കാഫ് ഹാ യാ ഐന്‍ സ്വാദ്
മർയം مريم Maryam
സൂറത്ത് മർയം (Maryam), ഖുർആൻ അധ്യായം 19 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 98 ആയത്തുകൾ വായിക്കുക. Read Surah Maryam with Arabic text and മലയാളം translation.
(ഇതു) താങ്കളുടെ രക്ഷിതാവ് തന്റെ അടിമ സകരിയ്യാനബിയോട് കാണിച്ച കാരുണ്യത്തെ കുറിച്ചുള്ള പ്രസ്താവനയാണ്.
അദ്ദേഹം തന്റെ രക്ഷിതാവിനോട് രഹസ്യമായി പ്രാര്‍ത്ഥിച്ചപ്പോള്‍ (ആയിരുന്നു ആ കാരുണ്യം ചെയ്തത്.)
അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, നിശ്ചയമായും എന്റെ എല്ലുകളെല്ലാം ബലഹീനമായിക്കഴിഞ്ഞിരിക്കുന്നു; തലയില്‍ നര വ്യാപിച്ചുപോയിട്ടുമുണ്ട്. രക്ഷിതാവേ, നിന്നോട് പ്രാര്‍ത്ഥിച്ചിട്ട് മുമ്പൊരിക്കലും (ഉത്തരംകിട്ടാതെ) ഞാന്‍ നിരാശനായിട്ടില്ല.
എനിക്കു ശേഷമുള്ള പിന്തുടര്‍ച്ചക്കാരെ കുറിച്ചു ഞാന്‍ ഭയപ്പെടുന്നു; എന്റെ ഭാര്യ മച്ചിയുമാണ്. അതുകൊണ്ട് നിന്റെ പക്കല്‍നിന്നു ഒരു മകനെ എനിക്കു നീ ദാനം ചെയ്യേ ണമേ!
എനിക്കും യഅ്ഖൂബ് കുടുംബത്തിന്നും പിന്തുടര്‍ച്ചാവകാശിയായിത്തീരുന്ന(മകന്‍). എന്റെ രക്ഷിതാവേ, നീ അവനെ (എല്ലാവരുടെയും) തൃപ്തിക്ക് പാത്രമാക്കുകയും ചെയ്യേണമേ!
ഓ സകരിയ്യാ, നിശ്ചയമായും താങ്കള്‍ക്കു ഒരാണ്‍കുട്ടിയെസംബന്ധിച്ചു നാം സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ യഹ്‌യാ എന്നാണ്. ഇതിന്നുമുമ്പ് അവന്നു പേരൊത്ത ഒരുത്തനെയും നാം ആക്കീട്ടില്ല.
അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്കെങ്ങനെയാണ് ഒരാണ്‍കുട്ടിയുണ്ടാവുക. എന്റെ ഭാര്യമച്ചിയാണല്ലോ. ഞാനാകട്ടെ, വളരെയധികം വാര്‍ദ്ധക്യം പ്രാപിച്ചു കഴിയുകയും ചെയ്തിരിക്കുന്നു.
അല്ലാഹു മറുപടി നല്‍കി: (കാര്യം) അങ്ങനെ തന്നെയാണ്. അതെനിക്കു ഒട്ടും പ്രയാസമില്ലാത്ത കാര്യമാണെന്നാണ് താങ്കളുടെ രക്ഷിതാവ് പറയുന്നത്. മുമ്പ് താങ്കളെ ഞാന്‍ സൃഷ്ടിച്ചു. താങ്കള്‍ ഉണ്ടായിരുന്നേയില്ലല്ലോ.
സകരിയ്യാനബി പറഞ്ഞു: എന്റെ രക്ഷിതാവേ, എന്നാല്‍ എനിക്കു നീ ഒരു ദൃഷ്ടാന്തം കാണിച്ചുതരേണമേ. അല്ലാഹു അരുളി: (നാവിന്നു ബലഹീനത ഒന്നുമില്ലാതെതന്നെ) മൂന്നു ദിവസം താങ്കള്‍ ജനങ്ങളോട് സംസാരിക്കയില്ല എന്നതാണ് ദൃഷ്ടാന്തം.
അങ്ങനെ അദ്ദേഹം ആരാധനാമന്ദിരത്തില്‍നിന്നു പുറപ്പെട്ടു തന്റെ ജനതയുടെ അടുക്കല്‍ ചെന്നു. എന്നിട്ട്, രാവിലെയും വൈകുന്നേരവും (നിങ്ങളുടെ രക്ഷിതാവിന്റെ) പരിശുദ്ധിയെ പ്രകീര്‍ത്തനംചെയ്യുക എന്നു അവരുടെ േനരെതാന്‍ ആംഗ്യം കാണിച്ചു. (സൂചന നല്‍കി).
