ചുറ്റുഭാഗവും നാം അനുഗ്രഹം ചെയ്ത അല്‍ മസ്ജിദുല്‍ അഖ്‌സ്വായിലേക്ക് പരിശുദ്ധ പള്ളിയില്‍നിന്നു തന്റെ അടിമയെ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലതു കാണിച്ചുകൊടുക്കുവാനായി രാത്രിയുടെ ചുരുക്കം സമയത്തു സഞ്ചരിപ്പിച്ചവന്‍ എത്ര പരിശുദ്ധന്‍! നിശ്ചയമായും അവന്‍ തന്നെയാണ് എല്ലാം കേള്‍ക്കുന്നവനും കാണുന്നവനും.
അൽ ഇസ്റാഅ് الإسراء Al-Isra
സൂറത്ത് അൽ ഇസ്റാഅ് (Al-Isra), ഖുർആൻ അധ്യായം 17 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 111 ആയത്തുകൾ വായിക്കുക. Read Surah Al-Isra with Arabic text and മലയാളം translation.
നാം മൂസാനബിക്ക് വേദം നല്‍കുകയും അദ്ദേഹത്തെ ഇസ്രാഈല്‍ സന്തതികള്‍ക്ക് മാര്‍ഗദര്‍ശനമാക്കുകയും ചെയ്തു. എന്നെവിട്ട് മറ്റാരെയും നിങ്ങള്‍ സംരക്ഷകനാക്കരുത് (എന്നു അവരോട് നാം കല്‍പിക്കയും ചെയ്തു).
നൂഹ്‌നബിയോടൊപ്പം നാം കപ്പലില്‍ കയറ്റിയവരുടെ മക്കളേ! നിശ്ചയമായും അദ്ദേഹം വളരെ നന്ദിയുള്ള അടിമയായിരുന്നു. (അതുപോലെ നിങ്ങളും നന്ദിയുള്ളവരായി ജീവിക്കുക).
നിങ്ങള്‍ ഭൂമിയില്‍ (ശാമില്‍) രണ്ടു പ്രാവശ്യം കുഴപ്പമുണ്ടാക്കുമെന്നും വലിയ അഹംഭാവം കാണിക്കുമെന്നും തൗറാത്ത് മുഖേന ഇസ്രാഈല്യരെ നാം അറിയിച്ചു.
അങ്ങനെ ആ രണ്ടില്‍ ഒന്നാമത്തേതിന്റെ (ശിക്ഷയുടെ) ഘട്ടമെത്തുമ്പോള്‍ കഠിനമായ ആക്രമണശക്തിയുള്ള നമ്മുടെ ചില അടിമകളെ നിങ്ങള്‍ക്കുനേരെ നാം അയക്കും. അങ്ങനെ അവര്‍ സ്വന്തം വീടുകള്‍ക്കിടയില്‍ നിങ്ങളെ തെരഞ്ഞുനടക്കുന്നതാണ്. ഇതു നടപ്പില്‍വരുത്തുന്ന ഒരു തീരുമാനം തന്നെയാകുന്നു.
6. പിന്നീട് അവരെ തിരിച്ചടിക്കുവാന്‍ നിങ്ങള്‍ക്കു നാം അവസരം നല്‍കും. ധനംകൊണ്ടും സന്താനങ്ങളെകൊണ്ടും നിങ്ങളെ നാം സഹായിക്കയും ചെയ്യും. നിങ്ങളെ ജനസംഖ്യ വളരെ വര്‍ദ്ധിച്ച ഒരു സമുദായമാക്കുന്നതുമാണ്.
(എന്നിട്ട് നിങ്ങളോട് നാം പറഞ്ഞു:) നന്മ ചെയ്താല്‍ അതിന്റെ ഗുണം നിങ്ങള്‍ക്കുതന്നെയാണ്; തിന്മ ചെയ്യുന്നുവെങ്കില്‍ അതിന്റെ ദോഷവും നിങ്ങള്‍ക്കുതന്നെ. പിന്നീട് രണ്ടാമത്തെ കുഴപ്പത്തിന്റെ (ശിക്ഷയുടെ) ഘട്ടമെത്തിയപ്പോള്‍ നിങ്ങളെ അപമാനിക്കുവാനും ഒന്നാംപ്രാവശ്യം പള്ളിയില്‍ പ്രവേശിച്ചതുപോലെത്തന്നെ രണ്ടാം പ്രാവശ്യം പള്ളിയില്‍ പ്രവേശിക്കുവാനും അവര്‍ ജയിച്ചടക്കിയതിനെയെല്ലാം നശിപ്പിക്കുവാനുംവേണ്ടി (നമ്മുടെ ചില അടിമകളെ നിങ്ങളുടെ നേരെ നാം അയക്കും).
(അവരോട് നാം പറഞ്ഞു:) നിങ്ങളുടെ രക്ഷിതാവ് ഇനിയും നിങ്ങളോട് കരുണ കാണിച്ചേക്കാം. നിങ്ങള്‍ (ധിക്കാരത്തിലേക്കു) മടങ്ങുന്നുവെങ്കില്‍ (ശിക്ഷയിലേക്കു) നാമും മടങ്ങും. അവിശ്വാസികള്‍ക്ക് നരകത്തെ ജയിലാക്കി വെച്ചിരിക്കയാണ് നാം.
നിശ്ചയമായും ഈ ഖുര്‍ആന്‍ ഏറ്റവും ചൊവ്വായതിലേക്കു വഴികാണിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്ന സത്യവിശ്വാസികള്‍ക്കു മഹത്തായ പ്രതിഫലമുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കുകയുംചെയ്യുന്നു.
പരലോക ജീവിതത്തില്‍ വിശ്വസിക്കാത്തവര്‍ക്കു വേദനാജനകമായ ശിക്ഷ നാം ഒരുക്കിവെക്കുക തന്നെ ചെയ്തിട്ടുണ്ട് (എന്ന മുന്നറിയിപ്പും ഈ ഖുര്‍ആന്‍ നല്‍കുന്നു.)
മനുഷ്യന്‍ നന്മക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നപോലെ തിന്മക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. വലിയ ധൃതികാണിക്കുന്നവന്‍ തന്നെയാണ് മനുഷ്യന്‍!
രാവിനെയും പകലിനെയും നാം രണ്ടു ദൃഷ്ടാന്തങ്ങളാക്കി വെച്ചിരിക്കുന്നു. എങ്ങനെയെന്നാല്‍ നാം രാവാകുന്ന ദൃഷ്ടാന്തത്തെ മങ്ങിയതും പകലാകുന്ന ദൃഷ്ടാന്തത്തെ പ്രകാശിക്കുന്നതുമാക്കി. നിങ്ങള്‍ക്ക് രക്ഷിതാവിങ്കല്‍നിന്നുള്ള അനുഗ്രഹം (ഉപജീവന വസ്തുക്കളെയും മറ്റും) അന്വേഷിക്കുവാന്‍ സാധിക്കുന്നതിന്നുവേണ്ടിയും കൊല്ലങ്ങളുടെ എണ്ണവും മറ്റു കണക്കുകളും അറിയാന്‍വേണ്ടിയും. എല്ലാകാര്യങ്ങളും (ഖുര്‍ആനില്‍) നാം നല്ലവണ്ണം വിശദീകരിച്ചിരിക്കുന്നു.
ഓരോ മനുഷ്യന്റെയും കര്‍മ്മങ്ങളെ അവന്റെ പിരടിയില്‍ നാം ബന്ധിച്ചിരിക്കയാണ്. പുനരുത്ഥാന ദിനം അവന്നു നാം ഒരു ഗ്രന്ഥം പുറത്തെടുത്തുകൊടുക്കും. അതു തുറന്നുവെച്ചിരിക്കുന്നതായി അവന്‍ കാണും.
നിന്റെ ഗ്രന്ഥം നീ വായിക്കൂ.' ഇന്നു നിനക്കെതിരായി കണക്കു ബോധിപ്പിക്കുവാന്‍ നീ തന്നെമതി' (എന്നു അന്നേരം അവനോട് പറയും).
വല്ലവരും നേര്‍വഴി പ്രാപിച്ചാല്‍ അതിന്റെ ഗുണം അവര്‍ക്കുതന്നെയാണ്, നേര്‍വഴി പിഴച്ചാല്‍ അതിന്റെ ദോഷവും അവര്‍ക്കുതന്നെ. കുറ്റം ചുമന്ന ഒരാളുംതന്നെ മറ്റൊരാളുടെ പാപം പേറുകയില്ല. ഒരു ദൂതനെ അയക്കുന്നതുവരെ (ഒരു ജനതയെ) ശിക്ഷിക്കുന്ന പതിവ് നമുക്കില്ല.
നാം ഒരു നാട് നശിപ്പിക്കുവാന്‍ ഉദ്ദേശിച്ചാല്‍ അവിടത്തെ സുഖലോലുപന്മാരോട് (നമ്മെ അനുസരിക്കുവാന്‍) കല്‍പിക്കും. അപ്പോള്‍ അവരവിടെ ധിക്കാരം പ്രവര്‍ത്തിക്കുന്നതാണ്. തല്‍സമയം ആ നാട്ടിനെ സംബന്ധിച്ച് നമ്മുടെ വാക്ക് സ്ഥിരപ്പെടും. അങ്ങനെ അതിനെ സമൂലം നശിപ്പിച്ചുകളയും.
നൂഹ്‌നബിക്കുശേഷം എത്ര തലമുറകളെയാണ് നാം നശിപ്പിച്ചുകളഞ്ഞത്! തന്റെ അടിമകളുടെ തെറ്റുകള്‍ ശരിക്കു അറിയുന്നവനും കാണുന്നവനുമായി താങ്കളുടെ രക്ഷിതാവ് തന്നെമതി.
വല്ലവനും ഐഹികജീവിതം ലക്ഷ്യംവെക്കുന്നപക്ഷം അവന്ന്-നമ്മുടെ ഉദ്ദേശ്യാനുസൃതം-നാം ഉദ്ദേശിച്ച ഫലം ഇഹലോകത്തുവെച്ചുതന്നെ വേഗം കൊടുക്കും. പിന്നെ നരകത്തെ അവന്നുവേണ്ടി നാം തയ്യാറാക്കി വെക്കുന്നതാണ്. അവഹേളിതനും ആട്ടപ്പെട്ടവനുമായി അവനതില്‍ പ്രവേശിക്കും.
വല്ലവനും പരലോകത്തെ ഉദ്ദേശിക്കുകയും സത്യവിശ്വാസിയായിക്കൊണ്ട് പരലോകത്തേക്കുവേണ്ട പരിശ്രമങ്ങളര്‍പ്പിക്കുകയും ചെയ്താല്‍ അവരുടെ പരിശ്രമങ്ങള്‍ സ്വീകരിക്കപ്പെടുന്നതാണ്.
താങ്കളുടെ രക്ഷിതാവിന്റെ ഔദാര്യത്തില്‍നിന്നു എല്ലാവരെയും-(ഇഹലോകത്തെ ആഗ്രഹിക്കുന്ന) അവരെയും (പരലോകത്തെ ആഗ്രഹിക്കുന്ന) ഇവരെയും - നാം സഹായിക്കും. താങ്കളുടെ നാഥന്റെ (പൊതു) ഔദാര്യം ആര്‍ക്കും തടയപ്പെടുന്നതല്ല.
അവരില്‍ ചിലര്‍ക്കു മറ്റുചിലരെക്കാള്‍ നാം ശ്രേഷ്ഠത നല്‍കിയതെങ്ങനെയെന്നു നോക്കുക. നിശ്ചയമായും പരലോകജീവിതം വമ്പിച്ച ഉന്നത പദവികള്‍ ഉള്ളതും വളരെ കൂടുതല്‍ ശ്രേഷ്ഠതയുള്ളതുമാകുന്നു.
അല്ലാഹുവിനോടൊപ്പം മറ്റൊരു ഇലാഹിനെ നീ സ്ഥാപിക്കരുത്. അങ്ങനെ ചെയ്യുന്നപക്ഷം നീ അവഹേളിതനും നിസ്സഹായനുമായി ഇരുന്നുപോകും.
അല്ലാഹുവിന്നല്ലാതെ ഇബാദത്ത് ചെയ്യരുതെന്നും മാതാപിതാക്കള്‍ക്കു ഉപകാരം ചെയ്യണമെന്നും നിന്റെ രക്ഷിതാവ് കല്‍പിച്ചിരിക്കുന്നു. അവരിലൊരാളോ അല്ലെങ്കില്‍ രണ്ടു പേരുംതന്നെയോ നിന്റെയടുത്ത് വാര്‍ധക്യപ്രാപ്തരാകുമ്പോള്‍ 'ച്ഛെ' എന്നുപോലും നീ അവരോട് പറഞ്ഞുപോകരുത്; അവരോട് കയര്‍ക്കയുമരുത്; ആദരപൂര്‍വമായ വാക്കുപറയണം.
കാരുണ്യത്തോടെ വിനയമാകുന്ന ചിറക് അവര്‍ക്കു നീ താഴ്ത്തിക്കൊടുക്കുക. 'രക്ഷിതാവേ, എന്റെ ചെറുപ്രായത്തില്‍ അവരെന്നെ രക്ഷിച്ചു വളര്‍ത്തിയ (സന്ദര്‍ഭത്തില്‍ അവരെനിക്കു കരുണ ചെയ്ത)തുപോലെതന്നെ അവര്‍ക്കു നീയും കരുണചെയ്യേണമേ' എന്നു പ്രാര്‍ത്ഥിക്കുക.
നിങ്ങളുടെ ഹൃദയങ്ങളിലുള്ളതിനെ കുറിച്ചു രക്ഷിതാവ് ഏറ്റവും അറിയുന്നവനാണ്. നിങ്ങള്‍ നല്ലവരാകുന്നപക്ഷം, തന്റെയടുത്തേക്കു മടങ്ങുന്നവര്‍ക്കു ഏറ്റവും പൊറുത്തുകൊടുക്കുന്നവന്‍ തന്നെയത്രേ അവന്‍.
നീ അടുത്ത കുടുംബങ്ങള്‍ക്കു അവരുടെ അവകാശം നല്‍കുക; അഗതിക്കും യാത്രക്കാരനും (കൊടുക്കുക). ധനം ദുര്‍വ്യയംചെയ്യരുത്.
