. ഥാ സീന്‍ മീം.
അൽ ഖസസ് القصص Al-Qasas
സൂറത്ത് അൽ ഖസസ് (Al-Qasas), ഖുർആൻ അധ്യായം 28 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 88 ആയത്തുകൾ വായിക്കുക. Read Surah Al-Qasas with Arabic text and മലയാളം translation.
ഇത് സ്‌പഷ്ടമായ വേദഗ്രന്ഥത്തിലെ വാക്യങ്ങളാണ്.
സത്യത്തില്‍ വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി മൂസാനബിയുടെയും ഫിര്‍ഔന്റെയും വൃത്താന്തത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ യഥാര്‍ത്ഥ നിലക്ക് താങ്കള്‍ക്ക് നാം ഓതിത്തരുന്നു.
നിശ്ചയമായും ഫിര്‍ഔന്‍ നാട്ടില്‍ അഹങ്കാരം പ്രവര്‍ത്തിക്കുകയും അവിടത്തെ ആളുകളെ പല വിഭാഗങ്ങളാക്കുകയും ചെയ്‌തു. എന്നിട്ട് അവരില്‍ ഒരു വിഭാഗത്തെ തങ്ങളുടെ ആണ്‍കുട്ടികളെ അറുകൊല ചെയ്‌കയും പെണ്‍കുട്ടികളെ ജീവനോടെ വിട്ടുകളയുകയും ചെയ്‌തുകൊണ്ട്-അവന്‍ ബലഹീനമാക്കി. നിശ്ചയമായും അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു.
നാട്ടില്‍ ബലഹീനരായി ഗണിക്കപ്പെടുന്നവര്‍ക്ക് ഔദാര്യം ചെയ്യണമെന്നും അവരെ നേതാക്കന്മാരും അനന്തരാവകാശികളും ആക്കണമെന്നും നാമുദ്ദേശിക്കുന്നു.
നാട്ടില്‍ അവര്‍ക്ക് സ്വാധീനം നല്‍കുവാനും ഫിര്‍ഔന്നും ഹാമാന്നും അവരുടെ സൈന്യങ്ങള്‍ക്കും, ആ ബലഹീനമായി ഗണിക്കപ്പെട്ടിരുന്ന ജനതയില്‍ നിന്ന് അവര്‍ ഭയപ്പെട്ടിരുന്നതെന്തോ അതവര്‍ക്ക് അനുഭവത്തില്‍ കാണിച്ചുകൊടുക്കുവാനും (നാമുദ്ദേശിക്കുന്നു).
മൂസാനബിയുടെ മാതാവിന് നാം തോന്നിപ്പിച്ചുകൊടുത്തു: കുട്ടിക്ക് നീ മുലകൊടുക്കുക. ഇനി, നിനക്കവനെക്കുറിച്ച് ഭയമുണ്ടായാല്‍ അവനെ (ഒരു പെട്ടിയിലാക്കി) നദിയില്‍ ഇട്ടേക്കുക; പേടിക്കുകയോ ദുഃഖിക്കുകയോ വേണ്ട. നിശ്ചയമായും അവനെ നാം നിന്നിലേക്ക് മടക്കിത്തരുന്നതും മുര്‍സലുകളില്‍ പെട്ടവനാക്കുന്നതുമാണ്.
എന്നിട്ട്, (അനന്തരഫലം) അവന്‍ തങ്ങള്‍ക്ക് ശത്രുവും വ്യസനകാരണവും ആയിത്തീരുക എന്ന(തായിരുന്നു. അ)തിനുവേണ്ടി ഫിര്‍ഔന്റെ ആള്‍ക്കാര്‍ അവനെ (നദിയില്‍ നിന്ന്) കണ്ടെടുത്തു. നിശ്ചയമായും ഫിര്‍ഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പിണഞ്ഞവരായിപ്പോയി.
ഫിര്‍ഔന്റെ ഭാര്യ പറഞ്ഞു: (ഈ കുട്ടി) എനിക്കും താങ്കള്‍ക്കും ഒരു കണ്‍കുളിര്‍മയായിരിക്കും. ഇവനെ നിങ്ങള്‍ കൊന്നുകളയരുത്. ഇവന്‍ നമുക്ക് ഉപകരിച്ചേക്കാം. അല്ലെങ്കില്‍ ഇവനെ നമുക്ക് ഒരു സന്താനമാക്കി വെക്കാം. അക്കൂട്ടര്‍ (യാഥാര്‍ത്ഥ്യം) അറിഞ്ഞിരുന്നില്ല.
മൂസാനബിയുടെ മാതാവിന്റെ ഹൃദയം (കുട്ടിയെകുറിച്ച ചിന്തയല്ലാത്ത മറ്റെല്ലാ വിഷയങ്ങളെ സംബന്ധിച്ചും) ശൂന്യമായിത്തീര്‍ന്നു. അവളുടെ ഹൃദയത്തെ നാം ഉറപ്പിച്ചു നിറുത്തിയിട്ടില്ലായിരുന്നുവെങ്കില്‍ നിശ്ചയമായും അവളത് (ആ രഹസ്യം) വെളിപ്പെടുത്തിക്കളയുമായിരുന്നു. അവള്‍ വിശ്വസിക്കുന്നവരില്‍ പെട്ടവളാകുവാന്‍ വേണ്ടിയാണ് (നാം അങ്ങനെ ചെയ്‌തത്).
അവന്റെ (മൂസാനബിയുടെ) സഹോദരിയോട് `നീ അവന്റെ പിന്നാലെ ചെന്ന് അന്വേഷിക്കുക' എന്നവര്‍ പറഞ്ഞു. അപ്പോഴവള്‍ കുട്ടിയെപറ്റി ദൂരെനിന്ന് കണ്ടുമനസ്സിലാക്കി. അക്കൂട്ടര(ാകട്ടെ അ)തറിഞ്ഞില്ല.
അതിനുമുമ്പ് മുലകൊടുക്കുന്ന സ്‌ത്രീകളെ നാം അവന്ന് നിരോധിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞു: നിങ്ങള്‍ക്ക് വേണ്ടി ഇവനെ ഏറ്റെടുക്കുന്ന ഒരു വീട്ടുകാരെക്കുറിച്ച് ഞാനറിയിച്ചുതരട്ടെയോ? അവര്‍ ഇവന്ന് ഗുണകാംക്ഷികളായിരിക്കുന്നതുമാണ്.
