സൂറത്ത് അൽ ജാഥിയ (Al-Jathiyah)യിലെ 37 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Jathiyah.
1
ഹാമീം.
حمٓ ١
തഫ്സീർആയത്ത് 1
ഹാമീം. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.
2
ഈ വേദഗ്രന്ഥത്തിന്‍റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു.
ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത പ്രതാപവാനായ 'അസീസും', തൻറെ സൃഷ്ടിപ്പിലും വിധിനിർണ്ണയത്തിലും മതനിയമങ്ങളിലും ഏറ്റവും യുക്തമായത് ചെയ്യുന്ന 'ഹകീമു'മായ അല്ലാഹുവിങ്കൽ നിന്നാകുന്നു ഈ ഖുർആനിൻറെ അവതരണം.
3
തീര്‍ച്ചയായും ആകാശങ്ങളിലും ഭൂമിയിലും വിശ്വാസികള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.
തീർച്ചയായും ആകാശങ്ങളിലും ഭൂമിയിലും അല്ലാഹുവിൻറെ ശക്തിയും ഏകത്വവും (ഇസ്ലാമിൽ) വിശ്വസിച്ചവരെ ബോധ്യപ്പെടുത്തുന്ന അനേകം ദൃഷ്ടാന്തങ്ങളുണ്ട്. കാരണം അവരാണ് ദൃഷ്ടാന്തങ്ങളിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുന്നവർ.
4
നിങ്ങളുടെ സൃഷ്ടിപ്പിലും ജന്തുജാലങ്ങളെ അവന്‍ വിന്യസിക്കുന്നതിലുമുണ്ട് ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളും.
അല്ലയോ ജനങ്ങളേ! നിങ്ങളെ ഒരു ബീജത്തിൽ നിന്നും, ശേഷം ഒരു ഭ്രൂണത്തിൽ നിന്നും, ശേഷം ഒരു മാംസപിണ്ഡത്തിൽ നിന്നും സൃഷ്ടിച്ചതിലും, ഭൂമിയുടെ മുകളിലൂടെ ചലിക്കുന്ന നിലയിൽ അല്ലാഹു വിന്യസിച്ച ജന്തുജാലങ്ങളെ സൃഷ്ടിച്ചതിലും, അല്ലാഹു മാത്രമാണ് സ്രഷ്ടാവ് എന്നുറച്ചു വിശ്വസിക്കുന്നവർക്ക് അവൻറെ ഏകത്വം ബോധ്യപ്പെടുത്തുന്ന അനേകം തെളിവുകൾ ഉണ്ട്.
5
രാവും പകലും മാറിമാറി വരുന്നതിലും, അല്ലാഹു ആകാശത്തു നിന്ന് ഉപജീവനം ഇറക്കി അതുമുഖേന ഭൂമിക്ക് അതിന്‍റെ നിര്‍ജീവാവസ്ഥയ്ക്ക് ശേഷം ജീവന്‍ നല്‍കിയതിലും, കാറ്റുകളുടെ ഗതി നിയന്ത്രണത്തിലും ചിന്തിച്ചു മനസ്സിലാക്കുന്ന ആളുകള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.
രാപ്പകലുകൾ മാറിമാറി വരുന്നതിലും, അല്ലാഹു ആകാശത്ത് നിന്ന് ഇറക്കിയ മഴയിലും, അതു മൂലം -സസ്യങ്ങളില്ലാതെ, നിർജ്ജീവമായി കിടന്നിരുന്ന- ഭൂമിയിൽ ചെടികൾ മുളപ്പിച്ച് അതിന് ജീവൻ നൽകിയതിലും, നിങ്ങൾക്ക് ഉപകാരപ്പെടുന്നതിനായി വ്യത്യസ്ത ദിശകളിൽ നിന്ന് കാറ്റുകളെ നിയന്ത്രിച്ചു കൊണ്ടു വരുന്നതിലും ചിന്തിക്കുന്ന ജനങ്ങൾക്ക് തെളിവുകളുണ്ട്. അല്ലാഹു ഏകനാണെന്നതിനും, അവന് സൃഷ്ടികളെ മരണ ശേഷം പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നതിനും, എല്ലാം ചെയ്യാൻ അവന് സാധിക്കുമെന്നതിനും അതിലെല്ലാം അവർ തെളിവുകൾ കണ്ടെത്തും.
6
അല്ലാഹുവിന്‍റെ തെളിവുകളത്രെ അവ. സത്യപ്രകാരം നാം നിനക്ക് അവ ഓതികേള്‍പിക്കുന്നു. അല്ലാഹുവിനും അവന്‍റെ തെളിവുകള്‍ക്കും പുറമെ ഇനി ഏതൊരു വൃത്താന്തത്തിലാണ് അവര്‍ വിശ്വസിക്കുന്നത്?
ഈ ദൃഷ്ടാന്തങ്ങളും തെളിവുകളും - അല്ലാഹുവിൻറെ റസൂലേ!- സത്യപ്രകാരം നാം താങ്കൾക്ക് പാരായണം ചെയ്തു തരുന്നു. അല്ലാഹുവിൻറെ ദാസനായ (മുഹമ്മദ് നബി -ﷺ- യുടെ) മേൽ അവതരിക്കപ്പെട്ട, അല്ലാഹുവിൻറെ സംസാരത്തിലും അവൻറെ തെളിവുകളിലും അവർ വിശ്വസിക്കുന്നില്ലെങ്കിൽ ഇനിയേത് സംസാരത്തിലാണ് ഇതിന് ശേഷം അവർ വിശ്വസിക്കുക?! ഏതു തെളിവുകളെല്ലാമാണ് ഇതിന് പുറമെ അവർ സത്യപ്പെടുത്തുക?!
7
വ്യാജവാദിയും അധര്‍മകാരിയുമായ ഏതൊരാള്‍ക്കും നാശം.
وَيۡلٞ لِّكُلِّ أَفَّاكٍ أَثِيمٖ ٧
തഫ്സീർആയത്ത് 7
ധാരാളമായി കളവു പറയുന്ന, അനേകം തിന്മകൾ ചെയ്തു കൂട്ടുന്ന എല്ലാവർക്കും അല്ലാഹുവിൻറെ ശിക്ഷയും, അവനിൽ നിന്നുള്ള നാശവും ഉണ്ടാകട്ടെ!
8
അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ തനിക്ക് ഓതികേള്‍പിക്കപ്പെടുന്നത് അവന്‍ കേള്‍ക്കുകയും എന്നിട്ട് അത് കേട്ടിട്ടില്ലാത്ത പോലെ അഹങ്കാരിയായിക്കൊണ്ട് ശഠിച്ചു നില്‍ക്കുകയും ചെയ്യുന്നു. ആകയാല്‍ അവന്ന് വേദനയേറിയ ശിക്ഷയെ പറ്റി സന്തോഷവാര്‍ത്ത അറിയിച്ചു കൊള്ളുക.
(ഇസ്ലാമിനെ) നിഷേധിക്കുന്ന ഇവൻ അല്ലാഹുവിൻറെ ഖുർആനിലെ ആയത്തുകൾ അവൻറെ മേൽ പാരായണം ചെയ്യപ്പെടുന്നത് കേൾക്കുന്നു. എന്നിട്ടും -സത്യം സ്വീകരിക്കുന്നതിൽ നിന്ന് അഹംഭാവത്തോടെ പിന്തിരിഞ്ഞു നിന്നു കൊണ്ട്- അവൻ മുൻപ് നിലകൊണ്ടിരുന്ന നിഷേധത്തിലും തിന്മകളിലും തന്നെ തുടർന്നു പോവുന്നു. അവൻറെ മേൽ പാരായണം ചെയ്യപ്പെട്ട ഈ ആയത്തുകളൊന്നും കേൾക്കാത്തതു പോലെ! അല്ലാഹുവിൻറെ റസൂലേ! അവന് പ്രയാസകരമായി തീരുന്ന, പരലോകത്ത് അവനെ കാത്തിരിക്കുന്ന വേദനയേറിയ ഒരു ശിക്ഷയെ കുറിച്ച് താങ്കൾ അവനെ അറിയിക്കുക.
9
നമ്മുടെ തെളിവുകളില്‍ നിന്ന് വല്ലതും അവന്‍ അറിഞ്ഞാലോ അവനത് ഒരു പരിഹാസവിഷയമാക്കിക്കളയുകയും ചെയ്യും. അത്തരക്കാര്‍ക്കാകുന്നു അപമാനകരമായ ശിക്ഷ.
ഖുർആനിൽ നിന്ന് എന്തെങ്കിലും അവൻ അറിഞ്ഞാൽ, പരിഹസിക്കാൻ ലഭിച്ച ഒരു വിഷയമാക്കി അതിനെ അവർ തീർക്കും. ഖുർആനിനെ പരിഹസിക്കുന്ന ഇത്തരക്കാർക്ക് പരലോകത്ത് നിന്ദ്യമായ ശിക്ഷയുണ്ട്.
10
അവരുടെ പുറകെ നരകമുണ്ട്. അവര്‍ സമ്പാദിച്ചു വെച്ചിട്ടുള്ളതോ, അല്ലാഹുവിനു പുറമെ അവര്‍ സ്വീകരിച്ചിട്ടുള്ള രക്ഷാധികാരികളോ അവര്‍ക്ക് ഒട്ടും പ്രയോജനം ചെയ്യുകയില്ല. അവര്‍ക്കാണ് കനത്ത ശിക്ഷയുള്ളത്.
അവരുടെ മുൻപിൽ -പരലോകത്ത്- അവരെ കാത്തിരിക്കുന്ന നരകാഗ്നിയുണ്ട്. അവർ സമ്പാദിച്ചു വെച്ച സമ്പാദ്യമൊന്നും അല്ലാഹുവിങ്കൽ അവർക്ക് യാതൊരു ഉപകാരവും നേടിക്കൊടുക്കുകയില്ല. അല്ലാഹുവിന് പുറമെ അവർ ആരാധിക്കുന്നതിനായി ഉണ്ടാക്കി വെച്ചിട്ടുള്ള വിഗ്രഹങ്ങൾ (അല്ലാഹുവിൻറെ ശിക്ഷ) അവരിൽ നിന്ന് തടുത്തു വെക്കുകയുമില്ല. പരലോകത്ത് അവർക്ക് ഗൗരവതരമായ ശിക്ഷയുണ്ട്.
11
ഇത് സന്മാർഗമാകുന്നു. തങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ അവിശ്വസിച്ചവരാരോ അവര്‍ക്ക് കഠിനമായ തരത്തിലുള്ള വേദനയേറിയ ശിക്ഷയുണ്ട്.
നമ്മുടെ ദൂതൻ മുഹമ്മദ് നബി -ﷺ- യുടെ മേൽ നാം അവതരിപ്പിച്ച ഈ ഗ്രന്ഥം സത്യപാതയിലേക്ക് വഴികാട്ടുന്നതാകുന്നു. അല്ലാഹുവിൻറെ ദൂതൻറെ മേൽ അവതരിക്കപ്പെട്ട ആയത്തുകളെ നിഷേധിച്ചവരാകട്ടെ; അവർക്ക് വളരെ മോശമായ, വേദനയേറിയ ശിക്ഷയുണ്ട്.
12
അല്ലാഹുവാകുന്നു സമുദ്രത്തെ നിങ്ങള്‍ക്ക് അധീനമാക്കിത്തന്നവന്‍. അവന്‍റെ കല്‍പന പ്രകാരം അതിലൂടെ കപ്പലുകള്‍ സഞ്ചരിക്കുവാനും, അവന്‍റെ അനുഗ്രഹത്തില്‍നിന്ന് നിങ്ങള്‍ തേടുവാനും, നിങ്ങള്‍ നന്ദികാണിക്കുന്നവരായേക്കാനും വേണ്ടി.
ജനങ്ങളേ! അല്ലാഹു മാത്രമാകുന്നു നിങ്ങൾക്ക് സമുദ്രത്തെ അധീനപ്പെടുത്തി തന്നവൻ. അവൻറെ കൽപ്പനപ്രകാരം അതിലൂടെ കപ്പലുകൾ സഞ്ചരിക്കുന്നതിനും, അനുവദനീയമായ സമ്പാദ്യവഴികളിലൂടെ നിങ്ങൾ അല്ലാഹുവിൻറെ അനുഗ്രഹം തേടുന്നതിനും, അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അവൻറെ അനുഗ്രഹങ്ങൾക്ക് നിങ്ങൾ നന്ദി കാണിക്കുന്നവരാകുവാനും വേണ്ടി.
13
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം തന്‍റെ വകയായി അവന്‍ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.
ആകാശങ്ങളിലെ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും അവൻ നിങ്ങൾക്ക് അധീനപ്പെടുത്തിത്തന്നു. ഭൂമിയിലെ അരുവികളെയും വൃക്ഷങ്ങളെയും പർവ്വതങ്ങളെയും മറ്റും അവൻ നിങ്ങൾക്ക് അധീനപ്പെടുത്തിത്തന്നു. ഈ അനുഗ്രഹങ്ങളെല്ലാം അല്ലാഹുവിൻ്റെ ഔദാര്യവും അവൻ്റെ നന്മയും മാത്രമാണ്. അവ നിങ്ങൾക്ക് കീഴ്പ്പെടുത്തിത്തന്നു എന്നതിൽ, അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളെ കുറിച്ച് ചിന്തിക്കുകയും, അതിൽ നിന്ന് പാഠം ഉൾക്കൊള്ളുകയും ചെയ്യുന്ന സമൂഹത്തിന് അവൻറെ ശക്തിയും ഏകത്വവും ബോധ്യപ്പെടുത്തുന്ന അനേകം ദൃഷ്ടാന്തങ്ങളുണ്ട്.
14
(നബിയേ,) നീ സത്യവിശ്വാസികളോട് പറയുക: അല്ലാഹുവിന്‍റെ (ശിക്ഷയുടെ) നാളുകള്‍ പ്രതീക്ഷിക്കാത്ത സത്യനിഷേധികള്‍ക്ക് അവര്‍ മാപ്പു ചെയ്തു കൊടുക്കണമെന്ന്. ഓരോ ജനതയ്ക്കും അവര്‍ സമ്പാദിച്ചു കൊണ്ടിരിക്കുന്നതിന്‍റെ ഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടിയത്രെ അത്.(1)
അല്ലാഹുവിൻറെ റസൂലേ! അല്ലാഹുവിൽ വിശ്വസിക്കുകയും അവൻറെ ദൂതനെ സത്യപ്പെടുത്തുകയും ചെയ്തവരോട് പറയുക: അല്ലാഹുവിൻറെ അനുഗ്രഹങ്ങൾക്കോ ശിക്ഷകൾക്കോ യാതൊരു പരിഗണനയും നൽകാത്ത, നിങ്ങളെ ഉപദ്രവിക്കുന്ന നിഷേധികളോട് നിങ്ങൾ പൊറുക്കുക. തീർച്ചയായും അല്ലാഹു ക്ഷമാശീലരായ (ഇസ്ലാമിൽ) വിശ്വസിച്ചവർക്കും, അതിരു കവിഞ്ഞ (ഇസ്ലാമിനെ) നിഷേധിച്ചവർക്കും അവർ ഇഹലോകത്ത് പ്രവർത്തിച്ചതിൻറെ അടിസ്ഥാനത്തിലുള്ള പ്രതിഫലം നൽകുന്നതാണ്.
15
വല്ലവനും നല്ലത് പ്രവര്‍ത്തിച്ചാല്‍ അത് അവന്‍റെ ഗുണത്തിന് തന്നെയാകുന്നു. വല്ലവനും തിന്‍മ പ്രവര്‍ത്തിച്ചാല്‍ അതിന്‍റെ ദോഷവും അവന് തന്നെ. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് നിങ്ങള്‍ മടക്കപ്പെടുന്നതാണ്.
ആരെങ്കിലും ഒരു സൽകർമ്മം പ്രവർത്തിച്ചാൽ അതിൻറെ പ്രതിഫലം അവന് തന്നെയാണ്. അല്ലാഹു അവൻറെ പ്രവർത്തനത്തിൽ നിന്ന് ധന്യനാണ്. ആരെങ്കിലും തൻറെ പ്രവർത്തനം മോശമാക്കിയാൽ അതിൻറെ ദോഷഫലവും ശിക്ഷയും അവന് തന്നെ. അവൻറെ തിന്മ അല്ലാഹുവിന് ഒരു ഉപദ്രവവും ഉണ്ടാക്കുകയില്ല. ശേഷം, പരലോകത്ത് നമ്മിലേക്ക് മാത്രമാണ് നിങ്ങളുടെ മടക്കം. അവിടെ ഓരോരുത്തർക്കും അവന് അർഹമായ പ്രതിഫലം നാം നൽകുന്നതാണ്.
16
ഇസ്രായീല്‍ സന്തതികള്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും പ്രവാചകത്വവും നാം നല്‍കുകയുണ്ടായി. വിശിഷ്ട വസ്തുക്കളില്‍ നിന്ന് അവര്‍ക്ക് ആഹാരം നല്‍കുകയും ലോകരെക്കാള്‍ അവര്‍ക്ക് നാം ശ്രേഷ്ഠത നല്‍കുകയും ചെയ്തു.
