അലിഫ് ലാം മീം റാ അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ വാക്യങ്ങളാണിവ. രക്ഷിതാവിങ്കല്‍ നിന്നു താങ്കള്‍ക്കു അവതരിച്ചുകിട്ടിയതു സത്യം തന്നെയാണ്; പക്ഷേ മിക്ക ആളുകളും വിശ്വസിക്കുന്നില്ല.
അർ റഅ്ദ് الرعد Ar-Rad
സൂറത്ത് അർ റഅ്ദ് (Ar-Rad), ഖുർആൻ അധ്യായം 13 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 43 ആയത്തുകൾ വായിക്കുക. Read Surah Ar-Rad with Arabic text and മലയാളം translation.
അല്ലാഹു ആകാശങ്ങളെ തൂണുകള്‍ കൂടാതെ ഉയര്‍ത്തിയവനാകുന്നു. അവ തൂണുകള്‍ കൂടാതെ ഉയര്‍ന്നു നില്‍ക്കുന്നതു നിങ്ങള്‍ കാണുന്നു. അവന്‍ അര്‍ശിനെ കീഴടക്കുകയും സൂര്യനെയും ചന്ദ്രനെയും നിയന്ത്രിക്കുകയും ചെയ്തു. അവയെല്ലാം ഒരു നിശ്ചിത അവധിവരെ ചരിച്ചുകൊണ്ടിരിക്കും. അവന്‍ എല്ലാ കാര്യങ്ങളും പ്ലാനിട്ടു നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ കണ്ടുമുട്ടുമെന്നു ദൃഢമായി വിശ്വസിക്കുവാന്‍ തക്കവണ്ണം അവന്‍ ലക്ഷ്യങ്ങളെ വിശദീകരിക്കുന്നു.
ഭൂമിയെ (മനുഷ്യര്‍ക്കും മറ്റു ജീവികള്‍ക്കും സുഖമായി താമസിക്കത്തക്കവിധം) വിശാലമാക്കുകയും അതില്‍ ചില കനത്ത പര്‍വ്വതങ്ങളെ ഉറപ്പിച്ചു നിറുത്തുകയും നദികള്‍ ഒഴുക്കുകയും എല്ലാതരം പഴങ്ങളില്‍ നിന്നും ജോടികളെ-ഈരണ്ടു ജാതികളെ-സൃഷ്ടിക്കയും ചെയ്തത് അവനാകുന്നു. പകലിനെ രാവുകൊണ്ട് അവന്‍ മൂടുന്നു. നിശ്ചയമായും ചിന്തിക്കുന്ന ജനതക്ക് ഇതിലെല്ലാം പല ദൃഷ്ടാന്തങ്ങളുമുണ്ട്.
ഭൂമിയില്‍ തൊട്ടു തൊട്ടു കിടക്കുന്ന പല കഷ്ണങ്ങളുമുണ്ട്. (അവയില്‍) മുന്തിരിത്തോട്ടങ്ങളും ധാന്യം കൃഷി ചെയ്ത സ്ഥലങ്ങളും ഒരു മുരട്ടില്‍ നിന്നു വിവിധ മുളകള്‍ പൊട്ടിവളര്‍ന്നതും ഈത്തപ്പനത്തോട്ടങ്ങളുമുണ്ട്. അവയെല്ലാം തന്നെ ഒരൊറ്റ വെള്ളം കൊണ്ടാണ് നനക്കപ്പെടുന്നതുതാനും. (എന്നിട്ടുകൂടി) ഫലങ്ങളുടെ കാര്യത്തില്‍ അവയില്‍ ചിലതിനെ ചിലതിനെക്കാള്‍ നാം മെച്ചപ്പെടുത്തുന്നു. ചിന്തിക്കുന്ന ജനതക്ക് നിശ്ചയമായും ഇതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.
താങ്കള്‍ ആശ്ചര്യപ്പെടുന്നുവെങ്കില്‍, ഏറ്റവും ആശ്ചര്യകരം, 'മരിച്ചു മണ്ണായിക്കഴിഞ്ഞാലും ഞങ്ങളെ പുതുതായി സൃഷ്ടിക്കുമോ' എന്നു അവര്‍ ചോദിക്കുന്നതാണ്. അവര്‍ തങ്ങളുടെ രക്ഷിതാവിനെ നിഷേധിച്ചവരാകുന്നു. അവരുടെ കഴുത്തുകളില്‍ ചങ്ങലകളുണ്ട്. അവര്‍ നരകക്കാരാണ്. അതില്‍ തന്നെ നിരന്തരം താമസിക്കുന്നവരുമാണവര്‍.
