ഹേ ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചുകൊള്ളുക. നിശ്ചയമായും അന്ത്യസമയത്തിലെ പ്രകമ്പനം വമ്പിച്ച ഒരു കാര്യമാകുന്നു.
അൽ ഹജ്ജ് الحج Al-Hajj
സൂറത്ത് അൽ ഹജ്ജ് (Al-Hajj), ഖുർആൻ അധ്യായം 22 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 78 ആയത്തുകൾ വായിക്കുക. Read Surah Al-Hajj with Arabic text and മലയാളം translation.
നിങ്ങള്‍ അത് കാണുന്ന ദിവസം മുലകൊടുക്കുന്ന എല്ലാ സ്ത്രീകളും മുലകുടിക്കുന്ന ശിശുക്കളെക്കുറിച്ചു അശ്രദ്ധരാകും. ഗര്‍ഭിണികളെല്ലാം അവരുടെ ഗര്‍ഭം പ്രസവിച്ചുപോകുകയും ചെയ്യും. ജനങ്ങളെ ലഹരി ബാധിച്ചവരായി നീ കാണും. വാസ്തവത്തില്‍ അവര്‍ ലഹിരിബാധിച്ചവരേ അല്ല. പക്ഷെ അല്ലാഹുവിന്റെ ശിക്ഷ കഠിനമായതാണ്.
ശരിയായ യാതൊരു അറിവുമില്ലാതെ അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കിക്കുകയും ധിക്കാരികളായ എല്ലാ പിശാചുക്കളെയും പിന്‍പറ്റി നടക്കുകയും ചെയ്യുന്ന ചിലര്‍ മനുഷ്യരിലുണ്ട്.
നിശ്ചയമായും തന്നെ വല്ലവനും പിന്‍പറ്റി നടന്നാല്‍ അവനെ വഴിതെറ്റിക്കുകയും ജ്വലിക്കുന്ന നരകശിക്ഷയിലേക്ക് നയിക്കുകയും ചെയ്യുമെന്നു പിശാചിനെക്കുറിച്ചു രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഓ മനുഷ്യരേ, മരണശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതിനെ കുറിച്ചു നിങ്ങള്‍ സംശയത്തിലാണെങ്കില്‍, (നിങ്ങളുടെ മുന്‍നിലയെക്കുറിച്ചു ഒന്നു ചിന്തിച്ചുനോക്കുക:) നിശ്ചയമായും ആദ്യം മണ്ണില്‍ നിന്നും പിന്നെ ഇന്ദ്രിയ ബിന്ദുവില്‍ നിന്നും പിന്നീട് രക്തപിണ്ഡത്തില്‍ നിന്നും പിന്നെ രൂപം നല്‍കപ്പെട്ടതും അല്ലാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും നിങ്ങളെ നാം സൃഷ്ടിച്ചു. (നമ്മുടെ കഴിവിന്റെ പൂര്‍ണ്ണത) നിങ്ങള്‍ക്കു വ്യക്തമാക്കിത്തരുവാന്‍ വേണ്ടി (യാണ് അങ്ങനെ നാം ചെയ്തത്.)നാം ഉദ്ദേശിക്കുന്നവയെ മാതാവിന്റെ ഗര്‍ഭാശയത്തില്‍ ഒരു നിശ്ചിത അവധിവരെ താമസിപ്പിക്കുകയും അനന്തരം നിങ്ങളെ ശിശുക്കളായി പുറത്തേക്കു കൊണ്ടുവരികയും ചെയ്യുന്നു. പിന്നീട് യൗവനത്തിന്റെ പൂര്‍ണ്ണ ദശപ്രാപിക്കേണ്ടതിന്നു (നിങ്ങളെ നാം വളര്‍ത്തിക്കൊണ്ടു വരുന്നു.) നിങ്ങളില്‍ ചിലര്‍ (ആ ദശയിലോ അതിന്നു മുമ്പോ) മൃതിയടയുന്നു; മറ്റു ചിലര്‍ നല്ല അറിവുള്ളവരായിരുന്നതിന്നു ശേഷം (അതെല്ലാം നഷ്ടപ്പെട്ടു) യാതൊന്നും അറിയാതായിത്തീരുമാറ് വാര്‍ദ്ധക്യത്തിന്റെ ഏറ്റവും താഴ്ന്നപടിയിലേക്കു മടക്കപ്പെടുന്നു. ഭൂമി വരണ്ടുകിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്റെ മേല്‍ നാം മഴ വര്‍ഷിച്ചാലോ അതു അനങ്ങുകയും ചീര്‍ക്കുകയും കൗതുകകരമായ എല്ലാതരം സസ്യങ്ങളെയും ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു.
അത്, നിശ്ചയമായും അല്ലാഹു തന്നെയാണ് സ്ഥിരയാഥാര്‍ത്ഥ്യമുള്ളവനെന്നും അവന്‍ മരിച്ചവരെ ജീവിപ്പിക്കുകതന്നെ ചെയ്യുമെന്നും എല്ലാ കാര്യത്തിന്നും കഴിവുള്ളവന്‍ തന്നെയാണെന്നുമുള്ളതുകൊണ്ടാണ്.
നിശ്ചയമായും അന്ത്യസമയം വരുന്നതാണ്-അതില്‍ യാതൊരു സംശയവുമില്ല-എന്നും അല്ലാഹു ഖബ്‌റുകളില്‍ ഉള്ളവരെ ഉയിര്‍ത്തെഴുന്നേല്‍പിക്കുമെന്നും (ഉള്ളതുകൊണ്ടുമാകുന്നു.)
