അണികെട്ടി നിരന്നു നില്‍ക്കുന്നവതന്നെ (സത്യം).
അസ്സാഫ്ഫാത്ത് الصافات As-Saffat
സൂറത്ത് അസ്സാഫ്ഫാത്ത് (As-Saffat), ഖുർആൻ അധ്യായം 37 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 182 ആയത്തുകൾ വായിക്കുക. Read Surah As-Saffat with Arabic text and മലയാളം translation.
പിന്നെ ശക്തിയായി പ്രതിരോധിക്കുന്നവയും.
കീര്‍ത്തനങ്ങള്‍ നടത്തുന്നവയും തന്നെ(സത്യം):
നിശ്ചയമായും നിങ്ങളുടെ ഇലാഹ് ഒരുവന്‍ തന്നെയാണ്.
അവന്‍ ആകാശഭൂമികളുടെയും അവക്കിടയിലുള്ളവയുടെയും ഉടമസ്ഥനാകുന്നു. ഉദയസ്ഥാനങ്ങളുടെ നാഥനുമാണവന്‍.
നിശ്ചയമായും (ഭൂമിയോട്) ഏറ്റവും അടുത്ത ആകാശത്തെ നക്ഷത്രങ്ങളാകുന്ന അലങ്കാരം കൊണ്ട് നാം അലങ്കരിക്കുകയും,
ധിക്കാരികളായ എല്ലാ പിശാചുക്കളില്‍ നിന്നും അതിനെ നാം സംരക്ഷിക്കുകയും ചെയ്തിരിക്കുന്നു.
(അതിനാല്‍) സമുന്നത സമൂഹത്തിലേക്ക് അവര്‍ ചെവി കൊടുത്തു കേള്‍ക്കുകയില്ല. നാനാഭാഗങ്ങളില്‍ നിന്നും അവര്‍ എറിയപ്പെടുന്നതാണ്;
അവരെ തുരത്തിവിടുവാനായിട്ട്. അവര്‍ക്ക് നിരന്തരമായ ശിക്ഷയുമുണ്ട്.
പക്ഷേ, ആരെങ്കിലും (വൃത്താന്തങ്ങള്‍) റാഞ്ചിയെടുത്താല്‍ തുളച്ചുചെല്ലുന്ന തീജ്വാല അവനെ പിന്തുടരുന്നതാണ്.
(നബിയേ,) താങ്കള്‍ അവരോട് അഭിപ്രായം ചോദിക്കുക: അവരാണോ സൃഷ്ടിക്കുപ്പെടുവാന്‍ അധികം പ്രയാസമുള്ളവര്‍, അതല്ല നാം പടച്ച (ആകാശം മുതലായ) മറ്റു സൃഷ്ടികളോ? നിശ്ചയമായും ഒട്ടുന്ന കളിമണ്ണിനാലാണ് അവരെ നാം പടച്ചിരിക്കുന്നത്.
പക്ഷേ, താങ്കള്‍ ആശ്ചര്യപ്പെടുന്നു; അവര്‍ പരിഹസിക്കുകയും ചെയ്യുന്നു.
അവര്‍ക്ക് ഉപദേശം നല്‍കപ്പെട്ടാല്‍ അവര്‍ ഓര്‍ക്കുന്നില്ല.
അവര്‍ വല്ല ദൃഷ്ടാന്തവും കണ്ടാല്‍ പരിഹസിക്കുന്നു;
ഇത് വ്യക്തമായ ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല എന്ന് അവര്‍ പറയുകയും ചെയ്യുന്നു.
മരിച്ച് മണ്ണും എല്ലുകളുമായി തീര്‍ന്നാലും ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നവര്‍ തന്നെയാകുമോ?'
ഞങ്ങളുടെ പൂര്‍വപിതാക്കളും (ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നവരാകുമോ?' ഇതാണവരുടെ ചോദ്യം).
താങ്കള്‍ പറയുക: അതെ, (അതുണ്ടാകും); നിങ്ങള്‍ നിന്ദ്യരുമായിരിക്കും.
നിശ്ചയമായും അത് ഒരൊറ്റ ശബ്ദമായിരിക്കും. അപ്പോഴതാ അവരെല്ലാം (എഴുന്നേറ്റ്) നോക്കുന്നു.
(അപ്പോള്‍) അവര്‍ പറയും: അഹോ, ഞങ്ങളുടെ നാശം! ഇത് പ്രതിഫലം നല്‍കുന്ന ദിവസമാകുന്നു.
നിങ്ങള്‍ നിഷേധിച്ചുകൊണ്ടിരുന്ന ആ തീരുമാനത്തിന്റെ ദിവസമാണിത് (എന്ന് അവരോട് അപ്പോള്‍ പറയപ്പെടും).
അക്രമം പ്രവര്‍ത്തിച്ചവരെയും അവരുടെ കൂട്ടുകാരെയും അല്ലാഹുവിന് പുറമെ അവര്‍ ആരാധിച്ചുവന്നിരുന്ന വസ്തുക്കളെയും നിങ്ങള്‍ ഒരുമിച്ചുകൂട്ടുക.
എന്നിട്ട് അവരെ നിങ്ങള്‍ ജ്വലിക്കുന്ന നരകത്തിന്റെ പാതയിലേക്ക് നയിക്കുക.
അവരെ ഒന്നു നിറുത്തുകയും ചെയ്യുക. നിശ്ചയമായും അവര്‍ ചോദ്യം ചെയ്യപ്പെടുന്നവരാകുന്നു.
(അക്രമികളേ,) നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങള്‍ അന്യോന്യം സഹായിക്കുന്നില്ലല്ലോ!
പക്ഷേ, ഇന്ന് അവര്‍ തികച്ചും കീഴടങ്ങിയവരാകുന്നു.
അവര്‍ പരസ്പരം ചോദ്യം ചെയ്യുന്നവരായി ചിലര്‍ ചിലരുടെ നേരെ തിരിയും.
അവര്‍ (നേതാക്കളോട് അനുയായികള്‍) പറയും: നിശ്ചയമായും നിങ്ങള്‍ (സത്യത്തിലാണ് നിലകൊള്ളുന്നതെന്ന്) ശപഥം ചെയ്തുകൊണ്ട് ഞങ്ങളുടെ അടുക്കല്‍ വന്നിരുന്നു.
അവര്‍ (നേതാക്കള്‍) പറയും: അല്ല. നിങ്ങള്‍ (സ്വയം തന്നെ) സത്യവിശ്വാസികളാവാതിരുന്നതാണ്.
ഞങ്ങള്‍ക്ക് നിങ്ങളുടെ മേല്‍ യാതൊരു അധികാരശക്തിയുമുണ്ടായിരുന്നില്ല. പക്ഷേ, നിങ്ങള്‍ (സ്വയംതന്നെ) അതിക്രമികളായ ഒരു ജനതയായിരുന്നു.
അങ്ങനെ നമ്മുടെ രക്ഷിതാവിന്റെ വാക്ക് നമ്മുടെ മേല്‍ സത്യമായി പുലര്‍ന്നിരിക്കുകയാണ്. നിശ്ചയമായും നാം (ശിക്ഷ) ആസ്വദിക്കുന്നവര്‍ തന്നെയാകുന്നു.
ഞങ്ങള്‍ നിങ്ങളെ ദുര്‍മാര്‍ഗത്തിലേക്ക് ക്ഷണിച്ചു (എന്നു മാത്രം. കാരണം,) ഞങ്ങള്‍ തന്നെ സ്വയം വഴിതെറ്റിയവരായിരുന്നു.
അവരെല്ലാവരും അന്ന് ശിക്ഷയില്‍ പങ്കാളികളായിരിക്കുന്നതാണ്, തീര്‍ച്ച.
നിശ്ചയമായും കുറ്റവാളികളെക്കൊണ്ട് അപ്രകാരമാണ് നാം ചെയ്യുക.
അല്ലാഹു അല്ലാതെ ഒരു ഇലാഹുമില്ലെന്ന് അവരോട് പറയപ്പെടുമ്പോള്‍ നിശ്ചയമായും അവര്‍ അഹംഭാവം നടിക്കുകയായിരുന്നു ചെയ്തിരുന്നത്.
ഒരു ഭ്രാന്തന്‍കവിക്കുവേണ്ടി നമ്മുടെ ഇലാഹുകളെ നാം ഉപേക്ഷിക്കുന്നവരാകുമോ എന്ന് അവര്‍ ചോദിക്കുകയും ചെയ്തിരുന്നു.
പക്ഷേ, (അവര്‍ പറയുന്നത് ശരിയല്ല), അദ്ദേഹം (നബി) സത്യം കൊണ്ടാണ് വന്നത്. മുര്‍സലുകളെ അദ്ദേഹം ശരിവെക്കുകയും ചെയ്തിരിക്കുന്നു.
നിങ്ങള്‍ വേദനാജനകമായ ശിക്ഷ അനുഭവിക്കുന്നവര്‍ തന്നെയാണ്, തീര്‍ച്ച.
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നതല്ല.
അല്ലാഹുവിന്റെ നിഷ്‌കളങ്കരാക്കപ്പെട്ട അടിമകള്‍ അങ്ങനെയല്ല;
അവര്‍ക്ക് (പ്രത്യേകതകള്‍) അറിയപ്പെട്ട ആഹാരമുണ്ട്.
അതായത് (സുഖഭോജ്യങ്ങളായ) പഴവര്‍ഗങ്ങള്‍. അവര്‍ ആദരിക്കപ്പെടുന്നവരുമായിരിക്കും.
സൗഭാഗ്യത്തിന്റെ സ്വര്‍ഗങ്ങളിലാണവര്‍;
ചില (ഉന്നത) കട്ടിലുകളിലായും പരസ്പരം അഭിമുഖരായുംകൊണ്ട്.
ഒഴുകുന്ന മദ്യം നിറച്ച കോപ്പയുമായി അവരുടെയടുത്തുകൂടി നടക്കും.
വെളുത്തതും കുടിക്കുന്നവര്‍ക്ക് രുചികരവുമായ മദ്യം.
അതില്‍ ഒട്ടും ഉദരവേദനയില്ല. അതിനാല്‍ അവര്‍ക്ക് ലഹരി ബാധിക്കുന്നതുമല്ല.
അവരുടെ അടുക്കല്‍ ദൃഷ്ടിയെ നിയന്ത്രിക്കുന്ന വിശാലനേത്രകളായ തരുണികളുമുണ്ടായിരിക്കും.
അവര്‍ സൂക്ഷിച്ചുവെക്കപ്പെട്ട മുട്ടകള്‍ പോലെയാകുന്നു.
അങ്ങനെ അവര്‍ വര്‍ത്തമാനം ചോദിക്കുന്നവരായി പരസ്പരം മുന്നോട്ടുവരും.
അവരില്‍ ഒരു വക്താവ് പറയും: 'എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു.'
അവന്‍ ചോദിക്കും: 'നിശ്ചയമായും പുനരുത്ഥാനം യാഥാര്‍ഥ്യമാണെന്ന് വിശ്വസിക്കുന്നവരില്‍ പെട്ടവന്‍ തന്നെയാണോ നീ?'
നാം മരിച്ചു മണ്ണും എല്ലുകളുമായിത്തീര്‍ന്നാല്‍ നാം (ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ക്ക്) പ്രതിഫലം നല്‍കപ്പെടുന്നവര്‍ തന്നെയാകുമോ?'
(പിന്നെ) അദ്ദേഹം (തന്റെ കൂട്ടുകാരോട്) പറയും: നിങ്ങള്‍ (അവനെ) ഒന്ന് എത്തിനോക്കു(വാന്‍ ഉദ്ദേശിക്കു)ന്നവരാണോ?
എന്നിട്ട് അദ്ദേഹം (അവനെ) എത്തിനോക്കുകയും അപ്പോള്‍ അവനെ നരകത്തിന്റെ നടുവില്‍ കാണുകയും ചെയ്യും.
(തല്‍സമയം) അദ്ദേഹം (അവനോട്) പറയും: 'അല്ലാഹുവിനെത്തന്നെ സത്യം, നീ എന്നെ നാശത്തില്‍ അകപ്പെടുത്തിയേക്കുകതന്നെ ചെയ്യുമായിരുന്നു.'
എന്റെ രക്ഷിതാവിന്റെ അനുഗ്രഹം ഉണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ (ഈ നരകത്തില്‍) ഹാജറാക്കപ്പെടുന്നവരില്‍ ഉള്‍പ്പെട്ടുപോകുമായിരുന്നു.
ഇനി നാം മരണപ്പെട്ടുപോകുന്നവരാകുകയില്ലല്ലോ;
നാം ആദ്യം മരിച്ചതല്ലാതെ; നാം ശിക്ഷിക്കപ്പെടുന്നവരുമല്ല.'
നിശ്ചയമായും ഇതുതന്നെയാണ് മഹത്തായ വിജയം!
പ്രവര്‍ത്തിക്കുന്നവര്‍ ഇത്തരം നേട്ടങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചുകൊള്ളട്ടെ!
അതിഥിസല്‍ക്കാരത്തില്‍ അതാണോ ഉത്തമമായത്? അതല്ല, സഖ്ഖൂം വൃക്ഷമോ?
നാം അതിനെ (ആ വൃക്ഷത്തെ) അക്രമികള്‍ക്ക് ഒരു പരീക്ഷണം (അഥവാ ഒരു ശിക്ഷ) തന്നെ ആക്കിയിരിക്കയാണ്.
നിശ്ചയമായും നരകത്തിന്റെ അടിയില്‍ നിന്ന് മുളച്ചുപൊങ്ങുന്ന ഒരു വൃക്ഷമാണത്.
അതിന്റെ കുല പിശാചുക്കളുടെ തലകളെപ്പോലെയിരിക്കും.
എന്നാല്‍, അവര്‍ അതില്‍ നിന്ന് തിന്നുന്നവരും അങ്ങനെ അതില്‍ നിന്ന് വയര്‍ നിറക്കുന്നവരും തന്നെയായിരിക്കും, തീര്‍ച്ച.
പിന്നീട് നിശ്ചയമായും അതിനുമീതെ കുടിക്കുവാന്‍ കഠിനചൂടുള്ള വെള്ളത്തിന്റെ ഒരു കൂട്ടും അവര്‍ക്കുണ്ട്.
അനന്തരം അവരുടെ മടക്കം നരകത്തിലേക്ക് തന്നെയാണ്.
നിശ്ചയമായും അവര്‍ തങ്ങളുടെ പിതാക്കളെ വഴിപിഴച്ചവരായി കണ്ടു.
എന്നിട്ടിവര്‍ അവരുടെ കാല്‍പാടുകളില്‍കൂടി തിരക്കിട്ട് ഓടുകയാണ് ചെയ്തത്.
പൂര്‍വികരില്‍ അധികമാളുകളും ഇവര്‍ക്ക് (ഈ അറബികള്‍ക്ക്) മുമ്പ് വഴിതെറ്റിപ്പോവുക തന്നെ ചെയ്തിട്ടുണ്ട്.
അവരില്‍ നാം താക്കീതുകാരെ (ദൂതന്മാരെ) അയച്ചിട്ടുമുണ്ട്, തീര്‍ച്ച.
എന്നിട്ട് ആ താക്കീത് നല്‍കപ്പെട്ടവരുടെ പര്യവസാനം എങ്ങനെയാണുണ്ടായതെന്ന് നോക്കുക! (എല്ലാവരും ശിക്ഷിക്കപ്പെട്ടു.)
അല്ലാഹുവിന്റെ നിഷ്‌കളങ്കരായ അടിമകള്‍ ഒഴികെ. (അവര്‍ ആ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുകയാണുണ്ടായത്.)
നിശ്ചയമായും നൂഹ് നബി നമ്മെ വിളിച്ചു. അപ്പോള്‍ ഉത്തരം ചെയ്തവര്‍ വളരെ നല്ലവര്‍ തന്നെ.
അദ്ദേഹത്തെയും തന്റെ ആള്‍ക്കാരെയും വമ്പിച്ച വിപത്തില്‍ നിന്ന് നാം രക്ഷിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ സന്തതികളെ തന്നെ നാം അവശേഷിക്കുന്നവരാക്കുകയുമുണ്ടായി.
പിന്‍തലമുറകളില്‍ തന്നെക്കുറിച്ചുള്ള പ്രശംസ നാം നിലനിറുത്തുകയും ചെയ്തു.
ലോകരില്‍ നൂഹ്(അ)ന് സലാം ഉണ്ടായിരിക്കും.
നിശ്ചയമായും അപ്രകാരമാണ് സുകൃതന്മാര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്.
അദ്ദേഹം സത്യവിശ്വാസികളായ നമ്മുടെ അടിമകളില്‍ പെട്ട ആള്‍ തന്നെയാകുന്നു.
പിന്നെ മറ്റുള്ളവരെയെല്ലാം നാം വെള്ളത്തില്‍ മുക്കി നശിപ്പിച്ചു.
നിശ്ചയമായും നൂഹ് (അ)ന്റെ കക്ഷിയില്‍ പെട്ട ആള്‍ തന്നെയാണ് ഇബ്രാഹീം നബിയും.
ശുദ്ധഹൃദയത്തോടെ അദ്ദേഹം തന്റെ രക്ഷിതാവിങ്കല്‍ വന്ന സന്ദര്‍ഭം (ഓര്‍ക്കുക).
അതായത്, നിങ്ങള്‍ എന്തിനെയാണ് ആരാധിക്കുന്നത് എന്ന് തന്റെ പിതാവിനോടും ജനതയോടും അദ്ദേഹം ചോദിച്ച സന്ദര്‍ഭം:
കള്ളമായിക്കൊണ്ട്, അല്ലാഹുവിന് പുറമെ ചില ആരാധ്യവസ്തുക്കളെ നിങ്ങള്‍ ഉദ്ദേശിക്കുകയാണോ?
അപ്പോള്‍ ലോകരക്ഷിതാവിനെക്കുറിച്ച് നിങ്ങളുടെ ധാരണ എന്താണ്?'
അങ്ങനെ അദ്ദേഹം നക്ഷത്രങ്ങളില്‍ ഒരുനോട്ടം നോക്കി.
എന്നിട്ടദ്ദേഹം പറഞ്ഞു: നിശ്ചയമായും ഞാന്‍ അസുഖമുള്ളവനാകുന്നു.
അപ്പോള്‍ അവര്‍ അദ്ദേഹത്തെവിട്ട് പിന്തിരിഞ്ഞുപോയി.