രക്ഷക്ക് മുമ്പായി ശിക്ഷക്ക് വേണ്ടിയാണ് ഇവര്‍ താങ്കളോട് ധൃതിപ്പെടുന്നത്! ഇവര്‍ക്കു മുമ്പ് അപമാനകരമായ പല ശിക്ഷാ നടപടികളും കഴിഞ്ഞിട്ടുണ്ട് താനും. മനുഷ്യര്‍ അക്രമം ചെയ്തിട്ടുകൂടി താങ്കളുടെ രക്ഷിതാവ് അവര്‍ക്കു പൊറുത്തുകൊടുക്കുന്നവന്‍ തന്നെയാണ്. താങ്കളുടെ രക്ഷിതാവ് കഠിനമായി ശിക്ഷിക്കുന്നവന്‍ തന്നെയാകുന്നു.
അദ്ദേഹത്തിന്നു തന്റെ രക്ഷിതാവിങ്കല്‍ നിന്നു ഒരു ദൃഷ്ടാന്തം എന്തുകൊണ്ട് അയച്ചുകൊടുക്കപ്പെടുന്നില്ല എന്നു സത്യനിഷേധികള്‍ ചോദിക്കുന്നു! താങ്കള്‍ ഒരു താക്കീതുകാരന്‍ മാത്രമാണ്. എല്ലാ സമുദായങ്ങള്‍ക്കും ഓരോ മാര്‍ഗദര്‍ശകന്‍ വന്നിട്ടുണ്ട്.
ഓരോ സ്ത്രീയും ഗര്‍ഭം ധരിക്കുന്നതും ഗര്‍ഭാശയങ്ങള്‍ കുറച്ചു കളയുന്നതും അവ ഏറ്റുന്നതും അല്ലാഹു അറിയുന്നു. എല്ലാ കാര്യങ്ങള്‍ക്കും അവന്റെ അടുത്ത് ഒരു നിശ്ചിത വ്യവസ്ഥയുണ്ട്.
. അവന്‍ അദൃശ്യവും ദൃശ്യവുമായ കാര്യങ്ങളെല്ലാം അറിയുന്നവനും മഹാനും ഉയര്‍ന്നുനില്‍ക്കുന്നവനുമാണ്.
നിങ്ങളില്‍ രഹസ്യമായി സംസാരിക്കുന്നവനും പരസ്യമായി സംസാരിക്കുന്നവനും രാത്രി ഒളിച്ചിരിക്കുന്നവനും പകല്‍ പുറത്തിറങ്ങി സഞ്ചരിക്കുന്നവനുമെല്ലാം അവന്റെ ദൃഷ്ടിയില്‍ സമമാകുന്നു.
ഇടവിടാതെ വന്നുകൊണ്ടിരിക്കുന്ന ചില മലക്കുകള്‍ മനുഷ്യന്റെ മുന്നിലും പിന്നിലുമുണ്ട്. അല്ലാഹുവിന്റെ കല്‍പനയാല്‍ അവര്‍ അവനെ രക്ഷിക്കുന്നു. ഏതൊരു ജനതയും തങ്ങളുടെ അവസ്ഥ സ്വയം മാറ്റുന്നതുവരെ അവരുടെ നല്ല സ്ഥിതിക്ക് അല്ലാഹു മാറ്റം വരുത്തുന്നതല്ല. ഒരു ജനതക്ക് വല്ല ദോഷവും വരുത്തണമെന്നു അല്ലാഹു ഉദ്ദേശിച്ചാല്‍ അതു തട്ടി നീക്കുക ആര്‍ക്കും അസാധ്യമാകുന്നു. അല്ലാഹുവിനെ കൂടാതെ മനുഷ്യര്‍ക്കു ഒരു രക്ഷാധികാരിയുമില്ല.