യാതൊരു അറിവും മാര്‍ഗദര്‍ശനവും വെളിച്ചംനല്‍കുന്ന വേദഗ്രന്ഥവും ഇല്ലാതെ അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കിക്കുന്ന ചിലര്‍ മനുഷ്യരിലുണ്ട്.
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നു ജനങ്ങളെ തെറ്റിക്കുവാന്‍ വേണ്ടി അഹംഭാവം നടിച്ചുകൊണ്ടാണ് (അവര്‍ അങ്ങനെ ചെയ്യുന്നത്.) അവന്നു ഇഹലോകത്ത് അപമാനമാണുള്ളത്. ഖിയാമത്തുനാളില്‍ അവന്നു ചുട്ടുകരിക്കുന്ന ശിക്ഷ നാം അനുഭവിപ്പിക്കുകയും ചെയ്യും.
(അന്നു അവനോട് പറയപ്പെടും:) നിന്റെ കൈകള്‍ മുമ്പ് പ്രവര്‍ത്തിച്ചതും അല്ലാഹു തന്റെ ദാസന്മാരോട് ഒട്ടുംതന്നെ അനീതി പ്രവര്‍ത്തിക്കുന്നവനല്ല എന്നുള്ളതും കൊണ്ടാണിത്.
മതത്തില്‍ ദൃഢവിശ്വാസമില്ലാതെ അല്ലാഹുവിന്ന് ഇബാദത്ത് ചെയ്യുന്ന ചിലരും മനുഷ്യരിലുണ്ട്. വല്ലനന്മയും കൈവന്നാല്‍ അതുകൊണ്ടവര്‍ സംതൃപ്തരാകും; വല്ല ആപത്തും വന്നെത്തിയാലോ പിന്നോട്ട് തിരിഞ്ഞു (സത്യനിഷേധത്തിലേക്കു) പോകുകയും ചെയ്യും. അവര്‍ക്ക് ഇഹലോകവും പരലോകവും നഷ്ടപ്പെട്ടുപോയി. അതു വ്യക്തമായ ഒരു നഷ്ടം തന്നെയാണ്.
അല്ലാഹുവിന്ന് പുറമെ, തനിക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിന്നു അവന്‍ ഇബാദത്ത് ചെയ്യുന്നു. അതുന്നെയാണ് (സത്യത്തില്‍നിന്നു) വിദൂരമായ വഴിപിഴവ്.
ഏതൊന്നിന്റെ ഉപകാരത്തെക്കാള്‍ ഉപദ്രവം കൂടുതല്‍ അടുത്തതാണോ അതിനാണ് അവന്‍ ആരാധന ചെയ്യുന്നത്. അതെത്ര ദുഷിച്ച സഹായി! എത്ര ദുഷിച്ച കൂട്ടുകാരന്‍!
സത്യത്തില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരെ, താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളില്‍ അല്ലാഹു പ്രവേശിപ്പിക്കുകതന്നെ ചെയ്യുന്നതാണ്. നിശ്ചയമായും താനുദ്ദേശിക്കുന്നതു അല്ലാഹു പ്രവര്‍ത്തിക്കും.
ഭൗതികലോകത്തും പാരത്രിക ലോകത്തും അല്ലാഹു നബിയെ സഹായിക്കുകയില്ലെന്നു വല്ലവനും വിചാരിക്കുന്നുണ്ടെങ്കില്‍ അവന്‍ ഉപരിഭാഗത്തേക്ക് ഒരു കയര്‍ നീട്ടിക്കെട്ടുകയും എന്നിട്ട് കഴുത്ത് കുടുക്കി ആത്മഹത്യ ചെയ്യുകയും ചെയ്തുകൊള്ളട്ടെ. എന്നിട്ട് ഈ തന്ത്രം (ആത്മഹത്യ) തന്നെ കോപിപ്പിക്കുന്ന കാര്യത്തെ ഇല്ലാതാക്കുന്നുണ്ടോ എന്നവന്‍ നോക്കട്ടെ.
അപ്രകാരം, ഈ ഖുര്‍ആനെ വ്യക്തമായ ലക്ഷ്യങ്ങളെന്ന നിലക്കു നാം അവതരിപ്പിച്ചിരിക്കുന്നു. താനുദ്ദേശിക്കുന്നവരെ അല്ലാഹു നേര്‍മാര്‍ഗത്തിലാക്കുകതന്നെ ചെയ്യുന്നുവെന്നും (അവതരിപ്പിച്ചിട്ടുണ്ട്.)
നിശ്ചയമായും സത്യവിശ്വാസം സ്വീകരിച്ചവര്‍ (മുസ്‌ലിംകള്‍), യഹൂദികള്‍, സ്വാബികള്‍, ക്രിസ്ത്യാനികള്‍, അഗ്‌ന്യാരാധകര്‍, ബഹുദൈവ വിശ്വാസികള്‍ എന്നിവര്‍ക്കിടയില്‍ പുനരുത്ഥാനദിവസം അല്ലാഹു തീര്‍പ്പ് കല്‍പിക്കുകതന്നെ ചെയ്യുന്നതാണ്. അവന്‍ എല്ലാ കാര്യങ്ങളും സ്പഷ്ടമായി അറിയുന്നവന്‍ തന്നെയാകുന്നു.
നിശ്ചയമായും ആകാശങ്ങളിലും ഭൂമിയിലുള്ളവരും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പര്‍വ്വതങ്ങളും വൃക്ഷങ്ങളും ജീവജാലങ്ങളും മനുഷ്യരില്‍ ഒരു വലിയ വിഭാഗവും അല്ലാഹുവിന്ന് സാഷ്ടാഗം ചെയ്യുന്നത് നീ കാണുന്നില്ല? വളരെ ആളുകള്‍ക്ക് നമ്മുടെ ശിക്ഷ ബാധകമാവുകയും ചെയ്തിരിക്കുന്നു. വല്ലവനെയും അല്ലാഹു നിന്ദിച്ചാല്‍ അവനെ മാനിക്കുന്ന ഒരാളും ഉണ്ടായിരിക്കയില്ല. താനുദ്ദേശിക്കുന്നതു അല്ലാഹു പ്രവര്‍ത്തിക്കുകതന്നെ ചെയ്യും.
ഈ രണ്ടു കക്ഷികള്‍ പരസ്പരം എതിര്‍ക്കുന്നവരാണ്. അവര്‍ തങ്ങളുടെ രക്ഷിതാവിന്റെ കാര്യത്തില്‍ പരസ്പരം തര്‍ക്കിക്കുന്നു. എന്നാല്‍ സത്യത്തെ നിഷേധിച്ചവരാരോ അവര്‍ക്കു അഗ്നിയാലുള്ള വസ്ത്രങ്ങള്‍ (ദേഹത്തിന്റെ അളവില്‍) കണക്കാക്കപ്പെടുന്നതാണ്. അവരുടെ തലക്കുമീതെ കഠിന ചൂടുള്ള വെള്ളം ഒഴിക്കപ്പെടുകയും ചെയ്യും.
അതുമൂലം അവരുടെ വയറുകളിലുള്ളതും തൊലികളും ഉരുക്കപ്പെടുന്നതാണ്.
അവര്‍ക്കു ഇരുമ്പിന്റെ ദണ്ഡുകളുമുണ്ട്.
ദുഃഖംമൂലം നരകത്തില്‍നിന്നു പുറത്തുകടക്കുവാന്‍ ഉദ്ദേശിക്കുമ്പോഴെല്ലാം അവര്‍ അതിലേക്കു തന്നെ മടക്കപ്പെടുന്നതാണ്. 'വെന്തുകരിയുന്ന ശിക്ഷ രുചിനോക്കിക്കൊള്ളുക' (എന്ന് അവരോട് പറയപ്പെടുകയും ചെയ്യും).
നിശ്ചയമായും സത്യത്തില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരെ താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗങ്ങളില്‍ അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്. അവര്‍ക്കവിടെ സ്വര്‍ണ്ണത്തിന്റെ വളകളും മുത്തും ധരിപ്പിക്കപ്പെടും. അവിടെ അവരുടെ വസ്ത്രം പട്ടായിരിക്കുന്നതാണ്.
നല്ല വാക്കുകളിലേക്കും സ്തുത്യര്‍ഹനായ അല്ലാഹുവിന്റെ വഴിയിലേക്കുമാണ് അവര്‍ മാര്‍ഗദര്‍ശനം ചെയ്യപ്പെട്ടത്.
സത്യത്തെ നിഷേധിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്നും മസ്ജിദുല്‍ ഹറാമില്‍ നിന്നും-അവിടെ താമസിക്കുന്നവരും പുറമെനിന്നു വരുന്നവരുമായ എല്ലാവര്‍ക്കും നാമതിനെ സമാവകാശമാക്കി വെച്ചിരിക്കുകയാണ്-ജനങ്ങളെ തടയുകയും ചെയ്യുന്നവര്‍ (നശിച്ചവരാണ്.) അവിടെ വെച്ചു അക്രമമായി വല്ലവനും അനീതി പ്രവര്‍ത്തിക്കുവാനുദ്ദേശിച്ചാല്‍ നാമവന്നു വേദനാജനകമായ ശിക്ഷ ആസ്വദിപ്പിക്കും.
പരിശുദ്ധ വീടിന്റെ സ്ഥലം ഇബ്‌റാഹീംനബിക്ക് നാം സൗകര്യം ചെയ്തുകൊടുത്ത സന്ദര്‍ഭം (ഓര്‍ക്കുക). 'എന്നോട് യാതൊരു വസ്തുവിനെയും പങ്ക് ചേര്‍ക്കരുത്. ഥവാഫ് ചെയ്യുന്നവര്‍ക്കും നില്‍ക്കുന്നവരും റുകൂഅ് ചെയ്യുന്നവരും സുജൂദ് ചെയ്യുന്നവരുമായി എന്നെ ആരാധിക്കുന്നവര്‍ക്കും എന്റെ മന്ദിരത്തെ ശുദ്ധമാക്കി വെക്കുക' (എന്നു നാം അദ്ദേഹത്തോട് പറഞ്ഞു:)
ഹജ്ജിന്നു വരുവാന്‍ ജനങ്ങളില്‍ പ്രഖ്യാപനം നടത്തുക. എന്നാല്‍ നടക്കുന്നവരായും വിദൂര മാര്‍ഗങ്ങളില്‍ നിന്നൊക്കെ വന്നുകൊണ്ടിരിക്കുന്ന ക്ഷീണിച്ചു മെലിഞ്ഞ എല്ലാ വാഹനപ്പുറത്തുകയറിയും അവര്‍ താങ്കളുടെ അടുക്കല്‍ (ഈ മന്ദിരത്തില്‍) വരുന്നതാണ്.
അവര്‍ക്കു പ്രയോജനകരമായ ചില രംഗങ്ങളില്‍ സന്നിഹിതരാകുവാനും നാല്‍ക്കാലി മൃഗങ്ങളെ അവര്‍ക്കു നല്‍കിയതിന്നു അറിയപ്പെട്ട ചില നിശ്ചിത ദിവസങ്ങളില്‍ അല്ലാഹുവിന്റെ നാമം പ്രകീര്‍ത്തനം ചെയ്യുവാനും വേണ്ടി. അതുകൊണ്ട് ആ നാല്‍ക്കാലി മൃഗങ്ങ(ളുടെ മാംസങ്ങ)ളില്‍ നിന്നു നിങ്ങള്‍ ഭക്ഷിക്കുകയും ദരിദ്രനായ പരവശന്നു ഭക്ഷിപ്പിക്കുകയും ചെയ്യുക.
പിന്നീട് അവര്‍ തങ്ങളുടെ അഴുക്കുകള്‍ നീക്കുകയും നേര്‍ച്ചകള്‍ നിറവേറ്റുകയും ആ പുരാതന മന്ദിരത്തെ (കഅ്ബയെ) പ്രദക്ഷിണം നടത്തുകയും ചെയ്തുകൊള്ളട്ടെ.
അതാണ് (ഹജ്ജിന്റെ വിഷയം). വല്ലവനും അല്ലാഹു പാവനമാക്കിവെച്ച വസ്തുക്കളെ ബഹുമാനിക്കുന്നതായാല്‍ അതവന്നു തന്റെ രക്ഷിതാവിങ്കല്‍ ഗുണകരമാകുന്നു. നിങ്ങള്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നവ ഒഴിച്ചു മറ്റുള്ള നാല്‍ക്കാലി മൃഗങ്ങളെല്ലാം (ആട്, മാട്, ഒട്ടകങ്ങള്‍) നിങ്ങള്‍ക്കു (അറുത്തു ഭക്ഷിക്കല്‍) അനുവദിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ബിംബങ്ങളാകുന്ന അശുദ്ധിയെ നിങ്ങള്‍ വര്‍ജ്ജിക്കുക. അസത്യം പറയലും വര്‍ജ്ജിക്കുക.
നിങ്ങള്‍ അല്ലാഹുവിന്നു വേണ്ടി അവക്ര മനസ്‌കരായി- അവനോട് മറ്റു യാതൊന്നിനെയും പങ്കുചേര്‍ക്കാത്തവരായി-(ആയിരിക്കുക). വല്ലവനും അല്ലാഹുവിനോട് എന്തിനെയെങ്കിലും പങ്കുചേര്‍ക്കുന്നതായാല്‍ അവന്‍ ആകാശത്തുനിന്നു വീണ് പക്ഷി റാഞ്ചിക്കൊണ്ടുപോകുകയോ ദൂരപ്പെട്ട ഒരു സ്ഥലത്ത് കാറ്റ് കൊണ്ടുപോയി ഇടുകയോ ചെയ്തപോലെയായിത്തീരുന്നതാകുന്നു.
അതാണ് (കാര്യം) വല്ലവനും അല്ലാഹുവിന്റെ മത ചിഹ്നങ്ങളെ ബഹുമാനിക്കുന്നുവെങ്കില്‍ നിശ്ചയമായും അതവരുടെ ഹൃദയങ്ങളുടെ ഭക്തിയില്‍ നിന്നുള്ളതാണ്.
നിങ്ങള്‍ക്ക് അവയില്‍ (ആ ബലി മൃഗങ്ങളില്‍) ഒരു നിശ്ചിത അവധിവരെ പ്രയോജനങ്ങളുണ്ട്. പിന്നീട് അവയുടെ ബലികര്‍മ്മത്തിനനുവദിക്കപ്പെട്ട സ്ഥലം കഅ്ബയുടെ അടുത്താണ്.
എല്ലാ സമുദായങ്ങള്‍ക്കും നാം ബലികര്‍മ്മം നിശ്ചയിച്ചിട്ടുണ്ട്. ആട്-മാട്-ഒട്ടകങ്ങളാകുന്ന നാല്‍ക്കാലി മൃഗങ്ങളെ നല്‍കിയതിന്റെ പേരില്‍ അല്ലാഹുവിന്റെ നാമം പ്രകീര്‍ത്തിക്കുവാനാണത്. എന്നാല്‍ നിങ്ങളുടെ ഇലാഹ് ഏക ഇലാഹാണ്. അതുകൊണ്ട് അവനെ നിങ്ങള്‍ അനുസരിച്ചു ജീവിക്കണം. (നബിയേ,) വിനീതന്മാരെ താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക;
അതായത് അല്ലാഹുവെക്കുറിച്ചു പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ ഭയപ്പെടുന്നവരും തങ്ങളെ ബാധിക്കുന്ന ആപത്തുകളുടെമേല്‍ ക്ഷമിക്കുന്നവരും നമസ്‌കാരം മുറപ്രകാരം അനുഷ്ഠിച്ചുപോരുന്നവരും നാം അവര്‍ക്ക് കൊടുത്തതില്‍ നിന്നു നല്ലകാര്യങ്ങളില്‍ ചിലവഴിക്കുന്നവരുമായവരെ.
ബലിയൊട്ടകങ്ങളെ നിങ്ങള്‍ക്കു നാം അല്ലാഹുവിന്റെ മതചിഹ്നങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ നന്മയുണ്ട്. അതുകൊണ്ട് അറുക്കുവാന്‍ അണിനിരത്തി നിറുത്തിയ നിലയില്‍ അവയുടെമേല്‍ അല്ലാഹുവിന്റെ നാമം നിങ്ങള്‍ പ്രകീര്‍ത്തിക്കുക അങ്ങനെ അറുത്ത ശേഷം (ജീവന്‍ വേര്‍പ്പെട്ടു) പാര്‍ശ്വങ്ങളിലേക്കു അവ വീണു കഴിഞ്ഞാല്‍ അവയില്‍ നിന്നു നിങ്ങള്‍ ഭക്ഷിക്കുകയും ചോദിക്കാതെതന്നെ കൊടുത്തതുകൊണ്ട് തൃപ്തിയടയുന്നവര്‍ക്കും ചോദിക്കുന്നവര്‍ക്കും ഭക്ഷിപ്പിക്കുകയും ചെയ്യുക. അപ്രകാരം നിങ്ങള്‍ക്കു നാം അവയെ കീഴ്‌പ്പെടുത്തിത്തിന്നിരിക്കുന്നു. നിങ്ങള്‍ നന്ദിചെയ്യുവാന്‍ വേണ്ടി.