അങ്ങനെ അവന്റെ മാതാവിന്റെ കണ്‍കുളിര്‍ക്കുവാനും അവര്‍ വ്യസനിക്കാതിരിക്കുവാനും അല്ലാഹുവിന്റെ വാഗ്‌ദാനം സത്യംതന്നെയാണെന്ന് അറിയേണ്ടതിനും വേണ്ടി അവനെ നാം അവള്‍ക്ക് തിരിച്ചുകൊടുത്തു. പക്ഷെ, മനുഷ്യരില്‍ മിക്കപേരും അറിയാത്തവരാണ്.
മൂസാനബി യൗവനം പ്രാപിക്കുകയും (ബുദ്ധിപരമായ) പക്വതയെത്തുകയും ചെയ്‌തപ്പോള്‍ അദ്ദേഹത്തിനു നാം അധികാരവും അറിവും നല്‍കി. അപ്രകാരം സദ്‌വൃത്തര്‍ക്കു നാം പ്രതിഫലം നല്‍കുന്നതാണ്.
പട്ടണവാസികള്‍ അശ്രദ്ധയിലായിരുന്നൊരു ഘട്ടം മൂസാ അവിടെ പ്രവേശിച്ചു. അപ്പോള്‍ രണ്ടു പുരുഷന്മാര്‍ തമ്മില്‍ ശണ്‌ഠകൂടുന്നതായി അവിടെ അദ്ദേഹം കണ്ടു. ഒരാള്‍ തന്റെ കക്ഷിയില്‍ പെട്ടവനും മറ്റേയാള്‍ ശത്രപക്ഷത്തില്‍ പെട്ടവനുമാണ്. അപ്പോള്‍ തന്റെ പക്ഷക്കാരില്‍ പെട്ടവന്‍ ശത്രുപക്ഷത്തില്‍ പെട്ടവനെതിരില്‍ സഹായം തേടി. തല്‍സമയം മൂസാനബി അവനെ മുഷ്ടി ചുരുട്ടി ഒരു ഇടികൊടുത്തു. അങ്ങനെ അതവന്റെ കഥകഴിച്ചു. അദ്ദേഹം പറഞ്ഞു: ഇത് പിശാചിന്റെ പ്രവര്‍ത്തനത്തില്‍ പെട്ടതാണ്. നിശ്ചയമായും പിശാച് (മനുഷ്യരുടെ) ശത്രുവും വഴിപിഴപ്പിക്കുന്നവനുമാകുന്നു. അത് വ്യക്തവുമാണ്
അദ്ദേഹം പറഞ്ഞു: `എന്റെ രക്ഷിതാവേ, ഞാന്‍ എന്നോട് തന്നെ ദ്രോഹം ചെയ്‌തിരിക്കുന്നു. അതുകൊണ്ട് എനിക്ക് നീ പൊറുത്തുതരേണമേ!' അപ്പോള്‍ അല്ലാഹു അദ്ദേഹത്തിനു പൊറുത്തുകൊടുത്തു. നിശ്ചയമായും അവന്‍ വളരെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.
അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എനിക്ക് അനുഗ്രഹം ചെയ്‌തുതന്നിരിക്കകൊണ്ട് ഞാനൊരിക്കലും കുറ്റവാളികള്‍ക്ക് സഹായം ചെയ്യുന്നവനായിരിക്കുന്നതല്ല.
അങ്ങനെ അദ്ദേഹം ആ പട്ടണത്തില്‍ ഭയപ്പെട്ടവനും (ഭവിഷ്യത്തിനെ) വീക്ഷിക്കുന്നവനുമായി. അപ്പോഴതാ ഇന്നലെ അദ്ദേഹത്തോട് സഹായമര്‍ത്ഥിച്ചവന്‍ (വീണ്ടും) സഹായത്തിന് നിലവിളിക്കുന്നു. മൂസാനബി അവനോട് പറഞ്ഞു: നിശ്ചയമായും നീ വ്യക്തമായ ഒരു ദുര്‍മാര്‍ഗി തന്നെയാണ്.
എന്നിട്ടദ്ദേഹം അവരിരുവരുടെയും ശത്രുവായവനെ പിടിക്കുവാനുദ്ദേശിച്ചപ്പോള്‍ അവന്‍ (ഇസ്രാഈലീ) പറഞ്ഞു: മൂസാ, നീ ഇന്നലെ ഒരാളെ കൊന്നതുപോലെ (ഇന്നു) എന്നെയും കൊല്ലുവാന്‍ ഉദ്ദേശിക്കയാണോ? നീ നാട്ടില്‍ ഒരു സ്വേച്ഛാധികാരിയായിത്തീരുവാന്‍ മാത്രമാണുദ്ദേശിക്കുന്നത്. നന്മ ഉണ്ടാക്കുന്നവരുടെ കൂട്ടത്തിലാകുവാന്‍ നീ ഉദ്ദേശിക്കുന്നില്ല.
പട്ടണത്തിന്റെ അങ്ങേയറ്റത്തുനിന്ന് ഒരു പുരുഷന്‍ ഓടിവന്നു. അയാള്‍ പറഞ്ഞു: മൂസാ, താങ്കളുടെ കാര്യത്തില്‍ കൊല നടപ്പാക്കുവാനായി നേതാക്കള്‍ ആലോചിക്കുന്നുണ്ട്. അതുകൊണ്ട് (ഉടനെ) ഇവിടെനിന്നു പുറപ്പെട്ടുകൊള്ളണം. നിശ്ചയമായും ഞാന്‍ താങ്കളുടെ ഗുണകാംക്ഷികളില്‍ പെട്ടവനാണ്.
അപ്പോള്‍ അദ്ദേഹം ഭയപ്പെട്ടവനായും (ഭവിഷ്യത്തിനെ) വീക്ഷിക്കുന്നവനായും കൊണ്ട് അവിടെനിന്നു പുറപ്പെട്ടുപോയി-അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, അക്രമികളായ ജനതയില്‍ നിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ!
താന്‍ മദ്‌യന്റെ ഭാഗത്തേക്ക് തിരിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ് എനിക്ക് ശരിയായ മാര്‍ഗത്തിലേക്ക് വഴികാണിച്ചുതന്നേക്കാം.
മദ്‌യനിലെ വെള്ളത്തിങ്കല്‍ എത്തിയപ്പോള്‍ അദ്ദേഹം അതിന്റെ അടുത്ത് ഒരു കൂട്ടം ആളുകള്‍ തങ്ങളുടെ ആടുകള്‍ക്ക് വെള്ളം കൊടുക്കുന്നതായും അവര്‍ക്കിപ്പുറത്ത് രണ്ടുസ്‌ത്രീകള്‍ (തങ്ങളുടെ ആടുകളെ) തടഞ്ഞു നിറുത്തുന്നതായും കണ്ടു. അദ്ദേഹം ചോദിച്ചു: നിങ്ങളിരുവരുടെയും കാര്യമെന്താണ്? അവര്‍ പറഞ്ഞു: ഇടയന്മാര്‍ അവരുടെ ആടുകള്‍ക്ക് വെള്ളം കൊടുത്ത് തിരിച്ചുകൊണ്ടുപോകുന്നത് വരെ ഞങ്ങളുടെ ആടുകള്‍ക്ക് വെള്ളം കൊടുക്കുകയില്ല. ഞങ്ങളുടെ പിതാവ് വലിയ വൃദ്ധനാണ്.
