ആകാശ ഭൂമികളിലുള്ളവയെല്ലാം അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തനം ചെയ്യുന്നു. രാജാധിപതിയും മഹാപരിശുദ്ധനും പ്രതാപശാലിയും അഗാധജ്ഞനുമായവന്‍.
അൽ ജുമുഅ الجمعة Al-Jumuah
സൂറത്ത് അൽ ജുമുഅ (Al-Jumuah), ഖുർആൻ അധ്യായം 62 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 11 ആയത്തുകൾ വായിക്കുക. Read Surah Al-Jumuah with Arabic text and മലയാളം translation.
അക്ഷരജ്ഞാനമില്ലാത്തവരില്‍, അവരില്‍ നിന്നുതന്നെയുള്ള ഒരു റസൂലിനെ നിയോഗിച്ചവനാണവന്‍. അവന്റെ ആയത്തുകളെ അദ്ദേഹം അവര്‍ക്ക് ഓതിക്കൊടുക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നു. നിശ്ചയമായും അവര്‍ അതിനുമുമ്പ് വ്യക്തമായ വഴിപിഴവില്‍ തന്നെയായിരുന്നു.
അവരില്‍ പെട്ട മറ്റു ചിലരുടെ അടുക്കലേക്കുമാണ് (അദ്ദേഹത്തെ അയച്ചിരിക്കുന്നത്); അവര്‍ ഇവരോടൊപ്പം എത്തിച്ചേര്‍ന്നുകഴിഞ്ഞിട്ടില്ല. അവന്‍ പ്രതാപശാലിയും അഗാധജ്ഞനുമാകുന്നു.
അത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവനുദ്ദേശിക്കുന്നവര്‍ക്ക് അത് അവന്‍ നല്‍കുന്നു. അല്ലാഹു മികച്ച അനുഗ്രഹമുള്ളവനാകുന്നു.
തൗറാത്തനുസരിച്ച് നടക്കുവാന്‍ ചുമതലപ്പെടുത്തപ്പെടുകയും പിന്നെ ആ ചുമതല നിര്‍വഹിക്കാതിരിക്കുകയും ചെയ്തവരുടെ സ്ഥിതി, വലിയ ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതകളുടെ മാതിരിയാണ്. അല്ലാഹുവിന്റെ ലക്ഷ്യങ്ങളെ നിഷേധിച്ച ജനതയുടെ ഉപമ എത്ര ചീത്ത! അക്രമികളായ ജനതയെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
(നബിയേ,) താങ്കള്‍ പറയുക: യഹൂദികളേ, മറ്റു മനുഷ്യരെക്കൂടാതെ തങ്ങള്‍ മാത്രം അല്ലാഹുവിന് മിത്രങ്ങളാണെന്ന് നിങ്ങള്‍ ജല്‍പിക്കുകയാണെങ്കില്‍ നിങ്ങള്‍ മരണത്തെ ഒന്ന് കൊതിക്കുക. നിങ്ങള്‍ സത്യവാദികളാണെങ്കില്‍!
അവരുടെ കരങ്ങള്‍ മുന്‍കൂട്ടി ചെയ്തുവെച്ചതു നിമിത്തം ഒരിക്കലും അവരതിന് കൊതിക്കുകയില്ല. അക്രമികളെക്കുറിച്ച് അല്ലാഹു നന്നായി അറിയുന്നവനാകുന്നു.
(നബിയേ,) പറയുക: ഏതൊരു മരണത്തില്‍ നിന്ന് നിങ്ങള്‍ ഓടിപ്പോകുന്നുണ്ടോ അത് നിങ്ങളുമായി കണ്ടുമുട്ടുക തന്നെ ചെയ്യും. പിന്നീട് അദൃശ്യകാര്യങ്ങളും ദൃശ്യകാര്യങ്ങളും അറിയുന്നവന്റെ അടുത്തേക്ക് നിങ്ങള്‍ മടക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അവന്‍ നിങ്ങളെ വിവരം അറിയിക്കുന്നതാണ്.
സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്‌കാരത്തിലേക്ക് വിളിക്കപ്പെട്ടാല്‍ അല്ലാഹുവിന്റെ സ്മരണയിലേക്ക് നിങ്ങള്‍ പോകുകയും കച്ചവടം വിട്ടേക്കുകയും ചെയ്യുക. അത് നിങ്ങള്‍ക്ക് ഗുണകരമാണ്; നിങ്ങള്‍ അറിയുന്നവരായിട്ടുണ്ടെങ്കില്‍!
എന്നിട്ട് നമസ്‌കാരം നിര്‍വഹിക്കപ്പെട്ടാല്‍ നിങ്ങള്‍ വ്യാപരിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് അന്വേഷിക്കുകയും അല്ലാഹുവിനെ അധികമായി ഓര്‍ക്കുകയും ചെയ്യുക; നിങ്ങള്‍ വിജയം നേടുവാന്‍ വേണ്ടി.
ഒരു കച്ചവടമോ വിനോദമോ കണ്ടാല്‍ അതിലേക്കവര്‍ പിരിഞ്ഞുപോകയും നില്‍ക്കുന്നവരായിരിക്കെ താങ്കളെ ഉപേക്ഷിക്കുകയും ചെയ്യുന്നു. പറയുക: അല്ലാഹുവിങ്കല്‍ ഉള്ളത് വിനോദത്തെക്കാളും കച്ചവടത്തെക്കാളും ഉത്തമമാകുന്നു. അല്ലാഹു ഉപജീവനം നല്‍കുന്നവരില്‍ ഉത്തമനത്രെ.