അവയുടെ മാംസവും രക്തവും അല്ലാഹുവിങ്കല്‍ എത്തുന്നില്ലതന്നെ. പക്ഷെ, നിങ്ങളില്‍ നിന്നുണ്ടാകുന്ന ഭയഭക്തി അവങ്കലെത്തുന്നു. നിങ്ങളെ നേരായ മാര്‍ഗത്തില്‍ ആക്കിയതിന്റെ പേരില്‍ അല്ലാഹുവിന്നു തക്ബീര്‍ ചൊല്ലുവാന്‍ വേണ്ടി അവയെ അപ്രകാരം നിങ്ങള്‍ക്കു കീഴ്‌പ്പെടുത്തിത്തന്നിരിക്കുകയാണ്. (നബിയേ,) സുകൃതികള്‍ക്കു സന്തോഷവാര്‍ത്ത അറിയിക്കുക.
നിശ്ചയമായും സത്യവിശ്വാസികളില്‍നിന്നു (അവരുടെ ശത്രുക്കളെ) അല്ലാഹു തടുത്തു നിറുത്തന്നതാണ്. നന്ദികെട്ട വഞ്ചകന്മാരെയൊന്നും അല്ലാഹു ഇഷ്ടപ്പെടുകയേയില്ല.
ഇങ്ങോട്ട് യുദ്ധം ചെയ്യപ്പെടുന്നവര്‍ക്ക്-അവര്‍ അക്രമിക്കപ്പെടുക തന്നെ ചെയ്തിരിക്കുന്നുവെന്നതുകൊണ്ട്-അങ്ങോട്ടും യുദ്ധം ചെയ്യാന്‍ അനുവദിക്കപ്പെട്ടിരിക്കുന്നു. അവരെ സഹായിക്കുന്നതിന്നു അല്ലാഹു കഴിവുള്ളവന്‍ തന്നെയാണ് തീര്‍ച്ച.
യാതൊരു ന്യായവുമില്ലാതെ തങ്ങളുടെ ഭവനങ്ങളില്‍ നിന്നു ബഹിഷ്‌കരിക്കപ്പെട്ടവരാണവര്‍. 'ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ്' എന്നു പറയുക മാത്രമാണവര്‍ ചെയ്തത്; (മറ്റൊരു കുറ്റവും ചെയ്തിരുന്നില്ല.) മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുത്തിരുന്നില്ലെങ്കില്‍ അവന്റെ നാമങ്ങള്‍ ധാരാളമായി പറയപ്പെടുന്ന പുരോഹിത മഠങ്ങളും ക്രിസ്ത്യന്‍ ദേവാലയങ്ങളും ജൂതപ്പള്ളികളും മസ്ജിദുകളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നവരെ അല്ലാഹു സഹായിക്കുക തന്നെ ചെയ്യും. നിശ്ചയമായും അവന്‍ ശക്തിയുള്ളവനും പ്രതാപവാനും തന്നെയാണ്.
അവര്‍ക്കു നാം ഭൂമിയില്‍ സ്വാധീനം കൊടുത്താല്‍ അവര്‍ നമസ്‌കാരം നിലനിറുത്തുകയും സക്കാത്ത് കൊടുക്കുകയും നല്ലതു കല്‍പിക്കുകയും ചീത്തയെ വിരോധിക്കുകയും ചെയ്യും. എല്ലാ കാര്യങ്ങളുടെയും മടക്കം അല്ലാഹുവിങ്കലേക്കാകുന്നു.
(നബിയേ,) താങ്കളെ ഇവര്‍ (മുശ്‌രിക്കുകള്‍) കളവാക്കുന്നുവെങ്കില്‍ ഇവര്ക്കു മുമ്പു നൂഹ്‌നബിയുടെ ജനതയും ആദും സമൂദും കളവാക്കുക തന്നെ ചെയ്തിട്ടുണ്ട്.
ഇബ്രാഹീം നബിയുടെ ജനതയും (തങ്ങളുടെ പ്രാവാചകരെ കളവാക്കിയിട്ടുണ്ട്).
മദ്‌യന്കാ രും (തങ്ങളുടെ പ്രവാചകനെ കളവാക്കി), മൂസാനബിയും വ്യാജനാക്കപ്പെടുകയുണ്ടായി. എന്നാല്‍ അപ്പോഴെല്ലാം സത്യനിഷേധികള്ക്കുി ഞാന്‍ സമയം നീട്ടിക്കൊടുത്തു. പിന്നീട് അവരെ ഞാന്‍ പിടിച്ചു ശിക്ഷിച്ചു. അപ്പോള്‍ എന്റെ ശിക്ഷ എങ്ങനെയായി? (കുറിക്കുകൊണ്ടില്ലേ!)
