Wednesday, 12 August 2026 Hijri: 03:55:41 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

അൽ ഇൻസാൻ الإنسان Al-Insan

Surah 76 മദനിയ്യ • مدنية • Madaniyah 31 ആയത്തുകൾ • 31 Ayahs

സൂറത്ത് അൽ ഇൻസാൻ (Al-Insan)യിലെ 31 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Insan.

1

മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്‍റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ?(1)

هَلۡ أَتَىٰ عَلَى ٱلۡإِنسَٰنِ حِينٞ مِّنَ ٱلدَّهۡرِ لَمۡ يَكُن شَيۡـٔٗا مَّذۡكُورًا ۝١
തഫ്സീർആയത്ത് 1
മനുഷ്യന് ഒരു അസ്തിത്വമേ ഇല്ലാതിരുന്ന വലിയൊരു കാലഘട്ടം കഴിഞ്ഞു പോയിട്ടുണ്ട്; പറയപ്പെടാവുന്ന ഒന്നുമായിരുന്നില്ല അവൻ.
Source : QUL
2

കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്‌. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു.

إِنَّا خَلَقۡنَا ٱلۡإِنسَٰنَ مِن نُّطۡفَةٍ أَمۡشَاجٖ نَّبۡتَلِيهِ فَجَعَلۡنَٰهُ سَمِيعَۢا بَصِيرًا ۝٢
തഫ്സീർആയത്ത് 2
തീർച്ചയായും മനുഷ്യനെ നാം പുരുഷൻ്റെയും സ്ത്രീയുടെയും ബീജസങ്കലനത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു; അവൻ്റെ മേൽ ബാധ്യതയാക്കപ്പെടുന്ന നിയമനിർദേശങ്ങൾ പാലിക്കുമോ എന്ന് പരിശോധിക്കുന്നതിനായി. അതിനായി അവനെ നാം കേൾവിയും കാഴ്ച്ചയുമുള്ളവനാക്കിയിരിക്കുന്നു.
Source : QUL
3

തീര്‍ച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു.

إِنَّا هَدَيۡنَٰهُ ٱلسَّبِيلَ إِمَّا شَاكِرٗا وَإِمَّا كَفُورًا ۝٣
തഫ്സീർആയത്ത് 3
നമ്മുടെ നബിമാരുടെ നാവിലൂടെ അവന് നാം സന്മാർഗത്തിൻ്റെ വഴി വ്യക്തമാക്കി കൊടുത്തിട്ടുണ്ട്. അതിനാൽ തന്നെ വഴികേടിൻ്റെ മാർഗമേതാണെന്ന് അവന് മനസ്സിലായിട്ടുമുണ്ട്. അതിന് ശേഷം ഒന്നുകിൽ അവന് നേരായ പാതയിലേക്കുള്ള സന്മാർഗം സ്വീകരിക്കാം. അങ്ങനെ അവന് അല്ലാഹുവിൻ്റെ വിശ്വാസിയും നന്ദിയുള്ളവനുമായ അടിമായാകാം. അല്ലെങ്കിൽ അവന് വഴികേട് സ്വീകരിക്കാം; അങ്ങനെ അവന് അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നവനുമാകാം.
Source : QUL
4

തീര്‍ച്ചയായും സത്യനിഷേധികള്‍ക്ക് നാം ചങ്ങലകളും വിലങ്ങുകളും കത്തിജ്വലിക്കുന്ന നരകാഗ്നിയും ഒരുക്കി വെച്ചിരിക്കുന്നു.

إِنَّآ أَعۡتَدۡنَا لِلۡكَٰفِرِينَ سَلَٰسِلَاْ وَأَغۡلَٰلٗا وَسَعِيرًا ۝٤
തഫ്സീർആയത്ത് 4
അല്ലാഹുവിനെയും റസൂലിനെയും നിഷേധിച്ചവർക്ക് അവരെ നരകത്തിലേക്ക് കെട്ടിവലിക്കാനുള്ള ചങ്ങലകളും, പിരടിയിൽ കെട്ടി വലിക്കുന്ന വിലങ്ങുകളും കത്തിജ്വലിക്കുന്ന നരകവും നാം ഒരുക്കി വെച്ചിരിക്കുന്നു.
Source : QUL
5

തീര്‍ച്ചയായും പുണ്യവാന്‍മാര്‍ (സ്വര്‍ഗത്തില്‍) ഒരു പാനപാത്രത്തില്‍ നിന്ന് കുടിക്കുന്നതാണ്‌. അതിന്‍റെ ചേരുവ കര്‍പ്പൂരമായിരിക്കും.

إِنَّ ٱلۡأَبۡرَارَ يَشۡرَبُونَ مِن كَأۡسٖ كَانَ مِزَاجُهَا كَافُورًا ۝٥
തഫ്സീർആയത്ത് 5
തീർച്ചയായും അല്ലാഹുവിനെ അനുസരിക്കുന്ന വിശ്വാസികൾ പരലോകത്ത് സുഗന്ധം നിറഞ്ഞ കർപ്പൂരം മിശ്രിതമായി ചേർത്ത മദ്യം നിറച്ച കോപ്പകളിൽ നിന്ന് കുടിക്കുന്നതായിരിക്കും.
Source : QUL
6

അല്ലാഹുവിന്‍റെ ദാസന്‍മാര്‍ കുടിക്കുന്ന ഒരു ഉറവു വെള്ളമത്രെ അത്‌. അവരത് പൊട്ടിച്ചൊഴുക്കിക്കൊണ്ടിരിക്കും.

عَيۡنٗا يَشۡرَبُ بِهَا عِبَادُ ٱللَّهِ يُفَجِّرُونَهَا تَفۡجِيرٗا ۝٦
തഫ്സീർആയത്ത് 6
അല്ലാഹുവിനെ അനുസരിച്ചവർക്കായി ഒരുക്കപ്പെട്ട ഈ പാനീയം എളുപ്പത്തിൽ കോരിയെടുക്കാവുന്ന ഒരു ഉറവയിൽ നിന്നാണ് പുറപ്പെടുന്നത്. അതൊരിക്കലും വറ്റിപ്പോവുകയില്ല. അല്ലാഹുവിൻ്റെ ദാസന്മാർ അതിൽ നിന്ന് കുടിക്കും. അവർ ഉദ്ദേശിക്കുന്നേടത്തേക്ക് അതിനെ അവർ ഒഴുക്കും.
Source : QUL
7

നേര്‍ച്ച അവര്‍ നിറവേറ്റുകയും ആപത്തു പടര്‍ന്ന് പിടിക്കുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെടുകയും ചെയ്യും.(2)

يُوفُونَ بِٱلنَّذۡرِ وَيَخَافُونَ يَوۡمٗا كَانَ شَرُّهُۥ مُسۡتَطِيرٗا ۝٧
തഫ്സീർആയത്ത് 7
ഈ പറഞ്ഞ അല്ലാഹുവിൻ്റെ ഇഷ്ടദാസന്മാർ; സ്വന്തത്തിന് മേൽ നേർച്ച കൊണ്ട് നിർബന്ധമാക്കിയ കാര്യങ്ങൾ പൂർത്തീകരിക്കുന്നവരാണ് അവർ. ആപത്തു പടർന്നു പിടിക്കുന്ന അന്ത്യനാളിനെ അവർ ഭയപ്പെടുകയും ചെയ്യുന്നു.
Source : QUL
8

ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നല്‍കുകയും ചെയ്യും.

وَيُطۡعِمُونَ ٱلطَّعَامَ عَلَىٰ حُبِّهِۦ مِسۡكِينٗا وَيَتِيمٗا وَأَسِيرًا ۝٨
തഫ്സീർആയത്ത് 8
ഭക്ഷണം ആവശ്യവും ഇഷ്ടവുമുള്ളതോടൊപ്പം തന്നെ അവർ ദരിദ്രർക്കും അനാഥകൾക്കും തടവുകാർക്കും മറ്റ് ആവശ്യക്കാർക്കും ഭക്ഷണം നൽകുന്നവരുമാണ്.
Source : QUL
9

(അവര്‍ പറയും:) അല്ലാഹുവിന്‍റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്‌. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.

إِنَّمَا نُطۡعِمُكُمۡ لِوَجۡهِ ٱللَّهِ لَا نُرِيدُ مِنكُمۡ جَزَآءٗ وَلَا شُكُورًا ۝٩
തഫ്സീർആയത്ത് 9
തങ്ങൾ ഇങ്ങനെ മറ്റുള്ളവർക്ക് ഭക്ഷണം നൽകുന്നത് അല്ലാഹുവിൻ്റെ പ്രീതി പ്രതീക്ഷിച്ചു കൊണ്ട് മാത്രമാണെന്ന് അവർ സ്വയം മനസ്സിൽ പറയും. മറ്റാരിൽ നിന്നും ഒരു പ്രതിഫലമോ പ്രശംസയോ അവർ ആഗ്രഹിക്കുന്നില്ല.
Source : QUL
10

മുഖം ചുളിച്ചു പോകുന്നതും, ദുസ്സഹവുമായ ഒരു ദിവസത്തെ ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് തീര്‍ച്ചയായും ഞങ്ങള്‍ ഭയപ്പെടുന്നു.

إِنَّا نَخَافُ مِن رَّبِّنَا يَوۡمًا عَبُوسٗا قَمۡطَرِيرٗا ۝١٠
തഫ്സീർആയത്ത് 10
ദൗർഭാഗ്യവാന്മാരുടെ മുഖങ്ങൾ ചുളിഞ്ഞു പോകുന്ന, കഠിനവും പ്രയാസകരവുമായ ഒരു ദിവസത്തെ ഞങ്ങളുടെ രക്ഷിതാവിൽ നിന്ന് ഞങ്ങൾ ഭയക്കുന്നു.
Source : QUL
11

അതിനാല്‍ ആ ദിവസത്തിന്‍റെ തിന്മയില്‍ നിന്ന് അല്ലാഹു അവരെ കാത്തുരക്ഷിക്കുകയും, പ്രസന്നതയും സന്തോഷവും അവര്‍ക്കു അവന്‍ നല്‍കുകയും ചെയ്യുന്നതാണ്‌.

فَوَقَىٰهُمُ ٱللَّهُ شَرَّ ذَٰلِكَ ٱلۡيَوۡمِ وَلَقَّىٰهُمۡ نَضۡرَةٗ وَسُرُورٗا ۝١١
തഫ്സീർആയത്ത് 11
അതിനാൽ അല്ലാഹു അവൻ്റെ ഔദാര്യത്താൽ ഭയാനകമായ ആ ദിവസത്തിൽ അവരെ രക്ഷിക്കുന്നതാണ്. അവരോടുള്ള ആദരവായി കൊണ്ട്, അവരുടെ മുഖങ്ങളിൽ പ്രസന്നതയും തിളക്കവും, ഹൃദയങ്ങളിൽ സന്തോഷവും അവൻ ഇട്ടു കൊടുക്കുന്നതാണ്.
Source : QUL
12

അവര്‍ ക്ഷമിച്ചതിനാല്‍ സ്വര്‍ഗത്തോപ്പും പട്ടു വസ്ത്രങ്ങളും അവര്‍ക്കവന്‍ പ്രതിഫലമായി നല്‍കുന്നതാണ്‌.

وَجَزَىٰهُم بِمَا صَبَرُواْ جَنَّةٗ وَحَرِيرٗا ۝١٢
തഫ്സീർആയത്ത് 12
നന്മകൾ ചെയ്യുന്നതിലും, തിന്മകളിൽ നിന്ന് വിട്ടു നിൽക്കുന്നതിലും, അല്ലാഹുവിൻ്റെ വിധികളിലും അവർ ക്ഷമയോടെ നിലകൊണ്ടു എന്നതിനാൽ അല്ലാഹു അവർക്ക് പ്രതിഫലമായി സ്വർഗം നൽകുന്നതാണ്. അതിൽ അവർ സുഖാനുഭവങ്ങൾ ആസ്വദിക്കുകയും, പട്ടുവസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുന്നതാണ്.
Source : QUL
13

അവരവിടെ സോഫകളില്‍ ചാരിയിരിക്കുന്നവരായിരിക്കും. വെയിലോ കൊടും തണുപ്പോ അവര്‍ അവിടെ കാണുകയില്ല.

مُّتَّكِـِٔينَ فِيهَا عَلَى ٱلۡأَرَآئِكِۖ لَا يَرَوۡنَ فِيهَا شَمۡسٗا وَلَا زَمۡهَرِيرٗا ۝١٣
തഫ്സീർആയത്ത് 13
അലങ്കൃതമായ കട്ടിലുകളിൽ അവർ ചാരിയിരിക്കുന്നതായിരിക്കും. അവരെ പ്രയാസപ്പെടുത്തുന്ന സൂര്യരഷ്മികൾ ആ സ്വർഗത്തിലില്ല. കടുത്ത തണുപ്പുമില്ല അവിടെ. ചൂടോ തണുപ്പോ ഇല്ലാത്ത, ഒരിക്കലും അവസാനിക്കാത്ത തണലുകൾക്ക് കീഴിലായിരിക്കും അവർ.
Source : QUL
14

അവിടെയുള്ള തണലുകള്‍ അവരുടെ മേല്‍ അടുത്തു നില്‍ക്കുന്നതായിരിക്കും. അതിലെ പഴങ്ങള്‍ പറിച്ചെടുക്കാന്‍ സൗകര്യമുള്ളതാക്കപ്പെടുകയും ചെയ്തിരിക്കുന്നു.

وَدَانِيَةً عَلَيۡهِمۡ ظِلَٰلُهَا وَذُلِّلَتۡ قُطُوفُهَا تَذۡلِيلٗا ۝١٤
തഫ്സീർആയത്ത് 14
സ്വർഗത്തിലെ തണലുകൾ അവർക്ക് അടുത്ത് തന്നെയുണ്ടായിരിക്കും. അതിലെ ഫലവർഗങ്ങൾ ഉദ്ദേശിക്കുന്നവർക്കായി കീഴ്പ്പെടുത്തപ്പെട്ടിരിക്കുന്നു. നിന്നും ഇരുന്നും കിടന്നുമെല്ലാം അതവർക്ക് എടുക്കാവുന്നതാണ്.
Source : QUL
15

വെള്ളിയുടെ പാത്രങ്ങളും (മിനുസം കൊണ്ട്‌) സ്ഫടികം പോലെയായിതീര്‍ന്നിട്ടുള്ള കോപ്പകളുമായി അവര്‍ക്കിടയില്‍ (പരിചാരകന്‍മാര്‍) ചുറ്റി നടക്കുന്നതാണ്‌.

وَيُطَافُ عَلَيۡهِم بِـَٔانِيَةٖ مِّن فِضَّةٖ وَأَكۡوَابٖ كَانَتۡ قَوَارِيرَا۠ ۝١٥
തഫ്സീർആയത്ത് 15
അവർ പാനീയം കുടിക്കാൻ ഉദ്ദേശിച്ചാൽ വെള്ളിയുടെ പാത്രങ്ങളുമേന്തി, ശുദ്ധമായ കോപ്പകളുമായി അവരുടെ വേലക്കാർ ചുറ്റുമുണ്ടായിരിക്കും.
Source : QUL
16

വെള്ളിക്കോപ്പകള്‍. അവര്‍ അവയ്ക്ക് (പാത്രങ്ങള്‍ക്ക്‌) ഒരു തോതനുസരിച്ച് അളവ് നിര്‍ണയിച്ചിരിക്കും.

