Sunday, 11 October 2026 Hijri: — 01:25:07 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

സബഅ് سبأ Saba

Surah 34 മക്കിയ്യ • مكية • Makkiyah 54 ആയത്തുകൾ • 54 Ayahs

സൂറത്ത് സബഅ് (Saba), ഖുർആൻ അധ്യായം 34 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 54 ആയത്തുകൾ വായിക്കുക. Read Surah Saba with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

ആകാശഭൂമികളിലുള്ള സമസ്‌ത വസ്‌തുക്കളുടെയും ഉടമയായ അല്ലാഹുവിനാണ്‌ എല്ലാ സ്‌തുതിയും. പരലോകത്തും സ്‌തുതിയഖിലം അവനു തന്നെയാണ്‌. അഗാധജ്ഞനും സൂക്ഷ്‌മമായി അറിയുന്നവനുമാണ്‌ അവന്‍.

ٱلۡحَمۡدُ لِلَّهِ ٱلَّذِي لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ وَلَهُ ٱلۡحَمۡدُ فِي ٱلۡأٓخِرَةِۚ وَهُوَ ٱلۡحَكِيمُ ٱلۡخَبِيرُ ۝١
2

ഭൂമിയില്‍ നടക്കുന്നതും അതില്‍ നിന്ന്‌ പുറത്തുവരുന്നതും ആകാശത്തുനിന്ന്‌ ഇറങ്ങുന്നതും അങ്ങോട്ട്‌ കയറിച്ചെല്ലുന്നതും എല്ലാം അവന്‍ അറിയുന്നുണ്ട്‌. അവന്‍ പരമകാരുണികനും വളരെ പൊറുക്കുന്നവനുമാകുന്നു.

يَعۡلَمُ مَا يَلِجُ فِي ٱلۡأَرۡضِ وَمَا يَخۡرُجُ مِنۡهَا وَمَا يَنزِلُ مِنَ ٱلسَّمَآءِ وَمَا يَعۡرُجُ فِيهَاۚ وَهُوَ ٱلرَّحِيمُ ٱلۡغَفُورُ ۝٢
3

അന്ത്യസമയം നമുക്ക്‌ വരികയില്ലെന്ന്‌ സത്യനിഷേധികള്‍ പറയുന്നു. (നബിയേ,) താങ്കള്‍ പറയുക: അതെ, അദൃശ്യകാര്യങ്ങള്‍ അറിയുന്ന എന്റെ രക്ഷിതാവ്‌ തന്നെ സത്യം! നിശ്ചയമായും അതു നിങ്ങള്‍ക്ക്‌ വന്നെത്തുക തന്നെ ചെയ്യും. ആകാശഭൂമികളില്‍ ഒരു അണുത്തൂക്കവും അവനില്‍ നിന്ന്‌ മറഞ്ഞിരിക്കയില്ല; അതിനേക്കാള്‍ ചെറുതാകട്ടെ വലുതാകട്ടെ ഒന്നും തന്നെ സ്‌പഷ്ടമായ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്താതെയുമില്ല.

وَقَالَ ٱلَّذِينَ كَفَرُواْ لَا تَأۡتِينَا ٱلسَّاعَةُۖ قُلۡ بَلَىٰ وَرَبِّي لَتَأۡتِيَنَّكُمۡ عَٰلِمِ ٱلۡغَيۡبِۖ لَا يَعۡزُبُ عَنۡهُ مِثۡقَالُ ذَرَّةٖ فِي ٱلسَّمَٰوَٰتِ وَلَا فِي ٱلۡأَرۡضِ وَلَآ أَصۡغَرُ مِن ذَٰلِكَ وَلَآ أَكۡبَرُ إِلَّا فِي كِتَٰبٖ مُّبِينٖ ۝٣
4

സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങള്‍ അനുഷ്‌ഠിക്കുകയും ചെയ്‌തവര്‍ക്ക്‌ അവന്‍ പ്രതിഫലം നല്‍കേണ്ടതിനാണ്‌ (ആ സമയം വരുന്നത്‌). അവര്‍ക്കാണ്‌ പാപമോചനവും മാന്യമായ ആഹാരവും ലഭിക്കുക.

لِّيَجۡزِيَ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِۚ أُوْلَٰٓئِكَ لَهُم مَّغۡفِرَةٞ وَرِزۡقٞ كَرِيمٞ ۝٤
5

നമ്മെ പരാജയപ്പെടുത്തു(വാന്‍ കഴിയുമെന്ന്‌ സങ്കല്‍പിക്കു) ന്നവരായിക്കൊണ്ട്‌ നമ്മുടെ `ആയത്തു'കളില്‍ (കുഴപ്പമുണ്ടാക്കുവാന്‍) ഓടിനടക്കുന്നവര്‍ ആരോ അവര്‍ക്കു വേദനാജനകമായ കഠിനശിക്ഷയുണ്ടായിരിക്കും.

وَٱلَّذِينَ سَعَوۡ فِيٓ ءَايَٰتِنَا مُعَٰجِزِينَ أُوْلَٰٓئِكَ لَهُمۡ عَذَابٞ مِّن رِّجۡزٍ أَلِيمٞ ۝٥
6

താങ്കള്‍ക്ക്‌ രക്ഷിതാവിങ്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ട സന്ദേശം സത്യമാണെന്ന്‌ ജ്ഞാനം നല്‍കപ്പെട്ടവര്‍ അറിയുന്നുണ്ട്‌. പ്രതാപശാലിയും സ്‌തുത്യര്‍ഹനുമായ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക്‌ അത്‌ വഴികാണിക്കുന്നുവെന്നും (അവര്‍ അറിയുന്നുണ്ട്‌).

وَيَرَى ٱلَّذِينَ أُوتُواْ ٱلۡعِلۡمَ ٱلَّذِيٓ أُنزِلَ إِلَيۡكَ مِن رَّبِّكَ هُوَ ٱلۡحَقَّ وَيَهۡدِيٓ إِلَىٰ صِرَٰطِ ٱلۡعَزِيزِ ٱلۡحَمِيدِ ۝٦
7

സത്യനിഷേധികള്‍ പറയുന്നു: നിങ്ങള്‍ എല്ലാ നിലക്കും നശിച്ചു ഛിന്നഭിന്നമാക്കപ്പെട്ടാല്‍ (വീണ്ടും) ഒരു പുതിയ സൃഷ്ടിയില്‍ ആയിത്തീരുക തന്നെ ചെയ്യുമെന്ന്‌ നിങ്ങളോട്‌ പറയുന്ന ഒരു മനുഷ്യനെ കുറിച്ച്‌ ഞങ്ങള്‍ അറിയിച്ചു തരട്ടെയോ?

