തന്റെ അടിമക്ക് വേദഗ്രന്ഥം അവതരിപ്പിച്ചുകൊടുത്ത അല്ലാഹുവിന്നാണ് എല്ലാ സ്തുതിയും. ആ ഗ്രന്ഥത്തില്‍ യാതൊരു വക്രതയും അവന്‍ ഉണ്ടാക്കിയിട്ടില്ല.
അൽ കഹ്ഫ് الكهف Al-Kahf
സൂറത്ത് അൽ കഹ്ഫ് (Al-Kahf), ഖുർആൻ അധ്യായം 18 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 110 ആയത്തുകൾ വായിക്കുക. Read Surah Al-Kahf with Arabic text and മലയാളം translation.
ചൊവ്വായ നിലയില്‍ (അതിനെ അവന്‍ അവതരിപ്പിച്ചിരിക്കുന്നു). അല്ലാഹുവിങ്കല്‍ നിന്നുള്ള കഠിന ശക്ഷയെ കുറിച്ചു നബി (സത്യനിഷേധികളെ) താക്കീതു ചെയ്യാനും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്കു മഹത്തായ പ്രതിഫലം ഉണ്ടെന്ന സന്തോഷ വാര്‍ത്ത അവരെ അറിയിക്കുവാനുംവേണ്ടിയാണ് (അവന്‍ ഇതു അവതരിപ്പിച്ചത്.)
അവര്‍ ശാശ്വതമായി ആ പ്രതിഫലത്തിലാണ് കഴിഞ്ഞുകൂടുക.
അല്ലാഹു സന്താനങ്ങളെ സ്വീകരിച്ചിട്ടുണ്ടെന്നു പറയുന്നവരെ (പ്രത്യേകം) താക്കീതുചെയ്യുവാനും (ഈ ഗ്രന്ഥം അവതരിപ്പിച്ചിരി ക്കുന്നു.)
അവര്‍ക്കോ അവരുടെ പിതാക്കള്‍ക്കോ അതിനെക്കുറിച്ചു യാതൊരു അറിവുമില്ല. അവരുടെ വായില്‍നിന്നു പുറപ്പെടുന്ന ആ വാക്ക് വളരെ വളരെ കടുത്തതുതന്നെ! അവര്‍ പറയുന്നത് കള്ളം മാത്രമാണ്.
ഈ സന്ദേശത്തില്‍ (ഖുര്‍ആനില്‍) അവര്‍ വിശ്വസിക്കാതിരിക്കുന്ന പക്ഷം ദുഃഖിച്ച് അവരുടെ പിന്നാലെ താങ്കള്‍ ജീവന്‍ അപകടപ്പെടുത്തിയേക്കാം.
നിശ്ചയമായും ഭൂമിയിലുള്ളതിനെ നാമതിന്നു അലങ്കാരമാക്കിയിരിക്കുന്നു; അവരില്‍ ആരാണ് കൂടുതല്‍ നല്ല നടപടിക്കാര്‍ എന്നു പരീക്ഷിക്കുവാനായി.
(പിന്നീട്) അതിന്‍മേലുള്ളത് നാം തന്നെ നശിപ്പിച്ചു വെറും തരിശ്‌നിലമാക്കി മാറ്റുന്നതാണ്.
അല്ല, ഗുഹയുടെയും 'റഖീമി'ന്റെയും ആളുകള്‍ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ഒരദ്ഭുതമായിരുന്നുവെന്നു താങ്കള്‍ വിചാരിച്ചുവോ?
ആ യുവാക്കള്‍ ഗുഹയില്‍ അഭയം പ്രാപിച്ച സന്ദര്‍ഭം (ഓര്‍ക്കുക). അന്നേരം അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, നിന്റെ പക്കല്‍നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ നല്‍കേണമേ! ഞങ്ങളുടെ കാര്യത്തില്‍ സന്‍മാര്‍ഗം സജ്ജമാക്കിത്തരികയും ചെയ്യേണമേ!!
എന്നിട്ട് കുറെ കൊല്ലത്തേക്ക് ആ ഗുഹയില്‍ അവരെ നാം ഉറക്കി.
പിന്നീട്, അവര്‍ ഗുഹയില്‍താമസിച്ച കാലം ശരിക്കു കണക്കാക്കുന്നത് രണ്ട് കക്ഷികളില്‍ ഏതാണ് എന്നു അറിയുവാനായി നാം അവരെ എഴുന്നേല്‍പിച്ചു.
അവരുടെ വൃത്താന്തം താങ്കള്‍ക്കു നാം സത്യസന്ധമായി വിവരിച്ചുതരാം: നിശ്ചയമായും അവര്‍ തങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ച കുറച്ചു യുവാക്കളാണ്. അവര്‍ക്കു നാം സന്‍മാര്‍ഗ(ബോധം) വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
അവര്‍ (രാജാവിന്റെ മുന്നില്‍) നില്‍ക്കുകയും 'ഞങ്ങളുടെ നാഥന്‍ ആകാശഭൂമികളുടെ രക്ഷിതാവാണ്; അവന്നുപുറമെ മറ്റൊരു ഇലാഹിനോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതേയല്ല; അങ്ങനെയായാല്‍ നിശ്ചയമായും ഞങ്ങള്‍ അക്രമം പറഞ്ഞവരായിത്തീരും' എന്നു പറയുകയും ചെയതപ്പോള്‍ അവരുടെ ഹൃദയങ്ങളെ നാം (സത്യത്തില്‍) ഉറപ്പിച്ചു നിറുത്തുകയുമുണ്ടായി.
നമ്മുടെ ഈ ജനത അല്ലാഹുവിന്നുപുറമെ പല ഇലാഹുകളെയും സ്വീകരിച്ചിരിക്കുന്നു. അവയ്ക്കു (അവയെ ആരാധിക്കാമെന്നതിന്നു) വ്യക്തമായ ഒരു ലക്ഷ്യം എന്താണിവര്‍ കൊണ്ടുവരാത്തത്? അല്ലാഹുവിന്റെ പേരില്‍ കള്ളം ആരോപിക്കുന്നവനെക്കാള്‍ വലിയ അക്രമി ആരാണ്? (എന്നവര്‍ ചോദിക്കയും ചെയ്തു.)
(പിന്നീട് അവര്‍ പരസ്പരം പറഞ്ഞു: ഏതായാലും) അവരെയും അല്ലാഹുവിന്നു പുറമെ അവരാരാധിക്കുന്ന വസ്തുക്കളെയും നിങ്ങള്‍ വിട്ടുപോന്ന സ്ഥിതിക്ക് ഇനി, ആ ഗുഹയില്‍ ചെന്നഭയംപ്രാപിക്കുക. നിങ്ങള്‍ക്ക് രക്ഷിതാവ് തന്റെ കാരുണ്യത്തില്‍നിന്നു വിശാലമാക്കിത്തരികയും ഈ കാര്യത്തില്‍ വേണ്ട സൗകര്യം ശരിപ്പെടുത്തിത്തരികയും ചെയ്യുന്നതാണ്.
സൂര്യന്‍ ഉദിക്കുമ്പോള്‍ അവരുടെ ഗുഹവിട്ടുവലത്തോട്ട് തെറ്റിപ്പോകുന്നതും അസ്തമിക്കുമ്പോള്‍ അവരെ ഇടത്തോട്ട് മുറിച്ചുകടന്നു പോകുന്നതും താങ്കള്‍ക്കു കാണാം. അവരാകട്ടെ അതിലെ ഒരു വിശാലമായ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. അതു അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. അല്ലാഹു ഒരാളെ നേര്‍വഴിയിലാക്കുന്നതായാല്‍ അവന്‍ തന്നെയാണ് സന്‍മാര്‍ഗം പ്രാപിച്ചവന്‍. അല്ലാഹു വല്ലവനെയും ദുര്‍മാര്‍ഗത്തിലാക്കുന്നുവെങ്കിലോ, അവന്നു നേര്‍വഴി നല്‍കുന്ന യാതൊരു ബന്ധുവേയും താങ്കള്‍ കാണുന്നതുമല്ല.
അവരെ (കാണുകയാണെങ്കില്‍) ഉണര്‍ന്നു കിടക്കുന്നവരാണെന്നു താങ്കള്‍ ധരിക്കും; അവരാകട്ടെ ഉറങ്ങുന്നവരാണുതാനും. നാം അവരെ വലത്തോട്ടും ഇടത്തോട്ടും മറിക്കുന്നു. അവരുടെ നായ ഗുഹാമുഖത്ത് അതിന്റെ രണ്ടു മുഴങ്കൈകളും നീട്ടിവെച്ചിരിക്കയാണ്. താങ്കള്‍ അവരെ ഒന്നെത്തിനോക്കി കണ്ടിരുന്നെങ്കില്‍ പിന്തിരിഞ്ഞോടുന്നതും അവര്‍നിമിത്തം ഭയനിര്‍ഭരനായി തീരുന്നതുമാണ്.
അങ്ങനെ അവര്‍ പരസ്പരം ചോദിക്കുവാന്‍ തക്കവണ്ണം അവരെ നാം (ഉറക്കത്തില്‍നിന്നു) എഴുന്നേല്‍പിച്ചു. അവരില്‍ ഒരാള്‍ ചോദിച്ചു: നിങ്ങള്‍ എത്രകാലം (ഇവിടെ ഉറങ്ങി)കഴിഞ്ഞിരിക്കും? മറ്റുള്ളവര്‍ പറഞ്ഞു: ഒരു ദിവസമോ അതിന്റെ അല്‍പം ഭാഗമോ നാം (ഉറങ്ങി) കഴിഞ്ഞിരിക്കും. (അത് തിട്ടപ്പെടുത്താന്‍ കഴിയാതെ) അവര്‍ പറഞ്ഞു: നിങ്ങള്‍ (ഉറങ്ങി) കഴിഞ്ഞകാലത്തെപ്പറ്റി നിങ്ങളുടെ രക്ഷിതാവ് നല്ലവണ്ണം അറിയുന്നവനാണ്. എന്നാല്‍ നിങ്ങളില്‍ ഒരാളെ ഈ വെള്ളിയുംകൊണ്ട് പട്ടണത്തിലേക്കയക്കുക. എന്നിട്ട് അവിടെ ഏതുഭാഗത്താണ് നല്ല ഭക്ഷണമെന്നു അയാള്‍നോക്കി അതില്‍നിന്നുനിങ്ങള്‍ക്കു ആഹാരം വാങ്ങിക്കൊണ്ടുവരട്ടെ. അയാള്‍ വളരെ കരുതലോടെ കാര്യങ്ങള്‍ നിര്‍വ്വഹിക്കണം. നിങ്ങളെക്കുറിച്ചു ആര്‍ക്കും ഒന്നും ഗ്രഹിക്കുവാന്‍ വഴിവെക്കാതെയുമിരിക്കട്ടെ.
നിങ്ങളെ കണ്ടുമുട്ടിയാല്‍ നിശ്ചയമായും അവര്‍ എറിഞ്ഞുകൊല്ലും; അല്ലെങ്കില്‍ തങ്ങളുടെ മതത്തില്‍ അവര്‍ നിങ്ങളെ നിര്‍ബ്ബന്ധിച്ചു ചേര്‍ക്കും. അങ്ങനെ വന്നാല്‍ നിങ്ങള്‍ ഒരിക്കലും വിജയിക്കുകയില്ലതന്നെ.
അപ്രകാരംതന്നെ അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണെന്നും അന്ത്യദിവസത്തിന്റെ കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും അവര്‍ (ജനങ്ങള്‍) ഗ്രഹിക്കേണ്ടതിനായി നാം ഗുഹാവാസികളെ (ജനങ്ങള്‍ക്ക്) അറിയിച്ചുകൊടുത്തു. അവര്‍ തമ്മില്‍ ഗുഹാവാസികളുടെ കാര്യത്തില്‍ തര്‍ക്കിക്കുകയും അങ്ങനെ 'അവരുടെ പേരില്‍ ഒരു കെട്ടിടം നിര്‍മ്മിക്കുക, അവരെപ്പറ്റി അവരുടെ രക്ഷിതാവ് ഏറ്റവും അറിയുന്നവനാണ്' എന്നു ഒരു കൂട്ടര്‍ പറയുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക). എന്നാല്‍ തങ്ങളുടെ കാര്യത്തില്‍ വിജയം നേടിയവര്‍ പറഞ്ഞു: നമുക്ക് അവരുടെഅടുത്തു ഒരു പള്ളിതന്നെ ഉണ്ടാക്കണം.
ഗുഹാവാസികള്‍ മൂന്നു പേരാണ്; നാലാമത്തേതു അവരുടെ നായയും' എന്നു ചിലര്‍ പറയുന്നു. അവര്‍ അഞ്ച് പേരാണെന്നും ആറാമത്തേത് നായയാണെന്നുമാണ് മറ്റു ചിലരുടെ ഭാഷ്യം. അദൃശ്യകാര്യങ്ങളില്‍ ഊഹിച്ചുപറയുകയാണ് അവര്‍ ചെയ്യുന്നത്. അവര്‍ ഏഴു പേരാണ്, എട്ടാമത്തേത് അവരുടെ നായയും എന്നു വേറെ ചിലര്‍ പ്രസ്താവിക്കുന്നു.താങ്കള്‍ പ്രഖ്യാപിക്കുക: 'എന്റെ രക്ഷിതാവ് അവരുടെ എണ്ണത്തെസ്സംബന്ധിച്ചു ഏറ്റവും അറിയുന്നവനാണ്. അല്‍പം ചിലരല്ലാതെ അവരെക്കുറിച്ചു അറിയുന്നതല്ല.' അതുകൊണ്ട് അവരുടെ കാര്യത്തില്‍ സ്പഷ്ടമായ ഒരു തര്‍ക്കമല്ലാതെ താങ്കള്‍ തര്‍ക്കിക്കരുത്. അവരെക്കുറിച്ചു ജനങ്ങളില്‍ ആരോടും താങ്കള്‍ ഒരു തീരുമാനം ആവശ്യപ്പെടുകയും അരുത്.
യാതൊരു കാര്യത്തെസ്സംബന്ധിച്ചും 'നാളെ ഞാനതു ചെയ്യും' എന്ന് താങ്കള്‍ ഒരിക്കലും പറഞ്ഞുപോകരുത്.
അല്ലാഹു ഉദ്ദേശിച്ചാല്‍ എന്ന് ചേര്ത്തിവക്കൊണ്ടല്ലാതെ- മറന്നുപോയാല്‍ (ഓര്മ്മ്വരുന്നസമയം) താങ്കളുടെ രക്ഷിതാവിനെ പറയുക. 'ഇതിനേ (ഗുഹാവാസികളുടെ കഥയേ)ക്കാള്‍ മാര്ഗരദര്ശ്നത്തിന്നു കൂടുതല്‍ സമീപസ്ഥമായ പാതയിലേക്കു രക്ഷിതാവ് എനിക്കു വഴികാണിച്ചെന്നുവരാം' എന്നും താങ്കള്‍ പറയുക.
അവര്‍ തങ്ങളുടെ ഗുഹയില്‍ മുന്നൂറ് കൊല്ലം താമസിച്ചു; ഒമ്പതുകൊല്ലം കൂടുതലുമെടുത്തു.
താങ്കള്‍ പറയുക: അവര്‍ താമസിച്ച കാലത്തെക്കുറിച്ചു അല്ലാഹു ഏറ്റവും അറിയുന്നവനാണ്. ആകാശ ഭൂമികളിലെ അദൃശ്യജ്ഞാനം അവന്നുമാത്രമുള്ളതാകുന്നു. അവന്‍ എത്ര നന്നായിക്കാണുന്നവന്‍! എത്ര നന്നായി കേള്‍ക്കുന്നവന്‍! അവനല്ലാതെ അവര്‍ (ജനങ്ങള്‍)ക്ക് ഒരു രക്ഷകനുമില്ലതന്നെ. തന്റെ വിധിയില്‍ അവന്‍ ആരെയും പങ്കുചേര്‍ക്കുകയില്ല.
താങ്കള്‍ക്ക് രക്ഷിതാവിങ്കല്‍നിന്നു ബോധനം നല്‍കപ്പെട്ടിരിക്കുന്ന വേദഗ്രന്ഥം ഓതുക. അവന്റെ വചനങ്ങളെ ഭേദഗതിചെയ്യുന്ന ആരുമില്ല. അവനല്ലാതെ ഒരഭയസ്ഥാനം താങ്കള്‍ കാണുകയുമില്ല.
തങ്ങളുടെ രക്ഷിതാവിന്റെ സംതൃപ്തിയെ ഉദ്ദേശിച്ചവരായി രാവിലെയും വൈകുന്നേരവും (എല്ലാ സമയവും) അവനെ ആരാധിക്കുന്നവരോടൊപ്പം താങ്കള്‍ ഒതുങ്ങിനില്‍ക്കുക. ഐഹികജീവിതത്തിന്റെ അലങ്കാരം ഉദ്ദേശിച്ചുകൊണ്ട് അവരില്‍നിന്നു താങ്കളുടെ ദൃഷ്ടികള്‍ വിട്ടുപോകരുത്. നമ്മുടെ സ്മരണയെ വിട്ടു ആരുടെ ഹൃദയത്തെ നാം അശ്രദ്ധമാക്കുകയും തന്റെ തന്നിഷ്ടത്തെ അവന്‍ പിന്തുടരുകയും തന്റെ കാര്യം അതിരുവിട്ടതാവുകയും ചെയ്തിട്ടുണ്ടോ അവന്നു താങ്കള്‍ വഴിപ്പെടരുത്.
താങ്കള്‍ പറയുക: (ഈ ഖുര്‍ആന്‍) നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള സത്യമാണ്. അതിനാല്‍ ഉദ്ദേശിക്കുന്നവര്‍ വിശ്വസിച്ചുകൊള്ളട്ടെ. നിശ്ചയമായും അക്രമികള്‍ക്കു വേണ്ടി നാം ഒരുതരം അഗ്നി (നരകം) ഒരുക്കിവെച്ചിട്ടുണ്ട്. അതിന്റെ കൂടാരം (എല്ലാ ഭാഗങ്ങളില്‍നിന്നും) അവരെ വലയം ചെയ്തിരിക്കും. അവര്‍ വെള്ളത്തിന്നപേക്ഷിക്കുന്നപക്ഷം ലോഹദ്രാവകം പോലെയുള്ള ഒരു വെള്ളം കൊണ്ട് അവര്‍ സഹായിക്കപ്പെടും. അതു (അവരുടെ) മുഖങ്ങളെ വേവിച്ചുകളയുന്നതാണ്. അതു എത്ര ചീത്ത പാനീയം! ആ നരകം എത്ര ദുഷിച്ച വിശ്രമസ്ഥലം!!
നിശ്ചയമായും സത്യത്തില്‍ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവര്‍ (വിജയികളാണ്. കാരണം) പ്രവര്‍ത്തനം നന്നാക്കിയവരുടെ പ്രതിഫലം നാം ഒരിക്കലും പാഴാക്കിക്കളയുകയില്ലതന്നെ.
അവരാകട്ടെ, താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ശാശ്വത നിവാസത്തിന്നുള്ള ആരാമങ്ങള്‍ (സ്വര്‍ഗങ്ങള്‍) അവര്‍ക്കുള്ളതാണ്. അവര്‍ക്കവിടെ സ്വര്‍ണവളകള്‍ അണിയിക്കപ്പെടും. നേര്‍ത്ത പട്ടിലും തടിച്ച പട്ടിലുംനിന്നുള്ള പച്ച വസ്ത്രങ്ങള്‍ അവര്‍ ധരിക്കുന്നതുമാണ്. അവര്‍ അവിടെ അലംകൃത ചാരുകട്ടിലുകളില്‍ ചാരിക്കൊണ്ടിരിക്കും. അതെത്രനല്ല പ്രതിഫലം! ആ സ്വര്‍ഗം എത്രനല്ല വിശ്രമസ്ഥലം!!
(നബിയേ,) താങ്കള്‍ അവര്‍ക്കു ഒരുപമ-രണ്ടു പുരുഷന്‍മാരെ-വിവരിച്ചുകൊടുക്കുക. അവരില്‍ ഒരാള്‍ക്കു നാം രണ്ടു മുന്തിരിത്തോട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുത്തു. അവ രണ്ടിനേയും ഈത്തപ്പന വൃക്ഷങ്ങള്‍കൊണ്ട് വലയംചെയ്തു. അവ രണ്ടിന്നുമിടയില്‍ കൃഷിയുമുണ്ടാക്കിക്കൊടുത്തു.
ആ രണ്ടു തോട്ടങ്ങളും അതിന്റെ ഫലങ്ങള്‍ ശരിയായി നല്‍കിവന്നു. അതില്‍ അവ ഒരു കുറവും വരുത്തിയില്ല. ആ രണ്ടു തോട്ടങ്ങള്‍ക്കിടയില്‍ നാം നദി കീറിക്കൊടുക്കുകയുമുണ്ടായി.
34. അവന്നു വേറെയും പല ധനവുമുണ്ടായിരുന്നു. അങ്ങനെ അവന്‍ തന്റെ സ്‌നേഹിതനോട് വാഗ്വാദം ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: ഞാന്‍ നിന്നെക്കാളധികം സ്വത്തും കൂടുതല്‍ സംഘബലവുമുള്ളവനാകുന്നു!
അവന്‍ സ്വന്തത്തോടുതന്നെ അക്രമം പ്രവര്‍ത്തിച്ചവനായിക്കൊണ്ട് തന്റെ തോട്ടത്തില്‍ പ്രവേശിച്ചു. അവന്‍ പറഞ്ഞു: 'ഈ തോട്ടം ഒരിക്കലും നശിക്കുമെന്നു ഞാന്‍ വിചാരിക്കുന്നില്ല'.
'അന്ത്യനാള്‍ ഉണ്ടാകുമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. അഥവാ എന്റെ രക്ഷിതാവിങ്കലേക്കു മടക്കപ്പെട്ടാല്‍തന്നെ നിശ്ചയമായും ഇതിനെക്കാള്‍ നല്ല വാസസ്ഥലം എനിക്കവിടെ ലഭിക്കുന്നതാണ്.''
അവന്റെ കൂട്ടുകാരന്‍ മറുപടിയായി ചോദിച്ചു: 'മണ്ണില്‍നിന്നും പിന്നീട് ശുക്ലബിന്ദുവില്‍നിന്നും നിന്നെ സൃഷ്ടിക്കുകയും അനന്തരം നിന്നെ ഒരു പൂര്‍ണ്ണ മനുഷ്യനാക്കി രൂപപ്പെടുത്തുകയുംചെയ്തവ(നായ അല്ലാഹുവി)നെ നീ നിഷേധിക്കുകയാണോ!
എന്നാല്‍, അവന്‍-അല്ലാഹു-എന്റെ രക്ഷിതാവാകുന്നു (എന്നു ഞാനിതാ പ്രഖ്യാപിക്കുന്നു). എന്റെ രക്ഷിതാവിനോട് ആരെയും ഞാന്‍ പങ്കുചേര്‍ക്കുന്നതല്ല.
നിന്റെ തോട്ടത്തില്‍ പ്രവേശിച്ചപ്പോള്‍, ഇതെല്ലാം അല്ലാഹു ഉദ്ദേശിച്ചതാണ്; അല്ലാഹുവില്നിനന്നല്ലാതെ ഒരു ശക്തിയുമില്ല എന്ന് എന്തുകൊണ്ട് നീ പറഞ്ഞില്ല? നിന്നെക്കാള്‍ ധനവും സന്താനങ്ങളും കുറഞ്ഞവനായി എന്നെ നീ കാണുന്നുവെങ്കില്‍
നിന്റെ തോട്ടത്തെക്കാള്‍ ഏറ്റവും നല്ലതു രക്ഷിതാവ് എനിക്കു നല്കു്വാനും നിന്റെ തോട്ടത്തിന്മേുല്‍ ആകാശത്തുനിന്നു ഒരു ശിക്ഷ അവന്‍ അയക്കുവാനും അങ്ങനെ അതു വഴുതുന്ന മണ്ണായിതീരുവാനും സാധ്യതയുണ്ട്.
അല്ലെങ്കില്‍ അതിലെ വെള്ളം വറ്റിപ്പോയേക്കാം. അപ്പോള്‍ തേടിപ്പിടിക്കാന്‍ നിനക്കു കഴിയുന്നതല്ലതന്നെ.
അവന്റെ സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ടു! അപ്പോള്‍ അതില്‍ ചെലവിറക്കിയതിനെക്കുറിച്ചു (വ്യസനിച്ചു) അവന്‍ രണ്ടുകൈകളും മലര്‍ത്തുന്നവനായി. തോട്ടങ്ങളാകട്ടെ, അവയുടെ പന്തലോട് കൂടി വീണടിഞ്ഞു കിടക്കുകയാണ്. എന്റെ രക്ഷിതാവിനോട് മറ്റാരെയും ഞാന്‍ പങ്കുചേര്‍ക്കാതിരുന്നെങ്കില്‍ എത്രനന്നായിരുന്നു എന്നവന്‍ പറയുന്നവനുമായി.
അല്ലാഹു അല്ലാതെ തന്നെ സഹായിക്കുന്ന ഒരു പാര്‍ട്ടിയും അവന്നുണ്ടായില്ല. സ്വയം സഹായം നേടുന്നവനായതുമില്ല അവന്‍.
അവിടെ (ഇത്തരം സന്ദര്‍ഭങ്ങളില്‍) സത്യമായ അല്ലാഹുവിന്നുള്ളതാണ് സഹായം. അവന്‍ ഏറ്റവും നല്ല പ്രതിഫലം നല്‍കുന്നവനും അത്യുത്തമപരിണിതഫലം കൈവരുത്തിക്കൊടുക്കുന്നവനുമാകുന്നു.
ഐഹിക ജീവിതത്തിന്റെ ഉപമ അവര്‍ക്കു താങ്കള്‍ വിവരിച്ചുകൊടുക്കുക. അതു നാം ആകാശത്തുനിന്നു ഇറക്കിയ മഴപോലെയാണ്. എന്നിട്ട് അതുമൂലം ഭൂമിയിലെ സസ്യങ്ങള്‍ ഇടതിങ്ങി വളര്‍ന്നു. അങ്ങനെ അതു കാറ്റുകള്‍ പാറ്റിക്കളയുന്ന തുരുമ്പായിത്തീര്‍ന്നു. അല്ലാഹു എല്ലാ കാര്യത്തിന്നും ശക്തിയുള്ളവനാ കുന്നു.
ധനവും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമാണ്. അവശേഷിക്കുന്ന സല്‍കാര്യങ്ങള്‍ താങ്കളുടെ രക്ഷിതാവിങ്കല്‍ ഉത്തമ പ്രതിഫലമുള്ളതും നല്ല പ്രത്യാശക്ക് വകയുള്ളതുമാകുന്നു.
പര്‍വ്വതങ്ങളെ (സ്വസ്ഥാനത്തുനിന്നു) നാം ചലിപ്പിക്കുകയും ഭൂമിയെ വെളിപ്പെട്ടതായി (സമനിരപ്പായി) താങ്കള്‍ കാണുകയും അവരെ (മനുഷ്യരെ) നാം ഒരുമിച്ചുകൂട്ടുകയും അങ്ങനെ അവരില്‍ ഒരാളെയും വിട്ടുകളയാതിരിക്കുകയും ചെയ്യുന്ന ദിവസം (ഓര്‍ക്കുക).
താങ്കളുടെ രക്ഷിതാവിന്റെ സന്നിധിയില്‍ അവര്‍ അണിയായി നിറുത്തപ്പെടുന്നതാണ്. (അന്ന് അല്ലാഹു അവരോട് പറയും:) ഒന്നാം പ്രാവശ്യം നിങ്ങളെ നാം സൃഷ്ടിച്ചപോലെത്തന്നെ നിങ്ങളിതാ നമ്മുടെ അടുത്തു വന്നിരിക്കുന്നു. പക്ഷേ ഇങ്ങനെ ഒരു നിശ്ചിത സമയം നിങ്ങള്‍ക്കു നാം ഒരുക്കിവെക്കുകയില്ലെന്നു നിങ്ങള്‍ ജല്‍പിച്ചു.
(ഓരോരുത്തരുടെയും കൈകളില്‍ അവരുടെ നന്മ തിന്മകള്‍ എഴുതപ്പെട്ട) റിക്കാര്‍ഡ് നല്‍കപ്പെടും. അപ്പോള്‍ അതിലുള്ളതിനെസ്സംബന്ധിച്ചു കുറ്റവാളികള്‍ ഭയപ്പെടുന്നവരായി താങ്കള്‍ക്കു കാണാം. അവര്‍ പറയും: 'ഹാ ഞങ്ങളുടെ നാശമേ, ഈ റിക്കാഡിന്നു എന്തായിപ്പോയി! ചെറുതും വലുതുമായ ഒന്നുംതന്നെ ക്ലിപ്തമായി രേഖപ്പെടുത്താതെ ഇതു വിട്ടുകളിഞ്ഞിട്ടില്ലല്ലോ'. തങ്ങള്‍ എന്തൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ടോ അതെല്ലാം അവിടെ ഹാജറായതായി അവര്‍ കാണുന്നതാണ്. താങ്കളുടെ രക്ഷിതാവ് ആരോടും അനീതി പ്രവര്‍ത്തിക്കുകയില്ല.
നിങ്ങള്‍ ആദമിന്നു സുജൂദ്‌ചെയ്യുക എന്നു മലക്കുകളോട് നാം പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). അപ്പോള്‍ അവര്‍ സുജൂദ് ചെയ്തു, ഇബ്‌ലീസ് ഒഴികെ; അവന്‍ ജിന്നുകളില്‍ പെട്ടവനായിരുന്നു. തന്നിമിത്തം അവന്‍ തന്റെ രക്ഷിതാവിന്റെ കല്‍പന ധിക്കരിച്ചുകളഞ്ഞു. എന്നിരിക്കെ എന്നെവിട്ട് അവനെയും അവന്റെ സന്താനങ്ങളെയും-അവര്‍ നിങ്ങളുടെ ശത്രുക്കളായിരിക്കെ-നിങ്ങള്‍ മിത്രങ്ങളാക്കി വെക്കുകയാണോ? അക്രമികള്‍ക്കുപകരം കിട്ടിയതു വളരെ ചീത്തതന്നെ.
ആകാശ ഭൂമികളെ സൃഷ്ടിക്കുന്നതിനാകട്ടെ അവരെത്തന്നെ സൃഷ്ടിക്കുന്നതിനാകട്ടെ ഞാന്‍ അവരെ സാക്ഷിനിറുത്തിയിട്ടില്ല. വഴിപിഴപ്പിക്കുന്നവരെ സഹായകമായി ഞാന്‍ സ്വീകരിക്കാറുമില്ല.
(എനിക്കുണ്ടെന്നു) നിങ്ങള്‍ ജല്‍പിച്ചിരുന്ന എന്റെ പങ്കുകാരെ വിളിച്ചുകൊള്ളുക എന്ന് അല്ലാഹു (അക്രമികളോട്) പറയുന്ന ദിവസം (ഓര്‍ക്കുക). അപ്പോള്‍ ഇവര്‍ അവരെ വിളിക്കുന്നതാണ്. എന്നാല്‍ അവര്‍ ഇവര്‍ക്ക് ഉത്തരംചെയ്യുന്നതല്ല. നാം അവര്‍ക്കിടയില്‍ ഒരു അപകടസ്ഥലം ഏര്‍പ്പെടുത്തുകയും ചെയ്യും.
കുറ്റവാളികള്‍ നരകം നേരില്‍ കാണുന്നതാണ്. അപ്പോള്‍ തങ്ങളതില്‍ നിപതിക്കുകതന്നെ ചെയ്യുമെന്നവര്‍ മനസ്സിലാക്കും. അതില്‍നിന്നുതിരിഞ്ഞുപോരുവാന്‍ ഒരു മാര്‍ഗവും അവര്‍ കാണുന്നതുമല്ല.
നിശ്ചയമായും ഈ ഖുര്‍ആനില്‍ ജനങ്ങള്‍ക്കുവേണ്ടി എല്ലാതരം ഉപമകളും വിവിധ രൂപത്തില്‍ നാം വിവരിച്ചിട്ടുണ്ട്. മനുഷ്യനിലുള്ള തര്‍ക്ക (സ്വഭാവം) മറ്റു കാര്യങ്ങളേക്കാള്‍ ഏറ്റവും അധികമായതാണ്.
തങ്ങള്‍ക്ക് മാര്‍ഗദര്‍ശനം വന്നുകിട്ടിയപ്പോള്‍ അതില്‍ വിശ്വസിക്കുകയും തങ്ങളുടെ രക്ഷിതാവിനോട് മാപ്പിന്നപേക്ഷിക്കുകയും ചെയ്യുന്നതില്‍നിന്നു ജനങ്ങളെ തടയുന്നത്, പൂര്‍വ്വികന്മാരില്‍ എടുത്ത നടപടി തങ്ങള്‍ക്കും വന്നെത്തുകയോ അല്ലെങ്കില്‍ ശിക്ഷ തങ്ങളുടെ മുമ്പില്‍ വന്നു കാണുകയോ ചെയ്യണമെന്ന (അവരുടെ ആവശ്യം-അ)ത് മാത്രമാണ്.
സന്തോഷമറിയിക്കുന്നവരും താക്കീതു നല്‍കുന്നവരുമായിട്ടല്ലാതെ ദൂതന്മാരെ നാം അയക്കാറില്ല. സത്യത്തെ തകര്‍ത്തുകളയാനായി മിഥ്യാവാദവും കൊണ്ടു സത്യനിഷേധികള്‍ തര്‍ക്കിക്കുകയാണ്. എന്റെ ലക്ഷ്യങ്ങളെയും അവര്‍ക്കു നല്‍കപ്പെട്ട താക്കീതിനെയും അവര്‍ പരിഹാസപാത്രമാക്കുകയും ചെയ്തിരിക്കുന്നു.
തന്റെ രക്ഷിതാവിന്റെ ലക്ഷ്യങ്ങള്‍കൊണ്ട് ഉല്‍ബോധനം ചെയ്യപ്പെട്ടിട്ട് അവയെ അഗണ്യമാക്കി തിരിഞ്ഞുകളയുകയും തന്റെ രണ്ട് കൈകള്‍ മുമ്പ് ചെയ്തതു വിസ്മരിക്കുകയും ചെയ്തവനെക്കാള്‍ അക്രമി ആരാണുള്ളത്! നിശ്ചയമായും ഖുര്‍ആന്‍ ഗ്രഹിക്കാതിരിക്കേണ്ടതിന്നായി അവരുടെ ഹൃദയങ്ങളുടെമേല്‍ ചില മൂടികളും അവരുടെ കാതുകളില്‍ ഒരുതരം ബധിരതയും നാം ആക്കിയിരിക്കുന്നു. താങ്കള്‍ അവരെ നേര്‍വഴിയിലേക്കു ക്ഷണിച്ചാല്‍ അവര്‍-അങ്ങനെയിരിക്കെ-ഒരിക്കലും നേര്‍വഴി സ്വീകരിക്കയില്ലതന്നെ.
താങ്കളുടെ രക്ഷിതാവ് വളരെ പൊറുക്കുന്നവനും കരുണയുള്ളവനുമാണ്. ചെയ്ത തെറ്റുകള്‍ക്കു അവരെപിടിച്ചു ശിക്ഷിക്കുന്നപക്ഷം അവന്‍ തല്‍ക്ഷണംതന്നെ അവരുടെ നേരെ ശിക്ഷ അയക്കുമായിരുന്നു. പക്ഷേ അവര്‍ക്കൊരു നിശ്ചിത അവധിയുണ്ട്. അതിനെവിട്ടു യാതൊരു അഭയസ്ഥാനവും അവര്‍ക്കു ലഭിക്കുന്നതേ അല്ല.
ആ നാട്ടുകാര്‍ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ അവരെ നാം നശിപ്പിച്ചുകളഞ്ഞു. ഇനി ഇവരുടെ നാശത്തിന്നു നാം ഒരു അവധി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.
രണ്ടു സമുദ്രങ്ങള്‍ കൂടിച്ചേരുന്ന സ്ഥലത്ത് എത്തുകയോ (തദ്വിഷയത്തില്‍) ദീര്‍ഘകാലം സഞ്ചരിക്കുകയോ ചെയ്യുന്നതുവരെ ഞാന്‍ യാത്രചെയ്തുകൊണ്ടിരിക്കുമെന്നു മൂസാ നബി തന്റെ യുവാവിനോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക).
എന്നിട്ട് അതു രണ്ടും സന്ധിക്കുന്ന സ്ഥലത്തു എത്തിയപ്പോള്‍ അവര്‍ തങ്ങളുടെ മത്സ്യത്തെ മറന്നുപോയി. അങ്ങനെ അത് സമുദ്രത്തില്‍ തന്റെ മാര്‍ഗം ഒരു മാളം (പോലെ) ആക്കി.
എന്നിട്ട്, അവര്‍ രണ്ടുപേരും ആ സ്ഥലം വിട്ടുകടന്നപ്പോല്‍ മൂസാനബി തന്റെ യുവാവിനോട് പറഞ്ഞു: നമ്മുടെ പ്രാതല്‍ കൊണ്ടുവരൂ; ഈ യാത്രമൂലം നാം വളരെ ക്ഷീണിതരാവുകതന്നെ ചെയ്തിരിക്കുന്നു.
അയാള്‍ പ്രതികരിച്ചു: അങ്ങ് ശ്രദ്ധിക്കുക, നാം ആ പാറക്കല്ലിലേക്കു ചെന്നു ചേര്‍ന്നപ്പോള്‍! തത്സമയം ആ മത്സ്യത്തെക്കുറിച്ചു ഞാന്‍ മറന്നുപോവുക തന്നെ ചെയ്തു. അത് താങ്കളോട് പറയുന്നതിന്ന് എന്നെ മറപ്പിച്ചതു പിശാചു തന്നെയാണ്. (ആ മത്സ്യം എന്തു ചെയ്തുവെന്നല്ലേ?) അത് സമുദ്രത്തില്‍ തന്റെ മാര്‍ഗം അദ്ഭുതകരമാക്കി.
അദ്ദേഹം പറഞ്ഞു: 'അതുതന്നെയാണ് നാം അന്വേഷിക്കുന്നത്'. അങ്ങനെ അവര്‍ രണ്ടുപേരും തങ്ങളുടെ കാല്‍പാടുകള്‍ നോക്കി പിന്നോട്ട് മടങ്ങി.
അപ്പോള്‍ നമ്മുടെ ദാസന്മാരില്‍ ഒരാളെ അവര്‍ കണ്ടു. അദ്ദേഹത്തിന്നു നമ്മുടെ പക്കല്‍നിന്നു അനുഗ്രഹം നല്‍കുകയും പ്രത്യേകജ്ഞാനം പഠിപ്പിക്കുകയും ചെയ്തിട്ടിട്ടുണ്ട്.
മൂസാനബി അദ്ദേഹത്തോട് ചോദിച്ചു: താങ്കള്‍ക്കഭ്യസിപ്പിക്കപ്പെട്ടതില്‍ നിന്നു എനിക്കു സന്മാര്‍ഗജ്ഞാനം പഠിപ്പിച്ചുതരുമെന്ന നിശ്ചയത്തിന്മേല്‍ ഞാന്‍ താങ്കളെ അനുഗമിക്കട്ടെയോ?
അദ്ദേഹം പറഞ്ഞു: നിശ്ചയമായും എന്റെ ഒന്നിച്ചു ക്ഷമിച്ചുനില്‍ക്കുവാന്‍ താങ്കള്‍ക്കു കഴിയുകയില്ല തന്നെ.
താങ്കള്‍ ശരിക്കു ഗ്രഹിച്ചിട്ടില്ലാത്ത ഒരു കാര്യത്തെപ്പറ്റി എങ്ങനെ ക്ഷമിക്കും?
മൂസാനബി മറുപടി നല്‍കി: അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ ക്ഷമിക്കുന്നവനായി താങ്കള്‍ക്കു എന്നെ കാണാം. ഞാന്‍ താങ്കളുടെ ഒരു കല്‍പനക്കും എതിരു പ്രവര്‍ത്തിക്കുന്നതല്ല.
അദ്ദേഹം (ഖിള്ര്‍) പറഞ്ഞു: എന്നാല്‍ താങ്കള്‍ എന്നെ അനുഗമിക്കയാണെങ്കില്‍ ഏതൊരു കാര്യത്തെസംബന്ധിച്ചും, ഞാന്‍ അതിനെക്കുറിച്ചു വിവരംതരുന്നത് വരെ എന്നോട് ചോദ്യം ചെയ്യരുത്.
അങ്ങനെ അവര്‍ രണ്ടാളും പോയി. എന്നിട്ട് ഒരു കപ്പലില്‍ കയറിയപ്പോള്‍ അദ്ദേഹം (ഖിള്ര്‍) അതിനെ ഓട്ടപ്പെടുത്തി. മൂസാനബി ചോദിച്ചു: ഇതിലെ യാത്രക്കാരെ മുക്കിക്കളുവാനായി താങ്കള്‍ ഇതിനെ ഓട്ടപ്പെടുത്തുകയാണോ? നിശ്ചയമായും അപായകരമായ ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തത്.
അദ്ദേഹം പറഞ്ഞു: എന്റെ കൂടെ ക്ഷമിച്ചിരിക്കാന്‍ താങ്കള്‍ക്കു കഴിയുന്നതല്ലെന്നു ഞാന്‍ പറഞ്ഞിട്ടില്ലേ?
മൂസാനബി പ്രതികരിച്ചു: ഞാന്‍ മറന്നു (ചോദിച്ചു) പോയതുകൊണ്ടു താങ്കള്‍ എന്നെ ശിക്ഷിക്കരുത്; എന്റെ കാര്യത്തില്‍ ഒരു പ്രയാസം എന്നോട് നിര്‍ബന്ധിക്കയുമ രുത്.
എന്നിട്ട് അവര്‍ രണ്ടുപേരും പോയി. അങ്ങനെ അവര്‍ ഒരു ബാലനെ കണ്ടുമുട്ടുകയും ഉടനെ അവനെയദ്ദേഹം (ഖിള്ര്‍) കൊന്നുകളയുകയും ചെയ്തപ്പോള്‍ മൂസാ(അ) പറഞ്ഞു: നിര്‍ദ്ദോഷിയായ ഒരാളെ മറ്റൊരാള്‍ക്കു പകരമായിട്ടല്ലാതെ താങ്കള്‍ കൊന്നുകളഞ്ഞുവോ? നിശ്ചയമായും ആക്ഷേപകരമായ ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തത്.
അദ്ദേഹം പറഞ്ഞു: താങ്കളോട് ഞാന്‍ പറഞ്ഞിട്ടില്ലേ, എന്റെ കൂടെ ക്ഷമിച്ചിരിക്കുവാന്‍ തീര്‍ച്ചയായും താങ്കള്‍ക്ക് കഴിയുകയേയില്ലെന്ന്.
അദ്ദേഹം (മൂസാനബി) പറഞ്ഞു: ഇതിന്നുശേഷം വല്ല കാര്യത്തെപ്പറ്റിയും ഞാന്‍ ചോദിക്കുന്നപക്ഷം താങ്കള്‍ ഞാനുമായി സഹവസിക്കേണ്ടതില്ല. നിശ്ചയമായും എന്നില്‍നിന്നു തന്നെ (ഈ കൂട്ടുകെട്ടവസാനിപ്പിക്കുവാന്‍) താങ്കള്‍ക്ക് ഒഴിവുകഴിവുകിട്ടിക്കഴിഞ്ഞല്ലോ.
അവര്‍ രണ്ടുപേരും പിന്നെയും പോയി. അങ്ങനെ ഒരു നാട്ടുകാരുടെയടുത്ത് ചെന്നപ്പോള്‍ അന്നാട്ടുകാരോട് ഇവരിരുവരും ഭക്ഷണം ആവശ്യപ്പെട്ടു. പക്ഷേ ഇവരെ സല്‍ക്കരിക്കുന്നതില്‍ അവര്‍ വിസമ്മതം പ്രകടിപ്പിച്ചു. അങ്ങനെ അവിടെ പൊളിഞ്ഞുവീഴാന്‍പോകുന്ന ഒരു മതില്‍ ഇവര്‍ കണ്ടെത്തി. അദ്ദേഹം (ഖിള്ര്‍) അതു നേരെയാക്കി. മൂസാനബി പറഞ്ഞു: താങ്കള്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അതിന്നുവല്ല പ്രതിഫലവും നിശ്ചയിച്ചു വാങ്ങാമായിരുന്നു.
അദ്ദേഹം പ്രസ്താവിച്ചു: ഇതു നാം തമ്മിലുള്ള വേര്‍പാടാണ്. താങ്കള്‍ക്കു ക്ഷമിക്കാന്‍ കഴിയാതിരുന്ന കാര്യങ്ങളുടെ ഉദ്ദേശ്യം ഇനി ഞാന്‍ വിവരിച്ചുതരാം:
ആ കപ്പല്‍ സമുദ്രത്തില്‍ ജോലി ചെയ്യുന്ന ചില സാധുക്കളുടേതായിരുന്നു. അതുകൊണ്ട് ഞാനതു കേടുവരുത്താനുദ്ദേശിച്ചു. (എന്തി െനന്നല്ലേ:) അവരുടെ മുന്നില്‍ എല്ലാ (നല്ല) കപ്പലുകളും അക്രമമായി പിടിച്ചെടു(ത്തു കൈവശംവെ)ക്കുന്ന ഒരു രാജാവുണ്ടായിരുന്നു.
എന്നാല്‍ ആ ബാലനാകട്ടെ, അവന്റെ മാതാപിതാക്കള്‍ സത്യവിശ്വാസികളായിരുന്നു. അവരെ അതിക്രമത്തിനും സത്യനിഷേധത്തിനും അവന്‍ നിര്‍ബന്ധിക്കുമെന്നും നാം ഭയപ്പെട്ടു.
അതിനാല്‍ അവനെക്കാള്‍ പരിശുദ്ധിയില്‍ ഉത്തമനും ദയയില്‍ അടുപ്പമുള്ളവനുമായ ഒരു സന്തതിയെ ആ രണ്ടുപേര്‍ക്കും അവരുടെ രക്ഷിതാവ് പകരം നല്‍കണമെന്നു നാം ഉദ്ദേശിച്ചു.
ആ മതിലാകട്ടെ, അന്നാട്ടിലെ രണ്ടു അനാഥക്കുട്ടികളുടേതായിരുന്നു. അതിന്റെ ചുവട്ടില്‍ അവരിരുവര്‍ക്കുമുള്ള ഒരു നിക്ഷേപമുണ്ട്. അവരുടെ പിതാവ് ഒരു നല്ല മനുഷ്യനായിരുന്നു. അതിനാല്‍ ഇരുവരും യൗവനം പ്രാപിക്കുകയും നിക്ഷേപം പുറത്തെടുക്കുകയും ചെയ്യണമെന്നു താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചു. താങ്കളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള അനുഗ്രഹംമൂലമാണ്, എന്റെ അഭിപ്രായമനുസരിച്ചല്ല ഞാനിതൊന്നും ചെയ്തിട്ടുള്ളത്. താങ്കള്‍ക്കു ക്ഷമിക്കാന്‍ കഴിയാതിരുന്ന കാര്യങ്ങളുടെ ഉള്‍സാരമാണിത്.
ദുല്‍ഖര്‍നൈനിയെ സംബന്ധിച്ചു അവര്‍ താങ്കളോട് ചോദിക്കുന്നു. പറയുക: അദ്ദേഹത്തിന്റെ ചരിത്രത്തില്‍ നിന്നുള്ള ചില വിവരങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു ഓതിത്തരാം.
നിശ്ചയമായും ഭൂമിയില്‍ അദ്ദേഹത്തിന്നു നാം സ്വാധീനം നല്‍കി; ആവശ്യമായ എല്ലാ കാര്യത്തിന്നും മാര്‍ഗം ശരിപ്പെടുത്തിക്കൊടുക്കയും ചെയ്തു.
അതനുസരിച്ചു അദ്ദേഹം (പടിഞ്ഞാറോട്ടുള്ള) ഒരു മാര്ഗുത്തില്‍ പ്രവേശിച്ചു.
അങ്ങനെ സൂര്യാസ്തമനസ്ഥലത്തെത്തിയപ്പോള്‍ കറുത്ത ചളിമണ്മ(യമായ ഒരു ജലാശയത്തില്‍ അതസ്തമിക്കുന്നതായി അദ്ദേഹം കണ്ടു. അവിടെ ഒരു ജനതയെയും താന്‍ കാണുകയുണ്ടായി. നാം പറഞ്ഞു: ഓ ദുല്ഖകര്നൈളന്‍, (ഇവരെ) ഒന്നുകില്‍ താങ്കള്‍ ശിക്ഷിക്കുക. അല്ലെങ്കില്‍ ഇവരില്‍ ഒരു നല്ലനില കൈകൊള്ളുക.
അദ്ദേഹം പറഞ്ഞു: 'ആര്‍ അക്രമം പ്രവര്‍ത്തിച്ചുവോ അവനെ നാം ശിക്ഷിക്കുകതന്നെ ചെയ്യുന്നതാണ്. പിന്നീട് തന്റെ രക്ഷിതാവിങ്കലേക്കു അവന്‍ മടക്കപ്പെടും. അപ്പോള്‍ അവനെ കഠിനമായി റബ്ബ് ശിക്ഷിക്കും.'
എന്നാല്‍ ആര്‍ സത്യവിശ്വാസം അവലംബിക്കുകയും സല്‍ക്കര്‍മ്മം അനുഷ്ഠിക്കയും ചെയ്തിരിക്കുന്നുവോ അവന്നു ഏറ്റവുംനല്ല പ്രതിഫലം ലഭിക്കുന്നതാണ്. (മാത്രമല്ല) പ്രയാസമല്ലാത്ത കല്‍പനകള്‍ അവന്നു നാം കൊടുക്കുന്നതുമാണ്.
അനന്തരം അദ്ദേഹം മറ്റൊരു (യാത്രാ)മാര്‍ഗം പിന്‍തുടര്‍ന്നു.
അങ്ങനെ സൂര്യന്‍ ഉദിക്കുന്ന സ്ഥാനത്തെത്തിയപ്പോള്‍ അത് ഒരു ജനതയുടെമേല്‍ ഉദിക്കുന്നതായി അദ്ദേഹം കണ്ടു. അവര്‍ക്കു അതില്‍നിന്നു യാതൊരു മറയെയും നാം ഉണ്ടാക്കിവെച്ചിട്ടില്ല.
(ദുല്‍ഖര്‍നൈനിയുടെ കാര്യം നാം) പറഞ്ഞതുപോലെ തന്നെയാണ്. അദ്ദേഹത്തിന്റെ പക്കലുള്ളതിനെപ്പറ്റിയെല്ലാം നമുക്കു പരിപൂര്‍ണ്ണമായ ജ്ഞാനമുണ്ട്.
അദ്ദേഹം പിന്നെയും മറ്റൊരു (യാത്രാ)മാര്‍ഗത്തില്‍ പ്രവേശിച്ചു.
അങ്ങനെ രണ്ടു പര്‍വ്വതങ്ങള്‍ക്കിടയില്‍ എത്തിയപ്പോള്‍ അതിന്നടുത്തായി ഒരു ജനതയെ അദ്ദേഹം കാണുകയുണ്ടായി. (ദുല്‍ഖര്‍നൈനിയും കൂട്ടുകാരും) പറയുന്ന വാക്കു അവര്‍ ഗ്രഹിക്കുമാറായിരുന്നില്ല.
അവര്‍ പറഞ്ഞു: 'ഓ ദുല്‍ഖര്‍നൈന്‍, നിശ്ചയമായും യഅ്ജൂജും മഅ്ജൂജും ഈ ഭൂമിയില്‍ നാശമുണ്ടാക്കുന്നവരാണ്. അതിനാല്‍ ഞങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഒരു മതില്‍ക്കെട്ട് സാഥിപിച്ചുതരണമെന്ന നിശ്ചയത്തിന്മേല്‍ താങ്കള്‍ക്കു ഞങ്ങള്‍ ഒരു വമ്പിച്ച പ്രതിഫലം നിശ്ചയിച്ചുതരട്ടെയോ?
അദ്ദേഹം മറുപടി നല്‍കി: എന്റെ രക്ഷിതാവ് എനിക്കു ഏതൊന്നില്‍ സ്വാധീനശക്തി നല്‍കിയിട്ടുണ്ടോ അതാണ് (നിങ്ങള്‍ തരുന്നതിനേക്കാള്‍) ഏറ്റവും നല്ലത്. എന്നാല്‍ ശക്തികൊണ്ട് നിങ്ങളെന്നെ സഹായിക്കുക. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ബലവത്തായ ഒരു മതില്‍ക്കെട്ട് ഞാന്‍ ഉണ്ടാക്കിത്തരാം.
എനിക്കു നിങ്ങള്‍ ഇരുമ്പുകഷ്ണങ്ങള്‍ കൊണ്ടുവന്നുതരിക. അങ്ങനെ രണ്ടു മലകള്‍ക്കിടയില്‍ ആ കെട്ട് (അവയോട്) സമമായി ഉയര്‍ന്നപ്പോള്‍ 'നിങ്ങള്‍ ഊതുക' എന്നദ്ദേഹം കല്‍പിച്ചു. അങ്ങനെ അതു തീയാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ എനിക്ക് ചെമ്പ് ദ്രാവകം കൊണ്ടുവരിക. എന്നിട്ട് ഞാനതു ഇതിന്മേല്‍ ഒഴിക്കാം.
പിന്നീട് അതു കയറിമറിയുവാന്‍ അവര്‍ക്ക് (യഅ്ജൂജ് മഅ്ജൂജിന്നു) കഴിഞ്ഞില്ല. അതിന്നു തുരങ്കമുണ്ടാക്കുവാന്‍ അവര്‍ക്കു സാദ്ധ്യമായതുമില്ല.
അദ്ദേഹം പറഞ്ഞു: ഇതെന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു വമ്പിച്ച അനുഗ്രഹമാകുന്നു. ഇനി, രക്ഷിതാവിന്റെ നിശ്ചിത സമയം എത്തിക്കഴിഞ്ഞാല്‍ അവന്‍ അതു തകര്‍ത്തു നിരപ്പാക്കും. എന്റെ രക്ഷിതാവിന്റെ നിശ്ചയം സത്യമായിരിക്കുന്നതാണ്.
അന്നു നാം അവരില്‍ ചിലരെ മറ്റു ചിലരില്‍ അലമറിയുന്നവരാക്കും. കാഹളത്തില്‍ ഊതപ്പെടുന്നതും അപ്പോള്‍ അവരെയെല്ലാം നാം ഒരുമിച്ചു കൂട്ടുന്നതുമാണ്.
അന്നു സത്യനിഷേധികളുടെ മുന്നില്‍ നരകത്തെ നാം ശരിക്കു വെളിപ്പെടുത്തിക്കൊടുക്കും.
അതായത് എന്റെ ബോധനത്തെ സംബന്ധിച്ച ഉള്‍ക്കാഴ്ച മൂടിയില്‍ അകപ്പെടുകയും കേള്‍ക്കാന്‍ കഴിയാതിരിക്കുകയും ചെയ്തിരുന്നവര്‍ക്ക്.
എനിക്കുപുറമെ എന്റെ ദാസന്മാരെ റബ്ബുകള്‍ (രക്ഷിതാക്കള്‍) ആക്കാമെന്നു സത്യനിഷേധികള്‍ വിചാരിക്കുന്നുണ്ടോ? നിശ്ചയമായും, സത്യനിഷേധികള്‍ക്കു നരകത്തെ ഒരു സല്‍ക്കാരമായി നാം ഒരുക്കിവെച്ചിരിക്കുന്നു.
പറയുക: പ്രവര്‍ത്തന (ഫലം) തികച്ചും നഷ്ടപ്പെട്ടവരെക്കുറിച്ചു നാം നിങ്ങള്‍ക്കു പറഞ്ഞുതരട്ടെയോ?
(അതായത്) ഐഹിക ജീവിതത്തില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പിഴച്ചുപോയിട്ടുള്ളവര്‍. അവരാകട്ടെ തങ്ങള്‍ നല്ല പ്രവൃത്തിയാണ് ചെയ്യുന്നതെന്ന് വിചാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
അവര്‍ തങ്ങളുടെ രക്ഷിതാവിന്റെ ലക്ഷ്യങ്ങളെയും അവനുമായി കണ്ടുമുട്ടുന്നതിനേയും നിഷേധിച്ചവരാണ്. തന്നിമിത്തം അവരുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമായി പോയിരിക്കുന്നു. അതുകൊണ്ട് അന്ത്യനാളില്‍ അവര്‍ക്കു നാം യാതൊരു (ഫലപ്രദമായ) തൂക്കവും നിറുത്തുകയില്ല.
അത് - അവരുടെ പ്രതിഫലം നരകമാണ് എന്നത് - അവര്‍ സത്യം നിഷേധിക്കുകയും എന്റെ ലക്ഷ്യങ്ങളെയും എന്റെ ദൂതന്മാരെയും പരിഹാസപാത്രമാക്കുകയും ചെയ്തത് നിമിത്തമാണ്.
നിശ്ചയമായും സത്യത്തില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരാകട്ടെ, അവര്‍ക്ക് ഫിര്‍ദൗസ് എന്ന സ്വര്‍ഗങ്ങള്‍ സല്‍ക്കാരമായി ലഭിക്കുന്ന താണ്.
അതില്‍ അവര്‍ നിരന്തര നിവാസികളാകുന്നു. അവിടെനിന്നു വിട്ടുപോകുവാന്‍ അവര്‍ ഒരിക്കലും ആഗ്രഹിക്കുന്നതല്ല.
താങ്കള്‍ പറയുക: എന്റെ രക്ഷിതാവിന്റെ (വിജ്ഞാന)വചനങ്ങള്‍ എഴുതുവാനായി സമുദ്ര(വെള്ള)ം മഷിയാവുകയും അതിന്റെ അത്ര തന്നെ (മറ്റു സമുദ്ര വെള്ളം) നാം സഹായമായി കൊണ്ടുവരികയും ചെയ്തിരുന്നാലും എന്റെ രക്ഷിതാവിന്റെ വചനങ്ങള്‍ അവസാ നിക്കുന്നതിന്നുമുമ്പായി സമുദ്രം തീര്‍ന്നുപോകുക തന്നെ ചെയ്യും.
താങ്കള്‍ പറയുക: നിശ്ചയമായും ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ തന്നെയാണ്. ഒരേ ഒരു ഇലാഹ് മാത്രമാണ് നിങ്ങളുടെ ഇലാഹ് എന്നെനിക്കു ബോധനം നല്‍കപ്പെടുന്നു. അതുകൊണ്ട് ആരെങ്കിലും തന്റെ രക്ഷിതാവുമായി കാണുവാനാഗ്രഹിക്കുന്നെങ്കില്‍ അവന്‍ സല്‍ക്കര്‍മ്മം ചെയ്തുകൊള്ളട്ടെ. തന്റെ രക്ഷിതാവിനെ ആരാധിക്കുന്നതില്‍ മറ്റാരെയും അവന്‍ പങ്കുചേര്‍ക്കാതെയുമിരിക്കട്ടെ.