قَوَارِيرَاْ مِن فِضَّةٖ قَدَّرُوهَا تَقۡدِيرٗا ۝١٦
തഫ്സീർആയത്ത് 16
അതിൻ്റെ ശുദ്ധി കാരണത്താൽ അവ കണ്ണാടി പോലിരിക്കും; എന്നാലത് വെള്ളിയാണ്. അവർക്ക് കുടിക്കാൻ വേണ്ടതെത്രയോ; അത്രയുമാണ് അതിൽ പാനീയമുണ്ടായിരിക്കുക. അതിൽ കുറവോ കൂടുതലോ ഉണ്ടാകില്ല.
Source : QUL
17

ഇഞ്ചിനീരിന്‍റെ ചേരുവയുള്ള ഒരു കോപ്പ അവര്‍ക്ക് അവിടെ കുടിക്കാന്‍ നല്‍കപ്പെടുന്നതാണ്‌.

وَيُسۡقَوۡنَ فِيهَا كَأۡسٗا كَانَ مِزَاجُهَا زَنجَبِيلًا ۝١٧
തഫ്സീർആയത്ത് 17
ഇഞ്ചിയുടെ ചേരുവ ചേർത്ത മദ്യം കോപ്പകളിൽ ആദരണീയരായ സ്വർഗവാസികൾ കുടിക്കുന്നതായിരിക്കും.
Source : QUL
18

അതായത് അവിടത്തെ (സ്വര്‍ഗത്തിലെ) സല്‍സബീല്‍ എന്നു പേരുള്ള ഒരു ഉറവിലെ വെള്ളം.

عَيۡنٗا فِيهَا تُسَمَّىٰ سَلۡسَبِيلٗا ۝١٨
തഫ്സീർആയത്ത് 18
സൽസബീൽ എന്ന് പേരുള്ള, സ്വർഗത്തിലെ ഒരു ഉറവയിൽ നിന്ന് അവർ കുടിക്കും.
Source : QUL
19

അനശ്വര ജീവിതം നല്‍കപ്പെട്ട ചില കുട്ടികള്‍ അവര്‍ക്കിടയിലൂടെ ചുറ്റി നടന്നുകൊണ്ടുമിരിക്കും. അവരെ നീ കണ്ടാല്‍ വിതറിയ മുത്തുകളാണ് അവരെന്ന് നീ വിചാരിക്കും.

۞ وَيَطُوفُ عَلَيۡهِمۡ وِلۡدَٰنٞ مُّخَلَّدُونَ إِذَا رَأَيۡتَهُمۡ حَسِبۡتَهُمۡ لُؤۡلُؤٗا مَّنثُورٗا ۝١٩
തഫ്സീർആയത്ത് 19
യൗവ്വനം വിട്ടു മാറിയിട്ടില്ലാത്ത കുട്ടികൾ അവർക്ക് ചുറ്റുമുണ്ടായിരിക്കും; അവരുടെ മുഖത്തിൻ്റെ പ്രകാശവും തിളങ്ങുന്ന നിറവും; അവിടെയുമിവിടയുമായി നടക്കുന്ന അവരെ കൂട്ടമായി കണ്ടാൽ വിതറിയ മുത്തുകളാണല്ലോ ഇതെന്ന് നീ വിചാരിക്കും.
Source : QUL
20

അവിടം നീ കണ്ടാല്‍ സുഖാനുഗ്രഹവും വലിയൊരു സാമ്രാജ്യവും നീ കാണുന്നതാണ്‌.

وَإِذَا رَأَيۡتَ ثَمَّ رَأَيۡتَ نَعِيمٗا وَمُلۡكٗا كَبِيرًا ۝٢٠
തഫ്സീർആയത്ത് 20
സ്വർഗം നീ കണ്ടു കഴിഞ്ഞാൽ; പറഞ്ഞു തീർക്കാൻ കഴിയാത്ത സുഖാനുഗ്രഹങ്ങളാണ് നീ കാണുക! സമാനതകളില്ലാത്ത വിശാലമായ അധികാരവും നീയവിടെ കാണും.
Source : QUL
21

അവരുടെ മേല്‍ പച്ച നിറമുള്ള നേര്‍ത്ത പട്ടുവസ്ത്രങ്ങളും കട്ടിയുള്ള പട്ടു വസ്ത്രവും ഉണ്ടായിരിക്കും. വെള്ളിയുടെ വളകളും അവര്‍ക്ക് അണിയിക്കപ്പെടുന്നതാണ്‌. അവര്‍ക്ക് അവരുടെ രക്ഷിതാവ് തികച്ചും ശുദ്ധമായ പാനീയം കുടിക്കാന്‍ കൊടുക്കുന്നതുമാണ്‌.(3)

