സൂറത്ത് അത്തഹ്രീം (At-Tahrim)യിലെ 12 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah At-Tahrim.
1
ഓ; നബീ, നീയെന്തിനാണ് നിന്‍റെ ഭാര്യമാരുടെ പ്രീതിതേടിക്കൊണ്ട്, അല്ലാഹു അനുവദിച്ചു തന്നത് നിഷിദ്ധമാക്കുന്നത്?(1) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു അങ്ങേക്ക് അനുവദിച്ചു തന്ന ഒരു കാര്യം -അടിമസ്ത്രീയായ മാരിയയുമായി ബന്ധം വെക്കുക എന്നത്- എന്തിനാണ് അങ്ങ് സ്വന്തത്തിന് മേൽ നിഷിദ്ധമാക്കുന്നത്?! അവരോട് മറ്റു ഭാര്യമാർ ഈർഷ്യത വെച്ചതിനാൽ അവരെ തൃപ്തിപ്പെടുത്തുകയാണ് താങ്കൾ. അല്ലാഹുവാകട്ടെ; അങ്ങേക്ക് ഏറെ പൊറുത്തു തരുന്നവനും, അങ്ങയോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനുമാണ്?!
2
നിങ്ങളുടെ ശപഥങ്ങള്‍ക്കുള്ള പരിഹാരം(2) അല്ലാഹു നിങ്ങള്‍ക്ക് നിയമമാക്കിത്തന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ യജമാനനാകുന്നു. അവനത്രെ സര്‍വ്വജ്ഞനും യുക്തിമാനും.
നിങ്ങളുടെ ശപഥങ്ങൾ (ശപഥം ചെയ്ത കാര്യത്തേക്കാൾ) നല്ലത് കണ്ടതിനാലോ, അവ നിങ്ങൾ ലംഘിച്ചാലോ ചെയ്യേണ്ട പരിഹാരം എന്താണെന്നത് അല്ലാഹു നിങ്ങൾക്ക് നിശ്ചയിച്ചു തന്നിരിക്കുന്നു. അല്ലാഹു നിങ്ങളെ സഹായിക്കുന്നവനാണ്. നിങ്ങളുടെ അവസ്ഥകളും, നിങ്ങൾക്ക് യോജിക്കുന്നത് എന്താണെന്നും നന്നായി അറിയുന്ന 'അലീമും', മതനിയമങ്ങളിലും വിധിനിർണ്ണയത്തിലും ഏറ്റവും മഹത്തരമായ ലക്ഷ്യമുള്ള 'ഹകീമു'മാകുന്നു അവൻ.
3
നബി അദ്ദേഹത്തിന്‍റെ ഭാര്യമാരില്‍ ഒരാളോട് ഒരു വര്‍ത്തമാനം രഹസ്യമായി പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.)(3) എന്നിട്ട് ആ ഭാര്യ അത് (മറ്റൊരാളെ) അറിയിക്കുകയും, നബിക്ക് അല്ലാഹു അത് വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തപ്പോള്‍ അതിന്‍റെ ചില ഭാഗം അദ്ദേഹം (ആ ഭാര്യയ്ക്ക്) അറിയിച്ചുകൊടുക്കുകയും ചില ഭാഗം വിട്ടുകളയുകയും ചെയ്തു. അങ്ങനെ അവളോട് (ആ ഭാര്യയോട്) അദ്ദേഹം അതിനെ പറ്റി വിവരം അറിയിച്ചപ്പോള്‍ അവള്‍ പറഞ്ഞു: താങ്കള്‍ക്ക് ആരാണ് ഈ വിവരം അറിയിച്ചു തന്നത്? അദ്ദേഹം പറഞ്ഞു: സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമായിട്ടുള്ളവനാണ് എനിക്ക് വിവരമറിയിച്ചു തന്നത്.
