(നബിയേ,) താങ്കളുടെ അടുക്കല്‍ കപടവിശ്വാസികള്‍ വരുമ്പോള്‍ 'നിശ്ചയമായും താങ്കള്‍ അല്ലാഹുവിന്റെ റസൂല്‍ തന്നെയാണെന്ന് ഞങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു' എന്നവര്‍ പറയും. താങ്കള്‍ അല്ലാഹുവിന്റെ റസൂല്‍ തന്നെയാണെന്ന് അല്ലാഹുവിനറിയാം. കപടവിശ്വാസികള്‍ കള്ളം പറയുന്നവര്‍ തന്നെയാണെന്ന് അല്ലാഹു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
അൽ മുനാഫിഖൂൻ المنافقون Al-Munafiqun
സൂറത്ത് അൽ മുനാഫിഖൂൻ (Al-Munafiqun), ഖുർആൻ അധ്യായം 63 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 11 ആയത്തുകൾ വായിക്കുക. Read Surah Al-Munafiqun with Arabic text and മലയാളം translation.
അവര്‍ തങ്ങളുടെ സത്യങ്ങളെ ഒരു മറയാക്കിവെച്ചിരിക്കയാണ്. അങ്ങനെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് അവര്‍ (ജനങ്ങളെ) തടയുന്നു. നിശ്ചയമായും അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് വളരെ ചീത്ത തന്നെ!
അത് അവര്‍ (നാവു കൊണ്ടുമാത്രം) വിശ്വസിക്കുകയും (ഹൃദയം കൊണ്ട്) നിഷേധിക്കുകയും ചെയ്തതുകൊണ്ടാണ്. അതിനാല്‍ അവരുടെ ഹൃദയങ്ങള്‍ക്ക് മുദ്ര വെക്കപ്പെട്ടിരിക്കുന്നു. ആകയാല്‍ അവര്‍ (സത്യം) ഗ്രഹിക്കുന്നില്ല.
അവരെ നീ കണ്ടാല്‍ അവരുടെ ശരീരങ്ങള്‍ നിന്നെ അത്ഭുതപ്പെടുത്തും; സംസാരിക്കയാണെങ്കില്‍ അവര്‍ പറയുന്നത് നീ ശ്രദ്ധിച്ചുകേള്‍ക്കുകയും ചെയ്യും. ചാരി വെക്കപ്പെട്ട മരത്തടികളെന്നോണമാണവര്‍. എല്ലാ ശബ്ദവും തങ്ങള്‍ക്കെതിരാണെന്ന് അവര്‍ വിചാരിക്കും. അവര്‍ ശത്രുക്കളാണ്; ആകയാല്‍ അവരെ സൂക്ഷിച്ചുകൊള്ളുക. അല്ലാഹു അവരെ ശപിക്കട്ടെ. എങ്ങനെയാണവര്‍ (സത്യം വിട്ട്) തെറ്റിക്കപ്പെടുന്നത്!
വരൂ, അല്ലാഹുവിന്റെ റസൂല്‍ നിങ്ങള്‍ക്ക് പാപമോചനത്തിനായി തേടിക്കൊള്ളും എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ തങ്ങളുടെ തലകള്‍ തിരിച്ചുകളയും. അഹംഭാവം നടിച്ചവരായും കൊണ്ട് അവര്‍ തിരിഞ്ഞുപോകുന്നതായി താങ്കള്‍ കാണുകയും ചെയ്യും.
താങ്കള്‍ അവര്‍ക്ക് പാപമോചനത്തിന് തേടലും തേടാതിരിക്കലും അവരില്‍ സമമാണ്-അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുന്നതേയല്ല. ധിക്കാരികളായ ജനതയെ അല്ലാഹു നേര്‍മാര്‍ഗത്തില്‍ ചേര്‍ത്തിക്കൊടുക്കുകയില്ല തന്നെ.
'അല്ലാഹുവിന്റെ റസൂലിനോട് കൂടെയുള്ളവര്‍ക്ക് നിങ്ങള്‍ (ഒന്നും) ചെലവ് ചെയ്യരുത്. അവര്‍ ഒഴിഞ്ഞുപോകുവാന്‍ വേണ്ടി' എന്ന് പറയുന്നവരാണവര്‍. ആകാശഭൂമികളുടെ ഭണ്ഡാരങ്ങള്‍ അല്ലാഹുവിനുള്ളതാണ്. പക്ഷേ, കപടവിശ്വാസികള്‍ (അത്) ഗ്രഹിക്കുന്നില്ല.
നാം മദീനയിലേക്ക് മടങ്ങിച്ചെന്നാല്‍ കൂടുതല്‍ അന്തസ്സുള്ളവര്‍ ഏറ്റവും താഴ്ന്നവരെ അവിടെ നിന്ന് പുറത്താക്കുകതന്നെ ചെയ്യും എന്നവര്‍ പറയുന്നു. അന്തസ്സ് അല്ലാഹുവിനും അവന്റെ റസൂലിനും സത്യവിശ്വാസികള്‍ക്കുമാണ്താനും. പക്ഷേ, കപടവിശ്വാസികള്‍ (അത്) അറിയുന്നില്ല.
സത്യവിശ്വാസികളേ, നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അല്ലാഹുവിന്റെ സ്മരണയില്‍ നിന്ന് നിങ്ങളെ അശ്രദ്ധയിലാക്കാതിരിക്കട്ടെ. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍ അവര്‍ തന്നെയാണ് നഷ്ടപ്പെട്ടവര്‍.
നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുക. നിങ്ങളില്‍ ഓരോരുത്തനും മരണം വന്നെത്തുകയും അപ്പോള്‍ 'എന്റെ രക്ഷിതാവേ, അടുത്ത ഒരവധി വരെ എന്നെ പിന്തിച്ചുകൂടേ; എന്നാല്‍ ഞാന്‍ ധര്‍മം ചെയ്യുകയും സദ്‌വൃത്തരുടെ കൂട്ടത്തില്‍ ആയിത്തീരുകയും ചെയ്യുമായിരുന്നല്ലോ' എന്നു പറഞ്ഞേക്കുകയും ചെയ്യുന്നതിനു മുമ്പ്.
ഒരാളെയും അവന്റെ അവധി എത്തിയാല്‍ അല്ലാഹു പിന്തിക്കുകയില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു.