അലിഫ് ലാം മീം.
ആലു ഇംറാൻ آل عمران Ali Imran
സൂറത്ത് ആലു ഇംറാൻ (Ali Imran), ഖുർആൻ അധ്യായം 3 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 200 ആയത്തുകൾ വായിക്കുക. Read Surah Ali Imran with Arabic text and മലയാളം translation.
അല്ലാഹു അല്ലാതെ വേറെ ഇലാഹില്ല. അവന്‍ എപ്പോഴും ജീവിച്ചിരിക്കുന്നവനും അന്യാശ്രയം കൂടാതെ നിലനിന്നുവരുന്നവനും മറ്റുള്ളവരെയെല്ലാം നിയന്ത്രിച്ച് നിറുത്തിപ്പോരുന്നവനുമാകുന്നു.
അവന്‍ ഖുര്‍ആനെ സത്യസന്ധമായും അതിന്റെ മുമ്പുള്ളതിനെ (വേദങ്ങളെ) ശരിവെക്കുന്നതായും താങ്കള്‍ക്ക് അവതരിപ്പിച്ചുതന്നിരിക്കുന്നു. തൗറാത്തും ഇന്‍ജീലും അവന്‍ അവതരിപ്പിച്ചിട്ടുണ്ട്.
(ഖുര്ആന് ഇറങ്ങുന്നതിന്) മുമ്പ് ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനത്തിനായി (തൗറാത്തും ഇന്‍ജീലും അവന്‍ അവതരിപ്പിച്ചു). സത്യാസത്യവിവേചകത്തെയും അവന്‍ അവതരിപ്പിച്ചു. (എന്നിട്ടും) അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുന്നവര്‍ക്ക് നിശ്ചയമായും കഠിനശിക്ഷയുണ്ട്. അല്ലാഹു പ്രതാപശാലിയും ശിക്ഷാനടപടികള്‍ എടുക്കുന്നവനുമാകുന്നു.
ആകാശത്തോ ഭൂമിയിലോ ഉള്ള ഒന്നുംതന്നെ അല്ലാഹുവിന് അപ്രത്യക്ഷമല്ല.
താന്‍ ഉദ്ദേശിക്കുംവിധം ഗര്‍ഭാശയങ്ങളില്‍ വെച്ച് നിങ്ങളെ അവന്‍ രൂപപ്പെടുത്തുന്നു. അവനല്ലാതെ ഒരു ഇലാഹുമില്ല. അവന്‍ പ്രതാപശാലിയും മഹാതന്ത്രജ്ഞനുമാകുന്നു.
അവന്‍ താങ്കള്‍ക്ക് ഗ്രന്ഥം അവതരിപ്പിച്ചുതന്നവനാണ്. അതില്‍ സുവ്യക്തമായ വാക്യങ്ങളുണ്ട്. അവ ഗ്രന്ഥത്തിന്റെ അടിസ്ഥാനമാണ്. അവ്യക്തമായ മറ്റു ചില വാക്യങ്ങളും അതിലുണ്ട്. എന്നാല്‍ ഹൃദയങ്ങളില്‍ വക്രതയുള്ളവര്‍ അതിലുള്ള അവ്യക്തമായ വാക്യങ്ങളുടെ പിന്നാലെ പോകുന്നതാണ്. (അത് ജനങ്ങളെ) വഴി പിഴപ്പിക്കുവാന്‍ ഉദ്ദേശിച്ചും (അതിന് സാധ്യമാകുന്ന വിധത്തില്‍) അവയെ വ്യാഖ്യാനിക്കുവാന്‍ ആഗ്രഹിച്ചുംകൊണ്ടാണ്. (വാസ്തവത്തില്‍) അതിന്റെ (ശരിയായ) വ്യാഖ്യാനം അല്ലാഹുവും ജ്ഞാനത്തില്‍ അടിയുറച്ചവരുമല്ലാതെ അറിയുകയില്ല. 'നാം അവയില്‍ വിശ്വസിച്ചു; (സുവ്യക്തമായവയും അവ്യക്തമായവയും) എല്ലാം നമ്മുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളത് തന്നെയാകുന്നു' എന്നാണ് അവര്‍ (അടിയുറച്ച പണ്ഡിതന്മാര്‍) പറയുക. ബുദ്ധിമാന്മാരല്ലാതെ ചിന്തിച്ച് ഗ്രഹിക്കുന്നതല്ല.
ഞങ്ങളുടെ നാഥാ, സന്മാര്‍ഗത്തിലാക്കിയ ശേഷം ഞങ്ങളുടെ ഹൃദയങ്ങളെ (അതില്‍ നിന്ന്) നീ തെറ്റിച്ചുകളയരുതേ! നിന്റെ പക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് സൗജന്യമായി നല്‍കേണമേ! നിശ്ചയമായും നീ തന്നെയാണ് ഏറ്റവും സൗജന്യം നല്‍കുന്നവന്‍;'
ഞങ്ങളുടെ നാഥാ, നീ ജനങ്ങളെയെല്ലാം ഒരു ദിവസം ഒരുമിച്ചുകൂട്ടുന്നവന്‍ തന്നെയാണ്. അതില്‍ ഒട്ടും സംശയമില്ല. നിശ്ചയമായും അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല' (എന്നവര്‍ പ്രാര്‍ഥിക്കുകയും ചെയ്യും.)
നിശ്ചയമായും സത്യനിഷേധികള്‍ക്ക് അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് (രക്ഷ നേടാന്‍) തങ്ങളുടെ സമ്പത്തും സന്താനങ്ങളും ഒരു പ്രയോജനവുംചെയ്യുന്നതല്ല. നരകത്തില്‍ കത്തിക്കപ്പെടുന്ന വിറകുകള്‍ തന്നെയാണവര്‍.
ഫിര്‍ഔന്‍ കക്ഷിയുടെയും അവര്‍ക്കു മുമ്പുള്ളവരുടെയും അവസ്ഥ പോലെത്തന്നെയാണ് (ഇവരുടെ അവസ്ഥയും). അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു. അപ്പോള്‍ അവരുടെ കുറ്റങ്ങള്‍ കാരണം അല്ലാഹു അവരെ പിടിച്ച് ശിക്ഷിച്ചു. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.
സത്യനിഷേധികളോട് താങ്കള്‍ പറയുക: നിങ്ങള്‍ പരാജയപ്പെടുകയും നരകത്തിലേക്ക് തെളിച്ചുകൂട്ടപ്പെടുകയും ചെയ്യും. അതേറ്റവും ദുഷിച്ച സങ്കേതമാണ്.
(ബദ്‌റില്‍) ഒന്നിച്ചുചേര്‍ന്ന രണ്ട് കക്ഷികളില്‍ നിശ്ചയമായും നിങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തമുണ്ട്. ഒരു കക്ഷി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുന്നു. മറ്റേ കക്ഷിയാവട്ടെ (ഥാഗൂത്തിന്റെ മാര്‍ഗത്തില്‍ പോരാടുന്ന) സത്യനിഷേധികളുമാണ്. അവരെ ഇവര്‍ (മുസ്‌ലിംകള്‍) തങ്ങളെക്കാള്‍ രണ്ടിരട്ടിയുണ്ടെന്ന് കണ്‍കാഴ്ചയില്‍ തന്നെ കാണുന്നു. താനുദ്ദേശിക്കുന്നവരെ തന്റെ സഹായം കൊണ്ട് അല്ലാഹു ശക്തിപ്പെടുത്തുന്നതാണ്. ചിന്തിക്കുന്നവര്‍ക്ക് നിശ്ചയമായും ഇതില്‍ ഒരു വലിയ പാഠമുണ്ട്.
സ്ത്രീകള്‍, പുരുഷസന്താനങ്ങള്‍, ധാരാളമായി ശേഖരിക്കപ്പെട്ട വെള്ളി-പൊന്നുകള്‍, ലക്ഷണമൊത്ത കുതിരകള്‍, നാല്‍ക്കാലി മൃഗങ്ങള്‍, കൃഷിയിടങ്ങള്‍ എന്നീ കാമ്യവസ്തുക്കളെ സ്‌നേഹിക്കല്‍ മനുഷ്യര്‍ക്ക് ഭംഗിയാക്കപ്പെട്ടിട്ടുണ്ട്. അതെല്ലാം ഐഹിക ജീവിതത്തില്‍ സുഖമെടുക്കുവാനുള്ള വിഭവങ്ങളാണ്. എന്നാല്‍ അല്ലാഹുവിങ്കലാണ് ഉല്‍കൃഷ്ടമായ സങ്കേതം സ്ഥിതി ചെയ്യുന്നത്.
പറയുക: ഇതിനേക്കാള്‍ ഉത്തമമായത് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ? ദോഷബാധയെ സൂക്ഷിച്ചിട്ടുള്ളവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ ചില തോട്ടങ്ങളുണ്ട്. അതിന്റെ താഴ്ഭാഗങ്ങളില്‍ കൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നതാണ്. അവര്‍ അവിടെ നിരന്തരം നിവസിക്കുന്നവരായിരിക്കും. (അവര്‍ക്കവിടെ) നിര്‍മലരായ ഇണകളുണ്ടായിരിക്കുകയും അല്ലാഹുവില്‍ നിന്നുള്ള സംതൃപ്തി ലഭിക്കുകയും ചെയ്യുന്നതാണ്. അല്ലാഹു തന്റെ അടിമകളുടെ സ്ഥിതി നല്ലവണ്ണം കാണുന്നവനാകുന്നു.
ഞങ്ങളുടെ രക്ഷിതാവേ, നിശ്ചയമായും ഞങ്ങള്‍ സത്യവിശ്വാസം അവലംബിച്ചിരിക്കുന്നു. അതിനാല്‍ നീ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ' എന്ന് പ്രാര്‍ഥിക്കുന്നവരും
ക്ഷമ കൈക്കൊള്ളുന്നവരും സത്യസന്ധരും വിനയാനുസരണമുള്ളവരും, ധനം നല്ല വഴിക്ക് ചെലവ് ചെയ്യുന്നവരും, രാവിന്റെ അന്ത്യദശകളില്‍ പാപമോചനത്തിനായി പ്രാര്‍ഥിക്കുന്നവരുമാണ് (ആ ദോഷബാധയെ സൂക്ഷിച്ചിട്ടുള്ളവര്‍).
താനല്ലാതെ ഇലാഹില്ല എന്നതിന് അല്ലാഹു പല തെളിവുകളും വെളിപ്പെടുത്തിയിട്ടുണ്ട്. മലക്കുകളും ജ്ഞാനമുള്ളവരും അതിന് സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. അവന്‍ നീതി പാലിക്കുന്നവനാണ്. അവനല്ലാതെ ഒരു ഇലാഹുമില്ലതന്നെ. അവന്‍ പ്രതാപവാനും മഹാതന്ത്രജ്ഞനുമാകുന്നു.
നിശ്ചയമായും അല്ലാഹുവിങ്കല്‍ (സ്വീകാര്യമായ) മതം ഇസ്‌ലാം മാത്രമാണ്. വേദം നല്‍കപ്പെട്ടവര്‍ അവര്‍ക്ക് ജ്ഞാനം വന്നുകിട്ടിയ ശേഷമല്ലാതെ ഭിന്നിച്ചിട്ടില്ല. അവര്‍ക്കിടയിലെ അസൂയ നിമിത്തമാണ് (അവര്‍ ഭിന്നിച്ചത്). അല്ലാഹുവിന്റെ ലക്ഷ്യങ്ങളെ ആരെങ്കിലും നിഷേധിക്കുന്നതായാല്‍ നിശ്ചയമായും അല്ലാഹു അതിവേഗം വിചാരണ ചെയ്ത് പ്രതിഫലം നല്‍കുന്നവനാണ്.
പിന്നെയും അവര്‍ തര്‍ക്കിച്ചാല്‍ താങ്കള്‍ പറഞ്ഞേക്കുക: 'ഞാനും എന്നെ അനുകരിച്ചവരും അല്ലാഹുവിന് പരിപൂര്‍ണമായി കീഴ്‌പ്പെട്ടിരിക്കുന്നു.' വേദം നല്‍കപ്പെട്ടവരോടും അക്ഷരജ്ഞാനമില്ലാത്തവരോടും (അറബികളോടും) താങ്കള്‍ ചോദിക്കുക: 'നിങ്ങളും (അല്ലാഹുവിന്) പരിപൂര്‍ണമായി കീഴ്‌പ്പെട്ടിട്ടുണ്ടോ?' അവര്‍ കീഴ്‌പ്പെട്ടിട്ടുണ്ടെങ്കില്‍ നേര്‍മാര്‍ഗം പ്രാപിക്കുകതന്നെ ചെയ്തു. അവര്‍ പിന്തിരിയുകയാണെങ്കില്‍ നിശ്ചയമായും താങ്കളുടെ ബാധ്യത പ്രബോധനം മാത്രമാണ്. അല്ലാഹു അവന്റെ അടിമകളുടെ സ്ഥിതി നല്ലവണ്ണം കാണുന്നവനാകുന്നു.
നിശ്ചയമായും അല്ലാഹുവിന്റെ ലക്ഷ്യങ്ങളെ നിഷേധിക്കുകയും പ്രവാചകന്മാരെ അന്യായമായി കൊലപ്പെടുത്തുകയും മനുഷ്യരില്‍ നീതി ഉപദേശിക്കുന്നവരെ വധിച്ചുകളയുകയും ചെയ്യുന്നവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്ന് അവരോട് സന്തോഷവാര്‍ത്ത അറിയിക്കുക.
ഇഹലോകത്തും പരലോകത്തും തങ്ങളുടെ പ്രവൃത്തി പാഴായിപ്പോയവരാണവര്‍. അവര്‍ക്ക് യാതൊരു സഹായികളും ഇല്ലതന്നെ.
വേദമാകുന്ന ഭാഗ്യം നല്‍കപ്പെട്ട ചിലരെ താങ്കള്‍ കണ്ടില്ലേ? അല്ലാഹുവിന്റെ ഗ്രന്ഥത്തിലേക്ക്-തങ്ങള്‍ക്കിടയില്‍ തന്നെ (ഉളവായ ഭിന്നിപ്പില്‍) അത് വിധി കല്‍പിക്കേണ്ടതിനായി-അവര്‍ ക്ഷണിക്കപ്പെടുന്നു. എന്നിട്ടുകൂടി അവരില്‍ ഒരു വിഭാഗം അഗണ്യമാക്കുന്നവരായി പിന്തിരിഞ്ഞുകളയുകയാണ്.
അത് (അങ്ങനെ അവര്‍ ചെയ്യുന്നത്) അല്‍പദിവസമല്ലാതെ നരകം ഞങ്ങളെ സ്പര്‍ശിക്കുന്നതേയല്ല എന്ന് അവര്‍ പറയുന്നു എന്നതുകൊണ്ടാണ്. തങ്ങളുടെ മതത്തില്‍ അവര്‍ കെട്ടിയുണ്ടാക്കിയ സിദ്ധാന്തങ്ങള്‍ അവരെ വഞ്ചിതരാക്കിത്തീര്‍ത്തിരിക്കുന്നു.
എന്നാല്‍ ഒരു ദിവസം നാം അവരെ ഒരുമിച്ചുകൂട്ടുമ്പോഴത്തെ സ്ഥിതി എന്തായിരിക്കും? ആ ദിവസത്തി(ന്റെ കാര്യത്തി)ല്‍ യാതൊരു സംശയവുമില്ല. ഓരോ ആത്മാവിനും അത് പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലം പൂര്‍ണമായി നല്‍കപ്പെടും. അവര്‍ അശേഷം ദ്രോഹിക്കപ്പെടുന്നതല്ല.
(നബിയേ) പറയുക: ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ രാജത്വം നല്‍കുകയും ഉദ്ദേശിക്കുന്നവരില്‍ നിന്ന് രാജത്വം നീക്കിക്കളയുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ അന്തസ്സ് നല്‍കുകയും ഉദ്ദേശിക്കുന്നവരെ അപമാനിക്കുകയും ചെയ്യുന്നു. എല്ലാ നന്മയും നിന്റെ കൈയിലാണ്. നിശ്ചയമായും നീ സര്‍വശക്തനാകുന്നു.
നീ രാവിനെ പകലിലും പകലിനെ രാവിലും കൂട്ടിച്ചേര്‍ക്കുകയും ജീവിയെ നിര്‍ജീവിയില്‍ നിന്നും നിര്‍ജീവിയെ ജീവിയില്‍ നിന്നും പുറത്തേക്ക് കൊണ്ടുവരികയും ഉദ്ദേശിക്കുന്നവര്‍ക്ക് ജീവിതവിഭവങ്ങള്‍ കണക്കില്ലാതെ കൊടുക്കുകയും ചെയ്യുന്നു.
സത്യവിശ്വാസികള്‍ സത്യവിശ്വാസികളെ വിട്ട് അവിശ്വാസികളെ മിത്രങ്ങളാക്കിവെക്കരുത്. അങ്ങനെ ആരെങ്കിലും ചെയ്യുന്നതാണെങ്കില്‍ അവന് അല്ലാഹുവുമായി ഒരു ബന്ധവുമുണ്ടായിരിക്കുന്നതല്ല. എന്നാല്‍ നിങ്ങള്‍ അവരെ സംബന്ധിച്ച് വല്ല നിലക്കും ഭയപ്പെടുന്നുണ്ടെങ്കില്‍ (പ്രത്യക്ഷത്തില്‍) മൈത്രീബന്ധമാവാം. തന്റെ ശിക്ഷയെക്കുറിച്ച് അല്ലാഹു നിങ്ങളെ താക്കീത് ചെയ്യുന്നുണ്ട്. അല്ലാഹുവിങ്കലേക്കാണ് നിങ്ങളുടെ മടക്കം.
പറയുക: സ്വന്തം ഹൃദയങ്ങളിലുള്ളത് നിങ്ങള്‍ മറച്ചുവെച്ചാലും വെളിപ്പെടുത്തിയാലും അത് അല്ലാഹു അറിയും. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവന്‍ അറിയുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളവനാണ്.
ഓരോ വ്യക്തിയും താന്‍ ചെയ്ത നന്മ തന്റെ മുന്നില്‍ ഹാജറാക്കപ്പെട്ടതായി കാണുന്ന ദിവസം (സംബന്ധിച്ചോര്‍ക്കുക). അവന്‍ ചെയ്ത തിന്മയാവട്ടെ, (അതിനെ ഹാജറാക്കപ്പെടുമ്പോള്‍) 'നിശ്ചയമായും അതിന്റെയും തന്റെയും ഇടയില്‍ വളരെ അകന്ന ദൂരമുണ്ടായിരുന്നെങ്കില്‍ നന്നായിരുന്നേനെ' എന്നവന്‍ കൊതിച്ചുപോകും. തന്റെ ശിക്ഷയെക്കുറിച്ച് അല്ലാഹു നിങ്ങളെ താക്കീത് ചെയ്യുന്നു. അല്ലാഹു തന്റെ അടിമകളോട് വളരെ ദയയുള്ളവനാകുന്നു.
പറയുക: 'നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നവരായിട്ടുണ്ടെങ്കില്‍ എന്നെ അനുകരിക്കുക. എന്നാല്‍ നിങ്ങളെ അവന്‍ സ്‌നേഹിക്കുകയും നിങ്ങളുടെ കുറ്റങ്ങള്‍ പൊറുത്തുതരികയും ചെയ്യും.' അല്ലാഹു ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.
പറയുക: 'നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുക.' എന്നാല്‍ നിങ്ങള്‍ പിന്മാറുകയാണെങ്കില്‍ (നിങ്ങള്‍ സത്യനിഷേധികളാണ്). സത്യനിഷേധികളെ നിശ്ചയമായും അല്ലാഹു സ്‌നേഹിക്കയില്ല.
നിശ്ചയമായും ആദം (നബി), നൂഹ് (നബി), ഇബ്‌റാഹീം (നബി)യുടെ കുടുംബം, ഇംറാന്റെ കുടുംബം എന്നിവരെ (അവരുടെ കാലക്കാരായ) ലോകത്തുള്ളവരില്‍വെച്ച് ഉല്‍കൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു.
ഇവരില്‍ ചിലര്‍ ചിലരുടെ സന്താനങ്ങളാണ്. അല്ലാഹു ഏറ്റവും കേള്‍ക്കുന്നവനും സര്‍വജ്ഞനുമാകുന്നു.
എന്റെ രക്ഷിതാവേ, എന്റെ വയറ്റിലുള്ള ശിശുവിനെ ഞാനിതാ നിനക്കായി ഉഴിഞ്ഞുവെക്കുവാന്‍ നേര്‍ച്ചയാക്കിയിരിക്കുന്നു; അതുകൊണ്ട് (ഈ നേര്‍ച്ച) എന്റെ പക്കല്‍ നിന്ന് നീ സ്വീകരിക്കേണമേ; നിശ്ചയമായും നീ മാത്രമാണ് (എന്റെ പ്രാര്‍ഥന) കേള്‍ക്കുന്നവനും (എന്റെ ഉദ്ദേശ്യം) അറിയുന്നവനും' എന്ന് ഇംറാന്റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക).
അങ്ങനെ കുട്ടിയെ പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: 'എന്റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ചത് ഒരു പെണ്‍കുട്ടിയെയാണ്-അവള്‍ പ്രസവിച്ചതെന്താണെന്ന് അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു-ആണ്‍കുട്ടി പെണ്‍കുട്ടിയെപ്പോലെയല്ല. (ഏതായാലും) ഞാനവള്‍ക്ക് മര്‍യം എന്ന് പേരിട്ടിരിക്കുന്നു. അവളെയും അവളുടെ സന്താനങ്ങളെയും ശപിക്കപ്പെട്ട പിശാചില്‍ നിന്ന് രക്ഷിക്കുവാനായി നിന്നില്‍ ഞാന്‍ അഭയം പ്രാപിക്കുകയാണ്.'
അങ്ങനെ മര്‍യമിന്റെ രക്ഷിതാവ് അവളെ നല്ല നിലയില്‍ സ്വീകരിക്കുകയും ഉല്‍കൃഷ്ടമായ നിലയില്‍ വളര്‍ത്തിക്കൊണ്ടുവരികയും ചെയ്തു. അവളുടെ പരിപാലനത്തിന് സകരിയ്യാ(നബി)യെ അവന്‍ ഭരമേല്‍പിക്കുകയുമുണ്ടായി. അവളുടെ അടുക്കലേക്ക് മിഹ്‌റാബില്‍ കടന്നുചെല്ലുമ്പോഴെല്ലാം എന്തെങ്കിലുമൊരു ഭക്ഷണസാധനം അവളുടെയടുത്ത് അദ്ദേഹം കാണാറുണ്ടായിരുന്നു. (ഒരിക്കല്‍) താന്‍ ചോദിച്ചു: 'ഓ മര്‍യം, ഇത് നിനക്ക് എവിടെ നിന്ന് കിട്ടി?' അവള്‍ പറഞ്ഞു: 'ഇത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാകുന്നു.' നിശ്ചയമായും താനുദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു കണക്കു കൂടാതെ ഭക്ഷണം നല്‍കുന്നതാണ്.
അവിടെ വെച്ച് സകരിയ്യാ(നബി) തന്റെ രക്ഷിതാവിനോട് പ്രാര്‍ഥിച്ചു. അദ്ദേഹം പറഞ്ഞു: 'എന്റെ നാഥാ, നിന്റെ പക്കല്‍ നിന്ന് ഉല്‍കൃഷ്ടനായ ഒരു കുട്ടിയെ എനിക്ക് നീ പ്രദാനം ചെയ്യേണമേ! നിശ്ചയമായും നീ പ്രാര്‍ഥന സ്വീകരിക്കുന്നവനാണ്.'
അങ്ങനെ പള്ളിയില്‍ നമസ്‌കരിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ അദ്ദേഹത്തോട് മലക്കുകള്‍ ഇങ്ങനെ വിളിച്ചുപറഞ്ഞു: നിശ്ചയമായും യഹ്‌യാ (എന്ന ഒരു കുട്ടി)യെക്കുറിച്ച് അല്ലാഹു നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നു. (ആ കുട്ടി) അല്ലാഹുവിങ്കല്‍ നിന്നുള്ള വചനത്തില്‍ വിശ്വസിക്കുന്നവനും നേതാവും ആത്മനിയന്ത്രണശക്തി തികഞ്ഞവനും സജ്ജനങ്ങളില്‍ പെട്ട പ്രവാചകനും (ആയിരിക്കുന്നതാണ്).
അദ്ദേഹം ചോദിച്ചു: എന്റെ രക്ഷിതാവേ, എനിക്ക് എങ്ങനെയാണ് ഒരു ആണ്‍കുട്ടി ഉണ്ടാകുക? എനിക്ക് വാര്‍ധക്യം വന്നെത്തിയിട്ടുണ്ട്. എന്റെ ഭാര്യയാണെങ്കില്‍ മച്ചിയാണുതാനും. അവന്‍ പറഞ്ഞു: (കാര്യം) അങ്ങനെയൊക്കെത്തന്നെ. (എന്നാല്‍) താന്‍ ഉദ്ദേശിക്കുന്നത് അല്ലാഹു ചെയ്യുന്നതാണ്.
അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്ക് നീ ഒരു ദൃഷ്ടാന്തം കാണിച്ചുതരേണമേ. അവന്‍ (അല്ലാഹു) പറഞ്ഞു: താങ്കള്‍ മൂന്ന് ദിവസം ആംഗ്യരൂപത്തില്‍ അല്ലാതെ ജനങ്ങളോട് സംസാരിക്കാതിരിക്കലാണ് താങ്കള്‍ക്കുള്ള ദൃഷ്ടാന്തം. താങ്കളുടെ രക്ഷിതാവിനെ കൂടുതലായി സ്മരിക്കുകയും രാവിലെയും വൈകുന്നേരവും അവന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുക.
മലക്കുകള്‍ (മര്‍യമിനോട്) പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക): ഓ മര്‍യം, നിശ്ചയമായും അല്ലാഹു നിങ്ങളെ ഉല്‍കൃഷ്ടയായി തെരഞ്ഞെടുക്കുകയും ശുദ്ധിയാക്കുകയും (സമകാലീന) ലോകത്തുള്ള സ്ത്രീകളില്‍ വെച്ച് ഉല്‍കൃഷ്ടയാക്കുകയും ചെയ്തിരിക്കുന്നു.
ഓ മര്‍യം, നിങ്ങളുടെ റബ്ബിന് വഴിപ്പെടുകയും നമസ്‌കരിക്കുന്നവരോടൊപ്പം നമസ്‌കരിക്കുകയും ചെയ്യുക.
ഇതെല്ലാം അദൃശ്യവാര്‍ത്തകളില്‍ പെട്ടതാണ്. ഇതിനെ വഹ്‌യ് മൂലം താങ്കള്‍ക്ക് നാം അറിയിച്ചുതരുന്നു. മര്‍യമിന്റെ സംരക്ഷണം ഏറ്റെടുക്കുന്നതാരാണെന്ന് തീരുമാനിക്കുവാന്‍ അവര്‍ തങ്ങളുടെ പേനകള്‍ ഇട്ടപ്പോള്‍ താങ്കള്‍ അവിടെ ഹാജറായിരുന്നില്ല. അവര്‍ തര്‍ക്കിക്കുമ്പോഴും താങ്കള്‍ അവരുടെ അടുക്കല്‍ സന്നിഹിതനല്ലായിരുന്നു.
മലക്കുകള്‍ പറഞ്ഞ (മറ്റൊരു) സന്ദര്‍ഭവും (ഓര്‍ക്കുക): ഓ മര്‍യം, തന്റെ പക്കല്‍ നിന്നുള്ള ഒരു വചന(കാരണമായുണ്ടാകുന്ന കുട്ടിയുടെ ജന്മ)ത്തെക്കുറിച്ച് നിങ്ങളോട് അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നു. അദ്ദേഹത്തിന്റെ നാമം മര്‍യമിന്റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. ഇഹത്തിലും പരത്തിലും പ്രമുഖനും അല്ലാഹുവിന്റെ സാമീപ്യം പ്രാപിച്ചവരില്‍ പെട്ടവനുമാണദ്ദേഹം.
തൊട്ടിലില്‍ വെച്ചും മധ്യവയസ്‌കനായ ഘട്ടത്തിലും (തത്ത്വോപദേശം ചെയ്തുകൊണ്ട്) അദ്ദേഹം ജനങ്ങളോട് സംസാരിക്കുകയും സജ്ജനങ്ങളില്‍ പെട്ടവനായിരിക്കുകയും ചെയ്യും.
(അപ്പോള്‍) അവര്‍ (മര്‍യം) ചോദിച്ചു: 'എന്റെ രക്ഷിതാവേ, എനിക്കെങ്ങനെ കുട്ടിയുണ്ടാകും, എന്നെ ഒരു പുരുഷനും തൊട്ടിട്ടില്ലല്ലോ?' അല്ലാഹു പറഞ്ഞു: അങ്ങനെതന്നെയാണ് (കാര്യം. എന്നാല്‍) താനുദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നതാണ്. ഒരു കാര്യം ഉദ്ദേശിച്ചുകഴിഞ്ഞാല്‍ 'ഉണ്ടാകുക' എന്ന് മാത്രം അതിനോട് അവന്‍ പറയുന്നു, അപ്പോള്‍ അതുണ്ടാകും.
അദ്ദേഹത്തിന് അല്ലാഹു എഴുത്തും തത്ത്വജ്ഞാനവും തൗറാത്തും ഇന്ജീഹലും പഠിപ്പിച്ചുകൊടുക്കും.
ഇസ്രാഈല്യര്‍ക്കുള്ള ഒരു ദൂതനായി അദ്ദേഹത്തെ അയക്കുകയും ചെയ്യും. (അവരോട് അദ്ദേഹം ഇങ്ങനെ പറയും:) നിങ്ങളുടെ അടുക്കല്‍ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ദൃഷ്ടാന്തവും കൊണ്ടുതന്നെയാണ് ഞാന്‍ വന്നിരിക്കുന്നത്. (അതായത്,) നിശ്ചയമായും പക്ഷിയുടെ ആകൃതി പോലെയുള്ള ഒന്ന് കളിമണ്ണുകൊണ്ട് ഞാന്‍ നിങ്ങള്‍ക്കുവേണ്ടി നിര്‍മിക്കുകയും എന്നിട്ട് അതില്‍ ഊതുകയും ചെയ്യും. അപ്പോള്‍ അല്ലാഹുവിന്റെ അനുമതിയോടെ അതൊരു പക്ഷിയായിത്തീരുന്നതാണ്. ഞാന്‍ അന്ധനായി ജനിച്ചവനെയും വെള്ളപ്പാണ്ടുകാരനെയും സുഖപ്പെടുത്തുകയും മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്യും, അല്ലാഹുവിന്റെ അനുമതിയോടുകൂടി. നിങ്ങള്‍ ഭക്ഷിക്കുന്നതും വീടുകളില്‍ സൂക്ഷിക്കുന്നതും നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുതരും. സത്യവിശ്വാസികളായിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇതില്‍ വലിയ ദൃഷ്ടാന്തമുണ്ട്, തീര്‍ച്ച.
