ഹാമീം
അൽ അഹ്ഖാഫ് الأحقاف Al-Ahqaf
സൂറത്ത് അൽ അഹ്ഖാഫ് (Al-Ahqaf), ഖുർആൻ അധ്യായം 46 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 35 ആയത്തുകൾ വായിക്കുക. Read Surah Al-Ahqaf with Arabic text and മലയാളം translation.
ഈ വേദഗ്രന്ഥം അവതരിപ്പിച്ചത് പ്രതാപവാനും അഗാധജ്ഞനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു.
ആകാശഭൂമികളെയും അവക്കിടയിലുള്ള വസ്തുക്കളെയും ന്യായമായ ഉദ്ദേശ്യത്തോടും ഒരു നിശ്ചിത അവധിയോടുംകൂടി മാത്രമാണ് നാം സൃഷ്ടിച്ചിട്ടുള്ളത്. സത്യനിഷേധികളാവട്ടെ അവര്‍ക്ക് നല്‍കപ്പെടുന്ന താക്കീതുകളെ അഗണ്യമാക്കി തിരിഞ്ഞുകളയുന്നവരാണ്.
(നബിയേ,) താങ്കള്‍ പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്ന വസ്തുക്കളെ നിങ്ങള്‍ കണ്ടുവോ? ഭൂമിയില്‍ നിന്ന് ഏത് ഭാഗമാണ് അവര്‍ സൃഷ്ടിച്ചതെന്ന് നിങ്ങള്‍ എനിക്കൊന്ന് കാണിച്ചുതരിക. അല്ലെങ്കില്‍ ആകാശങ്ങളില്‍ അവര്‍ക്ക് വല്ല പങ്കുമുണ്ടോ? ഇതിന്റെ മുമ്പുള്ള വല്ല വേദഗ്രന്ഥമോ അറിവി(ന്റെ ഇനത്തി)ല്‍ പെട്ട വല്ല അവശിഷ്ടമോ (പ്രമാണമോ) എനിക്ക് നിങ്ങള്‍ കൊണ്ടുവരുവീന്‍; നിങ്ങള്‍ സത്യവാദികളാണെങ്കില്‍.
അന്ത്യനാള്‍ വരെ ഉത്തരം ചെയ്യാത്തവരെ, അല്ലാഹുവിനു പുറമെ ആരാധിക്കുന്നവരെക്കാള്‍ വഴി പിഴച്ചവര്‍ ആരാണ്? അവരാകട്ടെ ഇവരുടെ ആരാധനയെക്കുറിച്ച് അറിയാത്തവരുമാകുന്നു.
(മാത്രമല്ല, ഖിയാമനാളില്‍) മനുഷ്യര്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍ അവര്‍ (ആ ആരാധ്യവസ്തുക്കള്‍) ഇവരുടെ ശത്രുക്കളായിത്തീരുകയും ഇവരുടെ ആരാധനയെ അവര്‍ നിഷേധിക്കുന്നവരാവുകയും ചെയ്യും.
നമ്മുടെ ആയത്തുകള്‍ അവര്‍ക്ക് വ്യക്തമായ നിലയില്‍ ഓതിക്കേള്‍പ്പിക്കപ്പെടുമ്പോള്‍, സത്യം തങ്ങള്‍ക്ക് വന്നെത്തിയ അവസരത്തില്‍ അതിനെപ്പറ്റി, ഇത് സ്പഷ്ടമായ ജാലമാണ് എന്ന് ആ സത്യനിഷേധികള്‍ പറയും.
അതല്ല, ഇത് അദ്ദേഹം (നബി) കെട്ടിച്ചമച്ചിരിക്കയാണെന്ന് അവര്‍ പറയുന്നുവോ? (നബിയേ, അവരോട്) താങ്കള്‍ പറഞ്ഞേക്കുക: അത് ഞാന്‍ കെട്ടിച്ചമച്ചിരിക്കയാണെങ്കില്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് എന്നെ രക്ഷിക്കുവാന്‍ ഒട്ടും നിങ്ങള്‍ക്ക് കഴിയുന്നതല്ല. ഖുര്‍ആന്റെ കാര്യത്തില്‍ നിങ്ങള്‍ സംസാരിക്കുന്നതിനെപ്പറ്റി അവന്‍ (അല്ലാഹു) ഏറ്റവും അറിയുന്നവനാണ്. നിങ്ങള്‍ക്കും എനിക്കുമിടയില്‍ സാക്ഷിയായി അവന്‍ തന്നെ മതി. അവന്‍ ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.
