Monday, 12 October 2026 Hijri: — 01:29:19 pm
MalayalamQuran.in
Quran translation reader

ഫാതിർ فاطر Fatir

Surah 35 മക്കിയ്യ • مكية • Makkiyah 45 ആയത്തുകൾ • 45 Ayahs

സൂറത്ത് ഫാതിർ (Fatir), ഖുർആൻ അധ്യായം 35 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 45 ആയത്തുകൾ വായിക്കുക. Read Surah Fatir with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

ആകാശഭൂമികളെ മാതൃക കൂടാതെ സൃഷ്ടിച്ചവനും മലക്കുകളെ ഈരണ്ടും മുമ്മൂന്നും നന്നാലും ചിറകുകളുള്ള ദൂതന്മാരാക്കിയവനുമായ അല്ലാഹുവിനാകുന്നു എല്ലാ സ്‌തുതിയും. താനുദ്ദേശിക്കുന്നത്‌ സൃഷ്ടിയില്‍ അവന്‍ വര്‍ധിപ്പിക്കുന്നതാണ്‌. നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.

ٱلۡحَمۡدُ لِلَّهِ فَاطِرِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ جَاعِلِ ٱلۡمَلَٰٓئِكَةِ رُسُلًا أُوْلِيٓ أَجۡنِحَةٖ مَّثۡنَىٰ وَثُلَٰثَ وَرُبَٰعَۚ يَزِيدُ فِي ٱلۡخَلۡقِ مَا يَشَآءُۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ۝١
2

അല്ലാഹു മനുഷ്യര്‍ക്കായി വല്ല അനുഗ്രഹവും തുറന്നുകൊടുക്കുന്നതായാല്‍ അതിനെ തടഞ്ഞുവെക്കുന്ന ആരുമില്ല. അവന്‍ വല്ലതും തടഞ്ഞുവെച്ചാല്‍ അതിന്നുശേഷം അത്‌ വിട്ടുകൊടുക്കുന്നവനുമില്ല. അവന്‍ പ്രതാപശാലിയും അഗാധജ്ഞനുമാണ്‌.

مَّا يَفۡتَحِ ٱللَّهُ لِلنَّاسِ مِن رَّحۡمَةٖ فَلَا مُمۡسِكَ لَهَاۖ وَمَا يُمۡسِكۡ فَلَا مُرۡسِلَ لَهُۥ مِنۢ بَعۡدِهِۦۚ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ ۝٢
3

ഹേ, ജനങ്ങളേ! അല്ലാഹു നിങ്ങള്‍ക്ക്‌ ചെയ്‌തുതന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുക. അല്ലാഹു അല്ലാതെ ആകാശ ഭൂമികളില്‍ നിന്നും നിങ്ങള്‍ക്ക്‌ ഭക്ഷണം നല്‍കുന്ന വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ ഒരു ഇലാഹുമില്ല. എന്നിരിക്കെ നിങ്ങള്‍ എങ്ങനെയാണ്‌ (സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നത്‌?

يَٰٓأَيُّهَا ٱلنَّاسُ ٱذۡكُرُواْ نِعۡمَتَ ٱللَّهِ عَلَيۡكُمۡۚ هَلۡ مِنۡ خَٰلِقٍ غَيۡرُ ٱللَّهِ يَرۡزُقُكُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِۚ لَآ إِلَٰهَ إِلَّا هُوَۖ فَأَنَّىٰ تُؤۡفَكُونَ ۝٣
4

(നബിയേ,) ഇവര്‍ താങ്കളെ നിഷേധിക്കുന്നുവെങ്കില്‍ താങ്കള്‍ക്കു മുമ്പും മുര്‍സലുകള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്‌. (അതുകൊണ്ട്‌ അവര്‍ ക്ഷമിച്ചതുപോലെ താങ്കളും ക്ഷമിച്ചു കൊള്ളുക.) അല്ലാഹുവിങ്കലേക്കാണ്‌ കാര്യങ്ങള്‍ മടക്കപ്പെടുന്നത്‌.

وَإِن يُكَذِّبُوكَ فَقَدۡ كُذِّبَتۡ رُسُلٞ مِّن قَبۡلِكَۚ وَإِلَى ٱللَّهِ تُرۡجَعُ ٱلۡأُمُورُ ۝٤
5

ഹേ ജനങ്ങളേ, നിശ്ചയമായും അല്ലാഹുവിന്റെ വാഗ്‌ദാനം സത്യമാണ്‌. അതിനാല്‍ ഐഹിക ജീവിതം നിങ്ങളെ കബളിപ്പിക്കാതിരിക്കട്ടെ! അല്ലാഹുവിനെ സംബന്ധിച്ച്‌ ആ മഹാ വഞ്ചകനും (പിശാച്‌) നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ.

يَٰٓأَيُّهَا ٱلنَّاسُ إِنَّ وَعۡدَ ٱللَّهِ حَقّٞۖ فَلَا تَغُرَّنَّكُمُ ٱلۡحَيَوٰةُ ٱلدُّنۡيَا وَلَا يَغُرَّنَّكُم بِٱللَّهِ ٱلۡغَرُورُ ۝٥
6

നിശ്ചയമായും പിശാച്‌ നിങ്ങള്‍ക്ക്‌ ശത്രുവാകുന്നു. അതുകൊണ്ട്‌ നിങ്ങള്‍ അവനെ ശത്രുവാക്കിതന്നെ വെക്കുക! തന്റെ കക്ഷിയെ അവന്‍ ക്ഷണിക്കുന്നത്‌ അവര്‍ നരകക്കാരില്‍ പെട്ടവരാവാന്‍ വേണ്ടി മാത്രമാണ്‌.