നബി -ﷺ- അവിടുത്തെ ഭാര്യയായ ഹഫ്സ്വയോട് ഒരു കാര്യം രഹസ്യമായി പറഞ്ഞ സന്ദർഭം ഓർക്കുക. അതിൽ ഒരു കാര്യം അവിടുന്ന് തൻ്റെ അടിമസ്ത്രീയായ മാരിയയെ ഇനി സമീപിക്കില്ലെന്നതായിരുന്നു. ഇക്കാര്യം ഹഫ്സ്വ ആഇഷയെ അറിയിച്ചു. നബി -ﷺ- യുടെ രഹസ്യം ഹഫ്സ്വ പരസ്യമാക്കിയ കാര്യം അല്ലാഹു അവിടുത്തെ അറിയിച്ചു. ആ വിഷയത്തിൽ അവിടുന്ന് ഹഫ്സ്വയെ ശാസിക്കവെ അവർ പറഞ്ഞ ചിലതെല്ലാം പറയുകയും, ചിലതിനെ കുറിച്ചെല്ലാം നിശബ്ദത പാലിക്കുകയും ചെയ്തു. അപ്പോൾ ഹഫ്സ്വ നബി -ﷺ- യോട് ചോദിച്ചു: (റസൂലേ!) ആരാണ് അങ്ങയെ ഇത് അറിയിച്ചത്?! അവിടുന്ന് പറഞ്ഞു: എല്ലാം അറിയുന്ന, തീർത്തും ഗോപ്യമായത് വരെ അറിയുന്ന 'അലീമും ഖബീറുമായ' അല്ലാഹുവാണ് എനിക്ക് ഇത് അറിയിച്ചു തന്നത്.
4
നിങ്ങള്‍ രണ്ടു പേരും(4) അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നുവെങ്കില്‍ (അങ്ങനെ ചെയ്യുക.) കാരണം നിങ്ങളുടെ രണ്ടുപേരുടെയും ഹൃദയങ്ങള്‍ (തിന്‍മയിലേക്ക്) ചാഞ്ഞുപോയിരിക്കുന്നു. ഇനി നിങ്ങള്‍ ഇരുവരും അദ്ദേഹത്തിനെതിരില്‍ (റസൂലിനെതിരില്‍) പരസ്പരം സഹകരിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹുവാകുന്നു അദ്ദേഹത്തിന്‍റെ യജമാനന്‍. ജിബ്‌രീലും സദ്‌വൃത്തരായ സത്യവിശ്വാസികളും അതിനു പുറമെ മലക്കുകളും അദ്ദേഹത്തിന് സഹായികളായിരിക്കുന്നതാണ്.
നിർബന്ധമായും അല്ലാഹുവിലേക്ക് പശ്ത്താപിച്ചു മടങ്ങുകയാണ് നിങ്ങൾ ചെയ്യേണ്ടത്. കാരണം മാരിയയെ അകറ്റി നിർത്തുക എന്ന, നബി -ﷺ- ക്ക് അനിഷ്ടകരമായിരുന്ന ഒരു കാര്യത്തെ ഇഷ്ടപ്പെടുന്നതിലേക്ക് നിങ്ങളുടെ ഹൃദയം ചാഞ്ഞു പോയിട്ടുണ്ട്. നബിയെ (മറ്റൊരു ഭാര്യക്കെതിരെ) തിരിക്കുക എന്ന നിങ്ങളുടെ മുൻപ്രവൃത്തിയിലേക്ക് തന്നെയാണ് നിങ്ങൾ മടങ്ങുന്നതെങ്കിൽ തീർച്ചയായും അല്ലാഹു അവിടുത്തെ സഹായിക്കുകയും പിന്താങ്ങുകയും ചെയ്യുന്നവനാണ്. അതു പോലെ ജിബ്രീലും മുസ്ലിംകളിലെ നല്ലവരായ വിശ്വാസികളും അവിടുത്തെ സഹായികളും സഹകാരികളുമാണ്. അല്ലാഹുവിൻ്റെ സഹായത്തിനൊപ്പം മലക്കുകളും അവിടുത്തെ സഹായികളും അവിടുത്തെ ഉപദ്രവിക്കുന്നവർക്കെതിരെ നിലകൊള്ളുന്നവരുമാണ്.
5
(പ്രവാചകപത്നിമാരേ,) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന് അദ്ദേഹത്തിന്‍റെ രക്ഷിതാവ് പകരം നല്‍കിയേക്കാം. മുസ്ലിംകളും സത്യവിശ്വാസിനികളും ഭയഭക്തിയുള്ളവരും പശ്ചാത്താപമുള്ളവരും ആരാധനാനിരതരും വ്രതമനുഷ്ഠിക്കുന്നവരും വിധവകളും കന്യകകളുമായിട്ടുള്ള സ്ത്രീകളെ.
