ലോകര്‍ക്ക് താക്കീതുകാരനായിരിക്കുവാന്‍ വേണ്ടി തന്റെ അടിമക്ക് സത്യാസത്യങ്ങളെ വേര്‍തിരിച്ചു കാണിക്കുന്ന വേദം അവതരിപ്പിച്ച അല്ലാഹു നന്മയേറിയവനാകുന്നു.
അൽ ഫുർഖാൻ الفرقان Al-Furqan
സൂറത്ത് അൽ ഫുർഖാൻ (Al-Furqan), ഖുർആൻ അധ്യായം 25 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 77 ആയത്തുകൾ വായിക്കുക. Read Surah Al-Furqan with Arabic text and മലയാളം translation.
അവന്‍ ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യമുള്ളവനാണ്. അവന്‍ സന്താനത്തെ സ്വീകരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവനൊരു പങ്കാളിയുമില്ല. എല്ലാ വസ്‌തുക്കളെയും അവന്‍ സൃഷ്ടിക്കയും അവക്കൊരു ശരിയായ നിര്‍ണയം നല്‍കുകയും ചെയ്‌തിരിക്കുന്നു.
അല്ലാഹുവിനെ കൂടാതെ അവര്‍ ചില ഇലാഹുകളെ സ്വീകരിച്ചിരിക്കുന്നു. അവ ഒരു വസ്‌തുവിനെയും സൃഷ്ടിക്കുകയില്ല; അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരാണ് താനും. തങ്ങള്‍ക്കു തന്നെ യാതൊരു ഉപദ്രവവും ഉപകാരവും അവര്‍ സ്വാധീനമാക്കുന്നുമില്ല. മരണത്തെയോ ജീവിതത്തെയോ മരണാനന്തര ഉയിര്‍ത്തെഴുന്നേല്‍പിനെയോ അധീനപ്പെടുത്തുന്നുമില്ല അവര്‍.
ഇത് (ഖുര്‍ആന്‍) ഒരു കള്ളവാര്‍ത്ത മാത്രമാണ്; അദ്ദേഹം (നബി) ഇത് കെട്ടിയുണ്ടാക്കിയിരിക്കുന്നു; മറ്റുചില ആളുകള്‍ അതില്‍ അദ്ദേഹത്തെ സഹായിച്ചിട്ടുമുണ്ട് എന്ന് സത്യനിഷേധികള്‍ പറയുന്നു. എന്നാല്‍ നിശ്ചയമായും ഇതുമൂലം അവര്‍ അക്രമവും വ്യാജവുമാണ് കൊണ്ടുവന്നിരിക്കുന്നത്.
ഇത് പൂര്‍വികന്മാരുടെ പഴങ്കഥകളാണ്; അദ്ദേഹം അത് എഴുതിച്ചെടുത്തു; അങ്ങനെ അതദ്ദേഹത്തിനു രാവിലെയും വൈകുന്നേരവും വായിച്ചുകേള്‍പിക്കപ്പെടുന്നു എന്നും അവര്‍ ജല്‍പിക്കുന്നു.
താങ്കള്‍ പറയുക: ആകാശങ്ങളിലും ഭൂമിയിലുമുള്ള എല്ലാ രഹസ്യങ്ങളും അറിയുന്ന അല്ലാഹുവാണ് ഈ ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത്. നിശ്ചയമായും അവന്‍ ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനുമാണ്.
അവര്‍ പറയുന്നു: ഈ റസൂലിനെന്താണ്? ഇയാള്‍ ഭക്ഷണം കഴിക്കുകയും അങ്ങാടികളില്‍ നടക്കുകയും ചെയ്യുന്നുണ്ടല്ലോ. (ഇങ്ങനെയാണോ റസൂലുകളുടെ സ്ഥിതി?) അദ്ദേഹത്തിന്റെ അടുത്തേക്ക് ഒരു മലക്കിനെ അയക്കപ്പെടുകയും എന്നിട്ട് ആ മലക്ക് അദ്ദേഹത്തിനോടൊപ്പം ഒരു താക്കീതുകാരനായി തീരുകയും ചെയ്യാത്തതെന്തുകൊണ്ടാണ്?
