Wednesday, 12 August 2026 Hijri: 12:40:40 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

ഇബ്രാഹീം إبراهيم Ibrahim

Surah 14 മക്കിയ്യ • مكية • Makkiyah 52 ആയത്തുകൾ • 52 Ayahs

സൂറത്ത് ഇബ്രാഹീം (Ibrahim)യിലെ 52 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Ibrahim.

1

അലിഫ് ലാം റാ. മനുഷ്യരെ അവന്‍റെ രക്ഷിതാവിന്‍റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്‌. അതായത്‌, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്‍റെ മാര്‍ഗത്തിലേക്ക്.‌

الٓرۚ كِتَٰبٌ أَنزَلۡنَٰهُ إِلَيۡكَ لِتُخۡرِجَ ٱلنَّاسَ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ بِإِذۡنِ رَبِّهِمۡ إِلَىٰ صِرَٰطِ ٱلۡعَزِيزِ ٱلۡحَمِيدِ ۝١
തഫ്സീർആയത്ത് 1
അലിഫ് ലാം റാ. സമാനമായ വാക്കുകളെ സംബന്ധിച്ച് സൂറത്തുൽ ബഖറയുടെ ആരംഭത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. അല്ലാഹുവിൻ്റെ ഉദ്ദേശവും അവൻ്റെ സഹായവും കൊണ്ട്, മനുഷ്യരെ അവിശ്വാസത്തിൽ നിന്നും അജ്ഞതയിൽ നിന്നും വഴികേടിൽ നിന്നും വിശ്വാസത്തിലേക്കും ജ്ഞാനത്തിലേക്കും സന്മാർഗ്ഗത്തിലേക്കും നയിക്കുന്നതിന് വേണ്ടി താങ്കൾക്ക് മേൽ നാം അവതരിപ്പിച്ച ഗ്രന്ഥമാകുന്നു ഈ ഖുർആൻ. അതായത് ഒരാളാലും അതിജയിക്കപ്പെടാത്ത സർവ്വ പ്രതാപിയും, സർവ്വ നിലക്കും സ്തുത്യർഹനുമായ അല്ലാഹുവിൻറെ മതമായ ഇസ്ലാമിലേക്ക് നയിക്കുന്നതിന് വേണ്ടി.
Source : QUL
2

ആകാശങ്ങളിലുള്ളതിന്‍റെയും ഭൂമിയിലുള്ളതിന്‍റെയും ഉടമയായ അല്ലാഹുവിന്‍റെ (മാര്‍ഗത്തിലേക്ക് അവരെ കൊണ്ട് വരുവാന്‍ വേണ്ടി). സത്യനിഷേധികള്‍ക്ക് കഠിനമായ ശിക്ഷയാല്‍ മഹാനാശം തന്നെ.

ٱللَّهِ ٱلَّذِي لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ وَوَيۡلٞ لِّلۡكَٰفِرِينَ مِنۡ عَذَابٖ شَدِيدٍ ۝٢
തഫ്സീർആയത്ത് 2
ആകാശങ്ങളിലുള്ളതിൻറെ ആധിപത്യം അല്ലാഹുവിന്ന് മാത്രമാകുന്നു. ഭൂമിയിലുള്ളതിൻറെ ആധിപത്യവും അവന്ന് മാത്രമാകുന്നു. ആരാധിക്കപ്പെടാൻ അർഹതയുള്ളവൻ അവൻ മാത്രമാകുന്നു. അവൻ്റെ സൃഷ്ടികളിൽ ഒന്നിനെയും അവനിൽ പങ്കു ചേർക്കപ്പെട്ടു കൂടാ. (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് കഠിനമായ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും.
Source : QUL
3

അതായത്‌, പരലോകത്തെക്കാള്‍ ഇഹലോകജീവിതത്തെ കൂടുതല്‍ സ്നേഹിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) പിന്തിരിപ്പിക്കുകയും അതിന് (ആ മാര്‍ഗത്തിന്‌) വക്രത വരുത്തുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക്‌. അക്കൂട്ടര്‍ വിദൂരമായ വഴികേടിലാകുന്നു.

ٱلَّذِينَ يَسۡتَحِبُّونَ ٱلۡحَيَوٰةَ ٱلدُّنۡيَا عَلَى ٱلۡأٓخِرَةِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبۡغُونَهَا عِوَجًاۚ أُوْلَٰٓئِكَ فِي ضَلَٰلِۭ بَعِيدٖ ۝٣
തഫ്സീർആയത്ത് 3
(അല്ലാഹുവിനെ) നിഷേധിച്ചവർ നിത്യമായ അനുഗ്രഹത്തിൻറെ പരലോകത്തേക്കാൾ ക്ഷണികമായ അനുഗ്രഹങ്ങളുടെ ഐഹിക ജീവിതത്തെ തിരഞ്ഞെടുക്കുന്നു. അല്ലാഹുവിന്റെ മാര്ഗത്തിൽ നിന്ന് അവർ ജനങ്ങളെ പിന്തിരിപ്പിക്കുകയും, അതിലേക്ക് ഒരാളും പ്രവേശിക്കാതിരിക്കുന്നതിന് വേണ്ടി ചൊവ്വായതിലേക്ക് നയിക്കുന്ന സത്യത്തിൻ്റെ ആ മാർഗത്തിന് വക്രതയും വൈകൃതവും വരുത്തുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു അവർ. ഈ പറയപ്പെട്ട വിശേഷണങ്ങളുള്ളവർ സത്യത്തിൽ നിന്നും നന്മയിൽ നിന്നും വിദൂരമായ വഴികേടിലാകുന്നു.
Source : QUL
4

യാതൊരു റസൂലിനെയും തന്‍റെ ജനതയ്ക്ക് (കാര്യങ്ങള്‍) വിശദീകരിച്ച് കൊടുക്കുന്നതിന് വേണ്ടി, അവരുടെ ഭാഷയില്‍ (സന്ദേശം നല്‍കിക്കൊണ്ട്‌) അല്ലാതെ നാം നിയോഗിച്ചിട്ടില്ല. അങ്ങനെ താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അവനത്രെ പ്രതാപിയും യുക്തിമാനുമായിട്ടുള്ളവന്‍.

وَمَآ أَرۡسَلۡنَا مِن رَّسُولٍ إِلَّا بِلِسَانِ قَوۡمِهِۦ لِيُبَيِّنَ لَهُمۡۖ فَيُضِلُّ ٱللَّهُ مَن يَشَآءُ وَيَهۡدِي مَن يَشَآءُۚ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ ۝٤
തഫ്സീർആയത്ത് 4
അല്ലാഹുവിൽ നിന്ന് പ്രവാചകന്മാർ കൊണ്ടുവരുന്ന (സന്ദേശം) എളുപ്പത്തിൽ ജനങ്ങൾക്ക് മനസ്സിലാക്കുന്നതിന് വേണ്ടി എല്ലാ പ്രവാചകന്മാരെയും തങ്ങളുടെ ജനങ്ങളുടെ ഭാഷ സംസാരിക്കുന്നവരായിക്കൊണ്ടല്ലാതെ നാം നിയോഗിച്ചിട്ടില്ല. അല്ലാഹുവിൽ വിശ്വസിക്കാൻ ജനങ്ങളെ നിർബന്ധിക്കുന്നവരായിട്ടല്ല അവരെ നാം നിയോഗിച്ചത്. അല്ലാഹു അവൻ്റെ നീതികൊണ്ട് അവനുദ്ദേശിക്കുന്നവരെ വഴികേടിലാക്കുന്നു. അവൻ്റെ അനുഗ്രഹം കൊണ്ട് അവനുദ്ദേശിക്കുന്നവർക്ക് സന്മാർഗ്ഗത്തിലേക്ക് വഴികാണിക്കുന്നു. ആരാലും അതിജയിക്കപ്പെടാത്ത പ്രതാപിയും, സൃഷ്ടിപ്പിലും നിയന്ത്രണത്തിലും അങ്ങേയറ്റം യുക്തമായത് പ്രവർത്തിക്കുന്നവനുമത്രെ അവൻ.
Source : QUL
5

നിന്‍റെ ജനതയെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ട് വരികയും, അല്ലാഹുവിന്‍റെ (അനുഗ്രഹത്തിന്‍റെ) നാളുകളെപ്പറ്റി അവരെ ഓര്‍മിപ്പിക്കുകയും ചെയ്യുക എന്ന് നിര്‍ദേശിച്ചുകൊണ്ട് മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി നാം അയക്കുകയുണ്ടായി. തികഞ്ഞ ക്ഷമാശീലമുള്ളവരും ഏറെ നന്ദിയുള്ളവരുമായ എല്ലാവര്‍ക്കും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌. തീര്‍ച്ച.

وَلَقَدۡ أَرۡسَلۡنَا مُوسَىٰ بِـَٔايَٰتِنَآ أَنۡ أَخۡرِجۡ قَوۡمَكَ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ وَذَكِّرۡهُم بِأَيَّىٰمِ ٱللَّهِۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّكُلِّ صَبَّارٖ شَكُورٖ ۝٥
തഫ്സീർആയത്ത് 5
തീർച്ചയായും നാം മൂസയെ നിയോഗിക്കുകയും, അദ്ദേഹത്തിൻ്റെ സത്യസന്ധതയും, അദ്ദേഹം അല്ലാഹുവിൽ നിന്നുള്ള ദൂതനാണെന്നതും ബോധ്യപ്പെടുത്തുന്ന തെളിവുകൾ നൽകിക്കൊണ്ട് അദ്ദേഹത്തിന് പിൻബലം നൽകുകയും ചെയ്തു. തൻ്റെ ജനതയെ അവിശ്വാസത്തിൽ നിന്നും അജ്ഞതയിൽ നിന്നും വിശ്വാസത്തിലേക്കും വിജ്ഞാനത്തിലേക്കും നയിക്കാൻ നാം അദ്ദേഹത്തോട് കൽപ്പിച്ചു. അവർക്ക് അല്ലാഹു ചെയ്ത അനുഗ്രഹത്തിൻ്റെ നാളുകളെപ്പറ്റി അവരെ ഓർമ്മപ്പെടുത്തുവാനും നാം അദ്ദേഹത്തോട് കൽപ്പിച്ചു. അല്ലാഹുവിൻ്റെ ഏകത്വത്തിനും ഉന്നതമായ കഴിവിനും, തന്നിൽ വിശ്വസിച്ചവർക്ക് മേൽ അല്ലാഹു അനുഗ്രഹങ്ങൾ ചൊരിയുമെന്നതിനുമുള്ള വ്യക്തമായ തെളിവുകൾ ആ നാളുകളുടെ ചരിത്രത്തിലുണ്ട്. അല്ലാഹുവിനുള്ള അനുസരണയിൽ ക്ഷമിക്കുന്ന, അനുഗ്രഹങ്ങൾക്ക് നിത്യവും നന്ദി ചെയ്യുന്നവർക്ക് അതിൽ പ്രയോജനമുണ്ട്.
Source : QUL
6

മൂസാ തന്‍റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാണ്‌.) നിങ്ങള്‍ക്ക് കടുത്ത ശിക്ഷ ആസ്വദിപ്പിക്കുകയും, നിങ്ങളുടെ ആണ്‍മക്കളെ അറുകൊലനടത്തുകയും, നിങ്ങളുടെ പെണ്ണുങ്ങളെ ജീവിക്കാന്‍ വിടുകയും ചെയ്തുകൊണ്ടിരുന്ന ഫിര്‍ഔനിന്‍റെ കൂട്ടരില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തിയ സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്കു ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍മ്മിക്കുക. അതില്‍ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വമ്പിച്ച പരീക്ഷണമുണ്ട്‌.

وَإِذۡ قَالَ مُوسَىٰ لِقَوۡمِهِ ٱذۡكُرُواْ نِعۡمَةَ ٱللَّهِ عَلَيۡكُمۡ إِذۡ أَنجَىٰكُم مِّنۡ ءَالِ فِرۡعَوۡنَ يَسُومُونَكُمۡ سُوٓءَ ٱلۡعَذَابِ وَيُذَبِّحُونَ أَبۡنَآءَكُمۡ وَيَسۡتَحۡيُونَ نِسَآءَكُمۡۚ وَفِي ذَٰلِكُم بَلَآءٞ مِّن رَّبِّكُمۡ عَظِيمٞ ۝٦
തഫ്സീർആയത്ത് 6
മൂസാ നബി തൻ്റെ രക്ഷിതാവിൻറെ കൽപ്പന പ്രാവർത്തികമാക്കി കൊണ്ട് തൻ്റെ ജനതയായ ബനൂ ഇസ്രാഈലുകാരെ അല്ലാഹുവിൻറെ അനുഗ്രഹങ്ങളെ കുറിച്ച് ഓർമ്മിപ്പിച്ച സന്ദർഭം ഓർക്കുക! അദ്ദേഹം പറഞ്ഞു: ഫിർഔനിൻ്റെ കൂട്ടരിൽ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തിയ അല്ലാഹുവിൻറെ അനുഗ്രഹത്തെ നിങ്ങൾ ഓർമിക്കുക. നിങ്ങളെ അതികഠിനമായ ശിക്ഷകൾക്ക് വിധേയനാക്കിയിരുന്ന ഫിർഔനിൻ്റെ ഉപദ്രവത്തിൽ നിന്ന് അവൻ നിങ്ങളെ രക്ഷപ്പെടുത്തി. ഫിർഔനിൻ്റെ രാജാധികാരത്തെ തകർക്കുന്ന ഒരാളും ജനിക്കാതിരിക്കാൻ നിങ്ങളുടെ ആൺമക്കളെ അവൻ അറുകൊല നടത്തുകയും, നിങ്ങളുടെ പെണ്ണുങ്ങളെ നിന്ദ്യതയിൽ ജീവിക്കാൻ വിടുകയും ചെയ്തുകൊണ്ടിരുന്നു അവൻ. അവരുടെ ഈ പ്രവർത്തനത്തിൽ നിങ്ങൾ ക്ഷമിക്കുമോ എന്ന കടുത്ത പരീക്ഷണം തന്നെയുണ്ടായിരുന്നു. ആ പരീക്ഷണത്തിൽ നിങ്ങൾ ക്ഷമിച്ചതിൻ്റെ ഫലമായി ഫിർഔനിൻ്റെ ആളുകളിൽ നിന്ന് അല്ലാഹു നിങ്ങളെ രക്ഷിക്കുകയും ചെയ്തു.
Source : QUL
7

നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ദ്ധിപ്പിച്ചു തരുന്നതാണ്‌. എന്നാല്‍, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്‍റെ ശിക്ഷ കഠിനമായിരിക്കും' എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദര്‍ഭം (ശ്രദ്ധേയമത്രെ.)

