അന്ത്യസമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു.
അൽ ഖമർ القمر Al-Qamar
സൂറത്ത് അൽ ഖമർ (Al-Qamar), ഖുർആൻ അധ്യായം 54 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 55 ആയത്തുകൾ വായിക്കുക. Read Surah Al-Qamar with Arabic text and മലയാളം translation.
വല്ല ദൃഷ്ടാന്തവും കാണുന്നതായാല്‍ അവര്‍ അവഗണിച്ച് തിരിഞ്ഞുകളയുകയും (ഇത്) ശക്തിയായ ഒരു ജാലവിദ്യയാണെന്ന് പറയുകയും ചെയ്യും.
അവര്‍ (സത്യം) നിഷേധിക്കുകയും തങ്ങളുടെ ഇച്ഛകളെ പിന്‍പറ്റുകയും ചെയ്തിരിക്കയാണ്. എല്ലാ കാര്യവും (ഓരോ താവളത്തില്‍) ഉറച്ചുനില്‍ക്കുന്നതാണ്.
നിശ്ചയമായും (സത്യനിഷേധത്തില്‍ നിന്ന്) വിലങ്ങി നില്‍ക്കത്തക്ക വാര്‍ത്തകള്‍ അവര്‍ക്ക് വന്നുകഴിഞ്ഞിട്ടുണ്ട്.
മികച്ച (പൂര്‍ണമായ) വിജ്ഞാനം! എന്നിട്ടും ആ താക്കീതുകള്‍ അവര്‍ക്ക് പ്രയോജനം ചെയ്യുന്നില്ല.
അതുകൊണ്ട് (നബിയേ,) താങ്കള്‍ അവരില്‍ നിന്ന് പിന്തിരിഞ്ഞുകളയുക. വളരെ അനിഷ്ടകരമായ കാര്യത്തിലേക്ക് ഒരു വിളിക്കുന്ന ആള്‍ വിളിക്കുന്ന ദിവസം.
അവരുടെ ദൃഷ്ടികള്‍ (ഭയന്ന്) സവിനയം ചിന്നിപ്പരന്ന വെട്ടുകിളികളെപ്പോലെ ഖബ്‌റുകളില്‍ നിന്ന് അവര്‍ പുറത്തുവരുന്നതാണ്.
വിളിക്കുന്ന ആളിലേക്ക് കഴുത്ത് നീട്ടി ധൃതിപ്പെട്ടവരായുംകൊണ്ട്. ഇത് വിഷമമേറിയ ഒരു ദിവസമാകുന്നു എന്ന് (അന്ന്) സത്യനിഷേധികള്‍ പറയും.
ഇവര്‍ക്കു മുമ്പ് നൂഹിന്റെ ജനത (സത്യം) നിഷേധിച്ചു. അങ്ങനെ അവര്‍ നമ്മുടെ ദാസനെ (നൂഹിനെ) വ്യാജമാക്കുകയും ഭ്രാന്തന്‍ എന്ന് പറയുകയും അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
അപ്പോള്‍ അദ്ദേഹം തന്റെ രക്ഷിതാവിനോട് പ്രാര്‍ഥിച്ചു-നിശ്ചയമായും ഞാന്‍ പരാജിതനാണ്. അതുകൊണ്ട് നീ രക്ഷാനടപടി എടുക്കേണമേ എന്ന്.
അപ്പോള്‍ കുത്തിച്ചൊരിയുന്ന (മഴ) വെള്ളം കൊണ്ട് ആകാശത്തിന്റെ കവാടങ്ങള്‍ നാം തുറന്നുവെക്കുകയും,
ഭൂമിയിലെ ഉറവുകള്‍ നാം പൊട്ടിയൊലിപ്പിക്കുകയും ചെയ്തു. അങ്ങനെ നിശ്ചയിക്കപ്പെട്ടുകഴിഞ്ഞിരുന്ന ഒരു വമ്പിച്ച കാര്യത്തിനുവേണ്ടി ആ വെള്ളം (രണ്ടും) കൂട്ടിമുട്ടി.
പലകകളും ആണികളും ഉള്ള ഒന്നിന്മേല്‍ (ഒരു കപ്പലില്‍) അദ്ദേഹത്തെ നാം വഹി(ച്ച് രക്ഷി)ക്കുകയും ചെയ്തു.
നമ്മുടെ സംരക്ഷണത്തില്‍ അത് (ആ കപ്പല്‍) സഞ്ചരിക്കുന്നു. നിഷേധിക്കപ്പെട്ട ആള്‍ക്ക് (നൂഹ് നബിക്ക്) വേണ്ടിയുള്ള ഒരു പ്രതികാരനടപടിയായിട്ടത്രെ (അങ്ങനെ ചെയ്തത്).
നിശ്ചയമായും അതിനെ നാം ഒരു ദൃഷ്ടാന്തമായി അവശേഷിപ്പിച്ചു. എന്നാല്‍, ചിന്തിച്ച് പാഠം പഠിക്കുന്നവരായി ആരെങ്കിലുമുണ്ടോ?
അപ്പോള്‍ എന്റെ ശിക്ഷയും എന്റെ താക്കീതുകളും എങ്ങനെയായിത്തീര്‍ന്നു? (അതിന്റെ സ്ഥാനത്ത് തന്നെയാണത്.)
നിശ്ചയമായും ചിന്തിച്ച് ഗ്രഹിക്കുവാനായി ഖുര്‍ആനെ നാം എളുപ്പമാക്കി (സൗകര്യപ്പെടുത്തി)യിരിക്കുന്നു. എന്നാല്‍ ചിന്തിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?
ആദ് സമുദായം (സത്യം) നിഷേധിച്ചു. അപ്പോള്‍ എന്റെ ശിക്ഷയും താക്കീതുകളും എങ്ങനെയായിത്തീര്‍ന്നു?
നിശ്ചയമായും അവരുടെ മേല്‍ മുറിഞ്ഞുപോകാത്ത ദുശ്ശകുനദിവസം നാം ഒരു കൊടുങ്കാറ്റയച്ചു.
അത് മനുഷ്യരെ പറിച്ചെറിഞ്ഞുകൊണ്ടിരുന്നു. അവര്‍ കടപുഴകി വീണ ഈത്തപ്പനത്തടികളെന്നോണമായിരുന്നു (നിലംപതിച്ചത്).
അപ്പോള്‍ എന്റെ ശിക്ഷയും താക്കീതുകളും എങ്ങനെയായിത്തീര്‍ന്നു?
നിശ്ചയമായും ചിന്തിച്ച് ഗ്രഹിക്കുവാനായി ഖുര്‍ആനെ നാം എളുപ്പമാക്കിയിരിക്കുന്നു. എന്നാല്‍ ചിന്തിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?
സമൂദ് സമുദായം താക്കീതുകള്‍ നിഷേധിച്ചു.
എന്നിട്ടവര്‍ പറഞ്ഞു: നമ്മളില്‍ ഉള്ള ഒരേയൊരു മനുഷ്യനെ നാം പിന്‍പറ്റുകയോ? അങ്ങനെയാണെങ്കില്‍ നാം വഴികേടിലും കിറുക്കിലും അകപ്പെട്ടവരായിരിക്കുകതന്നെ ചെയ്യും.
നമ്മുടെ ഇടയില്‍ നിന്ന് അവന് (പ്രത്യേകം) ബോധനം നല്‍കപ്പെട്ടുവെന്നോ? അല്ല. പക്ഷേ, അവന്‍ വലിയ കള്ളവാദിയും അഹങ്കാരിയുമാകുന്നു.
ആരാണ് വലിയ കള്ളവാദിയും അഹങ്കാരിയുമെന്ന് അവര്‍ നാളെ അറിയും.
നിശ്ചയമായും അവര്‍ക്കൊരു പരീക്ഷണമായിക്കൊണ്ട് ഒരു ഒട്ടകത്തെ നാം അയക്കുന്നു. അതുകൊണ്ട് താങ്കള്‍ അവരെ വീക്ഷിക്കുകയും ക്ഷമിച്ചിരിക്കുകയും ചെയ്യുക.
വെള്ളം അവര്‍ക്കിടയില്‍ പങ്ക് (ഊഴം) ആണ്; വെള്ളത്തില്‍ നിന്നുള്ള എല്ലാ ഓഹരിയും (ഊഴവും) (അതില്‍ അതിന്റെ അവകാശികള്‍-അവരും ഒട്ടകവും) സന്നിഹിതരാക്കപ്പെടേണ്ടതാണ് എന്ന് താങ്കള്‍ അവരെ അറിയിക്കുകയും ചെയ്യുക.
അങ്ങനെ അവര്‍ തങ്ങളുടെ ചങ്ങാതിയെ വിളിച്ചു. അപ്പോള്‍ അവന്‍ (അതിനെ കൊല്ലുവാന്‍ തയ്യാറായി), അവന്‍ അതിനെ കൊല്ലുകയും ചെയ്തു.
അപ്പോള്‍ എന്റെ ശിക്ഷയും താക്കീതുകളും എങ്ങനെയായിത്തീര്‍ന്നു?
അവരുടെ മേല്‍ ഒരൊറ്റ ഘോരശബ്ദം നാം അയക്കുകതന്നെ ചെയ്തു. അപ്പോള്‍ അവര്‍ ആട്ടിന്‍കൂട് പണിയുന്നവന്റെ (അവന്‍ ഉപേക്ഷിച്ചുകളഞ്ഞ) ചില്ലിത്തുരുമ്പ് പോലെ ആയിത്തീര്‍ന്നു.
നിശ്ചയമായും ചിന്തിച്ച് ഗ്രഹിക്കുവാനായി ഖുര്‍ആനെ നാം എളുപ്പമാക്കിയിരിക്കുന്നു. എന്നാല്‍ ചിന്തിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?
ലൂഥിന്റെ ജനത താക്കീതുകള്‍ നിഷേധിച്ചു.
അവരുടെ മേല്‍ നാം ചരല്‍ക്കാറ്റിനെ അയക്കുക തന്നെ ചെയ്തു. ലൂഥിന്റെ കുടുംബത്തിന്റെ മേല്‍ ഒഴികെ. അവരെ നാം പുലരാന്‍കാലത്ത് രക്ഷപ്പെടുത്തി.
നമ്മുടെ പക്കല്‍ നിന്നുള്ള അനുഗ്രഹമായിട്ട്. അപ്രകാരം നന്ദി കാട്ടുന്നവര്‍ക്ക് നാം പ്രതിഫലം കൊടുക്കും.
നമ്മുടെ ശിക്ഷയെ അദ്ദേഹം അവരെ താക്കീത് ചെയ്തു. അപ്പോള്‍ അവര്‍ താക്കീതുകളെക്കുറിച്ച് തര്‍ക്കിച്ചു (നിഷേധിച്ചു).
തന്റെ അതിഥികളെ (ദുര്‍വൃത്തിക്ക്) വിട്ടുകൊടുക്കുവാന്‍ അദ്ദേഹത്തോട് അവര്‍ ആവശ്യപ്പെടുകയുണ്ടായി. അപ്പോള്‍ അവരുടെ കണ്ണുകളെ നാം കുരുടാക്കി. 'ഇനി നിങ്ങള്‍ എന്റെ ശിക്ഷയും താക്കീതുകളും രുചി നോക്കുക' (എന്ന് അവരോട് പറയപ്പെട്ടു.)
ഒരു പ്രഭാതത്തില്‍ സ്ഥിരമായ (ഇട മുറിയാത്ത) ഒരു ശിക്ഷ അവരെ ബാധിച്ചുകളഞ്ഞു.