ഇസ്രാഈൽ സന്തതികൾക്ക് നാം തൗറാത്തും, അതനുസരിച്ച് ജനങ്ങൾക്കിടയിൽ വിധി നടപ്പിലാക്കാനുള്ള (അധികാരവും) നൽകി. നബിമാരിൽ ബഹുഭൂരിപക്ഷത്തെയും അവരിൽ നിന്ന് - ഇബ്രാഹീമിൻറെ സന്തതി പരമ്പരയിൽ നിന്ന് - നാം ആക്കുകയും ചെയ്തു. അവർക്ക് നാം വിവിധങ്ങളായ വിശിഷ്ട വസ്തുക്കൾ ഉപജീവനമായി നൽകി. അവരുടെ കാലഘട്ടത്തിലെ മനുഷ്യരിൽ അവരെ നാം ഏറ്റവും ശ്രേഷ്ഠരാക്കി.
17
അവര്‍ക്ക് നാം (മത) കാര്യത്തെപ്പറ്റിയുള്ള വ്യക്തമായ തെളിവുകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ അവര്‍ ഭിന്നിച്ചത് അവര്‍ക്കു അറിവ് വന്നുകിട്ടിയതിന് ശേഷം തന്നെയാണ്. അവര്‍ തമ്മിലുള്ള മാത്സര്യം നിമിത്തമാണത്. ഏതൊരു കാര്യത്തില്‍ അവര്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്നുവോ അതില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ക്കിടയില്‍ നിന്‍റെ രക്ഷിതാവ് വിധികല്‍പിക്കുക തന്നെ ചെയ്യും.
സത്യവും അസത്യവും വേർതിരിക്കുന്ന തെളിവുകൾ നാം അവർക്ക് നൽകുകയും ചെയ്തു. നമ്മുടെ നബിയായ മുഹമ്മദ് നബി -ﷺ- യുടെ നിയോഗമനത്തോടെ, തെളിവുകൾ സുസ്ഥാപിതമായതിന് ശേഷമല്ലാതെ അവർ ഭിന്നിച്ചിട്ടില്ല. അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടിയുള്ള പരസ്പര മാത്സര്യമല്ലാതെ മറ്റൊന്നുമല്ല ഈ അഭിപ്രായഭിന്നതയിലേക്ക് അവരെ കൊണ്ടു ചെന്നെത്തിച്ചത്. അല്ലാഹുവിൻറെ റസൂലേ! തീർച്ചയായും ഇഹലോകത്ത് അവർ അഭിപ്രായഭിന്നതയിലായിട്ടുള്ള വിഷയത്തിൽ, നിൻറെ രക്ഷിതാവ് അന്ത്യനാളിൽ അവർക്കിടയിൽ വിധി കൽപ്പിക്കുന്നതാണ്. അന്ന് സത്യവാൻ ആരായിരുന്നെന്നും, അസത്യവാനാരായിരുന്നെന്നും അവൻ വ്യക്തമാക്കുന്നതാണ്.
18
(നബിയേ,) പിന്നീട് നിന്നെ നാം (മത) കാര്യത്തില്‍ ഒരു തെളിഞ്ഞ മാര്‍ഗത്തിലാക്കിയിരിക്കുന്നു. ആകയാല്‍ നീ അതിനെ പിന്തുടരുക. അറിവില്ലാത്തവരുടെ തന്നിഷ്ടങ്ങളെ നീ പിന്‍പറ്റരുത്.
(നബിയേ,) പിന്നീട് അങ്ങേക്ക് മുൻപുള്ള നമ്മുടെ നബിമാരോട് നാം കൽപ്പിച്ച (അതേ) വഴിയിലും മാർഗത്തിലും ചര്യയിലും താങ്കളെയും നാം ആക്കിയിരിക്കുന്നു. താങ്കൾ (അല്ലാഹുവിൽ) വിശ്വസിക്കുവാനും സൽകർമ്മങ്ങൾ പ്രവർത്തിക്കാനും (ജനങ്ങളെ) ക്ഷണിക്കുന്നു. അതിനാൽ ഈ മാർഗം താങ്കൾ പിൻപറ്റുക. എന്താണ് സത്യമെന്ന് അറിഞ്ഞിട്ടില്ലാത്തവരുടെ ദേഹേഛകളെ താങ്കൾ പിൻപറ്റരുത്. അവരുടെ ദേഹേഛകൾ സത്യപാതയിൽ നിന്ന് വഴികേടിലാക്കുന്നവയാണ്.
19
അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു കാര്യത്തിനും അവര്‍ നിനക്ക് ഒട്ടും പ്രയോജനപ്പെടുകയേയില്ല. തീര്‍ച്ചയായും അക്രമകാരികളില്‍ ചിലര്‍ ചിലര്‍ക്ക് രക്ഷാകര്‍ത്താക്കളാകുന്നു. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ രക്ഷാകര്‍ത്താവാകുന്നു.
നീ അവരുടെ ദേഹേഛ പിൻപറ്റിയാൽ, അല്ലാഹുവിൻറെ ശിക്ഷയിൽ നിന്ന് എന്തെങ്കിലുമൊന്ന് തടുത്തു നിർത്താൻ സത്യം മനസ്സിലാക്കിയിട്ടില്ലാത്ത ഇവരെക്കൊണ്ട് സാധിക്കുകയില്ല. തീർച്ചയായും വ്യത്യസ്ത മതവിശ്വാസാദർശങ്ങളിൽ പെട്ട എല്ലാ അതിക്രമികളും പരസ്പരം സഹായികളും, (ഇസ്ലാമിൽ) വിശ്വസിച്ചവർക്കെതിരെ സർവ്വപിന്തുണയും നൽകുന്നവരുമാണ്. എന്നാൽ അല്ലാഹു അവൻറെ കൽപ്പനകൾ അനുസരിച്ചും വിരോധങ്ങൾ ഉപേക്ഷിച്ചും അവനെ സൂക്ഷിച്ച് ജീവിക്കുന്നവരെ സഹായിക്കുന്നവനാകുന്നു.
