ഥാ സീന്‍ ഇവ ഖുര്‍ആനില്‍ നിന്നും വ്യക്തമായ വേദഗ്രന്ഥത്തില്‍ നിന്നുമുള്ള വാക്യങ്ങളാണ്.
അന്നംൽ النمل An-Naml
സൂറത്ത് അന്നംൽ (An-Naml), ഖുർആൻ അധ്യായം 27 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 93 ആയത്തുകൾ വായിക്കുക. Read Surah An-Naml with Arabic text and മലയാളം translation.
സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും സന്തോഷവാര്‍ത്തയുമാകുന്നു ഇവ.
നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്യുന്ന അവര്‍ പരലോകത്തെക്കുറിച്ച് ദൃഢമായി വിശ്വസിക്കുന്നവരുമാണ്.
നിശ്ചയമായും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍, തങ്ങളുടെ പ്രവൃത്തികള്‍ അവര്‍ക്കു നാം ഭംഗിയാക്കി കാണിച്ചുകൊടുത്തിരിക്കുന്നു. അതിനാല്‍ അവരതില്‍ അന്ധതയോടെ വിഹരിക്കുകയാണ്.
അവര്‍ക്ക് (ഇഹലോകത്ത്) കഠിന ശിക്ഷയുണ്ട്. പരലോകത്ത് ഏറ്റവും നഷ്ടം വന്നവരും അവര്‍ തന്നെയാണ്.
നിശ്ചയമായും മഹാതന്ത്രശാലിയും സര്‍വജ്ഞനുമായ അല്ലാഹുവിങ്കല്‍ നിന്നു ഈ ഖുര്‍ആന്‍ താങ്കള്‍ക്കു നല്‍കപ്പെടുന്നു.
മൂസാനബി തന്റെ കുടുംബത്തോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): ഞാന്‍ ഒരു തീ കാണുന്നുണ്ട്. അവിടെ നിന്ന് വല്ല വിവരവും നിങ്ങള്‍ക്ക് ഞാന്‍ കൊണ്ടുവരാം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് തീക്കായാന്‍ അതില്‍ നിന്ന് കത്തിച്ചെടുത്ത ഒരു തീപ്പന്തം എടുത്തുകൊണ്ട് ഞാന്‍ എത്താം.
അങ്ങനെ അതിന്നടുത്ത് ചെന്നപ്പോള്‍ അദ്ദേഹത്തോടിങ്ങനെ വിളിച്ചുപറയപ്പെട്ടു: `ഈ തീയുടെ സ്ഥാനത്തുള്ളവരും അതിന്റെ പരിസരത്തുള്ളവരും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. സര്‍വലോക രക്ഷിതാവായ അല്ലാഹു മഹാ പരിശുദ്ധനാണ്.'
`ഓ മൂസാ, നിശ്ചയമായും ഞാന്‍ പ്രതാപവാനും മഹായുക്തിമാനുമായ അല്ലാഹുവാകുന്നു.
താങ്കളുടെ വടി താഴെ ഇടുക.' (അദ്ദേഹമതു താഴെയിട്ടു.) തത്സമയം അതൊരു സര്‍പ്പത്തെപ്പോലെ ചലിക്കുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പിന്തിരിഞ്ഞോടി; തിരിഞ്ഞു നോക്കിയില്ല. (അപ്പോള്‍ അല്ലാഹു പറഞ്ഞു:) ഓ മൂസാ, താങ്കള്‍ ഭയപ്പെടരുത്. നിശ്ചയമായും എന്റെയടുത്ത് മുര്‍സലുകള്‍ ഭയപ്പെടുകയില്ല.
പക്ഷേ, ആരെങ്കിലും അക്രമം പ്രവര്‍ത്തിക്കുകയും പിന്നീട് തിന്മക്ക് ശേഷം നന്മ പ്രവര്‍ത്തിക്കുകയും ചെയ്‌താല്‍ ഞാന്‍ വളരെ പൊറുക്കുന്നവനും പരമകാരുണികനും തന്നെയാകുന്നു.
താങ്കളുടെ കൈ കുപ്പായമാറില്‍ കടത്തുക. എന്നാല്‍ യാതൊരു ദൂഷ്യവും കൂടാതെതന്നെ അത് തിളക്കമുള്ളതായി പുറത്തുവരും. ഇത് ഫിര്‍ഔന്റെയും അവന്റെ ജനതയുടെയും അടുക്കലേക്കുള്ള ഒമ്പതു ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്.നിശ്ചയമായും അവര്‍ അതിക്രമികളായ ജനതയായിരിക്കുന്നു.
അങ്ങനെ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വളരെ സ്‌പഷ്ടമായ നിലയില്‍ അവര്‍ക്കു വന്നുകിട്ടിയപ്പോള്‍, ഇത് പ്രത്യക്ഷമായ ജാലവിദ്യയാണ് എന്നാണ് അവര്‍ പറഞ്ഞത്.
ആ ദൃഷ്ടാന്തങ്ങളെ-അല്ലാഹുവിങ്കല്‍ നിന്നുള്ളതാണവയെന്നു അവരുടെ ഹൃദയങ്ങള്‍ ഉറപ്പിച്ചിരിക്കെ തന്നെ-അക്രമവും അഹങ്കാരവുമായി അവര്‍ നിഷേധിച്ചു. തന്നിമിത്തം ആ നാശകാരികളുടെ പര്യവസാനം എങ്ങനെയായിത്തീര്‍ന്നുവെന്ന് താങ്കള്‍ നോക്കുക!
