Wednesday, 12 August 2026 Hijri: 03:06:23 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

അദ്ദുഖാൻ الدخان Ad-Dukhan

Surah 44 മക്കിയ്യ • مكية • Makkiyah 59 ആയത്തുകൾ • 59 Ayahs

സൂറത്ത് അദ്ദുഖാൻ (Ad-Dukhan)യിലെ 59 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Ad-Dukhan.

1

ഹാമീം.

حمٓ ۝١
തഫ്സീർആയത്ത് 1
ഹാമീം. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.
Source : QUL
2

സ്പഷ്ടമായ വേദഗ്രന്ഥം തന്നെയാണ സത്യം;

وَٱلۡكِتَٰبِ ٱلۡمُبِينِ ۝٢
തഫ്സീർആയത്ത് 2
സത്യത്തിലേക്ക് നയിക്കുന്ന മാർഗം ഏതെന്ന് വ്യക്തമാക്കുന്ന വിശുദ്ധ ഖുർആൻ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
Source : QUL
3

തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു.

إِنَّآ أَنزَلۡنَٰهُ فِي لَيۡلَةٖ مُّبَٰرَكَةٍۚ إِنَّا كُنَّا مُنذِرِينَ ۝٣
തഫ്സീർആയത്ത് 3
തീർച്ചയായും നാം ഖുർആൻ 'ലൈലതുൽ ഖദ്റിൽ' (നിർണ്ണയത്തിൻറെ രാത്രി) അവതരിപ്പിച്ചിരിക്കുന്നു. അനേകം നന്മകളുള്ള രാത്രിയാകുന്നു അത്. തീർച്ചയായും നാം ഈ ഖുർആൻ കൊണ്ട് (നമ്മുടെ ശിക്ഷയെ കുറിച്ച്) ഭയപ്പെടുത്തുന്നവനാകുന്നു.
Source : QUL
4

ആ രാത്രിയില്‍ യുക്തിപൂര്‍ണ്ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു.

فِيهَا يُفۡرَقُ كُلُّ أَمۡرٍ حَكِيمٍ ۝٤
തഫ്സീർആയത്ത് 4
(സൃഷ്ടികളുടെ) ഉപജീവനവും ആയുസ്സും പോലുള്ള, പ്രസ്തുത വർഷത്തിലേക്ക് അല്ലാഹു നിശ്ചയിക്കുന്ന ഖണ്ഡിതമായ കാര്യങ്ങൾ (എപ്രകാരമായിരിക്കണമെന്ന്) ആ രാത്രിയിൽ അവൻ വേർതിരിച്ചു വിവരിക്കുന്നു.
Source : QUL
5

അതെ, നമ്മുടെ പക്കല്‍ നിന്നുള്ള കല്‍പന. തീര്‍ച്ചയായും നാം (ദൂതന്‍മാരെ) നിയോഗിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.

أَمۡرٗا مِّنۡ عِندِنَآۚ إِنَّا كُنَّا مُرۡسِلِينَ ۝٥
തഫ്സീർആയത്ത് 5
നമ്മുടെ പക്കൽ നിന്നുള്ള എല്ലാ ഖണ്ഡിതമായ കാര്യവും നാം വിശദീകരിച്ചു നൽകുന്നു. തീർച്ചയായും നാം ദൂതരെ അയക്കുന്നവനാകുന്നു.
Source : QUL
6

നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു കാരുണ്യമത്രെ അത്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും.

رَحۡمَةٗ مِّن رَّبِّكَۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡعَلِيمُ ۝٦
തഫ്സീർആയത്ത് 6
അല്ലാഹുവിൻറെ റസൂലേ! താങ്കളുടെ രക്ഷിതാവ് അവൻറെ പക്കൽ നിന്നുള്ള കാരുണ്യമായി കൊണ്ട് ഓരോ സമൂഹത്തിലേക്കും അവരുടെ ദൂതന്മാരെ നിയോഗിക്കുന്നു. തീർച്ചയായും അവൻ തന്നെയാകുന്നു തൻറെ അടിമകളുടെ സംസാരങ്ങളെല്ലാം കേൾക്കുന്ന 'സമീഉം', അവരുടെ പ്രവർത്തനങ്ങളും ഉദ്ദേശങ്ങളും നന്നായി അറിയുന്ന 'അലീമും'. അതിൽ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല.
Source : QUL
7

ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവ്‌. നിങ്ങള്‍ ദൃഢവിശ്വാസമുള്ളവരാണെങ്കില്‍.

رَبِّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَآۖ إِن كُنتُم مُّوقِنِينَ ۝٧
തഫ്സീർആയത്ത് 7
ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിൻറെയും രക്ഷിതാവ്. അതിൽ നിങ്ങൾക്ക് ദൃഢവിശ്വാസമുണ്ടെങ്കിൽ നിങ്ങൾ എൻറെ ദൂതന്മാരിൽ വിശ്വസിക്കുക.
Source : QUL
8

അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വ്വപിതാക്കളുടെ രക്ഷിതാവും ആയിട്ടുള്ളവന്‍.

لَآ إِلَٰهَ إِلَّا هُوَ يُحۡيِۦ وَيُمِيتُۖ رَبُّكُمۡ وَرَبُّ ءَابَآئِكُمُ ٱلۡأَوَّلِينَ ۝٨
തഫ്സീർആയത്ത് 8
അവനല്ലാതെ ആരാധനക്ക് യഥാർത്ഥ അർഹനായി മറ്റാരുമില്ല. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവനല്ലാതെ ജീവൻ നൽകുകയോ മരിപ്പിക്കുകയോ ചെയ്യുന്ന ഒരാളും തന്നെയില്ല. നിങ്ങളുടെയും നിങ്ങളുടെ പൂർവ്വപിതാക്കളുടെയും രക്ഷിതാവ്.
Source : QUL
9

എങ്കിലും അവര്‍ സംശയത്തില്‍ കളിക്കുകയാകുന്നു.

بَلۡ هُمۡ فِي شَكّٖ يَلۡعَبُونَ ۝٩
തഫ്സീർആയത്ത് 9
ഈ ബഹുദൈവാരാധകർക്ക് അതിൽ ദൃഢവിശ്വാസമില്ല തന്നെ. എന്നാൽ അവർ തങ്ങളുടെ സംശയത്തിൽ നിലകൊള്ളുകയും, നിരർത്ഥകമായ കാര്യങ്ങളിൽ വ്യാപൃതരായി അതിനെ കുറിച്ച് അശ്രദ്ധരാവുകയുമാണ്.
Source : QUL
10

അതിനാല്‍ ആകാശം, തെളിഞ്ഞു കാണാവുന്ന ഒരു പുകയും കൊണ്ട് വരുന്ന ദിവസം നീ പ്രതീക്ഷിച്ചിരിക്കുക.