`അല്ലെങ്കില്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഒരു നിധി ഇട്ടുകൊടുക്കപ്പെടുകയോ തനിക്കു ഭക്ഷിക്കുവാനുള്ള ഒരു തോട്ടം ഉണ്ടാവുകയോ ചെയ്യാതിരുന്നതെന്തുകൊണ്ടാണ്?' ഈ അക്രമികള്‍ പറയുന്നു: ബുദ്ധിക്ക് ഭ്രമം ബാധിച്ച ഒരു മനുഷ്യനെ മാത്രമാണ് നിങ്ങള്‍ പിന്തുടര്‍ന്നു നടക്കുന്നത്.
അവര്‍ താങ്കളെക്കുറിച്ച് ഉപമകള്‍ വിവരിക്കുന്നതെങ്ങനെയാണെന്നു നോക്കുക! അങ്ങനെ അവര്‍ സത്യത്തില്‍ നിന്നു തെറ്റിപ്പോയി. നേര്‍മാര്‍ഗത്തില്‍ എത്തിച്ചേരുവാന്‍ അവര്‍ക്കുകഴിയുന്നതല്ല.
അല്ലാഹു നന്മ അധികരിച്ചവനാണ്. അവനുദ്ദേശിക്കുകയാണെങ്കില്‍ അവര്‍ പറയുന്നതിനെക്കാള്‍ ഉത്തമമായത്-താഴ്‌ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന തോട്ടങ്ങള്‍-താങ്കള്‍ക്ക് കൈവരുത്തിത്തരും. ചില ഉന്നതസൗധങ്ങള്‍ താങ്കള്‍ക്കവന്‍ ഉണ്ടാക്കിത്തരികയും ചെയ്യും.
പക്ഷേ, അവര്‍ അന്ത്യകാലത്തെ നിഷേധിച്ചിരിക്കുകയാണ്. അന്ത്യകാലത്തെ നിഷേധിക്കുന്നവര്‍ക്കു കത്തിജ്ജ്വലിക്കുന്ന നരകം നാം ഒരുക്കിവെച്ചിട്ടുണ്ട്.
അത് ദൂരസ്ഥലത്ത്‌നിന്നു അവരെ കാണുമ്പോള്‍ അതിന്റെ കോപവും ഇരമ്പലും അവര്‍ കേള്‍ക്കുന്നതാണ്.
ചങ്ങല കൊണ്ടു ബന്ധിക്കപ്പെട്ടവരായ നിലയില്‍ ആ നരകത്തില്‍ ഒരു ഇടുങ്ങിയ സ്ഥാനത്ത് കൊണ്ടുപോയി ഇടപ്പെട്ടാല്‍ അവിടെവെച്ചു അവര്‍ നാശത്തെ വിളിക്കുന്നതാണ്.
(അന്നേരം അവരോട് പറയപ്പെടും:) ഇന്നു നിങ്ങള്‍ ഒരു നാശത്തെ മാത്രം വിളിക്കേണ്ടതില്ല. അനേകം നാശത്തെ വിളിക്കുക.
താങ്കള്‍ ചോദിക്കുക: അതാണോ ഉത്തമം, അതോ മുത്തഖികള്‍ക്കു വാഗ്‌ദാനം ചെയ്യപ്പെട്ട ശാശ്വത സ്വര്‍ഗമോ? അതവര്‍ക്ക് പ്രതിഫലവും മടങ്ങിച്ചെല്ലുന്ന സ്ഥാനവുമാകുന്നു.
നിരന്തര വാസികളായ നിലയില്‍ തങ്ങളുദ്ദേശിക്കുന്നതെല്ലാം അവര്‍ക്കതില്‍ ഉണ്ടായിരിക്കുന്നതാണ്. താങ്കളുടെ രക്ഷിതാവിന്റെ മേല്‍ ഉത്തരവാദപ്പെട്ട ഒരു വാഗ്‌ദാനമാണത്.
അവരെയും തനിക്കു പുറമെ അവര്‍ ആരാധിക്കുന്ന വസ്‌തുക്കളെയും അല്ലാഹു ഒരുമിച്ചു കൂട്ടുന്ന ദിവസം (ഓര്‍ക്കുക). എന്നിട്ട് അവന്‍ (ആ ആരാധ്യവസ്‌തുക്കളോട്) ചോദിക്കും: നിങ്ങളാണോ എന്റെ അടിമകളെ വഴിപിഴപ്പിച്ചത്? അതോ അവര്‍ സ്വയം വഴിപിഴച്ചതോ?