എന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെച്ചവനായിക്കൊണ്ടും നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ട ചിലത് അനുവദിച്ചുതരുവാന്‍ വേണ്ടിയും (ആണ് ഞാന്‍ വന്നിട്ടുള്ളത്). നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ ഒരു ദൃഷ്ടാന്തം ഞാന്‍ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക.
നിശ്ചയമായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതുകൊണ്ട് അവന് നിങ്ങള്‍ ഇബാദത്ത് ചെയ്യുക. ഇതാണ് നേരായ മാര്‍ഗം.
അവരില്‍ നിന്ന് സത്യനിഷേധം ബോധ്യമായപ്പോള്‍ ഈസാ ചോദിച്ചു: 'അല്ലാഹുവിങ്കലേക്ക് (ക്ഷണിക്കുന്നതില്‍) എന്നെ സഹായിക്കുവാന്‍ ആരാണുള്ളത്?' അപ്പോള്‍ ഹവാരികള്‍ പറഞ്ഞു: 'ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാണ്. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. നിശ്ചയമായും ഞങ്ങള്‍ അല്ലാഹുവിനെ പൂര്‍ണമായും അനുസരിച്ചവരാണെന്ന് അവിടന്ന് സാക്ഷ്യം വഹിച്ചാലും!'
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ നീ അവതരിപ്പിച്ചതില്‍ വിശ്വസിക്കുകയും നിന്റെ ദൂതനെ അനുകരിക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ (സത്യത്തിന്) സാക്ഷ്യം വഹിക്കുന്നവരുടെ സമൂഹത്തില്‍ നീ ഞങ്ങളെയും രേഖപ്പെടുത്തേണമേ!'
അവര്‍ (യഹൂദികള്‍) ചില ഗൂഢതന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചു. അല്ലാഹു ആ ഗൂഢതന്ത്രങ്ങള്‍ക്ക് പ്രതിക്രിയ ചെയ്തു. അല്ലാഹു (മനുഷ്യരുടെ) ഗൂഢതന്ത്രം വിഫലമാക്കുന്നവരില്‍ ഉത്തമനാകുന്നു.
അല്ലാഹു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): 'ഓ ഈസാ, നിശ്ചയമായും താങ്കളെ ഞാന്‍ പിടിക്കുകയും എന്റെ അടുക്കലേക്ക് ഉയര്‍ത്തുകയും സത്യനിഷേധികളില്‍ നിന്ന് ദൂരപ്പെടുത്തുകയും ചെയ്യുന്നതാണ്. താങ്കളെ പിന്‍പറ്റിയവരെ നിഷേധിച്ചവരേക്കാള്‍ ഞാന്‍ ലോകാവസാനം വരെ മേലെയാക്കുകയും ചെയ്യും. പിന്നീട് നിങ്ങളുടെ മടക്കം എന്റെ അടുക്കലേക്ക് തന്നെയാകുന്നു. അപ്പോള്‍ പരസ്പരം ഭിന്നിച്ച വിഷയത്തില്‍ നിങ്ങള്‍ക്കിടയില്‍ ഞാന്‍ തീര്‍പ്പ് കല്‍പിക്കുന്നതാണ്.'
എന്നാല്‍ സത്യനിഷേധികളാവട്ടെ, ഇഹത്തിലും പരത്തിലും അവരെ ഞാന്‍ കഠിനമായി ശിക്ഷിക്കും. അവര്‍ക്ക് സഹായികളാരും ഉണ്ടായിരിക്കുന്നതല്ല.
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരാകട്ടെ, അവരുടെ പ്രതിഫലങ്ങള്‍ അവന്‍ അവര്‍ക്ക് പൂര്‍ത്തിയാക്കിക്കൊടുക്കും. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുന്നതല്ല.
ഇത് താങ്കള്‍ക്ക് നാം വിവരിച്ചുപറഞ്ഞുതരുന്നു. അല്ലാഹുവിന്റെ ലക്ഷ്യങ്ങളില്‍ പെട്ടതും തത്ത്വസമ്പൂര്‍ണമായ ഉദ്‌ബോധനങ്ങള്‍ അടങ്ങിയതുമാണിത്.
നിശ്ചയമായും അല്ലാഹുവിന്റെ പക്കല്‍ ഈസാ(നബി)യുടെ സ്ഥിതി ആദം(നബി)യുടെ സ്ഥിതി പോലെയാകുന്നു. അദ്ദേഹത്തെ അവന്‍ മണ്ണുകൊണ്ട് സൃഷ്ടിക്കുകയും എന്നിട്ട് 'ഉണ്ടാകുക' എന്ന് കല്‍പിക്കുകയും ചെയ്തു. അപ്പോഴതാ അദ്ദേഹമുണ്ടാകുന്നു.
(ഈസാ നബിയെക്കുറിച്ച് പറഞ്ഞതെല്ലാം) താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാകുന്നു. അതുകൊണ്ട് സംശയിക്കുന്നവരില്‍ താങ്കള്‍ പെട്ടുപോകരുത്.
അതിനാല്‍ ജ്ഞാനം കിട്ടിക്കഴിഞ്ഞ ശേഷം ഈസാനബിയുടെ കാര്യത്തില്‍ ആരെങ്കിലും താങ്കളോട് തര്‍ക്കിച്ചാല്‍ അവരോട് പറയുക: വരിക, ഞങ്ങളുടെ സന്താനങ്ങളെയും നിങ്ങളുടെ സന്താനങ്ങളെയും ഞങ്ങളുടെ സ്ത്രീകളെയും നിങ്ങളുടെ സ്ത്രീകളെയും നമുക്ക് വിളിക്കാം. നമുക്കും നിങ്ങള്‍ക്കും ഹാജറാവാം. എന്നിട്ട് നമ്മില്‍ അസത്യവാദികളാരോ അവരെ ശപിക്കുവാനായി അല്ലാഹുവിനോട് വിനയപൂര്‍വം നമുക്ക് പ്രാര്‍ഥിക്കാം.
നിശ്ചയമായും ഇതെല്ലാം യഥാര്‍ഥവാര്‍ത്തകളാണ്. അല്ലാഹു അല്ലാതെ വേറെ ഒരു ഇലാഹുമില്ല. അവന്‍ അജയ്യനും മഹാതന്ത്രജ്ഞനുമാകുന്നു.
എന്നിട്ടും അവര്‍ പിന്മാറുകയാണെങ്കില്‍ അത്തരം നാശകാരികളെ സംബന്ധിച്ച് നിശ്ചയമായും അല്ലാഹു ഏറ്റവും അറിയുന്നവനാണ്.
പറയുക, 'വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായി സ്ഥിതി ചെയ്യുന്ന ഒരു തത്ത്വത്തിലേക്ക് നിങ്ങള്‍ വരൂ-അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും നാം ഇബാദത്ത് ചെയ്യരുത്. യാതൊരു വസ്തുവിനെയും അവനോട് നാം പങ്ക് ചേര്‍ക്കുകയോ നമ്മില്‍ ചിലര്‍ മറ്റു ചിലരെ അല്ലാഹുവിനു പുറമെ റബ്ബുകളാക്കിവെക്കുകയോ അരുത്.' എന്നിട്ടും (ഈ പൊതുതത്ത്വം പോലും സ്വീകരിക്കാതെ) അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍ നിങ്ങള്‍ അവരോട് പറയുക: നിശ്ചയമായും ഞങ്ങള്‍ അല്ലാഹുവിന് പൂര്‍ണമായി കീഴടങ്ങി ജീവിക്കുന്നവരാണെന്ന് നിങ്ങള്‍ സാക്ഷ്യം വഹിക്കുക.
ഓ വേദക്കാരേ, ഇബ്‌റാഹീം(നബി)യുടെ കാര്യത്തില്‍ നിങ്ങള്‍ എന്തിന് തര്‍ക്കിക്കുന്നു? തൗറാത്തും ഇന്‍ജീലും അവതരിപ്പിക്കപ്പെട്ടതുതന്നെ അദ്ദേഹത്തിന്റെ ശേഷമാണല്ലോ. നിങ്ങള്‍ ചിന്തിച്ച് ഗ്രഹിക്കുന്നില്ലേ?
ഹേ കൂട്ടരേ, (ഏതോ നിലക്ക്) അറിവുള്ള വിഷയത്തില്‍ നിങ്ങള്‍ തര്‍ക്കിച്ചു. എന്നാല്‍ യാതൊരു അറിവുമില്ലാത്ത വിഷയത്തില്‍ നിങ്ങള്‍ എന്തിന് തര്‍ക്കിക്കുന്നു? അല്ലാഹു (യാഥാര്‍ഥ്യം) അറിയുന്നു; നിങ്ങള്‍ അറിയുന്നില്ല.
ഇബ്‌റാഹീം (നബി) ജൂതനും ക്രിസ്ത്യാനിയുമായിരുന്നില്ല. പിഴച്ച മാര്‍ഗങ്ങളില്‍ നിന്നെല്ലാം അകന്ന് നേരായ മാര്‍ഗത്തില്‍ ഉറച്ചുനിന്നവനും പരിപൂര്‍ണമായി (അല്ലാഹുവിന്) കീഴ്‌പെട്ടവനുമായിരുന്നു അദ്ദേഹം. താന്‍ അല്ലാഹുവിനോട് മറ്റുള്ളവരെ പങ്ക് ചേര്‍ക്കുന്നവനായിരുന്നില്ല.
നിശ്ചയമായും ഇബ്‌റാഹീം(നബി)യോട് ഏറ്റവും ബന്ധമുള്ളവര്‍ അദ്ദേഹത്തെ അനുകരിച്ചവരും ഈ നബിയും (മുഹമ്മദ് നബി) സത്യവിശ്വാസികളുമാണ്. അല്ലാഹു യഥാര്‍ഥ വിശ്വാസികളുടെ രക്ഷാധികാരിയാകുന്നു.
വേദക്കാരില്‍ ഒരു സംഘം ആളുകള്‍ നിങ്ങളെ വഴിതെറ്റിച്ചാല്‍ കൊള്ളാമെന്നാഗ്രഹിക്കുന്നുണ്ട്. (വാസ്തവത്തില്‍) അവര്‍ തങ്ങളെത്തന്നെയാണ് വഴിതെറ്റിക്കുന്നത്. അതവര്‍ മനസ്സിലാക്കുന്നില്ല എന്ന് മാത്രം.
വേദക്കാരേ, സത്യം ഗ്രഹിച്ചുകൊണ്ട് അല്ലാഹുവിന്റെ ആയത്തുകളെ നിങ്ങള്‍ എന്തിനാണ് നിഷേധിക്കുന്നത്?
വേദക്കാരേ, നിങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെ സത്യത്തെ അസത്യത്തോട് കൂട്ടിക്കലര്‍ത്തുകയും സത്യം മറച്ചുവെക്കുകയും ചെയ്യുന്നത് എന്തിനാണ്?
വേദക്കാരില്‍ ഒരു വിഭാഗം ആളുകള്‍ പറഞ്ഞു: (മുഹമ്മദ് നബിയില്‍) വിശ്വസിച്ചവര്‍ക്ക് അവതിരിപ്പിക്കപ്പെട്ടതില്‍ നിങ്ങള്‍ രാവിലെ വിശ്വസിക്കുകയും വൈകുന്നേരം നിഷേധിക്കുകയും ചെയ്യുക. എന്നാല്‍ അവര്‍ (മതത്തില്‍ നിന്ന്) മടങ്ങിയേക്കും.
നിങ്ങള്‍ക്ക് നല്‍കപ്പെട്ടതുപോലെയുള്ളത് നിങ്ങളുടെ മതം പിന്‍പറ്റിയവര്‍ക്കല്ലാതെ മറ്റു വല്ലവര്‍ക്കും നല്‍കപ്പെടുമെന്ന് നിങ്ങള്‍ ആര്‍ക്കും സമ്മതിച്ചുകൊടുക്കരുത്-പറയുക: നിശ്ചയമായും യഥാര്‍ഥ മാര്‍ഗദര്‍ശനം അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാകുന്നു-നിങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ച് അവര്‍ (മറ്റുള്ളവര്‍) നിങ്ങളോട് തര്‍ക്കിച്ച് ജയിക്കുമെന്നും (നിങ്ങള്‍ സമ്മതിച്ചുകൊടുക്കരുത്). പറയുക: നിശ്ചയമായും അനുഗ്രഹം സ്ഥിതി ചെയ്യുന്നത് അല്ലാഹുവിന്റെ കൈയിലാണ്. താനുദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ കൊടുക്കുന്നു. അല്ലാഹു വിശാലമായ ഔദാര്യമുള്ളവനും എല്ലാം അറിയുന്നവനുമാണ്.
തന്റെ കാരുണ്യം താനുദ്ദേശിക്കുന്നവര്‍ക്ക് പ്രത്യേകമായി അവന്‍ നല്‍കുന്നു. അല്ലാഹു മഹത്തായ ഔദാര്യമുള്ളവനാകുന്നു.
വേദക്കാരില്‍ ചിലരുണ്ട്. ഒരു കൂമ്പാരം (പൊന്നോ വെള്ളിയോ) താങ്കള്‍ വിശ്വസിച്ചേല്‍പിച്ചാല്‍ അവരത് മടക്കിത്തരും. അവരില്‍ തന്നെ വേറെ ചിലരുണ്ട്; ഒരു ദീനാര്‍ വിശ്വസിച്ചേല്‍പിച്ചാല്‍ സദാ അവരുടെ മുമ്പില്‍ ചെന്ന് നിന്ന് ബുദ്ധിമുട്ടിച്ചാലല്ലാതെ താങ്കള്‍ക്കത് മടക്കിത്തരികയില്ല. അങ്ങനെ ഇക്കൂട്ടര്‍ ചെയ്യുന്നത് 'അക്ഷരജ്ഞാനമില്ലാത്തവരോട് (അറബികളോട്) എന്തുതന്നെ ചെയ്താലും നമ്മെ ശിക്ഷിക്കുവാന്‍ ഒരു മാര്‍ഗവുമില്ല' എന്ന് അവര്‍ പറഞ്ഞിരുന്നതുകൊണ്ടാണ്. അറിഞ്ഞുകൊണ്ട് അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയാണവര്‍.
അങ്ങനെയല്ല, ആരുതന്നെ തന്റെ കരാര്‍ നിറവേറ്റുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തുവോ, നിശ്ചയമായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ സ്‌നേഹിക്കുന്നതാണ്.
നിശ്ചയമായും അല്ലാഹുവിനോട് ചെയ്ത കരാറിനും തങ്ങള്‍ ചെയ്ത സത്യത്തിനും പകരം (ഐഹികമായ) നിസ്സാരവില വാങ്ങുന്നവരാരോ അവര്‍ക്ക് പരലോകത്ത് യാതൊരംശവുമില്ല. അല്ലാഹു അവരോട് അന്ത്യനാളില്‍ (സൗമ്യമായി) സംസാരിക്കുകയോ അവരുടെ നേരെ (കാരുണ്യത്തോടെ) നോക്കുകയോ അവരെ (പാപമാലിന്യത്തില്‍ നിന്ന്) ശുദ്ധീകരിക്കുകയോ ചെയ്യുന്നതല്ല. അവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ട്.