അപ്പോള്‍ അദ്ദേഹം ആ രണ്ടു സ്‌ത്രീകള്‍ക്കുവേണ്ടി (അവരുടെ ആടുകള്‍ക്ക്) വെള്ളംകൊടുത്തു. അനന്തരം അദ്ദേഹം ഒരു (വൃക്ഷത്തിന്റെ) തണലിലേക്ക് മാറിനിന്നിട്ടിങ്ങനെ പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്ക് വല്ല നന്മയും നീ ഇറക്കിത്തരുന്നതിന് നിശ്ചയമായും ഞാന്‍ ആവശ്യക്കാരനാണേ!
അങ്ങനെ ആ രണ്ടു സ്‌ത്രീകളില്‍ ഒരുത്തി അദ്ദേഹത്തിന്റെ അടുത്ത് ലജ്ജയോടെ നടന്നുവന്നുകൊണ്ട് പറഞ്ഞു: `ഞങ്ങള്‍ക്കുവേണ്ടി താങ്കള്‍ (ആടുകള്‍ക്ക്) വെള്ളം കൊടുത്തതിന്റെ പ്രതിഫലം തരാന്‍ വേണ്ടി എന്റെ പിതാവ് വിളിക്കുന്നുണ്ട്.' അങ്ങനെ മൂസാ(അ) അദ്ദേഹത്തിന്റെ അടുക്കല്‍ ചെല്ലുകയും സംഭവം വിവരിച്ചു കൊടുക്കുകയും ചെയ്‌തപ്പോള്‍ അദ്ദേഹം പറഞ്ഞു: ഒട്ടും ഭയപ്പെടേണ്ട; അക്രമികളായ ജനതയില്‍ നിന്ന് താങ്കള്‍ രക്ഷപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
ആ രണ്ടു സ്‌ത്രീകളില്‍ ഒരുത്തി (പിതാവിനോട്) പറഞ്ഞു: എന്റെ പിതാവേ, അദ്ദേഹത്തെ (നമുക്ക്) ഒരു കൂലിക്കാരനായി നിശ്ചയിക്കുക. താങ്കള്‍ കൂലിക്ക് നിശ്ചയിക്കുന്നവരില്‍ വെച്ച് ഉത്തമന്‍ ശക്തനും വിശ്വസ്‌തനും തന്നെയാകുന്നു.
അദ്ദേഹം (പിതാവ്) പറഞ്ഞു: താങ്കള്‍ എട്ടുവര്‍ഷം എനിക്ക് കൂലിപ്പണി എടുക്കുമെന്ന നിശ്ചയത്തില്‍ എന്റെ ഈ രണ്ടുപെണ്‍മക്കളില്‍ ഒരുത്തിയെ താങ്കള്‍ക്ക് വിവാഹം ചെയ്‌തുതരുവാന്‍ ഞാനുദ്ദേശിക്കുന്നു. ഇനി പത്തുവര്‍ഷം പൂര്‍ത്തിയാക്കുകയാണെങ്കില്‍ അത് താങ്കളുടെ ഇഷ്ടം. താങ്കള്‍ക്ക് വിഷമമുണ്ടാക്കുവാന്‍ ഞാന്‍ വിചാരിക്കുന്നില്ല. അല്ലാഹു ഉദ്ദേശിച്ചാല്‍ നല്ലവരില്‍ പെട്ടവനായി എന്നെ താങ്കള്‍ കാണുന്നതാണ്.
മൂസാ(അ) പറഞ്ഞു: അത് എനിക്കും താങ്കള്‍ക്കുമിടയിലുള്ള തീരുമാനമാണ്. ആ രണ്ടവധിയില്‍ ഏതെങ്കിലുമൊന്ന് ഞാന്‍ നിറവേറ്റുന്ന പക്ഷം പിന്നെ എന്നോട് അനീതി പാടില്ല. നാം പറയുന്നതിന് അല്ലാഹു സാക്ഷിയാകുന്നു.
അങ്ങനെ മൂസാ(അ) കാലാവധി പൂര്‍ത്തിയാക്കുകയും തന്റെ വീട്ടുകാരുമായി (സ്വദേശത്തേക്ക്) യാത്ര പോകുകയും ചെയ്‌തപ്പോള്‍ ഥൂര്‍ (പര്‍വതത്തി)ന്റെ ഭാഗത്തുനിന്ന് ഒരു തീ കണ്ടു. (അപ്പോള്‍) അദ്ദേഹം തന്റെ വീട്ടുകാരോട് പറഞ്ഞു: നിങ്ങള്‍ ഇവിടെ നില്‍ക്കുക. ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു. അവിടെ നിന്ന് (വഴിയെ സംബന്ധിച്ച) വല്ല വിവരമോ നിങ്ങള്‍ക്ക് തീക്കായാനായി ഒരു തീക്കൊള്ളിയോ ഞാന്‍ കൊണ്ടുവന്നേക്കാം.
അങ്ങനെ അദ്ദേഹം അതിന്നടുത്തെത്തിയപ്പോള്‍ അനുഗൃഹീതമായ ആ സ്ഥലത്തുള്ള താഴ്‌വരയുടെ വലത്തുഭാഗത്തുനിന്ന്-അതായത് (അവിടെയുള്ള) ഒരു വൃക്ഷത്തില്‍ നിന്ന്-വിളിച്ചു പറയപ്പെട്ടു: ഹേ മൂസാ, നിശ്ചയമായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവാണ്!
താങ്കളുടെ വടി നിലത്തിടുക (എന്നും വിളിച്ചുപറയപ്പെട്ടു). അപ്പോള്‍ (അദ്ദേഹമതു നിലത്തിട്ടു. അന്നേരം) അതൊരു സര്‍പത്തെപോലെ പിടഞ്ഞു നടക്കുന്നതായി കണ്ടപ്പോള്‍ താന്‍ പിന്തിരിഞ്ഞോടി; പിന്നോട്ട് തിരിഞ്ഞു നോക്കിയതേ ഇല്ല. (അപ്പോള്‍ അല്ലാഹു പറഞ്ഞു:) ഹേ മൂസാ, ഇങ്ങോട്ട് വരിക. താങ്കള്‍ ഭയപ്പെടേണ്ട, നിശ്ചയമായും താങ്കള്‍ നിര്‍ഭയരില്‍ (സുരക്ഷിതരില്‍) പെട്ടവനാകുന്നു.
