നിശ്ചയമായും സത്യവിശ്വാസികള്‍ വിജയം വരിച്ചിരിക്കുന്നു
അൽ മുഅ്മിനൂൻ المؤمنون Al-Muminun
സൂറത്ത് അൽ മുഅ്മിനൂൻ (Al-Muminun), ഖുർആൻ അധ്യായം 23 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 118 ആയത്തുകൾ വായിക്കുക. Read Surah Al-Muminun with Arabic text and മലയാളം translation.
തങ്ങളുടെ നമസ്‌കാരത്തില്‍ ഭയഭക്തി ഉള്ളവരും
അനാവശ്യ കാര്യങ്ങളില്‍ നിന്ന് പിന്തിരിഞ്ഞുകളയുന്നവരും
സകാത്തുകൊടുക്കുന്നവരും (ആണ് അവര്‍).
തങ്ങളുടെ ജനനേന്ദ്രിയങ്ങളെ സൂക്ഷിക്കുന്നവരുമായവര്‍.
ഭാര്യമാരോ സ്വന്തം അടിമസ്ത്രീകളോ അല്ലാത്തവരില്‍ നിന്ന്- അപ്പോള്‍ നിശ്ചയമായും അ(വരുമായി മാത്രം ബന്ധപ്പെടുന്ന)വര്‍ ആക്ഷേപിക്കപ്പെട്ടുകൂടാത്തവരാകുന്നു.
എന്നാല്‍ അതിനപ്പുറത്തേക്ക് കടക്കുവാന്‍ വല്ലവരും ഉദ്ദേശിച്ചാല്‍ അവര്‍ അതിക്രമികള്‍ തന്നെയാണ്.
തങ്ങളുടെ (പക്കലുള്ള) അനാമത്തുകളെയും തങ്ങള്‍ ചെയ്ത ഉടമ്പടികളെയും സൂക്ഷിക്കുന്നവരും
നമസ്‌കാരങ്ങളില്‍ കൃത്യനിഷ്ഠയുള്ളവരും (ആണ് അവര്‍).
അവര്‍ തന്നെയാണ് അനന്തരാവകാശികള്‍.
അതായത് ഫിര്‍ദൗസ് (എന്ന ഉന്നത സ്വര്‍ഗത്തെ) അനന്തരാവകാശമായി കരസ്ഥമാക്കുന്നവര്‍. അവരതില്‍ നിരന്തരവാസികളായിരിക്കുന്നതാണ്.
നിശ്ചയമായും മനുഷ്യനെ നാം കളിമണ്ണില്‍ നിന്നുള്ള സത്തകൊണ്ട് സൃഷ്ടിക്കുകയും,
പിന്നീട് അവനെ ശുക്ലബിന്ദുവാക്കി ഒരു ഭദ്രമായ സൂക്ഷിപ്പുസ്ഥാനത്ത് (ഗര്‍ഭാശയത്തില്‍) വെക്കുകയും ചെയ്തു.
പിന്നെ ആ ശുക്ലബിന്ദുവെ രക്തപിണ്ഡമായും എന്നിട്ട് ആ രക്തപിണ്ഡത്തെ മാംസക്കഷ്‌ണമായും മാംസക്കഷ്‌ണത്തെ എല്ലുകളായും നാം സൃഷ്ടിച്ചു; എന്നിട്ട് ആ എല്ലുകളെ മാംസം കൊണ്ടു പൊതിഞ്ഞു. പിന്നീട് അതിനെ നാം മറ്റൊരു സൃഷ്ടിയായി വളര്‍ത്തിക്കൊണ്ടുവന്നു. അപ്പോള്‍ ഏറ്റവും നല്ല സ്രഷ്ടാവായ അല്ലാഹു അനുഗ്രഹ സമ്പൂര്‍ണനാകുന്നു.
പിന്നെ ഇങ്ങനെ ജനിച്ച ശേഷം നിങ്ങള്‍ മരണപ്പെട്ടു പോവുകയും
ഖിയാമത്തുനാളില്‍ എഴുന്നേല്‍പിക്കപ്പെടുകയും തന്നെ ചെയ്യുന്നതാണ്.
നിശ്ചയമായും നിങ്ങള്‍ക്കു മുകളിലായി ഏഴു ആകാശങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നു. സൃഷ്ടികളെക്കുറിച്ച് നാം ഒട്ടും അശ്രദ്ധരായിരുന്നിട്ടില്ല.
നാം ആകാശത്തുനിന്ന് ഒരു നിശ്ചിത തോതില്‍ മഴവര്‍ഷിക്കുകയും എന്നിട്ടതു ഭൂമിയില്‍ തടഞ്ഞുനിറുത്തുകയും ചെയ്‌തു. ആ വെള്ളം വറ്റിച്ചുകളയുവാന്‍ നിശ്ചയം നാം കഴിവുള്ളവരാണ്.
എന്നിട്ട് ആ വെള്ളംകൊണ്ട് നിങ്ങള്‍ക്ക് ഈത്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങള്‍ നാം ഉല്‍പാദിപ്പിച്ചുതന്നു. നിങ്ങള്‍ക്ക് അവയില്‍ ധാരാളം പഴങ്ങളുണ്ടാകുന്നു. അവയില്‍ നിന്നു നിങ്ങള്‍ തിന്നുകയും ചെയ്യു ന്നു.
സീനാപര്‍വതത്തില്‍ മുളച്ചുണ്ടാകുന്ന ഒരു തരം വൃക്ഷത്തെയും (ആ വെള്ളംകൊണ്ട് നാം ഉല്‍പാദിപ്പിച്ചുതന്നു). അത് എണ്ണയും ഭക്ഷണം കഴിക്കുന്നവര്‍ക്ക് കറിയും ഉല്‍പാദിപ്പിക്കുന്നു.
നിശ്ചയമായും നാല്‍കാലികളിലും നിങ്ങള്‍ക്ക് വലിയ പാഠമുണ്ട്. അവയുടെ ഉദരങ്ങളിലുള്ളതില്‍നിന്ന് നിങ്ങള്‍ക്ക് നാം പാല്‍കുടിപ്പിക്കുന്നു. മറ്റു ധാരാളം പ്രയോജനങ്ങളും നിങ്ങള്‍ക്കവയിലുണ്ട്. നിങ്ങള്‍ അവയില്‍ നിന്നുതന്നെ ഭക്ഷിക്കുകയും,
അവയുടെ മുകളിലും കപ്പലുകളിലും യാത്രനടത്തുകയും ചെയ്യുന്നു.
നിശ്ചയമായും നൂഹ് നബിയെ തന്റെ ജനതയുടെ അടുക്കലേക്കു നാം അയച്ചു. എന്നിട്ട് അദ്ദേഹം അവരോട് പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിന്നു ഇബാദത്ത് ചെയ്യുക. അവനല്ലാതെ വേറെ യാതൊരു ഇലാഹുമില്ല എന്നിരിക്കെ അവനെ നിങ്ങള്‍ ഭയപ്പെടുന്നില്ലേ?
അപ്പോള്‍ തന്റെ ജനതയില്‍പെട്ട സത്യനിഷേധികളായ നേതാക്കള്‍ (അനുയായികളോട്) പറഞ്ഞു: `ഇയാള്‍ നിങ്ങളെപോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. നിങ്ങളെക്കാള്‍ യോഗ്യനാകണമെന്ന് വിചാരിച്ചിരിക്കുകയാണ് ഇയാള്‍. അല്ലാഹു (ഒരു ദൂതനെ അയക്കാന്‍) ഉദ്ദേശിച്ചിരുന്നുവെങ്കില്‍ മലക്കുകളെ ഇറക്കുമായിരുന്നു. നമ്മുടെ പൂര്‍വപിതാക്കളില്‍ ഇതിനെപ്പറ്റി യാതൊന്നും നാം കേട്ടിട്ടില്ല.'
`ഇയാള്‍ ഭ്രാന്തു പിടിപെട്ട ഒരു മനുഷ്യന്‍ മാത്രമാണ്. അതിനാല്‍ ഇയാളുടെ കാര്യത്തില്‍ കുറച്ചുകാലം വരെ നിങ്ങള്‍ കാത്തിരിക്കുക.'
അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, ഇവരെന്നെ നിഷേധിച്ചിരിക്ക കൊണ്ട് നീ എന്നെ സഹായിക്കേണമേ!
തത്സമയം അദ്ദേഹത്തിന് നാം സന്ദേശം നല്‍കി: നമ്മുടെ മേല്‍നോട്ടത്തിലും നിര്‍ദ്ദേശമനുസരിച്ചും താങ്കള്‍ ഒരു കപ്പല്‍ പണിയുക. എന്നിട്ട് നമ്മുടെ കല്‍പന വരികയും അടുപ്പ് ഉറവപൊട്ടി ഒഴുകുകയും ചെയ്‌താല്‍ എല്ലാ ഇനത്തില്‍ പെട്ട ഇണകളില്‍ നിന്നും രണ്ടെണ്ണത്തെയും (ഒരു ആണിനെയും ഒരു പെണ്ണിനെയും) താങ്കളുടെ ആള്‍ക്കാരെയും-ആരുടെ മേല്‍ ശിക്ഷയുടെ വാക്ക് മുന്‍കടന്നിട്ടുണ്ടോ അവരെയൊഴിച്ച്-അതില്‍ കയറ്റുക. അക്രമം പ്രവര്‍ത്തിച്ചവരുടെ കാര്യത്തില്‍ എന്നോടു സംസാരിക്കരുത്. നിശ്ചയം അവര്‍ വെള്ളത്തില്‍ മുക്കി നശിപ്പിക്കപ്പെടുന്നവരാണ്.