ഭയവും ആഗ്രഹവും ജനിപ്പിക്കേണ്ടതിന്നായി നിങ്ങള്‍ക്ക് അവനാണ് മിന്നല്‍പിണരുകള്‍ കാണിച്ചുതരുന്നത്. കനപ്പെട്ട മേഘങ്ങളെ സൃഷ്ടിക്കുന്നതും അവനാണ്.
ഇടി, അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു; അവനെ ഭയപ്പെടുകയാല്‍ മലക്കുകളും (പരിശുദ്ധി വാഴ്ത്തുന്നുണ്ട്). അവന്‍ (ഭൂമിയിലേക്കു) ഇടിത്തീ അയക്കുകയും താനുദ്ദേശിക്കുന്നവര്‍ക്കു അത് കൊണ്ട് ആപത്തു വരുത്തിവെക്കുകയും ചെയ്യുന്നു. (എന്നാല്‍ ഈ സത്യനിഷേധികള്‍) അല്ലാഹുവിനെപ്പറ്റി തര്‍ക്കിക്കുകയാണ്. അവനാകട്ടെ, കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.
ന്യായമായ ആരാധന അല്ലാഹുവിന്ന് മാത്രമാണ്. അവനെ വിട്ട് മറ്റാര്‍ക്കെല്ലാം അവര്‍ ആരാധന ചെയ്യുന്നുവോ അവ ഇവര്‍ക്കു യാതൊരു ഉത്തരവും നല്‍കുന്നതല്ല. വായില്‍ വെള്ളമെത്തുവാനായി രണ്ടുകൈയും അതിന്റെ നേരെ നീട്ടിയവനെപ്പോലെ മാത്രമാണ് ഇവരുടെ സ്ഥിതി. വാസ്തവത്തില്‍ വെള്ളം അവന്റെ വായില്‍ എത്തുന്നില്ല. സത്യനിഷേധികളുടെ ആരാധന നഷ്ടത്തില്‍ തന്നെയാകുന്നു.
ആകാശ ഭൂമികളിലുള്ളതെല്ലാം തന്നെ-സ്വമനസ്സാലെയോ നിര്‍ബന്ധിതരായോ-അല്ലാഹുവിന്നു മാത്രമാണ് സാഷ്ടാംഗം ചെയ്യുന്നത്. രാവിലെയും വൈകുന്നേരവും അവരുടെ നിഴലുകളും അവന്നു സാഷ്ടാഗം ചെയ്യുന്നു.
താങ്കള്‍ അവരോട് ചോദിക്കുക: ആകാശ ഭൂമികളുടെ രക്ഷിതാവ് ആരാണ്? (അവര്‍ മറുപടി തരുന്നില്ലെങ്കില്‍) താങ്കള്‍ തന്നെ പറയുക: ''അല്ലാഹു ആണ്''. എന്നിട്ട് ചോദിക്കുക: 'എന്നാല്‍ പിന്നെ സ്വന്തം ദേഹത്തിന്നു വല്ല ഗുണമോ ദോഷമോ സ്വാധീനമാക്കാത്ത ചില രക്ഷാധികാരികളെ (ഇലാഹുകളെ) ആണോ അല്ലാഹുവിനെ വിട്ടു നിങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്!' ചോദിക്കുക: 'അന്ധനും കാഴ്ചയുള്ളവനും സമമാകുമോ? അല്ലെങ്കില്‍ ഇരുട്ടും വെളിച്ചവും തുല്യമാകുമോ? അതല്ല, അവര്‍ അല്ലാഹുവിന്ന് ചില പങ്കുകാരെ നിശ്ചയിച്ചുവോ? അല്ലാഹു സൃഷ്ടിച്ചതുപോലെ അവരും സൃഷ്ടിക്കുകയും എന്നിട്ട് സൃഷ്ടികള്‍ അവര്‍ക്ക് സദൃശങ്ങളായി തോന്നുകയുമുണ്ടായോ? (അങ്ങനെയുള്ള പങ്കുകാരെ അവര്‍ നിശ്ചയിച്ചുവോ?') താങ്കള്‍ പറയുക: അല്ലാഹുവാണ് എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചവന്‍. അവന്‍ ഏകനും എല്ലാം അടക്കി ഭരിക്കുന്നവനുമാകുന്നു.
