സൂറത്ത് മുഹമ്മദ് (Muhammad)യിലെ 38 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Muhammad.
1
അവിശ്വസിക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുകയും ചെയ്തവരാരോ അവരുടെ കര്‍മ്മങ്ങളെ അല്ലാഹു പാഴാക്കിക്കളയുന്നതാണ്.
അല്ലാഹുവിൽ അവിശ്വസിക്കുകയും, അല്ലാഹുവിൻ്റെ ദീനിൽ നിന്ന് ജനങ്ങളെ തടയുകയും ചെയ്യുന്നവർ; അവരുടെ പ്രവർത്തനങ്ങൾ അല്ലാഹു നിഷ്ഫലമാക്കിയിരിക്കുന്നു.
2
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും മുഹമ്മദിനു മേല്‍ അവതരിപ്പിക്കപ്പെട്ടതില്‍ -അതത്രെ അവരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം- വിശ്വസിക്കുകയും ചെയ്തവരാരോ അവരില്‍ നിന്ന് അവരുടെ തിന്‍മകള്‍ അവന്‍ (അല്ലാഹു) മായ്ച്ചുകളയുകയും അവരുടെ അവസ്ഥ അവന്‍ നന്നാക്കിതീര്‍ക്കുകയും ചെയ്യുന്നതാണ്.
അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും, അല്ലാഹു അവൻ്റെ ദൂതനായ മുഹമ്മദ് നബി -ﷺ- യുടെ മേൽ അവതരിപ്പിച്ചതിൽ - അതാകുന്നു അവരുടെ രക്ഷിതാവിങ്കൽ നിന്നുള്ള സത്യം - വിശ്വസിക്കുകയും ചെയ്തവർ; അവരുടെ തിന്മകൾ അവൻ മായ്ച്ചു കളയുകയും, ഐഹികവും പാരത്രികവുമായ വിഷയങ്ങളെല്ലാം അവർക്ക് അവൻ ശരിയാക്കി കൊടുക്കുകയും ചെയ്തിരിക്കുന്നു. (അവരുടെ തിന്മകളുടെ പേരിൽ) അവരെ അവൻ പിടികൂടുകയില്ല.
3
അതെന്തുകൊണ്ടെന്നാല്‍ സത്യനിഷേധികള്‍ അസത്യത്തെയാണ് പിന്തുടര്‍ന്നത്. വിശ്വസിച്ചവരാകട്ടെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യത്തെയാണ് പിന്‍പറ്റിയത്. അപ്രകാരം അല്ലാഹു ജനങ്ങള്‍ക്കു വേണ്ടി അവരുടെ മാതൃകകള്‍ വിശദീകരിക്കുന്നു.
അല്ലാഹുവിനെ നിഷേധിച്ചവർ അസത്യത്തെ പിൻപറ്റിയെന്നതും, അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിച്ചവർ അവരുടെ രക്ഷിതാവിൽ നിന്ന് അവതരിക്കപ്പെട്ട സത്യത്തെ പിൻപറ്റിയെന്നതുമാണ് ഈ പറയപ്പെട്ട രണ്ടു വിഭാഗത്തിനും രണ്ട് പ്രതിഫലങ്ങൾ നൽകപ്പെടാനുള്ള കാരണം. അവരുടെ പരിശ്രമങ്ങൾ വ്യത്യസ്തമായതിനാൽ അവർക്കുള്ള പ്രതിഫലവും വ്യത്യസ്തമായിരിക്കുന്നു. ഇപ്രകാരം അല്ലാഹു ഈ രണ്ട് കൂട്ടർക്കുമുള്ള - (ഇസ്ലാമിൽ) വിശ്വസിച്ചവരുടെ കൂട്ടത്തിനും, (ഇസ്ലാമിനെ) നിഷേധിച്ചവരുടെ കൂട്ടത്തിനുമുള്ള - പ്രതിഫലങ്ങൾ രണ്ടു നിലക്കാക്കിയത് പോലെ ജനങ്ങൾക്ക് വേണ്ടി ഉദാഹരണങ്ങൾ നിരത്തുന്നു. ഓരോന്നിനെയും അതിന് സമാനമായവയിലേക്ക് അവൻ ചേർത്തുകയും ചെയ്യുന്നു.
4
ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക.(1) എന്നിട്ട് അതിനു ശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്‍റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത് വരെയത്രെ അത്.(2) അതാണ് (യുദ്ധത്തിന്‍റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ നേരെ അവന്‍ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ നിങ്ങളില്‍ ചിലരെ മറ്റു ചിലരെ കൊണ്ട് പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുകയേ ഇല്ല.
അല്ലയോ (ഇസ്ലാമിൽ) വിശ്വസിച്ചവരേ! നിങ്ങൾ യുദ്ധത്തിൽ ഏർപ്പെട്ട നിഷേധികളെ കണ്ടുമുട്ടിയാൽ അവരുടെ പിരടിയിൽ നിങ്ങളുടെ വാളുകൾ കൊണ്ട് വെട്ടുക. യുദ്ധം കൊടുമ്പിരി കൊള്ളുന്നത് വരെ അവരുമായി നിങ്ങൾ പോരാട്ടത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുക. അങ്ങനെ അവരെ നിങ്ങൾ അമർച്ച ചെയ്യുക. അങ്ങനെ കടുത്ത പോരാട്ടം കഴിഞ്ഞാൽ നിങ്ങൾ അവരെ ശക്തിയായി ബന്ധിക്കുക. അങ്ങനെ അവരെ നിങ്ങൾ ബന്ധിച്ചു കഴിഞ്ഞാൽ നല്ലതെന്ന് നിങ്ങൾ മനസ്സിലാകുന്ന തീരുമാനം കൈക്കൊള്ളാം. ഒന്നല്ലെങ്കിൽ മോചനമൂല്യമൊന്നും പകരമായി വാങ്ങാതെ അവരെ തടവിൽ നിന്ന് സ്വതന്ത്രരാക്കാം. ഇല്ലെങ്കിൽ മോചനദ്രവ്യമായി സമ്പത്തോ മറ്റോ സ്വീകരിച്ച് നിങ്ങൾക്ക് അവരെ വെറുതെ വിടാം. അവർ ഇസ്ലാം സ്വീകരിക്കുകയോ (മുസ്ലിം ഭരണാധികാരിയുമായി) കരാറിൽ ഏർപ്പെടാൻ തയ്യാറാവുകയോ ചെയ്തു കൊണ്ട് യുദ്ധം അവസാനിക്കുന്നതു വരെ നിങ്ങൾ പോരാട്ടം തുടരുക. ഇങ്ങനെ നിഷേധികളെ കൊണ്ട് മുസ്ലിംകൾ പരീക്ഷിക്കപ്പെടുന്നതും, വിജയപരാജയങ്ങൾ മാറിമറിയുന്നതും, ചിലർ മറ്റുള്ളവർക്ക് മേൽ വിജയിക്കുന്നതുമെല്ലാം അല്ലാഹുവിൻ്റെ വിധിയാകുന്നു. ഒരു യുദ്ധവും കൂടാതെ നിഷേധികൾക്ക് മേൽ വിജയം നൽകാൻ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അങ്ങനെ സാധിക്കുമായിരുന്നു. എന്നാൽ അവൻ നിങ്ങളിൽ ചിലരെ മറ്റു ചിലരെ കൊണ്ട് പരീക്ഷിക്കുന്നതിനായാണ് ജിഹാദ് (ഇസ്ലാമിക മാർഗത്തിലെ യുദ്ധം) നിയമമാക്കിയത്. ആരാണ് വിശ്വാസികളുടെ കൂട്ടത്തിൽ നിന്ന് യുദ്ധം ചെയ്യുവാൻ തയ്യാറാവുകയെന്നും, മാറിനിൽക്കുകയെന്നും പരീക്ഷിക്കാൻ വേണ്ടി. (ഇസ്ലാമിൽ) വിശ്വസിച്ചവനെ കൊണ്ട് നിഷേധിക്കും പരീക്ഷണമുണ്ട്. മുസ്ലിം (നിഷേധിയുടെ കൈ കൊണ്ട്) കൊല്ലപ്പെട്ടാൽ അവൻ (മുസ്ലിം) സ്വർഗത്തിൽ പ്രവേശിക്കും. എന്നാൽ മുസ്ലിം അവനെ (നിഷേധിയെ) കൊലപ്പെടുത്തിയാൽ അവൻ (നിഷേധി) നരകത്തിൽ പ്രവേശിക്കുകയും ചെയ്യും. അല്ലാഹുവിൻ്റെ മാർഗത്തിൽ കൊല്ലപ്പെട്ടവരുടെ പ്രവർത്തനങ്ങൾ അല്ലാഹു നിഷ്ഫലമാക്കില്ല.
