ആധിപത്യം യാതൊരുത്തന്റെ കൈവശമാണോ അവന്‍ പരിശുദ്ധനാണ്. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
അൽ മുല്ക് الملك Al-Mulk
സൂറത്ത് അൽ മുല്ക് (Al-Mulk), ഖുർആൻ അധ്യായം 67 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 30 ആയത്തുകൾ വായിക്കുക. Read Surah Al-Mulk with Arabic text and മലയാളം translation.
നിങ്ങളില്‍ ആരാണ് ഏറ്റവും നല്ല പ്രവൃത്തി ചെയ്യുന്നവരെന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണത്തെയും ജീവിതത്തെയും സൃഷ്ടിച്ചവനാണ് (അവന്‍). അവന്‍ പ്രതാപശാലിയും വളരെ പൊറുക്കുന്നവനുമാകുന്നു.
തട്ടുകളായി ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചവനാണ് (അവന്‍). കരുണാനിധിയായ അല്ലാഹുവിന്റെ സൃഷ്ടിയില്‍ യാതൊരു ഏറ്റവ്യത്യാസവും നീ കാണുകയില്ല. എന്നാല്‍, നീ ഒന്ന് നിന്റെ ദൃഷ്ടി കൊണ്ട് ആവര്‍ത്തിച്ചു നോക്കൂ, വല്ല വിടവും നീ കാണുന്നുണ്ടോ?
പിന്നെയും നിന്റെ ദൃഷ്ടികള്‍ കൊണ്ട് രണ്ടു വട്ടം ആവര്‍ത്തിച്ചുനോക്കുക. എന്നാല്‍, ദൃഷ്ടികള്‍ പരാജയമടഞ്ഞ നിലയില്‍ നിന്നിലേക്കുതന്നെ തിരിച്ചുവരും. അതാവട്ടെ അങ്ങേയറ്റം ക്ഷീണിച്ചതുമായിരിക്കും.
നിശ്ചയമായും ഏറ്റവും അടുത്ത ആകാശത്തെ പല വിളക്കുകള്‍ (നക്ഷത്രങ്ങള്‍) കൊണ്ട് നാം അലങ്കരിക്കുകയും അവയെ നാം പിശാചുക്കളെ എറിഞ്ഞാട്ടുന്നവ ആക്കുകയും ചെയ്തിരിക്കുന്നു. അവര്‍ക്ക് നാം ജ്വലിക്കുന്ന നരകശിക്ഷ ഒരുക്കിവെച്ചിട്ടുമുണ്ട്.
തങ്ങളുടെ രക്ഷിതാവില്‍ അവിശ്വസിക്കുന്നവര്‍ക്ക് നരകശിക്ഷയുണ്ട്. ആ മടങ്ങുന്ന സ്ഥാനം വളരെ ചീത്ത!
അതില്‍ ഇടപ്പെട്ടാല്‍ തിളച്ചുമറിഞ്ഞുകൊണ്ടിരിക്കുന്ന സ്ഥിതിയില്‍ അതിനൊരു ഗര്‍ജ്ജനം അവര്‍ കേള്‍ക്കുന്നതാകുന്നു.
അമര്‍ഷം മൂലം അത് പൊട്ടിപ്പിളരാറാകും. ഓരോ കൂട്ടം ആളുകള്‍ അതില്‍ ഇടപ്പെടുമ്പോഴൊക്കെയും അതിലെ പാറാവുകാര്‍ അവരോട് ചോദിക്കും-നിങ്ങള്‍ക്ക് താക്കീതുകാര്‍ ആരും വന്നിരുന്നില്ലേ?
അവര്‍ പറയും: അതെ, ഞങ്ങള്‍ക്ക് താക്കീതുകാരന്‍ വരുകതന്നെ ചെയ്തിരുന്നു. എന്നാല്‍, ഞങ്ങളദ്ദേഹത്തെ നിഷേധിച്ചു. 'അല്ലാഹു ഒന്നും അവതരിപ്പിച്ചിട്ടില്ല, നിങ്ങള്‍ വലിയ വഴികേടില്‍ തന്നെയാണ്' എന്ന് ഞങ്ങള്‍ അവരോട് പറയുകയും ചെയ്തു.
