Wednesday, 12 August 2026 Hijri: 12:40:41 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

സബഅ് سبأ Saba

Surah 34 മക്കിയ്യ • مكية • Makkiyah 54 ആയത്തുകൾ • 54 Ayahs

സൂറത്ത് സബഅ് (Saba)യിലെ 54 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Saba.

1

ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും ആരുടേതാണോ ആ അല്ലാഹുവിന് സ്തുതി. പരലോകത്തും അവനുതന്നെ സ്തുതി. അവന്‍ യുക്തിമാനും സൂക്ഷ്മജ്ഞനുമത്രെ.

ٱلۡحَمۡدُ لِلَّهِ ٱلَّذِي لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ وَلَهُ ٱلۡحَمۡدُ فِي ٱلۡأٓخِرَةِۚ وَهُوَ ٱلۡحَكِيمُ ٱلۡخَبِيرُ ۝١
തഫ്സീർആയത്ത് 1
ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം സൃഷ്ടിക്കുകയും ഉടമപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നവനായ അല്ലാഹുവിന് സർവ്വ സ്തുതിയും. അവനാകുന്നു പരലോകത്ത് ആവർത്തിക്കപ്പെടുന്ന സ്തുതികളുള്ളത്. തൻ്റെ സൃഷ്ടിപ്പിലും കൈകാര്യകർതൃത്വത്തിലും ഏറ്റവും യുക്തമായത് പ്രവർത്തിക്കുന്നവനും (ഹകീം), തൻ്റെ അടിമകളുടെ അവസ്ഥാന്തരങ്ങൾ സൂക്ഷ്മമായി അറിയുന്നവനുമത്രെ (ഖബീർ) അല്ലാഹു. അതിൽ ഒന്നും അവന് അവ്യക്തമാവുകയില്ല.
Source : QUL
2

ഭൂമിയില്‍ പ്രവേശിക്കുന്നതും, അതില്‍ നിന്ന് പുറത്തു പോകുന്നതും, ആകാശത്ത് നിന്ന് ഇറങ്ങുന്നതും അതില്‍ കയറുന്നതുമായതെല്ലാം അവന്‍ അറിയുന്നു. അവന്‍ കരുണ ചൊരിയുന്നവനും ഏറെ പൊറുക്കുന്നവനുമത്രെ.

يَعۡلَمُ مَا يَلِجُ فِي ٱلۡأَرۡضِ وَمَا يَخۡرُجُ مِنۡهَا وَمَا يَنزِلُ مِنَ ٱلسَّمَآءِ وَمَا يَعۡرُجُ فِيهَاۚ وَهُوَ ٱلرَّحِيمُ ٱلۡغَفُورُ ۝٢
തഫ്സീർആയത്ത് 2
വെള്ളവും ചെടികളും പോലെ ഭൂമിയിൽ പ്രവേശിക്കുന്നത് എന്തെല്ലാമാണെന്ന് അവൻ അറിയുന്നു. ചെടികളും മറ്റും പോലെ ഭൂമിയിൽ നിന്നു പുറത്തു വരുന്നതും എന്തെല്ലാമാണെന്ന് അവൻ അറിയുന്നു. മഴയും മലക്കുകളും ഉപജീവനവും പോലെ ആകാശത്ത് നിന്ന് ഇറങ്ങുന്നത് എന്തെല്ലാമാണെന്ന് അവൻ അറിയുന്നു. മലക്കുകളെയും മനുഷ്യരുടെ പ്രവർത്തനങ്ങളെയും ആത്മാവുകളെയും പോലെ മുകളിലേക്ക് കയറിപ്പോകുന്നവയും അവൻ അറിയുന്നു. തീർച്ചയായും അവൻ തന്നിൽ വിശ്വസിച്ചവരായ അടിമകൾക്ക് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം), തൻ്റെ ദാസന്മാരിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ഏറെ പൊറുത്തു കൊടുക്കുന്നവനും (ഗഫൂർ) ആകുന്നു.
Source : QUL
3

ആ അന്ത്യസമയം ഞങ്ങള്‍ക്ക് വന്നെത്തുകയില്ലെന്ന് സത്യനിഷേധികള്‍ പറഞ്ഞു. നീ പറയുക: അല്ല, എന്‍റെ രക്ഷിതാവിനെ തന്നെയാണ, അത് നിങ്ങള്‍ക്ക് വന്നെത്തുക തന്നെ ചെയ്യും. അദൃശ്യകാര്യങ്ങള്‍ അറിയുന്നവനായ (രക്ഷിതാവ്‌). ആകാശങ്ങളിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കമുള്ളതോ അതിനെക്കാള്‍ ചെറുതോ വലുതോ ആയ യാതൊന്നും അവനില്‍ നിന്ന് മറഞ്ഞ് പോകുകയില്ല. സ്പഷ്ടമായ ഒരു രേഖയില്‍ ഉള്‍പെടാത്തതായി യാതൊന്നുമില്ല.

وَقَالَ ٱلَّذِينَ كَفَرُواْ لَا تَأۡتِينَا ٱلسَّاعَةُۖ قُلۡ بَلَىٰ وَرَبِّي لَتَأۡتِيَنَّكُمۡ عَٰلِمِ ٱلۡغَيۡبِۖ لَا يَعۡزُبُ عَنۡهُ مِثۡقَالُ ذَرَّةٖ فِي ٱلسَّمَٰوَٰتِ وَلَا فِي ٱلۡأَرۡضِ وَلَآ أَصۡغَرُ مِن ذَٰلِكَ وَلَآ أَكۡبَرُ إِلَّا فِي كِتَٰبٖ مُّبِينٖ ۝٣
തഫ്സീർആയത്ത് 3
അല്ലാഹുവിനെ നിഷേധിച്ചവർ പറഞ്ഞു: അന്ത്യനാൾ നമുക്കൊരിക്കലും വന്നെത്തുകയില്ല. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: അല്ല! അല്ലാഹു തന്നെ സത്യം! നിങ്ങൾ നിഷേധിച്ചു കൊണ്ടിരിക്കുന്ന അന്ത്യനാൾ നിങ്ങളിലേക്ക് വന്നെത്തുക തന്നെ ചെയ്യും. എന്നാൽ അതിൻ്റെ സമയം അല്ലാഹുവിനല്ലാതെ അറിയുകയില്ല. അന്ത്യനാളിനെക്കുറിച്ചും അല്ലാത്തതുമായ അദൃശ്യകാര്യങ്ങളെല്ലാം അറിയുന്നവനാകുന്നു അവൻ. അവൻ്റെ അറിവിൽ നിന്ന് ആകാശങ്ങളിലോ ഭൂമിയിലോ ഉള്ള -ഏറ്റവും ചെറിയ ഒരു ഉറുമ്പിൻ്റെ വലുപ്പത്തോളമുള്ള കാര്യം പോലും- മറഞ്ഞു പോവുകയില്ല. ആ പറഞ്ഞതിനെക്കാളും ചെറുതോ വലുതോ ആയ ഒന്നും തന്നെ അവനിൽ നിന്ന് മറഞ്ഞു പോവുകയില്ല. അവയെല്ലാം വ്യക്തമായ ഒരു ഗ്രന്ഥത്തിൽ -ലൗഹുൽ മഹ്ഫൂദ്വിൽ- രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അതിൽ അന്ത്യനാൾ വരെ സംഭവിക്കാനിരിക്കുന്ന എല്ലാ കാര്യങ്ങളും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
Source : QUL
4

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവന്‍ പ്രതിഫലം നല്‍കുന്നതിന് വേണ്ടിയത്രെ അത്‌. അങ്ങനെയുള്ളവര്‍ക്കാകുന്നു പാപമോചനവും മാന്യമായ ഉപജീവനവും ഉള്ളത്‌.

لِّيَجۡزِيَ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِۚ أُوْلَٰٓئِكَ لَهُم مَّغۡفِرَةٞ وَرِزۡقٞ كَرِيمٞ ۝٤
തഫ്സീർആയത്ത് 4
ലൗഹുൽ മഹ്ഫൂദ്വിൽ സ്ഥിരപ്പെടുത്തേണ്ടതെല്ലാം അല്ലാഹു സ്ഥിരപ്പെടുത്തിയത് അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് പ്രതിഫലം നൽകുന്നതിനായാണ്. ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവർ; അവർക്ക് അല്ലാഹുവിങ്കൽ നിന്ന് അവരുടെ തെറ്റുകൾക്ക് പാപമോചനമുണ്ട്; അവൻ അവരെ അതിൻ്റെ പേരിൽ പിടികൂടുകയില്ല. അവർക്ക് മാന്യമായ ഉപജീവനവുമുണ്ട്; പരലോകത്ത് ലഭിക്കുന്ന അല്ലാഹുവിൻ്റെ സ്വർഗമാണത്.
Source : QUL
5

(നമ്മെ) തോല്‍പിച്ച് കളയുവാനായി നമ്മുടെ ദൃഷ്ടാന്തങ്ങളെ എതിര്‍ക്കുന്നതിന് ശ്രമിച്ചവരാരോ അവര്‍ക്കത്രെ വേദനാജനകമായ കഠിനശിക്ഷയുള്ളത്‌.

وَٱلَّذِينَ سَعَوۡ فِيٓ ءَايَٰتِنَا مُعَٰجِزِينَ أُوْلَٰٓئِكَ لَهُمۡ عَذَابٞ مِّن رِّجۡزٍ أَلِيمٞ ۝٥
തഫ്സീർആയത്ത് 5
അല്ലാഹു അവതരിപ്പിച്ച ആയത്തുകളെ (ഖുർആനിലെ വചനങ്ങൾ) നിഷ്ഫലമാക്കുന്നതിനായി കഠിനപരിശ്രമം നടത്തുകയും, അതിനെ കുറിച്ച് 'ഇതൊരു മാരണമാണ്' എന്നും, നമ്മുടെ ദൂതനെ കുറിച്ച് അദ്ദേഹമൊരു ജ്യോത്സ്യനും മാരണക്കാരനും കവിയുമാണ് എന്നും പറഞ്ഞവർ; ഈ പറഞ്ഞ സ്വഭാവവിശേഷണങ്ങളുള്ളവർക്ക് പരലോകത്ത് ഏറ്റവും കഠിനവും മോശവുമായ ശിക്ഷയുണ്ട്.
Source : QUL
6

നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതു തന്നെയാണ് സത്യമെന്നും, പ്രതാപിയും സ്തുത്യര്‍ഹനുമായ അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്കാണ് അത് നയിക്കുന്നതെന്നും ജ്ഞാനം നല്‍കപ്പെട്ടവര്‍ കാണുന്നുണ്ട്‌.

وَيَرَى ٱلَّذِينَ أُوتُواْ ٱلۡعِلۡمَ ٱلَّذِيٓ أُنزِلَ إِلَيۡكَ مِن رَّبِّكَ هُوَ ٱلۡحَقَّ وَيَهۡدِيٓ إِلَىٰ صِرَٰطِ ٱلۡعَزِيزِ ٱلۡحَمِيدِ ۝٦
തഫ്സീർആയത്ത് 6
(നബി -ﷺ- യുടെ അനുചരന്മാരായ) സ്വഹാബികളിലെ പണ്ഡിതന്മാരും, വേദക്കാരിൽ നിന്ന് (അല്ലാഹുവിൽ) വിശ്വസിച്ചവരായ ജ്ഞാനികളും അല്ലാഹു നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്ന ഈ സന്ദേശം തന്നെയാണ് ഒരു സംശയവുമില്ലാത്ത സത്യം എന്ന് സാക്ഷ്യം വഹിക്കുന്നുണ്ട്. ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത മഹാപ്രതാപമുള്ളവനും (അസീസ്), ഇഹലോകത്തും പരലോകത്തും സ്തുത്യർഹനുമായ (ഹമീദ്) അല്ലാഹുവിൻ്റെ മാർഗത്തിലേക്ക് അത് നയിക്കുന്നു.
Source : QUL
7

സത്യനിഷേധികള്‍ (പരിഹാസസ്വരത്തില്‍) പറഞ്ഞു: നിങ്ങള്‍ സര്‍വ്വത്ര ഛിന്നഭിന്നമാക്കപ്പെട്ടു കഴിഞ്ഞാലും നിങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടുക തന്നെ ചെയ്യുമെന്ന് നിങ്ങള്‍ക്ക് വിവരം തരുന്ന ഒരാളെപ്പറ്റി ഞങ്ങള്‍ നിങ്ങള്‍ക്കു അറിയിച്ചു തരട്ടെയോ?

وَقَالَ ٱلَّذِينَ كَفَرُواْ هَلۡ نَدُلُّكُمۡ عَلَىٰ رَجُلٖ يُنَبِّئُكُمۡ إِذَا مُزِّقۡتُمۡ كُلَّ مُمَزَّقٍ إِنَّكُمۡ لَفِي خَلۡقٖ جَدِيدٍ ۝٧
തഫ്സീർആയത്ത് 7
നബി -ﷺ- കൊണ്ടു വന്ന സന്ദേശത്തിൽ അത്ഭുതം കൂറിയും അതിനെ പരിഹസിച്ചു കൊണ്ടും അല്ലാഹുവിനെ നിഷേധിച്ചവർ പരസ്പരം പറയുന്നു: നിങ്ങൾ മരണപ്പെടുകയും, ധാരാളം കഷ്ണങ്ങളാക്കപ്പെടുകയും ചെയ്ത ശേഷം, മരിച്ച ശേഷവും ജീവനുള്ളവരായി നിങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടുമെന്ന് പറയുന്ന ഒരു മനുഷ്യനെ കുറിച്ച് ഞങ്ങൾ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?!
Source : QUL
8

അല്ലാഹുവിന്‍റെ പേരില്‍ അദ്ദേഹം കള്ളം കെട്ടിച്ചമച്ചതാണോ അതല്ല അദ്ദേഹത്തിന് ഭ്രാന്തുണ്ടോ? അല്ല, പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ ശിക്ഷയിലും വിദൂരമായ വഴികേടിലുമാകുന്നു.