فَٱرۡتَقِبۡ يَوۡمَ تَأۡتِي ٱلسَّمَآءُ بِدُخَانٖ مُّبِينٖ ۝١٠
തഫ്സീർആയത്ത് 10
അല്ലാഹുവിൻറെ റസൂലേ! അതിനാൽ നിൻറെ സമൂഹത്തിന് വരാനിരിക്കുന്ന സമീപസ്ഥമായ ശിക്ഷ നീ കാത്തിരിക്കുക. വിശപ്പിൻ്റെ കാഠിന്യത്താൽ അവർക്ക് തങ്ങളുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന വ്യക്തമായ ഒരു പുകയും കൊണ്ട് ആകാശം വരുന്ന ദിവസം.
Source : QUL
11

മനുഷ്യരെ അത് പൊതിയുന്നതാണ്‌. ഇത് വേദനയേറിയ ഒരു ശിക്ഷയായിരിക്കും.(1)

يَغۡشَى ٱلنَّاسَۖ هَٰذَا عَذَابٌ أَلِيمٞ ۝١١
തഫ്സീർആയത്ത് 11
അത് നിൻറെ സമൂഹത്തെ മുഴുവനായി ബാധിക്കും. അവരോട് പറയപ്പെടും: നിങ്ങൾക്ക് ബാധിച്ചിരിക്കുന്ന ഈ ശിക്ഷ വേദനാജനകമായ ശിക്ഷയാകുന്നു.
Source : QUL
12

(അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീ ഈ ശിക്ഷ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും ഞങ്ങള്‍ വിശ്വസിച്ചു കൊള്ളാം.

رَّبَّنَا ٱكۡشِفۡ عَنَّا ٱلۡعَذَابَ إِنَّا مُؤۡمِنُونَ ۝١٢
തഫ്സീർആയത്ത് 12
അപ്പോൾ അവർ അവരുടെ രക്ഷിതാവായ അല്ലാഹുവിലേക്ക് താണപേക്ഷിച്ചു കൊണ്ട് ചോദിക്കും: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾക്ക് മേൽ നീ അയച്ചിരിക്കുന്ന ഈ ശിക്ഷ നീ ഞങ്ങളിൽ നിന്ന് ഒഴിവാക്കി തരേണമേ! ഇത് ഒഴിവാക്കി തന്നാൽ, ഞങ്ങൾ നിന്നിലും, നിൻറെ ദൂതരിലും വിശ്വസിച്ചു കൊള്ളാം.
Source : QUL
13

എങ്ങനെയാണ് അവര്‍ക്ക് ഉല്‍ബോധനം ഫലപ്പെടുക? (കാര്യം) വ്യക്തമാക്കുന്ന ഒരു ദൂതന്‍ അവരുടെ അടുക്കല്‍ ചെന്നിട്ടുണ്ട്‌.

أَنَّىٰ لَهُمُ ٱلذِّكۡرَىٰ وَقَدۡ جَآءَهُمۡ رَسُولٞ مُّبِينٞ ۝١٣
തഫ്സീർആയത്ത് 13
എങ്ങനെയാണ് അവർ ഉൽബോധനം ഉൾക്കൊള്ളുകയും, അവരുടെ രക്ഷിതാവിലേക്ക് ആരാധനാനിരതരായി മടങ്ങുകയും ചെയ്യുക?! അവരിലേക്ക് വ്യക്തമായ പ്രവാചകത്വവുമായി ഒരു ദൂതൻ (മുഹമ്മദ് നബി -ﷺ-) വരുകയും, അവർക്ക് അദ്ദേഹത്തിൻറെ സത്യസന്ധതയും വിശ്വസ്തതയും ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Source : QUL
14

എന്നിട്ട് അദ്ദേഹത്തെ വിട്ട് അവന്‍ പിന്തിരിഞ്ഞു കളയുകയാണ് ചെയ്തത്‌. ആരോ പഠിപ്പിച്ചുവിട്ടവന്‍, ഭ്രാന്തന്‍ എന്നൊക്കെ അവര്‍ പറയുകയും ചെയ്തു.

ثُمَّ تَوَلَّوۡاْ عَنۡهُ وَقَالُواْ مُعَلَّمٞ مَّجۡنُونٌ ۝١٤
തഫ്സീർആയത്ത് 14
എന്നിട്ടും അവർ അദ്ദേഹത്തെ സത്യപ്പെടുത്താതെ, തിരിഞ്ഞു കളഞ്ഞു. നബി -ﷺ- യെ കുറിച്ച് അവർ പറഞ്ഞു: ഇവനൊരു ദൂതനൊന്നുമല്ല. ആരോ ഇവനെ പഠിപ്പിച്ചു വിട്ടതാണ്. അവർ പറഞ്ഞു: അവനൊരു ഭ്രാന്തനാണ്.
Source : QUL
15

തീര്‍ച്ചയായും നാം ശിക്ഷ അല്‍പം ഒഴിവാക്കിത്തരാം. എന്നാല്‍ നിങ്ങള്‍ (പഴയ അവസ്ഥയിലേക്ക്‌) മടങ്ങുക തന്നെ ചെയ്യുമല്ലോ.

إِنَّا كَاشِفُواْ ٱلۡعَذَابِ قَلِيلًاۚ إِنَّكُمۡ عَآئِدُونَ ۝١٥
തഫ്സീർആയത്ത് 15
നാം നിങ്ങളുടെ മേൽ നിന്ന് ശിക്ഷ കുറച്ചൊന്ന് ഒഴിവാക്കുമ്പോഴേക്ക് നിങ്ങൾ നിഷേധത്തിലേക്കും (നബിയെ) കളവാക്കുന്നതിലേക്കും വീണ്ടും മടങ്ങിപ്പോകുന്നു.
Source : QUL
16

ഏറ്റവും വലിയ പിടുത്തം നാം പിടിക്കുന്ന ദിവസം തീര്‍ച്ചയായും നാം ശിക്ഷാനടപടി സ്വീകരിക്കുന്നതാണ്‌.

