Wednesday, 12 August 2026 Hijri: 03:57:28 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

അൽ അഹ്ഖാഫ് الأحقاف Al-Ahqaf

Surah 46 മക്കിയ്യ • مكية • Makkiyah 35 ആയത്തുകൾ • 35 Ayahs

സൂറത്ത് അൽ അഹ്ഖാഫ് (Al-Ahqaf)യിലെ 35 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Ahqaf.

1

ഹാമീം.

حمٓ ۝١
തഫ്സീർആയത്ത് 1
ഹാമീം. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.
Source : QUL
2

ഈ വേദഗ്രന്ഥത്തിന്‍റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു.

تَنزِيلُ ٱلۡكِتَٰبِ مِنَ ٱللَّهِ ٱلۡعَزِيزِ ٱلۡحَكِيمِ ۝٢
തഫ്സീർആയത്ത് 2
ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത പ്രതാപവാനായ 'അസീസും', തൻ്റെ സൃഷ്ടിപ്പിലും വിധിനിർണ്ണയത്തിലും മതനിയമങ്ങളിലും മഹത്തരമായ ലക്ഷ്യമുള്ള 'ഹകീമു'മായ അല്ലാഹുവിങ്കൽ നിന്നാകുന്നു ഖുർആനിൻ്റെ അവതരണം.
Source : QUL
3

ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം സൃഷ്ടിച്ചത് ശരിയായ ഉദ്ദേശത്തോടു കൂടിയും നിര്‍ണിതമായ ഒരു അവധിവെച്ചുകൊണ്ടും മാത്രമാകുന്നു. സത്യനിഷേധികളാകട്ടെ തങ്ങള്‍ക്ക് താക്കീത് നല്‍കപ്പെട്ടതു ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു

مَا خَلَقۡنَا ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَآ إِلَّا بِٱلۡحَقِّ وَأَجَلٖ مُّسَمّٗىۚ وَٱلَّذِينَ كَفَرُواْ عَمَّآ أُنذِرُواْ مُعۡرِضُونَ ۝٣
തഫ്സീർആയത്ത് 3
ആകാശഭൂമികളെ നാം വ്യർഥമായി സൃഷ്ടിച്ചിട്ടില്ല. മറിച്ച് അവയെല്ലാം മഹത്തരമായ ഒരു ലക്ഷ്യത്തിനായി യാഥാർഥ്യത്തോടെ നാം സൃഷ്ടിച്ചവയാണ്. ഈ പ്രപഞ്ചത്തിൻ്റെ സൃഷ്ടാവായ അല്ലാഹുവിനെ മനുഷ്യർ അറിയുക എന്നതും, അങ്ങനെ അവന് മാത്രം ആരാധനകൾ സമർപ്പിക്കുന്നവരായി -അവനിൽ പങ്കുചേർക്കാത്തവരായി- അവർ മാറുക എന്നതും അതിന്റെ ലക്ഷ്യമാണ്. -അല്ലാഹുവിന് മാത്രം അറിയാവുന്ന ഒരു അവധി വരെ- മനുഷ്യർക്ക് ഭൂമിയിൽ മേധാവിത്വം നൽകിയതിന് പിന്നിലുള്ള ഉദ്ദേശങ്ങൾ അവർ പൂർത്തീകരിക്കുക എന്നതും ഒരു ലക്ഷ്യമാണ്. എന്നാൽ അല്ലാഹുവിനെ നിഷേധിച്ചവർ അവൻ്റെ ഗ്രന്ഥമായ ഖുർആനിൽ തങ്ങൾക്ക് താക്കീത് നൽകപ്പെട്ട കാര്യങ്ങളിൽ നിന്ന് തിരിഞ്ഞു കളഞ്ഞിരിക്കുന്നു; അവർ അതിന് ഒരു പരിഗണനയും നൽകുന്നില്ല.
Source : QUL
4

(നബിയേ,) പറയുക: അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയില്‍ അവര്‍ എന്താണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചുതരൂ. അതല്ല ആകാശങ്ങളുടെ സൃഷ്ടിയില്‍ വല്ല പങ്കും അവര്‍ക്കുണ്ടോ? നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഇതിന് മുമ്പുള്ള ഏതെങ്കിലും വേദഗ്രന്ഥമോ, അറിവിന്‍റെ വല്ല അംശമോ നിങ്ങള്‍ എനിക്ക് കൊണ്ടു വന്നു തരൂ.

قُلۡ أَرَءَيۡتُم مَّا تَدۡعُونَ مِن دُونِ ٱللَّهِ أَرُونِي مَاذَا خَلَقُواْ مِنَ ٱلۡأَرۡضِ أَمۡ لَهُمۡ شِرۡكٞ فِي ٱلسَّمَٰوَٰتِۖ ٱئۡتُونِي بِكِتَٰبٖ مِّن قَبۡلِ هَٰذَآ أَوۡ أَثَٰرَةٖ مِّنۡ عِلۡمٍ إِن كُنتُمۡ صَٰدِقِينَ ۝٤
തഫ്സീർആയത്ത് 4
അല്ലാഹുവിൻ്റെ റസൂലേ! സത്യത്തിൽ നിന്ന് തിരിഞ്ഞു കളഞ്ഞിരിക്കുന്ന ഈ ബഹുദൈവാരാധകരോട് പറയുക: അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിച്ചു കൊണ്ടിരിക്കുന്ന നിങ്ങളുടെ വിഗ്രഹങ്ങളെ കുറിച്ച് എനിക്ക് പറഞ്ഞു തരിക. ഭൂമിയുടെ ഏതു ഭാഗമാണ് അവർ സൃഷ്ടിച്ചതായുള്ളത്?! ഏതെങ്കിലും പർവ്വതം അവർ പടച്ചതായുണ്ടോ? അല്ലെങ്കിൽ ഒരു നദി?! അല്ലെങ്കിൽ ആകാശങ്ങളുടെ സൃഷ്ടിപ്പിൽ അല്ലാഹുവിനോടൊപ്പം വല്ല പങ്കോ പങ്കാളിത്തമോ അവർക്കുണ്ടോ? ഖുർആനിന് മുൻപ് അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ട ഏതെങ്കിലുമൊരു ഗ്രന്ഥവുമായി നിങ്ങൾ വരൂ. അല്ലെങ്കിൽ ആദ്യകാലക്കാർ വിട്ടേച്ചു പോയ അറിവിൽ നിന്ന് ബാക്കിയായ എന്തെങ്കിലും കൊണ്ടു വരൂ. നിങ്ങളുടെ വിഗ്രഹങ്ങൾക്ക് ആരാധനകൾ നൽകാൻ അർഹതയുണ്ട് എന്ന വാദം സത്യമാണെങ്കിൽ അതാണല്ലോ നിങ്ങൾ ചെയ്യേണ്ടത്.
Source : QUL
5

അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു.

وَمَنۡ أَضَلُّ مِمَّن يَدۡعُواْ مِن دُونِ ٱللَّهِ مَن لَّا يَسۡتَجِيبُ لَهُۥٓ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ وَهُمۡ عَن دُعَآئِهِمۡ غَٰفِلُونَ ۝٥
തഫ്സീർആയത്ത് 5
അല്ലാഹുവിന് പുറമെ അന്ത്യനാൾ വരെ അവൻ്റെ പ്രാർത്ഥനക്ക് ഒരുത്തരവും നൽകാത്ത വിഗ്രഹത്തെ ആരാധിക്കുന്നവനെക്കാൾ വഴിപിഴച്ച മറ്റൊരുത്തനുമില്ല. അവർ ആരാധിച്ചു കൊണ്ടിരിക്കുന്ന ഈ വിഗ്രഹങ്ങൾ തങ്ങളുടെ ആരാധ്യന്മാരുടെ പ്രാർത്ഥനകളെ കുറിച്ച് അശ്രദ്ധയിലാകുന്നു. അപ്പോളെങ്ങനെയാണ് അവ ഇവരെ സഹായിക്കുകയോ ഇവരെ ഉപദ്രവിക്കുകയോ ചെയ്യുക?!
Source : QUL
6

മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും.(1)

وَإِذَا حُشِرَ ٱلنَّاسُ كَانُواْ لَهُمۡ أَعۡدَآءٗ وَكَانُواْ بِعِبَادَتِهِمۡ كَٰفِرِينَ ۝٦
തഫ്സീർആയത്ത് 6
ഈ ആരാധ്യന്മാർ ഇഹലോകത്ത് അവർക്ക് ഒരു ഉപകാരവും ചെയ്യില്ലെന്നതിനൊപ്പം പരലോകത്ത് ഇവർ ഒരുമിച്ചു കൂട്ടപ്പെട്ടാൽ തങ്ങളെ ആരാധിച്ചവരുടെ ശത്രുക്കളായി മാറുകയും, അവരുമായി അകൽച്ച പാലിക്കുകയും ചെയ്യും. ഇവർ തങ്ങളെ ആരാധിച്ചിരുന്നത് തങ്ങൾക്ക് അറിയില്ലായിരുന്നു എന്നവർ നിഷേധിക്കുകയും ചെയ്യും.
Source : QUL
7

സുവ്യക്തമായ നിലയില്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ സത്യം തങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ അതിനെപ്പറ്റി ആ സത്യനിഷേധികള്‍ പറയും; ഇത് വ്യക്തമായ ഒരു മായാജാലമാണെന്ന്‌.

وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُنَا بَيِّنَٰتٖ قَالَ ٱلَّذِينَ كَفَرُواْ لِلۡحَقِّ لَمَّا جَآءَهُمۡ هَٰذَا سِحۡرٞ مُّبِينٌ ۝٧
തഫ്സീർആയത്ത് 7
നമ്മുടെ ദൂതൻ്റെ മേൽ അവതരിക്കപ്പെട്ട ആയത്തുകൾ അവർക്ക് ഓതികേൾപ്പിക്കപ്പെട്ടാൽ അവർക്ക് തങ്ങളുടെ ദൂതൻ്റെ കൈകളിലൂടെ എത്തിച്ചേർന്ന ഖുർആനിനെ കുറിച്ച് ഇസ്ലാമിനെ നിഷേധിച്ചവർ പറയും: ഇത് വ്യക്തമായ ഒരു മാരണമാകുന്നു; ഇതൊരിക്കലും അല്ലാഹുവിൽ നിന്നുള്ള ബോധനമല്ല.
Source : QUL
8

അതല്ല, അദ്ദേഹം (റസൂല്‍) അത് കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്‌? നീ പറയുക: ഞാനത് കെട്ടിച്ചമച്ചതാണെങ്കില്‍ എനിക്ക് അല്ലാഹുവില്‍ നിന്ന് ഒട്ടും രക്ഷനല്‍കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. അതിന്‍റെ (ഖുര്‍ആന്‍റെ) കാര്യത്തില്‍ നിങ്ങള്‍ കടന്നു സംസാരിക്കുന്നതിനെപ്പറ്റി അവന്‍ നല്ലവണ്ണം അറിയുന്നവനാകുന്നു. എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അവന്‍ തന്നെ മതി. അവന്‍ ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാണ്‌.

أَمۡ يَقُولُونَ ٱفۡتَرَىٰهُۖ قُلۡ إِنِ ٱفۡتَرَيۡتُهُۥ فَلَا تَمۡلِكُونَ لِي مِنَ ٱللَّهِ شَيۡـًٔاۖ هُوَ أَعۡلَمُ بِمَا تُفِيضُونَ فِيهِۚ كَفَىٰ بِهِۦ شَهِيدَۢا بَيۡنِي وَبَيۡنَكُمۡۖ وَهُوَ ٱلۡغَفُورُ ٱلرَّحِيمُ ۝٨
തഫ്സീർആയത്ത് 8
ഈ ബഹുദൈവാരാധകർ പറയുന്നത് 'തീർച്ചയായും ഈ ഖുർആൻ മുഹമ്മദ് കെട്ടിച്ചമക്കുകയും, അല്ലാഹുവിലേക്ക് ചേർത്തി പറയുകയും ചെയ്തതാണ്' എന്നാണോ? അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക! ഞാൻ ഇത് സ്വയം കെട്ടിച്ചമച്ചുണ്ടാക്കിയതാണെങ്കിൽ, അല്ലാഹു എന്നെ (അതിൻ്റെ പേരിൽ) ശിക്ഷിക്കാൻ ഉദ്ദേശിച്ചാൽ നിങ്ങൾക്ക് എന്നെ രക്ഷപ്പെടുത്താൻ കഴിയില്ല (എന്നെനിക്കറിയാം). അപ്പോൾ ഞാനെന്തിനാണ് അവൻ്റെ മേൽ എന്തെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കി അവൻ്റെ ശിക്ഷക്ക് സ്വയം പാത്രീഭൂതനാകുന്നത്?! അല്ലാഹുവിൻ്റെ ഖുർആനിനെ കുറിച്ച് നിങ്ങൾ ഉന്നയിക്കുന്ന ആക്ഷേപങ്ങളെ കുറിച്ചും, എന്നെ കുറിച്ച് നിങ്ങൾ പറയുന്ന കുറ്റങ്ങളെ കുറിച്ചും അല്ലാഹു നന്നായി അറിയുന്നവനാകുന്നു. എനിക്കും നിങ്ങൾക്കും ഇടയിൽ സാക്ഷിയായി അല്ലാഹു മതി. തൻ്റെ അടിമകളിൽ പശ്ചാത്തപിക്കുന്നവർക്ക് അവരുടെ പാപങ്ങൾ അങ്ങേയറ്റം പൊറുത്തു കൊടുക്കുന്ന 'ഗഫൂറും', അവരോട് ധാരാളമായി കാരുണ്യം ചൊരിയുന്ന 'റഹീമു'മാകുന്നു അവൻ.
Source : QUL
9

(നബിയേ,) പറയുക: ഞാന്‍ (അല്ലാഹുവിന്റെ) ദൂതന്‍മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല. എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ (ഇഹലോകത്ത്) എന്ത് ചെയ്യപ്പെടും എന്ന് എനിക്ക് അറിയുകയുമില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്‌. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു.

قُلۡ مَا كُنتُ بِدۡعٗا مِّنَ ٱلرُّسُلِ وَمَآ أَدۡرِي مَا يُفۡعَلُ بِي وَلَا بِكُمۡۖ إِنۡ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَيَّ وَمَآ أَنَا۠ إِلَّا نَذِيرٞ مُّبِينٞ ۝٩
തഫ്സീർആയത്ത് 9
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ പ്രവാചകത്വത്തെ നിഷേധിക്കുന്ന ഈ ബഹുദൈവാരാധകരോട് പറയുക: എൻ്റെ പ്രബോധനത്തിൽ ഇത്ര അത്ഭുതം കൂറാൻ മാത്രം, അല്ലാഹു ആദ്യം നിയോഗിച്ചയക്കുന്ന ദൂതനൊന്നുമല്ല ഞാൻ. എനിക്ക് മുൻപ് എത്രയോ ദൂതന്മാർ വേറെയും വന്നിട്ടുണ്ട്. ഇഹലോകത്ത് അല്ലാഹു എന്നെ കൊണ്ട് എന്താണ് ചെയ്യുന്നതെന്നോ, നിങ്ങളെ എന്താണ് ചെയ്യുന്നതെന്നോ എനിക്ക് അറിയുകയില്ല. അല്ലാഹു എനിക്ക് നൽകുന്ന ബോധനം പിൻപറ്റുക മാത്രമാണ് ഞാൻ ചെയ്യുന്നത്. അവൻ്റെ സന്ദേശം അനുസരിച്ചല്ലാതെ ഞാൻ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നില്ല. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങൾക്ക് വ്യക്തമായ താക്കീത് നൽകുന്ന ഒരു താക്കീതുകാരനല്ലാതെ മറ്റൊന്നുമല്ല ഞാൻ.
Source : QUL
10

(നബിയേ,) പറയുക: നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഇത് (ഖുര്‍ആന്‍) അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതായിരിക്കുകയും, എന്നിട്ട് നിങ്ങള്‍ ഇതില്‍ അവിശ്വസിക്കുകയും, ഇതു പോലുള്ളതിന് ഇസ്രായീല്‍ സന്തതികളില്‍ നിന്നുള്ള ഒരു സാക്ഷി സാക്ഷ്യം വഹിക്കുകയും,(2) അങ്ങനെ അയാള്‍ (ഇതില്‍) വിശ്വസിക്കുകയും, നിങ്ങള്‍ അഹംഭാവം നടിക്കുകയുമാണ് ഉണ്ടായിട്ടുള്ളതെങ്കില്‍ (നിങ്ങളുടെ നില എത്ര മോശമായിരിക്കും?) അക്രമകാരികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.

قُلۡ أَرَءَيۡتُمۡ إِن كَانَ مِنۡ عِندِ ٱللَّهِ وَكَفَرۡتُم بِهِۦ وَشَهِدَ شَاهِدٞ مِّنۢ بَنِيٓ إِسۡرَٰٓءِيلَ عَلَىٰ مِثۡلِهِۦ فَـَٔامَنَ وَٱسۡتَكۡبَرۡتُمۡۚ إِنَّ ٱللَّهَ لَا يَهۡدِي ٱلۡقَوۡمَ ٱلظَّٰلِمِينَ ۝١٠
തഫ്സീർആയത്ത് 10
അല്ലാഹുവിൻ്റെ റസൂലേ! ഈ നിഷേധികളോട് പറയുക: ഈ ഖുർആൻ അല്ലാഹുവിൽ നിന്നുള്ളതായിരിക്കുകയും, നിങ്ങൾ അതിനെ നിഷേധിക്കുകയും, ഇസ്രാഈൽ സന്തതികളിൽ പെട്ട ഒരാൾ ഇത് അല്ലാഹുവിങ്കൽ നിന്നുള്ളതാണെന്നതിന് -ഇതിന് സമാനമായ തൗറാത്തിൽ വന്നതിൻ്റെ വെളിച്ചത്തിൽ- സാക്ഷ്യം വഹിക്കുകയും, അദ്ദേഹം അതിൽ വിശ്വസിക്കുകയും, നിങ്ങൾ അതിൽ വിശ്വസിക്കുന്നതിൽ നിന്ന് അഹങ്കാരം നടിച്ചു പിന്മാറുകയും ചെയ്യുന്നെങ്കിൽ; നിങ്ങൾ തന്നെയല്ലേ അത്തരുണത്തിൽ അതിക്രമികൾ?! തീർച്ചയായും അതിക്രമികളായ ജനങ്ങളെ അല്ലാഹു സത്യത്തിലേക്ക് നയിക്കുകയില്ല.
Source : QUL
11

വിശ്വസിച്ചവരെപ്പറ്റി ആ സത്യനിഷേധികള്‍ പറഞ്ഞു: ഇതൊരു നല്ല കാര്യമായിരുന്നെങ്കില്‍ ഞങ്ങളെക്കാള്‍ മുമ്പ് ഇവര്‍ അതില്‍ എത്തിച്ചേരുകയില്ലായിരുന്നു. ഇതുമുഖേന അവര്‍ സന്‍മാര്‍ഗം പ്രാപിച്ചിട്ടില്ലാത്തതു കൊണ്ട് അവര്‍ പറഞ്ഞേക്കും; ഇതൊരു പഴക്കം ചെന്ന വ്യാജവാദമാണെന്ന്‌.