أَفۡتَرَىٰ عَلَى ٱللَّهِ كَذِبًا أَم بِهِۦ جِنَّةُۢۗ بَلِ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ فِي ٱلۡعَذَابِ وَٱلضَّلَٰلِ ٱلۡبَعِيدِ ۝٨
തഫ്സീർആയത്ത് 8
അവർ പറഞ്ഞു: ഈ മനുഷ്യൻ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുകയും, നമ്മൾ മരിച്ചതിന് ശേഷം ഉയിർത്തെഴുന്നേൽപ്പിക്കപ്പെടും എന്ന് ജൽപ്പിക്കുകയുമാണോ ചെയ്തത്?! അതല്ലെങ്കിൽ ഇവൻ വല്ല ഭ്രാന്തനുമാണെന്നതിനാൽ യാഥാർത്ഥ്യമില്ലാത്തത് പുലമ്പുകയാണോ?! എന്നാൽ ഇക്കൂട്ടർ ജൽപ്പിച്ചതു പോലെയൊന്നുമല്ല കാര്യം. എന്നാൽ ചുരുക്കം പറഞ്ഞാൽ, അന്ത്യനാളിൽ വിശ്വസിക്കാത്തവർ പരലോകത്ത് കഠിനമായ ശിക്ഷയിലായിരിക്കും. ഇഹലോകത്ത് സത്യത്തിൽ നിന്ന് വളരെ വഴിദൂരം അകലെയും.
Source : QUL
9

അവരുടെ മുമ്പിലും അവരുടെ പിന്നിലുമുള്ള ആകാശത്തേക്കും ഭൂമിയിലേക്കും അവര്‍ നോക്കിയിട്ടില്ലേ? നാം ഉദ്ദേശിക്കുകയാണെങ്കില്‍ അവരെ നാം ഭൂമിയില്‍ ആഴ്ത്തിക്കളയുകയോ അവരുടെ മേല്‍ ആകാശത്ത് നിന്ന് കഷ്ണങ്ങള്‍ വീഴ്ത്തുകയോ ചെയ്യുന്നതാണ്‌. അല്ലാഹുവിലേക്ക് (വിനയാന്വിതനായി) മടങ്ങുന്ന ഏതൊരു ദാസനും തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌.

أَفَلَمۡ يَرَوۡاْ إِلَىٰ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِۚ إِن نَّشَأۡ نَخۡسِفۡ بِهِمُ ٱلۡأَرۡضَ أَوۡ نُسۡقِطۡ عَلَيۡهِمۡ كِسَفٗا مِّنَ ٱلسَّمَآءِۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لِّكُلِّ عَبۡدٖ مُّنِيبٖ ۝٩
തഫ്സീർആയത്ത് 9
പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഇക്കൂട്ടർ അവർക്ക് മുമ്പിലുള്ള ഭൂമിയെയും, അവർക്ക് പിന്നിലുള്ള ആകാശത്തെയും നോക്കിക്കാണുന്നില്ലേ?! അവരുടെ കാലുകൾക്കടിയിലൂടെ ഭൂമിയിൽ അവരെ ആഴ്ത്തിക്കളയാൻ നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അവരുടെ താഴ്ഭാഗത്തു കൂടെ നാം ആഴ്ത്തിക്കളയുക തന്നെ ചെയ്യുമായിരുന്നു. ആകാശത്ത് നിന്ന് അവർക്ക് മേൽ കഷ്ണങ്ങൾ വീഴ്ത്തുവാൻ നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അവരുടെ മേൽ നാമങ്ങനെ വീഴ്ത്തുകയും ചെയ്യുമായിരുന്നു. തീർച്ചയായും അല്ലാഹുവിനെ അനുസരിച്ചു കൊണ്ട് അവനിലേക്ക് ധാരാളമായി മടങ്ങുന്ന ഏതൊരു ദാസനും ഈ പറഞ്ഞതിൽ അല്ലാഹുവിൻ്റെ ശക്തി ബോധ്യപ്പെടുത്തുന്ന ഖണ്ഡിതമായ ദൃഷ്ടാന്തമുണ്ട്. ഈ പറഞ്ഞതിനെല്ലാം കഴിവുള്ളവൻ, മരണശേഷം നിങ്ങളുടെ ശരീരങ്ങൾ കഷ്ണങ്ങളായി മാറിയതിന് ശേഷം നിങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കഴിവുള്ളവൻ തന്നെയാണ്.
Source : QUL
10

തീര്‍ച്ചയായും ദാവൂദിന് നാം നമ്മുടെ പക്കല്‍ നിന്ന് അനുഗ്രഹം നല്‍കുകയുണ്ടായി. (നാം നിര്‍ദേശിച്ചു:) പര്‍വ്വതങ്ങളേ, നിങ്ങള്‍ അദ്ദേഹത്തോടൊപ്പം (കീര്‍ത്തനങ്ങള്‍) ഏറ്റുചൊല്ലുക. പക്ഷികളേ, നിങ്ങളും.(1) നാം അദ്ദേഹത്തിന് ഇരുമ്പ് മയപ്പെടുത്തികൊടുക്കുകയും ചെയ്തു.(2)

۞ وَلَقَدۡ ءَاتَيۡنَا دَاوُۥدَ مِنَّا فَضۡلٗاۖ يَٰجِبَالُ أَوِّبِي مَعَهُۥ وَٱلطَّيۡرَۖ وَأَلَنَّا لَهُ ٱلۡحَدِيدَ ۝١٠
തഫ്സീർആയത്ത് 10
ദാവൂദ് നബി -عَلَيْهِ السَّلَامُ- ന് നാം നമ്മുടെ പക്കൽ നിന്ന് പ്രവാചകത്വവും അധികാരവും നൽകി. പർവ്വതങ്ങളോട് നാം പറഞ്ഞു: പർവ്വതങ്ങളേ! ദാവൂദിനൊപ്പം നിങ്ങൾ അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തുക. അതു പോലെ തന്നെ പക്ഷികളോടും നാം പറഞ്ഞു. അദ്ദേഹത്തിനായി ഉദ്ദേശിക്കുന്ന പോലെ ഉപകരണങ്ങൾ പണിയാൻ കഴിയുന്ന രൂപത്തിൽ ഇരുമ്പ് നാം മയപ്പെടുത്തി നൽകുകയും ചെയ്തു.
Source : QUL
11

പൂര്‍ണ്ണവലുപ്പമുള്ള കവചങ്ങള്‍ നിര്‍മിക്കുകയും, അതിന്‍റെ കണ്ണികള്‍ ശരിയായ അളവിലാക്കുകയും, നിങ്ങളെല്ലാവരും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുക എന്ന്(3) (നാം അദ്ദേഹത്തിന് നിര്‍ദേശം നല്‍കി.) തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കാണുന്നവനാകുന്നു.

أَنِ ٱعۡمَلۡ سَٰبِغَٰتٖ وَقَدِّرۡ فِي ٱلسَّرۡدِۖ وَٱعۡمَلُواْ صَٰلِحًاۖ إِنِّي بِمَا تَعۡمَلُونَ بَصِيرٞ ۝١١
തഫ്സീർആയത്ത് 11
ഹേ ദാവൂദ്! നിന്നോടൊപ്പമുള്ള പടയാളികളെ ശത്രുക്കളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്ന വിശാലമായ പടയങ്കികൾ നിർമ്മിക്കുക. അതിൻ്റെ വളയങ്ങളിൽ അടിക്കുന്ന ആണികൾ അവക്ക് അനുയോജ്യമായ നിലക്കുമാക്കുക; തീരെ ചെറുതാക്കിയാൽ അവ അതിൽ ഉറച്ചു നിൽക്കുകയില്ല. വളരെ തടിയുള്ളതാക്കിയാൽ അവ അതിൽ പ്രവേശിക്കുകയുമില്ല. നിങ്ങൾ സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുക. തീർച്ചയായും ഞാൻ നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം നന്നായി കണ്ടറിയുന്നവനാകുന്നു; നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ എനിക്ക് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം ഞാൻ നിങ്ങൾക്ക് നൽകുന്നതുമാണ്.
Source : QUL
12

സുലൈമാന്ന് കാറ്റിനെയും (നാം അധീനപ്പെടുത്തികൊടുത്തു.) അതിന്‍റെ പ്രഭാത സഞ്ചാരം ഒരു മാസത്തെ ദൂരവും അതിന്‍റെ സായാഹ്ന സഞ്ചാരം ഒരു മാസത്തെ ദൂരവുമാകുന്നു.(4) അദ്ദേഹത്തിന് നാം ചെമ്പിന്‍റെ ഒരു ഉറവ് ഒഴുക്കികൊടുക്കുകയും ചെയ്തു.(5) അദ്ദേഹത്തിന്‍റെ രക്ഷിതാവിന്‍റെ കല്‍പനപ്രകാരം അദ്ദേഹത്തിന്‍റെ മുമ്പാകെ ജിന്നുകളില്‍ ചിലര്‍ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. അവരില്‍ ആരെങ്കിലും നമ്മുടെ കല്‍പനക്ക് എതിരുപ്രവര്‍ത്തിക്കുന്ന പക്ഷം നാം അവന്ന് ജ്വലിക്കുന്ന നരകശിക്ഷ ആസ്വദിപ്പിക്കുന്നതാണ്‌.

وَلِسُلَيۡمَٰنَ ٱلرِّيحَ غُدُوُّهَا شَهۡرٞ وَرَوَاحُهَا شَهۡرٞۖ وَأَسَلۡنَا لَهُۥ عَيۡنَ ٱلۡقِطۡرِۖ وَمِنَ ٱلۡجِنِّ مَن يَعۡمَلُ بَيۡنَ يَدَيۡهِ بِإِذۡنِ رَبِّهِۦۖ وَمَن يَزِغۡ مِنۡهُمۡ عَنۡ أَمۡرِنَا نُذِقۡهُ مِنۡ عَذَابِ ٱلسَّعِيرِ ۝١٢
തഫ്സീർആയത്ത് 12
ദാവൂദിൻ്റെ മകൻ സുലൈമാന് നാം കാറ്റിനെ കീഴ്പെടുത്തിക്കൊടുത്തു. പ്രഭാതത്തിൽ (പ്രഭാത സമയം കൊണ്ട്) ഒരു മാസം വഴിദൂരവും, സായാഹ്നത്തിൽ (സായാഹ്ന സമയം കൊണ്ട്) ഒരു മാസം വഴിദൂരവും ആ കാറ്റ് സഞ്ചരിക്കും. ഉദ്ദേശിക്കുന്ന വസ്തുക്കൾ ഉണ്ടാകുന്നതിനായി ചെമ്പ് അദ്ദേഹത്തിന് നാം ഉരുക്കി നൽകി. അദ്ദേഹത്തിൻ്റെ രക്ഷിതാവിൻ്റെ ആജ്ഞപ്രകാരം ജിന്നുകളിൽ നിന്ന് ഒരു വിഭാഗം അദ്ദേഹത്തിന് മുമ്പാകെ പണിയെടുക്കുന്ന നിലയിൽ അവരെയും നാം അദ്ദേഹത്തിന് കീഴ്പെടുത്തിനൽകി. ജിന്നുകളിൽ നിന്ന് ആരെങ്കിലും നമ്മുടെ ആജ്ഞയിൽ നിന്ന് വ്യതിചലിച്ചാൽ കത്തിജ്വലിക്കുന്ന നരകശിക്ഷ നാം അവനെ ആസ്വദിപ്പിക്കുന്നതാണ്.
Source : QUL
13

അദ്ദേഹത്തിന് വേണ്ടി ഉന്നത സൗധങ്ങള്‍,(6) ശില്‍പങ്ങള്‍, വലിയ ജലസംഭരണി പോലെയുള്ള തളികകള്‍, നിലത്ത് ഉറപ്പിച്ചു നിര്‍ത്തിയിട്ടുള്ള പാചക പാത്രങ്ങള്‍ എന്നിങ്ങനെ അദ്ദേഹം ഉദ്ദേശിക്കുന്നതെന്തും അവര്‍ (ജിന്നുകള്‍) നിര്‍മിച്ചിരുന്നു. ദാവൂദ് കുടുംബമേ, നിങ്ങള്‍ നന്ദിപൂര്‍വ്വം പ്രവര്‍ത്തിക്കുക. തികഞ്ഞ നന്ദിയുള്ളവര്‍ എന്‍റെ ദാസന്‍മാരില്‍ അപൂര്‍വ്വമത്രെ.

يَعۡمَلُونَ لَهُۥ مَا يَشَآءُ مِن مَّحَٰرِيبَ وَتَمَٰثِيلَ وَجِفَانٖ كَٱلۡجَوَابِ وَقُدُورٖ رَّاسِيَٰتٍۚ ٱعۡمَلُوٓاْ ءَالَ دَاوُۥدَ شُكۡرٗاۚ وَقَلِيلٞ مِّنۡ عِبَادِيَ ٱلشَّكُورُ ۝١٣
തഫ്സീർആയത്ത് 13
ആ ജിന്നുകൾ സുലൈമാന് വേണ്ടി അദ്ദേഹം ഉദ്ദേശിക്കുന്ന രൂപത്തിൽ നിസ്കാരത്തിനായുള്ള മസ്ജിദുകളും കൊട്ടാരങ്ങളും, അദ്ദേഹം ആഗ്രഹിക്കുന്ന തരത്തിലുള്ള ശിൽപ്പങ്ങളും, വലിയ ജലസംഭരണികൾ (ഹൗദ്വുകൾ) പോലുള്ള തളികകളും, വലിപ്പം കാരണത്താൽ ചലിക്കാത്ത തരത്തിലുള്ള ഉറച്ചു നിൽക്കുന്ന പാചകപാത്രങ്ങളും നിർമ്മിച്ചു നൽകിയിരുന്നു. അവരോടായി നാം പറഞ്ഞു: ദാവൂദ് കുടുംബമേ! അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്കുള്ള നന്ദിയായി നിങ്ങൾ പ്രവർത്തിക്കുക! ഞാൻ ചെയ്തു നൽകിയ അനുഗ്രഹങ്ങൾക്ക് ധാരാളമായി നന്ദി കാണിക്കുന്നവർ എൻ്റെ ദാസന്മാരിൽ വളരെ കുറവത്രെ.
Source : QUL
14

നാം അദ്ദേഹത്തിന്‍റെ മേല്‍ മരണം വിധിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ഊന്നുവടി തിന്നുകൊണ്ടിരുന്ന ചിതല്‍ മാത്രമാണ് അദ്ദേഹത്തിന്‍റെ മരണത്തെപ്പറ്റി അവര്‍ക്ക് (ജിന്നുകള്‍ക്ക്‌) അറിവ് നല്‍കിയത്‌.(7) അങ്ങനെ അദ്ദേഹം വീണപ്പോള്‍, തങ്ങള്‍ക്ക് അദൃശ്യകാര്യം അറിയാമായിരുന്നെങ്കില്‍ അപമാനകരമായ ശിക്ഷയില്‍(8) തങ്ങള്‍ കഴിച്ചുകൂട്ടേണ്ടിവരില്ലായിരുന്നു എന്ന് ജിന്നുകള്‍ക്ക് ബോധ്യമായി.