അവര്‍ (വീണ്ടും) പറയും: ഞങ്ങള്‍ (അവര്‍ പറഞ്ഞത്) കേള്‍ക്കുകയോ മനസ്സിലാക്കുകയോ ചെയ്തിരുന്നുവെങ്കില്‍ ഈ ജ്വലിക്കുന്ന നരകക്കാരാകുമായിരുന്നില്ല!
അങ്ങനെ അവര്‍ തങ്ങളുടെ കുറ്റം സമ്മതിച്ചുപറയും. അപ്പോള്‍ ജ്വലിക്കുന്ന നരകക്കാര്‍ (അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്ന്) വളരെ വിദൂരം!
നിശ്ചയമായും തങ്ങളുടെ രക്ഷിതാവിനെ അദൃശ്യമായ നിലയില്‍ ഭയപ്പെടുന്നവര്‍ക്ക് പാപമോചനവും മികച്ച പ്രതിഫലവുമുണ്ട്.
നിങ്ങളുടെ സംസാരം പതുക്കെയാക്കുക, അല്ലെങ്കില്‍ ഉറക്കെയാക്കുക. (രണ്ടും സമമാണ്. കാരണം,) അവന്‍ ഹൃദയങ്ങളിലുള്ളതെല്ലാം നല്ലവണ്ണം അറിയുന്നവന്‍ തന്നെയാകുന്നു.
സൃഷ്ടിച്ചവന്‍ അറിയുകയില്ലേ? അവനാകട്ടെ അതിനിഗൂഢ രഹസ്യം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാണ് എന്നിരിക്കെ.
നിങ്ങള്‍ക്ക് ഭൂമിയെ (കൈകാര്യം ചെയ്യുവാന്‍) വിധേയമാക്കിത്തന്നവനാണവന്‍. അതുകൊണ്ട് നിങ്ങള്‍ അതിന്റെ ഉപരിതലത്തിലൂടെ സഞ്ചരിക്കുകയും അവന്റെ (വക) ആഹാരത്തില്‍ നിന്ന് ഭക്ഷിക്കുകയും ചെയ്തുകൊള്ളുക. അവങ്കലേക്കുതന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്പും.
ആകാശത്ത് (അധികാരശക്തി) ഉള്ളവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നത് നിങ്ങള്‍ നിര്‍ഭയരായിട്ടുണ്ടോ? അപ്പോഴത് ഇളകിക്കൊണ്ടിരിക്കും.
അതല്ലെങ്കില്‍ ആകാശത്ത് (അധികാരശക്തി) ഉള്ളവന്‍ നിങ്ങളുടെ മേല്‍ ഒരു ചരല്‍മാരി അയക്കുന്നത് നിങ്ങള്‍ നിര്‍ഭയരായിട്ടുണ്ടോ? എന്റെ താക്കീത് എങ്ങനെയിരിക്കുമെന്ന് അപ്പോള്‍ നിങ്ങള്‍ക്ക് അറിയാറാകും.
നിശ്ചയമായും ഇവര്‍ക്കു മുമ്പുള്ളവരും (സത്യം) നിഷേധിച്ചിട്ടുണ്ട്. എന്നിട്ട് എന്റെ പ്രതിഷേധം എങ്ങനെയായിരുന്നു? (അവരതൊന്ന് ചിന്തിക്കട്ടെ!)
തങ്ങളുടെ മീതെ ചിറകുകള്‍ വിടര്‍ത്തിക്കൊണ്ടും കൂട്ടിപ്പിടിച്ചുകൊണ്ടും പക്ഷികള്‍ പറക്കുന്നത് അവര്‍ കണ്ടിട്ടില്ലേ? കരുണാനിധിയായ അല്ലാഹു അല്ലാതെ അവയെ പിടിച്ചുനിറുത്തുന്നില്ല. നിശ്ചയമായും അവന്‍ എല്ലാ വസ്തുവെപ്പറ്റിയും കണ്ടറിയുന്നവനാകുന്നു.