وَقَالَ ٱلَّذِينَ كَفَرُواْ لِلَّذِينَ ءَامَنُواْ لَوۡ كَانَ خَيۡرٗا مَّا سَبَقُونَآ إِلَيۡهِۚ وَإِذۡ لَمۡ يَهۡتَدُواْ بِهِۦ فَسَيَقُولُونَ هَٰذَآ إِفۡكٞ قَدِيمٞ ۝١١
തഫ്സീർആയത്ത് 11
ഖുർആനിനെയും അവരുടെ നബി കൊണ്ടു വന്നതിനെയും നിഷേധിച്ചവർ (അവയിൽ) വിശ്വസിച്ചവരോട് പറയും: മുഹമ്മദ് കൊണ്ടു വന്നത് നന്മയിലേക്ക് നയിക്കുന്ന സത്യമായിരുന്നെങ്കിൽ, ഈ ദരിദ്രരും അടിമകളും ദുർബലരും നമ്മെക്കാൾ മുൻപ് അത് സ്വീകരിക്കില്ലായിരുന്നു. അവരിലേക്ക് നിയോഗിക്കപ്പെട്ട അവരുടെ ദൂതൻ കൊണ്ടു വന്നത് അവർ നിഷേധിച്ചു തള്ളിയതിനാൽ അവർ പറയും: ഇയാൾ ഈ കൊണ്ടു വന്നിരിക്കുന്നത് പണ്ടു മുതലേ കേട്ടു വരുന്ന കളവാണ്; നാം ഈ കളവിനെ പിൻപറ്റുകയില്ല.
Source : QUL
12

മാതൃകായോഗ്യമായിക്കൊണ്ടും കാരുണ്യമായിക്കൊണ്ടും ഇതിനു മുമ്പ് മൂസായുടെ ഗ്രന്ഥം വന്നിട്ടുണ്ട്‌. ഇത് (അതിനെ) സത്യപ്പെടുത്തുന്ന അറബിഭാഷയിലുള്ള ഒരു ഗ്രന്ഥമാകുന്നു. അക്രമം ചെയ്തവര്‍ക്ക് താക്കീത് നല്‍കുവാന്‍ വേണ്ടിയും, സദ്‌വൃത്തര്‍ക്ക് സന്തോഷവാര്‍ത്ത ആയിക്കൊണ്ടും.

وَمِن قَبۡلِهِۦ كِتَٰبُ مُوسَىٰٓ إِمَامٗا وَرَحۡمَةٗۚ وَهَٰذَا كِتَٰبٞ مُّصَدِّقٞ لِّسَانًا عَرَبِيّٗا لِّيُنذِرَ ٱلَّذِينَ ظَلَمُواْ وَبُشۡرَىٰ لِلۡمُحۡسِنِينَ ۝١٢
തഫ്സീർആയത്ത് 12
ഈ ഖുർആനിന് മുൻപ് മൂസയുടെ മേൽ അല്ലാഹു അവതരിപ്പിച്ച തൗറാത്ത്, സത്യത്തിലേക്ക് നയിക്കുന്ന, പിൻപറ്റപ്പെടാവുന്ന മാതൃകയും, ഇസ്രാഈൽ സന്തതികളിൽ നിന്ന് അതിൽ വിശ്വസിച്ചവർക്കും അതിനെ പിൻപറ്റിയവർക്കും കാരുണ്യവുമായി കൊണ്ട് (അവതരിക്കപ്പെട്ടിട്ടുണ്ട്). മുഹമ്മദ് നബി -ﷺ- യുടെ മേൽ അവതരിക്കപ്പെട്ട ഈ ഖുർആനാകട്ടെ; അതിന് മുൻപ് അവതരിക്കപ്പെട്ട വേദഗ്രന്ഥങ്ങളെ സത്യപ്പെടുത്തുന്ന, അറബി ഭാഷയിലുള്ള ഗ്രന്ഥമാകുന്നു. അല്ലാഹുവിൽ പങ്കു ചേർത്തു കൊണ്ടും, തിന്മകൾ പ്രവർത്തിച്ചും അതിക്രമം ചെയ്തവർക്ക് താക്കീത് നൽകുവാൻ വേണ്ടി (യാകുന്നു ഈ ഗ്രന്ഥം). തങ്ങളുടെ സ്രഷ്ടാവുമായുള്ള ബന്ധം നന്നാക്കുകയും, സൃഷ്ടികളുമായി നല്ല നിലയിൽ വർത്തിക്കുകയും ചെയ്ത സൽകർമ്മികൾക്ക് സന്തോഷവാർത്തയുമാകുന്നു.
Source : QUL
13

ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീട് ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.

إِنَّ ٱلَّذِينَ قَالُواْ رَبُّنَا ٱللَّهُ ثُمَّ ٱسۡتَقَٰمُواْ فَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ ۝١٣
തഫ്സീർആയത്ത് 13
ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാകുന്നു; അവനല്ലാതെ മറ്റൊരു രക്ഷിതാവ് ഞങ്ങൾക്കില്ല' എന്നു പറയുകയും, ശേഷം (അല്ലാഹുവിൽ) വിശ്വസിച്ചും സൽകർമ്മങ്ങൾ പ്രവർത്തിച്ചും നേരെനിലകൊള്ളുകയും ചെയ്തവരാരോ; അവർക്ക് ഭാവിയിൽ പരലോകത്ത് ഒന്നും ഭയക്കേണ്ടതില്ല. ഐഹികജീവിതത്തിൽ നഷ്ടപ്പെട്ട ഭൗതികവിഭവങ്ങളോ, വിട്ടേച്ചു പോന്നതോ ഓർത്ത് അവർ സങ്കടപ്പെടുകയും വേണ്ടതില്ല.
Source : QUL
14

അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമത്രെ അത്‌.

أُوْلَٰٓئِكَ أَصۡحَٰبُ ٱلۡجَنَّةِ خَٰلِدِينَ فِيهَا جَزَآءَۢ بِمَا كَانُواْ يَعۡمَلُونَ ۝١٤
തഫ്സീർആയത്ത് 14
ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവരാകുന്നു സ്വർഗവാസികൾ. അവരതിൽ എന്നെന്നേക്കുമായി വസിക്കുന്നവരായിരിക്കും. ഇഹലോകജീവിതത്തിൽ അവർ ചെയ്തു വെച്ച പ്രവർത്തനങ്ങൾക്ക് പ്രതിഫലമായി അവർക്ക് നൽകപ്പെടുന്നതത്രെ അത്.
Source : QUL
15

തന്‍റെ മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവന്‍റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും, പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്‍റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു.(3) അങ്ങനെ അവന്‍ തന്‍റെ പൂര്‍ണ്ണശക്തി പ്രാപിക്കുകയും നാല്‍പത് വയസ്സിലെത്തുകയും ചെയ്താല്‍ ഇപ്രകാരം പറയും: എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക് പ്രചോദനം നല്‍കേണമേ. എന്‍റെ സന്തതികളില്‍ നീ എനിക്ക് നന്‍മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ കീഴ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു.