فَلَمَّا قَضَيۡنَا عَلَيۡهِ ٱلۡمَوۡتَ مَا دَلَّهُمۡ عَلَىٰ مَوۡتِهِۦٓ إِلَّا دَآبَّةُ ٱلۡأَرۡضِ تَأۡكُلُ مِنسَأَتَهُۥۖ فَلَمَّا خَرَّ تَبَيَّنَتِ ٱلۡجِنُّ أَن لَّوۡ كَانُواْ يَعۡلَمُونَ ٱلۡغَيۡبَ مَا لَبِثُواْ فِي ٱلۡعَذَابِ ٱلۡمُهِينِ ۝١٤
തഫ്സീർആയത്ത് 14
സുലൈമാന് മേൽ നാം മരണം വിധിച്ചപ്പോൾ അദ്ദേഹം മരിച്ചിട്ടുണ്ട് എന്ന വിവരം ജിന്നുകൾ അറിഞ്ഞത് അദ്ദേഹം ഊന്നിനിന്നിരുന്ന വടി തിന്നുതീർത്ത ചിതലുകൾ കാരണത്താലാണ്. അങ്ങനെ അദ്ദേഹം താഴെ വീണപ്പോൾ തങ്ങൾക്ക് അദൃശ്യമറിയാൻ കഴിയില്ലെന്ന് ജിന്നുകൾക്ക് ബോധ്യമായി. കാരണം, അവർക്ക് അദൃശ്യമറിയുമായിരുന്നെങ്കിൽ അവരെ അപമാനിതരാക്കിയ ഈ ശിക്ഷയിൽ അവർ കഴിച്ചു കൂട്ടേണ്ടി വരില്ലായിരുന്നുവല്ലോ?! അദ്ദേഹത്തിന് ജീവനുണ്ടെന്നും, തങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുവെന്നുമുള്ള ധാരണയിൽ അവർ പ്രയാസകരമായ പണികളായിരുന്നു സുലൈമാന് വേണ്ടി എടുത്തു കൊണ്ടിരുന്നത്.
Source : QUL
15

തീര്‍ച്ചയായും സബഅ് ദേശക്കാര്‍ക്ക് തങ്ങളുടെ അധിവാസ കേന്ദ്രത്തില്‍ തന്നെ ദൃഷ്ടാന്തമുണ്ടായിരുന്നു. അതായത്‌, വലതുഭാഗത്തും ഇടതുഭാഗത്തുമായി രണ്ടു തോട്ടങ്ങള്‍. (അവരോട് പറയപ്പെട്ടു:) നിങ്ങളുടെ രക്ഷിതാവ് തന്ന ഉപജീവനത്തില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, അവനോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക. നല്ലൊരു രാജ്യവും ഏറെ പൊറുക്കുന്ന രക്ഷിതാവും.

لَقَدۡ كَانَ لِسَبَإٖ فِي مَسۡكَنِهِمۡ ءَايَةٞۖ جَنَّتَانِ عَن يَمِينٖ وَشِمَالٖۖ كُلُواْ مِن رِّزۡقِ رَبِّكُمۡ وَٱشۡكُرُواْ لَهُۥۚ بَلۡدَةٞ طَيِّبَةٞ وَرَبٌّ غَفُورٞ ۝١٥
തഫ്സീർആയത്ത് 15
സബഅ് ഗോത്രത്തിന് അവർ താമസിച്ചിരുന്ന സ്ഥലത്ത് തന്നെ അല്ലാഹുവിൻ്റെ ശക്തിയുടെയും അവരുടെ മേൽ അവൻ ചൊരിഞ്ഞ അനുഗ്രഹങ്ങളുടെയും പ്രകടമായ അടയാളമുണ്ടായിരുന്നു. വലതുഭാഗത്തും ഇടതുഭാഗത്തുമായി ഉണ്ടായിരുന്ന രണ്ട് തോട്ടങ്ങളായിരുന്നു അത് (അടയാളം). നാമവരോട് പറഞ്ഞു: നിങ്ങളുടെ രക്ഷിതാവിൻ്റെ ഉപജീവനത്തിൽ നിന്ന് ഭക്ഷിക്കുകയും, അവൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുകയും ചെയ്യുക. ഇതാ നല്ലൊരു നാട്! ഇതാ തന്നോട് പശ്ചാത്തപിക്കുന്നവർക്ക് ഏറെ പൊറുത്തു നൽകുന്നവനായ (ഗഫൂർ) രക്ഷിതാവായ അല്ലാഹുവും!
Source : QUL
16

എന്നാല്‍ അവര്‍ പിന്തിരിഞ്ഞ് കളഞ്ഞു. അപ്പോള്‍ അണക്കെട്ടില്‍ നിന്നുള്ള ജലപ്രവാഹത്തെ അവരുടെ നേരെ നാം അയച്ചു.(9) അവരുടെ ആ രണ്ട് തോട്ടങ്ങള്‍ക്ക് പകരം കയ്പുള്ള കായ്കനികളും, കാറ്റാടി മരവും, അല്‍പം ചില വാകമരങ്ങളും ഉള്ള രണ്ട് തോട്ടങ്ങള്‍ നാം അവര്‍ക്ക് നല്‍കുകയും ചെയ്തു.(10)

فَأَعۡرَضُواْ فَأَرۡسَلۡنَا عَلَيۡهِمۡ سَيۡلَ ٱلۡعَرِمِ وَبَدَّلۡنَٰهُم بِجَنَّتَيۡهِمۡ جَنَّتَيۡنِ ذَوَاتَيۡ أُكُلٍ خَمۡطٖ وَأَثۡلٖ وَشَيۡءٖ مِّن سِدۡرٖ قَلِيلٖ ۝١٦
തഫ്സീർആയത്ത് 16
എന്നാൽ അവർ അല്ലാഹുവിന് നന്ദി കാണിക്കുന്നതിൽ നിന്നും, അല്ലാഹുവിൻ്റെ ദൂതന്മാരിൽ വിശ്വസിക്കുന്നതിൽ നിന്നും തിരിഞ്ഞു കളഞ്ഞു. അപ്പോൾ അവരുടെ അനുഗ്രഹങ്ങളെ ശിക്ഷകളാക്കി നാം മാറ്റിക്കളഞ്ഞു. അങ്ങനെ അവർക്ക് മേൽ നാം ശക്തമായ ജലപ്രവാഹം അയക്കുകയും, അത് അവരുടെ അണക്കെട്ട് തകർക്കുകയും, അവരുടെ കൃഷിയിടങ്ങൾ മുക്കിക്കളയുകയും ചെയ്തു. അവരുടെ (മുൻപുള്ള) രണ്ട് തോട്ടങ്ങൾക്ക് പകരം കയ്പ്പുള്ള ഫലങ്ങൾ മുളപ്പിക്കുന്ന രണ്ട് തോട്ടങ്ങൾ നാം നൽകി. അതിൽ കായ്ഫലമില്ലാത്ത കാറ്റാടി മരങ്ങളും, അല്പം ചില മുൾമരങ്ങളും നാം നൽകി.
Source : QUL
17

അവര്‍ നന്ദികേട് കാണിച്ചതിന് നാം അവര്‍ക്ക് പ്രതിഫലമായി നല്‍കിയതാണത്‌. കടുത്ത നന്ദികേട് കാണിക്കുന്നവന്‍റെ നേരെയല്ലാതെ നാം ശിക്ഷാനടപടി എടുക്കുമോ?

ذَٰلِكَ جَزَيۡنَٰهُم بِمَا كَفَرُواْۖ وَهَلۡ نُجَٰزِيٓ إِلَّا ٱلۡكَفُورَ ۝١٧
തഫ്സീർആയത്ത് 17
അവർക്ക് ലഭിച്ചു വന്നിരുന്ന അനുഗ്രഹങ്ങൾ മാറ്റിമറിക്കപ്പെട്ടു എന്ന ഈ ശിക്ഷ അവരുടെ നിഷേധത്തിൻ്റെയും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നത് അവർ അവഗണിച്ചതിൻ്റെയും ഫലമായി അവർക്ക് നൽകപ്പെട്ടതാകുന്നു. അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളോട് കടുത്ത നന്ദികേടും, അങ്ങേയറ്റത്തെ നിഷേധവും കാണിക്കുന്നവർക്കല്ലാതെ ഇത്തരമൊരു കടുത്ത ശിക്ഷ നാം നൽകുകയില്ല.
Source : QUL
18

അവര്‍ക്കും (സബഅ് ദേശക്കാര്‍ക്കും) നാം അനുഗ്രഹം നല്‍കിയ (സിറിയന്‍) ഗ്രാമങ്ങള്‍ക്കുമിടയില്‍ തെളിഞ്ഞ് കാണാവുന്ന പല ഗ്രാമങ്ങളും നാം ഉണ്ടാക്കി.(11) അവിടെ നാം യാത്രയ്ക്ക് താവളങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തു. രാപകലുകളില്‍ നിര്‍ഭയരായിക്കൊണ്ട് നിങ്ങള്‍ അതിലൂടെ സഞ്ചരിച്ചുകൊള്ളുക. (എന്ന് നാം നിര്‍ദേശിക്കുകയും ചെയ്തു.)

وَجَعَلۡنَا بَيۡنَهُمۡ وَبَيۡنَ ٱلۡقُرَى ٱلَّتِي بَٰرَكۡنَا فِيهَا قُرٗى ظَٰهِرَةٗ وَقَدَّرۡنَا فِيهَا ٱلسَّيۡرَۖ سِيرُواْ فِيهَا لَيَالِيَ وَأَيَّامًا ءَامِنِينَ ۝١٨
തഫ്സീർആയത്ത് 18
യമനിലെ സബഅ് ദേശക്കാർക്കും നാം അനുഗ്രഹം ചൊരിഞ്ഞ ശാമിലെ ഗ്രാമങ്ങൾക്കുമിടയിൽ അടുത്തടുത്തായി നാം ഗ്രാമങ്ങൾ നിശ്ചയിക്കുകയും ചെയ്തു. ഒരു ഗ്രാമത്തിൽ നിന്ന് അടുത്തതിലേക്ക് എന്ന രൂപത്തിൽ ശാമിലേക്ക് എത്തുന്ന വിധം അതിലൂടെയുള്ള യാത്ര നാം നിർണയിക്കുകയും ചെയ്തു. നാമവരോട് പറഞ്ഞു: നിങ്ങൾ ഉദ്ദേശിക്കുന്ന രൂപത്തിൽ -ശത്രുവിൻ്റെ അക്രമമോ വിശപ്പോ ദാഹമോ ബാധിക്കുന്നത് ഭയപ്പെടാതെ- രാത്രിയോ പകലോ അതിലൂടെ യാത്ര ചെയ്തു കൊള്ളുക.
Source : QUL
19

അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ യാത്രാതാവളങ്ങള്‍ക്കിടയില്‍ നീ അകലമുണ്ടാക്കണമേ.(12) അങ്ങനെ തങ്ങള്‍ക്കു തന്നെ അവര്‍ ദ്രോഹം വരുത്തി വെച്ചു. അപ്പോള്‍ നാം അവരെ കഥാവശേഷരാക്കി കളഞ്ഞു. അവരെ നാം സര്‍വ്വത്ര ഛിന്നഭിന്നമാക്കി.(13) ക്ഷമാശീലനും നന്ദിയുള്ളവനുമായ ഏതൊരാള്‍ക്കും തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌.