ഓ യഹ്‌യാ, വേദഗ്രന്ഥം ബലമായി സ്വീകരിച്ചുകൊള്ളുക (എന്നു നാം പറഞ്ഞു). ശൈശവ ദശയില്‍ തന്നെ അദ്ദേഹത്തിന്നു നാം വേദവിജ്ഞാനം നല്‍കുകയും ചെയ്തു.
നമ്മുടെ പക്കല്നിന്നുള്ള കാരുണ്യവും പരിശുദ്ധിയും (നാം നല്കി). അദ്ദേഹം നല്ല ഭക്തനായിരുന്നു.
തന്റെ മാതാപിതാക്കളോട് ഔദാര്യം കാണിക്കുന്നവനും ആയിരുന്നു; അനുസരണമില്ലാത്ത അഹങ്കാരിയായിരുന്നില്ല.
താന്‍ ജനിച്ചദിവസവും മരിക്കുന്നദിവസവും (രണ്ടാമത്) ജീവിപ്പിച്ചു എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും അദ്ദേഹത്തിന്നു ശാന്തിയുണ്ട്.
താങ്കള്‍ ഖുര്‍ആനില്‍ മര്‍യമിനെക്കുറിച്ചും പ്രസ്താവിക്കുക: അവര്‍ സ്വന്തക്കാരില്‍നിന്നു അകന്നു കിഴക്കുഭാഗത്തുള്ള ഒരു സ്ഥലത്തുതാമസിച്ചപ്പോള്‍.
എന്നിട്ട് അവരില്‍നിന്നു മറയത്തക്ക ഒരു മറ അവരുണ്ടാക്കി. അപ്പോള്‍ അവരുടെ അടുത്തേക്ക് നമ്മുടെ മലക്കിനെ നാം അയച്ചു. അങ്ങനെ മലക്ക് അവരുടെ മുമ്പില്‍ ഒരു തികഞ്ഞ മനുഷ്യരൂപം സ്വീകരിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടു.
അവര്‍ പറഞ്ഞു: നിശ്ചയമായും നിന്നില്‍നിന്നു കരുണാനിധിയായ അല്ലാഹുവില്‍ ഞാന്‍ ശരണം പ്രാപിക്കുന്നു. നീ ഒരു ഭക്തനാണെങ്കില്‍ (എന്നില്‍നിന്നു ദൂരെപോ കണം).
അദ്ദേഹം പ്രതികരിച്ചു: നിശ്ചയമായും ഞാന്‍ നിങ്ങളുടെ രക്ഷിതാവിന്റെ ഒരു ദൂതന്‍ മാത്രമാണ്. പരിശുദ്ധനായ ഒരാണ്‍കുട്ടിയെ നിങ്ങള്‍ക്കു പ്രദാനം ചെയ്യേണ്ടതിനാണ് ഞാന്‍ വന്നിരിക്കുന്നത്.
അവര്‍ ചോദിച്ചു: എങ്ങനെയാണ് എനിക്കു ഒരാണ്‍കുട്ടി ജനിക്കുന്നത്? എന്നെയാണെങ്കില്‍ (വിവാഹം മൂലം) ഒരു മനുഷ്യനും തൊട്ടിട്ടില്ല. ഞാന്‍ ഒരു വ്യഭിചാരിണി ആയിട്ടുമില്ല.
അദ്ദേഹം പറഞ്ഞു: (കാര്യം) അങ്ങനെത്തന്നെയാണ്. അതെനിക്ക് നിസ്സാരമാണെന്നാണ് നിങ്ങളുടെ രക്ഷിതാവ് പറയുന്നത്. ആ കുട്ടിയെ മനുഷ്യര്‍ക്ക് ഒരു ദൃഷ്ടാന്തവും നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കേണ്ടതിനുമാണ് (നിങ്ങള്‍ക്കു ഒരാണ്‍കുട്ടി ജനിക്കുന്നത്). ഇതു തീരുമാനിച്ചുകഴിഞ്ഞ കാര്യമായിരിക്കുന്നു.
അങ്ങനെ അവര്‍ ആ കുട്ടിയെ ഗര്‍ഭം ധരിച്ചു; എന്നിട്ടതുമായി ദൂരമായൊരു സ്ഥലത്തു മാറിത്താമസിച്ചു.
അനന്തരം പ്രസവവേദന അവരെ ഒരു ഈത്തപ്പന മരത്തിന്നടുത്തേക്ക് പോകുവാന്‍ നിര്‍ബ്ബന്ധിതയാക്കി. അവര്‍ പറഞ്ഞു: ഹാ, ഇതിന്നുമുമ്പു തന്നെ ഞാന്‍ മരിക്കുകയും അശേഷം വിസ്മരിക്കപ്പെടുകയും ചെയ്തിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ!