അവന്‍ ആകാശത്തു നിന്നു മഴ പെയ്യിച്ചു. അങ്ങനെ മലഞ്ചെരിവുകളില്‍ അവയുടെ വിശാലതയനുസരിച്ചു വരിവെള്ളമൊലിക്കുകയും അതിന്നുമുകളില്‍ പൊങ്ങിനില്‍ക്കുന്ന നുരയെ അത് വഹിച്ച് ഒഴുകിപ്പോവുകയും ചെയ്തു. ജനങ്ങള്‍ ആഭരണളോ മറ്റു സാധനങ്ങളോ ഉണ്ടാക്കുവാനാഗ്രഹിച്ച് തീയിലിട്ടു പഴുപ്പിക്കുന്ന ലോഹങ്ങളിലും അപ്രകാരമുള്ള നുര പൊന്തിവരും. ഈ ഉദാഹരണത്തിലൂടെ അല്ലാഹു സത്യത്തെയും അസത്യത്തെയും വെളിവാക്കുകയാണ്. എന്നാല്‍ നുരയാവട്ടെ, അതു ഉപയോഗശൂന്യമായി തള്ളപ്പെട്ടുപോവുകയും ആളുകള്‍ക്ക് ഉപകാരമുള്ളതു ഭൂമിയില്‍ അവശേഷിക്കുകയും ചെയ്യുന്നു. ഇപ്രകാരം (ജനങ്ങള്‍ തത്ത്വം ഗ്രഹിക്കേണ്ടതിനായി) അല്ലാഹു ഉദാഹരണങ്ങള്‍ എടുത്തുകാണിക്കുന്നു.
തങ്ങളുടെ രക്ഷിതാവിന്ന് കീഴടങ്ങി ഉത്തരം ചെയ്തവര്‍ക്കു വളരെ നല്ല പ്രതിഫലമുണ്ട്. അവന്ന് ഉത്തരം ചെയ്യാത്തവരാകട്ടെ, അവര്‍ക്കു ഈ ഭൂമിയിലുള്ള സമ്പത്ത് മുഴുവനും അതോടൊപ്പം അത്ര വേറെയും ഉണ്ടായിരുന്നാല്‍ അതെല്ലാം പ്രായശ്ചിത്തമായി നല്‍കിയിട്ടെങ്കിലും (ആ ഭയങ്കര ശിക്ഷയില്‍ നിന്നു) മോചനം നേടാന്‍ അവര്‍ ശ്രമിക്കുമായിരുന്നു. കഠിനമായ വിചാരണയാണ് അവര്‍ക്കുള്ളത്. അവരുടെ സങ്കേതം നരകമാകുന്നു. ആ താമസസ്ഥലം എത്ര കഷ്ടം!
താങ്കള്‍ക്കു രക്ഷിതാവിങ്കല്‍ നിന്നു അവതരിച്ചു കിട്ടിയതു സത്യം തന്നെയാണെന്നു അറിയുന്ന ഒരാള്‍ (അതൊന്നും ഗ്രഹിക്കാത്ത) കുരുടനെ പോലെയാണോ? ബുദ്ധിമാന്മാര്‍ മാത്രമേ ചിന്തിക്കുകയുള്ളു.
അല്ലാഹുവുമായുള്ള പ്രതിജ്ഞകള്‍ നിറവേറ്റുകയും കരാറുകള്‍ ലംഘിക്കാതിരിക്കുന്നവരായവര്‍.
അവന്‍ ആജ്ഞാപിച്ച ബന്ധങ്ങള്‍ കൂട്ടിയിണക്കുകയും തങ്ങളുടെ നാഥനെ പേടിക്കുകയും കഠിനമായ പാരത്രിക വിചാരണ ഭയപ്പെടുകയും ചെയ്യുന്നവരാണവര്‍.
തങ്ങളുടെ രക്ഷിതാവിന്റെ പ്രീതി ആഗ്രഹിച്ച് ക്ഷമ കൈക്കൊള്ളുകയും നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുകയും നാം നല്‍കിയ ധനത്തില്‍ നിന്നു രഹസ്യവും പരസ്യവുമായി ചെലവ് ചെയ്യുകയും നന്മ കൊണ്ട് തിന്മയെ തടുക്കുകയും ചെയ്യുന്നവരും. ഇവര്‍ക്കു പരലോകത്ത് ശോഭനമായ പര്യവസാനമുണ്ട്.
