യാസീന്‍.
യാസീൻ يس Ya-Sin
സൂറത്ത് യാസീൻ (Ya-Sin), ഖുർആൻ അധ്യായം 36 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 83 ആയത്തുകൾ വായിക്കുക. Read Surah Ya-Sin with Arabic text and മലയാളം translation.
പ്രബലമായ ഈ ഖുര്‍ആന്‍ തന്നെ സത്യം!
നിശ്ചയമായും താങ്കള്‍ അല്ലാഹുവിന്റെ ദൂതന്മാരില്‍പെട്ട ആള്‍ തന്നെയാണ്.
താങ്കള്‍ ചൊവ്വായ മാര്‍ഗത്തിലാണ് സ്ഥിതി ചെയ്യുന്നത്.
പ്രതാപശാലിയും പരമകാരുണികനുമായ അല്ലാഹുവാണ് ഇത് അവതരിപ്പിച്ചിട്ടുള്ളത്;
ഒരു ജനതയെ താങ്കള്‍ താക്കീത് ചെയ്യുവാനായി. അവരുടെ പിതാക്കള്‍ക്ക് താക്കീത് നല്‍കപ്പെട്ടിട്ടില്ല. അതിനാല്‍ അവര്‍ അശ്രദ്ധരായി ജീവിക്കുകയാണ്.
നിശ്ചയമായും അവരില്‍ അധികമാളുകള്‍ക്കും ശിക്ഷയുടെ വാക്ക് സ്ഥിരപ്പെട്ടിരിക്കുന്നു. തന്നിമിത്തം അവര്‍ വിശ്വസിക്കുകയില്ല.
നിശ്ചയമായും അവരുടെ കഴുത്തുകളില്‍ (കൈകളോടുകൂടി) വമ്പിച്ച ചില ആമങ്ങള്‍ നാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് താടിയെല്ലുകള്‍ വരെ എത്തിയിരിക്കും. തന്നിമിത്തം അവര്‍ തല ഉയര്‍ത്തപ്പെട്ടവരാകുന്നു.
അവരുടെ മുന്നിലും പിന്നിലും ഓരോ മറ നാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അങ്ങനെ അവരെ നാം മൂടിപ്പൊതിഞ്ഞിരിക്കുകയാണ്. തന്നിമിത്തം അവര്‍ കണ്ടറിയുന്നില്ല.
താങ്കള്‍ അവരെ താക്കീത് ചെയ്യലും താക്കീത് ചെയ്യാതിരിക്കലും അവര്‍ക്ക് സമമാണ്. അവര്‍ വിശ്വസിക്കുകയില്ല.
പ്രമാണത്തെ പിന്തുടരുകയും നേരില്‍ കാണാതെതന്നെ കരുണാനിധിയായ അല്ലാഹുവിനെ ഭയപ്പെടുകയും ചെയ്യുന്നവന് മാത്രമേ താങ്കളുടെ താക്കീത് ഫലപ്രദമാകയുള്ളൂ. അതിനാല്‍ പാപമോചനവും മാന്യമായ പ്രതിഫലവും ഉണ്ടെന്ന സന്തോഷവാര്‍ത്ത അവനെ താങ്കള്‍ അറിയിച്ചുകൊള്ളുക.
നിശ്ചയമായും നാം മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു. അവര്‍ മുമ്പ് ചെയ്തുവെച്ചതും അവരുടെ പ്രവര്‍ത്തനഫലങ്ങളും നാം രേഖപ്പെടുത്തുന്നുമുണ്ട്. എല്ലാ കാര്യങ്ങളും ഒരു വ്യക്തമായ രേഖയില്‍ നാം കണക്കാക്കി വെക്കുകയും ചെയ്തിരിക്കുന്നു.
(നബിയേ,) താങ്കള്‍ അവര്‍ക്ക് ആ നാട്ടുകാരെ ഒരു ഉപമയായി വിവരിച്ചുകൊടുക്കുക. അവിടെ 'മുര്‍സലുകള്‍' (ദൂതന്മാരായി അയക്കപ്പെട്ടവര്‍) ചെന്ന സന്ദര്‍ഭം.