فَقَالُواْ رَبَّنَا بَٰعِدۡ بَيۡنَ أَسۡفَارِنَا وَظَلَمُوٓاْ أَنفُسَهُمۡ فَجَعَلۡنَٰهُمۡ أَحَادِيثَ وَمَزَّقۡنَٰهُمۡ كُلَّ مُمَزَّقٍۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّكُلِّ صَبَّارٖ شَكُورٖ ۝١٩
തഫ്സീർആയത്ത് 19
വിദൂരമായ യാത്ര എളുപ്പമാക്കി നൽകിയെന്ന അല്ലാഹുവിൻ്റെ അനുഗ്രഹത്തെ അവർ നിസ്സാരമാക്കി കളഞ്ഞു. അവർ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ! (വഴിമദ്ധ്യേയുള്ള) ആ ഗ്രാമങ്ങളെ നീ ഇല്ലാതാക്കുക; ഞങ്ങൾ യാത്രയുടെ പ്രയാസമൊന്നറിയട്ടെ! അങ്ങനെ ഞങ്ങളുടെ യാത്രാവാഹനങ്ങളുടെ സവിശേഷത (എല്ലാവർക്കും) പ്രകടമാകട്ടെ! അല്ലാഹുവിൻ്റെ അനുഗ്രഹത്തെ നിസ്സാരപ്പെടുത്തുകയും, അവന് നന്ദി കാണിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളയുകയും, അവരിലെ ദരിദ്രരോട് അസൂയ പുലർത്തുകയും ചെയ്തതിലൂടെ അവർ സ്വദേഹങ്ങളോട് തന്നെ അതിക്രമം പ്രവർത്തിച്ചു. അങ്ങനെ പിൽക്കാലത്തുള്ളവർക്ക് സംസാരിച്ചിരിക്കാൻ തക്കവണ്ണം അവരെ നാം കഥാവശേഷരാക്കി. നാടുകളിൽ നാമവരെ ചിതറിത്തെറിപ്പിച്ചു കളഞ്ഞു. അങ്ങനെ പരസ്പരം ബന്ധപ്പെടാൻ അവർക്ക് സാധിക്കാതെയായി. സബഉകാർക്ക് മേൽ അല്ലാഹു ചൊരിഞ്ഞ അനുഗ്രഹങ്ങളും, ശേഷം അവർ (അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ) നിഷേധിച്ചതിൻ്റെയും നിസ്സാരപ്പെടുത്തിയതിൻ്റെയും ഫലമായി അവരോട് അല്ലാഹു പകരം വീട്ടിയതിൻ്റെയും (കഥ പറയുന്ന ഈ) ചരിത്രത്തിൽ അല്ലാഹുവിനെ അനുസരിക്കുന്നതിലും അവനെ ധിക്കരിക്കാതിരിക്കുന്നതിലും (തന്നെ ബാധിച്ച) ദുരിതങ്ങളിലും നന്നായി ക്ഷമിക്കുന്നവർക്കും, അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് ധാരാളമായി നന്ദി പ്രകടിപ്പിക്കുന്നവർക്കും തീർച്ചയായും പാഠമുണ്ട്.
Source : QUL
20

തീര്‍ച്ചയായും തന്‍റെ ധാരണ ശരിയാണെന്ന് ഇബ്ലീസ് അവരില്‍ തെളിയിച്ചു.(14) അങ്ങനെ അവര്‍ അവനെ പിന്തുടര്‍ന്നു. ഒരു സംഘം സത്യവിശ്വാസികളൊഴികെ.

وَلَقَدۡ صَدَّقَ عَلَيۡهِمۡ إِبۡلِيسُ ظَنَّهُۥ فَٱتَّبَعُوهُ إِلَّا فَرِيقٗا مِّنَ ٱلۡمُؤۡمِنِينَ ۝٢٠
തഫ്സീർആയത്ത് 20
സത്യത്തിൽ നിന്ന് അവരെ തെറ്റിക്കാനും വഴികേടിലാക്കാനും കഴിയുമെന്ന തൻ്റെ ധാരണ ഇബ്'ലീ സ് അവരുടെ കാര്യത്തിൽ യാഥാർഥ്യമാക്കി. അങ്ങനെ നിഷേധത്തിലും വഴികേടിലും അവനെ അവർ പിന്തുടർന്നു; (അല്ലാഹുവിൽ) വിശ്വസിച്ച ഒരു കൂട്ടമാളുകളൊഴികെ. അവർ അവനെ പിൻപറ്റാതെ, പിശാചിൻ്റെ പ്രതീക്ഷയെ അസ്ഥാനത്താക്കി.
Source : QUL
21

അവന്ന് (ഇബ്ലീസിന്‌) അവരുടെ മേല്‍ യാതൊരധികാരവും ഉണ്ടായിരുന്നില്ല. പരലോകത്തില്‍ വിശ്വസിക്കുന്നവരെ അതിനെപ്പറ്റി സംശയത്തില്‍ കഴിയുന്നവരുടെ കൂട്ടത്തില്‍ നിന്ന് നാം തിരിച്ചറിയുവാന്‍ വേണ്ടി മാത്രമാണിത്‌.(15) നിന്‍റെ രക്ഷിതാവ് ഏതു കാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.

وَمَا كَانَ لَهُۥ عَلَيۡهِم مِّن سُلۡطَٰنٍ إِلَّا لِنَعۡلَمَ مَن يُؤۡمِنُ بِٱلۡأٓخِرَةِ مِمَّنۡ هُوَ مِنۡهَا فِي شَكّٖۗ وَرَبُّكَ عَلَىٰ كُلِّ شَيۡءٍ حَفِيظٞ ۝٢١
തഫ്സീർആയത്ത് 21
അവരെ വഴികേടിലേക്ക് നിർബന്ധിച്ചു കൊണ്ടെത്തിക്കാൻ കഴിയുന്ന വിധം യാതൊരു അധികാരവും ഇബ്'ലീ സിന് അവരുടെ മേൽ ഉണ്ടായിരുന്നില്ല. അവൻ അവർക്ക് ചീത്തയായത് ഭംഗിയാക്കി കാണിച്ചു കൊടുക്കുകയും, അവരെ വഴികേടിലാക്കുകയും മാത്രമാണ് ചെയ്തത്. ആരാണ് പരലോകത്തിലും അവിടെയുള്ള പ്രതിഫലത്തിലും വിശ്വസിക്കുന്നതെന്നും, അതിൽ സംശയമുള്ളത് ആർക്കെല്ലാമാണെന്നും വ്യക്തമായി പ്രകടമാകുന്നതിന് അവരെ വഴികേടിലാക്കാൻ നാമവനെ അഴിച്ചു വിട്ടിരിക്കുന്നു എന്നു മാത്രം. അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും നിൻ്റെ രക്ഷിതാവ് എല്ലാ കാര്യങ്ങളും സൂക്ഷിക്കുന്നവനാകുന്നു; തൻ്റെ അടിമകളുടെ പ്രവർത്തനങ്ങൾ അവൻ സൂക്ഷിക്കുകയും, അവക്കുള്ള പ്രതിഫലം അവൻ നൽകുകയും ചെയ്യുന്നതാണ്.
Source : QUL
22

പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ചു നോക്കുക. ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല. അവ രണ്ടിലും അവര്‍ക്ക് യാതൊരു പങ്കുമില്ല. അവരുടെ കൂട്ടത്തില്‍ അവന്ന് സഹായിയായി ആരുമില്ല.

قُلِ ٱدۡعُواْ ٱلَّذِينَ زَعَمۡتُم مِّن دُونِ ٱللَّهِ لَا يَمۡلِكُونَ مِثۡقَالَ ذَرَّةٖ فِي ٱلسَّمَٰوَٰتِ وَلَا فِي ٱلۡأَرۡضِ وَمَا لَهُمۡ فِيهِمَا مِن شِرۡكٖ وَمَا لَهُۥ مِنۡهُم مِّن ظَهِيرٖ ۝٢٢
തഫ്സീർആയത്ത് 22
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: അല്ലാഹുവിന് പുറമെ നിങ്ങളുടെ ആരാധ്യരാണെന്ന് നിങ്ങൾ ജൽപ്പിക്കുന്നവരെയെല്ലാം വിളിക്കുക; അവർ നിങ്ങൾക്കെന്തെങ്കിലും ഒരു ഉപകാരം നേടിത്തരുകയോ, ഏതെങ്കിലുമൊരു ഉപദ്രവം നിങ്ങളിൽ നിന്ന് നീക്കിത്തരികയോ ചെയ്യട്ടെ! ആകാശങ്ങളിലോ ഭൂമിയിലോ ഒരു ഉറുമ്പിൻ്റെ തൂക്കം പോലും അവർ ഉടമപ്പെടുത്തുന്നില്ല. അവയുടെ (ഉടമസ്ഥതയിൽ) അല്ലാഹുവിനോടൊപ്പം എന്തെങ്കിലുമൊരു പങ്കും അവർക്കില്ല. സഹായിക്കുന്ന ഒരു സഹായിയും അവരുടെ കൂട്ടത്തിൽ അല്ലാഹുവിനില്ല. അവൻ എല്ലാ പങ്കുകാരിൽ നിന്നും സഹായികളിൽ നിന്നും പരിപൂർണ്ണ ധന്യനത്രെ!
Source : QUL
23

ആര്‍ക്കു വേണ്ടി അവന്‍ അനുമതി നല്‍കിയോ അവര്‍ക്കല്ലാതെ അവന്‍റെ അടുക്കല്‍ ശുപാര്‍ശ പ്രയോജനപ്പെടുകയുമില്ല.(16) അങ്ങനെ അവരുടെ ഹൃദയങ്ങളില്‍ നിന്ന് പരിഭ്രമം നീങ്ങികഴിയുമ്പോള്‍ അവര്‍ ചോദിക്കും; നിങ്ങളുടെ രക്ഷിതാവ് എന്താണു പറഞ്ഞതെന്ന്.(17) അവര്‍ മറുപടി പറയും: സത്യമാണ് (അവന്‍ പറഞ്ഞത്.‌) അവന്‍ ഉന്നതനും മഹാനുമാകുന്നു.

وَلَا تَنفَعُ ٱلشَّفَٰعَةُ عِندَهُۥٓ إِلَّا لِمَنۡ أَذِنَ لَهُۥۚ حَتَّىٰٓ إِذَا فُزِّعَ عَن قُلُوبِهِمۡ قَالُواْ مَاذَا قَالَ رَبُّكُمۡۖ قَالُواْ ٱلۡحَقَّۖ وَهُوَ ٱلۡعَلِيُّ ٱلۡكَبِيرُ ۝٢٣
തഫ്സീർആയത്ത് 23
അല്ലാഹുവിൻ്റെ അനുമതി നൽകപ്പെട്ടവർക്കല്ലാതെ ശുപാർശ യാതൊരു ഉപകാരവും ചെയ്യുകയില്ല. അല്ലാഹു അവൻ തൃപ്തിപ്പെട്ടവർക്ക് വേണ്ടിയല്ലാതെ ശുപാർശക്ക് അനുമതി നൽകുകയുമില്ല; അവൻ്റെ മഹത്വം കാരണത്താലാണത്. അവൻ സംസാരിച്ചാൽ മലക്കുകൾ അല്ലാഹുവിൻ്റെ സംസാരത്തിന് കീഴൊതുങ്ങിക്കൊണ്ട് അവരുടെ ചിറകുകൾ അടിക്കും എന്നത് അല്ലാഹുവിൻ്റെ മഹത്വത്തിൽ പെട്ടതാണ്. അങ്ങനെ അവരുടെ ഹൃദയങ്ങളിൽ നിന്ന് ഭയം നീങ്ങിക്കഴിഞ്ഞാൽ മലക്കുകൾ ജിബ്രീലിനോട് ചോദിക്കും: എന്താണ് നിങ്ങളുടെ രക്ഷിതാവ് പറഞ്ഞത്?! ജിബ്രീൽ പറയും: സത്യമാണ് അവൻ പറഞ്ഞത്. അസ്തിത്വവും സർവ്വാധീശത്വവും ഉന്നതമായ സർവ്വോന്നതനും (അലിയ്യ്) മറ്റെല്ലാം അവൻ്റെ താഴെ മാത്രം വരുന്നത്ര വലിയവനും (കബീർ) ആകുന്നു അവൻ (അല്ലാഹു).
Source : QUL
24

ചോദിക്കുക: ആകാശങ്ങളില്‍ നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കുന്നവന്‍ ആരാകുന്നു? നീ പറയുക: അല്ലാഹുവാകുന്നു. തീര്‍ച്ചയായും ഒന്നുകില്‍ ഞങ്ങള്‍ അല്ലെങ്കില്‍ നിങ്ങള്‍ സന്‍മാര്‍ഗത്തിലാകുന്നു. അല്ലെങ്കില്‍ വ്യക്തമായ ദുര്‍മാര്‍ഗത്തില്‍.

۞ قُلۡ مَن يَرۡزُقُكُم مِّنَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ قُلِ ٱللَّهُۖ وَإِنَّآ أَوۡ إِيَّاكُمۡ لَعَلَىٰ هُدًى أَوۡ فِي ضَلَٰلٖ مُّبِينٖ ۝٢٤
തഫ്സീർആയത്ത് 24
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: ആകാശങ്ങളിൽ നിന്ന് മഴ വർഷിപ്പിച്ചും, ഭൂമിയിൽ ഫലവർഗങ്ങളും ധാന്യങ്ങളും പഴങ്ങളും മറ്റും മുളപ്പിച്ചും നിങ്ങൾക്ക് ഉപജീവനം നൽകുന്നവൻ ആരാകുന്നു?! പറയുക: അല്ലാഹു; അവനാകുന്നു അതിൽ നിന്നെല്ലാം നിങ്ങൾക്ക് ഉപജീവനം നൽകുന്നവൻ. അല്ലയോ ബഹുദൈവാരാധകരേ! ഒന്നല്ലെങ്കിൽ നിങ്ങളോ അല്ലെങ്കിൽ ഞങ്ങളോ സത്യപാതയിലേക്കുള്ള നേരായവഴിയിലോ തെറ്റിയ വഴിയിലോ ആണ്. എന്തായാലും നമ്മളിലൊരാൾ അപ്രകാരമാണെന്നതിൽ സംശയമില്ല. (അല്ലാഹുവിൽ) വിശ്വസിച്ചവരാണ് സത്യത്തിൻ്റെ മാർഗത്തിലെന്നും, അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുന്ന ബഹുദൈവാരാധകരാണ് വഴികേടിൻ്റെ വക്താക്കളെന്നതിലും സംശയമില്ല.
Source : QUL
25

പറയുക: ഞങ്ങള്‍ കുറ്റം ചെയ്തതിനെപ്പറ്റി നിങ്ങള്‍ ചോദിക്കപ്പെടുകയില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ഞങ്ങളും ചോദിക്കപ്പെടുകയില്ല.

قُل لَّا تُسۡـَٔلُونَ عَمَّآ أَجۡرَمۡنَا وَلَا نُسۡـَٔلُ عَمَّا تَعۡمَلُونَ ۝٢٥
തഫ്സീർആയത്ത് 25
അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: പരലോകത്ത് ഞങ്ങൾ ചെയ്തു വെച്ച തിന്മകളെ കുറിച്ച് നിങ്ങളോ, നിങ്ങൾ ചെയ്തു കൊണ്ടിരുന്നതിനെ കുറിച്ച് ഞങ്ങളോ ചോദ്യം ചെയ്യപ്പെടുന്നതല്ല.
Source : QUL
26

പറയുക: നമ്മുടെ രക്ഷിതാവ് നമ്മെ തമ്മില്‍ ഒരുമിച്ചുകൂട്ടുകയും, അനന്തരം നമുക്കിടയില്‍ അവന്‍ സത്യപ്രകാരം തീര്‍പ്പുകല്‍പിക്കുകയും ചെയ്യുന്നതാണ്‌. അവന്‍ സര്‍വ്വജ്ഞനായ തീര്‍പ്പുകാരനത്രെ.

