Monday, 12 October 2026 Hijri: — 03:20:51 pm
MalayalamQuran.in
Complete Surah Tafsir

അത്തീൻ التين At-Tin

Surah 95 മക്കിയ്യ • مكية • Makkiyah 8 ആയത്തുകൾ • 8 Ayahs

സൂറത്ത് അത്തീൻ (At-Tin)യിലെ 8 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah At-Tin.

1

അത്തിയും, ഒലീവും തന്നെ സത്യം.

وَٱلتِّينِ وَٱلزَّيۡتُونِ ۝١
തഫ്സീർആയത്ത് 1
അല്ലാഹു അത്തിയെ കൊണ്ടും, അത് വളരുന്ന സ്ഥലത്തെ കൊണ്ടും, ഒലീവിനെ കൊണ്ടും അത് വളരുന്ന സ്ഥലത്തെ കൊണ്ടും സത്യം ചെയ്തിരിക്കുന്നു. ഈസ -عَلَيْهِ السَّلَام- നിയോഗിക്കപ്പെട്ട ഫലസ്ത്വീനാണ് ഉദ്ദേശം.
Source : QUL
2

സീനാപര്‍വ്വതവും തന്നെ സത്യം.

وَطُورِ سِينِينَ ۝٢
തഫ്സീർആയത്ത് 2
മൂസ നബി -عَلَيْهِ السَّلَام- യോട് അല്ലാഹു സംസാരിച്ച സ്ഥലമായ സീനാ പർവ്വതത്തെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
Source : QUL
3

നിര്‍ഭയത്വമുള്ള ഈ രാജ്യവും തന്നെയാണ സത്യം.

وَهَٰذَا ٱلۡبَلَدِ ٱلۡأَمِينِ ۝٣
തഫ്സീർആയത്ത് 3
അവിടെ പ്രവേശിക്കുന്നവർക്ക് നിർഭയത്വം ലഭിക്കുന്നതും, നബി -ﷺ- നിയോഗിക്കപ്പെട്ടതുമായ മക്കയെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
Source : QUL
4

തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു.

لَقَدۡ خَلَقۡنَا ٱلۡإِنسَٰنَ فِيٓ أَحۡسَنِ تَقۡوِيمٖ ۝٤
തഫ്സീർആയത്ത് 4
മനുഷ്യനെ നാം ഏറ്റവും കൃത്യമായ ഘടനയോടും ഏറ്റവും ശ്രേഷ്ഠമായ രൂപത്തിലും സൃഷ്ടിച്ചിരിക്കുന്നു.
Source : QUL
5

പിന്നീട് അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു.(1)

ثُمَّ رَدَدۡنَٰهُ أَسۡفَلَ سَٰفِلِينَ ۝٥
തഫ്സീർആയത്ത് 5
പിന്നീട് നാം ഇഹലോകത്ത് അവനെ വാർദ്ധക്യത്തിലേക്കും (വാർദ്ധക്യ സഹജമായ) ബുദ്ധിശോഷണത്തിലേക്കും എത്തിച്ചു. അതോടെ അവന് തൻ്റെ ശരീരം കൊണ്ട് ഉപകാരമില്ലാതാകുന്നു. ഇത് പോലെ തന്നെയാണ് അവൻ തൻ്റെ ശുദ്ധപ്രകൃതിയെ തിന്മകൾ കൊണ്ട് നശിപ്പിക്കുകയും നരകത്തിൽ പ്രവേശിക്കുകയും ചെയ്താൽ അവന് (തൻ്റെ ശരീരം ഉപകാരം ചെയ്യുകയില്ല).
Source : QUL
6

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അവര്‍ക്കാകട്ടെ മുറിഞ്ഞു പോകാത്ത പ്രതിഫലമുണ്ടായിരിക്കും.

إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ فَلَهُمۡ أَجۡرٌ غَيۡرُ مَمۡنُونٖ ۝٦
തഫ്സീർആയത്ത് 6
അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരൊഴികെ. അവർ വാർദ്ധക്യത്തിൽ എത്തിയെന്നു വന്നാലും ഒരിക്കലും മുറിയാത്ത പ്രതിഫലം -സ്വർഗം- അവർക്കുണ്ടായിരിക്കും. കാരണം അവർ തങ്ങളുടെ ശുദ്ധപ്രകൃതിയെ പരിശുദ്ധമാക്കിയവരാണ്.
Source : QUL
7

എന്നിരിക്കെ ഇതിന് ശേഷം പരലോകത്തെ പ്രതിഫല നടപടിയെ നിഷേധിച്ചു തള്ളാന്‍ (മനുഷ്യാ) നിന്നെ പ്രേരിപ്പിക്കുന്നതെന്താണ്?

فَمَا يُكَذِّبُكَ بَعۡدُ بِٱلدِّينِ ۝٧
തഫ്സീർആയത്ത് 7
അല്ലാഹുവിൻ്റെ ശക്തിയുടെ അനേകം തെളിവുകൾ വീക്ഷിച്ചതിന് ശേഷവും -അല്ലയോ മനുഷ്യാ!- പ്രതിഫലനാളിനെ നിഷേധിക്കാൻ എന്തു കാരണമാണ് നിനക്കുള്ളത്?!
Source : QUL
8

അല്ലാഹു വിധികര്‍ത്താക്കളില്‍ വെച്ചു ഏറ്റവും വലിയ വിധികര്‍ത്താവല്ലയോ?

أَلَيۡسَ ٱللَّهُ بِأَحۡكَمِ ٱلۡحَٰكِمِينَ ۝٨
തഫ്സീർആയത്ത് 8
അന്ത്യനാളിനെ പ്രതിഫലത്തിനായി നിശ്ചയിച്ച അല്ലാഹു വിധികർത്താക്കളിൽ ഏറ്റവും നല്ല വിധികർത്താവും, അങ്ങേയറ്റം നീതിമാനുമല്ലേ? അല്ലാഹു അവൻ്റെ അടിമകൾക്കിടയിൽ വിധി നടപ്പാക്കാതെ -നന്മ ചെയ്തവർക്ക് പ്രതിഫലവും, തിന്മ ചെയ്തവർക്ക് ശിക്ഷയും നൽകാതെ- അവഗണിച്ചു വിടുമെന്ന് ചിന്തിക്കുന്നതാണോ ബുദ്ധി?
Source : QUL