അതായത് അവരുടെ അടുക്കലേക്ക് നാം രണ്ടാളെ അയച്ച സന്ദര്‍ഭം. അപ്പോള്‍ ആ രണ്ടുപേരെയും അവര്‍ നിഷേധിച്ചു. തല്‍സമയം മൂന്നാമതൊരാളെക്കൊണ്ട് നാം അവര്‍ക്ക് പ്രാബല്യം നല്‍കി. എന്നിട്ടവര്‍ പറഞ്ഞു: നിശ്ചയമായും ഞങ്ങള്‍ നിങ്ങളുടെ അടുക്കലേക്ക് അയക്കപ്പെട്ട ദൂതന്മാരാകുന്നു.
ആ നാട്ടുകാര്‍ പറഞ്ഞു: നിങ്ങള്‍ ഞങ്ങളെപ്പോലെയുള്ള മനുഷ്യര്‍ മാത്രമാണ്. കരുണാനിധിയായ അല്ലാഹു ഒന്നും തന്നെ അവതരിപ്പിച്ചിട്ടുമില്ല. നിങ്ങള്‍ പറയുന്നത് കള്ളം മാത്രമാണ്.
അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവിനറിയാം, നിശ്ചയം ഞങ്ങള്‍ നിങ്ങളുടെ അടുക്കലേക്ക് അയക്കപ്പെട്ടവര്‍ തന്നെയാണെന്ന്;
സ്പഷ്ടമായ സന്ദേശം എത്തിക്കലല്ലാതെ ഞങ്ങള്‍ക്ക് യാതൊരു ബാധ്യതയുമില്ല.
അവര്‍ പറഞ്ഞു: നിങ്ങള്‍ കാരണമായി നിശ്ചയമായും ഞങ്ങള്‍ അവലക്ഷണത്തിലായിരിക്കുന്നു. നിങ്ങള്‍ വിരമിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ എറിയുകയും നിങ്ങള്‍ക്ക് ഞങ്ങളില്‍ നിന്ന് വേദനാജനകമായ ശിക്ഷ അനുഭവപ്പെടുകയും ചെയ്യും, തീര്‍ച്ച.
ദൂതന്മാര്‍ പറഞ്ഞു: നിങ്ങളുടെ അവലക്ഷണം നിങ്ങളൊന്നിച്ചുതന്നെയാണുള്ളത്. നിങ്ങള്‍ക്ക് ഉപദേശം നല്‍കപ്പെട്ടതുകൊണ്ടാണോ (ഇങ്ങനെയെല്ലാം പറയുന്നത്?) പക്ഷേ, നിങ്ങള്‍ അതിരുവിട്ട ഒരു ജനതയാണ്.
ആ പട്ടണത്തിന്റെ അങ്ങേയറ്റത്ത് നിന്ന് ഒരു പുരുഷന്‍ ഓടിവന്നു. അയാള്‍ പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ ഈ ദൂതന്മാരെ പിന്‍പറ്റുക;
അതായത് നിങ്ങളോട് യാതൊരു പ്രതിഫലവും ആവശ്യപ്പെടാത്തവരെ നിങ്ങള്‍ പിന്‍പറ്റുക. അവരാവട്ടെ സന്മാര്‍ഗചാരികളുമാണ്.
എന്നെ സൃഷ്ടിച്ചവന് ഞാന്‍ ആരാധന ചെയ്യാതിരിക്കുവാന്‍ എനിക്കെന്ത് ന്യായമാണുള്ളത്? അവങ്കലേക്ക് തന്നെയാണ് നിങ്ങള്‍ മടക്കപ്പെടുന്നതും.
അവനുപുറമെ മറ്റു വല്ല ഇലാഹുകളെയും ഞാന്‍ സ്വീകരിക്കുകയോ? കരുണാനിധിയായ അല്ലാഹു എനിക്ക് വല്ല വിഷമത്തെയും ഉദ്ദേശിക്കുന്ന പക്ഷം ആ ഇലാഹുകളുടെ ശുപാര്‍ശ എനിക്കൊട്ടും പ്രയോജനപ്പെടുകയില്ല. അവരെന്നെ രക്ഷപ്പെടുത്തുകയുമില്ല.
അപ്പോള്‍ അങ്ങനെ ചെയ്യുന്ന പക്ഷം നിശ്ചയമായും ഞാന്‍ സ്പഷ്ടമായ ദുര്‍മാര്‍ഗത്തില്‍ തന്നെയായിരിക്കും.
നിങ്ങളുടെ രക്ഷിതാവില്‍ ഞാന്‍ വിശ്വസിക്കുക തന്നെ ചെയ്തിരിക്കുന്നു. അതിനാല്‍ എന്റെ വാക്ക് നിങ്ങള്‍ കേട്ടുകൊള്ളുക.
നീ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക' എന്ന് (അദ്ദേഹത്തോട്) പറയപ്പെട്ടു. അദ്ദേഹം പറഞ്ഞു: ഹാ, എന്റെ ജനത അറിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!.
എന്റെ രക്ഷിതാവ് എനിക്ക് പൊറുത്തുതന്നതിനെക്കുറിച്ചും എന്നെ മാന്യന്മാരുടെ കൂട്ടത്തില്‍ ആക്കിത്തന്നതിനെക്കുറിച്ചും.
തന്റെ ശേഷം അദ്ദേഹത്തിന്റെ ജനതയുടെ മേല്‍ ആകാശത്തുനിന്ന് ഒരു സൈന്യവും നാം ഇറക്കിയിട്ടില്ല. അങ്ങനെ ഇറക്കുന്ന പതിവും നമുക്കില്ല.
അത് (ആ സംഭവം) ഒരു ഭയങ്കര ശബ്ദം മാത്രമായിരുന്നു. തല്‍ക്ഷണം അവരതാ നശിച്ചുകെട്ടടങ്ങിയവരായിരിക്കുന്നു!
ഹാ, അടിമകളുടെ സ്ഥിതി എത്ര കഷ്ടം! അവരുടെയടുത്ത് ഏതൊരു റസൂല്‍ ചെല്ലുന്നതായാലും അവരദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല.
അവരുടെ മുമ്പ് എത്ര തലമുറകളെയാണ് നാം നശിപ്പിച്ചുകളഞ്ഞതെന്നും അവരാരും ഇവരുടെ അടുക്കലേക്ക് മടങ്ങിവരുന്നില്ലെന്നും അവര്‍ക്ക് കണ്ടുകൂടേ?
അവരെല്ലാവരും-ഒന്നൊഴിയാതെ-നമ്മുടെ അടുത്ത് ഹാജരാക്കപ്പെടുന്നവര്‍ തന്നെയാണ്.
നിര്‍ജീവമായി കിടക്കുന്ന ഭൂമി അവര്‍ക്കൊരു വലിയ ദൃഷ്ടാന്തമാണ്. നാമതിനെ ജീവിപ്പിക്കുകയും അതില്‍ ധാന്യം ഉല്‍പാദിപ്പിക്കുകയും ചെയ്തു. എന്നിട്ടവരതാ അതില്‍ നിന്ന് ഭക്ഷിക്കുന്നു.
നാമതില്‍ ഈത്തപ്പനകളുടെയും മുന്തിരികളുടെയും തോട്ടങ്ങള്‍ ഉണ്ടാക്കുകയും അരുവികള്‍ ഒഴുക്കുകയും ചെയ്തിരിക്കുന്നു.
അതിന്റെ ഫലങ്ങളില്‍ നിന്നും തങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍ നിന്നും അവര്‍ ഭക്ഷിക്കുവാന്‍ വേണ്ടി (നാമതെല്ലാം ചെയ്തു). എന്നിട്ടും അവര്‍ നന്ദി കാണിക്കുന്നില്ലേ?
ഭൂമി ഉല്‍പാദിപ്പിക്കുന്നതില്‍ നിന്നും അവരുടെ സ്വന്തം വര്‍ഗത്തില്‍ നിന്നും അവര്‍ക്ക് അറിഞ്ഞുകൂടാത്തവയില്‍ നിന്നും എല്ലാ ഇണവര്‍ഗങ്ങളെയും സൃഷ്ടിച്ചിരിക്കുന്നവന്‍ മഹാപരിശുദ്ധനത്രെ!
രാവ് അവര്‍ക്കൊരു വലിയ ദൃഷ്ടാന്തമാണ്. അതില്‍ നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരതാ ഇരുട്ടില്‍ പെട്ടവരായിത്തീരുന്നു.
സൂര്യന്‍ അതിന്റെ താവളത്തിലേക്ക് ചലിച്ചുകൊണ്ടിരിക്കുന്നു. അത് പ്രതാപശാലിയും സര്‍വജ്ഞനുമായ അല്ലാഹു വ്യവസ്ഥ ചെയ്തു കണക്കാക്കിയതാണ്.
ചന്ദ്രനും നാം ചില ഭവനങ്ങള്‍ കണക്കാക്കിയിട്ടുണ്ട്. അങ്ങനെ അത് ഈത്തപ്പനക്കുലയുടെ പഴക്കം ചെന്ന തണ്ടുപോലെ ആയിത്തീരുന്നു.
സൂര്യന് ചന്ദ്രനെ പ്രാപിക്കുക സാധ്യമല്ല. രാവ് പകലിനെ കവച്ചുവെച്ചുപോകുന്നതുമല്ല. എല്ലാം തന്നെ അതതിന്റെ മണ്ഡലത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
നിറക്കപ്പെട്ട കപ്പലില്‍ അവരുടെ പിതാക്കളെ നാം കയറ്റിയതും അവര്‍ക്കൊരു വലിയ ദൃഷ്ടാന്തമാണ്.
അവര്‍ സവാരി ചെയ്യുന്ന അതുപോലെയുള്ള പലതിനെയും അവര്‍ക്ക് നാം സൃഷ്ടിച്ചുകൊടുത്തിട്ടുണ്ട്.
നാം ഉദ്ദേശിക്കുന്ന പക്ഷം അവരെ നാം വെള്ളത്തില്‍ മുക്കിക്കളയുമായിരുന്നു. അപ്പോള്‍ അവരെ സഹായിക്കുന്നവരാരും ഉണ്ടാകയില്ല; അവര്‍ രക്ഷപ്പെടുത്തപ്പെടുകയുമില്ല.
പക്ഷേ, നമ്മുടെ പക്കല്‍നിന്നുള്ള കാരുണ്യമായിട്ടും ഒരു നിശ്ചിത കാലം വരെ അവര്‍ ജീവിതസുഖം അനുഭവിക്കുവാനായിട്ടുമാണ് (നാം അവരെ രക്ഷപ്പെടുത്തുന്നത്).
നിങ്ങളുടെ മുന്നിലുള്ളതും പിന്നിലുള്ളതും സൂക്ഷിക്കുക; നിങ്ങള്‍ കരുണ ചെയ്യപ്പെട്ടേക്കാം എന്ന് അവരോട് പറയപ്പെട്ടാല്‍ (അവരതാ തിരിഞ്ഞുകളയുന്നു).
അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് ഏതൊരു ദൃഷ്ടാന്തം വരുമ്പോഴും അവരതില്‍ നിന്ന് പിന്തിരിഞ്ഞുപോകാത്തവരാകുന്നില്ല.
നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയതില്‍ നിന്ന് ചെലവ് ചെയ്യുക എന്ന് അവരോട് പറയപ്പെട്ടാല്‍ ആ സത്യനിഷേധികള്‍ സത്യവിശ്വാസികളോട് പറയും: 'അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം അവന്‍ തന്നെ ഭക്ഷണം കൊടുക്കുമായിരുന്നവര്‍ക്ക് (അവന്‍ നല്‍കിയിട്ടില്ലാത്ത സ്ഥിതിക്ക്) ഞങ്ങള്‍ ഭക്ഷണം കൊടുക്കുകയോ? നിങ്ങള്‍ സ്പഷ്ടമായ ദുര്‍മാര്‍ഗത്തില്‍ തന്നെയാണ്.'
നിങ്ങള്‍ സത്യവാദികളാണെങ്കില്‍ ഈ വാഗ്ദാനം എപ്പോഴാണ് പുലരുക എന്നവര്‍ ചോദിക്കുന്നു.
ഒരു ഘോരശബ്ദമല്ലാതെ അവര്‍ മറ്റൊന്നും കാത്തിരിക്കുന്നില്ല. അവര്‍ പരസ്പരം തര്‍ക്കിച്ചുകൊണ്ടിരിക്കെ അതവരെ പിടികൂടുന്നതാണ്.
അന്നേരം വല്ല വസ്വിയ്യത്തും ചെയ്യുവാന്‍ അവര്‍ക്ക് കഴിയുന്നതല്ല. തങ്ങളുടെ കുടുംബത്തിലേക്ക് അവര്‍ മടങ്ങിച്ചെല്ലുന്നതുമല്ല.
കാഹളത്തില്‍ ഊതപ്പെടുന്നതാണ്. അന്നേരം അവരതാ ഖബ്‌റുകളില്‍ നിന്ന് തങ്ങളുടെ രക്ഷിതാവിങ്കലേക്ക് ധൃതിപ്പെട്ടു പോകുന്നു.
അവര്‍ പറയും: 'എന്തൊരു നാശം! ഉറങ്ങിയേടത്തുനിന്ന് ഞങ്ങളെ എഴുന്നേല്‍പിച്ചതാരാണ്?' ഇത് കരുണാനിധിയായ അല്ലാഹു വാഗ്ദാനം ചെയ്യുകയും മുര്‍സലുകള്‍ സത്യം പറയുകയും ചെയ്തിട്ടുള്ളതാണ്.
അത് ഒരേയൊരു ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴതാ അവരെല്ലാവരും നമ്മുടെ അടുക്കല്‍ ഹാജറാക്കപ്പെട്ടവരായിരിക്കുന്നു!
ഇന്ന് ആരോടും ഒട്ടും അനീതി ചെയ്യപ്പെടുകയില്ല. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നതുമല്ല (എന്ന് അവരോട് പറയപ്പെടും).
നിശ്ചയമായും അന്ന് സ്വര്‍ഗക്കാര്‍ മഹത്തായ ചില ജോലികളില്‍ വ്യാപൃതരും ആനന്ദം കൊള്ളുന്നവരുമായിരിക്കും.
അവരും അവരുടെ ഇണകളും തണലുകളിലും, അലങ്കൃതമായ ചില സോഫകളില്‍ (സസുഖം) ചാരി ഇരിക്കുന്നവരുമായിരിക്കും.
അവര്‍ക്കവിടെ വിവിധ ഫലവര്‍ഗമുണ്ട്. (മാത്രമല്ല,) എന്താവശ്യപ്പെടുന്നുവോ അതെല്ലാം അവര്‍ക്കവിടെയുണ്ട്.
പരമകാരുണികനായ രക്ഷിതാവില്‍ നിന്ന് വാഗ്രൂപത്തില്‍ തന്നെ അവര്‍ക്ക് സലാം ലഭിക്കുന്നതാണ്.
ഹേ, കുറ്റവാളികളേ, നിങ്ങള്‍ ഇന്ന് വേര്‍തിരിഞ്ഞു നില്‍ക്കുക;
മനുഷ്യരേ, നിങ്ങള്‍ക്ക് ഞാന്‍ ആജ്ഞ നല്‍കിയിരുന്നില്ലേ-നിങ്ങള്‍ പിശാചിനെ അനുസരിക്കരുത്; നിശ്ചയം അവന്‍ നിങ്ങളുടെ പ്രത്യക്ഷമായ ശത്രുവാണ് എന്ന്;
നിങ്ങള്‍ എന്നെ ആരാധിക്കണം, അതാണ് ചൊവ്വായ മാര്‍ഗമെന്നും?