قُلۡ يَجۡمَعُ بَيۡنَنَا رَبُّنَا ثُمَّ يَفۡتَحُ بَيۡنَنَا بِٱلۡحَقِّ وَهُوَ ٱلۡفَتَّاحُ ٱلۡعَلِيمُ ۝٢٦
തഫ്സീർആയത്ത് 26
അവരോട് പറയുക: അല്ലാഹു പരലോകത്ത് ഞങ്ങളെയും നിങ്ങളെയും ഒരുമിച്ചുകൂട്ടുന്നതാണ്. ശേഷം നമുക്കും നിങ്ങൾക്കുമിടയിൽ അവൻ നീതിപൂർവം വിധി കൽപ്പിക്കുകയും ചെയ്യുന്നതാണ്. അപ്പോൾ അസത്യവാദികളിൽ നിന്ന് സത്യവാന്മാർ വേർതിരിയുന്നതുമാണ്. അവനാകുന്നു നീതിപൂർവ്വം വിധിക്കുന്ന വിധികർത്താവും (ഫത്താഹ്), താൻ വിധിക്കുന്നതിനെ കുറിച്ച് നന്നായി അറിയുന്ന സർവ്വജ്ഞനും (അലീം).
Source : QUL
27

പറയുക: പങ്കുകാരെന്ന നിലയില്‍ അവനോട് (അല്ലാഹുവോട്‌) നിങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളവരെ എനിക്ക് നിങ്ങളൊന്ന് കാണിച്ചുതരൂ. ഇല്ല, (അങ്ങനെ ഒരു പങ്കാളിയുമില്ല.) എന്നാല്‍ അവന്‍ പ്രതാപിയും യുക്തിമാനുമായ അല്ലാഹുവത്രെ.

قُلۡ أَرُونِيَ ٱلَّذِينَ أَلۡحَقۡتُم بِهِۦ شُرَكَآءَۖ كـَلَّاۚ بَلۡ هُوَ ٱللَّهُ ٱلۡعَزِيزُ ٱلۡحَكِيمُ ۝٢٧
തഫ്സീർആയത്ത് 27
അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: അല്ലാഹുവിൻ്റെ പങ്കാളികളായി നിങ്ങൾ നിശ്ചയിക്കുകയും, അല്ലാഹുവിനുള്ള ആരാധനയിൽ നിങ്ങൾ പങ്കുചേർക്കുകയും ചെയ്യുന്നവരെ നിങ്ങളെനിക്കൊന്ന് കാണിച്ചു തരൂ! അല്ല! നിങ്ങൾ ധരിച്ചതു പോലെ അല്ലാഹുവിന് പങ്കാളികളില്ല! മറിച്ച് അവൻ ആർക്കും പരാജയപ്പെടുത്താൻ സാധിക്കാത്ത മഹാപ്രതാപിയും (അസീസ്) തൻ്റെ സൃഷ്ടിപ്പിലും വിധിനിർണ്ണയത്തിലും കൈകാര്യകർതൃത്വത്തിലും അങ്ങേയറ്റം യുക്തമായത് പ്രവർത്തിക്കുന്നവനുമായ (ഹകീം) അല്ലാഹുവത്രെ.
Source : QUL
28

നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീത് നല്‍കുന്നവനും ആയികൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്‌. പക്ഷെ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല.

وَمَآ أَرۡسَلۡنَٰكَ إِلَّا كَآفَّةٗ لِّلنَّاسِ بَشِيرٗا وَنَذِيرٗا وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ۝٢٨
തഫ്സീർആയത്ത് 28
അല്ലാഹുവിൻ്റെ റസൂലേ! എല്ലാ മനുഷ്യർക്കും വേണ്ടിയല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല. (അല്ലാഹുവിനെ) സൂക്ഷിക്കുന്നവർക്ക് സ്വർഗമുണ്ടെന്ന് സന്തോഷവാർത്ത അറിയിക്കുവാനും, (അല്ലാഹുവിനെ) നിഷേധിക്കുകയും തിന്മകൾ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് നരകമുണ്ടെന്ന് താക്കീത് നൽകുകയും ചെയ്യുന്നതിന് വേണ്ടി(യാണ് താങ്കളെ നിയോഗിച്ചിരിക്കുന്നത്). എന്നാൽ ജനങ്ങളിൽ ബഹുഭൂരിപക്ഷവും അതറിയുന്നില്ല. അവർ അത് തിരിച്ചറിഞ്ഞിരുന്നെങ്കിൽ അവർ താങ്കളെ കളവാക്കുകയില്ലായിരുന്നു.
Source : QUL
29

അവര്‍ ചോദിക്കുന്നു; നിങ്ങള്‍ സത്യവാദികളാണെങ്കില്‍, ഈ താക്കീത് എപ്പോഴാണ് (പുലരുക) എന്ന്‌.

وَيَقُولُونَ مَتَىٰ هَٰذَا ٱلۡوَعۡدُ إِن كُنتُمۡ صَٰدِقِينَ ۝٢٩
തഫ്സീർആയത്ത് 29
തങ്ങൾക്ക് താക്കീത് നൽകപ്പെടുന്ന ശിക്ഷ വേഗത്തിലാക്കാൻ ധൃതി കൂട്ടിക്കൊണ്ട് ബഹുദൈവാരാധകർ പറയുന്നു: എപ്പോഴാണ് ഈ ശിക്ഷയുടെ വാഗ്ദാനം (സംഭവിക്കുക)?! അത് യാഥാർഥ്യമാണെന്ന് നിങ്ങൾ പറയുന്നത് സത്യമാണെങ്കിൽ (അതിൻ്റെ സമയം കൂടി പറയുക).
Source : QUL
30

പറയുക: നിങ്ങള്‍ക്കൊരു നിശ്ചിത ദിവസമുണ്ട്‌. അതു വിട്ട് ഒരു നിമിഷം പോലും നിങ്ങള്‍ പിന്നോട്ട് പോകുകയോ, മുന്നോട്ട് പോകുകയോ ഇല്ല.

قُل لَّكُم مِّيعَادُ يَوۡمٖ لَّا تَسۡتَـٔۡخِرُونَ عَنۡهُ سَاعَةٗ وَلَا تَسۡتَقۡدِمُونَ ۝٣٠
തഫ്സീർആയത്ത് 30
അല്ലാഹുവിൻ്റെ റസൂലേ! ശിക്ഷക്ക് വേണ്ടി ധൃതി കൂട്ടുന്ന ഇക്കൂട്ടരോട് പറയുക: നിങ്ങൾക്ക് നിശ്ചയിക്കപ്പെട്ട ഒരു ദിവസം വരെ അവധിയുണ്ട്. അതിൽ നിന്ന് ഒരു നിമിഷം പോലും നിങ്ങൾ പിന്നോട്ടോ മുന്നോട്ടോ പോവുകയില്ല. ആ ദിവസമാകുന്നു അന്ത്യനാൾ!
Source : QUL
31

ഈ ഖുര്‍ആനിലാകട്ടെ, ഇതിന് മുമ്പുള്ള വേദത്തിലാകട്ടെ ഞങ്ങള്‍ വിശ്വസിക്കുന്നതേ അല്ല എന്ന് സത്യനിഷേധികള്‍ പറഞ്ഞു. (നബിയേ,) ഈ അക്രമികള്‍ തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ നിര്‍ത്തപ്പെടുന്ന സന്ദര്‍ഭം നീ കണ്ടിരുന്നെങ്കില്‍! അവരില്‍ ഓരോ വിഭാഗവും മറുവിഭാഗത്തിന്‍റെ മേല്‍ കുറ്റം ആരോപിച്ചുകൊണ്ടിരിക്കും. ബലഹീനരായി ഗണിക്കപ്പെട്ടവര്‍ വലുപ്പം നടിച്ചിരുന്നവരോട് പറയും: നിങ്ങളില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ വിശ്വാസികളായിരുന്നേനെ.(18)

وَقَالَ ٱلَّذِينَ كَفَرُواْ لَن نُّؤۡمِنَ بِهَٰذَا ٱلۡقُرۡءَانِ وَلَا بِٱلَّذِي بَيۡنَ يَدَيۡهِۗ وَلَوۡ تَرَىٰٓ إِذِ ٱلظَّٰلِمُونَ مَوۡقُوفُونَ عِندَ رَبِّهِمۡ يَرۡجِعُ بَعۡضُهُمۡ إِلَىٰ بَعۡضٍ ٱلۡقَوۡلَ يَقُولُ ٱلَّذِينَ ٱسۡتُضۡعِفُواْ لِلَّذِينَ ٱسۡتَكۡبَرُواْ لَوۡلَآ أَنتُمۡ لَكُنَّا مُؤۡمِنِينَ ۝٣١
തഫ്സീർആയത്ത് 31
അല്ലാഹുവിൽ അവിശ്വസിച്ചവർ പറഞ്ഞു: മുഹമ്മദ് തൻ്റെ മേൽ അവതരിച്ചതാണെന്ന് അവകാശപ്പെടുന്ന ഈ ഖുർആനിലോ, മുൻകാല വേദഗ്രന്ഥങ്ങളിലോ ഞങ്ങൾ വിശ്വസിക്കുകയില്ല. അല്ലാഹുവിൻ്റെ റസൂലേ! വിചാരണക്കായി പരലോകത്ത് അതിക്രമകാരികളെ പിടിച്ചു നിർത്തിയിരിക്കുന്നത് താങ്കൾ കണ്ടിരുന്നെങ്കിൽ! അവർ പരസ്പരം തർക്കിക്കുകയും, അവരോരോരുത്തരും പരസ്പരം പഴിചാരുകയും മറ്റുള്ളവരുടെ മേൽ ഉത്തരവാദിത്തം ചാർത്തുകയും ചെയ്യും. അടിച്ചമർത്തപ്പെട്ടവരായ അനുയായികൾ ഇഹലോകത്ത് തങ്ങളെ അടക്കിഭരിച്ച നേതാക്കന്മാരോട് പറയും: നിങ്ങൾ ഞങ്ങളെ വഴികേടിലാക്കിയില്ലായിരുന്നെങ്കിൽ ഞങ്ങൾ അല്ലാഹുവിലും അവൻ്റെ ദൂതരിലും വിശ്വസിക്കുന്നവരാകുമായിരുന്നു.
Source : QUL
32

വലുപ്പം നടിച്ചവര്‍ ബലഹീനരായി ഗണിക്കപ്പെട്ടവരോട് പറയും: മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തിയതിന് ശേഷം അതില്‍ നിന്ന് നിങ്ങളെ തടഞ്ഞത് ഞങ്ങളാണോ? അല്ല, നിങ്ങള്‍ കുറ്റവാളികള്‍ തന്നെയായിരുന്നു.(19)

قَالَ ٱلَّذِينَ ٱسۡتَكۡبَرُواْ لِلَّذِينَ ٱسۡتُضۡعِفُوٓاْ أَنَحۡنُ صَدَدۡنَٰكُمۡ عَنِ ٱلۡهُدَىٰ بَعۡدَ إِذۡ جَآءَكُمۖ بَلۡ كُنتُم مُّجۡرِمِينَ ۝٣٢
തഫ്സീർആയത്ത് 32
സത്യത്തിൽ നിന്ന് അഹങ്കാരം നടിച്ചവരായ നേതാക്കന്മാർ തങ്ങൾ അടക്കി ഭരിച്ചിരുന്ന അവരുടെ അനുയായികളോട് പറയും: മുഹമ്മദ് -ﷺ- നിങ്ങൾക്ക് കൊണ്ടു വന്നു തന്ന സത്യത്തിൽ നിന്ന് ഞങ്ങളാണോ നിങ്ങളെ തടഞ്ഞത്?! അല്ല! മറിച്ച് നിങ്ങൾ തന്നെ അതിക്രമികളും കുഴപ്പത്തിൻ്റെയും നശീകരണത്തിൻ്റെയും ആളുകളുമായിരുന്നു.
Source : QUL
33

ബലഹീനരായി ഗണിക്കപ്പെട്ടവര്‍ വലുപ്പം നടിച്ചവരോട് പറയും: അല്ല, ഞങ്ങള്‍ അല്ലാഹുവില്‍ അവിശ്വസിക്കാനും, അവന്ന് സമന്‍മാരെ സ്ഥാപിക്കുവാനും നിങ്ങള്‍ ഞങ്ങളോട് കല്‍പിച്ചു കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ (നിങ്ങള്‍) രാവും പകലും നടത്തിയ കുതന്ത്രത്തിന്‍റെ ഫലമാണത്‌. ശിക്ഷ കാണുമ്പോള്‍ അവര്‍ ഖേദം മനസ്സില്‍ ഒളിപ്പിക്കും. സത്യനിഷേധികളുടെ കഴുത്തുകളില്‍ നാം ചങ്ങലകള്‍ വെക്കുകയും ചെയ്യും. തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമല്ലാതെ അവര്‍ക്ക് നല്‍കപ്പെടുമോ.(20)

