ഓ നബീ, അല്ലാഹുവെ സൂക്ഷി(ക്കുന്നതില്‍ താങ്കള്‍ സ്ഥിരമായി നില്‍)ക്കുക. സത്യനിഷേധികളെയും കപടവിശ്വാസികളെയും താങ്കള്‍ അനുസരിക്കരുത്. നിശ്ചയമായും അല്ലാഹു സര്‍വജ്ഞനും യുക്തിയുക്തം പ്രവര്‍ത്തിക്കുന്നവനുമാണ്.
അൽ അഹ്സാബ് الأحزاب Al-Ahzab
സൂറത്ത് അൽ അഹ്സാബ് (Al-Ahzab), ഖുർആൻ അധ്യായം 33 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 73 ആയത്തുകൾ വായിക്കുക. Read Surah Al-Ahzab with Arabic text and മലയാളം translation.
താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെടുന്ന ദിവ്യബോധനം പിന്‍പറ്റി നടക്കുക. നിശ്ചയമായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെ പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു.
താങ്കള്‍ എല്ലാ കാര്യങ്ങളും അല്ലാഹുവിങ്കല്‍ ഭരമേല്‍പിക്കുക. ഭരമേല്‍പിക്കപ്പെടുന്നവനായി അല്ലാഹു തന്നെമതി.
ഒരു മനുഷ്യന്നും അവന്റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദയങ്ങള്‍ സൃഷ്ടിച്ചുകൊടുത്തിട്ടില്ല. നിങ്ങള്‍ `ളിഹാര്‍' ചെയ്യുന്ന സ്വന്തം ഭാര്യമാരെ അവന്‍ നിങ്ങളുടെ മാതാക്കളാക്കിയിട്ടുമില്ല. നിങ്ങളുടെ ദത്തുപുത്രന്മാരെ അവന്‍ നിങ്ങളുടെ (യഥാര്‍ത്ഥ)മക്കളും ആക്കിയിട്ടില്ല. അതൊക്കെ നിങ്ങളുടെ വായകൊണ്ട് പറയുന്ന വെറുംവാക്കുകളാണ്. അല്ലാഹു യഥാര്‍ത്ഥം പറയുന്നു; അവന്‍ സന്മാര്‍ഗം കാട്ടിത്തരികയും ചെയ്യുന്നു.
അവരെ തങ്ങളുടെ പിതാക്കളോട് ചേര്‍ത്തുകൊണ്ട് നിങ്ങള്‍ വിളിച്ചുകൊള്ളുക. അതാണ് അല്ലാഹുവിങ്കല്‍ ഏറ്റവും നീതിയായിട്ടുള്ളത്. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ക്കറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരന്മാരും നിങ്ങളുടെ ബന്ധപ്പെട്ടവരും ആകുന്നു. നിങ്ങളുടെ പക്കല്‍ നിന്ന് അബദ്ധം വന്നുപോയതില്‍ കുറ്റമൊന്നുമില്ല; പക്ഷെ മനഃപൂര്‍വം ചെയ്‌തതിലാണ് കുറ്റമുള്ളത്. അല്ലാഹു വളരെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.
നബി സത്യവിശ്വാസികളോട് അവരുടെ സ്വന്തം ദേഹങ്ങളേക്കാള്‍ ബന്ധപ്പെട്ടവരാണ്. നബിയുടെ ഭാര്യമാര്‍ സത്യവിശ്വാസികളുടെ മാതാക്കളുമാണ്. രക്തബന്ധമുള്ളവര്‍, അവരില്‍ ചിലര്‍ (അനന്തരാവകാശമെടുക്കുന്നതില്‍) ചിലരോട് അല്ലാഹുവിന്റെ നിയമത്തില്‍ (അന്യരായ) സത്യവിശ്വാസികളേക്കാളും മുഹാജിറുകളെക്കാളും കൂടുതല്‍ ബന്ധപ്പെട്ടവരാകുന്നു. എന്നാല്‍ നിങ്ങളുടെ മിത്രങ്ങള്‍ക്ക് വല്ല ഉപകാരവും ചെയ്‌തുകൊടുക്കുന്നതായാല്‍ അതിനു തടസ്സമൊന്നുമില്ല. ഇതെല്ലാം അല്ലാഹുവിന്റെ നിയമത്തില്‍ രേഖപ്പെട്ടതാകുന്നു.
നബിമാരില്‍ നിന്ന് താങ്കളില്‍ നിന്നും നൂഹ്, ഇബ്‌റാഹീം, മൂസാ, മര്‍യമിന്റെ മകന്‍ ഈസാ എന്നിവരില്‍ നിന്നും-നാം അവരുടെ ഉറപ്പ് വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക). അവരില്‍ നിന്ന് നാം ഗൗരവപ്പെട്ട കരാറാണ് വാങ്ങിയത്.
സത്യവാന്മാരോട് അവരുടെ സത്യത്തെക്കുറിച്ച് അല്ലാഹു ചോദിക്കേണ്ടതിന് വേണ്ടിയാകുന്നു (അങ്ങനെ കരാര്‍ വാങ്ങിയത്). സത്യനിഷേധികള്‍ക്ക് വേദനിക്കുന്ന ശിക്ഷ അവന്‍ ഒരുക്കിവെക്കുകയും ചെയ്‌തിരിക്കുന്നു.
സത്യവിശ്വാസികളേ, നിങ്ങളുടെ അടുക്കല്‍ കുറേ സൈന്യങ്ങള്‍ വരികയും അപ്പോള്‍ ശക്തിയായ ഒരു കാറ്റിനെയും നിങ്ങള്‍ കണ്ടിട്ടില്ലാത്ത കുറേ സൈന്യങ്ങളെയും അവരുടെ നേരെ നാം അയക്കുകയും ചെയ്‌ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്‌തുതന്ന അനുഗ്രഹം ഓര്‍ക്കുക. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപറ്റി അല്ലാഹു നല്ലവണ്ണം കണ്ടറിയുന്നവനായിരുന്നു.
അതായത് മുകള്‍ ഭാഗത്തുകൂടിയും താഴ്‌ഭാഗത്തുകൂടിയും ആ സൈന്യങ്ങള്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭത്തില്‍; കണ്ണുകള്‍ നിലതെറ്റിപ്പോവുകയും ഹൃദയങ്ങള്‍ തൊണ്ടകളില്‍ എത്തുകയും നിങ്ങള്‍ അല്ലാഹുവിനെ പറ്റി ചില ധാരണകള്‍ ധരിക്കുകയും ചെയ്‌ത സന്ദര്‍ഭത്തില്‍.
അവിടെ വെച്ച് സത്യവിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടാ വിറപ്പിക്കപ്പെടുകയും ചെയ്‌തു.
`അല്ലാഹുവും അവന്റെ റസൂലും വഞ്ചനയല്ലാതെ മറ്റൊന്നും നമ്മോട് വാഗ്‌ദാനം ചെയ്‌തിട്ടില്ല' എന്ന് കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക).
അവരില്‍ നിന്ന് ഒരു വിഭാഗം പറഞ്ഞ സന്ദര്‍ഭവും (സ്‌മരണീയമാണ്): `യസ്‌രിബ്(മദീന)കാരേ, നിങ്ങള്‍ക്കിനി യാതൊരു നിലനില്‍പുമില്ല. അതുകൊണ്ട് മടങ്ങിക്കൊള്ളുക'. അവരില്‍ നിന്ന് ഒരു വിഭാഗം ആളുകള്‍ (യുദ്ധസ്ഥലം വിട്ടുപോകുവാന്‍) നബിയോട് സമ്മതം ചോദിക്കുകയും ചെയ്യുന്നു. `ഞങ്ങളുടെ വീടുകള്‍ അരക്ഷിതാവസ്ഥയിലാണ്' എന്നാണ് അവരുടെ ഭാഷ്യം. വാസ്‌തവത്തില്‍ അവ അരക്ഷിതമല്ല. യുദ്ധരംഗത്തുനിന്ന് ഓടിപ്പോവുക മാത്രമാണ് അവരുദ്ദേശിക്കുന്നത്.
മദീനയുടെ ഭാഗങ്ങളില്‍ കൂടി ശത്രുക്കള്‍ അതില്‍ അവരുടെ അടുത്ത് പ്രവേശിക്കുകയും എന്നിട്ട് ഇക്കൂട്ടരോട് കുഴപ്പമുണ്ടാക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്‌താല്‍ നിശ്ചയമായും അവത് ചെയ്‌തുകൊടുക്കുന്നതാണ്. അല്‍പസമയമേ അവരതിന് താമസം വരുത്തൂ.
തങ്ങള്‍ (യുദ്ധത്തില്‍ നിന്ന്) പിന്തിരിഞ്ഞു പോകുകയില്ലെന്ന് നിശ്ചയമായും അവര്‍ ഇതിനുമുമ്പ് അല്ലാഹുവുമായി കരാര്‍ ചെയ്‌തിട്ടുണ്ടായിരുന്നു. അല്ലാഹുവുമായി ചെയ്‌ത കരാര്‍ ചോദ്യം ചെയ്യപ്പെടുന്നതാണ്.
(നബിയേ,) പറയുക: മരണത്തെയോ കൊലയെയോ ഭയന്ന് ഓടിപ്പോകുന്ന പക്ഷം ആ ഓട്ടം നിങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നതല്ല. എങ്കില്‍ തന്നെ കുറച്ചുകാലമല്ലാതെ നിങ്ങള്‍ക്ക് ജീവിതസുഖം നല്‍കപ്പെടുന്നതുമല്ല.
ചോദിക്കുക: അല്ലാഹു നിങ്ങള്‍ക്ക് വല്ല തിന്മയും ഉദ്ദേശിക്കുകയോ എന്തെങ്കിലും കാരുണ്യം വിചാരിക്കുകയോ ചെയ്‌താല്‍ അവനില്‍ നിന്ന് നിങ്ങളെ തടുക്കുന്നവന്‍ ആരാണ്? അല്ലാഹുവിനു പുറമെ ഒരു രക്ഷാധികാരിയെയോ സഹായകനെയോ അവര്‍ക്ക് കിട്ടുകയില്ല.
നിങ്ങളിലുള്ള പിന്തിരിപ്പന്മാരെയും, `ഞങ്ങളുടെ അടുക്കലേക്ക് വരിക' എന്ന് തങ്ങളുടെ സഹോദരന്മാരോട് പറയുന്നവരെയും നിശ്ചയമായും അല്ലാഹു അറിയുന്നുണ്ട്. അവര്‍ വളരെ അപൂര്‍വമായിട്ടേ യുദ്ധത്തിനു വരികയുള്ളു;
നിങ്ങളുടെ മേല്‍ പിശുക്കന്മാരായും കൊണ്ട്. എന്നിട്ട് യുദ്ധഭയം വന്നെത്തിയാല്‍ അവര്‍ താങ്കളുടെ നേരെ നോക്കുന്നതായി കാണാം; മരണം (ആസന്നമായതു)മൂലം ബോധക്ഷയം ബാധിച്ചവനെപ്പോലെ. അവരുടെ കണ്ണുകള്‍ അങ്ങുമിങ്ങും മറിഞ്ഞുകൊണ്ടിരിക്കും. അങ്ങനെ ഭയം നീങ്ങിയാല്‍ അവര്‍ മൂര്‍ച്ചയേറിയ നാവുകളാല്‍ നിങ്ങളെ സൈ്വരം കെടുത്തും; നന്മയില്‍ പിശുക്കന്മാരായും കൊണ്ട്. അക്കൂട്ടര്‍ വാസ്‌തവത്തില്‍ സത്യവിശ്വാസം സ്വീകരിച്ചിട്ടില്ല. തന്നിമിത്തം അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെ നിഷ്‌ഫലമാക്കിയിരിക്കുന്നു. അത് അല്ലാഹുവിന് ഒരു നിസ്സാരകാര്യമാണ്.
സഖ്യകക്ഷികള്‍ സ്ഥലം വിട്ട് പോയിട്ടില്ലെന്ന് അവര്‍ വിചാരിക്കുന്നു. ഇനി സഖ്യകക്ഷികള്‍ വീണ്ടും വരികയാണെങ്കിലോ, നിങ്ങളുടെ വാര്‍ത്തകള്‍ ചോദിച്ചറിഞ്ഞുകൊണ്ട് ഗ്രാമവാസികള്‍ക്കിടയില്‍ പോയി താമസിച്ചാല്‍ കൊള്ളാമെന്ന് അവര്‍ ആഗ്രഹിക്കും. അവര്‍ നിങ്ങളോടുകൂടെ ഉണ്ടായിരുന്നാലും അല്‍പം മാത്രമല്ലാതെ അവര്‍ യുദ്ധം ചെയ്യുകയില്ല.
നിശ്ചയമായും അല്ലാഹുവിന്റെ റസൂലില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട്, അതായത് അല്ലാഹുവിനെയും അന്ത്യനാളിനെയും ഭയപ്പെടുകയും അല്ലാഹുവിനെ അധികം ഓര്‍ക്കുകയും ചെയ്യുന്നവര്‍ക്ക്.
(എതിരാളികളായ) സഖ്യകക്ഷികളെ കണ്ടപ്പോള്‍ സത്യവിശ്വാസികള്‍ പറഞ്ഞു: `അല്ലാഹുവും അവന്റെ റസൂലും നമ്മോട് വാഗ്‌ദാനം ചെയ്‌തതാണിത്. അല്ലാഹുവും അവന്റെ റസൂലും പറഞ്ഞത് സത്യമാണ്.' അത് (ആ വാഗ്‌ദാനം) അവര്‍ക്ക് സത്യവിശ്വാസവും അനുസരണബോധവും മാത്രമേ വര്‍ദ്ധിപ്പിച്ചുള്ളു.
സത്യവിശ്വാസികളില്‍ ചില പുരുഷന്മാരുണ്ട്. ഏതൊരു കാര്യത്തെക്കുറിച്ച് അല്ലാഹുവുമായി കരാര്‍ ചെയ്‌തിരിക്കുന്നുവോ അതവര്‍ സാക്ഷാത്‌കരിച്ചിരിക്കുന്നു. അങ്ങനെ തന്റെ നേര്‍ച്ച നിറവേറ്റിയവര്‍ അവരിലുണ്ട്. അതിനവസരം പാര്‍ത്തുകൊണ്ടിരിക്കുന്നവരും അവരിലുണ്ട്. അവര്‍ (തങ്ങളുടെ കരാറിന്) യാതൊരു വിധ മാറ്റവും വരുത്തിയിട്ടുമില്ല.
സത്യവാന്മാര്‍ക്ക് അവരുടെ സത്യപാലനത്തിന് അല്ലാഹു പ്രതിഫലം നല്‍കുവാനും അവന്‍ ഉദ്ദേശിക്കുന്ന പക്ഷം കപടവിശ്വാസികളെ ശിക്ഷിക്കുകയോ അവരുടെ തൗബ സ്വീകരിക്കുകയോ ചെയ്യുവാനും വേണ്ടിയാണ് (ഇങ്ങനെയുള്ള പരീക്ഷണ ഘട്ടങ്ങള്‍ അല്ലാഹു ഏര്‍പെടുത്തുന്നത്). നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനും പരമകാരുണികനുമായിട്ടുള്ളവനാണ്.
സത്യനിഷേധികളെ അവരുടെ കോപത്തോടുകൂടി തന്നെ-യാതൊരു ഗുണവും നേടാതെ-(യുദ്ധരംഗത്തുനിന്ന്) അല്ലാഹു മടക്കി അയച്ചു. സത്യവിശ്വാസികള്‍ക്ക് അല്ലാഹു യുദ്ധം മതിയാക്കി (ആവശ്യമില്ലാതെയാക്കി) കൊടുക്കുകയും ചെയ്‌തു. അല്ലാഹു ശക്തനും പ്രതാപവാനുമാകുന്നു.
വേദക്കാരില്‍നിന്ന് സഖ്യകക്ഷികളെ സഹായിച്ചവരെ തങ്ങളുടെ കോട്ടകളില്‍ നിന്നവന്‍ ഇറക്കിയയക്കുകയും അവരുടെ ഹൃദയങ്ങളില്‍ ഭയം അങ്കുരിപ്പിക്കുകയും ചെയ്‌തു. അവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ കൊല്ലുകയും ഒരുവിഭാഗത്തെ ബന്ധനത്തിലാക്കുകയും ചെയ്‌തു.
അവരുടെ ഭൂമിയും ഭവനങ്ങളും സ്വത്തുക്കളും നിങ്ങള്‍ (ഇതുവരെ) കാലെടുത്തുവെച്ചിട്ടില്ലാത്ത ഭൂമിയും അവന്‍ നിങ്ങള്‍ക്ക് അവകാശപ്പെടുത്തിത്തരികയുമുണ്ടായി. അല്ലാഹു എല്ലാ കാര്യത്തിനും നല്ലവണ്ണം കഴിവുള്ളവനാണ്.
(നബിയേ,) താങ്കള്‍ ഭാര്യമാരോട് പറയുക: നിങ്ങള്‍ ഐഹിക ജീവിതത്തെയും അതിന്റെ അലങ്കാരത്തെയും ഉദ്ദേശിക്കുകയാണെങ്കില്‍ വരിക. ഞാന്‍ നിങ്ങള്‍ക്ക് `മുത്‌അത്ത്'(മോചനവിഭവം) നല്‍കുകയും മാന്യമായ നിലയില്‍ ബന്ധം വിടര്‍ത്തിത്തരികയും ചെയ്യാം.
നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും പരലോകത്തെയുമാണുദ്ദേശിക്കുന്നതെങ്കില്‍ നിശ്ചയമായും നിങ്ങളില്‍ പുണ്യവതികള്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്.
നബിയുടെ ഭാര്യമാരേ, നിങ്ങളില്‍ ആരെങ്കിലും ഒരു വ്യക്തമായ ദുര്‍വൃത്തി ചെയ്യുന്നതായാല്‍ അവര്‍ക്ക് ഇരട്ടിശിക്ഷ നല്‍കപ്പെടുന്നതാണ്. അത് അല്ലാഹുവിന് വളരെ ലഘുവായ ഒരു കാര്യമാകുന്നു.
നിങ്ങളില്‍ ആരെങ്കിലും അല്ലാഹുവിനും അവന്റെ റസൂലിനും വഴിപ്പെടുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്‌താല്‍ അവളുടെ പ്രതിഫലം ഇരട്ടിയായി നാം നല്‍കുന്നതാണ്. വളരെ മാന്യമായ ഉപജീവനം അവള്‍ക്ക് നാം ഒരുക്കിവെക്കുകയും ചെയ്‌തിരിക്കുന്നു.
നബിയുടെ ഭാര്യമാരേ, നിങ്ങള്‍ മറ്റുസ്‌ത്രീകളില്‍ പെട്ട ആരെപോലെയുമല്ല, നിങ്ങള്‍ ഭയഭക്തി (സൂക്ഷ്‌മത) കാണിക്കുന്ന പക്ഷം. അതുകൊണ്ട് നിങ്ങള്‍ (അന്യപുരുഷന്മാരുമായി സംസാരിക്കുമ്പോള്‍) സംസാരത്തില്‍ താഴ്‌മ(സൗമ്യത) കാണിക്കരുത്. കാരണം അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. നിങ്ങള്‍ (അവരോട്) മര്യാദയുള്ള വാക്ക് പറഞ്ഞേക്കുക.
സ്വഗൃഹങ്ങളില്‍ നിങ്ങള്‍ അടങ്ങിയിരിക്കുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രദര്‍ശനം പോലെ നിങ്ങള്‍ സൗന്ദര്യം പ്രദര്‍ശിപ്പിക്കരുത്. നിങ്ങള്‍ നമസ്‌കാരം മുറപ്രകാരം അനുഷ്‌ഠിക്കുകയും സക്കാത്ത് കൊടുക്കുകയും അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയും ചെയ്യുക. നബിയുടെ വീട്ടുകാരേ, നിങ്ങളില്‍ നിന്ന് മാലിന്യം നീക്കിക്കളയുവാനും നിങ്ങളെ നല്ലവണ്ണം ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.
നിങ്ങളുടെ വീടുകളില്‍ ഓതപ്പെടുന്ന അല്ലാഹുവിന്റെ വാക്യങ്ങളെയും വിജ്ഞാനങ്ങളെയും നിങ്ങള്‍ ഓര്‍ക്കുക. നിശ്ചയമായും അല്ലാഹു നിഗൂഢജ്ഞാനമുള്ളവനും സൂക്ഷ്‌മമായ അറിവുള്ളവനുമാകുന്നു.
നിശ്ചയമായും മുസ്‌ലിംകളായ പുരുഷന്മാരും സ്‌ത്രീകളും ഈമാനുള്ള പുരുഷന്മാരും സ്‌ത്രീകളും ഭക്തന്മാരായ പുരുഷന്മാരും സ്‌ത്രീകളും സത്യവാന്മാരായ പുരുഷന്മാരും സ്‌ത്രീകളും ക്ഷമയുള്ള പുരുഷന്മാരും സ്‌ത്രീകളും ഭയപ്പെടുന്ന പുരുഷന്മാരും സ്‌ത്രീകളും; ദാനധര്‍മം ചെയ്യുന്ന പുരുഷന്മാരും സ്‌ത്രീകളും നോമ്പനുഷ്‌ഠിക്കുന്ന പുരുഷന്മാരും സ്‌ത്രീകളും തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ കാത്തുസൂക്ഷിക്കുന്ന പുരുഷന്മാരും സ്‌ത്രീകളും അല്ലാഹുവിനെ ധാരാളം ഓര്‍മിക്കുന്ന പുരുഷന്മാരും സ്‌ത്രീകളും ഇവര്‍ക്കെ ല്ലാം അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു
അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനോ സ്‌ത്രീക്കോ തങ്ങളുടെ കാര്യത്തില്‍ മറ്റൊരഭിപ്രായമുണ്ടായിരിക്കാന്‍ പാടുള്ളതല്ല. അല്ലാഹുവിനോടും അവന്റെ റസൂലിനോടും ആരെങ്കിലും അനുസരണക്കേട് കാണിക്കുന്നുവെങ്കില്‍ നിശ്ചയമായും അവന്‍ വ്യക്തമായ ദുര്‍മാര്‍ഗത്തില്‍ അകപ്പെട്ടുകഴിഞ്ഞു.
(നബിയേ,) അല്ലാഹുവും താങ്കളും അനുഗ്രഹം ചെയ്‌തുകൊടുത്ത ആളോട് താങ്കള്‍ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): `നിന്റെ ഭാര്യയെ (വിവാഹമോചനം ചെയ്യാതെ) നീ വെച്ചുകൊണ്ടിരിക്കുക. അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക.' അല്ലാഹു വെളിവാക്കുവാന്‍ പോകുന്ന ഒരു കാര്യം മനസ്സില്‍ താങ്കള്‍ മറച്ചുവെക്കുകയാണ്. താങ്കള്‍ ഭയപ്പെടുവാന്‍ ഏറ്റവും അവകാശപ്പെട്ടവന്‍ അല്ലാഹുവായിട്ടും ജനങ്ങളെ ഭയപ്പെടുന്നു. അങ്ങനെ സൈദ് അവളെ സംബന്ധിച്ചു ആവശ്യം പൂര്‍ണമായി നിര്‍വഹിച്ചുകഴിഞ്ഞപ്പോള്‍ അവളെ താങ്കള്‍ക്ക് നാം ഭാര്യയാക്കിത്തന്നു. ദത്തുപുത്രന്മാരുടെ ഭാര്യമാരെ വിവാഹം ചെയ്യുന്നതില്‍-അവര്‍ ഭാര്യമാരെ സംബന്ധിച്ച് തങ്ങളുടെ ആവശ്യം പൂര്‍ണമായി നിര്‍വഹിച്ചുകഴിഞ്ഞാല്‍-സത്യവിശ്വാസികളുടെ മേല്‍ യാതൊരു വിഷമവും ഉണ്ടാകാതിരിക്കുവാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്‌തത്). അല്ലാഹുവിന്റെ കല്‍പന നടപ്പില്‍ വരുത്തപ്പെടുന്നതാകുന്നു.
തനിക്ക് അല്ലാഹു നിശ്ചയിച്ചു(അനുവദിച്ചു) കൊടുത്തകാര്യം ചെയ്യുന്നതിനു നബിക്ക് യാതൊരു കുറ്റവുമില്ല; മുമ്പ് കഴിഞ്ഞുപോയവരില്‍ അല്ലാഹു നടപ്പില്‍ വരുത്തിയ അവന്റെ നടപടി പോലെത്തന്നെ. അല്ലാഹുവിന്റെ കല്‍പന വ്യവസ്ഥാപിതമായ ഒരു ഖണ്ഡിത തീരുമാനമാകുന്നു.
അതായത് അല്ലാഹുവിന്റെ ദൗത്യങ്ങളെ എത്തിച്ചുകൊടുക്കുന്നവരും അവനെ ഭയപ്പെടുന്നവരും അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടാത്തവരുമായവര്‍. സഹായിക്കുന്നവനായി അല്ലാഹുതന്നെ മതി.
മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല; പക്ഷെ അല്ലാഹുവിന്റെ റസൂലും നബിമാരില്‍ അന്തിമരുമാണ്. അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും അഗാധജ്ഞാനമുള്ളവനാകുന്നു.
സത്യവിശ്വാസികളേ, നിങ്ങള്‍ ധാരാളമായി അല്ലാഹുവിന് ദിക്ര്‍ ചൊല്ലുക.
രാവിലെയും വൈകുന്നേരവും അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുകയും ചെയ്യുക.
ഇരുട്ടുകളില്‍ നിന്ന് പ്രകാശത്തിലേക്ക് വരുത്തുവാനായി നിങ്ങളെ അല്ലാഹു അനുഗ്രഹിക്കുകയും അവന്റെ മലക്കുകള്‍ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. സത്യവിശ്വാസികളോട് വളരെ കരുണയുള്ളവനാണവന്‍.
അവനെ കാണുന്ന ദിവസം അവരുടെ അഭിവാദ്യം `സലാം' ആയിരിക്കുന്നതാണ്. അവര്‍ക്ക് മാന്യമായ പ്രതിഫലം അവന്‍ ഒരുക്കിവെക്കുകയും ചെയ്‌തിരിക്കുന്നു.
ഓ നബിയേ, നിശ്ചയമായും താങ്കളെ സാക്ഷിയും സന്തോഷവാര്‍ത്താവാഹകനും താക്കീതുകാരനും ആയി നാം അയച്ചിരിക്കുന്നു.
അല്ലാഹുവിങ്കലേക്ക് അവന്റെ കല്‍പനയനുസരിച്ച് ക്ഷണിക്കുന്നയാളും പ്രകാശം നല്‍കുന്ന ഒരു വിളക്കും (ആയി നാം അയച്ചിരിക്കുന്നു).
നിശ്ചയമായും സത്യവിശ്വാസികള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് വമ്പിച്ച ഔദാര്യം ലഭിക്കുമെന്ന് താങ്കള്‍ അവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.
താങ്കള്‍ സത്യനിഷേധികളെയും കപടവിശ്വാസികളെയും അനുസരിക്കരുത്; അവരുടെ ശല്യം അവഗണിച്ചു വിട്ടേക്കുകയും അല്ലാഹുവിങ്കല്‍ ഭരമേല്‍പിക്കുകയും ചെയ്യുക. ഭരമേല്‍പിക്കപ്പെടുന്നവനായി അല്ലാഹുതന്നെ മതി.
സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം ചെയ്യുകയും എന്നിട്ട് സ്‌പര്‍ശിക്കും മുമ്പ് തന്നെ വിവാഹബന്ധം വേര്‍പെടുത്തുകയും ചെയ്‌താല്‍ എണ്ണിക്കണക്കാക്കുന്ന `ഇദ്ദ' ആചരിക്കേണ്ട ബാധ്യത അവര്‍ക്ക് നിങ്ങളോടില്ല. അതുകൊണ്ട് അവര്‍ക്ക് മോചന വിഭവം നല്‍കുകയും ഭംഗിയായ നിലക്ക് പിരിച്ചയക്കുകയും ചെയ്യുക.
ഓ നബീ, നിശ്ചയമായും താങ്കള്‍ മഹ്‌ര്‍ കൊടുത്ത ഭാര്യമാരെ നാം അനുവദനീയമാ ക്കിത്തന്നിരിക്കുന്നു. അല്ലാഹു യുദ്ധത്തില്‍ കൈവശപ്പെടുത്തിത്തന്നവരില്‍ നിന്ന് താങ്കള്‍ ഉടമയാക്കിയ സ്‌ത്രീകളെയും (മദീനയിലേക്ക്) താങ്കളോടൊപ്പം ഹിജ്‌റ പോന്നവരായ പിതൃസഹോദര പുത്രിമാര്‍, പിതൃസഹോദരീ പുത്രിമാര്‍, മാതൃസഹോദര പുത്രിമാര്‍, മാതൃസഹോദരീ പുത്രിമാര്‍ എന്നിവരെയും ഒരു സത്യവിശ്വാസിനി തന്റെ ദേഹം പ്രവാചകനു ദാനം ചെയ്‌തു എങ്കില്‍, നബി അവളെ വിവാഹം ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന പക്ഷം-സത്യവിശ്വാസികള്‍ക്കൊന്നും ബാധകമല്ലാതെ താങ്കള്‍ക്ക് മാത്രമുള്ളതെന്ന നിലക്ക്-അവളെയും (നാം അനുവദനീയമാക്കിത്തന്നിരിക്കുന്നു).നിശ്ചയമായും നമുക്കറിയാം, സത്യവിശ്വാസികളുടെ ഭാര്യമാരുടെയും അവര്‍ ഉടമയാക്കിയവരുടെ(വെള്ളാട്ടികളുടെ)യും കാര്യത്തില്‍ അവരുടെ മേല്‍ നാം നിയമമാക്കിയതെന്താണെന്ന്. താങ്കള്‍ക്ക് യാതൊരു വിധ വിഷമവും ഉണ്ടാവാതിരിക്കുവാനാണ് (ഇതെല്ലാം അനുവദിച്ചത്). അല്ലാഹു വളരെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.
അവരില്‍ (ഭാര്യമാരില്‍) നിന്ന് ഉദ്ദേശിക്കുന്നവരെ താങ്കള്‍ക്ക് പുറകോട്ട് മാറ്റിനിറുത്താം; ഉദ്ദേശിക്കുന്നവരെ താങ്കളിലേക്ക് അടുപ്പിക്കുകയും ചെയ്യാം. മാറ്റിനിറുത്തിയവരിലാരെയെങ്കിലും താങ്കളാവശ്യപ്പെടുന്നതായാല്‍ തിരിച്ചെടുക്കുന്നതിനും തെറ്റൊന്നുമില്ല. അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും അവര്‍ ദുഃഖിക്കാതിരിക്കുവാനും താങ്കള്‍ നല്‍കിയതുകൊണ്ട് അവരെല്ലാവരും തൃപ്‌തിപ്പെടാനും ഏറ്റവും അനുയോജ്യമായ വഴിയാണത്. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നുണ്ട്. അല്ലാഹു സര്‍വജ്ഞനും സഹനമുള്ളവനുമാകുന്നു.
അവര്‍ക്കു ശേഷം താങ്കള്‍ക്ക് സ്‌ത്രീകള്‍ (ഭാര്യമാര്‍) അനുവദനീയമാകുന്നതല്ല. ഇവര്‍ക്കു പകരം മറ്റുഭാര്യമാരെ സ്വീകരിക്കലും-അവരുടെ സൗന്ദര്യം താങ്കളെ ആശ്ചര്യപ്പെടുത്തിയാലും-അനുവദനീയമല്ല. താങ്കള്‍ ഉടമയാക്കിയവര്‍ (അടിമസ്‌ത്രീകള്‍) ഒഴികെ. (അവരെ സ്വീകരിക്കാം.) അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും സൂക്ഷ്‌മവീക്ഷണം ചെയ്‌തുകൊണ്ടിരിക്കുന്നവനാകുന്നു.
സത്യവിശ്വാസികളേ, വല്ല ഭക്ഷണവും കഴിക്കുവാന്‍ ക്ഷണിച്ചുകൊണ്ട് അനുവാദം കിട്ടിയാലല്ലാതെ നിങ്ങള്‍ നബിയുടെ വീടുകളില്‍ പ്രവേശിക്കരുത്. അത് പാകമാകുന്നത് നോക്കിക്കൊണ്ടിരിക്കുന്നവരാവാത്ത നിലക്ക് (വേണം പ്രവേശിക്കുന്നത്). എന്നാല്‍ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ പ്രവേശിക്കുകയും ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞുപോവുകയും ചെയ്യുക. വല്ല വര്‍ത്തമാനത്തിനും വേണ്ടി രസംകൊള്ളുന്നവരായി അവിടെ നില്‍ക്കരുത്. നിശ്ചയമായും അതെല്ലാം നബിയെ ശല്യപ്പെടുത്തുന്നതാണ്. അപ്പോള്‍ നിങ്ങളോട് അത് തുറന്നുപറയുവാന്‍ അവിടന്ന് ലജ്ജിക്കുന്നു. സത്യം തുറന്നുപറയാന്‍ അല്ലാഹു ലജ്ജിക്കുകയില്ല. നബിയുടെ സഹധര്‍മിണിമാരോട് വല്ല സാധനവും ചോദിക്കുന്നപക്ഷം മറയുടെ പിന്നില്‍ നിന്നുകൊണ്ട് അവരോടത് ചോദിക്കുക. നിങ്ങളുടെയും അവരുടെയും ഹൃദയങ്ങള്‍ക്ക് കൂടുതല്‍ ശുദ്ധമായിട്ടുള്ളത് അതാണ്. അല്ലാഹുവിന്റെ റസൂലിനെ ശല്യപ്പെടുത്തുവാന്‍ നിങ്ങള്‍ക്ക് പാടില്ല. നബിക്ക് ശേഷം അവിടത്തെ ഭാര്യമാരെ ഒരിക്കലും വിവാഹം ചെയ്യുവാനും നിങ്ങള്‍ക്ക് പാടില്ല. നിശ്ചയമായും അതെല്ലാം അല്ലാഹുവിങ്കല്‍ വളരെ ഗൗരവമേറിയ കാര്യമാണ്.
നിങ്ങള്‍ വല്ല കാര്യവും വെളിപ്പെടുത്തുകയോ മറച്ചുവെക്കുകയോ ചെയ്യുന്നുവെങ്കില്‍ (അതിന് അല്ലാഹുവിങ്കല്‍ നിന്ന് പ്രതിഫലം ലഭിക്കും). നിശ്ചയമായും എല്ലാ കാര്യങ്ങളെ കുറിച്ചും അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്.
സ്വന്തം പിതാക്കള്‍, പുത്രന്മാര്‍, സഹോദരന്മാര്‍, സഹോദര പുത്രന്മാര്‍, സഹോദരീപുത്രന്മാര്‍, തങ്ങളെ പോലെയുള്ള സ്‌ത്രീകള്‍, തങ്ങള്‍ ഉടമപ്പെടുത്തിയവര്‍ എന്നിവരില്‍ (അവരെ നേരിട്ട് കാണുന്നതില്‍) അവര്‍ക്ക് (പ്രവാചക പത്‌നിമാര്‍ക്ക്) കുറ്റമൊന്നുമില്ല. (നബിയുടെ ഭാര്യമാരേ,) നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹു എല്ലാ കാര്യങ്ങളും കാണുന്നവനാകുന്നു.
നിശ്ചയമായും അല്ലാഹുവും അവന്റെ മലക്കുകളും നബിയുടെ മേല്‍ സ്വലാത്ത് നിര്‍വഹിക്കുന്നുണ്ട്. സത്യവിശ്വാസികളേ, നബിയുടെ മേല്‍ നിങ്ങളും സ്വലാത്തും സലാമും ചൊല്ലുക.
അല്ലാഹുവിനെയും അവന്റെ റസൂലിനെയും ശല്യപ്പെടുത്തുന്നവരെ നിശ്ചയമായും ഇഹലോകത്തും പരലോകത്തും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ക്ക് അപമാനകരമായ ശിക്ഷ അവന്‍ ഒരുക്കിവെച്ചിട്ടുണ്ട്.
സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും-അവര്‍ പ്രവര്‍ത്തിച്ചതല്ലാത്തതിന്റെ പേരില്‍-ശല്യപ്പെടുത്തുന്നവര്‍ വമ്പിച്ച വ്യാജവാര്‍ത്തയും വ്യക്തമായ കുറ്റവുമാണ് ഏറ്റെടുത്തിരിക്കുന്നത്.
ഓ നബിയേ, താങ്കളുടെ ഭാര്യമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്‌ത്രീകളോടും, തങ്ങളുടെ മേല്‍വസ്‌ത്രങ്ങളില്‍ നിന്ന് കുറേഭാഗം അവരുടെ മേല്‍ താഴ്‌ത്തിയിട്ടുകൊള്ളണമെന്ന് താങ്കള്‍ പറയുക. അതാണ് അവര്‍ തിരിച്ചറിയപ്പെടുവാന്‍ ഏറ്റവും എളുപ്പം. അപ്പോഴവര്‍ക്ക് ശല്യം ബാധിക്കുകയില്ല. അല്ലാഹു വളരെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.
കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും മദീനയില്‍ (കള്ളവാര്‍ത്ത പ്രചരിപ്പിച്ചു) ഭീതിജനിപ്പിക്കുന്നവരും വിരമിക്കാത്ത പക്ഷം അവര്‍ക്കെതിരില്‍ നടപടിയെടുക്കുവാന്‍ (നബിയേ,) താങ്കളെ നാം നിശ്ചയമായും പ്രേരിപ്പിക്കും. പിന്നീട് അല്‍പം മാത്രമേ അവര്‍ അവിടെ താങ്കളോട് അയല്‍വാസം നടത്തുകയുള്ളു;
(അതുതന്നെയും) അവര്‍ ശപിക്കപ്പെട്ടവരായ നിലയില്‍. എവിടെവെച്ചു കണ്ടുമുട്ടിയാലും അവര്‍ പിടിക്കപ്പെടുകയും നിര്‍ദ്ദയം അറുകൊല നടത്തപ്പെടുകയും ചെയ്യുന്നതാണ്.
മുമ്പ് കഴിഞ്ഞുപോയവരില്‍ അല്ലാഹു സ്വീകരിച്ച നടപടിക്രമം തന്നെ. അല്ലാഹുവിന്റെ നടപടിക്രമത്തിന് യാതൊരു മാറ്റവും താങ്കള്‍ കണ്ടെത്തുന്നതല്ല.
അന്ത്യസമയത്തെപ്പറ്റി ആളുകള്‍ താങ്കളോട് ചോദിക്കുന്നു. അതിനെക്കുറിച്ചുള്ള അറിവ് അല്ലാഹുവിങ്കല്‍ മാത്രമാണെന്ന് താങ്കള്‍ പറയുക. (നബിയേ,) താങ്കള്‍ക്ക് അതുസംബന്ധിച്ച് എന്ത് അറിവാണുള്ളത്? അന്ത്യസമയം അടുത്തുതന്നെ ഉണ്ടായെന്നുവരാം.
നിശ്ചയമായും സത്യനിഷേധികളെ അല്ലാഹു ശപിച്ചിരിക്കുന്നു. ജ്വലിക്കുന്ന അഗ്നി അവര്‍ക്കവന്‍ ഒരുക്കിവെച്ചിട്ടുമുണ്ട്.
അതിലവര്‍ നിരന്തരവാസികളാണ്. ഒരു രക്ഷകനെയും സഹായിയെയും അവരവിടെ കണ്ടെത്തുകയില്ല.
നരകത്തില്‍ തങ്ങളുടെ മുഖങ്ങളെ മറിച്ചിടപ്പെടുന്ന ദിവസം അവര്‍ പറയും: ഹാ, ഞങ്ങള്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ!
അവര്‍ (ഇങ്ങനെയും) പറയും: `ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ നേതാക്കളെയും മൂപ്പന്മാരെയും അനുസരിച്ചുപോയി. അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിച്ചു.
ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്കു നീ രണ്ടിരട്ടി ശിക്ഷ നല്‍കുകയും അവരെ വമ്പിച്ച ശാപം ശപിക്കുകയും ചെയ്യേണമേ!'
സത്യവിശ്വാസികളേ, നിങ്ങള്‍ ചില ആളുകളെപോലെ ആവരുത്. അവര്‍ മൂസായെ ശല്യപ്പെടുത്തുകയും അങ്ങനെ അവര്‍ പറഞ്ഞതില്‍ നിന്ന് അല്ലാഹു അദ്ദേഹത്തെ ഒഴിവാക്കി നിരപരാധിത്വം തെളിയിക്കുകയും ചെയ്‌തു. അദ്ദേഹം അല്ലാഹുവിങ്കല്‍ ഉല്‍കൃഷ്ടനായ ഒരാളായിരുന്നു.
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചൊവ്വായ വാക്ക് പറയുകയും ചെയ്യുക.
എന്നാല്‍ അവന്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നന്നാക്കിത്തരികയും നിങ്ങള്‍ക്ക് പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുവിനെയും അവന്റെ റസൂലിനെയും ആരെങ്കിലും അനുസരിക്കുന്ന പക്ഷം നിശ്ചയമായും അവന്‍ വമ്പിച്ച വിജയം നേടിയവനായി.
നിശ്ചയമായും ആകാശഭൂമികളുടെയും പര്‍വതങ്ങളുടെയും മേല്‍ അമാനത്തിനെ നാം എടുത്തുകാണിച്ചു. അപ്പോള്‍ അതേറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപറ്റി അവ ഭയപ്പെടുകയും ചെയ്‌തു. മനുഷ്യന്‍ അതേറ്റെടുത്തു. നിശ്ചയമായും അവന്‍ വലിയ അക്രമിയും അറിവില്ലാത്തവനുമാകുന്നു.
കപട വിശ്വാസികളായ പുരുഷന്മാരെയും സ്‌ത്രീകളെയും ബഹുദൈവവിശ്വാസികളായ പുരുഷന്മാരെയും സ്‌ത്രീകളെയും അല്ലാഹു ശിക്ഷിക്കുകയും സത്യവിശ്വാസികളായ പുരുഷന്മാരുടെയും സ്‌ത്രീകളുടെയും പശ്ചാത്താപം അല്ലാഹു സ്വീകരിക്കുകയുമാണ് അതിന്റെ അവസാനഫലം. അല്ലാഹു ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.