നിശ്ചയമായും നിങ്ങളില്‍ വളരെയധികം ആളുകളെ അവന്‍ വഴി തെറ്റിച്ചിട്ടുണ്ട്; എന്നിട്ട് നിങ്ങള്‍ അതൊന്നും ചിന്തിച്ച് ഗ്രഹിച്ചിട്ടില്ലേ?
നിങ്ങളോട് താക്കീത് ചെയ്യപ്പെട്ടുകൊണ്ടിരുന്ന നരകമാണിത്.
നിങ്ങള്‍ സത്യത്തെ നിഷേധിച്ചവരായിരുന്നതുകൊണ്ട് ഇന്ന് ഇതില്‍ പ്രവേശിച്ച് ചൂടേറ്റുകൊള്ളുക.
ആ ദിവസം അവരുടെ വായകളുടെ മേല്‍ നാം മുദ്ര വെക്കുന്നതാണ്. തങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അവരുടെ കൈകള്‍ നമ്മോട് സംസാരിക്കുകയും അവരുടെ കാലുകള്‍ സാക്ഷിയാവുകയും ചെയ്യും.
ഉദ്ദേശിക്കുന്ന പക്ഷം അവരുടെ കണ്ണുകളെ നാം കുരുടാക്കുമായിരുന്നു. അപ്പോള്‍, നടക്കാറുള്ള വഴിയിലേക്ക് അവര്‍ മുമ്പോട്ടുവരും. എന്നാല്‍, അവരെങ്ങനെയാണ് കാണുക?
ഉദ്ദേശിക്കുന്ന പക്ഷം അവര്‍ നിലകൊള്ളുന്ന സ്ഥാനത്തുവെച്ചു തന്നെ നാം അവരെ രൂപം മാറ്റുമായിരുന്നു. അപ്പോള്‍ മുന്നോട്ടുപോകുവാനോ പിന്നോട്ട് തിരിച്ചുപോരുവാനോ അവര്‍ക്ക് കഴിയുന്നതല്ല.
ആര്‍ക്കെങ്കിലും നാം ദീര്‍ഘായുസ്സ് നല്‍കുന്ന പക്ഷം അവന്റെ പ്രകൃതിയില്‍ നാം വിപരീതാവസ്ഥ വരുത്തുന്നു. അപ്പോള്‍ അവര്‍ ചിന്തിച്ചു ഗ്രഹിക്കുന്നില്ലേ?
നബിക്ക് നാം കവിത പഠിപ്പിച്ചിട്ടില്ല. അത് നബി(യുടെ പ്രകൃതി)ക്ക് അനുയോജ്യവുമല്ല. ഇത് (നബിക്ക് ലഭിക്കുന്ന സന്ദേശം) ഒരു തത്ത്വോപദേശവും സ്പഷ്ടമായ ഖുര്‍ആനുമാകുന്നു.
ജീവനുള്ളവനെ അദ്ദേഹം താക്കീത് ചെയ്യുവാനും സത്യനിഷേധികളുടെ മേല്‍ (നമ്മുടെ ശിക്ഷയുടെ) വാക്ക് സത്യമായി പുലരുവാനും വേണ്ടിയാണ് (ഇത് അവതരിച്ചത്).
നിശ്ചയമായും നാം സ്വന്തമായി പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍ നിന്ന് കന്നുകാലികളെ അവര്‍ക്കു വേണ്ടി നാം സൃഷ്ടിച്ചുകൊടുത്തിട്ടുള്ളത് അവര്‍ അറിയുന്നില്ലേ? അങ്ങനെ അവര്‍ അവയുടെ ഉടമസ്ഥന്മാരായിത്തീരുന്നു.
അവയെ അവര്‍ക്ക് നാം വിധേയമാക്കിക്കൊടുത്തിരിക്കുകയാണ്. അങ്ങനെ അവയില്‍ ചിലത് അവരുടെ വാഹനമാണ്; അവയില്‍ നിന്ന് അവര്‍ ഭക്ഷിക്കുകയും ചെയ്യുന്നു.