وَقَالَ ٱلَّذِينَ ٱسۡتُضۡعِفُواْ لِلَّذِينَ ٱسۡتَكۡبَرُواْ بَلۡ مَكۡرُ ٱلَّيۡلِ وَٱلنَّهَارِ إِذۡ تَأۡمُرُونَنَآ أَن نَّكۡفُرَ بِٱللَّهِ وَنَجۡعَلَ لَهُۥٓ أَندَادٗاۚ وَأَسَرُّواْ ٱلنَّدَامَةَ لَمَّا رَأَوُاْ ٱلۡعَذَابَۚ وَجَعَلۡنَا ٱلۡأَغۡلَٰلَ فِيٓ أَعۡنَاقِ ٱلَّذِينَ كَفَرُواْۖ هَلۡ يُجۡزَوۡنَ إِلَّا مَا كَانُواْ يَعۡمَلُونَ ۝٣٣
തഫ്സീർആയത്ത് 33
പ്രമാണിമാർ അടിച്ചമർത്തിയവരായിരുന്ന അനുയായികൾ സത്യത്തിൽ നിന്ന് അഹങ്കാരം നടിച്ചവരായ തങ്ങളുടെ നേതാക്കന്മാരോട് പറയും: എന്നാൽ സത്യത്തിൽ നിന്ന് ഞങ്ങളെ തടഞ്ഞത് രാത്രിയും പകലുമായി നിങ്ങൾ നടത്തിയ കുതന്ത്രമാണ്. അല്ലാഹുവിൽ അവിശ്വസിക്കാനും, അവന് പുറമെ സൃഷ്ടികളെ ആരാധിക്കാനും നിങ്ങൾ ഞങ്ങളോട് കൽപ്പിച്ചിരുന്നല്ലോ?! ശിക്ഷ നേരിൽ വീക്ഷിച്ചു കഴിഞ്ഞാൽ ഇഹലോകത്ത് തങ്ങൾ (അല്ലാഹുവിനെ) നിഷേധിച്ചിരുന്നതിൻ്റെ ഖേദം അവർ മനസ്സിൽ ഒളിപ്പിക്കും. തങ്ങൾ ശിക്ഷിക്കപ്പെടുന്നവരാണെന്ന് അവർക്ക് ബോധ്യപ്പെടുകയും ചെയ്യും. (അല്ലാഹുവിനെ) നിഷേധിച്ചവരുടെ കഴുത്തുകളിൽ നാം ചങ്ങലകൾ വെക്കുകയും ചെയ്യും. അവർ ഇഹലോകത്തായിരിക്കെ അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിച്ചതിൻ്റെയും തിന്മകൾ പ്രവർത്തിച്ചതിൻ്റെയും ഫലമായിട്ടല്ലാതെ അവർക്ക് ഈ ശിക്ഷ നൽകപ്പെടുന്നില്ല.
Source : QUL
34

ഏതൊരു നാട്ടില്‍ നാം ഒരു താക്കീതുകാരനെ അയച്ചപ്പോഴും, നിങ്ങള്‍ എന്തൊന്നുമായി നിയോഗിക്കപ്പെട്ടിരിക്കുന്നുവോ അതില്‍ ഞങ്ങള്‍ അവിശ്വസിക്കുന്നവരാകുന്നു എന്ന് അവിടത്തെ സുഖലോലുപര്‍ പറയാതിരുന്നിട്ടില്ല.

وَمَآ أَرۡسَلۡنَا فِي قَرۡيَةٖ مِّن نَّذِيرٍ إِلَّا قَالَ مُتۡرَفُوهَآ إِنَّا بِمَآ أُرۡسِلۡتُم بِهِۦ كَٰفِرُونَ ۝٣٤
തഫ്സീർആയത്ത് 34
അല്ലാഹുവിൻ്റെ ശിക്ഷയെ കുറിച്ച് താക്കീത് നൽകുന്നവരായി ഏതൊരു ദൂതനെ അയച്ചപ്പോഴും, എല്ലാ നാട്ടിലുമുള്ള അധികാരവും സ്ഥാനവും സമ്പത്തുമുള്ള സുഖലോലുപന്മാർ 'ഹേ ദൂതന്മാരേ! നിങ്ങൾ ഏതൊന്നുമായാണോ നിയോഗിക്കപ്പെട്ടത്; അതിൽ ഞങ്ങൾ അവിശ്വസിച്ചിരിക്കുന്നു' എന്ന് പറയാതിരുന്നിട്ടില്ല.
Source : QUL
35

അവര്‍ പറഞ്ഞു: ഞങ്ങള്‍ കൂടുതല്‍ സ്വത്തുക്കളും സന്താനങ്ങളുമുള്ളവരാകുന്നു. ഞങ്ങള്‍ ശിക്ഷിക്കപ്പെടുന്നവരല്ല.

وَقَالُواْ نَحۡنُ أَكۡثَرُ أَمۡوَٰلٗا وَأَوۡلَٰدٗا وَمَا نَحۡنُ بِمُعَذَّبِينَ ۝٣٥
തഫ്സീർആയത്ത് 35
പ്രമാണിമാരായ ഇക്കൂട്ടർ അഹങ്കാരത്തോടെയും പൊങ്ങച്ചത്തോടെയും പറഞ്ഞു: ഞങ്ങൾ കൂടുതൽ സമ്പത്തും സന്താനങ്ങളുമെല്ലാം ഉള്ളവരാകുന്നു. ഞങ്ങൾ ശിക്ഷിക്കപ്പെടും എന്ന നിങ്ങളുടെ ജൽപ്പനം പച്ചക്കള്ളമാകുന്നു. ഞങ്ങൾ ഇഹലോകത്തോ പരലോകത്തോ ശിക്ഷിക്കപ്പെടുന്നവരേയല്ല.
Source : QUL
36

നീ പറയുക: തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമാക്കുകയും (താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌) അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു.(21) പക്ഷെ ജനങ്ങളില്‍ അധികപേരും അറിയുന്നില്ല.

قُلۡ إِنَّ رَبِّي يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ۝٣٦
തഫ്സീർആയത്ത് 36
അല്ലാഹുവിൻ്റെ റസൂലേ! തങ്ങൾക്ക് നൽകപ്പെട്ടിരിക്കുന്ന അനുഗ്രഹങ്ങളിൽ വഞ്ചിതരായിരിക്കുന്ന ഇക്കൂട്ടരോട് പറയുക: എൻ്റെ രക്ഷിതാവ് അവൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം വിശാലമാക്കി നൽകുന്നു; അവർ നന്ദി കാണിക്കുമോ നന്ദികേട് കാണിക്കുമോ എന്ന പരീക്ഷണമാണത്. ഉദ്ദേശിക്കുന്നവർക്ക് അവൻ ഉപജീവനം ഇടുക്കമുള്ളതാക്കുകയും ചെയ്യുന്നു; അവർ ക്ഷമിക്കുമോ അതല്ല കോപിഷ്ഠരാകുമോ എന്ന പരീക്ഷണമാണത്. എന്നാൽ ബഹുഭൂരിപക്ഷം ജനങ്ങളും അല്ലാഹു അങ്ങേയറ്റം യുക്തിയുള്ളവനാണ് എന്ന കാര്യം അറിയുന്നില്ല; അവൻ ഒരു കാര്യവും വളരെ മഹത്തരമായ ഒരു ലക്ഷ്യത്തോടെയല്ലാതെ നിശ്ചയിക്കില്ല. അത് മനസ്സിലായവർക്ക് മനസ്സിലായി; അറിയാതെ പോയവർ അറിയാതെ പോയി.
Source : QUL
37

നിങ്ങളുടെ സമ്പത്തുക്കളും നിങ്ങളുടെ സന്താനങ്ങളുമൊന്നും നമ്മുടെ അടുക്കല്‍ നിങ്ങള്‍ക്ക് സാമീപ്യമുണ്ടാക്കിത്തരുന്നവയല്ല. വിശ്വസിക്കുകയും നല്ലത് പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അത്തരക്കാര്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി ഇരട്ടി പ്രതിഫലമുണ്ട്‌. അവര്‍ ഉന്നത സൗധങ്ങളില്‍ നിര്‍ഭയരായി കഴിയുന്നതുമാണ്‌.

وَمَآ أَمۡوَٰلُكُمۡ وَلَآ أَوۡلَٰدُكُم بِٱلَّتِي تُقَرِّبُكُمۡ عِندَنَا زُلۡفَىٰٓ إِلَّا مَنۡ ءَامَنَ وَعَمِلَ صَٰلِحٗا فَأُوْلَٰٓئِكَ لَهُمۡ جَزَآءُ ٱلضِّعۡفِ بِمَا عَمِلُواْ وَهُمۡ فِي ٱلۡغُرُفَٰتِ ءَامِنُونَ ۝٣٧
തഫ്സീർആയത്ത് 37
നിങ്ങൾ പൊങ്ങച്ചം കാണിക്കുന്ന നിങ്ങളുടെ ഈ സമ്പാദ്യങ്ങളോ സന്താനങ്ങളോ ഒന്നും അല്ലാഹുവിൻ്റെ തൃപ്തിയിലേക്ക് നിങ്ങളെ നയിക്കുകയില്ല. എന്നാൽ അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തവർ; അവർ ഇരട്ടിയിരട്ടിയാക്കപ്പെടുന്ന പ്രതിഫലം നേടിയെടുത്തിരിക്കുന്നു. സമ്പാദ്യങ്ങൾ അല്ലാഹുവിൻ്റെ മാർഗത്തിൽ ചെലവഴിച്ചാൽ അല്ലാഹുവിലേക്ക് അടുപ്പിക്കും. സന്താനങ്ങൾ അവനു വേണ്ടി പ്രാർത്ഥിച്ചാലും അപ്രകാരം തന്നെ. അപ്പോൾ (അല്ലാഹുവിൽ) വിശ്വസിച്ച, സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നവർ; അവർക്ക് അവർ ചെയ്ത നന്മകൾ കാരണം, ഇരട്ടിയിരട്ടിയായി നൽകപ്പെടുന്ന പ്രതിഫലമുണ്ട്. അവർ ശിക്ഷയോ മരണമോ സുഖാനുഭൂതികൾ നിന്നുപോകുന്നതോ ഒന്നും ഭയക്കാതെ -നിർഭയരായി- സ്വർഗത്തിലെ ഉന്നതസൗധങ്ങളിൽ വസിക്കുന്നതാണ്.
Source : QUL
38

(നമ്മെ) തോല്‍പിക്കുവാനായി നമ്മുടെ ദൃഷ്ടാന്തങ്ങളെ എതിര്‍ക്കുവാന്‍ ശ്രമിക്കുന്നവരാരോ അവര്‍ ശിക്ഷയില്‍ ഹാജരാക്കപ്പെടുന്നവരാകുന്നു.

وَٱلَّذِينَ يَسۡعَوۡنَ فِيٓ ءَايَٰتِنَا مُعَٰجِزِينَ أُوْلَٰٓئِكَ فِي ٱلۡعَذَابِ مُحۡضَرُونَ ۝٣٨
തഫ്സീർആയത്ത് 38
നമ്മുടെ ദൃഷ്ടാന്തങ്ങളിൽ നിന്ന് ജനങ്ങളെ വഴിതിരിച്ചു വിടാൻ വേണ്ടി പരമാവധി ശ്രമം ചെലവഴിക്കുകയും, തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന (അല്ലാഹുവിനെ) നിഷേധിച്ചവർ; അവർ ഇഹലോകത്ത് നഷ്ടക്കാരും പരലോകത്ത് ശിക്ഷിക്കപ്പെടുന്നവരുമായിരിക്കും.
Source : QUL
39

നീ പറയുക: തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമാക്കുകയും, താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇടുങ്ങിയതാക്കുകയും ചെയ്യുന്നതാണ്‌. നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അവന്‍ അതിന് പകരം നല്‍കുന്നതാണ്‌. അവന്‍ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനത്രെ.

قُلۡ إِنَّ رَبِّي يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ مِنۡ عِبَادِهِۦ وَيَقۡدِرُ لَهُۥۚ وَمَآ أَنفَقۡتُم مِّن شَيۡءٖ فَهُوَ يُخۡلِفُهُۥۖ وَهُوَ خَيۡرُ ٱلرَّٰزِقِينَ ۝٣٩
തഫ്സീർആയത്ത് 39
അല്ലാഹുവിൻ്റെ റസൂലേ! പറയുക: തീർച്ചയായും എൻ്റെ രക്ഷിതാവ് അവൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം വിശാലമാക്കുകയും, ഉദ്ദേശിക്കുന്നവർക്ക് അത് ഇടുക്കമുള്ളതാക്കുകയും ചെയ്യുന്നു. അല്ലാഹുവിൻ്റെ മാർഗത്തിൽ നിങ്ങൾ എന്തൊന്ന് ചെലവഴിച്ചാലും അല്ലാഹു ഇഹലോകത്ത് അതിനെക്കാൾ നല്ലത് നിങ്ങൾക്ക് പകരം നൽകുകയും, പരലോകത്ത് വിശാലമായ പ്രതിഫലം നൽകുകയും ചെയ്യുന്നതാണ്. അല്ലാഹു; അവനാകുന്നു ഏറ്റവും നന്നായി ഉപജീവനം നൽകുന്നവൻ. അതിനാൽ ആരെങ്കിലും ഉപജീവനം അന്വേഷിക്കുന്നെങ്കിൽ അല്ലാഹുവിലേക്ക് തേടിച്ചെല്ലട്ടെ!
Source : QUL
40

അവരെ മുഴുവന്‍ അവന്‍ ഒരുമിച്ചു കൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) എന്നിട്ട് അവന്‍ മലക്കുകളോട് ചോദിക്കും: നിങ്ങളെയാണോ ഇക്കൂട്ടര്‍ ആരാധിച്ചിരുന്നത്?

وَيَوۡمَ يَحۡشُرُهُمۡ جَمِيعٗا ثُمَّ يَقُولُ لِلۡمَلَٰٓئِكَةِ أَهَٰٓؤُلَآءِ إِيَّاكُمۡ كَانُواْ يَعۡبُدُونَ ۝٤٠
തഫ്സീർആയത്ത് 40
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു അവരെയെല്ലാം ഒരുമിച്ചു കൂട്ടുന്ന ദിവസത്തെ കുറിച്ച് സ്മരിക്കുക. ശേഷം, അല്ലാഹു ബഹുദൈവാരാധകരെ ഭയപ്പെടുത്തിക്കൊണ്ടും, ആക്ഷേപിച്ചുകൊണ്ടും മലക്കുകളോടായി പറയും: എനിക്ക് പുറമെ ഇഹലോകത്ത് വെച്ച് നിങ്ങളെ ആരാധിച്ചത് ഇക്കൂട്ടരാണോ?!
Source : QUL
41

അവര്‍ പറയും: നീ എത്ര പരിശുദ്ധന്‍! നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അവരല്ല. എന്നാല്‍ അവര്‍ ജിന്നുകളെയായിരുന്നു ആരാധിച്ചിരുന്നത്.(22) അവരില്‍ അധികപേരും അവരില്‍ (ജിന്നുകളില്‍) വിശ്വസിക്കുന്നവരത്രെ.

