ഹേ സത്യവിശ്വാസികളേ, നിങ്ങള്‍ കരാറുകള്‍ പൂര്‍ത്തീകരിക്കുക. ഒട്ടകം, മാട്, ആട് എന്നീവര്‍ഗത്തില്‍ പെട്ട മൃഗങ്ങളെ നിങ്ങള്‍ക്കു ഭക്ഷണമായി അനുവദിക്കപ്പെട്ടിരിക്കുന്നു; താഴെ പറയപ്പെടുന്നവയൊഴികെ. ഹജ്ജ്-ഉംറക്ക് ഇഹ്‌റാം ചെയ്തവരായിരിക്കെ നിങ്ങള്‍ വേട്ട അനുവദനീയമാക്കരുത്. നിശ്ചയം, താനുദ്ദേശിക്കുന്നത് അല്ലാഹു വിധിക്കുന്നു.
അൽ മാഇദ المائدة Al-Maidah
സൂറത്ത് അൽ മാഇദ (Al-Maidah), ഖുർആൻ അധ്യായം 5 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 120 ആയത്തുകൾ വായിക്കുക. Read Surah Al-Maidah with Arabic text and മലയാളം translation.
സത്യവിശ്വാസികളേ, അല്ലാഹുവിന്റെ സമാദൃത ചിഹ്നങ്ങളെയും പുണ്യമാസത്തെയും ഹറമിലേക്കുള്ള ബലിമൃഗത്തെയും അവയുടെ കഴുത്തിലിട്ട അടയാളങ്ങളെയും തങ്ങളുടെ നാഥന്റെ ഔദാര്യവും സംതൃപ്തിയും കാംക്ഷിച്ച് പുണ്യഭവനം ലക്ഷീകരിച്ചു പോകുന്ന തീര്‍ത്ഥാടകരെയും നിങ്ങള്‍ അനാദരിക്കരുത്. എന്നാല്‍, ഇഹ്‌റാമില്‍ നിന്ന് 'തഹല്ലുലായാല്‍' വേട്ടയാകാം. മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുന്നതിന് നേരത്തെ നിങ്ങളെ ഉപരോധിച്ചിരുന്നു എന്നതിനാല്‍ ഒരു വിഭാഗത്തോടുള്ള വിദ്വേഷം, അതിക്രമം കാട്ടുന്നതിന് ഒരിക്കലും നിങ്ങള്‍ക്കു പ്രേരകമായിക്കൂടാ. നന്മയുടേതും ഭക്തിയുടേതുമായ വിഷയങ്ങളില്‍ നിങ്ങള്‍ അന്യോന്യം സഹായിക്കണം; കുറ്റത്തിലും അതിക്രമത്തിലും പരസ്പര സഹകരണം പാടില്ല. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക; കഠിന ശിക്ഷ നല്‍കുന്നവനാണവന്‍.
ശവം, രക്തം, പന്നിയിറച്ചി, അല്ലാഹു അല്ലാത്തതിന്റെ പേരുചൊല്ലിയറുക്കപ്പെട്ടത്, ശ്വാസം മുട്ടി ചത്തത്, തല്ലിക്കൊന്നത്, വീണോ കുത്തേറ്റോ ചത്തത്, വന്യമൃഗം തിന്നത് എന്നിവ -ജീവന്‍ പോകും മുമ്പ് അറുത്തതൊഴികെ- നിങ്ങള്‍ക്കു നിഷിദ്ധമാണ്. ബിംബങ്ങള്‍ക്കുവേണ്ടി അറുക്കപ്പെട്ടതും അമ്പുകള്‍ കൊണ്ട് ഭാഗ്യം നോക്കലും അനനുവദനീയമത്രേ. ഇവയത്രയും ദുര്‍മാര്‍ഗമാകുന്നു. നിങ്ങളുടെ മതത്തെക്കുറിച്ച് നിഷേധികള്‍ ഇന്നു നിരാശയിലായിക്കഴിഞ്ഞിരിക്കുന്നു; അതുകൊണ്ട് അവരെപ്പേടിക്കേണ്ട, എന്നെ ഭയപ്പെടുക. നിങ്ങള്‍ക്കു ഇന്നു ഞാന്‍ നിങ്ങളുടെ മതം പൂര്‍ത്തീകരിച്ചു തരികയും എന്റെ അനുഗ്രഹം സമഗ്രമാക്കുകയും ഇസ്‌ലാമിനെ മതമായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു. ഇനി കുറ്റവാളിയായല്ലാതെ കഠിന വിശപ്പുമൂലം നിഷിദ്ധഭോജ്യം കഴിക്കാനൊരാള്‍ നിര്‍ബന്ധിതനാകുന്നുവെങ്കില്‍ അതാകാം; കാരണം അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനും തന്നെയാകുന്നു.
തങ്ങള്‍ക്ക് അനുവദനീയമായ ഭക്ഷ്യവസ്തുക്കള്‍ എന്തൊക്കെയാണെന്ന് താങ്കളോടവര്‍ ചോദിക്കുന്നു. ഇങ്ങനെ മറുപടി നല്‍കുക: ഉത്തമവസ്തുക്കളെല്ലാം നിങ്ങള്‍ക്കനുവദനീയമാണ്. അല്ലാഹു അഭ്യസിപ്പിച്ചതനുസരിച്ച് നിങ്ങള്‍ പരിശീലിപ്പിച്ചെടുത്ത നായാട്ടു മൃഗങ്ങള്‍ പിടിച്ചു തരുന്നതും തിന്നുക; അതിന്മേല്‍ ബിസ്മി ചൊല്ലുകയും വേണം. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുക. അതിവേഗം കണക്കുനോക്കുന്നവനാണവന്‍.
ഉത്തമവസ്തുക്കളൊക്കെ ഇന്നു നിങ്ങള്‍ക്കനുവദനീയമാണ്. വേദക്കാരുടെ ആഹാരം നിങ്ങള്‍ക്കും നിങ്ങളുടേത് അവര്‍ക്കും അനുവദിക്കപ്പെട്ടിരിക്കുന്നു. സത്യവിശ്വാസികളായ പതിവ്രതകളും നേരത്തെ വേദം നല്‍കപ്പെട്ടവരിലെ പതിവ്രതകളും നിങ്ങള്‍ക്കനുവദനീയം തന്നെ- പാതിവ്രത്യ സംരക്ഷണമുദ്ദേശിച്ചും, വ്യഭിചാരികളായും കാമുകിമാരെ വരിച്ചുമല്ലാതെയും അവര്‍ക്ക് നിങ്ങള്‍ വിവാഹ മൂല്യം നല്‍കിയാല്‍. ഒരാള്‍ സത്യവിശ്വാസം കൈവെടിഞ്ഞാല്‍ അവന്റെ കര്‍മങ്ങളത്രയും തകര്‍ന്നു. പരലോകത്ത് അവന്‍ നഷ്ടക്കാരില്‍ പെട്ടവനാകുന്നു.
സത്യവിശ്വാസികളേ, നമസ്‌കരിക്കാനുദ്ദേശിച്ചാല്‍ നിങ്ങള്‍ മുഖങ്ങളും മുട്ടുവരെ കൈകളും കഴുകണം. തല തടവുകയും ഞെരിയാണിവരെ ഇരുകാലുകളും കഴുകുകയും ചെയ്യുക. വലിയ അശുദ്ധി (ജനാബത്ത്) ഉണ്ടെങ്കില്‍ കുളിച്ചു ശുദ്ധിയാവണം. ഇനി നിങ്ങള്‍ രോഗികളോ യാത്രക്കാരോ ആയി, അല്ലെങ്കില്‍ മലമൂത്ര വിസര്‍ജ്ജനം നിര്‍വഹിക്കുകയോ സ്ത്രീ സംസര്‍ഗം നടത്തുകയോ ചെയ്തു. എന്നിട്ട് വെള്ളം ലഭിച്ചില്ലെങ്കില്‍ 'തയമ്മും' ചെയ്യാന്‍ നല്ലമണ്ണെടുക്കുകയും അതുകൊണ്ട് മുഖവും കൈകളും തടവുകയും ചെയ്യുക. നിങ്ങള്‍ക്ക് എന്തെങ്കിലും വിഷമമുണ്ടാകണമെന്നു അല്ലാഹു ഉദ്ദേശിക്കുന്നില്ല; നിങ്ങളെ ശുദ്ധീകരിക്കണമെന്നും നിങ്ങള്‍ കൃതജ്ഞരാവാന്‍ വേണ്ടി തന്റെ അനുഗ്രഹം പൂര്‍ത്തീകരിച്ചു തരണമെന്നുമാണ് അവന്റെ ഉദ്ദേശ്യം.
അല്ലാഹു ചെയ്തുതന്ന അനുഗ്രഹം നിങ്ങളനുസ്മരിക്കണം. 'ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നു' എന്നു നിങ്ങള്‍ പറഞ്ഞപ്പോള്‍ അവന്‍ വാങ്ങിയ ദൃഢമായ ഉടമ്പടിയും ഓര്‍ക്കുക. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കണം. മനസ്സുകളിലുള്ളത് നന്നായറിയുന്നവന്‍ തന്നെയാണ് അല്ലാഹു.
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നിലകൊള്ളുന്നവരും നീതിയുടെ സാക്ഷികളും ആവുക. ഒരു വിഭാഗത്തോടുള്ള രോഷം നീതിപാലിക്കാതിരിക്കുന്നതിനു നിങ്ങള്‍ക്കു പ്രേരകമാകരുത്. നീതിമുറുകെപ്പിടിക്കുക- അതാണ് ദൈവഭക്തിയോട് ഏറ്റം അടുത്തത്. അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങളുടെ ചെയ്തികളെക്കുറിച്ചെല്ലാം നന്നായറിയുന്നവന്‍ തന്നെയാണ് അല്ലാഹു.
സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവരോട്, പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ടെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു.
അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുകയും ചെയ്തവര്‍ നരകാവകാശികളാണ്.
സത്യവിശ്വാസികളേ, ഒരു വിഭാഗമാളുകള്‍ നിങ്ങളെ കൈയേറ്റം ചെയ്യാനുദ്ദേശിച്ചപ്പോള്‍ അല്ലാഹു അവരുടെ കരങ്ങളെ നിങ്ങളില്‍ നിന്നു തടുത്ത അനുഗ്രഹം അനുസ്മരിക്കുക. നിങ്ങള്‍ ദൈവഭക്തിയുള്ളവരാകണം. സത്യവിശ്വാസികള്‍ അല്ലാഹുവിങ്കല്‍ കാര്യങ്ങള്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ.