(നബിയേ,) പറയുക: ഞാന്‍ റസൂലുകളില്‍ നിന്ന് ഒന്നാമത്തവനല്ല. എന്നെക്കൊണ്ടും നിങ്ങളെക്കൊണ്ടും എന്തു ചെയ്യപ്പെടുമെന്ന് എനിക്കറിയുകയുമില്ല. എനിക്ക് വഹ്‌യ് നല്‍കപ്പെടുന്നതുമാത്രമാണ് ഞാന്‍ പിന്‍പറ്റുന്നത്. ഞാന്‍ കേവലം സ്പഷ്ടമായ ഒരു താക്കീതുകാരനാകുന്നു.
(നബിയേ,) താങ്കള്‍ പറയുക: ഇത് (ഖുര്‍ആന്‍) അല്ലാഹുവിങ്കല്‍ നിന്നായിരിക്കുകയും അതിനെ നിങ്ങള്‍ നിഷേധിക്കുകയുമാണെങ്കില്‍, (അതേ സമയം) ഇസ്രാഈല്യരില്‍ പെട്ട ഒരു സാക്ഷി ഈ ഖുര്‍ആനിന് തുല്യമായ ഒന്നിന് സാക്ഷ്യം വഹിക്കുകയും അങ്ങനെ അയാള്‍ വിശ്വസിക്കുകയും നിങ്ങള്‍ (വിശ്വസിക്കാതെ) അഹംഭാവം നടിച്ചുനില്‍ക്കുകയും ചെയ്തു; (എന്നാല്‍, നിങ്ങള്‍ തനി അക്രമികള്‍ അല്ലേ?-) നിങ്ങള്‍ എന്നോട് പറയൂ. നിശ്ചയമായും അക്രമികളായ ജനതയെ അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല.
സത്യനിഷേധികള്‍ സത്യവിശ്വാസികളെപ്പറ്റി പറയുകയാണ്: 'ഇത് (നബി കൊണ്ടുവന്നത്) ഒരു നല്ല കാര്യമായിരുന്നുവെങ്കില്‍ ഇവര്‍ ഇതിലേക്ക് ഞങ്ങളെ മുന്‍കടന്നുവരുമായിരുന്നില്ല.' അവര്‍ ഇത് (ഖുര്‍ആന്‍) മൂലം സന്മാര്‍ഗം പ്രാപിക്കാതിരിക്കുമ്പോള്‍ പറയുന്നു, ഇതൊരു പഴയ കള്ളമാണെന്ന്.
മൂസായുടെ വേദം ഇതിനുമുമ്പ് ജനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായും കാരുണ്യമായും കൊണ്ട് വന്നിട്ടുണ്ട്. ഇതാവട്ടെ, അറബി ഭാഷയിലായിക്കൊണ്ട് (മൂസാ നബിയുടെയും മറ്റും ഗ്രന്ഥങ്ങളെ) ശരിവെക്കുന്ന ഒരു ഗ്രന്ഥവുമാണ്. അക്രമം പ്രവര്‍ത്തിച്ചവരെ താക്കീത് ചെയ്യുവാന്‍ വേണ്ടിയും സുകൃതം ചെയ്തവര്‍ക്ക് സന്തോഷവാര്‍ത്ത ആയിക്കൊണ്ടും.
നിശ്ചയമായും ഞങ്ങളുടെ രക്ഷിതാവ് അല്ലാഹു ആണെന്ന് പ്രഖ്യാപിക്കുകയും പിന്നീട് ചൊവ്വായി നില്‍ക്കുകയും ചെയ്തവര്‍, അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കുകയുമില്ല.
അവര്‍ സ്വര്‍ഗക്കാരാണ്. അതില്‍ അവര്‍ നിരന്തരവാസികളായ നിലയില്‍. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ പ്രതിഫലമായിട്ട്.