وَإِذۡ تَأَذَّنَ رَبُّكُمۡ لَئِن شَكَرۡتُمۡ لَأَزِيدَنَّكُمۡۖ وَلَئِن كَفَرۡتُمۡ إِنَّ عَذَابِي لَشَدِيدٞ ۝٧
തഫ്സീർആയത്ത് 7
മൂസാ അവരോട് പറഞ്ഞു: നിങ്ങളുടെ രക്ഷിതാവായ അല്ലാഹു ഹൃദയസ്പൃക്കായ ഒരു കാര്യം നിങ്ങളെ അറിയിച്ചത് നിങ്ങൾ ഓർക്കുക. അവൻ നിങ്ങളോട് പറഞ്ഞു: നിങ്ങൾക്ക് നൽകപ്പെട്ട -മേൽപ്പറഞ്ഞ- അനുഗ്രഹങ്ങൾക്ക് നിങ്ങൾ നന്ദികാണിച്ചാൽ തീർച്ചയായും ഞാൻ നിങ്ങൾക്ക് എൻ്റെ അനുഗ്രഹവും ഔദാര്യവും വർദ്ധിപ്പിച്ചു തരുന്നതാണ്. എന്നാൽ, നിങ്ങൾ നന്ദികേട് കാണിക്കുകയും, അവൻ നിങ്ങൾക്ക് മേൽ ചെയ്ത അനുഗ്രഹങ്ങളെ നിഷേധിക്കുകയും ചെയ്യുകയാണെങ്കിൽ തീർച്ചയായും എന്റെ ശിക്ഷ നിഷേധികൾക്കും നന്ദി കാണിക്കാത്തവർക്കും കഠിനമായിരിക്കും.
Source : QUL
8

മൂസാ പറഞ്ഞു: നിങ്ങളും, ഭൂമിയിലുള്ള മുഴുവന്‍ പേരും കൂടി നന്ദികേട് കാണിക്കുന്ന പക്ഷം, തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും, സ്തുത്യര്‍ഹനുമാണ് (എന്ന് നിങ്ങള്‍ അറിഞ്ഞു കൊള്ളുക.)(1)

وَقَالَ مُوسَىٰٓ إِن تَكۡفُرُوٓاْ أَنتُمۡ وَمَن فِي ٱلۡأَرۡضِ جَمِيعٗا فَإِنَّ ٱللَّهَ لَغَنِيٌّ حَمِيدٌ ۝٨
തഫ്സീർആയത്ത് 8
മൂസ തൻറെ ജനതയോട് പറഞ്ഞു: എൻ്റെ ജനങ്ങളേ! നിങ്ങൾ (അല്ലാഹുവിനെ) നിഷേധിക്കുകയും, അതോടൊപ്പം ഭൂമിയിലുള്ള മുഴുവനാളുകളും നിഷേധികളാവുകയും ചെയ്തുവെങ്കിലും നിങ്ങളുടെയെല്ലാം നിഷേധത്തിൻറെ ദോഷഫലം നിങ്ങൾക്ക് തന്നെയാണ്. തീർച്ചയായും അല്ലാഹു സ്വയം ധന്യനും എല്ലാനിലക്കും സ്തുതിക്ക് അർഹനുമത്രെ. വിശ്വസിച്ചവരുടെ വിശ്വാസം അവന് ഒരു ഉപകാരവും ചെയ്യുന്നില്ല. നിഷേധികളുടെ നിഷേധം അവന് ഒരു ഉപദ്രവവും ചെയ്യുന്നില്ല.
Source : QUL
9

നൂഹിന്‍റെ ജനത, ആദ്‌, ഥമൂദ് സമുദായങ്ങള്‍, അവര്‍ക്ക് ശേഷമുള്ള അല്ലാഹുവിന്ന് മാത്രം (കൃത്യമായി) അറിയാവുന്ന ജനവിഭാഗങ്ങള്‍ എന്നിവരെല്ലാം അടങ്ങുന്ന നിങ്ങളുടെ മുന്‍ഗാമികളെപ്പറ്റിയുള്ള വര്‍ത്തമാനം നിങ്ങള്‍ക്ക് വന്നുകിട്ടിയില്ലേ? അവരുടെ റസൂലുകൾ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുക്കല്‍ ചെന്നു. അപ്പോള്‍ അവര്‍ തങ്ങളുടെ കൈകള്‍ വായിലേക്ക്(2) മടക്കിക്കൊണ്ട്‌, 'നിങ്ങള്‍ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ, അതില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. തീര്‍ച്ചയായും നിങ്ങള്‍ ഞങ്ങളെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെപ്പറ്റി ഞങ്ങള്‍ അവിശ്വാസജനകമായ സംശയത്തിലാണ്' എന്ന് പറയുകയാണ് ചെയ്തത്‌

أَلَمۡ يَأۡتِكُمۡ نَبَؤُاْ ٱلَّذِينَ مِن قَبۡلِكُمۡ قَوۡمِ نُوحٖ وَعَادٖ وَثَمُودَ وَٱلَّذِينَ مِنۢ بَعۡدِهِمۡ لَا يَعۡلَمُهُمۡ إِلَّا ٱللَّهُۚ جَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِ فَرَدُّوٓاْ أَيۡدِيَهُمۡ فِيٓ أَفۡوَٰهِهِمۡ وَقَالُوٓاْ إِنَّا كَفَرۡنَا بِمَآ أُرۡسِلۡتُم بِهِۦ وَإِنَّا لَفِي شَكّٖ مِّمَّا تَدۡعُونَنَآ إِلَيۡهِ مُرِيبٖ ۝٩
തഫ്സീർആയത്ത് 9
നിഷേധികളേ! നിങ്ങൾക്ക് മുൻപ് നിഷേധിച്ചു തള്ളിയ ജനങ്ങളുടെ നാശത്തിൻ്റെ ചരിത്രം നിങ്ങൾക്ക് വന്നെത്തിയില്ലേ?! നൂഹിൻറെ ജനതയുടെയും, ഹൂദിൻറെ ജനതയായ ആദിൻ്റെയും, സ്വാലിഹിൻറെ ജനതയായ ഥമൂദിൻ്റെയും, അവർക്ക് ശേഷം വന്ന -അല്ലാഹുവിന് മാത്രം അറിയാൻ കഴിയുന്നത്ര അധികമുള്ള മറ്റനേകം- ജനവിഭാഗങ്ങളുടെയും (ചരിത്രം?!) അവരുടെ ദൂതന്മാർ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുക്കൽ ചെന്നു. അപ്പോൾ അവർ പ്രവാചകന്മാരോടുള്ള ദേഷ്യം കാരണം കൈകൾ വായിലേക്ക് വെച്ച് തങ്ങളുടെ വിരലുകൾ കടിച്ചു. തങ്ങളുടെ ദൂതന്മാരോട് അവർ പറഞ്ഞു: നിങ്ങൾ അയക്കപ്പെട്ടിരിക്കുന്നതിൽ ഞങ്ങൾ അവിശ്വസിച്ചിരിക്കുന്നു. തീർച്ചയായും നിങ്ങൾ ഞങ്ങളെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെപ്പറ്റി ആശയക്കുഴപ്പം ജനിപ്പിക്കുന്ന രൂപത്തിലുള്ള സംശയത്തിലാണ് ഞങ്ങളുള്ളത്.
Source : QUL
10

അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്‍മാര്‍ പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടികര്‍ത്താവായ അല്ലാഹുവിന്‍റെ കാര്യത്തിലാണോ സംശയമുള്ളത്‌? നിങ്ങളുടെ പാപങ്ങള്‍ നിങ്ങള്‍ക്ക് പൊറുത്തുതരാനും, നിര്‍ണിതമായ ഒരു അവധി വരെ നിങ്ങള്‍ക്ക് സമയം നീട്ടിത്തരുവാനുമായി അവന്‍ നിങ്ങളെ ക്ഷണിക്കുന്നു. അവര്‍ (ജനങ്ങള്‍) പറഞ്ഞു: നിങ്ങള്‍ ഞങ്ങളെപ്പോലെയുള്ള മനുഷ്യര്‍ മാത്രമാകുന്നു. ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ച് വരുന്നതില്‍ നിന്നു ഞങ്ങളെ പിന്തിരിപ്പിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്‌. അതിനാല്‍ വ്യക്തമായ വല്ല രേഖയും നിങ്ങള്‍ ഞങ്ങള്‍ക്ക് കൊണ്ട് വന്നുതരൂ.

۞ قَالَتۡ رُسُلُهُمۡ أَفِي ٱللَّهِ شَكّٞ فَاطِرِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ يَدۡعُوكُمۡ لِيَغۡفِرَ لَكُم مِّن ذُنُوبِكُمۡ وَيُؤَخِّرَكُمۡ إِلَىٰٓ أَجَلٖ مُّسَمّٗىۚ قَالُوٓاْ إِنۡ أَنتُمۡ إِلَّا بَشَرٞ مِّثۡلُنَا تُرِيدُونَ أَن تَصُدُّونَا عَمَّا كَانَ يَعۡبُدُ ءَابَآؤُنَا فَأۡتُونَا بِسُلۡطَٰنٖ مُّبِينٖ ۝١٠
തഫ്സീർആയത്ത് 10
അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്മാർ അവരോട് മറുപടിയായി പറഞ്ഞു: അല്ലാഹുവിൻറെ ഏകത്വത്തിലും അവനെമാത്രം ആരാധിക്കുകയും ചെയ്യുന്ന കാര്യത്തിലോ സംശയമുള്ളത്? അവനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവും, അവയെ മുൻമാതൃകയില്ലാതെ നിർമ്മിച്ചവനുമെന്നിരിക്കെ (അക്കാര്യത്തിൽ നിങ്ങൾ സംശയിക്കുകയോ?!) നിങ്ങൾക്ക് സംഭവിച്ചു പോയ നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരാൻ വേണ്ടി അവനിൽ നിങ്ങൾ വിശ്വസിക്കണമെന്നാണ് അവൻ ആവശ്യപ്പെടുന്നത്. ഐഹിക ജീവിതത്തിലെ നിർണിതമായ ഒരു അവധി വരെ നിങ്ങൾക്ക് അവൻ അവസരം നീട്ടിനൽകുകയും ചെയ്യുന്നു. എന്നാൽ നബിമാരുടെ ജനത അവരോട് പറഞ്ഞു: നിങ്ങൾ ഞങ്ങളെപ്പോലെയുള്ള മനുഷ്യർ മാത്രമാകുന്നു. നിങ്ങൾക്ക് ഞങ്ങളെക്കാൾ ഒരു പ്രത്യേകതയുമില്ല. ഞങ്ങളുടെ പിതാക്കൾ ആരാധിച്ച് വരുന്നതിൽ നിന്നു ഞങ്ങളെ പിന്തിരിപ്പിക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. അതിനാൽ നിങ്ങൾ അല്ലാഹുവിൽ നിന്ന് ഞങ്ങളിലേക്കുള്ള പ്രവാചകന്മാരാണെന്നതിന് വ്യക്തമായ വല്ല രേഖയും കൊണ്ട് വന്നുതരൂ.
Source : QUL
11

അവരോട് അവരിലേക്കുള്ള (അല്ലാഹുവിൻ്റെ) ദൂതന്‍മാര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യന്‍മാര്‍ തന്നെയാണ്‌. എങ്കിലും, അല്ലാഹു തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവർക്ക് (പ്രവാചകത്വമാകുന്ന) അനുഗ്രഹമേകുന്നു. അല്ലാഹുവിന്‍റെ അനുമതി പ്രകാരമല്ലാതെ നിങ്ങള്‍ക്ക് യാതൊരു തെളിവും കൊണ്ടുവന്ന് തരാന്‍ ഞങ്ങള്‍ക്കാവില്ല. അല്ലാഹുവിന്‍റെ മേലാണ് വിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്‌.

قَالَتۡ لَهُمۡ رُسُلُهُمۡ إِن نَّحۡنُ إِلَّا بَشَرٞ مِّثۡلُكُمۡ وَلَٰكِنَّ ٱللَّهَ يَمُنُّ عَلَىٰ مَن يَشَآءُ مِنۡ عِبَادِهِۦۖ وَمَا كَانَ لَنَآ أَن نَّأۡتِيَكُم بِسُلۡطَٰنٍ إِلَّا بِإِذۡنِ ٱللَّهِۚ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُؤۡمِنُونَ ۝١١
തഫ്സീർആയത്ത് 11
അവരിലേക്കുള്ള ദൂതന്മാർ മറുപടിയായി അവരോട് പറഞ്ഞു: ഞങ്ങൾ നിങ്ങളെപ്പോലെയുള്ള മനുഷ്യർ തന്നെയാണ്. ഞങ്ങൾ നിങ്ങളെപ്പോലെയാണെന്നതിനെ ഞങ്ങൾ നിഷേധിക്കുന്നില്ല. എന്നാൽ ആ തുല്യത കാരണത്താൽ എല്ലാ കാര്യങ്ങളിലും നാം ഒരുപോലെയാണെന്ന് വരുന്നില്ല. അല്ലാഹു തൻറെ ദാസന്മാരിൽ നിന്ന് താൻ ഉദ്ദേശിക്കുന്നവരോട് പ്രത്യേക ഔദാര്യം കാണിക്കുന്നു. അവരെ ജനങ്ങളിലേക്കുള്ള അവൻ്റെ ദൂതന്മാരായി തിരഞ്ഞെടുക്കുകയും ചെയ്യുന്നു. അല്ലാഹുവിൻറെ അനുമതി പ്രകാരമല്ലാതെ നിങ്ങളാവശ്യപ്പെട്ട യാതൊരു തെളിവും കൊണ്ട് വന്ന് തരാൻ ഞങ്ങൾക്കാവില്ല. അവ കൊണ്ടുവരൽ ഞങ്ങളുടെ കഴിവിൽപെട്ടതല്ല തന്നെ. മറിച്ച് അല്ലാഹുമാത്രമാണ് അതിന് കഴിവുള്ളവൻ. എല്ലാ കാര്യങ്ങളിലും അല്ലാഹുവിൻറെ മേലാണ് അവനിൽ വിശ്വസിച്ചവർ നിർബന്ധമായും ഭരമേൽപിക്കേണ്ടത്.
Source : QUL
12

അല്ലാഹു ഞങ്ങളെ ഞങ്ങളുടെ വഴികളില്‍ ചേര്‍ത്തുതന്നിരിക്കെ അവന്‍റെ മേല്‍ ഭരമേല്‍പിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കെന്തു ന്യായമാണുള്ളത്‌? നിങ്ങള്‍ ഞങ്ങളെ ദ്രോഹിച്ചതിനെപ്പറ്റി ഞങ്ങള്‍ ക്ഷമിക്കുക തന്നെ ചെയ്യും. അല്ലാഹുവിന്‍റെ മേലാണ് ഭരമേല്‍പിക്കുന്നവരെല്ലാം ഭരമേല്‍പിക്കേണ്ടത്‌.

وَمَا لَنَآ أَلَّا نَتَوَكَّلَ عَلَى ٱللَّهِ وَقَدۡ هَدَىٰنَا سُبُلَنَاۚ وَلَنَصۡبِرَنَّ عَلَىٰ مَآ ءَاذَيۡتُمُونَاۚ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُتَوَكِّلُونَ ۝١٢
തഫ്സീർആയത്ത് 12
അല്ലാഹുവിൽ ഭരമേൽപ്പിക്കാതിരിക്കാൻ എന്തു ന്യായമാണ് ഞങ്ങൾക്കുള്ളത്? എന്തൊരു കാര്യമാണ് ഞങ്ങളെ അതിൽ നിന്ന് തടസ്സപ്പെടുത്തുന്നത്?! അവൻ ഞങ്ങളെ ഏറ്റവും നല്ലതും വ്യക്തമായതുമായ വഴിയിലേക്ക് നയിച്ചിരിക്കുന്നു. ഞങ്ങളെ പരിഹസിച്ചു കൊണ്ടും, ഞങ്ങൾ പറയുന്നതിനെ കളവാക്കി കൊണ്ടും നിങ്ങൾ ഞങ്ങളെ ദ്രോഹിച്ചതിനെപ്പറ്റി ഞങ്ങൾ ക്ഷമിക്കുക തന്നെ ചെയ്യും. എല്ലാ കാര്യങ്ങളിലും അല്ലാഹുവിൽ മാത്രമാണ് ഭരമേൽപിക്കുന്നവരെല്ലാം നിർബന്ധമായും ഭരമേൽപിക്കേണ്ടത്.
Source : QUL
13

അവിശ്വാസികള്‍ തങ്ങളിലേക്കുള്ള (അല്ലാഹുവിൻ്റെ) ദൂതന്‍മാരോട് പറഞ്ഞു: ഞങ്ങളുടെ നാട്ടില്‍ നിന്ന് നിങ്ങളെ ഞങ്ങള്‍ പുറത്താക്കുക തന്നെ ചെയ്യും. അല്ലാത്ത പക്ഷം നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക് തിരിച്ചുവന്നേ തീരു. അപ്പോള്‍ അവര്‍ക്ക് (ആ ദൂതന്‍മാര്‍ക്ക്‌) അവരുടെ രക്ഷിതാവ് സന്ദേശം നല്‍കി. തീര്‍ച്ചയായും നാം ആ അക്രമികളെ നശിപ്പിക്കുക തന്നെ ചെയ്യും.

وَقَالَ ٱلَّذِينَ كَفَرُواْ لِرُسُلِهِمۡ لَنُخۡرِجَنَّكُم مِّنۡ أَرۡضِنَآ أَوۡ لَتَعُودُنَّ فِي مِلَّتِنَاۖ فَأَوۡحَىٰٓ إِلَيۡهِمۡ رَبُّهُمۡ لَنُهۡلِكَنَّ ٱلظَّٰلِمِينَ ۝١٣
തഫ്സീർആയത്ത് 13
നബിമാരോട് തർക്കിച്ചു വിജയിക്കാൻ കഴിയാതെ വന്നപ്പോൾ അവരുടെ ജനതയിലെ നിഷേധികൾ പറഞ്ഞു: ഞങ്ങളുടെ നാട്ടിൽ നിന്ന് നിങ്ങളെ ഞങ്ങൾ പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കിൽ നിങ്ങൾ ഞങ്ങളുടെ മതത്തിലേക്ക് തിരിച്ചുവന്നേ തീരു. അപ്പോൾ ആ ദൂതന്മാർക്ക് ധൈര്യം നൽകിക്കൊണ്ട് അല്ലാഹു സന്ദേശം നൽകി: തീർച്ചയായും നാം അല്ലാഹുവിനെയും അവൻറെ ദൂതന്മാരെയും നിഷേധിച്ച അതിക്രമികളെ നശിപ്പിക്കുക തന്നെ ചെയ്യുന്നതാണ്.
Source : QUL
14

അവര്‍ക്കു ശേഷം നിങ്ങളെ നാം നാട്ടില്‍ അധിവസിപ്പിക്കുകയും ചെയ്യുന്നതാണ്‌. എന്‍റെ സ്ഥാനത്തെ(3) ഭയപ്പെടുകയും, എന്‍റെ താക്കീതിനെ ഭയപ്പെടുകയും ചെയ്തവര്‍ക്കുള്ളതാണ് ആ അനുഗ്രഹം.

وَلَنُسۡكِنَنَّكُمُ ٱلۡأَرۡضَ مِنۢ بَعۡدِهِمۡۚ ذَٰلِكَ لِمَنۡ خَافَ مَقَامِي وَخَافَ وَعِيدِ ۝١٤
തഫ്സീർആയത്ത് 14
അവരെ നശിപ്പിച്ച ശേഷം - നബിമാരേ! നിങ്ങളെയും നിങ്ങളെ പിൻപറ്റിയവരേയും- നാം ഭൂമിയിൽ അധിവസിപ്പിക്കും. ഇപ്രകാരം നിഷേധികളായ അവിശ്വാസികളെ നശിപ്പിക്കുകയും, അല്ലാഹുവിൻ്റെ ദൂതന്മാരെയും അവരിൽ വിശ്വസിച്ചവരെയും ഭൂമിയിൽ അധിവസിപ്പിക്കുകയും ചെയ്യുക എന്ന (സഹായം) എൻ്റെ മഹത്വം ഉൾക്കൊള്ളുകയും, ഞാൻ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്ന ബോധ്യം പുലർത്തുകയും, എൻ്റെ ശിക്ഷയെ കുറിച്ചുള്ള താക്കീതിനെ ഭയപ്പെടുകയും ചെയ്തവർക്കുള്ളതാണ്.
Source : QUL
15

അവര്‍ (ആ ദൂതന്‍മാര്‍) വിജയത്തിനായി (അല്ലാഹുവോട്‌) അപേക്ഷിച്ചു. ഏത് ദുര്‍വാശിക്കാരനായ സര്‍വ്വാധിപതിയും പരാജയപ്പെടുകയും ചെയ്തു.(4)

وَٱسۡتَفۡتَحُواْ وَخَابَ كُلُّ جَبَّارٍ عَنِيدٖ ۝١٥
തഫ്സീർആയത്ത് 15
അല്ലാഹുവിൻ്റെ ദൂതന്മാർ അവരുടെ രക്ഷിതാവിനോട് തങ്ങളുടെ ശത്രുക്കളിൽ നിന്ന് അവരെ സഹായിക്കാനായി അപേക്ഷിച്ചു. സത്യം പൂർണ്ണമായി വ്യക്തമായിട്ടും അതിനോട് ശത്രുത പുലർത്തുന്ന എല്ലാ അഹങ്കാരികളും പരാജയപ്പെട്ടു.
Source : QUL
16

അവന്‍റെ പിന്നാലെ തന്നെയുണ്ട് നരകം. ചോരയും ചലവും കലര്‍ന്ന നീരില്‍ നിന്നായിരിക്കും അവന്ന് കുടിക്കാന്‍ നല്‍കപ്പെടുന്നത്‌.

مِّن وَرَآئِهِۦ جَهَنَّمُ وَيُسۡقَىٰ مِن مَّآءٖ صَدِيدٖ ۝١٦
തഫ്സീർആയത്ത് 16
പരലോക നാളിൽ ഈ അഹങ്കാരിയുടെ മുന്നിൽ നരകമുണ്ടായിരിക്കും. അത് അവനെ കാത്തിരിക്കുന്നു. നരകാവകാശികളുടെ ശരീരത്തിൽ നിന്നൊലിക്കുന്ന ചോരയും ചലവും കലർന്ന നീരിൽ നിന്നായിരിക്കും അവന് അവിടെ കുടിക്കാൻ നല്കപ്പെടുക. അതവൻ്റെ ദാഹം ശമിപ്പിക്കുകയില്ല. ദാഹവും മറ്റ് വിവിധങ്ങളായ ശിക്ഷകളുമായി അവൻ ശിക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കും.
Source : QUL
17

അതവന്‍ കീഴ്പോട്ടിറക്കാന്‍ ശ്രമിക്കും. അത് തൊണ്ടയില്‍ നിന്ന് ഇറക്കാന്‍ അവന്ന് കഴിഞ്ഞേക്കുകയില്ല. എല്ലായിടത്തു നിന്നും മരണം അവന്‍റെ നേര്‍ക്ക് വരും. എന്നാല്‍ അവന്‍ മരണപ്പെടുകയില്ല താനും. അതിന്‍റെ പിന്നാലെ തന്നെയുണ്ട് കഠോരമായ വേറെയും ശിക്ഷ.

يَتَجَرَّعُهُۥ وَلَا يَكَادُ يُسِيغُهُۥ وَيَأۡتِيهِ ٱلۡمَوۡتُ مِن كُلِّ مَكَانٖ وَمَا هُوَ بِمَيِّتٖۖ وَمِن وَرَآئِهِۦ عَذَابٌ غَلِيظٞ ۝١٧
തഫ്സീർആയത്ത് 17
പല തവണ അവനത് കുടിക്കാൻ ശ്രമിക്കും. അതിൻ്റെ കയ്പ്പും ദുർഗന്ധവും ചൂടും കാരണം തൊണ്ടയിൽ നിന്ന് അവനത് ഇറക്കാൻ കഴിയുകയില്ല. അവനനുഭവിക്കുന്ന ശിക്ഷ കാരണം എല്ലായിടത്ത് നിന്നും മരണം അവൻ്റെ നേർക്ക് വരും. എന്നാൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുമെന്ന് ആശ്വസിക്കാൻ കഴിയുംവിധം അവൻ മരണപ്പെടുകയുമില്ല. ശിക്ഷ അനുഭവിച്ചുകൊണ്ട് അവൻ ജീവിച്ചുകൊണ്ടിരിക്കും. അവൻ്റെ മുന്നിൽ കഠോരമായ ശിക്ഷ വേറെയുമുണ്ട്.
Source : QUL
18

തങ്ങളുടെ രക്ഷിതാവിനെ നിഷേധിച്ചവരെ, അവരുടെ കര്‍മ്മങ്ങളെ ഉപമിക്കാവുന്നത് കൊടുങ്കാറ്റുള്ള ഒരു ദിവസം കനത്ത കാറ്റടിച്ചു പാറിപ്പോയ വെണ്ണീറിനോടാകുന്നു. അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍ നിന്ന് യാതൊന്നും അനുഭവിക്കാന്‍ അവര്‍ക്ക് സാധിക്കുന്നതല്ല.(5) അത് തന്നെയാണ് വിദൂരമായ മാര്‍ഗഭ്രംശം.

مَّثَلُ ٱلَّذِينَ كَفَرُواْ بِرَبِّهِمۡۖ أَعۡمَٰلُهُمۡ كَرَمَادٍ ٱشۡتَدَّتۡ بِهِ ٱلرِّيحُ فِي يَوۡمٍ عَاصِفٖۖ لَّا يَقۡدِرُونَ مِمَّا كَسَبُواْ عَلَىٰ شَيۡءٖۚ ذَٰلِكَ هُوَ ٱلضَّلَٰلُ ٱلۡبَعِيدُ ۝١٨
തഫ്സീർആയത്ത് 18
(അല്ലാഹുവിനെ) നിഷേധിച്ചവർ ചെയ്യുന്ന ദാനവും, പരോപകാരങ്ങളും, ദുർബലരോടുള്ള കാരുണ്യപ്രവൃത്തികളും പോലുള്ള സൽപ്രവർത്തനങ്ങൾ കൊടുങ്കാറ്റുള്ള ദിവസം കനത്ത കാറ്റടിച്ചു ഒന്നും അവശേഷിക്കാത്ത വിധം പലയിടത്തേക്കായി പാറിപ്പോയ വെണ്ണീർ പോലെയാകുന്നു. ഇപ്രകാരമാകുന്നു (അല്ലാഹുവിനെ) നിഷേധിച്ചവരുടെ പ്രവർത്തനങ്ങൾ; അവരുടെ നിഷേധം ആ പ്രവർത്തനങ്ങളെയെല്ലാം തകർത്തു കളഞ്ഞിരിക്കുന്നു. അന്ത്യനാളിൽ ആ പ്രവർത്തനങ്ങൾ അവ ചെയ്തവർക്ക് യാതൊരു പ്രയോജനവും ചെയ്യുന്നതല്ല. (അല്ലാഹുവിലുള്ള) വിശ്വാസത്തിൻറെ അടിത്തറയില്ലാത്ത അത്തരം പ്രവർത്തനങ്ങൾ; അവ തന്നെയാണ് സന്മാർഗ്ഗത്തിൽ നിന്ന് വിദൂരമായ വഴികേടിലുള്ളത്.
Source : QUL
19

ആകാശങ്ങളും ഭൂമിയും അല്ലാഹു ശരിയായ ക്രമത്തിലാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നീ കണ്ടില്ലേ? അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങളെ അവന്‍ നീക്കം ചെയ്യുകയും, ഒരു പുതിയ സൃഷ്ടിയെ അവന്‍ കൊണ്ട് വരികയും ചെയ്യുന്നതാണ്‌.

أَلَمۡ تَرَ أَنَّ ٱللَّهَ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّۚ إِن يَشَأۡ يُذۡهِبۡكُمۡ وَيَأۡتِ بِخَلۡقٖ جَدِيدٖ ۝١٩
തഫ്സീർആയത്ത് 19
മനുഷ്യാ, ആകാശങ്ങളും ഭൂമിയും അല്ലാഹു വെറുതെ സൃഷ്ടിച്ചതല്ല, യാഥാർത്ഥ്യത്തോടെയാണ് സൃഷ്ടിച്ചിട്ടുള്ളത് എന്ന് നിനക്കറിയില്ലേ? അവൻ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങളെ അവൻ നീക്കം ചെയ്യുകയും, അവനെ മാത്രം ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു പുതിയ വിഭാഗത്തെ നിങ്ങൾക്ക് പകരം അവൻ കൊണ്ട് വരികയും ചെയ്യുന്നതാണ്. അത് അവന് എളുപ്പവും നിസ്സാരവുമത്രെ.
Source : QUL
20

അല്ലാഹുവെ സംബന്ധിച്ചിടത്തോളം അത് ഒരു വിഷമകരമായ കാര്യമല്ല.

وَمَا ذَٰلِكَ عَلَى ٱللَّهِ بِعَزِيزٖ ۝٢٠
തഫ്സീർആയത്ത് 20
നിങ്ങളെ നശിപ്പിക്കുകയും, നിങ്ങളല്ലാത്ത മറ്റൊരു സൃഷ്ടിയെ കൊണ്ടുവരികയും ചെയ്യുക എന്നത് അവന് അശക്തമായ കാര്യമല്ല. അവൻ എല്ലാറ്റിനും കഴിവുറ്റവനാണ്. യാതൊന്നും അവന് അസാധ്യമല്ല.
Source : QUL
21

അവരെല്ലാവരും അല്ലാഹുവിങ്കലേക്ക് പുറപ്പെട്ട് വന്നിരിക്കുകയാണ്‌.(6) അപ്പോഴതാ ദുര്‍ബലര്‍ അഹങ്കരിച്ചിരുന്നവരോട് പറയുന്നു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ അനുയായികളായിരുന്നല്ലോ. ആകയാല്‍ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് അല്‍പമെങ്കിലും നിങ്ങള്‍ ഞങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരുമോ? അവര്‍ (അഹങ്കരിച്ചിരുന്നവര്‍) പറയും: അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കിയിരുന്നെങ്കില്‍ ഞങ്ങള്‍ നിങ്ങളെയും നേര്‍വഴിയിലാക്കുമായിരുന്നു. നമ്മെ സംബന്ധിച്ചേടത്തോളം നാം ക്ഷമകേട് കാണിച്ചാലും ക്ഷമിച്ചാലും ഒരു പോലെയാകുന്നു. നമുക്ക് യാതൊരു രക്ഷാമാര്‍ഗവുമില്ല.

وَبَرَزُواْ لِلَّهِ جَمِيعٗا فَقَالَ ٱلضُّعَفَٰٓؤُاْ لِلَّذِينَ ٱسۡتَكۡبَرُوٓاْ إِنَّا كُنَّا لَكُمۡ تَبَعٗا فَهَلۡ أَنتُم مُّغۡنُونَ عَنَّا مِنۡ عَذَابِ ٱللَّهِ مِن شَيۡءٖۚ قَالُواْ لَوۡ هَدَىٰنَا ٱللَّهُ لَهَدَيۡنَٰكُمۡۖ سَوَآءٌ عَلَيۡنَآ أَجَزِعۡنَآ أَمۡ صَبَرۡنَا مَا لَنَا مِن مَّحِيصٖ ۝٢١
തഫ്സീർആയത്ത് 21
വാഗ്ദത്ത ദിവസം (അന്ത്യനാളിൽ) സൃഷ്ടികളെല്ലാം അവരുടെ ഖബറുകളിൽ നിന്ന് അല്ലാഹുവിങ്കലേക്ക് പുറപ്പെട്ട് വന്നിരിക്കുകയാണ്. അപ്പോഴതാ ദുർബലരായ അനുയായികൾ തങ്ങളുടെ നേതാക്കന്മാരോട് പറയുന്നു: തീർച്ചയായും ഞങ്ങൾ നിങ്ങളുടെ അനുയായികളായിരുന്നു. നിങ്ങളുടെ കൽപ്പനകൾ ഞങ്ങൾ അനുസരിച്ചു, നിങ്ങൾ വിരോധിച്ചതിൽ നിന്ന് ഞങ്ങൾ വിട്ടുനിന്നു. ആകയാൽ അല്ലാഹുവിൻറെ ശിക്ഷയിൽ നിന്ന് അൽപമെങ്കിലും നിങ്ങൾ ഞങ്ങളിൽ നിന്ന് ഒഴിവാക്കിത്തരുമോ? നേതാക്കന്മാർ പറയും: അല്ലാഹു ഞങ്ങളെ നേർവഴിയിലാക്കിയിരുന്നെങ്കിൽ ഞങ്ങൾ നിങ്ങളെയും നേർവഴിയിലാക്കുമായിരുന്നു. എങ്കിൽ നമുക്കൊരുമിച്ച് അവൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാമായിരുന്നു. പക്ഷെ ഞങ്ങൾ വഴികേടിലായി അങ്ങനെ നിങ്ങളെയും ഞങ്ങൾ വഴികേടിലാക്കുകയും ചെയ്തു. നമ്മെ സംബന്ധിച്ചേടത്തോളം അല്ലാഹുവിൻ്റെ ശിക്ഷ ഏറ്റുവാങ്ങുന്നതിൽ നാം ക്ഷമകേട് കാണിച്ചാലും ക്ഷമിച്ചാലും ഒരു പോലെയാകുന്നു. നമുക്ക് ശിക്ഷയിൽ നിന്ന് എങ്ങോട്ടും ഓടിരക്ഷപ്പെടുക സാധ്യമല്ല.
Source : QUL
22

കാര്യം തീരുമാനിക്കപ്പെട്ട് കഴിഞ്ഞാല്‍ പിശാച് പറയുന്നതാണ്‌.(7) തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് ഒരു വാഗ്ദാനം ചെയ്തു. സത്യവാഗ്ദാനം. ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു. എന്നാല്‍ നിങ്ങളോട് (ഞാന്‍ ചെയ്ത വാഗ്ദാനം) ഞാന്‍ ലംഘിച്ചു. എനിക്ക് നിങ്ങളുടെ മേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‍കി എന്ന് മാത്രം. ആകയാല്‍, നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക. എനിക്ക് നിങ്ങളെ സഹായിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും സഹായിക്കാനാവില്ല. മുമ്പ് നിങ്ങള്‍ എന്നെ പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു.(8) തീര്‍ച്ചയായും അക്രമകാരികളാരോ അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്‌.

وَقَالَ ٱلشَّيۡطَٰنُ لَمَّا قُضِيَ ٱلۡأَمۡرُ إِنَّ ٱللَّهَ وَعَدَكُمۡ وَعۡدَ ٱلۡحَقِّ وَوَعَدتُّكُمۡ فَأَخۡلَفۡتُكُمۡۖ وَمَا كَانَ لِيَ عَلَيۡكُم مِّن سُلۡطَٰنٍ إِلَّآ أَن دَعَوۡتُكُمۡ فَٱسۡتَجَبۡتُمۡ لِيۖ فَلَا تَلُومُونِي وَلُومُوٓاْ أَنفُسَكُمۖ مَّآ أَنَا۠ بِمُصۡرِخِكُمۡ وَمَآ أَنتُم بِمُصۡرِخِيَّ إِنِّي كَفَرۡتُ بِمَآ أَشۡرَكۡتُمُونِ مِن قَبۡلُۗ إِنَّ ٱلظَّٰلِمِينَ لَهُمۡ عَذَابٌ أَلِيمٞ ۝٢٢
തഫ്സീർആയത്ത് 22
സ്വർഗക്കാർ സ്വർഗ്ഗത്തിലും നരകാവകാശികൾ നരകത്തിലും പ്രവേശിച്ചാൽ പിശാച് പറയുന്നതാണ്. തീർച്ചയായും അല്ലാഹു നിങ്ങളോട് സത്യമായ വാഗ്ദാനം ചെയ്തു. അവൻ വാഗ്ദാനം ചെയ്തത് അവൻ നിങ്ങളോട് പാലിക്കുകയും ചെയ്തു. ഞാൻ നിങ്ങളോട് കള്ളവാഗ്ദാനമാണ് ചെയ്തത്; അത് ഞാൻ ലംഘിച്ചിരിക്കുന്നു. (അല്ലാഹുവിനെ) നിഷേധിക്കുകയോ, വഴികേട് സ്വീകരിക്കുകയോ ചെയ്യാൻ നിങ്ങളെ നിർബന്ധിക്കാൻ മാത്രം യാതൊരു ശക്തിയും എനിക്കില്ലായിരുന്നു; മറിച്ച് ഞാൻ നിങ്ങളെ നിഷേധത്തിലേക്ക് ക്ഷണിക്കുകയും, തിന്മകൾ നിങ്ങൾക്ക് ഞാൻ ഭംഗിയുള്ളതാക്കി തോന്നിപ്പിക്കുകയും ചെയ്തുവെന്ന് മാത്രം; നിങ്ങളാകട്ടെ ഉടനെ എന്നെ പിൻപറ്റാൻ ധൃതികൂട്ടുകയും ചെയ്തു. ആകയാൽ, നിങ്ങൾക്ക് ബാധിച്ച വഴികേടിൽ നിങ്ങളെന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങൾ നിങ്ങളുടെ സ്വന്തങ്ങളെ തന്നെ കുറ്റപ്പെടുത്തി കൊള്ളുക. ആക്ഷേപിക്കപ്പെടാൻ ഏറ്റവും അർഹതയുള്ളവർ നിങ്ങൾ തന്നെയാണ്. നിങ്ങളിൽ നിന്ന് ശിക്ഷ തടുത്തു വെച്ചു കൊണ്ട് നിങ്ങളെ സഹായിക്കാൻ എനിക്കാവില്ല. എന്നിൽ നിന്ന് ശിക്ഷ തടുത്തു കൊണ്ട് നിങ്ങൾക്ക് എന്നെയും സഹായിക്കാനാവില്ല. അല്ലാഹുവിനുള്ള ആരാധനയിൽ എന്നെ നിങ്ങൾ പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു. തീർച്ചയായും ഇഹലോകത്ത് അല്ലാഹുവിൽ പങ്കുചേർത്തും അവനെ നിഷേധിച്ചും അക്രമം കാണിച്ചവരാരോ അവർക്ക് ഖിയാമത്ത് നാളിൽ വേദനയേറിയ ശിക്ഷയുണ്ട്.
Source : QUL
23

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കപ്പെടുന്നതാണ്‌. അവരുടെ രക്ഷിതാവിന്‍റെ അനുമതിപ്രകാരം അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ക്ക് അവിടെയുള്ള അഭിവാദ്യം സലാം ആയിരിക്കും.

وَأُدۡخِلَ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَا بِإِذۡنِ رَبِّهِمۡۖ تَحِيَّتُهُمۡ فِيهَا سَلَٰمٌ ۝٢٣
തഫ്സീർആയത്ത് 23
അക്രമികളുടെ പര്യവസാനം പോലെയായിരിക്കില്ല (അല്ലാഹുവിൽ) വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരുടെ പര്യവസാനം. അവർ സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നതാണ്; അതിലെ കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകുന്നു. അവരുടെ രക്ഷിതാവിൻറെ അനുമതിയാലും, അവൻ്റെ കഴിവിനാലും അവരതിൽ നിത്യവാസികളായിരിക്കും. അവരവിടെ പരസ്പരം അഭിവാദ്യം ചെയ്യും. മലക്കുകളും അവരെ അഭിവാദ്യം ചെയ്യും. അവരുടെ രക്ഷിതാവായ അല്ലാഹുവും അവർക്ക് അഭിവാദ്യമേകും.
Source : QUL
24

അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? (അത്‌) ഒരു നല്ല മരം പോലെയാകുന്നു. അതിന്‍റെ മുരട് ഉറച്ചുനില്‍ക്കുന്നതും അതിന്‍റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്നതുമാകുന്നു.

أَلَمۡ تَرَ كَيۡفَ ضَرَبَ ٱللَّهُ مَثَلٗا كَلِمَةٗ طَيِّبَةٗ كَشَجَرَةٖ طَيِّبَةٍ أَصۡلُهَا ثَابِتٞ وَفَرۡعُهَا فِي ٱلسَّمَآءِ ۝٢٤
തഫ്സീർആയത്ത് 24
പ്രവാചകരേ, അല്ലാഹുവിൻ്റെ ഏകത്വം ഉദ്ഘോഷിക്കുന്ന 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല' എന്ന വാക്യത്തിന് എങ്ങനെയാണ് അല്ലാഹു ഉപമ നൽകിയിരിക്കുന്നത് എന്ന് താങ്കൾ മനസ്സിലാക്കിയില്ലേ? അതിനെ ഒരു നല്ല വൃക്ഷത്തോട് അവൻ ഉപമിച്ചിരിക്കുന്നു; ഈന്തപ്പനയാണ് ആ വൃക്ഷം. അതിൻറെ മുരട് ഭൂമിയിൽ ഉറച്ചുനിൽക്കുകയും, സമൃദ്ധമായ വേരുകൾ കൊണ്ട് അത് ഭൂമിയിൽ നിന്ന് വെള്ളം വലിച്ചെടുക്കുകയും ചെയ്യുന്നു. അതിൻറെ ശാഖകൾ ആകാശത്തേക്ക് ഉയർന്ന് നിന്ന് മഞ്ഞു തുള്ളികൾ നുകരുകയും, ശുദ്ധ വായു സ്വീകരിക്കുകയും ചെയ്യുന്നു.
Source : QUL
25

അതിന്‍റെ രക്ഷിതാവിന്‍റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്‍റെ ഫലം നല്‍കിക്കൊണ്ടിരിക്കും.(9) മനുഷ്യര്‍ക്ക് അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു.

تُؤۡتِيٓ أُكُلَهَا كُلَّ حِينِۭ بِإِذۡنِ رَبِّهَاۗ وَيَضۡرِبُ ٱللَّهُ ٱلۡأَمۡثَالَ لِلنَّاسِ لَعَلَّهُمۡ يَتَذَكَّرُونَ ۝٢٥
തഫ്സീർആയത്ത് 25
അതിൻറെ രക്ഷിതാവിൻറെ ഉത്തരവനുസരിച്ച് ഈ നല്ല മരം എല്ലാ കാലത്തും സമൃദ്ധമായ ഫലം നൽകിക്കൊണ്ടിരിക്കും. മനുഷ്യർക്ക് അവർ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകൾ വിവരിച്ചുകൊടുക്കുന്നു.
Source : QUL
26

ദുഷിച്ച വചനത്തെ ഉപമിക്കാവുന്നതാകട്ടെ, ഒരു ദുഷിച്ച വൃക്ഷത്തോടാകുന്നു. ഭൂതലത്തില്‍ നിന്ന് അത് പിഴുതെടുക്കപ്പെട്ടിരിക്കുന്നു. അതിന്ന് യാതൊരു നിലനില്‍പുമില്ല.

وَمَثَلُ كَلِمَةٍ خَبِيثَةٖ كَشَجَرَةٍ خَبِيثَةٍ ٱجۡتُثَّتۡ مِن فَوۡقِ ٱلۡأَرۡضِ مَا لَهَا مِن قَرَارٖ ۝٢٦
തഫ്സീർആയത്ത് 26
ബഹുദൈവാരാധനയുടെ ദുഷിച്ച വചനത്തെ ഉപമിക്കാവുന്നത്, ദുഷിച്ച വൃക്ഷത്തോടാകുന്നു; ആട്ടക്കായയുടെ വൃക്ഷമാകുന്നു അത്. ഭൂതലത്തിൽ നിന്ന് അത് വേരോടെ പിഴുതെടുക്കപ്പെട്ടിരിക്കുന്നു. ഭൂമിക്ക് മുകളിൽ അതിന് ഉറച്ചു നിൽക്കാനാവില്ല. ആകാശത്തേക്ക് ഉയരാനും അതിനാകില്ല. അങ്ങനെ ക്രമേണ അത് നശിച്ചുപോവുകയും കാറ്റ് അതിനെ വലിച്ചെറിയുകയും ചെയ്യുന്നു. (ഇതു പോലെ അല്ലാഹുവിനെ) നിഷേധിക്കുന്ന വചനത്തിൻറെ പര്യവസാനവും തകർച്ചയും നാശവുമത്രെ. നിഷേധത്തിൻ്റെ ആ വാക്കുകൾ സ്വീകരിച്ചവരുടേതായി ഒരു നല്ല പ്രവർത്തനവും അല്ലാഹുവിലേക്ക് ഉയരുന്നതല്ല.
Source : QUL
27

ഐഹികജീവിതത്തിലും, പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച് നിര്‍ത്തുന്നതാണ്‌.(10) അക്രമകാരികളെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് പ്രവര്‍ത്തിക്കുന്നു

يُثَبِّتُ ٱللَّهُ ٱلَّذِينَ ءَامَنُواْ بِٱلۡقَوۡلِ ٱلثَّابِتِ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَفِي ٱلۡأٓخِرَةِۖ وَيُضِلُّ ٱللَّهُ ٱلظَّٰلِمِينَۚ وَيَفۡعَلُ ٱللَّهُ مَا يَشَآءُ ۝٢٧
തഫ്സീർആയത്ത് 27
ഐഹികജീവിതത്തിൽ (അല്ലാഹുവിൻ്റെ ഏകത്വം അറിയിക്കുന്ന) തൗഹീദിൻറെ സുശക്തമായ വചനം കൊണ്ട് (അവനിൽ) വിശ്വസിച്ചവരെ അല്ലാഹു ഉറപ്പിച്ച് നിർത്തുന്നതാണ്; അങ്ങനെ അവർ വിശ്വാസത്തോടെ മരണം വരിക്കുന്നതാണ്. (മരണ ശേഷമുള്ള) ബർസഖീ ജീവിതത്തിൽ ഖബറുകളിൽ വെച്ച് (മലക്കുകളാൽ) ചോദ്യം ചെയ്യപ്പെടുന്ന അവസരത്തിലും, ഖിയാമത്ത് നാളിലും അല്ലാഹു അവരെ ഉറപ്പിച്ചുനിർത്തും. അല്ലാഹുവിൽ പങ്കുചേർക്കുകയും അവനെ നിഷേധിക്കുകയും ചെയ്ത അക്രമകാരികളെ അല്ലാഹു ദുർമാർഗത്തിലാക്കുകയും ചെയ്യും. അല്ലാഹു അവൻ ഉദ്ദേശിക്കുന്നത് പ്രവർത്തിക്കുന്നു. അവൻറെ നീതി കൊണ്ട് അവൻ വഴികേടിലാക്കാനുദ്ദേശിച്ചവരെ അവൻ വഴികേടിലാക്കുകയും അവൻറെ അനുഗ്രഹം കൊണ്ട് അവൻ സന്മാർഗ്ഗത്തിലാക്കാനുദ്ദേശിച്ചവരെ അവൻ സന്മാർഗ്ഗത്തിലാക്കുകയും ചെയ്യുന്നു. അവനെ നിർബന്ധിക്കാൻ ആരുമില്ലതന്നെ.
Source : QUL
28

അല്ലാഹുവിന്‍റെ അനുഗ്രഹത്തിന് (നന്ദികാണിക്കേണ്ടതിനു) പകരം നന്ദികേട് കാണിക്കുകയും, തങ്ങളുടെ ജനതയെ നാശത്തിന്‍റെ ഭവനത്തില്‍ ഇറക്കിക്കളയുകയും ചെയ്ത ഒരു വിഭാഗത്തെ(11) നീ കണ്ടില്ലേ?

۞ أَلَمۡ تَرَ إِلَى ٱلَّذِينَ بَدَّلُواْ نِعۡمَتَ ٱللَّهِ كُفۡرٗا وَأَحَلُّواْ قَوۡمَهُمۡ دَارَ ٱلۡبَوَارِ ۝٢٨
തഫ്സീർആയത്ത് 28
അല്ലാഹുവിനെയും അവൻറെ ദൂതനെയും നിഷേധിച്ച ഖുറൈശികളിൽ പെട്ടവരുടെ അവസ്ഥ താങ്കൾ കണ്ടിരിക്കുന്നുവല്ലോ? (മക്കയിലുള്ള കഅ്ബയുടെ പരിസരമായ) ഹറമിൽ നിർഭയത്വം നിശ്ചയിക്കുകയും, മുഹമ്മദ് നബിയെ അവരിലേക്ക് നിയോഗിക്കുകയും ചെയ്തു കൊണ്ട് അല്ലാഹു അവർക്ക് നൽകിയ അനുഗ്രഹത്തിന് പകരമായി അവർ ചെയ്തത് അവൻ്റെ അനുഗ്രഹങ്ങളെ നിഷേധിക്കുക എന്നതായിരുന്നു. തങ്ങളുടെ രക്ഷിതാവിൽ നിന്ന് വന്നെത്തിയതിനെ അവർ കളവാക്കി. അതിലൂടെ ഈ നിഷേധത്തിൻ്റെ വഴിയിൽ അവരെ പിന്തുടർന്ന തങ്ങളുടെ ജനങ്ങളെയെല്ലാം അവർ നാശത്തിൻറെ ഭവനത്തിലേക്ക് വലിച്ചിഴക്കുകയും ചെയ്തു.
Source : QUL
29

അഥവാ നരകത്തില്‍. അതില്‍ അവര്‍ എരിയുന്നതാണ്‌. അത് എത്ര മോശമായ താമസസ്ഥലം!

جَهَنَّمَ يَصۡلَوۡنَهَاۖ وَبِئۡسَ ٱلۡقَرَارُ ۝٢٩
തഫ്സീർആയത്ത് 29
നാശത്തിൻറെ ഭവനം എന്നാൽ നരകമാണ് ഉദ്ദേശം. അതിൽ അവർ പ്രവേശിക്കുകയും അതിലെ ചൂട് അവർ അനുഭവിക്കുകയും ചെയ്യും. അവരുടെ താമസസ്ഥലം എത്ര മോശമായ താമസസ്ഥലം!
Source : QUL
30

അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തെറ്റിച്ചുകളയാന്‍ വേണ്ടി അവര്‍ അവന്ന് ചില സമന്‍മാരെ ഉണ്ടാക്കി വെച്ചിരിക്കുന്നു. പറയുക: നിങ്ങള്‍ സുഖിച്ചുകൊള്ളൂ. നിങ്ങളുടെ മടക്കം നരകത്തിലേക്ക് തന്നെയാണ്‌.

وَجَعَلُواْ لِلَّهِ أَندَادٗا لِّيُضِلُّواْ عَن سَبِيلِهِۦۗ قُلۡ تَمَتَّعُواْ فَإِنَّ مَصِيرَكُمۡ إِلَى ٱلنَّارِ ۝٣٠
തഫ്സീർആയത്ത് 30
തങ്ങളുടെ അനുയായികളെ അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് വഴിതെറ്റിക്കുന്നതിനായി ബഹുദൈവാരാധകർ അല്ലാഹുവിന് സമന്മാരെയും തുല്ല്യരെയും നിശ്ചയിച്ചിരിക്കുന്നു. അവരാകട്ടെ, അതിന് മുൻപ് തന്നെ അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് വഴിപിഴക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിൻ്റെ റസൂലേ! പറയുക: ഇഹലോകത്ത് നിങ്ങളുടെ ഇച്ഛകളിൽ രമിച്ചു കൊണ്ടും, അല്ലാഹുവിൻ്റെ മാർഗത്തെ കുറിച്ച് സംശയങ്ങൾ പ്രചരിപ്പിച്ചു കൊണ്ടും നിങ്ങൾ സുഖിച്ചു കൊള്ളൂ. ഖിയാമത്ത് നാളിൽ നിങ്ങളുടെ മടക്കം നരകത്തിലേക്ക് തന്നെയാണ്. മറ്റൊരു മടക്കവും നിങ്ങൾക്കില്ല തന്നെ.
Source : QUL
31

വിശ്വാസികളായ എന്‍റെ ദാസന്‍മാരോട് നീ പറയുക: അവര്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം അവര്‍ക്കു നല്‍കിയ ധനത്തില്‍ നിന്ന്‌, യാതൊരു ക്രയവിക്രയവും ചങ്ങാത്തവും നടക്കാത്ത ഒരു ദിവസം വരുന്നതിന് മുമ്പായി രഹസ്യമായും പരസ്യമായും അവര്‍ (നല്ല വഴിയില്‍) ചെലവഴിക്കുകയും ചെയ്തുകൊള്ളട്ടെ.

قُل لِّعِبَادِيَ ٱلَّذِينَ ءَامَنُواْ يُقِيمُواْ ٱلصَّلَوٰةَ وَيُنفِقُواْ مِمَّا رَزَقۡنَٰهُمۡ سِرّٗا وَعَلَانِيَةٗ مِّن قَبۡلِ أَن يَأۡتِيَ يَوۡمٞ لَّا بَيۡعٞ فِيهِ وَلَا خِلَٰلٌ ۝٣١
തഫ്സീർആയത്ത് 31
അല്ലാഹുവിൻ്റെ റസൂലേ! (അല്ലാഹുവിൽ) വിശ്വസിച്ചവരോട് താങ്കൾ പറയുക: വിശ്വാസികളേ, നിങ്ങൾ നിസ്കാരം അതിൻ്റെ പൂർണ്ണമായ രൂപത്തിൽ നിർവഹിക്കുകയും, അല്ലാഹു നിങ്ങൾക്ക് നൽകിയ ധനത്തിൽ നിന്ന് നിർബന്ധവും ഐഛികവുമായ ദാനങ്ങൾ നൽകുകയും ചെയ്യുക. ലോകമാന്യം ഭയന്നു കൊണ്ട് രഹസ്യമായും, നിങ്ങളെ കണ്ട് മറ്റുള്ളവർ അനുകരിക്കാൻ വേണ്ടി പരസ്യമായും ദാനം ചെയ്യുക. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കഴിയുംവിധമുള്ള ഒരു കച്ചവടമോ പ്രായശ്ചിത്തമോ ഇല്ലാത്ത ഒരു ദിവസം വന്നെത്തുന്നതിന് മുൻപാകട്ടെ അത്. തൻ്റെ സുഹൃത്തിന് വേണ്ടി ശുപാർശ ചെയ്യാൻ സാധിക്കുന്ന രൂപത്തിലുള്ള ഒരു സൗഹൃദവുമില്ലാത്ത ആ ദിവസത്തിന് മുൻപ്.
Source : QUL
32

അല്ലാഹുവത്രെ ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, ആകാശത്തു നിന്ന് വെള്ളം ഇറക്കുകയും എന്നിട്ട് അതുമൂലം നിങ്ങളുടെ ഉപജീവനത്തിനായി കായ്കനികള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തത്‌. അവന്‍റെ കല്‍പന(നിയമ) പ്രകാരം കടലിലൂടെ, സഞ്ചരിക്കുന്നതിനായി അവന്‍ നിങ്ങള്‍ക്കു കപ്പലുകള്‍ വിധേയമാക്കിത്തരികയും ചെയ്തിരിക്കുന്നു.(12) നദികളെയും അവന്‍ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു.

ٱللَّهُ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَأَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزۡقٗا لَّكُمۡۖ وَسَخَّرَ لَكُمُ ٱلۡفُلۡكَ لِتَجۡرِيَ فِي ٱلۡبَحۡرِ بِأَمۡرِهِۦۖ وَسَخَّرَ لَكُمُ ٱلۡأَنۡهَٰرَ ۝٣٢
തഫ്സീർആയത്ത് 32
അല്ലാഹുവത്രെ മുൻമാതൃകയില്ലാതെ ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, ആകാശത്ത് നിന്ന് മഴ വർഷിപ്പിച്ചു അതുമൂലം നിങ്ങളുടെ ഉപജീവനത്തിനായി വിവിധയിനം കായ്കനികൾ ഉൽപാദിപ്പിക്കുകയും ചെയ്തത്. ജനങ്ങളേ! നിങ്ങളോടുള്ള കാരുണ്യമാണ് അതെല്ലാം. അവൻറെ കൽപന പ്രകാരം കടലിലൂടെ സഞ്ചരിക്കുന്നതിനായി അവൻ നിങ്ങൾക്ക് കപ്പലുകളെ വിധേയമാക്കിത്തരികയും ചെയ്തിരിക്കുന്നു. നിങ്ങൾക്ക് വെള്ളം കുടിക്കുന്നതിനും, നിങ്ങളുടെ കാലികൾക്കും വിളകൾക്കും വെള്ളം നൽകുന്നതിനും നദികളെയും അവൻ നിങ്ങൾക്ക് സൗകര്യപ്പെടുത്തി തന്നിരിക്കുന്നു.
Source : QUL
33

സൂര്യനെയും ചന്ദ്രനെയും പതിവായി സഞ്ചരിച്ച് കൊണ്ടിരിക്കുന്ന നിലയില്‍ അവന്‍ നിങ്ങള്‍ക്കു വിധേയമാക്കി തന്നിരിക്കുന്നു. രാവിനെയും പകലിനെയും അവന്‍ നിങ്ങള്‍ക്കു വിധേയമാക്കിത്തന്നിരിക്കുന്നു.

وَسَخَّرَ لَكُمُ ٱلشَّمۡسَ وَٱلۡقَمَرَ دَآئِبَيۡنِۖ وَسَخَّرَ لَكُمُ ٱلَّيۡلَ وَٱلنَّهَارَ ۝٣٣
തഫ്സീർആയത്ത് 33
സൂര്യനെയും ചന്ദ്രനെയും തുടർച്ചയായി സഞ്ചരിച്ച് കൊണ്ടിരിക്കുന്ന നിലയിൽ അവൻ നിങ്ങൾക്ക് വിധേയമാക്കി തന്നിരിക്കുന്നു. രാവിനെയും പകലിനെയും ഒന്നിനു പിറകെ മറ്റൊന്ന് വന്നെത്തുന്ന അവൻ സൗകര്യപ്പെടുത്തിയിരിക്കുന്നു. രാത്രിയെ നിങ്ങൾക്ക് ഉറങ്ങാനും വിശ്രമിക്കുന്നതിനും, പകലിനെ നിങ്ങൾക്ക് അദ്ധ്വാനിക്കുന്നതിനും പണിയെടുക്കുന്നതിനും വേണ്ടി (നിശ്ചയിച്ചിരിക്കുന്നു).
Source : QUL
34

നിങ്ങളവനോട് ആവശ്യപ്പെട്ടതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് അവന്‍ നല്‍കിയിരിക്കുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്‍റെ കണക്കെടുക്കാനാവില്ല. തീര്‍ച്ചയായും മനുഷ്യന്‍ മഹാ അക്രമകാരിയും വളരെ നന്ദികെട്ടവനും തന്നെ.

وَءَاتَىٰكُم مِّن كُلِّ مَا سَأَلۡتُمُوهُۚ وَإِن تَعُدُّواْ نِعۡمَتَ ٱللَّهِ لَا تُحۡصُوهَآۗ إِنَّ ٱلۡإِنسَٰنَ لَظَلُومٞ كَفَّارٞ ۝٣٤
തഫ്സീർആയത്ത് 34
നിങ്ങളവനോട് ആവശ്യപ്പെട്ടതും ആവശ്യപ്പെടാത്തതും എല്ലാം നിങ്ങൾക്കവൻ നല്കിയിരിക്കുന്നു. അല്ലാഹുവിൻ്റെ അനുഗ്രഹം നിങ്ങൾ എണ്ണുകയാണെങ്കിൽ അതിൻ്റെ ആധിക്യവും വ്യാപ്തിയും കാരണം നിങ്ങൾക്കതിൻ്റെ കണക്കെടുക്കാനാവില്ല. അവൻ്റെ അനുഗ്രഹങ്ങളിൽ ചിലത് ഉദാഹരണമെന്നോണമേ ഇവിടെ പരാമർശിക്കപ്പെട്ടിട്ടുള്ളൂ. തീർച്ചയായും മനുഷ്യൻ സ്വന്തത്തോട് അങ്ങേയറ്റം അതിക്രമം പ്രവർത്തിക്കുന്നവനും, അല്ലാഹുവിൻറെ അനുഗ്രഹങ്ങളെ ധാരാളമായി നിഷേധിക്കുന്നവനുമാകുന്നു.
Source : QUL
35

ഇബ്രാഹീം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) എന്‍റെ രക്ഷിതാവേ, നീ ഈ നാടിനെ (മക്കയെ) നിര്‍ഭയത്വമുള്ളതാക്കുകയും, എന്നെയും എന്‍റെ മക്കളെയും ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് ആരാധന നടത്തുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യേണമേ.

وَإِذۡ قَالَ إِبۡرَٰهِيمُ رَبِّ ٱجۡعَلۡ هَٰذَا ٱلۡبَلَدَ ءَامِنٗا وَٱجۡنُبۡنِي وَبَنِيَّ أَن نَّعۡبُدَ ٱلۡأَصۡنَامَ ۝٣٥
തഫ്സീർആയത്ത് 35
അല്ലാഹുവിൻ്റെ റസൂലേ! തൻ്റെ മകനായ ഇസ്മാഈലിനെയും, അവൻ്റെ മാതാവായ ഹാജറിനെയും മക്കാ താഴ്വരയിൽ താമസിപ്പിച്ച ശേഷം ഇബ്രാഹീം നബി (അ) പറഞ്ഞ വാക്കുകൾ ഓർക്കുക: എൻ്റെ റബ്ബേ! എൻ്റെ കുടുംബത്തെ ഞാൻ താമസിപ്പിച്ചിരിക്കുന്ന ഈ നാടിനെ -അതായത് മക്കയെ- നിർഭയത്വമുള്ള നാടാക്കേണമേ! അവിടെ രക്തം ചിന്തപ്പെടുകയോ, ആരും അക്രമിക്കപ്പെടുകയോ ചെയ്യപ്പെടരുത്. എന്നെയും എൻ്റെ മക്കളെയും ഞങ്ങൾ വിഗ്രഹങ്ങൾക്ക് ആരാധന നടത്തുന്നതിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യേണമേ!
Source : QUL
36

എന്‍റെ രക്ഷിതാവേ! തീര്‍ച്ചയായും അവ (വിഗ്രഹങ്ങള്‍) മനുഷ്യരില്‍ നിന്ന് വളരെപ്പേരെ പിഴപ്പിച്ച് കളഞ്ഞിരിക്കുന്നു. അതിനാല്‍ എന്നെ ആര്‍ പിന്തുടര്‍ന്നുവോ അവന്‍ എന്‍റെ കൂട്ടത്തില്‍ പെട്ടവനാകുന്നു. ആരെങ്കിലും എന്നോട് അനുസരണക്കേട് കാണിക്കുന്ന പക്ഷം തീര്‍ച്ചയായും നീ ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാണ്.

رَبِّ إِنَّهُنَّ أَضۡلَلۡنَ كَثِيرٗا مِّنَ ٱلنَّاسِۖ فَمَن تَبِعَنِي فَإِنَّهُۥ مِنِّيۖ وَمَنۡ عَصَانِي فَإِنَّكَ غَفُورٞ رَّحِيمٞ ۝٣٦
തഫ്സീർആയത്ത് 36
എൻ്റെ റബ്ബേ! തീർച്ചയായും വിഗ്രഹങ്ങൾ മനുഷ്യരിൽ നിന്ന് വളരെപ്പേരെ പിഴപ്പിച്ച് കളഞ്ഞിരിക്കുന്നു. തങ്ങൾക്ക് വേണ്ടി ഈ വിഗ്രഹങ്ങൾ ശുപാർശ ചെയ്യുമെന്നാണ് അവർ ധരിച്ചത്. അങ്ങനെ അവ അവർക്കൊരു പരീക്ഷണമായി തീരുകയും, അല്ലാഹുവിന് പുറമെ അവർ വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്യുന്ന സ്ഥിതി സംജാതമായി. അതിനാൽ അല്ലാഹുവിനെ ഏകനാക്കുകയും, അവനെ അനുസരിക്കുകയും ചെയ്തു കൊണ്ട് എന്നെ ആരെങ്കിലും പിന്തുടർന്നുവെങ്കിൽ അവൻ എൻ്റെ കക്ഷിയിലും എൻ്റെ അനുയായികളിലും പെട്ടവനാകുന്നു. ആരെങ്കിലും അല്ലാഹുവിനെ ഏകനാക്കുന്നതിലും, അവനെ അനുസരിക്കുന്നതിലും എന്നോട് ധിക്കാരം കാണിക്കുന്ന പക്ഷം തീർച്ചയായും -എൻ്റെ രക്ഷിതാവേ!- ഉദ്ദേശിക്കുന്നവർക്ക് അവരുടെ പാപങ്ങൾ ധാരാളമായി പൊറുത്തു കൊടുക്കുന്നവനാകുന്നു നീ. അവരോട് അങ്ങേയറ്റം കരുണ ചെയ്യുന്നവനുമാകുന്നു.
Source : QUL
37

ഞങ്ങളുടെ രക്ഷിതാവേ, എന്‍റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്‍റെ പവിത്രമായ ഭവനത്തിന്‍റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു.(13) ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്‌.) അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും, അവര്‍ക്ക് കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ.(14) അവര്‍ നന്ദികാണിച്ചെന്ന് വരാം.

رَّبَّنَآ إِنِّيٓ أَسۡكَنتُ مِن ذُرِّيَّتِي بِوَادٍ غَيۡرِ ذِي زَرۡعٍ عِندَ بَيۡتِكَ ٱلۡمُحَرَّمِ رَبَّنَا لِيُقِيمُواْ ٱلصَّلَوٰةَ فَٱجۡعَلۡ أَفۡـِٔدَةٗ مِّنَ ٱلنَّاسِ تَهۡوِيٓ إِلَيۡهِمۡ وَٱرۡزُقۡهُم مِّنَ ٱلثَّمَرَٰتِ لَعَلَّهُمۡ يَشۡكُرُونَ ۝٣٧
തഫ്സീർആയത്ത് 37
ഞങ്ങളുടെ റബ്ബേ! എൻ്റെ ചില സന്തതികളെ -അതായത് ഇസ്മാഈലിനെയും സന്തതികളെയും- കൃഷിയോ വെള്ളമോ ഇല്ലാത്ത ഒരു താഴ്വരയിൽ -അതായത് മക്കയിൽ-, നിൻ്റെ പവിത്രമായ ഭവനമായ കഅ്ബയുടെ അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ റബ്ബേ! കഅ്ബയുടെ അടുത്ത് ഞാനവരെ താമസിപ്പിച്ചത് അവർ അവിടെ നിസ്കാരം മുറപോലെ നിർവ്വഹിക്കുന്നതിനത്രെ. എൻ്റെ റബ്ബേ! അതിനാൽ ജനങ്ങളുടെ മനസ്സുകളെ നീ അവരോടും ആ നാടിനോടും ഇണക്കവും ആഗ്രഹവുമുള്ളതാക്കുകയും, അവർക്ക് കായ്കനികളിൽ നിന്ന് നീ ഉപജീവനം നല്കുകയും ചെയ്യേണമേ. നിൻറെ അനുഗ്രഹങ്ങൾക്ക് അവർ നന്ദികാണിച്ചേക്കാം.
Source : QUL
38

ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും ഞങ്ങള്‍ മറച്ചുവെക്കുന്നതും പരസ്യമാക്കുന്നതും എല്ലാം നീ അറിയും. ഭൂമിയിലുള്ളതോ ആകാശത്തുള്ളതോ ആയ യാതൊരു വസ്തുവും അല്ലാഹുവിന് അവ്യക്തമാകുകയില്ല.

رَبَّنَآ إِنَّكَ تَعۡلَمُ مَا نُخۡفِي وَمَا نُعۡلِنُۗ وَمَا يَخۡفَىٰ عَلَى ٱللَّهِ مِن شَيۡءٖ فِي ٱلۡأَرۡضِ وَلَا فِي ٱلسَّمَآءِ ۝٣٨
തഫ്സീർആയത്ത് 38
ഞങ്ങളുടെ റബ്ബേ! തീർച്ചയായും ഞങ്ങൾ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും എല്ലാം നീ അറിയും. ഭൂമിയിലുള്ളതോ ആകാശത്തുള്ളതോ ആയ യാതൊരു കാര്യവും അല്ലാഹുവിന് അവ്യക്തമാകുകയില്ല. മറിച്ച് അവനതെല്ലാം അറിയുന്നു. നമ്മുടെ ആവശ്യങ്ങളോ അവനോടുള്ള തേട്ടങ്ങളോ ഒന്നും അവന് ഗോപ്യമാകുന്നില്ല.
Source : QUL
39

വാര്‍ദ്ധക്യകാലത്ത് എനിക്ക് ഇസ്മാഈലിനെയും ഇസ്ഹാഖിനെയും പ്രദാനം ചെയ്ത അല്ലാഹുവിന് സ്തുതി. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് പ്രാര്‍ത്ഥന കേള്‍ക്കുന്നവനാണ്‌.

ٱلۡحَمۡدُ لِلَّهِ ٱلَّذِي وَهَبَ لِي عَلَى ٱلۡكِبَرِ إِسۡمَٰعِيلَ وَإِسۡحَٰقَۚ إِنَّ رَبِّي لَسَمِيعُ ٱلدُّعَآءِ ۝٣٩
തഫ്സീർആയത്ത് 39
സജ്ജനങ്ങളിൽ പെട്ട സന്താനങ്ങളെ നൽകണമെന്ന എൻ്റെ പ്രാർത്ഥനക്ക് ഉത്തരം നൽകിയ അല്ലാഹുവിനാകുന്നു സർവ്വ നന്ദിയും സ്തുതികളും. വാർദ്ധക്യകാലത്ത് ഹാജറിലൂടെ എനിക്ക് ഇസ്മാഈലിനെയും, സാറയിലൂടെ ഇസ്ഹാഖിനെയും പ്രദാനം ചെയ്തിരിക്കുന്നു അവൻ. തീർച്ചയായും എൻ്റെ രക്ഷിതാവ് അവനോട് പ്രാർത്ഥിക്കുന്നവരുടെ പ്രാർത്ഥന കേൾക്കുന്നവനാണ്.
Source : QUL
40

എന്‍റെ രക്ഷിതാവേ, എന്നെ നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്‍റെ സന്തതികളില്‍ പെട്ടവരെയും (അപ്രകാരം ആക്കേണമേ) ഞങ്ങളുടെ രക്ഷിതാവേ, എന്‍റെ പ്രാര്‍ത്ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ.

رَبِّ ٱجۡعَلۡنِي مُقِيمَ ٱلصَّلَوٰةِ وَمِن ذُرِّيَّتِيۚ رَبَّنَا وَتَقَبَّلۡ دُعَآءِ ۝٤٠
തഫ്സീർആയത്ത് 40
എൻറെ റബ്ബേ! എന്നെ നീ നിസ്കാരം അതിൻ്റെ പൂർണ്ണമായ രൂപത്തിൽ നിർവഹിക്കുന്നവനാക്കേണമേ. എൻ്റെ സന്തതികളിൽ പെട്ടവരെയും അപ്രകാരം ആക്കേണമേ. ഞങ്ങളുടെ റബ്ബേ! എൻ്റെ പ്രാർത്ഥനക്ക് നീ ഉത്തരം നൽകുകയും, അത് നിൻ്റെ അടുക്കൽ സ്വീകാര്യമാക്കുകയും ചെയ്യേണമേ!
Source : QUL
41

ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവില്‍ വരുന്ന ദിവസം എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും നീ പൊറുത്തുതരേണമേ.

رَبَّنَا ٱغۡفِرۡ لِي وَلِوَٰلِدَيَّ وَلِلۡمُؤۡمِنِينَ يَوۡمَ يَقُومُ ٱلۡحِسَابُ ۝٤١
തഫ്സീർആയത്ത് 41
ഞങ്ങളുടെ റബ്ബേ! ജനങ്ങൾ വിചാരണക്ക് വേണ്ടി തങ്ങളുടെ രക്ഷിതാവിൻറെ മുൻപിൽ നിൽക്കുന്ന ദിവസം എൻറെ പാപങ്ങളും, എൻറെ മാതാപിതാക്കളുടെ പാപങ്ങളും നീ പൊറുത്തു നൽകേണമേ! (തൻ്റെ പിതാവ് അല്ലാഹുവിൻറെ ശത്രുവാണെന്ന് അറിയുന്നതിന് മുൻപാണ് അദ്ദേഹം ഇങ്ങനെ പ്രാർത്ഥിച്ചത്. പിതാവ് അല്ലാഹുവിൻറെ ശത്രുവാണെന്ന് വ്യക്തമായപ്പോൾ അദ്ദേഹം തൻ്റെ പിതാവിൽ നിന്ന് ബന്ധവിഛേദനം നടത്തി.) അല്ലാഹുവിൽ വിശ്വസിച്ചവർക്കും അവരുടെ പാപങ്ങൾ നീ പൊറുത്തു കൊടുക്കേണമേ!
Source : QUL
42

അക്രമികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിച്ച് പോകരുത്‌. കണ്ണുകള്‍ തള്ളിപ്പോകുന്ന ഒരു (ഭയാനകമായ) ദിവസം വരെ അവര്‍ക്കു സമയം നീട്ടികൊടുക്കുക മാത്രമാണ് ചെയ്യുന്നത്‌.

وَلَا تَحۡسَبَنَّ ٱللَّهَ غَٰفِلًا عَمَّا يَعۡمَلُ ٱلظَّٰلِمُونَۚ إِنَّمَا يُؤَخِّرُهُمۡ لِيَوۡمٖ تَشۡخَصُ فِيهِ ٱلۡأَبۡصَٰرُ ۝٤٢
തഫ്സീർആയത്ത് 42
അല്ലാഹുവിൻ്റെ റസൂലേ! അക്രമികളുടെ ശിക്ഷ അല്ലാഹു വൈകിപ്പിക്കുന്നു എന്നതിനാൽ അവരുടെ പ്രവർത്തനങ്ങളെ പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് താങ്കൾ ധരിച്ചു പോകരുത്. അവരുടെ നിഷേധവും, അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് അവർ ജനങ്ങളെ തടയുന്നതും മറ്റുമെല്ലാം അവൻ അറിയുന്നുണ്ട്. അതിലൊന്നും തന്നെ അവന് അവ്യക്തമാകുന്നതല്ല. അന്ത്യനാൾ വരേക്ക് മാത്രമാണ് അല്ലാഹു അവരുടെ ശിക്ഷ വൈകിപ്പിക്കുന്നുള്ളൂ. തങ്ങൾ വീക്ഷിക്കുന്നതിൻ്റെ ഭയാനകത കാരണത്താൽ ഭീതി കൊണ്ട് കണ്ണുകൾ ഉയർന്നു പോകുന്ന ആ ദിവസം വരെയാണ് അവരുടെ ശിക്ഷ നാം പിന്തിക്കുന്നത്.
Source : QUL
43

(അന്ന്‌) ബദ്ധപ്പെട്ട് ഓടിക്കൊണ്ടും, തലകള്‍ ഉയര്‍ത്തിപ്പിടിച്ച് കൊണ്ടും (അവര്‍ വരും.) അവരുടെ ദൃഷ്ടികള്‍ അവരിലേക്ക് തിരിച്ചുവരികയില്ല. അവരുടെ മനസ്സുകള്‍ ശൂന്യവുമായിരിക്കും.

مُهۡطِعِينَ مُقۡنِعِي رُءُوسِهِمۡ لَا يَرۡتَدُّ إِلَيۡهِمۡ طَرۡفُهُمۡۖ وَأَفۡـِٔدَتُهُمۡ هَوَآءٞ ۝٤٣
തഫ്സീർആയത്ത് 43
ജനങ്ങൾ ഖബറുകളിൽ നിന്ന് എഴുന്നേറ്റ് ഒരു വിളിനാദത്തിന് പുറമേ ധൃതിയിൽ പോകുമ്പോൾ പ്രയാസത്തോടെ ആകാശത്തേക്ക് തലകൾ ഉയർത്തി നോക്കുന്ന നിലയിലായിരിക്കും അവർ. അവർ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ച്ചകളുടെ ഭയാനകത നിമിത്തം അവരുടെ കണ്ണുകൾ തറച്ചു നിൽക്കും. അത് അവരിലേക്ക് മടങ്ങി വരികയില്ല. ചിന്തിക്കാൻ സാധിക്കാത്ത വിധം അവരുടെ ഹൃദയങ്ങൾ ശൂന്യമായിരിക്കും. ആ അവസ്ഥയുടെ ഭീകരത കാരണം ഒന്നും അവർക്ക് ഗ്രഹിക്കാൻ കഴിയുകയുമില്ല.
Source : QUL
44

മനുഷ്യര്‍ക്ക് ശിക്ഷ വന്നെത്തുന്ന ഒരു ദിവസത്തെപ്പറ്റി നീ അവര്‍ക്ക് താക്കീത് നല്‍കുക. അക്രമം ചെയ്തവര്‍ അപ്പോള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, അടുത്ത ഒരു അവധി വരെ ഞങ്ങള്‍ക്ക് നീ സമയം നീട്ടിത്തരേണമേ. എങ്കില്‍ നിന്‍റെ വിളിക്ക് ഞങ്ങള്‍ ഉത്തരം നല്‍കുകയും, ദൂതന്‍മാരെ ഞങ്ങള്‍ പിന്തുടരുകയും ചെയ്തുകൊള്ളാം. നിങ്ങള്‍ക്കു (മറ്റൊരു ലോകത്തേക്കു) മാറേണ്ടിവരില്ലെന്ന് നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞിട്ടുണ്ടായിരുന്നില്ലേ? (എന്നായിരിക്കും അവര്‍ക്ക് നല്‍കപ്പെടുന്ന മറുപടി.)

وَأَنذِرِ ٱلنَّاسَ يَوۡمَ يَأۡتِيهِمُ ٱلۡعَذَابُ فَيَقُولُ ٱلَّذِينَ ظَلَمُواْ رَبَّنَآ أَخِّرۡنَآ إِلَىٰٓ أَجَلٖ قَرِيبٖ نُّجِبۡ دَعۡوَتَكَ وَنَتَّبِعِ ٱلرُّسُلَۗ أَوَلَمۡ تَكُونُوٓاْ أَقۡسَمۡتُم مِّن قَبۡلُ مَا لَكُم مِّن زَوَالٖ ۝٤٤
തഫ്സീർആയത്ത് 44
അല്ലാഹുവിൻ്റെ റസൂലേ! ഖിയാമത്ത് നാളിലെ അല്ലാഹുവിൻറെ ശിക്ഷയെ സംബന്ധിച്ച് താങ്കളുടെ ജനതക്ക് താക്കീത് നൽകുക. ബഹുദൈവാരാധനയിലും അല്ലാഹുവിനെ നിഷേധിക്കുന്നതിലും മുഴുകി സ്വന്തത്തോട് അക്രമം ചെയ്തവർ അന്നേ ദിവസം പറയും: 'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് അവധി നീട്ടിനൽകുകയും, ഈ ശിക്ഷ ഞങ്ങളിൽ നിന്ന് ഒഴിവാക്കുകയും ചെയ്യേണമേ! കുറഞ്ഞ സമയത്തേക്കെങ്കിലും ഭൂമിയിലേക്ക് ഞങ്ങളെ നീ മടക്കേണമേ! എങ്കിൽ ഞങ്ങൾ നിന്നിൽ വിശ്വസിക്കുകയും നീ ഞങ്ങളിലേക്ക് നിയോഗിച്ച ദൂതന്മാരെ ഞങ്ങൾ പിന്തുടരുകയും ചെയ്തുകൊള്ളാം.' അവരെ ആക്ഷേപിച്ചു കൊണ്ടുള്ള മറുപടിയാണ് അവർക്ക് നൽകപ്പെടുക: 'ഐഹിക ലോകത്ത് നിന്ന് പരലോകത്തേക്ക് നിങ്ങൾക്ക് മാറേണ്ടിവരില്ലെന്ന് മരണ ശേഷമുള്ള പുനർ ജീവിതത്തെ നിഷേധിച്ചുകൊണ്ട് നിങ്ങൾ സത്യം ചെയ്തു പറഞ്ഞിട്ടുണ്ടായിരുന്നില്ലേ?' (എന്ന് അവരോട് പറയപ്പെടും).
Source : QUL
45

അവരവര്‍ക്കു തന്നെ ദ്രോഹം വരുത്തിവെച്ച ഒരു ജനവിഭാഗത്തിന്‍റെ വാസസ്ഥലങ്ങളിലാണ് നിങ്ങള്‍ താമസിച്ചിരുന്നത്‌. അവരെക്കൊണ്ട് നാം എങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്ന് നിങ്ങള്‍ക്ക് വ്യക്തമായി മനസ്സിലായിട്ടുമുണ്ട്‌. നിങ്ങള്‍ക്ക് നാം ഉപമകള്‍ വിവരിച്ചുതന്നിട്ടുമുണ്ട്‌.

وَسَكَنتُمۡ فِي مَسَٰكِنِ ٱلَّذِينَ ظَلَمُوٓاْ أَنفُسَهُمۡ وَتَبَيَّنَ لَكُمۡ كَيۡفَ فَعَلۡنَا بِهِمۡ وَضَرَبۡنَا لَكُمُ ٱلۡأَمۡثَالَ ۝٤٥
തഫ്സീർആയത്ത് 45
അല്ലാഹുവിനെ നിഷേധിച്ചു കൊണ്ട് തങ്ങൾക്ക് തന്നെ ദ്രോഹം വരുത്തിവെച്ച ഒരു ജനവിഭാഗത്തിൻറെ വാസസ്ഥലങ്ങളിൽ നിങ്ങൾ (യാത്രകൾക്കിടയിൽ) താമസിച്ചിട്ടുണ്ട്. ഹൂദിൻ്റെയും സ്വാലിഹിൻ്റെയും ജനതകൾ ഉദാഹരണം. അവരെ എങ്ങനെയാണ് നാം നശിപ്പിച്ചതെന്ന് നിങ്ങൾക്ക് വ്യക്തമായി മനസ്സിലായിട്ടുമുണ്ട്. നിങ്ങൾ ഉപദേശം ഉൾക്കൊള്ളാൻ അല്ലാഹുവിൻറെ ഗ്രന്ഥമായ ഖുർആനിൽ നാം ഉപമകൾ വിവരിച്ചുതന്നിട്ടുമുണ്ട്. നിങ്ങൾ അതിൽ നിന്നും ഗുണപാഠം ഉൾക്കൊള്ളുകയുണ്ടായില്ല.
Source : QUL
46

അവരാല്‍ കഴിയുന്ന തന്ത്രം അവര്‍ പ്രയോഗിച്ചിട്ടുണ്ട്‌. അല്ലാഹുവിങ്കലുണ്ട് അവര്‍ക്കായുള്ള തന്ത്രം. അവരുടെ തന്ത്രം(15) നിമിത്തം പര്‍വ്വതങ്ങള്‍ നീങ്ങിപ്പോകാന്‍ മാത്രമൊന്നുമായിട്ടില്ല

وَقَدۡ مَكَرُواْ مَكۡرَهُمۡ وَعِندَ ٱللَّهِ مَكۡرُهُمۡ وَإِن كَانَ مَكۡرُهُمۡ لِتَزُولَ مِنۡهُ ٱلۡجِبَالُ ۝٤٦
തഫ്സീർആയത്ത് 46
അക്രമികളായ ജനതയുടെ താമസസ്ഥലത്ത് ഇറങ്ങിയവർ (മക്കയിലെ ഖുറൈശികൾ) മുഹമ്മദ് നബി (സ) യെ വധിക്കാനും അവിടുത്തെ പ്രബോധനം അവസാനിപ്പിക്കാനും അവരുടെ കുതന്ത്രങ്ങൾ മെനഞ്ഞിട്ടുണ്ട്. അവരുടെ തന്ത്രങ്ങളെല്ലാം അല്ലാഹു അറിയുന്നുണ്ട്. അവന് അതിലൊന്നും യാതൊരു അവ്യക്തതയുമുണ്ടാവുകയില്ല. ഇവരുടെ തന്ത്രം തീർത്തും ദുർബലമത്രെ. പർവ്വതങ്ങളോ മറ്റോ നീങ്ങിപ്പോകാൻ മാത്രമൊന്നുമില്ല അവരുടെ ഈ കുതന്ത്രങ്ങൾ. അല്ലാഹു അവർക്കെതിരെ ചെയ്തിരിക്കുന്ന തന്ത്രം ഇതു പോലെയല്ല; (ശക്തമാണ് അല്ലാഹുവിൻ്റെ തന്ത്രം).
Source : QUL
47

ആകയാല്‍ അല്ലാഹു തന്‍റെ ദൂതന്‍മാരോട് ചെയ്ത വാഗ്ദാനം ലംഘിക്കുന്നവനാണെന്ന് നീ വിചാരിച്ച് പോകരുത്‌. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ശിക്ഷാനടപടി കൈക്കൊള്ളുന്നവനുമാണ്‌;

فَلَا تَحۡسَبَنَّ ٱللَّهَ مُخۡلِفَ وَعۡدِهِۦ رُسُلَهُۥٓۚ إِنَّ ٱللَّهَ عَزِيزٞ ذُو ٱنتِقَامٖ ۝٤٧
തഫ്സീർആയത്ത് 47
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു തന്റെ ദൂതന്മാരെ സഹായിക്കുകയും, അവൻ്റെ ദീനിന് വിജയം നൽകുകയും ചെയ്യുന്നതാണ് എന്ന അവൻ്റെ വാഗ്ദാനം അല്ലാഹു ലംഘിക്കുമെന്ന് താങ്കൾ ധരിച്ചു പോകരുത്. തീർച്ചയായും അല്ലാഹു മഹാപ്രതാപിയത്രെ; ഒന്നും അവനെ പരാജയപ്പെടുത്തുകയില്ല. അവൻ തൻ്റെ ഇഷ്ടദാസന്മാർക്കും പ്രതാപം നൽകുന്നതാണ്. അവൻ്റെ ശത്രുക്കളോടും അവൻ്റെ ദൂതന്മാരുടെ ശത്രുക്കളോടും ശക്തമായ പ്രതികാരമെടുക്കുന്നവനുമാകുന്നു അവൻ.
Source : QUL
48

ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും, അത് പോലെ ആകാശങ്ങളും മാറ്റപ്പെടുകയും(16) ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ട് വരുകയും ചെയ്യുന്ന ദിവസം.

يَوۡمَ تُبَدَّلُ ٱلۡأَرۡضُ غَيۡرَ ٱلۡأَرۡضِ وَٱلسَّمَٰوَٰتُۖ وَبَرَزُواْ لِلَّهِ ٱلۡوَٰحِدِ ٱلۡقَهَّارِ ۝٤٨
തഫ്സീർആയത്ത് 48
അല്ലാഹുവിനെ നിഷേധിച്ചവരിൽ നിന്ന് അവൻ പ്രതികാരമെടുക്കുക അന്ത്യനാളിലായിരിക്കും. ഭൂമി ശുദ്ധമായ വെള്ള നിറമുള്ള മറ്റൊരു ഭൂമിയായും, ആകാശങ്ങൾ മറ്റൊരു ആകാശമായും മാറ്റപ്പെടുന്ന ദിവസമായിരിക്കും അത്. ഖബറുകളിൽ നിന്ന് ജനങ്ങൾ തങ്ങളുടെ ശരീരവും ചെയ്തുവെച്ച കർമ്മങ്ങളുമായി അല്ലാഹുവിൻ്റെ മുന്നിലേക്ക് -സർവ്വാധികാരത്തിൻ്റെയും മഹാപ്രതാപത്തിൻ്റെയും ഏകഉടമയായ, ഏവരെയും വിജയിച്ചടക്കുകയും, ഒരാളാലും പരാജയപ്പെടുത്തപ്പെടാൻ കഴിയാത്തവനുമായ അല്ലാഹുവിൻ്റെ മുന്നിലേക്ക്- വന്നെത്തുന്ന ദിവസമത്രെ അത്.
Source : QUL
49

ആ ദിവസം കുറ്റവാളികളെ ചങ്ങലകളില്‍ അന്യോന്യം ചേര്‍ത്ത് ബന്ധിക്കപ്പെട്ടതായിട്ട് നിനക്ക് കാണാം.

وَتَرَى ٱلۡمُجۡرِمِينَ يَوۡمَئِذٖ مُّقَرَّنِينَ فِي ٱلۡأَصۡفَادِ ۝٤٩
തഫ്സീർആയത്ത് 49
അല്ലാഹുവിൻ്റെ റസൂലേ! ഭൂമി ഇന്നത്തെ ഭൂമിയല്ലാത്തതായി മാറ്റപ്പെടുകയും ആകാശങ്ങൾ മാറ്റപ്പെടുകയും ചെയ്യുന്ന ആ ദിവസം (അല്ലാഹുവിനെ) നിഷേധിച്ചവരെയും അവനോടൊപ്പം മറ്റുള്ളവരെ പങ്കുചേർത്തവരെയും പരസ്പരം ചങ്ങലകളിൽ ബന്ധിപ്പിക്കപ്പെട്ടതായി താങ്കൾക്ക് കാണാം. അവരുടെ കൈ കാലുകൾ ചങ്ങലകൾ കൊണ്ട് പിരടിയിലേക്ക് കൂട്ടിക്കെട്ടുകയും, (വേഗത്തിൽ കത്തിയെരിയുന്ന) ടാറുകൊണ്ടുള്ള വസ്ത്രം അവർ ധരിക്കുകയും ചെയ്തിട്ടുണ്ടായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമായിരിക്കും.
Source : QUL
50

അവരുടെ കുപ്പായങ്ങള്‍ കറുത്ത കീല് (ടാര്‍) കൊണ്ടുള്ളതായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമാണ്‌.

سَرَابِيلُهُم مِّن قَطِرَانٖ وَتَغۡشَىٰ وُجُوهَهُمُ ٱلنَّارُ ۝٥٠
തഫ്സീർആയത്ത് 50
അല്ലാഹുവിൻ്റെ റസൂലേ! ഭൂമി ഇന്നത്തെ ഭൂമിയല്ലാത്തതായി മാറ്റപ്പെടുകയും ആകാശങ്ങൾ മാറ്റപ്പെടുകയും ചെയ്യുന്ന ആ ദിവസം (അല്ലാഹുവിനെ) നിഷേധിച്ചവരെയും അവനോടൊപ്പം മറ്റുള്ളവരെ പങ്കുചേർത്തവരെയും പരസ്പരം ചങ്ങലകളിൽ ബന്ധിപ്പിക്കപ്പെട്ടതായി താങ്കൾക്ക് കാണാം. അവരുടെ കൈ കാലുകൾ ചങ്ങലകൾ കൊണ്ട് പിരടിയിലേക്ക് കൂട്ടിക്കെട്ടുകയും, (വേഗത്തിൽ കത്തിയെരിയുന്ന) ടാറുകൊണ്ടുള്ള വസ്ത്രം അവർ ധരിക്കുകയും ചെയ്തിട്ടുണ്ടായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമായിരിക്കും.
Source : QUL
51

ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചുണ്ടാക്കിയതിനുള്ള പ്രതിഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അല്ലാഹു അതിവേഗത്തില്‍ കണക്ക് നോക്കുന്നവനത്രെ.

لِيَجۡزِيَ ٱللَّهُ كُلَّ نَفۡسٖ مَّا كَسَبَتۡۚ إِنَّ ٱللَّهَ سَرِيعُ ٱلۡحِسَابِ ۝٥١
തഫ്സീർആയത്ത് 51
-നന്മയാകട്ടെ തിന്മയാകട്ടെ- ഓരോ വ്യക്തിക്കും പ്രവർത്തിച്ചതിനുള്ള പ്രതിഫലം അല്ലാഹു നല്കുവാൻ വേണ്ടിയത്രെ അത്. തീർച്ചയായും കർമ്മങ്ങൾക്ക് അതിവേഗത്തിൽ കണക്ക് നോക്കുന്നവനത്രെ അല്ലാഹു.
Source : QUL
52

ഇത് മനുഷ്യര്‍ക്ക് വേണ്ടി വ്യക്തമായ ഒരു ഉല്‍ബോധനമാകുന്നു. ഇതു മുഖേന അവര്‍ക്കു മുന്നറിയിപ്പ് നല്‍കപ്പെടേണ്ടതിനും, അവന്‍ ഒരേയൊരു ആരാധ്യന്‍ മാത്രമാണെന്ന് അവര്‍ മനസ്സിലാക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള (ഉല്‍ബോധനം).

هَٰذَا بَلَٰغٞ لِّلنَّاسِ وَلِيُنذَرُواْ بِهِۦ وَلِيَعۡلَمُوٓاْ أَنَّمَا هُوَ إِلَٰهٞ وَٰحِدٞ وَلِيَذَّكَّرَ أُوْلُواْ ٱلۡأَلۡبَٰبِ ۝٥٢
തഫ്സീർആയത്ത് 52
മുഹമ്മദ് നബിക്ക് അവതരിക്കപ്പെട്ട ഈ ഖുർആൻ അല്ലാഹുവിൽ നിന്ന് മനുഷ്യർക്കുള്ള അറിയിപ്പാകുന്നു. അതിലുള്ള ശക്തമായ താക്കീതുകളും മുന്നറിയിപ്പുകളും കൊണ്ട് അവരെ (അല്ലാഹുവിൻ്റെ ശിക്ഷയെ കുറിച്ച്) ഭയപ്പെടുത്തുന്നതിനും, യഥാർത്ഥ ആരാധ്യൻ അല്ലാഹു മാത്രമാണെന്ന് അവർ അറിയുന്നതിനും, അങ്ങനെ അവനെ മാത്രം അവർ ആരാധിക്കുകയും അവനിൽ ആരെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുന്നതിനത്രെ അത് (ഖുർആൻ അവതരിപ്പിച്ചത്). ശരിയായ ബുദ്ധിയുള്ളവർ ആലോചിച്ച് മനസ്സിലാക്കുന്നതിനും വേണ്ടിയത്രെ അത്; കാരണം ഉപദേശങ്ങളിൽ നിന്നും ഗുണപാഠങ്ങളിലും നിന്നും പ്രയോജനമുണ്ടാകുന്നത് അവർക്ക് മാത്രമാണ്.
Source : QUL