അലിഫ് ലാം മീം.
അൽ അൻകബൂത് العنكبوت Al-Ankabut
സൂറത്ത് അൽ അൻകബൂത് (Al-Ankabut), ഖുർആൻ അധ്യായം 29 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 69 ആയത്തുകൾ വായിക്കുക. Read Surah Al-Ankabut with Arabic text and മലയാളം translation.
ഞങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ചിരിക്കുന്നു എന്നു പറഞ്ഞത് കൊണ്ടുമാത്രം തങ്ങള്‍ പരീക്ഷിക്കപ്പെടാതെ വിട്ടുകളയപ്പെടുമെന്ന് മനുഷ്യര്‍ ധരിച്ചിരിക്കുന്നുവോ?
നിശ്ചയമായും അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്. അങ്ങനെ സത്യം പറഞ്ഞവരെയും അസത്യവാദികളെയും നിശ്ചയമായും അല്ലാഹു വെളിക്കുകൊണ്ടുവരുന്നു.
അഥവാ നമ്മുടെ പിടിയില്‍ പെടാതെ കടന്നുകളയാമെന്ന് തിന്മകള്‍ പ്രവര്‍ത്തിക്കുന്നവര്‍ ധരിച്ചിട്ടുണ്ടോ? അവരുടെ തീരുമാനം വളരെ ചീത്തതന്നെ!
അല്ലാഹുവുമായി കണ്ടുമുട്ടണമെന്ന് വല്ലവനും ആഗ്രഹിക്കുന്നുവെങ്കില്‍ (അതിനുള്ള ഒരുക്കങ്ങള്‍ അവന്‍ ചെയ്‌തുകൊള്ളട്ടെ). നിശ്ചയമായും അല്ലാഹു നിര്‍ണയിച്ച അവധി വരികതന്നെ ചെയ്യുന്നതാണ്. അവന്‍ എല്ലാം കേള്‍ക്കുന്നവനും സര്‍വവും അറിയുന്നവനുമാകുന്നു.
വല്ലവനും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നുവെങ്കില്‍ തന്റെ സ്വന്തം നന്മക്കുവേണ്ടി തന്നെയാണ് അവന്‍ സമരം ചെയ്യുന്നത്. നിശ്ചയമായും അല്ലാഹു ലോകരെ വിട്ട് ഐശ്വര്യപൂര്‍ണനാണ്.
സത്യത്തില്‍ വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്‌ഠിക്കുകയും ചെയ്‌തവരാരോ അവരുടെ തിന്മകളെ നാം പൊറുത്തുകൊടുക്കുകയും അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനേക്കാള്‍ മെച്ചമായത് അവര്‍ക്കു പ്രതിഫലം നല്‍കുകയും ചെയ്യും.
തന്റെ മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്ന് മനുഷ്യനോട് നാം കല്‍പിച്ചിരിക്കുന്നു. നിനക്കറിവില്ലാത്ത ഒരു വസ്‌തുവെ എന്നോട് പങ്കുചേര്‍ക്കണമെന്ന് നിന്നെയവര്‍ നിര്‍ബന്ധിക്കുന്ന പക്ഷം അവരിരുവരെയും നീ അനുസരിക്കരുത്. എന്റെ അടുത്തേക്കാണ് നിങ്ങള്‍ എല്ലാവരുടെയും മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് (അവിടെവെച്ച്) ഞാന്‍ പ്രതിഫലം നല്‍കുന്നതാണ്.
സത്യത്തില്‍ വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്‌ഠിക്കുകയും ചെയ്‌തവരാരോ അവരെ നാം സജ്ജനങ്ങളില്‍ ഉള്‍പെടുത്തുന്നതാകുന്നു.
ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു എന്നുപറയുന്ന ചിലര്‍ മനുഷ്യരിലുണ്ട്. എന്നിട്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവന്‍ മര്‍ദ്ദിക്കപ്പെട്ടാല്‍ ജനങ്ങളുടെ മര്‍ദ്ദനത്തെ അല്ലാഹുവിന്റെ ശിക്ഷപോലെ അവന്‍ ഗണിക്കുന്നു. താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്ന് വല്ല സഹായവും ലഭിച്ചെങ്കില്‍ `ഞങ്ങള്‍ നിങ്ങളോടുകൂടെ തന്നെയായിരുന്നല്ലോ' എന്നവര്‍ തീര്‍ച്ചയായും പറയുകയും ചെയ്യുന്നു. ലോകരുടെ ഹൃദയങ്ങളിലുള്ളതിനെക്കുറിച്ച് അല്ലാഹു നല്ലവണ്ണം അറിയുന്നവനല്ലേ?