മനുഷ്യനോട് അവന്റെ മാതാപിതാക്കള്‍ക്ക് നന്മ ചെയ്യേണമെന്ന് നാം കല്‍പിച്ചിരിക്കുന്നു. അവന്റെ മാതാവ് വിഷമത്തോടെ അവനെ ഗര്‍ഭം ചുമക്കുകയും വിഷമത്തോടെത്തന്നെ പ്രസവിക്കുകയും ചെയ്തു. അവനെ ഗര്‍ഭം ചുമന്ന കാലവും അവന്റെ മുലകുടി അവസാനിപ്പിച്ച കാലവും (കൂടി) മുപ്പത് മാസമാകുന്നു. അങ്ങനെ തന്റെ ശക്തിപ്രായം എത്തുകയും നാല്‍പതു വയസ്സാവുകയും ചെയ്തപ്പോള്‍ അവന്‍ പറയും: എന്റെ രക്ഷിതാവേ, എന്റെയും എന്റെ മാതാപിതാക്കളുടെയും മേല്‍ നീ ചെയ്തുതന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദി ചെയ്യുവാനും നീ തൃപ്തിപ്പെടുന്ന സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുവാനും എനിക്ക് പ്രചോദനം നല്‍കുകയും എന്റെ സന്താനങ്ങളില്‍ നീ നന്മ വരുത്തിത്തരികയും ചെയ്യേണമേ! നിശ്ചയമായും നിന്റെ അടുക്കലേക്ക് ഞാന്‍ പശ്ചാത്തപിച്ച് മടങ്ങിയിരിക്കുന്നു. ഞാന്‍ മുസ്‌ലിംകളില്‍ പെട്ടവന്‍ തന്നെയാണ്.
അത്തരക്കാരുടെ നല്ല പ്രവൃത്തികള്‍ നാം സ്വീകരിക്കുകയും അവരുടെ തിന്മകള്‍ നാം വിട്ടുകൊടുക്കുകയും ചെയ്യുന്നതാകുന്നു. (അവര്‍) സ്വര്‍ഗക്കാരില്‍ പെട്ടവരായിരിക്കും. അവര്‍ക്ക് നല്‍കപ്പെട്ടുകൊണ്ടിരുന്ന സത്യമായ വാഗ്ദാന(ത്തിന്റെ ഫല)മായിരിക്കും (അത്).
തന്റെ മാതാപിതാക്കളോട് 'ഛെ, നിങ്ങള്‍ രണ്ടുപേരുടെ കാര്യം വൃത്തിഹീനം തന്നെ, ഞാന്‍ (മരണശേഷം ഖബ്‌റില്‍ നിന്ന്) പുറത്തുകൊണ്ടുവരപ്പെടുമെന്ന് നിങ്ങള്‍ എന്നെ താക്കീത് ചെയ്യുകയാണോ? എന്റെ മുമ്പ് പല തലമുറകളും കഴിഞ്ഞുപോയിട്ടുണ്ട്, (അവരാരും പുറത്തുവന്നിട്ടില്ലല്ലോ)' എന്നു പറയുന്നവന്‍! അവര്‍ രണ്ടുപേരുമാകട്ടെ അല്ലാഹുവിനോട് സഹായമര്‍ഥിച്ചുകൊണ്ടുമിരിക്കുന്നു. (മകനോട് അവര്‍ പറയുന്നു:) നിനക്ക് നാശം. (പുനര്‍ജീവിതത്തില്‍) നീ വിശ്വസിക്കുക. നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. അപ്പോള്‍ അവന്‍ പറയുകയാണ്: ഇത് പൂര്‍വികന്മാരുടെ കെട്ടുകഥകളല്ലാതെ മറ്റൊന്നുമല്ല.
ഇങ്ങനെയുള്ളവര്‍ (നമ്മുടെ ശിക്ഷയുടെ) വാക്ക് അവരുടെ മേല്‍ സ്ഥിരപ്പെട്ടവരാണ്. ജിന്നുകളിലും മനുഷ്യരിലും നിന്ന് ഇവരുടെ മുമ്പ് കഴിഞ്ഞുപോയ സമുദായങ്ങളുടെ കൂട്ടത്തില്‍. (കാരണം) അവര്‍ നഷ്ടപ്പെട്ടവര്‍ തന്നെയാകുന്നു.