അവര്‍ പറയും: നിന്റെ പരിശുദ്ധി ഞങ്ങള്‍ പ്രകീര്‍ത്തിക്കുന്നു. നിനക്കു പുറമെ മറ്റു യാതൊന്നിനെയും ആരാധ്യരാക്കി വെക്കുന്നത് ഞങ്ങള്‍ക്കു പാടില്ല തന്നെ. (എന്നിരിക്കെ ഞങ്ങളെ ആരാധിക്കുവാന്‍ ഞങ്ങള്‍ അവരോടെങ്ങനെ കല്‍പിക്കും?) പക്ഷേ, അവര്‍ക്കും അവരുടെ പൂര്‍വപിതാക്കള്‍ക്കും നീ സുഖഭോഗങ്ങള്‍ നല്‍കി. അങ്ങനെ നിന്റെ ഉദ്‌ബോധനം അവര്‍ മറന്നുകളയുകയും (അവസാനം) അവര്‍ നാശമടഞ്ഞ ഒരു ജനതയായിത്തീരുകയും ചെയ്‌തു.
(അപ്പോള്‍ അല്ലാഹു ആരാധകരോട് പറയും:) ഇപ്പോള്‍ ഇതാ നിങ്ങള്‍ പറയുന്നതിനെ-ഇവര്‍ ഇലാഹുകളാണ് എന്ന വാദത്തെ-നിഷേധിച്ചിരിക്കയാണിവര്‍. ഇനി ശിക്ഷ നിങ്ങളില്‍ നിന്നു തിരിച്ചുകളയുവാനോ മറ്റുള്ളവരില്‍ നിന്ന് സഹായം തേടുവാനോ നിങ്ങള്‍ക്കു കഴിയുന്നതല്ല. നിങ്ങളില്‍ ആരെങ്കിലും അക്രമം പ്രവര്‍ത്തിക്കുന്നതായാല്‍ അവനു നാം കടുത്ത ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്.
ഭക്ഷണം കഴിക്കുകയും അങ്ങാടികളില്‍ സഞ്ചരിക്കുകയും ചെയ്യുന്നവരായിട്ടല്ലാതെ താങ്കളുടെ മുമ്പ് മുര്‍സലുകളെ നാം അയച്ചിട്ടില്ല. നിങ്ങളില്‍ ചിലരെ മറ്റുചിലര്‍ക്കു നാം ഒരു പരീക്ഷണമാക്കിയിരിക്കുകയാണ്. നിങ്ങള്‍ ക്ഷമിക്കുമോ? നിങ്ങളുടെ രക്ഷിതാവ് എല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു.
നാമുമായി കണ്ടുമുട്ടുന്നതിനെ ആഗ്രഹിക്കാത്തവര്‍ ചോദിക്കുന്നു: നമ്മുടെ അടുത്തേക്കെന്തുകൊണ്ട് മലക്കുകള്‍ ഇറക്കപ്പെടുന്നില്ല, അല്ലെങ്കില്‍ നമ്മുടെ രക്ഷിതാവിനെ എന്തുകൊണ്ട് നാം നേരിട്ടു കാണുന്നില്ല? നിശ്ചയമായും അവര്‍ മനസ്സില്‍ ഗര്‍വ് നടിക്കുകയും വലിയ ധിക്കാരം കാട്ടുകയുമാണ് ചെയ്‌തിരിക്കുന്നത്.
അവര്‍ മലക്കുകളെ കാണുന്ന ദിവസം (ഓര്‍ക്കുക)! ആ കുറ്റവാളികള്‍ക്ക് അന്ന് യാതൊരു സന്തോഷവാര്‍ത്തയും ലഭിക്കുന്നതല്ല. `ശക്തിയായ തടസ്സം' എന്ന് മലക്കുകള്‍ പറയുകയും ചെയ്യും.
അവര്‍ പ്രവര്‍ത്തിച്ച കര്‍മങ്ങളിലേക്ക് നാം കരുതുകയും എന്നിട്ട് അതിനെ വിതറപ്പെട്ട ധൂളി(പോലെ)യാക്കുകയും ചെയ്യുന്നതാണ്.
അന്നു സ്വര്‍ഗക്കാര്‍ വാസസ്ഥലം ഉല്‍കൃഷ്ടമായവരും വിശ്രമസ്ഥലം ഏറ്റവും നന്നായവരുമാകുന്നു.