يَوۡمَ نَبۡطِشُ ٱلۡبَطۡشَةَ ٱلۡكُبۡرَىٰٓ إِنَّا مُنتَقِمُونَ ۝١٦
തഫ്സീർആയത്ത് 16
അല്ലാഹുവിൻറെ റസൂലേ! ബദ്ർ യുദ്ധ ദിനം നിൻറെ സമൂഹത്തിലെ നിഷേധികളെ നാം കടുത്ത പിടുത്തം പിടിക്കുന്ന ദിവസം അവർക്കായി നീ കാത്തിരിക്കുക. അല്ലാഹുവിനെ അവർ നിഷേധിച്ചതിനും, അവൻറെ ദൂതനെ അവർ കളവാക്കിയതിനും നാം അവരിൽ നിന്ന് പകരം വീട്ടുന്നതാണ്.
Source : QUL
17

ഇവര്‍ക്ക് മുമ്പ് ഫിര്‍ഔന്‍റെ ജനതയെ നാം പരീക്ഷിച്ചിട്ടുണ്ട്‌. മാന്യനായ ഒരു ദൂതന്‍ അവരുടെ അടുത്ത് ചെന്നു.

۞ وَلَقَدۡ فَتَنَّا قَبۡلَهُمۡ قَوۡمَ فِرۡعَوۡنَ وَجَآءَهُمۡ رَسُولٞ كَرِيمٌ ۝١٧
തഫ്സീർആയത്ത് 17
ഇവർക്ക് മുൻപ് നാം ഫിർഔൻറെ സമൂഹത്തെ പരീക്ഷിച്ചിട്ടുണ്ട്. അല്ലാഹുവിനെ ഏകനാക്കുന്നതിലേക്കും, അവനെ മാത്രം ആരാധിക്കുന്നതിലേക്കും ക്ഷണിക്കുന്ന, അല്ലാഹുവിൽ നിന്നുള്ള മാന്യനായ ഒരു ദൂതൻ അവരിലേക്ക് വന്നിട്ടുണ്ട്. മൂസ -عَلَيْهِ السَّلَامُ- യാണ് ഉദ്ദേശം.
Source : QUL
18

അല്ലാഹുവിന്‍റെ ദാസന്‍മാരെ നിങ്ങള്‍ എനിക്ക് ഏല്‍പിച്ചു തരണം. തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കുള്ള വിശ്വസ്തനായ ദൂതനാകുന്നു. (എന്ന് അദ്ദേഹം പറഞ്ഞു.)

أَنۡ أَدُّوٓاْ إِلَيَّ عِبَادَ ٱللَّهِۖ إِنِّي لَكُمۡ رَسُولٌ أَمِينٞ ۝١٨
തഫ്സീർആയത്ത് 18
മൂസ -عَلَيْهِ السَّلَامُ- ഫിർഔനിനോടും അവൻറെ സമൂഹത്തോടും പറഞ്ഞു: ഇസ്രാഈൽ സന്തതികളെ നിങ്ങൾ എനിക്ക് വിട്ടു തരിക. അവർ അല്ലാഹുവിൻറെ ദാസന്മാരാണ്. അവരെ അടിമകളാക്കുവാൻ നിങ്ങൾക്ക് യാതൊരു അവകാശവുമില്ല. ഞാനാകട്ടെ, നിങ്ങളിലേക്കുള്ള അല്ലാഹുവിൻറെ ദൂതനുമാണ്. നിങ്ങൾക്ക് എത്തിച്ചു നൽകാൻ ഏൽപ്പിക്കപ്പെട്ട കാര്യത്തിൽ വിശ്വസ്തനുമാണ്. അതിൽ ഞാൻ എന്തെങ്കിലും കൂട്ടുകയോ കുറക്കുകയോ ചെയ്യില്ല.
Source : QUL
19

അല്ലാഹുവിനെതിരില്‍ നിങ്ങള്‍ പൊങ്ങച്ചം കാണിക്കുകയും ചെയ്യരുത്‌. തീര്‍ച്ചയായും ഞാന്‍ സ്പഷ്ടമായ തെളിവും കൊണ്ട് നിങ്ങളുടെ അടുത്ത് വരാം.

وَأَن لَّا تَعۡلُواْ عَلَى ٱللَّهِۖ إِنِّيٓ ءَاتِيكُم بِسُلۡطَٰنٖ مُّبِينٖ ۝١٩
തഫ്സീർആയത്ത് 19
നിങ്ങൾ അല്ലാഹുവിനുള്ള ആരാധന വെടിഞ്ഞു കൊണ്ടും, അവൻറെ അടിമകൾക്ക് മേൽ ഔന്നത്യം നടിച്ചു കൊണ്ടും അവൻറെ മേൽ അഹങ്കാരം കാണിക്കരുത്. വ്യക്തമായ തെളിവ് ഞാൻ നിങ്ങൾക്ക് കൊണ്ടു വന്നു തരാം.
Source : QUL
20

നിങ്ങളെന്നെ കല്ലെറിയാതിരിക്കാന്‍ എന്‍റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവനോട് തീര്‍ച്ചയായും ഞാന്‍ രക്ഷ തേടിയിരിക്കുന്നു.

وَإِنِّي عُذۡتُ بِرَبِّي وَرَبِّكُمۡ أَن تَرۡجُمُونِ ۝٢٠
തഫ്സീർആയത്ത് 20
നിങ്ങളെന്നെ കല്ലെറിഞ്ഞു കൊല്ലാതിരിക്കാൻ നിങ്ങളുടെയും എൻറെയും രക്ഷിതാവിൻറെ മേൽ ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നു.
Source : QUL
21

നിങ്ങള്‍ക്കെന്നെ വിശ്വാസമായില്ലെങ്കില്‍ എന്നില്‍ നിന്ന് നിങ്ങള്‍ വിട്ടുമാറുക.

وَإِن لَّمۡ تُؤۡمِنُواْ لِي فَٱعۡتَزِلُونِ ۝٢١
തഫ്സീർആയത്ത് 21
ഞാൻ കൊണ്ടു വന്നത് സത്യമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ എന്നിൽ നിന്ന് നിങ്ങൾ വിട്ടുമാറി കൊള്ളുക. എന്നെ ഉപദ്രവിക്കാനായി നിങ്ങൾ എന്നിലേക്കടുക്കരുത്.
Source : QUL
22

ഇക്കൂട്ടര്‍ കുറ്റവാളികളായ ഒരു ജനവിഭാഗമാണെന്നതിനാല്‍ അദ്ദേഹം തന്‍റെ രക്ഷിതാവിനെ വിളിച്ച് (സഹായത്തിനായി) പ്രാര്‍ത്ഥിച്ചു.

فَدَعَا رَبَّهُۥٓ أَنَّ هَٰٓؤُلَآءِ قَوۡمٞ مُّجۡرِمُونَ ۝٢٢
തഫ്സീർആയത്ത് 22
അപ്പോൾ മൂസ -عَلَيْهِ السَّلَامُ- തൻറെ രക്ഷിതാവിനെ വിളിച്ചു പ്രാർത്ഥിച്ചു: ഫിർഔനും അവൻറെ കൂട്ടാളികളുമടങ്ങുന്ന ഈ സമൂഹം കുറ്റവാളികളായ ഒരു സമൂഹം തന്നെ. എത്രയും വേഗം ശിക്ഷിക്കപ്പെടാൻ അർഹരാണ് ഇവർ.
Source : QUL
23

(അപ്പോള്‍ അല്ലാഹു നിര്‍ദേശിച്ചു:) എന്‍റെ ദാസന്‍മാരെയും കൊണ്ട് നീ രാത്രിയില്‍ പ്രയാണം ചെയ്തുകൊള്ളുക. തീര്‍ച്ചയായും നിങ്ങള്‍ (ശത്രുക്കളാല്‍) പിന്തുടരപ്പെടുന്നതാണ്‌.

فَأَسۡرِ بِعِبَادِي لَيۡلًا إِنَّكُم مُّتَّبَعُونَ ۝٢٣
തഫ്സീർആയത്ത് 23
അപ്പോൾ മൂസയോട് അല്ലാഹു അദ്ദേഹത്തിൻറെ സമൂഹത്തെയും കൂട്ടി രാത്രിയിൽ പുറപ്പെടാൻ കൽപ്പിച്ചു. ഫിർഔനും കൂട്ടരും അവരെ പിന്തുടരുന്നതാണെന്ന് അല്ലാഹു അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.
Source : QUL
24

സമുദ്രത്തെ ശാന്തമായ നിലയില്‍ നീ വിട്ടേക്കുകയും ചെയ്യുക.(2) തീര്‍ച്ചയായും അവര്‍ മുക്കിനശിപ്പിക്കപ്പെടാന്‍ പോകുന്ന ഒരു സൈന്യമാകുന്നു.

وَٱتۡرُكِ ٱلۡبَحۡرَ رَهۡوًاۖ إِنَّهُمۡ جُندٞ مُّغۡرَقُونَ ۝٢٤
തഫ്സീർആയത്ത് 24
സമുദ്രം കടക്കുന്ന വേളയിൽ മുൻപുള്ളതു പോലെ തന്നെ, അതിനെ ശാന്തമായി വിട്ടേക്കുവാൻ മൂസയോടും അദ്ദേഹത്തോടൊപ്പമുള്ള ഇസ്രാഈൽ സന്തതികളോടും അല്ലാഹു കൽപ്പിച്ചു. തീർച്ചയായും ഫിർഔനും അവൻറെ സൈന്യവും സമുദ്രത്തിൽ മുക്കി നശിപ്പിക്കപ്പെടാൻ പോകുന്നവരാണ്.
Source : QUL
25

എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ് അവര്‍ വിട്ടേച്ചു പോയത്‌!

كَمۡ تَرَكُواْ مِن جَنَّٰتٖ وَعُيُونٖ ۝٢٥
തഫ്സീർആയത്ത് 25
ഫിർഔനും അവൻറെ സമൂഹവും എത്രയെത്ര പൂന്തോട്ടങ്ങളും ഒഴുകുന്ന ഉറവകളുമാണ് പിന്നിൽ ഉപേക്ഷിച്ചു പോയത്!
Source : QUL
26

(എത്രയെത്ര) കൃഷികളും മാന്യമായ പാര്‍പ്പിടങ്ങളും!

وَزُرُوعٖ وَمَقَامٖ كَرِيمٖ ۝٢٦
തഫ്സീർആയത്ത് 26
എത്രയെത്ര കൃഷികളും മാന്യമായ ഇരിപ്പിടങ്ങളുമാണ് അവർ പിറകിൽ ഉപേക്ഷിച്ചു പോയത്!
Source : QUL
27

അവര്‍ ആഹ്ളാദ പൂര്‍വ്വം അനുഭവിച്ചിരുന്ന (എത്രയെത്ര) സൗഭാഗ്യങ്ങള്‍!

وَنَعۡمَةٖ كَانُواْ فِيهَا فَٰكِهِينَ ۝٢٧
തഫ്സീർആയത്ത് 27
സുഖാനുഭവങ്ങളോടെ അവർ വസിച്ചിരുന്ന എത്രയെത്ര സൗഭാഗ്യങ്ങൾ അവർ പിന്നിൽ അവശേഷിപ്പിച്ചു!
Source : QUL
28

അങ്ങനെയാണത് (കലാശിച്ചത്‌.) അതെല്ലാം മറ്റൊരു ജനതയ്ക്ക് നാം അവകാശപ്പെടുത്തി കൊടുക്കുകയും ചെയ്തു.

كَذَٰلِكَۖ وَأَوۡرَثۡنَٰهَا قَوۡمًا ءَاخَرِينَ ۝٢٨
തഫ്സീർആയത്ത് 28
അതാണ് അവർക്ക് സംഭവിച്ചത്! അവരുടെ പൂന്തോട്ടങ്ങളും ഉറവകളും കൃഷിയിടങ്ങളും സ്ഥാനമാനങ്ങളുമെല്ലാം നാം മറ്റൊരു സമൂഹത്തിന് -ഇസ്രാഈൽ സന്തതികൾക്ക്- അനന്തരമായി നൽകി.
Source : QUL
29

അപ്പോള്‍ അവരുടെ പേരില്‍ ആകാശവും ഭൂമിയും കരഞ്ഞില്ല. അവര്‍ക്ക് ഇടകൊടുക്കപ്പെടുകയുമുണ്ടായില്ല.

