അലിഫ് ലാം മീം
ലുഖ്മാൻ لقمان Luqman
സൂറത്ത് ലുഖ്മാൻ (Luqman), ഖുർആൻ അധ്യായം 31 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 34 ആയത്തുകൾ വായിക്കുക. Read Surah Luqman with Arabic text and മലയാളം translation.
വിജ്ഞാന സമ്പൂര്‍ണമായ വേദഗ്രന്ഥത്തിലെ വാക്യങ്ങളാണിവ.
നന്മ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമായിട്ടാണ് (ഇത്‌സ്ഥിതിചെയ്യുന്നത്);
അതായത് നമസ്‌കാരം മുറപ്രകാരം അനുഷ്‌ഠിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്യുന്നവര്‍ക്ക്. അവരാകട്ടെ പരലോക ജീവിതത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നു.
അവര്‍ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള നേര്‍മാര്‍ഗത്തിലാണ്. അവര്‍ തന്നെയാണ് വിജയികളും.
ഒട്ടും കാര്യബോധമില്ലാതെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ആളുകളെ വഴിതെറ്റിക്കുവാനും അതിനെ ഒരു പരിഹാസ പാത്രമാക്കുവാനും വേണ്ടി വിനോദ വാര്‍ത്തകള്‍ വാങ്ങുന്ന ചിലര്‍ ജനങ്ങളിലുണ്ട്. അക്കൂട്ടര്‍ക്ക് അപമാനകരമായ ശിക്ഷയാണുള്ളത്.
നമ്മുടെ ആയത്തുകള്‍ അവന് ഓതിക്കേള്‍പിക്കപ്പെടുമ്പോള്‍ അഹങ്കരിച്ചുകൊണ്ട് അവന്‍ തിരിഞ്ഞുപോകുന്നു; അത് കേട്ടിട്ടില്ലാത്തതുപോലെ-അഥവാ അവന്റെ രണ്ടു കാതുകളിലും ഒരു തരം കട്ടിയുള്ളതുപോലെ. എന്നാല്‍ വേദനാജനകമായ ശിക്ഷയെക്കുറിച്ച് (നബിയേ,) താങ്കള്‍ അവന് സന്തോഷവാര്‍ത്ത അറിയിക്കുക.
നിശ്ചയമായും സത്യവിശ്വാസം അവലംബിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്‌ഠിക്കുകയും ചെയ്‌തവര്‍ക്ക് സുഖാനുഭൂതിയുടെ സ്വര്‍ഗങ്ങളുണ്ട്.
അവരതില്‍ നിരന്തര വാസികളാണ്. അല്ലാഹുവിന്റെ സത്യമായ വാഗ്‌ദാനമാണിത്. അവന്‍ പ്രതാപശാലിയും യുക്തിമാനുമാകുന്നു.
നിങ്ങള്‍ കാണുന്ന തൂണുകളൊന്നും കൂടാതെ അവന്‍ ആകാശങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയും കൊണ്ട് ചെരിഞ്ഞുപോകാതിരിക്കുവാന്‍ അവനതില്‍ ഉറച്ച പര്‍വതങ്ങളെ സ്ഥാപിച്ചിട്ടുമുണ്ട്. എല്ലാ തരം ജന്തുക്കളെയും അതില്‍ അവന്‍ പരത്തിയിട്ടിരിക്കുന്നു. ആകാശത്തു നിന്ന് നാം (അല്ലാഹു) വെള്ളം ഇറക്കിയിട്ട് വിശിഷ്ടമായ എല്ലാതരം ചെടികളെയും മുളപ്പിക്കുകയും ചെയ്‌തിരിക്കുന്നു.
ഇതെല്ലാം അല്ലാഹുവിന്റെ സൃഷ്ടികളാണ്. ഇനി അവനു പുറമെയുള്ളവര്‍ എന്താണ് സൃഷ്ടിച്ചതെന്ന് നിങ്ങളെനിക്കൊന്ന് കാണിച്ചുതരിക! പക്ഷെ അക്രമകാരികള്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലാണ്.
നിശ്ചയമായും ലുഖ്‌മാന്നു നാം വിജ്ഞാനം നല്‍കി. താങ്കള്‍ അല്ലാഹുവിന് നന്ദിചെയ്യുക (എന്ന് അദ്ദേഹത്തോട് നാം പറഞ്ഞു). ആരെങ്കിലും അല്ലാഹുവിന് നന്ദി ചെയ്‌താല്‍ അവന്‍ തന്റെ നന്മക്കു വേണ്ടി തന്നെയാണ് നന്ദിചെയ്യുന്നത്. ആരെങ്കിലും നന്ദികേട് കാണിക്കുന്നതായാല്‍ അല്ലാഹു നിരാശ്രയനും സ്‌തുത്യര്‍ഹനുമാകുന്നു.
ലുഖ്‌മാന്‍ തന്റെ മകന് സദുപദേശം നല്‍കിക്കൊണ്ട് അവനോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): എന്റെ പ്രിയ മകനേ, നീ അല്ലാഹുവിനോട് പങ്കുചേര്‍ക്കരുത്. നിശ്ചയമായും അവനോട് പങ്കുചേര്‍ക്കല്‍ വമ്പിച്ച അക്രമമാണ്.
തന്റെ മാതാപിതാക്കളെ സംബന്ധിച്ച് മനുഷ്യനോട് നാം വസ്വിയ്യത്ത് ചെയ്‌തിരിക്കുന്നു. അവന്റെ മാതാവ് മേല്‍ക്കുമേല്‍ ക്ഷീണത്തോടെയാണവനെ ഗര്‍ഭം ചുമന്നത്; അവന്റെ മുലകുടി അവസാനിപ്പിച്ചത് രണ്ടുകൊല്ലം കൊണ്ടുമാണ്. എനിക്കും നിന്റെ മാതാപിതാക്കള്‍ക്കും നീ നന്ദിചെയ്യണം (എന്ന് നാമവനോട് കല്‍പിച്ചു). എന്റെ അടുക്കലേക്ക് തന്നെയാകുന്നു നിങ്ങളുടെ തിരിച്ചുവരവ്.
നിനക്ക് യാഥാര്‍ത്ഥ്യം ഒട്ടും അറിയാത്ത ഏതെങ്കിലും വസ്‌തുവിനെ എന്നോട് പങ്കുചേര്‍ക്കുവാന്‍ അവര്‍ നിന്നെ ബുദ്ധിമുട്ടിക്കുന്ന പക്ഷം നീ അവരെ അനുസരിക്കരുത്. ഇഹലോകത്ത് വെച്ച് നല്ലനിലക്ക് നീ അവരോട് സഹവസിക്കുക. എന്റെ അടുത്തേക്ക് മടങ്ങിയവരുടെ മാര്‍ഗം നീ പിന്‍പറ്റുക. പിന്നീട് നിങ്ങള്‍ എല്ലാവരുടെയും മടക്കം എന്റെ അടുത്തേക്ക് തന്നെയാണ്. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെ പറ്റി ഞാന്‍ നിങ്ങള്‍ക്ക് മനസ്സിലാക്കിത്തരുന്നതാണ്
എന്റെ പ്രിയമകനേ, നിശ്ചയമായും നീ പ്രവര്‍ത്തിച്ച കാര്യം ഒരു കടുക്‌മണിയുടെ തൂക്കമാവുകയും എന്നിട്ടത് ഒരു പാറക്കല്ലിനുള്ളിലോ ആകാശങ്ങളിലോ ഭൂമിയിലോ ആയിരിക്കുകയും ചെയ്‌താലും അല്ലാഹു അതിനെ (പ്രതിഫലം നല്‍കുന്ന ദിവസം) കൊണ്ടുവരുന്നതാണ്. നിശ്ചയമായും അല്ലാഹു നിഗൂഢജ്ഞനും സൂക്ഷ്‌മമായി അറിയുന്നവനുമാകുന്നു.(10)
എന്റെ പ്രിയമകനേ, നീ നമസ്‌കാരം മുറപ്രകാരം അനുഷ്‌ഠിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തെ വിരോധിക്കുകയും നിനക്കു നേരിടുന്ന വിഷമങ്ങളില്‍ ക്ഷമിക്കുകയും ചെയ്യണം. നിശ്ചയമായും അതെല്ലാം ഒഴിച്ചുകൂടാത്ത കാര്യങ്ങളില്‍ പെട്ടതാണ്.
ജനങ്ങളില്‍ നിന്ന് നീ മുഖം തിരിച്ചുകളയരുത്; അഹന്തകാണിച്ച് ഭൂമിയില്‍ നടക്കുകയുമരുത്. നിശ്ചയമായും അഹങ്കാരിയും ദുരഭിമാനിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.
നിന്റെ നടത്തത്തില്‍ മിതത്വം പാലിക്കുകയും ശബ്ദം അല്‍പം താഴ്‌ത്തുകയും ചെയ്യുക. നിശ്ചയമായും ശബ്ദങ്ങളില്‍ വെച്ച് ഏറ്റവും ഹീനമായത് കഴുതകളുടെ ശബ്ദമാകുന്നു.