وَوَصَّيۡنَا ٱلۡإِنسَٰنَ بِوَٰلِدَيۡهِ إِحۡسَٰنًاۖ حَمَلَتۡهُ أُمُّهُۥ كُرۡهٗا وَوَضَعَتۡهُ كُرۡهٗاۖ وَحَمۡلُهُۥ وَفِصَٰلُهُۥ ثَلَٰثُونَ شَهۡرًاۚ حَتَّىٰٓ إِذَا بَلَغَ أَشُدَّهُۥ وَبَلَغَ أَرۡبَعِينَ سَنَةٗ قَالَ رَبِّ أَوۡزِعۡنِيٓ أَنۡ أَشۡكُرَ نِعۡمَتَكَ ٱلَّتِيٓ أَنۡعَمۡتَ عَلَيَّ وَعَلَىٰ وَٰلِدَيَّ وَأَنۡ أَعۡمَلَ صَٰلِحٗا تَرۡضَىٰهُ وَأَصۡلِحۡ لِي فِي ذُرِّيَّتِيٓۖ إِنِّي تُبۡتُ إِلَيۡكَ وَإِنِّي مِنَ ٱلۡمُسۡلِمِينَ ۝١٥
തഫ്സീർആയത്ത് 15
നാം മനുഷ്യനോട് അവൻ്റെ മാതാപിതാക്കളോട് നന്മയിൽ വർത്തിക്കാൻ നിർബന്ധപൂർവ്വം കൽപ്പിച്ചിരിക്കുന്നു. അവരുടെ ജീവിതകാലത്തും, മരണശേഷവും -അല്ലാഹുവിൻ്റെ മതനിയമങ്ങൾക്ക് എതിരാകാത്ത നിലക്ക്- അവൻ അവർക്ക് നന്മ ചെയ്യട്ടെ. പ്രതേകിച്ച് അവൻ്റെ ഉമ്മയോട്; അവനെ അവർ ഗർഭം ചുമന്നത് പ്രയാസത്തോടെയാണ്. പ്രസവിച്ചതും വളരെ പ്രയാസത്തോടെ തന്നെ. ഗർഭവും മുലകുടിയുമായി മുപ്പത് മാസം. അങ്ങനെ അവൻ തൻ്റെ ശാരീരികവും മാനസികവുമായ വളർച്ച പൂർത്തീകരിക്കുകയും, നാൽപ്പത് വയസ്സ് എത്തുകയും ചെയ്താൽ അവൻ പറയും: എൻ്റെ രക്ഷിതാവേ! എനിക്കും എൻ്റെ മാതാപിതാക്കൾക്കും മേൽ നീ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കാനും, നീ തൃപ്തിപ്പെടുന്ന പ്രവർത്തനങ്ങൾ ചെയ്യാനും നീ എനിക്ക് പ്രചോദനം നൽകുക. അവ നീ എന്നിൽ നിന്ന് സ്വീകരിക്കുകയും, എൻ്റെ സന്താനങ്ങളെ എനിക്കായി നീ നന്നാക്കുകയും ചെയ്യുക. എൻ്റെ പാപങ്ങളിൽ നിന്ന് ഞാൻ നിന്നിലേക്ക് പശ്ചാത്തപിച്ച് മടങ്ങിയിരിക്കുന്നു. നിന്നെ അനുസരിച്ച് കൊണ്ട് നിനക്ക് കീഴൊതുങ്ങുകയും, നിൻ്റെ കൽപ്പനകൾക്ക് സമർപ്പിക്കുകയും ചെയ്തവരിൽ പെട്ടവനാകുന്നു ഞാൻ.
Source : QUL
16

അത്തരക്കാരില്‍ നിന്നാകുന്നു അവര്‍ പ്രവര്‍ത്തിച്ചതില്‍ ഏറ്റവും ഉത്തമമായത് നാം സ്വീകരിക്കുന്നത്‌. അവരുടെ ദുഷ്പ്രവൃത്തികളെ സംബന്ധിച്ചിടത്തോളം നാം വിട്ടുവീഴ്ച കാണിക്കുകയും ചെയ്യും. (അവര്‍) സ്വര്‍ഗാവകാശികളുടെ കൂട്ടത്തിലായിരിക്കും. അവര്‍ക്ക് നല്‍കപ്പെട്ടിരുന്ന സത്യവാഗ്ദാനമത്രെ അത്‌.

أُوْلَٰٓئِكَ ٱلَّذِينَ نَتَقَبَّلُ عَنۡهُمۡ أَحۡسَنَ مَا عَمِلُواْ وَنَتَجَاوَزُ عَن سَيِّـَٔاتِهِمۡ فِيٓ أَصۡحَٰبِ ٱلۡجَنَّةِۖ وَعۡدَ ٱلصِّدۡقِ ٱلَّذِي كَانُواْ يُوعَدُونَ ۝١٦
തഫ്സീർആയത്ത് 16
അവർ ചെയ്തു വെച്ച സൽകർമ്മങ്ങളിൽ നിന്ന് ഏറ്റവും ഉത്തമമായത് നാം സ്വീകരിക്കുകയും, അവരുടെ തെറ്റുകൾ നാം പൊറുത്തു കൊടുക്കുകയും ചെയ്യും. (അവരുടെ തെറ്റുകൾക്ക്) നാം അവരെ പിടികൂടുകയില്ല. അവർ സ്വർഗക്കാരുടെ കൂട്ടത്തിലാകുന്നു. അവർക്ക് നൽകപ്പെട്ട സത്യവാഗ്ദാനമാകുന്നു ഇത്. അത് ശരിയായി പുലരും; ഒരു സംശയവും വേണ്ടതില്ല.
Source : QUL
17

ഒരാള്‍ - തന്‍റെ മാതാപിതാക്കളോട് അവന്‍ പറഞ്ഞു: ഛെ, നിങ്ങളുടെ കാര്യം മോശം! ഞാന്‍ (മരണാനന്തരം) പുറത്ത് കൊണ്ടുവരപ്പെടും എന്ന് നിങ്ങള്‍ രണ്ടുപേരും എന്നോട് വാഗ്ദാനം ചെയ്യുകയാണോ? എനിക്ക് മുമ്പ് തലമുറകള്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അവര്‍ (മാതാപിതാക്കള്‍) അല്ലാഹുവോട് സഹായം തേടിക്കൊണ്ട് പറയുന്നു: നിന്റെ കാര്യം കഷ്ടം! നീ വിശ്വസിക്കൂ! തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. അപ്പോള്‍ അവന്‍ പറയുന്നു. ഇതൊക്കെ പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാകുന്നു.

وَٱلَّذِي قَالَ لِوَٰلِدَيۡهِ أُفّٖ لَّكُمَآ أَتَعِدَانِنِيٓ أَنۡ أُخۡرَجَ وَقَدۡ خَلَتِ ٱلۡقُرُونُ مِن قَبۡلِي وَهُمَا يَسۡتَغِيثَانِ ٱللَّهَ وَيۡلَكَ ءَامِنۡ إِنَّ وَعۡدَ ٱللَّهِ حَقّٞ فَيَقُولُ مَا هَٰذَآ إِلَّآ أَسَٰطِيرُ ٱلۡأَوَّلِينَ ۝١٧
തഫ്സീർആയത്ത് 17
എന്നാൽ തൻ്റെ മാതാപിതാക്കളോട് ഇപ്രകാരം പറഞ്ഞവൻ: നിങ്ങൾക്ക് നാശം! എൻ്റെ മരണ ശേഷം ഖബ്റിൽ നിന്ന് ജീവനോടെ ഞാൻ പുറത്തു കൊണ്ടു വരപ്പെടുമെന്നാണോ നിങ്ങൾ എന്നോട് വാഗ്ദാനം നൽകുന്നത്?! എനിക്ക് മുൻപ് എത്രയെത്ര സമൂഹങ്ങൾ കഴിഞ്ഞു പോയിരിക്കുന്നു. അവരിൽ എത്ര മനുഷ്യർ മരിച്ചു പോയി; അതിൽ ഒരാൾ പോലും ജീവിനോടെ ഉയർത്തെഴുന്നേൽപ്പിക്കപ്പെട്ടിട്ടില്ല?! അവൻ്റെ മാതാപിതാക്കളാകട്ടെ, അല്ലാഹു അവരുടെ മകനെ വിശ്വാസത്തിലേക്ക് വഴികാട്ടാൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയും, തങ്ങളുടെ മകനോട് പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നു: മരണ ശേഷം പുനരുജ്ജീവിപ്പിക്കപ്പെടുമെന്നതിൽ നീ വിശ്വസിക്കുന്നില്ലെങ്കിൽ നിനക്ക് നാശം! അതു കൊണ്ട് നീ അതിൽ വിശ്വസിക്കുക! തീർച്ചയായും അല്ലാഹു മനുഷ്യരെ ഉയർത്തെഴുന്നേൽപ്പിക്കുമെന്ന അവൻ്റെ വാഗ്ദാനം സത്യമാകുന്നു. അതിൽ യാതൊരു സംശയവുമില്ല. അപ്പോൾ തൻ്റെ നിഷേധം ഒന്നുകൂടി ശക്തമാക്കി കൊണ്ട് അവൻ മറുപടി പറയുന്നു: നിങ്ങളീ പറഞ്ഞു കൊണ്ടിരിക്കുന്ന പുനരുത്ഥാനമെല്ലാം പഴയകാല പുരാണങ്ങളിൽ നിന്ന് അതു പോലെ പകർത്തിയത് മാത്രമാകുന്നു. ഇതൊന്നും അല്ലാഹുവിൽ നിന്നാണെന്നതിന് ഒരു ഉറപ്പുമില്ല.
Source : QUL
18

അത്തരക്കാരുടെ കാര്യത്തിലാകുന്നു (ശിക്ഷയുടെ) വചനം സ്ഥിരപ്പെട്ടു കഴിഞ്ഞിരിക്കുന്നത്‌. ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും അവരുടെ മുമ്പ് കഴിഞ്ഞുപോയിട്ടുള്ള പല സമുദായങ്ങളുടെ കൂട്ടത്തില്‍. തീര്‍ച്ചയായും അവര്‍ നഷ്ടം പറ്റിയവരാകുന്നു.

أُوْلَٰٓئِكَ ٱلَّذِينَ حَقَّ عَلَيۡهِمُ ٱلۡقَوۡلُ فِيٓ أُمَمٖ قَدۡ خَلَتۡ مِن قَبۡلِهِم مِّنَ ٱلۡجِنِّ وَٱلۡإِنسِۖ إِنَّهُمۡ كَانُواْ خَٰسِرِينَ ۝١٨
തഫ്സീർആയത്ത് 18
ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹങ്ങളുടെ കൂട്ടത്തിൽ, ശിക്ഷയുടെ വചനം യാഥാർഥ്യമായിട്ടുള്ള കൂട്ടരാകുന്നു ഇവർ. തങ്ങളുടെ സ്വന്തങ്ങളെയും കുടുംബക്കാരെയും നരകത്തിൽ പ്രവേശിപ്പിച്ചതിലൂടെ കടുത്ത നഷ്ടത്തിൽ അകപ്പെട്ട, നഷ്ടക്കാർ തന്നെയായിരുന്നു അവർ.
Source : QUL
19

ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതനുസരിച്ചുള്ള പദവികളുണ്ട്‌. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ക്ക് ഫലം പൂര്‍ത്തിയാക്കികൊടുക്കാനുമാണത്‌. അവരോട് അനീതി കാണിക്കപ്പെടുകയില്ല.