നിങ്ങളെ നബി വിവാഹമോചനം നൽകി ഒഴിവാക്കുകയാണെങ്കിൽ അല്ലാഹു അവിടുത്തേക്ക് നിങ്ങളെക്കാൾ നല്ല ഭാര്യമാരെ പകരമായി നൽകുന്നതാണ്. അല്ലാഹുവിൻ്റെ കൽപ്പനകൾക്ക് കീഴൊതുങ്ങുന്നവരും, അല്ലാഹുവിലും അവൻ്റെ റസൂലിലും വിശ്വസിക്കുന്നവരും, അല്ലാഹുവിനെ അനുസരിക്കുന്നവരും, തങ്ങളുടെ തെറ്റുകളിൽ നിന്ന് പശ്ചാത്തപിച്ച് മടങ്ങുന്നവരും, അവരുടെ രക്ഷിതാവിനെ ആരാധിക്കുന്നവരും, നോമ്പനുഷ്ഠിക്കുന്നവരുമായ -വിധവകളും കന്യകകളുമായ- സ്ത്രീകളെ. എന്നാൽ നബി -ﷺ- അവിടുത്തെ ഭാര്യമാരെ വിവാഹമോചനം ചെയ്തില്ല.
6
സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്‍റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനുമായി ഭയാനകമായ നരകത്തിൽ നിന്നൊരു പരിച നിങ്ങൾ സ്വീകരിക്കുക! അവിടെ കത്തിക്കപ്പെടുക മനുഷ്യരും കല്ലുകളുമാണ്. അതിൽ പ്രവേശിക്കുന്നവരോട് പരുഷമായും കഠിനമായും പെരുമാറുന്ന മലക്കുകളുടെ മേലാണ് നരകം ഏൽപ്പിക്കപ്പെട്ടിരിക്കുന്നത്. അല്ലാഹു അവരോട് എന്തെങ്കിലും കൽപ്പിച്ചാൽ അവർ അത് ധിക്കരിക്കുകയില്ല. ഒരു കാലതാമസമോ അമാന്തമോ ഇല്ലാതെ അവരോട് കൽപ്പിക്കുന്ന എല്ലാ കാര്യവും അവർ പ്രവർത്തിക്കുകയും ചെയ്യുന്നതാണ്.
7
സത്യനിഷേധികളേ, നിങ്ങള്‍ ഇന്ന് ഒഴികഴിവ് പറയേണ്ട. നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനു മാത്രമാണ് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നത്.(5)
ഖിയാമത്ത് നാളിൽ (ഇസ്ലാമിനെ) നിഷേധിച്ചവരോട് പറയപ്പെടും: അല്ലാഹുവിൽ അവിശ്വസിച്ചവരേ! ഭൂമിയിലായിരിക്കെ നിങ്ങൾ ചെയ്തു കൂട്ടിയ നിഷേധത്തിനും തിന്മകൾക്കും ഇന്നേ ദിവസം നിങ്ങൾ ഒഴിവുകഴിവ് പറയേണ്ടതില്ല. നിങ്ങളുടെ ഒഴിവുകഴിവുകളൊന്നും ഇവിടെ സ്വീകരിക്കപ്പെടുന്നതല്ല. ഈ ദിവസം നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുന്നത് നിങ്ങൾ ഇഹലോകത്ത് പ്രവർത്തിച്ചു കൂട്ടിയ -അല്ലാഹുവിലുള്ള അവിശ്വാസത്തിനും, അവൻ്റെ റസൂലിനെ നിഷേധിച്ചതിനുമുള്ള- പ്രതിഫലമാണ്.
8
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം. അല്ലാഹു പ്രവാചകനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും അപമാനിക്കാത്ത ദിവസത്തില്‍. അവരുടെ പ്രകാശം അവരുടെ മുന്നിലൂടെയും വലതുവശങ്ങളിലൂടെയും സഞ്ചരിക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ച് തരികയും, ഞങ്ങള്‍ക്കു നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! നിങ്ങളുടെ തെറ്റുകളിൽ നിന്ന് സത്യസന്ധമായി നിങ്ങൾ പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ തെറ്റുകൾ മായ്ച്ചു കളയുകയും, പരലോകത്ത് നിങ്ങളെ കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്ന സ്വർഗത്തോപ്പുകളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. നബിയെയും അവിടുത്തോടൊപ്പം (ഇസ്ലാമിൽ) വിശ്വസിച്ചവരെയും നരകത്തിൽ പ്രവേശിപ്പിച്ചു കൊണ്ട് അല്ലാഹു നിന്ദിക്കാത്ത ദിവസത്തിൽ. സ്വിറാത്ത് പാലത്തിലായിരിക്കെ, അവരുടെ പ്രകാശം അവരുടെ മുന്നിലും വലതു ഭാഗത്തുമുണ്ടായിരിക്കും. അവർ പറഞ്ഞു കൊണ്ടിരിക്കും: ഞങ്ങളുടെ രക്ഷിതാവേ! സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയുന്ന തരത്തിൽ ഞങ്ങളുടെ പ്രകാശം ഞങ്ങൾക്ക് നീ പൂർത്തീകരിച്ചു തരേണമേ! സ്വിറാത്ത് പാലത്തിൻ്റെ മദ്ധ്യത്തിൽ വെച്ച് പ്രകാശം കെട്ടുപോകുന്ന കപടവിശ്വാസികളെ പോലെ നീ ഞങ്ങളെ ആക്കരുതേ! ഞങ്ങളുടെ തെറ്റുകൾ നീ ഞങ്ങൾക്ക് പൊറുത്തു തരികയും ചെയ്യേണമേ! തീർച്ചയായും നീ എല്ലാത്തിനും കഴിവുള്ളവനാകുന്നു; ഞങ്ങളുടെ പ്രകാശം പൂർത്തീകരിച്ചു തരിക എന്നതും, ഞങ്ങളുടെ തെറ്റുകൾ പൊറുത്തു തരിക എന്നതും നിനക്ക് അസാധ്യമായ കാര്യമല്ല.