20
ഇത് മനുഷ്യരുടെ കണ്ണ് തുറപ്പിക്കുന്ന തെളിവുകളും ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു.
നമ്മുടെ ദൂതൻറെ മേൽ അവതരിക്കപ്പെട്ടിട്ടുള്ള ഈ ഖുർആൻ ജനങ്ങൾക്ക് സത്യവും അസത്യവും വേർതിരിച്ചു ബോധ്യപ്പെടുത്തി നൽകുന്ന സുവ്യക്തമായ തെളിവുകളും, സത്യത്തിലേക്കുള്ള മാർഗദർശനവും, ദൃഢവിശ്വാസികളായ സമൂഹത്തിന് കാരുണ്യവുമാകുന്നു. കാരണം അവരാണ് (ദൃഢവിശ്വാസികൾ) ഇത് കൊണ്ട് നേരായ മാർഗത്തിലേക്ക് എത്തിച്ചേരുക. അങ്ങനെ അവരുടെ രക്ഷിതാവ് അവരെ തൃപ്തിപ്പെടുകയും, സ്വർഗത്തിൽ അവരെ പ്രവേശിപ്പിക്കുകയും, നരകത്തിൽ നിന്ന് അവരെ രക്ഷപ്പെടുത്തുകയും ചെയ്യും.
21
അതല്ല, തിന്‍മകള്‍ പ്രവര്‍ത്തിച്ചവര്‍ വിചാരിച്ചിരിക്കുകയാണോ; അവരെ നാം വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ, അതായത് അവരുടെ (രണ്ട് കൂട്ടരുടെയും) ജീവിതവും മരണവും തുല്യമായ നിലയില്‍ ആക്കുമെന്ന്?(2) അവര്‍ വിധികല്‍പിക്കുന്നത് വളരെ മോശം തന്നെ.
അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് ലഭിക്കുന്നത് പോലുള്ള പ്രതിഫലം, തങ്ങളുടെ ശരീരാവയവങ്ങൾ കൊണ്ട് നിഷേധവും തിന്മകളും ചെയ്തു കൂട്ടിയവർക്കും നാം നൽകുമെന്ന് വിചാരിച്ചിരിക്കുകയാണോ അവർ? അവരുടെ രണ്ടു കൂട്ടരുടെയും ഐഹികജീവിതവും പാരത്രിക ജീവിതവും ഒരു പോലെയാകുമെന്ന്?! എത്ര മോശം വിധിയാണ് അവരുടേത്!
22
ആകാശങ്ങളും ഭൂമിയും അല്ലാഹു ശരിയായ ലക്ഷ്യത്തോടെ സൃഷ്ടിച്ചിരിക്കുന്നു. ഓരോ ആള്‍ക്കും താന്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലം നല്‍കപ്പെടാന്‍ വേണ്ടിയുമാണ് അത്. അവരോട് അനീതി കാണിക്കപ്പെടുന്നതല്ല.
അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും വളരെ മഹത്തരമായ ഒരു ലക്ഷ്യത്തോടെയാണ് സൃഷ്ടിച്ചിട്ടുള്ളത്. അവയൊന്നും അവൻ കളിയായി സൃഷ്ടിച്ചതല്ല. ഓരോ വ്യക്തിക്കും അവർ പ്രവർത്തിച്ചത് - അത് നന്മയോ തിന്മയോ ആകട്ടെ -; അതിനുള്ള പ്രതിഫലം നൽകപ്പെടുന്നതിന് വേണ്ടി. അല്ലാഹു (പ്രവർത്തനങ്ങൾ രേഖപ്പെടുത്തിയ ഏടുകളിൽ നിന്ന്) അവരുടെ നന്മകൾ കുറച്ചു കൊണ്ടോ, (അവർ ചെയ്യാത്ത) തിന്മകൾ വർദ്ധിപ്പിച്ചോ അവരോട് അനീതി ചെയ്യുകയില്ല.
23
എന്നാല്‍ തന്‍റെ ആരാധ്യനെ തന്‍റെ തന്നിഷ്ടമാക്കിയവനെ നീ കണ്ടുവോ?(3) അറിഞ്ഞു കൊണ്ടുതന്നെ അല്ലാഹു അവനെ പിഴവിലാക്കുകയും, അവന്‍റെ കാതിനും ഹൃദയത്തിനും മുദ്രവെക്കുകയും, അവന്‍റെ കണ്ണിനു മേല്‍ ഒരു മൂടി ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. അപ്പോള്‍ അല്ലാഹുവിനു പുറമെ ആരാണ് അവനെ നേര്‍വഴിയിലാക്കുവാനുള്ളത്? എന്നിരിക്കെ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നില്ലേ?
അല്ലാഹുവിൻറെ റസൂലേ! തൻറെ ദേഹേഛയെ പിൻപറ്റുകയും, ഒരിക്കലും അതിന് എതിരു പ്രവർത്തിക്കാതെ, തൻറെ ആരാധ്യൻറെ സ്ഥാനത്ത് (സ്വേഛകളെ) പ്രതിഷ്ഠിക്കുകയും ചെയ്തവനെ നീ കണ്ടില്ലേ?! അല്ലാഹു അറിഞ്ഞു കൊണ്ട് തന്നെ അവനെ വഴികേടിലാക്കിയിരിക്കുന്നു; കാരണം അവൻ വഴികേടിലാക്കപ്പെടാൻ എന്തു കൊണ്ടും അർഹനാണ്. അവൻറെ ഹൃദയത്തിന് അല്ലാഹു മുദ്ര വെച്ചിരിക്കുന്നു; അതിനാൽ അവൻ സ്വന്തത്തിന് ഉപകാരപ്പെടുന്ന രൂപത്തിൽ ഒന്നും കേൾക്കുകയില്ല. അവൻറെ കാഴ്ചക്ക് അല്ലാഹു ഒരു മൂടി വെച്ചിരിക്കുന്നു; സത്യം കണ്ടെത്തുന്നതിൽ നിന്ന് അതവനെ തടയുന്നു. അല്ലാഹു വഴികേടിലാക്കിയതിന് ശേഷം അവനെ നേർവഴിയിലാക്കാൻ ആരാണുള്ളത്?! അതിനാൽ ദേഹേഛകളെ പിൻപറ്റുന്നതിൻറെ ഉപദ്രവത്തെ കുറിച്ച് നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?! അല്ലാഹുവിൻറെ മതനിയമങ്ങൾ അനുസരിക്കുന്നതിലുള്ള സൽഫലങ്ങളെ കുറിച്ചും (നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?!)
24
അവര്‍ പറഞ്ഞു: ജീവിതമെന്നാല്‍ നമ്മുടെ ഐഹികജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജീവിക്കുന്നു. നമ്മെ നശിപ്പിക്കുന്നത് കാലം മാത്രമാകുന്നു. (വാസ്തവത്തില്‍) അവര്‍ക്ക് അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹിക്കുക മാത്രമാകുന്നു.
പുനരുത്ഥാനത്തെ നിഷേധിക്കുന്ന, (ഇസ്ലാമിൽ) വിശ്വസിക്കാത്തവർ പറഞ്ഞു: ജീവിതമെന്നാൽ നമ്മുടെ ഈ ജീവിതം മാത്രമാകുന്നു. ഇതിന് ശേഷം ഇനിയൊരു ജീവിതമില്ല. ചില സമൂഹങ്ങൾ മരിച്ചു പോകുന്നു; അവരിനി തിരിച്ചു വരില്ല. മറ്റു ചിലർ ജീവിക്കുന്ന. രാപ്പകലുകൾ മാറിമാറി വരുന്നതിനാൽ നാം മരിച്ചു പോകുന്നു. യഥാർത്ഥത്തിൽ, പുനരുത്ഥാനത്തെ നിഷേധിക്കാൻ തക്കവണ്ണം ഒരു അറിവും അവർക്കില്ല. അവർ ഊഹിക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാൽ തീർച്ചയായും ഊഹം (യഥാർഥ) സത്യത്തിന് പകരമാവില്ല.
25
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വ്യക്തമായി അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെടുകയാണെങ്കില്‍ അവരുടെ ന്യായവാദം 'നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഞങ്ങളുടെ പിതാക്കളെ (ജീവിപ്പിച്ചു) കൊണ്ടുവരിക' എന്ന അവരുടെ വാക്ക് മാത്രമായിരിക്കും.
പുനരുത്ഥാനത്തെ നിഷേധിക്കുന്ന, ബഹുദൈവാരാധകർക്ക് നീ നമ്മുടെ വ്യക്തമായ ആയത്തുകൾ പാരായണം ചെയ്തു കേൾപ്പിച്ചാൽ അല്ലാഹുവിൻറെ ദൂതരോടും അവിടുത്തെ അനുചരന്മാരോടും അവർക്ക് പറയാനുള്ള ഏകന്യായം ഇത്ര മാത്രമായിരിക്കും: ഞങ്ങളുടെ മരണ ശേഷം ഞങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടുമെന്ന നിങ്ങളുടെ ഈ വാദം സത്യമാണെങ്കിൽ, ഞങ്ങളുടെ മരിച്ചു പോയ പിതാക്കന്മാരെ ഞങ്ങൾക്ക് ജീവിപ്പിച്ചു കൊണ്ടു വന്നു തരിക.
26
പറയുക: അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു. പിന്നീട് അവന്‍ നിങ്ങളെ മരിപ്പിക്കുകയും പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലേക്ക് നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുകയും ചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. പക്ഷെ മനുഷ്യരില്‍ അധികപേരും അറിയുന്നില്ല.
അല്ലാഹുവിൻറെ റസൂലേ! അവരോട് പറയുക: അല്ലാഹു നിങ്ങളെ സൃഷ്ടിക്കുകയും, നിങ്ങൾക്ക് ജീവൻ നൽകുകയും ചെയ്യുന്നു. ശേഷം അവൻ നിങ്ങളെ മരിപ്പിക്കുന്നു. അങ്ങനെ നിങ്ങളുടെ മരണ ശേഷം അന്ത്യനാളിൽ വിചാരണക്കും പ്രതിഫലം നൽകുന്നതിനുമായി അവൻ നിങ്ങളെ ഒരുമിച്ചു കൂട്ടുന്നതാണ്. വരുമെന്നതിൽ ഒരു സംശയവും വേണ്ടതില്ലാത്ത ദിനമാകുന്നു അത്. എന്നാൽ ജനങ്ങളിൽ ബഹുഭൂരിപക്ഷവും (ഈ യാഥാർഥ്യങ്ങൾ) തിരിച്ചറിയുന്നില്ല. അതു കൊണ്ടാണ് അന്നേക്ക് വേണ്ടി സൽകർമ്മങ്ങൾ ചെയ്തു കൊണ്ട് അവർ തയ്യാറെടുക്കാത്തത്.
27
അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. ആ അന്ത്യസമയം നിലവില്‍ വരുന്ന ദിവസമുണ്ടല്ലോ അന്നായിരിക്കും അസത്യവാദികള്‍ക്കു നഷ്ടം നേരിടുന്ന ദിവസം.
ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം അല്ലാഹുവിന് മാത്രമാകുന്നു. അവ രണ്ടിലും ആരാധിക്കപ്പെടാൻ അർഹതയുള്ളവനായി മറ്റാരുമില്ല. വിചാരണക്കും പ്രതിഫലത്തിനുമായി മരിച്ചവരെ അല്ലാഹു ഉയർത്തെഴുന്നേൽപ്പിക്കുന്ന അന്ത്യനാൾ സംഭവിക്കുന്ന ദിവസമാകട്ടെ; അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുകയും, സത്യത്തെ തകർക്കാനും, അസത്യത്തെ വളർത്താനും ശ്രമിക്കുന്ന അസത്യവാദികൾ നഷ്ടത്തിൽ അകപ്പെടും.