عَٰلِيَهُمۡ ثِيَابُ سُندُسٍ خُضۡرٞ وَإِسۡتَبۡرَقٞۖ وَحُلُّوٓاْ أَسَاوِرَ مِن فِضَّةٖ وَسَقَىٰهُمۡ رَبُّهُمۡ شَرَابٗا طَهُورًا ۝٢١
തഫ്സീർആയത്ത് 21
അവരുടെ ശരീരത്തിൽ പ്രൗഢി നിറഞ്ഞ കട്ടിയുള്ളതും നേർത്തതുമായ പട്ടു വസ്ത്രങ്ങൾ ഉണ്ടായിരിക്കും. വെള്ളിയുടെ വളകൾ അവർക്ക് ധരിപ്പിക്കപ്പെടും. ഒരു കലർപ്പുമില്ലാത്ത, ശുദ്ധമായ പാനീയം അല്ലാഹു അവർക്ക് അവിടെ കുടിക്കാൻ നൽകുകയും ചെയ്യും.
Source : QUL
22

(അവരോട് പറയപ്പെടും:) തീര്‍ച്ചയായും അത് നിങ്ങള്‍ക്കുള്ള പ്രതിഫലമാകുന്നു. നിങ്ങളുടെ പരിശ്രമം നന്ദിപൂര്‍വ്വം സ്വീകരിക്കപ്പെട്ടിരിക്കയാകുന്നൂ.

إِنَّ هَٰذَا كَانَ لَكُمۡ جَزَآءٗ وَكَانَ سَعۡيُكُم مَّشۡكُورًا ۝٢٢
തഫ്സീർആയത്ത് 22
ആദരവായി അവരോട് പറയപ്പെടും: നിങ്ങൾക്ക് നൽകപ്പെട്ടിരിക്കുന്ന ഈ സുഖാനുഗ്രഹങ്ങളെല്ലാം നിങ്ങളുടെ സൽകർമ്മങ്ങളുടെ പ്രതിഫലമായി നൽകപ്പെട്ടതാണ്. നിങ്ങളുടെ പ്രവർത്തനങ്ങൾ അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെട്ടിരിക്കുന്നു.
Source : QUL
23

തീര്‍ച്ചയായും നാം നിനക്ക് ഈ ഖുര്‍ആനിനെ അല്‍പാല്‍പമായി അവതരിപ്പിച്ചു തന്നിരിക്കുന്നു.

إِنَّا نَحۡنُ نَزَّلۡنَا عَلَيۡكَ ٱلۡقُرۡءَانَ تَنزِيلٗا ۝٢٣
തഫ്സീർആയത്ത് 23
അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും നാം ഈ ഖുർആൻ ഘട്ടംഘട്ടമായി നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു; ഒറ്റത്തവണയായി അവതരിപ്പിച്ചിട്ടില്ല.
Source : QUL
24

ആകയാല്‍ നിന്‍റെ രക്ഷിതാവിന്‍റെ തീരുമാനത്തിന് നീ ക്ഷമയോടെ കാത്തിരിക്കുക. അവരുടെ കൂട്ടത്തില്‍ നിന്ന് യാതൊരു പാപിയെയും നന്ദികെട്ടവനെയും നീ അനുസരിച്ചു പോകരുത്‌.

فَٱصۡبِرۡ لِحُكۡمِ رَبِّكَ وَلَا تُطِعۡ مِنۡهُمۡ ءَاثِمًا أَوۡ كَفُورٗا ۝٢٤
തഫ്സീർആയത്ത് 24
അല്ലാഹുവിൻ്റെ പ്രാപഞ്ചികവും മതപരവുമായ തീരുമാനങ്ങളിൽ നീ ക്ഷമയോടെ നിലകൊള്ളുക. തിന്മയിലേക്ക് ക്ഷണിക്കുന്ന ഒരു പാപിയെയോ, നന്ദികേടിന് പ്രോത്സാഹിപ്പിക്കുന്ന നന്ദികെട്ട ഒരുത്തനെയോ നീ അനുസരിക്കരുത്.
Source : QUL
25

നിന്‍റെ രക്ഷിതാവിന്‍റെ നാമം കാലത്തും വൈകുന്നേരവും നീ സ്മരിക്കുകയും ചെയ്യുക.