ഇനി എന്റെ ശിക്ഷയും താക്കീതുകളും ഒന്ന് രുചി നോക്കുക (എന്ന് അവരോട് പറയപ്പെട്ടു).
നിശ്ചയമായും ചിന്തിച്ച് ഗ്രഹിക്കുവാനായി ഖുര്‍ആനെ നാം എളുപ്പമാക്കിയിരിക്കുന്നു. എന്നാല്‍, ചിന്തിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?
ഫിര്‍ഔന്റെ ആള്‍ക്കാര്‍ക്ക് എന്റെ താക്കീതുകള്‍ വന്നു.
നമ്മുടെ ദൃഷ്ടാന്തങ്ങളെയെല്ലാം അവര്‍ നിഷേധിച്ചു. അപ്പോള്‍ പ്രതാപശാലിയും കഴിവുള്ളവനുമായ ഒരുവന്റെ പിടിത്തം അവരെ നാം പിടിച്ചു (ശിക്ഷിച്ചു).
(ഹേ ജനങ്ങളേ,) നിങ്ങളിലുള്ള സത്യനിഷേധികള്‍ അവരെക്കാള്‍ മികച്ചവരാണോ? അതോ വേദപ്രമാണങ്ങളില്‍ നിങ്ങള്‍ക്ക് വല്ല ഒഴിവും (വിടുതിയും) ഉണ്ടോ?
അതല്ല, ഞങ്ങള്‍ സ്വരക്ഷാനടപടി എടുക്കുന്ന സുശക്തമായ ഒരു സംഘമാണെന്ന് (നബിയേ,) അവര്‍ പറയുന്നുവോ?
ആ സംഘം പിന്നീട് പരാജയപ്പെടുത്തപ്പെടും. അവര്‍ പിന്തിരിഞ്ഞോടുകയും ചെയ്യും.
അത്രയുമല്ല, അന്ത്യഘട്ടമാണ് അവരുടെ നിശ്ചിത സമയം. അന്ത്യഘട്ടമാകട്ടെ ഏറ്റവും ആപല്‍ക്കരമായതും ഏറ്റവും കൈപ്പായതുമാകുന്നു.
നിശ്ചയമായും കുറ്റവാളികള്‍ വഴിപിഴവിലും കിറുക്കിലുമാണ്.
മുഖങ്ങളിലായി അവര്‍ നരകത്തില്‍ വലിച്ചിഴക്കപ്പെടുന്ന ദിവസം, നിങ്ങള്‍ നരകത്തിന്റെ ബാധയെ രുചിച്ചുനോക്കുക (എന്ന് അവരോട് പറയപ്പെടും).
എല്ലാ വസ്തുവെയും ഒരു നിര്‍ണയപ്രകാരം തന്നെ നാം സൃഷ്ടിച്ചിരിക്കുന്നു.
നമ്മുടെ കല്‍പന ഒരൊറ്റ പ്രാവശ്യം മാത്രമാകുന്നു. കണ്ണുകൊണ്ട് ഒന്ന് ഇമവെട്ടുന്നതുപോലെ (അത്രയും വേഗത്തിലായിരിക്കും).
(സത്യനിഷേധികളേ,) നിങ്ങളെപ്പോലെയുള്ളവരെ (ഇതിനുമുമ്പ്) നാം ശിക്ഷിക്കുകയുണ്ടായിട്ടുണ്ട്. എന്നിട്ട് ചിന്തിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?
അവര്‍ ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളും ഏടുകളിലുണ്ട്.
എല്ലാ ചെറുതും വലുതും (ആയ കാര്യം) എഴുതി വെക്കപ്പെടുന്നതാണ്.
നിശ്ചയമായും ഭയഭക്തിയുള്ളവര്‍ സ്വര്‍ഗങ്ങളിലും അരുവികളിലുമാകുന്നു.
അതെ, സത്യത്തിന്റെ ആസ്ഥാനത്തില്‍. പ്രബലനായ ഒരു രാജാധിപതിയുടെ അടുക്കല്‍!