وَقَالَ ٱلَّذِينَ كَفَرُواْ هَلۡ نَدُلُّكُمۡ عَلَىٰ رَجُلٖ يُنَبِّئُكُمۡ إِذَا مُزِّقۡتُمۡ كُلَّ مُمَزَّقٍ إِنَّكُمۡ لَفِي خَلۡقٖ جَدِيدٍ ۝٧
8

`ആ മനുഷ്യന്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിപറയുകയാണോ? അതല്ല, അയാള്‍ക്ക്‌ വല്ല ഭ്രാന്തുമുണ്ടോ?' പക്ഷേ, പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ (അവിടെ) ശിക്ഷയിലും (ഇഹലോകത്ത്‌) വിദൂരമായ വഴികേടിലുമാണ്‌.

أَفۡتَرَىٰ عَلَى ٱللَّهِ كَذِبًا أَم بِهِۦ جِنَّةُۢۗ بَلِ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ فِي ٱلۡعَذَابِ وَٱلضَّلَٰلِ ٱلۡبَعِيدِ ۝٨
9

എന്നാല്‍ അവരുടെ മുന്നിലും പിന്നിലും (എല്ലാഭാഗത്തും) ഉള്ള ആകാശ ഭൂമികളിലേക്ക്‌ അവര്‍ നോക്കുന്നില്ലേ? നാം ഉദ്ദേശിക്കയാണെങ്കില്‍ അവരെ നാം ഭൂമിയില്‍ ആഴ്‌ത്തിക്കളയും; അല്ലെങ്കില്‍ ആകാശത്തുനിന്ന്‌ ചില കഷ്‌ണങ്ങള്‍ അവരുടെ മേല്‍ നാം വീഴ്‌ത്തും. നിശ്ചയമായും അല്ലാഹുവിങ്കലേക്ക്‌ മടങ്ങുന്ന എല്ലാ അടിമകള്‍ക്കും ഇതില്‍ വലിയ ദൃഷ്ടാന്തമുണ്ട്‌.

أَفَلَمۡ يَرَوۡاْ إِلَىٰ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِۚ إِن نَّشَأۡ نَخۡسِفۡ بِهِمُ ٱلۡأَرۡضَ أَوۡ نُسۡقِطۡ عَلَيۡهِمۡ كِسَفٗا مِّنَ ٱلسَّمَآءِۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لِّكُلِّ عَبۡدٖ مُّنِيبٖ ۝٩
10

നിശ്ചയമായും ദാവൂദിന്ന്‌ ഒരു പ്രത്യേകാനുഗ്രഹം നമ്മുടെ വകയായി നാം കൊടുത്തു. ഹേ, പര്‍വതങ്ങളേ, പക്ഷികളുമൊന്നിച്ച്‌ അദ്ദേഹത്തോടൊപ്പം നിങ്ങള്‍ കീര്‍ത്തനമാവര്‍ത്തിക്കുക (എന്നു നാം പറഞ്ഞു).അദ്ദേഹത്തിന്‌ നാം ഇരുമ്പ്‌ മയപ്പെടുത്തിക്കൊടുക്കുകയും ചെയ്‌തു.

۞ وَلَقَدۡ ءَاتَيۡنَا دَاوُۥدَ مِنَّا فَضۡلٗاۖ يَٰجِبَالُ أَوِّبِي مَعَهُۥ وَٱلطَّيۡرَۖ وَأَلَنَّا لَهُ ٱلۡحَدِيدَ ۝١٠
11

വലിയ കവചങ്ങള്‍ നിര്‍മിക്കുകയും കണ്ണികള്‍ മെടയുന്നതില്‍ തോതു കണക്കാക്കുകയും നിങ്ങള്‍ എല്ലാവരും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുക; നിശ്ചയമായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി ഞാന്‍ നല്ലവണ്ണം കാണുന്നവനാണ്‌ (എന്നും നാം പറഞ്ഞു).

أَنِ ٱعۡمَلۡ سَٰبِغَٰتٖ وَقَدِّرۡ فِي ٱلسَّرۡدِۖ وَٱعۡمَلُواْ صَٰلِحًاۖ إِنِّي بِمَا تَعۡمَلُونَ بَصِيرٞ ۝١١
12

സുലൈമാന്ന്‌ കാറ്റിനെയും (നാം കീഴ്‌പെടുത്തിക്കൊടുത്തു). അതിന്റെ രാവിലത്തെ സഞ്ചാരം ഒരു മാസത്തെ ദൂരവും വൈകുന്നേരത്തെ സഞ്ചാരം ഒരു മാസത്തെ ദൂരവുമാകുന്നു. അദ്ദേഹത്തിന്‌ നാം ചെമ്പ്‌ ദ്രാവകത്തിന്റെ ഉറവ്‌ ഒഴുക്കിക്കൊടുക്കുകയും ചെയ്‌തുതന്റെ രക്ഷിതാവിന്റെ കല്‍പന പ്രകാരം അദ്ദേഹത്തിന്റെ മുന്നില്‍ വെച്ച്‌ പ്രവൃത്തിയെടുക്കുന്ന ജിന്നുകളില്‍ പെട്ട ചിലരെയും (നാം കീഴ്‌പെടുത്തിക്കൊടുത്തു). അവരില്‍ (ജിന്നുകളില്‍) ആരെങ്കിലും നമ്മുടെ കല്‍പന വിട്ട്‌ തെറ്റിപ്പോകുന്ന പക്ഷം അവന്‌ നാം ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷയില്‍ നിന്ന്‌ ആസ്വദിപ്പിക്കുന്നതാകുന്നു.

وَلِسُلَيۡمَٰنَ ٱلرِّيحَ غُدُوُّهَا شَهۡرٞ وَرَوَاحُهَا شَهۡرٞۖ وَأَسَلۡنَا لَهُۥ عَيۡنَ ٱلۡقِطۡرِۖ وَمِنَ ٱلۡجِنِّ مَن يَعۡمَلُ بَيۡنَ يَدَيۡهِ بِإِذۡنِ رَبِّهِۦۖ وَمَن يَزِغۡ مِنۡهُمۡ عَنۡ أَمۡرِنَا نُذِقۡهُ مِنۡ عَذَابِ ٱلسَّعِيرِ ۝١٢
13

അദ്ദേഹത്തിനു വേണ്ടി ഉയര്‍ന്ന കെട്ടിടങ്ങള്‍, പ്രതിമകള്‍, ജലാശയങ്ങളെ പോലെയുള്ള വലിയ തൊട്ടിപ്പാത്രങ്ങള്‍, ഇളകാതെ ഉറച്ചു നില്‍ക്കുന്ന വലിയ പാചകപ്പാത്രങ്ങള്‍ എന്നിങ്ങനെ അദ്ദേഹം ഉദ്ദേശിക്കുന്നതെല്ലാം അവരുണ്ടാക്കിക്കൊടുത്തിരുന്നു. (നാം പറഞ്ഞു:) ദാവൂദ്‌ കുടുംബമേ, (എനിക്ക്‌) നന്ദിയായി നിങ്ങള്‍ പ്രവര്‍ത്തിക്കുക. എന്റെ അടിമകളില്‍ നന്ദിയുള്ളവര്‍ കുറവാണ്‌.

يَعۡمَلُونَ لَهُۥ مَا يَشَآءُ مِن مَّحَٰرِيبَ وَتَمَٰثِيلَ وَجِفَانٖ كَٱلۡجَوَابِ وَقُدُورٖ رَّاسِيَٰتٍۚ ٱعۡمَلُوٓاْ ءَالَ دَاوُۥدَ شُكۡرٗاۚ وَقَلِيلٞ مِّنۡ عِبَادِيَ ٱلشَّكُورُ ۝١٣
14

അങ്ങനെ താന്‍ മരണപ്പെട്ടപ്പോള്‍, അദ്ദേഹത്തിന്റെ വടി തിന്നുകൊണ്ടിരുന്ന ചിതല്‍ മാത്രമാണ്‌ അവര്‍ക്ക്‌ തന്റെ മരണത്തെപ്പറ്റി അറിവു നല്‍കിയത്‌. എന്നിട്ട്‌ (മരണശേഷം) അദ്ദേഹം നിലംപതിച്ചപ്പോള്‍, അദൃശ്യകാര്യങ്ങള്‍ അറിയാമായിരുന്നെങ്കില്‍ ഈ നിന്ദ്യമായ ശിക്ഷയില്‍ (ദുരിതത്തില്‍) തങ്ങള്‍ കഴിഞ്ഞുകൂടേണ്ടി വരുമായിരുന്നില്ലെന്ന്‌ ജിന്നുകള്‍ക്ക്‌ വ്യക്തമായി.

فَلَمَّا قَضَيۡنَا عَلَيۡهِ ٱلۡمَوۡتَ مَا دَلَّهُمۡ عَلَىٰ مَوۡتِهِۦٓ إِلَّا دَآبَّةُ ٱلۡأَرۡضِ تَأۡكُلُ مِنسَأَتَهُۥۖ فَلَمَّا خَرَّ تَبَيَّنَتِ ٱلۡجِنُّ أَن لَّوۡ كَانُواْ يَعۡلَمُونَ ٱلۡغَيۡبَ مَا لَبِثُواْ فِي ٱلۡعَذَابِ ٱلۡمُهِينِ ۝١٤
15

നിശ്ചയമായും സബഅ്‌ ഗോത്രക്കാര്‍ക്ക്‌ അവരുടെ വാസസ്ഥലങ്ങള്‍ക്കടുത്ത്‌ ഒരു വലിയ ദൃഷ്ടാന്തമുണ്ടായിരുന്നു. അതായത്‌ വലതു ഭാഗത്തും ഇടതുഭാഗത്തുമായി രണ്ടു തോട്ടങ്ങള്‍. (നാം അവരോട്‌ പറഞ്ഞു:) നിങ്ങളുടെ രക്ഷിതാവ്‌ നല്‍കിയ ആഹാരത്തില്‍ നിന്ന്‌ നിങ്ങള്‍ ഭക്ഷിക്കുകയും അവനോട്‌ നന്ദി കാട്ടുകയും ചെയ്യുക. ഒരു നല്ല രാജ്യം! വളരെ പൊറുക്കുന്നവനായ ഒരു രക്ഷിതാവും!

لَقَدۡ كَانَ لِسَبَإٖ فِي مَسۡكَنِهِمۡ ءَايَةٞۖ جَنَّتَانِ عَن يَمِينٖ وَشِمَالٖۖ كُلُواْ مِن رِّزۡقِ رَبِّكُمۡ وَٱشۡكُرُواْ لَهُۥۚ بَلۡدَةٞ طَيِّبَةٞ وَرَبٌّ غَفُورٞ ۝١٥
16

എന്നിട്ട്‌ (നന്ദികെട്ടവരായി) അവര്‍ തിരി ഞ്ഞു കളഞ്ഞു. തന്നിമിത്തം അണക്കെട്ടിന്റെ ജലപ്രവാഹം അവരുടെ മേല്‍ നാം അയച്ചു. അവരുടെ ആ രണ്ടു തോട്ടങ്ങള്‍ക്ക്‌ പകരം കൈപുള്ള ഫലങ്ങളും `അസ്‌ല്‌' മരവും അല്‍പം ഇലന്ത മരങ്ങളുമുള്ള രണ്ടു തോട്ടങ്ങള്‍ അവര്‍ക്കു നാം മാറ്റിക്കൊടുക്കുകയും ചെയ്‌തു.

فَأَعۡرَضُواْ فَأَرۡسَلۡنَا عَلَيۡهِمۡ سَيۡلَ ٱلۡعَرِمِ وَبَدَّلۡنَٰهُم بِجَنَّتَيۡهِمۡ جَنَّتَيۡنِ ذَوَاتَيۡ أُكُلٍ خَمۡطٖ وَأَثۡلٖ وَشَيۡءٖ مِّن سِدۡرٖ قَلِيلٖ ۝١٦
17

സത്യം നിഷേധിച്ച കാരണം അവര്‍ക്ക്‌ നാം പ്രതിഫലം നല്‍കിയതാണത്‌. സത്യനിഷേധികള്‍ക്കല്ലാതെ നാം (ഇത്തരം) പ്രതിഫലം നല്‍കുമോ?

ذَٰلِكَ جَزَيۡنَٰهُم بِمَا كَفَرُواْۖ وَهَلۡ نُجَٰزِيٓ إِلَّا ٱلۡكَفُورَ ۝١٧
18

അവര്‍ (സബഅ്‌ ഗോത്രക്കാര്‍)ക്കും നാം അഭിവൃദ്ധി നല്‍കിയ നാടുകള്‍ക്കുമിടയില്‍ പ്രത്യക്ഷമായ പല നാടുകളെയും നാമുണ്ടാക്കുകയും അവയിലൂടെ യാത്രക്ക്‌ നാം തോതുകണക്കാക്കുകയും ചെയ്‌തു. (നാം പറഞ്ഞു:) അവയിലൂടെ രാവുകളിലും പകലുകളിലും നിര്‍ഭയരായി നിങ്ങള്‍ യാത്ര ചെയ്‌തുകൊള്ളുക.