കരുണാനിധിയായ അല്ലാഹുവിനെ ക്കൂടാതെ നിങ്ങളെ സഹായിക്കുന്ന ഈ പട്ടാളമാരാണ്? സത്യനിഷേധികള്‍ വഞ്ചനയില്‍ പെട്ടിരിക്കുക തന്നെയാകുന്നു.
അതല്ലെങ്കില്‍ അല്ലാഹു അവന്റെ ആഹാരം നിറുത്തിവെച്ചാല്‍ നിങ്ങള്‍ക്ക് ആഹാരം നല്‍കുന്ന ഇവന്‍ ആരാകുന്നു? പക്ഷേ, അവര്‍ ധിക്കാരത്തിലും (സത്യത്തില്‍ നിന്ന്) അകന്നുപോകുന്നതിലും നിരതരായിരിക്കയാണ്.
അപ്പോള്‍ മുഖംകുത്തി നടക്കുന്നവനോ ലക്ഷ്യത്തില്‍ എത്തിച്ചേരുക, അതല്ല നേരായ മാര്‍ഗത്തില്‍ ശരിയായി നടക്കുന്നവനോ?
(നബിയേ,) പറയുക: നിങ്ങളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കുകയും ചെയ്തവനാണ് അല്ലാഹു. നിങ്ങള്‍ അല്‍പം മാത്രമേ നന്ദി ചെയ്യുന്നുള്ളൂ.
പറയുക: നിങ്ങളെ ഭൂമിയില്‍ സൃഷ്ടിച്ച് പെരുപ്പിച്ചവനാണ് അല്ലാഹു. അവങ്കലേക്കുതന്നെ നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്യുന്നു.
അവര്‍ (സത്യനിഷേധികള്‍) ചോദിക്കുന്നു: എപ്പോഴാണ് (ഒരുമിച്ചുകൂട്ടുമെന്ന) ഈ വാഗ്ദാനം പുലരുക? നിങ്ങള്‍ സത്യവാദികളാണെങ്കില്‍ (അതൊന്ന് പറയൂ).
അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കല്‍ മാത്രമാണ്; ഞാന്‍ സ്പഷ്ടമായ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു എന്ന് താങ്കള്‍ പറയുക.
എന്നാല്‍, അത് സമീപിച്ചതായി അവര്‍ കാണുമ്പോള്‍ (ആ) സത്യനിഷേധികളുടെ മുഖങ്ങള്‍ക്ക് മ്ലാനത ബാധിക്കും. (ഉണ്ടാവുകയില്ലെന്ന്) നിങ്ങള്‍ വാദിച്ചുകൊണ്ടിരിക്കുന്നതാണിത് എന്ന് അവരോട് പറയപ്പെടുകയും ചെയ്യും.
(നബിയേ, അവരോട്) ചോദിക്കുക: നിങ്ങള്‍ പറയൂ, എന്നെയും എന്റെ കൂടെയുള്ളവരെയും അല്ലാഹു ശിക്ഷിക്കുകയോ ഞങ്ങള്‍ക്കവന്‍ കരുണ ചെയ്യുകയോ ചെയ്താല്‍ (രണ്ടായാലും നിങ്ങള്‍ക്കെന്തു ഫലം?) വേദനാജനകമായ ശിക്ഷയില്‍ നിന്ന് സത്യനിഷേധികളെ രക്ഷിക്കുവാന്‍ ആരാണുള്ളത്?
പറയുക: അവന്‍ കരുണാനിധിയാണ്. ഞങ്ങള്‍ അവനില്‍ വിശ്വസിക്കുകയും അവന്റെ മേല്‍തന്നെ ഭരമേല്‍പിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍, വ്യക്തമായ വഴികേടില്‍ ആരാണ് അകപ്പെട്ടിരിക്കുന്നതെന്ന് നിങ്ങള്‍ അടുത്ത് അറിയാറാകും.
ചോദിക്കുക: നിങ്ങളൊന്ന് പറയൂ, നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ നിങ്ങള്‍ക്ക് ഒഴുകുന്ന വെള്ളം കൊണ്ടുവന്നുതരുന്നതാരാണ്?