അതായതു ശാശ്വത താമസത്തിനുള്ള സ്വര്‍ഗങ്ങള്‍. അവരും തങ്ങളുടെ മാതാപിതാക്കള്‍ ഇണകള്‍ സന്താനങ്ങള്‍ എന്നിവരില്‍ നിന്നു നല്ലവരായിട്ടുള്ളവരും ആ സ്വര്‍ഗത്തില്‍ പ്രവേശിക്കും. എല്ലാ വാതിലുകളിലൂടെയും മലക്കുകള്‍ അവരുടെ അടുക്കല്‍ കടന്നുചെല്ലുന്നതാണ്.
നിങ്ങള്‍ ക്ഷമിച്ചതിന്റെ ഫലമായി നിങ്ങള്‍ക്കു സമാധാനവും ശാന്തിയും കൈവരട്ടെ; പരലോകത്തിലെ നല്ല പരിണാമം എത്ര മംഗളകരം! എന്നു മലക്കുകള്‍ അവരോട് പറയും.
അല്ലാഹുവിനോടുള്ള കരാര്‍ ഉറപ്പിച്ച ശേഷം അതു ലംഘിക്കുകയും അവന്‍ ചേര്‍ക്കാന്‍ പറഞ്ഞ ബന്ധങ്ങളെ മുറിക്കുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരാരോ അവര്‍ക്കു തന്നെയാണ് ശാപം. ചീത്തയായ വാസസ്ഥലം ലഭിക്കുന്നതും അവര്‍ക്കു തന്നെ.
അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്കു അവന്‍ ഭക്ഷണം സമൃദ്ധിയായി നല്‍കുന്നു; (ഉദ്ദേശിക്കുന്നവര്‍ക്കു അതു) പരിമിതമാക്കുകയും ചെയ്യുന്നു. ജനങ്ങള്‍ ഐഹിക ജീവിതം കൊണ്ടു പുളകം കൊള്ളുകയാണ്. (വാസ്തവത്തില്‍) ഐഹികജീവിതം പരലോക ജീവിതത്തിന്റെ മുമ്പില്‍ വെറും നിസ്സാര സുഖം മാത്രമാകുന്നു.
അദ്ദേഹത്തിന്നു തന്റെ രക്ഷിതാവിങ്കല്‍ നിന്നു ഒരു ദൃഷ്ടാന്തം വന്നുകിട്ടാത്തതെന്തു കൊണ്ട് എന്നു അവിശ്വാസികള്‍ ചോദിക്കുന്നു. താങ്കള്‍ പറയുക: നിശ്ചയമായും താനുദ്ദേശിച്ചവരെ അല്ലാഹു വഴിപിഴപ്പിക്കുന്നു. പശ്ചാത്തപിച്ചുമടങ്ങിയവരെ തന്നിലേക്കവന്‍ മാര്‍ഗദര്‍ശനം ചെയ്യുന്നു
അതായത് സത്യത്തില്‍ വിശ്വസിക്കുകയും അല്ലാഹുവിന്റെ സ്മരണയാല്‍ മനഃസമാധാനം പ്രഖ്യാപിക്കുകയും ചെയ്തവരെ. ശ്രദ്ധിക്കുക, അല്ലാഹുവിന്റെ സ്മരണകൊണ്ട് മാത്രമാണ് മനഃസമാധാനം കൈവരുന്നത്.
സത്യത്തില്‍ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവര്‍ക്കു മംഗളവും ഉല്‍കൃഷ്ട സങ്കേതവുമുണ്ട്.