നിശ്ചയമായും ആകാശഭൂമികളിലുള്ള വസ്‌തുക്കളെ അല്ലാഹു നിങ്ങള്‍ക്ക് അധീനമാക്കിത്തന്നതും അവന്റെ ബാഹ്യവും ആന്തരികവുമായ അനുഗ്രഹങ്ങളെ നിങ്ങള്‍ക്ക് നിറവേറ്റിത്തന്നിരിക്കുന്നതും നിങ്ങള്‍ കണ്ടിട്ടില്ലേ? (എന്നിട്ടുകൂടി) യാതൊരുവക അറിവോ ഏതെങ്കിലും തരം മാര്‍ഗദര്‍ശനമോ വെളിച്ചം നല്‍കുന്നൊരു ഗ്രന്ഥമോ ഒന്നുമില്ലാതെ അല്ലാഹുവി(ന്റെ തൗഹീദി)ല്‍ തര്‍ക്കം നടത്തുന്ന ചിലര്‍ മനുഷ്യരിലുണ്ട്.
`അല്ലാഹു അവതരിപ്പിച്ചതിനെ നിങ്ങള്‍ പിന്തുടരുക' എന്ന് അവരോട് പറയപ്പെട്ടാല്‍ `അല്ല, ഞങ്ങളുടെ പൂര്‍വപിതാക്കള്‍ നടന്നുകണ്ട മാര്‍ഗത്തെയാണ് ഞങ്ങള്‍ പിന്തുടരുക' എന്ന് അവര്‍ പ്രതികരിക്കും. പിശാച് ആ പൂര്‍വപിതാക്കളെ നരകശിക്ഷയിലേക്ക് വിളിക്കുകയാണെങ്കിലും (അവരെത്തന്നെയാണോ ഇവര്‍ പിന്തുടരുന്നത്?)
ആരെങ്കിലും നന്മപ്രവര്‍ത്തിക്കുന്നവനായും കൊണ്ട് തന്റെ ദേഹത്തെ അല്ലാഹുവിന് കീഴ്‌പെടുത്തുന്നുവെങ്കില്‍ നിശ്ചയമായും അവന്‍ വളരെ പ്രബലമായ ഒരു പിടികയറാണ് മുറുകെ പിടിച്ചിരിക്കുന്നത്. എല്ലാ കാര്യങ്ങളുടെയും മടക്കം അല്ലാഹുവിലേക്കാണ്.
ആരെങ്കിലും സത്യത്തെ നിഷേധിക്കുന്നുവെങ്കില്‍ അവന്റെ സത്യനിഷേധം (നബിയേ,) താങ്കളെ ദുഃഖിപ്പിക്കാതിരിക്കട്ടെ. നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം. അവര്‍ പ്രവര്‍ത്തിച്ചതിനെ പറ്റി അന്നേരം അവര്‍ക്ക് നാം മനസ്സിലാക്കിക്കൊടുക്കും. നിശ്ചയമായും ഹൃദയങ്ങളിലുള്ള കാര്യങ്ങളെ കുറിച്ച് അല്ലാഹു ഏറ്റവും അറിയുന്നവനാണ്.
അല്‍പകാലം നാം അവര്‍ക്ക് സുഖം നല്‍കും. പിന്നീട് നാമവരെ കഠോരമായ ശിക്ഷയിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോവുകയും ചെയ്യും.
ആകാശഭൂമികളെ സൃഷ്ടിച്ചത് ആരാണ് എന്ന് താങ്കള്‍ അവരോട് ചോദിച്ചാല്‍ `അത് അല്ലാഹു തന്നെ' എന്ന് അവര്‍ നിശ്ചയമായും മറുപടി നല്‍കും. താങ്കള്‍ പറയുക: `അല്ലാഹുവിനാണ് സ്‌തുതി'. പക്ഷെ അവരില്‍ അധികമാളുകളും അറിയുന്നില്ല.
ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിനുള്ളതാണ്. നിശ്ചയമായും അല്ലാഹു തന്നെയാണ് ആനാശ്രയനും സ്‌തുത്യര്‍ഹനും.
ഭൂമിയിലുള്ള വൃക്ഷമെല്ലാം പേനകളായിത്തീരുകയും (നിലവിലുള്ള) സമുദ്രം-അതിനു പുറമെ ഏഴു സമുദ്രങ്ങള്‍ അതിനു പോഷണം നല്‍കി-മഷിയായിത്തീരുകയും ചെയ്‌താലും അല്ലാഹുവിന്റെ വചനങ്ങള്‍ എഴുതിത്തീരുന്നതല്ല. നിശ്ചയമായും അല്ലാഹു പ്രതാപശാലിയും അഗാധജ്ഞനുമാകുന്നു.