തങ്ങള്‍ പ്രവര്‍ത്തിച്ചതിനു വേണ്ടി എല്ലാവര്‍ക്കുമുണ്ട് പദവികള്‍. തങ്ങളുടെ പ്രവര്‍ത്തന(ഫല)ങ്ങള്‍ അവര്‍ക്ക് പൂര്‍ത്തീകരിച്ചുകൊടുക്കുവാന്‍ വേണ്ടിയും (ആകുന്നു അത്). അവരോട് അനീതി കാണിക്കപ്പെടുകയില്ല.
സത്യനിഷേധികള്‍ നരകത്തിങ്കല്‍ വെളിവാക്കപ്പെടുന്ന ദിവസം (അവരോട് പറയപ്പെടും:) നിങ്ങളുടെ വിശിഷ്ട വസ്തുക്കളെല്ലാം ഐഹിക ജീവിതത്തില്‍ നിങ്ങള്‍ പൂര്‍ണമായി അനുഭവിക്കുകയും അവകൊണ്ട് സുഖമെടുക്കുകയും ചെയ്തു. അതുമുഖേന ഒട്ടും ന്യായമില്ലാതെ ഭൂമിയില്‍ അഹംഭാവം കാട്ടുകയും ധിക്കാരം പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരുന്നതിനാല്‍ ഇന്ന് നിങ്ങള്‍ക്ക് അപമാനകരമായ ശിക്ഷ പ്രതിഫലമായി നല്‍കപ്പെടുന്നതാണ്.
ആദ് ഗോത്രത്തിന്റെ സഹോദരനെ (ഹൂദ് നബിയെ) ഓര്‍ക്കുക. അതായത് അഹ്ഖാഫിലുള്ള തന്റെ ജനതയെ അദ്ദേഹം താക്കീതു ചെയ്ത സന്ദര്‍ഭം-അദ്ദേഹത്തിന്റെ മുമ്പും പിറകെയും പല താക്കീതുകാരും കഴിഞ്ഞുപോയിട്ടുണ്ട്-നിങ്ങള്‍ അല്ലാഹുവിനല്ലാതെ ഇബാദത്ത് ചെയ്യരുത്; വമ്പിച്ച ഒരു ദിവസത്തെ ശിക്ഷ നിങ്ങളുടെ മേല്‍ ഞാന്‍ ഭയപ്പെടുക തന്നെ ചെയ്യുന്നു.
അവര്‍ പറഞ്ഞു: ഞങ്ങളുടെ ഇലാഹുകളില്‍ നിന്ന് ഞങ്ങളെ തിരിച്ചുകളയാനാണോ നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്? നീ സത്യവാദികളില്‍ പെട്ടവനാണെങ്കില്‍ നീ ഞങ്ങള്‍ക്ക് നല്‍കുന്ന താക്കീത് (ശിക്ഷ) ഞങ്ങള്‍ക്കിങ്ങ് കൊണ്ടുവാ!
അദ്ദേഹം പറഞ്ഞു: (അതിനെക്കുറിച്ചുള്ള) അറിവ് അല്ലാഹുവിങ്കല്‍ മാത്രമാണ്. ഞാന്‍ എന്തുകൊണ്ട് അയക്കപ്പെട്ടിരിക്കുന്നുവോ അത് നിങ്ങള്‍ക്ക് ഞാന്‍ എത്തിച്ചുതരുന്നു. പക്ഷേ, വിവരമില്ലാത്ത ഒരു ജനതയായാണ് നിങ്ങളെ ഞാന്‍ കാണുന്നത്.
അങ്ങനെ അതിനെ (ആ ശിക്ഷയെ) തങ്ങളുടെ താഴ്‌വരകളുടെ നേരെ മുന്നിട്ടുവരുന്ന ഒരു മേഘമായി കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: 'ഇതാ നമുക്ക് മഴ നല്‍കുന്ന ഒരു മേഘം.' അല്ല, നിങ്ങള്‍ ഏതൊന്നിനെപ്പറ്റി ധൃതി കൂട്ടിയിരുന്നുവോ അതാണത്. അതെ, വേദനാജനകമായ ശിക്ഷയുള്‍ക്കൊള്ളുന്ന ഒരു കാറ്റ്.
തന്റെ രക്ഷിതാവിന്റെ കല്‍പനയനുസരിച്ച് അത് എല്ലാ വസ്തുക്കളെയും തകര്‍ത്തുകളയും. അങ്ങനെ അവര്‍ തങ്ങളുടെ വാസസ്ഥലമല്ലാതെ മറ്റൊന്നും കാണപ്പെടാത്ത നിലയിലായിത്തീര്‍ന്നു. കുറ്റവാളികളായ ജനതക്ക് അപ്രകാരം നാം പ്രതിഫലം കൊടുക്കുന്നു.
നിങ്ങള്‍ക്ക് നാം സൗകര്യം ചെയ്തുതന്നിട്ടില്ലാത്ത പലതിലും അവര്‍ക്ക് (ആദിന്) നാം സൗകര്യം ചെയ്തുകൊടുത്തു. അവര്‍ക്ക് നാം കേള്‍വിയും കാഴ്ചയും ഹൃദയവും നല്‍കിയിരുന്നു. എന്നിട്ട്, അവരുടെ കേള്‍വിയാകട്ടെ കാഴ്ചയാകട്ടെ ഹൃദയമാകട്ടെ അവര്‍ക്ക് ഒട്ടുംതന്നെ ഉപകരിച്ചില്ല. അവര്‍ അല്ലാഹുവിന്റെ ആയത്തുകളെ നിഷേധിച്ചുകൊണ്ടിരുന്നതിനാല്‍! അവര്‍ പരിഹസിച്ചുകൊണ്ടിരുന്നത് (ശിക്ഷ) അവരെ വലയം ചെയ്യുകയുമുണ്ടായി.
നിശ്ചയമായും നിങ്ങളുടെ ചുറ്റുമുള്ള ചില നാടുകളെയും നാം നശിപ്പിച്ചുകളഞ്ഞിട്ടുണ്ട്. അവര്‍ മടങ്ങേണ്ടതിനായി പല ദൃഷ്ടാന്തങ്ങളും വിവിധ രൂപത്തില്‍ നാം വിവരിക്കുകയും ചെയ്തു.
അല്ലാഹുവിനു പുറമെ അവങ്കലേക്ക് അടുപ്പിക്കുവാന്‍ അവര്‍ ഇലാഹുകളാക്കിവെച്ച വസ്തുക്കള്‍ എന്തുകൊണ്ട് അപ്പോള്‍ അവരെ സഹായിച്ചില്ല! അത്രയുമല്ല, ആ ഇലാഹുകള്‍ ഇവരെ വിട്ടുമറഞ്ഞു പോവുകയാണ് ചെയ്തത്. അത് അവരുടെ കള്ള(വാദ)വും അവര്‍ കെട്ടിച്ചമച്ചിരുന്നതുമാകുന്നു.
(നബിയേ,) ജിന്നുകളില്‍ പെട്ട ഒരു സംഘത്തെ ഖുര്‍ആന്‍ ശ്രദ്ധിച്ചുകേള്‍ക്കുന്നവരായി താങ്കളുടെ അടുക്കലേക്ക് നാം തിരിച്ചുവിട്ട സന്ദര്‍ഭം (ഓര്‍ക്കുക). അങ്ങനെ അവര്‍ അതിന്റെ അടുക്കല്‍ സന്നിഹിതരായപ്പോള്‍, നിശ്ശബ്ദരായിരിക്കുക എന്നവര്‍ (തമ്മില്‍) പറഞ്ഞു. അങ്ങനെ ഖുര്‍ആന്‍ പാരായണം നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞപ്പോള്‍ തങ്ങളുടെ ജനതയുടെ അടുക്കലേക്ക് താക്കീത് നല്‍കുന്നവരായുംകൊണ്ട് അവര്‍ തിരിച്ചുപോയി.
