ആകാശ ഭൂമികളിലുള്ളവയെല്ലാം അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തനം ചെയ്യുന്നു. അവന്‍ പ്രതാപശാലിയും അഗാധജ്ഞനുമാകുന്നു.
അസ്സഫ്ഫ് الصف As-Saff
സൂറത്ത് അസ്സഫ്ഫ് (As-Saff), ഖുർആൻ അധ്യായം 61 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 14 ആയത്തുകൾ വായിക്കുക. Read Surah As-Saff with Arabic text and മലയാളം translation.
സത്യവിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്തത് പറയുന്നതെന്തിനാണ്?
ചെയ്യാത്തത് നിങ്ങള്‍ പറയുക എന്നത് അല്ലാഹുവിങ്കല്‍ വളരെ ക്രോധകരമായിട്ടുള്ളതാകുന്നു.
ഓരായമായി നിര്‍മിക്കപ്പെട്ട ഒരു മതിലെന്ന പോലെ അണിയായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവരെ അവന്‍ ഇഷ്ടപ്പെടുക തന്നെ ചെയ്യുന്നു.
മൂസാ തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): 'എന്റെ ജനങ്ങളേ, നിങ്ങള്‍ എന്തിനാണ് എന്നെ വിഷമിപ്പിക്കുന്നത്? ഞാന്‍ നിങ്ങളിലേക്കുള്ള അല്ലാഹുവിന്റെ ദൂതനാണെന്ന് നിങ്ങള്‍ക്കു തന്നെ അറിയാമല്ലോ.' അങ്ങനെ അവര്‍ സത്യത്തില്‍ നിന്ന് വ്യതിചലിച്ചപ്പോള്‍ അവരുടെ ഹൃദയങ്ങളെ അല്ലാഹു (നേര്‍മാര്‍ഗത്തില്‍ നിന്ന്) തെറ്റിച്ചുകളഞ്ഞു. ധിക്കാരികളായ ജനതയെ അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല.
മര്‍യമിന്റെ പുത്രന്‍ ഈസാ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): ഇസ്രാഈല്യരേ, നിശ്ചയമായും ഞാന്‍ നിങ്ങളിലേക്ക് അല്ലാഹുവിന്റെ റസൂലാകുന്നു. എന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെച്ചവനായിക്കൊണ്ടും എന്റെ ശേഷം വരുന്ന അഹ്മദ് എന്നു പേരുള്ള ഒരു റസൂലിനെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും (ആകുന്നു ഞാന്‍ നിയുക്തനായിട്ടുള്ളത്).(6) അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുക്കല്‍ വന്നപ്പോള്‍, ഇത് (ഇദ്ദേഹം കൊണ്ടുവന്നത്) വ്യക്തമായ ജാലമാണെന്ന് അവര്‍ പറഞ്ഞു.
അല്ലാഹുവിനെപ്പറ്റി കള്ളം കെട്ടിച്ചമക്കുന്നവനേക്കാള്‍ അക്രമി ആരുണ്ട്! അവനാകട്ടെ, ഇസ്‌ലാമിലേക്ക് ക്ഷണിക്കപ്പെടുന്നു. (എന്നിട്ടും?) അക്രമികളായ ജനതയെ അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല.
തങ്ങളുടെ വായ കൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ കെടുത്തിക്കളയുവാന്‍ അവരുദ്ദേശിക്കുന്നു. അല്ലാഹുവാകട്ടെ-സത്യനിഷേധികള്‍ വെറുത്താലും ശരി-തന്റെ പ്രകാശത്തെ പൂര്‍ത്തിയാക്കുന്നവനാകുന്നു.
അവന്‍ തന്റെ റസൂലിനെ സന്മാര്‍ഗത്തോടും സത്യമതത്തോടും കൂടി അയച്ചിട്ടുള്ളവനാണ്. (ലോകത്തുള്ള) എല്ലാ മതത്തേക്കാളും അതിനെ (വിജയിപ്പിച്ചു) പ്രത്യക്ഷപ്പെടുത്തുവാന്‍ വേണ്ടി-ബഹുദൈവ വിശ്വാസികള്‍ അത് വെറുത്താലും ശരി.
സത്യവിശ്വാസികളേ, വേദനാജനകമായ ശിക്ഷയില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷ നല്‍കുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാന്‍ അറിയിച്ചുതരട്ടെയോ?
നിങ്ങള്‍ അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കണം. സ്വന്തം സ്വത്തുക്കള്‍ കൊണ്ടും ദേഹങ്ങള്‍ കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ യുദ്ധം ചെയ്യണം. അത് നിങ്ങള്‍ക്ക് ഉത്തമമാകുന്നു, നിങ്ങള്‍ക്ക് അറിയാമെങ്കില്‍.
എന്നാല്‍, നിങ്ങളുടെ പാപങ്ങള്‍ അവന്‍ നിങ്ങള്‍ക്ക് പൊറുത്തുതരും. താഴ്ഭാഗങ്ങളില്‍ കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളിലും സ്ഥിരവാസത്തിന്റെ സ്വര്‍ഗങ്ങളിലുള്ള വിശിഷ്ട വാസസ്ഥലങ്ങളിലും നിങ്ങളെ അവന്‍ പ്രവേശിപ്പിക്കുകയും ചെയ്യും. അത് മഹത്തായ വിജയം തന്നെയാണ്.
നിങ്ങള്‍ ഇഷ്ടപ്പെടുന്ന മറ്റൊരു അനുഗ്രഹവും (അവന്‍ നിങ്ങള്‍ക്ക് നല്‍കും). അത് അല്ലാഹുവിങ്കല്‍ നിന്നുള്ള സഹായവും ആസന്നവിജയവുമാണ്. (നബിയേ,) സത്യവിശ്വാസികള്‍ക്ക് താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക.
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെ സഹായികളായിത്തീരുക. മര്‍യമിന്റെ പുത്രന്‍ ഈസാ ഹവാരിയ്യുകളോട്, അല്ലാഹുവിങ്കലേക്കു(ള്ള മാര്‍ഗത്തില്‍) എന്നെ സഹായിക്കുന്നവര്‍ ആരാണ് എന്നു പറഞ്ഞതുപോലെ. (അപ്പോള്‍) ഹവാരിയ്യുകള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാണ്. (ഇതുപ്രകാരം നിങ്ങളും ആയിത്തീരുക.) എന്നിട്ട് ഇസ്രാഈല്യര്‍ ഒരു വിഭാഗം വിശ്വസിക്കുകയും ഒരു വിഭാഗം നിഷേധിക്കുകയും ചെയ്തു. അപ്പോള്‍ വിശ്വസിച്ചവര്‍ക്ക് അവരുടെ ശത്രുവിനെതിരില്‍ നാം ശക്തി നല്‍കി. അങ്ങനെ അവര്‍ വിജയം നേടിയവരായിത്തീര്‍ന്നു.