അങ്ങനെ താങ്കളും കൂടെയുള്ളവരും കപ്പലില്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞാല്‍ ഇങ്ങനെ പറയുക: അക്രമികളായ ജനതയില്‍ നിന്ന് നമ്മെ രക്ഷിച്ച അല്ലാഹുവിനാണ് എല്ലാ സ്‌തുതിയും!
എന്റെ രക്ഷിതാവേ, അനുഗൃഹീതമായ ഒരു താവളത്തില്‍ എന്നെ നീ ഇറക്കിത്തരേണമേ! നീ ഇറക്കിത്തരുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
നിശ്ചയമായും ഈ സംഭവത്തില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്. നാം മനുഷ്യരെ പരീക്ഷിക്കുന്നവര്‍ തന്നെയായിരിക്കുന്നു.
പിന്നീട് അവര്‍ക്കു ശേഷം മറ്റൊരു തലമുറയെ നാം സൃഷ്ടിച്ചു.
എന്നിട്ട് അവരില്‍ നിന്നുതന്നെയുള്ള ഒരു റസൂലിനെ അവരില്‍ നാം അയച്ചു. നിങ്ങള്‍ അല്ലാഹുവിന്നു ഇബാദത്ത് ചെയ്‌തുകൊള്ളു ക; അവനല്ലാതെ നിങ്ങള്‍ക്കു വേറെ യാതൊ രു ഇലാഹുമില്ല; എന്നിരിക്കെ അവനെ നിങ്ങള്‍ ഭയപ്പെടുന്നില്ലേ (എന്ന് അദ്ദേഹം അവരോട് പറഞ്ഞു)
തന്റെ സമുദായത്തിലെ സത്യനിഷേധികളും പരലോക ജീവിതം അനുഭവപ്പെടുന്നതിനെ വ്യാജമാക്കിയവരും ഐഹിക ജീവിതത്തില്‍ നാം സൗഖ്യം നല്‍കിയവരുമായ നേതാക്കള്‍ പറഞ്ഞു: ഇയാള്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാണല്ലോ. നിങ്ങള്‍ തിന്നുന്നതില്‍ നിന്നു ഇയാളും തിന്നുന്നു; നിങ്ങള്‍ കുടിക്കുന്നതില്‍ നിന്നു ഇയാളും കുടിക്കുന്നു.
നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്നു വഴിപ്പെട്ടാല്‍ അപ്പോള്‍ നിങ്ങള്‍ നഷ്ടപ്പെട്ടവര്‍ തന്നെയായിരിക്കും, തീര്‍ച്ച.
മരിച്ചു മണ്ണും എല്ലുമായിക്കഴിഞ്ഞാല്‍ വീണ്ടും പുറത്തുകൊണ്ടുവരപ്പെടുന്നവരാണ് നിങ്ങളെന്ന് അയാള്‍ താക്കീതുനല്‍കുന്നുവോ?
അയാള്‍ നിങ്ങള്‍ക്കു നല്‍കുന്ന താക്കീത് (യാഥാര്‍ത്ഥ്യമാകുന്നത്) എത്രയെത്ര വിദൂരം!
ജീവിതമെന്നതു നമ്മുടെ ഐഹികജീവിതം മാത്രമാണ്. നാം ഇവിടെ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു; ഒരിക്കലും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരല്ല.
ഇയാള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിപ്പറയുന്ന ഒരു മനുഷ്യന്‍ മാത്രമാണ്. നാം ഇയാളെ ഒരിക്കലും വിശ്വസിക്കുന്നവരല്ല.
അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, ഇവരെന്നെ നിഷേധിച്ചിരിക്കുന്നതുകൊണ്ട് എന്നെ സഹായിക്കേണമേ!
അല്ലാഹു അരുളി: ഇതാ അടുത്തുതന്നെ അവര്‍ ഖേദിക്കുന്നവരാകുന്നതാണ്, തീര്‍ച്ച.
അങ്ങനെ നീതിയനുസരിച്ച് ആ ഭയങ്കര നാദം അവരെ പിടികൂടി. എന്നിട്ട് വരിവെള്ളത്തിലെ ചണ്ടിപോലെയാക്കി അവരെ നാം (നശിപ്പിച്ചുകളഞ്ഞു). അക്രമികളായ ആ ജനത (അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്നു) ദൂരപ്പെട്ടുപോകട്ടെ.
പിന്നീട് മറ്റു ചില തലമുറകളെയും നാം സൃഷ്ടിച്ചു.
ഒരൊറ്റ സമുദായവും അതിന്റെ അവധിക്കു മുന്നിലാവുകയില്ല; പിന്നിലാവുകയുമില്ല
പിന്നീട് നമ്മുടെ ദൂതന്മാരെ തുടര്‍ച്ചയായി നാം അയച്ചുകൊണ്ടിരുന്നു. ഓരോ സമുദായത്തിനും തങ്ങളുടെ ദൂതന്‍ വരുമ്പോഴെല്ലാം അവര്‍ അദ്ദേഹത്തെ നിഷേധിച്ചു. തന്നിമിത്തം നാം അവരില്‍ ചിലരെ മറ്റുചിലരോട് (നാശത്തില്‍) തുടര്‍ത്തുകയും അവരെ കഥാവിഷയമാക്കുകയും ചെയ്‌തു. സത്യത്തില്‍ വിശ്വസിക്കാത്ത ജനത (അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്നു) അകന്നുപോകട്ടെ!