എന്നിട്ടദ്ദേഹം അവരുടെ ആരാധ്യവസ്തുക്കളുടെ നേരെ ഒളിഞ്ഞുചെന്നിട്ട് ചോദിച്ചു: നിങ്ങള്‍ തിന്നുന്നില്ലേ?
നിങ്ങള്‍ക്കെന്തുപറ്റി; മിണ്ടുന്നില്ലല്ലോ?'
അങ്ങനെ അദ്ദേഹം ശക്തിയോടെ വെട്ടിക്കൊണ്ട് അവയുടെ നേരെ തിരിഞ്ഞു.
അപ്പോഴവര്‍ അദ്ദേഹത്തിന്റെ നേരെ ദ്രുതഗതിയില്‍ വരികയുണ്ടായി.
അദ്ദേഹം ചോദിച്ചു: 'നിങ്ങള്‍ സ്വയം ചെത്തിപ്പണിതുണ്ടാക്കിയ വസ്തുക്കളെ നിങ്ങള്‍ ആരാധിക്കുകയാണോ?'
നിങ്ങളെയും നിങ്ങളുടെ പ്രവൃത്തിയെയും അല്ലാഹു സൃഷ്ടിച്ചതാണല്ലോ.'
അവര്‍ പറഞ്ഞു: നിങ്ങള്‍ അവന് വേണ്ടി ഒരെടുപ്പ് നിര്‍മിക്കുക; എന്നിട്ട് അവനെ ജ്വലിക്കുന്ന അഗ്നിയില്‍ ഇട്ടേക്കുക.
അങ്ങനെ അവര്‍ അദ്ദേഹത്തെപ്പറ്റി ഒരു കുതന്ത്രം ഉദ്ദേശിച്ചു. എന്നാല്‍ അവരെ നാം ഏറ്റവും പരാജിതരാക്കിക്കളഞ്ഞു.
അദ്ദേഹം പറഞ്ഞു: 'നിശ്ചയമായും ഞാന്‍ എന്റെ രക്ഷിതാവിങ്കലേക്ക് പോകുകയാണ്. അവന്‍ എന്നെ നേര്‍മാര്‍ഗത്തിലാക്കും.'
എന്റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ പെട്ട സന്താനങ്ങളെ എനിക്ക് നീ പ്രദാനം ചെയ്യേണമേ.
അപ്പോള്‍ സഹനശീലനായ ഒരു ആണ്‍കുട്ടിയെക്കുറിച്ച് അദ്ദേഹത്തിന് നാം സന്തോഷവാര്‍ത്ത അറിയിച്ചു.
അങ്ങനെ ആ കുട്ടിക്ക് തന്നോടൊന്നിച്ച് പ്രവര്‍ത്തിക്കുവാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: 'എന്റെ പ്രിയമകനേ, നിന്നെ ഞാന്‍ അറുക്കുന്നതായി സ്വപ്നം കാണുന്നു. അതുകൊണ്ട് (ആ കാര്യത്തില്‍) നിന്റെ അഭിപ്രായമെന്താണെന്ന് ചിന്തിച്ചുനോക്കൂ.' കുട്ടി പറഞ്ഞു: എന്റെ പ്രിയപിതാവേ, അവിടത്തോട് കല്‍പിക്കപ്പെടുന്നത് ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ ക്ഷമ കാട്ടുന്നവരില്‍ പെട്ടവനായി അങ്ങ് എന്നെ കണ്ടെത്തിക്കുന്നതാണ്.
അങ്ങനെ രണ്ടുപേരും (കല്‍പനക്ക്) കീഴടങ്ങുകയും അദ്ദേഹം കുട്ടിയെ ഒരു ചെന്നിപ്പുറത്തേക്ക് ചെരിച്ചുകിടത്തുകയും ചെയ്തപ്പോള്‍...! (ഹാ, ആ സന്ദര്‍ഭം വര്‍ണനാതീതമാണ്.)
നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: 'ഹേ, ഇബ്രാഹീം,
താങ്കള്‍ സ്വപ്നം സാക്ഷാല്‍ക്കരിക്കുക തന്നെ ചെയ്തിരിക്കുന്നു.' നിശ്ചയമായും ഇപ്രകാരം സുകൃതന്മാര്‍ക്ക് നാം പ്രതിഫലം കൊടുക്കും.
തീര്‍ച്ചയായും ഇത് സ്പഷ്ടമായ ഒരു പരീക്ഷണം തന്നെയാണ്.
മഹത്തായ ഒരു ബലിമൃഗത്തെകൊണ്ട് അവന് (പകരം) നാം പ്രായശ്ചിത്തം കൊടുക്കുകയും,
പിന്‍തലമുറകളില്‍ അദ്ദേഹത്തെക്കുറിച്ചുള്ള പ്രശംസ നാം നിലനിറുത്തുകയും ചെയ്തു.
