Monday, 12 October 2026 Hijri: — 01:25:40 pm
MalayalamQuran.in
Quran translation reader

അന്നൂർ النور An-Nur

Surah 24 മദനിയ്യ • مدنية • Madaniyah 64 ആയത്തുകൾ • 64 Ayahs

സൂറത്ത് അന്നൂർ (An-Nur), ഖുർആൻ അധ്യായം 24 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 64 ആയത്തുകൾ വായിക്കുക. Read Surah An-Nur with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

ഇതൊരു പ്രധാന അധ്യായമാണ്‌. നാമിത്‌ അവതരിപ്പിക്കുകയും ഇതിലെ നിയമവിധികള്‍ നിര്‍ബന്ധമാക്കുകയും ചെയ്‌തിരിക്കുന്നു. നിങ്ങള്‍ ചിന്തിക്കുവാനായി വ്യക്തമായ വിവിധ ലക്ഷ്യങ്ങള്‍ ഇതില്‍ നാം അവതരിപ്പിച്ചിട്ടുണ്ട്‌.

سُورَةٌ أَنزَلۡنَٰهَا وَفَرَضۡنَٰهَا وَأَنزَلۡنَا فِيهَآ ءَايَٰتِۭ بَيِّنَٰتٖ لَّعَلَّكُمۡ تَذَكَّرُونَ ۝١
2

വ്യഭിചരിച്ച സ്‌ത്രീപുരുഷന്മാരില്‍ ഓരോരുത്തരെയും നൂറുവീതം നിങ്ങള്‍ അടിക്കുക. അല്ലാഹുവിന്റെ നിയമനടപടി നടത്തുന്നതില്‍ ആ രണ്ടുപേരോടും യാതൊരു ദയയും നിങ്ങള്‍ക്ക്‌ പിടിപെടരുത്‌; നിങ്ങള്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിച്ചവരാണെങ്കില്‍. അവരുടെ ശിക്ഷ നടത്തുന്നിടത്ത്‌ സത്യവിശ്വാസികളില്‍ നിന്നു ഒരു സംഘം സന്നിഹിതരാവുകയും ചെയ്യട്ടെ.

ٱلزَّانِيَةُ وَٱلزَّانِي فَٱجۡلِدُواْ كُلَّ وَٰحِدٖ مِّنۡهُمَا مِاْئَةَ جَلۡدَةٖۖ وَلَا تَأۡخُذۡكُم بِهِمَا رَأۡفَةٞ فِي دِينِ ٱللَّهِ إِن كُنتُمۡ تُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۖ وَلۡيَشۡهَدۡ عَذَابَهُمَا طَآئِفَةٞ مِّنَ ٱلۡمُؤۡمِنِينَ ۝٢
3

വേശ്യയെയോ ബഹുദൈവ വിശ്വാസിനിയെയോ അല്ലാതെ വ്യഭിചാരി വിവാഹം ചെയ്യുകയില്ല. വ്യഭിചാരിയോ ബഹുദൈവ വിശ്വാസിയോ അല്ലാതെ വേശ്യയെയും വിവാഹം കഴിക്കില്ല. അത്‌ (സജ്ജനങ്ങളായ) സത്യവിശ്വാസികള്‍ക്ക്‌ നിരോധിക്കപ്പെട്ടിരിക്കുന്നു.

ٱلزَّانِي لَا يَنكِحُ إِلَّا زَانِيَةً أَوۡ مُشۡرِكَةٗ وَٱلزَّانِيَةُ لَا يَنكِحُهَآ إِلَّا زَانٍ أَوۡ مُشۡرِكٞۚ وَحُرِّمَ ذَٰلِكَ عَلَى ٱلۡمُؤۡمِنِينَ ۝٣
4

പതിവ്രതകളുടെ പേരില്‍ വ്യഭിചാരാരോപണം നടത്തുകയും എന്നിട്ടതിന്‌ നാലുസാക്ഷികളെ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നവരാരോ അവരെ നിങ്ങള്‍ എണ്‍പത്‌ അടിവീതം അടിക്കുക. അവരുടെ സാക്ഷ്യം ഒരിക്കലും നിങ്ങള്‍ സ്വീകരിക്കരുത്‌. അവര്‍ തന്നെയാണ്‌ അക്രമികള്‍.

وَٱلَّذِينَ يَرۡمُونَ ٱلۡمُحۡصَنَٰتِ ثُمَّ لَمۡ يَأۡتُواْ بِأَرۡبَعَةِ شُهَدَآءَ فَٱجۡلِدُوهُمۡ ثَمَٰنِينَ جَلۡدَةٗ وَلَا تَقۡبَلُواْ لَهُمۡ شَهَٰدَةً أَبَدٗاۚ وَأُوْلَٰٓئِكَ هُمُ ٱلۡفَٰسِقُونَ ۝٤
5

അതിനുശേഷം പശ്ചാത്തപിക്കുകയും ജീവിതം നന്നാക്കുകയും ചെയ്‌തവര്‍ അതില്‍ ഉള്‍പ്പെടുകയില്ല. നിശ്ചയം അല്ലാഹു വളരെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.

إِلَّا ٱلَّذِينَ تَابُواْ مِنۢ بَعۡدِ ذَٰلِكَ وَأَصۡلَحُواْ فَإِنَّ ٱللَّهَ غَفُورٞ رَّحِيمٞ ۝٥
6

സ്വന്തം ഭാര്യമാരെപ്പറ്റി വ്യഭിചാരമാരോപിക്കുകയും അതിന്‌ തങ്ങള്‍ തന്നെയല്ലാതെ വേറെ ദൃക്‌സാക്ഷികള്‍ ഇല്ലാതിരിക്കുകയും ചെയ്‌താല്‍ (ശിക്ഷയില്‍ നിന്ന്‌ രക്ഷപ്പെടണമെങ്കില്‍) `നിശ്ചയം താന്‍ സത്യവാദി തന്നെയാണ്‌' എന്ന്‌ അത്തരം ഒരാള്‍ അല്ലാഹുവിനെ മുന്‍നിറുത്തി നാലുവട്ടം സത്യം ചെയ്യണം.

وَٱلَّذِينَ يَرۡمُونَ أَزۡوَٰجَهُمۡ وَلَمۡ يَكُن لَّهُمۡ شُهَدَآءُ إِلَّآ أَنفُسُهُمۡ فَشَهَٰدَةُ أَحَدِهِمۡ أَرۡبَعُ شَهَٰدَٰتِۭ بِٱللَّهِ إِنَّهُۥ لَمِنَ ٱلصَّٰدِقِينَ ۝٦
7

അഞ്ചാമതായി, താന്‍ കള്ളവാദിയാണെങ്കില്‍ അല്ലാഹുവിന്റെ ശാപം തന്നില്‍ ഉണ്ടാവുകതന്നെചെയ്യട്ടെ എന്നും പറയണം.

وَٱلۡخَٰمِسَةُ أَنَّ لَعۡنَتَ ٱللَّهِ عَلَيۡهِ إِن كَانَ مِنَ ٱلۡكَٰذِبِينَ ۝٧
8

നിശ്ചയം അയാള്‍ കള്ളവാദിയാണ്‌ എന്നു അവള്‍ അല്ലാഹുവിനെ മുന്‍നിറുത്തി നാലുപ്രാവശ്യം സത്യംചെയ്‌താല്‍ വ്യഭിചാരത്തിന്റെ ശിക്ഷയെ അതവളില്‍ നിന്ന്‌ തട്ടിക്കളയും;

وَيَدۡرَؤُاْ عَنۡهَا ٱلۡعَذَابَ أَن تَشۡهَدَ أَرۡبَعَ شَهَٰدَٰتِۭ بِٱللَّهِ إِنَّهُۥ لَمِنَ ٱلۡكَٰذِبِينَ ۝٨
9

അയാള്‍ സത്യവാദിയാണെങ്കില്‍ അല്ലാഹുവിന്റെ കോപം തന്നില്‍ ഉണ്ടാവട്ടെ എന്ന്‌ അഞ്ചാംപ്രാവശ്യം അവള്‍ പറയുകയും വേണം.

وَٱلۡخَٰمِسَةَ أَنَّ غَضَبَ ٱللَّهِ عَلَيۡهَآ إِن كَانَ مِنَ ٱلصَّٰدِقِينَ ۝٩
10

അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും നിങ്ങള്‍ക്കുണ്ടാവുകയും നിശ്ചയം അവന്‍ തൗബ സ്വീകരിക്കുന്നവനും മഹായുക്തിമാനുമാവുകയും ചെയ്‌തിരുന്നില്ലെങ്കില്‍ (അവന്‍ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുകയും ശിക്ഷാര്‍ഹനെ ഉടനെ ശിക്ഷിക്കയും ചെയ്യുമായിരുന്നു).

وَلَوۡلَا فَضۡلُ ٱللَّهِ عَلَيۡكُمۡ وَرَحۡمَتُهُۥ وَأَنَّ ٱللَّهَ تَوَّابٌ حَكِيمٌ ۝١٠
11

ഏറ്റവും ദുഷിച്ച ആ കള്ളവാര്‍ത്ത കെട്ടിയുണ്ടാക്കിയവര്‍ നിങ്ങളില്‍ പെട്ട ഒരു കൂട്ടര്‍ തന്നെയാണ്‌. അത്‌ നിങ്ങള്‍ക്ക്‌ ദോഷമാണെന്ന്‌ വിചാരിക്കരുത്‌. പക്ഷേ, അത്‌ നിങ്ങള്‍ക്ക്‌ ഗുണമാണ്‌.അവരില്‍ ഓരോരുത്തനും താന്‍ ചെയ്‌ത തെറ്റിന്റെ ശിക്ഷ അനുഭവിക്കും, അതിന്റെ നേതൃത്വം ഏറ്റെടുത്തവന്‌ കഠിനശിക്ഷ ലഭിക്കുന്നതാണ്‌.

إِنَّ ٱلَّذِينَ جَآءُو بِٱلۡإِفۡكِ عُصۡبَةٞ مِّنكُمۡۚ لَا تَحۡسَبُوهُ شَرّٗا لَّكُمۖ بَلۡ هُوَ خَيۡرٞ لَّكُمۡۚ لِكُلِّ ٱمۡرِيٕٖ مِّنۡهُم مَّا ٱكۡتَسَبَ مِنَ ٱلۡإِثۡمِۚ وَٱلَّذِي تَوَلَّىٰ كِبۡرَهُۥ مِنۡهُمۡ لَهُۥ عَذَابٌ عَظِيمٞ ۝١١
12

നിങ്ങള്‍ ആ വ്യാജവാര്‍ത്ത കേട്ടപ്പോള്‍, സത്യവിശ്വാസികളായ സ്‌ത്രീപുരുഷന്മാര്‍ സ്വന്തം ആളുകളെക്കുറിച്ച്‌ എന്തുകൊണ്ട്‌ നന്മ വിചാരിച്ചില്ല? `ഇത്‌ വ്യക്തമായ ഒരു വ്യാജവൃത്താന്തമാണ്‌' എന്ന്‌ എന്തുകൊണ്ട്‌ പറഞ്ഞില്ല?

لَّوۡلَآ إِذۡ سَمِعۡتُمُوهُ ظَنَّ ٱلۡمُؤۡمِنُونَ وَٱلۡمُؤۡمِنَٰتُ بِأَنفُسِهِمۡ خَيۡرٗا وَقَالُواْ هَٰذَآ إِفۡكٞ مُّبِينٞ ۝١٢
13

അ(തു പറഞ്ഞുണ്ടാക്കിയ)വര്‍ എന്തുകൊണ്ട്‌ അതിന്‌ നാലുസാക്ഷികളെ കൊണ്ടുവന്നില്ല? സാക്ഷികളെ കൊണ്ടുവരാതിരുന്നപ്പോള്‍ അല്ലാഹുവിന്റെ നിയമത്തില്‍ അവര്‍ കളവുപറഞ്ഞവര്‍ തന്നെയാണ്‌.

لَّوۡلَا جَآءُو عَلَيۡهِ بِأَرۡبَعَةِ شُهَدَآءَۚ فَإِذۡ لَمۡ يَأۡتُواْ بِٱلشُّهَدَآءِ فَأُوْلَٰٓئِكَ عِندَ ٱللَّهِ هُمُ ٱلۡكَٰذِبُونَ ۝١٣
14

ഇഹ-പര ലോകത്ത്‌ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഉണ്ടായിരുന്നില്ലെങ്കില്‍, നിങ്ങള്‍ ഏതൊന്നില്‍ പ്രവേശിച്ചുവോ അതുകാരണം വമ്പിച്ച ശിക്ഷ നിങ്ങളെ പിടികൂടുമായിരുന്നു;

وَلَوۡلَا فَضۡلُ ٱللَّهِ عَلَيۡكُمۡ وَرَحۡمَتُهُۥ فِي ٱلدُّنۡيَا وَٱلۡأٓخِرَةِ لَمَسَّكُمۡ فِي مَآ أَفَضۡتُمۡ فِيهِ عَذَابٌ عَظِيمٌ ۝١٤
15

നിങ്ങള്‍ അത്‌ നാക്കില്‍ നിന്ന്‌ നാക്കിലേക്ക്‌ പകരുകയും തീരെ അറിവില്ലാത്ത ഒരു കാര്യം സ്വന്തം വായകൊണ്ട്‌ പറയുകയും ചെയ്‌ത സന്ദര്‍ഭത്തില്‍ (ആ ശിക്ഷ പിടികൂടുമായിരുന്നു). നിങ്ങള്‍ ഇതൊരു നിസ്സാര കാര്യമെന്ന്‌ വിചാരിക്കുന്നു; വാസ്‌തവത്തില്‍ ഇത്‌ അല്ലാഹുവിങ്കല്‍ ഗൗരവമേറിയതാണ്‌.

إِذۡ تَلَقَّوۡنَهُۥ بِأَلۡسِنَتِكُمۡ وَتَقُولُونَ بِأَفۡوَاهِكُم مَّا لَيۡسَ لَكُم بِهِۦ عِلۡمٞ وَتَحۡسَبُونَهُۥ هَيِّنٗا وَهُوَ عِندَ ٱللَّهِ عَظِيمٞ ۝١٥
16

`നമുക്കിതിനെക്കുറിച്ച്‌ സംസാരിക്കാന്‍ പാടില്ല; അല്ലാഹുവേ, നീ പരിശുദ്ധന്‍! ഇത്‌ വമ്പിച്ച ഒരു കള്ളക്കഥ തന്നെയാണ്‌' എന്ന്‌ അത്‌ കേട്ടപ്പോള്‍ എന്തുകൊണ്ട്‌ നിങ്ങള്‍ പറഞ്ഞില്ല?

وَلَوۡلَآ إِذۡ سَمِعۡتُمُوهُ قُلۡتُم مَّا يَكُونُ لَنَآ أَن نَّتَكَلَّمَ بِهَٰذَا سُبۡحَٰنَكَ هَٰذَا بُهۡتَٰنٌ عَظِيمٞ ۝١٦
17

ഇതുപോലെയുള്ളത്‌ ഇനിയൊരിക്കലും ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടി നിങ്ങളെ അല്ലാഹു ഉപദേശിക്കുന്നു. നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ (ഇത്തരം വിഷയം മേലില്‍ ആവര്‍ത്തിക്കരുത്‌).

يَعِظُكُمُ ٱللَّهُ أَن تَعُودُواْ لِمِثۡلِهِۦٓ أَبَدًا إِن كُنتُم مُّؤۡمِنِينَ ۝١٧
18

തന്റെ ലക്ഷ്യങ്ങള്‍ അല്ലാഹു നിങ്ങള്‍ക്ക്‌ വിവരിച്ചുതരുന്നു. അവന്‍ സര്‍വജ്ഞനും യുക്തിയുക്തം പ്രവര്‍ത്തിക്കുന്നവനുമാണ്‌.

وَيُبَيِّنُ ٱللَّهُ لَكُمُ ٱلۡأٓيَٰتِۚ وَٱللَّهُ عَلِيمٌ حَكِيمٌ ۝١٨
19

നിശ്ചയമായും സത്യവിശ്വാസികളില്‍ നീചവൃത്തി പ്രചരിക്കുവാനാഗ്രഹിക്കുന്നവര്‍ക്ക്‌ ഇഹലോകത്തും പരലോകത്തും വേദനാജനകമായ ശിക്ഷയുണ്ട്‌. അല്ലാഹു എല്ലാം അറിയുന്നു; നിങ്ങളറിയുന്നില്ല.(15)

إِنَّ ٱلَّذِينَ يُحِبُّونَ أَن تَشِيعَ ٱلۡفَٰحِشَةُ فِي ٱلَّذِينَ ءَامَنُواْ لَهُمۡ عَذَابٌ أَلِيمٞ فِي ٱلدُّنۡيَا وَٱلۡأٓخِرَةِۚ وَٱللَّهُ يَعۡلَمُ وَأَنتُمۡ لَا تَعۡلَمُونَ ۝١٩
20

നിങ്ങളില്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവുമുണ്ടാവുകയും നിശ്ചയമായും അല്ലാഹു ആര്‍ദ്രതയും കൃപയും ഉള്ളവനാവുകയും ചെയ്‌തിരുന്നില്ലെങ്കില്‍ (ഉടനടി അവന്‍ നിങ്ങളെ ശിക്ഷിച്ചുകളയുമായിരുന്നു).

وَلَوۡلَا فَضۡلُ ٱللَّهِ عَلَيۡكُمۡ وَرَحۡمَتُهُۥ وَأَنَّ ٱللَّهَ رَءُوفٞ رَّحِيمٞ ۝٢٠
21

സത്യവിശ്വാസികളേ, നിങ്ങള്‍ പിശാചിന്റെ മാര്‍ഗങ്ങളെ പിന്‍പറ്റരുത്‌. വല്ലവനും പിശാചിന്റെ മാര്‍ഗങ്ങള്‍ പിന്‍പറ്റുന്നതായാല്‍ (അവന്‍ വഴിതെറ്റിപ്പോകുന്നതാണ്‌; കാരണം,) നിശ്ചയമായും അവന്‍ നീചകര്‍മങ്ങളും നിഷിദ്ധവൃത്തികളും ഉപദേശിക്കുന്നു. അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവുമുണ്ടായിരുന്നില്ലെങ്കില്‍ നിങ്ങളില്‍ ആരും ഒരിക്കലും ശുദ്ധിനേടുമായിരുന്നില്ല. പക്ഷേ, താനുദ്ദേശിക്കുന്നവരെ അല്ലാഹു ശുദ്ധിയാക്കുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും സര്‍വജ്ഞനുമാണ്‌.

۞ يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّبِعُواْ خُطُوَٰتِ ٱلشَّيۡطَٰنِۚ وَمَن يَتَّبِعۡ خُطُوَٰتِ ٱلشَّيۡطَٰنِ فَإِنَّهُۥ يَأۡمُرُ بِٱلۡفَحۡشَآءِ وَٱلۡمُنكَرِۚ وَلَوۡلَا فَضۡلُ ٱللَّهِ عَلَيۡكُمۡ وَرَحۡمَتُهُۥ مَا زَكَىٰ مِنكُم مِّنۡ أَحَدٍ أَبَدٗا وَلَٰكِنَّ ٱللَّهَ يُزَكِّي مَن يَشَآءُۗ وَٱللَّهُ سَمِيعٌ عَلِيمٞ ۝٢١
22

നിങ്ങളില്‍ ശ്രേഷ്‌ഠതയും സാമ്പത്തിക ശേഷിയുമുള്ളവര്‍, തങ്ങളുടെ കുടുംബങ്ങള്‍ക്കും അഗതികള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഹിജ്‌റപോന്നിട്ടുള്ളവര്‍ക്കും ധനസഹായം ചെയ്യില്ലെന്ന്‌ സത്യം ചെയ്യരുത്‌. അവര്‍ മാപ്പുനല്‍കുകയും വിട്ടുകൊടുക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക്‌ പൊറുത്തു തരുന്നത്‌ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറ്റവും പൊറുക്കുന്നവനും കാരുണ്യവാനുമാകുന്നു.

وَلَا يَأۡتَلِ أُوْلُواْ ٱلۡفَضۡلِ مِنكُمۡ وَٱلسَّعَةِ أَن يُؤۡتُوٓاْ أُوْلِي ٱلۡقُرۡبَىٰ وَٱلۡمَسَٰكِينَ وَٱلۡمُهَٰجِرِينَ فِي سَبِيلِ ٱللَّهِۖ وَلۡيَعۡفُواْ وَلۡيَصۡفَحُوٓاْۗ أَلَا تُحِبُّونَ أَن يَغۡفِرَ ٱللَّهُ لَكُمۡۚ وَٱللَّهُ غَفُورٞ رَّحِيمٌ ۝٢٢
23

വ്യഭിചാര വിചാരം പോലും മനസ്സിലുദിക്കാത്ത സത്യവിശ്വാസിനികളായ പതിവ്രതകളുടെ പേരില്‍ വ്യഭിചാരാരോപണം ചെയ്‌തവര്‍ ഇഹലോകത്തും പരലോകത്തും ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ക്ക്‌ കഠിന ശിക്ഷയുമുണ്ട്‌.

إِنَّ ٱلَّذِينَ يَرۡمُونَ ٱلۡمُحۡصَنَٰتِ ٱلۡغَٰفِلَٰتِ ٱلۡمُؤۡمِنَٰتِ لُعِنُواْ فِي ٱلدُّنۡيَا وَٱلۡأٓخِرَةِ وَلَهُمۡ عَذَابٌ عَظِيمٞ ۝٢٣
24

സ്വന്തം നാവുകളും കൈകാലുകളും തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അവര്‍ക്കെതിരില്‍ സാക്ഷിപറയുന്ന ദിവസം-

يَوۡمَ تَشۡهَدُ عَلَيۡهِمۡ أَلۡسِنَتُهُمۡ وَأَيۡدِيهِمۡ وَأَرۡجُلُهُم بِمَا كَانُواْ يَعۡمَلُونَ ۝٢٤
25

അല്ലാഹു അന്നവര്‍ക്ക്‌ ന്യായമായ പ്രതിഫലം പൂര്‍ത്തിയാക്കിക്കൊടുക്കുന്നതാണ്‌. നിശ്ചയം അല്ലാഹു തന്നെയാണ്‌ സ്‌പഷ്ടമായ നീതി പാലിക്കുന്നവന്‍ എന്നവര്‍ ഗ്രഹിക്കുകയും ചെയ്യും.

يَوۡمَئِذٖ يُوَفِّيهِمُ ٱللَّهُ دِينَهُمُ ٱلۡحَقَّ وَيَعۡلَمُونَ أَنَّ ٱللَّهَ هُوَ ٱلۡحَقُّ ٱلۡمُبِينُ ۝٢٥
26

ദുര്‍നടപ്പുകാരികളായ സ്‌ത്രീകള്‍ ദുര്‍നടപ്പുകാരായ പുരുഷന്മാര്‍ക്കും ദുര്‍നടപ്പുകാരായ പുരുഷന്മാര്‍ ദുര്‍നടപ്പുകാരികളായ സ്‌ത്രീകള്‍ക്കുമാണ്‌. നല്ല നടപടിക്കാരികളായ സ്‌ത്രീകള്‍ നല്ല നടപടിക്കാരായ പുരുഷന്മാര്‍ക്കും നല്ല നടപടിക്കാരായ പുരുഷന്മാര്‍ നല്ല നടപടിക്കാരികളായ സ്‌ത്രീകള്‍ക്കുമാകുന്നു. നല്ലവരായ അക്കൂട്ടര്‍ ദുഷ്ടരായ ഇവര്‍ പറഞ്ഞുപരത്തിയ കുറ്റത്തില്‍ നിന്ന്‌ സുരക്ഷിതരാണ്‌. അവര്‍ക്ക്‌ പാപപരിഹാരവും മാന്യമായ ഭക്ഷണവുമുണ്ട്‌.

ٱلۡخَبِيثَٰتُ لِلۡخَبِيثِينَ وَٱلۡخَبِيثُونَ لِلۡخَبِيثَٰتِۖ وَٱلطَّيِّبَٰتُ لِلطَّيِّبِينَ وَٱلطَّيِّبُونَ لِلطَّيِّبَٰتِۚ أُوْلَٰٓئِكَ مُبَرَّءُونَ مِمَّا يَقُولُونَۖ لَهُم مَّغۡفِرَةٞ وَرِزۡقٞ كَرِيمٞ ۝٢٦
27

സത്യവിശ്വാസികളേ, നിങ്ങളുടേതല്ലാത്ത വീടുകളില്‍, ആ വീട്ടുകാരോട്‌ അനുവാദം ചോദിക്കുകയും അവര്‍ക്ക്‌ സലാം പറയുകയും ചെയ്യുന്നത്‌ വരെ പ്രവേശിക്കരുത്‌. അത്‌ നിങ്ങള്‍ക്ക്‌ ഗുണകരമാണ്‌. നിങ്ങള്‍ ഓര്‍മവെക്കുവാനാണ്‌ (ഇത്‌ അവതരിപ്പിച്ചു തന്നിരിക്കുന്നത്‌).

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَدۡخُلُواْ بُيُوتًا غَيۡرَ بُيُوتِكُمۡ حَتَّىٰ تَسۡتَأۡنِسُواْ وَتُسَلِّمُواْ عَلَىٰٓ أَهۡلِهَاۚ ذَٰلِكُمۡ خَيۡرٞ لَّكُمۡ لَعَلَّكُمۡ تَذَكَّرُونَ ۝٢٧
28

ഇനി (അനുവാദം നല്‍കുവാന്‍) ആരെയും നിങ്ങള്‍ അവിടെ കണ്ടില്ലെങ്കില്‍, അനുമതി ലഭിക്കുന്നത്‌ വരെ നിങ്ങളതില്‍ പ്രവേശിക്കരുത്‌. മടങ്ങിപ്പോവുക എന്ന്‌ നിങ്ങളോട്‌ പറയപ്പെട്ടാല്‍ മടങ്ങുക; അതാണ്‌ നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ്‌.

فَإِن لَّمۡ تَجِدُواْ فِيهَآ أَحَدٗا فَلَا تَدۡخُلُوهَا حَتَّىٰ يُؤۡذَنَ لَكُمۡۖ وَإِن قِيلَ لَكُمُ ٱرۡجِعُواْ فَٱرۡجِعُواْۖ هُوَ أَزۡكَىٰ لَكُمۡۚ وَٱللَّهُ بِمَا تَعۡمَلُونَ عَلِيمٞ ۝٢٨
29

നിങ്ങള്‍ക്ക്‌ (വിശ്രമം പോലുള്ള എന്തെങ്കിലും) ഉപയോഗങ്ങള്‍ക്കായി ജനവാസമില്ലാത്ത വീടുകളില്‍ (അനുവാദം ചോദിക്കാതെ) പ്രവേശിക്കുന്നതില്‍ തെറ്റൊന്നുമില്ല.നിങ്ങള്‍ വെളിപ്പെടുത്തുന്നതും മറച്ചുവെക്കുന്നതും അല്ലാഹു അറിയുന്നുണ്ട്‌.

لَّيۡسَ عَلَيۡكُمۡ جُنَاحٌ أَن تَدۡخُلُواْ بُيُوتًا غَيۡرَ مَسۡكُونَةٖ فِيهَا مَتَٰعٞ لَّكُمۡۚ وَٱللَّهُ يَعۡلَمُ مَا تُبۡدُونَ وَمَا تَكۡتُمُونَ ۝٢٩
30

(നബീ,) സത്യവിശ്വാസികളോട്‌ അവരുടെ കണ്ണുകള്‍ ചിമ്മുവാനും ജനനേന്ദ്രിയങ്ങള്‍ സൂക്ഷിക്കുവാനും താങ്കള്‍ പറയുക. (എന്നാല്‍ അവര്‍ അപ്രകാരം ചെയ്യും.) അതാണ്‌ അവര്‍ക്ക്‌ ഏറ്റവും ശുദ്ധമായ മാര്‍ഗം. നിശ്ചയം അവര്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച്‌ അല്ലാഹു സൂക്ഷ്‌മജ്ഞനാണ്‌.

قُل لِّلۡمُؤۡمِنِينَ يَغُضُّواْ مِنۡ أَبۡصَٰرِهِمۡ وَيَحۡفَظُواْ فُرُوجَهُمۡۚ ذَٰلِكَ أَزۡكَىٰ لَهُمۡۚ إِنَّ ٱللَّهَ خَبِيرُۢ بِمَا يَصۡنَعُونَ ۝٣٠
31

സത്യവിശ്വാസിനികളോടും കണ്ണുകള്‍ ചിമ്മുവാനും ജനനേന്ദ്രിയങ്ങള്‍ സൂക്ഷിക്കുവാനും സൗന്ദര്യത്തില്‍ നിന്ന്‌ പ്രത്യക്ഷമായതല്ലാതെ വെളിപ്പെടുത്തരുതെന്നും പറയുക. (എന്നാല്‍ അവരും അപ്രകാരം ചെയ്യുന്നതാണ്‌.) അവര്‍ മക്കനകള്‍ കൊണ്ട്‌ തങ്ങളുടെ ശിരസ്സും കഴുത്തും മാറിടങ്ങളും മറക്കട്ടെ..ഭര്‍ത്താക്കള്‍, പിതാക്കള്‍, ഭര്‍തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍തൃപുത്രന്മാര്‍, സഹോദരന്മാര്‍, സഹോദരന്മാരുടെ പുത്രന്മാര്‍, സഹോദരിമാരുടെ പുത്രന്മാര്‍, തങ്ങളെ പോലെയുള്ള സ്‌ത്രീകള്‍, സ്വന്തം അടിമകള്‍, (ഭക്ഷണത്തിന്റെ അവശിഷ്ടം ഭുജിക്കുവാനായി) തങ്ങളെ ചുറ്റിപ്പറ്റിനടക്കുന്ന, സ്‌ത്രീകളോട്‌ തീരെ ലൈംഗിക മോഹമില്ലാത്ത പുരുഷന്മാര്‍, സ്‌ത്രീകളുടെ രഹസ്യങ്ങളെ കുറിച്ച്‌ മനസ്സിലാക്കാന്‍ പ്രായമെത്തിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവര്‍ക്കല്ലാതെ തങ്ങളുടെ സൗന്ദര്യം അവര്‍ വെളിപ്പെടുത്താന്‍ പാടില്ല.തങ്ങളുടെ അലങ്കാരത്തില്‍ നിന്ന്‌ മറച്ചുവെക്കുന്നത്‌ പുറത്തറിയുവാനായി അവര്‍ കാലടിച്ചു നടക്കരുത്‌. സത്യവിശ്വാസികളേ, നിങ്ങള്‍ വിജയം നേടുവാനായി എല്ലാവരും അല്ലാഹുവിലേക്ക്‌ പശ്ചാത്തപിക്കുക.

وَقُل لِّلۡمُؤۡمِنَٰتِ يَغۡضُضۡنَ مِنۡ أَبۡصَٰرِهِنَّ وَيَحۡفَظۡنَ فُرُوجَهُنَّ وَلَا يُبۡدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنۡهَاۖ وَلۡيَضۡرِبۡنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّۖ وَلَا يُبۡدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوۡ ءَابَآئِهِنَّ أَوۡ ءَابَآءِ بُعُولَتِهِنَّ أَوۡ أَبۡنَآئِهِنَّ أَوۡ أَبۡنَآءِ بُعُولَتِهِنَّ أَوۡ إِخۡوَٰنِهِنَّ أَوۡ بَنِيٓ إِخۡوَٰنِهِنَّ أَوۡ بَنِيٓ أَخَوَٰتِهِنَّ أَوۡ نِسَآئِهِنَّ أَوۡ مَا مَلَكَتۡ أَيۡمَٰنُهُنَّ أَوِ ٱلتَّٰبِعِينَ غَيۡرِ أُوْلِي ٱلۡإِرۡبَةِ مِنَ ٱلرِّجَالِ أَوِ ٱلطِّفۡلِ ٱلَّذِينَ لَمۡ يَظۡهَرُواْ عَلَىٰ عَوۡرَٰتِ ٱلنِّسَآءِۖ وَلَا يَضۡرِبۡنَ بِأَرۡجُلِهِنَّ لِيُعۡلَمَ مَا يُخۡفِينَ مِن زِينَتِهِنَّۚ وَتُوبُوٓاْ إِلَى ٱللَّهِ جَمِيعًا أَيُّهَ ٱلۡمُؤۡمِنُونَ لَعَلَّكُمۡ تُفۡلِحُونَ ۝٣١
32

നിങ്ങളില്‍ ഇണകളില്ലാത്ത സ്‌ത്രീപുരുഷന്മാര്‍ക്കും ആണ്‍ പെണ്‍അടിമകളില്‍ നല്ലവര്‍ക്കും വിവാഹം നടത്തിക്കൊടുക്കുക. അവര്‍ ദരിദ്രരാണെങ്കില്‍ തന്റെ ഔദാര്യത്താല്‍ അല്ലാഹു അവര്‍ക്ക്‌ ഐശ്വര്യം നല്‍കുന്നതാണ്‌. കാരുണ്യം വിശാലമായവനും സര്‍വജ്ഞനുമത്രേ അല്ലാഹു.

وَأَنكِحُواْ ٱلۡأَيَٰمَىٰ مِنكُمۡ وَٱلصَّٰلِحِينَ مِنۡ عِبَادِكُمۡ وَإِمَآئِكُمۡۚ إِن يَكُونُواْ فُقَرَآءَ يُغۡنِهِمُ ٱللَّهُ مِن فَضۡلِهِۦۗ وَٱللَّهُ وَٰسِعٌ عَلِيمٞ ۝٣٢
33

വിവാഹം ചെയ്യുവാന്‍ ആവശ്യമായ സാമ്പത്തിക കഴിവു ലഭിക്കാത്തവര്‍, അല്ലാഹു തന്റെ അനുഗ്രഹത്താല്‍ ഐശ്വര്യം നല്‍കുന്നത്‌ വരെ തങ്ങളുടെ പാതിവ്രത്യം സംരക്ഷിക്കട്ടെ. നിങ്ങളുടെ അടിമകളില്‍ നിന്നു മോചനക്കരാര്‍ എഴുതിക്കൊടുക്കുവാന്‍ ആവശ്യപ്പെടുന്നവര്‍ക്ക്‌, അവരില്‍ നന്മയുണ്ടെന്നറിയുന്ന പക്ഷം നിങ്ങള്‍ മോചനക്കരാര്‍ എഴുതിക്കൊടുക്കുക.അല്ലാഹു നിങ്ങള്‍ക്ക്‌ നല്‍കിയ ധനത്തില്‍ നിന്ന്‌ അവര്‍ക്ക്‌ നല്‍കുകയും ചെയ്യുക. സ്വന്തം അടിമസ്‌ത്രീകളെ-അവര്‍ ചാരിത്രശുദ്ധി ഉദ്ദേശിക്കുമ്പോള്‍-ഐഹിക ജിവിത വിഭവങ്ങളാഗ്രഹിച്ചുകൊണ്ട്‌ നിങ്ങള്‍ വ്യഭിചാരവൃത്തിക്ക്‌ നിര്‍ബന്ധിക്കരുത്‌. വല്ലവനും അതിന്നവരെ നിര്‍ബന്ധിച്ചാല്‍ ആ നിര്‍ബന്ധത്തിന്‌ ശേഷം അല്ലാഹു അവര്‍ക്ക്‌ പൊറുത്തുകൊടുക്കുന്നവനും കരുണ ചെയ്യുന്നവനും തന്നെയാകുന്നു.

وَلۡيَسۡتَعۡفِفِ ٱلَّذِينَ لَا يَجِدُونَ نِكَاحًا حَتَّىٰ يُغۡنِيَهُمُ ٱللَّهُ مِن فَضۡلِهِۦۗ وَٱلَّذِينَ يَبۡتَغُونَ ٱلۡكِتَٰبَ مِمَّا مَلَكَتۡ أَيۡمَٰنُكُمۡ فَكَاتِبُوهُمۡ إِنۡ عَلِمۡتُمۡ فِيهِمۡ خَيۡرٗاۖ وَءَاتُوهُم مِّن مَّالِ ٱللَّهِ ٱلَّذِيٓ ءَاتَىٰكُمۡۚ وَلَا تُكۡرِهُواْ فَتَيَٰتِكُمۡ عَلَى ٱلۡبِغَآءِ إِنۡ أَرَدۡنَ تَحَصُّنٗا لِّتَبۡتَغُواْ عَرَضَ ٱلۡحَيَوٰةِ ٱلدُّنۡيَاۚ وَمَن يُكۡرِههُّنَّ فَإِنَّ ٱللَّهَ مِنۢ بَعۡدِ إِكۡرَٰهِهِنَّ غَفُورٞ رَّحِيمٞ ۝٣٣
34

തീര്‍ച്ചയായും നിങ്ങള്‍ക്കാവശ്യമായ വിവിധ കാര്യങ്ങള്‍ വ്യക്തമാക്കിത്തരുന്ന പല ലക്ഷ്യങ്ങളും, മുമ്പ്‌ കഴിഞ്ഞവരിലുണ്ടായതു പോലെയുള്ള അദ്‌ഭുതവൃത്താന്തവും ദോഷബാധയെ സൂക്ഷിക്കുന്നവര്‍ക്കുവേണ്ട സദുപദേശവും നാം അവതരിപ്പിച്ചു തന്നിരിക്കുന്നു.

وَلَقَدۡ أَنزَلۡنَآ إِلَيۡكُمۡ ءَايَٰتٖ مُّبَيِّنَٰتٖ وَمَثَلٗا مِّنَ ٱلَّذِينَ خَلَوۡاْ مِن قَبۡلِكُمۡ وَمَوۡعِظَةٗ لِّلۡمُتَّقِينَ ۝٣٤
35

അല്ലാഹു ആകാശഭൂമികളെ പ്രകാശിപ്പിച്ചവനാകുന്നു. (സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍) അവന്‍ നല്‍കിയ പ്രകാശത്തിന്റെ ഉപമ (വിളക്കുവെക്കുവാനുള്ള) ഒരു ചുമര്‍മാടം പോലെയാണ്‌: അതില്‍ ഒരു വിളക്കുണ്ട്‌. ആ വിളക്കാകട്ടെ ഒരു സ്‌ഫടികക്കുപ്പിക്കുള്ളിലാണിരിക്കുന്നത്‌.ആ സ്‌ഫടികക്കുപ്പിയോ, കത്തിത്തിളങ്ങുന്ന നക്ഷത്രം പോലെയും. കിഴക്കുഭാഗത്തോ പടിഞ്ഞാറുഭാഗത്തോ വളര്‍ന്നതല്ലാത്ത (അധികം ചൂടോ തണുപ്പോ ഏല്‍ക്കാത്ത മധ്യകാലാവസ്ഥയുള്ള പ്രദേശത്ത്‌ സ്ഥിതിചെയ്യുന്ന) അനുഗൃഹീതമായ ഒരു ഒലീവ്‌ വൃക്ഷത്തിന്റെ എണ്ണകൊണ്ടാണത്‌ കത്തിക്കപ്പെടുന്നത്‌. അതിന്റെ എണ്ണ തീ സ്‌പര്‍ശിച്ചിട്ടില്ലെങ്കില്‍ തന്നെ സ്വയം വെളിച്ചം നല്‍കുമാറാകുന്നതാണ്‌. അങ്ങനെ പ്രകാശത്തിനുമേല്‍ പ്രകാശം! താനുദ്ദേശിക്കുന്നവരെ തന്റെ പ്രകാശത്തിലേക്ക്‌ (സത്യത്തിലേക്ക്‌) അല്ലാഹു എത്തിച്ചുകൊടുക്കുകയും ജനങ്ങള്‍ക്ക്‌ ഉപമകള്‍ വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു. എല്ലാ കാര്യങ്ങളെ കുറിച്ചും അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്‌.(33)

۞ ٱللَّهُ نُورُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ مَثَلُ نُورِهِۦ كَمِشۡكَوٰةٖ فِيهَا مِصۡبَاحٌۖ ٱلۡمِصۡبَاحُ فِي زُجَاجَةٍۖ ٱلزُّجَاجَةُ كَأَنَّهَا كَوۡكَبٞ دُرِّيّٞ يُوقَدُ مِن شَجَرَةٖ مُّبَٰرَكَةٖ زَيۡتُونَةٖ لَّا شَرۡقِيَّةٖ وَلَا غَرۡبِيَّةٖ يَكَادُ زَيۡتُهَا يُضِيٓءُ وَلَوۡ لَمۡ تَمۡسَسۡهُ نَارٞۚ نُّورٌ عَلَىٰ نُورٖۚ يَهۡدِي ٱللَّهُ لِنُورِهِۦ مَن يَشَآءُۚ وَيَضۡرِبُ ٱللَّهُ ٱلۡأَمۡثَٰلَ لِلنَّاسِۗ وَٱللَّهُ بِكُلِّ شَيۡءٍ عَلِيمٞ ۝٣٥
36

ബഹുമാനിക്കുവാനും തന്റെ നാമം പറയുവാനും അല്ലാഹു കല്‍പിച്ച ഭവനങ്ങളില്‍-പള്ളികളില്‍രാവിലെയും സന്ധ്യാസമയങ്ങളിലും അവയില്‍ വെച്ച്‌ പുരുഷന്മാര്‍ അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നതാണ്‌.

فِي بُيُوتٍ أَذِنَ ٱللَّهُ أَن تُرۡفَعَ وَيُذۡكَرَ فِيهَا ٱسۡمُهُۥ يُسَبِّحُ لَهُۥ فِيهَا بِٱلۡغُدُوِّ وَٱلۡأٓصَالِ ۝٣٦
37

അല്ലാഹുവിന്റെ നാമം പറയുന്നതില്‍ നിന്നും നമസ്‌കാരം മുറപ്രകാരം അനുഷ്ഠിച്ചു പോരുന്നതില്‍നിന്നും സകാത്ത് കൊടുക്കുന്നതില്‍ നിന്നും ക്രയവിക്രയങ്ങള്‍ അവരെ തടയുന്നതല്ല. ഹൃദയങ്ങളും നേത്രങ്ങളും കീഴ്‌മേല്‍ മറിയുന്ന ഒരു ദിവസത്തെ (ഖിയാമത്ത്‌നാളിനെ) അവര്‍ ഭയപ്പെടുന്നു.

رِجَالٞ لَّا تُلۡهِيهِمۡ تِجَٰرَةٞ وَلَا بَيۡعٌ عَن ذِكۡرِ ٱللَّهِ وَإِقَامِ ٱلصَّلَوٰةِ وَإِيتَآءِ ٱلزَّكَوٰةِ يَخَافُونَ يَوۡمٗا تَتَقَلَّبُ فِيهِ ٱلۡقُلُوبُ وَٱلۡأَبۡصَٰرُ ۝٣٧
38

അല്ലാഹു അവരുടെ നല്ല പ്രവൃത്തികള്‍ക്ക്‌ പ്രതിഫലം നല്‍കുവാനും തന്റെ അനുഗ്രഹത്തില്‍ നിന്ന്‌ അവര്‍ക്ക്‌ വര്‍ധിപ്പിച്ചുകൊടുക്കുവാനും വേണ്ടിയാണ്‌ (അവരതു ചെയ്യുന്നത്‌). താനുദ്ദേശിക്കുന്നവര്‍ക്ക്‌ അല്ലാഹു ധാരാളം കൊടുക്കുന്നതാണ്‌.

لِيَجۡزِيَهُمُ ٱللَّهُ أَحۡسَنَ مَا عَمِلُواْ وَيَزِيدَهُم مِّن فَضۡلِهِۦۗ وَٱللَّهُ يَرۡزُقُ مَن يَشَآءُ بِغَيۡرِ حِسَابٖ ۝٣٨
39

സത്യനിഷേധികളുടെ (ധര്‍മം പോലെയുള്ള) പ്രവൃത്തികള്‍ മരുഭൂമിയിലെ മരീചിക പോലെയാണ്‌. ദാഹിച്ചവന്‍ അത്‌ വെള്ളമാണെന്ന്‌ ധരിക്കുന്നു. അങ്ങനെ അവന്‍ അവിടെ ചെന്നുനോക്കിയാല്‍ ഒന്നും കാണുകയില്ല. ആ സത്യനിഷേധി തന്റെ പ്രവര്‍ത്തനങ്ങള്‍ക്കടുത്ത്‌ അല്ലാഹുവിന്റെ നിയമത്തെ കാണുന്നതാണ്‌. അങ്ങനെ അതിന്റെ പ്രതിഫലം അവന്‍ പൂര്‍ണമാക്കിക്കൊടുക്കും. അല്ലാഹു വേഗം കണക്ക്‌ പരിശോധിക്കുന്നവനാകുന്നു.

وَٱلَّذِينَ كَفَرُوٓاْ أَعۡمَٰلُهُمۡ كَسَرَابِۭ بِقِيعَةٖ يَحۡسَبُهُ ٱلظَّمۡـَٔانُ مَآءً حَتَّىٰٓ إِذَا جَآءَهُۥ لَمۡ يَجِدۡهُ شَيۡـٔٗا وَوَجَدَ ٱللَّهَ عِندَهُۥ فَوَفَّىٰهُ حِسَابَهُۥۗ وَٱللَّهُ سَرِيعُ ٱلۡحِسَابِ ۝٣٩
40

അല്ലെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ആഴക്കടലിലെ അന്ധകാരങ്ങള്‍ പോലെയാണ്‌. തിരമാലകള്‍ അതിനെ മേല്‍ക്കുമേല്‍ മൂടിക്കളഞ്ഞിരിക്കുന്നു; അതിന്റെ മേലെ കാര്‍മേഘവുമുണ്ട്‌. അങ്ങനെ ഒന്നിന്നുമീതെ ഒന്നായിക്കൊണ്ടുള്ള പലതരം അന്ധകാരങ്ങള്‍! തന്റെ കൈ പുറത്തുകാട്ടിയാല്‍ അവനതു കാണുമാറാകയില്ല. (അത്രയും കൂരിരുട്ട്‌.) അല്ലാഹു പ്രകാശം നല്‍കാത്തവര്‍ക്ക്‌ ഒട്ടും പ്രകാശം ലഭിക്കുന്നതല്ല.

أَوۡ كَظُلُمَٰتٖ فِي بَحۡرٖ لُّجِّيّٖ يَغۡشَىٰهُ مَوۡجٞ مِّن فَوۡقِهِۦ مَوۡجٞ مِّن فَوۡقِهِۦ سَحَابٞۚ ظُلُمَٰتُۢ بَعۡضُهَا فَوۡقَ بَعۡضٍ إِذَآ أَخۡرَجَ يَدَهُۥ لَمۡ يَكَدۡ يَرَىٰهَاۗ وَمَن لَّمۡ يَجۡعَلِ ٱللَّهُ لَهُۥ نُورٗا فَمَا لَهُۥ مِن نُّورٍ ۝٤٠
41

ആകാശഭൂമികളിലുള്ളവരും വായുമണ്ഡലത്തില്‍ ചിറകുവിടര്‍ത്തി പറക്കുന്ന പക്ഷികളും നിശ്ചയം അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തനം ചെയ്യുന്നുവെന്ന്‌ താങ്കള്‍ അറിഞ്ഞിട്ടില്ലേ? അവ ഓരോന്നും അതിന്റെ പ്രാര്‍ത്ഥനയും തസ്‌ബീഹും ഗ്രഹിക്കുക തന്നെ ചെയ്‌തിട്ടുണ്ട്‌. അവര്‍ ചെയ്യുന്നതിനെ പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ്‌.

أَلَمۡ تَرَ أَنَّ ٱللَّهَ يُسَبِّحُ لَهُۥ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَٱلطَّيۡرُ صَٰٓفَّٰتٖۖ كُلّٞ قَدۡ عَلِمَ صَلَاتَهُۥ وَتَسۡبِيحَهُۥۗ وَٱللَّهُ عَلِيمُۢ بِمَا يَفۡعَلُونَ ۝٤١
42

ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്‌. അല്ലാഹുവിങ്കലേക്ക്‌ തന്നെയാണ്‌ എല്ലാവരുടെയും മടക്കം.

وَلِلَّهِ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ وَإِلَى ٱللَّهِ ٱلۡمَصِيرُ ۝٤٢
43

നിശ്ചയം അല്ലാഹു മേഘത്തെ പതുക്കെ വലിച്ചുകൊണ്ടു വരികയും പിന്നീട്‌ അവ തമ്മില്‍ സംയോജിപ്പിക്കുകയും അനന്തരം അതിനെ അട്ടിയാക്കുകയും ചെയ്യുന്നത്‌ താങ്കള്‍ കണ്ടില്ലേ? അങ്ങനെ അതില്‍ നിന്ന്‌ മഴവര്‍ഷിക്കുന്നതു താങ്കള്‍ക്കു കാണാം. ആകാശത്തുനിന്ന്‌, അതായത്‌ അതിലുള്ള മേഘപര്‍വതങ്ങളില്‍ നിന്ന്‌ അവന്‍ ഹിമക്കട്ടകളെ ഇറക്കുന്നു. എന്നിട്ട്‌ താനുദ്ദേശിച്ചവരുടെ മേല്‍ അതിനെ അവന്‍ വീഴ്‌ത്തുകയും ഉദ്ദേശിച്ചവരില്‍ നിന്ന്‌ തടയുകയും ചെയ്യുന്നു. മേഘത്തില്‍ നിന്നുണ്ടാകുന്ന മിന്നലിന്റെ പ്രകാശം കാഴ്‌ചകളെ റാഞ്ചിയെടുക്കാറാകും.

أَلَمۡ تَرَ أَنَّ ٱللَّهَ يُزۡجِي سَحَابٗا ثُمَّ يُؤَلِّفُ بَيۡنَهُۥ ثُمَّ يَجۡعَلُهُۥ رُكَامٗا فَتَرَى ٱلۡوَدۡقَ يَخۡرُجُ مِنۡ خِلَٰلِهِۦ وَيُنَزِّلُ مِنَ ٱلسَّمَآءِ مِن جِبَالٖ فِيهَا مِنۢ بَرَدٖ فَيُصِيبُ بِهِۦ مَن يَشَآءُ وَيَصۡرِفُهُۥ عَن مَّن يَشَآءُۖ يَكَادُ سَنَا بَرۡقِهِۦ يَذۡهَبُ بِٱلۡأَبۡصَٰرِ ۝٤٣
44

അല്ലാഹു രാപ്പകലുകളെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. നിശ്ചയമായും ചിന്തിക്കുന്നവര്‍ക്കതില്‍ പാഠമുണ്ട്‌.

يُقَلِّبُ ٱللَّهُ ٱلَّيۡلَ وَٱلنَّهَارَۚ إِنَّ فِي ذَٰلِكَ لَعِبۡرَةٗ لِّأُوْلِي ٱلۡأَبۡصَٰرِ ۝٤٤
45

എല്ലാ ജീവികളെയും അല്ലാഹു വെള്ളത്തില്‍ നിന്നു സൃഷ്ടിച്ചു. എന്നാല്‍ അവയില്‍ ചിലത്‌ ഉദരത്തിന്മേല്‍ ഇഴഞ്ഞുനടക്കുന്നു. രണ്ടു കാലിന്മേല്‍ നടക്കുന്നതും അവയിലുണ്ട്‌. ചിലത്‌ നാലുകാലില്‍ നടക്കുന്നു. താനുദ്ദേശിക്കുന്നത്‌ അല്ലാഹു സൃഷ്ടിക്കും. നിശ്ചയം അവന്‍ എല്ലാ കാര്യത്തിനും നല്ലവണ്ണം കഴിവുള്ളവനാകുന്നു.

وَٱللَّهُ خَلَقَ كُلَّ دَآبَّةٖ مِّن مَّآءٖۖ فَمِنۡهُم مَّن يَمۡشِي عَلَىٰ بَطۡنِهِۦ وَمِنۡهُم مَّن يَمۡشِي عَلَىٰ رِجۡلَيۡنِ وَمِنۡهُم مَّن يَمۡشِي عَلَىٰٓ أَرۡبَعٖۚ يَخۡلُقُ ٱللَّهُ مَا يَشَآءُۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ۝٤٥
46

സത്യം വ്യക്തമാക്കുന്ന വാക്യങ്ങള്‍ നാം അവതരിപ്പിക്കുക തന്നെ ചെയ്‌തിട്ടുണ്ട്‌. താനുദ്ദേശിക്കുന്നവരെ അല്ലാഹു നേര്‍മാര്‍ഗത്തില്‍ ചേര്‍ത്തിക്കൊടുക്കുന്നതാണ്‌.

لَّقَدۡ أَنزَلۡنَآ ءَايَٰتٖ مُّبَيِّنَٰتٖۚ وَٱللَّهُ يَهۡدِي مَن يَشَآءُ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ ۝٤٦
47

ഞങ്ങള്‍ അല്ലാഹുവിലും റസൂലിലും വിശ്വസിച്ചു എന്നും അവരെ ഞങ്ങള്‍ അനുസരിച്ചു എന്നും അവര്‍ പറയും. അതിനു ശേഷം അവരില്‍ നിന്ന്‌ ഒരു വിഭാഗമതാ പിന്നെയും പിന്തിരിഞ്ഞുപോകുന്നു. അവര്‍ സത്യവിശ്വാസികള്‍ അല്ലതന്നെ.

وَيَقُولُونَ ءَامَنَّا بِٱللَّهِ وَبِٱلرَّسُولِ وَأَطَعۡنَا ثُمَّ يَتَوَلَّىٰ فَرِيقٞ مِّنۡهُم مِّنۢ بَعۡدِ ذَٰلِكَۚ وَمَآ أُوْلَٰٓئِكَ بِٱلۡمُؤۡمِنِينَ ۝٤٧
48

അവര്‍ക്കിടയില്‍ വിധിനല്‍കേണ്ടതിന്നായി അല്ലാഹുവിങ്കലേക്കും അവന്റെ റസൂലിങ്കലേക്കും വിളിക്കപ്പെട്ടാല്‍ അപ്പോഴതാ അവരില്‍ ഒരുസംഘം തിരിഞ്ഞുപോകുന്നവരാണ്‌.

وَإِذَا دُعُوٓاْ إِلَى ٱللَّهِ وَرَسُولِهِۦ لِيَحۡكُمَ بَيۡنَهُمۡ إِذَا فَرِيقٞ مِّنۡهُم مُّعۡرِضُونَ ۝٤٨
49

സത്യം തങ്ങളുടെ പക്ഷത്തായിരുന്നുവെങ്കില്‍ അവര്‍ നബിയുടെ സന്നിധിയില്‍ അനുസരണമുള്ളവരായി ഓടി എത്തുമായിരുന്നു.

وَإِن يَكُن لَّهُمُ ٱلۡحَقُّ يَأۡتُوٓاْ إِلَيۡهِ مُذۡعِنِينَ ۝٤٩
50

അവരുടെ ഹൃദയങ്ങളില്‍ വല്ല രോഗവുമുണ്ടോ? അതോ (നബിയുടെ പ്രവാചകത്വത്തില്‍) അവര്‍ സംശയിക്കുകയോ അല്ലാഹുവും റസൂലും തങ്ങളോട്‌ അനീതി പ്രവര്‍ത്തിക്കുമെന്ന്‌ ഭയപ്പെടുകയോ ചെയ്യുന്നുണ്ടോ? അതൊന്നുമല്ല. അക്കൂട്ടര്‍ അക്രമികള്‍ തന്നെയാണ്‌.

أَفِي قُلُوبِهِم مَّرَضٌ أَمِ ٱرۡتَابُوٓاْ أَمۡ يَخَافُونَ أَن يَحِيفَ ٱللَّهُ عَلَيۡهِمۡ وَرَسُولُهُۥۚ بَلۡ أُوْلَٰٓئِكَ هُمُ ٱلظَّٰلِمُونَ ۝٥٠
51

തങ്ങള്‍ക്കിടയില്‍ വിധിനല്‍കുവാനായി അല്ലാഹുവിങ്കലേക്കും അവന്റെ റസൂലിങ്കലേക്കും വിളിക്കപ്പെട്ടാല്‍ `ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്‌തു' എന്ന്‌ മാത്രമായിരിക്കും സത്യവിശ്വാസികള്‍ പറയുക. അവര്‍ തന്നെയാണ്‌ വിജയികള്‍.

إِنَّمَا كَانَ قَوۡلَ ٱلۡمُؤۡمِنِينَ إِذَا دُعُوٓاْ إِلَى ٱللَّهِ وَرَسُولِهِۦ لِيَحۡكُمَ بَيۡنَهُمۡ أَن يَقُولُواْ سَمِعۡنَا وَأَطَعۡنَاۚ وَأُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ ۝٥١
52

ആരെങ്കിലും അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുകയും ഭയപ്പെടുകയും സൂക്ഷിക്കുകയും ചെയ്യുന്നുവോ അവര്‍ തന്നെയാണ്‌ വിജയം നേടിയവര്‍.

وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ وَيَخۡشَ ٱللَّهَ وَيَتَّقۡهِ فَأُوْلَٰٓئِكَ هُمُ ٱلۡفَآئِزُونَ ۝٥٢
53

(നബീ,) താങ്കള്‍ അവരോട്‌ വല്ലതും കല്‍പിച്ചാല്‍ അതിന്നായി പുറപ്പെട്ടുകൊള്ളാമെന്ന്‌ അവര്‍ (കപടവിശ്വാസികള്‍) ശക്തിയായ ഭാഷയില്‍ അല്ലാഹുവിനെ മുന്‍നിറുത്തി സത്യം ചെയ്യും. താങ്കള്‍ പറയുക: നിങ്ങള്‍ സത്യം ചെയ്യുകയൊന്നും വേണ്ട. (നിങ്ങളുടേത്‌ എനിക്ക്‌) പരിചയമുള്ള അനുസരണമാണ്‌. നിശ്ചയമായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച്‌ അല്ലാഹു സൂക്ഷ്‌മജ്ഞനാകുന്നു.

۞ وَأَقۡسَمُواْ بِٱللَّهِ جَهۡدَ أَيۡمَٰنِهِمۡ لَئِنۡ أَمَرۡتَهُمۡ لَيَخۡرُجُنَّۖ قُل لَّا تُقۡسِمُواْۖ طَاعَةٞ مَّعۡرُوفَةٌۚ إِنَّ ٱللَّهَ خَبِيرُۢ بِمَا تَعۡمَلُونَ ۝٥٣
54

താങ്കള്‍ പ്രഖ്യാപിക്കുക: നിങ്ങള്‍ അല്ലാഹുവിന്നും റസൂലിന്നും വഴിപ്പെടണം. ഇനി നിങ്ങള്‍ പിന്മാറുകയാണെങ്കില്‍, തന്നെ ചുമതലപ്പെടുത്തപ്പെട്ടത്‌ മാത്രമേ റസൂലിന്ന്‌ ബാധ്യതയുള്ളു. നിങ്ങളെ ചുമതലപ്പെടുത്തപ്പെട്ടത്‌ നിറവേറ്റല്‍ നിങ്ങളുടെ ബാധ്യതയുമാണ്‌. റസൂലിനെ അനുസരിച്ചാല്‍ നിങ്ങള്‍ സന്മാര്‍ഗം പ്രാപിക്കും. റസൂലിന്റെ ചുമതല വ്യക്തമായ പ്രബോധനം മാത്രമാകുന്നു.

قُلۡ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَۖ فَإِن تَوَلَّوۡاْ فَإِنَّمَا عَلَيۡهِ مَا حُمِّلَ وَعَلَيۡكُم مَّا حُمِّلۡتُمۡۖ وَإِن تُطِيعُوهُ تَهۡتَدُواْۚ وَمَا عَلَى ٱلرَّسُولِ إِلَّا ٱلۡبَلَٰغُ ٱلۡمُبِينُ ۝٥٤
55

നിങ്ങളില്‍ സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കുകയും ചെയ്‌തവരോട്‌ അല്ലാഹു ഇതാ വാഗ്‌ദാനം ചെയ്‌തിരിക്കുന്നു-നിശ്ചയമായും അവരുടെ മുന്‍ഗാമികള്‍ക്കു പ്രാതിനിധ്യം നല്‍കിയതുപോലെ ഈ ഭൂമിയില്‍ അവര്‍ക്കും പ്രാതിനിധ്യം നല്‍കാമെന്നും അവര്‍ക്കായി അവന്‍ തൃപ്‌തിപ്പെട്ട മതത്തെ ശക്തിപ്പെടുത്തിക്കൊടുക്കാമെന്നും ഭയത്തിനു ശേഷം അഭയം നല്‍കാമെന്നും. അവരെന്നെ ആരാധിക്കുന്നു, എന്നോട്‌ മറ്റൊന്നിനെയും പങ്കുചേര്‍ക്കുന്നില്ല (എന്നതുകൊണ്ടാണ്‌ ഇങ്ങനെ വാഗ്‌ദാനം ചെയ്‌തത്‌). എന്നാല്‍ ഈ അനുഗ്രഹം ലഭിച്ച ശേഷം വല്ലവരും നന്ദികേട്‌ കാണിച്ചാല്‍ അവര്‍ തന്നെയാണ്‌ അതിക്രമികള്‍.

وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُواْ مِنكُمۡ وَعَمِلُواْ ٱلصَّٰلِحَٰتِ لَيَسۡتَخۡلِفَنَّهُمۡ فِي ٱلۡأَرۡضِ كَمَا ٱسۡتَخۡلَفَ ٱلَّذِينَ مِن قَبۡلِهِمۡ وَلَيُمَكِّنَنَّ لَهُمۡ دِينَهُمُ ٱلَّذِي ٱرۡتَضَىٰ لَهُمۡ وَلَيُبَدِّلَنَّهُم مِّنۢ بَعۡدِ خَوۡفِهِمۡ أَمۡنٗاۚ يَعۡبُدُونَنِي لَا يُشۡرِكُونَ بِي شَيۡـٔٗاۚ وَمَن كَفَرَ بَعۡدَ ذَٰلِكَ فَأُوْلَٰٓئِكَ هُمُ ٱلۡفَٰسِقُونَ ۝٥٥
56

നിങ്ങള്‍ നമസ്‌കാരം മുറപ്രകാരം അനുഷ്‌ഠിക്കുകയും സകാത്ത്‌ കൊടുക്കുകയും റസൂലിനെ അനുസരിക്കുകയും ചെയ്യുക; നിങ്ങള്‍ക്ക്‌ കരുണലഭിക്കുന്നതിന്നു വേണ്ടി.

وَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ وَأَطِيعُواْ ٱلرَّسُولَ لَعَلَّكُمۡ تُرۡحَمُونَ ۝٥٦
57

സത്യനിഷേധികള്‍ ഭൂമിയില്‍ അല്ലാഹുവിനെ പരാജയപ്പെടുത്തിക്കളയുമെന്ന്‌ താങ്കള്‍ ധരിച്ചുപോവുകയേ ചെയ്യരുത്‌. അവരുടെ മടക്കസ്ഥാനം നരകമാണ്‌. അതെത്ര ദുഷിച്ച സങ്കേതം!

لَا تَحۡسَبَنَّ ٱلَّذِينَ كَفَرُواْ مُعۡجِزِينَ فِي ٱلۡأَرۡضِۚ وَمَأۡوَىٰهُمُ ٱلنَّارُۖ وَلَبِئۡسَ ٱلۡمَصِيرُ ۝٥٧
58

സത്യവിശ്വാസികളേ, നിങ്ങളുടെ അടിമകളും പ്രായം തികയാത്ത കുട്ടികളും മൂന്ന്‌ സമയങ്ങളില്‍ നിങ്ങളോട്‌ പ്രവേശനത്തിനു അനുവാദം ചോദിക്കട്ടെ: സുബ്‌ഹ്‌ നമസ്‌കാരത്തിനുമുമ്പും ഉച്ചവിശ്രമത്തിനായി നിങ്ങള്‍ വസ്‌ത്രങ്ങള്‍ അഴിച്ചുവെക്കുന്ന സമയത്തും ഇശാ നമസ്‌കാരത്തിന്റെ ശേഷവും. ഇത്‌ നിങ്ങള്‍ക്ക്‌ മറ്റുള്ളവര്‍ കാണല്‍ നാണമാകുന്ന സമയങ്ങളാണ്‌.മറ്റു സമയങ്ങളില്‍ നിങ്ങള്‍ക്കും അവര്‍ക്കും അനുവാദം ചോദിക്കാതെ പ്രവേശിക്കുന്നതില്‍ തെറ്റില്ല. അവര്‍ നിങ്ങളില്‍-അതായത്‌ നിങ്ങളില്‍ ചിലര്‍ ചിലരില്‍-ശുശ്രൂഷക്ക്‌ വേണ്ടിയും മറ്റും ചുറ്റിപ്പറ്റി നില്‍ക്കുന്നവരാണല്ലോ. ഇപ്രകാരം അല്ലാഹു നിങ്ങള്‍ക്ക്‌ മതവിധികള്‍ വിവരിച്ചുതരുന്നു. അല്ലാഹു സര്‍വജ്ഞനും അഗാധ യുക്തിമാനുമാകുന്നു

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لِيَسۡتَـٔۡذِنكُمُ ٱلَّذِينَ مَلَكَتۡ أَيۡمَٰنُكُمۡ وَٱلَّذِينَ لَمۡ يَبۡلُغُواْ ٱلۡحُلُمَ مِنكُمۡ ثَلَٰثَ مَرَّٰتٖۚ مِّن قَبۡلِ صَلَوٰةِ ٱلۡفَجۡرِ وَحِينَ تَضَعُونَ ثِيَابَكُم مِّنَ ٱلظَّهِيرَةِ وَمِنۢ بَعۡدِ صَلَوٰةِ ٱلۡعِشَآءِۚ ثَلَٰثُ عَوۡرَٰتٖ لَّكُمۡۚ لَيۡسَ عَلَيۡكُمۡ وَلَا عَلَيۡهِمۡ جُنَاحُۢ بَعۡدَهُنَّۚ طَوَّٰفُونَ عَلَيۡكُم بَعۡضُكُمۡ عَلَىٰ بَعۡضٖۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلۡأٓيَٰتِۗ وَٱللَّهُ عَلِيمٌ حَكِيمٞ ۝٥٨
59

ഇനി നിങ്ങളിലുള്ള കുട്ടികള്‍ പ്രായം തികഞ്ഞാല്‍ അവരുടെ മുമ്പുള്ള(വലിയ)വര്‍ അനുവാദം ചോദിക്കുന്നതുപോലെ അവരും അനുവാദം ചോദിക്കട്ടെ. ഇപ്രകാരം അല്ലാഹു നിങ്ങള്‍ക്ക്‌ അവന്റെ ലക്ഷ്യങ്ങള്‍ വ്യക്തമാക്കിത്തരുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിയുക്തം പ്രവര്‍ത്തിക്കുന്നവനുമാണ്‌.

وَإِذَا بَلَغَ ٱلۡأَطۡفَٰلُ مِنكُمُ ٱلۡحُلُمَ فَلۡيَسۡتَـٔۡذِنُواْ كَمَا ٱسۡتَـٔۡذَنَ ٱلَّذِينَ مِن قَبۡلِهِمۡۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمۡ ءَايَٰتِهِۦۗ وَٱللَّهُ عَلِيمٌ حَكِيمٞ ۝٥٩
60

വൈവാഹിക ജീവിതം ആഗ്രഹിക്കാത്തവിധം വൃദ്ധകളായിത്തീര്‍ന്ന സ്‌ത്രീകള്‍ അവരുടെ പര്‍ദാവസ്‌ത്രങ്ങള്‍ അഴിച്ചുവെക്കുന്നതില്‍ കുറ്റമൊന്നുമില്ല. പക്ഷേ ആഭരണങ്ങള്‍ മുതലായ അലങ്കാരങ്ങള്‍ അവര്‍ വെളിപ്പെടുത്തരുത്‌. പര്‍ദാവസ്‌ത്രം അഴിച്ചുവെക്കാതിരിക്കലാണ്‌ അവര്‍ക്കുത്തമം. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും സര്‍വജ്ഞനുമാകുന്നു.

وَٱلۡقَوَٰعِدُ مِنَ ٱلنِّسَآءِ ٱلَّٰتِي لَا يَرۡجُونَ نِكَاحٗا فَلَيۡسَ عَلَيۡهِنَّ جُنَاحٌ أَن يَضَعۡنَ ثِيَابَهُنَّ غَيۡرَ مُتَبَرِّجَٰتِۭ بِزِينَةٖۖ وَأَن يَسۡتَعۡفِفۡنَ خَيۡرٞ لَّهُنَّۗ وَٱللَّهُ سَمِيعٌ عَلِيمٞ ۝٦٠
61

നിങ്ങളുടെ സ്വഗൃഹങ്ങളില്‍ നിന്നോ പിതാക്കള്‍, മാതാക്കള്‍, സഹോദരന്മാര്‍, സഹോദരിമാര്‍, പിതൃസഹോദരന്മാര്‍, പിതൃസഹോദരിമാര്‍, മാതൃസഹോദരന്മാര്‍, മാതൃസഹോദരിമാര്‍ എന്നിവരുടെ വീടുകളില്‍ നിന്നോ നിങ്ങളുടെ നിയന്ത്രണത്തിലുള്ള ഭവനങ്ങളില്‍ നിന്നോ സ്‌നേഹിതന്മാരുടെ വീടുകളില്‍ നിന്നോ ഭക്ഷണം കഴിക്കുന്നതില്‍ അന്ധന്നോ മുടന്തന്നോ രോഗിക്കോ നിങ്ങള്‍ക്കു തന്നെ യോ കുറ്റമൊന്നുമില്ല.നിങ്ങള്‍ ഒരുമിച്ചിരുന്ന്‌ ഭക്ഷിക്കുന്നതിന്നും ഒറ്റക്കിരുന്ന്‌ ഭക്ഷിക്കുന്നതിന്നും വിരോധമില്ല. എന്നാല്‍ വീടുകളില്‍ പ്രവേശിക്കുമ്പോള്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗൃഹീതവും പാവനവുമായ ഒരു അഭിവാദ്യമെന്ന നിലക്ക്‌ നിങ്ങള്‍ക്ക്‌ തന്നെ സലാം ചൊല്ലുക. ഇപ്രകാരം അല്ലാഹു നിങ്ങള്‍ക്ക്‌ അവന്റെ ലക്ഷ്യങ്ങള്‍ വിവരിച്ചുതരുന്നത്‌ നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുവാനായിട്ടാണ്‌.

لَّيۡسَ عَلَى ٱلۡأَعۡمَىٰ حَرَجٞ وَلَا عَلَى ٱلۡأَعۡرَجِ حَرَجٞ وَلَا عَلَى ٱلۡمَرِيضِ حَرَجٞ وَلَا عَلَىٰٓ أَنفُسِكُمۡ أَن تَأۡكُلُواْ مِنۢ بُيُوتِكُمۡ أَوۡ بُيُوتِ ءَابَآئِكُمۡ أَوۡ بُيُوتِ أُمَّهَٰتِكُمۡ أَوۡ بُيُوتِ إِخۡوَٰنِكُمۡ أَوۡ بُيُوتِ أَخَوَٰتِكُمۡ أَوۡ بُيُوتِ أَعۡمَٰمِكُمۡ أَوۡ بُيُوتِ عَمَّٰتِكُمۡ أَوۡ بُيُوتِ أَخۡوَٰلِكُمۡ أَوۡ بُيُوتِ خَٰلَٰتِكُمۡ أَوۡ مَا مَلَكۡتُم مَّفَاتِحَهُۥٓ أَوۡ صَدِيقِكُمۡۚ لَيۡسَ عَلَيۡكُمۡ جُنَاحٌ أَن تَأۡكُلُواْ جَمِيعًا أَوۡ أَشۡتَاتٗاۚ فَإِذَا دَخَلۡتُم بُيُوتٗا فَسَلِّمُواْ عَلَىٰٓ أَنفُسِكُمۡ تَحِيَّةٗ مِّنۡ عِندِ ٱللَّهِ مُبَٰرَكَةٗ طَيِّبَةٗۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلۡأٓيَٰتِ لَعَلَّكُمۡ تَعۡقِلُونَ ۝٦١
62

നിശ്ചയമായും അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിച്ചവര്‍ മാത്രമാണ്‌ സത്യവിശ്വാസികള്‍. അവര്‍ നബിയോടുകൂടെ വല്ല പൊതുകാര്യത്തിലും സംബന്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ നബിയോട്‌ ചോദിച്ചല്ലാതെ (എന്തെങ്കിലും കാര്യത്തിന്‌ പുറത്തു) പോകയില്ല. (നബിയേ,) നിശ്ചയമായും താങ്കളോട്‌ അനുവാദം ചോദിക്കുന്നവരാരോ അവര്‍ തന്നെയാണ്‌ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്നവര്‍. എന്നാല്‍ തങ്ങളുടെ ചില ആവശ്യങ്ങള്‍ക്ക്‌ (പുറത്തുപോകാന്‍) താങ്കളോട്‌ അവര്‍ അനുവാദം ചോദിച്ചാല്‍ ഉദ്ദേശിച്ചവര്‍ക്ക്‌ താങ്കള്‍ അനുവാദം കൊടുത്തുകൊള്ളുക. അവര്‍ക്ക്‌ പാപമോചനത്തിനായി അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിക്കുക. നിശ്ചയമായും അല്ലാഹു ഏറ്റവും പൊറുക്കുന്നവനും കരുണചെയ്യുന്നവനുമാകുന്നു.

إِنَّمَا ٱلۡمُؤۡمِنُونَ ٱلَّذِينَ ءَامَنُواْ بِٱللَّهِ وَرَسُولِهِۦ وَإِذَا كَانُواْ مَعَهُۥ عَلَىٰٓ أَمۡرٖ جَامِعٖ لَّمۡ يَذۡهَبُواْ حَتَّىٰ يَسۡتَـٔۡذِنُوهُۚ إِنَّ ٱلَّذِينَ يَسۡتَـٔۡذِنُونَكَ أُوْلَٰٓئِكَ ٱلَّذِينَ يُؤۡمِنُونَ بِٱللَّهِ وَرَسُولِهِۦۚ فَإِذَا ٱسۡتَـٔۡذَنُوكَ لِبَعۡضِ شَأۡنِهِمۡ فَأۡذَن لِّمَن شِئۡتَ مِنۡهُمۡ وَٱسۡتَغۡفِرۡ لَهُمُ ٱللَّهَۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٞ ۝٦٢
63

നിങ്ങള്‍ക്കിടയില്‍ ചിലര്‍ മറ്റുചിലരെ വിളിക്കുന്നതുപോലെ റസൂലിനെ നിങ്ങള്‍ വിളിക്കരുത്‌. എന്തെങ്കിലും മറപറ്റിക്കൊണ്ട്‌ നിങ്ങളില്‍ നിന്നു ഊരിച്ചാടുന്നവരെ അല്ലാഹു അറിയുക തന്നെ ചെയ്യുന്നുണ്ട്‌. അതിനാല്‍ അവിടത്തെ കല്‍പനക്ക്‌ എതിര്‌ പ്രവര്‍ത്തിക്കുന്നവര്‍, തങ്ങള്‍ക്കൊരു വലിയ വിപത്ത്‌ ബാധിക്കുകയോ വേദനാജനകമായ ശിക്ഷ വന്നെത്തുകയോ ചെയ്യുന്നത്‌ നല്ലപോലെ സൂക്ഷിച്ചുകൊള്ളട്ടെ.

لَّا تَجۡعَلُواْ دُعَآءَ ٱلرَّسُولِ بَيۡنَكُمۡ كَدُعَآءِ بَعۡضِكُم بَعۡضٗاۚ قَدۡ يَعۡلَمُ ٱللَّهُ ٱلَّذِينَ يَتَسَلَّلُونَ مِنكُمۡ لِوَاذٗاۚ فَلۡيَحۡذَرِ ٱلَّذِينَ يُخَالِفُونَ عَنۡ أَمۡرِهِۦٓ أَن تُصِيبَهُمۡ فِتۡنَةٌ أَوۡ يُصِيبَهُمۡ عَذَابٌ أَلِيمٌ ۝٦٣
64

അറിയുക: നിശ്ചയമായും ആകാശഭൂമികളില്‍ ഉള്ളതെല്ലാം അല്ലാഹുവിന്നുള്ളതാണ്‌. നിങ്ങള്‍ ഏതവസ്ഥയിലാണെന്നും അവര്‍ (കപടവിശ്വാസികള്‍) അവങ്കലേക്ക്‌ മടക്കപ്പെടുന്ന ദിവസവും അവന്‍ അറിയുക തന്നെ ചെയ്യുന്നു. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം അവിടെവെച്ച്‌ അവന്‍ അവര്‍ക്ക്‌ നല്‍കുന്നതാണ്‌. അല്ലാഹു എല്ലാ കാര്യവും നല്ലവണ്ണം അറിയുന്നവനാകുന്നു.

أَلَآ إِنَّ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ قَدۡ يَعۡلَمُ مَآ أَنتُمۡ عَلَيۡهِ وَيَوۡمَ يُرۡجَعُونَ إِلَيۡهِ فَيُنَبِّئُهُم بِمَا عَمِلُواْۗ وَٱللَّهُ بِكُلِّ شَيۡءٍ عَلِيمُۢ ۝٦٤