فَمَا بَكَتۡ عَلَيۡهِمُ ٱلسَّمَآءُ وَٱلۡأَرۡضُ وَمَا كَانُواْ مُنظَرِينَ ۝٢٩
തഫ്സീർആയത്ത് 29
ഫിർഔനും കൂട്ടരും മുങ്ങി നശിച്ചപ്പോൾ ആകാശമോ ഭൂമിയോ അവർക്ക് വേണ്ടി വിതുമ്പിയില്ല. അവർക്ക് (ചെയ്തു പോയ തെറ്റുകളിൽ നിന്ന്) പശ്ചാത്തപിച്ചു മടങ്ങാൻ മാത്രം സമയം നീട്ടി നൽകപ്പെടുകയും ചെയ്തില്ല.
Source : QUL
30

ഇസ്രായീല്‍ സന്തതികളെ അപമാനകരമായ ശിക്ഷയില്‍ നിന്ന് നാം രക്ഷിക്കുക തന്നെ ചെയ്തു.

وَلَقَدۡ نَجَّيۡنَا بَنِيٓ إِسۡرَٰٓءِيلَ مِنَ ٱلۡعَذَابِ ٱلۡمُهِينِ ۝٣٠
തഫ്സീർആയത്ത് 30
അപമാനകരമായ ശിക്ഷയിൽ നിന്ന് ഇസ്രാഈൽ സന്തതികളെ നാം രക്ഷിക്കുക തന്നെ ചെയ്തു. (അതിന് മുൻപ്) ഫിർഔനും കൂട്ടരും അവരുടെ ആണ്മക്കളെ കൊലപ്പെടുത്തുകയും, പെണ്മക്കളെ ജീവിക്കാൻ വിടുകയും ചെയ്യുമായിരുന്നു.
Source : QUL
31

ഫിര്‍ഔനില്‍ നിന്ന്‌. തീര്‍ച്ചയായും അവന്‍ അഹങ്കാരിയായിരുന്നു. അതിക്രമകാരികളില്‍ പെട്ടവനുമായിരുന്നു.

مِن فِرۡعَوۡنَۚ إِنَّهُۥ كَانَ عَالِيٗا مِّنَ ٱلۡمُسۡرِفِينَ ۝٣١
തഫ്സീർആയത്ത് 31
ഫിർഔൻറെ പീഡനത്തിൽ നിന്ന് നാം അവരെ രക്ഷിക്കുക തന്നെ ചെയ്തു. തീർച്ചയായും അല്ലാഹുവിൻറെ കൽപ്പനകളെയും അവൻറെ മതത്തെയും ധിക്കരിക്കുന്ന ഒരു അഹങ്കാരിയായിരുന്നു അവൻ.
Source : QUL
32

അറിഞ്ഞു കൊണ്ട് തന്നെ തീര്‍ച്ചയായും അവരെ നാം ലോകരെക്കാള്‍ ഉല്‍കൃഷ്ടരായി തെരഞ്ഞെടുക്കുകയുണ്ടായി.

وَلَقَدِ ٱخۡتَرۡنَٰهُمۡ عَلَىٰ عِلۡمٍ عَلَى ٱلۡعَٰلَمِينَ ۝٣٢
തഫ്സീർആയത്ത് 32
ഇസ്രാഈൽ സന്തതികളെ അവരുടെ കാലഘട്ടത്തിലെ ലോകജനതയിൽ നാം (ഉൽകൃഷ്ടരായി) തിരഞ്ഞെടുക്കുകയുണ്ടായി. അതിനാൽ അവരിൽ ധാരാളം നബിമാർ (നിയോഗിക്കപ്പെടുകയുണ്ടായി).
Source : QUL
33

വ്യക്തമായ പരീക്ഷണം ഉള്‍കൊള്ളുന്ന ചില ദൃഷ്ടാന്തങ്ങള്‍ നാം അവര്‍ക്ക് നല്‍കുകയുമുണ്ടായി.

وَءَاتَيۡنَٰهُم مِّنَ ٱلۡأٓيَٰتِ مَا فِيهِ بَلَٰٓؤٞاْ مُّبِينٌ ۝٣٣
തഫ്സീർആയത്ത് 33
മൂസയുടെ (പ്രവാചകത്വത്തെ) ബലപ്പെടുത്തുന്ന ചില തെളിവുകളും പ്രമാണങ്ങളും നാം അവർക്ക് നൽകി. മന്നും സൽവയും പോലെ പ്രകടമായ അനുഗ്രഹങ്ങൾ നിറഞ്ഞവയായിരുന്നു അവ.
Source : QUL
34

എന്നാല്‍ ഇക്കൂട്ടരിതാ പറയുന്നു;

إِنَّ هَٰٓؤُلَآءِ لَيَقُولُونَ ۝٣٤
തഫ്സീർആയത്ത് 34
എന്നാൽ പുനരുത്ഥാനത്തെ നിഷേധിച്ചു കൊണ്ട്, ഈ ബഹുദൈവാരാധകരായ നിഷേധികളിതാ പറയുന്നു:
Source : QUL
35

നമ്മുടെ ഒന്നാമത്തെ മരണമല്ലാതെ മറ്റൊന്നുമില്ല. നാം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരുമല്ല.

إِنۡ هِيَ إِلَّا مَوۡتَتُنَا ٱلۡأُولَىٰ وَمَا نَحۡنُ بِمُنشَرِينَ ۝٣٥
തഫ്സീർആയത്ത് 35
നമ്മുടെ ആദ്യത്തെ മരണമല്ലാതെ, അതിന് ശേഷം ഒരു ജീവിതവുമില്ല. ആ മരണത്തിന് ശേഷം പിന്നീട് നമ്മൾ ഉയർത്തെഴുന്നേൽപ്പിക്കപ്പെടുന്നവരേയല്ല.
Source : QUL
36

അതിനാല്‍ നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഞങ്ങളുടെ പിതാക്കളെ നിങ്ങള്‍ (ജീവിപ്പിച്ചു) കൊണ്ടുവരിക എന്ന്‌.

فَأۡتُواْ بِـَٔابَآئِنَآ إِن كُنتُمۡ صَٰدِقِينَ ۝٣٦
തഫ്സീർആയത്ത് 36
ഹേ മുഹമ്മദ്! നീയും നിൻറെ കൂടെയുള്ള നിൻറെ അനുചരന്മാരും കൂടി മരിച്ചു പോയ ഞങ്ങളുടെ പൂർവ്വ പിതാക്കളെ ജീവിപ്പിച്ചു കൊണ്ടു വാ! അല്ലാഹു വിചാരണക്കും പ്രതിഫലത്തിനുമായി മരിച്ചവരെ ഉയർത്തെഴുന്നേൽപ്പിക്കും എന്ന നിങ്ങളുടെ വാദം സത്യമാണെങ്കിൽ (അതാണ് നിങ്ങൾ ചെയ്യേണ്ടത്!)
Source : QUL
37

ഇവരാണോ കൂടുതല്‍ മെച്ചപ്പെട്ടവര്‍, അതല്ല തുബ്ബഇന്‍റെ ജനതയും(3) അവര്‍ക്കു മുമ്പുള്ളവരുമാണോ? അവരെയെല്ലാം നാം നശിപ്പിക്കുകയുണ്ടായി. കാരണം അവര്‍ കുറ്റവാളികളായിരുന്നത് തന്നെ.