പിന്നീട് മൂസാനബിയെയും തന്റെ സഹോദരന്‍ ഹാറൂന്‍ നബിയെയും നമ്മുടെ ദൃഷ്ടാന്തങ്ങളോടും വ്യക്തമായ ലക്ഷ്യത്തോടും കൂടി നാം അയച്ചു.
ഫിര്‍ഔന്റെയും അവന്റെ പ്രമുഖ സംഘത്തിന്റെയും അടുക്കലേക്ക്. അപ്പോള്‍ അവര്‍ അഹങ്കരിച്ചു. ധിക്കാരികളായ ഒരു ജനതയായിരുന്നു അവര്‍.
അതിനാല്‍ അവര്‍ പറഞ്ഞു: നമ്മെപോലെയുള്ള രണ്ടുമനുഷ്യരെ(1)-അവരുടെ സമുദായമാകട്ടെ നമ്മുടെ സേവകന്മാരാണ്(2)-നാം വിശ്വസിക്കുകയോ?
അങ്ങനെ ഇരുവരെയും അവര്‍ നിഷേധിച്ചു. തന്നിമിത്തം അവര്‍ നശിപ്പിക്കപ്പെട്ടവരില്‍ ഉള്‍പ്പെട്ടവരായിത്തീര്‍ന്നു.
മൂസാ നബിക്കു നിശ്ചയമായും നാം വേദം നല്‍കി. അവര്‍ (തന്റെ സമുദായമായ ഇസ്രാഈല്യര്‍) സന്മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി.
മര്‍യമിന്റെ പുത്രനെ(ഈസാ)യും അദ്ദേഹത്തിന്റെ മാതാവിനെയും നാം ഒരു ദൃഷ്ടാന്തമാക്കിയിരിക്കുന്നു. അവര്‍ രണ്ടുപേര്‍ക്കും നിവാസയോഗ്യവും വെള്ളം ഒഴുകുന്നതുമായ ഒരു ഉയര്‍ന്ന സ്ഥലത്ത് നാം അഭയം നല്‍കുകയുണ്ടായി.
ഓ റസൂലുകളേ, നിങ്ങള്‍ നല്ല വസ്‌തുക്കളില്‍ നിന്നു ഭക്ഷിക്കുകയും സല്‍കര്‍മം അനുഷ്‌ഠിക്കുകയും ചെയ്യുക. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതു നല്ലവണ്ണം അറിയുന്നവന്‍ തന്നെയാണ് ഞാന്‍.
നിശ്ചയമായും ഇത് നിങ്ങളുടെ മതമാണ്-ഏക മതം. ഞാന്‍ നിങ്ങളുടെ രക്ഷിതാവുമാകുന്നു. അതുകൊണ്ട് നിങ്ങള്‍ എന്നോടു ഭക്തികാണിക്കുക.
(പക്ഷെ) മനുഷ്യര്‍ മതകാര്യം അവര്‍ക്കിടയില്‍ കഷ്‌ണം കഷ്‌ണമാക്കി മുറിച്ചുകളഞ്ഞു. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതില്‍ സംതൃപ്‌തമാണ്.
അതുകൊണ്ട് ഒരു നിശ്ചിത കാലം വരെ തങ്ങളുടെ ദുര്‍മാര്‍ഗത്തില്‍ അവരെയങ്ങു വിട്ടേക്കുക.
അവര്‍ക്കു ധനംകൊണ്ടും സന്താനങ്ങള്‍ കൊണ്ടും നാം സഹായിക്കുകയാണെന്നും അവര്‍ വിചാരിക്കുന്നുണ്ടോ?,
ചില നന്മകള്‍ ധൃതിപ്പെട്ടു ചെയ്തുകൊടുക്കുകയാണെന്നും (അവര്‍ വിചാരിക്കുന്നുണ്ടോ?) പക്ഷെ (യാഥാര്‍ത്ഥ്യം മറ്റൊന്നാണ്;) അവരത് ഗ്രഹിക്കുന്നില്ല.
. നിശ്ചയം, തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെട്ടതിനാല്‍ (ശിക്ഷയുടെ കാരണങ്ങളെ) സൂക്ഷിക്കുന്നവരും,
രക്ഷിതാവിന്റെ ലക്ഷ്യങ്ങളില്‍ വിശ്വസിക്കുന്നവരും,
അവനോട് പങ്കുചേര്‍ക്കാത്തവരും,
ദാനം ചെയ്യുന്നതെന്തും, രക്ഷിതാവിങ്കലേക്ക് തങ്ങള്‍ മടങ്ങിച്ചെല്ലുന്നവരാണെന്നോര്‍ത്ത് ഹൃദയങ്ങള്‍ ഭയന്നുകൊണ്ട് കൊടുക്കുന്നവരും ആരോ
അവര്‍ നല്ല കാര്യങ്ങളില്‍ ധൃതി കൂട്ടുന്നു. അതിലേക്കവര്‍ മറ്റുള്ളവരേക്കാള്‍ മുന്‍കടക്കുന്നവരുമാണ്.