(മുന്‍സമുദായങ്ങളിലേക്കു നാം പ്രവാചകന്മാരെ അയച്ചിട്ടുണ്ട്.) അപ്രകാരം ഒരു സമുദായത്തിലേക്ക് താങ്കളെയും നാം അയച്ചിരിക്കുന്നു-അവര്‍ക്കു മുമ്പ് പല സമുദായങ്ങളും കഴിഞ്ഞുപോയിട്ടുമുണ്ട്. നാം നല്‍കിയ സന്ദേശങ്ങളെ അവര്‍ക്കു ഓതിക്കേള്‍പിക്കുവാനാണ് താങ്കളെ അയച്ചത്. അവര്‍ കരുണാമയനായ അല്ലാഹുവിനെ നിഷേധിക്കുന്നു. താങ്കള്‍ പറയുക: അവന്‍ എന്റെ രക്ഷിതാവാണ്. അവനല്ലാതെ ഒരു ഇലാഹുമില്ല. അവനെയാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്. അവങ്കലേക്കു തന്നെയാണ് എന്റെ മടക്കവും.
നിശ്ചയമായും ഏതെങ്കിലുമൊരു ഗ്രന്ഥം മൂലം പര്‍വ്വതങ്ങള്‍ ചലിപ്പിക്കപ്പെടുകയോ ഭൂമി തുണ്ടം തുണ്ടമാക്കപ്പെടുകയോ മരണപ്പെട്ടവര്‍ സംസാരിപ്പിക്കപ്പെടുകയോ ചെയ്യലുണ്ടാകുമായിരുന്നെങ്കില്‍ (അതു ഈ ഗ്രന്ഥം-ഖുര്‍ആന്‍ തന്നെയാകുമായിരുന്നു). പക്ഷേ എല്ലാ കാര്യവും അല്ലാഹുവിന്റെ അധികാരത്തിലാണ്. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാ മനുഷ്യരെയും അവന്‍ നേര്‍വഴിയിലാക്കുമായിരുന്നുവെന്നു സത്യവിശ്വാസികള്‍ അറിഞ്ഞിട്ടില്ലേ? സത്യനിഷേധികള്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചതുനിമിത്തം വമ്പിച്ച അത്യാപത്ത് ബാധിക്കുകയോ അവരുടെ വീട്ടിന്നടുത്തു അതു വന്നിറങ്ങുകയോ ചെയ്യും, അല്ലാഹുവിന്റെ വാഗ്ദാനം വന്നു പുലരുന്നതുവരെ. അല്ലാഹു ഒരിക്കലും വാഗ്ദാനം ലംഘിക്കുകയില്ല തന്നെ.
താങ്കള്‍ക്കുമുമ്പുള്ള പല ദൂതന്‍മാരും പരിഹസിക്കപ്പെടുക തന്നെ ചെയ്തിട്ടുണ്ട്. അപ്പോള്‍ സത്യനിഷേധികളായിട്ടുള്ളവര്‍ക്കു ഞാന്‍ സമയം നീട്ടി കൊടുത്തു. പിന്നീട് അവരെ ഞാന്‍ പിടികൂടി. അന്നേരം എന്റെ ആ ശിക്ഷ എങ്ങനെയായിരുന്നു!
ഓരോ വ്യക്തിയും എന്തു ചെയ്യുന്നുവെന്നു ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നവനാണോ (ഇവരുടെ ഈ ബോധമില്ലാത്ത ഇലാഹുകളെപോലെയാവുക)? അവര്‍ അല്ലാഹുവിന്നു ചില പങ്കുകാരെ സ്ഥാപിച്ചിരിക്കുന്നു. താങ്കള്‍ ചോദിക്കുക: ''നിങ്ങള്‍ അവരെ പറ്റി (അവര്‍ പങ്കുകാരാവാന്‍ അര്‍ഹത എന്താണെന്നു) വിവരിക്കുക. അഥവാ ഈ ഭൂമിയില്‍ അല്ലാഹു അറിയാത്ത കാര്യം അവന്നു നിങ്ങള്‍ അറിയിച്ചു കൊടുക്കുകയാണോ? (അല്ലാഹുവിന്നു പങ്കുകാരുണ്ടെന്ന് അവന്‍ അറിഞ്ഞിട്ടില്ല.)'' അതുമല്ലെങ്കില്‍ വെറും പുറംവാക്കില്‍ (പങ്കുകാരെന്നു നിങ്ങള്‍ വെറുതെ പറയുന്നതാണോ?) എന്നാല്‍ വാസ്തവം അതൊന്നുമല്ല. സത്യനിഷേധികള്‍ക്ക് അവരുടെ കുതന്ത്രങ്ങള്‍ ഭംഗിയായി തോന്നുകയും അവര്‍ നേര്‍മാര്‍ഗത്തില്‍ നിന്നു തടയപ്പെടുകയും ചെയ്തു. വല്ലവരെയും വഴിപിഴപ്പിക്കുവാന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ അവനെ നേര്‍വഴിയിലാക്കുന്ന ആരുമില്ല.