(എന്നിട്ട് സ്വജനതയോട്) അവര്‍ പറഞ്ഞു: ഞങ്ങളുടെ ജനങ്ങളേ, നിശ്ചയമായും ഒരു വേദം (പാരായണം ചെയ്യപ്പെടുന്നത്) ഞങ്ങള്‍ കേട്ടു. അതിന്റെ മുമ്പുള്ള വേദങ്ങളെ ശരിവെച്ചുകൊണ്ട് അത് മൂസാ (നബി)ക്ക് ശേഷം അവതരിപ്പിക്കപ്പെട്ടിരിക്കയാണ്. സത്യത്തിലേക്കും ചൊവ്വായ മാര്‍ഗത്തിലേക്കും അത് വഴികാട്ടുന്നു.
ഞങ്ങളുടെ ജനങ്ങളേ, അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുന്ന ആള്‍ക്ക് (ദൂതന്) നിങ്ങള്‍ ഉത്തരം നല്‍കുകയും അദ്ദേഹത്തില്‍ വിശ്വസിക്കുകയും ചെയ്യുക. എന്നാല്‍, നിങ്ങളുടെ തെറ്റുകളില്‍ നിന്ന് അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരികയും വേദനാജനകമായ ശിക്ഷയില്‍ നിന്ന് അവന്‍ നിങ്ങളെ രക്ഷിക്കുകയും ചെയ്യും.
അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആള്‍ക്ക് വല്ലവനും ഉത്തരം ചെയ്യുന്നില്ലെങ്കില്‍ ഭൂമിയില്‍ വെച്ച് അല്ലാഹുവിനെ പരാജയപ്പെടുത്താന്‍ അവന് കഴിയുന്നതല്ല. അവനു പുറമെ യാതൊരു രക്ഷാധികാരികളും തനിക്കുണ്ടായിരിക്കുന്നതുമല്ല. അവര്‍ വ്യക്തമായ വഴിപിഴവിലാകുന്നു.
ആകാശഭൂമികളെ സൃഷ്ടിക്കുകയും അവയെ സൃഷ്ടിച്ചതുകൊണ്ട് ക്ഷീണം ബാധിക്കാതിരിക്കുകയും ചെയ്ത അല്ലാഹു മരിച്ചവരെ ജീവിപ്പിക്കുവാന്‍ കഴിവുള്ളവന്‍ തന്നെയാണെന്ന് അവര്‍ക്കറിഞ്ഞുകൂടേ? അതെ, അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവന്‍ തന്നെയാണ്.
സത്യനിഷേധികള്‍ നരകത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം, ഇത് സത്യം തന്നെയല്ലേ (എന്ന് അവരോട് ചോദിക്കപ്പെടും). അവര്‍ പറയും: അതെ, ഞങ്ങളുടെ രക്ഷിതാവിനെ തന്നെയാണ് (സത്യം). അവന്‍ (അല്ലാഹു) പറയും-എന്നാല്‍ നിങ്ങള്‍ സത്യം നിഷേധിച്ചുകൊണ്ടിരുന്നതിനാല്‍ ശിക്ഷ രുചിനോക്കുക!
അതുകൊണ്ട് (നബിയേ,) റസൂലുകളാകുന്ന ദൃഢചിത്തന്മാര്‍ ക്ഷമിച്ചതുപോലെ താങ്കളും ക്ഷമിച്ചുകൊള്ളുക. അവര്‍ക്കുവേണ്ടി താങ്കള്‍ ധൃതികൂട്ടേണ്ട. അവരോട് താക്കീത് ചെയ്യപ്പെടുന്നത് (ശിക്ഷ) അവര്‍ കാണുന്ന ദിവസം, ഒരു പകലില്‍ നിന്നുള്ള ഒരു മണിക്കൂറല്ലാതെ (ഭൗതിക ലോകത്ത്) അവര്‍ താമസിച്ചിട്ടില്ലെന്ന പോലെയിരിക്കും. (ഇത്) ഒരു പ്രബോധനമാണ്. എന്നാല്‍, ധിക്കാരികളായ ജനതയല്ലാതെ നശിപ്പിക്കപ്പെടുമോ?