28
(അന്ന്) എല്ലാ സമുദായങ്ങളെയും മുട്ടുകുത്തിയ നിലയില്‍ നീ കാണുന്നതാണ്. ഓരോ സമുദായവും അതിന്‍റെ രേഖയിലേക്ക് വിളിക്കപ്പെടും.(4) നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന് ഇന്ന് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നതാണ് (എന്ന് അവരോട് പറയപ്പെടുകയും ചെയ്യും.)
അല്ലാഹുവിൻറെ റസൂലേ! അന്നേ ദിവസം ഓരോ സമുദായവും എന്താണ് തങ്ങളോട് ചെയ്യപ്പെടാൻ പോകുന്നത് എന്ന ഉദ്വേഗത്തോടെ മുട്ടു കുത്തിയ നിലയിൽ നിൽക്കുന്നത് നിനക്ക് കാണാൻ കഴിയും. ഓരോ സമുദായവും അവരുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തപ്പെട്ട ഏടുകളിലേക്ക് വിളിക്കപ്പെടും. (മനുഷ്യരുടെ) പ്രവർത്തനങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കാൻ ഏൽപ്പിക്കപ്പെട്ട മലക്കുകൾ എഴുതിയവയാണ് ആ ഏടുകൾ. ജനങ്ങളേ! നിങ്ങൾ ഇഹലോകത്ത് പ്രവർത്തിച്ചു കൊണ്ടിരുന്ന നന്മയോ തിന്മയോ ആകട്ടെ; അതിനെല്ലാമുള്ള പ്രതിഫലം ഇന്നേ ദിവസം നിങ്ങൾക്ക് നൽകപ്പെടും.
29
ഇതാ നമ്മുടെ രേഖ. നിങ്ങള്‍ക്കെതിരായി അത് സത്യം തുറന്നുപറയുന്നതാണ്. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതെല്ലാം നാം എഴുതിക്കുന്നുണ്ടായിരുന്നു.
മലക്കുകൾ നിങ്ങളുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തി വെച്ചിരുന്ന നമ്മുടെ രേഖയിതാ. സത്യസന്ധമായി അത് നിങ്ങൾക്കെതിരെ സാക്ഷ്യം വഹിക്കുന്നു. അതിനാൽ വായിച്ചു നോക്കുക! നിങ്ങൾ ഇഹലോകത്ത് പ്രവർത്തിക്കുന്നതെല്ലാം രേഖപ്പെടുത്തി വെക്കാൻ നാം മലക്കുകളോട് കൽപ്പിച്ചിട്ടുണ്ടായിരുന്നു.
30
എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവരെ അവരുടെ രക്ഷിതാവ് തന്‍റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നതാണ്. അതു തന്നെയാകുന്നു വ്യക്തമായ ഭാഗ്യം.
എന്നാൽ (അല്ലാഹുവിൽ) വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ; അവരുടെ രക്ഷിതാവ് അവൻറെ സ്വർഗത്തിൽ തൻറെ കാരുണ്യത്താൽ അവരെ പ്രവേശിപ്പിക്കുന്നതാണ്. അല്ലാഹു അവർക്ക് നൽകുന്ന ആ പ്രതിഫലം തന്നെയാകുന്നു വ്യക്തമായ വിജയം. അതിന് സമാനമായ മറ്റൊരു വിജയവുമില്ല.
31
എന്നാല്‍ അവിശ്വസിച്ചവരാരോ (അവരോട് പറയപ്പെടും:) എന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതികേള്‍പിക്കപ്പെട്ടിരുന്നില്ലേ? എന്നിട്ട് നിങ്ങള്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ഒരു ജനതയാകുകയും ചെയ്തു.
എന്നാൽ അല്ലാഹുവിൽ അവിശ്വസിച്ചവർ; അവരുടെ ദുഃഖം വർദ്ധിപ്പിക്കുന്ന നിലയിൽ അവരോട് പറയപ്പെടും: എൻറെ ആയത്തുകൾ നിങ്ങൾക്ക് പാരായണം ചെയ്തു കേൾപ്പിക്കപ്പെട്ടിരുന്നില്ലേ?! അപ്പോൾ നിങ്ങൾ അതിൽ വിശ്വസിക്കുന്നതിൽ നിന്ന് അഹംഭാവം നടിച്ചു. (അല്ലാഹുവിനെ) നിഷേധിച്ചും തിന്മകൾ ചെയ്തു കൂട്ടിയും, കുറ്റവാളികളായി (ജീവിച്ചി)രുന്ന ഒരു സമൂഹമായിരുന്നു നിങ്ങൾ.
32
തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണ്. ആ അന്ത്യസമയമാകട്ടെ അതിന്‍റെ കാര്യത്തില്‍ യാതൊരു സംശയവുമില്ല എന്ന് പറയപ്പെട്ടാല്‍ നിങ്ങള്‍ പറയും: എന്താണ് അന്ത്യസമയമെന്ന് ഞങ്ങള്‍ക്കറിഞ്ഞ് കൂടാ. ഞങ്ങള്‍ക്ക് ഒരു തരം ഊഹം മാത്രമാണുള്ളത്. ഞങ്ങള്‍ക്ക് ഒരു ഉറപ്പുമില്ല.