അപ്പോള്‍ താഴ്ഭാഗത്തുനിന്നു അവരെ വിളിച്ചുപറഞ്ഞു: നീ ദുഃഖിക്കേണ്ട, രക്ഷിതാവ് നിന്റെ അടുത്ത് ഒരു അരുവി ഉണ്ടാക്കിത്തന്നിരിക്കുന്നു.
നിന്റെ അടുക്കലേക്കു (ഈത്തപ്പഴം വീണുകിട്ടുവാന്‍) നീ ഈത്തപ്പനമരം പിടിച്ചു കുലുക്കുക. എന്നാല്‍ അതു നിനക്കു പഴുത്തു പാകമായ ഈത്തപ്പഴം വീഴ്ത്തിത്തരും.
എന്നിട്ട് അതു തിന്നുകയും കുടിക്കുകയും (നിന്റെ അരുമ സന്താനത്തിന്റെ മുഖം കണ്ടു) സന്തോഷിക്കുകയും ചെയ്തുകൊള്ളുക. ഇനി മനുഷ്യരില്‍ ആരെയെങ്കിലും കാണുകയാണെങ്കില്‍ അവരോട് നീ ഇങ്ങനെ പറഞ്ഞേക്കണം: കരുണാനിധിയായ അല്ലാഹുവിന്ന് മൗനവ്രതം അനുഷ്ഠിക്കുവാന്‍ ഞാന്‍ നേര്‍ച്ചയാക്കീട്ടുണ്ട്. അതിനാല്‍ ഒരാളോടും ഇന്നു ഞാന്‍ സംസാരിക്കയില്ലതന്നെ.
അനന്തരം അവര്‍ കുട്ടിയെ എടുത്തുകൊണ്ട് തന്റെ ജനതയുടെ അടുത്ത്‌ചെന്നു. അവര്‍ ആക്രോശിച്ചു: ഓ മര്‍യം, മഹാ അദ്ഭുതകരമായ ഒരു കാര്യം തന്നെയാണ് നീ ചെയ്തിരിക്കുന്നത്!
ഓ ഹാറൂനിനോട് തുല്യയായവളേ, നിന്റെ പിതാവ് ഒരു ചീത്ത മനുഷ്യനോ മാതാവ് ഒരു ദുര്‍നടപ്പുകാരിയോ ആയിരുന്നില്ലല്ലോ.
അപ്പോള്‍ അവര്‍ കുട്ടിയുടെ നേരെ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ ചോദിച്ചു: തൊട്ടിലില്‍ കിടക്കുന്ന കുട്ടിയോട് ഞങ്ങള്‍ എങ്ങനെ സംസാരിക്കും?
ആ ശിശു പറഞ്ഞു: ''നിശ്ചയമായും ഞാന്‍ അല്ലാഹുവിന്റെ ദാസനാണ്. അവന്‍ എനിക്ക് വേദം നല്‍കുകയും എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.''
'ഞാന്‍ എവിടെയായിരുന്നാലും അവന്‍ എന്നെ അനുഗൃഹീതനാക്കുകയും ജീവിച്ചിരിക്കുമ്പോഴെല്ലാം നമസ്‌കരിക്കുവാനും സകാത്ത് കൊടുക്കുവാനും എന്നോട് കല്‍പിക്കുകയും ചെയ്തിരിക്കുന്നു.''
'എന്നെ അവന്‍ സ്വമാതാവിന്ന് നന്മചെയ്യുന്നവനും (ആക്കിയിട്ടുണ്ട്). അവന്‍ എന്നെ ഒരു നിര്‍ഭാഗ്യവാനായ ക്രൂരനാക്കിയിട്ടില്ല.''
'ഞാന്‍ ജനിച്ചദിവസവും മരണമടയുന്നദിവസവും (രണ്ടാമത്) ജീവനുള്ളവനായി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എനിക്ക് (അല്ലാഹുവില്‍നിന്നു) സമാധാനമുണ്ടായിരിക്കും.''
അതാണ് മര്‍യമിന്റെ മകന്‍ ഈസാ(അ). ഇതു സത്യമായ വാക്കാണ്. ഇതിലാണ് അവര്‍ ഭിന്നിക്കുന്നത്.
ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന്നു ഒരിക്കലും അനുയോജ്യമല്ലതന്നെ. അവനെത്ര പരിശുദ്ധന്‍! ഒരുകാര്യം തീരുമാനിച്ചാല്‍, അതിനോട് 'ഉണ്ടാകുക' എന്നു പറയുകമാത്രമാണ് അവന്‍ ചെയ്യുക. അപ്പോള്‍ അതുണ്ടാകുന്നു.
(ഈസാനബി തന്റെ ജനതയോട് ഇങ്ങനെ പ്രഖ്യാപിക്കുകകൂടി ചെയ്തു:) നിശ്ചയമായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതുകൊണ്ട് അവന്നു നിങ്ങള്‍ ഇബാദത്ത് ചെയ്യുക. ഇതാണ് നേരായ മാര്‍ഗം.
പിന്നീട് അവര്‍ക്കിടയില്‍നിന്നു (വിവിധ) കക്ഷികള്‍ വിഭിന്നാഭിപ്രായക്കാരായിത്തീര്‍ന്നു. ഗൗരവമേറിയ ഒരുദിവസം വന്നെത്തുകമൂലം ആ സത്യനിഷേധികള്‍ക്കു വമ്പിച്ച നാശം!
നമ്മുടെ അടുക്കല്‍ വരുന്ന ദിവസം അവര്‍ക്ക് എന്തൊരു കേള്‍വിയും കാഴ്ചയുമാണുണ്ടായിരിക്കുക! പക്ഷേ ഇന്നു ആ അക്രമികള്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലാകുന്നു.
(ഓ നബിയേ,) നെടും ഖേദത്തിന്റെ ദിവസത്തെ-എല്ലാ കാര്യങ്ങളിലും വിധിനല്‍കപ്പെടുന്ന സന്ദര്‍ഭത്തെ-സംബന്ധിച്ചു അവര്‍ക്കു താങ്കള്‍ മുന്നറിയിപ്പു നല്‍കുക. അവര്‍ (ഇന്നു) അശ്രദ്ധയിലാണ്. അവര്‍ സത്യത്തില്‍ വിശ്വസിക്കുന്നില്ല.
നിശ്ചയമായും ഭൂമിയേയും അതിലുള്ളവരെയും നാം തന്നെ അനന്തരാവകാശമായി എടുക്കുന്നതാണ്;നമ്മുടെ അടുക്കലേക്കുതന്നെ അവര്‍ മടക്കപ്പെടുകയും ചെയ്യും.
താങ്കള്‍ ഖുര്‍ആനില്‍ ഇബ്രാഹീം നബിയെക്കുറിച്ചും പ്രസ്താവിക്കുക. അദ്ദേഹം പരമ സത്യവാനും പ്രവാചകനുമായിരുന്നു.
അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): എന്റെ പിതാവേ, കേള്‍ക്കുകയോ കാണുകയോ ചെയ്യാത്തതും ഒരു കാര്യത്തിനും ഉപകരിക്കാത്തതുമായ വിഗ്രഹങ്ങള്‍ക്കു താങ്കള്‍ എന്തിനാണ് ഇബാദത്ത് ചെയ്യുന്നത്?
എന്റെ പിതാവേ, നിശ്ചയമായും താങ്കള്‍ക്ക് ലഭിച്ചിട്ടില്ലാത്ത ചില അറിവുകള്‍ എനിക്കു ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് എന്നെ പിന്‍തുടരുക. ഞാന്‍ താങ്കള്‍ക്ക് നേരായമാര്‍ഗം കാണിച്ചുതരാം.
എന്റെ പിതാവേ, താങ്കള്‍ പിശാചിന്നു ഇബാദത്തുചെയ്യരുത്. പിശാച് അല്ലാഹുവിനോട് തീരെ അനുസരണമില്ലാത്തവനാകുന്നു, തീര്‍ച്ച.
എന്റെ പിതാവേ, അല്ലാഹുവിങ്കല്‍ നിന്നുള്ള ശിക്ഷ താങ്കളെ ബാധിക്കുമെന്നും അങ്ങനെ താങ്കള്‍ പിശാചിന്റെ കൂട്ടുകാരനായിത്തീരുമെന്നും ഞാന്‍ ഭയപ്പെടുക തന്നെ ചെയ്യുന്നു.
അയാള്‍ ചോദിച്ചു: ഓ ഇബ്രാഹീം, എന്റെ ഇലാഹുകളെ നീ വെറുക്കുകയാണോ? നീ ഇതില്‍നിന്നു വിരമിക്കാത്തപക്ഷം നിന്നെ ഞാന്‍ നിശ്ചയമായും എറിഞ്ഞുകൊന്നുകളയും. നീ (രക്ഷ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇപ്പോള്‍) സുരക്ഷിതനായി എന്നെവിട്ടു പൊയ്‌ക്കൊള്ളുക.
അദ്ദേഹം പറഞ്ഞു: താങ്കള്‍ക്കു സലാം. എന്റെ രക്ഷിതാവിനോട് ഞാന്‍ താങ്കള്‍ക്കുവേണ്ടി പാപമോചനത്തിനര്‍ത്ഥിച്ചുകൊള്ളാം. നിശ്ചയമായും അവന്‍ എന്നോട് വളരെ കനിവുള്ളവനാകുന്നു.
നിങ്ങളെയും അല്ലാഹുവിന്നുപുറമെ നിങ്ങള്‍ ആര്‍ക്ക് ആരാധന ചെയ്യുന്നുവോ അവയേയും ഞാന്‍ വിട്ടൊഴിയുകയും എന്റെ രക്ഷിതാവിനെ ഞാന്‍ ആരാധിക്കുകയും ചെയ്യുന്നു. എന്റെ രക്ഷിതാവിനെ ആരാധിക്കുന്നതുകൊണ്ടു ഞാന്‍ നിര്‍ഭാഗ്യവാനാവുകയില്ലെന്നു ഞാനാശിക്കുന്നു.
അങ്ങനെ ആ ജനങ്ങളെയും അല്ലാഹുവിന്നു പുറമെ അവര്‍ ആരാധിക്കുന്നവയെയും വിട്ടൊഴിഞ്ഞപ്പോള്‍(പുത്രന്‍) ഇസ്ഹാഖിനെയും (പൗത്രന്‍) യഅ്ഖൂബിനെയും നാം അദ്ദേഹത്തിന്നു നല്‍കുകയും അവരെ എല്ലാവരെയും നബിമാരാക്കുകയുമുണ്ടായി.
അവര്‍ക്കെല്ലാം നമ്മുടെ അനുഗ്രഹത്തില്‍നിന്നു നാം നല്‍കുകയും സത്യത്തിന്റെ ഉന്നതമായ സല്‍കീര്‍ത്തി അവര്‍ക്കു നാം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു.
ഖുര്‍ആനില്‍ മൂസാനബിയെക്കുറിച്ചും താങ്കള്‍ പ്രസ്താവിക്കുക. നിശ്ചയമായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട ഒരാളും റസൂലും നബിയ്യുമായിരുന്നു.
സീനാപര്‍വ്വതത്തിന്റെ വലഭാത്തുനിന്നു നാം അദ്ദേഹത്തെ വിളിക്കുകയും ഒരു രഹസ്യ സംഭാഷകനെന്ന നിലയില്‍ അദ്ദേഹത്തിന്നു സാമീപ്യം നല്‍കുകയും ചെയ്തു.
നമ്മുടെ കാരുണ്യത്താല്‍ തന്റെ സഹോദരന്‍ ഹാറൂന്‍(അ)നെ ഒരു നബിയായിക്കൊണ്ട് അദ്ദേഹത്തിനു നാം പ്രദാനം ചെയ്യുകയുമുണ്ടായി.
ഖുര്‍ആനില്‍ ഇസ്മാഈല്‍ നബിയെ കുറിച്ചും താങ്കള്‍ പ്രസ്താവിക്കുക. നിശ്ചയമായും അദ്ദേഹം വാഗ്ദാനത്തില്‍ സത്യം പാലിക്കുന്ന ആളായിരുന്നു. റസൂലും നബിയ്യുമായിരുന്നു അദ്ദേഹം.
സ്വന്തം കുടുംബത്തോടു നമസ്‌കരിക്കുവാനും സക്കാത്ത് കൊടുക്കുവാനും താന്‍ കല്‍പിച്ചിരുന്നു. തന്റെ രക്ഷിതാവിങ്കല്‍ അവന്റെ സംതൃപ്തിക്കു തികച്ചും പാത്രമായ ആളായിരുന്നു അദ്ദേഹം.
ഖുര്‍ആനില്‍ ഇദ്‌രീസ്(അ)നെ കുറിച്ചും താങ്കള്‍ പ്രസ്താവിക്കുക. അദ്ദേഹം പരമസാത്വികനും പ്രവാചകനും തന്നെയായിരുന്നു.
അദ്ദേഹത്തെ നാം ഉന്നതമായ ഒരു സ്ഥാനത്തേക്കുയര്‍ത്തിയിരിക്കുന്നു.
ഇവരാണ് അല്ലാഹു അനുഗ്രഹം ചെയ്ത പ്രവാചകന്മാര്‍ - ആദമിന്റെ സന്തതികളിലും നൂഹ് നബിയോടുകൂടി നാം (കപ്പലില്‍) കയറ്റിയവരിലും പെട്ടവര്‍; ഇബ്രാഹീം നബിയുടെയും ഇസ്രാഈല്‍ (യഅ്ഖൂബ്) നബിയുടെയും സന്തതികളിലും, നാം സന്മാര്‍ഗത്തില്‍ നയിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്തവരിലും പെട്ടവരും. കരുണാനിധിയായ അല്ലാഹുവിന്റെ 'ആയത്തു'കള്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍ സുജൂദ് ചെയ്യുന്നവരും കരയുന്നവരുമായിക്കൊണ്ട് അവര്‍ നിലത്ത് വീഴുന്നതാണ്.
എന്നാല്‍ അവര്‍ക്ക് ശേഷം ഒരുതരം പിന്‍തലമുറവന്നു. അവര്‍ നമസ്‌ക്കാരം പാഴാക്കിക്കളയുകയും ദേഹേച്ഛകളെ പിന്‍തുടരുകയും ചെയ്തു. അതുകൊണ്ട് അവര്‍ പിന്നീട് വമ്പിച്ച നഷ്ടം കണ്ടെത്തുന്നതാണ്;
പശ്ചാത്തപിക്കുകയും സത്യത്തില്‍ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവര്‍ ഒഴികെ. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവരോട് ഒട്ടുംതന്നെ അനീതികാണിക്കപ്പെടുന്നതല്ല.
അതായത് കരുണാനിധിയായ അല്ലാഹു തന്റെ അടിമകളോട് അദൃശ്യനിലയില്‍ വാഗ്ദാനം ചെയ്ത ശാശ്വത താമസത്തിനുള്ള സ്വര്‍ഗങ്ങളില്‍ (അവര്‍ പ്രവേശിക്കും). നിശ്ചയമായും അവന്റെ വാഗ്ദാനം നിറവേറ്റപ്പെടുന്നതു തന്നെയാകുന്നു.
അവര്‍ അവിടെ 'സലാം' അല്ലാതെ - നിരര്‍ത്ഥകമായ യാതൊന്നും - കേള്‍ക്കുകയില്ല. പ്രഭാതത്തിലും സായാഹ്‌നത്തിലും തങ്ങളുടെ ഭക്ഷണം അവര്‍ക്കു അവിടെ ലഭിക്കുന്നതാണ്.
നമ്മുടെ ദാസന്മാരില്‍ ഭക്തരായവര്‍ക്കു നാം അനന്തരാവകാശമായി നല്‍കുന്ന സ്വര്‍ഗമാണത്.
താങ്കളുടെ രക്ഷിതാവിന്റെ കല്‍പനപ്രകാരമല്ലാതെ ഞങ്ങള്‍ (മലക്കുകള്‍) ഇറങ്ങുകയില്ല. നമ്മുടെ മുന്നിലുള്ളതും പിന്നിലുള്ളതും അതിന്നിടയിലുള്ളതും അവനുള്ളതു തന്നെയാണ്. താങ്കളുടെ രക്ഷിതാവ് (താങ്കളെ) ഉപേക്ഷിക്കുന്നവനായിട്ടില്ല.
അവന്‍ ഭുവന-വാനങ്ങളുടെയും അവക്കിടയിലുള്ളതിന്റെയും രക്ഷിതാവാകുന്നു. അതുകൊണ്ട് അവന്നു ഇബാദത്ത് ചെയ്യുകയും അതിന്നു(ണ്ടാകുന്ന വിഷമങ്ങള്‍) ക്ഷമിക്കുകയും ചെയ്തുകൊള്ളുക. അവനോടു തുല്യമായ വല്ലവരെയും താങ്കള്‍ അറിയുമോ? (ഇല്ല)
ഞാന്‍ മരിച്ചുപോയാല്‍ പിന്നെ ജീവനുള്ളവനായി (ഖബ്‌റില്‍ നിന്നു) പുറത്തേക്ക് കൊണ്ടുവരപ്പെടുമോ എന്നു മനുഷ്യന്‍ ചോദിക്കുന്നു.
നിശ്ചയമായും അവനെ നാം ആദ്യം സൃഷ്ടിച്ചു. അതിന്നു മുമ്പ് അവന്‍ ഉണ്ടായിരുന്നേയില്ല (എന്ന യാഥാര്‍ത്ഥ്യം) മനുഷ്യന്‍ ഓര്‍ക്കുന്നില്ലേ?
അതിനാല്‍, താങ്കളുടെ രക്ഷിതാവിനെ തന്നെ സത്യം, നിശ്ചയമായും അവരെയും പിശാചുക്കളെയും നാം ഒരുമിച്ചുകൂട്ടും. എന്നിട്ട് മുട്ടുകുത്തിയവരായ നിലയില്‍ നരകത്തിന്നു ചുറ്റും അവരെ നാം ഹാജരാക്കുകതന്നെ ചെയ്യുന്നതാണ്.
പിന്നീട് അവരില്‍വെച്ചു കരുണാനിധിയായ അല്ലാഹുവിനോട് അതികഠിനമായി ധിക്കാരം കാണിച്ചിരുന്നവരാരോ അവരെ എല്ലാ സമുദായത്തില്‍നിന്നും നാം വേര്‍ത്തിരിച്ചു നിറുത്തും.
നരകത്തില്‍ കടന്നു കരിയുവാന്‍ ഏറ്റവും അവകാശപ്പെട്ടവര്‍ അവരില്‍ ആരെന്നു നമുക്കു തന്നെ നല്ലവണ്ണം അറിയാം.
ആ നരകത്തില്‍ നിങ്ങളില്‍ ആരും തന്നെ പ്രവേശിക്കാതിരിക്കില്ല. അതു താങ്കളുടെ രക്ഷിതാവിന്റെ തീരുമാനിക്കപ്പെട്ട ബാദ്ധ്യതയാകുന്നു.
പിന്നീട്, ഭയഭക്തിയോടെ ജീവിച്ചിരുന്നവരെ അതില്‍നിന്നും നാം രക്ഷപ്പെടുത്തും. അക്രമികളെ മുട്ടുകുത്തിയവരായിക്കൊണ്ടു അതില്‍ നാം വിടുന്നതാണ്.
നമ്മുടെ വ്യക്തമായ ആയത്തുകള്‍ അവരെ ഓതിക്കേള്‍പ്പിക്കപ്പെടുമ്പോള്‍ 'രണ്ടുകക്ഷികളില്‍ ഏതാണ് ഏറ്റവും ഉത്തമ സ്ഥാനമുള്ളവരും നല്ല സദസ്യരു'മെന്നു സത്യ നിഷേധികള്‍ സത്യവിശ്വാസികളോട് ചോദി ക്കും.
ഇവര്‍ക്ക് മുമ്പ് എത്ര തലമുറകളെയാണ് നാം നശിപ്പിച്ചു കളഞ്ഞിട്ടുള്ളത്! ജീവിത സാമഗ്രികളിലും കാഴ്ചയിലും അവര്‍ ഇവരെക്കാള്‍ എത്രയോ മെച്ചപ്പെട്ടവരായിരുന്നു.
പറയുക: ആരെങ്കിലും ദുര്‍മാര്‍ഗത്തില്‍ ചലിക്കയാണെങ്കില്‍ കരുണാനിധിയായ അല്ലാഹു അവന്നു അവധി നീട്ടികൊടുക്കും. അങ്ങനെ അവര്‍ക്ക് താക്കീതു നല്‍കപ്പെടുന്നതു-ഒന്നുകില്‍ ശിക്ഷ അല്ലെങ്കില്‍ അന്ത്യനാള്‍-നേരില്‍ കാണുമ്പോള്‍, ആരാണ് ഏറ്റ വും ചീത്തസ്ഥാനമുള്ളവരെന്നും ഏറ്റവും ബലഹീന സംഘമുള്ളവരെന്നും അവര്‍ ഗ്രഹിച്ചുകൊള്ളും.
സന്‍മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ക്ക് അല്ലാഹു സന്‍മാര്‍ഗ(ബോധ)ം വര്‍ദ്ധിപ്പിച്ചു കൊടുക്കും. അവശേഷിക്കുന്ന നല്ല കാര്യങ്ങള്‍ താങ്കളുടെ രക്ഷിതാവിങ്കല്‍ ഉത്തമ പ്രതിഫലവും നല്ല പരിണാമ ഫലവുമുള്ളതാകുന്നു.
നമ്മുടെ ലക്ഷ്യങ്ങളില്‍ അവിശ്വസിക്കുകയും (അതേസമയം) 'എനിക്കു ധനവും സന്താനവും നല്‍കപ്പെടു'മെന്നു (സത്യം ചെയ്തുറപ്പിച്ചു) പറയുകയും ചെയ്തവനെ താങ്കള്‍ കണ്ടുവോ?
അവന്‍ അദൃശ്യകാര്യം നോക്കി കണ്ടിരിക്കുന്നുവോ? അതോ കരുണാനിധിയായ അല്ലാഹുവിങ്കല്‍നിന്നു വല്ല ഉടമ്പടിയും സമ്പാദിച്ചിട്ടുണ്ടോ?
അങ്ങനെയില്ല. അവന്‍ പറയുന്നതു നാം രേഖപ്പെടുത്തും. അവന്നു നാം ശിക്ഷ ഏറ്റിയേറ്റി കൊടുക്കുന്നതുമാകുന്നു.
താന്‍ (അഹന്ത) പറയുന്നത് (ധനവും സന്താനവും) അവനില്‍ നിന്നു നാം എടുത്തുമാറ്റുകയും അവന്‍ നമ്മുടെ അടുക്കല്‍ ഏകനായി വരികയും ചെയ്യുന്നതാണ്.
തങ്ങള്‍ക്കു സഹായ ശക്തികളായിത്തീരേണ്ടതിന്നു സത്യനിഷേധികള്‍ അല്ലാഹുവിന്നു പുറമെ മറ്റുചില ഇലാഹുകളെ സ്ഥാപിച്ചിരിക്കുന്നു.
അതൊരിക്കലും നടക്കുകയില്ല. ഇവര്‍ ആരാധിച്ചകാര്യം തന്നെ അവര്‍ പിന്നീട് നിഷേധിക്കും. അവര്‍ ഇവര്‍ക്കു (ആരാധിച്ചവര്‍ക്കു) എതിരായിത്തീരുകയും ചെയ്യുന്നതാണ്.
സത്യനിഷേധികളിലേക്കു അവരെ ഇളക്കിവിട്ടുകൊണ്ടിരിക്കുന്ന നിലയില്‍ പിശാചുക്കളെ നിശ്ചയമായും നാം അയച്ചിരിക്കുന്നുവെന്നതു താങ്കള്‍ കണ്ടില്ലേ?
അതുകൊണ്ടു അവരുടെ കാര്യത്തില്‍ താങ്കള്‍ ധൃതി കൂട്ടേണ്ടതില്ല. അവര്‍ക്കു (സമയമാകുന്നത്) നാം എണ്ണിയെണ്ണിക്കൊണ്ടിരിക്കുക തന്നെയാണ്.
അല്ലാഹുവിന്റെ വിധിവിലക്കുകള്‍ സ്വീകരിച്ചു നടന്നവരെ കരുണാനിധിയായ അല്ലാഹുവിങ്കല്‍ വാഹനം കയറിയവരായിക്കൊണ്ടു നാം ഒരുമിച്ചുകൂട്ടുന്നദിവസം (ഓര്‍ക്കുക).
കുറ്റവാളികളെ ദാഹിച്ചവരായി നരകത്തിലേക്ക് നാം തെളിച്ചു കൊണ്ടുപോകുന്ന ദിവസത്തെയും (ഓര്‍ക്കുക).
അല്ലാഹുവിങ്കല്‍ ഒരു കരാര്‍ ഉണ്ടാക്കിവെച്ചിട്ടുള്ളവന്നല്ലാതെ (അന്നു) ശുപാര്‍ശക്ക് അധികാരമുണ്ടായിരിക്കുന്നതല്ല.
കരുണാനിധിയായ അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നുവെന്നു അവര്‍ പറയുന്നു.
(ഹേ ജനങ്ങളേ,) അതിഗൗരവമായ ഒരു കാര്യമാണ് (ഈ ആരോപണം മുഖേന) നിങ്ങള്‍ ചെയ്തിരിക്കുന്നത്.
ഇത്മൂലം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും ഭൂമികീറിപ്പോകുകയും പര്‍വ്വതങ്ങള്‍ പൊളിഞ്ഞുവീഴുകയും ചെയ്യാറാകുന്നു-
കരുണാനിധിയായ അല്ലാഹുവിന്നു സന്താനമുണ്ടെന്നു അവര്‍ അരോപിച്ചതിനാല്‍.
വാസ്തവത്തില്‍ സന്താനത്തെ സ്വീകരിക്കുക എന്നത് കരുണാനിധിയായ അല്ലാഹുവിന്നു ഒട്ടും അനുയോജ്യമല്ല തന്നെ.
ആകാശ ഭൂമികളിലുള്ളവരെല്ലാം തന്നെകരുണാനിധിയായ അല്ലാഹുവിന്റെ സന്നിധിയില്‍ അവന്റെ ദാസന്മാരായി വരുന്നവര്‍ മാത്രമാകുന്നു.
നിശ്ചയമായും അവരെയെല്ലാം അവന്‍ കൃത്യമായി അറിയുകയും ശരിക്കു എണ്ണിക്കണക്കാക്കുകയും ചെയ്തിട്ടുണ്ട്.
അവരില്‍ ഓരോരുത്തനും അന്ത്യനാളില്‍ അവന്റെയടുക്കല്‍ ഏകനായി വരുന്ന താണ്.
നിശ്ചയമായും സത്യവിശ്വാസം കൈകൊള്ളുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരാകട്ടെ അവര്‍ക്ക് കരുണാനിധിയായ അല്ലാഹു സ്‌നേഹം സ്ഥാപിച്ചുകൊടുക്കുന്നതാണ്.
എന്നാല്‍ തീര്‍ച്ചയായും ഈ ഖുര്‍ആനെ താങ്കളുടെ ഭാഷയില്‍ നാം ലളിതമാക്കിത്തന്നിരിക്കുന്നു. (എന്തിനെന്നോ?) ഇതുമുഖേന താങ്കള്‍ ഭയഭക്തിയുള്ളവര്‍ക്കു സന്തോഷവാര്‍ത്ത അറിയിക്കുവാനും ദുസ്തര്‍ക്കികളായ ജനതയെ താക്കീതു ചെയ്യുവാനും വേണ്ടി.
എത്രയോ തലമുറകളെ ഇവര്‍ക്കു മുമ്പ് നാം നശിപ്പിച്ചു കളഞ്ഞിട്ടുണ്ട്. താങ്കള്‍ അവരില്‍ ആരെയെങ്കിലും ഇന്നു കാണുന്നുണ്ടോ? അല്ലെങ്കില്‍ അവരുടെ ലഘുശബ്ദമെങ്കിലും കേള്‍ക്കുന്നുണ്ടോ?