وَٱذۡكُرِ ٱسۡمَ رَبِّكَ بُكۡرَةٗ وَأَصِيلٗا ۝٢٥
തഫ്സീർആയത്ത് 25
പകലിൻ്റെ ആദ്യത്തിൽ ഫജ്ർ നിസ്കാരത്തിലും, പകലിൻ്റെ അവസാനത്തിൽ ദുഹ്ർ അസ്വർ നിസ്കാരങ്ങളിലും നീ നിൻ്റെ രക്ഷിതാവായ അല്ലാഹുവിനെ സ്മരിക്കുക.
Source : QUL
26

രാത്രിയില്‍ നീ അവന് സുജൂദ് ചെയ്യുകയും ദീര്‍ഘമായ നിശാവേളയില്‍ അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുകയും ചെയ്യുക.

وَمِنَ ٱلَّيۡلِ فَٱسۡجُدۡ لَهُۥ وَسَبِّحۡهُ لَيۡلٗا طَوِيلًا ۝٢٦
തഫ്സീർആയത്ത് 26
രാത്രിയുള്ള രണ്ട് നിസ്കാരങ്ങളിൽ -മഗ്രിബ് ഇശാ നിസ്കാരങ്ങളിലും- നീ അല്ലാഹുവിനെ സ്മരിക്കുകയും, അതിന് ശേഷം നിശാ നിസ്കാരം (തഹജ്ജുദ്) നിർവ്വഹിക്കുകയും ചെയ്യുക.
Source : QUL
27

തീര്‍ച്ചയായും ഇക്കൂട്ടര്‍ ക്ഷണികമായ ഐഹികജീവിതത്തെ ഇഷ്ടപ്പെടുന്നു. ഭാരമേറിയ ഒരു ദിവസത്തിന്‍റെ കാര്യം അവര്‍ തങ്ങളുടെ പുറകില്‍ വിട്ടുകളയുകയും ചെയ്യുന്നു.

إِنَّ هَٰٓؤُلَآءِ يُحِبُّونَ ٱلۡعَاجِلَةَ وَيَذَرُونَ وَرَآءَهُمۡ يَوۡمٗا ثَقِيلٗا ۝٢٧
തഫ്സീർആയത്ത് 27
ഈ ബഹുദൈവാരാധകർ ഐഹികജീവിതത്തെ വല്ലാതെ ഇഷ്ടപ്പെടുകയും, അതിനായി കടുത്ത പരിശ്രമം നടത്തുകയും ചെയ്യുന്നു. എന്നാൽ അവർക്ക് പിന്നിൽ പരലോക ജീവിതത്തെ അവർ അവഗണിച്ചു തള്ളുകയും ചെയ്യുന്നു. അതാകട്ടെ; പ്രയാസങ്ങളും ദുരിതങ്ങളും നിറഞ്ഞ ഭാരമേറിയ ദിവസവുമാകുന്നു.
Source : QUL
28

നാമാണ് അവരെ സൃഷ്ടിക്കുകയും അവരുടെ ശരീരഘടന ബലപ്പെടുത്തുകയും ചെയ്തത്‌. നാം ഉദ്ദേശിക്കുന്ന പക്ഷം അവര്‍ക്ക് തുല്യരായിട്ടുള്ളവരെ നാം അവര്‍ക്കു പകരം കൊണ്ടു വരുന്നതുമാണ്‌.