മേഘത്തോടുകൂടി എല്ലാ ആകാശങ്ങളും പൊട്ടിപ്പിളരുകയും മലക്കുകള്‍ എല്ലാം ഇറക്കപ്പെടുകയും ചെയ്യുന്ന ദിവസവും (ഓര്‍ക്കുക).
26. അന്ന് യഥാര്‍ത്ഥ ആധിപത്യം കരുണാനിധിയായ അല്ലാഹുവിനാകുന്നു. അത് സത്യനിഷേധികള്‍ക്ക് വിഷമമേറിയ ഒരു ദിവസമായിരിക്കും.
അക്രമി തന്റെ രണ്ടുകൈകളും കടിക്കുന്ന ദിവസവും (ഓര്‍ക്കുക)! അവന്‍ പറയും: `അഹോ, ഞാന്‍ റസൂലിന്റെ കൂടെ സന്മാര്‍ഗം സ്വീകരിക്കുന്നതില്‍ സഹകരിച്ചെങ്കില്‍ എത്ര നന്നായിരുന്നു!
എന്റെ കഷ്ടമേ, ഇന്നയാളെ ഞാന്‍ സുഹൃത്തായി സ്വീകരിച്ചിരുന്നില്ലെങ്കില്‍ എത്ര നന്നായിരുന്നു!
എനിക്ക് ഖുര്‍ആന്‍ പ്രബോധനം വന്നുകിട്ടിയ ശേഷം അതില്‍ നിന്നു അയാള്‍ എന്നെ വഴിതെറ്റിക്കുകതന്നെ ചെയ്‌തുവല്ലോ!' പിശാച് മനുഷ്യനെ കൈവെടിയുന്നവനാകുന്നു.
അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, നിശ്ചയമായും എന്റെ ജനത ഈ ഖുര്‍ആനെ വര്‍ജ്യമാക്കിക്കളഞ്ഞു.
അപ്രകാരം എല്ലാ പ്രവാചകന്മാര്‍ക്കും കുറ്റവാളികളില്‍ പെട്ട ചില ശത്രുക്കളെ നാം നിശ്ചയിച്ചിട്ടുണ്ട്. മാര്‍ഗദര്‍ശകനായും സഹായകനായും താങ്കളുടെ രക്ഷിതാവ് തന്നെ മതി.
അദ്ദേഹത്തിന്നു (നബിക്ക്) ഖുര്‍ആന്‍ ഒന്നാകെ ഒറ്റപ്രാവശ്യമായി അവതരിക്കപ്പെടാത്തതെന്താണ് എന്നു സത്യനിഷേധികള്‍ ചോദിക്കുന്നു. അപ്രകാരം (പലപ്രാവശ്യമായി അവതരിപ്പിച്ചത്) താങ്കളുടെ ഹൃദയത്തെ അതുകൊണ്ട് നാം ബലപ്പെടുത്തേണ്ടതിനാണ്. സാവകാശക്രമത്തില്‍ അതിനെ നാം ഓതിത്തരികയും ചെയ്‌തിരിക്കുന്നു.
സത്യത്തെ എതിര്‍ക്കുവാന്‍ ഏതൊരു വാക്ക് അവര്‍ ഉപയോഗിച്ചാലും സത്യവും ഏറ്റംനല്ല വിവരണവുമായ മറുപടി താങ്കള്‍ക്കു നാം കൊണ്ടുവന്നുതരാതിരിക്കയില്ല.
തങ്ങളുടെ മുഖങ്ങള്‍ നിലത്തുകുത്തിയവരായി നരകത്തിലേക്ക് ഒരുമിച്ചുകൂട്ടപ്പെടുന്നവരാകട്ടെ, അക്കൂട്ടര്‍ ഏറ്റവും ചീത്ത സ്ഥാനക്കാരും ഏറ്റവും വഴിതെറ്റിയവരുമാണ്.
നിശ്ചയമായും മൂസാക്ക് നാം വേദഗ്രന്ഥം നല്‍കി. അദ്ദേഹത്തിന്റെ കൂടെ സഹോദരന്‍ ഹാറൂനെ നാം സഹായിയായി നിശ്ചയിക്കയും ചെയ്‌തു.
എന്നിട്ട് നാം അവരോട് കല്‍പിച്ചു: `നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച ആ ജനതയുടെ അടുത്തേക്ക് നിങ്ങളിരുവരും പോകുക'. (അങ്ങനെ ഇരുവരും ദൗത്യവുമായി ചെന്നപ്പോള്‍ ആ ജനത അവരെ നിഷേധിച്ചു.) അപ്പോള്‍ നാം അവരെ പാടെ നശിപ്പിച്ചു.