وَجَعَلۡنَا بَيۡنَهُمۡ وَبَيۡنَ ٱلۡقُرَى ٱلَّتِي بَٰرَكۡنَا فِيهَا قُرٗى ظَٰهِرَةٗ وَقَدَّرۡنَا فِيهَا ٱلسَّيۡرَۖ سِيرُواْ فِيهَا لَيَالِيَ وَأَيَّامًا ءَامِنِينَ ۝١٨
19

എന്നാല്‍ അവര്‍ പറഞ്ഞു: `ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ യാത്രകള്‍ക്കിടയില്‍ നീ ദൂരമുണ്ടാക്കിത്തരേണമേ!' അവര്‍ തങ്ങളോട്‌ തന്നെ അക്രമം പ്രവര്‍ത്തിച്ചു. തന്നിമിത്തം അവരെ നാം പഴങ്കഥകളാക്കിത്തീര്‍ക്കുകയും എല്ലാ വിധത്തിലും ഛിന്നഭിന്നമാക്കുകയും ചെയ്‌തു. നിശ്ചയമായും കൂടുതല്‍ ക്ഷമാശീലരും നന്ദിയുള്ളവരുമായ എല്ലാവര്‍ക്കും അതില്‍ പല പാഠങ്ങളുമുണ്ട്‌.

فَقَالُواْ رَبَّنَا بَٰعِدۡ بَيۡنَ أَسۡفَارِنَا وَظَلَمُوٓاْ أَنفُسَهُمۡ فَجَعَلۡنَٰهُمۡ أَحَادِيثَ وَمَزَّقۡنَٰهُمۡ كُلَّ مُمَزَّقٍۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّكُلِّ صَبَّارٖ شَكُورٖ ۝١٩
20

നിശ്ചയമായും തന്റെ ധാരണ ഇബ്‌ലീസ്‌ അവരെ സംബന്ധിച്ച്‌ സാക്ഷാത്‌കരിച്ചു. അങ്ങനെ അവര്‍ അവനെ പിന്‍പറ്റി. എന്നാല്‍ സത്യവിശ്വാസികളായ ഒരു വിഭാഗം അവനെ പിന്‍പറ്റിയില്ല.

وَلَقَدۡ صَدَّقَ عَلَيۡهِمۡ إِبۡلِيسُ ظَنَّهُۥ فَٱتَّبَعُوهُ إِلَّا فَرِيقٗا مِّنَ ٱلۡمُؤۡمِنِينَ ۝٢٠
21

അവന്‌ അവരുടെ മേല്‍ ഒരു സ്വാധീനവും ഉണ്ടായില്ല. പരലോകത്തെക്കുറിച്ച്‌ സംശയത്തില്‍ സ്ഥിതിചെയ്യുന്നവരില്‍ നിന്ന്‌ അതില്‍ വിശ്വസിക്കുന്നവരെ നാം പ്രത്യക്ഷമായി വേര്‍തിരിച്ചറിയേണ്ടതിനായിട്ടല്ലാതെ. താങ്കളുടെ രക്ഷിതാവ്‌ എല്ലാ വസ്‌തുവിന്റെ മേലും സൂക്ഷ്‌മവീക്ഷണം ചെയ്യുന്നവനാണ്‌.

وَمَا كَانَ لَهُۥ عَلَيۡهِم مِّن سُلۡطَٰنٍ إِلَّا لِنَعۡلَمَ مَن يُؤۡمِنُ بِٱلۡأٓخِرَةِ مِمَّنۡ هُوَ مِنۡهَا فِي شَكّٖۗ وَرَبُّكَ عَلَىٰ كُلِّ شَيۡءٍ حَفِيظٞ ۝٢١
22

(നബിയേ,) പറയുക: അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ (ഇലാഹുകളായി) ജല്‍പിക്കുന്നവരെ വിളിക്കുക. ആകാശങ്ങളിലാവട്ടെ ഭൂമിയിലാവട്ടെ ഒരു അണുത്തൂക്കവും അവര്‍ സ്വാധീനമാക്കുകയില്ല. അവ രണ്ടിലും അവര്‍ക്കൊരു പങ്കുമില്ല. അവരില്‍ നിന്ന്‌ അവന്‌ (അല്ലാഹുവിന്‌) ഒരു സഹായിയുമില്ല.

قُلِ ٱدۡعُواْ ٱلَّذِينَ زَعَمۡتُم مِّن دُونِ ٱللَّهِ لَا يَمۡلِكُونَ مِثۡقَالَ ذَرَّةٖ فِي ٱلسَّمَٰوَٰتِ وَلَا فِي ٱلۡأَرۡضِ وَمَا لَهُمۡ فِيهِمَا مِن شِرۡكٖ وَمَا لَهُۥ مِنۡهُم مِّن ظَهِيرٖ ۝٢٢
23

താന്‍ അനുവാദം നല്‍കിയവര്‍ക്കല്ലാതെ അവന്റെയടുത്ത്‌ ശുപാര്‍ശ ഫലപ്പെടുകയില്ല. അങ്ങനെ ഹൃദയങ്ങളില്‍ നിന്ന്‌ ഭയം നീങ്ങിക്കഴിഞ്ഞാല്‍ അവര്‍ തമ്മില്‍ ചോദിക്കും നിങ്ങളുടെ രക്ഷിതാവ്‌ എന്താണ്‌ പറഞ്ഞത്‌ എന്ന്‌. അവന്‍ പറഞ്ഞത്‌ സത്യം തന്നെ; അവന്‍ ഉന്നതനും മഹാനുമാണ്‌ എന്ന്‌ അവര്‍ മറുപടി നല്‍കും.

وَلَا تَنفَعُ ٱلشَّفَٰعَةُ عِندَهُۥٓ إِلَّا لِمَنۡ أَذِنَ لَهُۥۚ حَتَّىٰٓ إِذَا فُزِّعَ عَن قُلُوبِهِمۡ قَالُواْ مَاذَا قَالَ رَبُّكُمۡۖ قَالُواْ ٱلۡحَقَّۖ وَهُوَ ٱلۡعَلِيُّ ٱلۡكَبِيرُ ۝٢٣
24

(നബിയേ,) താങ്കള്‍ ചോദിക്കുക: ആകാശ ഭൂമികളില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ ആഹാരം നല്‍കുന്നത്‌ ആരാണ്‌? താങ്കള്‍ പറയുക: അല്ലാഹു തന്നെ. നിശ്ചയമായും ഞങ്ങള്‍ അല്ലെങ്കില്‍ നിങ്ങള്‍ സന്മാര്‍ഗത്തിലാണ്‌; അല്ലെങ്കില്‍ സ്‌പഷ്ടമായ ദുര്‍മാര്‍ഗത്തില്‍.

۞ قُلۡ مَن يَرۡزُقُكُم مِّنَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ قُلِ ٱللَّهُۖ وَإِنَّآ أَوۡ إِيَّاكُمۡ لَعَلَىٰ هُدًى أَوۡ فِي ضَلَٰلٖ مُّبِينٖ ۝٢٤
25

താങ്കള്‍ പറയുക: ഞങ്ങള്‍ കുറ്റം ചെയ്‌തതിനെ പറ്റി നിങ്ങള്‍ ചോദിക്കപ്പെടുകയില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച്‌ ഞങ്ങളും ചോദ്യം ചെയ്യപ്പെടുന്നതല്ല.