إِنَّ ٱلشَّيۡطَٰنَ لَكُمۡ عَدُوّٞ فَٱتَّخِذُوهُ عَدُوًّاۚ إِنَّمَا يَدۡعُواْ حِزۡبَهُۥ لِيَكُونُواْ مِنۡ أَصۡحَٰبِ ٱلسَّعِيرِ ۝٦
7

സത്യത്തെ നിഷേധിച്ചവരാരോ അവര്‍ക്ക്‌ കഠിനശിക്ഷയുണ്ട്‌. സത്യത്തില്‍ വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്‌ഠിക്കുകയും ചെയ്‌തവരാരോ അവര്‍ക്ക്‌ പാപമോചനവും വമ്പിച്ച പ്രതിഫലവുമാണുള്ളത്‌.

ٱلَّذِينَ كَفَرُواْ لَهُمۡ عَذَابٞ شَدِيدٞۖ وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ لَهُم مَّغۡفِرَةٞ وَأَجۡرٞ كَبِيرٌ ۝٧
8

അപ്പോള്‍, തന്റെ ദുഷ്‌കര്‍മം തനിക്കു ഭംഗിയാക്കപ്പെടുകയും എന്നിട്ട്‌ അതിനെ നല്ലതായി കാണുകയും ചെയ്‌തവന്‍ (സന്മാര്‍ഗം പ്രാപിച്ചവനെ പോലെയാണോ? അല്ല). എന്നാല്‍ നിശ്ചയമായും അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന്‍ വഴിതെറ്റിക്കുന്നു. ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അതിനാല്‍ ദുഃഖിച്ചു കൊണ്ട്‌ അവരെ ചൊല്ലി താങ്കളുടെ ആത്മാവ്‌ നശിക്കാതിരിക്കട്ടെ. നിശ്ചയമായും അവര്‍ പ്രവര്‍ത്തിക്കുന്നത്‌ സംബന്ധിച്ച്‌ അല്ലാഹു ഏറ്റവും അറിയുന്നവനാകുന്നു

أَفَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ فَرَءَاهُ حَسَنٗاۖ فَإِنَّ ٱللَّهَ يُضِلُّ مَن يَشَآءُ وَيَهۡدِي مَن يَشَآءُۖ فَلَا تَذۡهَبۡ نَفۡسُكَ عَلَيۡهِمۡ حَسَرَٰتٍۚ إِنَّ ٱللَّهَ عَلِيمُۢ بِمَا يَصۡنَعُونَ ۝٨
9

അല്ലാഹു കാറ്റുകളെ അയച്ചവനാണ്‌. എന്നിട്ട്‌ അവ മേഘങ്ങളെ ഇളക്കിവിടുന്നു. അങ്ങനെ അതിനെ നാം (അല്ലാഹു) നിര്‍ജീവമായികിടക്കുന്ന ഭൂമിയിലേക്ക്‌ നീക്കിക്കൊണ്ട്‌ പോകുന്നു. എന്നിട്ട്‌ ആ ഭൂമിയെ-അത്‌ നിര്‍ജീവമായിരുന്നതിനു ശേഷം- നാം ജീവിപ്പിക്കുന്നു. ഇതുപോലെ തന്നെയാണ്‌ പുനര്‍ജീവിതവും.

وَٱللَّهُ ٱلَّذِيٓ أَرۡسَلَ ٱلرِّيَٰحَ فَتُثِيرُ سَحَابٗا فَسُقۡنَٰهُ إِلَىٰ بَلَدٖ مَّيِّتٖ فَأَحۡيَيۡنَا بِهِ ٱلۡأَرۡضَ بَعۡدَ مَوۡتِهَاۚ كَذَٰلِكَ ٱلنُّشُورُ ۝٩
10

ആരെങ്കിലും പ്രതാപം ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ (അവന്‍ അല്ലാഹുവെ അനുസരിച്ചുകൊള്ളട്ടെ. കാരണം) പ്രതാപമെല്ലാം അല്ലാഹുവിന്‌ മാത്രമുള്ളതാണ്‌. നല്ല വാക്കുകള്‍ അവങ്കലേക്ക്‌ തന്നെ കയറിപ്പോകുന്നു. സല്‍കര്‍മങ്ങളാകട്ടെ, അതിനെ അവന്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ദുഷിച്ച കുതന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ കഠിനമായ ശിക്ഷയുണ്ട്‌. അവരുടെ കുതന്ത്രം പൊളിഞ്ഞുപോവുക തന്നെ ചെയ്യും.

مَن كَانَ يُرِيدُ ٱلۡعِزَّةَ فَلِلَّهِ ٱلۡعِزَّةُ جَمِيعًاۚ إِلَيۡهِ يَصۡعَدُ ٱلۡكَلِمُ ٱلطَّيِّبُ وَٱلۡعَمَلُ ٱلصَّٰلِحُ يَرۡفَعُهُۥۚ وَٱلَّذِينَ يَمۡكُرُونَ ٱلسَّيِّـَٔاتِ لَهُمۡ عَذَابٞ شَدِيدٞۖ وَمَكۡرُ أُوْلَٰٓئِكَ هُوَ يَبُورُ ۝١٠
11

അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്നും പിന്നെ ഇന്ദ്രിയത്തില്‍ നിന്നുമായി സൃഷ്ടിച്ചു. പിന്നെ അവന്‍ നിങ്ങളെ ഇണകളാക്കി. അവന്റെ അറിവുകൂടാതെ ഒരു സ്‌ത്രീയും ഗര്‍ഭം ധരിക്കുന്നില്ല; പ്രസവിക്കുന്നുമില്ല. ദീര്‍ഘായുസ്സ്‌ നല്‍കപ്പെട്ട ഏതൊരാള്‍ക്കും ആയുസ്സ്‌ നല്‍കപ്പെടുന്നതോ ആയുസ്സില്‍ നിന്ന്‌ കുറക്കപ്പെടുന്നതോ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയത്‌ മാത്രമാണ്‌. നിശ്ചയമായും അത്‌ അല്ലാഹുവിന്‌ ഒട്ടും പ്രയാസമില്ലാത്തതാകുന്നു.