നൂഹ് നബിയുടെ ജനതയെ (ഓര്‍ക്കുക). അവര്‍ അല്ലാഹുവിന്റെ ദൂതന്മാരെ നിഷേധിച്ചപ്പോള്‍ നാം അവരെ വെള്ളത്തില്‍ മുക്കി നശിപ്പിച്ചു. അവരെ നാം ജനങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്‌തു. ആ അക്രമികള്‍ക്ക് വേദനാജനകമായ ശിക്ഷ നാം (പരലോകത്ത്) ഒരുക്കിവെച്ചിട്ടുമുണ്ട്.
ആദിനെയും സമൂദിനെയും റസ്സുകാരെയും അവര്‍ക്കിടയിലുള്ള ഒട്ടനേകം തലമുറകളെയും (ഓര്‍ക്കുക).
എല്ലാവര്‍ക്കും നാം ലക്ഷ്യങ്ങള്‍ വിവരിച്ചുകൊടുത്തു. (അതു നിഷേധിച്ചപ്പോള്‍) എല്ലാവരെയും നാം ഉന്മൂലനം ചെയ്യുകയുമുണ്ടായി.
നിശ്ചയമായും കന്‍മഴ വര്‍ഷിക്കപ്പെട്ട നാട്ടില്‍കൂടി അവര്‍ (സത്യനിഷേധികള്‍) നടന്നുപോയിട്ടുണ്ട്. എന്നിട്ട് അവരതു കണ്ടിരുന്നില്ലേ? പക്ഷേ അവര്‍ പുനരുത്ഥാനത്തെ പ്രതീക്ഷിക്കാത്തവരായിരിക്കുകയാണ്. (അതുകൊണ്ടാണ് പലപ്പോഴും അതു കണ്ടിട്ടും ചിന്തിച്ചു പാഠം പഠിക്കാത്തത്.)
(നബിയേ,) താങ്കളെ കാണുമ്പോള്‍ `ഇവനെയാണോ അല്ലാഹു ഒരു ദൂതനായി നിയോഗിച്ചിട്ടുള്ളത്' എന്നു പരിഹസിക്കുക മാത്രമാണവര്‍ ചെയ്യുന്നത്.
`നിശ്ചയമായും നമ്മുടെ ഇലാഹുകളെ ആരാധിക്കുന്നതില്‍ നാം ഉറച്ചുനിന്നിരുന്നില്ലെങ്കില്‍ അതില്‍ നിന്നു ഇയാള്‍ നമ്മെ വഴിതെറ്റിക്കുമായിരുന്നു' (എന്നും അവര്‍ പറയുന്നു). ആരാണ് കൂടുതല്‍ വഴിപിഴച്ചവരെന്നു പിന്നീട് ശിക്ഷ കാണുമ്പോള്‍ അവര്‍ അറിയുന്നതാണ്.
തന്റെ ദേഹേച്ഛയെ ഇലാഹാക്കിവെച്ചവനെ താങ്കള്‍ കണ്ടുവോ? അപ്പോള്‍ താങ്കള്‍ അവന്റെമേല്‍ ഉത്തരവാദം ഏറ്റെടുക്കുകയാണോ?
അതല്ല, അവരില്‍ അധികപേരും കേള്‍ക്കുകയോ ഗ്രഹിക്കുകയോ ചെയ്യുന്നുണ്ടെന്നു താങ്കള്‍ വിചാരിക്കുന്നുവോ? അവര്‍ നാല്‍കാലികളെപ്പോലെത്തന്നെയാണ്; അല്ല അവയെക്കാള്‍ ഏറെ വഴിപിഴച്ചവരാണ്.
താങ്കളുടെ രക്ഷിതാവിന്റെ പ്രവൃത്തിയിലേക്ക് താങ്കള്‍ നോക്കിയിട്ടില്ലേ, അവന്‍ എങ്ങനെയാണ് നിഴല്‍ നീട്ടിയിരിക്കുന്നതെന്ന്? അവനുദ്ദേശിച്ചിരുന്നുവെങ്കില്‍ അതിനെ നിശ്ചലമാക്കുമായിരുന്നു. പിന്നെ നാം(അല്ലാഹു) അതിന്നു സൂര്യനെ ദൃഷ്ടാന്തമാക്കി.
അനന്തരം നാമതിനെ അല്‍പാല്‍പമായി നമ്മിലേക്ക് പിടിച്ചെടുക്കുകയും (ചുരുക്കുകയും) ചെയ്‌തു.
അവനാണ് നിങ്ങള്‍ക്ക് രാവിനെ ഒരു വസ്‌ത്രവും നിദ്രയെ ഒരു വിശ്രമവും ആക്കിത്തന്നത്. അവന്‍ പകലിനെ എഴുന്നേറ്റു സഞ്ചരിക്കുവാനുള്ള സമയവുമാക്കിയിരിക്കുന്നു.
തന്റെ കാരുണ്യത്തിന്റെ (മഴയുടെ) മുമ്പില്‍ സന്തോഷവാര്‍ത്തയെന്ന നിലക്കു കാറ്റുകളെ അയച്ചത് അവനാണ്. ആകാശത്തുനിന്ന് നാം (അല്ലാഹു) ശുദ്ധീകരിക്കുന്ന വെള്ളം ഇറക്കുകയും ചെയ്‌തു;
അതു കൊണ്ട് നിര്‍ജീവമായ നാട്ടിനെ ജീവിപ്പിക്കുവാനും നാം സൃഷ്ടിച്ചവരില്‍പെട്ട കന്നുകാലികള്‍ക്കും ധാരാളം മനുഷ്യര്‍ക്കും കുടിക്കാന്‍ കൊടുക്കുവാനും വേണ്ടി.
നിശ്ചയമായും ഈ ഖുര്‍ആനെ അവര്‍ക്കിടയില്‍ നാം വിവരിച്ചിരിക്കുന്നു. എന്നാല്‍ മനുഷ്യരില്‍ അധികപേരും നന്ദികേട് കാണിക്കാതിരിക്കുന്നതിനെ വെറുക്കുകയാണ്.
(നബിയേ,) നാം ഉദ്ദേശിക്കുന്ന പക്ഷം എല്ലാ നാട്ടിലും ഓരോ പ്രവാചകനെ നാം നിയോഗിക്കുമായിരുന്നു.
അതുകൊണ്ട് താങ്കള്‍ സത്യനിഷേധികള്‍ക്ക് വഴിപ്പെട്ടുപോകരുത്. ഈ ഖുര്‍ആന്‍ കൊണ്ട് താങ്കള്‍ അവരോട് ഘോരസമരം നടത്തുക.
അവന്‍ രണ്ടു സമുദ്രങ്ങളെ കൂട്ടിച്ചേര്‍ത്തവനാണ്. അവയില്‍ ഒന്ന് നല്ല സ്വച്ഛജലം. മറ്റേത് കയ്‌പുള്ള ഉപ്പുവെള്ളവും. അവ രണ്ടിന്നുമിടയില്‍ അവന്‍ ശക്തിയായ ഒരു മറയും ഭദ്രമായ ഒരു തടസ്സവും ഏര്‍പ്പെടുത്തുകയും ചെയ്‌തിരിക്കുന്നു.
വെള്ളത്തില്‍ നിന്നു മനുഷ്യനെ സൃഷ്ടിച്ചതവനാണ്. അങ്ങനെ അവന്‍ മനുഷ്യനെ വംശബന്ധവും വൈവാഹികബന്ധവുമുള്ളവനാക്കി. താങ്കളുടെ രക്ഷിതാവ് സര്‍വശക്തനാണ്.
അവര്‍ അല്ലാഹുവിന്നു പുറമെ തങ്ങള്‍ക്കുപകാരമോ ഉപദ്രവമോ ചെയ്യാത്ത ചില വസ്‌തുക്കള്‍ക്ക് ഇബാദത്ത് ചെയ്യുന്നു. സത്യനിഷേധി തന്റെ രക്ഷിതാവിനെതിരില്‍ പിശാചിന്റെ മാര്‍ഗത്തെ സഹായിക്കുന്നവനായിരിക്കയാണ്.
(നബിയേ, ലോകത്തിന്) സന്തോഷവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പു നല്‍കുന്നവനുമായിട്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല.