أَهُمۡ خَيۡرٌ أَمۡ قَوۡمُ تُبَّعٖ وَٱلَّذِينَ مِن قَبۡلِهِمۡ أَهۡلَكۡنَٰهُمۡۚ إِنَّهُمۡ كَانُواْ مُجۡرِمِينَ ۝٣٧
തഫ്സീർആയത്ത് 37
അല്ലാഹുവിൻറെ റസൂലേ! നിന്നെ കളവാക്കുന്ന ഈ ബഹുദൈവാരാധകരാണോ ശക്തിയിലും കരുത്തിലും മികച്ചു നിൽക്കുന്നവർ?! അതല്ല, തുബ്ബഇൻറെ സമൂഹവും അവർക്ക് മുൻപ് കഴിഞ്ഞു പോയ ആദ്-ഥമൂദ് സമൂഹങ്ങളോ?! അവരെയെല്ലാം നാം നശിപ്പിച്ചു. അവർ തീർച്ചയായും കുറ്റവാളികൾ തന്നെയായിരുന്നു.
Source : QUL
38

ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം കളിയായിക്കൊണ്ട് സൃഷ്ടിച്ചതല്ല.

وَمَا خَلَقۡنَا ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَا لَٰعِبِينَ ۝٣٨
തഫ്സീർആയത്ത് 38
ആകാശങ്ങളെയും ഭൂമിയെയും അവക്കിടയിലുള്ളതിനെയും നാം തമാശയായി സൃഷ്ടിച്ചതല്ല.
Source : QUL
39

ശരിയായ ഉദ്ദേശത്തോടു കൂടി തന്നെയാണ് നാം അവയെ സൃഷ്ടിച്ചത്‌. പക്ഷെ അവരില്‍ അധികപേരും അറിയുന്നില്ല.

مَا خَلَقۡنَٰهُمَآ إِلَّا بِٱلۡحَقِّ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ ۝٣٩
തഫ്സീർആയത്ത് 39
ആകാശങ്ങളെയും ഭൂമിയെയും മഹത്തരമായ ഒരു ഉദ്ദേശത്തോടെ മാത്രമാണ് നാം സൃഷ്ടിച്ചത്. എന്നാൽ ബഹുദൈവാരാധകരിൽ ബഹുഭൂരിപക്ഷവും അക്കാര്യം തിരിച്ചറിയുന്നില്ല.
Source : QUL
40

തീര്‍ച്ചയായും ആ നിര്‍ണായക തീരുമാനത്തിന്‍റെ ദിവസമാകുന്നു അവര്‍ക്കെല്ലാമുള്ള നിശ്ചിത സമയം.

إِنَّ يَوۡمَ ٱلۡفَصۡلِ مِيقَٰتُهُمۡ أَجۡمَعِينَ ۝٤٠
തഫ്സീർആയത്ത് 40
അല്ലാഹു അവൻറെ അടിമകൾക്കിടയിൽ വിധി തീർപ്പാക്കുന്ന അന്ത്യനാളാകുന്നു എല്ലാ സൃഷ്ടികൾക്കുമുള്ള അവധി. അന്നവൻ അവരെയെല്ലാം ഒരുമിച്ചു കൂട്ടുന്നതാണ്.
Source : QUL
41

അതെ, ഒരു ബന്ധു മറ്റൊരു ബന്ധുവിന് യാതൊരു പ്രയോജനവും ചെയ്യാത്ത, അവര്‍ക്ക് ഒരു സഹായവും ലഭിക്കാത്ത ഒരു ദിവസം.

يَوۡمَ لَا يُغۡنِي مَوۡلًى عَن مَّوۡلٗى شَيۡـٔٗا وَلَا هُمۡ يُنصَرُونَ ۝٤١
തഫ്സീർആയത്ത് 41
ഒരു ബന്ധുവിന് മറ്റൊരു ബന്ധുവിനെയോ, ഒരു കൂട്ടുകാരന് മറ്റൊരു കൂട്ടുകാരനെയോ സഹായിക്കാൻ കഴിയാത്ത ദിവസം. അല്ലാഹുവിൻറെ ശിക്ഷയിൽ നിന്ന് എന്തെങ്കിലും തടുത്തു നിർത്താനും അവർക്ക് സാധിക്കുകയില്ല. കാരണം അന്നേ ദിവസം സർവ്വ അധികാരവും അല്ലാഹുവിനായിരിക്കും. ഒരാൾക്കും ഒരു അധികാരവും അന്ന് അവകാശപ്പെടാൻ പോലും കഴിയില്ല.
Source : QUL
42

അല്ലാഹു ആരോട് കരുണ കാണിച്ചുവോ അവര്‍ക്കൊഴികെ. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു പ്രതാപിയും കരുണ ചൊരിയുന്നവനും.

إِلَّا مَن رَّحِمَ ٱللَّهُۚ إِنَّهُۥ هُوَ ٱلۡعَزِيزُ ٱلرَّحِيمُ ۝٤٢
തഫ്സീർആയത്ത് 42
അല്ലാഹു ആരുടെ മേൽ കരുണ ചൊരിഞ്ഞുവോ; അവരൊഴികെ. അവർക്ക് മുൻപ് ചെയ്തു വെച്ച സൽകർമ്മങ്ങൾ ഉപകാരം ചെയ്യും. ഒരാൾക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത മഹാപ്രതാപിയായ 'അസീസും', തൻറെ സൃഷ്ടികളിൽ ഖേദത്തോടെ പശ്ചാത്തപിച്ചു മടങ്ങിയവർക്ക് പൊറുത്തു കൊടുക്കുന്ന 'റഹീമു'മാകുന്നു അവൻ.
Source : QUL
43

തീര്‍ച്ചയായും സഖ്ഖൂം വൃക്ഷമാകുന്നു;

إِنَّ شَجَرَتَ ٱلزَّقُّومِ ۝٤٣
തഫ്സീർആയത്ത് 43
അല്ലാഹു നരകത്തിൻറെ അടിത്തട്ടിൽ മുളപ്പിച്ചിട്ടുള്ള സഖ്ഖൂം വൃക്ഷം.
Source : QUL
44

(നരകത്തില്‍) പാപിയുടെ ആഹാരം.