അങ്ങനെ, അക്രമം ചെയ്തു കൊണ്ടിരിക്കെ എത്ര നാട്ടുകാരെയാണ് നാം നശിപ്പിച്ചത്! അപ്പോള്‍ ആ നാടുകളതാ മേല്‍പുരകളോടെ വീണടിഞ്ഞു കിടക്കുന്നു. ഉപയോഗ ശൂന്യങ്ങളായ എത്ര കിണറുകളും ഉയര്‍ത്തിയുണ്ടാക്കപ്പെട്ട എത്ര മാളികകളുമാണ് (ശൂന്യമായി കിടക്കുന്നത്)!
ഇവര്‍ ഭൂമിയില്‍ കൂടി സഞ്ചരിക്കുന്നില്ലേ? എന്നാല്‍ ഇവര്‍ക്കു ചിന്തിച്ചു ഗ്രഹിക്കുവാനുള്ള ഹൃദയങ്ങളോ കേട്ടുമനസ്സിലാക്കുവാനുള്ള കാതുകളോ ഉണ്ടാകുന്നതാണ്. നിശ്ചയമായും ഈ ബാഹ്യമായ കണ്ണുകള്‍ക്കു അന്ധത ബാധിക്കുന്നില്ല. പക്ഷെ നെഞ്ചുകളിലുള്ള ഹൃദയങ്ങള്‍ക്കാണ് അന്ധത ബാധിക്കുന്നത്.
(നബിയേ,) താങ്കളോടവര്‍ ശിക്ഷക്ക് ധൃതികൂട്ടുന്നു. തന്റെ വാഗ്ദാനം അല്ലാഹു ലംഘിക്കുകയേയില്ല. നിശ്ചയമായും താങ്കളുടെ രക്ഷിതാവിങ്കല്‍ ഒരു ദിവസമെന്നതു നിങ്ങള്‍ എണ്ണിവരുന്ന ആയിരം കൊല്ലങ്ങള്‍ പോലെയാണ്. (ഇതവര്‍ അറിഞ്ഞിരിക്കട്ടെ)
എത്ര നാട്ടുകാരാണ്! അക്രമം ചെയ്തുകൊണ്ടിരിക്കെ അവര്‍ക്ക് ഞാന്‍ സമയം നീട്ടിക്കൊടുക്കുകയും പിന്നീട് അവരെ ഞാന്‍ പിടിച്ചു ശിക്ഷിക്കുകയും ചെയ്തിരിക്കുന്നു. എല്ലാവരുടെയും മടക്കം എന്റെ അടുക്കലേക്കു തന്നെയാണ്.
താങ്കള്‍ പറയുക: ഹേ മനുഷ്യരേ, ഞാന്‍ നിങ്ങള്‍ക്ക് വ്യക്തമായ ഒരു താക്കീതുകാരന്‍ മാത്രമാണ്.
അതുകൊണ്ടു സത്യത്തില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് പാപമോചനവും മാന്യമായ ആഹാരവും ഉണ്ടായിരിക്കുന്നതാകുന്നു.
നമ്മുടെ പിടിയില്‍ നിന്നു ചാടിപ്പോകാമെന്നു ധരിച്ചുകൊണ്ടു നമ്മുടെ ലക്ഷ്യങ്ങളില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നവരാരോ അവര്‍ നരകക്കാരാകുന്നു.
പിശാച് വലിച്ചിടുന്ന ദുര്‍ബോധനങ്ങളെ ഹൃദയങ്ങളില്‍ രോഗമുള്ളവര്‍ക്കും ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കും അല്ലാഹു ഒരു പരീക്ഷണമാക്കലാകുന്നു അതിന്റെ ഫലം. ഈ അക്രമികള്‍ നിശ്ചയമായും സത്യത്തില്‍ നിന്നു വളരെ വിദൂരമായ ഭിന്നിപ്പിലാകുന്നു.
അറിവ് നല്‍കപ്പെട്ടവര്‍ക്ക്, ഇത് താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം തന്നെയാണെന്നു മനസ്സിലാക്കലും അങ്ങനെ അവര്‍ അതില്‍ വിശ്വസിക്കലും അതുവഴി അവരുടെ ഹൃദയങ്ങള്‍ അതിനോട് വിനയമുള്ളതാകലുമാണ് അതിന്റെ ഫലം. നിശ്ചയമായും, സത്യവിശ്വാസികളെ അല്ലാഹു നേരായ മാര്‍ഗത്തില്‍ ചേര്‍ത്തിക്കൊടുക്കുന്നവനാണ്.
അന്ത്യനാള്‍ പെട്ടെന്ന് ആസന്നമാവുകയോ ഗുണംകെട്ട ഒരു ദിവസത്തിലെ ശിക്ഷ വന്നെത്തുകയോ ചെയ്യുന്നത് വരെ സത്യനിഷേധികള്‍ ഈ ഖുര്‍ആനെ സംബന്ധിച്ചു സംശയത്തിലായിക്കൊണ്ടേയിരിക്കും.
അന്നത്തെ ദിവസം ആധിപത്യമെല്ലാം അല്ലാഹുവിനാണ്. അവര്‍ക്കിടയില്‍ അവന്‍ വിധി കല്‍പിക്കും. അപ്പോള്‍, സത്യത്തില്‍ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവര്‍ സുഖജീവിതത്തിന്റെ സ്വര്‍ഗങ്ങളിലാകുന്നു.
സത്യത്തെ നിഷേധിക്കുകയും നമ്മുടെ ലക്ഷ്യങ്ങളെ കളവാക്കുകകയും ചെയ്തവരാകട്ടെ അവര്‍ക്കു തന്നെയാണ് അപമാനകരമായ ശിക്ഷ ലഭിക്കുക.