നിശ്ചയമായും അവരില്‍ (വേദക്കാരില്‍) ചിലരുണ്ട്. വേദത്തില്‍ അവര്‍ കൃത്രിമം പ്രവര്‍ത്തിക്കുന്നു. അത് വേദത്തില്‍ പെട്ടതാണെന്ന് നിങ്ങള്‍ ധരിക്കുവാന്‍ വേണ്ടിയാണ് (അവരങ്ങനെ ചെയ്യുന്നത്.) യഥാര്‍ഥത്തില്‍ അത് വേദത്തില്‍ പെട്ടതല്ല. അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെന്നും അവര്‍ പറയും. വാസ്തവത്തില്‍ അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതല്ല. അവര്‍ യാഥാര്‍ഥ്യം അറിഞ്ഞുകൊണ്ട് അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയാണ്.
അല്ലാഹു വേദവും ജ്ഞാനവും പ്രവാചകത്വവും കൊടുക്കുന്ന ഒരു മനുഷ്യനും 'നിങ്ങള്‍ അല്ലാഹുവിനെ വിട്ട് എന്റെ അടിമകള്‍ (എന്നെ ആരാധിക്കുന്നവര്‍) ആവുക' എന്ന് ജനങ്ങളോട് പറയാന്‍ പാടില്ല. നേരെ മറിച്ച് 'നിങ്ങള്‍ വേദം പഠിപ്പിക്കുന്നവരും പാരായണം ചെയ്യുന്നവരും ആയിരിക്കുന്നതുകൊണ്ട് അല്ലാഹുവിനെ ആരാധിക്കുന്ന മതപണ്ഡിതന്മാരായിരിക്കുക' എന്നാണവര്‍ പറയുക.
മലക്കുകളെയും അമ്പിയാഇനെയും ആരാധ്യരാക്കിവെക്കാനും ആ പ്രവാചകന്‍ നിങ്ങളോട് കല്‍പിക്കുകയില്ല. നിങ്ങള്‍ പരിപൂര്‍ണമായി അല്ലാഹുവിനെ അനുസരിക്കുന്നവരായതിനു ശേഷം ആ സത്യമാര്‍ഗം നിഷേധിക്കുവാന്‍ അദ്ദേഹം നിങ്ങളോട് കല്‍പിക്കുമോ?
അല്ലാഹു പ്രവാചകന്മാരോട് ഉറപ്പ് വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക): ഞാന്‍ നിങ്ങള്‍ക്ക് ഗ്രന്ഥവും വിജ്ഞാനവും നല്‍കുകയും അനന്തരം നിങ്ങളുടെ പക്കലുള്ളതിനെ ശരിവെക്കുന്ന ഒരു ദൂതന്‍ നിങ്ങള്‍ക്ക് വരികയും ചെയ്താല്‍ നിങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്‌തേ പറ്റൂ. (ഇതായിരുന്നു ആ കരാര്‍. എന്നിട്ട്,) നിങ്ങള്‍ സമ്മതിച്ചുവോ, അക്കാര്യത്തില്‍ എന്റെ കരാര്‍ നിറവേറ്റുവാനുള്ള ഉത്തരവാദം നിങ്ങള്‍ ഏറ്റെടുത്തുവോ എന്ന് അല്ലാഹു ചോദിച്ചു. ഞങ്ങള്‍ സമ്മതിച്ചു എന്ന് അവര്‍ ഉത്തരം പറഞ്ഞു. 'എന്നാല്‍ നിങ്ങള്‍ സാക്ഷ്യം വഹിക്കുക, ഞാനും നിങ്ങളോടൊപ്പം സാക്ഷ്യം വഹിക്കുന്നവരില്‍ പെട്ടവനാണ്' എന്ന് അവന്‍ പ്രതികരിച്ചു.
ഇനി അതിനു ശേഷം വല്ലവരും പിന്മാറിയാല്‍ അവര്‍ ധിക്കാരികള്‍ തന്നെയാണ്.
അല്ലാഹുവിന്റെ മതം ഒഴിച്ച് മറ്റുവല്ല മതവും അവര്‍ (ആ പിന്മാറിയവര്‍) അന്വേഷിക്കുന്നുണ്ടോ! ആകാശഭൂമികളില്‍ ഉള്ളവരെല്ലാം തന്നെ സ്വമനസ്സാലെയോ ഗത്യന്തരമില്ലാതെയോ അവന് കീഴ്‌പ്പെട്ടിരിക്കുന്നു. അവരെല്ലാം അവങ്കലേക്കുതന്നെയാണ് മടക്കപ്പെടുക.
താങ്കള്‍ പറയുക: അല്ലാഹുവിലും ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും ഇബ്‌റാഹീം നബി, ഈസ്മാഈല്‍ നബി, ഇസ്ഹാഖ് നബി, യഅ്ഖൂബ് നബി അദ്ദേഹത്തിന്റെ സന്താനങ്ങള്‍ എന്നിവര്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും മൂസാ നബിക്കും ഈസാനബിക്കും മറ്റെല്ലാ നബിമാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ ഒരു വ്യത്യാസവും കല്‍പിക്കുന്നില്ല. ഞങ്ങള്‍ പരിപൂര്‍ണമായും അവനെ അനുസരിക്കുന്നവരാകുന്നു. (-ഇതാണ് ഞങ്ങളുടെ ആദര്‍ശം.)
ഇസ്‌ലാം അല്ലാത്ത മറ്റു വല്ല മതവും ആരെങ്കിലും അന്വേഷിക്കുന്നുവെങ്കില്‍ അവനില്‍ നിന്നത് സ്വീകരിക്കപ്പെടുന്നതേയല്ല. അവന്‍ പരലോകത്ത് നഷ്ടം വന്നവനില്‍ പെട്ടവനായിരിക്കും.
സത്യവിശ്വാസം അവലംബിക്കുകയും അല്ലാഹുവിന്റെ ദൂതന്‍ സത്യവാന്‍ തന്നെയാണെന്ന് സാക്ഷ്യം വഹിക്കുകയും വ്യക്തമായ ലക്ഷ്യങ്ങള്‍ വന്നുകിട്ടുകയും ചെയ്ത ശേഷം സത്യത്തെ നിഷേധിച്ചുകളഞ്ഞ ഒരു ജനതയെ അല്ലാഹു എങ്ങനെ നേര്‍വഴിയിലാക്കും? അക്രമികളായ ജനതയെ അല്ലാഹു ഒരിക്കലും നേര്‍വഴിയില്‍ ആക്കുന്നതല്ല.
അല്ലാഹുവിന്റെയും മലക്കുകളുടെയും മനുഷ്യരുടെയുമെല്ലാം ശാപമുണ്ടാകുക എന്നതുതന്നെയാണ് അവര്‍ക്കുള്ള പ്രതിഫലം.
അതില്‍ അവര്‍ നിരന്തരം ജീവിക്കുന്നവരാണ്. അവര്‍ക്ക് ശിക്ഷ ലഘൂകരിക്കപ്പെടുകയോ ഇട നല്‍കപ്പെടുകയോ ചെയ്യുന്നതല്ല.
എന്നാല്‍ അതിനുശേഷം പശ്ചാത്തപിച്ചു മടങ്ങുകയും പ്രവൃത്തി നന്നാക്കിത്തീര്‍ക്കുകയും ചെയ്തവര്‍ അതില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതാണ്. (അവരുടെ തെറ്റുകള്‍ അല്ലാഹു പൊറുത്തുകൊടുക്കും.) അല്ലാഹു ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനും തന്നെയാകുന്നു.
നിശ്ചയമായും സത്യത്തില്‍ വിശ്വസിച്ച ശേഷം അതിനെ നിഷേധിക്കുകയും പിന്നീട് ആ നിഷേധത്തെ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരാരോ അവരുടെ തൗബ സ്വീകരിക്കപ്പെടുന്നതേയല്ല. അവര്‍ വഴിപിഴച്ചവര്‍ തന്നെയാകുന്നു.
നിശ്ചയമായും സത്യത്തെ നിഷേധിക്കുകയും സത്യനിഷേധികളായിക്കൊണ്ടുതന്നെ മരിക്കുകയും ചെയ്തവരാരോ അങ്ങനെയുള്ള ഒരാളില്‍ നിന്നും, അയാള്‍ ഭൂമി നിറയെ സ്വര്‍ണം (ചെലവ് ചെയ്തിട്ടുണ്ടായിരുന്നാലും), സ്വീകരിക്കപ്പെടുന്നതല്ല. (അപ്രകാരം തന്നെ) അത് പ്രായശ്ചിത്തമായി നല്‍കിയാലും (സ്വീകരിക്കപ്പെടുന്നതല്ല). അവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ട്. അവര്‍ക്ക് സഹായികളാരും ഉണ്ടായിരിക്കുന്നതല്ല.
ഇഷ്ടപ്പെടുന്നതില്‍ നിന്ന് ചെലവ് ചെയ്യുന്നതുവരെ നിങ്ങള്‍ പുണ്യം പ്രാപിക്കയില്ല. നിങ്ങള്‍ വല്ലതും ചെലവ് ചെയ്താല്‍ അതിനെക്കുറിച്ച് നിശ്ചയമായും അല്ലാഹു നല്ല വണ്ണം അറിയുന്നവനാകുന്നു. (അതിന്റെ ഗുണദോഷമനുസരിച്ച് അവന്‍ പ്രതിഫലം നല്‍കും).
ഭക്ഷണസാധനങ്ങളെല്ലാം ഇസ്രാഈല്യര്‍ക്ക് അനുവദിച്ചിട്ടുണ്ടായിരുന്നു; തൗറാത്ത് അവതരിക്കുന്നതിനു മുമ്പ് ഇസ്രാഈല്‍ (യഅ്ഖൂബ് നബി) തനിക്ക് നിഷിദ്ധമാക്കിയ ഭക്ഷണസാധനങ്ങള്‍ ഒഴികെ. താങ്കള്‍ പറയുക: നിങ്ങള്‍ സത്യവാദികളാണെങ്കില്‍ തൗറാത്ത് കൊണ്ടുവന്ന് വായിക്കുക!
എന്നാല്‍ അതിന് (നിഷിദ്ധമാക്കിയിരുന്നത് യഅ്ഖൂബ് നബിയാണ്, ഇബ്‌റാഹീം നബിയല്ല എന്നതിന് ലക്ഷ്യം വെളിപ്പെട്ടതിന്) ശേഷവും വല്ലവരും അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിപ്പറയുകയാണെങ്കില്‍ അവര്‍ തന്നെയാണ് അക്രമികള്‍.
താങ്കള്‍ പറയുക: അല്ലാഹു പറഞ്ഞത് സത്യമാണ്. അതിനാല്‍ ഋജുമാനസനായ ഇബ്‌റാഹീം നബിയുടെ മാര്‍ഗത്തെ നിങ്ങള്‍ പിന്‍പറ്റുക. അദ്ദേഹം ബഹുദൈവ വിശ്വാസികളില്‍ പെട്ട ആളായിരുന്നില്ല.
(അല്ലാഹുവിനെ ആരാധിക്കുവാനായി) നിശ്ചയമായും മനുഷ്യര്‍ക്ക് സ്ഥാപിതമായ ഒന്നാമത്തെ ഭവനം മക്കയിലുള്ളതുതന്നെയാകുന്നു. അത് അനുഗൃഹീതവും ലോകര്‍ക്ക് മാര്‍ഗദര്‍ശകവുമാണ്.
(ഇബ്‌റാഹീം എടുപ്പിച്ചതാണത്. അതിനെ അല്ലാഹു ആദരിക്കുകയും ഉയര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ടെന്നതിന്) വ്യക്തമായ പല ദൃഷ്ടാന്തങ്ങളും അതിലുണ്ട്. ഇബ്‌റാഹീം മഖാം (അതില്‍ പെട്ടതാകുന്നു). അതില്‍ ആരെങ്കിലും പ്രവേശിച്ചാല്‍ അവന്‍ നിര്‍ഭയനായിക്കഴിഞ്ഞു. ആ ഭവനത്തിങ്കല്‍ ചെന്ന് ഹജ്ജ് ചെയ്യല്‍ അങ്ങോട്ട് പോകാന്‍ കഴിവുള്ള മനുഷ്യര്‍ക്കെല്ലാം അല്ലാഹുവിനോടുള്ള കടമയാണ്. (ഈ കടമ) ആരെങ്കിലും നിഷേധിച്ചുകളഞ്ഞാല്‍ (അതിന്റെ ദോഷം അവര്‍ക്കു തന്നെയായിരിക്കും. എന്തുകൊണ്ടെന്നാല്‍) നിശ്ചയമായും അല്ലാഹു ലോകരെ തീരെത്തന്നെ ആശ്രയിക്കാത്തവനാകുന്നു.
പറയുക: ഓ വേദക്കാരേ, അല്ലാഹുവിന്റെ ആയത്തുകളെ നിങ്ങള്‍ നിഷേധിക്കുന്നത് എന്തിനാണ്? നിങ്ങള്‍ ചെയ്യുന്നതിനെല്ലാം അല്ലാഹു സാക്ഷ്യം വഹിക്കുന്നവനാകുന്നു.
പറയുക: ഓ വേദക്കാരേ, നിങ്ങള്‍ അറിയുന്നവരായിരിക്കെ വളഞ്ഞ മാര്‍ഗം ആഗ്രഹിച്ചുകൊണ്ട് അല്ലാഹുവിന്റെ (നേരായ) മാര്‍ഗത്തില്‍ നിന്ന് സത്യവിശ്വാസികളെ തടയുന്നതെന്തിനാണ്? നിങ്ങളുടെ (ഇത്തരം) പ്രവൃത്തികളെക്കുറിച്ച് അല്ലാഹു ഒട്ടും അശ്രദ്ധനല്ല.
സത്യവിശ്വാസികളേ, വേദം നല്‍കപ്പെട്ടവരില്‍ ഒരു വിഭാഗത്തെ നിങ്ങളനുസരിച്ചുപോയിട്ടുണ്ടെങ്കില്‍, സത്യവിശ്വാസം കൈക്കൊണ്ട ശേഷം നിങ്ങളെ അവര്‍ സത്യനിഷേധികളാക്കി മാറ്റിക്കളയുന്നതാണ്.
എങ്ങനെ നിങ്ങള്‍ സത്യനിഷേധികളായി മാറും? നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ആയത്തുകള്‍ ഓതി കേള്‍പ്പിക്കപ്പെടുന്നുണ്ട്. അവന്റെ റസൂല്‍ നിങ്ങളോടുകൂടെ ഉണ്ട്താനും. ആരെങ്കിലും അല്ലാഹുവിനെ (അവന്റെ വിധിവിലക്കുകളെ) മുറുകെ പിടിക്കുന്നതായാല്‍ നിശ്ചയമായും അവന്‍ നേര്‍വഴിയില്‍ ചേര്‍ക്കപ്പെട്ടു.
സത്യവിശ്വാസികളേ, അല്ലാഹുവിന് തഖ്‌വാ ചെയ്യേണ്ട മുറ പ്രകാരം നിങ്ങള്‍ തഖ്‌വാ ചെയ്യുക. മുസ്‌ലിംകള്‍ (അല്ലാഹുവിനെ പൂര്‍ണമായും അനുസരിച്ചവര്‍) ആയിട്ടല്ലാതെ നിങ്ങള്‍ മരിക്കരുത്.