ഇബ്രാഹീമിന്റെ മേല്‍ സലാം ഉണ്ടായിരിക്കും.
നിശ്ചയമായും അപ്രകാരം സുകൃതന്മാര്‍ക്ക് നാം പ്രതിഫലം കൊടുക്കുന്നതാണ്.
അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ അടിമകളില്‍പെട്ട ആള്‍ തന്നെയാകുന്നു.
സദ്‌വൃത്തരില്‍ പെട്ട ഒരു പ്രവാചകനായിക്കൊണ്ട് ഇസ്ഹാഖിനെക്കുറിച്ച് അദ്ദേഹത്തിന് നാം സന്തോഷവാര്‍ത്ത അറിയിച്ചു.
അദ്ദേഹത്തിന്റെമേലും ഇസ്ഹാഖിന്റെ മേലും നാം ബറകത്ത് നല്‍കുകയും ചെയ്തു. ആ രണ്ടുപേരുടെ സന്താനങ്ങളില്‍ സദ്‌വൃത്തരും തന്നോടുതന്നെ സ്പഷ്ടമായി അക്രമം ചെയ്യുന്നവരുമുണ്ട്.
നിശ്ചയമായും മൂസാ (നബി)ക്കും ഹാറൂന്‍ (നബി)ക്കും നാം അനുഗ്രഹം ചെയ്കയും,
അവരിരുവരെയും അവരുടെ ജനതയെയും വമ്പിച്ച ദുഃഖത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു.
അവരെ നാം സഹായിക്കുകയും അങ്ങനെ അവര്‍ തന്നെ വിജയികളായിത്തീരുകയുമുണ്ടായി.
(വിഷയങ്ങള്‍) വ്യക്തമായി വിവരിക്കുന്ന ആ ഗ്രന്ഥം (തൗറാത്ത്) അവരിരുവര്‍ക്കും നാം നല്‍കുകയും
അവര്‍ രണ്ടുപേരെയും ചൊവ്വായ മാര്‍ഗത്തില്‍ ആക്കുകയും
പിന്‍തലമുറകളില്‍ അവരെ കുറിച്ചുള്ള പ്രശംസ നിലനിറുത്തുകയും ചെയ്തു.
മൂസായുടെയും ഹാറൂന്റെയും മേല്‍ സലാം ഉണ്ടായിരിക്കും.
അപ്രകാരം സുകൃതന്മാര്‍ക്ക് നാം പ്രതിഫലം കൊടുക്കുക തന്നെ ചെയ്യും.
നിശ്ചയമായും അവര്‍ രണ്ടുപേരും സത്യവിശ്വാസികളായ നമ്മുടെ അടിമകളില്‍ പെട്ടവരാകുന്നു.
നിശ്ചയമായും ഇല്‍യാസും മുര്‍സലുകളില്‍ പെട്ട ആളാകുന്നു.
അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): നിങ്ങള്‍ (അല്ലാഹുവിനെ) സൂക്ഷിക്കുന്നില്ലേ?
നിങ്ങള്‍ ബഅ്‌ലിനെ ആരാധിക്കുകയും ഏറ്റവും നന്നായി സൃഷ്ടിക്കുന്നവനെ വിട്ടുകളയുകയുമാണോ?'
അതായത് നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വപിതാക്കളുടെ രക്ഷിതാവുമായ അല്ലാഹുവിനെ.'
അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചുകളഞ്ഞു. അതിനാല്‍ നിശ്ചയമായും അവര്‍ (ശിക്ഷയില്‍) ഹാജറാക്കപ്പെടുന്നവര്‍ തന്നെയാകുന്നു-
അല്ലാഹുവിന്റെ നിഷ്‌കളങ്കരായ അടിമകള്‍ ഒഴികെ.
പിന്‍തലമുറകളില്‍ അദ്ദേഹത്തെ കുറിച്ചുള്ള പ്രശംസ നാം നിലനിറുത്തുകയും ചെയ്തു.
ഇല്‍യാസിനു സലാം ഉണ്ടായിരിക്കും.
അപ്രകാരം സുകൃതന്മാര്‍ക്ക് നാം പ്രതിഫലം കൊടുക്കുകതന്നെ ചെയ്യും.
നിശ്ചയമായും അദ്ദേഹം സത്യവിശ്വാസികളായ നമ്മുടെ അടിമകളില്‍ പെട്ട ആളാകുന്നു.
ലൂഥും മുര്‍സലുകളില്‍ പെട്ട ആള്‍ തന്നെയാണ്.
അദ്ദേഹത്തെയും തന്റെ സ്വന്തക്കാരെയുമെല്ലാം നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം (ഓര്‍ക്കുക).
പിന്തിനിന്നവരില്‍ പെട്ട ഒരു വൃദ്ധ സ്ത്രീയെ ഒഴികെ.
പിന്നീട് മറ്റുള്ളവരെ നാം നിശ്ശേഷം നശിപ്പിച്ചുകളഞ്ഞു.
നിശ്ചയമായും നിങ്ങള്‍ പ്രഭാതത്തില്‍ അവരുടെയടുത്തുകൂടി കടന്നുപോകാറുണ്ട്.
രാത്രിയിലും (അവരുടെയടുത്തുകൂടി കടന്നുപോകാറുണ്ട്), എന്നിട്ടും നിങ്ങള്‍ ചിന്തിക്കുന്നില്ലേ?
നിശ്ചയമായും യൂനുസും മുര്‍സലുകളില്‍പെട്ട ആള്‍ തന്നെയാകുന്നു.
ഭാരം നിറക്കപ്പെട്ട കപ്പലിലേക്ക് അദ്ദേഹം ഓടിപ്പോയ സന്ദര്‍ഭം (ഓര്‍ക്കുക).
എന്നിട്ടദ്ദേഹം നറുക്കെടുപ്പില്‍ പങ്കുകൊണ്ട് (വിജയം പരീക്ഷിച്ചു). അപ്പോള്‍ താന്‍ പരാജിതരില്‍ ആയിത്തീര്‍ന്നു.
അങ്ങനെ ആക്ഷേപവിധേയനായിരിക്കെ അദ്ദേഹത്തെ തിമിംഗലം വിഴുങ്ങി.
എന്നാല്‍, അദ്ദേഹം അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തനം ചെയ്യുന്നവരില്‍ പെട്ടവനായിരുന്നില്ലെങ്കില്‍,
ജനങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ അതിന്റെ ഉദരത്തില്‍ തന്നെ കഴിഞ്ഞുകൂടേണ്ടിവരുമായിരുന്നു.
അങ്ങനെ ക്ഷീണിതനായ നിലയില്‍ അദ്ദേഹത്തെ നാം കടല്‍ത്തീരത്ത് നിക്ഷേപിച്ചു.
അദ്ദേഹത്തിനു മീതെ ചുരക്കാവര്‍ഗത്തില്‍ പെട്ട ഒരു ചെടി നാം മുളപ്പിക്കുകയും ചെയ്തു.
ഒരു ലക്ഷത്തില്‍പരം വരുന്ന ആളുകളിലേക്ക് അദ്ദേഹത്തെ നാം അയക്കുകയുമുണ്ടായി.
അപ്പോള്‍ അവര്‍ സത്യവിശ്വാസം സ്വീകരിച്ചു. അങ്ങനെ കുറെ കാലത്തേക്ക് അവര്‍ക്ക് നാം സുഖജീവിതം നല്‍കി.
(നബിയേ,) എന്നാല്‍ താങ്കള്‍ അവരോട് അഭിപ്രായം ചോദിക്കുക: പെണ്‍മക്കള്‍ താങ്കളുടെ രക്ഷിതാവിനും ആണ്‍മക്കള്‍ അവര്‍ക്കുമാണോ?
അഥവാ അവര്‍ ദൃക്‌സാക്ഷികളായിക്കൊണ്ട് മലക്കുകളെ സ്ത്രീകളായി നാം സൃഷ്ടിച്ചിരിക്കുന്നുവോ?
അറിഞ്ഞേക്കുക, നിശ്ചയമായും അവര്‍ സ്വയം വ്യാജം കെട്ടിച്ചമച്ചുജല്‍പിക്കുന്നു.
അല്ലാഹു സന്താനോല്‍പാദനം നടത്തി'യെന്ന്, അവര്‍ കള്ളം പറയുന്നവര്‍ തന്നെയാണ്, തീര്‍ച്ച.
അവന്‍ ആണ്‍മക്കളെക്കാള്‍ (പ്രാധാന്യം നല്‍കി) പെണ്‍മക്കളെ തെരഞ്ഞെടുത്തിരിക്കുകയാണോ?
(ഹേ, മുശ്‌രിക്കുകളേ,) നിങ്ങള്‍ക്കെന്തുപറ്റി? എങ്ങനെയെല്ലാമാണ് നിങ്ങള്‍ വിധി കല്‍പിക്കുന്നത്?
അപ്പോള്‍ നിങ്ങള്‍ ഒട്ടും ചിന്തിക്കുന്നില്ലേ?
അഥവാ വ്യക്തമായ വല്ല ലക്ഷ്യവും നിങ്ങള്‍ക്കുണ്ടോ?
എങ്കില്‍ നിങ്ങളുടെ ഗ്രന്ഥം (ലക്ഷ്യം) കൊണ്ടുവരിക; നിങ്ങള്‍ സത്യവാദികളാണെങ്കില്‍!
അവര്‍ അല്ലാഹുവിന്റെയും ജിന്നുകളുടെയും ഇടയില്‍ കുടുംബബന്ധം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും ജിന്നുകള്‍ക്കറിയാം, അവര്‍ (ശിക്ഷയില്‍) ഹാജറാക്കപ്പെടുന്നവര്‍ തന്നെയാണെന്ന്.
അവര്‍ വര്‍ണിച്ചുപറയുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനാണ്.
അല്ലാഹുവിന്റെ നിഷ്‌കളങ്കരായ അടിമകളൊഴികെ.(അവര്‍ ആ കൂട്ടരില്‍ പെടുകയില്ല.)
എന്നാല്‍, നിശ്ചയമായും നിങ്ങളും നിങ്ങള്‍ ആരാധിക്കുന്ന വസ്തുക്കളും (ഉണ്ടല്ലോ),
അല്ലാഹുവിനെതിരില്‍ (ആരെയും) നിങ്ങള്‍ കുഴപ്പത്തിലാക്കുന്നവരല്ല.
നരകത്തില്‍ കടക്കു(വാന്‍ ഒരുങ്ങു)ന്നവനെയല്ലാതെ.
ഞങ്ങളില്‍പെട്ട ആര്‍ക്കും തന്നെ ഒരു നിശ്ചിത സ്ഥാനം ഇല്ലാതെയില്ല.
തീര്‍ച്ചയായും ഞങ്ങള്‍ തന്നെയാണ് അണികെട്ടിനില്‍ക്കുന്നവരും,
അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നവരും,
നിശ്ചയമായും അവര്‍ പറയുമായിരുന്നു:
ഞങ്ങളുടെ പക്കല്‍ പൂര്‍വികരില്‍ നിന്നുള്ള വല്ല വേദപ്രമാണവും ഉണ്ടായിരുന്നെങ്കില്‍,
ഞങ്ങള്‍ അല്ലാഹുവിന്റെ നിഷ്‌കളങ്കരായ അടിമകളായിത്തീരുമായിരുന്നേനെ!
എന്നിട്ട് ഈ വേദഗ്രന്ഥത്തെ അവര്‍ നിഷേധിച്ചു. അതിനാല്‍, പിന്നീട് അവര്‍ക്ക് അറിയാറാകും.
നിശ്ചയമായും മുര്‍സലുകളായ നമ്മുടെ അടിമകളെ സംബന്ധിച്ച് നമ്മുടെ വാക്ക് മുമ്പുതന്നെ ഉണ്ടായിട്ടുണ്ട്.
തീര്‍ച്ചയായും അവര്‍ തന്നെയാണ് സഹായം നല്‍കപ്പെടുന്നവര്‍ എന്നും,
നമ്മുടെ സൈന്യം തന്നെയാണ് വിജയികള്‍ എന്നും.
അതിനാല്‍ ഒരു സമയം വരെ താങ്കള്‍ അവരെ വിട്ട് തിരിഞ്ഞുകളയുക.
താങ്കള്‍ അവരെ നോക്കുക. (എന്തു സംഭവിക്കുമെന്ന്) അവര്‍ അടുത്ത് കണ്ടറിയുന്നതാണ്.
എന്നിരിക്കെ നമ്മുടെ ശിക്ഷയെക്കുറിച്ചാണോ അവര്‍ ധൃതി കൂട്ടുന്നത്?
എന്നാല്‍, അതവരുടെ മുറ്റത്ത് വന്നെത്തിയാല്‍ അപ്പോള്‍ ആ താക്കീത് നല്‍കപ്പെട്ടവരുടെ ദിവസം എത്രയോ ചീത്തയായിരിക്കുന്നതാണ്.
അതിനാല്‍ ഒരു സമയം വരെ താങ്കള്‍ അവരെ വിട്ടു തിരിഞ്ഞുകളയുക.
താങ്കള്‍ നോക്കുക. അവര്‍ അടുത്ത് കണ്ടറിയുന്നതാണ്.
പ്രതാപശാലിയായ താങ്കളുടെ രക്ഷിതാവ് അവര്‍ വര്‍ണിക്കുന്നതില്‍ നിന്ന് എത്രയോ പരിശുദ്ധനാണ്.
മുര്‍സലുകള്‍ക്ക് സലാം ഉണ്ടായിരിക്കട്ടെ!
സര്‍വലോക പരിപാലകനായ അല്ലാഹുവിനാണ് എല്ലാ സ്തുതിയും.