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വിട്ടുപോകുകയും പിന്നീട് ശത്രുക്കളാല്‍ കൊല്ലപ്പെടുകയോ മരണമടയുകയോ ചെയ്യുകയും ചെയ്തവര്‍ക്ക് അല്ലാഹു നല്ല വിഭവം-സ്വര്‍ഗം-നല്‍കുക തന്നെ ചെയ്യുന്നതാണ്. അല്ലാഹു തന്നെയാണ് നല്‍കുന്നവരില്‍ ഏറ്റവും ഉത്തമന്‍, തീര്‍ച്ച.
നിശ്ചയമായും അവര്‍ തൃപ്തിപ്പെടുന്ന ഒരു പ്രവേശനസ്ഥാനത്ത് (സ്വര്‍ഗത്തില്‍) അവന്‍ അവരെ പ്രവേശിപ്പിക്കും. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും വളരെ ക്ഷമയുള്ളവനും തന്നെയാകുന്നു.
മേല്‍പറഞ്ഞതാണ് (കാര്യത്തിന്റെ നില). വല്ലവനും തന്നോട് ഇങ്ങോട്ടനുവര്‍ത്തിക്കപ്പെട്ട ശിക്ഷാനടപടിക്കു തുല്യമായതുകൊണ്ട് അങ്ങോട്ട് പ്രതികാരം കാണിക്കുകയും പിന്നീടവന്‍ അതിക്രമ വിധേയനാവുകയും ചെയ്താല്‍ അല്ലാഹു അവനെ തീര്‍ച്ചയായും സഹായിക്കുന്നതാണ്. അല്ലാഹു വളരെ മാപ്പ് ചെയ്യുന്നവനും ഏറ്റവും പൊറുക്കുന്നവനും തന്നെയാണ്; തീര്‍ച്ച.
നിശ്ചയമായും അല്ലാഹു രാവിനെ പകലിലും പകലിനെ രാവിലും കടത്തുന്നുവെന്നതുകൊണ്ടും ഏറ്റവും കേള്‍ക്കുന്നവനും കാണുന്നവനും തന്നെയാണെന്നതുകൊണ്ടുമാണത്.
അല്ലാഹുതന്നെയാണ് യഥാര്‍ത്ഥമായവന്‍; അവന്നു പുറമെ അവര്‍ ആരാധിക്കുന്ന വസ്തുക്കള്‍ അയഥാര്‍ത്ഥങ്ങള്‍ തന്നെയാണ്; തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉന്നതനും മഹാനും എന്നതുകൊണ്ടാണത്.
നിശ്ചയമായും അല്ലാഹു ആകാശത്തുനിന്ന് മഴപെയ്യിക്കുകയും അങ്ങനെ ഭൂമി പച്ചയാവുകയും ചെയ്യുന്നതു നീ കണ്ടില്ലേ; അല്ലാഹു സൗമ്യതയുള്ളവനും സൂക്ഷ്മജ്ഞാനിയും തന്നെയാകുന്നു.
ആകാശ ഭൂമികളിലുള്ളതെല്ലാം അവന്നുള്ളതാകുന്നു. തീര്‍ച്ചയായും അല്ലാഹുതന്നെയാണ് നിരാശ്രയനും സ്തുത്യര്‍ഹനും.
നിശ്ചയം അല്ലാഹുനിങ്ങള്‍ക്ക്, ഭൂമിയിലുള്ള വസ്തുക്കളും തന്റെ കല്‍പനയനുസരിച്ച് സമുദ്രത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കപ്പലുകളും കീഴ്‌പ്പെടുത്തിത്തന്നിരിക്കുന്നതു നീ അറിഞ്ഞിട്ടില്ലേ? തന്റെ അനുമതി കൂടാതെ ആകാശം ഭൂമിയുടെ മേല്‍ വീഴുന്നതില്‍ നിന്നു അതിനെ അവന്‍ തടഞ്ഞുനിറുത്തുന്നു. നിശ്ചയമായും അല്ലാഹു മനുഷ്യരോട് വളരെ ദയയും കരുണയുമുള്ളവനാകുന്നു.
അവനാണ് നിങ്ങളെ ജീവിപ്പിച്ചത്. പിന്നീട് അവന്‍ നിങ്ങളെ മരിപ്പിക്കുകയും തദനന്തരം അവന്‍ നിങ്ങളെ പുനര്‍ജീവിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യന്‍ വളരെ നന്ദികെട്ടവന്‍ തന്നെയാണ്, തീര്‍ച്ച. (
(നബിയേ,) ഓരോ സമുദായത്തിനും ഓരോ കര്‍മ്മാനുഷ്ഠാന മുറ നാം നിശ്ചയിച്ചിട്ടുണ്ട്. അവരത് ചെയ്തുവരുന്നവരാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ അവര്‍ താങ്കളോട് വഴക്കടിക്കാതിരിക്കട്ടെ. താങ്കളുടെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചുകൊള്ളുക. നിശ്ചയമായും താങ്കള്‍ നേരായ മാര്‍ഗത്തില്‍ തന്നെയാണ്.
അവര്‍ തര്‍ക്കിക്കുകയാണെങ്കില്‍ താങ്കള്‍ പറഞ്ഞേക്കുക: നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു ഏറ്റവും അറിയുന്നവ നാണ്.
നിങ്ങള്‍ ഭിന്നിച്ചിരിക്കുന്ന വിഷയങ്ങളില്‍ അന്ത്യനാളില്‍ അല്ലാഹു നിങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കുന്നതാകുന്നു.
ആകാശ ഭൂമികളിലുള്ളതെല്ലാം അല്ലാഹു അറിയുകതന്നെ ചെയ്യുമെന്നു താങ്കള്‍ മനസ്സിലാക്കിയിട്ടില്ലേ? നിശ്ചയമായും അതെല്ലാം ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അതു അല്ലാഹുവിന്ന് ഒരു നിസ്സാരകാര്യം തന്നെയാണ്.
അവര്‍ അല്ലാഹുവിന്നു പുറമെ അവന്‍ യാതൊരു ലക്ഷ്യവും അവതരിപ്പിച്ചിട്ടല്ലാത്തവയെയും തങ്ങള്‍ക്ക് യാതൊരറിവുമില്ലാത്തവയെയും ആരാധിക്കുന്നു. ഈ അക്രമികള്‍ക്ക് യാതൊരു സഹായകനും ഉണ്ടായിരിക്കുകയില്ല.
സ്പഷ്ടമായ നിലയില്‍ നമ്മുടെ ലക്ഷ്യങ്ങള്‍ ഓതിക്കൊടുക്കുമ്പോള്‍ ആ സത്യനിഷേധികളുടെ മുഖങ്ങളില്‍ വെറുപ്പ് വെളിപ്പെടുന്നതു താങ്കള്‍ കണ്ടറിയും . അവര്‍ക്കു നമ്മുടെ ലക്ഷ്യങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്നവരെ അവര്‍ കൈയേറ്റം നടത്തുമാറാകും. അവരോട് താങ്കള്‍ പറഞ്ഞേക്കുക: എന്നാല്‍ നിങ്ങള്‍ക്ക് ഇതിനെക്കാള്‍ വെറുപ്പായ ഒന്നിനെപറ്റി ഞാന്‍ അറിവു തരട്ടെയോ? (അതാണ്) നരകം! സത്യനിഷേധികള്‍ക്കത് അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. അവര്‍ മടങ്ങിച്ചെല്ലുന്ന സ്ഥലം വളരെ ചീത്തയായതുതന്നെ.
ഓ മനുഷ്യരേ, ഒരു ഉപമ ഇതാ വിവരിക്കപ്പെടുന്നു-അതു നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുക: നിശ്ചയമായും അല്ലാഹുവിന്നു പുറമെ നിങ്ങള്‍ ആരാധിച്ചുപോരുന്ന വസ്തുക്കള്‍ ഒരു ഈച്ചയെപോലും സൃഷ്ടിക്കയില്ലതന്നെ; അതിന്നുവേണ്ടി അവരെല്ലാവരും ഒത്തുകൂടിയാല്‍ പോലും. അവയില്‍ നിന്നു ഈച്ചവല്ലതും തട്ടിയെടുക്കുന്നതായാല്‍ അതിന്റെ പക്കല്‍നിന്നവ അതു വീണ്ടെടുക്കുകയുമില്ല. തേടുന്നതും തേടപ്പെടുന്നതും ബലഹീനമായിരിക്കുന്നു.
അല്ലാഹുവിന്റെ മഹത്ത്വത്തിന്നു അവകാശപ്പെട്ട നിലയില്‍ അവരവനെ ബഹുമാനിച്ചില്ല. നിശ്ചയമായും അല്ലാഹു ശക്തനും പ്രതാപശാലിയും തന്നെയാണ്.
അല്ലാഹു മലക്കുകളില്‍നിന്നും മനുഷ്യരില്‍നിന്നും ചില ദൂതന്മാരെ തെരഞ്ഞെടുക്കുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനും തന്നെയാണ്.
അവര്‍ക്കു വരാനുള്ളതും കഴിഞ്ഞുപോയതുമെല്ലാം അവനറിയും. എല്ലാ കാര്യങ്ങളും മടക്കപ്പെടുന്നത് അല്ലാഹുവിങ്കലേക്കാകുന്നു.
സത്യവിശ്വാസികളേ, നിങ്ങള്‍ റുകൂഉം സുജൂദും ചെയ്യുക (നമസ്‌കരിക്കുക)യും നിങ്ങളുടെ രക്ഷിതാവിന്നു ഇബാദത്ത് ചെയ്യുകയും നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുക; നിങ്ങള്‍ വിജയം ആഗ്രഹിച്ചവരായും കൊണ്ട്.
അല്ലാഹുവിന്റെ മതത്തിന്റെ നിലനില്‍പിന്നു വേണ്ടിപോരാടേണ്ട മുറപ്രകാരം നിങ്ങള്‍ പോരാടുക. അവന്‍ നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ നിങ്ങളുടെമേല്‍ യാതൊരു ഇടുക്കവും അവന്‍ ഉണ്ടാക്കിവെച്ചിട്ടില്ല. നിങ്ങളുടെ പിതാവ് ഇബ്‌റാഹീം നബിയുടെ മാര്‍ഗം (പിന്‍പറ്റുക) അല്ലാഹു നിങ്ങള്‍ക്കു ഇതിന്നുമുമ്പും ഈ വേദത്തിലും 'മുസ്‌ലിംകള്‍' എന്നു പേരു വെച്ചിരിക്കുന്നു. (നിങ്ങളെ അവന്‍ ഉല്‍കൃഷ്ടരായി തെരഞ്ഞെടുത്തത് എന്തിനെന്നാല്‍) റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയും നിങ്ങള്‍ മനുഷ്യര്‍ക്ക് സാക്ഷികളും ആയിത്തീരുവാന്‍ വേണ്ടിയാണ്. അതുകൊണ്ട് നിങ്ങള്‍ നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സകാത്ത് കൊടുക്കുകയും അല്ലാഹുവിനെക്കൊണ്ട് ശക്തിപ്രാപിക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ രക്ഷാധികാരിയാണ്. അപ്പോള്‍ അവന്‍ എത്രനല്ല രക്ഷാധികാരി, എത്രനല്ല സഹായി!