നിങ്ങള്‍ സംഘടിതരായിക്കൊണ്ട് അല്ലാഹുവിന്റെ പാശം (ഖുര്‍ആന്‍) മുറുകെപ്പിടിക്കുക; ഭിന്നിക്കരുത്. പരസ്പരം ശത്രുക്കളായിരുന്നപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്തുതന്ന അനുഗ്രഹം ഓര്‍ക്കുക. അങ്ങനെ നിങ്ങളുടെ ഹൃദയങ്ങളെ അവന്‍ പരസ്പരം ഇണക്കി. അതുമൂലം അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരന്മാരായിത്തീര്‍ന്നു. തീക്കുണ്ടിന്റെ വക്കിലായിരുന്നു നിങ്ങള്‍ സ്ഥിതി ചെയ്തിരുന്നത്. എന്നിട്ട് അതില്‍ നിന്ന് അവന്‍ നിങ്ങളെ രക്ഷപ്പെടുത്തി. ഇങ്ങനെ നിങ്ങള്‍ക്ക് സന്മാര്‍ഗം പ്രാപിക്കേണ്ടതിനായി അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങളെ വ്യക്തമാക്കിത്തരുന്നു.
ഉത്തമമായതിലേക്ക് ക്ഷണിക്കുകയും നല്ല കാര്യങ്ങള്‍ ഉപദേശിക്കുകയും ചീത്ത കാര്യങ്ങള്‍ വിരോധിക്കുകയും ചെയ്യുന്ന ഒരു സംഘം ആളുകള്‍ നിങ്ങളില്‍ ഉണ്ടായിരിക്കണം. അവര്‍ വിജയം പ്രാപിച്ചവര്‍ തന്നെയാണ്.
വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയ ശേഷം (മതത്തില്‍) ഭിന്നിച്ച് വിവിധ കക്ഷികളായി പിരിഞ്ഞവരെപ്പോലെ നിങ്ങളാവരുത്. അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്.
ചില മുഖങ്ങള്‍ വെളുക്കുകയും ചില മുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ദിവസം (ആ ശിക്ഷ അനുഭവപ്പെടും). എന്നാല്‍ മുഖങ്ങള്‍ കറുത്തുപോയവരോട് (ഇങ്ങനെ പറയപ്പെടുന്നതാണ്:) 'സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങള്‍ സത്യത്തെ നിഷേധിച്ചുവോ? എങ്കില്‍ സത്യനിഷേധികളായ കാരണം കൊണ്ട് നിങ്ങള്‍ ശിക്ഷ ഒന്ന് രുചിച്ചുനോക്കുക!'
എന്നാല്‍ മുഖങ്ങള്‍ വെളുത്തവരാകട്ടെ അല്ലാഹുവിന്റെ കരുണയിലാണ് (സ്വര്‍ഗത്തിലാണ്) നിലകൊള്ളുക. അവരതില്‍ നിരന്തരവാസികളായിരിക്കും.
ഇതെല്ലാം അല്ലാഹുവിന്റെ ലക്ഷ്യങ്ങളാണ്. സത്യസമേതം ഇതെല്ലാം താങ്കള്‍ക്ക് നാം ഓതികേള്‍പ്പിക്കുന്നു. ലോകരെ ദ്രോഹിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല.
ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിനുള്ളതാണ്. എല്ലാ കാര്യങ്ങളും (അവസാനം) മടക്കപ്പെടുന്നത് അല്ലാഹുവിങ്കലേക്ക് തന്നെയാകുന്നു.
മനുഷ്യരുടെ നന്മക്കായി എഴുന്നേല്‍പിക്കപ്പെട്ട ഉത്തമസമുദായമായിരിക്കുന്നു നിങ്ങള്‍. നിങ്ങള്‍ നല്ലത് കല്‍പിക്കുകയും ചീത്ത വിരോധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാര്‍ സത്യവിശ്വാസം സ്വീകരിച്ചിരുന്നെങ്കില്‍ അതവര്‍ക്ക് ഗുണകരമായിരുന്നേനെ! (എന്നാല്‍) സത്യവിശ്വാസികളായ ചിലര്‍ അവരിലുണ്ട്. അവരില്‍ (വേദക്കാരില്‍) അധികമാളുകളും അതിക്രമികള്‍ തന്നെയാണ്.
നിങ്ങള്‍ക്ക് ചില്ലറ ക്ലേശങ്ങള്‍ വരുത്തിവെക്കുക എന്നതല്ലാതെ നിങ്ങളെ ഉപദ്രവിക്കുവാന്‍ അവര്‍ക്ക് കഴിയുന്നതല്ല. നിങ്ങളോട് യുദ്ധം ചെയ്യുന്നതായാല്‍ അവര്‍ പിന്തിരിഞ്ഞോടുന്നതാണ്. പിന്നീട് (തിരിച്ചുവരാന്‍) അവര്‍ സഹായിക്കപ്പെടുന്നതല്ല.
എവിടെ ആയിരുന്നാലും അവരില്‍ ഹീനത്വം മുദ്രയടിക്കപ്പെട്ടിരിക്കും; അല്ലാഹുവിങ്കല്‍ നിന്നും ജനങ്ങളില്‍ നിന്നുമുള്ള ഒരു കയറോടുകൂടിയല്ലാതെ. അല്ലാഹുവിങ്കല്‍ നിന്നുള്ള കോപം കൊണ്ട് അവര്‍ മടങ്ങിയിരിക്കുന്നു. പതിത്വവും അവരില്‍ മുദ്രയടിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹുവിന്റെ ലക്ഷ്യങ്ങളെ നിഷേധിക്കുകയും നബിമാരെ അന്യായമായി കൊല്ലുകയും ചെയ്തിരുന്നതുകൊണ്ട് (ആണ് ഈ ദുരവസ്ഥ അവര്‍ക്ക് വന്നുപെട്ടത്). അത് (അത്തരം അക്രമങ്ങള്‍ക്ക് അവര്‍ ഉദ്യുക്തരായത്) തങ്ങള്‍ അല്ലാഹുവിന്റെ കല്‍പന ധിക്കരിക്കുകയും അതിരുവിട്ട് പ്രവര്‍ത്തിക്കുകയും ചെയ്തതുകൊണ്ടായിരുന്നു.
അവര്‍ എല്ലാം ഒരേ തരക്കാരല്ല. (സത്യവഴിയില്‍) ചൊവ്വായി നില്‍ക്കുന്ന ഒരു വിഭാഗമാളുകള്‍ വേദക്കാരിലുണ്ട്. അവര്‍ രാത്രിസമയങ്ങളില്‍ നമസ്‌കരിക്കുന്നവരായിക്കൊണ്ട് അല്ലാഹുവിന്റെ ആയത്തുകള്‍ ഓതുന്നവരാണ്.
അവര്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും നല്ല വിഷയങ്ങളില്‍ മറ്റുള്ളവരെ കവച്ചുവെക്കാന്‍ അത്യുത്സാഹം കാണിക്കുകയും ചെയ്യുന്നു. അവര്‍ സദൃത്തരില്‍ പെട്ടവരാണ്.
വല്ല നന്മയും ചെയ്യുന്നതായാല്‍ അത് (അതിന്റെ പ്രതിഫലം) അവര്‍ക്ക് പാഴാക്കപ്പെടുന്നതല്ല. ഭയഭക്തന്മാരെക്കുറിച്ച് അല്ലാഹു നന്നായി അറിയുന്നവനാകുന്നു.
നിശ്ചയമായും സത്യനിഷേധികള്‍ക്ക് തങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് യാതൊന്നിനെയും തടയുവാന്‍ ഉപകരിക്കുന്നതല്ല. അവര്‍ നരകക്കാരാണ്. അവരതില്‍ ശാശ്വതമായി നിവസിക്കുന്നവരാകുന്നു.
ഇഹലോക ജീവിതത്തില്‍ അവര്‍ ചെലവ് ചെയ്യുന്ന ധനത്തിന്റെ സ്ഥിതി, അതിശക്തിയായ ശൈത്യമുള്ള ഒരു കാറ്റു പോലെയാകുന്നു; അത് സ്വന്തത്തോടുതന്നെ അക്രമം പ്രവര്‍ത്തിച്ച ഒരു ജനതയുടെ കൃഷിയെ ബാധിച്ച് അതിനെ നശിപ്പിച്ചുകളഞ്ഞു. അല്ലാഹു അവരെ (സത്യനിഷേധികളെ) ദ്രോഹിച്ചിട്ടില്ല. പക്ഷേ, അവര്‍ തങ്ങളെതന്നെ ദ്രോഹിക്കുകയാണ് ചെയ്തത്.
സത്യവിശ്വാസികളേ, നിങ്ങളുടെ കൂട്ടത്തില്‍ പെടാത്തവരെ സ്വന്തം രഹസ്യങ്ങള്‍ക്ക് നിങ്ങള്‍ പാത്രമാക്കി വെക്കരുത്. അവര്‍ നിങ്ങള്‍ക്കെതിരായി കുഴപ്പമുണ്ടാക്കുന്നതില്‍ യാതൊരു കുറവും വരുത്തുകയില്ല. നിങ്ങളുടെ വിഷമത്തെയാണ് അവര്‍ ഇഷ്ടപ്പെടുന്നത്. നിങ്ങളോടുള്ള കഠിനമായ രോഷം അവരുടെ വായില്‍ നിന്ന് വെളിപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. അവരുടെ ഹൃദയങ്ങളില്‍ മറച്ചുവെച്ചിട്ടുള്ള ശത്രുത അതിനേക്കാള്‍ വലുതാണ്. നിങ്ങള്‍ ചിന്തിച്ച് ഗ്രഹിക്കുന്നവരായിട്ടുണ്ടെങ്കില്‍ (അവരുടെ ശത്രുതക്ക് വേണ്ടത്ര) ദൃഷ്ടാന്തങ്ങള്‍ നാം വെളിപ്പെടുത്തിത്തരിക തന്നെ ചെയ്തിരിക്കുന്നു.
നോക്കൂ സത്യവിശ്വാസികളേ, നിങ്ങള്‍ അവരെ അങ്ങോട്ട് സ്‌നേഹിക്കുന്നു; അവര്‍ ഇങ്ങോട്ട് സ്‌നേഹിക്കുന്നില്ല. നിങ്ങളാണെങ്കില്‍ എല്ലാ വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുന്നു. (അവരാകട്ടെ നിങ്ങളുടേതില്‍ വിശ്വസിക്കുന്നില്ല.) അവര്‍ നിങ്ങളെ കണ്ടുമുട്ടിയാല്‍ 'ഞങ്ങള്‍ വിശ്വസിച്ചു' എന്ന് പറയുകയും തനിച്ചായിരിക്കുമ്പോള്‍ നിങ്ങളെക്കുറിച്ചുള്ള കഠിനമായ കോപം മൂലം തങ്ങളുടെ വിരലുകള്‍ കടിക്കുകയും ചെയ്യും. താങ്കള്‍ പറയുക: നിശ്ചയമായും അല്ലാഹു ഹൃദയങ്ങളിലുള്ളതിനെക്കുറിച്ച് നല്ലവണ്ണം അറിയുന്നവനാണ്.
നിങ്ങള്‍ക്ക് വല്ല നന്മയും ലഭിച്ചാല്‍ അത് അവരെ ദുഃഖിപ്പിക്കും; വല്ല തിന്മയും ബാധിച്ചാല്‍ അതിലവര്‍ സന്തോഷിക്കുകയും ചെയ്യും. എന്നാല്‍ ക്ഷമിക്കുകയും സൂക്ഷിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് അവരുടെ കുതന്ത്രങ്ങള്‍ ഒട്ടുംതന്നെ ഉപദ്രവമുണ്ടാക്കുന്നതല്ല. അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെയെല്ലാം വലയം ചെയ്തവനാണ്. (അവയെ സംബന്ധിച്ച് തികച്ചും അറിയുന്നവനാണ്.)
യുദ്ധത്തിനുള്ള മര്‍മസ്ഥാനങ്ങളില്‍ സത്യവിശ്വാസികളെ താവളമുറപ്പിക്കുവാന്‍ സ്വകുടുംബത്തില്‍ നിന്ന് താങ്കള്‍ രാവിലെ പുറപ്പെട്ടുപോയ സന്ദര്‍ഭം (ഓര്‍ക്കുക. അപ്പോള്‍ നിങ്ങള്‍ പറഞ്ഞതും വിചാരിച്ചതും) അല്ലാഹു നല്ല വണ്ണം കേള്‍ക്കുകയും അറിയുകയും ചെയ്തവനാണ്.
നിങ്ങളിലുള്ള രണ്ട് സംഘം ആളുകള്‍ ഭയപ്പെട്ട് പിന്മാറുവാന്‍ ഭാവിച്ച സന്ദര്‍ഭവും (ഓര്‍ക്കുക). അല്ലാഹു അവരുടെ രക്ഷാകര്‍ത്താവാകുന്നു. (അതിനാല്‍ അവന്റെ സഹായത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് അവര്‍ ധൈര്യം അവലംബിച്ചു.) സത്യവിശ്വാസികള്‍ അല്ലാഹുവിങ്കല്‍ ഭരമേല്‍പിച്ചുകൊള്ളേണ്ടതാണ്.
നിങ്ങള്‍ കേവലം അശക്തരായിരുന്നിട്ടുകൂടി ബദ്‌റില്‍ അല്ലാഹു നിങ്ങളെ സഹായിക്കുകതന്നെ ചെയ്തു. അതിനാല്‍ നിങ്ങള്‍ നന്ദിയുള്ളവരായിരിക്കേണ്ടതിന് അല്ലാഹുവിനെ സൂക്ഷിക്കുക.
മുവ്വായിരം മലക്കുകളെയിറക്കിക്കൊണ്ട് രക്ഷിതാവ് സഹായിക്കല്‍ നിങ്ങള്‍ക്ക് മതിയാവുകയില്ലേ?' എന്ന് സത്യവിശ്വാസികളോട് താങ്കള്‍ ചോദിച്ച സന്ദര്‍ഭത്തിലാണ് (ബദ്‌റിലെ സഹായമുണ്ടായത്).
അതെ അതുമതി. (എന്നാല്‍ അത്രയുമല്ല,) നിങ്ങള്‍ ക്ഷമിക്കുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുന്ന പക്ഷം അവര്‍ (ശത്രുക്കള്‍) ഈ നിമിഷം തന്നെ നിങ്ങളുടെ അടുക്കല്‍ വന്നെത്തിയാലും യുദ്ധത്തിന്റെ പ്രത്യേക അടയാളങ്ങളോടുകൂടി അയ്യായിരം മലക്കുകളെ കൊണ്ടുതന്നെ രക്ഷിതാവ് നിങ്ങളെ സഹായിക്കുന്നതാണ്.
അത് (ആ സഹായവാഗ്ദാനം) അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ഒരു സന്തോഷവാര്‍ത്ത മാത്രമാണ്. അതുമൂലം നിങ്ങളുടെ ഹൃദയങ്ങള്‍ സമാധാനപ്പെടാന്‍ വേണ്ടികൂടിയാണ് (അത് നല്‍കിയത്. വാസ്തവത്തില്‍) എല്ലാവരെയും വിജയിക്കുന്നവനും യുക്തിയുക്തം പ്രവര്‍ത്തിക്കുന്നവനുമായ അല്ലാഹുവിങ്കല്‍ നിന്നല്ലാതെ യാതൊരു സഹായവുമില്ല.
(ഇങ്ങനെ അവന്‍ നിങ്ങളെ സഹായിക്കുന്നത്) സത്യനിഷേധികളില്‍ നിന്ന് ഒരു വിഭാഗത്തെ നശിപ്പിക്കുകയോ (തോറ്റോടല്‍ കൊണ്ട്) നിന്ദ്യരാക്കുകയോ ചെയ്യുവാനാണ്. അപ്പോള്‍ അവര്‍ പരാജിതരായി മടങ്ങിപ്പോകും.