ഇസ്രയേല്യരോട് അല്ലാഹു കരാര്‍ വാങ്ങുകയും അവരില്‍ നിന്നു പന്ത്രണ്ടു നായകരെ നിയോഗിക്കയും ഇങ്ങനെ പറയുകയുമുണ്ടായി: ഞാന്‍ നിങ്ങളൊന്നിച്ചുണ്ട്, നിങ്ങള്‍ യഥായോഗ്യം നമസ്‌കാരം നിലനിറുത്തുകയും സകാത്ത് നല്‍കുകയും എന്റെ ദൂതന്മാരെ വിശ്വസിക്കുകയും സഹായിക്കുകയും അല്ലാഹുവിനു മെച്ചപ്പെട്ട കടം നല്‍കുകയും ചെയ്യുന്നുവെങ്കില്‍ ഞാന്‍ നിങ്ങളുടെ പാപങ്ങള്‍ പൊറുക്കുന്നതും ചുവട്ടിലൂടെ അരുവികളൊഴുകുന്ന സ്വര്‍ഗങ്ങളില്‍ പ്രവേശിപ്പിക്കുന്നതുമാണ്. ഇങ്ങനെ കരാര്‍ ചെയ്തിട്ടും നിങ്ങളിലാരെങ്കിലും നിഷേധിയായാല്‍ അവന്‍ നേര്‍മാര്‍ഗത്തില്‍ നിന്നു പിഴച്ചുപോവുക തന്നെ ചെയ്തു.
അങ്ങനെ തങ്ങളുടെ കരാര്‍ ലംഘിച്ചതിനാല്‍ അവരെ നാം ശപിക്കുകയും അവരുടെ ഹൃദയങ്ങള്‍ കഠിനമാക്കുകയും ചെയ്തു. ദൈവിക വചനങ്ങള്‍ യഥാസ്ഥാനങ്ങളില്‍ നിന്ന് അവര്‍ വളച്ചൊടിക്കുകയും തങ്ങളോടനുശാസിക്കപ്പെട്ടതില്‍ നിന്നു വലിയൊരു ഭാഗം അവര്‍ മറന്നു കളയുകയുമുണ്ടായി. അവരുടെ ചതികള്‍ താങ്കള്‍ തന്നെ കണ്ടുകൊണ്ടിരിക്കുന്നുണ്ട്, ചുരുക്കം പേരില്‍ നിന്നൊഴികെ. അതുകൊണ്ട് അവര്‍ക്ക് മാപ്പ് കൊടുക്കുകയും വിട്ടുവീഴ്ച നല്‍കുകയും ചെയ്യുക. നിശ്ചയമായും പുണ്യം ചെയ്യുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നതാണ്.
ഞങ്ങള്‍ നസ്രാനികളാണ് എന്നു പറയുന്നവരില്‍ നിന്നും നാം കരാര്‍ വാങ്ങിയിരുന്നു. എന്നിട്ട്, തങ്ങള്‍ക്ക് ഉദ്‌ബോധനം നല്‍കപ്പെട്ടതില്‍ നിന്ന് ഒരു ഭാഗം അവര്‍ വിസ്മരിച്ചു കളഞ്ഞു. തന്മൂലം ഖിയാമനാള്‍ വരെയും അവര്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും നാം ഇളക്കിവിട്ടു. തങ്ങളുടെ ചെയ്തികളെപ്പറ്റി അവര്‍ക്ക് പിന്നീട് അല്ലാഹു അറിയിച്ചുകൊടുക്കുന്നതാണ്.
ഹേ വേദക്കാരേ, നമ്മുടെ ദൂതന്‍ മുഹമ്മദ് നബി ഇതാ നിങ്ങളിലേക്ക് വന്നിരിക്കുന്നു, വേദത്തില്‍ നിന്ന് നിങ്ങള്‍ മറച്ചുവെച്ചിരുന്ന മിക്ക കാര്യങ്ങളും വ്യക്തമാക്കിക്കൊണ്ടും നിങ്ങളുടെ ചെയ്തികളധികവും മാപ്പാക്കിക്കൊണ്ടും. അല്ലാഹുവിങ്കല്‍ നിന്ന് നിങ്ങള്‍ക്കിതാ ഒരു പ്രകാശവും സ്പഷ്ടമായ ഗ്രന്ഥവും വന്നുകിട്ടിയിരിക്കുന്നു.
അതു മുഖേന തന്റെ സംതൃപ്തി അനുധാവനം ചെയ്യുന്നവരെ അല്ലാഹു സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നതും അന്ധകാരങ്ങളില്‍ നിന്ന് തന്റെ അനുമതിയോടെ വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നതും ഋജുവായ പന്ഥാവിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുന്നതുമാണ്.
മര്‍യമിന്റെ പുത്രന്‍ മസീഹ് ഈസാ തന്നെയാണ് അല്ലാഹു എന്നു ജല്‍പിക്കുന്നവര്‍ തീര്‍ച്ചയായും സത്യനിഷേധികളായിരിക്കുന്നു. താങ്കള്‍ ചോദിക്കുക: എങ്കില്‍ അല്ലാഹു മസീഹുബ്‌നു മര്‍യമിനെയും മാതാവിനെയും ഭൂമിയിലുള്ള സകലരെയും നശിപ്പിക്കാനുദ്ദേശിച്ചാല്‍ അവനിലെന്തെങ്കിലും സ്വാധീനം ചെലുത്താന്‍ ആര്‍ക്കു സാധിക്കും? ആകാശ ഭൂമികളുടെയും അവക്കിടയിലുള്ളതിന്റെയും രാജാധിപത്യം അല്ലാഹുവിനാകുന്നു. താനുദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ എല്ലാ കാര്യത്തിനും കഴിവുറ്റവനത്രേ.
ഞങ്ങള്‍ അല്ലാഹുവിന്റെ മക്കളും ഇഷ്ടഭാജനങ്ങളുമാണെ'ന്നു ജൂതന്മാരും ക്രിസ്ത്യാനികളും ജല്‍പിക്കുന്നു. താങ്കള്‍ ചോദിക്കുക: എങ്കില്‍ പാപങ്ങള്‍ക്ക് നിങ്ങളെയവന്‍ ശിക്ഷിക്കുന്നതെന്തിന്? അല്ല, അവന്‍ സൃഷ്ടിച്ചവരില്‍ നിന്നുള്ള ചില മനുഷ്യര്‍ മാത്രമാണു നിങ്ങള്‍. താനുദ്ദേശിച്ചവര്‍ക്കവന്‍ പൊറുത്തുകൊടുക്കും, ഉദ്ദേശിച്ച വരെയവന്‍ ശിക്ഷിക്കും. ഭുവന-വാനങ്ങളുടെയും അവക്കിടയിലുള്ളതിന്റെയും ആധിപത്യം അല്ലാഹുവിനാകുന്നു. അവനിലേക്കു തന്നെയാണ് എല്ലാവരുടെയും മടക്കം.
ഹേ വേദക്കാരേ, ദൈവദൂതന്മാര്‍ നിയുക്തരാകാത്ത ഒരിടവേളക്കു ശേഷം കാര്യങ്ങള്‍ പ്രതിപാദിച്ചു തന്നുകൊണ്ട് നമ്മുടെ റസൂല്‍ നിങ്ങളിലേക്ക് വന്നിരിക്കുകയാണ്; 'ഒരു ശുഭവാര്‍ത്താവാഹകനോ താക്കീതുകാരനോ ഞങ്ങളുടെയടുത്തേക്ക് വന്നില്ലല്ലോ' എന്നു നിങ്ങള്‍ ന്യായം പറയാതിരിക്കാനാണിത്. ഇപ്പോഴിതാ ശുഭവാര്‍ത്താവാഹകനും താക്കീതുകാരനും നിങ്ങള്‍ക്കു വന്നുകഴിഞ്ഞു, തീര്‍ച്ച. സര്‍വകാര്യത്തിനും കഴിവുറ്റവനാണ് അല്ലാഹു.
മൂസാ നബി (അ) സ്വജനതയോടു പറഞ്ഞ സന്ദര്‍ഭം അനുസ്മരിക്കുക: എന്റെ ജനങ്ങളേ, നിങ്ങളില്‍ നിന്നു പ്രവാചകന്മാരെ നിയോഗിക്കുകയും നിങ്ങളെ രാജാക്കളാക്കുകയും മര്‍ത്യരില്‍ മറ്റാര്‍ക്കും കൊടുത്തിട്ടില്ലാത്തത് നിങ്ങള്‍ക്കു നല്‍കുകയും ചെയ്തുകൊണ്ട് അല്ലാഹു നിങ്ങളെ അനുഗ്രഹിച്ചത് ഓര്‍ക്കുക.
എന്റെ സമൂഹമേ, അല്ലാഹു നിങ്ങള്‍ക്കു നിശ്ചയിച്ചു തന്ന ഫലസ്ഥീന്‍ പുണ്യഭൂമിയില്‍ പ്രവേശിക്കൂ; ശത്രുഭയം മൂലം പിന്തിരിഞ്ഞോടരുത്, അങ്ങനെ ചെയ്താല്‍ നിങ്ങള്‍ പരാജിതരായിത്തീരുന്നതാണ്.
അവര്‍ പ്രതികരിച്ചു: ഹേ മൂസാ, അതിശക്തരായൊരു ജനതതിയാണവിടെയുള്ളത്. അവരവിടെ നിന്നു പുറത്തു പോകുന്നതുവരെ ഞങ്ങളങ്ങോട്ടു കടക്കില്ല, തീര്‍ച്ച; അവര്‍ ഒഴിഞ്ഞു പോയാല്‍ ഞങ്ങള്‍ പ്രവേശിക്കാം!
ദൈവഭയമുള്ളവരും അല്ലാഹു അനുഗ്രഹിച്ചവരുമായ രണ്ടുപേര്‍ പറഞ്ഞു: 'നഗരകവാടം കടന്നു അവര്‍ക്കു നേരെ ചെല്ലൂ; അവിടെ പ്രവേശിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ വിജയികളാകും, തീര്‍ച്ച. സത്യവിശ്വാസികളാണെങ്കില്‍ കാര്യങ്ങളത്രയും നിങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക.'
അവര്‍ പ്രതികരിച്ചു: ഹേ മൂസാ, അവരവിടെയുള്ളപ്പോള്‍ ഒരിക്കലും ഞങ്ങളങ്ങോട്ടു കടക്കുകയേയില്ല! അതുകൊണ്ട് നീയും നിന്റെ റബ്ബും പോയി അവരോടുയുദ്ധം ചെയ്യുക. ഞങ്ങളിവിടെ ഇരിക്കുക തന്നെയാണ്!
മൂസാ നബി നിസ്സഹായനായി ബോധിപ്പിച്ചു: നാഥാ, എന്റെയും സ്വസഹോദരന്‍ ഹാറൂനിന്റെയും കാര്യമല്ലാതെ എന്റെ അധീനതയിലില്ല. അതുകൊണ്ട് ഞങ്ങളുടെയും അധര്‍മികളായ ഈ ജനതയുടെയുമിടക്ക് നീ വേര്‍പിരിച്ചു തരേണമേ.