قُل لَّا تُسۡـَٔلُونَ عَمَّآ أَجۡرَمۡنَا وَلَا نُسۡـَٔلُ عَمَّا تَعۡمَلُونَ ۝٢٥
26

താങ്കള്‍ പറയുക: നമ്മുടെ രക്ഷിതാവ്‌ നമ്മെ രണ്ടുകൂട്ടരെയും ഒരുമിച്ചു കൂട്ടും; പിന്നീട്‌ നമുക്കിടയില്‍ ന്യായമനുസരിച്ച്‌ വിധികല്‍പിക്കുന്നതാണ്‌. അവന്‍ വളരെ നീതിയോടെ വിധി നടത്തുന്നവനും സര്‍വ്വജ്ഞനും ആകുന്നു.

قُلۡ يَجۡمَعُ بَيۡنَنَا رَبُّنَا ثُمَّ يَفۡتَحُ بَيۡنَنَا بِٱلۡحَقِّ وَهُوَ ٱلۡفَتَّاحُ ٱلۡعَلِيمُ ۝٢٦
27

താങ്കള്‍ പറയുക: പങ്കുകാരെന്ന നിലയില്‍ നിങ്ങള്‍ അവനോട്‌ കൂട്ടിച്ചേര്‍ത്തിട്ടുള്ളവരെ എനിക്കൊന്നു കാണിച്ചു തരൂ. (ഞാനൊന്നു കാണട്ടെ.) അങ്ങനെയില്ല. (അവന്നൊട്ടും പങ്കുകാരില്ല.) എന്നാല്‍ അവന്‍ പ്രതാപശാലിയും അഗാധജ്ഞനുമായ അല്ലാഹുവാകുന്നു.

قُلۡ أَرُونِيَ ٱلَّذِينَ أَلۡحَقۡتُم بِهِۦ شُرَكَآءَۖ كـَلَّاۚ بَلۡ هُوَ ٱللَّهُ ٱلۡعَزِيزُ ٱلۡحَكِيمُ ۝٢٧
28

സന്തോഷവാര്‍ത്താ വാഹകനും താക്കീതുകാരനും ആയിക്കൊണ്ട്‌ മുഴുവന്‍ മനുഷ്യരിലേക്കുമായിട്ടല്ലാതെ (നബിയേ,) താങ്കളെ നാം അയച്ചിട്ടില്ല. പക്ഷെ, മനുഷ്യരില്‍ അധികമാളുകളും (യാഥാര്‍ത്ഥ്യം) അറിയുന്നില്ല.

وَمَآ أَرۡسَلۡنَٰكَ إِلَّا كَآفَّةٗ لِّلنَّاسِ بَشِيرٗا وَنَذِيرٗا وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ۝٢٨
29

നിങ്ങള്‍ സത്യവാദികളാണെങ്കില്‍ ഈ വാഗ്‌ദാനം എപ്പോഴാണ്‌ പുലരുക എന്നവര്‍ (സത്യനിഷേധികള്‍) ചോദിക്കുന്നു.

وَيَقُولُونَ مَتَىٰ هَٰذَا ٱلۡوَعۡدُ إِن كُنتُمۡ صَٰدِقِينَ ۝٢٩
30

(നബിയേ,) താങ്കള്‍ പറയുക: നിങ്ങള്‍ക്ക്‌ ഒരു നിശ്ചിത ദിവസമുണ്ട്‌. (അത്‌ വരുമ്പോള്‍) ഒരു നാഴിക സമയവും അതുവിട്ട്‌ നിങ്ങള്‍ പിന്നോട്ട്‌ പോകയില്ല; മുന്നോട്ടും പോകയില്ല.

قُل لَّكُم مِّيعَادُ يَوۡمٖ لَّا تَسۡتَـٔۡخِرُونَ عَنۡهُ سَاعَةٗ وَلَا تَسۡتَقۡدِمُونَ ۝٣٠
31

ഈ ഖുര്‍ആനിലോ ഇതിന്റെ മുമ്പുള്ള വേദങ്ങളിലോ ഞങ്ങള്‍ വിശ്വസിക്കുകയില്ല തന്നെ എന്ന്‌ സത്യനിഷേധികള്‍ പറയുന്നു. ആ അക്രമികള്‍ പരസ്‌പരം കുറ്റം പറഞ്ഞുകൊണ്ട്‌ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിറുത്തപ്പെട്ടവരാകുന്ന സന്ദര്‍ഭം (നബിയേ,) താങ്കള്‍ കാണുകയാണെങ്കില്‍! (ഹാ, അതു വല്ലാത്തൊരു കാഴ്‌ച തന്നെയായിരിക്കും!) അതായത്‌ ബലഹീനരായി ഗണിക്കപ്പെട്ടവര്‍ വലിയവരെന്ന്‌ നടിച്ചിരുന്നവരോട്‌ പറയും: നിങ്ങള്‍ (നേര്‍മാര്‍ഗത്തില്‍ നിന്നു തടയല്‍) ഉണ്ടായിരുന്നില്ലെങ്കില്‍ ഞങ്ങള്‍ സത്യവിശ്വാസികളാകുമായിരുന്നു.

وَقَالَ ٱلَّذِينَ كَفَرُواْ لَن نُّؤۡمِنَ بِهَٰذَا ٱلۡقُرۡءَانِ وَلَا بِٱلَّذِي بَيۡنَ يَدَيۡهِۗ وَلَوۡ تَرَىٰٓ إِذِ ٱلظَّٰلِمُونَ مَوۡقُوفُونَ عِندَ رَبِّهِمۡ يَرۡجِعُ بَعۡضُهُمۡ إِلَىٰ بَعۡضٍ ٱلۡقَوۡلَ يَقُولُ ٱلَّذِينَ ٱسۡتُضۡعِفُواْ لِلَّذِينَ ٱسۡتَكۡبَرُواْ لَوۡلَآ أَنتُمۡ لَكُنَّا مُؤۡمِنِينَ ۝٣١
32

വലിയവരെന്നു നടിച്ചവര്‍ (നേതാക്കള്‍) ബലഹീനരായി ഗണിക്കപ്പെട്ടവരോട്‌ പറയും: നിങ്ങള്‍ക്ക്‌ സന്മാര്‍ഗം വന്നെത്തിയ ശേഷം അതില്‍ നിന്ന്‌ നിങ്ങളെ തടഞ്ഞത്‌ ഞങ്ങളാണോ? അല്ല, നിങ്ങള്‍ സ്വയം കുറ്റവാളികളായിരുന്നു.