അല്ലാഹു തൻറെ അടിമകളെ ഉയർത്തെഴുന്നേൽപ്പിക്കുകയും അവർക്ക് പ്രതിഫലം നൽകുകയും ചെയ്യുമെന്ന അവൻറെ വാഗ്ദാനം സത്യമാണ് എന്നും, അതിൽ യാതൊരു അവ്യക്തതയും വേണ്ടതില്ല എന്നും, അന്ത്യനാൾ യാഥാർഥ്യമാണെന്നും, അതിൽ യാതൊരു സംശയവുമില്ലെന്നും, അതിനാൽ അന്നേ ദിവസത്തിന് വേണ്ടി നിങ്ങൾ പ്രവർത്തിക്കുക എന്നും നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ പറയും: എന്താണീ അന്ത്യനാൾ?! ഞങ്ങൾക്കതിനെ കുറിച്ചൊന്നും അറിയുകയില്ല. അത് വരാൻ ഒരു ചെറിയ സാധ്യതയുണ്ടെന്ന ബലമില്ലാത്ത ഒരു ഊഹമല്ലാതെ ഞങ്ങൾക്കില്ല. അങ്ങനെയൊന്ന് സംഭവിക്കുമെന്നതിൽ ഞങ്ങൾ ദൃഢവിശ്വാസമുള്ളവരേ അല്ല.
33
തങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍റെ ദൂഷ്യങ്ങള്‍ അവര്‍ക്കു വെളിപ്പെടുന്നതാണ്. അവര്‍ എന്തിനെയാണോ പരിഹസിച്ചു കൊണ്ടിരുന്നത് അത് അവരെ വലയം ചെയ്യുന്നതുമാണ്.
അവർ ഇഹലോകത്ത് ചെയ്തു കൂട്ടിയ നിഷേധത്തിൻറെയും തിന്മകളുടെയും ദൂഷ്യഫലങ്ങൾ അവർക്ക് വ്യക്തമാകുന്നതാണ്. ശിക്ഷയെ കുറിച്ച് താക്കീത് നൽകപ്പെടവെ, അവർ പരിഹസിച്ചു കൊണ്ടിരുന്ന ശിക്ഷ അവരുടെ മേൽ ഇറങ്ങുകയും ചെയ്യുന്നതാണ്.
34
(അവരോട്) പറയപ്പെടും: നിങ്ങളുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്നത് നിങ്ങള്‍ മറന്നത് പോലെ ഇന്ന് നിങ്ങളെ നാം (ശിക്ഷയിൽ) വിട്ടുകളയുന്നു. നിങ്ങളുടെ വാസസ്ഥലം നരകമാകുന്നു. നിങ്ങള്‍ക്ക് സഹായികളാരും ഇല്ലതാനും.
അല്ലാഹു അവരോട് പറയും: ഇങ്ങനെയൊരു ദിവസത്തെ കുറിച്ച് വിസ്മരിക്കുകയും, (അല്ലാഹുവിൽ) വിശ്വസിച്ചും സൽകർമ്മങ്ങൾ പ്രവർത്തിച്ചും ഇതിന് വേണ്ടി തയ്യാറെടുക്കാതിരുന്നതിനാലും ഇന്നേ ദിവസം നാം നിങ്ങളെ നരകത്തിൽ ഉപേക്ഷിക്കുന്നു. നിങ്ങൾക്ക് മടങ്ങിച്ചെല്ലാനുള്ള നിങ്ങളുടെ സങ്കേതം നരകമാകുന്നു. അല്ലാഹുവിൻറെ ശിക്ഷയിൽ നിന്ന് നിങ്ങളെ പ്രതിരോധിക്കുന്ന ഒരു സഹായിയും നിങ്ങൾക്കില്ല.
35
അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ പരിഹാസ്യമാക്കിത്തീര്‍ക്കുകയും ഐഹികജീവിതം നിങ്ങളെ വഞ്ചിക്കുകയും ചെയ്തതു കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ആകയാല്‍ ഇന്ന് അവര്‍ അവിടെ നിന്ന് പുറത്തയക്കപ്പെടുന്നതല്ല. അവരോട് പ്രായശ്ചിത്തം ആവശ്യപ്പെടുകയുമില്ല.
അല്ലാഹുവിൻറെ ആയത്തുകളെ നിങ്ങൾ പരിഹാസ്യമാക്കി തീർത്തത് കാരണത്താലാണ് നിങ്ങൾക്ക് മേൽ ഈ ശിക്ഷ വന്നു ഭവിച്ചത്. ഐഹിക ജീവിതം അതിൻറെ ആസ്വാദനങ്ങളാലും ദേഹേഛകളാലും നിങ്ങളെ വഞ്ചിച്ചിരിക്കുന്നു. അല്ലാഹുവിൻറെ ആയത്തുകളെ പരിഹസിച്ച ഈ നിഷേധികൾ ഇന്നേ ദിവസം നരകത്തിൽ നിന്ന് പുറത്തു കടക്കാൻ അവർ (അനുവദിക്കപ്പെടുന്നതല്ല). മറിച്ച്, എന്നെന്നേക്കുമായി അവരതിൽ നിലകൊള്ളും. ഇനിയൊരിക്കലും ഐഹിക ജീവിതത്തിലേക്ക് സൽകർമ്മങ്ങൾ പ്രവർത്തിക്കാനായി അവർ മടക്കപ്പെടുകയില്ല. അവരെ ഇനിയൊരിക്കലും അല്ലാഹു തൃപ്തിപ്പെടുകയുമില്ല.
36
അപ്പോള്‍ ആകാശങ്ങളുടെ രക്ഷിതാവും ഭൂമിയുടെ രക്ഷിതാവും ലോകരുടെ രക്ഷിതാവുമായ അല്ലാഹുവിനാണ് സ്തുതി.
ആകാശങ്ങളിലും ഭൂമിയിലും അവനാകുന്നു സർവ്വ മഹത്വവും ഗാംഭീര്യവുമുള്ളത്. ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത 'അസീസും', തൻറെ സൃഷ്ടിപ്പിലും വിധിനിർണ്ണയത്തിലും നിയന്ത്രണത്തിലും മതനിയമങ്ങളിലും അങ്ങേയറ്റം യുക്തമായത് പ്രവർത്തിക്കുന്ന 'ഹകീമു'മത്രെ അവൻ.