അലിഫ് ലാം മീം.
അസ്സജ്ദ السجدة As-Sajdah
സൂറത്ത് അസ്സജ്ദ (As-Sajdah), ഖുർആൻ അധ്യായം 32 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 30 ആയത്തുകൾ വായിക്കുക. Read Surah As-Sajdah with Arabic text and മലയാളം translation.
ലോകരക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ട വേദമാണിത്. ഇതില്‍ ഒട്ടും സംശയമില്ലതന്നെ.
അഥവാ അദ്ദേഹം (നബി) കെട്ടിച്ചമച്ചതാണ് ഇതെന്ന് സത്യനിഷേധികള്‍ പറയുന്നുവോ? അല്ല; എന്നാല്‍ ഇത് താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാണ്. മുമ്പ് ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ജനതയെ താങ്കള്‍ താക്കീതു ചെയ്യുവാനായിട്ടാണ് (ഇത് അവതീര്‍ണമായത്;) അവര്‍ സന്മാര്‍ഗം പ്രാപിക്കുവാന്‍.
ആകാശ ഭൂമികളും അവക്കിടയിലുള്ളതും ആറു ദിവസങ്ങളില്‍ സൃഷ്ടിച്ചവനാണ് അല്ലാഹു. അവന്‍ അര്‍ശിന്മേല്‍ ആധിപത്യം ചെലുത്തുകയും ചെയ്‌തിരിക്കുന്നു; അവനെ കൂടാതെ നിങ്ങള്‍ക്കൊരു സഹായകനോ ശുപാര്‍ശകനോ ഇല്ല എന്നിരിക്കെ (ഈ യാഥാര്‍ത്ഥ്യം) നിങ്ങള്‍ ആലോചിക്കുന്നില്ലേ?
അവന്‍ ആകാശം മുതല്‍ ഭൂമിവരെ എല്ലാ കാര്യങ്ങളും വ്യവസ്ഥപ്പെടുത്തി നിയന്ത്രിച്ചുവരുന്നു. പിന്നീട് ഒരു ദിവസത്തില്‍ അത് അവങ്കലേക്ക് കയറിപ്പോകുന്നു. ആദിവസത്തിന്റെ അളവ് (വലിപ്പം) നിങ്ങള്‍ എണ്ണിയിരുന്ന ആയിരം കൊല്ലമാകുന്നു.
അവന്‍ അദൃശ്യകാര്യങ്ങളും ദൃശ്യകാര്യങ്ങളും അറിയുന്നവനും പ്രതാപശാലിയും പരമകാരുണികനുമാണ്.
താന്‍ സൃഷ്ടിച്ച എല്ലാ വസ്‌തുക്കളെയും അവന്‍ നന്നാക്കി(ബലവത്താക്കി)യിരിക്കുന്നു. മനുഷ്യന്റെ സൃഷ്ടിപ്പ് കളിമണ്ണില്‍ നിന്നാണ് അവന്‍ ആരംഭിച്ചത്.
പിന്നീട് മനുഷ്യന്റെ സന്താനങ്ങളെ നിസ്സാരമായ ഒരുതരം വെള്ളമാകുന്ന സത്തില്‍ നിന്നും അവനുണ്ടാക്കി.
പിന്നീട് അവന് ആവശ്യമായ വിധം അല്ലാഹു രൂപം ശരിയാക്കുകയും തന്റെ വക റൂഹ് (ജീവാത്മാവ്) അവനില്‍ ഊതുകയും ചെയ്‌തു. (ജനങ്ങളേ,) നിങ്ങള്‍ക്കവന്‍ കണ്ണുകളും കാതുകളും ഹൃദയങ്ങളും ഉണ്ടാക്കിത്തന്നിരിക്കുന്നു. (എന്നിട്ടും) നിങ്ങള്‍ വളരെക്കുറച്ച് മാത്രമേ നന്ദികാട്ടുന്നുള്ളു.
ഭൂമിയില്‍ അപ്രത്യക്ഷമായി(ലയിച്ചു) കഴിഞ്ഞാല്‍ നിശ്ചയമായും ഞങ്ങള്‍ പുതിയ ഒരു സൃഷ്ടിയില്‍ (വീണ്ടും എഴുന്നേല്‍പിക്കപ്പെടുന്നവര്‍) ആകുമോ എന്ന് സത്യനിഷേധികള്‍ ചോദിക്കുന്നു. അത്രയുമല്ല, തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെ നിഷേധിക്കുന്നവരാണവര്‍.
താങ്കള്‍ പറയുക: നിങ്ങളുടെ കാര്യത്തില്‍ ഏല്‍പിക്കപ്പെട്ട മരണത്തിന്റെ മലക്ക് നിങ്ങളെ മരിപ്പിക്കും. അനന്തരം നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.
ആ കുറ്റവാളികള്‍ അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ ശിരസ്സുകള്‍ കുത്തനെ താഴ്‌ത്തുന്നവരായ സന്ദര്‍ഭം നീ കാണുകയാണെങ്കില്‍ (അത് ഒരു വല്ലാത്ത കാഴ്‌ചയായിരിക്കും)! `ഞങ്ങളുടെ രക്ഷിതാവേ, (താക്കീതുചെയ്യപ്പെട്ടിരുന്നത്) ഞങ്ങള്‍ നേരില്‍ കാണുകയും കേള്‍ക്കുകയും ചെയ്‌തു. അതുകൊണ്ട് ഞങ്ങളെ (ഭൗതിക ലോകത്തേക്ക് തന്നെ) നീ മടക്കി അയക്കേണമേ! എന്നാല്‍ ഞങ്ങള്‍ സല്‍കര്‍മം അനുഷ്‌ഠിച്ചുകൊള്ളാം. നിശ്ചയമായും ഞങ്ങള്‍ ഇപ്പോള്‍ ദൃഢമായി വിശ്വസിച്ചവരാകുന്നു' എന്നവര്‍ പറയും.
നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എല്ലാ മനുഷ്യരെയും സന്മാര്‍ഗികളാക്കുമായിരുന്നു. പക്ഷെ ജിന്നുകളെയും മനുഷ്യരെയും കൊണ്ട് നരകത്തെ നിശ്ചയമായും ഞാന്‍ നിറക്കുന്നതാണ് എന്ന വാക്ക് എന്നില്‍ നിന്ന് സ്ഥിരപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.
അതുകൊണ്ട് നിങ്ങളുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്നത് വിസ്‌മരിച്ച (നിഷേധിച്ച) കാരണത്താല്‍ (അതിന്റെ ശിക്ഷ) നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക. നിശ്ചയമായും നിങ്ങളെ നാം ശിക്ഷയിലേക്ക് തള്ളിവിട്ടിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി നിരന്തരശിക്ഷ രുചിനോക്കുകയും ചെയ്യുക.
നമ്മുടെ ആയത്തുകള്‍ കൊണ്ട് ഉദ്‌ബോധനം ചെയ്യപ്പെട്ടാല്‍ സുജൂദ് ചെയ്യുന്നവരായി നിലംപതിക്കുകയും തങ്ങളുടെ രക്ഷിതാവിനെ സ്‌തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നവര്‍ മാത്രമേ അവകൊണ്ട് വിശ്വസിക്കുകയുള്ളു. അവര്‍ അഹങ്കരിക്കുകയില്ല.
തങ്ങളുടെ രക്ഷിതാവിനോട് (അവന്റെ ശിക്ഷയെക്കുറിച്ച്) ഭയന്നും (അവന്റെ കരുണയില്‍) ആശിച്ചുംകൊണ്ട് പ്രാര്‍ത്ഥിക്കുന്നവരായി അവര്‍ കിടപ്പിടങ്ങളില്‍ നിന്ന് എഴുന്നേല്‍ക്കും. നാം അവര്‍ക്ക് കൊടുത്തതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും. (ഇങ്ങനെയുള്ളവരേ വിശ്വസിക്കുകയുള്ളു.)
അതിനാല്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് പ്രതിഫലമായി കണ്ണുകള്‍ക്ക് കുളിര്‍മയായ (ആനന്ദകരമായ) എന്തെല്ലാം സുഖസൗകര്യങ്ങളാണ് അവര്‍ക്ക് രഹസ്യമായി സൂക്ഷിച്ചുവെക്കപ്പെട്ടിരിക്കുന്നതെന്ന് ഒരാളും അറിയുകയില്ല.
അപ്പോള്‍ സത്യവിശ്വാസിയായവന്‍ ധിക്കാരിയായവനെപ്പോലെയാകുമോ? (ഇല്ല.) അവര്‍ സമന്മാരാകുകയില്ല.
സത്യത്തില്‍ വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്‌ഠിക്കുകയും ചെയ്‌തവരാകട്ടെ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ പ്രതിഫലമായി ഒരു സല്‍ക്കാരമെന്ന നിലയില്‍ അവര്‍ക്ക് വാസസ്ഥലമായി സ്വര്‍ഗങ്ങളുണ്ട്.
ധിക്കാരം പ്രവര്‍ത്തിച്ചവരാകട്ടെ അവരുടെ വാസസ്ഥലം നരകമാകുന്നു. അതില്‍ നിന്ന് പുറത്തുകടക്കാന്‍ ഉദ്ദേശിക്കുമ്പോഴെല്ലാം അവര്‍ അതിലേക്കുതന്നെ മടക്കപ്പെടും. `നിങ്ങള്‍ നിഷേധിച്ചുകൊണ്ടിരുന്ന നരകശിക്ഷ ആസ്വദിച്ചുകൊള്ളുക' എന്ന് അവരോട് പറയപ്പെടുന്നതുമാകുന്നു.
നിശ്ചയമായും ഏറ്റവും വലിയ ശിക്ഷ ക്കുമുമ്പ് ചെറിയ ശിക്ഷയില്‍ നിന്ന് ചിലതെല്ലാം അവരെ നാം ആസ്വദിപ്പിക്കുന്നതാണ്. അവര്‍ (ധിക്കാരത്തില്‍ നിന്ന്) മടങ്ങുവാന്‍ വേണ്ടി.
തന്റെ രക്ഷിതാവിന്റെ ആയത്തുകള്‍ മുഖേന ഉദ്‌ബോധനം ചെയ്യപ്പെടുകയും എന്നിട്ട് അവയില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്‌തവനേക്കാള്‍ വലിയ അക്രമി ആരാണുള്ളത്? നിശ്ചയമായും ആ കുറ്റവാളികളെ നാം ശിക്ഷിക്കുക തന്നെ ചെയ്യുന്നതാണ്.
നിശ്ചയമായും മൂസാനബിക്ക് നാം വേദം നല്‍കി. എന്നാല്‍ അദ്ദേഹത്തിന്റെ (അഥവാ അതിന്റെ) കണ്ടെത്തിക്കലിനെ ക്കുറിച്ച് താങ്കള്‍ ഒട്ടും സംശയത്തിലാകേണ്ടതില്ല. അദ്ദേഹത്തെ (അഥവാ അതിനെ) ഇസ്രാഈല്‍ സന്തതികള്‍ക്ക് നാം മാര്‍ഗദര്‍ശനമാക്കുകയും ചെയ്‌തു.
അവര്‍ ക്ഷമ കൈക്കൊള്ളുകയും നമ്മുടെ ആയത്തുകളില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്‌തിരുന്നപ്പോള്‍ നമ്മുടെ കല്‍പനയനുസരിച്ച് ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളെ നാം അവരില്‍ നിന്ന് ഉണ്ടാക്കുകയും ചെയ്‌തു.
നിശ്ചയമായും അവര്‍ ഭിന്നിച്ചുകൊണ്ടിരുന്ന കാര്യത്തില്‍ താങ്കളുടെ രക്ഷിതാവ് അന്ത്യനാളില്‍ അവര്‍ക്കിടയില്‍ തീരുമാനം കല്‍പിക്കുന്നതാണ്.
ഇവര്‍ക്കുമുമ്പ് ധാരാളം തലമുറകളെ നാം നശിപ്പിച്ചുകളഞ്ഞിരിക്കുന്നു എന്നത് ഇവര്‍ക്കു മാര്‍ഗദര്‍ശനം നല്‍കുന്നില്ലേ? ഇവര്‍ അവരുടെ വസതികളില്‍ കൂടി സഞ്ചരിക്കുന്നു. നിശ്ചയമായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്. എന്നിട്ടും ഇവര്‍ കേട്ടുമനസ്സിലാക്കുന്നില്ലേ?
വരണ്ടുകിടക്കുന്ന ഭൂമിയിലേക്ക് വെള്ളത്തെ നാം വലിച്ചുകൊണ്ടു ചെല്ലുന്നത് ഇവര്‍ കണ്ടിട്ടില്ലേ? എന്നിട്ട് ഇവരുടെ കന്നുകാലികളും ഇവരും ഭക്ഷിക്കുന്ന കൃഷിയെ നാം അതുമൂലം ഉല്‍പിദിപ്പിക്കുകയും ചെയ്യുന്നു. എന്നിട്ടും അവര്‍ കണ്ടറിയുന്നില്ലേ?
നിങ്ങള്‍ സത്യവാദികളാണെങ്കില്‍ ഈ തീരുമാനം എപ്പോഴാണ് ഉണ്ടാവുക എന്ന് അവര്‍ ചോദിക്കുന്നു.
(നബീ,) താങ്കള്‍ പറയുക: `തീരുമാനമുണ്ടാകുന്ന ദിവസം സത്യനിഷേധികള്‍ക്ക് അവരുടെ (അപ്പോഴുണ്ടാകുന്ന) വിശ്വാസം ഫലം ചെയ്യുന്നതല്ല. അവര്‍ക്ക് (ശിക്ഷ) പിന്തിക്കപ്പെടുന്നതുമല്ല'
അതുകൊണ്ട് താങ്കള്‍ അവരില്‍ നിന്ന് തിരിഞ്ഞുകളയുകയും കാത്തിരിക്കുകയും ചെയ്‌തുകൊള്ളുക. നിശ്ചയമായും അവരും കാത്തിരിക്കുന്നവരാണ്.