അല്ലാഹു അരുളി: ശരി, ആ പുണ്യനാട് നാല്‍പതു കൊല്ലം നിഷിദ്ധമാണവര്‍ക്ക്. ഭൂമിയിലവര്‍ അലഞ്ഞു തിരിയും. അധര്‍മകാരികളായ ഈ ജനതയെ പറ്റി താങ്കള്‍ ദുഃഖിക്കേണ്ട!
ഓ നബീ, താങ്കളവര്‍ക്ക് ആദം നബിയുടെ രണ്ടുപുത്രന്മാര്‍ ബലിയര്‍പ്പിച്ചതിന്റെ വിവരം സത്യസമേതം പ്രതിപാദിച്ചു കൊടുക്കുക. എന്നിട്ട് അവരിലൊരാളില്‍ (ഹാബീല്‍) നിന്ന് അത് സ്വീകരിക്കപ്പെടുകയും അപരന്റേത് അസ്വീകാര്യമാവുകയും ചെയ്തു. 'ഞാന്‍ നിന്നെ കൊല്ലുകതന്നെ ചെയ്യുമെ'ന്ന് അപരന്‍ ആക്രോശിച്ചു. ഹാബീല്‍ മറുപടി നല്‍കി: ദൈവഭയമുള്ളവരില്‍ നിന്ന് മാത്രമേ അല്ലാഹു കര്‍മങ്ങള്‍ സ്വീകരിക്കൂ.
എന്നെ കൊല്ലാനായി നീ കൈനീട്ടിയാല്‍തന്നെയും നിന്നെ വധിക്കാന്‍ ഞാന്‍ ധൃഷ്ടനാകില്ല. സര്‍വലോക രക്ഷിതാവായ അല്ലാഹുവിനെ ഞാന്‍ ഭയപ്പെടുന്നുണ്ട്.
എന്നെക്കൊന്നതിന്റെയും നീയനുവര്‍ത്തിച്ചതിന്റെയും കുറ്റങ്ങള്‍ നീ പേറിപ്പോകണമെന്നാണ് ഞാനുദ്ദേശിക്കുന്നത്. അപ്പോള്‍ നീ നരകാവകാശിയായിത്തീരും; അക്രമികള്‍ക്കുള്ള പ്രതിഫലം അതാണ്.
അങ്ങനെ സഹോദരഹത്യക്ക് അവന്റെ മനസ്സനുവദിക്കുകയും അവനയാളെ കൊന്നുകളയുകയും തന്മൂലം പരാജിതരിലുള്‍പ്പെടുകയുമുണ്ടായി.
സ്വസഹോദരന്റെ മൃതദേഹം മറവു ചെയ്യേണ്ടത് എങ്ങനെ എന്ന് അവനു കാണിച്ചുകൊടുക്കാന്‍ വേണ്ടി നിലത്തു മണ്ണുമാന്തുന്ന ഒരു കാക്കയെ അല്ലാഹു നിയോഗിച്ചു. ഇതുകണ്ട് അവന്‍ പരിതപിച്ചു: 'കഷ്ടം, ഈ കാക്കയെപ്പോലെ യെങ്കിലുമാകാനും അങ്ങനെ സഹോദരന്റെ മൃതദേഹം മറവുചെയ്യാനും എനിക്കു സാധിക്കാതെ വന്നല്ലോ.' അങ്ങനെയവന്‍ മഹാസങ്കടക്കാരിലകപ്പെട്ടു!
32. ഈ വധമുണ്ടായ കാരണത്താല്‍, ഇസ്രയേല്യര്‍ക്ക് ഇപ്രകാരം നാം വിധിനല്‍കി: പ്രതിക്രിയയായോ നാട്ടില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ ഒരാള്‍ മറ്റൊരാളെ വധിച്ചാല്‍ മര്‍ത്യകുലത്തെ ഒന്നടങ്കം അവന്‍ കൊന്നതുപോലെയാണ്; ഒരാളെ കൊലയില്‍ നിന്നു വിമുക്തനാക്കിയാല്‍ മനുഷ്യരെ മുഴുവന്‍ അതില്‍ നിന്നു രക്ഷിച്ചതു പോലെയും. നമ്മുടെ ദൂതന്മാര്‍ സ്പഷ്ടദൃഷ്ടാന്തങ്ങളും കൊണ്ട് ചെന്നിട്ടും അവരിലധികപേരും പിന്നെയും ഭൂമിയില്‍ അതിക്രമം കാട്ടുകയാകുന്നു.
അല്ലാഹുവിനോടും റസൂലിനോടും പോരാടുകയും നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ, വധമോ ക്രൂശീകരണമോ കൈകാലുകള്‍ ഭിന്നവശങ്ങളില്‍ നിന്നു വിച്ഛേദിക്കലോ നാടുകടത്തലോ ആകുന്നു. അവര്‍ക്ക് ഐഹിക ലോകത്തുള്ള അപമാന മാണിത്; പാരത്രികലോകത്താകട്ടെ കഠിനശിക്ഷയുമുണ്ടായിരിക്കും.
എന്നാല്‍, നിങ്ങള്‍ പിടികൂടുന്നതിനുമുമ്പ് പശ്ചാത്തപിച്ചവര്‍ ഇതില്‍ നിന്നൊഴിവാണ്. അറിയുക, അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാമയനുമാകുന്നു.
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും അവനോടടുക്കാനുള്ള വഴികള്‍ തേടുകയും അവന്റെ മാര്‍ഗത്തില്‍ ധര്‍മസമരമനുഷ്ഠിക്കുകയും ചെയ്യുക, നിങ്ങള്‍ വിജയം വരിക്കാന്‍ വേണ്ടി.
ഖിയാമനാളിലെ ശിക്ഷയൊഴിവായിക്കിട്ടാനുള്ള പ്രായശ്ചിത്ത സമര്‍പ്പണാര്‍ത്ഥം, ഭൂമിയിലുള്ളതത്രയും തത്തുല്യവും അവിശ്വാസികള്‍ വശമുണ്ടായാലും അവരില്‍ നിന്ന് അതു സ്വീകരിക്കപ്പെടില്ല. വേദനാജനകമായ ശിക്ഷയാണവര്‍ക്കുണ്ടാവുക.
നരകത്തില്‍ നിന്നു പുറത്തു വരാന്‍ ആഗ്രഹിക്കുമെങ്കിലും പുറത്തുകടക്കാന്‍ അവര്‍ക്കാവില്ല. നിരന്തര ശിക്ഷയാണ് അവര്‍ക്കുണ്ടാവുക.
മോഷണം നടത്തിയ പുരുഷന്റെയും സ്ത്രീയുടെയും കൈകള്‍ അവരനുവര്‍ത്തിച്ച ദുഷ്‌ചെയ്തിക്ക് പ്രതിഫലമായി നിങ്ങള്‍ വിച്ഛേദിച്ചുകളയുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ശിക്ഷയാണിത്. അവന്‍ പ്രതാപശാലിയും യുക്തിമാനുമാകുന്നു.
എന്നാല്‍, തന്റെ അതിക്രമ പ്രവൃത്തിക്കുശേഷം ഒരാള്‍ പശ്ചാത്തപിക്കുകയും ഉത്തമ ജീവിതം നയിക്കുകയും ചെയ്താല്‍, അല്ലാഹു ഏറെ പൊറുക്കുന്നവനും കാരുണ്യവാനും ആകുന്നു.
ഭുവന-വാനങ്ങളുടെ ആധിപത്യം അല്ലാഹുവിനാണെന്നു താങ്കള്‍ക്കറിയില്ലേ? താനുദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുന്നു. ഉദ്ദേശി ക്കുന്നവര്‍ക്കവന്‍ പൊറുത്തുകൊടുക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.
ഓ റസൂലേ, സത്യനിഷേധത്തിലേക്കു ദ്രുത സഞ്ചാരം നടത്തുന്നവര്‍ -ജൂതന്മാരും മനസാവിശ്വസിക്കാതെ ഞങ്ങളും സത്യവിശ്വാസികളാണെന്നു തട്ടിവിടുന്ന മുനാഫിഖുകളും- താങ്കളെ ദുഃഖിപ്പിക്കാതിരിക്കട്ടെ. നുണകേള്‍ക്കാന്‍ ആ യഹൂദികള്‍ ചെവികൊടുക്കും; താങ്കളുടെ മുന്നില്‍ സന്നിഹിതരല്ലാത്ത ഒരു കൂട്ടര്‍ക്കു വേണ്ടിയും സാകൂതം ശ്രവിക്കും അവര്‍. വേദവാക്യങ്ങള്‍ യഥാസ്ഥാനങ്ങളെവിട്ട് അവര്‍ വക്രീകരിക്കുകയാണ്. 'ഇന്നയിന്ന വിധിയാണു കിട്ടുന്നതെങ്കില്‍ സ്വീകരിച്ചോളു, അങ്ങനെ തീര്‍പ്പു തരപ്പെടുന്നില്ല എങ്കില്‍ ജാഗ്രത പുലര്‍ത്തണം' എന്നാണവര്‍ ജല്‍പിക്കുക. അല്ലാഹു ഒരാളെ പരീക്ഷണവിധേയനാക്കാനുദ്ദേശിക്കുന്നുവെങ്കില്‍ അവനില്‍ നിന്നു യാതൊന്നും അയാള്‍ക്കു സ്വാധീനപ്പെടുത്തിക്കൊടുക്കാന്‍ താങ്കള്‍ക്കു സാധിക്കയില്ല തന്നെ. അവരെ ഹൃദയശുദ്ധീകരണം ചെയ്യാന്‍ അല്ലാഹുവിനുദ്ദേശ്യമില്ല. ഐഹിക ലോകത്ത് അപമാനവും പാരത്രിക ലോകത്ത് കടുത്ത ശിക്ഷയുമാണവര്‍ക്കുള്ളത്.
ഒട്ടേറെ നുണകേള്‍ക്കുകയും നിഷിദ്ധഭോജ്യം ധാരാളം കഴിക്കുകയും ചെയ്യുന്നവരാണവര്‍. താങ്കളുടെ സമീപം വരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കുകയോ അവരെയവഗണിക്കുകയോ ചെയ്യാം. അവരില്‍ നിന്നു പിന്തിരിഞ്ഞു കളയുകയാണെങ്കില്‍ താങ്കള്‍ക്ക് ഒരു ദ്രോഹവുമേല്‍പിക്കാന്‍ അവര്‍ക്കാവില്ലതന്നെ. ഇനി, അവര്‍ക്കിടയില്‍ വിധിക്കുന്നുവെങ്കില്‍ അങ്ങ് നീതി പൂര്‍വം അതു നിര്‍വഹിക്കുക. നീതിമാന്മാരെ അല്ലാഹു സ്‌നേഹിക്കുന്നു, തീര്‍ച്ച.