وَٱللَّهُ خَلَقَكُم مِّن تُرَابٖ ثُمَّ مِن نُّطۡفَةٖ ثُمَّ جَعَلَكُمۡ أَزۡوَٰجٗاۚ وَمَا تَحۡمِلُ مِنۡ أُنثَىٰ وَلَا تَضَعُ إِلَّا بِعِلۡمِهِۦۚ وَمَا يُعَمَّرُ مِن مُّعَمَّرٖ وَلَا يُنقَصُ مِنۡ عُمُرِهِۦٓ إِلَّا فِي كِتَٰبٍۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٞ ۝١١
12

രണ്ടു സമുദ്രങ്ങള്‍ സമമാവുകയില്ല. ഒന്ന്‌ കുടിക്കുവാന്‍ സുഖമുള്ള നല്ല വെള്ളമാണ്‌. മറ്റേതു കൈപ്പുരസമുള്ള ഉപ്പുവെള്ളവും. ഓരോന്നില്‍ നിന്നും പുതിയ മാംസം നിങ്ങള്‍ തിന്നുകയും ധരിക്കുന്ന ആഭരണങ്ങള്‍ (അതില്‍ നിന്ന്‌) നിങ്ങള്‍ പുറത്തെടുക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന്‌ നിങ്ങള്‍ അന്വേഷിക്കുവാനും നിങ്ങള്‍ നന്ദികാണിക്കുവാനും വേണ്ടി സമുദ്രത്തില്‍ വെള്ളത്തെ പിളര്‍ന്നു സഞ്ചരിക്കുന്ന സ്ഥിതിയില്‍ കപ്പലുകളെ നിനക്കു കാണാം.

وَمَا يَسۡتَوِي ٱلۡبَحۡرَانِ هَٰذَا عَذۡبٞ فُرَاتٞ سَآئِغٞ شَرَابُهُۥ وَهَٰذَا مِلۡحٌ أُجَاجٞۖ وَمِن كُلّٖ تَأۡكُلُونَ لَحۡمٗا طَرِيّٗا وَتَسۡتَخۡرِجُونَ حِلۡيَةٗ تَلۡبَسُونَهَاۖ وَتَرَى ٱلۡفُلۡكَ فِيهِ مَوَاخِرَ لِتَبۡتَغُواْ مِن فَضۡلِهِۦ وَلَعَلَّكُمۡ تَشۡكُرُونَ ۝١٢
13

അവന്‍ രാവിനെ പകലിലും പകലിനെ രാവിലും കടത്തുന്നു. സൂര്യനെയും ചന്ദ്രനെയും കീഴ്‌പെടുത്തിത്തരിക്കുകയും ചെയ്തിരിക്കുന്നു. അവ ഓരോന്നും ഒരു നിശ്ചിത അവധി വരെ സഞ്ചരിക്കുന്നു.അങ്ങനെ ചെയ്തിട്ടുള്ളവനത്രേ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാണ് ആധിപത്യം. അവന് പുറമെ നിങ്ങള്‍ ആരോട് പ്രാര്‍ത്ഥിക്കുന്നുവോ അവ ഒരു ഈത്തപ്പഴക്കുരുവിന്റെ പാട(യുടെ അത്ര)യും സ്വാധീനമാക്കുകയില്ല

يُولِجُ ٱلَّيۡلَ فِي ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِي ٱلَّيۡلِ وَسَخَّرَ ٱلشَّمۡسَ وَٱلۡقَمَرَۖ كُلّٞ يَجۡرِي لِأَجَلٖ مُّسَمّٗىۚ ذَٰلِكُمُ ٱللَّهُ رَبُّكُمۡ لَهُ ٱلۡمُلۡكُۚ وَٱلَّذِينَ تَدۡعُونَ مِن دُونِهِۦ مَا يَمۡلِكُونَ مِن قِطۡمِيرٍ ۝١٣
14

നിങ്ങള്‍ അവരോട്‌ പ്രാര്‍ത്ഥിച്ചാല്‍ നിങ്ങളുടെ പ്രാര്‍ത്ഥന അവര്‍ കേള്‍ക്കുകയില്ല. കേള്‍ക്കു(മെന്നു സങ്കല്‍പിക്കു)ന്നതായാല്‍ തന്നെ നിങ്ങള്‍ക്കവര്‍ ഉത്തരം ചെയ്യുന്നതല്ല. നിങ്ങള്‍ (അവരെ) അല്ലാഹുവിനോട്‌ പങ്കുചേര്‍ത്തതിനെ ഖിയാമത്ത്‌ നാളില്‍ അവര്‍ തള്ളിപ്പറയുകയും ചെയ്യും. (ഹേ മനുഷ്യാ,) സൂക്ഷ്‌മജ്ഞാനിയായവ(അല്ലാഹു)നെ പോലെയുള്ള ഒരാള്‍ നിനക്കു വിവരം അറിയിക്കാനില്ല.

إِن تَدۡعُوهُمۡ لَا يَسۡمَعُواْ دُعَآءَكُمۡ وَلَوۡ سَمِعُواْ مَا ٱسۡتَجَابُواْ لَكُمۡۖ وَيَوۡمَ ٱلۡقِيَٰمَةِ يَكۡفُرُونَ بِشِرۡكِكُمۡۚ وَلَا يُنَبِّئُكَ مِثۡلُ خَبِيرٖ ۝١٤
15

ഹേ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ ആശ്രയമുള്ളവരാണ്‌. അല്ലാഹുവാകട്ടെ നിരാശ്രയനും സ്‌തുത്യര്‍ഹനുമാകുന്നു.

۞ يَٰٓأَيُّهَا ٱلنَّاسُ أَنتُمُ ٱلۡفُقَرَآءُ إِلَى ٱللَّهِۖ وَٱللَّهُ هُوَ ٱلۡغَنِيُّ ٱلۡحَمِيدُ ۝١٥
16

അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങളെ നശിപ്പിക്കുന്നതും പുതിയ സൃഷ്ടികളെ കൊണ്ടുവരുന്നതുമാകുന്നു.