നിങ്ങളെ എല്ലാവരെയും സൃഷ്ടിക്കുകയും പുനര്‍ജീവിപ്പിക്കുകയും ചെയ്യുന്നത് ഒരൊറ്റ ആളെ സൃഷ്ടിക്കുകയും പുനര്‍ ജീവിപ്പിക്കുകയും ചെയ്യുന്നതുപോലെ മാത്രമേയുള്ളു. നിശ്ചയമായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.
നിശ്ചയമായും അല്ലാഹു രാവിനെ പകലിലും പകലിനെ രാവിലും കടത്തുന്നതും സൂര്യനെയും ചന്ദ്രനെയും കീഴ്‌പെടുത്തിയതും നീ അറിഞ്ഞിട്ടില്ലേ? അതെല്ലാം തന്നെ ഒരു നിശ്ചിത അവധി വരെ സഞ്ചരിക്കുന്നു. നിശ്ചയമായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് അല്ലാഹു സൂക്ഷ്‌മജ്ഞനാണ് (എന്നും നീ അറിഞ്ഞിട്ടില്ലേ)?
അത്, നിശ്ചയമായും അല്ലാഹുതന്നെയാണ് സ്ഥിരമായി നിലകൊള്ളുന്നവന്‍ എന്നതുകൊണ്ടും അവനു പുറമെ അവരാരാധിച്ചുവരുന്ന വസ്‌തുക്കള്‍ വ്യര്‍ത്ഥമാണ് എന്നതുകൊണ്ടുമാണ്. നിശ്ചയമായും അല്ലാഹുതന്നെയാണ് ഉന്നതനും മഹാനും (എന്നതുകൊണ്ടുമാകുന്നു).
തന്റെ ദൃഷ്ടാന്തങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് കാണിച്ചുതരേണ്ടതിനായി അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് സമുദ്രത്തില്‍ കപ്പലുകള്‍ ഓടിക്കൊണ്ടിരിക്കുന്നത് നീ കണ്ടില്ലേ? നിശ്ചയമായും നന്ദികാട്ടുന്ന എല്ലാ ക്ഷമാശീലര്‍ക്കും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.
മലകളെപ്പോലെയുള്ള തിരമാലകള്‍ അവരെ മൂടിക്കളഞ്ഞാല്‍ കീഴ്‌വണക്കം അല്ലാഹുവിന് മാത്രമാക്കി നിഷ്‌കളങ്കരായിക്കൊണ്ട് അല്ലാഹുവിനോട് അവര്‍ പ്രാര്‍ത്ഥിക്കും. എന്നാല്‍ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയാല്‍ അപ്പോള്‍ അവരില്‍ ചിലര്‍ മിതത്വം സ്വീകരിച്ചവരായിത്തീരുന്നു; (ചിലര്‍ സത്യനിഷേധികളും). തീരെ നന്ദിയില്ലാത്തവരായ അതിവഞ്ചകരല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുന്നതല്ല.
ഹേ മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുകയും ഒരു ദിവസത്തെ ഭയപ്പെടുകയും ചെയ്യുക. അന്ന് ഒരു ജനയിതാവും തന്റെ സന്താനത്തിന് യാതൊരു പ്രയോജനവും ചെയ്യുന്നതല്ല. ഒരു സന്താനവും തന്റെ ജനയിതാവിനും യാതൊരു ഉപകാരവും ചെയ്യുന്നവരായിരിക്കുകയില്ല. അല്ലാഹുവിന്റെ വാഗ്‌ദാനം സത്യമാകുന്നു, തീര്‍ച്ച. അതുകൊണ്ട് നിശ്ചയമായും ഐഹിക ജീവിതം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. മഹാവഞ്ചകനായ പിശാചും അല്ലാഹുവിനെ സംബന്ധിച്ച് നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ.
അന്ത്യസമയത്തെക്കുറിച്ചുള്ള അറിവ് തീര്‍ച്ചയായും അല്ലാഹുവിന്റെ പക്കലാണ്. അവന്‍ മഴപെയ്യിക്കുകയും ഗര്‍ഭാശയങ്ങളിലുള്ളത് എന്തെന്ന് അറിയുകയും ചെയ്യുന്നു. നാളെ എന്താണ് താന്‍ ചെയ്യുക എന്നും ഏതുനാട്ടില്‍ വെച്ചാണ് താന്‍ മരിക്കുക എന്നും ഒരാളും അറിയുകയില്ല. നിശ്ചയമായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്‌മജ്ഞാനിയുമാകുന്നു.