തങ്ങളുടെ പക്കല്‍ ദൈവികവിധികള്‍ രേഖപ്പെടുത്തിയ തൗറാത്ത് ഉണ്ടായിരിക്കുകയും എന്നിട്ട് അതില്‍ നിന്ന് പിന്തിരിയുകയും ചെയ്തുകൊണ്ട് അവര്‍ അങ്ങയെ വിധികര്‍ത്താവാക്കുന്നതെങ്ങനെ?! അവര്‍ സത്യത്തില്‍ വിശ്വസിക്കുന്നവരേയല്ല.
നാം തന്നെയാണ് തൗറാത്ത് അവതരിപ്പിച്ചത്; സന്മാര്‍ഗവും പ്രകാശവും അതിലുണ്ട്. അല്ലാഹുവിനോട് വിധേയത്വമുള്ള നബിമാരും പുണ്യവാളന്മാരും പുരോഹിതന്മാരും തദനുസൃതം ജൂതന്മാര്‍ക്കു വിധി നല്‍കിവന്നു. കാരണം, ദൈവിക ഗ്രന്ഥത്തിന്റെ സംരക്ഷണോത്തരവാദിത്വം അവരിലര്‍പ്പിതമായിരുന്നു; അതിനവര്‍ സാക്ഷികളുമായിരുന്നു. 'അതുകൊണ്ട്, ആളുകളെയല്ല പേടിക്കേണ്ടത്, എന്നെ മാത്രം നിങ്ങള്‍ ഭയപ്പെടുക; എന്റെ സൂക്തങ്ങള്‍ തുച്ഛവിലയ്ക്ക് വില്‍ക്കരുത്. അല്ലാഹു അവതരിപ്പിച്ച പ്രകാരം ആര് വിധികല്‍പിക്കുന്നില്ലയോ അവര്‍ തന്നെയാണ് സത്യനിഷേധികള്‍.'
ജൂതന്മാര്‍ക്ക് നാം തൗറാത്തില്‍ ഇപ്രകാരം നിയമം നിശ്ചയിച്ചിരുന്നു: ജീവനു പകരം ജീവന്‍, കണ്ണിനു കണ്ണ്, മൂക്കിനു മൂക്ക്, ചെവിക്കു ചെവി, പല്ലിനു പല്ല്, മറ്റുമുറിവുകള്‍ക്കു തത്തുല്യ പ്രതിക്രിയ. എന്നാല്‍ ഒരാള്‍ മാപ്പാക്കുന്നുവെങ്കില്‍ അതവന്ന് പ്രായശ്ചിത്തമാകുന്നു. അല്ലാഹു അവതരിപ്പിച്ച പ്രകാരം ആര് വിധി കല്‍പിക്കുന്നില്ലയോ അവര്‍ തന്നെയാണ് അതിക്രമകാരികള്‍.
ഈസബ്‌നു മര്‍യമിനെ പ്രവാചകന്മാരുടെ പിന്‍ഗാമിയായി തന്റെ മുമ്പേയുള്ള തൗറാത്തി നെ ശരിവെച്ചുകൊണ്ട് നാം നിയോഗിച്ചു. അദ്ദേഹത്തിനു നാം ഇന്‍ജീല്‍ നല്‍കി; അതില്‍ സന്മാര്‍ഗവും പ്രകാശവുമുണ്ട്. അതാകട്ടെ, മുമ്പിലുള്ള തൗറാത്തിനെ അംഗീകരിക്കുകയും സൂക്ഷ്മതയുള്ളവര്‍ക്ക് സന്മാര്‍ഗവും സദുപദേശവും നല്‍കുകയും ചെയ്യുന്നു.
ഇന്‍ജീലുകാര്‍, അതില്‍ അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധി കല്‍പിക്കട്ടെ. അല്ലാഹു ഇറക്കിയനിയമങ്ങള്‍ വിധിക്കാത്തവര്‍ തന്നെയാണ് അധര്‍മകാരികള്‍.
താങ്കള്‍ക്കു നാം സത്യസമേതം ഗ്രന്ഥമവതരിപ്പിച്ചു തന്നിരിക്കുന്നു. മുമ്പുള്ള വേദങ്ങളെ അംഗീകരിക്കുന്നതും സംരക്ഷിക്കുന്നതുമാണത്. അതിനാല്‍ നാമവതരിപ്പിച്ച പ്രകാരം അവര്‍ക്കിടയില്‍ താങ്കള്‍ വിധിക്കുക. ലഭിച്ചു കഴിഞ്ഞിട്ടുള്ള ഈ സത്യം കൈവിട്ട് അവരുടെ തന്നിഷ്ടങ്ങള്‍ താങ്കള്‍ അനുധാവനം ചെയ്യരുത്. നിങ്ങളില്‍ ഓരോ സമുദായത്തിനും ഓരോ നിയമസംഹിതയും കര്‍മപാതയും നാം നിശ്ചയിച്ചുതന്നിട്ടുണ്ട്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെ ഏക സമുദായമാക്കുമായിരുന്നു; എന്നാല്‍ നല്‍കിക്കഴിഞ്ഞതില്‍ നിങ്ങളെ പരീക്ഷണ വിധേയരാക്കാനാണ് അവനുദ്ദേശിക്കുന്നത്. അതിനാല്‍ സല്‍കര്‍മങ്ങളിലേക്ക് നിങ്ങള്‍ അഹമഹമികയാ മുന്നേറുക. നിങ്ങളെല്ലാവരുടെയും മടക്കം അല്ലാഹുവിങ്കലേക്കാണ്. പരസ്പരം ഭിന്നിച്ചിരുന്ന കാര്യങ്ങളെപ്പറ്റി അവിടെ വെച്ചു നിങ്ങള്‍ക്കവന്‍ അറിയിച്ചു തരുന്നതാണ്.
അല്ലാഹു അവതരിപ്പിച്ച പ്രകാരം അവര്‍ക്കിടയില്‍ താങ്കള്‍ വിധിക്കുക; അവരുടെ സ്വേച്ഛകള്‍ പിന്‍പറ്റരുത്. അല്ലാഹു അവതരിപ്പിച്ചുതന്നവയില്‍ നിന്നു താങ്കളെയവര്‍ വ്യതിചലിപ്പി ക്കുന്നത് സൂക്ഷിക്കുക. ഈ സത്യമവര്‍ അവഗണിക്കുന്നുവെങ്കില്‍, ചില കുറ്റകൃത്യങ്ങള്‍ മൂലം അവരെ അപകടപ്പെടുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നതെന്നു താങ്കള്‍ മനസ്സിലാക്കണം. മനുഷ്യരില്‍ മിക്കവരും അധര്‍മകാരികള്‍ തന്നെയാകുന്നു.
അജ്ഞതായുഗത്തിലെ വിധിയാണോ അവരാഗ്രഹിക്കുന്നത്? ദൃഢവിശ്വാസികളായ ഒരു ജനതതിക്ക് അല്ലാഹുവിനെക്കാള്‍ ഉത്തമനായ ഒരു വിധികര്‍ത്താവായി മറ്റാരുണ്ട്?
സത്യവിശ്വാസികളേ, ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങള്‍ രക്ഷാകര്‍ത്താ ക്കളായി സ്വീകരിക്കരുത്; അവര്‍ പരസ്പരം രക്ഷാകര്‍ത്താക്കളാണ്. നിങ്ങളിലൊരാള്‍ അങ്ങനെ സ്വീകരിക്കുന്നുവെങ്കില്‍ അവന്‍ അവരില്‍ പെട്ടവന്‍ തന്നെ. അക്രമികളെ അല്ലാഹു നേര്‍മാര്‍ഗത്തിലാക്കുകയേ ഇല്ല.
എന്നാല്‍, ഹൃദയങ്ങളില്‍ രോഗമുള്ളവര്‍ അവരുമായി ഉറ്റ ബന്ധം സ്ഥാപിക്കുന്നതിനു ധൃതികൂട്ടുന്നതു താങ്കള്‍ക്കുകാണാം. 'വല്ല വിപത്തും വന്നേക്കുമോ എന്നാണു ഞങ്ങളുടെ ഭയം' എന്ന് അതിനെ അവര്‍ ന്യായീകരിക്കും. എന്നാല്‍ വിജയം അല്ലാഹു നല്‍കിയേക്കാം, അല്ലെങ്കില്‍ തന്റെ പക്കല്‍ നിന്നുള്ള മറ്റുവല്ല നടപടിയും ഉണ്ടായേക്കാം; തത്സമയം തങ്ങളുടെ ഉള്ളിലിരിപ്പിനെപ്പറ്റി ഇക്കൂട്ടര്‍ ദുഃഖിതരായിത്തീരുന്നതാണ്.
അല്ലാഹുവിന്റെ പേരില്‍ ഉഗ്രശപഥം ചെയ്തുകൊണ്ട് 'ഞങ്ങളും നിങ്ങളൊന്നിച്ചു തന്നെയാണ്' എന്ന് ജല്‍പിച്ചിരുന്നവര്‍ ഇക്കൂട്ടര്‍ തന്നെയാണോ എന്ന് അപ്പോള്‍ സത്യവിശ്വാസികള്‍ ചോദിക്കും. ആ കപടരുടെ കര്‍മങ്ങളത്രയും ഫലശൂന്യമായിരിക്കുകയാണ്. തന്മൂലം അവര്‍ പരാജിതരായി ഭവിക്കുകയുണ്ടായി.
ഹേ സത്യവിശ്വാസികളേ, സ്വമതത്തില്‍ നിന്നു നിങ്ങളാരെങ്കിലും വ്യതിചലിക്കുന്നു വെങ്കില്‍ മറ്റൊരു വിഭാഗത്തെ അല്ലാഹു കൊണ്ടുവരുന്നതാണ്. അവന്‍ അവരെയും അവര്‍ അവനെയും സ്‌നേഹിക്കും; അവര്‍ വിശ്വാസികളോട് വിനയവും നിഷേധികളോട് പ്രതാപവും കാണിക്കുന്നതും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പുണ്യസമരം ചെയ്യുന്നതുമാണ്; ആക്ഷേപകരുടെ വിമര്‍ശനങ്ങള്‍ അവര്‍ ഭയക്കുകയില്ല. അവരുടെ ഈ വിശിഷ്ട നിലപാട് അല്ലാഹുവിന്റെ ഔദാര്യമാണ്; താനുദ്ദേശിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. വിശാലനും സൂക്ഷ്മജ്ഞനുമാണ് അല്ലാഹു.
നിങ്ങളുടെ രക്ഷാകര്‍ത്താക്കള്‍ അല്ലാഹുവും അവന്റെ റസൂലും ഭക്തരായി നമസ്‌കരിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാണ്.
ആരെങ്കിലും അല്ലാഹുവിനെയും റസൂലിനെയും സത്യവിശ്വാസികളെയും രക്ഷാകര്‍ത്താക്കളാക്കുന്നുവെങ്കില്‍, അല്ലാഹുവിന്റെ സൈന്യം തന്നെയത്രേ വിജയികള്‍.