قَالَ ٱلَّذِينَ ٱسۡتَكۡبَرُواْ لِلَّذِينَ ٱسۡتُضۡعِفُوٓاْ أَنَحۡنُ صَدَدۡنَٰكُمۡ عَنِ ٱلۡهُدَىٰ بَعۡدَ إِذۡ جَآءَكُمۖ بَلۡ كُنتُم مُّجۡرِمِينَ ۝٣٢
33

ബലഹീനരായി ഗണിക്കപ്പെട്ടവര്‍ വലിയവരെന്ന്‌ നടിച്ചവരോട്‌ വീണ്ടും പറയും: `പക്ഷേ, രാപ്പകലുള്ള (നിങ്ങളുടെ) കുതന്ത്രം! അല്ലാഹുവിനെ നിഷേധിക്കുവാനും അവന്‌ സമന്മാരെ ആക്കുവാനും നിങ്ങള്‍ ഞങ്ങളോട്‌ കല്‍പിച്ചു കൊണ്ടിരുന്നപ്പോഴത്തെ (കുതന്ത്രം! അതാണ്‌ ഞങ്ങളെ തടഞ്ഞത്‌'). ശിക്ഷ കാണുന്ന സമയത്ത്‌ അവര്‍ (ഇരുകൂട്ടരും) ഖേദം മറച്ചുവെക്കുന്നതാണ്‌. സത്യനിഷേധികളുടെ കഴുത്തുകളില്‍ നാം വിലങ്ങുകള്‍ വെക്കുകയും ചെയ്യും. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനല്ലാതെ അവര്‍ക്ക്‌ പ്രതിഫലം നല്‍കപ്പെടുമോ?

وَقَالَ ٱلَّذِينَ ٱسۡتُضۡعِفُواْ لِلَّذِينَ ٱسۡتَكۡبَرُواْ بَلۡ مَكۡرُ ٱلَّيۡلِ وَٱلنَّهَارِ إِذۡ تَأۡمُرُونَنَآ أَن نَّكۡفُرَ بِٱللَّهِ وَنَجۡعَلَ لَهُۥٓ أَندَادٗاۚ وَأَسَرُّواْ ٱلنَّدَامَةَ لَمَّا رَأَوُاْ ٱلۡعَذَابَۚ وَجَعَلۡنَا ٱلۡأَغۡلَٰلَ فِيٓ أَعۡنَاقِ ٱلَّذِينَ كَفَرُواْۖ هَلۡ يُجۡزَوۡنَ إِلَّا مَا كَانُواْ يَعۡمَلُونَ ۝٣٣
34

ഒരു നാട്ടിലും തന്നെ ഒരു താക്കീതുകാരനെ (പ്രവാചകനെ) നാം അയച്ചിട്ട്‌ അവിടത്തെ സുഖലോലുപന്മാര്‍ ഇങ്ങനെ പറയാതിരുന്നിട്ടില്ല: നിങ്ങള്‍ കൊണ്ടുവന്ന സന്ദേശത്തെ നിശ്ചയമായും ഞങ്ങള്‍ നിഷേധിക്കുന്നു.

وَمَآ أَرۡسَلۡنَا فِي قَرۡيَةٖ مِّن نَّذِيرٍ إِلَّا قَالَ مُتۡرَفُوهَآ إِنَّا بِمَآ أُرۡسِلۡتُم بِهِۦ كَٰفِرُونَ ۝٣٤
35

`ഞങ്ങള്‍ ധാരാളം സ്വത്തുക്കളും സന്താനങ്ങളുമുള്ളവരാണ്‌; ഞങ്ങള്‍ ശിക്ഷിക്കപ്പെടുന്നവരാവുകയില്ല തന്നെ' എന്നും അവര്‍ പറയും.

وَقَالُواْ نَحۡنُ أَكۡثَرُ أَمۡوَٰلٗا وَأَوۡلَٰدٗا وَمَا نَحۡنُ بِمُعَذَّبِينَ ۝٣٥
36

(നബിയേ,) താങ്കള്‍ പറയുക: നിശ്ചയമായും എന്റെ രക്ഷിതാവ്‌ അവനുദ്ദേശിക്കുന്നവര്‍ക്ക്‌ ഉപജീവനം വിശാലമാക്കിക്കൊടുക്കും. (ഉദ്ദേശിക്കുന്നവര്‍ക്ക്‌) അവനത്‌ കുടുസ്സാക്കുകയും ചെയ്യും. പക്ഷെ, മനുഷ്യരില്‍ അധികമാളുകളും അറിയുന്നില്ല.

قُلۡ إِنَّ رَبِّي يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ۝٣٦
37

നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും നിങ്ങള്‍ക്ക്‌ നമ്മുടെ അടുത്ത്‌ സാമീപ്യം നേടിത്തരുന്നവയല്ല. പക്ഷേ, സത്യത്തില്‍ വിശ്വസിക്കുകയും സല്‍കര്‍മം അനുഷ്‌ഠിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക്‌ തങ്ങള്‍ പ്രവര്‍ത്തിച്ചതിന്‌ ഇരട്ടി പ്രതിഫലമുണ്ടായിരിക്കും. അവര്‍ ഉന്നത മന്ദിരങ്ങളില്‍ നിര്‍ഭയരായിരിക്കുന്നവരുമാണ്‌.

وَمَآ أَمۡوَٰلُكُمۡ وَلَآ أَوۡلَٰدُكُم بِٱلَّتِي تُقَرِّبُكُمۡ عِندَنَا زُلۡفَىٰٓ إِلَّا مَنۡ ءَامَنَ وَعَمِلَ صَٰلِحٗا فَأُوْلَٰٓئِكَ لَهُمۡ جَزَآءُ ٱلضِّعۡفِ بِمَا عَمِلُواْ وَهُمۡ فِي ٱلۡغُرُفَٰتِ ءَامِنُونَ ۝٣٧
38

നമ്മുടെ പിടിയില്‍ നിന്ന്‌ ചാടിപ്പോകാമെന്ന്‌ ധരിച്ചുകൊണ്ട്‌ നമ്മുടെ ആയത്തുകളില്‍ കുഴപ്പമുണ്ടാക്കുവാന്‍ ഓടിനടക്കുന്നവര്‍ ശിക്ഷയില്‍ ഹാജറാക്കപ്പെടുന്നവരാകുന്നു.

وَٱلَّذِينَ يَسۡعَوۡنَ فِيٓ ءَايَٰتِنَا مُعَٰجِزِينَ أُوْلَٰٓئِكَ فِي ٱلۡعَذَابِ مُحۡضَرُونَ ۝٣٨
39

പറയുക: എന്റെ രക്ഷിതാവ്‌ അവന്റെ അടിമകളില്‍ നിന്ന്‌ ഉദ്ദേശിക്കുന്നവര്‍ക്ക്‌ ഉപജീവനം വിശാലമാക്കിക്കൊടുക്കും; അവന്‍ കുടുസ്സാക്കുകയും ചെയ്യും. നിങ്ങള്‍ (സന്മാര്‍ഗത്തില്‍) ഏതൊരു വസ്‌തു ചെലവഴിക്കുന്നതായാലും അതിന്നവന്‍ നിങ്ങള്‍ക്ക്‌ പകരം നല്‍കുന്നതാണ്‌. അവന്‍ ഉപജീവനം നല്‍കുന്നവരില്‍ ഉത്തമനാകുന്നു.