5
അവന്‍ അവരെ ലക്ഷ്യത്തിലേക്ക് നയിക്കുകയും അവരുടെ അവസ്ഥ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാണ്.
سَيَهۡدِيهِمۡ وَيُصۡلِحُ بَالَهُمۡ ٥
തഫ്സീർആയത്ത് 5
അവർക്ക് ഇഹലോക ജീവിതത്തിൽ സത്യം പിൻപറ്റാൻ അല്ലാഹു സൗകര്യം ചെയ്യുകയും, അവരുടെ അവസ്ഥ നന്നാക്കി തീർക്കുകയും ചെയ്യും.
6
സ്വര്‍ഗത്തില്‍ അവരെ അവന്‍ പ്രവേശിപ്പിക്കുകയും ചെയ്യും. അവര്‍ക്ക് അതിനെ അവന്‍ മുമ്പേ പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്.
وَيُدۡخِلُهُمُ ٱلۡجَنَّةَ عَرَّفَهَا لَهُمۡ ٦
തഫ്സീർആയത്ത് 6
അവരെ അന്ത്യനാളിൽ അവൻ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും. അതിൻ്റെ വിശേഷണങ്ങൾ അവർക്ക് അവൻ ഇഹലോകത്തായിരിക്കെ വിശദീകരിച്ചു നൽകിയിട്ടുണ്ട്. അതിനാൽ അവർ അതിനെ കുറിച്ച് അറിവുള്ളവരാണ്. അവർക്ക് സ്വർഗത്തിൽ ലഭിക്കാനിരിക്കുന്ന പദവികളെ കുറിച്ചും അവൻ അവർക്ക് വിശദീകരിച്ചു കൊടുത്തിട്ടുണ്ട്.
7
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം(3) അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ അവൻ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നതാണ്.
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! നിങ്ങൾ അല്ലാഹുവിൻ്റെ ദൂതനെയും അവൻ്റെ മതത്തെയും സഹായിച്ചു കൊണ്ട് - അവിശ്വാസികളോട് യുദ്ധത്തിലേർപ്പെട്ട് - അല്ലാഹുവിൻ്റെ സഹായികളായാൽ, അവൻ നിങ്ങളെ സഹായിക്കുകയും, നിങ്ങൾക്ക് അവരുടെ മേൽ വിജയം നൽകുകയും ചെയ്യുന്നതാണ്. അവരുമായി മുഖാമുഖം ഏറ്റുമുട്ടുന്ന വേളയിൽ അവൻ നിങ്ങളുടെ കാൽപ്പാദങ്ങളെ ഉറപ്പിച്ചു നിർത്തുകയും ചെയ്യും.
8
അവിശ്വസിച്ചവരാരോ, അവര്‍ക്ക് നാശം. അവന്‍ (അല്ലാഹു) അവരുടെ കര്‍മ്മങ്ങളെ പാഴാക്കികളയുന്നതുമാണ്.
അല്ലാഹു അവൻ്റെ ദൂതൻ്റെ മേൽ അവതരിപ്പിച്ച ഖുർആനിനെയും, അത് ഉൾക്കൊള്ളുന്ന തൗഹീദിനെയും (ഏകദൈവാരാധന) അവർ വെറുത്തു എന്നതാണ് അവർക്ക് ഈ ശിക്ഷ ലഭിക്കാനുള്ള കാരണം. അപ്പോൾ അല്ലാഹു അവരുടെ പ്രവർത്തനങ്ങൾ നിഷ്ഫലമാക്കുകയും, അവർ ഇഹലോകത്തും പരലോകത്തും നഷ്ടക്കാരായി തീരുകയും ചെയ്തു.
10
അവര്‍ ഭൂമിയില്‍ കൂടി സഞ്ചരിച്ചിട്ടില്ലേ? എങ്കില്‍ തങ്ങളുടെ മുന്‍ഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്നവര്‍ക്ക് നോക്കിക്കാണാമായിരുന്നു. അല്ലാഹു അവരെ തകര്‍ത്തു കളഞ്ഞു. ഈ സത്യനിഷേധികള്‍ക്കുമുണ്ട് അതു പോലെയുള്ളവ. (ശിക്ഷകള്‍)
തങ്ങൾക്ക് മുൻപ് നിഷേധിച്ചു തള്ളിയവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് ചിന്തിക്കുന്നതിനായി, ഈ നിഷേധികൾ ഭൂമിയിലൂടെ സഞ്ചരിച്ചിട്ടില്ലേ?! വേദനാജനകമായിരുന്നു അവരുടെ അന്ത്യം. അല്ലാഹു അവരുടെ ഭവനങ്ങൾ തകർത്തു കളഞ്ഞു. അവരെയും അവരുടെ സന്താനങ്ങളെയും സമ്പാദ്യങ്ങളെയും അല്ലാഹു നശിപ്പിച്ചു. എല്ലാ കാലഘട്ടങ്ങളിലും, എല്ലാ നാടുകളിലുമുള്ള നിഷേധികൾക്ക് ഇതിന് സമാനമായ ശിക്ഷകൾ ഉണ്ട്.
11
അതിന്‍റെ കാരണമെന്തെന്നാല്‍ അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാണ്. സത്യനിഷേധികള്‍ക്കാകട്ടെ ഒരു രക്ഷാധികാരിയും ഇല്ല.
ഈ പറയപെട്ട പ്രതിഫലം രണ്ട് വിഭാഗത്തിനും നൽകപ്പെടാനുള്ള കാരണം; അല്ലാഹു അവനിൽ വിശ്വസിച്ചവരെ സഹായിക്കുന്നവനായതു കൊണ്ടാണ്. എന്നാൽ നിഷേധിച്ചവർക്ക് ഒരു സഹായിയുമില്ല.
12
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്; തീര്‍ച്ച. സത്യനിഷേധികളാകട്ടെ (ഇഹലോകത്ത്) സുഖമനുഭവിക്കുകയും നാല്‍കാലികള്‍ തിന്നുന്നതു പോലെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. നരകമാണ് അവര്‍ക്കുള്ള വാസസ്ഥലം.
തീർച്ചയായും അല്ലാഹു അവനിലും അവൻ്റെ ദൂതനിലും വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ സ്വർഗത്തോപ്പുകളിൽ പ്രവേശിപ്പിക്കുന്നതാണ്. അതിലെ കൊട്ടാരങ്ങൾക്കും വൃക്ഷങ്ങൾക്കും താഴ്ഭാഗത്തു കൂടെ അരുവികൾ ഒഴുകുന്നു. എന്നാൽ അല്ലാഹുവിനെയും അവൻ്റെ ദൂതനെയും നിഷേധിച്ചവരാകട്ടെ; അവർ ഇഹലോകത്ത് തങ്ങളുടെ ദേഹേഛകൾക്ക് അനുസരിച്ച് സുഖിക്കുന്നു. കന്നുകാലികൾ തിന്നുന്നതു പോലെ അവർ തിന്നുന്നു. ഭക്ഷണവും രതിയുമല്ലാതെ മറ്റൊരു ചിന്ത അവർക്കില്ല. പരലോകത്ത് അവർക്ക് മടങ്ങിച്ചെല്ലാനുള്ള സങ്കേതം നരകമാകുന്നു.
13
നിന്നെ പുറത്താക്കിയ നിന്‍റെ രാജ്യത്തെക്കാള്‍ ശക്തിയേറിയ എത്രയെത്ര രാജ്യങ്ങള്‍! അവരെ നാം നശിപ്പിച്ചു. അപ്പോള്‍ അവര്‍ക്കൊരു സഹായിയുമുണ്ടായിരുന്നില്ല.
നിൻ്റെ നാട്ടുകാരാൽ നീ പുറത്താക്കപ്പെട്ട, നിൻ്റെ നാടായ മക്കയെക്കാൾ കടുത്ത ശക്തിയും സമ്പത്തും സന്താനങ്ങളുമുണ്ടായിരുന്ന, മുൻകാല സമുദായങ്ങളിൽ പെട്ട എത്രയെത്ര നാടുകൾ! അവർ അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്മാരെ നിഷേധിച്ചപ്പോൾ നാം അവരെ നശിപ്പിച്ചു. അല്ലാഹുവിൻ്റെ ശിക്ഷ അവരെ ബാധിച്ചപ്പോൾ അതിൽ നിന്ന് അവരെ രക്ഷിക്കാൻ ഒരു സഹായിയും അവർക്കുണ്ടായില്ല. നാമുദ്ദേശിച്ചാൽ മക്കക്കാരെ നശിപ്പിക്കുകയെന്നതും നമുക്ക് അസാധ്യമല്ല.
14
തന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സ്പഷ്ടമായ തെളിവനുസരിച്ച് നിലകൊള്ളുന്ന ഒരാള്‍ സ്വന്തം ദുഷ് പ്രവൃത്തി അലംകൃതമായി തോന്നുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്ത ഒരുവനെ പോലെയാണോ?
തൻ്റെ രക്ഷിതാവിൽ നിന്നുള്ള വ്യക്തമായ തെളിവും പ്രമാണവും ഉള്ള, ദൃഢബോധ്യത്തോടെ അല്ലാഹുവിനെ ആരാധിക്കുന്ന ഒരാളും, തൻ്റെ മോശം പ്രവർത്തികൾ പിശാച് അലങ്കാരമാക്കി നൽകുകയും, അങ്ങനെ ദേഹേഛകളുടെ താൽപര്യങ്ങൾക്കനുസരിച്ച് വിഗ്രഹങ്ങളെ ആരാധിക്കുകയും, തിന്മകൾ ചെയ്തു കൂട്ടുകയും, അല്ലാഹുവിൻ്റെ ദൂതന്മാരെ നിഷേധിക്കുകയും ചെയ്യുന്നവനും ഒരു പോലെയാകുമോ?
15
സൂക്ഷ്മതയുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്‍റെ അവസ്ഥ എങ്ങനെയെന്നാല്‍ അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്‍റെ അരുവികളുണ്ട്. രുചിഭേദം വരാത്ത പാലിന്‍റെ അരുവികളും, കുടിക്കുന്നവര്‍ക്ക് ആസ്വാദ്യമായ മദ്യത്തിന്‍റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്‍റെ അരുവികളുമുണ്ട്. അവര്‍ക്കതില്‍ എല്ലാതരം കായ്കനികളുമുണ്ട്. തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവുമുണ്ട്. (ഈ സ്വര്‍ഗവാസികളുടെ അവസ്ഥ) നരകത്തില്‍ നിത്യവാസിയായിട്ടുള്ളവനെപ്പോലെ ആയിരിക്കുമോ? അത്തരക്കാര്‍ക്കാകട്ടെ കൊടും ചൂടുള്ള വെള്ളമായിരിക്കും കുടിക്കാന്‍ നല്‍കപ്പെടുക. അങ്ങനെ അത് അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കിക്കളയും.
അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അല്ലാഹുവിനെ സൂക്ഷിച്ച അവൻ്റെ ദാസന്മാരെ പ്രവേശിപ്പിക്കാം എന്ന് അല്ലാഹു വാഗ്ദാനം നൽകിയിട്ടുള്ള സ്വർഗത്തിൻ്റെ വിശേഷണം ഇതാ. അതിൽ കാലദൈർഘ്യം കൊണ്ട് രുചിക്കോ മണത്തിനോ മാറ്റം സംഭവിച്ചിട്ടില്ലാത്ത ശുദ്ധമായ വെള്ളത്തിൻ്റെ അരുവികളുണ്ട്. രുചിഭേദം വരാത്ത പാലിൻ്റെ അരുവികളുണ്ട്. കുടിക്കുന്നവർക്കായി രുചികരമായ മദ്യത്തിൻ്റെ അരുവികളും അതിലുണ്ട്. എല്ലാ കലർപ്പുകളിൽ നിന്നും ശുദ്ധീകരിക്കപ്പെട്ട തേനിൻ്റെ അരുവികളുമുണ്ട്. അവർ ആഗ്രഹിക്കുന്ന എല്ലാ ഇനം പഴവർഗങ്ങളും അവിടെയുണ്ട്. അതിനെല്ലാം മുകളിൽ, അല്ലാഹു അവരുടെ തിന്മകൾ മായ്ച്ചു കളയുകയും, അവർക്ക് അവ വിട്ടുപൊറുത്തു കൊടുക്കുകയും ചെയ്യും. ഇതെല്ലാം നൽകപ്പെട്ട ഒരുവനും, നരകത്തിൽ നിന്ന് ഒരു നാളും പുറത്തു കടക്കാതെ കഴിയേണ്ടി വരുന്നവനും സമമാകുമോ?! അവർക്കവിടെ കടുത്ത ചൂടുള്ള വെള്ളമാണ് കുടിപ്പിക്കപ്പെടുക. അതിൻ്റെ ചൂടിൻറെ കാഠിന്യം അവരുടെ കുടലുകളെ ചിന്നഭിന്നമാക്കി കളയും.
16
അവരുടെ കൂട്ടത്തില്‍ നീ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുന്ന ചിലരുണ്ട്. എന്നാല്‍ നിന്‍റെ അടുത്ത് നിന്ന് അവര്‍ പുറത്തു പോയാല്‍ (വേദ) വിജ്ഞാനം നൽകപ്പെട്ടവരോട്(4) അവര്‍ (പരിഹാസപൂര്‍വ്വം) പറയും: എന്താണ് ഇദ്ദേഹം ഇപ്പോള്‍ പറഞ്ഞത്? അത്തരക്കാരുടെ ഹൃദയങ്ങളിന്‍മേലാകുന്നു അല്ലാഹു മുദ്രവെച്ചിരിക്കുന്നത്. തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റുകയാണവര്‍ ചെയ്തത്.
അല്ലാഹുവിൻ്റെ റസൂലേ! കപടവിശ്വാസികളുടെ കൂട്ടത്തിൽ താങ്കളുടെ സംസാരം -സ്വീകരിക്കാൻ വേണ്ടിയല്ലെങ്കിലും; - ശ്രദ്ധിച്ചു കേൾക്കുന്ന ചിലരുണ്ട്. അവരത് കേൾക്കുന്നതോടൊപ്പം തള്ളിക്കളയുന്നു എന്നു മാത്രം. അങ്ങനെ താങ്കളുടെ അടുക്കൽ നിന്ന് പുറത്തു പോയാൽ അല്ലാഹു വിജ്ഞാനം നൽകിയവരോട് - അജ്ഞത നടിച്ചും, തിരിഞ്ഞു കളഞ്ഞും കൊണ്ട്- അവർ പറയും: എന്താണ് അവൻ ഇപ്പോൾ സംസാരിച്ചത്?! ഇക്കൂട്ടർ; അവരുടെ ഹൃദയങ്ങൾക്ക് മേലാകുന്നു അല്ലാഹു മുദ്ര വെച്ചിരിക്കുന്നത്. അതിലേക്ക് ഇനി ഒരു നന്മയും എത്തുകയില്ല. അവർ തങ്ങളുടെ ദേഹേഛകളെ പിൻപറ്റിയിരിക്കുന്നു; അതിനാൽ സത്യത്തിൽ നിന്ന് അതവർക്ക് അന്ധത ബാധിപ്പിച്ചിരിക്കുന്നു.
എന്നാൽ സത്യത്തിൻ്റെ പാത സ്വീകരിക്കുകയും, മുഹമ്മദ് നബി -ﷺ- കൊണ്ടു വന്നത് പിൻപറ്റുകയും ചെയ്തവർ; അവർക്ക് അല്ലാഹു സന്മാർഗവും വർദ്ധിപ്പിച്ചു നൽകുകയും, നന്മയിലേക്ക് കൂടുതൽ സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്തിരിക്കുന്നു. അവരെ നരകത്തിൽ നിന്ന് രക്ഷിക്കുന്നതിന് ആവശ്യമായ പ്രവർത്തനം അവർക്കവൻ ചെയ്യാൻ തോന്നിപ്പിക്കുകയും ചെയ്തിരിക്കുന്നു.
18
ഇനി ആ (അന്ത്യ) സമയം പെട്ടെന്ന് അവര്‍ക്ക് വന്നെത്തുന്നതല്ലാതെ മറ്റുവല്ലതും അവര്‍ക്കു കാത്തിരിക്കാനുണ്ടോ? എന്നാല്‍ അതിന്‍റെ അടയാളങ്ങള്‍ വന്നു കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ അത് അവര്‍ക്കു വന്നുകഴിഞ്ഞാല്‍ അവര്‍ക്കുള്ള ഉല്‍ബോധനം അവര്‍ക്കെങ്ങനെ പ്രയോജനപ്പെടും?
ഒരു മുൻസൂചനയുമില്ലാതെ, അന്ത്യനാൾ പൊടുന്നവനെ അവരിലേക്ക് വന്നെത്തുന്നതല്ലാതെ, മറ്റെന്താണ് (ഇസ്ലാമിനെ) നിഷേധിച്ചവർ കാത്തിരിക്കുന്നത്?! എന്നാൽ തീർച്ചയായും അതിൻ്റെ അടയാളങ്ങൾ വന്നു കഴിഞ്ഞിരിക്കുന്നു. അതിൻ്റെ അടയാളങ്ങളിൽ പെട്ടതാണ് നബി -ﷺ- യുടെ നിയോഗവും, ചന്ദ്രൻ പിളർന്നതുമെല്ലാം. എന്നാൽ അന്ത്യനാൾ അവർക്ക് മേൽ സംഭവിച്ചു കഴിഞ്ഞാൽ എങ്ങനെയാണ് അവർക്ക് ഉൽബോധനം സ്വീകരിക്കാൻ കഴിയുക?!
19
ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ആരാധനക്കർഹനുമില്ലെന്ന് നീ മനസ്സിലാക്കുക. നിന്‍റെ പാപത്തിന് നീ പാപമോചനം തേടുക. സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും വേണ്ടിയും (പാപമോചനംതേടുക.) നിങ്ങളുടെ പോക്കുവരവും നിങ്ങളുടെ താമസവും അല്ലാഹു അറിയുന്നുണ്ട്.
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവല്ലാതെ അർഹതയുള്ള മറ്റൊരു ആരാധ്യനും ഇല്ല എന്നതിൽ അങ്ങ് ദൃഢവിശ്വാസിയാവുക. താങ്കളുടെ തെറ്റുകൾക്ക് അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുക. (ഇസ്ലാമിൽ) വിശ്വസിച്ചവരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും തിന്മകൾക്കും നീ പാപമോചനം തേടുക. അല്ലാഹു പകലിലെ നിങ്ങളുടെ ചലനങ്ങളും, രാത്രിയിലെ നിങ്ങളുടെ വിശ്രമവും അറിയുന്നുണ്ട്. അവന് അതിൽ നിന്ന് ഒന്നും തന്നെ അവ്യക്തമാവുകയില്ല.
20
സത്യവിശ്വാസികള്‍ പറയും: ഒരു സൂറത്ത് അവതരിപ്പിക്കപ്പെടാത്തതെന്താണ്? എന്നാല്‍ ഖണ്ഡിതമായ നിയമങ്ങളുള്ള ഒരു സൂറത്ത് അവതരിപ്പിക്കപ്പെടുകയും അതില്‍ യുദ്ധത്തെപ്പറ്റി പ്രസ്താവിക്കപ്പെടുകയും ചെയ്താല്‍ ഹൃദയങ്ങളില്‍ രോഗമുള്ളവര്‍, മരണം ആസന്നമായതിനാല്‍ ബോധരഹിതനായ ആള്‍ നോക്കുന്നത് പോലെ നിന്‍റെ നേര്‍ക്ക് നോക്കുന്നതായി കാണാം. എന്നാല്‍ അവര്‍ക്ക് ഏറ്റവും അനുയോജ്യമായത് തന്നെയാണത്.
അല്ലാഹുവിൽ വിശ്വസിച്ചവർ അവരുടെ ദൂതൻ്റെ മേൽ വിധിവിലക്കുകൾ ഉൾക്കൊള്ളുന്ന ഒരൂ സൂറത്ത് അവതരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു കൊണ്ട് പറയുന്നു: യുദ്ധത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു സൂറത്ത് അല്ലാഹു അവതരിപ്പിച്ചിരുന്നെങ്കിൽ! അങ്ങനെ അല്ലാഹു വ്യക്തമായ വിശദീകരണവും ഖണ്ഡിതമായ നിയമങ്ങളും, യുദ്ധത്തെ കുറിച്ച് പ്രതിപാദിക്കുന്നതുമായ ഒരു സൂറത്ത് അവതരിപ്പിച്ചാൽ -അല്ലാഹുവിൻ്റെ റസൂലേ!-; തങ്ങളുടെ ഹൃദയങ്ങളിൽ സംശയം കുടിയിരിക്കുന്ന കപടവിശ്വാസികൾ ഭയവും ഭീതിയും കാരണത്താൽ ബോധരഹിതനായ ഒരാൾ നോക്കുന്നത് പോലെ നിന്നെ നോക്കുന്നത് കാണാം. അവരുടെ ശിക്ഷ അവർക്ക് സമീപസ്ഥമായിരിക്കുന്നെന്നും, യുദ്ധത്തിൽ നിന്ന് പിന്മാറുകയും അതിനെ ഭയക്കുകയും ചെയ്തതിനാൽ ശിക്ഷ വളരെ അടുത്തായിരിക്കുന്നെന്നും അല്ലാഹു അവരെ താക്കീത് ചെയ്യുന്നു.
അല്ലാഹുവിൻ്റെ കൽപ്പന അനുസരിക്കുകയും, മോശമായതൊന്നും അടങ്ങാത്ത, നന്മ നിറഞ്ഞ വാക്ക് പറയുകയുമായിരുന്നു അവർക്ക് കൂടുതൽ നല്ലത്. യുദ്ധം നിർബന്ധമാക്കപ്പെടുകയും, (അതിനായി) പരിശ്രമിക്കേണ്ട സമയം ആസന്നമാവുകയും ചെയ്ത വേളയിൽ അവർ അല്ലാഹുവിലുള്ള അവരുടെ വിശ്വാസം സത്യപ്പെടുത്തുകയും, അവനെ അനുസരിക്കുകയും ചെയ്തിരുന്നെങ്കിൽ അതായിരുന്നു അവരുടെ ഈ കാപട്യത്തെക്കാളും അല്ലാഹുവിൻ്റെ കൽപ്പനകളെ ധിക്കരിക്കുന്നതിനെക്കാളും അവർക്ക് നല്ലത്.
അല്ലാഹുവിൽ വിശ്വസിക്കുന്നതിൽ നിന്നും, അവനെ അനുസരിക്കുന്നതിൽ നിന്നും നിങ്ങൾ തിരിഞ്ഞു കളയുകയാണെങ്കിൽ (ഇസ്ലാമിനെ) നിഷേധിച്ചും, തിന്മകൾ (പ്രവർത്തിച്ചും) നിങ്ങൾ ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും, കുടുംബബന്ധത്തിൻ്റെ കണ്ണികൾ നിങ്ങൾ മുറിച്ചു കളയുകയും ചെയ്യാൻ വളരെ സാധ്യതയുണ്ട്. ജാഹിലിയ്യത്തിൽ (ഇസ്ലാം വരുന്നതിന് മുൻപ്) അതായിരുന്നല്ലോ നിങ്ങളുടെ അവസ്ഥ?!
23
അത്തരക്കാരെയാണ് അല്ലാഹു ശപിച്ചിട്ടുള്ളത്. അങ്ങനെ അവര്‍ക്ക് ബധിരത നല്‍കുകയും, അവരുടെ കണ്ണുകള്‍ക്ക് അന്ധത വരുത്തുകയും ചെയ്തിരിക്കുന്നു.
ഭൂമിയിൽ കുഴപ്പമുണ്ടാക്കിയും, കുടുംബബന്ധങ്ങൾ വിഛേദിച്ചും ജീവിക്കുന്നവർ; അവരെ തന്നെയാണ് അല്ലാഹു അവൻ്റെ കാരുണ്യത്തിൽ നിന്ന് അകറ്റിയിരിക്കുന്നത്. സത്യം കേൾക്കുകയോ, അത് സ്വീകരിക്കുകയോ അതിന് കീഴൊതുങ്ങുകയോ ചെയ്യാൻ കഴിയാത്ത വണ്ണം അവരുടെ ചെവികളെ അവൻ ബധിരമാക്കിയിരിക്കുന്നു. സത്യം വീക്ഷിക്കുവാനും, അത് പരിഗണിക്കാനും കഴിയാത്ത വണ്ണം അവരുടെ കണ്ണുകളെ അവൻ അന്ധമാക്കിയിരിക്കുന്നു.
(സത്യത്തിൽ നിന്ന്) തിരിഞ്ഞു കളയുന്ന ഇക്കൂട്ടർക്ക് ഖുർആനിനെക്കുറിച്ചു ഉറ്റാലോചിക്കുകയും, അതിലടങ്ങിയിട്ടുള്ളതിനെ കുറിച്ച് ചിന്തിക്കുകയും ചെയ്തു കൂടേ?! അവർ അങ്ങനെ ചിന്തിച്ചു മനസ്സിലാക്കിയിരുന്നെങ്കിൽ, അതവർക്ക് എല്ലാ നന്മകളിലേക്കും വഴി കാട്ടുകയും, എല്ലാ തിന്മകളിൽ നിന്നും അവരെ അകറ്റുകയും ചെയ്യുമായിരുന്നു. ഇനി അതല്ല, അവരുടെ ഹൃദയങ്ങൾക്ക് മേൽ ഉറച്ച പൂട്ടുകൾ വീണിരിക്കുകയാണോ?! അങ്ങനെ ഒരു ഉപദേശവും അവരുടെ ഹൃദയത്തിലേക്ക് എത്താതിരിക്കുകയും, ഒരു ഓർമ്മപ്പെടുത്തലും അവർക്ക് ഉപകാരം ചെയ്യാതിരിക്കുകയുമാണോ?!
25
തങ്ങള്‍ക്ക് സന്മാര്‍ഗം വ്യക്തമായി കഴിഞ്ഞ ശേഷം പുറകോട്ട് തിരിച്ചുപോയവരാരോ, അവര്‍ക്ക് പിശാച് (തങ്ങളുടെ ചെയ്തികള്‍) അലംകൃതമായി തോന്നിച്ചിരിക്കുകയാണ്; തീര്‍ച്ച. അവര്‍ക്ക് അവന്‍ (വ്യാമോഹങ്ങള്‍) നീട്ടിയിട്ടു കൊടുക്കുകയും ചെയ്തിരിക്കുന്നു.
തെളിവുകൾ സ്ഥാപിക്കപ്പെടുകയും, (ഇസ്ലാമിൽ) വിശ്വസിച്ചതിനും നബി -ﷺ- യുടെ സത്യത ബോധ്യപ്പെട്ടതിനും ശേഷം അതിൽ നിന്ന് പുറത്തു പോവുകയും, നിഷേധമോ കപടവിശ്വാസമോ സ്വീകരിക്കുകയും ചെയ്തവർ; പിശാച് അവർക്ക് തങ്ങളുടെ നിഷേധവും കപടതയും ഭംഗിയാക്കി തോന്നിപ്പിക്കുകയും, എളുപ്പമാക്കി കൊടുക്കുകയും ചെയ്തിരിക്കുന്നു. ഇനിയുമേറെ കാലം ജീവിക്കാനുണ്ടല്ലോ എന്ന വ്യാമോഹം അവനവർക്ക് നൽകുകയും ചെയ്തിരിക്കുന്നു.
26
അത്, അല്ലാഹു അവതരിപ്പിച്ചത് ഇഷ്ടപ്പെടാത്തവരോട് ചില കാര്യങ്ങളില്‍ ഞങ്ങള്‍ നിങ്ങളെ അനുസരിക്കാമെന്ന് അവര്‍ പറഞ്ഞിട്ടുള്ളത് കൊണ്ടാണ്. അവര്‍ രഹസ്യമാക്കി വെക്കുന്നത് അല്ലാഹു അറിയുന്നു.
അല്ലാഹു അവൻ്റെ ദൂതൻ്റെ മേൽ അവതരിപ്പിച്ച (ഇസ്ലാമിൻ്റെ) സന്ദേശം വെറുക്കുന്ന ബഹുദൈവാരാധകരോട് രഹസ്യമായി അവർ പറഞ്ഞു: യുദ്ധത്തിൽ നിന്ന് പിന്മാറി നിൽക്കുക എന്നതു പോലെ, ചില കാര്യങ്ങളിലെല്ലാം ഞങ്ങൾ നിങ്ങളെ അനുസരിച്ചു കൊള്ളാം. ഈ വാക്കാണ് (ഇത്തരം) വഴികേട് അവർക്ക് സംഭവിക്കാനുള്ള കാരണം. എന്നാൽ അല്ലാഹു അവർ രഹസ്യമാക്കുന്നതും ഒളിപ്പിച്ചു വെക്കുന്നതും അറിയുന്നു. അവന് ഒന്നും അവ്യക്തമാവുകയില്ല. അതിൽ അല്ലാഹു ഉദ്ദേശിക്കുന്ന കാര്യങ്ങൾ അവൻ്റെ ദൂതനെ അവൻ അറിയിക്കുകയും ചെയ്യുന്നു.
27
അപ്പോള്‍ മലക്കുകള്‍ അവരുടെ മുഖത്തും പിന്‍ഭാഗത്തും അടിച്ചു കൊണ്ട് അവരെ മരിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ എന്തായിരിക്കും അവരുടെ സ്ഥിതി!
മനുഷ്യരുടെ ആത്മാവുകൾ പിടികൂടാൻ ഏൽപ്പിക്കപ്പെട്ട മലക്കുകൾ അവരുടെ ആത്മാവുകളെ പിടികൂടുകയും, അവരുടെ മുഖങ്ങളിലും പിൻഭാഗങ്ങളിലും ഇരുമ്പിൻ്റെ തോട്ടി കൊണ്ട് അടിക്കുകയും ചെയ്യുന്ന വേളയിൽ അവർ അനുഭവിക്കേണ്ടി വരുന്ന ശിക്ഷയും, കഠിനമായ അവസ്ഥയും എങ്ങനെയുണ്ടായിരിക്കും എന്നാണ് നീ മനസ്സിലാക്കുന്നത്?!
അല്ലാഹുവിന് ദേഷ്യമുണ്ടാക്കുന്ന എല്ലാം - നിഷേധവും കപടതയും അല്ലാഹുവിനോടും റസൂലിനോടും ശത്രുത വെച്ചു പുലർത്തലുമെല്ലാം - അവർ പിൻപറ്റുകയും, അവരുടെ രക്ഷിതാവായ അല്ലാഹുവിലേക്ക് അവരെ അടുപ്പിക്കുകയും, അവൻ്റെ തൃപ്തി നേടിക്കൊടുക്കുകയും ചെയ്യുന്ന എന്തിനെയും - അല്ലാഹുവിൽ വിശ്വസിക്കലും അവൻ്റെ ദൂതനെ പിൻപറ്റുലുമെല്ലാം - അവർ വെറുക്കുകയും ചെയ്തു എന്നതാണ് ഈ ശിക്ഷ അവർക്ക് നൽകപ്പെടാനുള്ള കാരണം. അതിനാൽ അല്ലാഹു അവരുടെ പ്രവർത്തനങ്ങളെ നിഷ്ഫലമാക്കി കളഞ്ഞു.
29
അതല്ല, ഹൃദയങ്ങളില്‍ രോഗമുള്ള ആളുകള്‍ അല്ലാഹു അവരുടെ ഉള്ളിലെ പക വെളിപ്പെടുത്തുകയേയില്ല എന്നാണോ വിചാരിച്ചത്?
മനസ്സുകളിൽ സംശയം കുടികൊള്ളുന്ന കപടവിശ്വാസികൾ ധരിച്ചത് അല്ലാഹു അവരുടെ ഉള്ളിലുള്ള പക പുറത്തു കൊണ്ടു വരികയും, വെളിപ്പെടുത്തുകയുമില്ല എന്നാണോ?! എന്നാൽ അല്ലാഹു പരീക്ഷണങ്ങളിലൂടെ അവ പുറത്തു കൊണ്ടു വരിക തന്നെ ചെയ്യും. അതിലൂടെ സത്യസന്ധമായി വിശ്വസിച്ചവരും, കാപട്യം പുലർത്തിയവരും വേർതിരിയും. (ഇസ്ലാമിൽ) വിശ്വസിച്ചവർ പ്രകടരാവുകയും, കപടവിശ്വാസികൾ വഷളാവുകയും ചെയ്യും.
30
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ നിനക്ക് നാം അവരെ കാട്ടിത്തരുമായിരുന്നു.(5) അങ്ങനെ അവരുടെ ലക്ഷണം കൊണ്ട് നിനക്ക് അവരെ മനസ്സിലാക്കാമായിരുന്നു. സംസാരശൈലിയിലൂടെയും തീര്‍ച്ചയായും നിനക്ക് അവരെ മനസ്സിലാക്കാവുന്നതാണ്. അല്ലാഹു നിങ്ങളുടെ പ്രവൃത്തികള്‍ അറിയുന്നു.
അല്ലാഹുവിൻ്റെ റസൂലേ! കപടവിശ്വാസികൾ ആരെല്ലാമാണെന്ന് നിനക്ക് അറിയിച്ചു തരാൻ നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അപ്രകാരം നാം ചെയ്യുമായിരുന്നു. അപ്പോൾ അവരുടെ അടയാളങ്ങളിൽ നിന്ന് താങ്കൾക്ക് അവരെ മനസ്സിലാകും. അവരുടെ സംസാരശൈലിയിൽ നിന്ന് താങ്കൾക്ക് അവരെ തിരിച്ചറിയാൻ കഴിയും. അല്ലാഹു നിങ്ങളുടെ പ്രവർത്തനങ്ങൾ അറിയുന്നുണ്ട്. അവന് അവയൊന്നും അവ്യക്തമാവുകയില്ല. അവക്കുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുകയും ചെയ്യുന്നതാണ്.
31
നിങ്ങളുടെ കൂട്ടത്തില്‍ (അല്ലാഹുവിൻ്റെ മാർഗത്തിൽ) പോരാടുന്നവരെയും ക്ഷമ കൈക്കൊള്ളുന്നവരെയും നാം തിരിച്ചറിയുകയും, നിങ്ങളുടെ വര്‍ത്തമാനങ്ങള്‍ നാം പരിശോധിച്ചു നോക്കുകയും ചെയ്യുന്നത് വരെ നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും.
അല്ലയോ (ഇസ്ലാമിൽ) വിശ്വസിച്ചവരേ! നിങ്ങളുടെ ശത്രുക്കളും നിങ്ങളും കൊല്ലപ്പെടുന്ന വിധത്തിലുള്ള (അല്ലാഹുവിൻ്റെ മാർഗത്തിലുള്ള) യുദ്ധം കൊണ്ടും നിങ്ങളിൽ യുദ്ധത്തിന് തയ്യാറുള്ളവർ ആരെന്നും, ക്ഷമയോട് തൻ്റെ ശത്രുവുമായി ഏറ്റുമുട്ടുന്ന ക്ഷമാശീലർ ആരെന്നും നാം പരീക്ഷിക്കുക തന്നെ ചെയ്യും. അങ്ങനെ നിങ്ങളിൽ സത്യം പറഞ്ഞവനും, കളവ് പറഞ്ഞവനും ആരാണെന്നും നാം പരീക്ഷിക്കുക തന്നെ ചെയ്യും.
32
അവിശ്വസിക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുകയും, തങ്ങള്‍ക്ക് സന്മാര്‍ഗം വ്യക്തമായി കഴിഞ്ഞതിനു ശേഷം റസൂലുമായി മാത്സര്യത്തില്‍ ഏര്‍പെടുകയും ചെയ്തവരാരോ തീര്‍ച്ചയായും അവര്‍ അല്ലാഹുവിന് യാതൊരു ഉപദ്രവവും വരുത്തുകയില്ല. വഴിയെ അവന്‍ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാക്കിക്കളയുകയും ചെയ്യും.
തീർച്ചയായും അല്ലാഹുവിലും അവൻ്റെ ദൂതനിലും അവിശ്വസിക്കുകയും, അല്ലാഹുവിൻ്റെ മതമായ ഇസ്ലാമിൽ നിന്ന് സ്വദേഹങ്ങളെയും മറ്റുള്ള ജനങ്ങളെയും തടയുകയും, (മുഹമ്മദ് നബി -ﷺ-) അല്ലാഹുവിൽ നിന്നുള്ള നബിയാണെന്ന് ബോധ്യമായ ശേഷവും അവിടുത്തോട് എതിരാവുകയും ശത്രുത പുലർത്തുകയും ചെയ്യുന്നവർ; അവർ അല്ലാഹുവിന് ഒരു ഉപദ്രവവും വരുത്തുകയില്ല. സ്വദേഹങ്ങളോട് മാത്രമാണ് അവർ ഉപദ്രവം ചെയ്യുന്നത്. അല്ലാഹു അവരുടെ പ്രവർത്തനങ്ങൾ നിഷ്ഫലമാക്കുന്നതുമാണ്.
33
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. റസൂലിനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങളുടെ കര്‍മ്മങ്ങളെ നിങ്ങള്‍ നിഷ്ഫലമാക്കിക്കളയാതിരിക്കുകയും ചെയ്യുക.
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക. അല്ലാഹുവിൻ്റെ ദൂതരെയും നിങ്ങൾ അനുസരിക്കുക. അല്ലാഹുവിന്റെയും റസൂലിന്റെയും കൽപ്പനകൾ നിങ്ങൾ പ്രാവർത്തികമാക്കുകയും, വിലക്കുകൾ നിങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുക. (ഇസ്ലാമിനെ) നിഷേധിച്ചും, ലോകമാന്യം ഉദ്ദേശിച്ചും മറ്റുമെല്ലാം നിങ്ങളുടെ പ്രവർത്തനങ്ങൾ നിങ്ങൾ നിഷ്ഫലമാക്കാതിരിക്കുകയും ചെയ്യുക.
34
അവിശ്വസിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുകയും, എന്നിട്ട് സത്യനിഷേധികളായിക്കൊണ്ട് തന്നെ മരിക്കുകയും ചെയ്തവരാരോ അവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കുകയേ ഇല്ല.
തീർച്ചയായും അല്ലാഹുവിനെ നിഷേധിക്കുകയും, തങ്ങളുടെ സ്വന്തങ്ങളെയും മറ്റു മനുഷ്യരെയും അല്ലാഹുവിൻ്റെ മതമായ ഇസ്ലാമിൽ നിന്ന് തടയുകയും, ശേഷം തങ്ങളുടെ നിഷേധത്തിൽ തന്നെ -പശ്ചാത്തപിക്കാതെ- മരണമടയുകയും ചെയ്തവരാരോ; അവരുടെ തെറ്റുകൾ അല്ലാഹു ഒരിക്കലും വെറുതെ വിടുകയില്ല. അതവൻ മറച്ചു വെക്കുകയുമില്ല. മറിച്ച്, അല്ലാഹു അവരെ അതിൻ്റെ പേരിൽ പിടികൂടുകയും, ശാശ്വതരായി നരകത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും.
35
ആകയാല്‍ നിങ്ങള്‍ ദൗര്‍ബല്യം കാണിക്കരുത്. നിങ്ങള്‍ തന്നെയാണ് ഉന്നതന്‍മാര്‍ എന്നിരിക്കെ (ശത്രുക്കളെ) നിങ്ങള്‍ സന്ധിക്കു ക്ഷണിക്കുകയും ചെയ്യരുത്.(6) അല്ലാഹു നിങ്ങളുടെ കൂടെയുണ്ട്. നിങ്ങളുടെ കര്‍മ്മഫലങ്ങള്‍ നിങ്ങള്‍ക്ക് ഒരിക്കലും അവന്‍ നഷ്ടപ്പെടുത്തുകയില്ല.
(ഇസ്ലാമിൽ) വിശ്വസിച്ചവരേ! നിങ്ങൾ ശത്രുക്കളെ നേരിടുന്നതിൽ നിന്ന് ദുർബലരാകരുത്. അവർ നിങ്ങളെ സന്ധിയിലേക്ക് ക്ഷണിക്കുന്നതിന് മുൻപ് നിങ്ങൾ അവരെ അതിലേക്ക് ക്ഷണിക്കരുത്. കാരണം നിങ്ങളാണ് അവരെ പരാജിതരാക്കി, അവർക്ക് മേൽ വിജയിച്ചു നിൽക്കുന്നത്. അല്ലാഹു അവൻ്റെ സഹായവും പിന്തുണയുമായി നിങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ പ്രവർത്തനങ്ങളുടെ പ്രതിഫലത്തിൽ നിന്ന് അവൻ ഒന്നും കുറവ് വരുത്തുകയില്ല. മറിച്ച്, അവൻ്റെ ഔദാര്യമായും, അനുഗ്രഹമായും നിങ്ങളുടെ പ്രതിഫലം അവൻ വർദ്ധിപ്പിച്ചു തരിക മാത്രമാണുണ്ടാവുക.
36
ഐഹികജീവിതം കളിയും വിനോദവും മാത്രമാകുന്നു. നിങ്ങള്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ക്കുള്ള പ്രതിഫലം അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നതാണ്. നിങ്ങളോട് നിങ്ങളുടെ സ്വത്തുക്കള്‍ അവന്‍ ചോദിക്കുകയുമില്ല.(7)
തീർച്ചയായും ഐഹികജീവിതം കളിയും വിനോദവും മാത്രമാകുന്നു. അതിനാൽ ബുദ്ധിയുള്ള ഒരാളും തൻ്റെ പരലോകത്തിന് വേണ്ടി പ്രവർത്തിക്കുന്നതിൽ നിന്ന് (ഇഹലോകം കാരണത്താൽ) അശ്രദ്ധയിലാകാതിരിക്കട്ടെ! നിങ്ങൾ അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിക്കുകയും, അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചും വിലക്കുകൾ ഉപേക്ഷിച്ചും അവനെ സൂക്ഷിച്ചു ജീവിക്കുകയുമാണെങ്കിൽ നിങ്ങളുടെ പ്രവർത്തനങ്ങളുടെ പ്രതിഫലം നിങ്ങൾക്കവൻ - ഒന്നും കുറയാതെ പൂർണ്ണമായി - നൽകുന്നതാണ്. നിങ്ങളുടെ സമ്പാദ്യം മുഴുവൻ അവൻ നിങ്ങളോട് ചോദിക്കുന്നുമില്ല; അതിൽ നിന്ന് നിർബന്ധമായ സകാത്തിൻ്റെ വിഹിതം മാത്രമേ അവൻ ആവശ്യപ്പെടുന്നുള്ളൂ.
37
നിങ്ങളോട് അവ (സ്വത്തുക്കള്‍) ചോദിച്ച് അവന്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നെങ്കില്‍ നിങ്ങള്‍ പിശുക്ക് കാണിക്കുകയും നിങ്ങളുടെ ഉള്ളിലെ പക അവന്‍ വെളിയില്‍ കൊണ്ടു വരികയും ചെയ്യുമായിരുന്നു.(8)
നിങ്ങളുടെ മുഴുവൻ സമ്പാദ്യവും നിങ്ങളോടവൻ ചോദിക്കുകയും, അത് ആവർത്തിച്ച് നിങ്ങളിൽ നിന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിൽ നിങ്ങൾ പിശുക്ക് കാണിക്കുമായിരുന്നു. നിങ്ങളുടെ മനസ്സുകളിലെ അല്ലാഹുവിൻ്റെ മാർഗത്തിൽ ചിലവഴിക്കാനുള്ള മടി അവൻ പുറത്തു കൊണ്ടു വരികയും ചെയ്യുമായിരുന്നു. എന്നാൽ കാരുണ്യമായി കൊണ്ട് അവൻ അത് നിങ്ങളോട് ആവശ്യപ്പെടുന്നില്ല.
38
ഹേ; കൂട്ടരേ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതിനാണ് നിങ്ങള്‍ ആഹ്വാനം ചെയ്യപ്പെടുന്നത്. അപ്പോള്‍ നിങ്ങളില്‍ ചിലര്‍ പിശുക്ക് കാണിക്കുന്നു. വല്ലവനും പിശുക്കു കാണിക്കുന്ന പക്ഷം തന്നോട് തന്നെയാണ് അവന്‍ പിശുക്ക് കാണിക്കുന്നത്. അല്ലാഹുവാകട്ടെ പരാശ്രയമുക്തനാകുന്നു. നിങ്ങളോ ദരിദ്രന്‍മാരും. നിങ്ങള്‍ പിന്തിരിഞ്ഞു കളയുകയാണെങ്കില്‍ നിങ്ങളല്ലാത്ത ഒരു ജനതയെ അവന്‍ പകരം കൊണ്ടുവരുന്നതാണ്. എന്നിട്ട് അവര്‍ നിങ്ങളെപ്പോലെയായിരിക്കുകയുമില്ല.
ഹേ കൂട്ടരേ! അല്ലാഹുവിൻ്റെ മാർഗത്തിൽ നിങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് ഒരു ഭാഗം ചിലവഴിക്കാൻ മാത്രമാണ് നിങ്ങളെ ക്ഷണിക്കുന്നത്. നിങ്ങളുടെ സമ്പാദ്യം മുഴുവൻ ചിലവഴിക്കാൻ അവൻ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. അപ്പോൾ നിങ്ങളുടെ കൂട്ടത്തിൽ ചിലരതാ; പിശുക്ക് കാരണത്താൽ ഈ പറയപ്പെട്ട ദാനത്തിൽ നിന്ന് മാറിനിൽക്കുന്നു. ആരെങ്കിലും തൻ്റെ സമ്പാദ്യത്തിൽ നിന്ന് ഒരു ഭാഗം അല്ലാഹുവിൻ്റെ മാർഗത്തിൽ ചിലവഴിക്കുന്നതിൽ പിശുക്ക് കാണിക്കുന്നെങ്കിൽ, ദാനധർമ്മത്തിൻ്റെ പ്രതിഫലം തനിക്ക് തടഞ്ഞു വെച്ചു കൊണ്ട്, സ്വന്തത്തോട് തന്നെയാണ് അവൻ യഥാർഥത്തിൽ പിശുക്ക് കാണിക്കുന്നത്. എന്നാൽ അല്ലാഹു നിരാശ്രയനായ 'ഗനിയ്യ്' ആകുന്നു; അവന് നിങ്ങളുടെ ദാനത്തിൻ്റെ ആവശ്യമില്ല. നിങ്ങളാണ് അല്ലാഹുവിലേക്ക് യാചിച്ചു ചെല്ലുന്ന ദരിദ്രരും. നിങ്ങൾ ഇസ്ലാം ഉപേക്ഷിച്ച് (ഇസ്ലാമിനെ) നിഷേധിക്കുന്നതിലേക്ക് മടങ്ങി പോയാൽ അവൻ നിങ്ങളെ നശിപ്പിക്കുന്നതാണ്. നിങ്ങളല്ലാത്ത മറ്റൊരു സമൂഹത്തെ അവൻ കൊണ്ടു വരികയും ചെയ്യുന്നതാണ്. ശേഷം അവർ നിങ്ങൾക്ക് സമാനരായിരിക്കുകയുമില്ല. പ്രത്യുത, അവർ അല്ലാഹുവിനെ അനുസരിക്കുന്നവരായിരിക്കും.