നിശ്ചയമായും ദാവൂദ് നബിക്കും സുലൈമാന്‍ നബിക്കും ഞാന്‍ വിജ്ഞാനം നല്‍കി. അവര്‍ രണ്ടുപേരും പറഞ്ഞു: തന്റെ സത്യവിശ്വാസികളായ അടിമകളില്‍ മിക്കവരെക്കാളും ഞങ്ങള്‍ക്ക് ശ്രേഷ്‌ഠത നല്‍കിയ അല്ലാഹുവിനാണ് എല്ലാ സ്‌തുതിയും.
സുലൈമാന്‍ നബി ദാവൂദ് നബിയുടെ അനന്തരാവകാശിയായി. അദ്ദേഹം പറഞ്ഞു: ഹേ ജനങ്ങളേ, ഞങ്ങള്‍ക്ക് പക്ഷികളുടെ സംസാരം പഠിപ്പിക്കപ്പെട്ടിരിക്കുന്നു. ആവശ്യമായ എല്ലാ സാധനങ്ങളില്‍ നിന്നും വേണ്ടതെല്ലാം നമുക്ക് നല്‍കപ്പെട്ടിട്ടുമുണ്ട്. നിശ്ചയമായും ഇത് പ്രത്യക്ഷമായ ഒരു അനുഗ്രഹം തന്നെയാണ്.
സുലൈമാന്‍ നബിക്ക് ജിന്ന്, മനുഷ്യര്‍, പക്ഷികള്‍ എന്നിവയില്‍ നിന്നുള്ള തന്റെ സൈന്യങ്ങള്‍ ശേഖരിക്കപ്പെട്ടു. എന്നിട്ട് ആ സൈന്യങ്ങള്‍ തടഞ്ഞു നിയന്ത്രിക്കപ്പെടുന്നവരായിരിക്കയാണ്.
അങ്ങനെ അവര്‍ ഉറുമ്പുകളുടെ താഴ്‌വരയില്‍ ചെന്നെത്തിയപ്പോള്‍ ഒരു ഉറുമ്പ് പറഞ്ഞു: ഓ ഉറുമ്പുകളേ, നിങ്ങളുടെ താമസസ്ഥലങ്ങളില്‍ കടന്നുകൊള്ളുക. സുലൈമാന്‍ നബിയും അദ്ദേഹത്തിന്റെ സേനകളും തങ്ങളറിയാത്ത നിലയില്‍ നിങ്ങളെ ചവിട്ടിച്ചതച്ചു കളയാതിരിക്കട്ടെ!
അപ്പോള്‍ അതിന്റെ വാക്കുനിമിത്തം അദ്ദേഹം പുഞ്ചിരി തൂകി ചിരിച്ചു; ഇങ്ങനെ പറയുകയും ചെയ്‌തു: രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്‌തുതന്ന അനുഗ്രഹത്തിന്നു നന്ദികാണിക്കുവാനും നീ തൃപ്‌തിപ്പെടുന്ന നല്ല കാര്യം ചെയ്യുവാനും എനിക്ക് പ്രചോദനം നല്‍കേണമേ! നിന്റെ കാരുണ്യം കൊണ്ട് നല്ലവരായ അടിമകളില്‍ എന്നെ പെടുത്തുകയും ചെയ്യേണമേ!
അദ്ദേഹം (ഒരിക്കല്‍) പക്ഷികളെ പരിശോധിച്ചു. എന്നിട്ട് പറഞ്ഞു: `എന്തായിപ്പോയി-മരക്കൊത്തിയെ ഞാന്‍ കാണുന്നില്ലല്ലോ? അഥവാ അത് ഇവിടെ സന്നിഹിതരാവാത്തവരില്‍ പെട്ടുപോയോ?
നിശ്ചയമായും ഞാനതിനെ കഠിനമായി ശിക്ഷിക്കും; അല്ലെങ്കില്‍ കൊന്നുകളയും. അല്ലാത്ത പക്ഷം സ്‌പഷ്ടമായ ഒരു ന്യായം അതെന്റെയടുത്ത് കൊണ്ടുവരിക തന്നെ വേണം.
അങ്ങനെ അതെത്തിച്ചേരുവാന്‍ അധികം താമസം വന്നില്ല. എന്നിട്ടത് ഇങ്ങനെ പറഞ്ഞു: `അവിടന്ന് സൂക്ഷ്‌മമായി അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഞാന്‍ സൂക്ഷ്‌മമായറിഞ്ഞിട്ടുണ്ട്. സബഇല്‍ നിന്ന് ദൃഢമായ ഒരു വാര്‍ത്തയും കൊണ്ടാണ് ഞാന്‍ അങ്ങയുടെ അടുക്കല്‍ വന്നിട്ടുള്ളത്.
നിശ്ചയമായും സബഅ്‌കാരെ ഭരിക്കുന്ന ഒരു സ്‌ത്രീയെ ഞാന്‍ കണ്ടെത്തി. എല്ലാ സാധനങ്ങളില്‍ നിന്നും ആവശ്യമായതൊക്കെ അവള്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ട്. വമ്പിച്ച ഒരു സിംഹാസനവുമുണ്ടവള്‍ക്ക്.
അവളും അവളുടെ ജനതയും അല്ലാഹുവിനെ വിട്ട് സൂര്യന്ന് സുജൂദ് ചെയ്യുന്നവരായിട്ടാണ് ഞാന്‍ കണ്ടെത്തിയത്. തങ്ങളുടെ പ്രവൃത്തികള്‍ പിശാച് അവര്‍ക്ക് ഭംഗിയാക്കി കാണിച്ചുകൊടുക്കുകയും അങ്ങനെ നേരായ വഴിയില്‍ നിന്ന് അവരെയവന്‍ തടയുകയും ചെയ്‌തിരിക്കുന്നു. അതിനാല്‍ അവര്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നില്ല.