സത്യവിശ്വാസം കൈകൊണ്ടവരെയും കപടവിശ്വാസികളെയും അല്ലാഹു വേര്‍തിരിച്ചറിയുക തന്നെ ചെയ്യുന്നുണ്ട്.
ഞങ്ങളുടെ മാര്‍ഗം നിങ്ങള്‍ പിന്തുടര്‍ന്നുനടക്കുക; നിങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ വഹിച്ചുകൊള്ളാം എന്ന് സത്യനിഷേധികള്‍ സത്യവിശ്വാസികളോട് പറയുന്നു. വാസ്‌തവത്തില്‍ ഇവരുടെ പാപങ്ങളില്‍ നിന്ന് യാതൊന്നും അവര്‍ വഹിക്കുന്നവരാകയില്ല. നിശ്ചയമായും അവര്‍ കള്ളംപറയുന്നവര്‍ തന്നെയാണ്.
എന്നാല്‍ തങ്ങളുടെ പാപഭാരങ്ങളും അവയോടൊപ്പം മറ്റുകുറേ പാപഭാരങ്ങളും അവര്‍ ചുമക്കേണ്ടിവരിക തന്നെചെയ്യും. കള്ളം കെട്ടിപ്പറഞ്ഞിരുന്നതിനെപറ്റി നിശ്ചയമായും അന്ത്യനാളില്‍ അവര്‍ ചോദിക്കപ്പെടുന്നതാണ്.
നിശ്ചയമായും നൂഹ്‌നബിയെ സ്വജനതയുടെ അടുത്തേക്ക് നാം അയച്ചു. എന്നിട്ടദ്ദേഹം അവര്‍ക്കിടയില്‍ തൊള്ളായിരത്തി അമ്പതുകൊല്ലം (പ്രവര്‍ത്തിച്ചുകൊണ്ട്) താമസിച്ചു (എന്നിട്ടും അവര്‍ നേര്‍വഴിക്ക് വന്നില്ല) അപ്പോള്‍ അക്രമികളായിരിക്കെ വെള്ളപ്പൊക്കം അവരെ പിടികൂടി.
അപ്പോള്‍ അദ്ദേഹത്തെയും താനൊന്നിച്ച് കപ്പലില്‍ ഉണ്ടായിരുന്നവരെയും നാം രക്ഷപ്പെടുത്തുകയും അതിനെ (ആ സംഭവത്തെ) ലോകര്‍ക്ക് ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്‌തു.
ഇബ്‌റാഹീം നബിയെയും (ഓര്‍ക്കുക). അതായത് അദ്ദേഹം തന്റെ ജനതയോട് പറഞ്ഞസന്ദര്‍ഭം: `നിങ്ങള്‍ അല്ലാഹുവിന് ഇബാദത്ത് ചെയ്യുകയും അവനെ സൂക്ഷിക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഗുണമായത്. നിങ്ങള്‍ (സത്യം) അറിയുന്നുവെങ്കില്‍!'
`നിങ്ങള്‍ അല്ലാഹുവിനെ കൂടാതെ വിഗ്രഹങ്ങള്‍ക്ക് മാത്രം ഇബാദത്ത് ചെയ്യുന്നു; (അവ അല്ലാഹുവിന്റെ പങ്കുകാരാണെന്ന്) കള്ളം കെട്ടിപ്പറയുകയും ചെയ്യുന്നു. നിശ്ചയമായും നിങ്ങള്‍ അല്ലാഹുവിനെ കൂടാതെ ഇബാദത്ത് ചെയ്യുന്നവ നിങ്ങള്‍ക്ക് യാതൊരു ഉപജീവനവും സ്വാധീനമാക്കുന്നില്ല. അതുകൊണ്ട് അല്ലാഹുവിങ്കല്‍ ഉപജീവനം ആവശ്യപ്പെടുക; അവന് നിങ്ങള്‍ ഇബാദത്ത് ചെയ്യുകയും അവനോട് നന്ദികാട്ടുകയും ചെയ്യുക. അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത്'.
`നിങ്ങള്‍ നിഷേധിക്കുന്നുവെങ്കില്‍ (അതില്‍ അദ്‌ഭുതമില്ല) നിങ്ങളുടെ മുമ്പ് പല സമുദായങ്ങളും നിഷേധിച്ചിട്ടുണ്ട്. റസൂലിന്റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാണ്'.
അല്ലാഹു സൃഷ്ടിയെ ആദ്യമായി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് അവര്‍ കണ്ടില്ലേ? അനന്തരം അവനത് (രണ്ടാമതും) ആവര്‍ത്തിക്കുന്നു. നിശ്ചയമായും അത് അല്ലാഹുവിന് ഒട്ടും പ്രയാസമില്ലാത്ത കാര്യമാണ്.
പറയുക: `നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുകയും അവന്‍ എങ്ങനെയാണ് സൃഷ്ടി ആരംഭിച്ചതെന്ന് നോക്കി ഗ്രഹിക്കുകയും ചെയ്യുക. പിന്നീട് അവന്‍ രണ്ടാമത്തെ പ്രാവശ്യവും സൃഷ്ടിക്കുന്നു. നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്'.
താനുദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ഉദ്ദേശിക്കുന്നവരോട് കരുണ കാണിക്കുകയും ചെയ്യുന്നു. അവങ്കലേക്കുതന്നെ നിങ്ങള്‍ മടക്കപ്പെടുന്നതുമാണ്.
ഭൂമിയിലാകട്ടെ ആകാശത്തിലാകട്ടെ, അവനെ നിങ്ങള്‍ ഒട്ടും പരാജയപ്പെടുത്തുന്നവരല്ല. അല്ലാഹുവിനെ കൂടാതെ നിങ്ങള്‍െക്കാരു രക്ഷാകര്‍ത്താവോ സഹായിയോ ഇല്ലതന്നെ.
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെയും അവനുമായി കണ്ടുമുട്ടുന്നതിനെയും നിഷേധിക്കുന്നവരാകട്ടെ, അക്കൂട്ടര്‍ എന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശപ്പെടുന്നതാണ്. അവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ട്.
നിങ്ങളിവനെ കൊന്നുകളയുകയോ ചുട്ടെരിക്കുകയോ ചെയ്യുക എന്നു പറയല്‍ മാത്രമായിരുന്നു അപ്പോള്‍ തന്റെ ജനതയുടെ പ്രതികരണം. അങ്ങനെ അല്ലാഹു അദ്ദേഹത്തെ അഗ്നിയില്‍ നിന്ന് രക്ഷപ്പെടുത്തി. സത്യത്തില്‍ വിശ്വസിക്കുന്ന ജനതക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.
അദ്ദേഹം പറഞ്ഞു: `നിശ്ചയമായും നിങ്ങള്‍ വിഗ്രഹങ്ങളെ (ഇലാഹുകളാക്കി) വെച്ചിരിക്കുന്നത് ഐഹിക ജീവിതത്തില്‍ നിങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധത്തിന് വേണ്ടിയാണ്. പിന്നെ അന്ത്യനാളില്‍ നിങ്ങളില്‍ ചിലര്‍ (നേതാക്കള്‍) ചിലരെ (അനുയായികളെ) നിഷേധിക്കുകയും ചിലര്‍ (അനുയായികള്‍) ചിലരെ (നേതാക്കളെ) ശപിക്കുകയും ചെയ്യും. നിങ്ങളെല്ലാവരും മടങ്ങുന്ന സ്ഥാനം നരകമാണ്. നിങ്ങള്‍ക്ക് സഹായികളായിട്ട് ആരുമുണ്ടായിരിക്കുന്നതുമല്ല'
അപ്പോള്‍ ലൂഥ് അദ്ദേഹത്തെ വിശ്വസിച്ചു. ഇബ്‌റാഹീം നബി പറഞ്ഞു: `ഞാന്‍ എന്റെ രക്ഷിതാവ് നിര്‍ദ്ദേശിച്ച സ്ഥലത്തേക്ക് ഹിജ്‌റ പോവുകയാണ്. നിശ്ചയമായും അവന്‍ തന്നെയാണ് മഹാ പ്രതാപശാലിയും യുക്തിമാനും'.