وَلِكُلّٖ دَرَجَٰتٞ مِّمَّا عَمِلُواْۖ وَلِيُوَفِّيَهُمۡ أَعۡمَٰلَهُمۡ وَهُمۡ لَا يُظۡلَمُونَ ۝١٩
തഫ്സീർആയത്ത് 19
രണ്ടു വിഭാഗക്കാർക്കും -സ്വർഗക്കാർക്കും നരകക്കാർക്കും- അവരുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ പദവികളുണ്ട്. സ്വർഗക്കാരുടേത് ഉന്നതമായ പദവികളാണെങ്കിൽ, നരകക്കാരുടേത് താഴോട്ടു പോകുന്ന തട്ടുകളാണ്. അല്ലാഹു അവരുടെ പ്രതിഫലം പൂർണ്ണമായി നൽകുന്നതിന് വേണ്ടിയാണത്. അന്ത്യനാളിൽ (അവർ ചെയ്ത) അവരുടെ നന്മകൾ കുറക്കുകയോ, (ചെയ്യാത്ത) തിന്മകൾ അധികരിച്ചോ അവരോട് അനീതി ചെയ്യപ്പെടുകയില്ല.
Source : QUL
20

സത്യനിഷേധികള്‍ നരകത്തിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം (അവരോട് പറയപ്പെടും:) ഐഹികജീവിതത്തില്‍ നിങ്ങളുടെ നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ പാഴാക്കിക്കളയുകയും, നിങ്ങള്‍ അവകൊണ്ട് സുഖമനുഭവിക്കുകയും ചെയ്തു. അതിനാല്‍ ന്യായം കൂടാതെ നിങ്ങള്‍ ഭൂമിയില്‍ അഹംഭാവം നടിച്ചിരുന്നതിന്‍റെ ഫലമായും നിങ്ങള്‍ ധിക്കാരം കാണിച്ചിരുന്നതിന്‍റെ ഫലമായും ഇന്നു നിങ്ങള്‍ക്ക് അപമാനകരമായ ശിക്ഷ പ്രതിഫലമായി നല്‍കപ്പെടുന്നു.

وَيَوۡمَ يُعۡرَضُ ٱلَّذِينَ كَفَرُواْ عَلَى ٱلنَّارِ أَذۡهَبۡتُمۡ طَيِّبَٰتِكُمۡ فِي حَيَاتِكُمُ ٱلدُّنۡيَا وَٱسۡتَمۡتَعۡتُم بِهَا فَٱلۡيَوۡمَ تُجۡزَوۡنَ عَذَابَ ٱلۡهُونِ بِمَا كُنتُمۡ تَسۡتَكۡبِرُونَ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّ وَبِمَا كُنتُمۡ تَفۡسُقُونَ ۝٢٠
തഫ്സീർആയത്ത് 20
അല്ലാഹിവിനെയും അവൻ്റെ ദൂതരെയും നിഷേധിച്ചവർ നരകത്തിൽ ശിക്ഷിക്കപ്പെടാനായി നിർത്തപ്പെടുന്ന ദിനം. ആക്ഷേപമായും ഭയപ്പെടുത്തലായും അവരോട് പറയപ്പെടും: ഐഹികജീവിതത്തിൽ നിങ്ങളുടെ നല്ലതെല്ലാം നിങ്ങൾ നശിപ്പിച്ചു കളഞ്ഞു. അവയെല്ലാം ആസ്വാദനങ്ങൾക്കായി നിങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇന്നേ ദിവസം നിങ്ങളെ അപമാനിതരും നിന്ദ്യരുമാക്കുന്ന ശിക്ഷ നിങ്ങൾക്ക് പ്രതിഫലമായി നൽകപ്പെടാനിരിക്കുകയാണ്. ഭൂമിയിൽ ഒരു ന്യായവുമില്ലാതെ അഹങ്കാരം നടിച്ചതിൻ്റെയും, നിഷേധികളായും തിന്മകൾ പ്രവർത്തിച്ചും അല്ലാഹുവിനെ അനുസരിക്കാതിരുന്നതിനുമുള്ള പ്രതിഫലമാണിത്.
Source : QUL
21

ആദിന്‍റെ സഹോദരനെ (അഥവാ ഹൂദിനെ)പ്പറ്റി നീ ഓര്‍മിക്കുക. അഹ്ഖാഫിലുള്ള തന്‍റെ ജനതയ്ക്ക് അദ്ദേഹം താക്കീത് നല്‍കിയ സന്ദര്‍ഭം.(4) അദ്ദേഹത്തിന്‍റെ മുമ്പും അദ്ദേഹത്തിന്‍റെ പിന്നിലും താക്കീതുകാര്‍ കഴിഞ്ഞുപോയിട്ടുമുണ്ട്‌. അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌. നിങ്ങളുടെ മേല്‍ ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ ഭയപ്പെടുന്നു. (എന്നാണ് അദ്ദേഹം താക്കീത് നല്‍കിയത്‌.)

۞ وَٱذۡكُرۡ أَخَا عَادٍ إِذۡ أَنذَرَ قَوۡمَهُۥ بِٱلۡأَحۡقَافِ وَقَدۡ خَلَتِ ٱلنُّذُرُ مِنۢ بَيۡنِ يَدَيۡهِ وَمِنۡ خَلۡفِهِۦٓ أَلَّا تَعۡبُدُوٓاْ إِلَّا ٱللَّهَ إِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٍ عَظِيمٖ ۝٢١
തഫ്സീർആയത്ത് 21
അല്ലാഹുവിൻ്റെ റസൂലേ! ആദിൻ്റെ പരമ്പരയിൽ പെട്ട, അവരുടെ സഹോദരൻ ഹൂദ് തൻ്റെ സമൂഹത്തെ അല്ലാഹുവിൻ്റെ ശിക്ഷ ബാധിക്കുന്നതിൽ നിന്ന് താക്കീത് ചെയ്ത സന്ദർഭം ഓർക്കുക. അറബ് ഉപദ്വീപിൻ്റെ കിഴക്കു ഭാഗത്തുള്ള അഹ്ഖാഫിലെ തങ്ങളുടെ ഭവനങ്ങളിലായിരുന്നു അവർ. അവരുടെ സമൂഹത്തെ താക്കീത് ചെയ്യുന്ന നബിമാർ ഹൂദിന് മുൻപും ശേഷവും അവരിലേക്ക് വന്നിട്ടുണ്ട്. അവർ തങ്ങളുടെ സമൂഹങ്ങളോട് പറഞ്ഞു: നിങ്ങൾ അല്ലാഹുവിനെയല്ലാതെ മറ്റാരെയും ആരാധിക്കരുത്. അവനോടൊപ്പം ഒരാളെയും നിങ്ങൾ ആരാധിക്കരുത്. എൻ്റെ സമൂഹമേ! അന്ത്യനാളിൽ ബാധിച്ചേക്കാവുന്ന ഭീകരമായ ഒരു ശിക്ഷ ഞാൻ നിങ്ങൾക്ക് ഭയക്കുന്നു.
Source : QUL
22

അവര്‍ പറഞ്ഞു: ഞങ്ങളുടെ ദൈവങ്ങളില്‍ നിന്ന് ഞങ്ങളെ തിരിച്ചുവിടാന്‍ വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്തു വന്നിരിക്കുന്നത്‌. എന്നാല്‍ നീ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കില്‍ ഞങ്ങള്‍ക്കു നീ താക്കീത് നല്‍കുന്നത് (ശിക്ഷ) ഞങ്ങള്‍ക്കു കൊണ്ടുവന്നു തരൂ.

قَالُوٓاْ أَجِئۡتَنَا لِتَأۡفِكَنَا عَنۡ ءَالِهَتِنَا فَأۡتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّٰدِقِينَ ۝٢٢
തഫ്സീർആയത്ത് 22
അദ്ദേഹത്തിൻ്റെ സമൂഹം പറഞ്ഞു: ഞങ്ങളുടെ ദൈവങ്ങളെ ആരാധിക്കുന്നതിൽ നിന്ന് ഞങ്ങളെ തിരിച്ചു വിടാനാണോ നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്?! അതൊരിക്കലും നിനക്ക് സാധിക്കുകയില്ല. നീ വാദിക്കുന്നതെല്ലാം സത്യമാണെങ്കിൽ, നീ പറയുന്ന ശിക്ഷ ഞങ്ങൾക്ക് കൊണ്ടു വന്നു തരിക.
Source : QUL
23

അദ്ദേഹം പറഞ്ഞു: (അതിനെപ്പറ്റിയുള്ള) അറിവ് അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. ഞാന്‍ എന്തൊന്നുമായി നിയോഗിക്കപ്പെട്ടിരിക്കുന്നുവോ അതു ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരുന്നു. എന്നാല്‍ നിങ്ങളെ ഞാന്‍ കാണുന്നത് അവിവേകം കാണിക്കുന്ന ഒരു ജനതയായിട്ടാണ്‌.