طَعَامُ ٱلۡأَثِيمِ ۝٤٤
തഫ്സീർആയത്ത് 44
ഗുരുതരമായ തിന്മകൾ ചെയ്തു കൂട്ടിയവനുള്ള ഭക്ഷണം അതാകുന്നു. (ഇസ്ലാമിനെ) നിഷേധിച്ചവരാണ് ഉദ്ദേശം. അതിലെ (സഖ്ഖൂം വൃക്ഷത്തിലെ) മ്ലേഛമായ ഫലങ്ങളിൽ നിന്നവൻ ഭക്ഷിക്കും.
Source : QUL
45

ഉരുകിയ ലോഹം പോലിരിക്കും (അതിന്‍റെ കനി.) അത് വയറുകളില്‍ തിളയ്ക്കും.

كَٱلۡمُهۡلِ يَغۡلِي فِي ٱلۡبُطُونِ ۝٤٥
തഫ്സീർആയത്ത് 45
ടാർ പോലെയുണ്ടായിരിക്കും ഈ ഫലം. അവരുടെ വയറുകളിൽ കടുത്ത ചൂടിനാൽ അത് തിളച്ചു മറിഞ്ഞു കൊണ്ടിരിക്കും.
Source : QUL
46

ചുടുവെള്ളം തിളയ്ക്കുന്നതു പോലെ.

كَغَلۡيِ ٱلۡحَمِيمِ ۝٤٦
തഫ്സീർആയത്ത് 46
അങ്ങേയറ്റം ചൂടു പിടിച്ച വെള്ളം കിടന്നു തിളക്കുന്ന പോലെ.
Source : QUL
47

നിങ്ങള്‍ അവനെ പിടിക്കൂ. എന്നിട്ട് നരകത്തിന്‍റെ മദ്ധ്യത്തിലേക്ക് വലിച്ചിഴക്കൂ.

خُذُوهُ فَٱعۡتِلُوهُ إِلَىٰ سَوَآءِ ٱلۡجَحِيمِ ۝٤٧
തഫ്സീർആയത്ത് 47
നരകത്തിൻറെ കാവൽക്കാരായ 'സബാനിയതി'നോട് പറയപ്പെടും: അവനെ പിടിക്കുക! നരകത്തിൻറെ മദ്ധ്യത്തിലേക്ക് പരുഷമായി അവനെ വലിച്ചു കൊണ്ടു പോവുക.
Source : QUL
48

അനന്തരം ചുടുവെള്ളം കൊണ്ടുള്ള ശിക്ഷ അവന്‍റെ തലയ്ക്കുമീതെ നിങ്ങള്‍ ചൊരിഞ്ഞേക്കൂ. (എന്ന് നിര്‍ദേശിക്കപ്പെടും.)

ثُمَّ صُبُّواْ فَوۡقَ رَأۡسِهِۦ مِنۡ عَذَابِ ٱلۡحَمِيمِ ۝٤٨
തഫ്സീർആയത്ത് 48
ശേഷം അവൻറെ തലക്ക് മുകളിലൂടെ ചൂടുള്ള വെള്ളം നിങ്ങൾ കുത്തിച്ചൊരിയുക. അങ്ങനെ ശിക്ഷ അവനെ വിട്ടു പിരിയുകയേ ഇല്ല.
Source : QUL
49

ഇത് ആസ്വദിച്ചോളൂ. തീര്‍ച്ചയായും നീ തന്നെയായിരുന്നല്ലോ പ്രതാപിയും മാന്യനും.

ذُقۡ إِنَّكَ أَنتَ ٱلۡعَزِيزُ ٱلۡكَرِيمُ ۝٤٩
തഫ്സീർആയത്ത് 49
അവനെ പരിഹാസ്യനാക്കി കൊണ്ട് പറയപ്പെടും: വേദനയേറിയ ഈ ശിക്ഷ നീ രുചിച്ചറിയ്! ആർക്കും അടുക്കാൻ കഴിയാത്ത തരം പ്രതാപിയും, സമൂഹമദ്ധ്യത്തിൽ മാന്യനുമായിരുന്നല്ലോ നീ.
Source : QUL
50

നിങ്ങള്‍ ഏതൊരു കാര്യത്തില്‍ സംശയാലുക്കളായിരുന്നുവോ ആ കാര്യമത്രെ ഇത്‌.

إِنَّ هَٰذَا مَا كُنتُم بِهِۦ تَمۡتَرُونَ ۝٥٠
തഫ്സീർആയത്ത് 50
പരലോകത്ത് സംഭവിക്കുമോ എന്ന് നിങ്ങൾ സംശയിച്ചിരുന്ന അതേ ശിക്ഷയാണിത്. ഇപ്പോൾ കൺമുന്നിൽ കണ്ടതോടെ നിങ്ങളുടെ സംശയമെല്ലാം നീങ്ങിയിരിക്കുമല്ലോ?!
Source : QUL
51

സൂക്ഷ്മത പാലിച്ചവര്‍ തീര്‍ച്ചയായും നിര്‍ഭയമായ വാസസ്ഥലത്താകുന്നു.

إِنَّ ٱلۡمُتَّقِينَ فِي مَقَامٍ أَمِينٖ ۝٥١
തഫ്സീർആയത്ത് 51
തങ്ങളുടെ രക്ഷിതാവിൻറെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, വിലക്കുകൾ ഉപേക്ഷിച്ചും ജീവിച്ചവർ ഒരു പ്രയാസവും ബാധിക്കാത്ത നിലയിൽ നിർഭയരായി ഒരിടത്ത് വസിക്കുന്നതായിരിക്കും.
Source : QUL
52

തോട്ടങ്ങള്‍ക്കും അരുവികള്‍ക്കുമിടയില്‍.

فِي جَنَّٰتٖ وَعُيُونٖ ۝٥٢
തഫ്സീർആയത്ത് 52
പൂന്തോട്ടങ്ങൾക്കും ഒഴുകുന്ന അരുവികൾക്കുമിടയിൽ.
Source : QUL
53

നേര്‍ത്ത പട്ടുതുണിയും കട്ടിയുള്ള പട്ടുതുണിയും അവര്‍ ധരിക്കും. അവര്‍ അന്യോന്യം അഭിമുഖമായിട്ടായിരിക്കും ഇരിക്കുന്നത്‌.

يَلۡبَسُونَ مِن سُندُسٖ وَإِسۡتَبۡرَقٖ مُّتَقَٰبِلِينَ ۝٥٣
തഫ്സീർആയത്ത് 53
സ്വർഗത്തിൽ അവർ കട്ടിയുള്ളതും നേർത്തതുമായ പട്ടുവസ്ത്രങ്ങൾ ധരിക്കും. അവർ പരസ്പരം അഭിമുഖീകരിച്ചു കൊണ്ടായിരിക്കും ഉണ്ടാവുക; ആർക്കും മറ്റൊരാളെ കാണുന്നതിനായി പിന്നിലേക്ക് തിരിഞ്ഞു നോക്കേണ്ടതില്ല.
Source : QUL
54

അങ്ങനെയാകുന്നു (അവരുടെ അവസ്ഥ.) വിശാലമായ നേത്രങ്ങളുള്ള വെളുത്ത സ്ത്രീകളെ അവര്‍ക്ക് ഇണകളായി നാം നല്‍കുകയും ചെയ്യും.

كَذَٰلِكَ وَزَوَّجۡنَٰهُم بِحُورٍ عِينٖ ۝٥٤
തഫ്സീർആയത്ത് 54
ഈ പറഞ്ഞ ആദരണീയമായ പ്രതിഫലങ്ങൾക്കൊപ്പം, -കറുകറുത്ത കൃഷ്ണമണിയും അതിനു ചുറ്റും ശുദ്ധ വെളുപ്പും നിറഞ്ഞ- വിശാലമായ നയനങ്ങളുള്ള ഉത്തമരായ സ്ത്രീകളെ അവർക്ക് നാം വിവാഹം കഴിപ്പിച്ചു നൽകും.
Source : QUL
55

സുരക്ഷിതത്വ ബോധത്തോട് കൂടി എല്ലാവിധ പഴങ്ങളും അവര്‍ അവിടെ വെച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കും.

يَدۡعُونَ فِيهَا بِكُلِّ فَٰكِهَةٍ ءَامِنِينَ ۝٥٥
തഫ്സീർആയത്ത് 55
അവർ ഉദ്ദേശിക്കുന്ന പഴവർഗങ്ങൾ കൊണ്ടു വരാൻ തങ്ങളുടെ ഭൃത്യന്മാരോട് അവർ ആവശ്യപ്പെട്ടു കൊണ്ടിരിക്കും; എന്നെങ്കിലും ഇതെല്ലാം അവസാനിച്ചു പോകുമെന്ന ഭയമോ, ഇവ കഴിച്ചത് കൊണ്ടെന്തെങ്കിലും പ്രയാസമുണ്ടാകുമോ എന്ന പേടിയോ ഇല്ലാതെ.
Source : QUL
56

ആദ്യത്തെ മരണമല്ലാതെ മറ്റൊരു മരണം അവര്‍ക്കവിടെ അനുഭവിക്കേണ്ടതില്ല. നരകശിക്ഷയില്‍ നിന്ന് അല്ലാഹു അവരെ കാത്തുരക്ഷിക്കുകയും ചെയ്തിരിക്കുന്നു.

لَا يَذُوقُونَ فِيهَا ٱلۡمَوۡتَ إِلَّا ٱلۡمَوۡتَةَ ٱلۡأُولَىٰۖ وَوَقَىٰهُمۡ عَذَابَ ٱلۡجَحِيمِ ۝٥٦
തഫ്സീർആയത്ത് 56
അവരതിൽ നിത്യവാസികളായിരിക്കും. അവിടെ മരണം ഇനിയവർ അനുഭവിക്കില്ല. ഇഹലോകത്ത് വെച്ചുണ്ടായ ആദ്യ മരണമല്ലാതെ. അവരുടെ രക്ഷിതാവ് നരകശിക്ഷയിൽ നിന്ന് അവരെ കാത്തു രക്ഷിച്ചിരിക്കുന്നു.
Source : QUL
57

നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഔദാര്യമത്രെ അത്‌. അത് തന്നെയാണ് മഹത്തായ ഭാഗ്യം.

فَضۡلٗا مِّن رَّبِّكَۚ ذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ ۝٥٧
തഫ്സീർആയത്ത് 57
നിൻറെ രക്ഷിതാവ് അവർക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹവും ഔദാര്യവുമത്രെ ഇത്. അപ്രകാരം സ്വർഗത്തിൽ പ്രവേശിക്കപ്പെട്ടു എന്നതും, നരകത്തിൽ നിന്ന് കാത്തുരക്ഷിക്കപ്പെട്ടു എന്നതും തന്നെയാണ് മഹത്തരമായ വിജയം. അതിനോട് അടുത്തു നിൽക്കുന്ന മറ്റൊരു വിജയവുമില്ല.
Source : QUL
58

നിനക്ക് നിന്‍റെ ഭാഷയില്‍ ഇതിനെ (ഖുര്‍ആനിനെ) നാം ലളിതമാക്കിത്തന്നിട്ടുള്ളത് അവര്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടി മാത്രമാകുന്നു.

فَإِنَّمَا يَسَّرۡنَٰهُ بِلِسَانِكَ لَعَلَّهُمۡ يَتَذَكَّرُونَ ۝٥٨
തഫ്സീർആയത്ത് 58
അല്ലാഹുവിൻറെ റസൂലേ! ഈ ഖുർആൻ നിൻറെ ഭാഷയായ അറബിയിൽ അവതരിപ്പിച്ചു കൊണ്ട് നാം എളുപ്പമുള്ളതും ലളിതവുമാക്കിയത് അവർ അതിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുന്നതിന് വേണ്ടി മാത്രമാണ്.
Source : QUL
59

ആകയാല്‍ നീ കാത്തിരിക്കുക. അവരും കാത്തിരിക്കുന്നവര്‍ തന്നെയാകുന്നു.

فَٱرۡتَقِبۡ إِنَّهُم مُّرۡتَقِبُونَ ۝٥٩
തഫ്സീർആയത്ത് 59
അതിനാൽ നബിയേ! അവരുടെ നാശവും നിൻറെ വിജയവും കാത്തിരിക്കുക! അവരാകട്ടെ, നിൻറെ മരണവും കാത്തിരിക്കുന്നവരാണ്.
Source : QUL