ഒരു മനുഷ്യനോടും അവന്നു കഴിവുള്ളതല്ലാതെ നാം ശാസിക്കുകയില്ല. സത്യം തുറന്നുപറയുന്ന ഒരു ഗ്രന്ഥം (രേഖ) നമ്മുടെ അടുക്കലുണ്ട്. അവരോട് ഒട്ടും അനീതി ചെയ്യപ്പെടുന്നതല്ല.
പക്ഷേ അവരുടെ (സത്യനിഷേധികളുടെ) ഹൃദയങ്ങള്‍ ഇതിനെക്കുറിച്ച് അശ്രദ്ധയിലാണ്. അവര്‍ക്ക് അത് (മേല്‍പറഞ്ഞത്) അല്ലാത്ത ചില പ്രവൃത്തികളാണുള്ളത്. അതവര്‍ ചെയ്‌തുകൊണ്ടിരിക്കുന്നവരാണ്.
അങ്ങനെ അവരിലുള്ള സുഖലോലുപരെ ശിക്ഷമുഖേന നാം പിടികൂടിയാല്‍ അന്നേരമതാ അവര്‍ നിലവിളി കൂട്ടുന്നു!
(അപ്പോള്‍ അവരോട് പറയപ്പെടും:) ഇന്നു നിങ്ങള്‍ നിലവിളി കൂട്ടേണ്ട. (അതുകൊണ്ട് ഒട്ടും പ്രയോജനമില്ല.) നിശ്ചയമായും നിങ്ങള്‍ക്ക് നമ്മില്‍ നിന്നു യാതൊരു സഹായവും നല്‍കപ്പെടുകയില്ല.
എന്റെ വേദവാക്യങ്ങള്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പിക്കപ്പെടുക തന്നെ ചെയ്‌തിരുന്നു. അപ്പോള്‍ നിങ്ങള്‍ പിന്തിരിഞ്ഞു പൊയ്‌ക്കളയുകയാണു ചെയ്‌തത്.
നിങ്ങള്‍ അഹങ്കരിക്കുന്നവരായും ഖുര്‍ആനെക്കുറിച്ച് രാക്കഥ പറയുന്നവരായും നിരര്‍ത്ഥക വര്‍ത്തമാനം പുലമ്പുന്നവരായും കൊണ്ടാണ് പിന്തിരിഞ്ഞുകളഞ്ഞിരുന്നത്.
അവര്‍ ഖുര്‍ആന്‍ വാക്യങ്ങള്‍ ചിന്തിക്കുന്നില്ലേ? അതോ തങ്ങളുടെ പൂര്‍വപിതാക്കള്‍ ക്കു വന്നിട്ടില്ലാത്തത് അവര്‍ക്കു വന്നിരിക്കയാണോ?
അതോ തങ്ങളുടെ റസൂലിനെ ശരിക്കു മനസ്സിലാക്കിയിട്ടില്ലേ അവര്‍? അക്കാരണത്താല്‍ അവരദ്ദേഹത്തെ നിഷേധിക്കുന്നവരാണോ?
അല്ലെങ്കില്‍, അദ്ദേഹത്തിനു ഭ്രാന്തുണ്ടെന്ന് അവര്‍ പറയുന്നുണ്ടോ? എന്നാല്‍ വാസ്‌തവത്തില്‍ അദ്ദേഹം അവരുടെ അടുക്കല്‍ സത്യവുംകൊണ്ടാണ് ചെന്നിരിക്കുന്നത്. അവര്‍ അധികവുമാകട്ടെ സത്യത്തെ വെറുക്കുന്നവരാണ്.
സത്യം അവരുടെ തന്നിഷ്ടത്തിനൊത്ത് വന്നിരുന്നെങ്കില്‍ ആകാശഭൂമികളും അവയിലുള്ളവരുമെല്ലാം കുഴപ്പത്തിലായിപ്പോകുമായിരുന്നു. പക്ഷേ, നാം അവരുടെ അടുക്കല്‍ അവര്‍ക്കുള്ള ഉപദേശവും (ഖുര്‍ആന്‍) കൊണ്ടു ചെന്നു. അപ്പോള്‍ തങ്ങളുടെ ഉപദേശത്തെ വിട്ട് അവരതാ തിരിഞ്ഞുകളയുന്നവരായിരിക്കുന്നു!
അഥവാ താങ്കള്‍ അവരോടു വല്ല പ്രതിഫലവും ചോദിക്കുന്നുണ്ടോ? എന്നാല്‍ താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രതിഫലമാണ് ഏറ്റവും ഉത്തമം. അവന്‍ പ്രതിഫലം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാണ്.
നിശ്ചയമായും താങ്കള്‍ അവരെ നേരായ മാര്‍ഗത്തിലേക്കു ക്ഷണിക്കുന്നു.
പരലോകത്തില്‍ വിശ്വസിക്കാത്തവരാകട്ടെ നേര്‍മാര്‍ഗം വിട്ടു തെറ്റിപ്പോകുന്നവര്‍ തന്നെയാണ് തീര്‍ച്ച.
അവര്‍ക്ക് നാം കരുണ ചെയ്യുകയും വിഷമം അകറ്റിക്കൊടുക്കുകയും ചെയ്‌താല്‍ തങ്ങളുടെ അതിക്രമത്തില്‍ അന്ധതയോടെ വിഹരിക്കുന്നവരായി അവര്‍ ചുറ്റിത്തിരിയുന്നതാണ്.
നിശ്ചയമായും ശിക്ഷകൊണ്ടു നാമവരെ പിടികൂടി. എന്നിട്ടവര്‍ തങ്ങളുടെ രക്ഷിതാവിന്ന് കീഴൊതുങ്ങുകയോ അവനോടു സങ്കടം പ്രകടിപ്പിക്കുകയോ ചെയ്‌തില്ല.
അങ്ങനെ കഠിനശിക്ഷയുടെ ഒരു കവാടം നാം അവര്‍ക്കു തുറന്നുകൊടുത്തപ്പോള്‍, അന്നേരം അവരതാ അതില്‍ നിരാശരായിപ്പോകുന്നു.
അവനാണ് നിങ്ങള്‍ക്കു കാതുകളും കണ്ണുകളും ഹൃദയങ്ങളും സൃഷ്ടിച്ചുതന്നത്. നിങ്ങള്‍ അല്‍പം മാത്രമേ നന്ദിചെയ്യുന്നുള്ളൂ.
നിങ്ങളെ ഭൂമിയില്‍ സൃഷ്ടിച്ചാക്കിയതും അവന്‍ തന്നെ. അവങ്കലേക്കുതന്നെ നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്യും.
അവന്‍ തന്നെയാണ് ജീവിപ്പിക്കുകയും മരണപ്പെടുത്തുകയും ചെയ്യുന്നത്. രാവും പകലും വ്യത്യാസപ്പെടുന്നതും അവന്റെ കല്‍പന മൂലമാണ്. എന്നിട്ടു ഇതൊന്നും നിങ്ങള്‍ മനസ്സിരുത്തുന്നില്ലേ?
എന്നാല്‍ പൂര്‍വികന്മാര്‍ പറഞ്ഞിരുന്നതുപോലെ ഇവരും (മക്കക്കാരും) പറയുകയാണ്.
പൂര്‍വികന്മാര്‍ പറഞ്ഞു: `മരിച്ചു മണ്ണും എല്ലുകളുമായിക്കഴിഞ്ഞാല്‍ ഞങ്ങള്‍ ജീവിപ്പിച്ചെഴുന്നേല്‍പിക്കപ്പെടുന്നവരാണോ?'
(മക്കക്കാര്‍ പറഞ്ഞു:) `ഞങ്ങളോടും ഇതിനുമുമ്പ് ഞങ്ങളുടെ പിതാക്കളോടും ഇത് വാഗ്‌ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് പൂര്‍വികരുടെ പഴങ്കഥകള്‍ മാത്രമാണ്'.
താങ്കള്‍ ചോദിക്കുക: ഭൂമിയും അതിലുള്ളവരും ആര്‍ക്കുള്ളതാണ്? നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍ (പറയൂ).
അല്ലാഹുവിനുള്ളതാണെന്ന് അവര്‍ ഉത്തരം നല്‍കും. താങ്കള്‍ ചോദിക്കുക: എന്നിട്ടു നിങ്ങള്‍ ചിന്തിക്കുന്നില്ലേ?
ഏഴ് ആകാശങ്ങളുടെയും മഹത്തായ അര്‍ശിന്റെയും നാഥന്‍ ആരാണ് എന്നും താങ്കള്‍ ചോദിക്കുക.
അവര്‍ പറയും: അല്ലാഹുവിന് ഉള്ളതാണ്. ചോദിക്കുക: എന്നാല്‍ നിങ്ങള്‍ (അല്ലാഹുവെ) സൂക്ഷിക്കുന്നില്ലേ?
എല്ലാ വസ്‌തുക്കളുടെയും ആധിപത്യം കൈവശംവെച്ചവനും താന്‍ എല്ലാവരെയും സഹായിക്കുകയും തനിക്കെതിരില്‍ സഹായിക്കപ്പെടാതിരിക്കുകയും ചെയ്യുന്നവനുമായവന്‍ ആരാണ്? നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍ (മറുപടി തരൂ) എന്നു താങ്കള്‍ പറയുക.
അവര്‍ പ്രതികരിക്കും: അതും അല്ലാഹുവിനുള്ളതാണ്. ചോദിക്കുക: എന്നാല്‍ പിന്നെ നിങ്ങള്‍ എങ്ങനെയാണ് വഞ്ചിതരായിപ്പോകുന്നത്?
പക്ഷേ അവര്‍ക്ക് നാം സത്യംകൊണ്ട്‌ചെന്നു. അവരാകട്ടെ നിശ്ചയമായും കള്ളവാദികളാണ്.
അല്ലാഹു യാതൊരു സന്താനത്തെയും ഉല്‍പാദിപ്പിച്ചിട്ടില്ല. അവനോടുകൂടി ഒരു ഇലാഹുമില്ല. ഉണ്ടായിരുന്നെങ്കില്‍ ഓരോ ഇലാഹും താന്‍ സൃഷ്ടിച്ചതും കൊണ്ട് വേറിട്ടു നില്‍ക്കുകയും അവര്‍ പരസ്‌പരം ആക്രമണം നടത്തുകയും ചെയ്യുമായിരുന്നു. അല്ലാഹുവിന്നവര്‍ നല്‍കുന്ന വര്‍ണനകളില്‍ നിന്ന് അവന്‍ എത്ര പരിശുദ്ധന്‍!
അവന്‍ അദൃശ്യവും ദൃശ്യവുമായ കാര്യങ്ങള്‍ അറിയുന്നവനാണ്. അപ്പോള്‍ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നു അവന്‍ അതീതനാകുന്നു.
(നബിയേ,) പറയുക: എന്റെ രക്ഷിതാവേ, ഇവരോട് താക്കീതു ചെയ്യപ്പെടുന്ന ശിക്ഷ വല്ലപ്പോഴും എനിക്കു കാണിക്കുകയാണെങ്കില്‍
എന്റെ രക്ഷിതാവേ, അക്രമികളായ ജനതയോടുകൂടെ എന്നെ നീ ആക്കരുതേ!
നിശ്ചയം അവരോടു താക്കീതുചെയ്യുന്നത് താങ്കള്‍ക്കു കാണിച്ചുതരുവാന്‍ നാം കഴിവുള്ളവര്‍ തന്നെയാണ്.
ഏറ്റവും നല്ല കാര്യമേതോ അതുകൊണ്ടു തിന്മയെ തടുക്കുക. അവര്‍ വര്‍ണിച്ചു പറയുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവരാണ്.
താങ്കള്‍ പറയുക: എന്റെ രക്ഷിതാവേ, പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍ നിന്ന് നിന്നോട് ഞാന്‍ രക്ഷതേടുന്നു.
രക്ഷിതാവേ, ആ പിശാചുക്കള്‍ എന്റെ അടുത്തു വരുന്നതില്‍ നിന്ന് ഞാന്‍ നിന്നോടു കാവല്‍ ചോദിക്കുന്നു.
അങ്ങനെ അവരില്‍ ഒരാള്‍ക്ക് അവസാനം മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും: `എന്റെ രക്ഷിതാവേ, (മുന്‍ജീവിതത്തിലേക്ക്) എന്നെ മടക്കിത്തരിക.
ഞാന്‍ വിട്ടുകളഞ്ഞതിന്നു പകരം സല്‍കര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കുവാനായി'. ഒരിക്കലുമില്ല. നിശ്ചയം അതവന്‍ പറയുന്ന ഒരു വാക്കു മാത്രമാണ്. ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ അവരുടെ മുന്നില്‍ ശക്തിയായ ഒരു മറയുണ്ട്.
അങ്ങനെ കാഹളത്തില്‍ ഊതപ്പെട്ടാല്‍ അവര്‍ക്കിടയില്‍ അന്ന് യാതൊരു രക്തബന്ധങ്ങളും ഉണ്ടായിരിക്കുന്നതല്ല. അവര്‍ അന്യോന്യം അന്വേഷിക്കുകയുമില്ല.
അപ്പോള്‍ ആരുടെ സല്‍കര്‍മ്മങ്ങളുടെ തൂക്കങ്ങള്‍ കനമുള്ളതായോ ആ കൂട്ടര്‍ തന്നെയാണ് വിജയികള്‍.
മറിച്ച് ആരുടെ സല്‍കര്‍മങ്ങളുടെ തൂക്കം ലഘുവായിപ്പോയോ അവര്‍ തങ്ങള്‍ക്കു തന്നെ നഷ്ടം വരുത്തി വെച്ചവരാണ്. അവര്‍ നരകത്തില്‍ സ്ഥിരവാസികളാകുന്നു.
നരകം അവരുടെ മുഖങ്ങളെ കരിച്ചുകളയും. അവരതില്‍ പല്ലിളിച്ചു കിടക്കുന്നവരാകുന്നു.