قُلۡ إِنَّ رَبِّي يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ مِنۡ عِبَادِهِۦ وَيَقۡدِرُ لَهُۥۚ وَمَآ أَنفَقۡتُم مِّن شَيۡءٖ فَهُوَ يُخۡلِفُهُۥۖ وَهُوَ خَيۡرُ ٱلرَّٰزِقِينَ ۝٣٩
40

അവരെ എല്ലാവരെയും അവന്‍ (അല്ലാഹു) ഒരുമിച്ചുകൂട്ടുന്ന ദിവസം (ഓര്‍ക്കുക). പിന്നെ അവന്‍ മലക്കുകളോട്‌ ചോദിക്കും: ഇവര്‍ നിങ്ങളെയായിരുന്നോ ആരാധിച്ചിരുന്നത്‌?

وَيَوۡمَ يَحۡشُرُهُمۡ جَمِيعٗا ثُمَّ يَقُولُ لِلۡمَلَٰٓئِكَةِ أَهَٰٓؤُلَآءِ إِيَّاكُمۡ كَانُواْ يَعۡبُدُونَ ۝٤٠
41

അവര്‍ പറയും: നിന്റെ പരിശുദ്ധിയെ ഞങ്ങള്‍ പ്രകീര്‍ത്തിക്കുന്നു. നീയാണ്‌ ഞങ്ങള്‍ക്ക്‌ ബന്ധപ്പെട്ടവന്‍; ഇവരല്ല. ഇവര്‍ പിശാചുക്കളെയാണ്‌ ആരാധിച്ചിരുന്നത്‌. ഇവരില്‍ അധികമാളുകളും അവരില്‍ വിശ്വസിക്കുന്നവരാകുന്നു.

قَالُواْ سُبۡحَٰنَكَ أَنتَ وَلِيُّنَا مِن دُونِهِمۖ بَلۡ كَانُواْ يَعۡبُدُونَ ٱلۡجِنَّۖ أَكۡثَرُهُم بِهِم مُّؤۡمِنُونَ ۝٤١
42

അന്ന്‌ നിങ്ങളില്‍ ചിലര്‍ക്ക്‌ വേണ്ടി മറ്റു ചിലര്‍ക്ക്‌ ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യുവാന്‍ കഴിയുന്നതല്ല. `നിങ്ങള്‍ നിഷേധിച്ചു കൊണ്ടിരുന്ന ആ നരകശിക്ഷ ആസ്വദിച്ചു കൊള്ളുക' എന്ന്‌ അക്രമം പ്രവര്‍ത്തിച്ചവരോട്‌ നാം പറയുകയും ചെയ്യും.

فَٱلۡيَوۡمَ لَا يَمۡلِكُ بَعۡضُكُمۡ لِبَعۡضٖ نَّفۡعٗا وَلَا ضَرّٗا وَنَقُولُ لِلَّذِينَ ظَلَمُواْ ذُوقُواْ عَذَابَ ٱلنَّارِ ٱلَّتِي كُنتُم بِهَا تُكَذِّبُونَ ۝٤٢
43

വ്യക്തമായ നിലയില്‍ നമ്മുടെ ആയത്തുകള്‍ അവര്‍ക്ക്‌ ഓതിക്കേള്‍പിക്കപ്പെടുന്നതായാല്‍ അവര്‍ പറയും: `നിങ്ങളുടെ പിതാക്കള്‍ ആരാധിച്ചു വന്നവയില്‍ നിന്ന്‌ നിങ്ങളെ തടയുവാനുദ്ദേശിക്കുന്ന ഒരു മനുഷ്യന്‍ തന്നെയാണിവന്‍'. ഇത്‌ കെട്ടിയുണ്ടാക്കപ്പെട്ട ഒരു കള്ളം മാത്രമാണ്‌ എന്നും അവര്‍ പറയും. ആ സത്യനിഷേധികള്‍ക്ക്‌ സത്യം വന്നുകിട്ടിയപ്പോള്‍ അതിനെ സംബന്ധിച്ച്‌ ഇത്‌ വ്യക്തമായ ജാലവിദ്യ മാത്രമാണ്‌ എന്നും അവര്‍ പറയും.

وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُنَا بَيِّنَٰتٖ قَالُواْ مَا هَٰذَآ إِلَّا رَجُلٞ يُرِيدُ أَن يَصُدَّكُمۡ عَمَّا كَانَ يَعۡبُدُ ءَابَآؤُكُمۡ وَقَالُواْ مَا هَٰذَآ إِلَّآ إِفۡكٞ مُّفۡتَرٗىۚ وَقَالَ ٱلَّذِينَ كَفَرُواْ لِلۡحَقِّ لَمَّا جَآءَهُمۡ إِنۡ هَٰذَآ إِلَّا سِحۡرٞ مُّبِينٞ ۝٤٣
44

പഠിച്ചറിയുമാറുള്ള വേദഗ്രന്ഥങ്ങളൊന്നും അവര്‍ക്ക്‌ നാം കൊടുത്തിട്ടില്ല. താങ്കള്‍ക്ക്‌ മുമ്പ്‌ അവരിലേക്ക്‌ ഒരു താക്കീതുകാരനെയും നാം അയച്ചിട്ടുമില്ല.

وَمَآ ءَاتَيۡنَٰهُم مِّن كُتُبٖ يَدۡرُسُونَهَاۖ وَمَآ أَرۡسَلۡنَآ إِلَيۡهِمۡ قَبۡلَكَ مِن نَّذِيرٖ ۝٤٤
45

ഇവര്‍ക്കു മുമ്പുള്ളവരും നിഷേധിച്ചിട്ടുണ്ട്‌. അവര്‍ക്കു നാം നല്‍കിയതിന്റെ പത്തില്‍ ഒരംശത്തിലേക്കുപോലും ഇവര്‍ എത്തിയിട്ടില്ല. അങ്ങനെ അവരെന്റെ ദൂതന്മാരെ നിഷേധിച്ചു. അപ്പോള്‍ എന്റെ ശിക്ഷ എങ്ങനെയാണുണ്ടായത്‌? (കുറിക്കു കൊണ്ടില്ലേ?)

وَكَذَّبَ ٱلَّذِينَ مِن قَبۡلِهِمۡ وَمَا بَلَغُواْ مِعۡشَارَ مَآ ءَاتَيۡنَٰهُمۡ فَكَذَّبُواْ رُسُلِيۖ فَكَيۡفَ كَانَ نَكِيرِ ۝٤٥
46

(നബിയേ,) പറയുക: ഒരുകാര്യം മാത്രം ഞാന്‍ നിങ്ങളെ ഉപദേശിക്കുന്നു. ഈ രണ്ടാളോ ഓരോരുത്തരോ ആയി അല്ലാഹുവിന്നു വേണ്ടി നിങ്ങള്‍ തയ്യാറാവുക; എന്നിട്ട്‌ ചിന്തിച്ചുനോക്കുക (എന്നതാണത്‌: എന്നാല്‍ നിങ്ങള്‍ക്ക്‌ വ്യക്തമായി മനസ്സിലാകും:) നിങ്ങളുടെ കൂട്ടുകാരന്‌ യാതൊരു ഭ്രാന്തുമില്ല. കഠിനമായ ഒരു ശിക്ഷയുടെ മുമ്പില്‍ നിങ്ങള്‍ ക്കൊരു താക്കീതുകാരന്‍ മാത്രമാണ്‌ അദ്ദേഹം.

۞ قُلۡ إِنَّمَآ أَعِظُكُم بِوَٰحِدَةٍۖ أَن تَقُومُواْ لِلَّهِ مَثۡنَىٰ وَفُرَٰدَىٰ ثُمَّ تَتَفَكَّرُواْۚ مَا بِصَاحِبِكُم مِّن جِنَّةٍۚ إِنۡ هُوَ إِلَّا نَذِيرٞ لَّكُم بَيۡنَ يَدَيۡ عَذَابٖ شَدِيدٖ ۝٤٦
47

പറയുക: നിങ്ങളോട്‌ ഞാന്‍ വല്ല പ്രതിഫലവും ചോദിക്കയാണെങ്കില്‍ അത്‌ നിങ്ങള്‍ക്കാണ്‌. എനിക്കുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. അവന്‍ എല്ലാ കാര്യങ്ങളും അറിയുന്നവനാണ്‌.

قُلۡ مَا سَأَلۡتُكُم مِّنۡ أَجۡرٖ فَهُوَ لَكُمۡۖ إِنۡ أَجۡرِيَ إِلَّا عَلَى ٱللَّهِۖ وَهُوَ عَلَىٰ كُلِّ شَيۡءٖ شَهِيدٞ ۝٤٧
48

പറയുക: നിശ്ചയമായും എന്റെ രക്ഷിതാവ്‌ സത്യത്തെ ഇട്ടുതരുന്നു. അവന്‍ അദൃശ്യകാര്യങ്ങള്‍ നന്നായി അറിയുന്നവനാണ്‌.

قُلۡ إِنَّ رَبِّي يَقۡذِفُ بِٱلۡحَقِّ عَلَّٰمُ ٱلۡغُيُوبِ ۝٤٨
49

പ്രഖ്യാപിക്കുക: സത്യം വന്നുകഴിഞ്ഞു; അസത്യം തുടങ്ങുകയോ അതാവര്‍ത്തിക്കുകയോ ചെയ്യുന്നതല്ല.(48)

قُلۡ جَآءَ ٱلۡحَقُّ وَمَا يُبۡدِئُ ٱلۡبَٰطِلُ وَمَا يُعِيدُ ۝٤٩
50

പറയുക: ഞാന്‍ വഴിപിഴച്ചുപോയാല്‍ എന്റെ വഴികേട്‌ (അതിന്റെ കുറ്റം) എനിക്കു തന്നെയാണ്‌. ഞാന്‍ നേര്‍മാര്‍ഗം പ്രാപിച്ചവനായിട്ടുണ്ടെങ്കില്‍ അത്‌ എന്റെ രക്ഷിതാവ്‌ എനിക്ക്‌ വഹ്‌യ്‌ നല്‍കുന്നതുകൊണ്ടാകുന്നു. നിശ്ചയമായും അവന്‍ എല്ലാം കേള്‍ക്കുന്നവനും സമീപസ്ഥനുമാണ്‌.

قُلۡ إِن ضَلَلۡتُ فَإِنَّمَآ أَضِلُّ عَلَىٰ نَفۡسِيۖ وَإِنِ ٱهۡتَدَيۡتُ فَبِمَا يُوحِيٓ إِلَيَّ رَبِّيٓۚ إِنَّهُۥ سَمِيعٞ قَرِيبٞ ۝٥٠
51

(നബിയേ,) അവര്‍ ഭയചകിതരാകുന്ന സന്ദര്‍ഭം താങ്കള്‍ കാണുകയാണെങ്കില്‍ (അതു ഭയങ്കരം തന്നെ). അപ്പോള്‍ (അവര്‍ക്കു അല്ലാഹുവിന്റെ പിടിയില്‍ നിന്ന്‌) രക്ഷപ്പെടല്‍ ഇല്ലതന്നെ. അടുത്ത സ്ഥലത്തുവെച്ചുതന്നെ അവര്‍ പിടിക്കപ്പെടുകയും ചെയ്യും.

وَلَوۡ تَرَىٰٓ إِذۡ فَزِعُواْ فَلَا فَوۡتَ وَأُخِذُواْ مِن مَّكَانٖ قَرِيبٖ ۝٥١
52

അപ്പോള്‍ ഞങ്ങള്‍ അതില്‍ വിശ്വസിച്ചു എന്നവര്‍ പറയും! (കൈയെത്താത്ത) വിദൂര സ്ഥലത്തുനിന്ന്‌ എങ്ങനെയാണവര്‍ക്കത്‌ കരസ്ഥമാക്കാന്‍ കഴിയുക?

وَقَالُوٓاْ ءَامَنَّا بِهِۦ وَأَنَّىٰ لَهُمُ ٱلتَّنَاوُشُ مِن مَّكَانِۭ بَعِيدٖ ۝٥٢
53

ഇതിന്നു മുമ്പ്‌ അവരതു നിഷേധിച്ചിരിക്കുകയാണ്‌. (ലക്ഷ്യത്തില്‍ നിന്ന്‌) വിദൂരമായ സ്ഥലത്തുനിന്ന്‌ അവര്‍ ഊഹാസ്‌ത്രം എറിയുകയും ചെയ്‌തിരുന്നു.

وَقَدۡ كَفَرُواْ بِهِۦ مِن قَبۡلُۖ وَيَقۡذِفُونَ بِٱلۡغَيۡبِ مِن مَّكَانِۭ بَعِيدٖ ۝٥٣
54

അവരുടെയും അവര്‍ ഇച്ഛിക്കുന്നതിന്റെയും ഇടയില്‍ മറ (തടസ്സം) ഇടപ്പെടും. അവരുടെ മുമ്പുണ്ടായിരുന്ന കക്ഷികളെ ക്കൊണ്ടു ചെയ്യപ്പെട്ടതു പോലെത്തന്നെ. (കാരണം) നിശ്ചയമായും അവര്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന സംശയത്തിലായിരുന്നു.

وَحِيلَ بَيۡنَهُمۡ وَبَيۡنَ مَا يَشۡتَهُونَ كَمَا فُعِلَ بِأَشۡيَاعِهِم مِّن قَبۡلُۚ إِنَّهُمۡ كَانُواْ فِي شَكّٖ مُّرِيبِۭ ۝٥٤