Sunday, 11 October 2026 Hijri: — 06:47:57 pm
MalayalamQuran.in
ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam
Quran translation reader

അന്നഹ്ൽ النحل An-Nahl

Surah 16 മക്കിയ്യ • مكية • Makkiyah 128 ആയത്തുകൾ • 128 Ayahs

സൂറത്ത് അന്നഹ്ൽ (An-Nahl), ഖുർആൻ അധ്യായം 16 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 128 ആയത്തുകൾ വായിക്കുക. Read Surah An-Nahl with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

അല്ലാഹുവിന്റെ വിധി ഇതാ എത്തിക്കഴിഞ്ഞു. അതുകൊണ്ടു നിങ്ങള്‍ അതിന്നു ധൃതികൂട്ടേണ്ട. അവര്‍ അല്ലാഹുവിനോട് ആരെ െയല്ലാം പങ്ക് ചേര്‍ക്കുന്നുണ്ടോ അവരില്‍ നിെന്നല്ലാം അവന്‍ പരിശുദ്ധനും ഉന്നതനുമാകുന്നു.

أَتَىٰٓ أَمۡرُ ٱللَّهِ فَلَا تَسۡتَعۡجِلُوهُۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشۡرِكُونَ ۝١
2

ഞാനല്ലാതെ ഒരു ഇലാഹുമില്ല, അതുകൊണ്ടു എന്നെ സൂക്ഷിച്ചുകൊള്ളണം എന്നു ജനങ്ങള്‍ക്ക് താക്കീതു നല്‍കുക എന്നുള്ള സന്ദേശവും കൊണ്ട് തന്റെ അടിമകളില്‍ ഉദ്ദേശിക്കുന്നവരുടെ അടുക്കലേക്കു വേണ്ടുകയോടെ അല്ലാഹു മലക്കുകളെ അയക്കുന്നു.

يُنَزِّلُ ٱلۡمَلَٰٓئِكَةَ بِٱلرُّوحِ مِنۡ أَمۡرِهِۦ عَلَىٰ مَن يَشَآءُ مِنۡ عِبَادِهِۦٓ أَنۡ أَنذِرُوٓاْ أَنَّهُۥ لَآ إِلَٰهَ إِلَّآ أَنَا۠ فَٱتَّقُونِ ۝٢
3

അല്ലാഹു ആകാശ ഭൂമികളെ യുക്തിപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നു അവന്‍ ഉന്നതനാണ്.

خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّۚ تَعَٰلَىٰ عَمَّا يُشۡرِكُونَ ۝٣
4

ഒരു തുള്ളി ഇന്ദ്രിയത്താല്‍ അവന്‍ മനുഷ്യനെ പടച്ചു. എന്നിട്ടവനതാ വ്യക്തമായ എതിര്‍വാദിയായി തീര്‍ന്നിരിക്കുന്നു!

خَلَقَ ٱلۡإِنسَٰنَ مِن نُّطۡفَةٖ فَإِذَا هُوَ خَصِيمٞ مُّبِينٞ ۝٤
5

നാല്‍കാലികളെ അവന്‍ നിങ്ങള്‍ക്കു വേണ്ടി സൃഷ്ടിച്ചു. അവയില്‍ ചൂടാക്കുന്ന സാധനങ്ങളും മറ്റുപല പ്രയോജനങ്ങളുമുണ്ട്. ചിലതിന്റെ മാംസം നിങ്ങള്‍ തിന്നുകയും ചെയ്യുന്നു.

وَٱلۡأَنۡعَٰمَ خَلَقَهَاۖ لَكُمۡ فِيهَا دِفۡءٞ وَمَنَٰفِعُ وَمِنۡهَا تَأۡكُلُونَ ۝٥
6

അവയെ ആലയിലേക്കു കൊണ്ടുവരുമ്പോഴും മേച്ചില്‍ സ്ഥലത്തേക്കു കൊണ്ടുപോകുമ്പോഴും നിങ്ങള്‍ക്കു അവയില്‍ വലിയ കൗതുകമുണ്ട്.

وَلَكُمۡ فِيهَا جَمَالٌ حِينَ تُرِيحُونَ وَحِينَ تَسۡرَحُونَ ۝٦
7

ശരീരം വളരെ ക്ഷീണിക്കുന്നതോടുകൂടിയല്ലാതെ എത്തിച്ചേരാന്‍ കഴിയാത്ത ചില ദൂരദേശങ്ങളിലേക്ക് നിങ്ങളുടെ ചുമടുകളെ അവ വഹിച്ചു കൊണ്ടുപോകുന്നു. നിങ്ങളുടെ രക്ഷിതാവ് വളരെ ദയാലുവും പരമകാരുണികനുമത്രേ!

وَتَحۡمِلُ أَثۡقَالَكُمۡ إِلَىٰ بَلَدٖ لَّمۡ تَكُونُواْ بَٰلِغِيهِ إِلَّا بِشِقِّ ٱلۡأَنفُسِۚ إِنَّ رَبَّكُمۡ لَرَءُوفٞ رَّحِيمٞ ۝٧
8

കുതിരകളെയും കോവര്‍കഴുതകളെയും നിങ്ങളുടെ വാഹനാവശ്യത്തിന്നും അലങ്കാരത്തിന്നുമായി അവന്‍ പടച്ചു. നിങ്ങള്‍ക്കറിയാത്ത വസ്തുക്കളെയും അവന്‍ സൃഷ്ടിക്കുന്നുണ്ട്.

وَٱلۡخَيۡلَ وَٱلۡبِغَالَ وَٱلۡحَمِيرَ لِتَرۡكَبُوهَا وَزِينَةٗۚ وَيَخۡلُقُ مَا لَا تَعۡلَمُونَ ۝٨
9

നേര്‍മാര്‍ഗം വ്യക്തമാക്കി കൊടുക്കല്‍ അല്ലാഹുവിന്റെ (അനുഗ്രഹം മൂലം) കര്‍ത്തവ്യമാണ്. മാര്‍ഗങ്ങളില്‍ ചിലതു വളഞ്ഞതാകുന്നു. താനുദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങള്‍ എല്ലാവരെയും അവന്‍ നേര്‍വഴിയിലാക്കിയിരുന്നേനെ.

وَعَلَى ٱللَّهِ قَصۡدُ ٱلسَّبِيلِ وَمِنۡهَا جَآئِرٞۚ وَلَوۡ شَآءَ لَهَدَىٰكُمۡ أَجۡمَعِينَ ۝٩
10

നിങ്ങള്‍ക്കുവേണ്ടി ആകാശത്തു നിന്നു മഴവര്‍ഷിച്ചു തന്നവനാണ് അവന്‍. നിങ്ങളുടെ കന്നുകാലികളെ മേയ്ക്കാന്‍ പറ്റുന്ന ചെടികളും സസ്യങ്ങളും അതുമൂലം മുളച്ചുണ്ടാകുകയും ചെയ്യുന്നു.

هُوَ ٱلَّذِيٓ أَنزَلَ مِنَ ٱلسَّمَآءِ مَآءٗۖ لَّكُم مِّنۡهُ شَرَابٞ وَمِنۡهُ شَجَرٞ فِيهِ تُسِيمُونَ ۝١٠
11

നിങ്ങള്‍ക്കവന്‍ കൃഷി, ഒലീവ് മരം, ഈത്തപ്പന, മുന്തിരിവള്ളി എന്നിവയും മറ്റു പല പഴവര്‍ഗങ്ങളെയും അതുമൂലം ഉല്‍പാദിപ്പിച്ചുതന്നിരിക്കുന്നു. നിശ്ചയമായും ചിന്തിക്കുന്ന ജനതക്ക് അതില്‍ വലിയ ദൃഷ്ടാന്തമുണ്ട്.

يُنۢبِتُ لَكُم بِهِ ٱلزَّرۡعَ وَٱلزَّيۡتُونَ وَٱلنَّخِيلَ وَٱلۡأَعۡنَٰبَ وَمِن كُلِّ ٱلثَّمَرَٰتِۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لِّقَوۡمٖ يَتَفَكَّرُونَ ۝١١
12

അവന്‍ രാപ്പകലുകളെയും സൂര്യചന്ദ്രന്മാരെയും നിങ്ങള്‍ക്കായി വിധേയമാക്കിവെച്ചിരിക്കുന്നു. അവന്റെ കല്‍പനയാല്‍ നക്ഷത്രങ്ങളും നിങ്ങള്‍ക്കു വേണ്ടി കീഴ്‌പ്പെടുത്തപ്പെട്ടിരിക്കുകയാണ്. ബുദ്ധി ഉപയോഗിക്കുന്ന ജനതക്ക് അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്, തീര്‍ച്ച.

وَسَخَّرَ لَكُمُ ٱلَّيۡلَ وَٱلنَّهَارَ وَٱلشَّمۡسَ وَٱلۡقَمَرَۖ وَٱلنُّجُومُ مُسَخَّرَٰتُۢ بِأَمۡرِهِۦٓۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَعۡقِلُونَ ۝١٢
13

നിങ്ങള്‍ക്കുവേണ്ടി ഭൂമിയില്‍ അവന്‍ സൃഷ്ടിച്ച വിഭിന്ന വര്‍ണ്ണങ്ങളുള്ള വിവിധ വസ്തുക്കളെയും (വഴിപ്പെടുത്തി തന്നിരിക്കുന്നു). തീര്‍ച്ചയായും ഓര്‍മ്മിക്കുന്ന ജനതക്ക് അതില്‍ മഹത്തായ ദൃഷ്ടാന്തമുണ്ട്.

وَمَا ذَرَأَ لَكُمۡ فِي ٱلۡأَرۡضِ مُخۡتَلِفًا أَلۡوَٰنُهُۥٓۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لِّقَوۡمٖ يَذَّكَّرُونَ ۝١٣
14

സമുദ്രത്തെ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നിരിക്കുന്നതും അവനാണ്. നിങ്ങള്‍ അതില്‍ നിന്ന് പുതിയ മാംസം ഭക്ഷിക്കുവാനും (ഭംഗിക്കു) ധരിക്കുവാനുള്ള ആഭരണങ്ങള്‍ പുറത്തെടുക്കുവാനുമായി. സമുദ്രം പിളര്‍ന്ന് കപ്പല്‍ സഞ്ചരിക്കുന്നതു താങ്കള്‍ക്കു കാണാം. നിങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്നു തേടുവാനും നന്ദികാണിക്കുവാനും വേണ്ടിയും.

وَهُوَ ٱلَّذِي سَخَّرَ ٱلۡبَحۡرَ لِتَأۡكُلُواْ مِنۡهُ لَحۡمٗا طَرِيّٗا وَتَسۡتَخۡرِجُواْ مِنۡهُ حِلۡيَةٗ تَلۡبَسُونَهَاۖ وَتَرَى ٱلۡفُلۡكَ مَوَاخِرَ فِيهِ وَلِتَبۡتَغُواْ مِن فَضۡلِهِۦ وَلَعَلَّكُمۡ تَشۡكُرُونَ ۝١٤
15

ഭൂമി നിങ്ങളെയുംകൊണ്ടു ചാഞ്ഞു പോകാതിരിക്കുവാനായി ഉറച്ച പര്‍വ്വതങ്ങളെ അവനതില്‍ സ്ഥാപിച്ചു. നദികളെയും വഴികളെയും അതില്‍ അവനുണ്ടാക്കിയിരിക്കുന്നു; നിങ്ങള്‍ ഉദ്ദിഷ്ടസ്ഥാനങ്ങളില്‍ എത്തിച്ചേരുവാന്‍.

وَأَلۡقَىٰ فِي ٱلۡأَرۡضِ رَوَٰسِيَ أَن تَمِيدَ بِكُمۡ وَأَنۡهَٰرٗا وَسُبُلٗا لَّعَلَّكُمۡ تَهۡتَدُونَ ۝١٥
16

പല അടയാളങ്ങളെയും അവന്‍ സ്ഥാപിച്ചിരിക്കുന്നു. നക്ഷത്രങ്ങള്‍ കൊണ്ടും അവര്‍ വഴി മനസ്സിലാക്കുന്നുണ്ട്.

وَعَلَٰمَٰتٖۚ وَبِٱلنَّجۡمِ هُمۡ يَهۡتَدُونَ ۝١٦
17

അപ്പോള്‍ സൃഷ്ടിക്കുന്നവന്‍ സൃഷ്ടിക്കാത്തവനെ പോലെ ആകുമോ? നിങ്ങള്‍ ചിന്തിക്കുന്നില്ലേ?

أَفَمَن يَخۡلُقُ كَمَن لَّا يَخۡلُقُۚ أَفَلَا تَذَكَّرُونَ ۝١٧
18

അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിങ്ങള്‍ എണ്ണുന്നപക്ഷം അവ തിട്ടപ്പെടുത്താന്‍ നിങ്ങള്‍ക്കു കഴിയുന്നതല്ല. അല്ലാഹു ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനും തന്നെയാണ്.

وَإِن تَعُدُّواْ نِعۡمَةَ ٱللَّهِ لَا تُحۡصُوهَآۗ إِنَّ ٱللَّهَ لَغَفُورٞ رَّحِيمٞ ۝١٨
19

നിങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതുമെല്ലാം അല്ലാഹു അറിയുന്നുണ്ട്.

وَٱللَّهُ يَعۡلَمُ مَا تُسِرُّونَ وَمَا تُعۡلِنُونَ ۝١٩
20

അല്ലാഹുവിനെ വിട്ട് അവര്‍ ആരോട് പ്രാര്‍ത്ഥിക്കുന്നുണ്ടോ അവ യാതൊന്നും സൃഷ്ടിക്കുന്നില്ല; അവ തന്നെ സൃഷ്ടിക്കപ്പെടുകയാണ്.

وَٱلَّذِينَ يَدۡعُونَ مِن دُونِ ٱللَّهِ لَا يَخۡلُقُونَ شَيۡـٔٗا وَهُمۡ يُخۡلَقُونَ ۝٢٠
21

നിര്‍ജീവവസ്തുക്കളാണവ; ജീവുള്ളവയല്ല. അവര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നതെപ്പോള്‍ എന്ന് അവ അറിയുകയുമില്ല.

أَمۡوَٰتٌ غَيۡرُ أَحۡيَآءٖۖ وَمَا يَشۡعُرُونَ أَيَّانَ يُبۡعَثُونَ ۝٢١
22

നിങ്ങളുടെ ഇലാഹ് ഏക ഇലാഹാണ്. എന്നാല്‍ പരലോകത്തില്‍ വിശ്വസിക്കാത്തവരുടെ ഹൃദയങ്ങള്‍ സത്യം നിഷേധിക്കുന്നവയും അവര്‍ അഹങ്കാരികളുമാകുന്നു.

إِلَٰهُكُمۡ إِلَٰهٞ وَٰحِدٞۚ فَٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ قُلُوبُهُم مُّنكِرَةٞ وَهُم مُّسۡتَكۡبِرُونَ ۝٢٢
23

നിസ്സംശയം, അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അല്ലാഹു അറിയുന്നുണ്ട്. അവന്‍ അഹങ്കാരികളെ ഒരിക്കലും സ്‌നേഹിക്കുകയില്ല.

لَا جَرَمَ أَنَّ ٱللَّهَ يَعۡلَمُ مَا يُسِرُّونَ وَمَا يُعۡلِنُونَۚ إِنَّهُۥ لَا يُحِبُّ ٱلۡمُسۡتَكۡبِرِينَ ۝٢٣
24

നിങ്ങളുടെ രക്ഷിതാവ് അവതരിപ്പിച്ചതെന്താണെന്നു അവരോടുചോദിച്ചാല്‍ 'പൂര്‍വ്വികന്മാരുടെ കെട്ടുകഥകള്‍തന്നെ' എന്നവര്‍ പറയും.

وَإِذَا قِيلَ لَهُم مَّاذَآ أَنزَلَ رَبُّكُمۡ قَالُوٓاْ أَسَٰطِيرُ ٱلۡأَوَّلِينَ ۝٢٤
25

അതിന്റെ ഫലമാവട്ടെ പുനരുത്ഥാനദിവസം അവരുടെ സര്‍വ്വ പാപങ്ങളും അജ്ഞതമൂലം തങ്ങള്‍ വഴിപിഴപ്പിച്ചവരുടെ പാപങ്ങളില്‍ ഒരു ഭാഗവും അവര്‍ വഹിക്കുക എന്നതാണ്. അറിയുക: അവര്‍ വഹിക്കുന്ന ഭാരം വളരെ ചീത്തയായതുതന്നെ!

لِيَحۡمِلُوٓاْ أَوۡزَارَهُمۡ كَامِلَةٗ يَوۡمَ ٱلۡقِيَٰمَةِ وَمِنۡ أَوۡزَارِ ٱلَّذِينَ يُضِلُّونَهُم بِغَيۡرِ عِلۡمٍۗ أَلَا سَآءَ مَا يَزِرُونَ ۝٢٥
26

ഇവര്‍ക്കു മുമ്പുള്ളവരും ചില ഗൂഢാലോചനകള്‍ നടത്തിയിട്ടുണ്ട്. അങ്ങനെ അവരുടെ തന്ത്ര സൗധങ്ങളുടെ അടിത്തറ അല്ലാഹു പുഴക്കിക്കളയുകയും അതിന്റെ മേല്‍തട്ട് അവരുടെ മേല്‍തന്നെ ഇടിഞ്ഞു വീഴുകയുമുണ്ടായി. ഓര്‍ക്കാപ്പുറത്താണ് ശിക്ഷ അവര്‍ക്കു വന്നെത്തിയത്.

قَدۡ مَكَرَ ٱلَّذِينَ مِن قَبۡلِهِمۡ فَأَتَى ٱللَّهُ بُنۡيَٰنَهُم مِّنَ ٱلۡقَوَاعِدِ فَخَرَّ عَلَيۡهِمُ ٱلسَّقۡفُ مِن فَوۡقِهِمۡ وَأَتَىٰهُمُ ٱلۡعَذَابُ مِنۡ حَيۡثُ لَا يَشۡعُرُونَ ۝٢٦
27

പിന്നീട് പുനരുത്ഥാന ദിവസം അല്ലാഹു അവരെ അപമാനിക്കുന്നതും 'എന്റെ പങ്കുകാരെന്ന് വാദിച്ചു കൊണ്ട് ആരുടെ കാര്യത്തില്‍ സത്യവിശ്വാസികളുമായി നിങ്ങള്‍ തര്‍ക്കിച്ചിരുന്നുവോ അവര്‍ എവിടെ' എന്നവന്‍ ചോദിക്കുന്നതുമാകുന്നു. ഇന്നേദിവസം അപമാനവും ശിക്ഷയും സത്യനിഷേധികള്‍ക്കാണ് എന്ന് അറിവ് ലഭിച്ചവര്‍ പറയുന്നതാണ്-

ثُمَّ يَوۡمَ ٱلۡقِيَٰمَةِ يُخۡزِيهِمۡ وَيَقُولُ أَيۡنَ شُرَكَآءِيَ ٱلَّذِينَ كُنتُمۡ تُشَٰٓقُّونَ فِيهِمۡۚ قَالَ ٱلَّذِينَ أُوتُواْ ٱلۡعِلۡمَ إِنَّ ٱلۡخِزۡيَ ٱلۡيَوۡمَ وَٱلسُّوٓءَ عَلَى ٱلۡكَٰفِرِينَ ۝٢٧
28

അതായത്, തങ്ങളോടു തന്നെ അക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ മലക്കുകള്‍ ആരെ മരണപ്പെടുത്തിയിട്ടുണ്ടോ അവര്‍ക്ക്. അന്നേരം ആ സത്യനിഷേധികള്‍ 'ഞങ്ങള്‍ യാതൊരു കുറ്റവും ചെയ്തിരുന്നില്ല' എന്നു പറഞ്ഞുകൊണ്ട് കീഴടങ്ങും. (തല്‍സമയം മലക്കുകള്‍ പറയും:) അങ്ങനെയല്ല, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനപ്പെറ്റി അല്ലാഹു തികച്ചും അറിയുന്നവനാണ്.

ٱلَّذِينَ تَتَوَفَّىٰهُمُ ٱلۡمَلَٰٓئِكَةُ ظَالِمِيٓ أَنفُسِهِمۡۖ فَأَلۡقَوُاْ ٱلسَّلَمَ مَا كُنَّا نَعۡمَلُ مِن سُوٓءِۭۚ بَلَىٰٓۚ إِنَّ ٱللَّهَ عَلِيمُۢ بِمَا كُنتُمۡ تَعۡمَلُونَ ۝٢٨
29

അതുകൊണ്ട് നരകത്തിന്റെ വാതിലുകള്‍ കടന്നു ശാശ്വതമായി അതില്‍ താമസിച്ചുകൊള്ളുക. അഹംഭാവികളുടെ വാസസ്ഥലം വളരെ ചീത്തതന്നെ.

فَٱدۡخُلُوٓاْ أَبۡوَٰبَ جَهَنَّمَ خَٰلِدِينَ فِيهَاۖ فَلَبِئۡسَ مَثۡوَى ٱلۡمُتَكَبِّرِينَ ۝٢٩
30

നിങ്ങളുടെ രക്ഷിതാവ് എന്താണ് അവതരിപ്പിച്ചത് എന്നു ഭക്തന്‍മാരോട് ചോദിക്കപ്പെടും: നല്ല സന്ദേശമാണ് അവന്‍ അവതരിപ്പിച്ചിട്ടുള്ളത് എന്നവര്‍ മറുപടി നല്‍കും. നന്മ ചെയ്തവര്‍ക്കു ഈ ലോകത്ത് തന്നെ വലിയ പ്രതിഫലമുണ്ട്. പരലോക ഭവനമാകട്ടെ ഇതിനേക്കാള്‍ ഉത്തമമാണുതാനും. മുത്തഖികളുടെ ഭവനം ഏറ്റവും ഉല്‍കൃഷ്ടം തന്നെ.

۞ وَقِيلَ لِلَّذِينَ ٱتَّقَوۡاْ مَاذَآ أَنزَلَ رَبُّكُمۡۚ قَالُواْ خَيۡرٗاۗ لِّلَّذِينَ أَحۡسَنُواْ فِي هَٰذِهِ ٱلدُّنۡيَا حَسَنَةٞۚ وَلَدَارُ ٱلۡأٓخِرَةِ خَيۡرٞۚ وَلَنِعۡمَ دَارُ ٱلۡمُتَّقِينَ ۝٣٠
31

ശാശ്വതവാസത്തിനുള്ള ചില സ്വര്‍ഗങ്ങളാണത്. അതിലവര്‍ പ്രവേശിക്കും, അവയുടെ താഴ്ഭാഗങ്ങളിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നതാണ്. തങ്ങള്‍ ഉദ്ദേശിക്കുന്നതെല്ലാം അവര്‍ക്കവിടെ ലഭിക്കും. അല്ലാഹു മുത്തഖികള്‍ക്കു അങ്ങനെയാണ് പ്രതിഫലം നല്‍കുക!

جَنَّٰتُ عَدۡنٖ يَدۡخُلُونَهَا تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۖ لَهُمۡ فِيهَا مَا يَشَآءُونَۚ كَذَٰلِكَ يَجۡزِي ٱللَّهُ ٱلۡمُتَّقِينَ ۝٣١
32

നല്ലവരായ നിലയില്‍ മലക്കുകള്‍ മരണപ്പെടുത്തുന്നവരാണവര്‍. അന്നേരം മലക്കുകള്‍ അവരോട് പറയും: നിങ്ങള്‍ക്കു സലാം ഉണ്ടാകട്ടെ; നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ പ്രതിഫലമായി സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക.

ٱلَّذِينَ تَتَوَفَّىٰهُمُ ٱلۡمَلَٰٓئِكَةُ طَيِّبِينَ يَقُولُونَ سَلَٰمٌ عَلَيۡكُمُ ٱدۡخُلُواْ ٱلۡجَنَّةَ بِمَا كُنتُمۡ تَعۡمَلُونَ ۝٣٢
33

മലക്കുകളോ താങ്കളുടെ രക്ഷിതാവിന്റെ നിശ്ചിത വിധിയോ വരുന്നതല്ലാതെ ഇനി എന്താണ് അവര്‍ പ്രതീക്ഷിക്കുന്നത്? ഇവര്‍ക്കുമുമ്പുള്ളവരും അങ്ങനെ ചെയ്തു. അല്ലാഹു അവരോട് അനീതി ചെയ്തിട്ടില്ല. പക്ഷേ, അവര്‍ തങ്ങളോട് തന്നെ അനീതി ചെയ്യുന്നവരാവുകയായിരുന്നു.

هَلۡ يَنظُرُونَ إِلَّآ أَن تَأۡتِيَهُمُ ٱلۡمَلَٰٓئِكَةُ أَوۡ يَأۡتِيَ أَمۡرُ رَبِّكَۚ كَذَٰلِكَ فَعَلَ ٱلَّذِينَ مِن قَبۡلِهِمۡۚ وَمَا ظَلَمَهُمُ ٱللَّهُ وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ ۝٣٣
34

അങ്ങനെ തങ്ങളുടെ പ്രവര്‍ത്തനദോഷം അവരെ ബാധിച്ചു. ഏതൊന്നിനെ പരിഹസിച്ചുകൊണ്ടിരുന്നുവോ അതു (ആ ശിക്ഷ) തന്നെ അവരെ വലയം ചെയ്യുകയുമുണ്ടായി.

فَأَصَابَهُمۡ سَيِّـَٔاتُ مَا عَمِلُواْ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ ۝٣٤
35

അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവനെ വിട്ടു മറ്റൊന്നിനെ ഞങ്ങളും പൂര്‍വ്വ പിതാക്കളും ആരാധിക്കുകയോ അവനെ കൂടാതെ ഒരു വസ്തുവിനെയും ഞങ്ങള്‍ നിഷിദ്ധമാക്കുകയോ ചെയ്യുമായിരുന്നില്ല എന്നു ബഹുദൈവ വിശ്വാസികള്‍ പറയുന്നു. ഇവര്‍ക്കു മുമ്പുള്ളവരും ഇപ്രകാരം ചെയ്തിട്ടിട്ടുണ്ട്. വ്യക്തമായ പ്രബോധനമല്ലാതെ മുര്‍സലുകള്‍ക്ക് വല്ല ബാധ്യതയുമുണ്ടോ?

وَقَالَ ٱلَّذِينَ أَشۡرَكُواْ لَوۡ شَآءَ ٱللَّهُ مَا عَبَدۡنَا مِن دُونِهِۦ مِن شَيۡءٖ نَّحۡنُ وَلَآ ءَابَآؤُنَا وَلَا حَرَّمۡنَا مِن دُونِهِۦ مِن شَيۡءٖۚ كَذَٰلِكَ فَعَلَ ٱلَّذِينَ مِن قَبۡلِهِمۡۚ فَهَلۡ عَلَى ٱلرُّسُلِ إِلَّا ٱلۡبَلَٰغُ ٱلۡمُبِينُ ۝٣٥
36

നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും ദുര്‍മൂര്‍ത്തികളെ ഉപേക്ഷിക്കുകയും ചെയ്യുക എന്നു പ്രബോധനം ചെയ്യുവാനായി എല്ലാ സമുദായങ്ങളിലും ഓരോ റസൂലിനെ നാം നിയോഗിക്കുക തന്നെ ചെയ്തിട്ടുണ്ട്. എന്നിട്ട് അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി; മറ്റു ചിലര്‍ ദുര്‍മാര്‍ഗത്തിന്നു ബാധ്യസ്ഥരാവുകയും ചെയ്തു. അതുകൊണ്ട് നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിച്ചു കളവാക്കിയവരുടെ പരിണാമം എങ്ങനെ ആയിരുന്നുവെന്നു നോക്കുക.

وَلَقَدۡ بَعَثۡنَا فِي كُلِّ أُمَّةٖ رَّسُولًا أَنِ ٱعۡبُدُواْ ٱللَّهَ وَٱجۡتَنِبُواْ ٱلطَّٰغُوتَۖ فَمِنۡهُم مَّنۡ هَدَى ٱللَّهُ وَمِنۡهُم مَّنۡ حَقَّتۡ عَلَيۡهِ ٱلضَّلَٰلَةُۚ فَسِيرُواْ فِي ٱلۡأَرۡضِ فَٱنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلۡمُكَذِّبِينَ ۝٣٦
37

അവര്‍ സന്‍മാര്‍ഗം പ്രാപിക്കുവാന്‍ താങ്കള്‍ക്കു ആഗ്രഹമുണ്ടെങ്കിലും, താന്‍ വഴിതെറ്റിച്ചവരെ അല്ലാഹു നേര്‍മാര്‍ഗത്തിലാക്കുകയില്ല. അവര്‍ക്കു സഹായികളെ ലഭിക്കുകയുമില്ല.

إِن تَحۡرِصۡ عَلَىٰ هُدَىٰهُمۡ فَإِنَّ ٱللَّهَ لَا يَهۡدِي مَن يُضِلُّۖ وَمَا لَهُم مِّن نَّٰصِرِينَ ۝٣٧
38

മരിച്ചുപോകുന്നവരെ അല്ലാഹു പുനര്‍ജീ വിപ്പിക്കുകയില്ലെന്നു ശക്തിയായി ഉറപ്പിച്ചുകൊണ്ട് അവര്‍ സത്യം ചെയ്യുന്നു. അങ്ങനെയല്ല, (നിശ്ചയമായും അവന്‍ അവരെ വീണ്ടും ജീവിപ്പിക്കും.) നിറവേറ്റല്‍ അവന്റെ ബാദ്ധ്യതയായ വാഗ്ദാനമാണത്. പക്ഷേ അധികമാളുകളും ഇതറിയുന്നില്ല.

وَأَقۡسَمُواْ بِٱللَّهِ جَهۡدَ أَيۡمَٰنِهِمۡ لَا يَبۡعَثُ ٱللَّهُ مَن يَمُوتُۚ بَلَىٰ وَعۡدًا عَلَيۡهِ حَقّٗا وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ۝٣٨
39

തങ്ങള്‍ ഭിന്നാഭിപ്രായക്കാരായിരുന്ന വിഷയങ്ങളുടെ യാഥാര്‍ത്ഥ്യം അവര്‍ക്കു (അനുഭവം മൂലം) വ്യക്തമാക്കിക്കൊടുക്കാനും തങ്ങള്‍ അസത്യവാദികള്‍തന്നെയായിരുന്നുവെന്നു സത്യനിഷേധികള്‍ അറിയുവാനും വേണ്ടിയാണ് (അവന്‍ മരിച്ചവരെ ജീവിപ്പിക്കുന്നത്.)

لِيُبَيِّنَ لَهُمُ ٱلَّذِي يَخۡتَلِفُونَ فِيهِ وَلِيَعۡلَمَ ٱلَّذِينَ كَفَرُوٓاْ أَنَّهُمۡ كَانُواْ كَٰذِبِينَ ۝٣٩
40

നാം ഒരു വസ്തു ഉണ്ടാകണമെന്നു ഉദ്ദേശിച്ചാല്‍ 'ഉണ്ടാകൂ' എന്നു അതിനോട് കല്‍പിക്കുക മാത്രമാണ് ചെയ്യുക. അപ്പോള്‍ അതുണ്ടായിക്കഴിയും.

إِنَّمَا قَوۡلُنَا لِشَيۡءٍ إِذَآ أَرَدۡنَٰهُ أَن نَّقُولَ لَهُۥ كُن فَيَكُونُ ۝٤٠
41

അക്രമങ്ങള്‍ അനുഭവിച്ച ശേഷം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞവരാരോ അവരെ ഇഹലോകത്ത് ഉല്‍കൃഷ്ടമായ വാസസ്ഥലത്ത് നാം കുടിയിരുത്തുകതന്നെചെയ്യും. പരലോക പ്രതിഫലം അതിലും മഹത്തരമാണ്. ഇതവര്‍ ഗ്രഹിച്ചിരുന്നെങ്കില്‍!

وَٱلَّذِينَ هَاجَرُواْ فِي ٱللَّهِ مِنۢ بَعۡدِ مَا ظُلِمُواْ لَنُبَوِّئَنَّهُمۡ فِي ٱلدُّنۡيَا حَسَنَةٗۖ وَلَأَجۡرُ ٱلۡأٓخِرَةِ أَكۡبَرُۚ لَوۡ كَانُواْ يَعۡلَمُونَ ۝٤١
42

വിഷമങ്ങള്‍ സഹിച്ചവരും തങ്ങളുടെ രക്ഷിതാവിനെ ഭരമേല്‍പിച്ചവരുമാണവര്‍!

ٱلَّذِينَ صَبَرُواْ وَعَلَىٰ رَبِّهِمۡ يَتَوَكَّلُونَ ۝٤٢
43

താങ്കള്‍ക്കുമുമ്പ് പുരുഷന്മാരെയല്ലാതെ ദൂതന്മാരായി നാം അയച്ചിട്ടില്ല. അവര്‍ക്കു നാം സന്ദേശമയക്കും. അതുകൊണ്ടു നിങ്ങള്‍ക്കറിവില്ലെങ്കില്‍ വേദക്കാരോട് ചോദിച്ചുനോക്കുക.

وَمَآ أَرۡسَلۡنَا مِن قَبۡلِكَ إِلَّا رِجَالٗا نُّوحِيٓ إِلَيۡهِمۡۖ فَسۡـَٔلُوٓاْ أَهۡلَ ٱلذِّكۡرِ إِن كُنتُمۡ لَا تَعۡلَمُونَ ۝٤٣
44

വ്യക്തമായ ദൃഷ്ടാന്തങ്ങളും വേദങ്ങളുംകൊണ്ടാണ് (ആ ദൂതന്മാരെ അയച്ചിരുന്നത്.) ജനങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിനെ അവര്‍ക്കു വിശദീകരിച്ചുകൊടുക്കുവാനും അവര്‍ ചിന്തിക്കുവാനും വേണ്ടി ഈ ഖുര്‍ആന്‍ താങ്കള്‍ക്ക് നാം ഇറക്കിത്തന്നിരിക്കുന്നു.

بِٱلۡبَيِّنَٰتِ وَٱلزُّبُرِۗ وَأَنزَلۡنَآ إِلَيۡكَ ٱلذِّكۡرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيۡهِمۡ وَلَعَلَّهُمۡ يَتَفَكَّرُونَ ۝٤٤
45

തങ്ങളെ അല്ലാഹു ഭൂമിയില്‍ ആഴ്ത്തിക്കളയുകയോ ഓര്‍ക്കാപ്പുറത്ത് ശിക്ഷ വന്നെത്തുകയോ ചെയ്യുന്നതിനെക്കുറിച്ച് കുതന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നവര്‍ നിര്‍ഭയരായിരിക്കുന്നുവോ?

أَفَأَمِنَ ٱلَّذِينَ مَكَرُواْ ٱلسَّيِّـَٔاتِ أَن يَخۡسِفَ ٱللَّهُ بِهِمُ ٱلۡأَرۡضَ أَوۡ يَأۡتِيَهُمُ ٱلۡعَذَابُ مِنۡ حَيۡثُ لَا يَشۡعُرُونَ ۝٤٥
46

അല്ലെങ്കില്‍ (അവര്‍ ജോലികള്‍ക്കായി) അങ്ങോട്ടുമിങ്ങോട്ടുമുള്ള പോക്കുവരവില്‍ അവന്‍ പിടികൂടുന്നതിനെക്കുറിച്ചു (നിര്‍ഭയരായിക്കുന്നുവോ)? അപ്പോള്‍ പിടികൊടുക്കാതെ രക്ഷപ്പെടുവാനവര്‍ക്കു കഴിയുന്നതല്ല.

أَوۡ يَأۡخُذَهُمۡ فِي تَقَلُّبِهِمۡ فَمَا هُم بِمُعۡجِزِينَ ۝٤٦
47

47. അതുമല്ലെങ്കില്‍ അവന്‍ അല്‍പാല്‍പമായി പിടികൂടുന്നതിനെക്കുറിച്ച് (അവര്‍ നിര്‍ഭയരായിരിക്കുന്നുവോ?) എന്നാല്‍ നിങ്ങളുടെ ര ക്ഷിതാവ് വളരെ കൃപയുള്ളവനും പരമകാ രുണികനും തന്നെയാണ്.

أَوۡ يَأۡخُذَهُمۡ عَلَىٰ تَخَوُّفٖ فَإِنَّ رَبَّكُمۡ لَرَءُوفٞ رَّحِيمٌ ۝٤٧
48

അല്ലാഹു സൃഷ്ടിച്ച വസ്തുക്കളിലേക്കു അവര്‍ സൂക്ഷിച്ചു നോക്കുന്നില്ലേ? അവയുടെ നിഴലുകള്‍ കീഴ്‌പെട്ടു കൊണ്ട് അല്ലാഹുവിന്നു സാഷ്ടാംഗം ചെയ്യുന്നതായി വലത്തോട്ടും ഇടത്തോട്ടും ചാഞ്ഞുകൊണ്ടിരിക്കുന്നു.

أَوَلَمۡ يَرَوۡاْ إِلَىٰ مَا خَلَقَ ٱللَّهُ مِن شَيۡءٖ يَتَفَيَّؤُاْ ظِلَٰلُهُۥ عَنِ ٱلۡيَمِينِ وَٱلشَّمَآئِلِ سُجَّدٗا لِّلَّهِ وَهُمۡ دَٰخِرُونَ ۝٤٨
49

ആകാശഭൂമികളിലുള്ള ജീവികളും മലക്കുകളുമെല്ലാം തന്നെ അല്ലാഹുവിന്നു സുജൂദ് ചെയ്യുന്നു; അവര്‍ അഹങ്കരിക്കുന്നേ ഇല്ല.

وَلِلَّهِۤ يَسۡجُدُۤ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ مِن دَآبَّةٖ وَٱلۡمَلَٰٓئِكَةُ وَهُمۡ لَا يَسۡتَكۡبِرُونَ ۝٤٩
50

തങ്ങളുടെമേല്‍ സര്‍വ്വ അധികാരങ്ങളും ശക്തിയുമുള്ള രക്ഷിതാവിനെ അവര്‍ ഭയപ്പെടുന്നു. അവന്‍ തങ്ങളോട് കല്‍പിക്കുന്നത് അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

يَخَافُونَ رَبَّهُم مِّن فَوۡقِهِمۡ وَيَفۡعَلُونَ مَا يُؤۡمَرُونَ۩ ۝٥٠
51

അല്ലാഹു കല്‍പിക്കുന്നു: നിങ്ങള്‍ രണ്ടു ഇലാഹുകളെ സ്ഥാപിക്കരുത്. ഇലാഹ് ഒന്ന് മാത്രമേയുള്ളൂ; (അതു ഞാനാണ്.) അതിനാല്‍ എന്നെമാത്രം നിങ്ങള്‍ ഭയപ്പെടുക.

۞ وَقَالَ ٱللَّهُ لَا تَتَّخِذُوٓاْ إِلَٰهَيۡنِ ٱثۡنَيۡنِۖ إِنَّمَا هُوَ إِلَٰهٞ وَٰحِدٞ فَإِيَّٰيَ فَٱرۡهَبُونِ ۝٥١
52

ആകാശ ഭൂമികളിലുള്ളതെല്ലാം അവന്നുള്ളതാണ്. ശാശ്വതമായ കീഴ്‌വണക്കവും അവന്നവകാശപ്പെട്ടതുതന്നെ. എന്നിട്ടും അല്ലാഹു അല്ലാത്തവരെയാണോ നിങ്ങള്‍ ഭയപ്പെടുന്നത്?

وَلَهُۥ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَلَهُ ٱلدِّينُ وَاصِبًاۚ أَفَغَيۡرَ ٱللَّهِ تَتَّقُونَ ۝٥٢
53

നിങ്ങളില്‍ നിലകൊള്ളുന്ന അനുഗ്രഹങ്ങള്‍ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. പിന്നെ വല്ല കഷ്ടതയും ബാധിച്ചാല്‍ നിങ്ങള്‍ ശബ്ദമുയര്‍ത്തി രക്ഷതേടുന്നതും അവനോടുതന്നെ.

وَمَا بِكُم مِّن نِّعۡمَةٖ فَمِنَ ٱللَّهِۖ ثُمَّ إِذَا مَسَّكُمُ ٱلضُّرُّ فَإِلَيۡهِ تَجۡـَٔرُونَ ۝٥٣
54

പിന്നീട് ആ കഷ്ടത അവന്‍ ദൂരീകരിച്ചാല്‍ നിങ്ങളില്‍ ഒരു വിഭാഗക്കാര്‍ അതാ തങ്ങളുടെ രക്ഷിതാവിന്നു പങ്കുകാരെ സ്ഥാപിക്കുന്നു!

ثُمَّ إِذَا كَشَفَ ٱلضُّرَّ عَنكُمۡ إِذَا فَرِيقٞ مِّنكُم بِرَبِّهِمۡ يُشۡرِكُونَ ۝٥٤
55

ഫലത്തില്‍, നാം ചെയ്തുകൊടുത്ത അനുഗ്രഹങ്ങളെ അവര്‍ നിഷേധിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ സുഖിച്ചുകൊള്ളുക; പിന്നീടുനിങ്ങള്‍ക്കു മനസ്സിലാകും.

لِيَكۡفُرُواْ بِمَآ ءَاتَيۡنَٰهُمۡۚ فَتَمَتَّعُواْ فَسَوۡفَ تَعۡلَمُونَ ۝٥٥
56

നാം കൊടുത്തതില്‍ നിന്നു ഒരംശത്തെ യാഥാര്‍ത്ഥ്യം അറിവില്ലാത്ത ചില വസ്തുക്കള്‍ക്കായി അവര്‍ നീക്കിവെക്കുന്നു. അല്ലാഹു തന്നെ സത്യം, നിങ്ങള്‍ കെട്ടിയുണ്ടാക്കിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ചു നിശ്ചയമായും നിങ്ങള്‍ ചോദിക്കപ്പെടും.

وَيَجۡعَلُونَ لِمَا لَا يَعۡلَمُونَ نَصِيبٗا مِّمَّا رَزَقۡنَٰهُمۡۗ تَٱللَّهِ لَتُسۡـَٔلُنَّ عَمَّا كُنتُمۡ تَفۡتَرُونَ ۝٥٦
57

അല്ലാഹുവിന്നു അവര്‍ പെണ്‍മക്കളെ സ്ഥാപിക്കുന്നു! അവന്‍ പരിശുദ്ധനത്രെ. തങ്ങളിഷ്ടപ്പെടുന്നതു (ആണ്‍മക്കള്‍) തങ്ങള്‍ക്കും (അവര്‍ സ്ഥാപിക്കുന്നു.)

وَيَجۡعَلُونَ لِلَّهِ ٱلۡبَنَٰتِ سُبۡحَٰنَهُۥ وَلَهُم مَّا يَشۡتَهُونَ ۝٥٧
58

അവരില്‍ ആര്‍ക്കെങ്കിലും ഒരു പെണ്‍കുട്ടി ജനിച്ചിട്ടുണ്ടെന്ന അനുമോദന വാര്‍ത്ത അറിയിച്ചാല്‍ ദുഃഖത്തില്‍ ആണ്ടവനായി അവന്റെ മുഖം കറുത്തുപോകുന്നതാണ്.

وَإِذَا بُشِّرَ أَحَدُهُم بِٱلۡأُنثَىٰ ظَلَّ وَجۡهُهُۥ مُسۡوَدّٗا وَهُوَ كَظِيمٞ ۝٥٨
59

തനിക്കുലഭിച്ച അനുമോദന വാര്‍ത്തയാലുണ്ടായ അപമാനം നിമിത്തം ജനങ്ങളില്‍ നിന്നു അവന്‍ ഒഴിഞ്ഞുമാറി മറഞ്ഞിരിക്കും. (എന്നിട്ടവന്‍ ചിന്തിക്കും:) അപമാനം സഹിച്ചുകൊണ്ട് ആ പെണ്‍കുഞ്ഞിനെ വെച്ചുകൊണ്ടിരിക്കണമോ അതല്ല അതിനെ മണ്ണില്‍ പൂഴ്ത്തണമോ? അറിയുക, അവരുടെ വിധി വളരെ പിഴച്ചതുതന്നെ.

يَتَوَٰرَىٰ مِنَ ٱلۡقَوۡمِ مِن سُوٓءِ مَا بُشِّرَ بِهِۦٓۚ أَيُمۡسِكُهُۥ عَلَىٰ هُونٍ أَمۡ يَدُسُّهُۥ فِي ٱلتُّرَابِۗ أَلَا سَآءَ مَا يَحۡكُمُونَ ۝٥٩
60

പരലോക ജീവിതത്തില്‍ വിശ്വസിക്കാത്തവര്‍ക്കു ദുഷിച്ച അവസ്ഥയാണുള്ളത്. ഏറ്റം ഉന്നതാവസ്ഥ അല്ലാഹുവിന്നുള്ളതാണ്. അവന്‍ പ്രതാപശാലിയും മഹാ തന്ത്രജ്ഞനുമത്രേ. (28)

لِلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ مَثَلُ ٱلسَّوۡءِۖ وَلِلَّهِ ٱلۡمَثَلُ ٱلۡأَعۡلَىٰۚ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ ۝٦٠
61

ജനങ്ങളുടെ അക്രമം മൂലം അവരെ ഉടനടി ശിക്ഷിക്കുന്ന പക്ഷം ഭൂമുഖത്ത് ഒരു ജീവിയെയും അല്ലാഹു അവശേഷിപ്പിക്കയില്ലായിരുന്നു. പക്ഷേ അവരെ ഒരു നിശ്ചിത അവധിവരെ അവന്‍ പിന്തിച്ചിടുന്നു. അങ്ങനെ അവധി എത്തിക്കഴിഞ്ഞാല്‍ ഒരു നിമിഷം അവര്‍ പിന്തുകയില്ല; മുന്നോട്ടുപോകയുമില്ല.

وَلَوۡ يُؤَاخِذُ ٱللَّهُ ٱلنَّاسَ بِظُلۡمِهِم مَّا تَرَكَ عَلَيۡهَا مِن دَآبَّةٖ وَلَٰكِن يُؤَخِّرُهُمۡ إِلَىٰٓ أَجَلٖ مُّسَمّٗىۖ فَإِذَا جَآءَ أَجَلُهُمۡ لَا يَسۡتَـٔۡخِرُونَ سَاعَةٗ وَلَا يَسۡتَقۡدِمُونَ ۝٦١
62

തങ്ങള്‍ വെറുക്കുന്നതിനെ അവര്‍ അല്ലാഹുവിന്നു സ്ഥാപിക്കുന്നു. തങ്ങള്‍ക്കേ നന്മ കൈവരൂ എന്നു നാവുകൊണ്ടവര്‍ കള്ളവാദം ഉന്നയിക്കയും ചെയ്യുന്നു! നിശ്ചയമായും നരകമാണ് അവര്‍ക്കുള്ളത്; ഏറ്റമാദ്യം അവിടെ എത്തുന്നതും അവര്‍തന്നെ എന്നതാണ് സത്യം.

وَيَجۡعَلُونَ لِلَّهِ مَا يَكۡرَهُونَۚ وَتَصِفُ أَلۡسِنَتُهُمُ ٱلۡكَذِبَ أَنَّ لَهُمُ ٱلۡحُسۡنَىٰۚ لَا جَرَمَ أَنَّ لَهُمُ ٱلنَّارَ وَأَنَّهُم مُّفۡرَطُونَ ۝٦٢
63

അല്ലാഹുതന്നെ സത്യം, താങ്കള്‍ക്കുമുമ്പുള്ള പല സമുദായങ്ങളിലേക്കും നാം ദൂതന്മാരെ അയച്ചിട്ടുണ്ട്. എന്നിട്ട് തങ്ങളുടെ ദുഷ്പ്രവൃത്തികളെ പിശാച് അവര്‍ക്കു ഭംഗിയാക്കികാണിച്ചുകൊടുത്തു. അതിനാല്‍ അവനാണ് ഇന്നു അവരുടെ ബന്ധു. അവര്‍ക്കു വേദനാജനകമായ ശിക്ഷയുണ്ട്.

تَٱللَّهِ لَقَدۡ أَرۡسَلۡنَآ إِلَىٰٓ أُمَمٖ مِّن قَبۡلِكَ فَزَيَّنَ لَهُمُ ٱلشَّيۡطَٰنُ أَعۡمَٰلَهُمۡ فَهُوَ وَلِيُّهُمُ ٱلۡيَوۡمَ وَلَهُمۡ عَذَابٌ أَلِيمٞ ۝٦٣
64

തങ്ങള്‍ ഭിന്നാഭിപ്രായക്കാരായ വിഷയങ്ങള്‍ അവര്‍ക്കു വിവരിച്ചുകൊടുക്കുവാനും സത്യത്തില്‍ വിശ്വസിക്കുന്ന ജനതക്കു മാര്‍ഗദര്‍ശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ് താങ്കള്‍ക്കു നാം ഖുര്‍ആന്‍ അവതരിപ്പിച്ചു തന്നിട്ടുള്ളത്.

وَمَآ أَنزَلۡنَا عَلَيۡكَ ٱلۡكِتَٰبَ إِلَّا لِتُبَيِّنَ لَهُمُ ٱلَّذِي ٱخۡتَلَفُواْ فِيهِ وَهُدٗى وَرَحۡمَةٗ لِّقَوۡمٖ يُؤۡمِنُونَ ۝٦٤
65

അല്ലാഹു ആകാശത്തുനിന്നു മഴവര്‍ഷിക്കുകയും എന്നിട്ട് അതുമൂലം, ഭൂമി നിര്‍ജീവമായി കിടന്നശേഷം അതിനെ സജീവമാക്കുകയും ചെയ്തിരിക്കുന്നു. കേട്ട് മനസ്സിലാക്കുന്ന ജനതക്ക് അതില്‍ വലിയ ദൃഷ്ടാന്തമുണ്ട്, തീര്‍ച്ച.

وَٱللَّهُ أَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَحۡيَا بِهِ ٱلۡأَرۡضَ بَعۡدَ مَوۡتِهَآۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لِّقَوۡمٖ يَسۡمَعُونَ ۝٦٥
66

നിശ്ചയമായും നാല്‍ക്കാലികളില്‍ നിങ്ങള്‍ക്ക് വലിയ പാഠമുണ്ട്. അവയുടെ ഉദരങ്ങളില്‍ നിന്നു-കാഷ്ഠത്തിന്നും രക്തത്തിന്നുമിടയില്‍നിന്നു-ശുദ്ധവും കുടിക്കുന്നവര്‍ക്കു സുഖമുള്ളതുമായ പാല്‍ നിങ്ങള്‍ക്കു നാം കുടിപ്പിക്കുന്നു;

وَإِنَّ لَكُمۡ فِي ٱلۡأَنۡعَٰمِ لَعِبۡرَةٗۖ نُّسۡقِيكُم مِّمَّا فِي بُطُونِهِۦ مِنۢ بَيۡنِ فَرۡثٖ وَدَمٖ لَّبَنًا خَالِصٗا سَآئِغٗا لِّلشَّٰرِبِينَ ۝٦٦
67

ഈത്തപ്പനയുടെയും മുന്തിരിവള്ളികളുടെയും കായകളില്‍നിന്നും (നാം കുടിപ്പിക്കുന്നു.) അവയില്‍ നിന്നു ലഹരിപാനീയവും നല്ല ആഹാരവും നിങ്ങള്‍ ഉല്‍പാദിപ്പിക്കുന്നു. നിശ്ചയമായും ചിന്തിക്കുന്ന ജനതക്ക് അതില്‍ വലിയ ദൃഷ്ടാന്തമുണ്ട്.

وَمِن ثَمَرَٰتِ ٱلنَّخِيلِ وَٱلۡأَعۡنَٰبِ تَتَّخِذُونَ مِنۡهُ سَكَرٗا وَرِزۡقًا حَسَنًاۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لِّقَوۡمٖ يَعۡقِلُونَ ۝٦٧
68

മലകളിലും വൃക്ഷങ്ങളിലും മനുഷ്യര്‍ ഉയര്‍ത്തിയുണ്ടാക്കുന്ന (വീട് മുതലായ) വസ്തുക്കളിലും നീ കൂടുകള്‍ ഉണ്ടാക്കുക എന്നു താങ്കളുടെ രക്ഷിതാവ് തേനീച്ചക്ക് ബോധനം നല്‍കി.

وَأَوۡحَىٰ رَبُّكَ إِلَى ٱلنَّحۡلِ أَنِ ٱتَّخِذِي مِنَ ٱلۡجِبَالِ بُيُوتٗا وَمِنَ ٱلشَّجَرِ وَمِمَّا يَعۡرِشُونَ ۝٦٨
69

എന്നിട്ട് എല്ലാ പഴങ്ങളില്‍നിന്നും (തേന്‍) ഊമ്പിഎടുക്കുകയും നിന്റെ രക്ഷിതാവ് നിശ്ചയിച്ച മാര്‍ഗങ്ങളില്‍ അനുസരണ ശീലത്തോടെ പ്രവേശിക്കയും ചെയ്യുക (എന്നും അതിന്നു നാം ബോധനം നല്‍കി.) വിവിധ വര്‍ണ്ണങ്ങളോടുകൂടിയ പാനീയം അവയുടെ വയറുകളില്‍ നിന്നു പുറത്തുവരുന്നു. അതില്‍ മനുഷ്യര്‍ക്കു രോഗശമനമുണ്ട്. ചിന്തിക്കുന്ന ജനതക്ക് ഇതില്‍ തക്കതായ ദൃഷ്ടാന്തമുണ്ട്, തീര്‍ച്ച.

ثُمَّ كُلِي مِن كُلِّ ٱلثَّمَرَٰتِ فَٱسۡلُكِي سُبُلَ رَبِّكِ ذُلُلٗاۚ يَخۡرُجُ مِنۢ بُطُونِهَا شَرَابٞ مُّخۡتَلِفٌ أَلۡوَٰنُهُۥ فِيهِ شِفَآءٞ لِّلنَّاسِۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لِّقَوۡمٖ يَتَفَكَّرُونَ ۝٦٩
70

അല്ലാഹു നിങ്ങളെ സൃഷ്ടിച്ചു. പിന്നീട് അവന്‍ നിങ്ങളെ മരിപ്പിക്കും. നിങ്ങളില്‍ ചിലര്‍ വാര്‍ദ്ധക്യത്തിന്റെ ഏറ്റവും താഴ്ന്ന പടിയിലേക്കു മടക്കപ്പെടുകയും അവസാനം, കാര്യബോധമുള്ളവനായ ശേഷം ഒന്നുമറിയാത്തവനായി മാറുകയും ചെയ്യുന്നു. അല്ലാഹു സര്‍വ്വജ്ഞനും സര്‍വ്വശക്തനും തന്നെയാണ്.

وَٱللَّهُ خَلَقَكُمۡ ثُمَّ يَتَوَفَّىٰكُمۡۚ وَمِنكُم مَّن يُرَدُّ إِلَىٰٓ أَرۡذَلِ ٱلۡعُمُرِ لِكَيۡ لَا يَعۡلَمَ بَعۡدَ عِلۡمٖ شَيۡـًٔاۚ إِنَّ ٱللَّهَ عَلِيمٞ قَدِيرٞ ۝٧٠
71

ആഹാര വിഷയത്തില്‍ നിങ്ങളില്‍ ചിലരെ മറ്റു ചിലരെക്കാള്‍ അല്ലാഹു മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നിട്ട് മെച്ചം ലഭിച്ചവര്‍ അല്ലാഹു അവര്‍ക്ക് നല്‍കിയതിനെ തങ്ങള്‍ ഉടമയാക്കിയ അടിമകള്‍ അതില്‍ സമന്‍മാരാകത്തക്കവിധം അവരിലേക്കു തിരിച്ചുവിടുന്നില്ല. അപ്പോള്‍ അല്ലാഹുവിന്റെ അനുഗ്രഹത്തെ അവര്‍ നിഷേധിക്കുന്നോ?

وَٱللَّهُ فَضَّلَ بَعۡضَكُمۡ عَلَىٰ بَعۡضٖ فِي ٱلرِّزۡقِۚ فَمَا ٱلَّذِينَ فُضِّلُواْ بِرَآدِّي رِزۡقِهِمۡ عَلَىٰ مَا مَلَكَتۡ أَيۡمَٰنُهُمۡ فَهُمۡ فِيهِ سَوَآءٌۚ أَفَبِنِعۡمَةِ ٱللَّهِ يَجۡحَدُونَ ۝٧١
72

നിങ്ങള്‍ക്കു സ്വവര്‍ഗത്തില്‍നിന്നുതന്നെ ചില ഇണകളെ അല്ലാഹു സൃഷ്ടിച്ചുതന്നു; അവരില്‍നിന്നു അവന്‍ മക്കളെയും പേരക്കുട്ടികളെയും സൃഷ്ടിച്ചുതന്നു. നല്ല വസ്തുക്കളില്‍ നിന്നു നിങ്ങള്‍ക്കവന്‍ ആഹാരം നല്‍കുകയും ചെയ്തു. എന്നിട്ടുകൂടി അവര്‍ അസത്യമായതില്‍ വിശ്വസിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹത്തെ നിഷേധിക്കയുമാണോ ചെയ്യുന്നത്!

وَٱللَّهُ جَعَلَ لَكُم مِّنۡ أَنفُسِكُمۡ أَزۡوَٰجٗا وَجَعَلَ لَكُم مِّنۡ أَزۡوَٰجِكُم بَنِينَ وَحَفَدَةٗ وَرَزَقَكُم مِّنَ ٱلطَّيِّبَٰتِۚ أَفَبِٱلۡبَٰطِلِ يُؤۡمِنُونَ وَبِنِعۡمَتِ ٱللَّهِ هُمۡ يَكۡفُرُونَ ۝٧٢
73

ആകാശഭൂമികളില്‍നിന്ന് യാതൊരു ഭക്ഷണത്തെയും അവര്‍ക്കു വേണ്ടി ഉടമയാക്കാത്തതും യാതൊന്നിനും കഴിയാത്തതുമായ ചില വസ്തുക്കള്‍ക്കു അവര്‍ അല്ലാഹുവിനെവിട്ടു ഇബാദത്തുചെയ്യുന്നു.

وَيَعۡبُدُونَ مِن دُونِ ٱللَّهِ مَا لَا يَمۡلِكُ لَهُمۡ رِزۡقٗا مِّنَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ شَيۡـٔٗا وَلَا يَسۡتَطِيعُونَ ۝٧٣
74

അതുകൊണ്ടു അല്ലാഹുവിന്നു നിങ്ങള്‍ തുല്യന്മാരെ എടുത്തുകാട്ടരുത്. നിശ്ചയമായും അല്ലാഹു അറിയുന്നു; നിങ്ങള്‍ അറിയുന്നില്ല.

فَلَا تَضۡرِبُواْ لِلَّهِ ٱلۡأَمۡثَالَۚ إِنَّ ٱللَّهَ يَعۡلَمُ وَأَنتُمۡ لَا تَعۡلَمُونَ ۝٧٤
75

അല്ലാഹു ഒരു ഉപമ വെളിപ്പെടുത്തുന്നു. അതായതു മറ്റൊരാളുടെ ഉടമയിലിരിക്കുന്ന ഒരടിമ. അവന്നു ഒരുകാര്യത്തിനും കഴിവില്ല. നമ്മുടെ പക്കല്‍നിന്നു നല്ല ആഹാരം നല്‍കിയ മറ്റൊരു സ്വതന്ത്രനായ മനുഷ്യനുമുണ്ട്. അവന്‍ അതില്‍നിന്നു രഹസ്യമായും പരസ്യമായും ചെലവുചെയ്യുന്നു. ഇവര്‍ സമമാകുമോ? (ഒരിക്കലുമില്ല). എല്ലാ സ്തുതിയും അല്ലാഹുവിന്നത്രേ. പക്ഷേ മിക്ക ആളുകളും അറിവില്ലാത്തവരാകുന്നു.

۞ ضَرَبَ ٱللَّهُ مَثَلًا عَبۡدٗا مَّمۡلُوكٗا لَّا يَقۡدِرُ عَلَىٰ شَيۡءٖ وَمَن رَّزَقۡنَٰهُ مِنَّا رِزۡقًا حَسَنٗا فَهُوَ يُنفِقُ مِنۡهُ سِرّٗا وَجَهۡرًاۖ هَلۡ يَسۡتَوُۥنَۚ ٱلۡحَمۡدُ لِلَّهِۚ بَلۡ أَكۡثَرُهُمۡ لَا يَعۡلَمُونَ ۝٧٥
76

അല്ലാഹു (മറ്റൊരു) ഉപമ വെളിപ്പെടുത്തുന്നു-രണ്ടു പുരുഷന്മാരെ. അവരില്‍ ഒരുത്തന്‍ ഊമയാണ്. അവന്നു ഒന്നിനും കഴിവില്ല. തന്റെ യജമാനന്നു അവനൊരു ഭാരവുമാണ്. എങ്ങോട്ടയാള്‍ തിരിച്ചുവിട്ടാലും അവന്‍ യാതൊരു നന്മയും കൊണ്ടുവരികയില്ല. അവനും നേര്‍മാര്‍ഗത്തില്‍ ഉറച്ചുനിന്നുകൊണ്ട് നീതികല്‍പിക്കുന്നവനും സമന്മാരാകുമോ?

وَضَرَبَ ٱللَّهُ مَثَلٗا رَّجُلَيۡنِ أَحَدُهُمَآ أَبۡكَمُ لَا يَقۡدِرُ عَلَىٰ شَيۡءٖ وَهُوَ كَلٌّ عَلَىٰ مَوۡلَىٰهُ أَيۡنَمَا يُوَجِّههُّ لَا يَأۡتِ بِخَيۡرٍ هَلۡ يَسۡتَوِي هُوَ وَمَن يَأۡمُرُ بِٱلۡعَدۡلِ وَهُوَ عَلَىٰ صِرَٰطٖ مُّسۡتَقِيمٖ ۝٧٦
77

അല്ലാഹുവിന്നു മാത്രമാണ് ആകാശഭൂമികളിലെ അദൃശ്യകാര്യങ്ങളുടെ അറിവ്. ഖിയാമനാളിന്റെ കാര്യം കണ്ണ് വെട്ടുന്നതുപോലെയാണ്; എന്നല്ല അതിലും വേഗത കൂടിയതാണത്. നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനത്രേ.

وَلِلَّهِ غَيۡبُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَمَآ أَمۡرُ ٱلسَّاعَةِ إِلَّا كَلَمۡحِ ٱلۡبَصَرِ أَوۡ هُوَ أَقۡرَبُۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ۝٧٧
78

മാതാക്കളുടെ ഗര്‍ഭാശയങ്ങളില്‍ നിന്നു നിങ്ങളെ അല്ലാഹു പുറത്തേക്കു കൊണ്ടുവന്നു. (അപ്പോള്‍) ഒരുവക അറിവും നിങ്ങള്‍ക്കുണ്ടായിരുന്നില്ല. നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടി കാതും കണ്ണും ഹൃദയവും അവന്‍ നല്‍കുകയും ചെയ്തു.

وَٱللَّهُ أَخۡرَجَكُم مِّنۢ بُطُونِ أُمَّهَٰتِكُمۡ لَا تَعۡلَمُونَ شَيۡـٔٗا وَجَعَلَ لَكُمُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَٱلۡأَفۡـِٔدَةَ لَعَلَّكُمۡ تَشۡكُرُونَ ۝٧٨
79

വായുമണ്ഡലത്തില്‍ (അല്ലാഹുവിന്റെ നിയമ വ്യവസ്ഥക്ക്) കീഴ്‌പ്പെടുത്തപ്പെട്ട പക്ഷികളെ അവര്‍ കാണുന്നില്ലേ? അല്ലാഹു മാത്രമാണ് അവയെ (താഴെ വീഴാതെ) താങ്ങിനിറുത്തുന്നത്. വിശ്വസിക്കുന്ന ജനതക്ക് അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.

أَلَمۡ يَرَوۡاْ إِلَى ٱلطَّيۡرِ مُسَخَّرَٰتٖ فِي جَوِّ ٱلسَّمَآءِ مَا يُمۡسِكُهُنَّ إِلَّا ٱللَّهُۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يُؤۡمِنُونَ ۝٧٩
80

അല്ലാഹു നിങ്ങളുടെ വീടുകളെ അടങ്ങിയിരുന്നു വിശ്രമിക്കുവാനുള്ള സ്ഥലമാക്കിയിരിക്കുന്നു. നാല്‍കാലികളുടെ തോല്‍കൊണ്ടുള്ള ചില വീടുകളും നിങ്ങള്‍ക്കവനുണ്ടാക്കിത്തന്നിട്ടുണ്ട്. യാത്രാദിവസവും താമസ ദിവസവും നിങ്ങള്‍ക്കവ വളരെ ലഘുവായി തോന്നും. നെയ്യാടിന്റെയും ഒട്ടകത്തിന്റെയും കോലാടിന്റെയും രോമങ്ങള്‍കൊണ്ട് നിങ്ങള്‍ക്കവന്‍ വീട്ടുസാമാനങ്ങള്‍ ഉണ്ടാക്കിത്തരികയും ഒരു നിശ്ചിത കാലംവരെ (അവകൊണ്ടു) സുഖാനുഭവങ്ങള്‍ നല്‍കുകയും ചെയ്തിരിക്കുന്നു.

وَٱللَّهُ جَعَلَ لَكُم مِّنۢ بُيُوتِكُمۡ سَكَنٗا وَجَعَلَ لَكُم مِّن جُلُودِ ٱلۡأَنۡعَٰمِ بُيُوتٗا تَسۡتَخِفُّونَهَا يَوۡمَ ظَعۡنِكُمۡ وَيَوۡمَ إِقَامَتِكُمۡ وَمِنۡ أَصۡوَافِهَا وَأَوۡبَارِهَا وَأَشۡعَارِهَآ أَثَٰثٗا وَمَتَٰعًا إِلَىٰ حِينٖ ۝٨٠
81

താന്‍ സൃഷ്ടിച്ച വസ്തുക്കള്‍ കൊണ്ട് അല്ലാഹു നിങ്ങള്‍ക്കു തണലുണ്ടാക്കിത്തന്നിരിക്കുന്നു. മലകളില്‍ നിങ്ങള്‍ക്കവന്‍ ഗുഹകളും ഉണ്ടാക്കി. നിങ്ങള്‍ക്കു ഉഷ്ണവും യുദ്ധ വിപത്തുകളും തടുക്കുന്ന കുപ്പായങ്ങളും അവന്‍ സംവിധാനിച്ചു. ഇപ്രകാരം തന്റെ അനുഗ്രഹം അല്ലാഹു പൂര്‍ത്തീകരിച്ചുതന്നതു നിങ്ങള്‍ അനുസരണമുള്ളവരായിരിക്കേണ്ടതിനാണ്.

وَٱللَّهُ جَعَلَ لَكُم مِّمَّا خَلَقَ ظِلَٰلٗا وَجَعَلَ لَكُم مِّنَ ٱلۡجِبَالِ أَكۡنَٰنٗا وَجَعَلَ لَكُمۡ سَرَٰبِيلَ تَقِيكُمُ ٱلۡحَرَّ وَسَرَٰبِيلَ تَقِيكُم بَأۡسَكُمۡۚ كَذَٰلِكَ يُتِمُّ نِعۡمَتَهُۥ عَلَيۡكُمۡ لَعَلَّكُمۡ تُسۡلِمُونَ ۝٨١
82

എന്നാല്‍ (ഇങ്ങനെയെല്ലാം ചെയ്തുകൊടുത്തിട്ടും അതൊന്നും ചിന്തിക്കാതെ) അവര്‍ പിന്‍മാറുന്നപക്ഷം (താങ്കള്‍ പരിതപിക്കേണ്ടതില്ല.) വ്യക്തമായ പ്രബോധനം മാത്രമേ താങ്കള്‍ക്കു ചുമതലയുള്ളു.

فَإِن تَوَلَّوۡاْ فَإِنَّمَا عَلَيۡكَ ٱلۡبَلَٰغُ ٱلۡمُبِينُ ۝٨٢
83

അവര്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ മനസ്സിലാക്കുകയും എന്നിട്ടതുനിഷേധിക്കുകയുമാണ് ചെയ്യുന്നത്. അവരില്‍ മിക്കപേരും അവിശ്വാസികളാണ്.

يَعۡرِفُونَ نِعۡمَتَ ٱللَّهِ ثُمَّ يُنكِرُونَهَا وَأَكۡثَرُهُمُ ٱلۡكَٰفِرُونَ ۝٨٣
84

ഓരോ സമുദായത്തില്‍നിന്നും ഓരോസാക്ഷിയെ നാം എഴുന്നേല്‍പിക്കുന്ന ദിവസത്തെ (കുറിച്ചു അവര്‍ക്കു മുന്നറിയിപ്പു നല്‍കുക). പിന്നീട് സത്യനിഷേധികള്‍ക്ക് ഒഴികഴിവുപറയുവാന്‍ സമ്മതം നല്‍കപ്പെടുകയില്ല. അവരോട് (ഐഹിക ജീവിതത്തിലുണ്ടായിരുന്ന അവസ്ഥയില്‍നിന്നു) മടങ്ങാന്‍ ആവശ്യപ്പെടുകയുമില്ല.

وَيَوۡمَ نَبۡعَثُ مِن كُلِّ أُمَّةٖ شَهِيدٗا ثُمَّ لَا يُؤۡذَنُ لِلَّذِينَ كَفَرُواْ وَلَا هُمۡ يُسۡتَعۡتَبُونَ ۝٨٤
85

അക്രമം പ്രവര്‍ത്തിച്ചവര്‍ ശിക്ഷകാണുമ്പോള്‍ അവര്‍ക്ക് അതു ലഘൂകരിച്ചുകൊടുക്കുകയോ ഇട നല്‍കപ്പെടുകയോ ഇല്ല.

وَإِذَا رَءَا ٱلَّذِينَ ظَلَمُواْ ٱلۡعَذَابَ فَلَا يُخَفَّفُ عَنۡهُمۡ وَلَا هُمۡ يُنظَرُونَ ۝٨٥
86

തങ്ങള്‍ അല്ലാഹുവിന്റെ പങ്കുകാരാക്കിവെച്ച ദൈവങ്ങളെ (പരലോകത്തുവെച്ചു) കാണുമ്പോള്‍ ബഹുദൈവവിശ്വാസികള്‍ പറയും: 'രക്ഷിതാവേ, ഞങ്ങള്‍ നിനക്കുപുറമെ സ്ഥാപിച്ചു ആരാധിച്ചുകൊണ്ടിരുന്ന പങ്കുകാര്‍ ഇവരാണ്.' അപ്പോള്‍ ആ പങ്കാളികള്‍ ഇവര്‍ക്കു മറുപടി നല്‍കും: നിശ്ചയം നിങ്ങള്‍ കള്ളംപറയുന്നവര്‍ തന്നെയാണ്.

وَإِذَا رَءَا ٱلَّذِينَ أَشۡرَكُواْ شُرَكَآءَهُمۡ قَالُواْ رَبَّنَا هَٰٓؤُلَآءِ شُرَكَآؤُنَا ٱلَّذِينَ كُنَّا نَدۡعُواْ مِن دُونِكَۖ فَأَلۡقَوۡاْ إِلَيۡهِمُ ٱلۡقَوۡلَ إِنَّكُمۡ لَكَٰذِبُونَ ۝٨٦
87

അന്നു അവര്‍ അല്ലാഹുവിന്നു കീഴടക്കം വെളിപ്പെടുത്തും. തങ്ങള്‍ കെട്ടിച്ചമച്ചുണ്ടാക്കിയിരുന്ന ദൈവങ്ങള്‍ അവര്‍ക്കു നിഷ്ഫലമാകുകയും ചെയ്യും.

وَأَلۡقَوۡاْ إِلَى ٱللَّهِ يَوۡمَئِذٍ ٱلسَّلَمَۖ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ ۝٨٧
88

സത്യത്തെ മനഃപൂര്‍വ്വം നിഷേധിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്നു ജനങ്ങളെ തടയുകയും ചെയ്തവരാരോ, നാശമുണ്ടാക്കിക്കൊണ്ടിരുന്ന കാരണത്താല്‍ അവര്‍ക്കു നാം മേല്‍ക്കുമേല്‍ ശിക്ഷ വര്‍ദ്ധിപ്പിക്കുന്നതാണ്.

ٱلَّذِينَ كَفَرُواْ وَصَدُّواْ عَن سَبِيلِ ٱللَّهِ زِدۡنَٰهُمۡ عَذَابٗا فَوۡقَ ٱلۡعَذَابِ بِمَا كَانُواْ يُفۡسِدُونَ ۝٨٨
89

ഓരോ സമുദായത്തിലും അവരില്‍പെട്ട ഓരോ സാക്ഷിയെ നാം എഴുന്നേല്‍പിക്കുകയും, ഈ ജനങ്ങളുടെമേല്‍ സാക്ഷിയായി താങ്കളെ നാം കൊണ്ടുവരികയും ചെയ്യുന്ന ദിവസം (ഓര്‍ക്കുക). എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നതായും അനുസരണമുള്ളവര്‍ക്കു മാര്‍ഗദര്‍ശനവും കാരുണ്യവും സന്തോഷവാര്‍ത്തയുമായും താങ്കള്‍ക്കു നാം ഈ വേദം അവതരിപ്പിച്ചുതന്നിരിക്കുന്നു.

وَيَوۡمَ نَبۡعَثُ فِي كُلِّ أُمَّةٖ شَهِيدًا عَلَيۡهِم مِّنۡ أَنفُسِهِمۡۖ وَجِئۡنَا بِكَ شَهِيدًا عَلَىٰ هَٰٓؤُلَآءِۚ وَنَزَّلۡنَا عَلَيۡكَ ٱلۡكِتَٰبَ تِبۡيَٰنٗا لِّكُلِّ شَيۡءٖ وَهُدٗى وَرَحۡمَةٗ وَبُشۡرَىٰ لِلۡمُسۡلِمِينَ ۝٨٩
90

നീതി പാലിക്കുവാനും നന്മ ചെയ്യുവാനും കുടുംബക്കാര്‍ക്കു ധനസഹായം നല്‍കുവാനും അല്ലാഹു നിങ്ങളോട് കല്‍പിക്കുകയും നീചകൃത്യങ്ങളും നിഷിദ്ധ കര്‍മ്മങ്ങളും അതിക്രമവും നിരോധിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ചിന്തിക്കുവാനായി അവന്‍ ഉപദേശിക്കുകയാണ്.

۞ إِنَّ ٱللَّهَ يَأۡمُرُ بِٱلۡعَدۡلِ وَٱلۡإِحۡسَٰنِ وَإِيتَآيِٕ ذِي ٱلۡقُرۡبَىٰ وَيَنۡهَىٰ عَنِ ٱلۡفَحۡشَآءِ وَٱلۡمُنكَرِ وَٱلۡبَغۡيِۚ يَعِظُكُمۡ لَعَلَّكُمۡ تَذَكَّرُونَ ۝٩٠
91

നിങ്ങള്‍ അല്ലാഹുവിനോട് കരാര്‍ ചെയ്താല്‍ അതു പൂര്‍ത്തിയാക്കുക. സത്യം ഉറപ്പിച്ചശേഷം അത് ലംഘിക്കരുത്. നിങ്ങള്‍ സ്വയം അല്ലാഹുവിനെ സാക്ഷിയാക്കിവെച്ചിട്ടുണ്ടല്ലോ. നിശ്ചയമായും നിങ്ങള്‍ ചെയ്യുന്നതു അല്ലാഹു അറിയുന്നുണ്ട്.

وَأَوۡفُواْ بِعَهۡدِ ٱللَّهِ إِذَا عَٰهَدتُّمۡ وَلَا تَنقُضُواْ ٱلۡأَيۡمَٰنَ بَعۡدَ تَوۡكِيدِهَا وَقَدۡ جَعَلۡتُمُ ٱللَّهَ عَلَيۡكُمۡ كَفِيلًاۚ إِنَّ ٱللَّهَ يَعۡلَمُ مَا تَفۡعَلُونَ ۝٩١
92

വളരെ ബലത്തില്‍ നൂല്‍ നൂറ്റശേഷം സ്വയം പല ഇഴകളായി അഴിച്ചുകളഞ്ഞ സ്ത്രീയെപോലെ നിങ്ങളാവരുത്; ഒരു കക്ഷി മറ്റൊരു കക്ഷിയെക്കാള്‍ അഭിവൃദ്ധിയുള്ളവരായതിന്നുവേണ്ടി നിങ്ങളുടെ സത്യങ്ങളെ പരസ്പര വഞ്ചനക്കുള്ള മാര്‍ഗമാക്കിവെക്കുന്നതില്‍ ഇതുമുഖേന അല്ലാഹു നിങ്ങളെ പരീക്ഷിക്കുക തന്നെയാണ് ചെയ്യുന്നത്. നിങ്ങള്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന വിഷയം പുനരുത്ഥാനദിവസം അല്ലാഹു നിങ്ങള്‍ക്കു നിശ്ചയമായും വ്യക്തമാക്കിത്തരുന്നതാണ്.

وَلَا تَكُونُواْ كَٱلَّتِي نَقَضَتۡ غَزۡلَهَا مِنۢ بَعۡدِ قُوَّةٍ أَنكَٰثٗا تَتَّخِذُونَ أَيۡمَٰنَكُمۡ دَخَلَۢا بَيۡنَكُمۡ أَن تَكُونَ أُمَّةٌ هِيَ أَرۡبَىٰ مِنۡ أُمَّةٍۚ إِنَّمَا يَبۡلُوكُمُ ٱللَّهُ بِهِۦۚ وَلَيُبَيِّنَنَّ لَكُمۡ يَوۡمَ ٱلۡقِيَٰمَةِ مَا كُنتُمۡ فِيهِ تَخۡتَلِفُونَ ۝٩٢
93

അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷേ താനുദ്ദേശിച്ചവരെ അവന്‍ വഴിതെറ്റിക്കുകയും ഉദ്ദേശിച്ചവരെ നേര്‍മാര്‍ഗത്തിലാക്കുകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി ചോദിക്കപ്പെടുകതന്നെ ചെയ്യുന്നതാണ്.

وَلَوۡ شَآءَ ٱللَّهُ لَجَعَلَكُمۡ أُمَّةٗ وَٰحِدَةٗ وَلَٰكِن يُضِلُّ مَن يَشَآءُ وَيَهۡدِي مَن يَشَآءُۚ وَلَتُسۡـَٔلُنَّ عَمَّا كُنتُمۡ تَعۡمَلُونَ ۝٩٣
94

നിങ്ങളുടെ സത്യങ്ങളെ പരസ്പര വഞ്ചനക്കുള്ള മാര്‍ഗമാക്കരുത്. അങ്ങനെ ചെയ്യുന്നപക്ഷം പാദം ഉറച്ചശേഷം അവ വഴുതിപ്പോകും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്നു ജനങ്ങളെ തടഞ്ഞ കാരണത്താല്‍ അതിന്റെ ദോഷഫലങ്ങള്‍ നിങ്ങള്‍ അനുഭവിക്കേണ്ടിവരികയുംചെയ്യും. നിങ്ങള്‍ക്കാണ് കഠിനശിക്ഷ ലഭിക്കുക.

وَلَا تَتَّخِذُوٓاْ أَيۡمَٰنَكُمۡ دَخَلَۢا بَيۡنَكُمۡ فَتَزِلَّ قَدَمُۢ بَعۡدَ ثُبُوتِهَا وَتَذُوقُواْ ٱلسُّوٓءَ بِمَا صَدَدتُّمۡ عَن سَبِيلِ ٱللَّهِ وَلَكُمۡ عَذَابٌ عَظِيمٞ ۝٩٤
95

അല്ലാഹുവിനെ മുന്‍നിറുത്തി ചെയ്ത കരാറിന്നുപകരം നിങ്ങള്‍ തുച്ഛമായ വില വാങ്ങരുത്. അല്ലാഹുവിങ്കലുള്ള പ്രതിഫലമാണ് നിങ്ങള്‍ക്കുത്തമം; നിങ്ങള്‍ കാര്യബോധമുള്ളവരാണെങ്കില്‍.

وَلَا تَشۡتَرُواْ بِعَهۡدِ ٱللَّهِ ثَمَنٗا قَلِيلًاۚ إِنَّمَا عِندَ ٱللَّهِ هُوَ خَيۡرٞ لَّكُمۡ إِن كُنتُمۡ تَعۡلَمُونَ ۝٩٥
96

നിങ്ങളുടെ പക്കലുള്ളതു (ഒരിക്കല്‍) നശിച്ചുപോകും. അല്ലാഹുവിങ്കലുള്ളതാവട്ടെ (എന്നും) ശേഷിച്ചിരിക്കും. ക്ഷമിച്ചവര്‍ക്കു തങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സല്‍കര്‍മ്മങ്ങള്‍ക്ക് തക്കപ്രതിഫലം നാം കൊടുക്കുക തന്നെ ചെയ്യുന്നതാണ്.

مَا عِندَكُمۡ يَنفَدُ وَمَا عِندَ ٱللَّهِ بَاقٖۗ وَلَنَجۡزِيَنَّ ٱلَّذِينَ صَبَرُوٓاْ أَجۡرَهُم بِأَحۡسَنِ مَا كَانُواْ يَعۡمَلُونَ ۝٩٦
97

ഒരു പുരുഷനോ സ്ത്രീയോ ആവട്ടെ, സത്യവിശ്വാസിയായിക്കൊണ്ട് ഒരു നല്ല കാര്യം ചെയ്താല്‍ അവര്‍ക്കു സുഖമായ ജീവിതം നാം നല്‍കുന്നതും തങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സല്‍ക്കര്‍മ്മങ്ങള്‍ക്കുള്ള പ്രതിഫലം നിശ്ചയമായും അവര്‍ക്കു നാം കൊടുക്കുന്നതുമാകുന്നു.

مَنۡ عَمِلَ صَٰلِحٗا مِّن ذَكَرٍ أَوۡ أُنثَىٰ وَهُوَ مُؤۡمِنٞ فَلَنُحۡيِيَنَّهُۥ حَيَوٰةٗ طَيِّبَةٗۖ وَلَنَجۡزِيَنَّهُمۡ أَجۡرَهُم بِأَحۡسَنِ مَا كَانُواْ يَعۡمَلُونَ ۝٩٧
98

താങ്കള്‍ ഖുര്‍ആന്‍ ഓതാന്‍ ഉദ്ദേശിച്ചാല്‍ ശപിക്കപ്പെട്ട പിശാചില്‍നിന്നു അല്ലാഹുവില്‍ അഭയം തേടുക.

فَإِذَا قَرَأۡتَ ٱلۡقُرۡءَانَ فَٱسۡتَعِذۡ بِٱللَّهِ مِنَ ٱلشَّيۡطَٰنِ ٱلرَّجِيمِ ۝٩٨
99

സത്യവിശ്വാസം കൈക്കൊള്ളുകയും തങ്ങളുടെ രക്ഷിതാവിനെ ഭരമേല്‍പിക്കുകയും ചെയ്തവരുടെമേല്‍ പിശാചിന്നു യാതൊരു നിയന്ത്രണശക്തിയുമില്ല.

إِنَّهُۥ لَيۡسَ لَهُۥ سُلۡطَٰنٌ عَلَى ٱلَّذِينَ ءَامَنُواْ وَعَلَىٰ رَبِّهِمۡ يَتَوَكَّلُونَ ۝٩٩
100

അവനെ ബന്ധുവാക്കിവെക്കുകയും അവന്‍കാരണം ബഹുദൈവവിശ്വാസികളായിത്തീരുകയും ചെയ്തവരുടെമേല്‍ മാത്രമാണവന്നു നിയന്ത്രണശക്തിയുള്ളത്.

إِنَّمَا سُلۡطَٰنُهُۥ عَلَى ٱلَّذِينَ يَتَوَلَّوۡنَهُۥ وَٱلَّذِينَ هُم بِهِۦ مُشۡرِكُونَ ۝١٠٠
101

ഒരു സൂക്തത്തിന്റെ സ്ഥാനത്ത് മറ്റൊരു സൂക്തം നാം പകരം വെച്ചാല്‍-താനവതരിപ്പിക്കുന്നതിനെപ്പറ്റി അല്ലാഹു നന്നായറിയുന്നവനാണ്-'നീ കെട്ടിപ്പറയുന്നവനാണ്' എന്ന് അവര്‍ (നബിയോട്) പറയും. എന്നാല്‍ അവരില്‍ അധികപേരും അറിയുന്നില്ല.

وَإِذَا بَدَّلۡنَآ ءَايَةٗ مَّكَانَ ءَايَةٖ وَٱللَّهُ أَعۡلَمُ بِمَا يُنَزِّلُ قَالُوٓاْ إِنَّمَآ أَنتَ مُفۡتَرِۭۚ بَلۡ أَكۡثَرُهُمۡ لَا يَعۡلَمُونَ ۝١٠١
102

താങ്കള്‍ പ്രഖ്യാപിക്കുക: സത്യവിശ്വാസികളെ ഉറപ്പിച്ചുനിറുത്തുവാനും മുസ്‌ലിംകള്‍ക്കു മാര്‍ഗദര്‍ശനവും സന്തോഷവാര്‍ത്തയുമായും താങ്കളുടെ രക്ഷിതാവിങ്കല്‍നിന്നു യുക്തിപൂര്‍വ്വം പരിശുദ്ധാത്മാവ് ഇതവതരിപ്പിച്ചു തന്നിരിക്കുന്നു.

قُلۡ نَزَّلَهُۥ رُوحُ ٱلۡقُدُسِ مِن رَّبِّكَ بِٱلۡحَقِّ لِيُثَبِّتَ ٱلَّذِينَ ءَامَنُواْ وَهُدٗى وَبُشۡرَىٰ لِلۡمُسۡلِمِينَ ۝١٠٢
103

അദ്ദേഹത്തിന്നു ഇതെല്ലാം പഠിപ്പിച്ചുകൊടുക്കുന്നതു ഒരു മനുഷ്യന്‍ തന്നെയാണ്' എന്നവര്‍ പറയുന്നത് നിശ്ചയമായും നാം അറിയുന്നുണ്ട്. എന്നാല്‍ അവര്‍ ഏതൊരാളിലേക്ക് ചേര്‍ത്തുകൊണ്ടാണോ (അയാള്‍ പഠിപ്പിച്ചു എന്നു) പറയുന്നത്, ആ മനുഷ്യന്റെ ഭാഷ അറബിയല്ലാത്ത മറ്റൊന്നാണ്; ഈ ഖുര്‍ആനാകട്ടെ വ്യക്തമായ അറബിഭാഷയും!

وَلَقَدۡ نَعۡلَمُ أَنَّهُمۡ يَقُولُونَ إِنَّمَا يُعَلِّمُهُۥ بَشَرٞۗ لِّسَانُ ٱلَّذِي يُلۡحِدُونَ إِلَيۡهِ أَعۡجَمِيّٞ وَهَٰذَا لِسَانٌ عَرَبِيّٞ مُّبِينٌ ۝١٠٣
104

നിശ്ചയമായും അല്ലാഹുവിന്റെ ലക്ഷ്യങ്ങളില്‍ വിശ്വസിക്കാത്തവരാരോ അവരെ അവന്‍ നേര്‍മാര്‍ഗത്തില്‍ ചേര്‍ത്തുകയില്ല. അവര്‍ക്കു വേദനാജനകമായ ശിക്ഷയുണ്ട്.

إِنَّ ٱلَّذِينَ لَا يُؤۡمِنُونَ بِـَٔايَٰتِ ٱللَّهِ لَا يَهۡدِيهِمُ ٱللَّهُ وَلَهُمۡ عَذَابٌ أَلِيمٌ ۝١٠٤
105

അല്ലാഹുവിന്റെ ലക്ഷ്യങ്ങളില്‍ വിശ്വസിക്കാത്തവര്‍തന്നെയാണ് കള്ളം കെട്ടിച്ചമക്കുക. അവര്‍തന്നെയാണ് അസത്യവാദികള്‍.

إِنَّمَا يَفۡتَرِي ٱلۡكَذِبَ ٱلَّذِينَ لَا يُؤۡمِنُونَ بِـَٔايَٰتِ ٱللَّهِۖ وَأُوْلَٰٓئِكَ هُمُ ٱلۡكَٰذِبُونَ ۝١٠٥
106

വല്ലവനും അല്ലാഹുവില്‍ വിശ്വസിച്ചശേഷം അവനെ നിഷേധിച്ചു-ഹൃദയം സത്യവിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്ന സ്ഥിതിയില്‍ അതു കൈവെടിയുവാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ടവനല്ല-പിന്നെയോ, തുറന്ന മനസ്സോടുകൂടിതന്നെ സത്യത്തെ വല്ലവനും നിഷേധിച്ചു, എന്നാല്‍ അവര്‍ക്കു അല്ലാഹുവിങ്കല്‍നിന്നു കഠിന കോപമുണ്ട്. വമ്പിച്ചശിക്ഷയും അവര്‍ക്കാണ്.

مَن كَفَرَ بِٱللَّهِ مِنۢ بَعۡدِ إِيمَٰنِهِۦٓ إِلَّا مَنۡ أُكۡرِهَ وَقَلۡبُهُۥ مُطۡمَئِنُّۢ بِٱلۡإِيمَٰنِ وَلَٰكِن مَّن شَرَحَ بِٱلۡكُفۡرِ صَدۡرٗا فَعَلَيۡهِمۡ غَضَبٞ مِّنَ ٱللَّهِ وَلَهُمۡ عَذَابٌ عَظِيمٞ ۝١٠٦
107

അതെന്തുകൊണ്ടെന്നാല്‍, നിശ്ചയമായും പരലോക ജീവിതത്തിനെതിരില്‍ ഐഹിക ജീവിതത്തെ അവര്‍ ഇഷ്ടപ്പെട്ടിരിക്കുന്നു. സത്യനിഷേധികളെ ഒരിക്കലും അല്ലാഹു നേര്‍വഴിയിലാക്കുകയുമില്ല.

ذَٰلِكَ بِأَنَّهُمُ ٱسۡتَحَبُّواْ ٱلۡحَيَوٰةَ ٱلدُّنۡيَا عَلَى ٱلۡأٓخِرَةِ وَأَنَّ ٱللَّهَ لَا يَهۡدِي ٱلۡقَوۡمَ ٱلۡكَٰفِرِينَ ۝١٠٧
108

ഹൃദയങ്ങള്‍ക്കും കാതുകള്‍ക്കും കണ്ണുകള്‍ക്കും അല്ലാഹു മുദ്രവെച്ചിട്ടുള്ളവരാണവര്‍; അവര്‍ തന്നെയാണ് അശ്രദ്ധരും.

أُوْلَٰٓئِكَ ٱلَّذِينَ طَبَعَ ٱللَّهُ عَلَىٰ قُلُوبِهِمۡ وَسَمۡعِهِمۡ وَأَبۡصَٰرِهِمۡۖ وَأُوْلَٰٓئِكَ هُمُ ٱلۡغَٰفِلُونَ ۝١٠٨
109

നിസ്സംശയം പരലോകത്ത് അവര്‍ തന്നെയാണ് നഷ്ടം അനുഭവിക്കുന്നവര്‍.

لَا جَرَمَ أَنَّهُمۡ فِي ٱلۡأٓخِرَةِ هُمُ ٱلۡخَٰسِرُونَ ۝١٠٩
110

പിന്നെ, മര്‍ദ്ദനം അനുഭവിച്ചശേഷം നാടുവെടിയുകയും പിന്നീട് (സത്യമാര്‍ഗത്തില്‍) സമരം ചെയ്യുകയും ക്ഷമിച്ചിരിക്കുകയും ചെയ്തവര്‍ക്കു അതിന്നുശേഷം താങ്കളുടെ രക്ഷിതാവ് ഏറ്റവും പൊറുത്തുകൊടുക്കുന്നവനും പരമമായ കരുണചെയ്യുന്നവനും തന്നെയാകുന്നു.

ثُمَّ إِنَّ رَبَّكَ لِلَّذِينَ هَاجَرُواْ مِنۢ بَعۡدِ مَا فُتِنُواْ ثُمَّ جَٰهَدُواْ وَصَبَرُوٓاْ إِنَّ رَبَّكَ مِنۢ بَعۡدِهَا لَغَفُورٞ رَّحِيمٞ ۝١١٠
111

ഓരോ മനുഷ്യനും അവരവര്‍ക്കുവേണ്ടി വാദിച്ചുകൊണ്ടുവരുന്ന ദിവസം ഓര്‍ക്കുക. (അന്നു) എല്ലാ ഓരോരുത്തര്‍ക്കും അവര്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം പരിപൂര്‍ണ്ണമായി നല്‍കപ്പെടും. അവരോട് ഒട്ടും അനീതി കാണിക്കപ്പെടുകയില്ല.

۞ يَوۡمَ تَأۡتِي كُلُّ نَفۡسٖ تُجَٰدِلُ عَن نَّفۡسِهَا وَتُوَفَّىٰ كُلُّ نَفۡسٖ مَّا عَمِلَتۡ وَهُمۡ لَا يُظۡلَمُونَ ۝١١١
112

അല്ലാഹു ഒരു ഉദാഹരണം എടുത്തുകാട്ടുന്നു. ഒരു പട്ടണം. അതു സമാധാനപരമായും ശാന്തമായും ജീവിച്ചുവരികയായിരുന്നു. നാനാഭാഗങ്ങളില്‍നിന്നും അവര്‍ക്കുള്ള ആഹാര സാധനങ്ങള്‍ സമൃദ്ധിയായി വന്നുകൊണ്ടിരുന്നു. എന്നിട്ട് അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ അവര്‍ നിഷേധിച്ചു. തന്നിമിത്തം, തങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി അല്ലാഹു അവര്‍ക്കു (സുഭിക്ഷതയുടെയും സമാധാനത്തിന്റെയും സ്ഥാനത്തു) പട്ടിണിയുടെയും ഭയത്തിന്റെയും വസ്ത്രം ധരിപ്പിച്ചു.

وَضَرَبَ ٱللَّهُ مَثَلٗا قَرۡيَةٗ كَانَتۡ ءَامِنَةٗ مُّطۡمَئِنَّةٗ يَأۡتِيهَا رِزۡقُهَا رَغَدٗا مِّن كُلِّ مَكَانٖ فَكَفَرَتۡ بِأَنۡعُمِ ٱللَّهِ فَأَذَٰقَهَا ٱللَّهُ لِبَاسَ ٱلۡجُوعِ وَٱلۡخَوۡفِ بِمَا كَانُواْ يَصۡنَعُونَ ۝١١٢
113

നിശ്ചയമായും അവരില്‍പെട്ട ഒരു ദൂതന്‍ അവരുടെ അടുക്കല്‍വന്നു. അപ്പോള്‍ അദ്ദേഹത്തെ അവര്‍ നിഷേധിച്ചു. അക്കാരണത്താല്‍ അക്രമികളായിരിക്കെ (നമ്മുടെ) ശിക്ഷ അവരെ പിടികൂടി.

وَلَقَدۡ جَآءَهُمۡ رَسُولٞ مِّنۡهُمۡ فَكَذَّبُوهُ فَأَخَذَهُمُ ٱلۡعَذَابُ وَهُمۡ ظَٰلِمُونَ ۝١١٣
114

അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെമാത്രം ആരാധിക്കുന്നവരാണെങ്കില്‍ അവന്‍ അനുവദിച്ചുതന്ന നല്ല ആഹാരം ഭക്ഷിക്കുകയും അവന്റെ അനുഗ്രഹങ്ങള്‍ക്കു നന്ദികാണിക്കുകയും ചെയ്യുക.

فَكُلُواْ مِمَّا رَزَقَكُمُ ٱللَّهُ حَلَٰلٗا طَيِّبٗا وَٱشۡكُرُواْ نِعۡمَتَ ٱللَّهِ إِن كُنتُمۡ إِيَّاهُ تَعۡبُدُونَ ۝١١٤
115

ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ നാമം ഉച്ചരിച്ചുകൊണ്ട് അറുക്കപ്പെട്ടത് ഇവമാത്രമാണ് അല്ലാഹു നിങ്ങള്‍ക്കു നിഷിദ്ധമാക്കീട്ടുള്ളത്. എന്നാല്‍ ആഗ്രഹിച്ചവനോ അതിരുകവിഞ്ഞവനോ അല്ലാത്ത നിലയില്‍ വല്ലവനും (ആ നിഷിദ്ധ വസ്തു ഭക്ഷിക്കുവാന്‍) നിര്‍ബന്ധിതനായാല്‍, അല്ലാഹു ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനും തന്നെയത്രേ.

إِنَّمَا حَرَّمَ عَلَيۡكُمُ ٱلۡمَيۡتَةَ وَٱلدَّمَ وَلَحۡمَ ٱلۡخِنزِيرِ وَمَآ أُهِلَّ لِغَيۡرِ ٱللَّهِ بِهِۦۖ فَمَنِ ٱضۡطُرَّ غَيۡرَ بَاغٖ وَلَا عَادٖ فَإِنَّ ٱللَّهَ غَفُورٞ رَّحِيمٞ ۝١١٥
116

നിങ്ങള്‍ക്കു തോന്നിയതനുസരിച്ചു 'ഇതു ഹലാലാണ്, ഇതു ഹറാമാണ്' എന്നിങ്ങനെ കള്ളംപറയരുത്. അങ്ങനെ വിധി കല്‍പിക്കുന്നതിന്റെ ഫലം അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കലാണ്. അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിപ്പറയുന്നവര്‍ ഒരിക്കലും വിജയിക്കയേ ഇല്ല.

وَلَا تَقُولُواْ لِمَا تَصِفُ أَلۡسِنَتُكُمُ ٱلۡكَذِبَ هَٰذَا حَلَٰلٞ وَهَٰذَا حَرَامٞ لِّتَفۡتَرُواْ عَلَى ٱللَّهِ ٱلۡكَذِبَۚ إِنَّ ٱلَّذِينَ يَفۡتَرُونَ عَلَى ٱللَّهِ ٱلۡكَذِبَ لَا يُفۡلِحُونَ ۝١١٦
117

(അവര്‍ക്കു ഇവിടെ) അല്‍പം സുഖാനുഭവമാണുള്ളത്. (പരലോകത്ത്) വേദനാജനകമായ ശിക്ഷയാണവര്‍ക്കുണ്ടാവുക.

مَتَٰعٞ قَلِيلٞ وَلَهُمۡ عَذَابٌ أَلِيمٞ ۝١١٧
118

നാം ജൂതന്മാര്‍ക്കു നിഷിദ്ധമാക്കിയ വസ്തുക്കളെന്തെല്ലാമെന്നു ഇതിന്നുമുമ്പ് താങ്കള്‍ക്കു വിവരിച്ചുതന്നിട്ടുണ്ട്. അവരോട് നാം അനീതികാണിച്ചിട്ടില്ല. പക്ഷേ അവര്‍ സ്വന്തത്തോടുതന്നെ അനീതി പ്രവര്‍ത്തിക്കുകയാണ് ഉണ്ടായത്.

وَعَلَى ٱلَّذِينَ هَادُواْ حَرَّمۡنَا مَا قَصَصۡنَا عَلَيۡكَ مِن قَبۡلُۖ وَمَا ظَلَمۡنَٰهُمۡ وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ ۝١١٨
119

അറിവില്ലാതെ തെറ്റുചെയ്യുകയും പിന്നീട് അതിന്നുശേഷം പശ്ചാത്തപിച്ചു മടങ്ങുകയും സ്വജീവിതം നന്നാക്കുകയും ചെയ്തവര്‍ക്കു താങ്കളുടെ രക്ഷിതാവ് അതിന്നുശേഷം ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.

ثُمَّ إِنَّ رَبَّكَ لِلَّذِينَ عَمِلُواْ ٱلسُّوٓءَ بِجَهَٰلَةٖ ثُمَّ تَابُواْ مِنۢ بَعۡدِ ذَٰلِكَ وَأَصۡلَحُوٓاْ إِنَّ رَبَّكَ مِنۢ بَعۡدِهَا لَغَفُورٞ رَّحِيمٌ ۝١١٩
120

നിശ്ചയമായും ഇബ്രാഹീം നബി ഒരു സമുദായമായിരുന്നു. അല്ലാഹുവിന്നു പരിപൂര്‍ണ്ണമായി കീഴ്‌പ്പെട്ട, നേര്‍മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കുന്ന ആളുമായിരുന്നു. താന്‍ ബഹുദൈവവിശ്വാസികളില്‍ പെട്ടയാളായിരുന്നില്ല.

إِنَّ إِبۡرَٰهِيمَ كَانَ أُمَّةٗ قَانِتٗا لِّلَّهِ حَنِيفٗا وَلَمۡ يَكُ مِنَ ٱلۡمُشۡرِكِينَ ۝١٢٠
121

അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്കു കൃതജ്ഞനായിരുന്നു അദ്ദേഹം. തന്നെ അല്ലാഹു (ഉല്‍കൃഷ്ടനായി) തെരഞ്ഞെടുക്കുകയും നേര്‍വഴിയിലാക്കുകയും ചെയ്തു.

شَاكِرٗا لِّأَنۡعُمِهِۚ ٱجۡتَبَىٰهُ وَهَدَىٰهُ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ ۝١٢١
122

നാം അദ്ദേഹത്തിന്നു ഇഹലോകത്ത് നല്ല സ്ഥിതി കൈവരുത്തിക്കൊടുത്തു. പരലോകത്തും താന്‍ നല്ലവരില്‍പ്പെട്ട ഒരാള്‍തന്നെയാണ്.

وَءَاتَيۡنَٰهُ فِي ٱلدُّنۡيَا حَسَنَةٗۖ وَإِنَّهُۥ فِي ٱلۡأٓخِرَةِ لَمِنَ ٱلصَّٰلِحِينَ ۝١٢٢
123

പിന്നീട്, ഋജുമാനസനും ബഹുദൈവവിശ്വാസികളുടെ സമൂഹത്തില്‍ ചേര്‍ന്നിട്ടില്ലാത്തയാളുമായ ഇബ്രാഹീം നബിയുടെ മാര്‍ഗം പിന്‍പറ്റുക എന്നു താങ്കള്‍ക്കു നാം സന്ദേശം അറിയിച്ചു.

ثُمَّ أَوۡحَيۡنَآ إِلَيۡكَ أَنِ ٱتَّبِعۡ مِلَّةَ إِبۡرَٰهِيمَ حَنِيفٗاۖ وَمَا كَانَ مِنَ ٱلۡمُشۡرِكِينَ ۝١٢٣
124

ശനിയാഴ്ച ദിവസത്തെ ആചരിക്കുവാന്‍ കല്‍പന കൊടുത്തത് അതില്‍ ഭിന്നിച്ചവര്‍ക്കുതന്നെയാണ്. തങ്ങള്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന വിഷയത്തില്‍ പുനരുത്ഥാന ദിവസം അവര്‍ക്കിടയില്‍ താങ്കളുടെ രക്ഷിതാവ് വിധി കല്‍പിക്കുകതന്നെ ചെയ്യുന്നതായിരിക്കും.

إِنَّمَا جُعِلَ ٱلسَّبۡتُ عَلَى ٱلَّذِينَ ٱخۡتَلَفُواْ فِيهِۚ وَإِنَّ رَبَّكَ لَيَحۡكُمُ بَيۡنَهُمۡ يَوۡمَ ٱلۡقِيَٰمَةِ فِيمَا كَانُواْ فِيهِ يَخۡتَلِفُونَ ۝١٢٤
125

താങ്കളുടെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്കു യുക്തിപൂര്‍വ്വമായും സദുപദേശം മുഖേനയും ജനങ്ങളെ ക്ഷണിക്കുകയും ഏറ്റവും നല്ലമാര്‍ഗത്തില്‍ അവരുമായി വാദപ്രതിവാദം നടത്തുകയും ചെയ്യുക. തന്റെ മാര്‍ഗംവിട്ടു തെറ്റിയവരെസംബന്ധിച്ചു താങ്കളുടെ നാഥന്‍ അറിയുന്നവനാണ്. നേര്‍മാര്‍ഗം പ്രാപിച്ചവരെകുറിച്ചും അറിയുന്നവനാണവന്‍.

ٱدۡعُ إِلَىٰ سَبِيلِ رَبِّكَ بِٱلۡحِكۡمَةِ وَٱلۡمَوۡعِظَةِ ٱلۡحَسَنَةِۖ وَجَٰدِلۡهُم بِٱلَّتِي هِيَ أَحۡسَنُۚ إِنَّ رَبَّكَ هُوَ أَعۡلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعۡلَمُ بِٱلۡمُهۡتَدِينَ ۝١٢٥
126

നിങ്ങള്‍ പ്രതികാര നടപടി എടുക്കുന്നപക്ഷം ഇങ്ങോട്ട് കാണിച്ചതുപോലെയുള്ള നടപടികൊണ്ട് അങ്ങോട്ട് പ്രതികാരം ചെയ്തുകൊള്ളുക. ക്ഷമിക്കുന്നപക്ഷം ക്ഷമാശീലര്‍ക്കു അതുതന്നെയാണ് ഉത്തമം, തീര്‍ച്ച.

وَإِنۡ عَاقَبۡتُمۡ فَعَاقِبُواْ بِمِثۡلِ مَا عُوقِبۡتُم بِهِۦۖ وَلَئِن صَبَرۡتُمۡ لَهُوَ خَيۡرٞ لِّلصَّٰبِرِينَ ۝١٢٦
127

താങ്കള്‍ ക്ഷമിക്കുക. അല്ലാഹുവിന്റെ സഹായത്തോടുകൂടി തന്നെയാണ് താങ്കളുടെ ക്ഷമ. അവരെ സംബന്ധിച്ചു താങ്കള്‍ ദുഃഖിക്കുകയോ അവര്‍ കുതന്ത്രം പ്രയോഗിക്കുന്നതിനെപ്പറ്റി അസ്വസ്ഥനാവുകയോ അരുത്.

وَٱصۡبِرۡ وَمَا صَبۡرُكَ إِلَّا بِٱللَّهِۚ وَلَا تَحۡزَنۡ عَلَيۡهِمۡ وَلَا تَكُ فِي ضَيۡقٖ مِّمَّا يَمۡكُرُونَ ۝١٢٧
128

സൂക്ഷിച്ചു ജീവിക്കുകയും നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാരോ അവരുടെകൂടെയാണ് നിശ്ചയമായും അല്ലാഹു.

إِنَّ ٱللَّهَ مَعَ ٱلَّذِينَ ٱتَّقَواْ وَّٱلَّذِينَ هُم مُّحۡسِنُونَ ۝١٢٨