ദുര്‍വ്യയക്കാര്‍ പിശാചുക്കളുടെ സഹോദരന്മാര്‍ തന്നെയാണ്. പിശാചാവട്ടെ തന്റെ രക്ഷിതാവിനോട് തീരെ നന്ദികെട്ടവനത്രേ!
നിന്റെ രക്ഷിതാവിങ്കല്‍നിന്നുള്ള വല്ല അനുഗ്രഹവും ലഭിക്കുമെന്ന ആശയോടെ അതന്വേഷിച്ചുകൊണ്ടു അവരില്‍നിന്നു പിന്‍മാറുന്നപക്ഷം അവരോട് സൗമ്യമായ വാക്ക് പറഞ്ഞുകൊള്ളുക.
നീ ഒട്ടും ലുബ്ധത കാണിക്കയും ധൂര്‍ത്തടിക്കയുമരുത്. അങ്ങനെ ചെയ്യുന്നപക്ഷം നീ ആക്ഷേപിക്കപ്പെട്ടവനും കൈവലഞ്ഞവനുമായി ഇരിക്കേണ്ടിവരും.
നിശ്ചയമായും നിന്റെ രക്ഷിതാവ് താനുദ്ദേശിക്കുന്നവര്‍ക്കു ധാരാളമായി ആഹാരം നല്‍കും; ഉദ്ദേശിച്ചവര്‍ക്കു അതു ഞെരുക്കുകയുംചെയ്യും. തന്റെ അടിമകളെസംബന്ധിച്ചുഅവന്‍ സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനും തന്നെയാണ്.
നിങ്ങള്‍ ദാരിദ്ര്യം ഭയന്ന് സ്വസന്താനങ്ങളെ കൊല്ലരുത്. അവര്‍ക്കും നിങ്ങള്‍ക്കും ആഹാരം നല്‍കുന്നത് നാമാണ്. അവരെ കൊല്ലുന്നതു വലിയ പാപം തന്നെയാകുന്നു.
നിങ്ങള്‍ വ്യഭിചാരത്തെ സമീപിക്കരുത്. അതു നീചകൃത്യം തന്നെയാണ്; തീരേ ദുഷിച്ച മാര്‍ഗവും.
അല്ലാഹു (കൊല്ലല്‍) നിഷിദ്ധമാക്കിയ ഒരു ജീവനെ അവകാശം കൂടാതെ നിങ്ങള്‍ കൊല്ലരുത്. വല്ലവനും മര്‍ദ്ദിതനായി കൊല്ലപ്പെട്ടാല്‍ അവന്റെ അനന്തരാവകാശിക്ക് നാം ചില അധികാരാവകാശങ്ങള്‍ കൊടുത്തിട്ടുണ്ട്. അതുകൊണ്ട് അവന്‍ കൊലയില്‍ അതിരുകവിയരുത്. നിശ്ചയമായും അവന്‍ (നിയമം മുഖേന) സഹായിക്കപ്പെട്ടവനാണ്.
അനാഥക്കുട്ടി യൗവനം പ്രാപിക്കുന്നതുവരെ അവന്റെ ധനവുമായി ഏറ്റവും നല്ലനിലക്കല്ലാതെ നിങ്ങള്‍ സമീപിച്ചുപോകരുത്. നിങ്ങള്‍ കരാറുകള്‍ നിറവേറ്റുക; കരാറുകളെക്കുറിച്ചു ചോദിക്കപ്പെടുകതന്നെ ചെയ്യും.
നിങ്ങള്‍ അളന്നുകൊടുക്കുമ്പോള്‍ അളത്തം പൂര്‍ത്തിയാക്കുകയും ശരിയായ തുലാസ് കൊണ്ട് തൂക്കിക്കൊടുക്കുകയും ചെയ്യുക. അതാണ് ഏറ്റവും നല്ലതും അത്യുത്തമമായ പരിണിതഫലം ഉണ്ടാക്കിത്തരുന്നതും.
അറിവില്ലാത്ത കാര്യങ്ങളുടെ പിന്നാലെ നീ പോകരുത്. കാത്, കണ്ണ്, ഹൃദയം എന്നിവയെക്കുറിച്ചെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്, തീര്‍ച്ച.
നീ ഭൂമിയില്‍ പൊങ്ങച്ചം കാട്ടിക്കൊണ്ടുനടക്കരുത്. ഭൂമി പിളര്‍ക്കാനോ പര്‍വ്വതങ്ങളുടെ നീളം പ്രാപിക്കുവാനോ നിനക്കു കഴിയുന്നതേയല്ല.
മേല്‍പറഞ്ഞവയില്‍ ചീത്ത ആയതെല്ലാം നിന്റെ രക്ഷിതാവിങ്കല്‍ വെറുക്കപ്പെട്ടതാകുന്നു.
ഇതെല്ലാം രക്ഷിതാവ് താങ്കള്‍ക്കു നല്‍കിയ വിജ്ഞാനത്തില്‍ പെട്ടതത്രേ. അല്ലാഹുവിനോടൊപ്പം മറ്റൊരു ഇലാഹിനെ നീ സ്ഥാപിക്കരുത്. അങ്ങനെ ചെയ്യുന്നപക്ഷം ആക്ഷേപിക്കപ്പെട്ടവനും ആട്ടിയോടിക്കപ്പെട്ടവനുമായി നീ നരകത്തില്‍ ഇടപ്പെടുന്നതാണ്.
എന്നാല്‍ രക്ഷിതാവ് നിങ്ങള്‍ക്ക് ആണ്‍മക്കളെ തെരഞ്ഞെടുത്തുതരികയും തനിക്ക് മലക്കുകളെ പെണ്‍മക്കളാക്കിവെക്കുകയുമാണോ ചെയ്തിരിക്കുന്നത്? വളരെ ഗൗരവമേറിയ ഒരുവാക്കാണ് നിങ്ങള്‍ പറയുന്നത്!
അവര്‍ ചിന്തിക്കുവാനായി നിശ്ചയമായും ഈ ഖുര്‍ആനില്‍ നാം വിശദീകരിച്ചിട്ടുണ്ട്. (പക്ഷേ) അതവരെ കൂടുതല്‍ അകറ്റിക്കൊണ്ടിരിക്കുക മാത്രമാണ്.
പ്രഖ്യാപിക്കുക: അവര്‍ ജല്‍പിക്കുന്നപോലെ അല്ലാഹുവിനോടൊപ്പം വേറെ ഇലാഹുകള്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ അര്‍ശിന്റെ നാഥങ്കലേക്കു മാര്‍ഗം അന്വേഷിക്കുമായിരുന്നു.
അവന്‍ പരിശുദ്ധനാണ്. അവരുടെ ആരോപണങ്ങളില്‍ നിന്നു അവന്‍ എത്രയെത്ര ഉന്നതന്‍!
ഏഴു ആകാശങ്ങളും ഭൂമിയും അവയിലുള്ളതും അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തനംചെയ്യുന്നു. അവനെ സ്തുതിക്കുകയും അവന്റെ മഹത്ത്വം വാഴ്ത്തുകയും ചെയ്യാത്ത ഒരു വസ്തുവുമില്ല. പക്ഷേ അവയുടെ സ്‌തോത്രം നിങ്ങള്‍ക്കു മനസ്സിലാകയില്ല. അവന്‍ വളരെ ക്ഷമിക്കുന്നവനും പൊറുക്കുന്നവനും തന്നെയത്രേ.
ഖുര്‍ആന്‍ ഓതുമ്പോള്‍ താങ്കള്‍ക്കും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കുമിടയില്‍ മറയുണ്ടാക്കുന്ന ഒരു തടസ്സം നാം സൃഷ്ടിക്കുന്നതാണ്.
ഖുര്‍ആന്‍ ഗ്രഹിക്കാതിരിക്കുവാന്‍ അവരുടെ ഹൃദയങ്ങളില്‍ ചിലമൂടികളും കാതുകളില്‍ ബധിരതയും നാം ഇട്ടുകൊടുക്കും. ഖുര്‍ആനില്‍ താങ്കളുടെ രക്ഷിതാവിനെ മാത്രം പറഞ്ഞാല്‍ അവര്‍ പിന്നോട്ട് വിരണ്ടോടുന്നതാണ്.
താങ്കളുടെ വാക്കുകള്‍ ശ്രവിക്കാന്‍ ചെവികൊടുക്കുമ്പോള്‍ ഏതുനിലയിലാണ് അവര്‍ കേള്‍ക്കുന്നതെന്നു നമുക്കറിയാം. മാരണംബാധിച്ച ഒരാളെ തന്നെയാണ് നിങ്ങള്‍ പിന്‍പറ്റി നടക്കുന്നത് എന്നു ആ അക്രമികള്‍ സ്വകാര്യംപറയുന്ന സമയത്ത് അവരുടെ സ്ഥിതിയും നമുക്ക് നല്ലപോലെ അറിവുണ്ട്.
എങ്ങനെയെല്ലാമാണ് അവര്‍ താങ്കള്‍ക്ക് ഉപമകള്‍ വിവരിച്ചതും അങ്ങനെ വഴിപിഴച്ചതുമെന്നു നോക്കുക. അതുകൊണ്ട് ഇനി നേര്‍മാര്‍ഗം പ്രാപിക്കാന്‍ അവര്‍ക്കു സാധ്യമല്ല.
നാം എല്ലും മണ്ണുമായി കഴിഞ്ഞാല്‍ പിന്നെ ഒരു പുതിയ സൃഷ്ടിയായി പുനര്‍ജീവിപ്പിക്കപ്പെടുമോ എന്ന് അവരതാ ചോദിക്കുന്നു!
താങ്കള്‍ പറയുക: നിങ്ങള്‍ കല്ലോ ഇരുമ്പോ ആയിക്കൊള്ളുക.
അല്ലെങ്കില്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ വലുതായി തോന്നുന്ന മറ്റെന്തെങ്കിലുമൊരു സൃഷ്ടിയോ ആയിക്കൊള്ളുക: (എന്നാലും അല്ലാഹു നിങ്ങളെ രണ്ടാമതു സൃഷ്ടിക്കും. അപ്പോള്‍, 'ഞങ്ങളെ രണ്ടാമത് ആരാണ് സൃഷ്ടിക്കുക' എന്ന് അവര്‍ ചോദിക്കുന്നതാണ്. 'ഒന്നാമത്തെപ്രാവശ്യം നിങ്ങളെ സൃഷ്ടിച്ചവന്ത്ന്നെ' എന്ന് താങ്കള്‍ മറുപടി നല്കചണം. അന്നേരം താങ്കളുടെ നേരെ അവര്‍ (പരിഹസിച്ചു) തലയാട്ടുകയും എപ്പോഴാണത് എന്ന് ചോദിക്കുകയും ചെയ്യും. അതു അടുത്തുതന്നെ സംഭവിച്ചേക്കാം എന്നു താങ്കള്‍ പ്രസ്താവിക്കുക.
അവന്‍ നിങ്ങളെ വിളിക്കുകയും തല്‍സമയം അവനെ സ്തുതിച്ചുകൊണ്ട് നിങ്ങള്‍ ഉത്തരം നല്‍കുകയും ചെയ്യുന്ന ദിവസത്തിലാണത്. (ഇഹലോകത്തില്‍) അല്‍പനേരം മാത്രമേ താമസിച്ചിട്ടുള്ളുവെന്നു നിങ്ങള്‍ വിചാരിക്കുന്നതുമാണ്.
(ഏറ്റവും നല്ല വാക്കുപറയുവാന്‍) എന്റെ അടിമകളോട് താങ്കള്‍ നിര്‍ദ്ദേശിക്കുക. എന്നാല്‍ അവര്‍ ഏറ്റവും നല്ല വാക്കുപറയും. പിശാച് മനുഷ്യര്‍ക്കിടയില്‍ കുഴപ്പം സൃഷ്ടിക്കുകതന്നെ ചെയ്യുന്നതാണ്. മനുഷ്യന്റെ പ്രത്യക്ഷ ശത്രു തന്നെയാണ് പിശാച്.
നിങ്ങളുടെ രക്ഷിതാവ് നിങ്ങളെക്കുറിച്ചു നല്ലപോലെ അറിയുന്നവനാകുന്നു. താനുദ്ദേശിക്കുന്നപക്ഷം നിങ്ങള്‍ക്കവന്‍ കരുണചെയ്യും; അഥവാ ഉദ്ദേശിക്കുന്നപക്ഷം നിങ്ങളെ അവന്‍ ശിക്ഷിക്കും. അവരുടെ മേല ധികാരിയായി താങ്കളെ നാം അയച്ചിട്ടില്ല.
55. ആകാശഭൂമികളിലുള്ളവരെക്കുറിച്ചു താങ്കളുടെ രക്ഷിതാവ് നല്ലപോലെ അറിയുന്നവനത്രേ. നബിമാരില്‍ ചിലരെ മറ്റുചിലരെക്കാള്‍ നാം ശ്രേഷ്ഠരാക്കുകതന്നെ ചെയ്തിട്ടിട്ടുണ്ട്. ദാവൂദ് നബിക്ക് നാം സബൂര്‍ നല്‍കിയിരിക്കുന്നു.
താങ്കള്‍ (ബഹുദൈവവിശ്വാസികളോട്) പറയുക: അല്ലാഹുവിന്നു പുറമെയുള്ള (ഇലാഹുകളാണെന്നു) പ്രലപിക്കുന്നവരോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. നിങ്ങളില്‍നിന്നു കഷ്ടത അകറ്റുന്നതോ അതിനെ മറ്റൊരാളിലേക്ക് മാറ്റുന്നതോ അവര്‍ സ്വാധീനമാക്കുന്നതല്ല.
ഇവര്‍ ആരോട് പ്രാര്‍ത്ഥിക്കുന്നുണ്ടോ അവര്‍-അവരില്‍നിന്നു അല്ലാഹുവുമായി ഏറ്റവും അടുത്തവര്‍ തന്നെ-അവനുമായി സാമീപ്യം നേടാനുള്ള മാര്‍ഗം അന്വേഷിക്കുന്നു. അവര്‍ അവന്റെ അനുഗ്രഹം ആഗ്രഹിക്കുകയും ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു. താങ്കളുടെ രക്ഷിതാവിന്റെ ശിക്ഷ ഭയപ്പെടേണ്ടതു തന്നെയത്രേ!
പുനരുത്ഥാന ദിവസത്തിന്നുമുമ്പ് നാം നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യാത്ത ഒരൊറ്റ രാജ്യവും ഉണ്ടായിരിക്കയില്ല. അക്കാര്യം ഗ്രന്ഥത്തില്‍ (ലൗഹുല്‍ മഹ്ഫൂളില്‍) രേഖപ്പെടുത്തിക്കഴിഞ്ഞതാണ്.
(അവര്‍ മെനഞ്ഞെടുത്താവശ്യപ്പെട്ട) അമാനുഷിക ദൃഷ്ടാന്തങ്ങള്‍ അയക്കുന്നതിന്നു നമ്മെ തടഞ്ഞതു പൂര്‍വ്വികന്മാര്‍ അവ നിഷേധിച്ചുകളഞ്ഞു എന്നതു മാത്രമാണ്. സമൂദ് സമുദായത്തിന്നു വ്യക്തമായ ദൃഷ്ടാന്തമായി ഒരു ഒട്ടകത്തെ നാം കൊടുത്തു. എന്നിട്ട് അതുമൂലം അവര്‍ അക്രമം പ്രവര്‍ത്തിച്ചു. ഭയെപ്പടുത്തുവാന്‍ മാത്രമാണ് നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നത്.
നിശ്ചയമായും താങ്കളുടെ രക്ഷിതാവ് ജനങ്ങളെ വലയം ചെയ്തിരിക്കുന്നുവെന്നു താങ്കളോട് നാം പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). നാം താങ്കള്‍ക്ക് കാണിച്ചുതന്ന കാഴ്ച ജനങ്ങള്‍ക്കു ഒരു പരീക്ഷണം തന്നെയാണാക്കിയത്. ഖുര്‍ആനില്‍ ശപിക്കപ്പെട്ട വൃക്ഷത്തെയും (ഒരു പരീക്ഷണമാക്കി). നാം അവരെ (വിവിധ മാര്‍ഗേണ) ഭയപ്പെടുത്തുകയാണ്. എന്നാല്‍ അതവര്‍ക്കു വമ്പിച്ച അതിക്രമസ്വഭാവത്തെ വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
ആദമിന്നു നിങ്ങള്‍ സുജൂദ് ചെയ്യുക എന്നു മലക്കുകളോട് നാം പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). അപ്പോള്‍ അവര്‍ സുജൂദ്‌ചെയ്തു, ഇബ്‌ലീസ് ഒഴികെ. അവന്‍ ചോദിച്ചു: കളിമണ്ണുകൊണ്ട് നീ സൃഷ്ടിച്ചവന്നു ഞാന്‍ സുജൂദ് ചെയ്യുകയോ?
ഇബ്‌ലീസ് പറഞ്ഞു: എന്നെക്കാള്‍ ഇവനെ നീ ബഹുമാനിച്ചു. (അതു എന്തുകൊണ്ടാണെന്നു) നീ എന്നോട് പറയണം. പുനരുത്ഥാനദിവസം വരെ എന്നെ നീ ജീവിപ്പിച്ചാല്‍ ഇവന്റെ (ആദമിന്റെ) സന്താനങ്ങളില്‍ ചുരുക്കം പേരൊഴിച്ചു ബാക്കിയുള്ളവരെയെല്ലാം ഞാന്‍ കീഴടക്കുകതന്നെചെയ്യും.
അല്ലാഹു പറഞ്ഞു: നീ പോ. അവരില്‍നിന്നു വല്ലവരും നിന്നെ പിന്‍പറ്റിയാല്‍ നരകം തന്നെയാണ് നിങ്ങളുടെ (നിന്റെയും അവരുടെയും) പരിപൂര്‍ണ്ണ പ്രതിഫലം.
'നിന്റെ ശബ്ദംകൊണ്ട് അവരില്‍നിന്നു കഴിയുന്നിടത്തോളം ആളുകളെ നീ ഇളക്കിവിടുക. നിന്റെ കുതിരപ്പട്ടാളത്തെയും കാലാള്‍ സൈന്യത്തെയും അവര്‍ക്കെതിരില്‍ നീ വിളിച്ചുകൂട്ടുക. ധനത്തിലും സന്താനങ്ങളിലും നീ അവരോട് പങ്കുചേര്‍ന്നുകൊള്ളുക. നീ അവരോട് വാഗ്ദാനം ചെയ്യുക.'' വാസ്തവത്തില്‍ പിശാച് അവരോട് ചെയ്യുന്ന വാഗ്ദാനം വഞ്ചന മാത്രമാണ്.
'എന്റെ യഥാര്‍ത്ഥ അടിമകളാകട്ടെ, അവരുെടമേല്‍ നിനക്കു യാതൊരു നിയന്ത്രണാധികാരവും ഉണ്ടായിരിക്കുന്നതേയല്ല. സംരക്ഷകനായി താങ്കളുടെ രക്ഷിതാവ് തന്നെ മതി.''
നിങ്ങള്‍ക്കുവേണ്ടി സമുദ്രത്തില്‍ കപ്പലോട്ടുന്നവനാണ് നിങ്ങളുടെ രക്ഷിതാവ്; അവന്റെ അനുഗ്രഹത്തില്‍ നിന്നു നിങ്ങള്‍ തേടിപ്പിടിക്കുവാന്‍ നിങ്ങളോട് വളരെ കരുണയുള്ളവന്‍ തെന്നയാണവന്‍.
67. സമുദ്രത്തില്‍വെച്ചു ഒരാപത്തു സംഭവിച്ചാല്‍, അല്ലാഹുവല്ലാത്ത മറ്റേതെല്ലാം ഇലാഹുകളോട് നിങ്ങള്‍ പ്രാര്‍ത്ഥിച്ചിരുന്നുവോ അവരെല്ലാമതാ അപ്രത്യക്ഷരാകുന്നു. അങ്ങനെ അവന്‍ രക്ഷപ്പെടുത്തി കരയിലേക്കു എത്തിച്ചാല്‍ നിങ്ങളതാ പിന്‍മാറുന്നു! മനുഷ്യന്‍ തീരെ നന്ദിയില്ലാത്തവരാണ്.
അവന്‍ നിങ്ങളെയുംകൊണ്ട് കരഭാഗത്തെ ആഴ്ത്തിക്കളയുകയോ നിങ്ങളുടെമേല്‍ കല്ലെറിയുന്ന കൊടുങ്കാറ്റയക്കുകയോ ചെയ്യുകയും എന്നിട്ട് നിങ്ങള്‍ക്കൊരു സഹായിയും ലഭിക്കാതെ വരികയും ചെയ്യുക എന്നതിനെക്കുറിച്ചു നിങ്ങള്‍ നിര്‍ഭയരാകുന്നുണ്ടോ?