قَالَ إِنَّمَا ٱلۡعِلۡمُ عِندَ ٱللَّهِ وَأُبَلِّغُكُم مَّآ أُرۡسِلۡتُ بِهِۦ وَلَٰكِنِّيٓ أَرَىٰكُمۡ قَوۡمٗا تَجۡهَلُونَ ۝٢٣
തഫ്സീർആയത്ത് 23
അദ്ദേഹം പറഞ്ഞു: ശിക്ഷയുടെ സമയം എപ്പോഴാണെന്നതിനെ കുറിച്ചുള്ള അറിവ് അല്ലാഹുവിങ്കൽ മാത്രമാണ്. എനിക്ക് അതിനെ കുറിച്ച് ഒരു അറിവുമില്ല. ഞാൻ ഒരു ദൂതൻ മാത്രമാകുന്നു. നിങ്ങളിലേക്ക് എന്നെ എന്തു കൊണ്ടാണോ അയച്ചിരിക്കുന്നത്; അത് ഞാൻ നിങ്ങൾക്ക് എത്തിച്ചു നൽകുന്നു. എന്നാൽ ഞാൻ നിങ്ങളെ മനസ്സിലാക്കുന്നത് ഉപകാരപ്പെടുന്നത് ഏതാണെന്ന് മനസ്സിലാക്കാതെ അവ ഉപേക്ഷിക്കുകയും, ഉപദ്രവകരമായത് തിരിച്ചറിയാതെ അത് പ്രവർത്തിക്കുകയും ചെയ്യുന്ന അവിവേകികളായ ഒരു ജനതയായിട്ടാകുന്നു.
Source : QUL
24

അങ്ങനെ അതിനെ (ശിക്ഷയെ) തങ്ങളുടെ താഴ്‌വരകള്‍ക്ക് അഭിമുഖമായിക്കൊണ്ട് വെളിപ്പെട്ട ഒരു മേഘമായി അവര്‍ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ഇതാ നമുക്ക് മഴ നല്‍കുന്ന ഒരു മേഘം! അല്ല, നിങ്ങള്‍ എന്തൊന്നിന് ധൃതികൂട്ടിയോ അതു തന്നെയാണിത്‌. വേദനയേറിയ ശിക്ഷ ഉള്‍കൊള്ളുന്ന ഒരു കാറ്റ്‌!

فَلَمَّا رَأَوۡهُ عَارِضٗا مُّسۡتَقۡبِلَ أَوۡدِيَتِهِمۡ قَالُواْ هَٰذَا عَارِضٞ مُّمۡطِرُنَاۚ بَلۡ هُوَ مَا ٱسۡتَعۡجَلۡتُم بِهِۦۖ رِيحٞ فِيهَا عَذَابٌ أَلِيمٞ ۝٢٤
തഫ്സീർആയത്ത് 24
അങ്ങനെ അവർ തിരക്കു കൂട്ടിക്കൊണ്ടിരുന്ന ശിക്ഷ അവർക്ക് വന്നത്തി. അവരുടെ താഴ്വാരത്തിലേക്ക് അഭിമുഖമായി നിൽക്കുന്ന ഒരു മേഖത്തിൻ്റെ രൂപത്തിൽ ആകാശത്തിൽ അതിനെ കണ്ടപ്പോൾ അവർ പറഞ്ഞു: ഇത് നമുക്ക് മഴ നൽകുന്ന ഒരു മേഘമാണല്ലോ! അപ്പോൾ ഹൂദ് അവരോട് പറഞ്ഞു: നിങ്ങൾ ധരിച്ചു വെച്ചതു പോലെ -മഴ നൽകുന്ന- ഒരു മേഘമല്ല അത്. മറിച്ച് നിങ്ങൾ ധൃതി കൂട്ടിക്കൊണ്ടിരുന്ന ശിക്ഷയാണത്. വേദനയേറിയ ശിക്ഷ അടങ്ങിയ കാറ്റാകുന്നു അത്.
Source : QUL
25

അതിന്‍റെ രക്ഷിതാവിന്‍റെ കല്‍പന പ്രകാരം സകല വസ്തുക്കളെയും അത് നശിപ്പിച്ചുകളയുന്നു. അങ്ങനെ അവര്‍ താമസിച്ചിരുന്ന സ്ഥലങ്ങളല്ലാതെ മറ്റൊന്നും കാണപ്പെടാത്ത അവസ്ഥയില്‍ അവര്‍ ആയിത്തീര്‍ന്നു. അപ്രകാരമാണ് കുറ്റവാളികളായ ജനങ്ങള്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്‌.

تُدَمِّرُ كُلَّ شَيۡءِۭ بِأَمۡرِ رَبِّهَا فَأَصۡبَحُواْ لَا يُرَىٰٓ إِلَّا مَسَٰكِنُهُمۡۚ كَذَٰلِكَ نَجۡزِي ٱلۡقَوۡمَ ٱلۡمُجۡرِمِينَ ۝٢٥
തഫ്സീർആയത്ത് 25
അല്ലാഹു നശിപ്പിക്കാൻ കൽപ്പിച്ച ഒരു വസ്തുവും, അതിൻ്റെ മുൻപിൽ വന്നാൽ അത് തകർക്കാതെ വിട്ടില്ല. അങ്ങനെ അവർ നശിച്ചു. അവരവിടെ താമസിച്ചിരുന്നു എന്നതിന് തെളിവായി അവരുടെ വീടുകൾ മാത്രമല്ലാതെ അവിടെ കാണപ്പെടുന്നില്ല. ഈ രൂപത്തിലുള്ള വേദനാജനകമായ പ്രതിഫലമാണ് തങ്ങളുടെ നിഷേധത്തിലും തിന്മകളിലും ഉറച്ചു നിൽക്കുന്ന അധർമ്മികൾക്ക് നാം പ്രതിഫലമായി നൽകുക.
Source : QUL
26

നിങ്ങള്‍ക്ക് നാം സ്വാധീനം നല്‍കിയിട്ടില്ലാത്ത മേഖലകളില്‍ അവര്‍ക്കു നാം സ്വാധീനം നല്‍കുകയുണ്ടായി. കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും അവര്‍ക്കു നല്‍കുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കൊണ്ടിരുന്നതിനാല്‍ അവരുടെ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും അവര്‍ക്ക് യാതൊരു പ്രയോജനവും ചെയ്തില്ല. എന്തൊന്നിനെ അവര്‍ പരിഹസിച്ചിരുന്നുവോ അത് അവരില്‍ വന്നുഭവിക്കുകയും ചെയ്തു.

وَلَقَدۡ مَكَّنَّٰهُمۡ فِيمَآ إِن مَّكَّنَّٰكُمۡ فِيهِ وَجَعَلۡنَا لَهُمۡ سَمۡعٗا وَأَبۡصَٰرٗا وَأَفۡـِٔدَةٗ فَمَآ أَغۡنَىٰ عَنۡهُمۡ سَمۡعُهُمۡ وَلَآ أَبۡصَٰرُهُمۡ وَلَآ أَفۡـِٔدَتُهُم مِّن شَيۡءٍ إِذۡ كَانُواْ يَجۡحَدُونَ بِـَٔايَٰتِ ٱللَّهِ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ ۝٢٦
തഫ്സീർആയത്ത് 26
ഹൂദിൻ്റെ സമൂഹത്തിന് ഭൂമിയിൽ സ്വാധീനമുള്ളവരാകാൻ സാധ്യമാകുന്ന ധാരാളം കാര്യങ്ങൾ നാം നൽകിയിരുന്നു; അവ നിങ്ങൾക്ക് നാം നൽകിയിട്ടില്ല. കേൾക്കാൻ കേൾവിയും, കാണാൻ കണ്ണുകളും, ചിന്തിച്ചു മനസ്സിലാക്കാൻ ഹൃദയങ്ങളും നൽകിയിരുന്നു. എന്നാൽ അവരുടെ കേൾവിയോ കാഴ്ച്ചയോ ബുദ്ധിയോ അവർക്ക് ഒരു ഉപകാരവും ചെയ്തില്ല. അല്ലാഹുവിൻ്റെ ശിക്ഷ വന്നപ്പോൾ അതിനെ തടുത്തു നിർത്താനും അവയ്ക്കൊന്നുമായില്ല. കാരണം അവർ അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുന്നവരായിരുന്നു. അങ്ങനെ അവർ പരിഹസിച്ചു കൊണ്ടിരുന്ന, അവരുടെ നബിയായ ഹൂദ് അവരെ താക്കീത് ചെയ്തു കൊണ്ടിരുന്ന ശിക്ഷ അവർക്ക് മേൽ ഇറങ്ങി.
Source : QUL
27

നിങ്ങളുടെ ചുറ്റുമുള്ള ചില രാജ്യങ്ങളെയും നാം നശിപ്പിക്കുകയുണ്ടായി. അവർ (ആ രാജ്യക്കാര്‍) സത്യത്തിലേക്കു മടങ്ങുവാന്‍ വേണ്ടി നാം തെളിവുകള്‍ വിവിധ രൂപത്തില്‍ വിവരിച്ചുകൊടുക്കുകയും ചെയ്തു.

وَلَقَدۡ أَهۡلَكۡنَا مَا حَوۡلَكُم مِّنَ ٱلۡقُرَىٰ وَصَرَّفۡنَا ٱلۡأٓيَٰتِ لَعَلَّهُمۡ يَرۡجِعُونَ ۝٢٧
തഫ്സീർആയത്ത് 27
അല്ലയോ മക്കക്കാരേ! നിങ്ങൾക്ക് ചുറ്റുമുള്ള നാട്ടുകാരെ നാം നശിപ്പിച്ചിട്ടുണ്ട്. ആദിനെയും ഥമൂദിനെയും ലൂത്വിൻ്റെ ജനതയെയും മദ്'യൻകാരെയും നാം നശിപ്പിച്ചിട്ടുണ്ട്. അവർ തങ്ങളുടെ നിഷേധം ഉപേക്ഷിക്കുന്നതിനായി, വ്യത്യസ്ത വിധത്തിൽ നാം അവർക്ക് തെളിവുകളും പ്രമാണങ്ങളും നൽകി.
Source : QUL
28

അല്ലാഹുവിന് പുറമെ (അവനിലേക്ക്‌) സാമീപ്യം കിട്ടുവാനായി അവര്‍ ആരാധ്യരായി സ്വീകരിച്ചവര്‍ അപ്പോള്‍ എന്തുകൊണ്ട് അവരെ സഹായിച്ചില്ല? അല്ല, അവരെ വിട്ട് അവര്‍ (ആരാധ്യർ) അപ്രത്യക്ഷരായി. അത് (ബഹുദൈവവാദം) അവരുടെ വകയായുള്ള വ്യാജവും, അവര്‍ കൃത്രിമമായി സൃഷ്ടിച്ചുണ്ടാക്കിയിരുന്നതുമത്രെ.

فَلَوۡلَا نَصَرَهُمُ ٱلَّذِينَ ٱتَّخَذُواْ مِن دُونِ ٱللَّهِ قُرۡبَانًا ءَالِهَةَۢۖ بَلۡ ضَلُّواْ عَنۡهُمۡۚ وَذَٰلِكَ إِفۡكُهُمۡ وَمَا كَانُواْ يَفۡتَرُونَ ۝٢٨
തഫ്സീർആയത്ത് 28
അല്ലാഹുവിന് പുറമെ അവർ ആരാധ്യന്മാരായി സ്വീകരിക്കുകയും, ആരാധനകളും ബലികർമ്മങ്ങളുമായി അവർ സാമീപ്യം തേടുകയും ചെയ്തു കൊണ്ടിരുന്ന വിഗ്രഹങ്ങൾക്ക് അവരെ സഹായിച്ചു കൂടായിരുന്നോ?! നിസ്സംശയം! അതവർക്കൊരു ഉപകാരവും ചെയ്തില്ല! അല്ല! അവർക്കവയുടെ സഹായം ഏറ്റവും ആവശ്യമുണ്ടായിരുന്ന ഘട്ടത്തിൽ അവർ അപ്രത്യക്ഷരാവുകയും ചെയ്തു. ഈ വിഗ്രഹങ്ങൾ തങ്ങളെ സഹായിക്കുമെന്നും, അവർ അല്ലാഹുവിങ്കൽ തങ്ങൾക്ക് വേണ്ടി ശുപാർശ പറയുമെന്നുമുള്ള അവരുടെ ഈ വ്യാമോഹം അവർ കെട്ടിച്ചമച്ച കളവും വ്യാജവുമാകുന്നു.
Source : QUL
29

ജിന്നുകളില്‍ ഒരു സംഘത്തെ നാം നിന്‍റെ അടുത്തേക്ക് ഖുര്‍ആന്‍ ശ്രദ്ധിച്ചുകേള്‍ക്കുവാനായി തിരിച്ചുവിട്ട സന്ദര്‍ഭം (ശ്രദ്ധേയമാണ്‌.) അങ്ങനെ അവര്‍ അതിന് സന്നിഹിതരായപ്പോള്‍ അവര്‍ അന്യോന്യം പറഞ്ഞു: നിങ്ങള്‍ നിശ്ശബ്ദരായിരിക്കൂ. അങ്ങനെ അത് കഴിഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ സമുദായത്തിലേക്ക് താക്കീതുകാരായിക്കൊണ്ട് തിരിച്ചുപോയി.

وَإِذۡ صَرَفۡنَآ إِلَيۡكَ نَفَرٗا مِّنَ ٱلۡجِنِّ يَسۡتَمِعُونَ ٱلۡقُرۡءَانَ فَلَمَّا حَضَرُوهُ قَالُوٓاْ أَنصِتُواْۖ فَلَمَّا قُضِيَ وَلَّوۡاْ إِلَىٰ قَوۡمِهِم مُّنذِرِينَ ۝٢٩
തഫ്സീർആയത്ത് 29
അല്ലാഹുവിൻ്റെ റസൂലേ! ജിന്നുകളുടെ ഒരു സംഘത്തെ നിൻ്റെ അടുത്തേക്ക് നാം അയച്ച സന്ദർഭം ഓർക്കുക. അവർ നിനക്ക് മേൽ അവതരിക്കപ്പെട്ട ഖുർആൻ ശ്രദ്ധിച്ചു കേൾക്കുകയുണ്ടായി. ഖുർആൻ കേൾക്കുന്നതിന് സന്നിഹിതരായപ്പോൾ അവർ പരസ്പരം പറഞ്ഞു: നിങ്ങൾ നിശബ്ദരായിരിക്കൂ; ഞങ്ങൾ ഈ ഖുർആൻ കേൾക്കട്ടെ.അങ്ങനെ നബി -ﷺ- പാരായണം നിർത്തിയപ്പോൾ അവർ തങ്ങളുടെ സമൂഹത്തിലേക്ക്, ഖുർആനിൽ വിശ്വസിച്ചില്ലെങ്കിൽ വരാനിരിക്കുന്ന അല്ലാഹുവിൻ്റെ ശിക്ഷ താക്കീത് ചെയ്തു കൊണ്ട് മടങ്ങിപ്പോയി.
Source : QUL
30

അവര്‍ പറഞ്ഞു: ഞങ്ങളുടെ സമൂഹമേ, തീര്‍ച്ചയായും മൂസായ്ക്ക് ശേഷം അവതരിപ്പിക്കപ്പെട്ടതും, അതിന് മുമ്പുള്ളതിനെ സത്യപ്പെടുത്തുന്നതുമായ ഒരു വേദഗ്രന്ഥം ഞങ്ങള്‍ കേട്ടിരിക്കുന്നു. സത്യത്തിലേക്കും നേരായ പാതയിലേക്കും അത് വഴി കാട്ടുന്നു.

قَالُواْ يَٰقَوۡمَنَآ إِنَّا سَمِعۡنَا كِتَٰبًا أُنزِلَ مِنۢ بَعۡدِ مُوسَىٰ مُصَدِّقٗا لِّمَا بَيۡنَ يَدَيۡهِ يَهۡدِيٓ إِلَى ٱلۡحَقِّ وَإِلَىٰ طَرِيقٖ مُّسۡتَقِيمٖ ۝٣٠
തഫ്സീർആയത്ത് 30
അവർ തങ്ങളുടെ സമൂഹത്തോട് പറഞ്ഞു: ഞങ്ങളുടെ സമൂഹമേ! മൂസക്ക് ശേഷം, മുൻപ് അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ട വേദഗ്രന്ഥങ്ങളെ സത്യപ്പെടുത്തുന്ന, ഒരു ഗ്രന്ഥം ഞങ്ങൾ കേട്ടിരിക്കുന്നു. അത് സത്യത്തിലേക്ക് വഴികാട്ടുകയും, നേരായമാർഗത്തിലേക്ക് - ഇസ്ലാമിലേക്ക് - വഴിനയിക്കുകയും ചെയ്യുന്നു.
Source : QUL
31

ഞങ്ങളുടെ സമൂഹമേ, അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആള്‍ക്ക് നിങ്ങള്‍ ഉത്തരം നല്‍കുകയും, അദ്ദേഹത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുക. അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും വേദനയേറിയ ശിക്ഷയില്‍ നിന്ന് അവന്‍ നിങ്ങള്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്നതാണ്‌.

يَٰقَوۡمَنَآ أَجِيبُواْ دَاعِيَ ٱللَّهِ وَءَامِنُواْ بِهِۦ يَغۡفِرۡ لَكُم مِّن ذُنُوبِكُمۡ وَيُجِرۡكُم مِّنۡ عَذَابٍ أَلِيمٖ ۝٣١
തഫ്സീർആയത്ത് 31
ഞങ്ങളുടെ സമൂഹമേ! മുഹമ്മദ് -ﷺ- ക്ക് -അദ്ദേഹം നിങ്ങളെ ക്ഷണിക്കുന്ന സത്യം സ്വീകരിച്ചു കൊണ്ട്- നിങ്ങൾ ഉത്തരം നൽകുക. അവിടുന്ന് അല്ലാഹുവിൻ്റെ ദൂതനാണെന്ന് വിശ്വസിക്കുക. എങ്കിൽ അല്ലാഹു നിങ്ങളുടെ പാപങ്ങൾ പൊറുത്തു തരികയും, നിങ്ങളെ കാത്തിരിക്കുന്ന വേദനയേറിയ ശിക്ഷയിൽ നിന്ന് നിങ്ങളെ രക്ഷിക്കുകയും ചെയ്യും.
Source : QUL
32

അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആള്‍ക്ക് വല്ലവനും ഉത്തരം നല്‍കാതിരിക്കുന്ന പക്ഷം ഈ ഭൂമിയില്‍ (അല്ലാഹുവെ) അവന്ന് തോല്‍പിക്കാനാവില്ല. അല്ലാഹുവിന് പുറമെ അവനു രക്ഷാധികാരികള്‍ ഉണ്ടായിരിക്കുകയുമില്ല. അത്തരക്കാര്‍ വ്യക്തമായ വഴികേടിലാകുന്നു.

وَمَن لَّا يُجِبۡ دَاعِيَ ٱللَّهِ فَلَيۡسَ بِمُعۡجِزٖ فِي ٱلۡأَرۡضِ وَلَيۡسَ لَهُۥ مِن دُونِهِۦٓ أَوۡلِيَآءُۚ أُوْلَٰٓئِكَ فِي ضَلَٰلٖ مُّبِينٍ ۝٣٢
തഫ്സീർആയത്ത് 32
മുഹമ്മദ് നബി -ﷺ- ക്ഷണിക്കുന്ന സത്യത്തിന് ഉത്തരം നൽകാത്തവൻ; ഭൂമിയിൽ അല്ലാഹുവിൽ നിന്ന് ഓടി രക്ഷപ്പെടാൻ അവന് സാധ്യമല്ല. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തുന്ന മറ്റൊരു രക്ഷാധികാരിയും അവനൊട്ടില്ല താനും. അക്കൂട്ടർ സത്യത്തിൽ നിന്ന് വ്യക്തമായ വഴികേടിലാകുന്നു.
Source : QUL
33

ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും അവയെ സൃഷ്ടിച്ചതുകൊണ്ട് ക്ഷീണിക്കാതിരിക്കുകയും ചെയ്ത അല്ലാഹു മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവന്‍ തന്നെയാണെന്ന് അവര്‍ക്ക് കണ്ടുകൂടെ? അതെ; തീര്‍ച്ചയായും അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.

أَوَلَمۡ يَرَوۡاْ أَنَّ ٱللَّهَ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَلَمۡ يَعۡيَ بِخَلۡقِهِنَّ بِقَٰدِرٍ عَلَىٰٓ أَن يُحۡـِۧيَ ٱلۡمَوۡتَىٰۚ بَلَىٰٓۚ إِنَّهُۥ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ۝٣٣
തഫ്സീർആയത്ത് 33
ആകാശഭൂമികളെ സൃഷ്ടിക്കുകയും, ഇത്ര വലുതും വിശാലവുമായ പ്രപഞ്ചം സൃഷ്ടിച്ചതിനാൽ ഒരു ക്ഷീണവും ബാധിക്കാത്തവനുമായ അല്ലാഹു മരിച്ചവരെ വിചാരണക്കും പ്രതിഫലത്തിനുമായി ഉയർത്തെഴുന്നേൽപ്പിക്കാൻ കഴിവുള്ളവനാണ് എന്ന് പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഈ ബഹുദൈവാരാധകർ മനസ്സിലാക്കുന്നില്ലേ?! അതെ, തീർച്ചയായും അവൻ അവരെ ജീവിപ്പിക്കാൻ കഴിവുള്ളവനാകുന്നു. തീർച്ചയായും അവൻ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു. മരിച്ചവരെ പുനർജനിപ്പിക്കാൻ അശക്തനല്ല അവൻ.
Source : QUL
34

സത്യനിഷേധികള്‍ നരകത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം. (അവരോട് ചോദിക്കപ്പെടും;) ഇതു സത്യം തന്നെയല്ലേ എന്ന്‌. അവര്‍ പറയും: അതെ; ഞങ്ങളുടെ രക്ഷിതാവിനെ തന്നെയാണ! അവന്‍ പറയും: എന്നാല്‍ നിങ്ങള്‍ അവിശ്വസിച്ചിരുന്നതിന്‍റെ ഫലമായി ശിക്ഷ ആസ്വദിച്ചു കൊള്ളുക.

وَيَوۡمَ يُعۡرَضُ ٱلَّذِينَ كَفَرُواْ عَلَى ٱلنَّارِ أَلَيۡسَ هَٰذَا بِٱلۡحَقِّۖ قَالُواْ بَلَىٰ وَرَبِّنَاۚ قَالَ فَذُوقُواْ ٱلۡعَذَابَ بِمَا كُنتُمۡ تَكۡفُرُونَ ۝٣٤
തഫ്സീർആയത്ത് 34
അല്ലാഹുവിനെയും അവൻ്റെ ദൂതനെയും നിഷേധിച്ചവർ നരകത്തിൽ ശിക്ഷിക്കപ്പെടുന്നതിനായി, നരകാഗ്നിക്ക് മുൻപിൽ പ്രദർശിപ്പിക്കപ്പെടുന്ന ദിവസം. അന്നവരോട് ആക്ഷേപസ്വരത്തിൽ ചോദിക്കപ്പെടും: നിങ്ങൾ ഈ വീക്ഷിച്ചു കൊണ്ടിരിക്കുന്ന ശിക്ഷ യാഥാർഥ്യം തന്നെയല്ലേ?! ഇനി നിങ്ങൾ ഇഹലോകത്ത് പറഞ്ഞു കൊണ്ടിരുന്നത് പോലെ ഇതും കളവാണോ?! അവർ പറയും: അതെ! ഞങ്ങളുടെ രക്ഷിതാവിനെ തന്നെയാണ സത്യം! ഇത് തീർച്ചയായും സത്യം തന്നെയാണ്. അപ്പോൾ അവരോട് പറയപ്പെടും: എങ്കിൽ അല്ലാഹുവിനെ നിഷേധിച്ചതിൻ്റെ ഫലമായി നിങ്ങൾ ശിക്ഷ ആസ്വദിച്ചു കൊള്ളുക.
Source : QUL
35

ആകയാല്‍ (അല്ലാഹുവിന്റെ) ദൃഢമനസ്കരായ ദൂതന്‍മാര്‍ ക്ഷമിച്ചതു പോലെ നീ ക്ഷമിക്കുക. അവരുടെ (സത്യനിഷേധികളുടെ) കാര്യത്തിന് നീ ധൃതി കാണിക്കരുത്‌. അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്നത് (ശിക്ഷ) അവര്‍ നേരില്‍ കാണുന്ന ദിവസം പകലില്‍ നിന്നുള്ള ഒരു നാഴിക നേരം മാത്രമേ തങ്ങള്‍ (ഇഹലോകത്ത്‌) താമസിച്ചിട്ടുള്ളു എന്ന പോലെ അവര്‍ക്കു തോന്നും. ഇതൊരു ഉല്‍ബോധനം ആകുന്നു. എന്നാല്‍ ധിക്കാരികളായ ജനങ്ങളല്ലാതെ നശിപ്പിക്കപ്പെടുമോ?

فَٱصۡبِرۡ كَمَا صَبَرَ أُوْلُواْ ٱلۡعَزۡمِ مِنَ ٱلرُّسُلِ وَلَا تَسۡتَعۡجِل لَّهُمۡۚ كَأَنَّهُمۡ يَوۡمَ يَرَوۡنَ مَا يُوعَدُونَ لَمۡ يَلۡبَثُوٓاْ إِلَّا سَاعَةٗ مِّن نَّهَارِۭۚ بَلَٰغٞۚ فَهَلۡ يُهۡلَكُ إِلَّا ٱلۡقَوۡمُ ٱلۡفَٰسِقُونَ ۝٣٥
തഫ്സീർആയത്ത് 35
അതിനാൽ - അല്ലാഹുവിൻ്റെ റസൂലേ! -; ഉലുൽ അസ്മിൽ പെട്ട നബിമാരായ നൂഹും ഇബ്രാഹീമും മൂസയും ഈസയും -عَلَيْهِمُ السَّلَامُ- ക്ഷമിച്ചത് പോലെ, അങ്ങയുടെ സമൂഹം അങ്ങയെ കളവാക്കുന്നതിൽ താങ്കൾ ക്ഷമിക്കുക. അവരുടെ ശിക്ഷക്കായി താങ്കൾ തിരക്കു കൂട്ടരുത്. നിൻ്റെ സമൂഹത്തിലെ നിഷേധികൾ അവർക്ക് താക്കീത് ചെയ്യപ്പെട്ട ശിക്ഷ പരലോകത്ത് വെച്ച് നേരിൽ കാണുമ്പോൾ, ഇഹലോകത്ത് പകലിൽ ഒരു നാഴികനേരം മാത്രമേ തങ്ങൾ കഴിച്ചു കൂട്ടിയിട്ടുള്ളൂ എന്നവർക്ക് തോന്നും. കാരണം അത്ര ദൈർഘ്യമേറിയ ശിക്ഷയാണ് അവിടെ അവർക്ക് നൽകപ്പെടുക. മുഹമ്മദ് നബി -ﷺ- ക്ക് മേൽ അവതരിക്കപ്പെട്ടിട്ടുള്ള ഈ ഖുർആൻ മനുഷ്യർക്കും ജിന്നുകൾക്കും മതിയായ ഉൽബോധനമത്രെ. അല്ലാഹുവിനെ അനുസരിക്കാതെ, നിഷേധവും തിന്മകളും പ്രവർത്തിച്ച കൂട്ടർ മാത്രമേ അല്ലാഹുവിൻ്റെ ശിക്ഷ കൊണ്ട് നശിപ്പിക്കപ്പെടുകയുള്ളൂ.
Source : QUL