ആകാശഭൂമികളില്‍ മറഞ്ഞുകിടക്കുന്ന വസ്‌തുക്കളെ പുറത്തേക്ക് കൊണ്ടുവരികയും നിങ്ങള്‍ രഹസ്യമാക്കി വെക്കുന്നതും പരസ്യമാക്കുന്നതുമായ എല്ലാ കാര്യങ്ങളും അറിയുകയും ചെയ്യുന്ന അല്ലാഹുവിന്ന് അവര്‍ സുജൂദ് ചെയ്യാതിരിക്കുവാനാണ് (പിശാച് അവരെ നേരായ മാര്‍ഗത്തില്‍ നിന്ന് തടഞ്ഞത്).
അല്ലാഹുവാകട്ടെ, അവന്‍ അല്ലാതെ ഒരു ഇലാഹുമില്ല. മഹത്തായ അര്‍ശിന്റെ നാഥനാണവന്‍.'
അദ്ദേഹം (സുലൈമാന്‍ നബി) പറഞ്ഞു: `നീ സത്യം പറഞ്ഞതാണോ അതല്ല നീ വ്യാജം പറയുന്നവരില്‍ പെട്ടിരിക്കുന്നോ എന്നു നാം നോക്കാം.
എന്റെ ഈ എഴുത്തുമായി നീ പോകുക. എന്നിട്ടിതവര്‍ക്ക് ഇട്ടുകൊടുക്കുക. അനന്തരം നീ അവരില്‍ നിന്ന് പിന്മാറി നില്‍ക്കണം. എന്നിട്ട് അവര്‍ അതുസംബന്ധമായി (പരസ്‌പരം) എന്തു പറയുന്നുവെന്ന് നോക്കുക'.
അവള്‍ പറഞ്ഞു: `പ്രധാനികളേ, എന്നിലേക്കിതാ ആദരണീയമായ ഒരു എഴുത്ത് ഇടപ്പെടുകതന്നെ ചെയ്‌തിരിക്കുന്നു.
നിശ്ചയമായും ഇത് സുലൈമാനില്‍ നിന്നുള്ളതാകുന്നു. അതിലെ ഉള്ളടക്കം (ഇതാണ്): കരുണാനിധിയും പരമകാരുണികനുമായ അല്ലാഹുവിന്റെ നാമത്തില്‍-
എന്നോട് നിങ്ങള്‍ അഹങ്കാരം കാണിക്കരുത്. മുസ്‌ലിംകളായിക്കൊണ്ട് എന്റെ അടുത്ത് നിങ്ങള്‍ വരിക'.
അവള്‍ പറഞ്ഞു: നേതാക്കളേ, എന്റെ കാര്യത്തില്‍ (ഞാന്‍ എന്തു ചെയ്യണമെന്ന്) എനിക്ക് ഉപദേശം നല്‍കുക. നിങ്ങള്‍ എന്റെയടുത്ത് സന്നിഹിതരാവു(കയും നിങ്ങളോട് ആലോചിക്കുകയും ചെയ്യു)ന്നതുവരെ ഒരു കാര്യവും ഞാന്‍ ഖണ്ഡിതമായി തീരുമാനിക്കാറില്ലല്ലോ.
അവര്‍ പറഞ്ഞു: നാം നല്ല ശക്തിയും ഘോരമായ സമരവീര്യവുമുള്ളവരാണ്. തീരുമാനം കാണുവാനുള്ള അധികാരം അവിടത്തെ കൈയിലാണല്ലോ. അതുകൊണ്ട് എന്താണ് കല്‍പിച്ചരുളേണ്ടതെന്ന് അവിടന്നു തന്നെ ചിന്തിച്ചു തീരുമാനിച്ചാലും.
അവള്‍ പറഞ്ഞു: `രാജാക്കള്‍ ഒരു നാട്ടില്‍ പ്രവേശിച്ചാല്‍ അതിനെ അവര്‍ നശിപ്പിക്കുകയും തദ്ദേശത്തുള്ള പ്രതാപശാലികളെ നിന്ദ്യരാക്കുകയും ചെയ്യും, തീര്‍ച്ച. അങ്ങനെയാണവര്‍ പ്രവര്‍ത്തിക്കുക.
നിശ്ചയമായും ഞാന്‍ അവര്‍ക്കൊരു സമ്മാനം കൊടുത്തയക്കുകയും എന്നിട്ട് ദൂതന്മാര്‍ എന്തു മറുപടിയും കൊണ്ട് മടങ്ങിവരുമെന്ന് നോക്കുകയുമാണ്.
അങ്ങനെ ദൂതന്‍ സുലൈമാന്‍(അ)ന്റെ അടുത്ത് വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: `നിങ്ങള്‍ ധനം കൊണ്ട് എന്നെ സഹായിക്കുകയാണോ? എന്നാല്‍ അല്ലാഹു എനിക്ക് നല്‍കിയിട്ടുള്ളത് നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതിനേക്കാള്‍ ഉത്തമമാണ്. പക്ഷേ, നിങ്ങളുടെ സമ്മാനം കൊണ്ട് നിങ്ങള്‍ സന്തോഷം കൊള്ളുന്നു.
നീ അവരുടെ (നിന്നെ അയച്ചവരുടെ) അടുത്തേക്ക് മടങ്ങുക. അവര്‍ക്കു നേരിടുവാന്‍ കഴിയാത്ത സൈന്യങ്ങളുമായി അവരുടെ അടുത്തേക്ക് നാം ചെല്ലുക തന്നെ ചെയ്യും. നിസ്സാരരായിക്കൊണ്ട്-നിന്ദ്യരായ നിലയില്‍-അവരെ അവിടെനിന്ന് നാം പുറം തള്ളുന്നതുമാണ്, തീര്‍ച്ച.'
അദ്ദേഹം ചോദിച്ചു: പ്രധാനികളേ, അവര്‍ എന്റെയടുത്ത് മുസ്‌ലിംകളായി വരുംമുമ്പ് അവളുടെ സിംഹാസനം നിങ്ങളിലാരാണ് എനിക്ക് കൊണ്ടുവന്നുതരിക?
ജിന്നുകളില്‍ പെട്ട ഒരു മല്ലന്‍ പറഞ്ഞു: (രാജ)സദസ്സില്‍ നിന്ന് അങ്ങ് എഴുന്നേല്‍ക്കുന്നതിനു മുമ്പ് ഞാനത് അങ്ങയുടെ അടുത്ത് കൊണ്ടുവരാം. അതിന്നു തികച്ചും കഴിവുള്ളവനും വിശ്വസ്‌തനും തന്നെയാണ് ഞാന്‍.
വേദഗ്രന്ഥത്തില്‍ നിന്നുള്ള അറിവുണ്ടായിരുന്ന ഒരാള്‍ പറഞ്ഞു: `അങ്ങയുടെ തുറന്ന കണ്ണ് അടയും മുമ്പ് ഞാനത് അങ്ങയുടെ അടുക്കല്‍ കൊണ്ടുവന്നുതരാം.(ഉടനെയത് വന്നെത്തി.) തന്റെയടുത്ത് സിംഹാസനം സ്ഥിതി ചെയ്യുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതെന്റെ രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ പെട്ടതാണ്; ഞാന്‍ നന്ദി കാണിക്കുമോ അതല്ല നന്ദികേട് കാട്ടുമോ എന്ന് അവന്‍ എന്നെ പരീക്ഷിക്കുവാന്‍ വേണ്ടിയാണ് (ഇതവന്‍ ചെയ്‌തിരിക്കുന്നത്). ആരെങ്കിലും നന്ദികാണിക്കുന്നുവെങ്കില്‍ തന്റെ നന്മക്ക് വേണ്ടി തന്നെയാണവന്‍ നന്ദികാണിക്കുന്നത്. ആരെങ്കിലും നന്ദികേട് കാണിക്കുകയാണെങ്കിലോ, എന്നാല്‍ എന്റെ രക്ഷിതാവ് നിരാശ്രയനും ഉല്‍കൃഷ്ടനും തന്നെയാകുന്നു.
അദ്ദേഹം പറഞ്ഞു: നിങ്ങള്‍ അവള്‍ക്ക് അവളുടെ സിംഹാസനം രൂപവ്യത്യാസം വരുത്തുക. അവള്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ച് നേര്‍മാര്‍ഗം പ്രാപിക്കുമോ അഥവാ സത്യം മനസ്സിലാവാതെ നേര്‍വഴി കണ്ടെത്താനാകാത്തവരില്‍ പെട്ടുപോകുമോ എന്ന് നമുക്കു നോക്കാം.
അങ്ങനെ അവള്‍ വന്നപ്പോള്‍, ഇങ്ങനെയാണോ നിങ്ങളുടെ സിംഹാസനം എന്ന് ചോദിക്കപ്പെട്ടു. അവള്‍ പറഞ്ഞു: ഇത് അതുപോലെതന്നെയുണ്ട്. അവള്‍ക്കു മുമ്പ് തന്നെ നമുക്ക് അറിവ് നല്‍കപ്പെട്ടിരിക്കുന്നു. നാം മുസ്‌ലിംകളാവുകയും ചെയ്‌തിട്ടുണ്ട്.
അല്ലാഹുവിനു പുറമെ അവള്‍ ആരാധിച്ചു വന്നിരുന്നവ അവളെ തടഞ്ഞു കളഞ്ഞതാണ്. (കാരണം,) നിശ്ചയമായും അവള്‍ സത്യനിഷേധികളായ ഒരു ജനതയില്‍ പെട്ടവളായിരുന്നു.
കൊട്ടാരത്തില്‍ പ്രവേശിച്ചുകൊള്ളുക എന്ന് അവളോട് പറയപ്പെട്ടു. അങ്ങനെ അതുകണ്ടപ്പോള്‍ ആഴമുള്ളൊരു ജലാശയമാണെന്നവള്‍ ധരിക്കുകയും രണ്ടു കണങ്കാലുകളില്‍ നിന്ന് വസ്‌ത്രം പൊക്കിപ്പിടിക്കുകയും ചെയ്‌തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നിശ്ചയമായും ഇത് പളുങ്കുകളാല്‍ നിര്‍മിക്കപ്പെട്ട മിനുസമുള്ള ഒരു കൊട്ടാരമാണ്. അവള്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, ഞാന്‍ എന്നോടുതന്നെ അക്രമം പ്രവര്‍ത്തിച്ചു. സുലൈമാന്‍ നബിയോടൊപ്പം ഞാനിതാ ലോകരക്ഷിതാവായ അല്ലാഹുവിന് കീഴ്‌പ്പെട്ടിരിക്കുന്നു.