അദ്ദേഹത്തിന് ഇസ്‌ഹാഖിനെയും (പുത്രന്‍) യഅ്‌ഖൂബിനെയും നാം പ്രദാനം ചെയ്യുകയും തന്റെ സന്താനങ്ങളില്‍ പ്രവാചകത്വവും വേദഗ്രന്ഥങ്ങളും ഏര്‍പെടുത്തുകയും ചെയ്‌തു. അദ്ദേഹത്തിന്റെ പ്രതിഫലം ഇഹലോകത്ത് നാം അദ്ദേഹത്തിന് നല്‍കി. പരലോകത്ത് താന്‍ സദ്‌വൃത്തരില്‍ പെട്ട ഒരാള്‍തന്നെയാണ്.
ലൂഥ് നബിയെയും (ഓര്‍ക്കുക). അതായത് തന്റെ ജനതയോട് അദ്ദേഹം പറഞ്ഞ സന്ദര്‍ഭം: `നിശ്ചയമായും നിങ്ങള്‍ നീചകൃത്യം തന്നെയാണ് ചെയ്യുന്നത്. നിങ്ങള്‍ക്കുമുമ്പ് ലോകരില്‍ ആരും ഇത് ചെയ്‌തിരുന്നില്ല'.
`നിങ്ങള്‍ (കാമനിവൃത്തിക്കായി) പുരുഷന്മാരുടെ അടുക്കല്‍ ചെല്ലുകയും, വഴിയാത്രക്കാരെ അക്രമിക്കുകയും നിങ്ങളുടെ സദസ്സുകളില്‍ വെച്ച് നിഷിദ്ധവൃത്തികള്‍ പ്രവര്‍ത്തിക്കുകയുമാണോ'? അപ്പോള്‍ അദ്ദേഹത്തിന്റെ ജനതയുടെ മറുപടി, നീ സത്യവാദികളില്‍ പെട്ടവനാണെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള ശിക്ഷ ഞങ്ങള്‍ക്കിങ്ങ് കൊണ്ടുവാ എന്നു പറയുക മാത്രമായിരുന്നു.
അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, ഈ നാശകാരികളായ ജനതക്കെതിരില്‍ എന്നെ നീ സഹായിക്കേണമേ!
നമ്മുടെ ദൂതന്മാര്‍ (മലക്കുകള്‍) ഇബ്‌റാഹീം നബിയുടെ അടുത്ത് സന്തോഷവാര്‍ത്തയുമായി വന്നപ്പോള്‍ അവര്‍ പറഞ്ഞു: നിശ്ചയമായും ഞങ്ങള്‍ ഈ (ലൂഥ് നബിയുടെ) നാട്ടുകാരെ നശിപ്പിക്കുന്നവരാകുന്നു. അവര്‍ അക്രമികളായിത്തീരുക തന്നെ ചെയ്‌തിട്ടുണ്ട്.
അദ്ദേഹം പറഞ്ഞു: അവിടെ ലൂഥ് നബി ഉണ്ടല്ലോ. അവര്‍ പറഞ്ഞു: അവിടെ ഉള്ളവരെക്കുറിച്ച് ഞങ്ങള്‍ക്ക് നല്ലവണ്ണം അറിയാം. അദ്ദേഹത്തെയും തന്റെ ഭാര്യയൊഴിച്ചുള്ള വീട്ടുകാരെയും ഞങ്ങള്‍ രക്ഷപ്പെടുത്തുക തന്നെ ചെയ്യും. അവള്‍ നശിപ്പിക്കപ്പെടുന്നവരില്‍ പെട്ടവളാണ്.
അങ്ങനെ നമ്മുടെ ദൂതന്മാര്‍ ലൂഥിന്റെ അടുത്ത് ചെന്നപ്പോള്‍ അവര്‍ മൂലം അദ്ദേഹം ദുഃഖിതനാവുകയും മനോവിഷമത്തിലകപ്പെടുകയും ചെയ്‌തു. അവര്‍ പറഞ്ഞു: `താങ്കള്‍ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട. നിശ്ചയമായും ഞങ്ങള്‍ താങ്കളെയും ഭാര്യയൊഴിച്ചുള്ള താങ്കളുടെ വീട്ടുകാരെയും രക്ഷപ്പെടുത്തുന്നവരാണ്. അവള്‍ നശിപ്പിക്കപ്പെടുന്നവരിലാകുന്നു.
ഇന്നാട്ടുകാര്‍ ധിക്കാരം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവരായതിനാല്‍ നിശ്ചയമായും ആകാശത്തുനിന്ന് ഇവരുടെ മേല്‍ ഞങ്ങള്‍ ഒരു ശിക്ഷ ഇറക്കുന്നവരാണ്.
മനസ്സിരുത്തുന്ന ജനതക്ക് വ്യക്തമായ ഒരു ദൃഷ്ടാന്തം അവിടെ (ആ നാട്ടില്‍) നാം അവശേഷിപ്പിച്ചു നിറുത്തിയിട്ടുണ്ട്.
മദ്‌യന്‍കാരുടെ അടുത്തേക്ക് അവരുടെ സഹോദരന്‍ ശുഐബ്(അ)നെ (നാം അയച്ചു). എന്നിട്ടദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിന് ഇബാദത്ത് ചെയ്യുകയും പരലോകത്തെ ഭയപ്പെടുകയും ചെയ്യുക. ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുത്.
അപ്പോഴവര്‍ അദ്ദേഹത്തെ നിഷേധിച്ചു. തന്നിമിത്തം ഒരു കഠിനഭൂകമ്പം അവരെ പിടികൂടി. അപ്പോള്‍ അവര്‍ തങ്ങളുടെ വീടുകളില്‍ ചത്തൊടുങ്ങിയവരായി.
ആദിനെയും സമൂദിനെയും (നാം നശിപ്പിച്ചു). അവരുടെ വാസസ്ഥലങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്കത് വ്യക്തമായിട്ടുണ്ട്. തങ്ങളുടെ പ്രവര്‍ത്തനങ്ങളെ പിശാച് അവര്‍ക്ക് ഭംഗിയാക്കികാണിച്ച് കൊടുക്കുകയും എന്നിട്ട് സത്യമാര്‍ഗത്തില്‍ നിന്ന് അവരെ തടയുകയും ചെയ്‌തു. അവര്‍ ചിന്തിച്ചു മനസ്സിലാക്കുവാന്‍ കഴിവുള്ളവരായിരുന്നു. (പക്ഷെ അത് ചെയ്‌തില്ല.)
ഖാറൂനെയും ഫിര്‍ഔനെയും ഹാമാനെയും (നാം നശിപ്പിച്ചു). അവരുടെ അടുത്ത് വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി മൂസാനബി വന്നു. അപ്പോള്‍ അവര്‍ നാട്ടില്‍ അഹംഭാവം നടിച്ചു. (പക്ഷെ നമ്മുടെ ശിക്ഷയില്‍ നിന്ന്) അവര്‍ ഓടിപ്പോകുന്നവരായിട്ടില്ല.
അതിനാല്‍ അവരെല്ലാവരെയും അവരുടെ കുറ്റത്തിന് നാം പിടിച്ചു ശിക്ഷിച്ചു. അങ്ങനെ നാം ചരല്‍കാറ്റയച്ചവര്‍ അവരിലുണ്ട്. ഘോരശബ്ദം പിടികൂടിയവരും നാം ഭൂമിയില്‍ ആഴ്‌ത്തിക്കളഞ്ഞവരും വെള്ളത്തില്‍ മുക്കിക്കൊന്നവരും അവരിലുണ്ട്. അല്ലാഹു അവരോട് അക്രമം ചെയ്‌തിട്ടില്ല. പക്ഷെ അവര്‍ തങ്ങളോടുതന്നെ അക്രമം ചെയ്യുകയാണ് ചെയ്‌തിട്ടുള്ളത്.
അല്ലാഹുവിനു പുറമെ ഏതെങ്കിലും വസ്‌തുക്കളെ ആരാധ്യരാക്കി (ഇലാഹുകളാക്കി) വെക്കുന്നവരുടെ ഉപമ വലകെട്ടി വീടുണ്ടാക്കിയ എട്ടുകാലിയുടെ സ്ഥിതിപോലെയാണ്. വീടുകളില്‍ ഏറ്റവും ബലഹീനമായത് എട്ടുകാലിയുടേത്‌തന്നെയാണ്. അവര്‍ ബോധമുള്ളവരായിരുന്നെങ്കില്‍ (ഒരിക്കലും അല്ലാഹു അല്ലാത്തവയെ ഇലാഹുകളാക്കുമായിരുന്നില്ല.
നിശ്ചയമായും അല്ലാഹുവിനു പുറമെ അവര്‍ ആരാധന (ഇബാദത്ത്) നടത്തുന്ന ഏതു വസ്‌തുവിനെക്കുറിച്ചും അല്ലാഹുവിന്നറിയാം. അവന്‍ പ്രതാപശാലിയും യുക്തിമാനുമാകുന്നു.
ആ ഉപമകള്‍ മനുഷ്യര്‍ക്കുവേണ്ടി നാം വിവരിക്കുകയാണ്. അറിവുള്ളവരല്ലാതെ അത് ചിന്തിച്ചു ഗ്രഹിക്കുന്നില്ല.
അല്ലാഹു ആകാശഭൂമികളെ സത്യസമേതം സൃഷ്ടിച്ചിരിക്കുന്നു. തീര്‍ച്ചയായും അതില്‍ സത്യവിശ്വാസികള്‍ക്ക് വലിയ ദൃഷ്ടാന്തമുണ്ട്.
(നബിയേ,) ഖുര്‍ആനില്‍ നിന്ന് സന്ദേശം നല്‍കപ്പെട്ടത് താങ്കള്‍ ഓതുകയും നമസ്‌കാരം മുറപ്രകാരം അനുഷ്‌ഠിക്കുകയും ചെയ്യുക. നിശ്ചയമായും നമസ്‌കാരം നീചകര്‍മങ്ങളില്‍ നിന്നും നിഷിദ്ധവൃത്തികളില്‍ നിന്നും തടയുന്നു. അല്ലാഹുവിനെ ഓര്‍മിക്കുന്നത് ഏറ്റവും മഹത്തായ ഒരു കര്‍മമാണ്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അല്ലാഹു അറിയുന്നുണ്ട്.
നിങ്ങള്‍ വേദക്കാരോട് ഏറ്റവും നല്ല രീതിയില്‍ അല്ലാതെ വാദപ്രതിവാദം നടത്തരുത്; അവരില്‍ നിന്ന് അക്രമം ചെയ്‌തവരോടൊഴികെ.നിങ്ങള്‍ (അവരോട്) പറയുക: ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചു. ഞങ്ങളുടെ ഇലാഹും നിങ്ങളുടെ ഇലാഹും ഒരുവനാണ്. ഞങ്ങള്‍ അവനെ അനുസരിക്കുന്നവരും (മുസ്‌ലിംകളും) ആകുന്നു.
അപ്രകാരം (മുന്‍വേദങ്ങള്‍ അവതരിപ്പിച്ചതുപോലെ) താങ്കള്‍ക്ക് നാം ഈ ഗ്രന്ഥം (ഖുര്‍ആന്‍) ഇറക്കിത്തന്നിരിക്കുന്നു. നാം വേദം നല്‍കിയവര്‍ (അതിനെ യഥാര്‍ത്ഥമായി അംഗീകരിച്ചവര്‍) ഇതില്‍ വിശ്വസിക്കുന്നതാണ്. ഇക്കൂട്ടരിലും (അറബികളിലും) ഇതില്‍ വിശ്വസിക്കുന്നവരുണ്ട്. നമ്മുടെ ലക്ഷ്യങ്ങളെ സത്യനിഷേധികളല്ലാതെ വ്യാജമാക്കി കളയുന്നതല്ല.
ഖുര്‍ആന്‍ ലഭിക്കുന്നതിന് മുമ്പ് യാതൊരു ഗ്രന്ഥവും താങ്കള്‍ വായിക്കുകയോ വലംകൈ കൊണ്ട് എഴുതുകയോ ചെയ്‌തിരുന്നില്ല. അങ്ങനെ ചെയ്‌തിരുന്നുവെങ്കില്‍ ഈ അസത്യവാദികള്‍ക്ക് സംശയിക്കാമായിരുന്നു.
പക്ഷെ ഈ ഖുര്‍ആന്‍ ജ്ഞാനം നല്‍കപ്പെട്ടിട്ടുള്ളവരുടെ ഹൃദയങ്ങളില്‍ തെളിഞ്ഞുകിടക്കുന്ന ലക്ഷ്യങ്ങളാണ്. നമ്മുടെ ലക്ഷ്യങ്ങളെ അക്രമികളല്ലാതെ നിഷേധിച്ചു കളയുന്നതല്ല.
സത്യനിഷേധികള്‍ ചോദിക്കുന്നു: `അദ്ദേഹത്തിന് തന്റെ രക്ഷിതാവിങ്കല്‍ നിന്ന് എന്തെങ്കിലും ദൃഷ്ടാന്തങ്ങള്‍ ഇറക്കപ്പെടാത്തതെന്താണ്?' താങ്കള്‍ പറയുക: ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. ഞാന്‍ വ്യക്തമായ ഒരു താക്കീതുകാരന്‍ മാത്രമാണ്.
അവര്‍ക്ക് ഓതിക്കേള്‍പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നിലയില്‍ ഈ ഗ്രന്ഥം നിശ്ചയമായും താങ്കള്‍ക്ക് നാം അവതരിപ്പിച്ചുതന്നിട്ടുള്ളത് അവര്‍ക്ക് ദൃഷ്ടാന്തമായി മതിയായിട്ടില്ലേ? സത്യത്തില്‍ വിശ്വസിക്കുന്ന ജനതക്ക് ഇതില്‍ വലിയ കാരുണ്യവും ഉപദേശവുമുണ്ട്, തീര്‍ച്ച.
താങ്കള്‍ പറയുക: എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു തന്നെ മതി. ആകാശഭൂമികളിലുള്ളതെല്ലാം അവന്‍ അറിയുന്നു. അസത്യത്തില്‍ വിശ്വസിക്കുകയും അല്ലാഹുവില്‍ അവിശ്വസിക്കുകയും ചെയ്യുന്നവര്‍ ആരോ അവര്‍ തന്നെയാണ് നഷ്ടപ്പെട്ടവര്‍.
അവര്‍ താങ്കളോട് ശിക്ഷക്ക് വേണ്ടി ധൃതികൂട്ടുകയാണ്. ഒരു നിശ്ചിത അവധി ഉണ്ടായിരുന്നില്ലെങ്കില്‍ ശിക്ഷ അവര്‍ക്ക് ഉടനെ വരുമായിരുന്നു. അവര്‍ ഓര്‍ക്കാത്ത നിലക്ക് ആ ശിക്ഷ അവര്‍ക്ക് പെട്ടെന്ന് വന്നെത്തുക തന്നെചെയ്യും.
അവര്‍ താങ്കളോട് ശിക്ഷക്ക് വേണ്ടി ധൃതികൂട്ടുന്നു. നിശ്ചയമായും നരകം സത്യനിഷേധികളെ വലയം ചെയ്യുന്നതാണ്.
അവരുടെ മുകള്‍ഭാഗത്തുകൂടിയും കാലുകളുടെ അടിയില്‍ കൂടിയും ശിക്ഷ അവരെ പൊതിയുന്ന ദിവസം! (അന്നാണ് അത് സംഭവിക്കുക.) `നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം നിങ്ങള്‍ ആസ്വദിക്കുക' എന്ന് അല്ലാഹു പറയുകയും ചെയ്യും.
സത്യവിശ്വാസികളായ എന്റെ അടിമകളേ, നിശ്ചയമായും എന്റെ ഭൂമി വിശാലമായതാണ്. അതുകൊണ്ട് (എവിടെ പോയാലും) നിങ്ങള്‍ എനിക്കുമാത്രം ഇബാദത്ത് ചെയ്യുക.
എല്ലാവരും മരണം ആസ്വദിക്കുന്നതാണ്. അനന്തരം നമ്മുടെ അടുത്തേക്ക് തന്നെയാണ് നിങ്ങള്‍ മടക്കപ്പെടുന്നത്.
സത്യത്തില്‍ വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്‌ഠിക്കുകയും ചെയ്‌തിട്ടുള്ളവരാകട്ടെ, അവരെ നാം സ്വര്‍ഗത്തില്‍ നിന്ന് താഴ്‌ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ചില ഉന്നത സൗധങ്ങളില്‍ താമസിപ്പിക്കുക തന്നെ ചെയ്യുന്നതാകുന്നു; അവരതില്‍ നിരന്തരവാസികളായികൊണ്ട്. പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്ര ഉല്‍കൃഷ്ടം!
അവര്‍ വിഷമങ്ങള്‍ സഹിക്കുകയും തങ്ങളുടെ രക്ഷിതാവിങ്കല്‍ എല്ലാം ഭരമേല്‍പിക്കുകയും ചെയ്‌തവരാകുന്നു.
എത്ര ജീവികളാണ് ലോകത്തുള്ളത്! തങ്ങളുടെ ആഹാരം അവ ചുമന്നുനടക്കുന്നില്ല. അവക്കും നിങ്ങള്‍ക്കും ആഹാരം നല്‍കുന്നത് അല്ലാഹുവാണ്. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
ആകാശഭൂമികളെ സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്‌പെടുത്തുകയും ചെയ്‌തവനാരെന്ന് താങ്കള്‍ അവരോട് (മുശ്‌രിക്കുകളോട്) ചോദിച്ചാല്‍ `അല്ലാഹുവാണ്' എന്ന് നിശ്ചയമായും അവര്‍ പറയും. എന്നാല്‍ പിന്നെ എങ്ങോട്ടാണവര്‍ (തൗഹീദിനെ വിട്ട്) തിരിക്കപ്പെടുന്നത്?
അല്ലാഹു തന്റെ അടിമകളില്‍ നിന്ന് ഉദ്ദേശിക്കുന്നവര്‍ക്ക് ആഹാരം വിശാലമാക്കിക്കൊടുക്കുന്നു; ഉദ്ദേശിക്കുന്നവര്‍ക്ക് കുടുസ്സാക്കുകയും ചെയ്യുന്നു. അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണ്, തീര്‍ച്ച.
ആകാശത്തുനിന്ന് മഴ വര്‍ഷിക്കുകയും എന്നിട്ട് അതുമൂലം ഭൂമിയെ-അത് നിര്‍ജീവമായി കിടന്ന ശേഷം-ജീവിപ്പിക്കുകയും ചെയ്‌തവനാരെന്ന് താങ്കള്‍ ചോദിച്ചാല്‍ `അല്ലാഹു തന്നെ' എന്ന് അവര്‍ പറയുക തന്നെ ചെയ്യും. താങ്കള്‍ പറയുക: `അല്ലാഹുവിനാണ് എല്ലാ സ്‌തുതിയും'. പക്ഷെ അവരില്‍ മിക്കപേരും ബുദ്ധികൊടുത്തു ചിന്തിക്കുന്നില്ല.
ഈ ഐഹികജീവിതം കളിയും വിനോദവും മാത്രമാണ്. നിശ്ചയമായും പരലോകജീവിതമാകട്ടെ അതാണ് യഥാര്‍ത്ഥവും ശാശ്വതവുമായ ജീവിതം. അവര്‍ അറിയുന്നവരായിരുന്നുവെങ്കില്‍ (ഈ ഐഹിക ജീവിതത്തിന് അമിതപ്രാധാന്യം നല്‍കുമായിരുന്നില്ല).
എന്നാല്‍ അവര്‍ (ബഹുദൈവ വിശ്വാസിള്‍) കപ്പലില്‍ കയറിയാല്‍ (എന്തെങ്കിലും വിപത്തു വന്നുഭവിക്കുന്നപക്ഷം) കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കിയവരായി അവനോട് പ്രാര്‍ത്ഥിക്കും. അങ്ങനെ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയാലോ, അവരതാ അവനോട് പങ്കുചേര്‍ക്കുന്നു.
അതുകൊണ്ട് ഉണ്ടായിത്തീരുന്നതാവട്ടെ നാം അവര്‍ക്കു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദികേട് കാണിക്കലും അവര്‍ ജീവിതസുഖം അനുഭവിക്കലുമാകുന്നു. അതിന്റെ ഫലം അവര്‍ പിന്നീട് അറിയുന്നതാണ്.
(മക്കാരാജ്യത്തെ) അവര്‍ക്കു നാം നിര്‍ഭയമായ ഒരു അലംഘ്യ സങ്കേതമാക്കികൊടുത്തിട്ടുള്ളത് അവരറിയുന്നില്ലേ? അവരുടെ ചുറ്റുപാടില്‍ നിന്ന് ജനങ്ങള്‍ റാഞ്ചിയെടുക്കപ്പെടുന്നു. എന്നിട്ടും അവര്‍ അസത്യത്തില്‍ വിശ്വസിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹത്തോട് നന്ദികേട് കാട്ടുകയും ചെയ്യുകയാണോ?
അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചുമത്തുകയോ തനിക്ക് സത്യം വന്നുകിട്ടിയപ്പോള്‍ അതിനെ വ്യാജമാക്കുകയോ ചെയ്‌തവനേക്കാള്‍ വലിയ അക്രമി ആരാണ്? സത്യനിഷേധികളുടെ വാസസ്ഥലം നരകത്തിലല്ലേ? (അതെ.)
നമ്മുടെ കാര്യത്തില്‍ സമരം ചെയ്യുന്നവരെ നമ്മുടെ മാര്‍ഗങ്ങളില്‍ നാം നയിക്കുക തന്നെ ചെയ്യും. നിശ്ചയമായും അല്ലാഹു നന്മചെയ്യുന്നവരുടെ കൂടെത്തന്നെയാണ്.