ഹേ സത്യവിശ്വാസികളേ, മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്ന് നിങ്ങളുടെ മതത്തെ പരിഹാസ്യവും വിനോദവുമാക്കിയവരെയും സത്യനിഷേധികളെയും നിങ്ങള്‍ രക്ഷാകര്‍ത്താക്കളാക്കരുത്. വിശ്വാസികളാണ് എങ്കില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം.
നിങ്ങള്‍ നമസ്‌കാരത്തിനായി ബാങ്ക് വിളിച്ചാല്‍ അവരത് കളിയും തമാശയുമാക്കുകയാണ്. അവര്‍ ബുദ്ധിയില്ലാത്ത ഒരു ജനവിഭാഗമാണ് എന്നതിനാലാണത്.
നബിയേ, ചോദിക്കുക: ഹേ വേദക്കാരേ, ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു എന്നതും, ഞങ്ങളിലേക്കും ഇതിനുമുമ്പും അവതീര്‍ണമായ വേദഗ്രന്ഥങ്ങള്‍ അംഗീകരിക്കുന്നു എന്നതുമല്ലാതെ മറ്റൊരു ന്യൂനതയുമല്ലല്ലോ ഞങ്ങള്‍ക്ക് നിങ്ങള്‍ കാണുന്നത്? നിങ്ങളാകട്ടെ മിക്കവരും അധര്‍മകാരികളും.
എന്നാല്‍, അല്ലാഹുവിങ്കല്‍ ഇതിനെക്കാള്‍ ഹീനമായ പ്രതിഫലം കിട്ടുന്നവരെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞു തരട്ടെയോ? അല്ലാഹു ശപിക്കുകയും ക്രോധം പുലര്‍ത്തുകയും ചെയ്തവരാണവര്‍; അവരില്‍ നിന്നവന്‍ കുരങ്ങുകളെയും പന്നികളെയുമുണ്ടാക്കി; അവര്‍ പിശാചിനെ ആരാധിച്ചു. നീചനിലപാടുകാരും സന്മാര്‍ഗത്തില്‍ നിന്നു ഗുരുതരമായി വഴിതെറ്റിയവരും അവരാണ്.
ഞങ്ങളും വിശ്വസിച്ചിരിക്കുന്നു എന്നു നിങ്ങളുടെയടുത്തു വരുമ്പോള്‍ അവര്‍ തട്ടിവിടും. യഥാര്‍ത്ഥത്തില്‍, അവര്‍ കടന്നുവരുന്നതും പുറത്തുപോകുന്നതും സത്യനിഷേധ സമേതം തന്നെയാണ്. അവര്‍ മറച്ചു വെക്കുന്നത് ഏറ്റം നന്നായറിയുന്നവന്‍ തന്നെയാണ് അല്ലാഹു.
കുറ്റകൃത്യം, അക്രമം, നിഷിദ്ധാഹാരഭോജനം എന്നിവയിലേക്കു അതിദ്രുതം ചെന്നെത്തുന്നവരാണ് അവരില്‍ മിക്കവരും എന്ന് താങ്കള്‍ക്കു കാണാം. അവരുടെ പ്രവൃത്തി അതീവഹീനം തന്നെ!
കുറ്റഭാഷണത്തിലും നിഷിദ്ധ ഭോജനത്തിലും നിന്ന് എന്തു കൊണ്ട് പുരോഹിതരും പണ്ഡിതരും അവരെ വിലക്കുന്നില്ല? അവരുടെ ചെയ്തികള്‍ മഹാമോശം തന്നെ!
അല്ലാഹു ഹസ്തബന്ധിതനാണ് എന്നു യഹൂദികള്‍ ജല്‍പിക്കുന്നു. എന്നാല്‍ അവരുടെ കൈകളാണ് ബന്ധിച്ചുവെക്കപ്പെട്ടിരിക്കുന്നത് -മൗഢ്യം പറഞ്ഞതിനാല്‍ അവര്‍ അഭിശപ്തരായി- അല്ലാഹുവിന്റെ ഇരു കൈകളും നിവര്‍ത്തി വെക്കപ്പെട്ടതാകുന്നു; താന്‍ ഉദ്ദേശിക്കുന്ന വിധം അവന്‍ ചെലവഴിക്കും. താങ്കള്‍ക്ക് രക്ഷിതാവിങ്കല്‍ നിന്ന് അവതീര്‍ണമാകുന്നത് അവരില്‍ മിക്കവര്‍ക്കും ധിക്കാരവും നിഷേധവും വര്‍ധിപ്പിക്കുകതന്നെ ചെയ്യുന്നു. അന്ത്യനാള്‍ വരെയും അവര്‍ക്കിടയില്‍ നാം ശത്രുതയും വിദ്വേഷവും ഇട്ടുകൊടുത്തിരിക്കുകയാണ്. അവര്‍ യുദ്ധാഗ്നി കത്തിക്കുമ്പോഴൊക്കെ യും അല്ലാഹു അത് കെടുത്തിക്കളയുന്നു. അവര്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ പാടുപെടുകയാണ്; അല്ലാഹുവാകട്ടെ, നാശകാരികളെ സ്‌നേഹിക്കയേ ചെയ്യില്ല.
വേദക്കാര്‍ സത്യവിശ്വാസം കൈക്കൊള്ളുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുകയാണെങ്കില്‍ നാം അവരുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും സുഖലോക സ്വര്‍ഗങ്ങളില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്.
തൗറാത്തും ഇന്‍ജീലും തങ്ങളുടെ റബ്ബിങ്കല്‍ നിന്നവതീര്‍ണമായ മറ്റു വേദങ്ങളും ശരിയായി നിലനിറുത്തിയിരുന്നുവെങ്കില്‍ മുകളിലും കാല്‍ച്ചുവട്ടിലും നിന്ന് അവര്‍ക്ക് ആഹാരം ലഭിക്കുമായിരുന്നു. ഉദാത്ത നിലപാടു സ്വീകരിക്കുന്ന ഒരു വിഭാഗം അവരിലുണ്ട്; പക്ഷെ, മിക്കവരുടെയും ചെയ്തികള്‍ മഹാ മോശം!
ഹേ റസൂലേ, രക്ഷിതാവിങ്കല്‍ നിന്നു താങ്കള്‍ക്കവതീര്‍ണമായത് പ്രബോധനം ചെയ്യുക. അതു നിര്‍വഹിക്കുന്നില്ലെങ്കില്‍ താങ്കള്‍ അല്ലാഹുവിന്റെ സന്ദേശം എത്തിച്ചു കൊടുത്തിട്ടില്ലെന്നുവരും. ജനങ്ങളില്‍ നിന്നു അങ്ങയെ അല്ലാഹു സംരക്ഷിക്കുന്നതാണ്. നിഷേധികളായവര്‍ക്ക് അവന്‍ സന്മാര്‍ഗദര്‍ശനം നല്‍കുകയേ ചെയ്യില്ല.
വേദക്കാരേ, തൗറാത്തും ഇന്‍ജീലും നാഥങ്കല്‍ നിന്നു നിങ്ങള്‍ക്കവതീര്‍ണമായ മറ്റു വേദങ്ങളും ശരിയാം വണ്ണം നിലനിറുത്തുന്നതുവരെയും മതപരമായി നിങ്ങള്‍ ഒന്നുമല്ല എന്നു താങ്കള്‍ പറയുക. രക്ഷിതാവിങ്കല്‍ നിന്നു താങ്കള്‍ക്കവതീര്‍ണമാകുന്നത് അവരില്‍ മിക്കവര്‍ക്കും ധിക്കാരവും നിഷേധവും വര്‍ധിപ്പിക്കുക തന്നെ ചെയ്യുന്നു. അതുകൊണ്ട് അവിശ്വാസികളായ ജനത്തെപ്പറ്റി അങ്ങ് ദുഃഖിക്കുകയേ ചെയ്യരുത്.
സത്യവിശ്വാസം കൈക്കൊണ്ടവരോ ജൂതമതം സ്വീകരിച്ചവരോ സ്വാബിഉകളോ ക്രിസ്ത്യാനികളോ ആരായാലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള നുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് ഭയപ്പെടേണ്ടതായി യാതൊന്നുമില്ല; ദുഃഖിക്കേണ്ടി വരികയുമില്ല അവര്‍.
ഇസ്രയേല്യരോട് നാം ഉടമ്പടി ചെയ്യുകയും അവരിലേക്ക് ദൂതന്മാരെ നിയോഗിക്കുകയും ചെയ്തു. തങ്ങളുടെ ഇച്ഛക്കനുസൃതമല്ലാത്ത കാര്യങ്ങളും കൊണ്ട് അവരുടെയടുത്ത് ഓരോ റസൂല്‍ ചെല്ലുമ്പോഴും ഒരു വിഭാഗത്തെ നിഷേധിക്കുകയും മറ്റൊരു വിഭാഗത്തെ കൊന്നുകളയുകയുമാണ് അവര്‍ ചെയ്തുകൊണ്ടിരുന്നത്.
ഒരു ദൈവിക പരീക്ഷണവും ഉണ്ടാവില്ലെന്നായിരുന്നു അവരുടെ ധാരണ. തന്മൂലം അവര്‍ അന്ധരും ബധിരരുമായി. പിന്നീട് അവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിച്ചു. എന്നിട്ട് പിന്നെയുമവര്‍ അന്ധരും ബധിരരുമായി. എന്നാല്‍, അവരുടെ ചെയ്തികളെല്ലാം കണ്ടറിയുന്നവനാണ് അല്ലാഹു.
മര്‍യമിന്റെ പുത്രന്‍ മസീഹ് ഈസാ തന്നെയാണ് അല്ലാഹു എന്നു ജല്‍പിച്ചവര്‍ സത്യനിഷേധികളായിരിക്കുന്നു, തീര്‍ച്ച. എന്നാല്‍ മസീഹ് പറഞ്ഞത് ഇതായിരുന്നു: ഇസ്രയേല്യരേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിനെ ആരാധിക്കൂ; അവനോടാരെങ്കിലും എന്തിനെയെങ്കിലും പങ്കുചേര്‍ക്കുന്നു എങ്കില്‍ അയാള്‍ക്ക് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്, തീര്‍ച്ച; അയാളുടെ ആവാസ കേന്ദ്രം നരകമായിരിക്കും. അക്രമികള്‍ക്ക് സഹായികളായി ആരുമുണ്ടാവില്ല.
മൂന്നില്‍ ഒരു ദൈവമാണ് അല്ലാഹു എന്നു തട്ടിവിടുന്നവരും സത്യനിഷേധികളായി ക്കഴിഞ്ഞിട്ടുണ്ട്, തീര്‍ച്ച. ഏകനായ ആരാധ്യനല്ലാതെ മറ്റൊരു ദൈവവും ഇല്ല തന്നെ. തങ്ങള്‍ ജല്‍പിക്കുന്നതില്‍ നിന്ന് വിരമിക്കുന്നില്ലെങ്കില്‍, അവരില്‍ അവിശ്വസിച്ചവരെ വേദനാ ജനകമായ ശിക്ഷ ബാധിക്കുക തന്നെ ചെയ്യുന്നതാണ്.
എന്നിട്ടും അവര്‍ അല്ലാഹുവിനോട് പശ്ചാത്തപിക്കുകയും പാപമോചനമര്‍ത്ഥിക്കുകയും ചെയ്യുന്നില്ലേ? പാപങ്ങള്‍ ധാരാളമായി പൊറുക്കുന്നവനും കരുണാമയനുമാണ് അല്ലാഹു.
മര്‍യം ബീവിയുടെ പുത്രന്‍ മസീഹ് ഈസാ ഒരു റസൂല്‍ മാത്രമാണ്. തനിക്കു മുമ്പും ദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉമ്മ പരമ സത്യസന്ധയാണ്. അവരിരുവരും ആഹാരം കഴിച്ചിരുന്നു. (ദൈവം ആഹാരം കഴിക്കില്ലല്ലോ). ആ ജനതക്ക് എങ്ങനെയെല്ലാമാണ് നാം ദൃഷ്ടാന്തങ്ങള്‍ പ്രതിപാദിച്ചുകൊടുക്കുന്നതെന്നു ചിന്തിച്ചുനോക്കൂ! എന്നിട്ടും അവര്‍ എങ്ങനെയാണ് വഴിതെറ്റിക്കപ്പെടുന്നത് എന്ന് വീണ്ടും ആലോചിക്കുക!.
നബിയേ, ചോദിക്കുക: യാതൊരു വിധ ഉപകാരവും ഉപദ്രവവും ചെയ്യാനാകാത്തവയെയാണോ അല്ലാഹുവിനെ വിട്ട് നിങ്ങള്‍ ആരാധിക്കുന്നത്? അല്ലാഹുവാകട്ടെ എല്ലാം കേള്‍ക്കുന്നവനും സര്‍വജ്ഞനുമാകുന്നു.
പറയുക: ഹേ വേദക്കാരേ, സത്യസമേതമല്ലാതെ, മതകാര്യത്തില്‍ നിങ്ങള്‍ അതിരു കവിയരുത്. നേരത്തെ തന്നെ മാര്‍ഗ ഭ്രംശം സംഭവിച്ചു പോവുകയും ഒട്ടേറെ പേരെ വഴിതെറ്റിക്കുകയും സന്മാര്‍ഗത്തില്‍ നിന്നു സ്വയം തെറിച്ചു പോവുകയും ചെയ്ത ഒരു ജനതയുടെ സ്വേച്ഛകള്‍ താങ്കള്‍ പിന്‍പറ്റു കയുമരുത്.
ഇസ്രയേല്യരില്‍ നിന്നു നിഷേധികളായിത്തീര്‍ന്നവര്‍ ദാവൂദ് നബിയുടെയും ഈസബ്‌നു മര്‍യമിന്റെയും നാക്കിലൂടെ അഭിശപ്തരായിരിക്കുന്നു. അവര്‍ പാപങ്ങളനുവര്‍ത്തിക്കുകയും ധിക്കാരം കാട്ടുകയും ചെയ്തതിനാലാണത്.
തങ്ങള്‍ ചെയ്തുകൊണ്ടിരുന്ന നിഷിദ്ധ കര്‍മങ്ങള്‍ അവര്‍ പരസ്പരം നിരോധിച്ചില്ല. അവരുടെ ചെയ്തികള്‍ എത്രഹീനം!
അവരില്‍ മിക്കവരും സത്യനിഷേധികളെ ഉറ്റമിത്രങ്ങളാക്കുന്നത് താങ്കള്‍ക്കു കാണാം. സ്വന്തത്തിനായി അവര്‍ സജ്ജീകരിച്ചു വെച്ചിരിക്കുന്നത് -അല്ലാഹു അവരോട് ക്രോധം വെച്ചു പുലര്‍ത്തുന്നതും പരലോകത്ത് ശാശ്വത ശിക്ഷയിലാണ് എന്നതും- വളരെ ദുഷിച്ചതു തന്നെ.
അല്ലാഹുവിലും നബിയിലും പ്രവാചകന്നവതീര്‍ണമായതിലും വിശ്വസിച്ചിരുന്നുവെങ്കില്‍ അവര്‍ സത്യനിഷേധികളെ ആത്മമിത്രങ്ങളാക്കുമായിരുന്നില്ല. എന്നാല്‍, അവര്‍ മിക്കവരും അധര്‍മകാരികളത്രേ.
മനുഷ്യരില്‍ വെച്ച് സത്യവിശ്വാസികളോട് ഏറ്റം കഠിനമായ ശത്രുത പുലര്‍ത്തുന്നത് ജൂതന്മാരും ബഹുദൈവ വിശ്വാസികളുമാണെന്നു താങ്കള്‍ക്കു കാണാം. ഞങ്ങള്‍ ക്രിസ്തീയരാണ് എന്നു പറയുന്ന അബ്‌സീനിയക്കാര്‍ക്കാണ് ജനങ്ങളില്‍ വെച്ച് സത്യവിശ്വാസി കളോട് ഏറ്റവും അടുത്ത സ്‌നേഹബന്ധമുള്ളതെന്നും അങ്ങേക്കു മനസ്സിലാക്കാവുന്നതാണ്. അവരില്‍ വിജ്ഞാനികളും പുരോഹിതന്മാരും ഉള്ളതുകൊണ്ടും അവര്‍ അഹങ്കാരികളല്ലാത്തതിനാലുമത്രേ അത്;
റസൂല്‍ തിരുമേനിക്ക് അവതീര്‍ണമായ ഖുര്‍ആന്‍ കേട്ടാല്‍ സത്യജ്ഞാന ഫലമായി അവരുടെ നയനങ്ങളില്‍ നിന്നു കണ്ണീരൊഴുകുന്നതു താങ്കള്‍ക്കു കാണാം. അവരുടെ പ്രാര്‍ത്ഥന ഇതായിരിക്കും: രക്ഷിതാവേ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു, അതിനാല്‍ സത്യസാക്ഷ്യവാഹകരില്‍ ഞങ്ങളെ ഉള്‍പ്പെടുത്തേണമേ.
അല്ലാഹുവിലും ഞങ്ങള്‍ക്കു വന്നു കിട്ടിയ സത്യമതത്തിലും എങ്ങനെ ഞങ്ങള്‍ അവിശ്വസിക്കും? പുണ്യവാന്മാരായ ജനങ്ങളോടൊപ്പം നാഥന്‍ ഞങ്ങളെയും പ്രവേശിപ്പിക്കണമെന്നാണ് ഞങ്ങളുടെ അഭിലാഷം.
ഈ പ്രാര്‍ത്ഥന മൂലം, താഴ്ഭാഗത്തുകൂടി അരുവികളൊഴുകുന്ന സ്വര്‍ഗങ്ങള്‍ അല്ലാഹു അവര്‍ക്ക് പ്രതിഫലം നല്‍കി. അവരതില്‍ ശാശ്വതവാസികളാണ്. പുണ്യവാന്മാരുടെ പ്രതിഫലം ഇതാകുന്നു.
എന്നാല്‍, അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വ്യാജമാക്കുകയും ചെയ്തവര്‍ നരകാവകാശികളായിരിക്കും.
സത്യവിശ്വാസികളേ, അല്ലാഹു അനുവദിച്ചു തന്ന ഉത്തമ വസ്തുക്കള്‍ നിങ്ങള്‍ നിഷിദ്ധമാക്കരുത്; പരിധിലംഘിക്കുകയുമരുത്. അതിരുവിടുന്നവരെ അല്ലാഹു സ്‌നേഹിക്കുകയേ ഇല്ല.
അല്ലാഹു തന്നതില്‍ അനുവദനീയവും ഉത്തമവുമായത് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക; നിങ്ങള്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന അല്ലാഹുവിനെ സൂക്ഷിക്കുക.
ബോധപൂര്‍വമല്ലാതെ ചെയ്യുന്ന ശപഥങ്ങളുടെ പേരില്‍ അല്ലാഹു നിങ്ങളെ ശിക്ഷിക്കുകയില്ല; പ്രത്യുത ദൃഢീകരിച്ചു ചെയ്ത ശപഥങ്ങളുടെ പേരില്‍ നിങ്ങളെയവന്‍ ശിക്ഷിക്കും. അപ്പോള്‍, അതു ലംഘിക്കുമ്പോഴുള്ള പ്രായശ്ചിത്തം ഇതാണ്: സ്വഗൃഹക്കാര്‍ക്കു നല്‍കാറുള്ള മധ്യമ ആഹാരം പത്തു സാധുക്കള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുക; അല്ലെങ്കിലവര്‍ക്ക് വസ്ത്രം; അതുമല്ലെങ്കില്‍ ഒരടിമയെ വിമോചിപ്പിക്കുക. ഒരാള്‍ക്ക് ഇവയൊന്നും ലഭിച്ചില്ലെങ്കില്‍ മൂന്നുനാള്‍ നോമ്പനുഷ്ഠിക്കണം. -നിങ്ങള്‍ ശപഥം ചെയ്തിട്ട് ലംഘിക്കുന്നതിന്റെ പ്രായശ്ചിത്തമാണിത്. ചെയ്ത ശപഥങ്ങള്‍ നിറവേറ്റണം. നിങ്ങള്‍ കൃതജ്ഞരാകാന്‍ വേണ്ടി അല്ലാഹു തന്റെ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചു തരുന്നു.
സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും വിഗ്രഹങ്ങളും പ്രശ്‌നം വെക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തിയത്രേ. തന്മൂലം അതുവര്‍ജിക്കുക; നിങ്ങള്‍ വിജയികളായേക്കും.
മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ജനിപ്പിക്കാനും ദൈവ സ്മരണയിലും നമസ്‌കാരത്തിലും നിന്നു നിങ്ങളെ തടയുവാനും മാത്രമേ പിശാച് ലക്ഷ്യമിടുന്നുള്ളു. അതുകൊണ്ട് നിങ്ങള്‍ അത് നിറുത്തുന്നുണ്ടോ!
അല്ലാഹുവിനെയും റസൂലിനെയും നിങ്ങള്‍ അനുസരിക്കുക, അനുസരണ രാഹിത്യം സൂക്ഷിക്കണം. ഇനി, പിന്തിരിഞ്ഞു കളയുകയാണ് എങ്കില്‍ നിങ്ങളറിയണം, നമ്മുടെ റസൂലിന് സ്പഷ്ടമായ പ്രബോധനം മാത്രമേ ബാധ്യതയുള്ളൂ.
സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക്, നേരത്തെ കഴിച്ചുപോയ പദാര്‍ത്ഥങ്ങളില്‍ കുറ്റമില്ല; അവര്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും വിശ്വാസം മുറുകെപ്പിടിക്കുകയും പുണ്യങ്ങളനുവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍; തുടര്‍ന്നും സൂക്ഷ്മത പുലര്‍ത്തുകയും വിശ്വാസത്തില്‍ ഊന്നിനില്‍ക്കുകയും ചെയ്യുന്നുവെങ്കില്‍; തദനന്തരവും സൂക്ഷ്മത പാലിക്കുകയും നന്മ ചെയ്യുകയുമാണെങ്കില്‍. പുണ്യവാന്മാരെ അല്ലാഹു സ്‌നേഹിക്കുന്നു.
സത്യവിശ്വാസികളേ, സ്വന്തം കൈകള്‍ കൊണ്ടും കുന്തങ്ങള്‍ കൊണ്ടും പിടിക്കാനാകും വിധമുള്ള ചില വേട്ട ജീവികളെ കൊണ്ട് അല്ലാഹു നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യുന്നതാണ്; അദൃശ്യതയില്‍ തന്നെപ്പേടിക്കുന്നവരെ വേര്‍തിരിച്ചറിയാനാണത്. നിരോധം വന്ന ശേഷവും ആരെങ്കിലും അതിക്രമം കാട്ടിയാല്‍ വേദനയുറ്റ ശിക്ഷ അവനുണ്ടാകും.
സത്യവിശ്വാസികളേ, ഹജ്ജ്-ഉംറയുടെ ഇഹ്‌റാമിലായിരിക്കെ നിങ്ങള്‍ വേട്ട മൃഗങ്ങളെ കൊല്ലരുത്. ബോധപൂര്‍വം ഒരാള്‍ അതിനെ വധിച്ചാല്‍, തത്തുല്യമെന്ന് നിങ്ങളിലെ രണ്ടു നീതി നിഷ്ഠര്‍ വിധികല്‍പിക്കുന്ന കാലിയെ കഅ്ബക്കു സമീപം എത്തേണ്ട ബലിമൃഗമായി നല്‍കണം; അല്ലെങ്കില്‍ പ്രായശ്ചിത്തമായി ഏതാനും ദരിദ്രര്‍ക്ക് ആഹാരം നല്‍കുകയോ തത്തുല്യമായി നോമ്പനുഷ്ഠിക്കുകയോ ചെയ്യണം. തന്റെ ദുഷ്‌ചെയ്തിയുടെ തിക്തഫലം അവനറിയാനാണിത്. നേരത്തെയനുവര്‍ത്തിച്ചത് അല്ലാഹു മാപ്പാക്കിയിട്ടുണ്ട്. ആരെങ്കിലും ആവര്‍ത്തിക്കുന്നുവെങ്കില്‍ അവനെതിരെ അല്ലാഹു ശിക്ഷാ നടപടികള്‍ സ്വീകരിക്കും. അവന്‍ പ്രതാപശാലിയും ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നവനുമാകുന്നു.
എന്നാല്‍ നിങ്ങള്‍ക്കും യാത്രക്കാര്‍ക്കും അനുഭവിക്കാനായി കടലിലെ വേട്ടജന്തുക്കളും സമുദ്ര ഭക്ഷണവും നിങ്ങള്‍ക്കനുവദിക്കപ്പെട്ടിട്ടുണ്ട്. ഇഹ്‌റാമിലാകവെ നിങ്ങള്‍ക്കു കരയിലെ വേട്ട മൃഗങ്ങള്‍ നിഷിദ്ധവുമാണ്. അല്ലാഹുവിനെ സൂക്ഷിക്കുക, അവനിലേക്കാണ് നിങ്ങള്‍ സമ്മേളിപ്പിക്കപ്പെടുക.
പുണ്യഗേഹമായ കഅ്ബയും യുദ്ധം ഹറാമായ മാസവും അല്ലാഹു മാനവതയുടെ നിലനില്‍പിന്ന് നിദാനമാക്കിയിരിക്കുകയാണ്. ഹറമിലേക്കുള്ള ബലിമൃഗങ്ങളെയും അവയുടെ കഴുത്തിലെ അടയാളങ്ങളും അവന്‍ ആദരണീയമാക്കി. ഭുവനവാനങ്ങളിലുള്ളതിനെക്കുറിച്ചെല്ലാം അല്ലാഹു അഗാധജ്ഞാനിയാണെന്നും സമസ്ത വസ്തുക്കളെപ്പറ്റിയും അവന്‍ സൂക്ഷ്മമായി അറിയുന്നവനാണെന്നും നിങ്ങള്‍ ഗ്രഹിക്കാനാണിത്.
അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനും ഏറെ പൊറുക്കുന്നവനും കരുണാമയനുമാണെന്നു നിങ്ങള്‍ അറിയുക.
ദൈവിക സന്ദേശം എത്തിച്ചു കൊടുക്കുക എന്ന ബാധ്യത മാത്രമേ റസൂലിനുള്ളൂ. നിങ്ങള്‍ വെളിപ്പെടുത്തുന്നതും മറച്ചുവെക്കുന്നതും അല്ലാഹു അറിയുന്നുണ്ട്.
നബിയേ പ്രഖ്യാപിക്കുക: നല്ലതും ചീത്തയും തുല്യമാവുകയില്ല; ദുഷിച്ചതിന്റെ ആധിക്യം താങ്കളെ അത്ഭുതപ്പെടുത്തിയാലും ശരി. അതു കൊണ്ട്, ബുദ്ധിമാന്മാരേ, വിജയികളാകാന്‍ വേണ്ടി നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക.
സത്യവിശ്വാസികളേ, ചില വിഷയങ്ങളെപ്പറ്റി നിങ്ങള്‍ ചോദിക്കരുത്; വെളിപ്പെടുത്തപ്പെടു കയാണെങ്കില്‍ അവ നിങ്ങള്‍ക്കു വിഷമം സൃഷ്ടിക്കും. ഖുര്‍ആന്‍ അവതരിക്കപ്പെട്ടുകൊണ്ടിരിക്കവെ ആവശ്യപ്പെടുകയാണെങ്കില്‍ നിങ്ങള്‍ക്കവ വെളിപ്പെടുത്തപ്പെടുന്നതാണ്. അങ്ങനെ ചോദിച്ചത് നിങ്ങള്‍ക്ക് അല്ലാഹു മാപ്പു ചെയ്തിരിക്കുന്നു. അവന്‍ ധാരാളമായി പൊറുക്കുന്നവനും സഹിഷ്ണുവുമത്രേ.
ഒരു ജനതതി മുമ്പും അത്തരം ചോദ്യങ്ങളുന്നയിക്കുകയും എന്നിട്ട് അവയെ നിഷേധി ക്കുന്നവരാവുകയും ചെയ്യുകയുണ്ടായി.
ബഹീറ, സാഇബ, വസ്വീല, ഹാം എന്നിങ്ങനെയുള്ള ബിംബസമര്‍പ്പിത മൃഗങ്ങളെ അല്ലാഹു നിശ്ചയിച്ചിട്ടില്ല; പ്രത്യുത, നിഷേധികള്‍ അല്ലാഹുവിന്റെ പേരിലത് കെട്ടിച്ചമച്ചു പറയുകയാ ണ്. അവരില്‍ മിക്കവരും ചിന്തിച്ചു ഗ്രഹിക്കുന്നില്ല.
അല്ലാഹു അവതരിപ്പിച്ചതിലേക്കും റസൂലിന്റെ അധ്യാപനങ്ങളിലേക്കും വരൂ എന്നു ശാസിക്കപ്പെടുമ്പോള്‍, സ്വപിതാക്കളെ ഏതൊരു പന്ഥാവില്‍ കണ്ടുവോ, അതു മതി ഞങ്ങള്‍ക്ക് എന്നാണവരുടെ പ്രതികരണം! അവരുടെ പിതാക്കള്‍ യാതൊന്നും അറിയാത്തവരും സന്മാര്‍ഗ പ്രാപ്തരാകാത്തവരും ആണെങ്കിലും അതു മതിയോ അവര്‍ക്ക്?!
സത്യവിശ്വാസികളേ, സ്വന്തം കാര്യങ്ങളില്‍ നിങ്ങള്‍ ജാഗ്രതപുലര്‍ത്തിക്കൊള്ളുക. സ്വയം സന്മാര്‍ഗ പ്രാപ്തരായിട്ടുണ്ട് എങ്കില്‍ നിങ്ങള്‍ക്ക് ദുര്‍മാര്‍ഗികള്‍ യാതൊരു വിഷമവും ഉണ്ടാക്കുകയി ല്ല. അല്ലാഹുവിങ്കലേക്കാണ് നിങ്ങളുടെ മടക്കം; തല്‍സമയം, നിങ്ങളുടെ ചെയ്തികളെപ്പറ്റി അവന്‍ നിങ്ങള്‍ക്കറിയിച്ചുതരും.
സത്യവിശ്വാസികളേ, നിങ്ങളിലൊരാള്‍ മരണാസന്നനായാല്‍, വസ്വിയ്യത്ത് ചെയ്യുമ്പോള്‍ നിങ്ങളിലെ രണ്ടു നീതിമാന്മാര്‍ സാക്ഷി നില്‍ക്കണം; യാത്രാ വേളയിലാണ് മരണ വിപത്ത് പിടികൂടു ന്നതെങ്കില്‍ സ്വന്തക്കാരില്ലാതെ വരുമ്പോള്‍ അന്യരില്‍ നിന്നു രണ്ടുപേരായാലും മതിയാകും. ഇനി, സംശയം ജനിക്കുകയാണെങ്കില്‍ നമസ്‌കാരാനന്തരം ഇരുവരെയും ഹാജറാക്കി അല്ലാഹുവിന്റെ പേരില്‍ അവരിങ്ങനെ ശപഥം ചെയ്യണം: 'ഈ സത്യത്തിന്നു -അടുത്ത ബന്ധുവിന്റെ കാര്യത്തിലാണെങ്കില്‍ പോലും- ഞങ്ങള്‍ യാതൊരു വിലയും വാങ്ങുന്നില്ല; അല്ലാഹുവിന്റെ പേരില്‍ ഏറ്റെടുത്ത സാക്ഷ്യം മറച്ചു വെക്കുന്നുമില്ല ഞങ്ങള്‍. അങ്ങനെ ചെയ്യുന്നുവെങ്കില്‍ ഞങ്ങള്‍ കുറ്റവാളികളായിപ്പോകും.'
ഇനി ഇരു സാക്ഷികള്‍ കുറ്റത്തിനര്‍ഹരായി വെളിപ്പെട്ടാല്‍, പരേതന്റെ അവകാശികളുമായി ഇവരെക്കാള്‍ സാമീപ്യമുള്ള രണ്ടുപേര്‍ തല്‍സ്ഥാനത്തു സാക്ഷികളാവുകയും അല്ലാഹുവിന്റെ പേരില്‍ ഇങ്ങനെ ശപഥം ചെയ്യുകയും വേണം: 'ഞങ്ങളുടെ സാക്ഷ്യം ഇവരുടേതിനെക്കാള്‍ സത്യ നിഷ്ഠം തന്നെയാണ്, ഞങ്ങള്‍ അതിക്രമിച്ചിട്ടില്ല; അങ്ങനെ ചെയ്താല്‍ ഞങ്ങളും അക്രമികളാകുന്നതാണ്.'
അവര്‍ യഥായോഗ്യം സാക്ഷ്യം നിര്‍വഹിക്കുന്നവരാകാനും ഒരിക്കല്‍ ചെയ്യപ്പെട്ട ശപഥത്തിനെതിരെ വീണ്ടും ശപഥങ്ങളുണ്ടാകാമെന്ന ഭയം അവരില്‍ ജനിക്കാനും ഏറ്റം ഉതകുന്ന താണിത്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും അവന്റെ കല്‍പനകള്‍ ശ്രവിക്കുകയും ചെയ്യുക. അധര്‍മകാരികളെ അല്ലാഹു സന്മാര്‍ഗ ദര്‍ശനം ചെയ്യുന്നതല്ല.
അല്ലാഹു മുര്‍സലുകളെ ഒരുമിച്ചുകൂട്ടുകയും 'ഉമ്മത്തില്‍ നിന്നു എന്തു പ്രതികരണമാണു നിങ്ങള്‍ക്ക് ലഭിച്ചത്' എന്നു ചോദിക്കുകയും ചെയ്യുന്ന ദിവസം സ്മരണീയമത്രേ. അന്നവര്‍ മറുപടി നല്‍കും: ഞങ്ങള്‍ക്ക് യാതൊന്നുമറിയില്ല; അദൃശ്യകാര്യങ്ങള്‍ വളരെ നന്നായി നിനക്കറിയാമല്ലോ!
ഈസാനബി(അ)യോട് അല്ലാഹു പരലോകത്തു വെച്ചു പറയുന്ന സന്ദര്‍ഭം സ്മരണീയമാണ്: ഓ ഈസബ്‌നു മര്‍യം, താങ്കള്‍ക്കും മാതാവിനും ഞാന്‍ ചെയ്തു തന്ന അനുഗ്രഹം അനുസ്മരിക്കൂ! അതായത് തൊട്ടിലില്‍ വെച്ചും മധ്യവയസ്‌കനായും താങ്കള്‍ ആളുകളോട് സംസാരിക്കവെ പരിശുദ്ധാത്മാവിനാല്‍ ഞാന്‍ പിന്‍ബലം നല്‍കിയ സന്ദര്‍ഭം; ഗ്രന്ഥവും തത്ത്വജ്ഞാനവും തൗറാത്തും ഇന്‍ജീലും പഠിപ്പിച്ചു തന്ന സന്ദര്‍ഭം; എന്റെ ഉദ്ദേശ്യാനുസൃതം കളിമണ്ണുകൊണ്ടു താങ്കള്‍ പക്ഷിരൂപം പോലെയുണ്ടാക്കി അതില്‍ ഊതിയപ്പോള്‍ എന്റെ കല്‍പന പ്രകാരം അതു സാക്ഷാല്‍ പക്ഷിയായിത്തീര്‍ന്ന സന്ദര്‍ഭം; ജന്മാന്ധനെയും വെള്ളപ്പാണ്ടുകാരനെയും എന്റെ ഉദ്ദേശ്യപ്രകാരം താങ്കള്‍ സുഖപ്പെടുത്തിയ സന്ദര്‍ഭം; മരിച്ചു പോയവരെ എന്റെ അനുമതി യോടെ താങ്കള്‍ പുനര്‍ജീവിപ്പിച്ച സന്ദര്‍ഭം; ഇസ്രയേല്യരിലേക്കു വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി ചെന്നപ്പോള്‍ ഇതു സ്പഷ്ടമായ മാരണവിദ്യ മാത്രമാണെന്നു നിഷേധികള്‍ ജല്‍പിച്ച ഘട്ടത്തില്‍ അവരില്‍ നിന്നു ഞാന്‍ താങ്കളെ പ്രതിരോധിച്ച സന്ദര്‍ഭം;
എന്നിലും എന്റെ ദൂതന്‍ ഈസായിലും വിശ്വസിക്കൂ എന്ന് അപ്പോസ്തലന്മാര്‍ക്കു നാം അവബോധം നല്‍കുകയും 'ഞങ്ങള്‍ സത്യവിശ്വാസം കൈക്കൊണ്ടിരിക്കുന്നു; ഞങ്ങള്‍ മുസ്‌ലിംകളാണ് എന്നതിന് നീ സാക്ഷിയാകേണമേ' എന്ന് അവര്‍ പ്രതികരിക്കുകയും ചെയ്ത സന്ദര്‍ഭം.
അപ്പോസ്തലന്മാര്‍ ആവശ്യപ്പെട്ട ഘട്ടവും സ്മരണീയമാണ്: ഹേ ഈസബ്‌നു മര്‍യം, ഞങ്ങള്‍ക്കു ആകാശത്തുനിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിത്തരാന്‍ താങ്കളുടെ നാഥനു കഴിയുമോ? ഈസാ പ്രതികരിച്ചു: 'വിശ്വാസികളാണ് എങ്കില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക!'
അവര്‍ പ്രതികരിച്ചു: ഞങ്ങള്‍ക്കതില്‍ നിന്ന് ആഹരിക്കാനും മനസ്സമാധാനമുണ്ടാകാനും താങ്കള്‍ പറയുന്നത് നേരാണെന്നു ബോധ്യപ്പെടാനും ആ അമാനുഷികത്വത്തിനു ദൃക്‌സാക്ഷികളാകാനുമാണ് അതാവശ്യ പ്പെടുന്നത്.
ഈസാനബി പ്രാര്‍ത്ഥിച്ചു: ഞങ്ങളുടെ നാഥനായ അല്ലാഹുവേ, ആകാശത്തു നിന്ന് ഒരു ഭക്ഷണത്തളിക ഞങ്ങള്‍ക്കു നീ ഇറക്കിത്തരേണമേ. ഞങ്ങളിലെ ആദിമര്‍ക്കും അന്തിമര്‍ക്കും ഒരു ആഘോഷദിനവും നിന്റെ പക്കല്‍ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിത്തീരണം അത്. ഞങ്ങള്‍ക്കു നീ ഭക്ഷണം തരികയും ചെയ്യേണമേ. നിശ്ചയം, ഉത്തമനായ അന്നദാതാവാണല്ലോ നീ.
അല്ലാഹു പ്രത്യുത്തരം നല്‍കി: ശരി, ആ ഭക്ഷണത്തളിക നിങ്ങള്‍ക്കു ഞാന്‍ ഇറക്കിത്തരികയാണ്. എന്നാല്‍, ഇനിയും നിങ്ങളിലാരെങ്കിലും നിഷേധിക്കുന്നുവെങ്കില്‍ അവന്നു ഞാന്‍ ലോകത്ത് മറ്റാര്‍ക്കും നല്‍കിയിട്ടില്ലാത്ത കഠോര ശിക്ഷ കൊടുക്കുന്നതായിരിക്കും.
അല്ലാഹു ചോദിക്കുന്ന സന്ദര്‍ഭം സ്മരണീയമത്രേ: ഓ ഈസബ്‌നുമര്‍യം, 'അല്ലാഹുവിനു പുറമെ എന്നെയും മാതാവിനെയും ദൈവങ്ങളാക്കണം' എന്നു താങ്കളാണോ ജനങ്ങളോടാവശ്യപ്പെട്ട ത്? അദ്ദേഹം പ്രതികരിക്കും: നീ എത്ര പരിശുദ്ധന്‍! എനിക്കു അര്‍ഹതയില്ലാത്തത് ഞാന്‍ പറയാന്‍ പറ്റില്ലല്ലോ! ഇനി, ഞാന്‍ പറഞ്ഞിരുന്നെങ്കില്‍ തന്നെ നീയത് അറിഞ്ഞു കഴിഞ്ഞിരിക്കും. എന്റെ മനസ്സിലുള്ളത് നിനക്കറിയാം; എന്നാല്‍ നിന്നിലുള്ളത് ഞാനറിയില്ല. അദൃശ്യകാര്യങ്ങളെക്കുറിച്ചെല്ലാം സര്‍വജ്ഞനാണ് നീ.
എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിനെ നിങ്ങളാരാധിക്കുക എന്ന, നീ കല്‍പിച്ച കാര്യമല്ലാതെ മറ്റൊന്നും ഞാനവരോടു പറഞ്ഞിട്ടില്ല. അവര്‍ക്കിടയില്‍ കഴിഞ്ഞിരുന്നപ്പോഴൊക്കെ അവരുടെ നിലപാടിനു ഞാന്‍ സാക്ഷിയായിരുന്നു. എന്നാല്‍ എന്നെ നീ എടുത്തു കഴിഞ്ഞപ്പോള്‍ അവരുടെ നരീക്ഷകന്‍ നീ തന്നെയായിത്തീര്‍ന്നു. നീ സര്‍വ കാര്യങ്ങള്‍ക്കും സാക്ഷിയാകുന്നു.
നീ അവരെ ശിക്ഷിക്കുകയാണ് എങ്കില്‍ അവര്‍ നിന്റെ അടിമകള്‍ തന്നെയണല്ലോ; പ്രത്യുത, പൊറുത്തുകൊടുക്കുന്നുവെങ്കിലോ, നിശ്ചയം നീ പ്രതാപശാലിയും യുക്തിമാനുമാകുന്നു.
അല്ലാഹു പ്രഖ്യാപിക്കും: സത്യസന്ധന്മാര്‍ക്ക് അവരുടെ സത്യനിഷ്ഠ പ്രയോജനക രമാകുന്ന ദിവസമാണിത്. താഴ്ഭാഗത്തുകൂടി നദികളൊഴുകുന്ന സ്വര്‍ഗങ്ങള്‍ അവര്‍ക്കുണ്ട്. അതിലവര്‍ ശാശ്വതവാസികളായിരിക്കും. അല്ലാഹു അവരെക്കുറിച്ചും അവര്‍ അല്ലാഹുവിനെക്കുറിച്ചും സംതൃപ്തരായിരിക്കുന്നു. വമ്പിച്ച വിജയമത്രേ അത്.
ഭുവനവാനങ്ങളുടെയും അവയിലുള്ളവയു ടെയും ആധിപത്യം അല്ലാഹുവിനാകുന്നു. സകല കാര്യത്തിനും കഴിവുറ്റവനത്രേ അവന്‍.