നിശ്ചയമായും സമൂദ് ഗോത്രത്തിന്റെ അടുത്തേക്ക് അവരുടെ സഹോദരന്‍ സ്വാലിഹ്(അ)നെ നാം അയച്ചു; നിങ്ങള്‍ അല്ലാഹുവിന് ഇബാദത്ത് ചെയ്യുക എന്ന് നിര്‍ദ്ദേശിച്ചുകൊണ്ട്. അന്നേരം അവരതാ പരസ്‌പരം വഴക്കടിക്കുന്ന രണ്ടുകക്ഷികളായി പിരിഞ്ഞിരിക്കുന്നു!
അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ നന്മക്ക് മുമ്പായി തിന്മ ലഭിക്കുവാന്‍ ധൃതികൂട്ടുന്നതെന്തിനാണ്? നിങ്ങള്‍ കരുണ ചെയ്യപ്പെടുവാന്‍ വേണ്ടി എന്തുകൊണ്ട് അല്ലാഹുവിനോട് മാപ്പിനപേക്ഷിക്കുന്നില്ല?
അവര്‍ പറഞ്ഞു: നിന്നെക്കൊണ്ടും നിന്നോടൊപ്പമുള്ളവരെ (സത്യവിശ്വാസികളെ) കൊണ്ടും ഞങ്ങള്‍ ശകുനപ്പിഴയിലായിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു: നിങ്ങളുടെ ശകുനപ്പിഴ അല്ലാഹുവിങ്കലാണ്. അല്ല, നിങ്ങള്‍ പരീക്ഷിക്കപ്പെടുന്ന ഒരു ജനതയാകുന്നു.
ആ നാട്ടില്‍ ഒമ്പത് ആളുകളുള്ള ഒരു സംഘമുണ്ടായിരുന്നു. അവര്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരും നന്മ ഉണ്ടാക്കാത്തവരുമായിരുന്നു.
അവര്‍ തമ്മില്‍ പറഞ്ഞു: നിശ്ചയമായും സ്വാലിഹിനെയും അദ്ദേഹത്തില്‍ വിശ്വസിച്ചവരെയും നമുക്ക് രാത്രിയില്‍ കൊന്നുകളയണം. പിന്നീട് അദ്ദേഹത്തിന്റെ അവകാശിയോട് `അദ്ദേഹത്തിന്റെ ആള്‍ക്കാരുടെ നാശത്തിങ്കല്‍ ഞങ്ങള്‍ സന്നിഹിതരായിരുന്നില്ല; നിശ്ചയമായും ഞങ്ങള്‍ സത്യം പറയുന്നവര്‍ തന്നെയാണ്' എന്നു പറയുകയും ചെയ്യണം എന്നു നിങ്ങള്‍ അല്ലാഹുവിനെകൊണ്ട് സത്യം ചെയ്യുക.
അവര്‍ ഒരു ഗൂഢതന്ത്രം പ്രയോഗിച്ചു. അവരറിയാത്ത നിലയില്‍ അതിന്നുള്ള പ്രതിഫലം അവര്‍ക്കു നാം കൊടുക്കുകയും ചെയ്‌തു.
എന്നിട്ട് അവരുടെ ഗൂഢതന്ത്രത്തിന്റെ പരിണാമം എങ്ങനെയാണുണ്ടായതെന്നു നോക്കുക-അതായത് അവരെയും അവരുടെ ജനതയെയും ഒന്നാകെ നാം തകര്‍ത്തുകളഞ്ഞത് (എങ്ങനെയാണെന്ന്).
എന്നിട്ടതാ അക്രമം ചെയ്‌ത കാരണത്താല്‍ അവരുടെ വീടുകള്‍ വീണടിഞ്ഞു (ശൂന്യമായി) കിടക്കുന്നു. നിശ്ചയമായും ബോധമുള്ള ജനതക്ക് അതില്‍ വലിയ ദൃഷ്ടാന്തമുണ്ട്.
സത്യവിശ്വാസം കൈകൊള്ളുകയും സൂക്ഷിച്ചു ജീവിക്കുന്നവരാകുകയും ചെയ്‌തവരെ നാം രക്ഷപ്പെടുത്തുകയും ചെയ്‌തു.
ലൂഥ് നബിയെയും (പറഞ്ഞുകൊടുക്കുക): അതായത്, നിങ്ങള്‍ കാണുന്നവരായും കൊണ്ട് തന്നെ ഈ നീചവൃത്തി ചെയ്യുകയാണോ എന്ന് തന്റെ ജനതയോട് അദ്ദേഹം പറഞ്ഞ സന്ദര്‍ഭം.
`നിങ്ങള്‍ കാമനിര്‍വൃതിക്കായി സ്‌ത്രീകളെ വിട്ട് പുരുഷന്മാരുടെ അടുത്ത് ചെല്ലുകയാണോ ചെയ്യുന്നത്? മാത്രമല്ല നിങ്ങള്‍ അറിവില്ലാത്ത ഒരു ജനതയാണ്'.
അപ്പോള്‍ തന്റെ ജനത ഇങ്ങനെ മറുപടി പറയുക മാത്രമാണുണ്ടായത്: ലൂഥിന്റെ ആള്‍ക്കാരെ നിങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കുക. നിശ്ചയമായും അവര്‍ പരിശുദ്ധിയോടെ നടക്കുന്ന മനുഷ്യരാണ്.
അങ്ങനെ അദ്ദേഹത്തെയും കുടുംബത്തെയും നാം രക്ഷപ്പെടുത്തി. തന്റെ ഭാര്യയെയൊഴികെ. അവളെ നാം നശിച്ചവരുടെ കൂട്ടത്തില്‍ കണക്കാക്കി.
അവരുടെ മേല്‍ നാം ഒരു (കന്‍)മഴ വര്‍ഷിപ്പിച്ചു. ആ താക്കീതു നല്‍കപ്പെട്ടവര്‍ക്ക് ലഭിച്ച മഴ എത്ര ചീത്ത!
(നബിയേ,) പറയുക: എല്ലാ സ്‌തുതിയും അല്ലാഹുവിന്നാണ്. താന്‍ തെരഞ്ഞെടുത്ത അവന്റെ അടിമകളില്‍ സലാം ഉണ്ടാകട്ടെ. അല്ലാഹുവോ അതല്ല അവനോടവര്‍ പങ്കുചേര്‍ത്ത വസ്‌തുക്കളോ ആരാണ് ഉത്തമം?
അല്ലെങ്കില്‍ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുകയും ആകാശത്തുനിന്ന് നിങ്ങള്‍ക്ക് വെള്ളം ഇറക്കിത്തരികയും ചെയ്‌തവനോ (അതൊന്നും ചെയ്യാത്തവയോ ആരാണ് ഉത്തമം)? എന്നിട്ട് ആ വെള്ളം കൊണ്ട് നാം (അല്ലാഹു) ഭംഗിയുള്ള ചില തോട്ടങ്ങള്‍ ഉല്‍പാദിപ്പിച്ചു. അതിലെ വൃക്ഷങ്ങളെ ഉല്‍പാദിപ്പിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുന്നതല്ല. അല്ലാഹുവിനോടൊപ്പം മറ്റുവല്ല ഇലാഹുമുണ്ടോ? (നിങ്ങള്‍ ഒന്നു ചിന്തിച്ചു നോക്കുക.) എന്നാല്‍ അവര്‍ (അല്ലാഹുവിനോട് മറ്റു വസ്‌തുക്കളെ) പങ്കുചേര്‍ക്കുന്ന ഒരു ജനതയാണ്.
അല്ലെങ്കില്‍ ഭൂമിയെ ഒരു വാസസ്ഥലമാക്കുകയും അതിനിടയില്‍ നദികള്‍ ഒഴുക്കുകയും അതിന്ന് ആണികളായി ചില പര്‍വതങ്ങളെ സ്ഥാപിക്കുകയും രണ്ടു സമുദ്രങ്ങള്‍ക്കിടയില്‍ ഒരുതരം തടസ്സം ഉണ്ടാക്കിവെക്കുകയും ചെയ്‌തവനോ (ആരാണ് ഉത്തമം)? അല്ലാഹുവിനോട് കൂടി മറ്റുവല്ല ഇലാഹുമുണ്ടോ? എന്നാല്‍ അവരില്‍ അധികമാളുകളും അറിയുന്നില്ല.
അല്ലെങ്കില്‍ വിഷമത്തിലകപ്പെട്ടവന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവന്ന് ഉത്തരം നല്‍കുകയും ആപത്തു നീക്കുകയും നിങ്ങളെ ഭൂമിയില്‍ `ഖലീഫ'കളാക്കുകയും ചെയ്‌തവനോ (ആരാണ് ഉത്തമം)? അല്ലാഹുവിനോടുകൂടി മറ്റുവല്ല ഇലാഹുമുണ്ടോ? വളരെ കുറച്ച് മാത്രമേ നിങ്ങള്‍ ചിന്തിക്കുന്നുള്ളു.
അല്ലെങ്കില്‍ കരയിലെയും കടലിലെയും അന്ധകാരങ്ങളില്‍ നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുകയും തന്റെ (മഴയാകുന്ന) അനുഗ്രഹത്തിന്നു മുമ്പില്‍ കാറ്റുകളെ സന്തോഷവാര്‍ത്തയായി അയക്കുകയും ചെയ്യുന്നവനാണോ (ആരാണുത്തമം)? അല്ലാഹുവിനോടു കൂടെ മറ്റുവല്ല ഇലാഹുമുണ്ടോ? അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അല്ലാഹു അത്യുന്നതനാകുന്നു.
അല്ലെങ്കില്‍ സൃഷ്ടികളെ ആദ്യം ഉണ്ടാക്കുകയും പിന്നീട് (അവ നശിച്ച ശേഷം) മടക്കി സൃഷ്ടിക്കുകയും ചെയ്യുന്നവനും ആകാശത്തില്‍ നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നവനുമാണോ (ആരാണ് ഉത്തമം)? അല്ലാഹുവിനോടുകൂടെ മറ്റുവല്ല ഇലാഹുമുണ്ടോ? (നബിയേ,) പറയുക: നിങ്ങള്‍ സത്യവാദികളാണെങ്കില്‍ നിങ്ങളുടെ വാദത്തിനുള്ള തെളിവു കൊണ്ടുവരിക.
(നബിയേ,) പറയുക: അല്ലാഹുവല്ലാതെ ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളവര്‍ അദൃശ്യകാര്യം അറിയുകയില്ല. അവര്‍ എപ്പോഴാണ് (മരണാനന്തരം) ജീവിപ്പിച്ചെഴുന്നേല്‍പിക്കപ്പെടുന്നതെന്നും അവരറിയില്ല.
പരലോക വിഷയത്തില്‍ അവര്‍ക്ക് അറിവുലഭിച്ചുവോ? (ഇല്ലതന്നെ.) എന്നല്ല, അവര്‍ (സത്യനിഷേധികള്‍) അതിനെക്കുറിച്ച് സംശയത്തിലാണ്. അത്രയുമല്ല, അവരതിനെക്കുറിച്ച് അന്ധന്മാരാകുന്നു.
സത്യനിഷേധികള്‍ പറയുന്നു: ഞങ്ങളും പിതാക്കളും മരിച്ചു മണ്ണടിഞ്ഞുകഴിഞ്ഞാല്‍ നിശ്ചയമായും ഞങ്ങള്‍ പുനര്‍ജീവിപ്പിച്ച് പുറത്തേക്ക് കൊണ്ടുവരപ്പെടുന്നവരാകുമോ?
ഇത് ഞങ്ങളോടും, മുമ്പു ഞങ്ങളുടെ പിതാക്കളോടും നല്‍കപ്പെട്ടിരുന്ന ഒരു താക്കീതുതന്നെയാണ്. പൂര്‍വികന്മാരുടെ ചില പുരാണേതിഹാസങ്ങള്‍ മാത്രമാണിത്.
(നബിയേ,) താങ്കള്‍ പറയുക: നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുക. എന്നിട്ട് കുറ്റവാളികളുടെ പര്യവസാനം എങ്ങനെയാണുണ്ടായിട്ടുള്ളതെന്ന് നോക്കിക്കൊള്ളുക.
(നബിയേ,) താങ്കള്‍ അവരെക്കുറിച്ച് ദുഃഖിക്കേണ്ട. അവരുടെ കുതന്ത്രങ്ങളെക്കുറിച്ച് താങ്കളുടെ മനസ്സ് ഇടുക്കത്തിലാവുകയും വേണ്ട.
നിങ്ങള്‍ സത്യവാദികളാണെങ്കില്‍ എപ്പോഴാണീ താക്കീതു പുലരുക എന്നു അവര്‍ ചോദിക്കുന്നു.
താങ്കള്‍ പറയുക: നിങ്ങള്‍ ധൃതിപ്പെട്ടു ചോദിച്ചുകൊണ്ടിരിക്കുന്നതില്‍ ചിലത് അടുത്തുതന്നെ നിങ്ങള്‍ക്ക് വന്നെത്തിയേക്കാം.
താങ്കളുടെ രക്ഷിതാവ് ജനങ്ങളോട് വളരെ ഔദാര്യമുള്ളവന്‍ തന്നെയാണ്. പക്ഷേ, അവരില്‍ അധികമാളുകളും നന്ദികാണിക്കുന്നില്ല.
താങ്കളുടെ രക്ഷിതാവ്, അവരുടെ ഹൃദയങ്ങള്‍ മറച്ചുവെക്കുന്നതും അവര്‍ വെളിപ്പെടുത്തുന്നതും തീര്‍ച്ചയായും അറിയുന്നുണ്ട്.
ആകാശത്തും ഭൂമിയിലും മറഞ്ഞുകിടക്കുന്ന യാതൊരു കാര്യവും സ്‌പഷ്ടമായ ഒരു ഗ്രന്ഥത്തില്‍ ഉള്‍പെടാതെയില്ല.
ഇസ്രാഈല്യര്‍ അഭിപ്രായ ഭിന്നിപ്പ് പ്രകടിപ്പിച്ച വിഷയങ്ങളില്‍ മിക്കതും ഈ ഖുര്‍ആന്‍ അവര്‍ക്ക് വ്യക്തമായി വിവരിച്ചുകൊടുക്കുക തന്നെ ചെയ്യുന്നുണ്ട്.
നിശ്ചയമായും ഇത് (ഖുര്‍ആന്‍) സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാണ്.
താങ്കളുടെ രക്ഷിതാവ് തന്റെ നീതികൊണ്ട് അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. അവന്‍ പ്രതാപശാലിയും സര്‍വജ്ഞനുമാകുന്നു.
അതുകൊണ്ട് താങ്കള്‍ എല്ലാം അല്ലാഹുവിങ്കല്‍ ഭരമേല്‍പിക്കുക. സ്‌പഷ്ടമായ സത്യത്തിന്മേല്‍ തന്നെയാണ് താങ്കള്‍ നിലകൊള്ളുന്നത്.
നിശ്ചയമായും താങ്കള്‍ മരണപ്പെട്ടവരെ കേള്‍പിക്കുകയില്ല. ബധിരരെയും താങ്കള്‍ വിളികേള്‍പിക്കുന്നതല്ല, അവര്‍ പിന്തിരിഞ്ഞവരായി മാറിപ്പോയാല്‍.
തങ്ങളുടെ തെറ്റായ മാര്‍ഗം വിട്ടു അന്ധരെ നേര്‍മാര്‍ഗം കാണിച്ചുകൊടുക്കുവാന്‍ കഴിയുന്ന ആളല്ല താങ്കള്‍. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും അങ്ങനെ തങ്ങള്‍ മുസ്‌ലിംകളായിരിക്കുകയും ചെയ്യുന്നവരെ മാത്രമേ താങ്കള്‍ക്ക് കേള്‍പിക്കാന്‍ കഴിയുകയുള്ളൂ.
ആ വാക്ക് അവരില്‍ സംഭവിക്കുമ്പോള്‍ ഭൂമിയില്‍ നിന്ന് ഒരു ജീവിയെ നാം അവര്‍ക്ക് പുറപ്പെടുവിക്കും. നിശ്ചയമായും ജനങ്ങള്‍ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ദൃഢവിശ്വാസം കൈകൊള്ളാത്തവരായിരിക്കുന്നു എന്ന് അത വരോട് സംസാരിക്കും.
എല്ലാ ഓരോ സമുദായത്തില്‍ നിന്നും നമ്മുടെ ലക്ഷ്യങ്ങളെ നിഷേധിക്കുന്ന ഓരോ സംഘത്തെ നാം ഒരുമിച്ചുകൂട്ടുന്ന ദിവസം (ഓര്‍ക്കുക). എന്നിട്ട് അവര്‍ തടഞ്ഞുനിയന്ത്രിക്കപ്പെടും.
അങ്ങനെ അവര്‍ (വിചാരണസ്ഥലത്ത്) വന്നുകഴിഞ്ഞാല്‍ അല്ലാഹു ചോദിക്കും: എന്റെ ലക്ഷ്യങ്ങളെ സംബന്ധിച്ച് സൂക്ഷ്‌മമായി അറിയാതെ നിങ്ങള്‍ അവയെ നിഷേധിച്ചുവോ? അതല്ലെങ്കില്‍ നിങ്ങള്‍ എന്താണ് ചെയ്‌തുകൊണ്ടിരുന്നത്?
അവര്‍ അക്രമം പ്രവര്‍ത്തിച്ചതുകൊണ്ട് ശിക്ഷയുടെ വാക്ക് അവരില്‍ വന്നുപുലരും. അപ്പോള്‍ അവര്‍ ഒന്നും സംസാരിക്കുകയില്ല.
അവര്‍ക്ക് വിശ്രമിക്കേണ്ടതിനായി രാത്രിയെയും കണ്ണുകാണത്തക്ക നിലയില്‍ പകലിനെയും നാം സൃഷ്ടിച്ചത് അവര്‍ ചിന്തിക്കുന്നില്ലേ? നിശ്ചയമായും വിശ്വസിക്കുന്ന ജനതക്ക് അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.
കാഹളത്തില്‍ ഊതപ്പെടുന്ന ദിവസവും (ഓര്‍ക്കുക). അപ്പോള്‍ അല്ലാഹു ഉദ്ദേശിച്ചവരൊഴിച്ച് ആകാശങ്ങളിലും ഭൂമിയിലുമുള്ളവരെല്ലാം ഭയവിഹ്വലരായിത്തീരും. അവരെല്ലാവരും അല്ലാഹുവിന്റെ അടുത്തേക്ക് എളിയവരായി ചെല്ലുകയും ചെയ്യും.
പര്‍വതങ്ങളെ-ഉറച്ചു നില്‍ക്കുന്നതാണെന്നു ധരിക്കുന്ന സ്ഥിതിയില്‍-നീ കാണും. (വാസ്‌തവത്തില്‍) അവ മേഘം ചലിക്കും പ്രകാരം ചലിക്കുകയാണ്. എല്ലാ കാര്യങ്ങളെയും വ്യവസ്ഥാപിതമായി ബലപ്പെടുത്തിയ അല്ലാഹുവിന്റെ പ്രവൃത്തിയാണ് അത്. നിശ്ചയമായും അവന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്‌മജ്ഞാനമുള്ളവനാണ്.
ആരെങ്കിലും രെു നന്മ കൊണ്ടുവന്നാല്‍ അവന്നതുമൂലം ഉത്തമ പ്രതിഫലമുണ്ട്. അന്നത്തെ ദിവസം അവന്‍ ഭയവിഹ്വലതയില്‍ നിന്ന് നിര്‍ഭയരായിരിക്കുകയും ചെയ്യും.
ആരെങ്കിലും തിന്മ കൊണ്ടുവന്നാല്‍ അവരുടെ മുഖങ്ങള്‍ കുത്തിക്കൊണ്ടു നരകത്തില്‍ തള്ളിയിടപ്പെടും; `നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെടുമോ?' (എന്നവരോട് പറയപ്പെടുന്നതുമാണ്)
(നബിയേ, പറയുക:) ഈ നാടിനെ ആദരണീയമാക്കിവെച്ച ഇതിന്റെ നാഥനെ ആരാധിക്കുവാന്‍ മാത്രമാണ് എന്നോട് കല്‍പിക്കപ്പെട്ടിരിക്കുന്നത്. എല്ലാ വസ്‌തുക്കളും അവനുള്ളതുതന്നെയാണ്. ഞാന്‍ അവനോട് അനുസരണമുള്ളവരില്‍ പെട്ടവനായിരിക്കുവാനും എന്നോട് കല്‍പിക്കപ്പെട്ടിരിക്കുന്നു.
(ജനങ്ങള്‍ക്ക്) ഖുര്‍ആന്‍ ഓതിക്കേള്‍പിക്കുവാനും (ഞാന്‍) ശാസിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ആരെങ്കിലും നേര്‍മാര്‍ഗം സ്വീകരിച്ചാല്‍ തന്റെ ഗുണത്തിന്നുവേണ്ടി തന്നെയാണ് അവന്‍ നേര്‍മാര്‍ഗം സ്വീകരിച്ചത്. ആരെങ്കിലും വഴിപിഴച്ചാല്‍, `ഞാന്‍ നിങ്ങള്‍ക്ക് താക്കീതു നല്‍കുന്നവരില്‍ പെട്ടവന്‍ മാത്രമാണ്' എന്ന് താങ്കള്‍ പറയുക.
എല്ലാ സ്‌തുതിയും അല്ലാഹുവിന്നാകുന്നു; അവന്റെ ദൃഷ്ടാന്തങ്ങള്‍ പിന്നീടവന്‍ നിങ്ങള്‍ക്ക് കാണിച്ചുതരും; അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായിക്കൊള്ളും എന്നും താങ്കള്‍ പറയണം. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് താങ്കളുടെ രക്ഷിതാവ് ഒട്ടും അശ്രദ്ധനല്ലതന്നെ.