إِن يَشَأۡ يُذۡهِبۡكُمۡ وَيَأۡتِ بِخَلۡقٖ جَدِيدٖ ۝١٦
17

അത്‌ അല്ലാഹുവിന്‌ ഒരു പ്രയാസമുള്ള കാര്യമല്ല.

وَمَا ذَٰلِكَ عَلَى ٱللَّهِ بِعَزِيزٖ ۝١٧
18

കുറ്റം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ കുറ്റം വഹിക്കുകയില്ല. (കുറ്റംകൊണ്ട്‌) ഭാരമാക്കപ്പെട്ട ഒരാള്‍ അവന്റെ ചുമടെടുക്കുന്നതിന്‌ (മറ്റൊരാളെ) വിളിക്കുന്ന പക്ഷം അതില്‍ നിന്ന്‌ യാതൊന്നും തന്നെ വഹിപ്പിക്കപ്പെടുന്നതുമല്ല; അവന്‍ അടുത്ത കുടുംബക്കാരനായാലും.തങ്ങളുടെ രക്ഷിതാവിനെ അദൃശ്യമായ നിലയില്‍ ഭയപ്പെടുകയും നമസ്‌കാരം മുറപ്രകാരം അനുഷ്‌ഠിക്കുകയും ചെയ്യുന്നവരെ മാത്രമേ താങ്കള്‍ താക്കീതു ചെയ്യുന്നതുകൊണ്ട്‌ ഫലമുള്ളൂ. അവര്‍ പരിശുദ്ധി പ്രാപിക്കുന്നുവോ അവന്‍ തനിക്ക്‌ (ഗുണത്തിനു) വേണ്ടി തന്നെയാണ്‌ പരിശുദ്ധി പ്രാപിച്ചത്‌. അല്ലാഹുവിങ്കലേക്ക്‌ തന്നെയാണ്‌ (എല്ലാവരുടെയും) മടക്കം.

وَلَا تَزِرُ وَازِرَةٞ وِزۡرَ أُخۡرَىٰۚ وَإِن تَدۡعُ مُثۡقَلَةٌ إِلَىٰ حِمۡلِهَا لَا يُحۡمَلۡ مِنۡهُ شَيۡءٞ وَلَوۡ كَانَ ذَا قُرۡبَىٰٓۗ إِنَّمَا تُنذِرُ ٱلَّذِينَ يَخۡشَوۡنَ رَبَّهُم بِٱلۡغَيۡبِ وَأَقَامُواْ ٱلصَّلَوٰةَۚ وَمَن تَزَكَّىٰ فَإِنَّمَا يَتَزَكَّىٰ لِنَفۡسِهِۦۚ وَإِلَى ٱللَّهِ ٱلۡمَصِيرُ ۝١٨
19

അന്ധനും കാഴ്ചയുള്ളവനും സമമാകയില്ല.

وَمَا يَسۡتَوِي ٱلۡأَعۡمَىٰ وَٱلۡبَصِيرُ ۝١٩
20

ഇരുട്ടും പ്രകാശവും (സമമാകയില്ല),

وَلَا ٱلظُّلُمَٰتُ وَلَا ٱلنُّورُ ۝٢٠
21

തണലും കഠിനചൂടുള്ള വെയിലും (സമമാകയില്ല).

وَلَا ٱلظِّلُّ وَلَا ٱلۡحَرُورُ ۝٢١
22

ജീവിച്ചിരിക്കുന്നവരും മരണമടഞ്ഞവരും സമമാകില്ല. നിശ്ചയമായും അല്ലാഹു ഉദ്ദേശിച്ചവരെ അവന്‍ കേള്‍പിക്കുന്നു. ഖബ്‌റുകളിലുള്ളവരെ താങ്കള്‍ കേള്‍പിക്കുന്ന ആളല്ല.

وَمَا يَسۡتَوِي ٱلۡأَحۡيَآءُ وَلَا ٱلۡأَمۡوَٰتُۚ إِنَّ ٱللَّهَ يُسۡمِعُ مَن يَشَآءُۖ وَمَآ أَنتَ بِمُسۡمِعٖ مَّن فِي ٱلۡقُبُورِ ۝٢٢
23

താങ്കള്‍ ഒരു താക്കീതുകാരന്‍ മാത്രമാണ്‌.

إِنۡ أَنتَ إِلَّا نَذِيرٌ ۝٢٣
24

നിശ്ചമായും താങ്കളെ നാം സന്തോഷവാര്‍ത്ത അറിയിക്കുകയും താക്കീതു നല്‍കുകയും ചെയ്യുന്ന ആളായി സത്യ(മത)ത്തോട്‌ കൂടി അയച്ചിരിക്കുന്നു. ഒരൊറ്റ സമുദായവും അതില്‍ ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാതിരുന്നിട്ടില്ല.

إِنَّآ أَرۡسَلۡنَٰكَ بِٱلۡحَقِّ بَشِيرٗا وَنَذِيرٗاۚ وَإِن مِّنۡ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٞ ۝٢٤
25

ഇവര്‍ താങ്കളെ നിഷേധിക്കുന്നുവെങ്കില്‍ ഇവരുടെ മുമ്പുണ്ടായിരുന്നവരും (ഇതുപോലെ) നിഷേധിച്ചിട്ടുണ്ട്‌. തങ്ങളുടെ റസൂലുകള്‍ വ്യക്തമായ ദൃഷ്ടാന്തങ്ങളും ഏടുകളും പ്രകാശം നല്‍കുന്ന വേദഗ്രന്ഥങ്ങളും കൊണ്ട്‌ അവരുടെ അടുത്ത്‌ ചെന്നിരുന്നു.

وَإِن يُكَذِّبُوكَ فَقَدۡ كَذَّبَ ٱلَّذِينَ مِن قَبۡلِهِمۡ جَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِ وَبِٱلزُّبُرِ وَبِٱلۡكِتَٰبِ ٱلۡمُنِيرِ ۝٢٥
26

പിന്നീട്‌ സത്യനിഷേധികളെ ഞാന്‍ പിടിച്ചു ശിക്ഷിച്ചു. അപ്പോള്‍ എന്റെ പ്രതിഷേധം എങ്ങനെ ആയി? (അതിന്റെ സ്ഥാനത്തു തന്നെ ആയി.)

ثُمَّ أَخَذۡتُ ٱلَّذِينَ كَفَرُواْۖ فَكَيۡفَ كَانَ نَكِيرِ ۝٢٦
27

അല്ലാഹു ആകാശത്തുനിന്ന്‌ വെള്ളം ഇറക്കിയതു നീ കണ്ടില്ലേ? എന്നിട്ട്‌ അതുമൂലം നാം (അല്ലാഹു) വര്‍ണങ്ങള്‍ വ്യത്യസ്‌തമായ ഫലവര്‍ഗങ്ങളെ ഉല്‍പാദിപ്പിച്ചു. പര്‍വതങ്ങളിലുമുണ്ട്‌ വെളുപ്പും ചെമപ്പുമുള്ള, വര്‍ണങ്ങള്‍ വ്യത്യസ്‌തമായ വരകള്‍ ഉള്ളവയും തനി കറുത്തിരുണ്ടവയും.

أَلَمۡ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجۡنَا بِهِۦ ثَمَرَٰتٖ مُّخۡتَلِفًا أَلۡوَٰنُهَاۚ وَمِنَ ٱلۡجِبَالِ جُدَدُۢ بِيضٞ وَحُمۡرٞ مُّخۡتَلِفٌ أَلۡوَٰنُهَا وَغَرَابِيبُ سُودٞ ۝٢٧
28

മനുഷ്യരിലും ജന്തുക്കളിലും കന്നുകാലികളിലുമുണ്ട്‌ അതുപോലെ വര്‍ണവ്യത്യാസമുള്ളത്‌. അല്ലാഹുവിന്റെ അടിമകളില്‍ അറിവുള്ളവരല്ലാതെ അവനെ ഭയപ്പെടുകയില്ല. നിശ്ചയമായും അല്ലാഹു പ്രതാപശാലിയും ഏറ്റവും പൊറുക്കുന്നവനുമാകുന്നു.

وَمِنَ ٱلنَّاسِ وَٱلدَّوَآبِّ وَٱلۡأَنۡعَٰمِ مُخۡتَلِفٌ أَلۡوَٰنُهُۥ كَذَٰلِكَۗ إِنَّمَا يَخۡشَى ٱللَّهَ مِنۡ عِبَادِهِ ٱلۡعُلَمَٰٓؤُاْۗ إِنَّ ٱللَّهَ عَزِيزٌ غَفُورٌ ۝٢٨
29

നിശ്ചയമായും അല്ലാഹുവിന്റെ വേദം ഓതുകയും നമസ്‌കാരം മുറപ്രകാരം അനുഷ്‌ഠിക്കുകയും അവര്‍ക്കു നാം നല്‍കിയതില്‍ നിന്ന്‌ രഹസ്യമായും പരസ്യമായും ചിലവഴിക്കുകയും ചെയ്യുന്നവര്‍ ഒട്ടും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാഗ്രഹിക്കുകയാണ്‌ ചെയ്യുന്നത്‌.

إِنَّ ٱلَّذِينَ يَتۡلُونَ كِتَٰبَ ٱللَّهِ وَأَقَامُواْ ٱلصَّلَوٰةَ وَأَنفَقُواْ مِمَّا رَزَقۡنَٰهُمۡ سِرّٗا وَعَلَانِيَةٗ يَرۡجُونَ تِجَٰرَةٗ لَّن تَبُورَ ۝٢٩
30

അതിന്റെ ഭവിഷ്യത്ത്‌, അവര്‍ക്കുള്ള പ്രതിഫലം അല്ലാഹു പൂര്‍ണമാക്കികൊടുക്കലും തന്റെ അനുഗ്രഹത്തില്‍ നിന്ന്‌ വര്‍ധിപ്പിച്ചുകൊടുക്കലുമാണ്‌. നിശ്ചയമായും അവന്‍ വളരെ പൊറുക്കുന്നവനും നന്ദി സ്വീകരിക്കുന്നവനുമാകുന്നു.

لِيُوَفِّيَهُمۡ أُجُورَهُمۡ وَيَزِيدَهُم مِّن فَضۡلِهِۦٓۚ إِنَّهُۥ غَفُورٞ شَكُورٞ ۝٣٠
31

താങ്കള്‍ക്ക്‌ നാം വഹ്‌യ്‌ നല്‍കിയ വേദമത്രേ സത്യം. അതിന്റെ മുമ്പുള്ളതിനെ (പൂര്‍വവേദങ്ങളെ) ശരിവെച്ചുകൊണ്ടാണ്‌ അത്‌ വന്നിട്ടുള്ളത്‌. നിശ്ചയമായും അല്ലാഹു തന്റെ അടിമകളെ പറ്റി സൂക്ഷ്‌മജ്ഞാനമുള്ളവനും ശരിക്കു കാണുന്നവനുമാകുന്നു.

وَٱلَّذِيٓ أَوۡحَيۡنَآ إِلَيۡكَ مِنَ ٱلۡكِتَٰبِ هُوَ ٱلۡحَقُّ مُصَدِّقٗا لِّمَا بَيۡنَ يَدَيۡهِۗ إِنَّ ٱللَّهَ بِعِبَادِهِۦ لَخَبِيرُۢ بَصِيرٞ ۝٣١
32

പിന്നെ നമ്മുടെ അടിമകളില്‍ നിന്ന്‌ (നല്ലവരായി) തെരഞ്ഞെടുത്തവര്‍ക്ക്‌ ഈ വേദം നാം കൊടുത്തു: എന്നാല്‍ തങ്ങളോട്‌ തന്നെ അക്രമം പ്രവര്‍ത്തിച്ചവര്‍ അവരിലുണ്ട്‌; മിതത്വം പാലിക്കുന്നവരും അവരിലുണ്ട്‌. അല്ലാഹുവിന്റെ ആനുകൂല്യത്തോടെ നല്ല കാര്യങ്ങളുമായി മുന്‍കടന്നുപോകുന്നവരും അവരിലുണ്ട്‌. അതത്രേ മഹത്തായ അനുഗ്രഹം.

ثُمَّ أَوۡرَثۡنَا ٱلۡكِتَٰبَ ٱلَّذِينَ ٱصۡطَفَيۡنَا مِنۡ عِبَادِنَاۖ فَمِنۡهُمۡ ظَالِمٞ لِّنَفۡسِهِۦ وَمِنۡهُم مُّقۡتَصِدٞ وَمِنۡهُمۡ سَابِقُۢ بِٱلۡخَيۡرَٰتِ بِإِذۡنِ ٱللَّهِۚ ذَٰلِكَ هُوَ ٱلۡفَضۡلُ ٱلۡكَبِيرُ ۝٣٢
33

നിത്യവാസത്തിന്റെ സ്വര്‍ഗങ്ങളില്‍ അവര്‍ പ്രവേശിക്കും. അവിടെ അവര്‍ക്ക്‌ സ്വര്‍ണം കൊണ്ടുള്ള ചില വളകളും മുത്തും അണിയിക്കപ്പെടും. അതില്‍ അവരുടെ വസ്‌ത്രം പട്ടായിരിക്കുന്നതാണ്‌.

جَنَّٰتُ عَدۡنٖ يَدۡخُلُونَهَا يُحَلَّوۡنَ فِيهَا مِنۡ أَسَاوِرَ مِن ذَهَبٖ وَلُؤۡلُؤٗاۖ وَلِبَاسُهُمۡ فِيهَا حَرِيرٞ ۝٣٣
34

അവര്‍ പറയും: `ഞങ്ങളില്‍ നിന്ന്‌ ദുഃഖം നീക്കിത്തന്ന അല്ലാഹുവിനാണ്‌ എല്ലാ സ്‌തുതിയും. നിശ്ചയമായും നമ്മുടെ രക്ഷിതാവ്‌ ഏറ്റവും പൊറുക്കുന്നവനും നന്ദി സ്വീകരിക്കുന്നവനുമാണ്‌.

وَقَالُواْ ٱلۡحَمۡدُ لِلَّهِ ٱلَّذِيٓ أَذۡهَبَ عَنَّا ٱلۡحَزَنَۖ إِنَّ رَبَّنَا لَغَفُورٞ شَكُورٌ ۝٣٤
35

അതായത്‌ തന്റെ അനുഗ്രഹം കൊണ്ട്‌ ഈ സ്ഥിരതാമസത്തിന്റെ ഭവനത്തില്‍ ഞങ്ങളെ ഇറക്കി താമസിപ്പിച്ചവന്‍. യാതൊരു ഞെരുക്കവും ഇവിടെ ഞങ്ങളെ ബാധിക്കുന്നില്ല; ഒരുവക ക്ഷീണവും സ്‌പര്‍ശിക്കുന്നില്ല'.

ٱلَّذِيٓ أَحَلَّنَا دَارَ ٱلۡمُقَامَةِ مِن فَضۡلِهِۦ لَا يَمَسُّنَا فِيهَا نَصَبٞ وَلَا يَمَسُّنَا فِيهَا لُغُوبٞ ۝٣٥
36

സത്യത്തെ നിഷേധിച്ചവര്‍ക്ക്‌ ജഹന്നം എന്ന നരകമാണുള്ളത്‌. അവര്‍ക്ക്‌ മരണം വിധിക്കപ്പെടുകയില്ല-എന്നാലവര്‍ക്ക്‌ മരിക്കാമായിരുന്നു. നരകശിക്ഷയില്‍ നിന്ന്‌ അവര്‍ക്ക്‌ ലഘൂകരിക്കപ്പെടുകയുമില്ല. എല്ലാ സത്യനിഷേധികള്‍ക്കും അപ്രകാരമാണ്‌ നാം പ്രതിഫലം നല്‍കുക.

وَٱلَّذِينَ كَفَرُواْ لَهُمۡ نَارُ جَهَنَّمَ لَا يُقۡضَىٰ عَلَيۡهِمۡ فَيَمُوتُواْ وَلَا يُخَفَّفُ عَنۡهُم مِّنۡ عَذَابِهَاۚ كَذَٰلِكَ نَجۡزِي كُلَّ كَفُورٖ ۝٣٦
37

അവരതില്‍ അലമുറയിട്ട്‌ പറയും: ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങളെ ഇതില്‍ നിന്നൊന്ന്‌ പുറത്താക്കിത്തരേണമേ! എന്നാല്‍ മുമ്പ്‌ ചെയ്‌തിരുന്നതല്ലാത്ത സല്‍കര്‍മങ്ങള്‍ ഞങ്ങള്‍ ചെയ്‌തുകൊള്ളാം.((അപ്പോള്‍ അവര്‍ക്കിങ്ങനെ മറുപടി ലഭിക്കും:) `സൂക്ഷ്‌മമായി ചിന്തിക്കുന്നവര്‍ക്ക്‌ ഉറ്റാലോചിക്കുവാന്‍ മതിയായ ആയുഷ്‌കാലം നിങ്ങള്‍ക്ക്‌ നാം നല്‍കിയിരുന്നില്ലേ? മുന്നറിയിപ്പ്‌ തരുന്നവര്‍ നിങ്ങളുടെ അടുത്ത്‌ വരികയും ചെയ്‌തിരുന്നില്ലേ? അതുകൊണ്ട്‌ ശിക്ഷ ആസ്വദിച്ചു കൊള്ളുക. ഇനി അക്രമികള്‍ക്ക്‌ യാതൊരു സഹായിയും ഇല്ല തന്നെ'.

وَهُمۡ يَصۡطَرِخُونَ فِيهَا رَبَّنَآ أَخۡرِجۡنَا نَعۡمَلۡ صَٰلِحًا غَيۡرَ ٱلَّذِي كُنَّا نَعۡمَلُۚ أَوَلَمۡ نُعَمِّرۡكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَآءَكُمُ ٱلنَّذِيرُۖ فَذُوقُواْ فَمَا لِلظَّٰلِمِينَ مِن نَّصِيرٍ ۝٣٧
38

തീര്‍ച്ചയായും അല്ലാഹു ആകാശ ഭൂമികളിലുള്ള അദൃശ്യകാര്യങ്ങള്‍ അറിയുന്നവനാണ്‌. അവന്‍ ഹൃദയങ്ങളില്‍ ഉള്ളവയെ പറ്റി നല്ലവണ്ണം അറിയുന്നവന്‍ തന്നെയാണ്‌.

إِنَّ ٱللَّهَ عَٰلِمُ غَيۡبِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ ۝٣٨
39

അവന്‍ നിങ്ങളെ ഭൂമിയില്‍ (മുന്‍കഴിഞ്ഞവരുടെ) പിന്‍ഗാമികളാക്കിയിരിക്കുന്നു. അതുകൊണ്ട്‌ ആരെങ്കിലും സത്യം നിഷേധിക്കുന്ന പക്ഷം അവന്റെ സത്യനിഷേധ ഫലം അവന്‍ തന്നെയാണ്‌ അനുഭവിക്കേണ്ടതായി വരിക. സത്യനിഷേധികള്‍ക്ക്‌ തങ്ങളുടെ സത്യനിഷേധം അവരുടെ രക്ഷിതാവിങ്കല്‍ കഠിനകോപമല്ലാതെ വര്‍ധിപ്പിക്കുകയില്ല. സത്യനിഷേധികള്‍ക്ക്‌ അവരുടെ സത്യനിഷേധം വമ്പിച്ച നഷ്ടത്തെയല്ലാതെയും വര്‍ധിപ്പിക്കുകയില്ല.

هُوَ ٱلَّذِي جَعَلَكُمۡ خَلَٰٓئِفَ فِي ٱلۡأَرۡضِۚ فَمَن كَفَرَ فَعَلَيۡهِ كُفۡرُهُۥۖ وَلَا يَزِيدُ ٱلۡكَٰفِرِينَ كُفۡرُهُمۡ عِندَ رَبِّهِمۡ إِلَّا مَقۡتٗاۖ وَلَا يَزِيدُ ٱلۡكَٰفِرِينَ كُفۡرُهُمۡ إِلَّا خَسَارٗا ۝٣٩
40

(നബിയേ,) പറയുക: നിങ്ങള്‍ കണ്ടുവോ അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്ന നിങ്ങളുടെ പങ്കുകാരെ? (ഇവരെ പറ്റി നിങ്ങള്‍ക്കെന്തു പറയാനുണ്ട്‌?) ഭൂമിയില്‍ നിന്ന്‌ അവര്‍ എന്താണ്‌ സൃഷ്ടിച്ചതെന്ന്‌ നിങ്ങള്‍ എനിക്കൊന്ന്‌ കാണിച്ചുതരൂ. അതല്ല, അവര്‍ക്ക്‌ ആകാശങ്ങളില്‍ വല്ല പങ്കുമുണ്ടോ? അതല്ലെങ്കില്‍ അവര്‍ക്ക്‌ നാം വല്ല വേദവും (പ്രത്യേകമായി) നല്‍കിയിട്ടുണ്ടോ? എന്നിട്ട്‌ അതില്‍ നിന്നുള്ള വല്ല തെളിവിന്മേലുമാണോ അവര്‍ (പിടിച്ചുനില്‍ക്കുന്നത്‌)? അതൊന്നുമല്ല, പക്ഷേ അക്രമികള്‍ - ചിലര്‍ ചിലരോട്‌ - വഞ്ച ന മാത്രമാണ്‌ വാഗ്‌ദാനം ചെയ്യുന്നത്‌.

قُلۡ أَرَءَيۡتُمۡ شُرَكَآءَكُمُ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ أَرُونِي مَاذَا خَلَقُواْ مِنَ ٱلۡأَرۡضِ أَمۡ لَهُمۡ شِرۡكٞ فِي ٱلسَّمَٰوَٰتِ أَمۡ ءَاتَيۡنَٰهُمۡ كِتَٰبٗا فَهُمۡ عَلَىٰ بَيِّنَتٖ مِّنۡهُۚ بَلۡ إِن يَعِدُ ٱلظَّٰلِمُونَ بَعۡضُهُم بَعۡضًا إِلَّا غُرُورًا ۝٤٠
41

നിശ്ചയമായും ആകാശ ഭൂമികള്‍ (അവയുടെ സ്ഥാനങ്ങള്‍ വിട്ട്‌) നീങ്ങിപ്പോകാതിരിക്കാനായി അല്ലാഹു അവയെ പിടിച്ചു നിറുത്തുന്നു. അവ രണ്ടും നീങ്ങിപ്പോകുന്ന പക്ഷം അവയെ നിയന്ത്രിച്ചു നിറുത്തുവാന്‍ അല്ലാഹുവിനു പുറമേ മറ്റാര്‍ക്കും കഴിയുന്നതല്ല. നിശ്ചയമായും അവന്‍ വളരെ സഹനശീലനും വളരെ പൊറുക്കുന്നവനുമാണ്‌.