69. അല്ലെങ്കില്‍ അവന്‍ മറ്റൊരിക്കല്‍ നിങ്ങളെ സമുദ്രത്തിലേക്കുതന്നെ മടക്കിഎത്തിക്കുകയും എന്നിട്ട് അതിശക്തമായ കൊടുങ്കാറ്റ് നിങ്ങളുടെ നേരെ അയക്കുകയും അങ്ങനെ നന്ദികേടിന്റെ ഫലമായി നിങ്ങളെ മുക്കിക്കൊല്ലുകയും പിന്നെ അതുനിമിത്തം നിങ്ങള്‍ക്കുവേണ്ടി നമ്മളോട് പകരം ചോദിക്കുന്ന ഒരാളെയും നിങ്ങള്‍ക്കു ലഭിക്കാതിരിക്കുകയും ചെയ്യുക എന്നതിനെക്കുറിച്ചു നിങ്ങള്‍ നിര്‍ഭയരാകുന്നുണ്ടോ?
നിശ്ചയമായും നാം മനുഷ്യരെ ബഹുമാനിക്കയും, കരയിലും കടലിലും അവരെ വാഹനത്തില്‍ കയറ്റുകയും നല്ല സാധനങ്ങൡല്‍നിന്നു അവര്‍ക്കു ആഹാരം നല്‍കുകയും നാം സൃഷ്ടിച്ച മിക്കവരെക്കാളും അവരെ ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു.
എല്ലാ മനുഷ്യരെയും അവരുടെ ഇമാമിനോട് ബന്ധപ്പെടുത്തിക്കൊണ്ട് നാം വിളിക്കുന്ന ദിവസം (ഓര്‍ക്കുക)! ആര്‍ക്കെങ്കിലും (അന്നു) തന്റെ വലംകൈയില്‍ റിക്കാര്‍ഡ് നല്‍കപ്പെട്ടാല്‍ അവര്‍തന്നെ തങ്ങളുടെ റിക്കാര്‍ഡ് വായിക്കും; അവര്‍ ഒട്ടും ദ്രോഹിക്കപ്പെടുകയില്ല.
വല്ലവനും ഈലോകത്ത് അന്ധനും വഴിപിഴച്ചവനുമായി ജീവിച്ചാല്‍ പരലോകത്തും അവന്‍ അന്ധനും ഏറ്റവും വഴിപിഴച്ചവനുമായിരിക്കും.
ഖുര്‍ആനല്ലാത്ത മറ്റൊന്ന് നമ്മുടെപേരില്‍ താങ്കള്‍ കെട്ടിയുണ്ടാക്കേണ്ടതിനായി നാമറിയിച്ച സന്ദേശങ്ങളില്‍ നിന്നു അവര്‍ താങ്കളെ തെറ്റിച്ചുകളയാറായിരിക്കുന്നു. അങ്ങനെ ചെയ്യുകയാണെങ്കില്‍ താങ്കളെ അവര്‍ മിത്രമായി സ്വീകരിക്കുന്നതാണ്.
(സത്യമാര്‍ഗത്തില്‍) നാം ഉറപ്പിച്ചു നിറുത്തിയിരുന്നില്ലെങ്കില്‍ താങ്കള്‍ അവരുടെഭാഗത്തേക്കു അല്‍പമൊന്നു ചാഞ്ഞുപോകാറാകുമായിരുന്നു.
അങ്ങനെ അവരുടെ ഭാഗത്തേക്കു വ്യതിചലിച്ചാല്‍ ഇഹലോകത്തും പരലോകത്തും ഇരട്ടിശിക്ഷ താങ്കള്‍ക്കു നാം ആസ്വദിപ്പിക്കുമായിരുന്നു. പിന്നീട് നമുക്കെതിരില്‍ സഹായിയായി ഒരാളെയും താങ്കള്‍ കാണുകയു മില്ല
താങ്കളെ ഈ (മക്കാ) ഭൂമിയില്‍ നിന്നു പുറംതള്ളേണ്ടതിന്നുവേണ്ടി അവര്‍ ഇളക്കിവിടാറായിരിക്കുന്നു. അവരെങ്ങാനും അങ്ങനെ ചെയ്‌തെങ്കില്‍ താങ്കളുടെ പിറകെ അവര്‍ കുറച്ചുകാലം മാത്രമേ (അവിടെ) പാര്‍ക്കുകയുള്ളൂ.
നാം താങ്കള്‍ക്കുമുമ്പ് നമ്മുടെ ദൂതന്മാരായി അയച്ചവരുടെ കാര്യത്തില്‍ കൈകൊണ്ട നടപടിപോലെ തന്നെയാണിത്. നമ്മുടെ നടപടിച്ചട്ടത്തിന്നു യാതൊരു മാറ്റവും താങ്കള്‍ കാണുകയില്ല.
സൂര്യന്‍ ഉച്ചതിരിഞ്ഞതുമുതല്‍ രാത്രി ഇരുട്ടാകുന്നതുവരേക്കും നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുക. സുബ്ഹ് നമസ്‌കാരവും (മുറപോലെ) നിര്‍വഹിക്കുക. നിശ്ചയമായും സുബ്ഹ്‌നമസ്‌കാരം ഒരു സമ്മേളനാവസരമാകുന്നു.
രാത്രി കുറച്ചുസമയം ഉറക്കമുണര്‍ന്നു ഖുര്‍ആന്‍ ഓതിക്കൊണ്ട് നമസ്‌കരിക്കുക; താങ്കള്‍ക്ക് കൂടുതലായുള്ളതാണ് ഇത്. താങ്കളെ രക്ഷിതാവ് സ്തുത്യര്‍ഹമായ ഒരു സ്ഥാനത്ത് എത്തിക്കുവാന്‍ ഇടയുണ്ട്.
പറയുക: എന്റെ രക്ഷിതാവേ, സത്യത്തിന്റെ പ്രവേശനസ്ഥാനത്ത് എന്നെ നീ പ്രവേശിപ്പിക്കുകയും സത്യത്തെ പുറപ്പെടുവിക്കുന്ന സ്ഥാനത്തുനിന്നു എന്നെ നീ പുറപ്പെടുവിക്കുകയും ചെയ്യേണമേ. നിന്റെ പക്കല്‍നിന്നു എന്നെ സഹായിക്കുന്ന ഒരു ശക്തിയെ തരികയും ചെയ്യണേ.
താങ്കള്‍ പ്രഖ്യാപിക്കുക: സത്യം വരികയും അസത്യം മാഞ്ഞുപോകുകയും ചെയ്തിരിക്കുന്നു. അസത്യം മാഞ്ഞുപോകുന്നതുതന്നെ യാണ്.
സത്യവിശ്വാസികള്‍ക്കു രോഗ ശമനവും കാരുണ്യവുമായിട്ടുള്ള ഖുര്‍ആനെ നാം അവതരിപ്പിക്കുന്നു. അധര്‍മ്മകാരികള്‍ക്കു അതു കൂടുതല്‍ നഷ്ടം വരുത്തിവെക്കുകമാത്രമാണ് ചെയ്യുന്നത്.
നാം മനുഷ്യനു അനുഗ്രഹം ചെയ്താല്‍ അവന്‍ പിന്തിരിയുകയും തന്റെ പാട്ടിന്നു പോകയും ചെയ്യും. തിന്മ ബാധിച്ചാലാവട്ടെ, അവനതാ വളരെ നിരാശനായിത്തീരുന്നു.
പറയുക: ഓരോ മനുഷ്യനും തന്റെ മാര്‍ഗമനുസരിച്ചു പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഏറ്റവും നേര്‍മാര്‍ഗം പ്രാപിച്ചവര്‍ ആരാണെന്നു നിങ്ങളുടെ രക്ഷിതാവ് ഏറ്റവും അറിഞ്ഞവനത്രേ.
ആത്മാവിനെകുറിച്ചു താങ്കളോടവര്‍ ചോദിക്കും. പറയുക: ആത്മാവ് എന്റെ രക്ഷിതാവിന്റെ (രഹസ്യ)കാര്യങ്ങളില്‍ പെട്ടതാണ്. നിങ്ങള്‍ക്കു അല്‍പജ്ഞാനം മാത്രമേ നല്‍കപ്പെട്ടിട്ടുള്ളൂ.
താങ്കള്‍ക്കു നല്‍കിയ സന്ദേശം നാമുദ്ദേശിച്ചിരുന്നുവെങ്കില്‍ താങ്കളില്‍ നിന്നു എടുത്തുകളയുകതന്നെ ചെയ്യുമായിരുന്നു. പിന്നീട് താങ്കള്‍ അതിനെക്കുറിച്ചു നമ്മോട് വാദിക്കുന്ന യാതൊരാളെയും കണ്ടെത്തിക്കുകയില്ല.
പക്ഷേ താങ്കളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള അനുഗ്രഹമായിക്കൊണ്ട് (അങ്ങനെ ചെയ്യാതിരുന്നതാണ്). നിശ്ചയമായും അവന്റെ ഔദാര്യം താങ്കള്‍ക്കു വളരെ മഹത്തായതാകുന്നു.
താങ്കള്‍ പ്രഖ്യാപിച്ചുകൊള്ളുക: ഈ ഖുര്‍ആന്ന് തുല്യമായ മറ്റൊന്നുകൊണ്ടുവരുവാനായി മനുഷ്യരും ജിന്നുകളുമെല്ലാം സംഘടിക്കുകയും പരസ്പരം സഹായിക്കുകയും ചെയ്താല്‍പോലും അതിന്നു തുല്യമായതുകൊണ്ടുവരുവാന്‍ അവര്‍ക്കു കഴിയുന്നതല്ല.
നിശ്ചയമായും ജനങ്ങള്‍ക്കുവേണ്ടി ഈ ഖുര്‍ആനില്‍ എല്ലാതരം ഉപമകളില്‍നിന്നും വിവിധ രൂപേണ നാം വിവരിച്ചിട്ടുണ്ട്. എന്നാല്‍ അധികമാളുകളും സത്യനിഷേധത്തിന്നു മാത്രമാണ് തയ്യാറായത്.
അവര്‍ പറഞ്ഞു: ഈ ഭൂമിയില്‍നിന്നു ഒരു ഉറവ പൊട്ടിഒലിപ്പിച്ചു കാണിച്ചുതരുന്നതുവരേക്കും നിന്നെ ഞങ്ങള്‍ വിശ്വസിക്കയില്ല!
അല്ലെങ്കില്‍ നിനക്ക് ഈത്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടം ഉണ്ടായിരിക്കുകയും അതിന്റെ ഇടയില്‍ അരുവികള്‍ പൊട്ടിഒലിപ്പിച്ചു കാണിക്കുകയും വേണം!
അല്ലെങ്കില്‍ നീ ജല്‍പിക്കാറുള്ളതുപോലെ ആകാശം കഷ്ണങ്ങളായി ഞങ്ങളുടേമേല്‍ വീഴ്ത്തുകയോ അല്ലാഹുവിനെയും മലക്കുകളെയും ഞങ്ങളുടെ മുമ്പില്‍ കൊണ്ടുവന്നുനിറുത്തുകയോ ചെയ്യുക!
അല്ലെങ്കില്‍ നിനക്കു സ്വര്‍ണ്ണത്തിന്റെ ഒരു വീടുണ്ടായിരിക്കുകയോ നീ ആകാശത്ത് കയറിപ്പോവുകയോ ചെയ്യുക. (അത് വരെ ഞങ്ങള്‍ വിശ്വസിക്കയില്ല.) എന്നാല്‍ (വാനലോകത്തുനിന്നു) ഞങ്ങള്‍ക്കു വായിക്കാവുന്ന ഒരു ഗ്രന്ഥം ഇറക്കിക്കൊണ്ടുവരുന്നതുവരെ ആകാശത്തേക്കുള്ള നിന്റെ കയറ്റം ഞങ്ങള്‍ വിശ്വസിക്കയില്ല (എന്നിങ്ങനെ അവര്‍ തട്ടിവിട്ടു). താങ്കള്‍ പറയുക: എന്റെ രക്ഷിതാവ് പരിശുദ്ധനാണ്. ഞാന്‍ റസൂലായ ഒരു മനുഷ്യന്‍ മാത്രമാകുന്നു.
നേര്‍വഴി വന്നെത്തിയപ്പോള്‍ അതില്‍ വിശ്വസിക്കുന്നതില്‍നിന്നു ജനങ്ങളെ തടഞ്ഞത് 'അല്ലാഹു മനുഷ്യനെയാണോ റസൂലായി അയച്ചിരിക്കുന്നത്' എന്നുള്ള അവരുടെ വാദം മാത്രമാകുന്നു.
താങ്കള്‍ പറയുക: (മനുഷ്യരെപ്പോലെ കാലുകൊണ്ട്) നടക്കുന്ന മലക്കുകളാണ് താമസക്കാരായി ഭൂമിയില്‍ ഉണ്ടായിരുന്നതെങ്കില്‍ ആകാശത്തുനിന്നു റസൂലായി അവരുടെ അടുക്കലേക്കു ഒരു മലക്കിനെത്തന്നെ നാം അയക്കുമായിരുന്നു.
പറയുക: എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹുതന്നെ മതി. നിശ്ചയമായും അവന്‍ തന്റെ അടിമകളെ സംബന്ധിച്ചു സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനും തന്നെയാകുന്നു.
വല്ലവനെയും അല്ലാഹു നേര്‍വഴിയിലാക്കിയാല്‍ അവന്‍ തന്നെയാണ് നേര്‍വഴി പ്രാപിച്ചവന്‍. ആരെയെങ്കിലും അവന്‍ വഴിതെറ്റിച്ചാല്‍ അല്ലാഹുവിനെകൂടാതെ യാതൊരു രക്ഷകന്മാരെയും താങ്കള്‍ കാണുകയില്ല. മുഖം കുത്തിനടക്കുന്നവരും അന്ധരും ഊമകളും ബധിരരുമായി പുനരുത്ഥാനദിവസം അവരെ നാം ഒരുമിച്ചുകൂട്ടും. അവരുടെ സങ്കേതം നരകമാകുന്നു. അതിന്റെ ജ്വാല അടങ്ങുമ്പോഴെല്ലാം അവര്‍ക്കുകൂടുതല്‍ശക്തിയില്‍ അതു നാം കത്തിക്കുന്നതാണ്.
നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിക്കുകയും 'ഞങ്ങള്‍ നശിച്ചു ചില എല്ലുകളും മണ്ണുമായി പോയാല്‍ പിന്നെ പുതിയ ഒരു സൃഷ്ടിയായി പുനര്‍ജീവിക്കപ്പെടുന്നവരാണോ' എന്നു ചോദിക്കുകയും ചെയ്തതിനാല്‍ അവരുടെ പ്രതിഫലമാണത്.
ആകാശഭൂമികളെ സൃഷ്ടിച്ച അല്ലാഹു തങ്ങളെപ്പോലെയുള്ള മനുഷ്യരെ സൃഷ്ടിക്കാന്‍ കഴിവുള്ളവനാണെന്നു അവര്‍ ഗ്രഹിച്ചിട്ടില്ലേ? (അവരെ വീണ്ടും സൃഷ്ടിക്കുന്നതിന്നു) അവര്‍ക്കു സംശയരഹിതമായ ഒരവധി അവന്‍ നിശ്ചയിച്ചിട്ടുമുണ്ട്. എന്നാല്‍ അക്രമികള്‍ സത്യനിഷേധത്തില്‍ ശഠിച്ചുനില്‍ക്കുക മാത്രമാണ് ചെയ്യുന്നത്.
പറയുക: 'എന്റെ രക്ഷിതാവിന്റെ അനുഗ്രഹങ്ങളുടെ ഖജാനകള്‍ നിങ്ങളാണ് ഉടമയാക്കുന്നവരായിരുന്നതെങ്കില്‍ ചെലവായിപ്പോകുമെന്ന ഭയം നിമിത്തം അതു നിങ്ങള്‍ പിടിച്ചുവെക്കുമായിരുന്നു. മനുഷ്യന്‍ വളരെ പിശുക്കന്‍ തന്നെയാണ്.'
നിശ്ചയമായും മൂസാനബിക്ക് വ്യക്തമായ ഒമ്പതു ദൃഷ്ടാന്തങ്ങള്‍ നാം കൊടുത്തു. അദ്ദേഹം ഇസ്രാഈല്യരുടെ അടുക്കല്‍ ചെന്ന സന്ദര്‍ഭത്തെ അവരോടു ചോദിച്ചുനോക്കുക. അപ്പോള്‍ അദ്ദേഹത്തോട് ഫിര്‍ഔന്‍ പറഞ്ഞു: ഓ മൂസാ, നിനക്കു മാരണം ബാധിച്ചിട്ടുണ്ടെന്നുതന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്.
മൂസാനബി മറുപടി നല്‍കി: നിന്നെ കണ്ണുതുറപ്പിക്കുവാന്‍ പര്യാപ്തമായ ഈ ദൃഷ്ടാന്തങ്ങള്‍ അയച്ചിരിക്കുന്നത് ആകാശഭൂമികളുടെ രക്ഷിതാവല്ലാതെ മറ്റാരുമല്ലെന്നു നിനക്കു തികച്ചും അറിവുണ്ട്. ഓ ഫിര്‍ഔന്‍, നീ നാശമടഞ്ഞവനാണെന്നു തന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്.
അപ്പോള്‍ ആ നാട്ടില്‍നിന്നു അവരെ വിരട്ടിയോടിക്കുവാന്‍ അവന്‍ ഉദ്ദേശിച്ചു. അങ്ങനെ ഫിര്‍ഔനെയും അവന്റെ കൂടെയുള്ളവരെയുമെല്ലാം നാം മുക്കിക്കൊന്നുകളഞ്ഞു.
അവന്‍ നശിച്ചതിന്നുശേഷം ഇസ്രാഈല്യരോട് നാം കല്‍പിച്ചു: നിങ്ങള്‍ ഈ ഭൂമിയില്‍ (സമാധാന ചിത്തരായി) താമസിച്ചുകൊള്ളുക. ഇനി പരലോകത്തിന്റെ വാഗ്ദാനമെത്തിയാല്‍ നിങ്ങളെല്ലാവരെയും നാം ഒരുമിച്ചുകൂട്ടി (നമ്മുടെ സന്നിധിയില്‍) കൊണ്ടുവരുന്നതാണ്.
സത്യസമേതം തന്നെയാണ് ഖുര്‍ആനെ നാം അവതരിപ്പിച്ചത്. അതു അവതരിച്ചതും സത്യസമേതം തന്നെ. (സജ്ജനങ്ങളെ) സന്തോഷ വാര്‍ത്ത അറിയിക്കുന്നവനും (ദുര്‍ജനങ്ങളെ) താക്കീതു ചെയ്യുന്നവനും ആയിക്കൊണ്ട് മാത്രമാണ് താങ്കളെ നാം അയച്ചിരിക്കു ന്നത്.
ഖുര്‍ആന്‍ സാവധാനത്തില്‍ ജനങ്ങള്‍ക്കു താങ്കള്‍ ഓതിക്കൊടുക്കുവാനായി നാം പല ഘട്ടങ്ങളിലായി അതിനെ വേര്‍തിരിക്കുകയും അല്‍പാല്‍പമായി അതവതരിപ്പിക്കുകയും ചെയ്തു.
പറയുക: 'നിങ്ങള്‍ ഖുര്‍ആനില്‍ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്തുകൊള്ളുക. നിശ്ചയമായും ഈ ഖുര്‍ആന്റെ മുമ്പ്തന്നെ ജ്ഞാനം നല്‍കപ്പെട്ടവര്‍ക്കു ഖുര്‍ആന്‍ ഓതിക്കൊടുത്താല്‍ മുഖംകുത്തി സാഷ്ടാംഗം ചെയ്യുന്നവരായി അവര്‍ നിലത്തുവീഴും.
അവര്‍ പറയും: നമ്മുടെ രക്ഷിതാവ് പരിശുദ്ധനാണ്. നമ്മുടെ രക്ഷിതാവിന്റെ വാഗ്ദാനം നടപ്പില്‍വരുന്നതുതന്നെയാകുന്നു.
അവര്‍ കരഞ്ഞുകൊണ്ടു നിലത്തുവീഴുന്നതും പരിശുദ്ധ ഖുര്‍ആന്റെ ശ്രവണം അവര്‍ക്കു വിനയം വര്‍ദ്ധിപ്പിക്കുന്നതുമാണ്.
നിങ്ങള്‍ അല്ലാഹു എന്നോ റഹ്മാന്‍ എന്നോ വിളിച്ചുകൊള്ളുക; ഏതു വിളിക്കുകയാണെങ്കിലും അവനുള്ളതു വളരെ നല്ല പേരുകള്‍ മാത്രമാണ്. താങ്കള്‍ ഉച്ചത്തില്‍ ഓതരുത്; വളരെ പതുക്കെയും ഓതരുത്. അതിന്നിടയിലുള്ള ഒരു മദ്ധ്യമാര്‍ഗം സ്വീകരിക്കുക.
താങ്കള്‍ പറയുക: 'സന്താനോല്‍പാദനം നടത്തിയിട്ടില്ലാത്തവനും ആധിപത്യത്തില്‍ പങ്കാളിയില്ലാത്തവനും ദൗര്‍ബല്യം കാരണത്താല്‍ രക്ഷക്കു ഒരു സഹായി ഇല്ലാത്തവനുമായ അല്ലാഹുവിനാണ് എല്ലാ സ്തുതിയും.' അവന്റെ മഹത്ത്വം താങ്കള്‍ പ്രകീര്‍ത്തിക്കുകയും ചെയ്തുകൊള്ളുക.