9
ഓ; നബീ, സത്യനിഷേധികളോടും കപടവിശ്വാസികളോടും നീ സമരം ചെയ്യുകയും അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക. അവരുടെ സങ്കേതം നരകമാകുന്നു. എത്തിച്ചേരാനുള്ള ആ സ്ഥലം എത്രയോ ചീത്ത!
അല്ലാഹുവിൻ്റെ റസൂലേ! (ഇസ്ലാമിനെ) നിഷേധിച്ചവരോട് താങ്കൾ ആയുധം കൊണ്ടും, കപടവിശ്വാസികളോട് നാവ് കൊണ്ട് സംസാരിച്ചും തെളിവുകൾ സ്ഥാപിച്ചും യുദ്ധത്തിലേർപ്പെടുക. അവരോട് നീ പരുഷമായി നിലകൊള്ളുക; നിന്നെയവർ ഭയക്കട്ടെ! പരലോകത്ത് അവർക്ക് ആശ്രയമായി മാറേണ്ട അഭയകേന്ദ്രം കത്തിജ്വലിക്കുന്ന നരകമാകുന്നു. ഇക്കൂട്ടർ മടങ്ങിച്ചെല്ലുന്ന ആ സങ്കേതം എത്ര മോശമായിരിക്കുന്നു.
10
സത്യനിഷേധികള്‍ക്ക് ഉദാഹരണമായി നൂഹിന്‍റെ ഭാര്യയെയും, ലൂത്വിന്‍റെ ഭാര്യയെയും അല്ലാഹു ഇതാ എടുത്തുകാണിച്ചിരിക്കുന്നു. അവര്‍ രണ്ടുപേരും നമ്മുടെ ദാസന്‍മാരില്‍ പെട്ട സദ്‌വൃത്തരായ രണ്ട് ദാസന്‍മാരുടെ കീഴിലായിരുന്നു. എന്നിട്ട് അവരെ രണ്ടുപേരെയും ഇവര്‍ വഞ്ചിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് യാതൊന്നും അവര്‍ രണ്ടുപേരും ഇവര്‍ക്ക് ഒഴിവാക്കികൊടുത്തില്ല.(6) നിങ്ങള്‍ രണ്ടുപേരും നരകത്തില്‍ കടക്കുന്നവരോടൊപ്പം കടന്നുകൊള്ളുക എന്ന് പറയപ്പെടുകയും ചെയ്തു.