താങ്കള്‍ പറയുക: ഈ ദൗത്യനിര്‍വഹണത്തിന്റെ പേരില്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ഞാന്‍ ചോദിക്കുന്നില്ല. എന്നാല്‍ വല്ലവനും തന്റെ രക്ഷിതാവിങ്കലേക്ക് നല്ല മാര്‍ഗമുണ്ടാക്കുവാന്‍ (അല്ലാഹുവിന്റെ വഴിയില്‍ വല്ല ദാനധര്‍മവും ചെയ്യുവാന്‍) ഉദ്ദേശിക്കുന്നുവെങ്കില്‍ അതു ചെയ്‌തുകൊള്ളട്ടെ.
മൃതിയടയാത്ത, എന്നെന്നും ജീവിച്ചിരിക്കുന്നവനായ അല്ലാഹുവിന്റെ മേല്‍ താങ്കള്‍ ഭരമേല്‍പിക്കുക. അവനെ സ്‌തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുകയും ചെയ്യുക. തന്റെ അടിമകളുടെ പാപങ്ങളെക്കുറിച്ച് സൂക്ഷ്‌മജ്ഞനായി അവന്‍ തന്നെ മതി.
അവന്‍ ആകാശങ്ങളെയും ഭൂമിയെയും അവക്കിടയിലുള്ള വസ്‌തുക്കളെയും ആറു ദിവസങ്ങളിലായി സൃഷ്ടിച്ചവനത്രേ. അവന്‍ അര്‍ശിനെ കീഴടക്കുകയും ചെയ്‌തിരിക്കുന്നു. അവന്‍ കരുണാനിധിയാണ്. ആകയാല്‍ അതിനെക്കുറിച്ചു കൂടുതല്‍ ജ്ഞാനമുള്ളവരോട് ചോദിച്ചുകൊള്ളുക.
അവരോട് `നിങ്ങള്‍ `റഹ്‌മാന്ന്' സുജൂദ് ചെയ്യുക' എന്ന് പറയപ്പെട്ടാല്‍ അവര്‍ ചോദിക്കുന്നു: `ആരാണ് റഹ്‌മാന്‍? നീ കല്‍പിക്കുന്ന വസ്‌തുവിന്നു ഞങ്ങള്‍ സുജൂദ് ചെയ്യുമോ?' ഈ ഉപദേശം അവര്‍ക്ക് കൂടുതല്‍ വെറുപ്പുണ്ടാക്കുകയാണ് ചെയ്യുന്നത്.
ആകാശത്ത് രാശീമണ്ഡലങ്ങള്‍ ഉണ്ടാക്കിയ അല്ലാഹു നന്മയേറിയവനാകുന്നു. അവന്‍ അതില്‍ സൂര്യനെയും പ്രകാശം നല്‍കുന്ന ചന്ദ്രനെയും ഉണ്ടാക്കിയിരിക്കുന്നു.
ചിന്തിക്കുവാനോ നന്ദി പ്രകടിപ്പിക്കുവാനോ ഉദ്ദേശിക്കുന്നവര്‍ക്കു വേണ്ടി രാവിനെയും പകലിനെയും മാറിവന്നുകൊണ്ടിരിക്കുന്നതാക്കിയതും അവന്‍ തന്നെയാണ്.
കരുണാനിധിയായ അല്ലാഹുവിന്റെ അടിമകള്‍ ഭൂമിയില്‍ വിനയത്തോടെ നടക്കുന്നവരും തങ്ങളെ അജ്ഞന്മാര്‍ അഭിമുഖീകരിച്ചു സംസാരിക്കുന്നതായാല്‍ സമാധാനപരമായ വാക്ക് പറയുന്നവരും
തങ്ങളുടെ രക്ഷിതാവിന്നു നമസ്‌കരിക്കുന്നവരായി രാത്രികഴിച്ചുകൂട്ടുന്നവരുമാണ്.
`ഞങ്ങളുടെ രക്ഷിതാവേ, നരകശിക്ഷ ഞങ്ങളില്‍ നിന്നു നീ ഒഴിവാക്കിത്തരേണമേ! നിശ്ചയമായും അതിന്റെ ശിക്ഷ നിത്യമാണ്;
വളരെ ചീത്തയായ വാസസ്ഥലവും പാര്‍പ്പിടവും തന്നെയാണത്' എന്ന് പ്രാര്‍ത്ഥിക്കുന്നവരുമാണ്.
ചെലവു ചെയ്യുമ്പോള്‍ അമിതമാക്കുകയോ പിശുക്കുകാട്ടുകയോ ചെയ്യാതെ രണ്ടിന്നുമിടക്കുള്ള മിതമായ നില സ്വീകരിക്കുന്നവരുമാണവര്‍.
അല്ലാഹുവിന്റെ കൂടെ വേറെ ഇലാഹിനോടു പ്രാര്‍ത്ഥിക്കാത്തവരും ന്യായമായ അവകാശമില്ലാതെ അല്ലാഹു വിരോധിച്ച ഒരു ദേഹത്തെ കൊലപ്പെടുത്താത്തവരും വ്യഭിചരിക്കാത്തവരുമാണവര്‍. ഈ കാര്യങ്ങള്‍ വല്ലവനും ചെയ്‌താല്‍ അതിന്റെ ശിക്ഷ അവന്‍ കണ്ടെത്തുന്നതാണ്.
അതായത്, പുനരുത്ഥാന ദിനത്തില്‍ അവന്ന് ശിക്ഷ ഇരട്ടിച്ചു നല്‍കപ്പെടും. അതില്‍ അവന്‍ നിന്ദ്യനായി എന്നെന്നും താമസിക്കുന്നതാണ്.
പക്ഷേ, വല്ലവനും പശ്ചാത്തപിച്ചു മടങ്ങുകയും സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങള്‍ അനുഷ്‌ഠിക്കുകയും ചെയ്യുന്നതായാല്‍ അവരുടെ തിന്മകള്‍ക്ക് അല്ലാഹു നന്മകളെ പകരമാക്കുന്നതാകുന്നു. അല്ലാഹു വളരെ പൊറുക്കുന്നവനും കാരുണ്യവാനുമാണ്.
വല്ലവനും പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്‌താല്‍ നിശ്ചയമായും അവന്‍ അല്ലാഹുവിങ്കലേക്ക് തൃപ്‌തികരമായ നിലക്ക് മടങ്ങുന്നവനാകുന്നു.
അവര്‍ അസത്യത്തിന്നു സന്നിഹിതരാകാത്തവരും വല്ല അനാവശ്യങ്ങളുടെയും അടുത്തുകൂടി പോയാല്‍ അവര്‍ മാന്യന്മാരായി നടന്നുപോകുന്നതുമാണ്.
തങ്ങളുടെ രക്ഷിതാവിന്റെ ഖുര്‍ആന്‍ വാക്യങ്ങള്‍ കൊണ്ട് ഉല്‍ബോധിപ്പിക്കപ്പെട്ടാല്‍ അതില്‍ അശ്രദ്ധയും അവഗണനയും കാണിക്കാത്തവരുമാണവര്‍.
`ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരിലും സന്താനങ്ങളിലും നിന്ന് സന്തോഷം ലഭിക്കുന്ന കാര്യങ്ങള്‍ ഞങ്ങള്‍ക്കു നീ പ്രദാനം ചെയ്യേണമേ! നീ ഞങ്ങളെ ഭക്തന്മാര്‍ക്ക് മാതൃകയാക്കുകയും ചെയ്യേണമേ' എന്ന് പ്രാര്‍ത്ഥിക്കുന്നവരുമാണ്.
(ബുദ്ധിമുട്ടുകളിലും പ്രതികൂല സാഹചര്യങ്ങളിലും) ക്ഷമിച്ച കാരണത്താല്‍ അവര്‍ക്കു (പരലോകത്ത്) ഉന്നതമായ സ്വര്‍ഗം പ്രതിഫലം നല്‍കപ്പെടുന്നതാണ്. അഭിവാദ്യത്തോടും സമാധാന സന്ദേശത്തോടും കൂടി അവരെ അവിടെ എതിരേല്‍ക്കപ്പെടുന്നതാകുന്നു.
അവിടെ അവര്‍ ശാശ്വത വാസികളാണ്. അത് താമസിക്കുവാനും വിശ്രമിക്കുവാനും എത്ര നല്ല സ്ഥലം!
പറയുക: നിങ്ങളുടെ ഇബാദത്ത് ഉണ്ടാവാത്ത പക്ഷം എന്റെ രക്ഷിതാവ് നിങ്ങളെ വകവെക്കുന്നതല്ല. എന്നാല്‍, നിങ്ങള്‍ (വിപരീതം പ്രവര്‍ത്തിച്ചു) സത്യത്തെ കളവാക്കുക തന്നെ ചെയ്‌തിരിക്കുന്നു. അതുകൊണ്ട് പിന്നീട് അതിന്റെ ശിക്ഷ അനിവാര്യമായിരിക്കുന്നതാണ്.