അവയില്‍ അവര്‍ക്ക് മറ്റു ചില ഉപയോഗങ്ങളും കുടിക്കുവാനുള്ള വസ്തുക്കളുമുണ്ട്. എന്നിരിക്കെ അവര്‍ നന്ദി കാണിക്കുന്നില്ലേ?
തങ്ങള്‍ സഹായിക്കപ്പെടുന്നവരാകാന്‍ വേണ്ടി അവര്‍ അല്ലാഹുവിനുപുറമെ ചില ഇലാഹുകളെ സ്വീകരിച്ചിരിക്കുന്നു.
അവരെ സഹായിക്കാന്‍ ആ ഇലാഹുകള്‍ക്ക് കഴിയുന്നതല്ല. ഇവരാകട്ടെ ആ ഇലാഹുകള്‍ക്ക് ഒരു സന്നദ്ധസേനയുമാണ്.
അതുകൊണ്ട് (നബിയേ,) അവരുടെ വാക്ക് താങ്കളെ ദുഃഖിപ്പിക്കാതിരിക്കട്ടെ. നിശ്ചയമായും അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും നാം അറിയുന്നുണ്ട്.
മനുഷ്യനെ ഒരു ഇന്ദ്രിയ ബിന്ദുവില്‍ നിന്നാണ് നാം സൃഷ്ടിച്ചിട്ടുള്ളതെന്ന് അവന്‍ കണ്ടറിഞ്ഞിട്ടില്ലേ? എന്നിട്ട് അവനതാ ഒരു സ്പഷ്ടമായ എതിരാളിയായിരിക്കുന്നു!
അവന്‍ നമുക്കൊരു ഉപമ എടുത്തുകാട്ടുകയും തന്റെ സ്വന്തം സൃഷ്ടിപ്പിനെ മറന്നുകളയുകയും ചെയ്തിരിക്കുന്നു! അവന്‍ ചോദിക്കുകയാണ്: ഈ അസ്ഥികളെ-അവ പഴകി ജീര്‍ണ്ണിച്ചതായിട്ടും-ആരാണ് ജീവിപ്പിക്കുക?
താങ്കള്‍ പറയുക: ഒന്നാമതായി അവയെ സൃഷ്ടിച്ചുണ്ടാക്കിയവന്‍ തന്നെ അവയെ (രണ്ടാമതും) ജീവിപ്പിക്കും. അവന്‍ എല്ലാ സൃഷ്ടികളെക്കുറിച്ചും നല്ല വണ്ണം അറിയുന്നവനാകുന്നു.
അതായത് പച്ച മരത്തില്‍ നിന്ന് നിങ്ങള്‍ക്ക് തീ ഉണ്ടാക്കിത്തന്നവന്‍. എന്നിട്ട് നിങ്ങളതാ അതില്‍ നിന്ന് തീ കത്തിക്കുന്നു.
ആകാശഭൂമികളെ സൃഷ്ടിച്ച അല്ലാഹു അവരെപ്പോലെയുള്ളത് സൃഷ്ടിക്കുവാന്‍ കഴിവുള്ളവനല്ലേ? അതെ, കഴിവുള്ളവന്‍ തന്നെയാണ്. അവന്‍ തന്നെയാണ് മഹാ സ്രഷ്ടാവും സര്‍വജ്ഞനും.
നിശ്ചയമായും അവന്റെ കാര്യം (സൃഷ്ടിപ്പില്‍ അവന്റെ രീതി ഇതാണ്:) ഒരു വസ്തു ഉണ്ടാകണമെന്ന് അവനുദ്ദേശിച്ചാല്‍ അതിനെപ്പറ്റി ഉണ്ടാവുക എന്ന് പറയുകയേ വേണ്ടൂ. തത്സമയം അത് ഉണ്ടാകുന്നു.
അപ്പോള്‍, അഖില വസ്തുക്കളുടെയും രാജാധിപത്യം ആരുടെ പക്കലാണോ അവന്‍ (അല്ലാഹു) മഹാപരിശുദ്ധന്‍. അവങ്കലേക്ക് തന്നെയാണ് നിങ്ങള്‍ മടക്കപ്പെടുന്നതും.