`താങ്കളുടെ കൈ കുപ്പായമാറില്‍ കടത്തു ക. എന്നാല്‍ യാതൊരു ദൂഷ്യവും കൂടാതെ തന്നെ അത് വെള്ളനിറമായി പുറത്തുവരും. ഭയത്തില്‍ നിന്ന് മോചനം നേടുവാനായി നിന്റെ കൈ ദേഹത്തോട് ചേര്‍ത്തുവെക്കുക യും ചെയ്‌തുകൊള്ളുക. അങ്ങനെ അതുരണ്ടും (വടിയും കൈയും) ഫിര്‍ഔന്റെയും അവന്റെ പ്രധാനികളുടെയും അടുത്തേക്ക് താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള രണ്ടു ദൃഷ്ടാന്തങ്ങളാകുന്നു. നിശ്ചയമായും അവര്‍ അക്രമികളായ ജനതയായിരിക്കുന്നു' (എന്നും അദ്ദേഹത്തോട് പറയപ്പെട്ടു).
അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, അവരില്‍ ഒരാളെ ഞാന്‍ കൊന്നിട്ടുണ്ട്. അതുകൊണ്ട് അവരെന്നെ വധിച്ചുകളയുമെന്നു ഞാന്‍ ഭയപ്പെടുന്നു.
`എന്റെ സഹോദരന്‍ ഹാറൂനാകട്ടെ എന്നേക്കാള്‍ സംസാര വൈഭവമുള്ളവനാണ്. അതിനാല്‍ അദ്ദേഹത്തെ എന്റെ സത്യാവസ്ഥ സ്ഥിരപ്പെടുത്തുന്ന ഒരു സഹായകനായി എന്നോടൊന്നിച്ച് റസൂലായി അയച്ചുതരേണമേ! നിശ്ചയമായും അവരെന്നെ നിഷേധിക്കുമെന്ന് എനിക്ക് ആശങ്കയുണ്ട്'.
അല്ലാഹു പറഞ്ഞു: സ്വസഹോദരനെക്കൊണ്ട് നിന്റെ കൈക്ക് നാം ബലംകൂട്ടിത്തരാം. നിങ്ങളിരുവര്‍ക്കും നാം വിജയശക്തി നല്‍കുകയും ചെയ്യാം. അതിനാല്‍ അവര്‍ നിങ്ങളിലേക്ക് എത്തിച്ചേരുകയില്ല. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ മുഖേന നിങ്ങള്‍ രണ്ടുപേരും നിങ്ങളെ അനുകരിച്ചവരും വിജയിക്കുന്നവര്‍ തന്നെയാണ്.
അങ്ങനെ മൂസാ(അ), പ്രത്യക്ഷ തെളിവുകളായ നിലയില്‍ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി അവരുടെ അടുക്കല്‍ ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: `ഇത് വ്യാജനിര്‍മിതമായ ഒരു ജാലവിദ്യ മാത്രമാണ്. പൂര്‍വപിതാക്കളില്‍ ഞങ്ങള്‍ ഇതിനെ സംബന്ധിച്ച് കേട്ടിട്ടുമില്ല.'
മൂസാനബി പറഞ്ഞു: എന്റെ രക്ഷിതാവ്, തന്റെ പക്കല്‍ നിന്ന് സന്മാര്‍ഗം കൊണ്ടുവന്നവന്‍ ആരാണെന്നും (ഇഹലോകമാകുന്ന) ഈ ഭവന(ജീവിതത്തി)ന്റെ ശുഭപര്യവസാനം ആര്‍ക്കാണുണ്ടാവുക എന്നും നല്ലവണ്ണം അറിയുന്നവനാണ്. അക്രമികള്‍ ഒരിക്കലും വിജയിക്കുകയില്ലതന്നെ.
ഫിര്‍ഔന്‍ പറഞ്ഞു: നേതാക്കളേ, ഞാനല്ലാതെ യാതൊരു ഇലാഹും നിങ്ങള്‍ക്കുള്ളതായി ഞാന്‍ അറിഞ്ഞിട്ടില്ല അതിനാല്‍, ഓ ഹാമാന്‍, എനിക്കു നീ കളിമണ്ണി(ന്റെ ഇഷ്ടികയുണ്ടാക്കി അതി)ന്മേല്‍ തീ കത്തിക്കുക. എന്നിട്ട് നീ ഉയര്‍ന്ന ഒരു സൗധം എനിക്കു നിര്‍മിച്ചുതരൂ. മൂസായുടെ ഇലാഹിങ്കലേക്ക് എനിക്കൊന്ന് എത്തിനോക്കാമല്ലോ. (മറ്റൊരു ഇലാഹുണ്ടെന്ന വാദത്തില്‍) നിശ്ചയമായും അവന്‍ വ്യാജം പറയുന്നവരില്‍ പെട്ടവനാണെന്നാണ് ഞാന്‍ ധരിക്കുന്നത്
അവനും അവന്റെ സൈന്യങ്ങളും അന്യായമായി അഹങ്കരിച്ചു. നമ്മുടെ അടുത്തേക്ക് മടക്കപ്പെടുകയില്ലെന്ന് അവര്‍ ധരിക്കുകയും ചെയ്‌തു.
അതുകൊണ്ട് അവനെയും സൈന്യങ്ങളെയും നാം പിടികൂടി. എന്നിട്ട് അവരെ നാം സമുദ്രത്തില്‍ എറിഞ്ഞുകളഞ്ഞു. അപ്പോള്‍ ആ അക്രമികളുടെ പര്യവസാനം എങ്ങനെയാണുണ്ടായതെന്ന് നോക്കുക!
അവരെ നാം നരകത്തിലേക്ക് ക്ഷണിക്കുന്ന നേതാക്കളാക്കി. പുനരുത്ഥാന ദിവസം അവര്‍ക്ക് സഹായം നല്‍കപ്പെടുന്നതല്ല.
ഈ ലോകത്തുവെച്ച് അവരുടെ പിന്നാലെ നാം ശാപം തുടര്‍ത്തുകയുമുണ്ടായി. പുനരുത്ഥാന ദിവസം അവര്‍ (നമ്മുടെ കാരുണ്യത്തില്‍ നിന്ന്) അകറ്റപ്പെട്ടവരുടെ കൂട്ടത്തിലുമായിരിക്കും.
പൂര്‍വ തലമുറകളെ നശിപ്പിച്ച ശേഷം, ജനങ്ങള്‍ക്ക് ഉള്‍ക്കാഴ്‌ചയും മാര്‍ഗദര്‍ശനവും കാരുണ്യവുമായി നാം മൂസാനബിക്ക് വേദഗ്രന്ഥം നല്‍കുക തന്നെചെയ്‌തു. (അങ്ങനെ കൊടുത്തത്) അവര്‍ ചിന്തിക്കുവാന്‍ വേണ്ടിയായിരുന്നു.
(നബിയേ,) മൂസാനബിക്ക് നാം (രിസാലത്ത് സംബന്ധിച്ച) ആ കാര്യം അറിയിച്ചുകൊടുത്തപ്പോള്‍ (ഥൂര്‍ പര്‍വതത്തിന്റെ) പടിഞ്ഞാറു വശത്ത് താങ്കളുണ്ടായിരുന്നില്ല. അതിന്റെ സാക്ഷികളില്‍ പെട്ട ആളുമായിരുന്നില്ല താങ്കള്‍.
പക്ഷെ, നാം പിന്നീട് പല തലമുറകളെയും സൃഷ്ടിക്കുകയും അങ്ങനെ അവരുടെ ആയുഷ്‌കാലം ദീര്‍ഘിക്കുകയും ചെയ്‌തു. മദ്‌യന്‍കാര്‍ക്ക് നമ്മുടെ ലക്ഷ്യങ്ങള്‍ ഓതിക്കേള്‍പിച്ചുകൊണ്ട് താങ്കള്‍ അവരില്‍ താമസിക്കുന്ന ആളുമായിട്ടില്ല. പക്ഷെ നാം പ്രവാചകന്മാരെ നിയോഗിച്ചയക്കുന്നവരായിട്ടുണ്ട്.
ഥൂര്‍ പര്‍വതത്തിന്റെ പാര്‍ശ്വത്തില്‍, മൂസായെ നാം വിളിച്ചപ്പോഴും താങ്കളുണ്ടായിരുന്നില്ല. പക്ഷെ, താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വമ്പിച്ച അനുഗ്രഹം മൂലം (ഇതെല്ലാം താങ്കള്‍ക്ക് അറിയിച്ചുതന്നു താങ്കളെ റസൂലാക്കി അയച്ചതാണ്). മുമ്പ് ഒരു താക്കീതുകാരനും ചെന്നിട്ടില്ലാത്ത ഒരു ജനതയെ താങ്കള്‍ താക്കീതുചെയ്യാന്‍ വേണ്ടിയാണത്. അവര്‍ ഉറ്റാലോചിക്കുവാനായിട്ടാണ് (അവരെ താക്കീതു ചെയ്യുന്നത്).
തങ്ങള്‍ മുമ്പുചെയ്‌ത തെറ്റുകളുടെ ഫലമായി അവര്‍ക്കു വല്ല ശിക്ഷയും ബാധിക്കുകയും അപ്പോള്‍ `ഞങ്ങളുടെ രക്ഷിതാവേ, എന്തുകൊണ്ട് നീ ഞങ്ങള്‍ക്കൊരു റസൂലിനെ അയച്ചു തന്നില്ല; എങ്കില്‍ ഞങ്ങള്‍ നിന്റെ ലക്ഷ്യങ്ങളെ പിന്‍പറ്റുകയും സത്യവിശ്വാസികളില്‍ പെട്ടവരാകുകയും ചെയ്യുമായിരുന്നല്ലോ' എന്നവര്‍ പറഞ്ഞേക്കുകയും ചെയ്യുകയില്ലായിരുന്നുവെങ്കില്‍ (താങ്കളെ നാം അവരിലേക്ക് അയക്കുമായിരുന്നില്ല).
അങ്ങനെ നമ്മുടെ അടുത്തുനിന്ന് സത്യം വന്നുകിട്ടിയപ്പോള്‍ അവര്‍ പറയുകയാണ്: `മൂസാക്ക് നല്‍കപ്പെട്ടതുപോലെയുള്ളത് (ദൃഷ്ടാന്തം) ഇയാള്‍ക്ക് നല്‍കപ്പെടാത്തതെന്താണ്?' ഇതിനുമുമ്പ് മൂസാക്ക് നല്‍കപ്പെട്ടതിനെ അവര്‍ നിഷേധിച്ചില്ലേ? അവര്‍ പറഞ്ഞു: ഇതുരണ്ടും (തൗറാത്തും ഖുര്‍ആനും) പരസ്‌പരം പിന്തുണ നല്‍കുന്ന രണ്ടു ജാലവിദ്യകളാണ്. നിശ്ചയമായും ഞങ്ങള്‍ ഇതെല്ലാം നിഷേധിക്കുന്നവരാണ് എന്നും അവര്‍ പ്രഖ്യാപിച്ചു.
(നബിയേ,) പറയുക: എന്നാല്‍ അവ രണ്ടിനേക്കാള്‍ മാര്‍ഗദര്‍ശനം നല്‍കുന്ന, അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു വേദഗ്രന്ഥം നിങ്ങള്‍ കൊണ്ടുവരൂ. ഞാനത് പിന്‍പറ്റിക്കൊള്ളാമല്ലോ. നിങ്ങള്‍ സത്യവാദികളാണെങ്കില്‍ (അതൊന്നു കാണട്ടെ).
എന്നിട്ട് അവര്‍ അതിന് താങ്കള്‍ക്കുത്തരം നല്‍കുന്നില്ലെങ്കില്‍ നിശ്ചയമായും അവര്‍ തങ്ങളുടെ ദേഹേച്ഛകളെ മാത്രം പിന്‍പറ്റുകയാണ് ചെയ്യുന്നതെന്ന് അറിഞ്ഞുകൊള്ളുക. അല്ലാഹുവിങ്കല്‍ നിന്ന് യാതൊരു മാര്‍ഗദര്‍ശനവും കൂടാതെ തന്റെ ദേഹേച്ഛയെ പിന്‍പറ്റുന്നവനേക്കാള്‍ പിഴച്ചവന്‍ ആരാണ്? നിശ്ചയമായും അക്രമികളായ ജനതയെ അല്ലാഹു നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കുകയില്ല.
നാം അവര്‍ക്ക് (മക്കക്കാര്‍ക്ക്) ഈ വചനത്തെ (ഖുര്‍ആനെ ഒന്നിനുശേഷം മറ്റൊന്നായി) ചേര്‍ത്തുവിവരിച്ചു കൊടുക്കുകതന്നെ ചെയ്‌തിരിക്കുന്നു. അവര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി.
ഈ ഖുര്‍ആന്റെ മുമ്പ് നാം വേദം നല്‍കിയവര്‍ തന്നെ ഇതില്‍ വിശ്വസിക്കുന്നവരാണ്.
ഇത് അവര്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെടുമ്പോള്‍ അവര്‍ പറയും: ഇതില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം തന്നെയാണിത്. നിശ്ചയമായും ഞങ്ങള്‍ ഇതിനുമുമ്പ് തന്നെ മുസ്‌ലിംകളായി (അല്ലാഹുവിനെ അനുസരിക്കുന്നവരായി) കഴിഞ്ഞവരാണ്.
അവര്‍ക്ക് -ക്ഷമിച്ച കാരണം കൊണ്ട്- തങ്ങളുടെ പ്രതിഫലം ഇരട്ടിയായി നല്‍കപ്പെടും. അവര്‍ നന്മകൊണ്ട് തിന്മയെ തടയുകയും നാം കൊടുത്തതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നു.
അവര്‍ അനാവശ്യമായ വാക്കുകള്‍ കേട്ടാല്‍ അതില്‍ നിന്ന് തിരിഞ്ഞുകളയുകയും ഇങ്ങനെ പറയുകയും ചെയ്യും: ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മങ്ങള്‍. നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങള്‍. നിങ്ങള്‍ക്ക് സലാം. മൂഢന്മാരുടെ മാര്‍ഗം ഞങ്ങളാഗ്രഹിക്കുന്നില്ല.
(നബിയേ,) താങ്കള്‍ ഇഷ്ടപ്പെടുന്നവരെ താങ്കള്‍ നേര്‍മാര്‍ഗത്തിലാക്കുകയില്ല. പക്ഷെ താന്‍ ഉദ്ദേശിച്ചവരെ അല്ലാഹു നേര്‍മാര്‍ഗത്തിലാക്കുന്നു. സന്മാര്‍ഗം പ്രാപിക്കുന്നവരെ പറ്റി അവന്‍ ഏറ്റവും അറിയുന്നവനാണ്.
അവര്‍ പറയുന്നു: `(മുഹമ്മദേ,) സന്മാര്‍ഗം അനുകരിക്കുന്നതില്‍ നിങ്ങളോട് സഹകരിച്ചാല്‍ നാട്ടില്‍ നിന്ന് ഞങ്ങള്‍ ബഹിഷ്‌കരിക്കപ്പെടുന്നതാണ്.' (അല്ലാഹു ചോദിക്കുന്നു:) നാം അവര്‍ക്ക് നിര്‍ഭയമായ `ഹറം' (ആദരണീയമായ പവിത്ര സ്ഥലം) സൗകര്യപ്പെടുത്തിക്കൊടുത്തിട്ടില്ലേ? നമ്മുടെ പക്കല്‍ നിന്നുള്ള ആഹാരമായി എല്ലാ വസ്‌തുക്കളുടെയും ഫലങ്ങള്‍ അവിടേക്ക് ശേഖരിച്ചുകൊണ്ടുവരപ്പെടുന്നു. പക്ഷെ, അധികമാളുകളും (സത്യം) അറിയുന്നില്ല.
തങ്ങള്‍ക്ക് ലഭിച്ച ജീവിതത്തില്‍ അഹങ്കരിച്ച എത്ര പട്ടണവാസികളെയാണ് നാം നശിപ്പിച്ചത്! എന്നിട്ടതാ അവരുടെ വാസസ്ഥലങ്ങള്‍. അവര്‍ക്ക് ശേഷം അപൂര്‍വമായിട്ടല്ലാതെ അവിടെ ജനവാസമുണ്ടായിട്ടില്ല. നാം തന്നെയാണവക്ക് അവകാശികളായത്.
താങ്കളുടെ രക്ഷിതാവ്, നാടുകളുടെ കേന്ദ്രത്തില്‍, അവര്‍ക്ക് നമ്മുടെ ലക്ഷ്യങ്ങള്‍ ഓതിക്കേള്‍പിക്കുന്ന ഒരു റസൂലിനെ നിയോഗിക്കുന്നതുവരെ ആ നാടുകളെ നശിപ്പിക്കുന്നവനായിട്ടില്ല. നാട്ടുകാര്‍ അക്രമികളായിത്തീരുമ്പോഴല്ലാതെ അവരെ നാം സംഹരിക്കുന്നവരായിട്ടില്ല.
സുഖസൗകര്യങ്ങളായി നിങ്ങള്‍ക്ക് വല്ലതും നല്‍കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഐഹിക ജീവിതത്തിന്റെ സുഖഭോഗങ്ങളും അതിന്റെ അലങ്കാരങ്ങളുമാകുന്നു. അല്ലാഹുവിങ്കലുള്ളത് ഉത്തമവും അനശ്വരവുമാണ്. നിങ്ങള്‍ ചിന്തിക്കുന്നില്ലേ?
അപ്പോള്‍ ഏതൊരുത്തന്ന് നാം ഒരു നല്ലവാഗ്‌ദാനം ചെയ്യുകയും എന്നിട്ട് അതവന്ന് ലഭിക്കുകയും ചെയ്യുന്നുവോ അവന്‍, ഐഹിക ജീവിതത്തിന്റെ സുഖഭോഗങ്ങള്‍ നാമനുഭവിപ്പിക്കുകയും അനന്തരം പുനരുത്ഥാനദിവസം (നരകശിക്ഷക്ക്) ഹാജറാക്കപ്പെടുന്നവരിലുള്‍പെടുകയും ചെയ്യുന്നവനെപ്പോലെയാണോ?
അല്ലാഹു അവരെ വിളിക്കുകയും എന്നിട്ട് `നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരുന്ന എന്റെ പങ്കാളികള്‍ എവിടെ?' എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം (ഓര്‍ക്കുക).
അന്ന് ആരുടെമേല്‍ (ശിക്ഷയുടെ) വാക്ക് സ്ഥിരപ്പെട്ടിരിക്കുന്നുവോ അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ വഴിപിഴപ്പിച്ചവര്‍ ഇക്കൂട്ടരാണ്. ഞങ്ങള്‍ വഴിപിഴച്ചപോലെ ഇവരെ ഞങ്ങള്‍ വഴിപിഴപ്പിച്ചു. ഞങ്ങളിതാ നിങ്കലേക്ക് അവരെ സംബന്ധിച്ച ഉത്തരവാദിത്തം ഒഴിഞ്ഞുതന്നിരിക്കുന്നു. അവര്‍ ഞങ്ങളെ ആരാധിക്കുന്നവരായിരുന്നില്ല.
`നിങ്ങളുടെ പങ്കാളികളെ വിളിക്കുക' എന്ന് അവരോട് പറയപ്പെടും. അപ്പോഴവര്‍ അവരെ വിളിച്ചുനോക്കുന്നതാണ്. അന്നേരമവര്‍ ഉത്തരം നല്‍കുന്നതല്ല. അവര്‍ ശിക്ഷ കാണുകയും ചെയ്യും. `തങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു' (എന്നവര്‍ അപ്പോള്‍ കൊതിക്കുന്നതാണ്).
അല്ലാഹു അവരെ വിളിക്കുകയും എന്നിട്ട് `മുര്‍സലുകള്‍ക്ക് നിങ്ങള്‍ എന്താണ് മറുപടി കൊടുത്തത്' എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം (ഓര്‍ക്കുക).
അന്ന് (മറുപടി) വാര്‍ത്തകള്‍ അവര്‍ക്ക് അന്ധമായിപ്പോകും. തന്നിമിത്തം അവര്‍ പരസ്‌പരം ഒന്നും ചോദിച്ചറിയുകയില്ല.
എന്നാല്‍ വല്ലവനും പശ്ചാത്തപിച്ചു മടങ്ങുകയും സത്യവിശ്വാസം കൈകൊള്ളുകയും സല്‍കര്‍മം അനുഷ്‌ഠിക്കുകയും ചെയ്‌താല്‍ അവന്‍ വിജയികളില്‍ പെട്ടവനായേക്കുന്നതാണ്.
താങ്കളുടെ രക്ഷിതാവ് താനുദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും താനുദ്ദേശിക്കുന്നത് തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവര്‍ക്ക് തെരഞ്ഞെടുക്കുവാന്‍ അവകാശമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അല്ലാഹു പരിശുദ്ധനും ഉന്നതനുമാണ്.
താങ്കളുടെ രക്ഷിതാവ് അവരുടെ ഹൃദയങ്ങള്‍ മറച്ചുവെക്കുന്നതും അവര്‍ വെളിപ്പെടുത്തുന്നതും അറിയുന്നു.
അവന്‍ അല്ലാഹുവാണ്. അവനല്ലാതെ ഒരു ഇലാഹുമില്ല. ഇഹത്തിലും പരത്തിലും എല്ലാ സ്‌തുതിയും അവനാകുന്നു. അവന് തന്നെയാണ് ആജ്ഞാധികാരവും. അവങ്കലേക്കുതന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.
(നബിയേ, അവരോട്) താങ്കള്‍ പറയുക: ഖിയാമത്ത്‌നാള്‍ വരെ എല്ലാസമയവും അല്ലാഹു നിങ്ങളുടെമേല്‍ രാത്രിയെ നിലനിറുത്തിയിരുന്നുവെങ്കില്‍ അവനല്ലാതെ ഏതൊരു ഇലാഹാണ് നിങ്ങള്‍ക്ക് വെളിച്ചം കൊണ്ടുവന്നുതരുന്നതെന്ന് നിങ്ങളൊന്നു പറഞ്ഞുതരൂ. എന്നിട്ടും നിങ്ങളിത് കേട്ടുമനസ്സിലാക്കുന്നില്ലേ?
താങ്കള്‍ പറയുക: ഖിയാമത്ത്‌നാള്‍ വരെ എല്ലാസമയവും അല്ലാഹു നിങ്ങളുടെമേല്‍ പകല്‍ തന്നെ നിലനിറുത്തിയിരുന്നുവെങ്കില്‍ അവനല്ലാതെ ഏതൊരു ഇലാഹാണ് നിങ്ങള്‍ക്ക് അടങ്ങിയിരിക്കുവാനുള്ള രാവ് കൊണ്ടുവരുന്നതെന്ന് എനിക്കൊന്നു പറഞ്ഞുതരൂ. എന്നിരിക്കെ നിങ്ങളിത് കണ്ടറിയുന്നില്ലേ?
അവന്റെ (അല്ലാഹുവിന്റെ) കാരുണ്യം കൊണ്ട് നിങ്ങള്‍ക്കവന്‍ രാവും പകലും സൃഷ്ടിച്ചുതന്നു. നിങ്ങള്‍ക്കതില്‍ (രാത്രിയില്‍) അടങ്ങിയിരിക്കുവാനും (പകലില്‍) അവന്റെ അനുഗ്രഹത്തില്‍ നിന്ന് (ജീവിതമാര്‍ഗം) അന്വേഷിച്ചുണ്ടാക്കുവാനും നിങ്ങള്‍ നന്ദികാണിക്കുവാനും.
അല്ലാഹു അവരെ വിളിക്കുകയും എന്നിട്ട് `നിങ്ങള്‍ ജല്‍പിച്ചു കൊണ്ടിരിക്കുന്നതായ എന്റെ പങ്കുകാര്‍ എവിടെ?' എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം (ഓര്‍ക്കുക).
എല്ലാ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം പുറത്തുകൊണ്ടുവരും. എന്നിട്ട് `നിങ്ങളുടെ തെളിവ് കൊണ്ടുവരിക' എന്ന് (സത്യനിഷേധികളോട്) നാം പറയും. അന്നേരം, നിശ്ചയമായും (ഇലാഹായിരിക്കുവാനുള്ള) അവകാശം അല്ലാഹുവിനാണെന്ന് അവരറിയും. അവര്‍ കെട്ടിച്ചമച്ചുകൊണ്ടിരുന്നതെല്ലാം അവരെയും വിട്ട് മറഞ്ഞുപോകുന്നതാണ്.
ഖാറൂന്‍ മൂസാനബിയുടെ ജനതയില്‍പെട്ടവന്‍ തന്നെയായിരുന്നു. എന്നിട്ടവരോടവന്‍ ധിക്കാരം പ്രവര്‍ത്തിച്ചു. അവന് നാം ധാരാളം ധനനിക്ഷേപങ്ങള്‍ നല്‍കി. അതിന്റെ താക്കോലുകള്‍തന്നെ ശക്തരായ ഒരു സംഘം ആളുകള്‍ക്ക് ഭാരം നല്‍കുന്നതായിരുന്നു. തന്റെ ജനത അവനോട് പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക: `നീ പുളകം കൊള്ളേണ്ടാ. നിശ്ചയമായും പുളകം കൊള്ളുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.
അല്ലാഹു നിനക്ക് നല്‍കിയ കഴിവില്‍ നീ പരലോക ഗുണം തേടിക്കൊള്ളുക. ഇഹലോകത്തുനിന്നുള്ള നിന്റെ ഓഹരി വിസ്‌മരിക്കുകയും വേണ്ടാ. അല്ലാഹു നിനക്ക് നന്മചെയ്‌തതുപോലെ നീയും (മറ്റുള്ളവരോട്) നന്മചെയ്യുക; നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ തുനിയരുത്. നിശ്ചയമായും കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല'.
അവന്‍ പറഞ്ഞു: `എന്റെ പക്കലുള്ള അറിവിന്റെ ഫലമായിട്ട്‌തന്നെയാണ് എനിക്കിതെല്ലാം നല്‍കപ്പെട്ടിരിക്കുന്നത്'. നിശ്ചയമായും അവന്റെ മുമ്പ് അവനേക്കാള്‍ കടുത്ത ശക്തിയും കൂടുതല്‍ സംഘബലവുമുള്ളവരായിരുന്ന തലമുറകളെ അല്ലാഹു നശിപ്പിച്ചുകളഞ്ഞത് അവന്‍ അറിഞ്ഞിട്ടില്ലേ? കുറ്റവാളികളോട് തങ്ങളുടെ കുറ്റത്തെക്കുറിച്ച് ചോദിക്കപ്പെടുകയില്ല.
അങ്ങനെ (ഒരിക്കല്‍) അവന്‍ തന്റെ ആഡം ബരത്തിലായി സ്വജനതയിലേക്ക് പുറപ്പെട്ടു. (ഇതുകണ്ടപ്പോള്‍) ഐഹിക ജീവിതമുദ്ദേശിക്കുന്നവര്‍ പറഞ്ഞു: ഹാ, ഖാറൂന് നല്‍കപ്പെട്ടതുപോലെയുള്ളത് നമുക്കും ലഭിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ! നിശ്ചയമായും അവന്‍ വലിയ ഭാഗ്യവാന്‍ തന്നെയാണ്.
അറിവു നല്‍കപ്പെട്ടവര്‍ പറഞ്ഞു: (അങ്ങനെ പറയരുത്.) നിങ്ങള്‍ക്ക് നാശം. സത്യത്തില്‍ വിശ്വസിക്കുകയും സല്‍കര്‍മം അനുഷ്‌ഠിക്കുകയും ചെയ്‌തവര്‍ക്ക് അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലമാണ് ഉത്തമം. ക്ഷമാശീലന്മാര്‍ക്കല്ലാതെ അത് നല്‍കപ്പെടുന്നതല്ല.
അങ്ങനെ അവനെയും അവന്റെ ഭവനവും നാം ഭൂമിയില്‍ ആഴ്‌ത്തിക്കളഞ്ഞു. അപ്പോള്‍ അല്ലാഹുവിനെക്കൂടാതെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവന്നുണ്ടായില്ല. അവന്‍ സ്വയം രക്ഷനേടുന്നവരില്‍ പെട്ടവനായതുമില്ല.
ഇന്നലെ അവന്റെ സ്ഥാനമാഗ്രഹിച്ചിരുന്നവര്‍ ഇന്നുരാവിലെ പറയുകയായി: അഹോ, അല്ലാഹു അവന്റെ അടിമകളില്‍ നിന്ന് താനുദ്ദേശിക്കുന്നവര്‍ക്ക് ഭക്ഷണം വിശാലമാക്കി കൊടുക്കുകയും (ഉദ്ദേശിക്കുന്ന മറ്റുചിലര്‍ക്ക്) അത് കുടുസ്സാക്കുകയും ചെയ്യുന്നതാണെന്ന് തോന്നുന്നു. അല്ലാഹു നമ്മോട് ഔദാര്യം കാണിച്ചിരുന്നില്ലെങ്കില്‍ നമ്മെയും ഭൂമിയില്‍ ആഴ്‌ത്തിക്കളഞ്ഞേനെ. കഷ്ടം, സത്യനിഷേധികള്‍ ജയിക്കുകയില്ലെന്നുതന്നെ തോന്നുന്നു.
ആ പരലോക ഭവനം ഭൂമിയില്‍ മേന്മയോ കുഴപ്പമോ ഉദ്ദേശിക്കാത്തവര്‍ക്ക് നാം സൗകര്യപ്പെടുത്തിക്കൊടുക്കുന്നതാണ്. അവസാന വിജയം ദോഷബാധയെ സൂക്ഷിക്കുന്നവര്‍ക്കാകുന്നു.
ആരെങ്കിലും നന്മ പ്രവര്‍ത്തിച്ചാല്‍ അവന് അതിനേക്കാള്‍ ഉത്തമമായ പ്രതിഫലമുണ്ട്. ആരെങ്കിലും തിന്മചെയ്യുകയാണെങ്കില്‍, തിന്മകള്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അവന്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലമല്ലാതെ നല്‍കപ്പെടുന്നതല്ല.
നിശ്ചയമായും താങ്കളുടെ മേല്‍ ഖുര്‍ആന്‍ (ഓതല്‍, ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കല്‍ മുതലായവ) നിര്‍ബന്ധമാക്കിയവന്‍ താങ്കളെ മടങ്ങുംസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടു വരുന്നവനാണ്. താങ്കള്‍ പറയുക: സന്മാര്‍ഗം കൊണ്ടുവന്നിട്ടുള്ളത് ആരാണെന്നും വ്യക്തമായ ദുര്‍മാര്‍ഗത്തിലുള്ളവന്‍ ആരാണെന്നും എന്റെ രക്ഷിതാവ് നന്നായി അറിയുന്നവനാകുന്നു.
(നബിയേ,) താങ്കള്‍ക്ക് വേദഗ്രന്ഥം നല്‍കപ്പെടുമെന്ന് താങ്കള്‍ ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല. പക്ഷെ താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യമായിട്ടുമാത്രമാണ് (അത് ലഭിച്ചത്). അതുകൊണ്ട് താങ്കളൊരിക്കലും സത്യനിഷേധികള്‍ക്ക് സഹായിയാവരുത്.
അല്ലാഹുവിന്റെ ആയത്തുകള്‍ അവതരിച്ചു കിട്ടിയ ശേഷം അവയില്‍ നിന്ന് താങ്കളെ അവര്‍ (സത്യനിഷേധികള്‍) തടഞ്ഞുനിറുത്തരുത്. താങ്കളുടെ രക്ഷിതാവിങ്കലേക്ക് താങ്കള്‍ ജനങ്ങളെ ക്ഷണിക്കുക. നിശ്ചയമായും ബഹുദൈവവിശ്വാസികളില്‍ താങ്കള്‍ പെട്ടുപോകരുത്.
അല്ലാഹുവിനോടുകൂടെ മറ്റൊരു ഇലാഹിന് താങ്കള്‍ ഇബാദത്ത് ചെയ്യരുത്. അവനല്ലാതെ ഒരു ഇലാഹുമില്ല. അവനല്ലാത്ത എല്ലാ വസ്‌തുക്കളും നാശമടയുന്നതാണ്. അവനാണ് നിയമാധികാരം. അവങ്കലേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുന്നതാണ്.