۞ إِنَّ ٱللَّهَ يُمۡسِكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ أَن تَزُولَاۚ وَلَئِن زَالَتَآ إِنۡ أَمۡسَكَهُمَا مِنۡ أَحَدٖ مِّنۢ بَعۡدِهِۦٓۚ إِنَّهُۥ كَانَ حَلِيمًا غَفُورٗا ۝٤١
42

`തങ്ങള്‍ക്കൊരു താക്കീതുകാരന്‍ (റസൂല്‍) വന്നുകിട്ടിയാല്‍ മറ്റു സമുദായങ്ങളില്‍ ഏതൊന്നിനേക്കാളും നിശ്ചയമായും തങ്ങള്‍ കൂടുതല്‍ നേര്‍മാര്‍ഗം പ്രാപിച്ചവരായിത്തീരും' എന്ന്‌ കഴിയും വിധം അവര്‍ (മുശ്‌രിക്കുകള്‍) അല്ലാഹുവിനെ കൊണ്ട്‌ സത്യം ചെയ്‌തു ഉറപ്പിച്ചു പറഞ്ഞിരുന്നു. എന്നിട്ട്‌ താക്കീതുകാരന്‍ അവരുടെ അടുക്കല്‍ വന്നപ്പോഴോ അതവരെ (സത്യത്തില്‍ നിന്ന്‌) കൂടുതല്‍ ഓടിച്ചുകളയുക മാത്രമാണ്‌ ചെയ്‌തത്‌.

وَأَقۡسَمُواْ بِٱللَّهِ جَهۡدَ أَيۡمَٰنِهِمۡ لَئِن جَآءَهُمۡ نَذِيرٞ لَّيَكُونُنَّ أَهۡدَىٰ مِنۡ إِحۡدَى ٱلۡأُمَمِۖ فَلَمَّا جَآءَهُمۡ نَذِيرٞ مَّا زَادَهُمۡ إِلَّا نُفُورًا ۝٤٢
43

ഭൂമിയില്‍ ഗര്‍വ്‌ നടിച്ചതിനും ദുഷിച്ച കുതന്ത്രം പ്രയോഗിച്ചതിനും വേണ്ടി. (വാസ്‌തവത്തില്‍) ദുഷിച്ച കുതന്ത്രങ്ങളുടെ ഫലം അതിന്റെ ആള്‍ക്കാരില്‍ തന്നെയാണ്‌ വന്നുഭവിക്കുക. അപ്പോള്‍, പൂര്‍വികന്മാരുടെ മേല്‍ എടുത്ത നടപടിയല്ലാതെ മറ്റെന്താണ്‌ അവര്‍ക്ക്‌ പ്രതീക്ഷിക്കുവാനുള്ളത്‌? എന്നാല്‍ അല്ലാഹുവിന്റെ നടപടിച്ചട്ടങ്ങള്‍ക്ക്‌ ഒരു മാറ്റവും താങ്കള്‍ കാണുകയില്ല. അല്ലാഹുവിന്റെ നടപടിച്ചട്ടങ്ങള്‍ക്ക്‌ ഒരു ഭേദഗതിയും താങ്കള്‍ കാണുകയില്ല.

ٱسۡتِكۡبَارٗا فِي ٱلۡأَرۡضِ وَمَكۡرَ ٱلسَّيِّيِٕۚ وَلَا يَحِيقُ ٱلۡمَكۡرُ ٱلسَّيِّئُ إِلَّا بِأَهۡلِهِۦۚ فَهَلۡ يَنظُرُونَ إِلَّا سُنَّتَ ٱلۡأَوَّلِينَۚ فَلَن تَجِدَ لِسُنَّتِ ٱللَّهِ تَبۡدِيلٗاۖ وَلَن تَجِدَ لِسُنَّتِ ٱللَّهِ تَحۡوِيلًا ۝٤٣
44

ഇവര്‍ ഭൂമിയില്‍ സഞ്ചരിക്കുകയും എന്നിട്ട്‌ തങ്ങളുടെ പൂര്‍വഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന്‌ നോക്കിക്കാണുകയും ചെയ്‌തിട്ടില്ലേ? അവര്‍ ഇവരേക്കാള്‍ കടുത്ത ശക്തരായിരുന്നു താനും. ആകാശ ഭൂമികളിലുള്ള ഒരു വസ്‌തുവിനും അല്ലാഹുവിനെ പരാജയപ്പെടുത്താന്‍ കഴിയുകയില്ല തന്നെ. നിശ്ചയമായും അവന്‍ സര്‍വജ്ഞനും സര്‍വശക്തനുമാണ്‌.

أَوَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَيَنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبۡلِهِمۡ وَكَانُوٓاْ أَشَدَّ مِنۡهُمۡ قُوَّةٗۚ وَمَا كَانَ ٱللَّهُ لِيُعۡجِزَهُۥ مِن شَيۡءٖ فِي ٱلسَّمَٰوَٰتِ وَلَا فِي ٱلۡأَرۡضِۚ إِنَّهُۥ كَانَ عَلِيمٗا قَدِيرٗا ۝٤٤
45

മനുഷ്യര്‍ ചെയ്‌ത കുറ്റങ്ങള്‍ക്ക്‌ അല്ലാഹു അവരെ (ഉടനടി) പിടിച്ചു ശിക്ഷിക്കുന്ന പക്ഷം ഭൂമുഖത്തൊരു ജീവിയെയും അവന്‍ ബാക്കിയാക്കി വിടുമായിരുന്നില്ല. പക്ഷേ, ഒരു നിശ്ചിത അവധി വരെ അവന്‍ അവര്‍ക്ക്‌ കാലതാമസം ചെയ്‌തുകൊടുക്കുന്നു. അങ്ങനെ അവരുടെ അവധിയെത്തിയാല്‍, നിശ്ചയം അല്ലാഹു അവന്റെ അടിമകളെ പറ്റി നല്ലവണ്ണം കണ്ടറിയുന്നവനാകുന്നു. (അവന്‍ തക്ക പ്രതിഫലം നല്‍കും.

وَلَوۡ يُؤَاخِذُ ٱللَّهُ ٱلنَّاسَ بِمَا كَسَبُواْ مَا تَرَكَ عَلَىٰ ظَهۡرِهَا مِن دَآبَّةٖ وَلَٰكِن يُؤَخِّرُهُمۡ إِلَىٰٓ أَجَلٖ مُّسَمّٗىۖ فَإِذَا جَآءَ أَجَلُهُمۡ فَإِنَّ ٱللَّهَ كَانَ بِعِبَادِهِۦ بَصِيرَۢا ۝٤٥