(ശത്രുക്കള്‍ സത്യനിഷേധം ഉപേക്ഷിച്ച് പശ്ചാത്തപിച്ചാല്‍ അത് സ്വീകരിക്കുക, അത് ചെയ്യാത്തപക്ഷം അവരെ ശിക്ഷിക്കുക എന്നിങ്ങനെയുള്ള) കാര്യങ്ങളില്‍ യാതൊരു അധികാരവും താങ്കള്‍ക്കില്ല. അവര്‍ പശ്ചാത്തപിച്ചു മടങ്ങിയാല്‍ അല്ലാഹു അത് സ്വീകരിക്കുകയോ (മടങ്ങാത്ത പക്ഷം) അവര്‍ അക്രമികള്‍ തന്നെയായതുകൊണ്ട് അവരെ ശിക്ഷിക്കുകയോ ചെയ്യുന്നതുവരെ (താങ്കള്‍ ക്ഷമിക്കുക).
ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിനുള്ളതാകുന്നു. താനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും ഉദ്ദേശിച്ചവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യുന്നു. അല്ലാഹു ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.
സത്യവിശ്വാസികളേ, പലിശ ഇരട്ടിക്കിരട്ടിയായി നിങ്ങള്‍ തിന്നരുത്. വിജയികളാവേണ്ടതിനായി അല്ലാഹുവിനെ (അവന്റെ നിയമവിധികളെ) നിങ്ങള്‍ സൂക്ഷിക്കുക.
സത്യനിഷേധികള്‍ക്കായി തയ്യാര്‍ ചെയ്തുവെച്ചിട്ടുള്ള നരകാഗ്നിയെ നിങ്ങള്‍ സൂക്ഷിക്കുക.
നിങ്ങള്‍ കരുണ ചെയ്യപ്പെടേണ്ടതിനായി അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുക.
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളുടെ വിസ്തൃതിയുള്ള സ്വര്‍ഗത്തിലേക്കും നിങ്ങള്‍ കുതിച്ചുപോവുക. അത് ദോഷബാധയെ സൂക്ഷിക്കുന്നവര്‍ക്കായി ഒരുക്കിവെക്കപ്പെട്ടിരിക്കുന്നു.
സന്തോഷഘട്ടത്തിലും ദുരിതാവസ്ഥയിലും ധനം ചെലവ് ചെയ്യുകയും കോപത്തെ അടക്കിവെക്കുകയും ജനങ്ങള്‍ക്ക് മാപ്പ് കൊടുക്കുകയും ചെയ്യുന്നവരാണവര്‍ (മുത്തഖികള്‍). അല്ലാഹു സല്‍കര്‍മകാരികളെ സ്‌നേഹിക്കുന്നതാണ്.
വല്ല നീചകൃത്യവും ചെയ്യുകയോ തങ്ങളെത്തന്നെ (വല്ല പാപകര്‍മവും മൂലം) ദ്രോഹിക്കുകയോ ചെയ്താല്‍ (ഉടനെ) അവര്‍ അല്ലാഹുവിനെ ഓര്‍മിക്കും. അങ്ങനെ തങ്ങളുടെ പാപമോചനത്തിനായി (അല്ലാഹുവിനോട്) അവര്‍ പ്രാര്‍ഥിക്കും-അല്ലാഹു അല്ലാതെ പാപങ്ങള്‍ പൊറുക്കുവാന്‍ ആരാണുള്ളത്-തങ്ങള്‍ ചെയ്തുപോയ തെറ്റില്‍ (അത് തെറ്റാണെന്ന്) അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരാണവര്‍.
അവര്‍ക്കുള്ള പ്രതിഫലം തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും ചില സ്വര്‍ഗങ്ങളുമാകുന്നു. അവുയടെ താഴ്ഭാഗങ്ങളില്‍ കൂടി ആറുകള്‍ ഒഴുകിക്കൊണ്ടിരിക്കും. അതിലവര്‍ നിരന്തരവാസികളാണ്. ആ സല്‍ക്കര്‍മികളുടെ പ്രതിഫലം എത്ര ഉല്‍കൃഷ്ടം!
നിങ്ങള്‍ക്കു മുമ്പ് (ലോകത്ത്) പല നടപടിച്ചട്ടങ്ങളും കഴിഞ്ഞുപോയിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ ഭൂമിയില്‍ ഒന്ന് സഞ്ചരിച്ച് സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയാണുണ്ടായതെന്ന് നോക്കുക.
ഇത് (ഖുര്‍ആന്‍) എല്ലാ ജനങ്ങള്‍ക്കുമുള്ള വിവരണവും സൂക്ഷ്മതയുള്ളവര്‍ക്ക് മാര്‍ഗദര്‍ശകവും സദുപദേശവുമാകുന്നു.
നിങ്ങള്‍ ദുര്‍ബലരാവുകയും വ്യസനിക്കയുമരുത്. യഥാര്‍ഥ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതി പ്രാപിക്കുന്നവര്‍.
നിങ്ങള്‍ക്ക് (ഉഹുദില്‍ വെച്ച്) മുറിവ് പറ്റിയിട്ടുണ്ടെങ്കില്‍ ശത്രുപക്ഷത്തിനും അതേവിധം (ബദ്‌റില്‍ വെച്ച്) മുറിവ് പറ്റിയിട്ടുണ്ട്. ആ (ജയാപജയ) ദിവസങ്ങളെ ജനങ്ങള്‍ക്കിടയില്‍ നാം ഊഴമാക്കിക്കൊണ്ടിരിക്കുന്നതാണ്. (അത് നിങ്ങള്‍ ചിന്തിച്ച് ഗ്രഹിക്കുവാനും കപടവിശ്വാസികളില്‍ നിന്ന്) സത്യവിശ്വാസികളെ അല്ലാഹു വേര്‍തിരിച്ചറിയുവാനും നിങ്ങളില്‍ ചിലരെ രക്തസാക്ഷികളാക്കി ബഹുമാനിക്കുവാനും വേണ്ടിയാകുന്നു. അല്ലാഹു അക്രമികളെ സ്‌നേഹിക്കുന്നതല്ല.
സത്യവിശ്വാസികളെ ശുദ്ധീകരിക്കേണ്ടതിനും സത്യനിഷേധികളെ (ഭാവിയില്‍) നശിപ്പിക്കേണ്ടതിനും ആകുന്നു (അങ്ങനെ ഊഴമാക്കുന്നത്).
അതല്ല, നിങ്ങളില്‍ നിന്ന് യുദ്ധം ചെയ്തവരെയും (പോര്‍ക്കളത്തില്‍) ക്ഷമയോടെ ഉറച്ചുനിന്നവരെയും അല്ലാഹു അറിയാതെ സ്വര്‍ഗത്തില്‍ കടക്കാമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ?
നിശ്ചയമായും നിങ്ങള്‍ മരണത്തെ കണ്ടുമുട്ടുന്നതിനുമുമ്പ് (അല്ലാഹുവിന്റെ മാര്‍ഗത്തില്‍) മരിക്കുവാന്‍ കൊതിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോള്‍, നോക്കിനില്‍ക്കവേ തന്നെ നിങ്ങള്‍ മരണത്തെ കണ്ടുകഴിഞ്ഞിരിക്കുന്നു. (എന്നിട്ടും നിങ്ങള്‍ എന്തിന് ഓടിപ്പോയി?)
മുഹമ്മദ് (നബി അല്ലാഹുവിന്റെ) ഒരു ദൂതന്‍ മാത്രമാണ്. അവിടത്തേക്ക് മുമ്പും പല ദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. എന്നാല്‍ (സാധാരണ സമ്പ്രദായമനുസരിച്ച്) അവര്‍ മരണപ്പെടുകയോ കൊല്ലപ്പെടുകതന്നെയോ ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ പിന്നോട്ട് മാറിപ്പോവുകയാണോ? ആരെങ്കിലും പിന്നോട്ട് മടങ്ങിപ്പോയാല്‍ അതുകൊണ്ട് അല്ലാഹുവിന് യാതൊരു വിഷമവും അവന്‍ വരുത്തുന്നതല്ല. നന്ദിയുള്ളവര്‍ക്ക് തക്കപ്രതിഫലം അല്ലാഹു നല്‍കുന്നതാണ്.
അല്ലാഹുവിന്റെ വിധി അനുസരിച്ചല്ലാതെ ഒരാള്‍ക്കും മരിക്കുക സാധ്യമല്ല. അത് നിര്‍ണയിക്കപ്പെട്ട അവധിയാണ്. ആരെങ്കിലും (തന്റെ പ്രവൃത്തി കൊണ്ട്) ഇഹലോകത്തുനിന്നുള്ള പ്രതിഫലമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇവിടെ വെച്ചുതന്നെ അത് നാം അവന് നല്‍കും. ആരെങ്കിലും പരലോകത്തുള്ള പ്രതിഫലമാണുദ്ദേശിക്കുന്നതെങ്കില്‍ അവിടെ വെച്ച് അത് നാം അവന് കൊടുക്കും. നന്ദിയുള്ളവര്‍ക്ക് തക്കപ്രതിഫലം (ഇരുലോകത്തുവെച്ചും) നാം നല്‍കുന്നതാണ്.
എത്ര നബിമാരാണ് യുദ്ധം ചെയ്തിട്ടുള്ളത്! അവരൊന്നിച്ച് ധാരാളം അനുയായികളും ഉണ്ടായിരുന്നു. എന്നിട്ട് അവര്‍ക്ക് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നേരിട്ട കാഠിന്യങ്ങള്‍ കാരണമായി അവര്‍ ഭീരുക്കളാവുകയോ ക്ഷീണിച്ചുപോവുകയോ (ശത്രുക്കള്‍ക്ക്) കീഴ്‌പ്പെടുകയോ ചെയ്തിട്ടില്ല. (അവര്‍ തികഞ്ഞ ക്ഷമ കൈക്കൊണ്ടു.) അല്ലാഹു ക്ഷമാശീലരെ സ്‌നേഹിക്കുന്നു.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ കുറ്റങ്ങളും സ്വന്തം കാര്യത്തില്‍ ഞങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിച്ചതും നീ പൊറുത്തുതരേണമേ! (സമരവേളയില്‍) ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചുനിറുത്തിത്തരികയും സത്യനിഷേധികളായ ജനതക്കെതിരായി ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ! എന്ന് പ്രാര്‍ഥിക്കുകയല്ലാതെ മറ്റൊരു വാക്കും അവര്‍ പറഞ്ഞിരുന്നില്ല.
അപ്പോള്‍ അല്ലാഹു അവര്‍ക്ക് ഇഹലോക പ്രതിഫലവും (വിജയവും ഗനീമത്ത് മുതലും) ഉല്‍കൃഷ്ടമായ പരലോകപ്രതിഫലവും നല്‍കി. അല്ലാഹു പുണ്യവാന്മാരെ സ്‌നേഹിക്കുന്നു.
സത്യവിശ്വാസികളേ, അവിശ്വാസികള്‍ക്ക് നിങ്ങള്‍ വഴിപ്പെടുന്നുവെങ്കില്‍ പിന്നിലേക്ക് (അവിശ്വാസത്തിലേക്ക്) നിങ്ങളെ അവര്‍ മടക്കിക്കളയും. അപ്പോള്‍ എല്ലാം നഷ്ടപ്പെട്ടവരായി നിങ്ങള്‍ മടങ്ങുന്നതാണ്.
എന്നാല്‍ അല്ലാഹു നിങ്ങളുടെ സഹായകനാണ്. അവന്‍ സഹായിക്കുന്നവരില്‍ ഉത്തമനാകുന്നു. (അതുകൊണ്ട് അവന്നാണ് നിങ്ങള്‍ വഴിപ്പെടേണ്ടത്, സത്യനിഷേധികള്‍ക്കല്ല.)
(തന്റെ പങ്കാളികളാണെന്നതിന്) യാതൊരു തെളിവും അല്ലാഹു അവതരിപ്പിച്ചിട്ടില്ലാത്ത ചില വസ്തുക്കളെ അവന്റെ പങ്കുകാരാക്കിയ കാരണത്താല്‍ അവിശ്വാസികളുടെ ഹൃദയങ്ങളില്‍ നാം ഭയം ഇട്ടുകൊടുക്കുന്നതാണ്. അവര്‍ മടങ്ങിച്ചെല്ലുന്ന സ്ഥാനം നരകമാകുന്നു. അക്രമികളുടെ സങ്കേതം എത്ര ചീത്ത!
അല്ലാഹുവിന്റെ ആനുകൂല്യത്തോടുകൂടി നിങ്ങള്‍ അവരെ (ശത്രുക്കളെ) വധിച്ചുകൊണ്ടിരുന്നപ്പോള്‍ തന്റെ സഹായവാഗ്ദാനം അവന്‍ ശരിക്ക് പുലര്‍ത്തി. അങ്ങനെ നിങ്ങളിഷ്ടപ്പെടുന്നത് (വിജയം) അവന്‍ നിങ്ങള്‍ക്ക് കാണിച്ചുതന്ന ശേഷം, നിങ്ങള്‍ (നബിയുടെ) കല്‍പനക്ക് മാറ്റം ചെയ്യുകയും (അവിടന്ന് നിര്‍ദ്ദേശിച്ച) കാര്യത്തില്‍ ഭിന്നിക്കുകയും ഭീരുക്കളായിത്തീരുകയും ചെയ്തപ്പോള്‍ (അവന്‍ തന്റെ സഹായം പിന്‍വലിക്കുകയുണ്ടായി). ഇഹലോകത്തെ ഉദ്ദേശിക്കുന്നവരും പരലോകത്തെ ഉദ്ദേശിക്കുന്നവരും നിങ്ങളിലുണ്ട്. പിന്നീട് നിങ്ങളെ പരീക്ഷിക്കാനായി അവരില്‍ (ശത്രുക്കളില്‍) നിന്ന് നിങ്ങളെ അവന്‍ പിന്തിരിപ്പിച്ചു. നിശ്ചയമായും നിങ്ങളുടെ തെറ്റുകളെ അവന്‍ മാപ്പ് ചെയ്ത് തന്നിരിക്കുന്നു. അല്ലാഹു സത്യവിശ്വാസികളോട് വളരെ ഔദാര്യമുള്ളവനാകുന്നു.
ആരുടെ നേരെയും തിരിഞ്ഞുനോക്കാതെ നിങ്ങള്‍ ഓടിപ്പോയ സന്ദര്‍ഭം (ഓര്‍ക്കുക). അല്ലാഹുവിന്റെ റസൂല്‍ നിങ്ങളെ പിന്നില്‍ നിന്ന് വിളിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് മേല്‍ക്കുമേല്‍ ദുഃഖം അവന്‍ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കി. നേട്ടങ്ങള്‍ നഷ്ടപ്പെട്ടതിലും ആപത്തുകള്‍ നേരിട്ടതിലും നിങ്ങള്‍ വ്യസനിക്കാതിരിക്കുവാനാണ് (അവന്‍ നിങ്ങള്‍ക്ക് മാപ്പ് ചെയ്തത്). അല്ലാഹു നിങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് സൂക്ഷ്മമായി അറിയുന്നവനാകുന്നു.