نَّحۡنُ خَلَقۡنَٰهُمۡ وَشَدَدۡنَآ أَسۡرَهُمۡۖ وَإِذَا شِئۡنَا بَدَّلۡنَآ أَمۡثَٰلَهُمۡ تَبۡدِيلًا ۝٢٨
തഫ്സീർആയത്ത് 28
നാമാണ് അവരെ സൃഷ്ടിക്കുകയും അവരുടെ അവയവങ്ങളും പേശികളും ബലപ്പെടുത്തിയതിലൂടെ അവരെ ശക്തരാക്കുകയും ചെയ്തത്. നാം ഉദ്ദേശിച്ചാൽ അവരെ നശിപ്പിക്കാനും അവർക്ക് പകരം അവരെ പോലുള്ളവരെ കൊണ്ട് വരാനും നമുക്ക് കഴിയുന്നതാണ്.
Source : QUL
29

തീര്‍ച്ചയായും ഇത് ഒരു ഉല്‍ബോധനമാകുന്നു. ആകയാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ രക്ഷിതാവിങ്കലേക്കുള്ള മാര്‍ഗം സ്വീകരിച്ചു കൊള്ളട്ടെ.

إِنَّ هَٰذِهِۦ تَذۡكِرَةٞۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ سَبِيلٗا ۝٢٩
തഫ്സീർആയത്ത് 29
ഖുർആനിലെ ഈ സൂറത്ത് (അദ്ധ്യായം) ഒരു ഉപദേശവും ഓർമ്മപ്പെടുത്തലുമാണ്. ആരെങ്കിലും അല്ലാഹുവിൻ്റെ തൃപ്തിയിലേക്ക് എത്തിക്കുന്ന വഴി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അവൻ അത് സ്വീകരിക്കട്ടെ.
Source : QUL
30

അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷമല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.(4) തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.

وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُۚ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمٗا ۝٣٠
തഫ്സീർആയത്ത് 30
അല്ലാഹുവിൻ്റെ തൃപ്തി നേടാനുള്ള വഴിയിൽ പ്രവേശിക്കാൻ നിങ്ങൾ ഉദ്ദേശിക്കുകയില്ല, അല്ലാഹു നിങ്ങളിൽ നിന്ന് അത് ഉദ്ദേശിച്ചാലല്ലാതെ. എല്ലാ കാര്യങ്ങളും അവനിലേക്കാകുന്നു. അല്ലാഹു അവൻ്റെ അടിമകൾക്ക് യോജ്യമായത് ഏതാണെന്ന് ഏറ്റവും നന്നായി അറിയുന്ന 'അലീമും', തൻ്റെ സൃഷ്ടിപ്പിലും നടപ്പിലാക്കുന്ന വിധിയിലും അവതരിപ്പിച്ച മതത്തിലും പരിപൂർണ്ണമായ ലക്ഷ്യമുള്ള 'ഹകീമു'മാകുന്നു.
Source : QUL
31

അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍റെ കാരുണ്യത്തില്‍ അവന്‍ പ്രവേശിപ്പിക്കുന്നതാണ്‌. അക്രമകാരികള്‍ക്കാവട്ടെ അവന്‍ വേദനയേറിയ ശിക്ഷ ഒരുക്കി വെച്ചിരിക്കുന്നു.

يُدۡخِلُ مَن يَشَآءُ فِي رَحۡمَتِهِۦۚ وَٱلظَّٰلِمِينَ أَعَدَّ لَهُمۡ عَذَابًا أَلِيمَۢا ۝٣١
തഫ്സീർആയത്ത് 31
അവൻ ഉദ്ദേശിക്കുന്ന അവൻ്റെ അടിമകളെ തൻ്റെ കാരുണ്യത്തിൽ അവൻ പ്രവേശിപ്പിക്കുന്നു. അവർക്ക് (ഇസ്ലാം) സ്വീകരിക്കാനും സൽകർമ്മങ്ങൾ പ്രവർത്തിക്കാനും അവൻ എളുപ്പം ചെയ്തു കൊടുക്കും. എന്നാൽ (ഇസ്ലാമിനെ) നിഷേധിച്ചും തിന്മകൾ പ്രവർത്തിച്ചും സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചവർക്ക് പരലോകത്ത് വേദനയേറിയ നരക ശിക്ഷയുണ്ട്.
Source : QUL