قَالُواْ سُبۡحَٰنَكَ أَنتَ وَلِيُّنَا مِن دُونِهِمۖ بَلۡ كَانُواْ يَعۡبُدُونَ ٱلۡجِنَّۖ أَكۡثَرُهُم بِهِم مُّؤۡمِنُونَ ۝٤١
തഫ്സീർആയത്ത് 41
മലക്കുകൾ പറയും: (അല്ലാഹുവേ!) നീ പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു. അവരല്ല; നീ മാത്രമാണ് ഞങ്ങളുടെ രക്ഷാധികാരി (വലിയ്യ്). ഞങ്ങൾക്കും ഇവർക്കുമിടയിൽ യാതൊരു നിലക്കുള്ള അടുപ്പവുമില്ല. എന്നാൽ ഈ ബഹുദൈവാരാധകർ ആരാധിച്ചിരുന്നത് പിശാചുക്കളെയായിരുന്നു. അവർ മലക്കുകളെന്ന് തോന്നിക്കുന്ന രൂപത്തിൽ അവർക്ക് മുൻപിൽ പ്രത്യക്ഷപ്പെടുകയും, ഇവർ അവരെ ആരാധിക്കുകയുമാണുണ്ടായത്. അവരിൽ ബഹുഭൂരിപക്ഷവും പിശാചുക്കളിൽ വിശ്വസിക്കുന്നവരത്രെ.
Source : QUL
42

ആകയാല്‍ അന്ന് നിങ്ങള്‍ക്ക് അന്യോന്യം ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിവുണ്ടായിരിക്കുന്നതല്ല. അക്രമം ചെയ്തവരോട് നിങ്ങള്‍ നിഷേധിച്ചു തള്ളിക്കൊണ്ടിരുന്ന ആ നരക ശിക്ഷ നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക എന്ന് നാം പറയുകയും ചെയ്യും.

فَٱلۡيَوۡمَ لَا يَمۡلِكُ بَعۡضُكُمۡ لِبَعۡضٖ نَّفۡعٗا وَلَا ضَرّٗا وَنَقُولُ لِلَّذِينَ ظَلَمُواْ ذُوقُواْ عَذَابَ ٱلنَّارِ ٱلَّتِي كُنتُم بِهَا تُكَذِّبُونَ ۝٤٢
തഫ്സീർആയത്ത് 42
(എല്ലാവരും) ഒരുമിച്ചു കൂട്ടപ്പെടുകയും, വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്ന ദിവസം അല്ലാഹുവിന് പുറമെ ആരാധിക്കപ്പെട്ടവർ തങ്ങളെ ആരാധിച്ചിരുന്നവർക്ക് എന്തെങ്കിലുമൊരു ഉപകാരമോ ഉപദ്രവമോ ഉടമപ്പെടുത്തുകയില്ല. (അല്ലാഹുവിനെ) നിഷേധിച്ചും തിന്മകൾ പ്രവർത്തിച്ചും സ്വദേഹങ്ങളോട് അതിക്രമം പ്രവർത്തിച്ചവരോട് നാം പറയും: നിങ്ങൾ ഇഹലോകത്തായിരിക്കെ നിഷേധിച്ചു കൊണ്ടിരുന്ന നരകശിക്ഷ ആസ്വദിച്ചു കൊള്ളുക!
Source : QUL
43

നമ്മുടെ ദൃഷ്ടാന്തങ്ങള്‍ സ്പഷ്ടമായ നിലയില്‍ അവര്‍ക്ക് ഓതി കേള്‍പിക്കപ്പെട്ടാല്‍ അവര്‍ (ജനങ്ങളോട്‌) പറയും: നിങ്ങളുടെ പിതാക്കന്‍മാര്‍ ആരാധിച്ചു വന്നിരുന്നതില്‍ നിന്ന് നിങ്ങളെ തടയുവാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ മാത്രമാണിത്‌. ഇത് കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളം മാത്രമാണ് എന്നും അവര്‍ പറയും. തങ്ങള്‍ക്ക് സത്യം വന്നുകിട്ടിയപ്പോള്‍ അതിനെപ്പറ്റി അവിശ്വാസികള്‍ പറഞ്ഞു: ഇത് സ്പഷ്ടമായ ജാലവിദ്യ മാത്രമാകുന്നു.

وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُنَا بَيِّنَٰتٖ قَالُواْ مَا هَٰذَآ إِلَّا رَجُلٞ يُرِيدُ أَن يَصُدَّكُمۡ عَمَّا كَانَ يَعۡبُدُ ءَابَآؤُكُمۡ وَقَالُواْ مَا هَٰذَآ إِلَّآ إِفۡكٞ مُّفۡتَرٗىۚ وَقَالَ ٱلَّذِينَ كَفَرُواْ لِلۡحَقِّ لَمَّا جَآءَهُمۡ إِنۡ هَٰذَآ إِلَّا سِحۡرٞ مُّبِينٞ ۝٤٣
തഫ്സീർആയത്ത് 43
ഈ നിഷേധികളായ ബഹുദൈവാരാധകർക്ക് മുൻപിൽ നമ്മുടെ ദൂതൻ്റെ മേൽ അവതരിക്കപ്പെട്ട ആയത്തുകൾ -ഒരു അവ്യക്തതയുമില്ലാത്ത നിലയിൽ- സ്പഷ്ടമായി പാരായണം ചെയ്തു കേൾപ്പിക്കപ്പെട്ടാൽ അവർ പറയും: ഇത് കൊണ്ടു വന്ന മനുഷ്യൻ നിങ്ങളുടെ പിതാക്കൾ നിലകൊണ്ടിരുന്ന മാർഗത്തിൽ നിന്ന് നിങ്ങളെ വഴിതെറ്റിക്കാൻ ഉദ്ദേശിക്കുന്ന ഒരാൾ മാത്രമാകുന്നു. അവർ പറയും: ഈ ഖുർആൻ അല്ലാഹുവിൻ്റെ മേൽ ഇവൻ കെട്ടിച്ചമച്ച കളവു മാത്രമാകുന്നു. അല്ലാഹുവിനെ നിഷേധിച്ചവർ അല്ലാഹുവിൽ നിന്ന് അവർക്കെത്തിയ ഖുർആനിനെ കുറിച്ച് പറഞ്ഞു: ഇത് വ്യക്തമായ ഒരു മാരണമല്ലാതെ മറ്റൊന്നുമല്ല. കാരണം, ഭർത്താവിനും ഭാര്യക്കുമിടയിലും, പിതാവിനും മകനുമിടയിലും ഇത് വേർതിരിവുണ്ടാക്കുന്നു.
Source : QUL
44

അവര്‍ക്ക് പഠിക്കാനുള്ള വേദഗ്രന്ഥങ്ങളൊന്നും നാം അവര്‍ക്ക് നല്‍കിയിരുന്നില്ല. നിനക്ക് മുമ്പ് അവരിലേക്ക് ഒരു താക്കീതുകാരനെയും നാം നിയോഗിച്ചിരുന്നുമില്ല.(23)

وَمَآ ءَاتَيۡنَٰهُم مِّن كُتُبٖ يَدۡرُسُونَهَاۖ وَمَآ أَرۡسَلۡنَآ إِلَيۡهِمۡ قَبۡلَكَ مِن نَّذِيرٖ ۝٤٤
തഫ്സീർആയത്ത് 44
മുഹമ്മദ് കെട്ടിച്ചമച്ചുണ്ടാക്കിയതാണ് ഈ ഖുർആൻ എന്ന് പറയാൻ മാത്രം ഇതിന് മുൻപ് മറ്റു വല്ല ഗ്രന്ഥങ്ങളും അവർക്ക് വായിക്കാനായി നാം നൽകിയിട്ടില്ല. അല്ലാഹുവിൻ്റെ റസൂലേ! അങ്ങയെ നിയോഗിക്കുന്നതിന് മുൻപ് അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് താക്കീത് ചെയ്യുന്ന മറ്റൊരു ദൂതനെയും അവരിലേക്ക് നാം നിയോഗിച്ചിട്ടുമില്ല.
Source : QUL
45

ഇവര്‍ക്ക് മുമ്പുള്ളവരും നിഷേധിച്ചു തള്ളിയിട്ടുണ്ട്‌. അവര്‍ക്ക് നാം കൊടുത്തിരുന്നതിന്‍റെ പത്തിലൊന്നുപോലും ഇവര്‍ നേടിയിട്ടില്ല.(24) അങ്ങനെ നമ്മുടെ ദൂതന്‍മാരെ അവര്‍ നിഷേധിച്ചു തള്ളി. അപ്പോള്‍ എന്‍റെ രോഷം എങ്ങനെയുള്ളതായിരുന്നു!

وَكَذَّبَ ٱلَّذِينَ مِن قَبۡلِهِمۡ وَمَا بَلَغُواْ مِعۡشَارَ مَآ ءَاتَيۡنَٰهُمۡ فَكَذَّبُواْ رُسُلِيۖ فَكَيۡفَ كَانَ نَكِيرِ ۝٤٥
തഫ്സീർആയത്ത് 45
മുൻകാല സമുദായങ്ങൾ നിഷേധിച്ചു തള്ളിയിട്ടുണ്ട്. ആദിനെയും ഥമൂദിനെയും ലൂത്വിൻ്റെ ജനതയെയും പോലുള്ളവർ. താങ്കളുടെ ജനതയിൽ പെട്ട ഈ ബഹുദൈവാരാധകരാകട്ടെ; അവർ എത്തിയ ശക്തിയുടെയും പ്രതാപത്തിൻ്റെയും സമ്പത്തിൻ്റെയും ജനസംഖ്യയുടെയും പത്തിലൊന്നു പോലും എത്തിയിട്ടില്ല. അവരോരോരുത്തരും തങ്ങളുടെ ദൂതന്മാരെ നിഷേധിച്ചു. അപ്പോൾ അവർക്ക് നൽകപ്പെട്ട സമ്പത്തോ ശക്തിയോ എണ്ണമോ ഒന്നും അവരെ സഹായിച്ചില്ല. അങ്ങനെ, എൻ്റെ ശിക്ഷ അവരുടെ മേൽ വന്നുഭവിച്ചു. അപ്പോൾ അല്ലാഹുവിൻ്റെ റസൂലേ! നോക്കുക; എങ്ങനെയുണ്ടായിരുന്നു അവരോടുള്ള എൻ്റെ എതിർപ്പ്?! എങ്ങനെയുണ്ടായിരുന്നു അവർക്കുള്ള എൻ്റെ ശിക്ഷ?!
Source : QUL
46

നീ പറയുക: ഞാന്‍ നിങ്ങളോട് ഒരു കാര്യം മാത്രമേ ഉപദേശിക്കുന്നുള്ളൂ. അല്ലാഹുവിന് വേണ്ടി നിങ്ങള്‍ ഈരണ്ടു പേരായോ ഒറ്റയായോ നില്‍ക്കുകയും എന്നിട്ട് നിങ്ങള്‍ ചിന്തിക്കുകയും ചെയ്യണമെന്ന്.(25) നിങ്ങളുടെ കൂട്ടുകാരന്ന് (മുഹമ്മദ് നബി (ﷺ)ക്ക്‌) യാതൊരു ഭ്രാന്തുമില്ല. ഭയങ്കരമായ ശിക്ഷയുടെ മുമ്പില്‍ നിങ്ങള്‍ക്കു താക്കീത് നല്‍കുന്ന ആള്‍ മാത്രമാകുന്നു അദ്ദേഹം.

۞ قُلۡ إِنَّمَآ أَعِظُكُم بِوَٰحِدَةٍۖ أَن تَقُومُواْ لِلَّهِ مَثۡنَىٰ وَفُرَٰدَىٰ ثُمَّ تَتَفَكَّرُواْۚ مَا بِصَاحِبِكُم مِّن جِنَّةٍۚ إِنۡ هُوَ إِلَّا نَذِيرٞ لَّكُم بَيۡنَ يَدَيۡ عَذَابٖ شَدِيدٖ ۝٤٦
തഫ്സീർആയത്ത് 46
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: ഞാൻ നിങ്ങളോട് ഉപദേശിക്കുന്നതും മുന്നോട്ടു വെക്കുന്നതും ഒരേയൊരു കാര്യമാണ്. ദേഹേഛകളെല്ലാം മാറ്റിവെച്ചു കൊണ്ട് അല്ലാഹുവിനായി രണ്ടു പേരോ ഒറ്റക്കോ ആയി നിന്നതിന് ശേഷം നിങ്ങളുടെ കൂട്ടുകാരനായ മുഹമ്മദിൻ്റെ ചരിത്രത്തെ കുറിച്ച് നിങ്ങൾ ചിന്തിക്കുക! നിങ്ങൾ തന്നെ നേരിട്ടറിഞ്ഞിട്ടുള്ള അവിടുത്തെ ബുദ്ധിയും സത്യസന്ധതയും വിശ്വസ്തതയും ആലോചിക്കുക. അവിടുന്നൊരു ഭ്രാന്തുള്ളവനല്ലെന്ന് നിങ്ങൾക്ക് മനസ്സിലാകും. അല്ലാഹുവിൽ പങ്കു ചേർക്കുക എന്നതിൽ നിന്ന് അല്ലാഹുവിനോട് പശ്ചാത്തപിച്ചു മടങ്ങിയില്ലെങ്കിൽ (നിങ്ങളെ ബാധിക്കാനിരിക്കുന്ന) കഠിനമായ ഒരു ശിക്ഷയുടെ മുമ്പ് നിങ്ങൾക്ക് താക്കീത് നൽകുന്ന ഒരാൾ മാത്രമാകുന്നു അവിടുന്ന്.
Source : QUL
47

നീ പറയുക: നിങ്ങളോട് ഞാന്‍ വല്ല പ്രതിഫലവും ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് വേണ്ടി തന്നെയാകുന്നു.(26) എനിക്കുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ നിന്ന് മാത്രമാകുന്നു. അവന്‍ എല്ലാ കാര്യത്തിനും സാക്ഷിയാകുന്നു.

قُلۡ مَا سَأَلۡتُكُم مِّنۡ أَجۡرٖ فَهُوَ لَكُمۡۖ إِنۡ أَجۡرِيَ إِلَّا عَلَى ٱللَّهِۖ وَهُوَ عَلَىٰ كُلِّ شَيۡءٖ شَهِيدٞ ۝٤٧
തഫ്സീർആയത്ത് 47
അല്ലാഹുവിൻ്റെ റസൂലേ! നിഷേധികളായ ഈ ബഹുദൈവാരാധകരോട് പറയുക: നിങ്ങൾക്ക് ഞാൻ എത്തിച്ചു നൽകിയിരിക്കുന്ന ഈ സന്മാർഗത്തിനും നന്മക്കും വല്ല പ്രതിഫലവും ഞാൻ ചോദിച്ചിട്ടുണ്ടെന്ന് സങ്കൽപിക്കുക. എങ്കിൽ, അത് നിങ്ങൾക്ക് തന്നെയാണ്. എൻ്റെ പ്രതിഫലം അല്ലാഹുവിങ്കൽ മാത്രമാകുന്നു. അവൻ എല്ലാ കാര്യത്തിനും സാക്ഷിയാകുന്നു. ഞാൻ നിങ്ങൾക്ക് എത്തിച്ചു തന്നിട്ടുണ്ടെന്നതിനും, നിങ്ങൾ ചെയ്തു കൂട്ടുന്ന പ്രവർത്തനങ്ങൾക്കുമെല്ലാം അവൻ സാക്ഷിയായിട്ടുണ്ട്. അതിൻ്റെയെല്ലാം പ്രതിഫലം പരിപൂർണ്ണമായി അവൻ നിങ്ങൾക്ക് നൽകുന്നതുമാണ്.
Source : QUL
48

തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് സത്യത്തെ ഇട്ടുതരുന്നു. (അവന്‍) അദൃശ്യകാര്യങ്ങള്‍ നല്ലവണ്ണം അറിയുന്നവനാകുന്നു.

قُلۡ إِنَّ رَبِّي يَقۡذِفُ بِٱلۡحَقِّ عَلَّٰمُ ٱلۡغُيُوبِ ۝٤٨
തഫ്സീർആയത്ത് 48
അല്ലാഹുവിൻ്റെ റസൂലേ! പറയുക: എൻ്റെ രക്ഷിതാവ് സത്യത്തിന് അസത്യത്തിന് മുകളിൽ അധീശത്വം നൽകുകയും, അസത്യത്തെ തകർത്തു കളയുകയും ചെയ്യുന്നു. അവൻ അദൃശ്യകാര്യങ്ങളെല്ലാം നന്നായി അറിയുന്നവനാകുന്നു. ആകാശങ്ങളിലോ ഭൂമിയിലോ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല. തൻ്റെ അടിമകളുടെ പ്രവർത്തനങ്ങളും അവന് മറഞ്ഞു പോവുകയില്ല.
Source : QUL
49

നീ പറയുക: സത്യം വന്നു കഴിഞ്ഞു. അസത്യം (യാതൊന്നിനും) തുടക്കം കുറിക്കുകയില്ല. (യാതൊന്നും) പുനസ്ഥാപിക്കുകയുമില്ല.

قُلۡ جَآءَ ٱلۡحَقُّ وَمَا يُبۡدِئُ ٱلۡبَٰطِلُ وَمَا يُعِيدُ ۝٤٩
തഫ്സീർആയത്ത് 49
അല്ലാഹുവിൻ്റെ റസൂലേ! നിഷേധികളായ ഈ ബഹുദൈവാരാധകരോട് പറയുക: സത്യം -അതായത് ഇസ്ലാം- വന്നിരിക്കുന്നു. അസത്യം നീങ്ങിപ്പോയിരിക്കുന്നു. അതിൻ്റെ യാതൊരു അടയാളമോ ശക്തിയോ ഇനി ബാക്കി നിൽക്കുകയില്ല. ഇനിയൊരിക്കൽ കൂടി അത് നടപ്പിലാക്കപ്പെടുന്ന നിലയിൽ തിരിച്ചു വരികയുമില്ല.
Source : QUL
50

നീ പറയുക: ഞാന്‍ പിഴച്ചുപോയിട്ടുണ്ടെങ്കില്‍ ഞാന്‍ പിഴക്കുന്നതിന്‍റെ ദോഷം എനിക്കു തന്നെയാണ്‌. ഞാന്‍ നേര്‍മാര്‍ഗം പ്രാപിച്ചുവെങ്കിലോ അത് എനിക്ക് എന്‍റെ രക്ഷിതാവ് ബോധനം നല്‍കുന്നതിന്‍റെ ഫലമായിട്ടാണ്‌. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും സമീപസ്ഥനുമാകുന്നു.

قُلۡ إِن ضَلَلۡتُ فَإِنَّمَآ أَضِلُّ عَلَىٰ نَفۡسِيۖ وَإِنِ ٱهۡتَدَيۡتُ فَبِمَا يُوحِيٓ إِلَيَّ رَبِّيٓۚ إِنَّهُۥ سَمِيعٞ قَرِيبٞ ۝٥٠
തഫ്സീർആയത്ത് 50
അല്ലാഹുവിൻ്റെ റസൂലേ! നിഷേധികളായ ഈ ബഹുദൈവാരാധകരോട് പറയുക: നിങ്ങൾക്ക് ഞാൻ എത്തിച്ചു നൽകുന്ന ഈ സത്യത്തിൽ നിന്ന് ഞാൻ വഴിതെറ്റിപ്പോയാൽ എൻ്റെ വഴികേടിൻ്റെ ദോഷഫലം എൻ്റെ മേൽ മാത്രമായിരിക്കും. അതിൻ്റെ ഒരു ഫലവും നിങ്ങളെ ബാധിക്കുകയില്ല. ഇനി ഞാൻ സന്മാർഗം സ്വീകരിച്ചിട്ടുണ്ടെങ്കിൽ; അതാകട്ടെ എൻ്റെ രക്ഷിതാവ് എനിക്ക് നൽകിയ സന്ദേശം കാരണത്താലാണ്. തീർച്ചയായും അവൻ തൻ്റെ അടിമകളുടെ സംസാരങ്ങളെല്ലാം കേൾക്കുന്നവനും (സമീഅ്), സമീപസ്ഥനുമാണ് (ഖരീബ്); ഞാൻ പറയുന്നതൊന്നും അവന് കേൾക്കാൻ കഴിയാതെയാകില്ല.
Source : QUL
51

അവര്‍ (സത്യനിഷേധികള്‍) പരിഭ്രാന്തരായിപോയ സന്ദര്‍ഭം നീ കണ്ടിരുന്നെങ്കില്‍(27) എന്നാല്‍ അവര്‍ (പിടിയില്‍ നിന്ന്‌) ഒഴിവാകുകയില്ല. അടുത്ത സ്ഥലത്ത് നിന്ന് തന്നെ അവര്‍ പിടിക്കപ്പെടും.

وَلَوۡ تَرَىٰٓ إِذۡ فَزِعُواْ فَلَا فَوۡتَ وَأُخِذُواْ مِن مَّكَانٖ قَرِيبٖ ۝٥١
തഫ്സീർആയത്ത് 51
അല്ലാഹുവിൻ്റെ റസൂലേ! അന്ത്യനാളിൽ ശിക്ഷ നേരിൽ കാണുമ്പോൾ (അല്ലാഹുവിനെ) നിഷേധിച്ച ഇക്കൂട്ടർ പരിഭ്രാന്തരായിത്തീരുന്നത് നീ കണ്ടിരുന്നെങ്കിൽ തീർച്ചയായും അത്ഭുതകരമായ ഒരു കാര്യം തന്നെയായിരിക്കും ആ കാഴ്ച. അപ്പോൾ അവർക്ക് അതിൽ നിന്ന് ഒരു നിലക്കും ഓടിരക്ഷപ്പെടുക സാധ്യമല്ല. ഒരു അഭയസ്ഥാനവും അവർക്കുണ്ടാവുകയുമില്ല. ആദ്യത്തെ അവസരത്തിൽ തന്നെ പിടികൂടാൻ വളരെ എളുപ്പമുള്ള, സമീപസ്ഥമായ ഒരിടത്ത് നിന്ന് അവർ പിടികൂടപ്പെടുന്നതാണ്.
Source : QUL
52

ഇതില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്നവര്‍ പറയുകയും ചെയ്യും. വിദൂരമായ ഒരു സ്ഥലത്ത് നിന്ന് അവര്‍ക്ക് എങ്ങനെയാണ് (ആ വിശ്വാസം) നേടിയെടുക്കാന്‍ കഴിയുക.(28)

وَقَالُوٓاْ ءَامَنَّا بِهِۦ وَأَنَّىٰ لَهُمُ ٱلتَّنَاوُشُ مِن مَّكَانِۭ بَعِيدٖ ۝٥٢
തഫ്സീർആയത്ത് 52
തങ്ങൾക്ക് ചെന്നുചേരാനുള്ള സ്ഥലം കണ്ടുകഴിഞ്ഞാൽ അവർ പറയും: ഞങ്ങളിതാ പരലോകത്തിൽ വിശ്വസിച്ചിരിക്കുന്നു. പക്ഷെ, ഇനിയെങ്ങനെയാണ് അവർക്ക് ഈ വിശ്വാസം പ്രാവർത്തികമാക്കാനും നേടിയെടുക്കാനും സാധിക്കുക?!കാരണം ഇഹലോകത്ത് നിന്ന് പുറത്തു കടന്നതോടെ, വിശ്വാസം സ്വീകരിക്കപ്പെടുന്ന സ്ഥലത്തു നിന്ന് അവർ ഏറെ വിദൂരത്തായിക്കഴിഞ്ഞു. ഇഹലോകമാണ് പ്രവർത്തനത്തിനുള്ള സ്ഥലം. അത് പ്രതിഫലത്തിൻ്റെ സ്ഥലമല്ല. അവരിപ്പോൾ പ്രതിഫലത്തിൻ്റെ സ്ഥലത്ത് -പരലോകത്ത്- എത്തിയിരിക്കുന്നു; ഇത് പ്രവർത്തിക്കാനുള്ള കേന്ദ്രമല്ല.
Source : QUL
53

മുമ്പ് അവര്‍ അതില്‍ അവിശ്വസിച്ചതായിരുന്നു. വിദൂരസ്ഥലത്ത് നിന്ന് നേരിട്ടറിയാതെ അവര്‍ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.(29)

وَقَدۡ كَفَرُواْ بِهِۦ مِن قَبۡلُۖ وَيَقۡذِفُونَ بِٱلۡغَيۡبِ مِن مَّكَانِۭ بَعِيدٖ ۝٥٣
തഫ്സീർആയത്ത് 53
എങ്ങനെയാണ് അവരിൽ നിന്ന് (പരലോകത്തിലുള്ള) വിശ്വാസം ഉണ്ടാവുകയും, അത് സ്വീകരിക്കപ്പെടുകയും ചെയ്യുക?! ഇഹലോകത്തായിരിക്കെ അവരതിനെ നിഷേധിച്ചവരായിരുന്നു. സത്യത്തോട് വിദൂരമായി പോലും യോജിക്കാത്ത ഊഹങ്ങൾ കൊണ്ട് ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു അവർ. അല്ലാഹുവിൻ്റെ റസൂലി -ﷺ- നെ കുറിച്ച്, അവിടുന്ന് മാരണക്കാരനെന്നും, ജ്യോത്സ്യനെന്നും കവിയെന്നുമൊക്കെ അവർ പറഞ്ഞു കൊണ്ടിരുന്നത് പോലെ.
Source : QUL
54

അങ്ങനെ മുമ്പ് അവരുടെ പക്ഷക്കാരെക്കൊണ്ട് ചെയ്തതുപോലെത്തന്നെ അവര്‍ക്കും അവര്‍ ആഗ്രഹിക്കുന്ന കാര്യത്തിനുമിടയില്‍ തടസ്സം സൃഷ്ടിക്കപ്പെട്ടു.(30) തീര്‍ച്ചയായും അവര്‍ അവിശ്വാസജനകമായ സംശയത്തിലായിരുന്നു.

وَحِيلَ بَيۡنَهُمۡ وَبَيۡنَ مَا يَشۡتَهُونَ كَمَا فُعِلَ بِأَشۡيَاعِهِم مِّن قَبۡلُۚ إِنَّهُمۡ كَانُواْ فِي شَكّٖ مُّرِيبِۭ ۝٥٤
തഫ്സീർആയത്ത് 54
അങ്ങനെ ഐഹിക സുഖസൗകര്യങ്ങളിൽ നിന്നും, തങ്ങൾ ചെയ്തു പോയ നിഷേധത്തിൽ നിന്ന് പശ്ചാത്തപിച്ച് മടങ്ങുന്നതിൽ നിന്നും, നരകത്തിൽ നിന്ന് രക്ഷപ്പെടുന്നതിൽ നിന്നും, ഇഹലോകത്തേക്ക് മടങ്ങിപ്പോകുന്നതിൽ നിന്നും അവർ തടയപ്പെട്ടു. അവർക്ക് മുൻപ് നിഷേധിച്ചു തള്ളിയ, അവരോട് സമാനരായ മുൻസമുദായങ്ങളോടും ഇപ്രകാരം തന്നെയാണ് ചെയ്യപ്പെട്ടത്. തീർച്ചയായും അല്ലാഹുവിൻ്റെ ദൂതന്മാർ കൊണ്ടു വന്ന അല്ലാഹുവിനെ ഏകനാക്കുക എന്ന തൗഹീദിനോടും, പുനരുത്ഥാനത്തിലുള്ള വിശ്വാസത്തോടും കടുത്ത സംശയത്തിലായിരുന്നു അവർ. (അല്ലാഹുവിനെ) നിഷേധിക്കുന്നതിലേക്ക് എത്തിക്കുന്ന സംശയമായിരുന്നു അത്.
Source : QUL