അല്ലാഹുവിലും അവൻ്റെ ദൂതനിലും അവിശ്വസിച്ചവരുടെ ഉദാഹരണമായി -അവർക്ക് (ഇസ്ലാമിൽ) വിശ്വസിച്ചവരുമായുള്ള കുടുംബബന്ധം യാതൊരു ഉപകാരവും ചെയ്യില്ലെന്നതിന്- ഉദാഹരണാമായി രണ്ട് നബിമാരുടെ -നൂഹിൻ്റെയും ലൂത്വിൻ്റെയും -عَلَيْهِمَا الصَّلَاةُ وَالسَّلَامُ- ഭാര്യമാരെ എടുത്തു കാണിച്ചിരിക്കുന്നു, അവർ രണ്ട് പേരും സച്ചരിതരായ അല്ലാഹുവിൻ്റെ രണ്ട് ദാസന്മാരുടെ ഭാര്യമാരായിരുന്നു. അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തിരിച്ചും, തങ്ങളുടെ നിഷേധികളായ സമൂഹത്തെ സഹായിച്ചും പിന്തുണച്ചും അവർ തങ്ങളുടെ ഭർത്താക്കന്മാരെ വഞ്ചിച്ചു. എന്നാൽ ഈ രണ്ട് നബിമാരുടെ ഭാര്യമാരായി എന്നത് അവർക്ക് ഒരു ഉപകാരവും ചെയ്തില്ല. അവരോട് രണ്ടു പേരോടും പറയപ്പെട്ടു: നരകത്തിൽ പ്രവേശിക്കുന്ന നിഷേധികൾക്കും ദുർമാർഗികൾക്കുമൊപ്പം നിങ്ങൾ രണ്ടും നരകത്തിൽ പ്രവേശിക്കുക.
11
സത്യവിശ്വാസികള്‍ക്ക് ഒരു ഉപമയായി അല്ലാഹു ഫിര്‍ഔന്‍റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു.(7) അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്‍റെ രക്ഷിതാവേ, എനിക്ക് നീ നിന്‍റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിര്‍ഔനില്‍ നിന്നും അവന്‍റെ പ്രവര്‍ത്തനത്തില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ. അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കേണമേ.
അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിച്ചവർക്ക് അവർ സത്യത്തിൽ നേരെ നിലകൊള്ളുന്നിടത്തോളം -(ഇസ്ലാമിനെ) നിഷേധിച്ചവരുമായി കുടുംബബന്ധമുണ്ട് എന്നത് ഉപദ്രവകരമാകില്ലെന്നതിന്- ഉദാഹരണമായി ഫിർഔനിൻ്റെ ഭാര്യയുടെ അവസ്ഥ അല്ലാഹു എടുത്തു കാണിച്ചിരിക്കുന്നു. അവർ പറഞ്ഞു: എൻ്റെ രക്ഷിതാവേ! നിൻ്റെ അടുത്ത് -സ്വർഗത്തിൽ- എനിക്കായി നീ ഒരു ഭവനം പണിയേണമേ! ഫിർഔനിൻ്റെ അതിക്രമത്തിൽ നിന്നും അധികാരത്തിന് കീഴിൽ നിന്നും, അവൻ്റെ തിന്മ നിറഞ്ഞ പ്രവർത്തനങ്ങളിൽ നിന്നും നീ എന്നെ രക്ഷപ്പെടുത്തുകയും ചെയ്യേണമേ! അതിക്രമത്തിലും അനീതിയിലും അവനെ പിൻപറ്റിയ അതിക്രമികളായ ഈ സമൂഹത്തിൽ നിന്നും നീ എന്നെ രക്ഷിക്കേണമേ!
12
തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും (ഉപമയായി എടുത്തു കാണിച്ചിരിക്കുന്നു.) അപ്പോള്‍ നമ്മുടെ ആത്മാവിൽ നിന്നും(8) നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു.
അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിച്ചവർക്ക് ഉദാഹരണമായി ഇംറാൻ്റെ മകൾ മർയമിൻ്റെ അവസ്ഥയും അല്ലാഹു ഉദാഹരിച്ചിരിക്കുന്നു. വ്യഭിചരിച്ചിട്ടില്ലാത്ത, സ്വന്തം ചാരിത്ര്യം സൂക്ഷിച്ച സ്ത്രീയാണവർ. അല്ലാഹു ജിബ്രീലിനോട് അവരുടെ മേൽ ഊതാൻ കൽപ്പിച്ചു. അങ്ങനെ ഒരു പിതാവില്ലാതെ -അല്ലാഹുവിൻ്റെ സൃഷ്ടിപ്പിനാൽ- മർയമിൻ്റെ മകൻ ഈസയെ അവർ ഗർഭം ചുമന്നു. അല്ലാഹുവിൻ്റെ കൽപ്പനകളെയും, അവൻ്റെ ദൂതന്മാർക്ക് മേൽ അവതരിക്കപ്പെട്ട വേദഗ്രന്ഥങ്ങളെയും അവർ സത്യപ്പെടുത്തി. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചും അവൻ്റെ വിലക്കുകളിൽ നിന്ന് വിട്ടു നിന്നും അല്ലാഹുവിനെ അനുസരിച്ച് ജീവിച്ച ഒരു സ്ത്രീയായിരുന്നു അവർ.