പിന്നീട് ആ ദുഃഖത്തിനു ശേഷം അവന്‍ നിങ്ങള്‍ക്ക് സമാധാനത്തെ-ഒരു നിദ്രാമയക്കത്തെ-ഇറക്കിത്തന്നു. അത് നിങ്ങളില്‍ ഒരു വിഭാഗത്തെ ആവരണം ചെയ്തു. എന്നാല്‍ മറ്റെ വിഭാഗമാവട്ടെ, അപ്പോഴും സ്വന്തം ആത്മാക്കള്‍ അവരെ ചിന്താകുലരാക്കി. അസത്യവും അന്യായവുമായ പല വിചാരങ്ങളും അല്ലാഹുവിനെക്കുറിച്ച് അവര്‍ വിചാരിച്ചു. തനി അജ്ഞാനകാലത്തെ വിചാരം. നമുക്ക് (വിജയ) കാര്യത്തില്‍ വല്ലതും ഉണ്ടോ എന്ന് അവര്‍ ചോദിക്കുന്നു. താങ്കള്‍ പറയുക: 'നിശ്ചയമായും കാര്യങ്ങളെല്ലാം അല്ലാഹുവിനുള്ളതാണ്.' താങ്കള്‍ക്ക് വെളിപ്പെടുത്താത്ത ചില കാര്യങ്ങള്‍ തങ്ങളുടെ ഹൃദയങ്ങളില്‍ അവര്‍ മറച്ചുവെക്കുന്നുണ്ട്. 'നമുക്ക് (ഈ യുദ്ധ)കാര്യത്തില്‍ വല്ല സ്വാതന്ത്ര്യവും ഉണ്ടായിരുന്നെങ്കില്‍ ഇവിടെ വെച്ച് ഞങ്ങള്‍ കൊല്ലപ്പെടുകയില്ലായിരുന്നു' എന്നവര്‍ (രഹസ്യമായി) പറയുന്നു. താങ്കള്‍ പറയുക: നിങ്ങള്‍ (യുദ്ധത്തിന് പോകാതെ) സ്വന്തം വീടുകളില്‍ തന്നെ ഇരുന്നുവെങ്കിലും, ആരുടെ മേല്‍ കൊല വിധി വിധിക്കപ്പെട്ടിരിക്കുന്നുവോ അവര്‍ തങ്ങള്‍ മരിച്ചുവീഴുന്ന സ്ഥാനങ്ങളിലേക്ക് പുറപ്പെട്ടപോകുക തന്നെ ചെയ്യും. അല്ലാഹു നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് പരീക്ഷിക്കുവാനും നിങ്ങളുടെ ഹൃദയങ്ങളിലുള്ള മാലിന്യങ്ങളെ ശുദ്ധീകരിക്കുവാനും വേണ്ടിയാണ് (ഉഹുദില്‍ ഈ അനുഭവമുണ്ടായത്). അല്ലാഹു ഹൃദയങ്ങളിലുള്ളത് നല്ല വണ്ണം അറിയുന്നവനാകുന്നു.
നിശ്ചയമായും രണ്ട് സംഘക്കാര്‍ (മുസ്‌ലിംകളും ശത്രുക്കളും ഉഹുദില്‍) ഒരുമിച്ചുകൂടിയ ദിവസം നിങ്ങളില്‍ നിന്ന് പിന്തിരിഞ്ഞവര്‍, തങ്ങള്‍ ചെയ്ത ചില പ്രവൃത്തിദോഷം കൊണ്ട് പിശാച് അവരെ പിഴപ്പിച്ചതുതന്നെയാണ്. നിശ്ചയമായും അല്ലാഹു അവര്‍ക്ക് മാപ്പ് ചെയ്തുകൊടുത്തിരിക്കുന്നു. അല്ലാഹു ഏറ്റവും പൊറുക്കുന്നവനും വലിയ സഹനമുള്ളവനും തന്നെയാണ്.
സത്യവിശ്വാസികളേ, നിങ്ങള്‍ അവിശ്വസിച്ചവരെപ്പോലെ ആവരുത്. അവരുടെ സഹോദരന്മാര്‍ (കച്ചവടത്തിനോ മറ്റോ) ഭൂമിയില്‍ യാത്ര ചെയ്യുകയോ യുദ്ധം ചെയ്യുന്നവരാവുകയോ ചെയ്തിട്ടു(മരണപ്പെട്ടിട്ടു)ണ്ടെങ്കില്‍ അവരെക്കുറിച്ച് 'ഞങ്ങളുടെ അടുക്കലായിരുന്നുവെങ്കില്‍ ഇവര്‍ മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യില്ലായിരുന്നു' എന്ന് അവര്‍ പറയും. (ഈ വിശ്വാസമുണ്ടായത്) അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു അതിനെ ഒരു ഖേദമാക്കിവെക്കുവാനാണ്. അല്ലാഹുവാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അല്ലാഹു ശരിക്ക് കാണുന്നവനാകുന്നു.
നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെടുകയോ (മറ്റു വിധത്തില്‍) മരണമടയുകയോ ചെയ്‌തെങ്കില്‍, അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും കാരുണ്യവും അവര്‍ (സത്യനിഷേധികള്‍) ശേഖരിച്ചുവെക്കുന്ന സുഖസൗകര്യങ്ങളെക്കാള്‍ ഉത്തമം തന്നെയാകുന്നു.
നിങ്ങള്‍ മരണപ്പെടുകയോ (അല്ലാഹുവിന്റെ മാര്‍ഗത്തില്‍) വധിക്കപ്പെടുകയോ ചെയ്താല്‍ അല്ലാഹുവിങ്കലേക്കുതന്നെയാണ് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നത്.
അല്ലാഹുവിന്റെ കാരുണ്യം കൊണ്ടുമാത്രമാണ് താങ്കള്‍ അവരോട് സൗമ്യതയോടെ വര്‍ത്തിച്ചത്. താങ്കള്‍ ഹൃദയകാഠിന്യമുള്ള പരുഷസ്വഭാവിയായിരുന്നെങ്കില്‍ താങ്കളുടെ ചുറ്റുഭാഗത്തുനിന്ന് അവര്‍ വിട്ടുപോകുമായിരുന്നു. അതുകൊണ്ട് അവര്‍ക്ക് മാപ്പ് ചെയ്തുകൊടുക്കുകയും പാപമോചനത്തിനായി പ്രാര്‍ഥിക്കുകയും (ഭാവി)കാര്യങ്ങളില്‍ അവരുമായി കൂടിയാലോചന നടത്തുകയും ചെയ്യുക. അങ്ങനെ കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍ എല്ലാം അല്ലാഹുവിങ്കലേക്ക് ഭരമേല്‍പിക്കുക. നിശ്ചയമായും തന്നില്‍ അര്‍പ്പിക്കുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നതാണ്.
അല്ലാഹു നിങ്ങളെ സഹായിക്കുകയാണെങ്കില്‍ നിങ്ങളെ ജയിക്കുന്നവര്‍ ആരുമില്ല. അവന്‍ നിങ്ങളെ കൈവെടിയുകയാണെങ്കില്‍ അവനല്ലാതെ നിങ്ങളെ സഹായിക്കാന്‍ ആരാണുള്ളത്! സത്യവിശ്വാസികള്‍ അല്ലാഹുവില്‍ മാത്രം അര്‍പ്പിച്ചുകൊള്ളട്ടെ.
ഒരു നബിയും വഞ്ചിക്കുക എന്നത് സംഭവ്യമല്ല. ആരെങ്കിലും വഞ്ചന ചെയ്താല്‍ പുനരുത്ഥാനദിനം അവന്‍ വഞ്ചിച്ചെടുത്തത് കൊണ്ടുവരികതന്നെ ചെയ്യും. പിന്നീട് ഓരോരുത്തനും താന്‍ പ്രവര്‍ത്തിച്ചത് (അതിന്റെ പ്രതിഫലം) പൂര്‍ത്തിയായി നല്‍കപ്പെടുന്നതാണ്. അവര്‍ ദ്രോഹിക്കപ്പെടുന്നതല്ല.
അല്ലാഹുവിന്റെ സംതൃപ്തിയെ പിന്‍പറ്റിയവന്‍ അവന്റെ കോപത്തോടെ മടങ്ങിയവനെപ്പോലെയാകുമോ? അവന്റെ പാര്‍പ്പിടം നരകമാണ്. അതെത്ര ദുഷിച്ച സങ്കേതം!
അവര്‍ (ആ രണ്ടു തരക്കാരും) അല്ലാഹുവിങ്കല്‍ വ്യത്യസ്ത നിലപാടുകാരാകുന്നു. അല്ലാഹു അവര്‍ പ്രവര്‍ത്തിച്ചത് നല്ലപോലെ കാണുന്നവനാണ്.
നിശ്ചയമായും തങ്ങളില്‍ നിന്നുതന്നെയുള്ള ഒരു റസൂലിനെ സത്യവിശ്വാസികള്‍ക്ക് നിയോഗിച്ചതുമൂലം വലിയ അനുഗ്രമാണവര്‍ക്ക് അല്ലാഹു ചെയ്തിട്ടുള്ളത്. അദ്ദേഹം അവര്‍ക്ക് അവന്റെ ആയത്തുകളെ ഓതിക്കേള്‍പ്പിക്കുകയും സംസ്‌കാരമുണ്ടാക്കിത്തീര്‍ക്കുകയും ഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു. അതിന് (ആ റസൂല്‍ വരുന്നതിനു) മുമ്പ് അവര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തില്‍ തന്നെയായിരുന്നു സ്ഥിതി ചെയ്തിരുന്നത്.
നിങ്ങള്‍ക്ക് (ഉഹുദില്‍ വെച്ച്) ഒരാപത്ത് സംഭവിച്ചപ്പോള്‍-അതിന്റെ ഇരട്ടി ആപത്ത് നിങ്ങള്‍ (ബദ്‌റില്‍ വെച്ച്) അവര്‍ക്ക് വരുത്തിവെച്ചിട്ടുണ്ട്-'ഇതെങ്ങനെ സംഭവിച്ചു' എന്ന് നിങ്ങള്‍ ചോദിക്കുന്നുവോ? പറയുക: അത് നിങ്ങളുടെ പക്കല്‍ നിന്ന് തന്നെയാണുണ്ടായത്. നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും തികച്ചും കഴിവുള്ളവനാകുന്നു.
ഇരുകക്ഷികളും (മുസ്‌ലിംകളും എതിരാളികളും ഉഹുദില്‍ വെച്ച്) ഏറ്റുമുട്ടിയ ദിവസം നിങ്ങള്‍ക്കേറ്റ വിപത്ത് അല്ലാഹുവിന്റെ വിധി അനുസരിച്ചും അവന്‍ സത്യവിശ്വാസികളെ വേര്‍തിരിച്ചറിയേണ്ടതിനുമായി സംഭവിച്ചതാകുന്നു.
കപടവിശ്വാസികളെ അവന്‍ വേര്‍തിരിച്ചറിയേണ്ടതിന് കൂടിയായിരുന്നു (അങ്ങനെ ഉഹുദില്‍ വിപത്ത് സംഭവിച്ചത്). 'നിങ്ങള്‍ വന്ന് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുക, അല്ലെങ്കില്‍ പ്രതിരോധിക്കുക' എന്ന് അവരോട് പറയപ്പെട്ടു. (ആ സന്ദര്‍ഭത്തില്‍) 'യുദ്ധമുണ്ടാകുമെന്ന് ബോധ്യപ്പെട്ടിരുന്നെങ്കില്‍ ഞങ്ങള്‍ നിങ്ങളോടുകൂടെ വരുമായിരുന്നു' എന്നാണ് അവര്‍ പറഞ്ഞത്. അന്ന് സത്യവിശ്വാസത്തോടെന്നതിനെക്കാള്‍ സത്യനിഷേധത്തോടാണവര്‍ കൂടുതല്‍ അടുത്തുനിന്നിരുന്നത്. തങ്ങളുടെ ഹൃദയങ്ങളില്‍ ഇല്ലാത്തത് വായ കൊണ്ടവര്‍ പറയുന്നു. അവര്‍ മറച്ചുവെച്ച കാര്യങ്ങള്‍ അല്ലാഹു ഏറ്റവും അറിയുന്നവനാണ്.
യുദ്ധത്തിനു പോകാതെ ഇരിക്കുകയും എന്നിട്ട് (യുദ്ധത്തില്‍ കൊല്ലപ്പെട്ട) തങ്ങളുടെ സഹോദരന്മാരെപ്പറ്റി 'ഞങ്ങളെ അനുസരിച്ചിരുന്നുവെങ്കില്‍ അവര്‍ കൊല്ലപ്പെടുമായിരുന്നില്ല' എന്ന് പറയുകയും ചെയ്തവരാണ് (ആ കപടവിശ്വാസികള്‍). താങ്കള്‍ പറയുക: 'നിങ്ങള്‍ സത്യവാദികളാണെങ്കില്‍ സ്വന്തം ദേഹങ്ങളില്‍ നിന്ന് മരണത്തെ തടഞ്ഞുനിറുത്തുക!'
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ടവര്‍ മരണപ്പെട്ടുകഴിഞ്ഞവരാണെന്ന് താങ്കള്‍ വിചാരിക്കരുത്. എന്നാല്‍ അവര്‍ തങ്ങളുടെ രക്ഷിതാവിങ്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ആഹാരവിഭവങ്ങള്‍ നല്‍കപ്പെടുന്നുണ്ട്.
തന്റെ അനുഗ്രഹം മൂലം അല്ലാഹു തങ്ങള്‍ക്ക് നല്‍കിയതില്‍ അവര്‍ സന്തുഷ്ടരായിക്കൊണ്ടാണ് (ജീവിക്കുന്നത്). തങ്ങളുടെ പിന്നിലായി അവരോട് ചെന്നുചേര്‍ന്നിട്ടില്ലാത്തവരെ സംബന്ധിച്ച് 'അവര്‍ക്ക് യാതൊന്നും ഭയപ്പെടുവാനില്ല, അവര്‍ വ്യസനിക്കുകയുമില്ല' എന്നതുകൊണ്ട് അവര്‍ (ശുഹദാഅ്) സന്തോഷിക്കുകയും ചെയ്യും.
അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും കാരുണ്യവും മൂലം അവര്‍ ആനന്ദം കൊള്ളുന്നു. അല്ലാഹു സത്യവിശ്വാസികളുടെ പ്രതിഫലം പാഴാക്കുകയേയില്ല എന്നതിലും (അവര്‍ ആനന്ദം കൊള്ളുന്നു).
അവര്‍ (ഉഹുദില്‍വെച്ച്) പരിക്കു പറ്റിയ ശേഷം അല്ലാഹുവിന്റെയും റസൂലിന്റെയും വിളിക്ക് ഉത്തരം നല്‍കിയവരാണ്. അവരില്‍ നിന്ന് നന്മ ചെയ്യുകയും ദോഷബാധയെ സൂക്ഷിക്കുകയും ചെയ്തവര്‍ക്ക് മഹത്തായ പ്രതിഫലം ഉണ്ട്.
(മക്കക്കാരായ) ആളുകള്‍ നിങ്ങള്‍ക്കെതിരില്‍ വലിയ ശക്തി ശേഖരിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അവരെ ഭയപ്പെടുക എന്ന് ചില ആളുകള്‍ അവരോട് പറഞ്ഞു. അപ്പോള്‍ അതവരുടെ വിശ്വാസത്തെ വര്‍ധിപ്പിക്കുകയും 'ഞങ്ങള്‍ക്ക് അല്ലാഹു മതി, കാര്യങ്ങള്‍ ഭരമേല്‍പിക്കപ്പെടുവാന്‍ അവന്‍ എത്ര നല്ലവന്‍!' എന്ന് പറയുകയും ചെയ്തവരാണവര്‍.
അങ്ങനെ അവര്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും ഔദാര്യവും കൊണ്ട് മടങ്ങി. അവര്‍ക്ക് യാതൊരു ഹാനിയും സംഭവിച്ചില്ല. അവര്‍ അല്ലാഹുവിന്റെ തൃപ്തിയെ പിന്‍പറ്റുകയും ചെയ്തു. അല്ലാഹു മഹത്തായ ഔദാര്യമുള്ളവനാകുന്നു.
നിശ്ചയമായും അവന്‍ പിശാച് തന്നെയാണ്. തന്റെ മിത്രങ്ങളെക്കുറിച്ച് അവന്‍ നിങ്ങളെ ഭീഷണിപ്പെടുത്തുന്നു. എന്നാല്‍ അവരെ നിങ്ങള്‍ ഭയപ്പെടരുത്; സത്യവിശ്വാസികളാണെങ്കില്‍ എന്നെ നിങ്ങള്‍ ഭയപ്പെടുക.
സത്യനിഷേധത്തിലേക്ക് തിരക്കിട്ട് പോകുന്നവര്‍ താങ്കളെ ദുഃഖിതനാക്കാതിരിക്കട്ടെ. അവര്‍ അല്ലാഹുവിന് യാതൊരു ദോഷവും വരുത്തുകയില്ല. പരലോകത്ത് നന്മയുടെ യാതൊരംശവും അവര്‍ക്ക് ആക്കിക്കൊടുക്കരുതെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു. കഠിനമായ ശിക്ഷയാണവര്‍ക്കുള്ളത്.
സത്യവിശ്വാസത്തിനു പകരമായി സത്യനിഷേധം വിലക്കു വാങ്ങിയവര്‍ അല്ലാഹുവിന് ഒട്ടും ദോഷം വരുത്തിവെക്കുന്നതേയല്ല. അവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ട്.
നിശ്ചയമായും സത്യനിഷേധികള്‍ക്ക് നാം സമയം നീട്ടിക്കൊടുക്കുന്നത് തങ്ങള്‍ക്ക് നല്ലതാണെന്ന് അവര്‍ ഒരിക്കലും വിചാരിക്കേണ്ട. അവര്‍ക്ക് നാം സമയം ദീര്‍ഘിപ്പിച്ചുകൊടുക്കുന്നത് കുറ്റം വര്‍ധിപ്പിക്കേണ്ടതിനു വേണ്ടിയാണ്. അവര്‍ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്.
വിശുദ്ധരില്‍ നിന്ന് അശുദ്ധരെ വേര്‍തിരിക്കാതെ ഇപ്പോഴുള്ള സ്ഥിതിയില്‍ സത്യവിശ്വാസികളെ അല്ലാഹു വിടുന്നതല്ല. മറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അല്ലാഹു വെളിപ്പെടുത്തിത്തരിക എന്നതും ഉണ്ടാവില്ല. പക്ഷേ, തന്റെ മുര്‍സലുകളില്‍ നിന്ന് ഉദ്ദേശിക്കുന്നവരെ അല്ലാഹു തെരഞ്ഞെടുക്കുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. വിശ്വസിക്കുകയും സൂക്ഷ്മത കൈക്കൊള്ളുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്.
തന്റെ അനുഗ്രഹം മൂലം അല്ലാഹു നല്‍കിയ ധനത്തില്‍ ലുബ്ധ് കാട്ടുന്നവര്‍, ആ ലുബ്ധ് തങ്ങള്‍ക്ക് ഗുണകരമാണെന്ന് അവര്‍ ഒരിക്കലും വിചാരിക്കരുത്; മറിച്ച് അത് അവര്‍ക്ക് വമ്പിച്ച ദോഷമാണ്. തങ്ങള്‍ പിശുക്ക് കാട്ടുന്ന ധനം കൊണ്ട് അന്ത്യദിനം അവര്‍ക്ക് കണ്ഠാഭരണം അണിയിക്കപ്പെടുന്നതായിരിക്കും. ആകാശഭൂമികളുടെ അനന്തരാവകാശം അല്ലാഹുവിനാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണ്.
നിശ്ചയമായും അല്ലാഹു ദരിദ്രനും ഞങ്ങള്‍ ധനികരുമാണ് എന്ന് പറഞ്ഞവരുടെ വാക്ക് അല്ലാഹു കേള്‍ക്കുകതന്നെ ചെയ്തിരിക്കുന്നു. അവര്‍ ആ പറഞ്ഞിട്ടുള്ളതും അന്യായമായി നബിമാരെ കൊന്നുകളഞ്ഞതും നാം രേഖപ്പെടുത്തിവെക്കും. 'കരിച്ചുകളയുന്ന അഗ്നിയുടെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക' എന്ന് നാം അവരോട് പറയുകയും ചെയ്യും.
അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ്; നിശ്ചയമായും അല്ലാഹു തന്റെ അടിമകളെ ദ്രോഹിക്കുന്നവനല്ല (എന്നും നാം അവരോട് പറയും).
ഒരു ദൂതനെയും, അദ്ദേഹം തങ്ങള്‍ക്ക് ഒരു ബലി നടത്തിത്തരികയും അതിനെ അഗ്നി ഭക്ഷിക്കുകയും ചെയ്യുന്നതുവരെ വിശ്വസിക്കരുത് എന്ന് അല്ലാഹു ഞങ്ങളോട് കല്‍പിച്ചിട്ടുണ്ട്' എന്ന് പറഞ്ഞവരാണവര്‍. താങ്കള്‍ (അവരോട്) പറയുക: 'വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ കൊണ്ടും നിങ്ങള്‍ പറഞ്ഞതുകൊണ്ടും എനിക്ക് മുമ്പ് പല ദൂതന്മാരും നിങ്ങളുടെ അടുക്കല്‍ വന്നുവല്ലോ. സത്യവാദികളാണെങ്കില്‍ നിങ്ങള്‍ എന്തിനാണ് (അന്ന്) അവരെ വധിച്ചത്?'
എന്നാല്‍ അവര്‍ താങ്കളെ നിഷേധിച്ചുവെങ്കില്‍ (അതില്‍ ദുഃഖിക്കേണ്ട. എന്തുകൊണ്ടെന്നാല്‍) താങ്കളുടെ മുമ്പ് വ്യക്തമായ തെളിവുകളും ഏടുകളും വെളിച്ചം നല്‍കുന്ന ഗ്രന്ഥവും കൊണ്ടുവന്ന പല ദൂതന്മാരും നിഷേധിക്കപ്പെട്ടിട്ടുണ്ട്.
ഓരോ ദേഹവും മരണത്തെ രുചി നോക്കും. നിങ്ങള്‍ക്കുള്ള പ്രതിഫലം പുനരുത്ഥാനദിവസത്തില്‍ പൂര്‍ത്തിയായി നല്‍കപ്പെടുകതന്നെ ചെയ്യുന്നതാണ്. അതിനാല്‍ ആരെങ്കിലും (അന്ന്) നരകത്തില്‍ നിന്നകറ്റപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്താല്‍ തീര്‍ച്ചയായും അവന്‍ വിജയിച്ചു. ഐഹിക ജീവിതം വഞ്ചിക്കുന്ന ചരക്ക് മാത്രമാകുന്നു.
നിശ്ചയമായും സ്വന്തം ധനങ്ങളിലും ദേഹങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതും, മുമ്പ് വേദം ന്‌ലകപ്പെട്ടവരില്‍ നിന്നും ബഹുദൈവവിശ്വാസികളില്‍ നിന്നും വേദനാജനകമായ ധാരാളം ആക്ഷേപം നിങ്ങള്‍ കേള്‍ക്കുന്നതുമാകുന്നു. (അപ്പോഴെല്ലാം) നിങ്ങള്‍ ക്ഷമിക്കുകയും ദോഷബാധയെ സൂക്ഷിക്കുകയും ചെയ്യുന്നതായാല്‍ അത് ദൃഢതരമായ കാര്യങ്ങളില്‍ പെട്ടതു തന്നെയാണ്.
വേദം നല്‍കപ്പെട്ടവരോട് അല്ലാഹു കരാര്‍ വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക). നിങ്ങള്‍ അത് (വേദം) ജനങ്ങള്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കും, മറച്ചുവെക്കുകയില്ല (എന്നതായിരുന്നു കരാര്‍). എന്നിട്ടും അവരത് പിന്നിലേക്ക് എറിഞ്ഞുകളയുകയും അതിന് പകരം നിസ്സാരവില വാങ്ങുകയും ചെയ്തു. അവര്‍ വാങ്ങിയ വില വളരെ നീചം തന്നെ!
തങ്ങള്‍ ചെയ്തതില്‍ സന്തോഷിക്കുകയും ചെയ്യാത്തതില്‍ പ്രശംസിക്കപ്പെടേണമെന്നാഗ്രഹിക്കുകയും ചെയ്യുന്നവര്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടവരാണെന്ന് താങ്കള്‍ ഒട്ടും വിചാരിക്കരുത്. അവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ട്.
ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിന് മാത്രമാണ്. അല്ലാഹു എല്ലാ കാര്യത്തിനും തികച്ചും കഴിവുള്ളവനാകുന്നു.
നിശ്ചയമായും ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാവും പകലും മാറിക്കൊണ്ടിരിക്കുന്നതിലും ബുദ്ധിയുള്ളവര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.
നിന്നും ഇരുന്നും കിടന്നും (എല്ലാ അവസരങ്ങളിലും) അല്ലാഹുവെ സ്മരിക്കുന്നവരും ആകാശഭൂമികളെ സൃഷ്ടിച്ചതില്‍ ചിന്തിക്കുന്നവരും 'ഞങ്ങളുടെ നാഥാ, നീ ഇതൊന്നും സൃഷ്ടിച്ചത് അര്‍ഥശൂന്യമായിട്ടല്ല, നീ പരിശുദ്ധനാണ്; അതുകൊണ്ട് ഞങ്ങളെ നീ നരകശിക്ഷയില്‍ നിന്ന് രക്ഷിക്കേണമേ!' (എന്ന് പ്രാര്‍ഥിക്കുന്നവരുമാണ് ബുദ്ധിയുള്ളര്‍).
ഞങ്ങളുടെ നാഥാ, വല്ലവനെയും നീ നരകത്തില്‍ കടത്തിയാല്‍ അവനെ നിന്ദിക്കുകതന്നെ ചെയ്തു. അക്രമികള്‍ക്ക് സഹായികളായി ആരുമില്ലതന്നെ.'
ഞങ്ങളുടെ നാഥാ, സത്യവിശ്വാസത്തിലേക്ക്-നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിക്കൂ എന്ന്-ക്ഷണിക്കുന്ന ഒരാളുടെ വിളി നിശ്ചയമായും ഞങ്ങള്‍ കേട്ടിരിക്കുന്നു. നാഥാ, അപ്പോള്‍ ഞങ്ങള്‍ വിശ്വസിച്ചു. അതുകൊണ്ട് ഞങ്ങളുടെ കുറ്റങ്ങള്‍ പൊറുത്തുതരികയും തിന്മകള്‍ മായിച്ചുകളയുകയും പുണ്യാത്മാക്കളോടുകൂടെ (അവരുടെ സമൂഹത്തിലായി) ഞങ്ങളെ മരിപ്പിക്കുകയും ചെയ്യേണമേ!'
ഞങ്ങളുടെ നാഥാ, നിന്റെ ദൂതന്മാര്‍ മുഖേന ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്തത് നീ നല്‍കേണമേ! ഖിയാമത്ത് നാളില്‍ ഞങ്ങളെ അപമാനിക്കരുതേ! നിശ്ചയമായും നീ ഒരിക്കലും വാഗ്ദാനം ലംഘിക്കുകയില്ല' (ഇങ്ങനെയെല്ലാം പ്രാര്‍ഥിക്കുന്നവരാണ് ബുദ്ധിയുള്ളവര്‍).
അപ്പോള്‍ അവരുടെ നാഥന്‍ ഇങ്ങനെ ഉത്തരം നല്‍കി: പുരുഷനായിരുന്നാലും സ്ത്രീ ആയിരുന്നാലും നിങ്ങളിലുള്ള ഒരു പ്രവര്‍ത്തകന്റെയും പ്രവൃത്തി ഞാന്‍ പാഴാക്കുകയേയില്ല. നിങ്ങളില്‍ ചിലര്‍ മറ്റു ചിലരില്‍ നിന്ന് ജനിച്ചവരാണ്. അതിനാല്‍ സ്വദേശം വെടിഞ്ഞവരും സ്വഭവനങ്ങളില്‍ നിന്ന് ബഹിഷ്‌കരിക്കപ്പെട്ടവരും എന്റെ മാര്‍ഗത്തില്‍ മര്‍ദിക്കപ്പെട്ടവരും ധര്‍മയുദ്ധം നടത്തിയവരും (അതില്‍) വധിക്കപ്പെട്ടവരും ആരോ, അവരുടെയെല്ലാം പാപങ്ങള്‍ ഞാന്‍ മായിച്ചുകളയുകയും അടിഭാഗങ്ങളില്‍ കൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളില്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ് തീര്‍ച്ച. (അത്) അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലമാകുന്നു. അല്ലാഹുവിന്റെ അടുക്കല്‍ മാത്രമാണ് ഉല്‍കൃഷ്ട പ്രതിഫലമുള്ളത്.
സത്യനിഷേധികള്‍ നാടുകളില്‍ യഥേഷ്ടം ചുറ്റിസ്സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് താങ്കളെ വഞ്ചിതനാക്കരുത്.
(അത്) വളരെ ചുരുങ്ങിയ ഒരു ജീവിതസുഖം മാത്രം! പിന്നീട് അവരുടെ വാസസ്ഥാനം നരകമാകുന്നു. അത് എത്ര ദുഷിച്ച സങ്കേതം!
എന്നാല്‍ തങ്ങളുടെ റബ്ബിനെ (അവന്റെ വിധിവിലക്കുകളെ) സൂക്ഷിക്കുന്നവര്‍ക്ക് ചില സ്വര്‍ഗങ്ങളാണുള്ളത്. അവയുടെ അടിഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കും. അതില്‍ അവര്‍ നിത്യനിവാസികളാണ്. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു സല്‍ക്കാരമാണത്. അവങ്കലുള്ള പ്രതിഫലമാണ് പുണ്യവാന്മാര്‍ക്ക് (ഇവിടത്തെ സുഖങ്ങളെക്കാള്‍) ഉത്തമം.
വേദക്കാരില്‍തന്നെ ചില ആളുകളുണ്ട്. അല്ലാഹുവിലും നിങ്ങള്‍ക്കവതരിപ്പിക്കപ്പെട്ടതിലും തങ്ങള്‍ക്കവതരിപ്പിക്കപ്പെട്ടതിലും അവര്‍ അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് വിശ്വസിക്കുന്നവരാണ്. അല്ലാഹുവിന്റെ വേദവാക്യങ്ങളെ അവര്‍ നിസ്സാരവിലക്ക് വില്‍ക്കുകയില്ല. അവരുടെ പ്രതിഫലം തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ക്കുണ്ട്. നിശ്ചയമായും അല്ലാഹു വേഗത്തില്‍ വിചാരണ ചെയ്യുന്നവനാകുന്നു.
സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മറ്റുള്ളവരെ കവച്ചുവെക്കുകയും യുദ്ധത്തിന് സന്നദ്ധരായി നില്‍ക്കുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക! (ഇതെല്ലാം ഉപദേശിക്കുന്നത്) നിങ്ങള്‍ വിജയികളാവേണ്ടതിനാണ്.