(അവരോട് ചോദിക്കപ്പെടും:) എന്റെ ലക്ഷ്യങ്ങള്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെട്ടിരുന്നില്ലേ? അപ്പോള്‍ നിങ്ങള്‍ അവ നിഷേധിക്കയല്ലേ ചെയ്‌തത്?
അവര്‍ പറയും: `ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ ദൗര്‍ഭാഗ്യം കവിഞ്ഞുപോവുകയും ഞങ്ങള്‍ വഴിപിഴച്ച ജനതയായി തീരുകയും ചെയ്‌തു.
ഞങ്ങളുടെ രക്ഷിതാവേ, ഇതില്‍ നിന്ന് നീ മോചിപ്പിച്ച് തരേണമേ! ഇനി ഞങ്ങള്‍ (ദുര്‍മാര്‍ഗത്തിലേക്ക്) മടങ്ങുന്ന പക്ഷം അപ്പോള്‍ ഞങ്ങള്‍ അക്രമികള്‍ തന്നെയായിരിക്കും. (ഇപ്രാവശ്യം മാപ്പുതരേണമേ.)'
അല്ലാഹു അരുളും: നിങ്ങള്‍ അവിടെ നിന്ദ്യരായി കിടക്കുക; എന്നോട് മിണ്ടിപ്പോകരുത്.
നിശ്ചയം എന്റെ അടിമകളില്‍ ഒരു വിഭാഗം (ഇങ്ങനെ) പറയുന്നവരായിരുന്നു: രക്ഷിതാവേ, ഞങ്ങള്‍ സത്യത്തില്‍ വിശ്വസിച്ചിരിക്കുന്നു. അതുകൊണ്ട് നീ ഞങ്ങള്‍ക്ക് പൊറുത്ത് തരികയും കരുണനല്‍കുകയും ചെയ്യേണമേ! നീ കരുണ ചെയ്യുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ.
അപ്പോള്‍ നിങ്ങള്‍ അവരെ പരിഹാസ പാത്രങ്ങളാക്കിക്കളഞ്ഞു. എത്രത്തോളമെന്നാല്‍ അവര്‍ (അവരെ പരിഹസിക്കുന്ന ജോലി) എന്നെക്കുറിച്ചുള്ള സ്‌മരണപോലും നിങ്ങള്‍ക്ക് വിസ്‌മരിപ്പിച്ചുപോയി. നിങ്ങള്‍ അവരെക്കുറിച്ച് ചിരിച്ചു കൊണ്ടിരിക്കയുമായിരുന്നു.
നിശ്ചയമായും ക്ഷമ കൈക്കൊണ്ടതിനാല്‍ ഇന്നേ ദിവസം അവര്‍ വിജയികളായതിനു വേണ്ടി ഞാന്‍ അവര്‍ക്ക് പ്രതിഫലം നല്‍കിയിരിക്കുന്നു.
അല്ലാഹു ചോദിക്കും: നിങ്ങള്‍ ഭൂമിയില്‍ എത്രകൊല്ലം താമസിക്കുകയുണ്ടായി?
അവര്‍ പറയും: ഒരു ദിവസമോ ഒരു ദിവസത്തിന്റെ ഏതാനും സമയമോ ഞങ്ങള്‍ താമസിച്ചിട്ടുണ്ടാകും. എണ്ണം കണക്കാക്കിയവരോട് ചോദിക്കുക.
അവന്‍ പറയും: നിങ്ങള്‍ (മുന്‍ലോകത്ത്) അല്‍പകാലം മാത്രമാണ് താമസിച്ചത്. നിങ്ങള്‍ അറിവുള്ളവരായിരുന്നുവെങ്കില്‍ (ഈ ദുരവസ്ഥയില്‍ അകപ്പെടുമായിരുന്നില്ല).
അപ്പോള്‍ നിങ്ങളെ യാതൊരു ലക്ഷ്യവുമില്ലാതെ നാം സൃഷ്ടിച്ചതാണെന്നും നിങ്ങള്‍ നമ്മുടെ അടുക്കലേക്ക് മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ ധരിച്ചിരിക്കുന്നോ?
എന്നാല്‍ യഥാര്‍ത്ഥ രാജാവായ അല്ലാഹു അത്യുന്നതനാകുന്നു. അവനല്ലാതെ ഒരു ഇലാഹുമില്ല. അവന്‍ ആദരണീയമായ അര്‍ശിന്റെ നാഥനാണ്.
അല്ലാഹുവിനോടൊപ്പം മറ്റൊരു ഇലാഹിന് വല്ലവനും ആരാധന ചെയ്‌താല്‍ -അതിനവന് യാതൊരു രേഖയുമില്ല തന്നെ-അവന്റെ കണക്കു നോക്കല്‍ രക്ഷിതാവിന്റെ അടുക്കല്‍ വെച്ചാണ്. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകതന്നെയില്ല.
(നബിയേ,) പറയുക: എന്റെ രക്ഷിതാവേ, നീ പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്യേണമേ! നീ കരുണ ചെയ്യുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ.