീ പിൻപറ്റി പോകരുത്. അവരോട് സംവദിക്കവെ നീ അവരോട് പറയുക: ഞാൻ അല്ലാഹുവിലും, അവൻറെ ദൂതന്മാർക്ക് അവൻ അവതരിപ്പിച്ചു നൽകിയ ഗ്രന്ഥങ്ങളിലും വിശ്വസിച്ചിരിക്കുന്നു. നിങ്ങൾക്കിടയിൽ നീതിപൂർവ്വം വിധി കൽപ്പിക്കാനാണ് അല്ലാഹു എന്നോട് കൽപ്പിച്ചിരിക്കുന്നത്. നമ്മുടെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹു; അവനെയാണ് ഞാൻ ആരാധിക്കുന്നത്. നല്ലതാകട്ടെ ചീത്തയാകട്ടെ; ഞങ്ങൾക്ക് ഞങ്ങളുടെ പ്രവർത്തനങ്ങളുണ്ട്. നല്ലതാകട്ടെ ചീത്തയാകട്ടെ; നിങ്ങൾക്ക് നിങ്ങളുടെ പ്രവർത്തനങ്ങളുമുണ്ട്. തെളിവുകൾ സ്ഥിരപ്പെടുകയും, സത്യമാർഗം ഏതെന്ന് വ്യക്തമാവുകയും ചെയ്തതിന് ശേഷം നമുക്കും നിങ്ങൾക്കുമിടയിൽ ഇനി യാതൊരു തർക്കവുമില്ല. അല്ലാഹു നമ്മെ ഒരുമിച്ചു കൂട്ടുന്നതാണ്. അന്ത്യനാളിൽ അവനിലേക്കാണ് (നമ്മുടെയെല്ലാം) മടക്കം. അവിടെ നമുക്കോരോരുത്തർക്കും അവൻ അർഹമായ പ്രതിഫലം നൽകുന്നതാണ്. ആ സന്ദർഭത്തിൽ നമ്മളിൽ സത്യവാനും കള്ളനും, ശരിയിൽ നിലകൊണ്ടവനും അസത്യം സ്വീകരിച്ചവനും ആരെല്ലാമെന്ന് വേർതിരിയും.
Source : QUL
16

അല്ലാഹുവിന്‍റെ ആഹ്വാനത്തിന് സ്വീകാര്യത ലഭിച്ചതിന് ശേഷം(8) അവന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവരാരോ, അവരുടെ തര്‍ക്കം അവരുടെ രക്ഷിതാവിങ്കല്‍ നിഷ്ഫലമാകുന്നു. അവരുടെ മേല്‍ കോപമുണ്ടായിരിക്കും. അവര്‍ക്കാണ് കഠിനമായ ശിക്ഷ.

وَٱلَّذِينَ يُحَآجُّونَ فِي ٱللَّهِ مِنۢ بَعۡدِ مَا ٱسۡتُجِيبَ لَهُۥ حُجَّتُهُمۡ دَاحِضَةٌ عِندَ رَبِّهِمۡ وَعَلَيۡهِمۡ غَضَبٞ وَلَهُمۡ عَذَابٞ شَدِيدٌ ۝١٦
തഫ്സീർആയത്ത് 16
ജനങ്ങൾ ഇസ്ലാമിലേക്കുള്ള ക്ഷണം സ്വീകരിച്ച ശേഷം, നിരർത്ഥകമായ തെളിവുകളുമായി മുഹമ്മദ് നബി -ﷺ- യുടെ മേൽ അവതരിക്കപ്പെട്ട ഈ മതത്തിൻറെ കാര്യത്തിൽ തർക്കിക്കുന്നവർ; അവരുടെ തെളിവുകൾ അല്ലാഹുവിങ്കലും (ഇസ്ലാമിൽ) വിശ്വസിച്ചവരുടെ അടുക്കലും നിഷ്ഫലവും നിരർത്ഥകവുമാകുന്നു. അതിന് യാതൊരു സ്വാധീനവുമില്ല. അവരുടെ നിഷേധത്തിൻറെയും സത്യനിരാസത്തിൻറെയും ഫലമായി അല്ലാഹുവിൻറെ കോപം അവർക്ക് മേലുണ്ട്. പരലോകത്ത് അവരെ കാത്തിരിക്കുന്ന കഠിനശിക്ഷയും അവർക്കുണ്ട്.
Source : QUL
17

അല്ലാഹുവാകുന്നു സത്യപ്രകാരം വേദഗ്രന്ഥവും (തെറ്റും ശരിയും തൂക്കിനോക്കാനുള്ള) തുലാസും(9) ഇറക്കിത്തന്നവന്‍. നിനക്ക് എന്തറിയാം. ആ അന്ത്യസമയം അടുത്ത് തന്നെ ആയിരിക്കാം.

ٱللَّهُ ٱلَّذِيٓ أَنزَلَ ٱلۡكِتَٰبَ بِٱلۡحَقِّ وَٱلۡمِيزَانَۗ وَمَا يُدۡرِيكَ لَعَلَّ ٱلسَّاعَةَ قَرِيبٞ ۝١٧
തഫ്സീർആയത്ത് 17
അല്ലാഹുവാകുന്നു ഒരു സംശയവുമില്ലാത്ത വിധം സത്യപ്രകാരം ഖുർആൻ അവതരിപ്പിച്ചത്. ജനങ്ങൾക്കിടയിൽ പക്ഷഭേദമില്ലാതെ വിധിക്കപ്പെടുന്നതിനായി നീതി ഇറക്കിയതും അവൻ തന്നെ. ഇവർ നിഷേധിച്ചു തള്ളിക്കൊണ്ടിരിക്കുന്ന അന്ത്യനാൾ ചിലപ്പോൾ അടുത്ത് തന്നെയായിരിക്കാം. സംഭവിക്കാനിരിക്കുന്നതെല്ലാം സമീപസ്ഥമാണെന്നാണല്ലോ?!
Source : QUL
18

അതില്‍ (അന്ത്യസമയത്തില്‍) വിശ്വസിക്കാത്തവര്‍ അതിന്‍റെ കാര്യത്തില്‍ ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു. വിശ്വസിച്ചവരാകട്ടെ അതിനെപ്പറ്റി ഭയവിഹ്വലരാകുന്നു. അവര്‍ക്കറിയാം അത് സത്യമാണെന്ന്‌. ശ്രദ്ധിക്കുക: തീര്‍ച്ചയായും അന്ത്യസമയത്തിന്‍റെ കാര്യത്തില്‍ തര്‍ക്കം നടത്തുന്നവര്‍ വിദൂരമായ പിഴവില്‍ തന്നെയാകുന്നു.

يَسۡتَعۡجِلُ بِهَا ٱلَّذِينَ لَا يُؤۡمِنُونَ بِهَاۖ وَٱلَّذِينَ ءَامَنُواْ مُشۡفِقُونَ مِنۡهَا وَيَعۡلَمُونَ أَنَّهَا ٱلۡحَقُّۗ أَلَآ إِنَّ ٱلَّذِينَ يُمَارُونَ فِي ٱلسَّاعَةِ لَفِي ضَلَٰلِۭ بَعِيدٍ ۝١٨
തഫ്സീർആയത്ത് 18
അന്ത്യനാളിൽ വിശ്വസിക്കാത്തവർ അതിന് വേണ്ടി ധൃതി കൂട്ടിക്കൊണ്ടിരിക്കുന്നു; കാരണം അവർ വിചാരണയിലോ പ്രതിഫലത്തിലോ നരകശിക്ഷയിലോ ഒന്നും വിശ്വസിക്കുന്നില്ല. എന്നാൽ അല്ലാഹുവിൽ വിശ്വസിച്ചവരാകട്ടെ; അതിനെ കുറിച്ച് ഭയവിഹ്വലരാകുന്നു; തങ്ങളുടെ സങ്കേതമെവിടെയായിരിക്കും എന്നതാണ് അവർ പേടിക്കുന്നത്. തീർച്ചയായും അന്ത്യനാൾ സംഭവിക്കുക തന്നെ ചെയ്യുമെന്നതിൽ അവർക്ക് ദൃഢബോധ്യമുണ്ട്; അതിൽ യാതൊരു സംശയവുമില്ല. അറിയുക! അന്ത്യനാളിനെ കുറിച്ച് തർക്കിച്ചു കൊണ്ടിരിക്കുകയും, അതിൽ കുതർക്കം നടത്തുകയും, അതിൻറെ സാംഗത്യത്തിൽ സംശയമുണ്ടാക്കുകയും ചെയ്യുന്നവർ തീർച്ചയായും സത്യത്തിൽ നിന്ന് വളരെ ദൂരം വഴികേടിലായിരിക്കുന്നു.
Source : QUL
19

അല്ലാഹു തന്‍റെ ദാസന്‍മാരോട് കനിവുള്ളവനാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ഉപജീവനം നല്‍കുന്നു. അവനാകുന്നു ശക്തനും പ്രതാപശാലിയുമായിട്ടുള്ളവന്‍.

ٱللَّهُ لَطِيفُۢ بِعِبَادِهِۦ يَرۡزُقُ مَن يَشَآءُۖ وَهُوَ ٱلۡقَوِيُّ ٱلۡعَزِيزُ ۝١٩
തഫ്സീർആയത്ത് 19
അല്ലാഹു തൻറെ ദാസന്മാരോട് കനിവുള്ളവനാകുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ ഉപജീവനം നൽകുന്നു; അവർക്കതവൻ വിശാലമാക്കി നൽകുകയും ചെയ്യുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് അതവൻ ഇടുക്കമുള്ളതാക്കുന്നു. അല്ലാഹുവിൻ്റെ യുക്തിയുടെയും അവൻ്റെ സൗമ്യതയുടെയും തേട്ടമാണത്. ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത അതിശക്തനായ 'ഖവിയ്യും', തൻറെ ശത്രുക്കളോട് പ്രതികാരനടപടി സ്വീകരിക്കുന്ന 'അസീസു'മത്രെ അവൻ.
Source : QUL
20

വല്ലവനും പരലോകത്തെ കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവന്‍റെ കൃഷിയില്‍ നാം അവന് വര്‍ദ്ധന നല്‍കുന്നതാണ്‌. വല്ലവനും ഇഹലോകത്തെ കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നാം അവന് അതില്‍ നിന്ന് നല്‍കുന്നതാണ്‌. അവന് പരലോകത്ത് യാതൊരു വിഹിതവും ഉണ്ടായിരിക്കുന്നതല്ല.(10)

مَن كَانَ يُرِيدُ حَرۡثَ ٱلۡأٓخِرَةِ نَزِدۡ لَهُۥ فِي حَرۡثِهِۦۖ وَمَن كَانَ يُرِيدُ حَرۡثَ ٱلدُّنۡيَا نُؤۡتِهِۦ مِنۡهَا وَمَا لَهُۥ فِي ٱلۡأٓخِرَةِ مِن نَّصِيبٍ ۝٢٠
തഫ്സീർആയത്ത് 20
ആരെങ്കിലും പരലോകത്തുള്ള പ്രതിഫലം ഉദ്ദേശിക്കുകയും, അതിനായി പ്രവർത്തിക്കുകയും ചെയ്യുന്നെങ്കിൽ; അവൻറെ പ്രതിഫലം ഇരട്ടിയാക്കപ്പെടുന്നതാണ്. ഓരോ നന്മക്കും പത്തിരട്ടി മുതൽ എഴുന്നൂറിരട്ടി വരെ അനേകം മടങ്ങുകളായി അവന് പ്രതിഫലം നൽകപ്പെടുന്നതാണ്. ആരെങ്കിലും ഇഹലോകം മാത്രമാണ് ഉദ്ദേശിക്കുന്നെങ്കിൽ അവന് അവിടെ നിശ്ചയിക്കപ്പെട്ടിട്ടുള്ളത് നാം നൽകുന്നതാണ്. എന്നാൽ പരലോകത്ത് അവന് യാതൊരു പങ്കും ഉണ്ടായിരിക്കുന്നതല്ല; കാരണം അവൻ ഇഹലോകത്തെയാണ് പരലോകത്തെക്കാൾ പരിഗണിച്ചത്.
Source : QUL
21

അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? നിര്‍ണായക വിധിയെ പറ്റിയുള്ള കല്‍പന നിലവിലില്ലായിരുന്നെങ്കില്‍ അവര്‍ക്കിടയില്‍ ഉടനെ വിധികല്‍പിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവര്‍ക്ക് തീര്‍ച്ചയായും വേദനയേറിയ ശിക്ഷയുണ്ട്‌.

أَمۡ لَهُمۡ شُرَكَٰٓؤُاْ شَرَعُواْ لَهُم مِّنَ ٱلدِّينِ مَا لَمۡ يَأۡذَنۢ بِهِ ٱللَّهُۚ وَلَوۡلَا كَلِمَةُ ٱلۡفَصۡلِ لَقُضِيَ بَيۡنَهُمۡۗ وَإِنَّ ٱلظَّٰلِمِينَ لَهُمۡ عَذَابٌ أَلِيمٞ ۝٢١
തഫ്സീർആയത്ത് 21
അതല്ല, ഈ ബഹുദൈവാരാധകർക്ക് അല്ലാഹുവിന് പുറമെ മറ്റു വല്ല ആരാധ്യന്മാരുമുണ്ടോ?! അവരാണോ ഇവർക്ക് അല്ലാഹു അവൻറെ മതത്തിൽ അനുവദിച്ചിട്ടില്ലാത്ത ബഹുദൈവാരാധന അനുവദിച്ചു കൊടുക്കുകയും, അല്ലാഹു അനുവദിച്ചവ നിഷിദ്ധമാക്കുകയും, നിഷിദ്ധമാക്കിയവ അനുവദിച്ചു കൊടുക്കുകയും ചെയ്തത്?! ഭിന്നിപ്പിൽ നിലകൊള്ളുന്നവർക്കിടയിൽ വിധി കൽപ്പിക്കുന്നതിനായി അല്ലാഹു മുൻകൂട്ടി നിശ്ചയിച്ച ഒരു അവധിയും, അവർക്ക് അവൻ ആയുസ്സ് നീട്ടി നൽകുമെന്ന തീരുമാനവും ഇല്ലായിരുന്നെങ്കിൽ അവരുടെ കാര്യം തീർപ്പാക്കപ്പെട്ടിരുന്നേനേ. തീർച്ചയായും ബഹുദൈവാരാധനയിൽ ഏർപ്പെട്ടും, തിന്മകൾ പ്രവർത്തിച്ചും സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചവർക്കായി പരലോകത്ത് വേദനയേറിയ ശിക്ഷ കാത്തിരിക്കുന്നുണ്ട്.
Source : QUL
22

(പരലോകത്ത് വെച്ച്‌) ആ അക്രമകാരികളെ തങ്ങള്‍ സമ്പാദിച്ചു വെച്ചതിനെപ്പറ്റി ഭയചകിതരായ നിലയില്‍ നിനക്ക് കാണാം. അത് (സമ്പാദിച്ചു വെച്ചതിനുള്ള ശിക്ഷ) അവരില്‍ വന്നുഭവിക്കുക തന്നെചെയ്യും. വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ സ്വര്‍ഗത്തോപ്പുകളിലായിരിക്കും. അവര്‍ ഉദ്ദേശിക്കുന്നതെന്തോ അത് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ക്കുണ്ടായിരിക്കും. അതത്രെ മഹത്തായ അനുഗ്രഹം.

تَرَى ٱلظَّٰلِمِينَ مُشۡفِقِينَ مِمَّا كَسَبُواْ وَهُوَ وَاقِعُۢ بِهِمۡۗ وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ فِي رَوۡضَاتِ ٱلۡجَنَّاتِۖ لَهُم مَّا يَشَآءُونَ عِندَ رَبِّهِمۡۚ ذَٰلِكَ هُوَ ٱلۡفَضۡلُ ٱلۡكَبِيرُ ۝٢٢
തഫ്സീർആയത്ത് 22
അല്ലാഹുവിൻറെ റസൂലേ! ബഹുദൈവാരാധകരായും തിന്മകൾ പ്രവർത്തിച്ചും സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചവരെ തങ്ങൾ ചെയ്തു വെച്ച തെറ്റുകൾക്കുള്ള ശിക്ഷയെ കുറിച്ച് ഭയചകിതരായ നിലയിൽ നിനക്ക് കാണാൻ കഴിയും. ഈ ശിക്ഷ അവർക്ക് വന്നു ഭവിക്കുക തന്നെ ചെയ്യും; അതിലൊരു സംശയവുമില്ല. എന്നാൽ ചെയ്തു പോയ തെറ്റുകളിൽ നിന്ന് ഖേദത്തോടെ പശ്ചാത്തപിച്ചു മടങ്ങാതെ ഈ ഭയം അവർക്ക് യാതൊരു ഉപകാരവും ചെയ്യില്ല. എന്നാൽ അല്ലാഹുവിലും അവൻറെ ദൂതന്മാരിലും വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ ഇതിന് നേർവിപരീതമായ സ്ഥിതിയിലായിരിക്കും. അവർ സ്വർഗത്തിലെ പൂന്തോപ്പുകളിൽ സുഖാനുഭൂതികളിലായിരിക്കും. ഒരിക്കലും അവസാനിക്കാത്ത വ്യത്യസ്തങ്ങളായ സുഖാനുഗ്രഹങ്ങൾ അവരുടെ രക്ഷിതാവിങ്കൽ അവർക്കുണ്ടായിരിക്കും. അത് തന്നെയാകുന്നു ഏറ്റവും വലിയ അനുഗ്രഹം; അതിനോട് കിടപിടിക്കുന്ന മറ്റൊരു അനുഗ്രഹവുമില്ല.
Source : QUL
23

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത തന്‍റെ ദാസന്‍മാര്‍ക്ക് അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നതത്രെ അത്‌. നീ പറയുക: അതിന്‍റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. അടുത്ത ബന്ധത്തിന്‍റെ പേരിലുള്ള സ്നേഹമല്ലാതെ.(11) വല്ലവനും ഒരു നന്‍മ പ്രവര്‍ത്തിക്കുന്ന പക്ഷം അതിലൂടെ അവന്ന് നാം ഗുണം വര്‍ദ്ധിപ്പിച്ചു കൊടുക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ഏറ്റവും നന്ദിയുള്ളവനുമാകുന്നു.

ذَٰلِكَ ٱلَّذِي يُبَشِّرُ ٱللَّهُ عِبَادَهُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِۗ قُل لَّآ أَسۡـَٔلُكُمۡ عَلَيۡهِ أَجۡرًا إِلَّا ٱلۡمَوَدَّةَ فِي ٱلۡقُرۡبَىٰۗ وَمَن يَقۡتَرِفۡ حَسَنَةٗ نَّزِدۡ لَهُۥ فِيهَا حُسۡنًاۚ إِنَّ ٱللَّهَ غَفُورٞ شَكُورٌ ۝٢٣
തഫ്സീർആയത്ത് 23
അല്ലാഹുവിലും അവൻറെ ദൂതനിലും വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് നബി -ﷺ- മുഖേന അല്ലാഹു നൽകുന്ന സന്തോഷവാർത്തയത്രെ ഇത്. അല്ലാഹുവിൻറെ റസൂലേ! പറയുക: ഈ സത്യം പ്രബോധനം ചെയ്യുന്നതിൽ നിങ്ങളിൽ നിന്ന് ഒരു പ്രതിഫലവും ഞാൻ ആവശ്യപ്പെടുന്നില്ല; ഒരേയൊരു കാര്യമല്ലാതെ. അതിൻറെ ഉപകാരമാകട്ടെ നിങ്ങൾക്ക് തന്നെയാണു താനും. നിങ്ങളുമായുള്ള കുടുംബബന്ധത്തിൻറെ പേരിൽ നിങ്ങളെന്നെ സ്നേഹിക്കുക എന്നത് മാത്രമാണത്. ആരെങ്കിലും ഒരു നന്മ പ്രവർത്തിച്ചാൽ അവൻറെ പ്രതിഫലം നാം ഇരട്ടിയാക്കി നൽകും. ഒരു നന്മക്ക് പത്തിരട്ടി പ്രതിഫലമായി. തീർച്ചയായും അല്ലാഹു തൻറെ അടിമകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ഏറെ പൊറുത്തു കൊടുക്കുന്ന 'ഗഫൂറും', അല്ലാഹുവിൻറെ തിരുവദനം പ്രതീക്ഷിച്ചു കൊണ്ട് അവർ ചെയ്യുന്ന സൽകർമ്മങ്ങൾക്ക് നന്ദിയുള്ളവനായ 'ശകൂറു'മാകുന്നു.
Source : QUL
24

അതല്ല, അദ്ദേഹം (പ്രവാചകന്‍) അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്‌? എന്നാല്‍ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിന്‍റെ ഹൃദയത്തിനുമേല്‍ അവന്‍ മുദ്രവെക്കുമായിരുന്നു. അല്ലാഹു അസത്യത്തെ മായ്ച്ചുകളയുകയും തന്‍റെ വചനങ്ങള്‍ കൊണ്ട് സത്യത്തെ സ്ഥിരീകരിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ ഹൃദങ്ങളിലുള്ളത് ഏറ്റവും നന്നായി അറിയുന്നവനാകുന്നു.

أَمۡ يَقُولُونَ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبٗاۖ فَإِن يَشَإِ ٱللَّهُ يَخۡتِمۡ عَلَىٰ قَلۡبِكَۗ وَيَمۡحُ ٱللَّهُ ٱلۡبَٰطِلَ وَيُحِقُّ ٱلۡحَقَّ بِكَلِمَٰتِهِۦٓۚ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ ۝٢٤
തഫ്സീർആയത്ത് 24
മുഹമ്മദ് നബി -ﷺ- ഈ ഖുർആൻ സ്വയം കെട്ടിച്ചമക്കുകയും, ഇത് അല്ലാഹുവിൽ നിന്നാണെന്ന് കള്ളം പറയുകയുമാണ് ചെയ്യുന്നതെന്ന ആരോപണം ബഹുദൈവാരാധകരുടെ ജൽപ്പനങ്ങളിൽ ഒന്നായിരുന്നു. അവർക്ക് മറുപടിയായി കൊണ്ട് അല്ലാഹു പറയുന്നു: ഒരു കള്ളം കെട്ടിച്ചമക്കാമെന്ന് നിൻറെ മനസ്സിൽ നീ ഉദ്ദേശിച്ചിരുന്നെങ്കിൽ പോലും നാം നിൻറെ ഹൃദയത്തിന് മുദ്ര വെക്കുമായിരുന്നു. കെട്ടിച്ചമക്കപ്പെട്ട അസത്യത്തെ നാം തുടച്ചു നീക്കുകയും, സത്യം മാത്രം നാം ബാക്കി വെക്കുകയും ചെയ്യുമായിരുന്നു. എന്നാൽ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല എന്നതിൽ നിന്ന് നബി -ﷺ- യുടെ സത്യസന്ധത വ്യക്തമാകുന്നു. അവിടുത്തേക്ക് അല്ലാഹുവിൽ നിന്ന് ബോധനം ലഭിക്കുക തന്നെയാണുണ്ടായത്. തീർച്ചയായും അല്ലാഹു തൻറെ അടിമകളുടെ ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു. അവന് ഒന്നും തന്നെ അവ്യക്തമാവുകയില്ല.
Source : QUL
25

അവനാകുന്നു തന്‍റെ ദാസന്‍മാരില്‍ നിന്ന് പശ്ചാത്താപം സ്വീകരിക്കുകയും ദുഷ്കൃത്യങ്ങള്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവൻ. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അവന്‍ അറിയുകയും ചെയ്യുന്നു.

وَهُوَ ٱلَّذِي يَقۡبَلُ ٱلتَّوۡبَةَ عَنۡ عِبَادِهِۦ وَيَعۡفُواْ عَنِ ٱلسَّيِّـَٔاتِ وَيَعۡلَمُ مَا تَفۡعَلُونَ ۝٢٥
തഫ്സീർആയത്ത് 25
(നിഷേധത്തിൽ നിന്നും പാപങ്ങളിൽ നിന്നും പശ്ചാത്തപിച്ചു മടങ്ങിയാൽ തൻറെ അടിമകളുടെ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു അവൻ. അവർ ചെയ്തു പോയ തിന്മകൾ അവൻ അവർക്ക് വിട്ടു മാപ്പാക്കി നൽകുന്നു. നിങ്ങൾ എന്തൊരു കാര്യം പ്രവർത്തിക്കുന്നോ; അതെല്ലാം അല്ലാഹു അറിയുന്നുണ്ട്. നിങ്ങളുടെ ഒരു പ്രവർത്തനവും അവന് അവ്യക്തമാകുന്നില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതുമാണ്.
Source : QUL
26

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവന്‍ (പ്രാര്‍ത്ഥനയ്ക്ക്‌) ഉത്തരം നല്‍കുകയും, തന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് കൂടുതല്‍ നല്‍കുകയും ചെയ്യും. സത്യനിഷേധികളാവട്ടെ കഠിനമായ ശിക്ഷയാണവര്‍ക്കുള്ളത്‌.

وَيَسۡتَجِيبُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ وَيَزِيدُهُم مِّن فَضۡلِهِۦۚ وَٱلۡكَٰفِرُونَ لَهُمۡ عَذَابٞ شَدِيدٞ ۝٢٦
തഫ്സീർആയത്ത് 26
അല്ലാഹുവിലും അവൻറെ ദൂതരിലും വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരുടെ പ്രാർത്ഥനകൾക്ക് അവൻ ഉത്തരം നൽകുന്നു. അവർ ചോദിക്കുക പോലും ചെയ്യാതെ തൻറെ അനുഗ്രഹങ്ങൾ അവർക്കവൻ വർദ്ധിപ്പിച്ചു നൽകുകയും ചെയ്യുന്നു. എന്നാൽ അല്ലാഹുവിനെയും അവൻറെ ദൂതരെയും നിഷേധിക്കുന്നവർ; ശക്തമായ ശിക്ഷ തന്നെ അവരെ പരലോകത്ത് കാത്തിരിക്കുന്നുണ്ട്.
Source : QUL
27

അല്ലാഹു തന്‍റെ ദാസന്‍മാര്‍ക്ക് ഉപജീവനം വിശാലമാക്കിക്കൊടുത്തിരുന്നെങ്കില്‍ ഭൂമിയില്‍ അവര്‍ അതിക്രമം പ്രവര്‍ത്തിക്കുമായിരുന്നു. പക്ഷെ, അവന്‍ ഒരു കണക്കനുസരിച്ച് താന്‍ ഉദ്ദേശിക്കുന്നത് ഇറക്കിക്കൊടുക്കുന്നു. തീര്‍ച്ചയായും അവന്‍ തന്‍റെ ദാസന്‍മാരെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനും കണ്ടറിയുന്നവനുമാകുന്നു.

۞ وَلَوۡ بَسَطَ ٱللَّهُ ٱلرِّزۡقَ لِعِبَادِهِۦ لَبَغَوۡاْ فِي ٱلۡأَرۡضِ وَلَٰكِن يُنَزِّلُ بِقَدَرٖ مَّا يَشَآءُۚ إِنَّهُۥ بِعِبَادِهِۦ خَبِيرُۢ بَصِيرٞ ۝٢٧
തഫ്സീർആയത്ത് 27
അല്ലാഹു അവൻറെ എല്ലാ അടിമകൾക്കും ഉപജീവനം വിശാലമാക്കി നൽകിയിരുന്നെങ്കിൽ അവർ ഭൂമിയിൽ അതിക്രമം പ്രവർത്തിക്കുന്നതിൽ അതിരു വിടുമായിരുന്നു. എന്നാൽ അല്ലാഹു അവനുദ്ദേശിക്കുന്ന തോതനുസരിച്ച് വിശാലമാക്കിയും ഇടുക്കിയും (ജനങ്ങൾക്ക്) ഉപജീവനം ഇറക്കി കൊടുക്കുന്നു. തീർച്ചയായും അവൻ തൻറെ അടിമകളുടെ അവസ്ഥകൾ സൂക്ഷ്മമായി അറിയുന്ന 'ഖബീറും', അവ നോക്കികാണുന്ന 'ബസ്വീറു'മത്രെ. അവൻ നൽകുന്നത് അവൻറെ മഹത്തരമായ യുക്തിപ്രകാരമാണ്; തടയുന്നതും അപ്രകാരം തന്നെ.
Source : QUL
28

അവന്‍ തന്നെയാകുന്നു മനുഷ്യര്‍ നിരാശപ്പെട്ടു കഴിഞ്ഞതിനു ശേഷം മഴ വര്‍ഷിപ്പിക്കുകയും, തന്‍റെ കാരുണ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നവന്‍. അവന്‍ തന്നെയാകുന്നു സ്തുത്യര്‍ഹനായ രക്ഷാധികാരി.

وَهُوَ ٱلَّذِي يُنَزِّلُ ٱلۡغَيۡثَ مِنۢ بَعۡدِ مَا قَنَطُواْ وَيَنشُرُ رَحۡمَتَهُۥۚ وَهُوَ ٱلۡوَلِيُّ ٱلۡحَمِيدُ ۝٢٨
തഫ്സീർആയത്ത് 28
ഇനി മഴ പെയ്യില്ലെന്ന നിരാശയിൽ മനുഷ്യർ അകപ്പെട്ടതിന് ശേഷം അവർക്ക് മേൽ മഴ വർഷിപ്പിക്കുന്നവനത്രെ അവൻ. ആ മഴ ഭൂമിയിൽ അവൻ വ്യാപിപ്പിക്കുകയും, അങ്ങനെ ഭൂമിയിൽ (പച്ചപ്പ്) മുളച്ചു പൊന്തുകയും ചെയ്യുന്നു. തൻറെ അടിമകളുടെ എല്ലാ കാര്യങ്ങളും ഏറ്റെടുത്തിട്ടുള്ളവനും, എല്ലാ നിലക്കും സ്തുത്യർഹനുമത്രെ അവൻ.
Source : QUL
29

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതും അവ രണ്ടിലും ജീവജാലങ്ങളെ വ്യാപിപ്പിച്ചതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവരെ ഒരുമിച്ചുകൂട്ടുവാന്‍ കഴിവുള്ളവനാണ് അവന്‍.

وَمِنۡ ءَايَٰتِهِۦ خَلۡقُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَثَّ فِيهِمَا مِن دَآبَّةٖۚ وَهُوَ عَلَىٰ جَمۡعِهِمۡ إِذَا يَشَآءُ قَدِيرٞ ۝٢٩
തഫ്സീർആയത്ത് 29
അല്ലാഹുവിൻറെ ശക്തിയുടെയും ഏകത്വത്തിൻറെയും തെളിവുകളിൽ പെട്ടതാണ് ആകാശ ഭൂമികളുടെ സൃഷ്ടിപ്പും, അതിൽ അവൻ വിന്യസിച്ച അത്ഭുതങ്ങളായ സൃഷ്ടിപ്പുകളും. അവരെയെല്ലാം വിചാരണക്കും പ്രതിഫലത്തിനുമായി ഉദ്ദേശിക്കുമ്പോൾ ഒരുമിച്ചു കൂട്ടാൻ അങ്ങേയറ്റം കഴിവുള്ളവനാണ് അവൻ. അവരെ ആദ്യം സൃഷ്ടിക്കുവാൻ അസാധ്യനായിരുന്നില്ല അവനെന്ന പോലെ, ഇതും അവന് അസാധ്യമല്ല.
Source : QUL
30

നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.

وَمَآ أَصَٰبَكُم مِّن مُّصِيبَةٖ فَبِمَا كَسَبَتۡ أَيۡدِيكُمۡ وَيَعۡفُواْ عَن كَثِيرٖ ۝٣٠
തഫ്സീർആയത്ത് 30
ഹേ ജനങ്ങളേ! നിങ്ങളുടെ സ്വന്തം ശരീരങ്ങളിലോ സമ്പത്തിലോ നിങ്ങൾക്ക് ബാധിച്ചിട്ടുള്ള എന്തൊരു ആപത്താകട്ടെ; അതെല്ലാം നിങ്ങളുടെ കരങ്ങൾ കൊണ്ട് ചെയ്തു കൂട്ടിയ തിന്മകളുടെ ഫലമായുണ്ടായതാണ്. അതിൽ എത്രയോ കാര്യങ്ങൾ - അവയുടെ പേരിൽ ശിക്ഷിക്കാതെ - അല്ലാഹു നിങ്ങൾക്ക് വിട്ടു മാപ്പാക്കി തരികയും ചെയ്യുന്നു.
Source : QUL
31

നിങ്ങള്‍ക്ക് ഭൂമിയില്‍ വെച്ച് (അല്ലാഹുവിനെ) തോല്‍പിച്ചു കളയാനാവില്ല. അല്ലാഹുവിനു പുറമെ നിങ്ങള്‍ക്ക് യാതൊരു രക്ഷാധികാരിയും സഹായിയുമില്ലതാനും.

وَمَآ أَنتُم بِمُعۡجِزِينَ فِي ٱلۡأَرۡضِۖ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِيّٖ وَلَا نَصِيرٖ ۝٣١
തഫ്സീർആയത്ത് 31
അല്ലാഹു നിങ്ങളെ ശിക്ഷിക്കാൻ ഉദ്ദേശിച്ചാൽ, നിങ്ങളുടെ രക്ഷിതാവിൽ നിന്ന് ഓടി രക്ഷപ്പെടാൻ കഴിയുന്നവരല്ല നിങ്ങൾ. അവന് പുറമെ നിങ്ങളുടെ കാര്യങ്ങളെല്ലാം ഏറ്റെടുക്കാൻ കഴിയുന്ന മറ്റൊരു രക്ഷാധികാരിയും നിങ്ങൾക്കില്ല. അവൻ നിങ്ങളെ ശിക്ഷിക്കാൻ ഉദ്ദേശിച്ചാൽ അത് നിങ്ങളിൽ നിന്ന് എടുത്തു മാറ്റാൻ കഴിവുള്ള ഒരു സഹായിയുമില്ല.
Source : QUL
32

കടലിലൂടെ മലകളെന്നോണം സഞ്ചരിക്കുന്ന കപ്പലുകളും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ.

وَمِنۡ ءَايَٰتِهِ ٱلۡجَوَارِ فِي ٱلۡبَحۡرِ كَٱلۡأَعۡلَٰمِ ۝٣٢
തഫ്സീർആയത്ത് 32
അല്ലാഹുവിൻറെ ശക്തിയുടെയും ഏകത്വത്തിൻറെയും തെളിവുകളിൽ പെട്ടതാണ് സമുദ്രത്തിലൂടെ ഉയരത്തിലും എടുപ്പിലും പർവ്വതസമാനമായി നീങ്ങുന്ന കപ്പലുകൾ.
Source : QUL
33

അവന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്‍ കാറ്റിനെ അടക്കി നിര്‍ത്തും. അപ്പോള്‍ അവ കടല്‍ പരപ്പില്‍ നിശ്ചലമായി നിന്നുപോകും. തീര്‍ച്ചയായും അതില്‍ ക്ഷമാശീലരും നന്ദിയുള്ളവരുമായ ഏവര്‍ക്കും ദൃഷ്ടാന്തങ്ങളുണ്ട്‌.

إِن يَشَأۡ يُسۡكِنِ ٱلرِّيحَ فَيَظۡلَلۡنَ رَوَاكِدَ عَلَىٰ ظَهۡرِهِۦٓۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّكُلِّ صَبَّارٖ شَكُورٍ ۝٣٣
തഫ്സീർആയത്ത് 33
കപ്പലുകളെ മുന്നോട്ടു നയിക്കുന്ന കാറ്റിനെ ശാന്തമാക്കി നിർത്താൻ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ അങ്ങനെ ചെയ്യുമായിരുന്നു. അതോടെ അവ കടലിൽ നിശ്ചലമായി നിൽക്കുകയും, ചലിക്കാതെ വരികയും ചെയ്യുമായിരുന്നു. , പ്രയാസങ്ങളിലും പരീക്ഷണങ്ങളിലും ക്ഷമിക്കുന്ന, അല്ലാഹുവിൻറെ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുന്നവർക്ക് ഈ പറഞ്ഞ കപ്പലുകളുടെ സൃഷ്ടിപ്പിലും കാറ്റിനെ സൗകര്യപ്പെടുത്തി തന്നതിലും അല്ലാഹുവിൻറെ ശക്തി ബോധ്യപ്പെടുത്തുന്ന വ്യക്തമായ തെളിവുകൾ തന്നെയുണ്ട്.
Source : QUL
34

അല്ലെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി അവയെ (കപ്പലുകളെ) അവന്‍ തകര്‍ത്തുകളയും. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യും.

أَوۡ يُوبِقۡهُنَّ بِمَا كَسَبُواْ وَيَعۡفُ عَن كَثِيرٖ ۝٣٤
തഫ്സീർആയത്ത് 34
അല്ലെങ്കിൽ, മനുഷ്യർ ചെയ്തു വെച്ച തിന്മകളുടെ പേരിൽ അടിച്ചു വീശുന്ന കൊടുങ്കാറ്റ് അയച്ചു കൊണ്ട് ആ കപ്പലുകളെ തകർത്തു കളയാൻ അവൻ ഉദ്ദേശിച്ചിരുന്നെങ്കിൽ അപ്രകാരം ചെയ്യുമായിരുന്നു. എന്നാൽ തൻറെ അടിമകളുടെ എത്രയോ തിന്മകൾ അവൻ പൊറുത്തു കൊടുക്കുകയും, അതിൻറെ പേരിൽ അവരെ ശിക്ഷിക്കാതെ വിടുകയും ചെയ്യുന്നു.
Source : QUL
35

നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കാര്യത്തില്‍ തര്‍ക്കം നടത്തുന്നവര്‍ തങ്ങള്‍ക്ക് രക്ഷപ്രാപിക്കുവാന്‍ ഒരു സ്ഥാനവുമില്ലെന്ന് മനസ്സിലാക്കേണ്ടതിനുമാണത്‌.

وَيَعۡلَمَ ٱلَّذِينَ يُجَٰدِلُونَ فِيٓ ءَايَٰتِنَا مَا لَهُم مِّن مَّحِيصٖ ۝٣٥
തഫ്സീർആയത്ത് 35
അടിച്ചു വീശുന്ന കൊടുങ്കാറ്റ് അയച്ചു കൊണ്ട് ആ കപ്പലുകൾ തകർക്കപ്പെടുമ്പോൾ നാശത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ ഒരു സ്ഥാനവുമില്ലെന്ന് അല്ലാഹുവിൻറെ ആയത്തുകളെ നിഷേധിക്കാനായി തർക്കിക്കുന്നവർ മനസ്സിലാക്കുന്നതിന് വേണ്ടിയും. അപ്പോൾ അവർ അല്ലാഹുവിനെയല്ലാതെ വിളിച്ചു പ്രാർത്ഥിക്കില്ല. അവന് പുറമെയുള്ളവരെയെല്ലാം അവർ ആ സന്ദർഭത്തിൽ ഉപേക്ഷിക്കും.
Source : QUL
36

നിങ്ങള്‍ക്ക് വല്ലതും നല്‍കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഐഹികജീവിതത്തിലെ (താല്‍ക്കാലിക) വിഭവം മാത്രമാകുന്നു. അല്ലാഹുവിന്‍റെ പക്കലുള്ളത്(12) കൂടുതല്‍ ഉത്തമവും നിലനില്‍ക്കുന്നതുമാകുന്നു. വിശ്വസിക്കുകയും തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്തവര്‍ക്കുള്ളതത്രെ അത്‌.

فَمَآ أُوتِيتُم مِّن شَيۡءٖ فَمَتَٰعُ ٱلۡحَيَوٰةِ ٱلدُّنۡيَاۚ وَمَا عِندَ ٱللَّهِ خَيۡرٞ وَأَبۡقَىٰ لِلَّذِينَ ءَامَنُواْ وَعَلَىٰ رَبِّهِمۡ يَتَوَكَّلُونَ ۝٣٦
തഫ്സീർആയത്ത് 36
അല്ലയോ ജനങ്ങളേ! നിങ്ങൾക്ക് നൽകപ്പെട്ടിട്ടുള്ള സമ്പത്തോ സ്ഥാനമോ സന്താനമോ -എന്താകട്ടെ-; അവയെല്ലാം ഐഹികജീവിതത്തിലെ തുഛമായ വിഭവങ്ങൾ മാത്രമാകുന്നു. അതെല്ലാം നശിച്ചു പോകുന്നതും, അവസാനിക്കുന്നതുമാകുന്നു. എന്നെന്നും നിലനിൽക്കുന്ന സുഖാനുഗ്രഹം സ്വർഗം മാത്രമാണ്. അല്ലാഹുവിലും അവൻറെ ദൂതരിലും വിശ്വസിച്ച, തങ്ങളുടെ എല്ലാ കാര്യവും അല്ലാഹുവിൻറെ മേൽ മാത്രം ഭരമേൽപ്പിച്ചിട്ടുള്ളവർക്കായി അല്ലാഹു ഒരുക്കി വെച്ചിരിക്കുന്ന സ്വർഗം!
Source : QUL
37

മഹാപാപങ്ങളും നീചവൃത്തികളും വര്‍ജ്ജിക്കുന്നവരും, കോപം വന്നാലും പൊറുക്കുന്നവരുമായിട്ടുള്ളവര്‍ക്ക്‌.

وَٱلَّذِينَ يَجۡتَنِبُونَ كَبَٰٓئِرَ ٱلۡإِثۡمِ وَٱلۡفَوَٰحِشَ وَإِذَا مَا غَضِبُواْ هُمۡ يَغۡفِرُونَ ۝٣٧
തഫ്സീർആയത്ത് 37
വൻപാപങ്ങളിൽ നിന്നും, മ്ലേഛമായ തിന്മകളിൽ നിന്നും അകന്നു നിൽക്കുന്നവരും, വാക്കിലോ പ്രവർത്തിയിലോ അവരോട് തെറ്റ് ചെയ്തവരോട് ദേഷ്യമുണ്ടായാലും, അവരുടെ അബദ്ധം പൊറുത്തു കൊടുക്കുന്നവരും, അതിൻറെ പേരിൽ അവരെ ശിക്ഷിക്കാത്തവരുമായവർക്ക്. (പൊറുത്തു കൊടുക്കുന്നതിലാണ്) നന്മയും ഉപകാരവുമുള്ളതെന്ന് മനസ്സിലായാൽ സ്വയം പൊറുത്തു കൊടുക്കുന്നതിനെ കുറിച്ചാണ് ഈ പറയുന്നത്; (അല്ലാതെ പേടി കൊണ്ടോ മറ്റോ പൊറുക്കുന്നതിനെ കുറിച്ചല്ല).
Source : QUL
38

തങ്ങളുടെ രക്ഷിതാവിന്‍റെ ആഹ്വാനം സ്വീകരിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, തങ്ങളുടെ കാര്യം തീരുമാനിക്കുന്നത് അന്യോന്യമുള്ള കൂടിയാലോചനയിലൂടെ ആയിരിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്തവരാരോ, അവര്‍ക്കും.

وَٱلَّذِينَ ٱسۡتَجَابُواْ لِرَبِّهِمۡ وَأَقَامُواْ ٱلصَّلَوٰةَ وَأَمۡرُهُمۡ شُورَىٰ بَيۡنَهُمۡ وَمِمَّا رَزَقۡنَٰهُمۡ يُنفِقُونَ ۝٣٨
തഫ്സീർആയത്ത് 38
അല്ലാഹു പ്രവർത്തിക്കാൻ കൽപ്പിച്ചവ ചെയ്തു കൊണ്ടും, വിരോധിച്ചവ ഉപേക്ഷിച്ചും തങ്ങളുടെ രക്ഷിതാവിൻറെ വിളിക്ക് ഉത്തരം നൽകിയവരും, നമസ്കാരം അതിൻറെ പരിപൂർണ്ണമായ രൂപത്തിൽ നിർവ്വഹിക്കുന്നവരും, തങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ പരസ്പരം കൂടിയാലോചന നടത്തുന്നവരും, നാം അവർക്ക് ഉപജീവനമായി നൽകിയതിൽ നിന്ന് അല്ലാഹുവിൻറെ തിരുവദനം ഉദ്ദേശിച്ചു കൊണ്ട് ദാനം ചെയ്യുന്നവരുമായിട്ടുള്ളവർ; (അവർക്കാകുന്നു ഈ സ്വർഗം).
Source : QUL
39

തങ്ങള്‍ക്ക് വല്ല മര്‍ദ്ദനവും നേരിട്ടാല്‍ രക്ഷാനടപടി സ്വീകരിക്കുന്നവര്‍ക്കും.(13)

وَٱلَّذِينَ إِذَآ أَصَابَهُمُ ٱلۡبَغۡيُ هُمۡ يَنتَصِرُونَ ۝٣٩
തഫ്സീർആയത്ത് 39
തങ്ങളോട് അതിക്രമം ചെയ്യപ്പെട്ടാൽ - അതിക്രമി വിട്ടുവീഴ്ച അർഹിക്കുന്നില്ലെങ്കിൽ - ആത്മാഭിമാനം നിലനിർത്തുന്നതിനും, പ്രതാപം സംരക്ഷിക്കുന്നതിനും ആവശ്യമായ പ്രതിരോധം സ്വീകരിക്കുന്നവർ. ഈ സന്ദർഭത്തിൽ പ്രതിരോധം തെറ്റല്ല. പ്രത്യേകിച്ച് (അതിക്രമികൾക്ക്) പൊറുത്തു കൊടുക്കുന്നതിൽ പ്രത്യേകിച്ചൊരു ഉപകാരവുമില്ലെങ്കിൽ.
Source : QUL
40

ഒരു തിന്‍മയ്ക്കുള്ള പ്രതിഫലം അതുപോലുള്ള ഒരു തിന്‍മതന്നെയാകുന്നു.(14) എന്നാല്‍ ആരെങ്കിലും മാപ്പുനല്‍കുകയും (അതുവഴി) നന്മ വരുത്തുകയുമാണെങ്കിൽ ആണെങ്കില്‍ അവന്നുള്ള പ്രതിഫലം അല്ലാഹുവിന്‍റെ ബാധ്യതയിലാകുന്നു. തീര്‍ച്ചയായും അവന്‍ അക്രമം പ്രവര്‍ത്തിക്കുന്നവരെ ഇഷ്ടപ്പെടുകയില്ല.

وَجَزَٰٓؤُاْ سَيِّئَةٖ سَيِّئَةٞ مِّثۡلُهَاۖ فَمَنۡ عَفَا وَأَصۡلَحَ فَأَجۡرُهُۥ عَلَى ٱللَّهِۚ إِنَّهُۥ لَا يُحِبُّ ٱلظَّٰلِمِينَ ۝٤٠
തഫ്സീർആയത്ത് 40
ആരെങ്കിലും തൻറെ അവകാശം എടുക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അവന് അതിനുള്ള അനുവാദമുണ്ട്. എന്നാൽ അത് തത്തുല്ല്യമായിരിക്കണം; അതിരുകവിച്ചിലോ വർദ്ധനവോ അതിലുണ്ടാകരുത്. എന്നാൽ തന്നോട് തെറ്റു ചെയ്തവർക്ക് ആരെങ്കിലും പൊറുത്തു കൊടുക്കുകയും, അവൻറെ തെറ്റിൻറെ പേരിൽ അവനെ പിടികൂടാതെ, തൻറെ സഹോദരനും തനിക്കുമിടയിലുള്ളത് രമ്യമായി പരിഹരിക്കുകയുമാണെങ്കിൽ; അവനുള്ള പ്രതിഫലം അല്ലാഹുവിങ്കലാകുന്നു. തീർച്ചയായും അല്ലാഹു ജനങ്ങളോട് അവരുടെ ശരീരങ്ങളിലും സമ്പത്തിലും അഭിമാനത്തിലും അതിക്രമം പ്രവർത്തിക്കുന്ന അന്യായക്കാരെ ഇഷ്ടപ്പെടുന്നില്ല. മറിച്ച്, അവൻ അവരെ വെറുക്കുന്നു.
Source : QUL
41

താന്‍ മര്‍ദ്ദിക്കപ്പെട്ടതിന് ശേഷം വല്ലവനും രക്ഷാനടപടി സ്വീകരിക്കുന്ന പക്ഷം അത്തരക്കാര്‍ക്കെതിരില്‍ (കുറ്റം ചുമത്താന്‍) യാതൊരു മാര്‍ഗവുമില്ല.

وَلَمَنِ ٱنتَصَرَ بَعۡدَ ظُلۡمِهِۦ فَأُوْلَٰٓئِكَ مَا عَلَيۡهِم مِّن سَبِيلٍ ۝٤١
തഫ്സീർആയത്ത് 41
ആരെങ്കിലും തൻറെ സ്വശരീരത്തെ (അതിക്രമത്തിൽ) നിന്ന് പ്രതിരോധിച്ചാൽ അവരുടെ മേൽ യാതൊരു ആക്ഷേപവുമില്ല. കാരണം അവർ തങ്ങളുടെ അവകാശമാണ് നേടിയെടുത്തത്.
Source : QUL
42

ജനങ്ങളോട് അനീതി കാണിക്കുകയും ന്യായമില്ലാതെ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്കെതിരില്‍ മാത്രമേ (കുറ്റം ചുമത്താന്‍) മാര്‍ഗമുള്ളൂ. അത്തരക്കാര്‍ക്ക് തന്നെയാകുന്നു വേദനയേറിയ ശിക്ഷയുള്ളതും.

إِنَّمَا ٱلسَّبِيلُ عَلَى ٱلَّذِينَ يَظۡلِمُونَ ٱلنَّاسَ وَيَبۡغُونَ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّۚ أُوْلَٰٓئِكَ لَهُمۡ عَذَابٌ أَلِيمٞ ۝٤٢
തഫ്സീർആയത്ത് 42
ജനങ്ങളോട് അതിക്രമം പ്രവർത്തിക്കുകയും, ഭൂമിയിൽ തിന്മകൾ ചെയ്തു കൂട്ടുകയും ചെയ്തവർക്കാണ് ആക്ഷേപവും ശിക്ഷയുമെല്ലാം. അക്കൂട്ടർക്കാകുന്നു പരലോകത്ത് വേദനയേറിയ ശിക്ഷയുള്ളത്.
Source : QUL
43

വല്ലവനും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു.(15)

وَلَمَن صَبَرَ وَغَفَرَ إِنَّ ذَٰلِكَ لَمِنۡ عَزۡمِ ٱلۡأُمُورِ ۝٤٣
തഫ്സീർആയത്ത് 43
എന്നാൽ തന്നോട് അതിക്രമം പ്രവർത്തിച്ചവൻറെ കാര്യത്തിൽ ക്ഷമിക്കുകയും, അവന് പൊറുത്തു കൊടുക്കുകയും ചെയ്തവർ; തീർച്ചയായും ആ ക്ഷമ അവനും സമൂഹത്തിനും നന്മ മാത്രമേ നൽകുകയുള്ളൂ. അത് വളരെ സ്തുത്യർഹമായ കാര്യം തന്നെയാകുന്നു. മഹത്തായ ഭാഗ്യമുള്ളവർക്കേ അത് സാധിക്കുകയുള്ളൂ.
Source : QUL
44

അല്ലാഹു ഏതൊരുവനെ വഴിപിഴവിലാക്കിയോ അവന്ന് അതിന് ശേഷം യാതൊരു രക്ഷാധികാരിയുമില്ല. ശിക്ഷ നേരില്‍ കാണുമ്പോള്‍ ഒരു തിരിച്ചുപോക്കിന് വല്ല മാര്‍ഗവുമുണ്ടോ എന്ന് അക്രമകാരികള്‍ പറയുന്നതായി നിനക്ക് കാണാം.

وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِن وَلِيّٖ مِّنۢ بَعۡدِهِۦۗ وَتَرَى ٱلظَّٰلِمِينَ لَمَّا رَأَوُاْ ٱلۡعَذَابَ يَقُولُونَ هَلۡ إِلَىٰ مَرَدّٖ مِّن سَبِيلٖ ۝٤٤
തഫ്സീർആയത്ത് 44
ആരെയെങ്കിലും അല്ലാഹു സന്മാർഗം സ്വീകരിക്കുന്നതിൽ നിന്ന് പരാജിതനാക്കുകയും, സത്യത്തിൽ നിന്ന് വഴികേടിലാക്കുകയും ചെയ്താൽ അവൻറെ കാര്യങ്ങൾ ഏറ്റെടുക്കാൻ അതിന് ശേഷം അവനൊരു രക്ഷാധികാരിയില്ല. അവിശ്വാസം സ്വീകരിച്ചും, തിന്മകൾ പ്രവർത്തിച്ചും സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചവർ പരലോകത്ത് ശിക്ഷ നേരിൽ കണ്ടു കഴിഞ്ഞാൽ 'ഇഹലോകത്തേക്ക് ഒരിക്കൽ കൂടി തിരിച്ചു പോകാനും, അല്ലാഹുവിലേക്ക് ഖേദത്തോടെ പശ്ചാത്തപിച്ചു മടങ്ങാനും വല്ല വഴിയുമുണ്ടോ' എന്ന വ്യാമോഹം പറയുന്നത് നിനക്ക് കാണാൻ കഴിയും.
Source : QUL
45

നിന്ദ്യതയാല്‍ കീഴൊതുങ്ങിയവരായിക്കൊണ്ട് അവര്‍ അതിന് (നരകത്തിന്‌) മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത് നിനക്ക് കാണാം. ഒളികണ്ണിട്ടായിരിക്കും അവര്‍ നോക്കുന്നത്‌. വിശ്വസിച്ചവര്‍ പറയും: ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ സ്വദേഹങ്ങളും തങ്ങളുടെ സ്വന്തക്കാരും നഷ്ടപ്പെട്ടവരാരോ, അവര്‍ തന്നെയാകുന്നു തീര്‍ച്ചയായും നഷ്ടക്കാര്‍. ശ്രദ്ധിക്കുക; തീര്‍ച്ചയായും അക്രമികള്‍ നിരന്തരമായ ശിക്ഷയിലാകുന്നു.

وَتَرَىٰهُمۡ يُعۡرَضُونَ عَلَيۡهَا خَٰشِعِينَ مِنَ ٱلذُّلِّ يَنظُرُونَ مِن طَرۡفٍ خَفِيّٖۗ وَقَالَ ٱلَّذِينَ ءَامَنُوٓاْ إِنَّ ٱلۡخَٰسِرِينَ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ وَأَهۡلِيهِمۡ يَوۡمَ ٱلۡقِيَٰمَةِۗ أَلَآ إِنَّ ٱلظَّٰلِمِينَ فِي عَذَابٖ مُّقِيمٖ ۝٤٥
തഫ്സീർആയത്ത് 45
അല്ലാഹുവിൻറെ റസൂലേ! ഈ അതിക്രമികൾ നരകത്തിൻറെ മുന്നിൽ നിർത്തപ്പെടുന്ന വേളയിൽ അപമാനിതരും നിന്ദ്യരുമായി നിൽക്കുന്നത് നിനക്ക് കാണാൻ കഴിയും. നരകത്തിൽ നിന്നുള്ള ഭയം കാരണത്താൽ ജനങ്ങളെ ഒളികണ്ണിട്ടായിരിക്കും അവർ നോക്കുക. അല്ലാഹുവിലും അവൻറെ ദൂതരിലും വിശ്വസിച്ചവർ പറഞ്ഞു: തീർച്ചയായും യഥാർത്ഥ നഷ്ടക്കാർ തങ്ങളുടെ സ്വന്തങ്ങളെയും ബന്ധുക്കളെയും നഷ്ടത്തിൽ പെടുത്തുകയും, അല്ലാഹുവിൻറെ ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്തവർ തന്നെയാണ്. അറിയുക! തീർച്ചയായും (ഇസ്ലാമിനെ) നിഷേധിക്കുകയും തിന്മകൾ പ്രവർത്തിക്കുകയും ചെയ്ത് സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചവർ ശാശ്വത ശിക്ഷയിലായിരിക്കും. ഒരിക്കലും അതവരിൽ നിന്ന് വിട്ടു പിരിയുകയില്ല.
Source : QUL
46

അല്ലാഹുവിന് പുറമെ തങ്ങളെ സഹായിക്കുന്ന രക്ഷാധികാരികളാരും അവര്‍ക്ക് ഉണ്ടായിരിക്കുകയുമില്ല. ഏതൊരുവനെ അല്ലാഹു വഴിപിഴവിലാക്കിയോ അവന്ന് (ലക്ഷ്യപ്രാപ്തിക്ക്‌) യാതൊരു മാര്‍ഗവുമില്ല.

وَمَا كَانَ لَهُم مِّنۡ أَوۡلِيَآءَ يَنصُرُونَهُم مِّن دُونِ ٱللَّهِۗ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِن سَبِيلٍ ۝٤٦
തഫ്സീർആയത്ത് 46
പരലോകത്ത് അല്ലാഹുവിൻറെ ശിക്ഷയിൽ നിന്ന് അവരെ രക്ഷിച്ചു കൊണ്ട് അവരെ സഹായിക്കാൻ ഒരു രക്ഷാധികാരിയും അവർക്കുണ്ടായിരിക്കുകയില്ല. ആരെയെങ്കിലും അല്ലാഹു സത്യത്തിൽ നിന്ന് വഴിപിഴവിലാക്കിയാൽ അവന് സത്യത്തിലേക്ക് എത്തിക്കുന്ന വഴിയിലേക്ക് മാർഗദർശനം നൽകാൻ ഒരാളുമുണ്ടായിരിക്കില്ല.
Source : QUL
47

ഒരു ദിവസം വന്നെത്തുന്നതിന് മുമ്പായി നിങ്ങളുടെ രക്ഷിതാവിന്‍റെ ആഹ്വാനം നിങ്ങള്‍ സ്വീകരിക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ആ ദിവസത്തെ തടുക്കുക സാധ്യമല്ല. അന്ന് നിങ്ങള്‍ക്ക് യാതൊരു അഭയസ്ഥാനവുമുണ്ടാവില്ല. നിങ്ങള്‍ക്ക് (കുറ്റങ്ങള്‍) നിഷേധിക്കാനുമാവില്ല.

ٱسۡتَجِيبُواْ لِرَبِّكُم مِّن قَبۡلِ أَن يَأۡتِيَ يَوۡمٞ لَّا مَرَدَّ لَهُۥ مِنَ ٱللَّهِۚ مَا لَكُم مِّن مَّلۡجَإٖ يَوۡمَئِذٖ وَمَا لَكُم مِّن نَّكِيرٖ ۝٤٧
തഫ്സീർആയത്ത് 47
ഹേ ജനങ്ങളേ! നിങ്ങളുടെ രക്ഷിതാവിൻറെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻറെ വിലക്കുകളിൽ നിന്ന് വിട്ടുനിന്നും അവൻറെ വിളിക്ക് നിങ്ങൾ ഉടനടി ഉത്തരം നൽകുക. 'നാളെയാകാം' എന്ന ചിന്ത നിങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുക. ആർക്കും തടുത്തു നിർത്തുക സാധ്യമല്ലാത്ത അന്ത്യനാൾ വന്നെത്തുന്നതിന് മുൻപാകട്ടെ (അതെല്ലാം). അന്ന് നിങ്ങൾക്ക് അഭയസ്ഥാനമായി ഒരു ഇടവുമുണ്ടായിരിക്കില്ല. ഇഹലോകത്ത് നിങ്ങൾ ചെയ്തു വെച്ച തിന്മകൾ നിഷേധിക്കാനും അന്നേ ദിവസം നിങ്ങൾക്ക് സാധിക്കുകയില്ല.
Source : QUL
48

ഇനി അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍ (നബിയേ,) നിന്നെ നാം അവരുടെ മേല്‍ കാവല്‍ക്കാരനായി അയച്ചിട്ടില്ല. നിന്‍റെ മേല്‍ പ്രബോധന ബാധ്യത മാത്രമേയുള്ളു. തീര്‍ച്ചയായും നാം മനുഷ്യന് നമ്മുടെ പക്കല്‍ നിന്നുള്ള ഒരു അനുഗ്രഹം ആസ്വദിപ്പിച്ചാല്‍ അതിന്‍റെ പേരില്‍ അവന്‍ ആഹ്‌ളാദം കൊള്ളുന്നു. അവരുടെ കൈകള്‍ മുമ്പ് ചെയ്തു വെച്ചതിന്‍റെ ഫലമായി അവര്‍ക്ക് വല്ല തിന്‍മയും ബാധിക്കുന്നുവെങ്കിലോ അപ്പോഴതാ മനുഷ്യന്‍ നന്ദികെട്ടവന്‍ തന്നെയാകുന്നു.

فَإِنۡ أَعۡرَضُواْ فَمَآ أَرۡسَلۡنَٰكَ عَلَيۡهِمۡ حَفِيظًاۖ إِنۡ عَلَيۡكَ إِلَّا ٱلۡبَلَٰغُۗ وَإِنَّآ إِذَآ أَذَقۡنَا ٱلۡإِنسَٰنَ مِنَّا رَحۡمَةٗ فَرِحَ بِهَاۖ وَإِن تُصِبۡهُمۡ سَيِّئَةُۢ بِمَا قَدَّمَتۡ أَيۡدِيهِمۡ فَإِنَّ ٱلۡإِنسَٰنَ كَفُورٞ ۝٤٨
തഫ്സീർആയത്ത് 48
നീ അവരോട് കൽപ്പിച്ച കാര്യത്തിൽ നിന്ന് അവർ തിരിഞ്ഞു കളഞ്ഞെങ്കിൽ -അല്ലാഹുവിൻറെ റസൂലേ!- നാം താങ്കളെ അവരുടെ പ്രവർത്തനങ്ങൾ സൂക്ഷിക്കുന്ന കാവൽക്കാരനായി നിയോഗിച്ചിട്ടില്ല. അവർക്ക് എത്തിച്ചു നൽകാൻ കൽപ്പിക്കപ്പെട്ട കാര്യം എത്തിച്ചു നൽകുക എന്നതു മാത്രമേ താങ്കളുടെ മേൽ ബാധ്യതയുള്ളൂ. അവരുടെ വിചാരണ അല്ലാഹുവിൻറെ ബാധ്യതയാണ്. തീർച്ചയായും നാം മനുഷ്യന് നമ്മുടെ പക്കൽ നിന്നുള്ള വല്ല കാരുണ്യവും -സമ്പത്തോ ആരോഗ്യമോ മറ്റോ- അനുഭവിപ്പിച്ചാൽ അവനതിൻറെ പേരിലതാ ആഹ്ളാദിക്കുന്നു. എന്നാൽ മനുഷ്യർക്ക് -അവരുടെ തിന്മകൾ കാരണത്താൽ- അനിഷ്ടകരമായ എന്തെങ്കിലും പരീക്ഷണം ബാധിച്ചാലാകട്ടെ; അല്ലാഹു അവരുടെ മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾ നിഷേധിക്കുകയും, അതിന് നന്ദി പ്രകടിപ്പിക്കാതിരിക്കുകയും, അല്ലാഹുവിൻറെ വിധിയിൽ അക്ഷമ പ്രകടിപ്പിക്കുകയും ചെയ്യുക എന്നതായിരിക്കും അവൻറെ പ്രകൃതം.
Source : QUL
49

അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു.

لِّلَّهِ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ يَخۡلُقُ مَا يَشَآءُۚ يَهَبُ لِمَن يَشَآءُ إِنَٰثٗا وَيَهَبُ لِمَن يَشَآءُ ٱلذُّكُورَ ۝٤٩
തഫ്സീർആയത്ത് 49
അല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവൻ ഉദ്ദേശിക്കുന്നതു പ്രകാരം പുരുഷനെയും സ്ത്രീയെയും മറ്റുമെല്ലാം അവൻ സൃഷ്ടിക്കുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് ആണ്മക്കളില്ലാതെ അവൻ പെണ്മക്കളെ മാത്രം നൽകുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് പെണ്മക്കളെ നൽകാതെ ആണ്മക്കളെ മാത്രം നൽകുന്നു. അല്ലെങ്കിൽ അവൻ ഉദ്ദേശിക്കുന്നവർക്ക് ആണ്മക്കളെയും പെണ്മക്കളെയും ഒരുമിച്ചു നൽകുന്നു. ഉദ്ദേശിക്കുന്നവരെ അവൻ കുട്ടികളില്ലാത്ത വന്ധ്യരുമാക്കുന്നു. തീർച്ചയായും അവൻ കഴിഞ്ഞതും വരാനിരിക്കുന്നതുമായ എല്ലാ കാര്യങ്ങളും അറിയുന്നവനാകുന്നു. അവൻറെ പരിപൂർണ്ണ അറിവിൻറെയും യുക്തിയുടെയും ഭാഗമാണത്. അവന് യാതൊന്നും അവ്യക്തമാവുകയില്ല. ഒരു കാര്യവും അവന് അസാധ്യവുമല്ല.
Source : QUL
50

അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തിക്കൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാകുന്നു.

أَوۡ يُزَوِّجُهُمۡ ذُكۡرَانٗا وَإِنَٰثٗاۖ وَيَجۡعَلُ مَن يَشَآءُ عَقِيمًاۚ إِنَّهُۥ عَلِيمٞ قَدِيرٞ ۝٥٠
തഫ്സീർആയത്ത് 50
അല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവൻ ഉദ്ദേശിക്കുന്നതു പ്രകാരം പുരുഷനെയും സ്ത്രീയെയും മറ്റുമെല്ലാം അവൻ സൃഷ്ടിക്കുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് ആണ്മക്കളില്ലാതെ അവൻ പെണ്മക്കളെ മാത്രം നൽകുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് പെണ്മക്കളെ നൽകാതെ ആണ്മക്കളെ മാത്രം നൽകുന്നു. അല്ലെങ്കിൽ അവൻ ഉദ്ദേശിക്കുന്നവർക്ക് ആണ്മക്കളെയും പെണ്മക്കളെയും ഒരുമിച്ചു നൽകുന്നു. ഉദ്ദേശിക്കുന്നവരെ അവൻ കുട്ടികളില്ലാത്ത വന്ധ്യരുമാക്കുന്നു. തീർച്ചയായും അവൻ കഴിഞ്ഞതും വരാനിരിക്കുന്നതുമായ എല്ലാ കാര്യങ്ങളും അറിയുന്നവനാകുന്നു. അവൻറെ പരിപൂർണ്ണ അറിവിൻറെയും യുക്തിയുടെയും ഭാഗമാണത്. അവന് യാതൊന്നും അവ്യക്തമാവുകയില്ല. ഒരു കാര്യവും അവന് അസാധ്യവുമല്ല.
Source : QUL
51

(നേരിട്ടുള്ള) ഒരു ബോധനം എന്ന നിലയിലോ ഒരു മറയുടെ പിന്നില്‍ നിന്നായിക്കൊണ്ടോ, ഒരു ദൂതനെ(16) അയച്ച് അല്ലാഹുവിന്‍റെ അനുവാദപ്രകാരം അവന്‍ ഉദ്ദേശിക്കുന്നത് അദ്ദേഹം (ദൂതന്‍) ബോധനം നല്‍കുക എന്ന നിലയിലോ അല്ലാതെ അല്ലാഹു തന്നോട് സംസാരിക്കുക എന്ന കാര്യം യാതൊരു മനുഷ്യന്നും ഉണ്ടാവുകയില്ല. തീര്‍ച്ചയായും അവന്‍ ഉന്നതനും യുക്തിമാനുമാകുന്നു.

۞ وَمَا كَانَ لِبَشَرٍ أَن يُكَلِّمَهُ ٱللَّهُ إِلَّا وَحۡيًا أَوۡ مِن وَرَآيِٕ حِجَابٍ أَوۡ يُرۡسِلَ رَسُولٗا فَيُوحِيَ بِإِذۡنِهِۦ مَا يَشَآءُۚ إِنَّهُۥ عَلِيٌّ حَكِيمٞ ۝٥١
തഫ്സീർആയത്ത് 51
അല്ലാഹു ഒരാൾക്ക് ഇൽഹാമിലൂടെ (മനസ്സിൽ ഉണ്ടാകുന്ന ബോധനം) യോ മറ്റോ സന്ദേശം നൽകുകയോ, അല്ലാഹുവിനെ കാണാൻ കഴിയുന്നില്ലെങ്കിലും അവൻറെ സംസാരം കേൾക്കാൻ കഴിയുന്ന രൂപത്തിൽ അല്ലാഹു അയാളോട് സംസാരിക്കുകയോ, ജിബ്രീലിനെ പോലുള്ള മലക്കുകളെ അല്ലാഹു നിയോഗിക്കുകയും ആ മലക്ക് മനുഷ്യരിലെ ദൂതന് അല്ലാഹു എത്തിച്ചു നൽകാൻ ഉദ്ദേശിച്ച സന്ദേശം എത്തിച്ചു കൊടുക്കുകയോ ചെയ്യുക എന്നതല്ലാതെ ഒരു മനുഷ്യനോട് അല്ലാഹു സംസാരിക്കുക എന്നത് ഉണ്ടാവുകയില്ല. തീർച്ചയായും അവൻ ഉപരിയിലുള്ളവനും അത്യുന്നതമായ വിശേഷണങ്ങളുള്ളവനുമായ 'അലിയ്യും', തൻറെ സൃഷ്ടിപ്പിലും വിധിനിർണ്ണയത്തിലും മതനിയമങ്ങളിലും ഏറ്റവും യുക്തമായത് നിശ്ചയിച്ച 'ഹകീമു'മാകുന്നു.
Source : QUL
52

അപ്രകാരം തന്നെ നിനക്ക് നാം നമ്മുടെ കല്‍പനയാല്‍ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന് നിനക്കറിയുമായിരുന്നില്ല. പക്ഷെ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസന്‍മാരില്‍ നിന്ന് നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം വഴി കാണിക്കുന്നു. തീര്‍ച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാര്‍ഗദര്‍ശനം നല്‍കുന്നത്‌.

وَكَذَٰلِكَ أَوۡحَيۡنَآ إِلَيۡكَ رُوحٗا مِّنۡ أَمۡرِنَاۚ مَا كُنتَ تَدۡرِي مَا ٱلۡكِتَٰبُ وَلَا ٱلۡإِيمَٰنُ وَلَٰكِن جَعَلۡنَٰهُ نُورٗا نَّهۡدِي بِهِۦ مَن نَّشَآءُ مِنۡ عِبَادِنَاۚ وَإِنَّكَ لَتَهۡدِيٓ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ ۝٥٢
തഫ്സീർആയത്ത് 52
അല്ലാഹുവിൻറെ റസൂലേ! താങ്കൾക്ക് മുൻപുള്ള നബിമാർക്ക് നാം ബോധനം നൽകിയത് പോലെ തന്നെ നമ്മുടെ പക്കൽ നിന്നുള്ള ഖുർആൻ താങ്കൾക്ക് നാം സന്ദേശമായി നൽകിയിരിക്കുന്നു. അല്ലാഹുവിൻറെ ദൂതന്മാരുടെ മേൽ അവതരിക്കപ്പെട്ട വേദഗ്രന്ഥങ്ങൾ എന്താണെന്നോ, (ഇസ്ലാമിലുള്ള) സത്യവിശ്വാസം എന്താണെന്നോ ഒന്നും ഇതിന് മുൻപ് താങ്കൾക്ക് അറിയില്ലായിരുന്നു. എന്നാൽ നാം ഉദ്ദേശിക്കുന്ന നമ്മുടെ ദാസന്മാരെ നേർമാർഗത്തിലേക്ക് നയിക്കുന്ന ഒരു പ്രകാശമായി കൊണ്ട് ഈ ഖുർആൻ നാം ഇറക്കിയിരിക്കുന്നു. തീർച്ചയായും താങ്കൾ ജനങ്ങളെ നേരായ മാർഗത്തിലേക്ക് - ഇസ്ലാമിലേക്ക് - വഴികാണിച്ചു നൽകുന്നവൻ തന്നെയാകുന്നു.
Source : QUL
53

ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും ഏതൊരുവന്നുള്ളതാണോ ആ അല്ലാഹുവിന്‍റെ പാതയിലേക്ക്‌. ശ്രദ്ധിക്കുക; അല്ലാഹുവിലേക്കാകുന്നു കാര്യങ്ങള്‍ ചെന്നെത്തുന്നത്‌.

صِرَٰطِ ٱللَّهِ ٱلَّذِي لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ أَلَآ إِلَى ٱللَّهِ تَصِيرُ ٱلۡأُمُورُ ۝٥٣
തഫ്സീർആയത്ത് 53
ആകാശങ്ങളിലും ഭൂമിയിലും ഉള്ളതെല്ലാം ഏതൊരുവൻറെ സൃഷ്ടിപ്പും ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണോ; ആ അല്ലാഹുവിൻറെ പാതയിലേക്ക്. അല്ലാഹുവിലേക്കാണ് എല്ലാ കാര്യങ്ങളുടെയും നിശ്ചയവും നിയന്ത്രണവുമെല്ലാം മടങ്ങുന്നത്; ഉറപ്പ്!
Source : QUL