അവര്‍ക്കു ഐഹിക ജീവിതത്തില്‍ തന്നെ ശിക്ഷയുണ്ട്. പരലോക ശിക്ഷയാവട്ടെ ഏറ്റവും അസഹ്യമായതാണ്. അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്നു അവരെ സംരക്ഷിക്കുവാന്‍ ഒരു രക്ഷകനും അവര്‍ക്കുണ്ടായിരിക്കുന്നതല്ല.
ഭക്തന്മാരുടെ വാഗ്ദത്ത സ്വര്‍ഗത്തിന്റെ സ്ഥിതി (ഇങ്ങനെയാണ്): അതിന്റെ താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കും. അതിലെ ഫലങ്ങളും നിഴലും നിത്യമായതാകുന്നു. അതാണ് ഭക്തന്മാര്‍ക്കു ലഭിക്കുന്ന അന്ത്യഫലം. സത്യനിഷേധികളുടെ അന്ത്യഫലം നരകമാകുന്നു.
നാം ഗ്രന്ഥം നല്‍കിയ (യഹൂദികള്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയ)വര്‍ താങ്കള്‍ക്ക് അവതീര്‍ണമായതില്‍ സന്തുഷ്ടരായിരിക്കും. എന്നാല്‍ അതിലെ (ഖുര്‍ആനിലെ) ചില കാര്യങ്ങളെ നിഷേധിക്കുന്നവര്‍ ആ പാര്‍ട്ടികളില്‍ തന്നെയുണ്ട്. താങ്കള്‍ അവരോട് പറയുക: അല്ലാഹുവിന്ന് ഇബാദത്ത് ചെയ്യുവാനും അവനോട് പങ്ക് ചേര്‍ക്കാതിരിക്കുവാനും തന്നെയാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നതും ആ അല്ലാഹുവിങ്കലേക്ക് തന്നെ. എന്റെ മടക്കം അവങ്കലേക്ക് തന്നെയാകുന്നു.
(പൂര്‍വ്വ സമുദായങ്ങള്‍ക്ക് അവരുടെ ഭാഷയില്‍ നാം വേദങ്ങള്‍ നല്‍കീട്ടുണ്ട്.) അപ്രകാരം ഈ ഖുര്‍ആന്‍ അറബിഭാഷയിലുള്ള ചില നിയമങ്ങളായി നാം അവതരിപ്പിച്ചിരിക്കുകയാണ്. ശരിയായ ജ്ഞാനം വന്നതിന്റെ ശേഷം താങ്കള്‍ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റുന്ന പക്ഷം അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്നു രക്ഷിക്കുന്ന ഒരു രക്ഷാധികാരിയും കാവല്‍ക്കാരനും താങ്കള്‍ക്കുണ്ടായിരിക്കുന്നതല്ല.
സത്യമായും താങ്കള്‍ക്കുമുമ്പ് കുറെ ദൂതന്മാരെ നാം അയച്ചിട്ടുണ്ട്. അവര്‍ക്കു ഭാര്യമാരെയും സന്താനങ്ങളെയും നാം നല്‍കീട്ടുമുണ്ട്. അല്ലാഹുവിന്റെ അനുമതിയില്ലാതെ യാതൊരു ദൃഷ്ടാന്തവും കാണിച്ചുകൊടുക്കുവാന്‍ ഒരു ദൂതനും സാധ്യമല്ല. ഓരോ അവധിക്കും പ്രമാണമുണ്ട്.
താനുദ്ദേശിക്കുന്നതിനെ അല്ലാഹു ദുര്‍ബ്ബലപ്പെടുത്തുകയും ഉദ്ദേശിക്കുന്നതിനെ ഉറപ്പിച്ചു നിറുത്തുകയും ചെയ്യുന്നു. അവന്റെ അടുക്കലാണ് മൂലപ്രമാണം.
അവര്‍ക്കു നാം നല്‍കുന്ന താക്കീതുകളില്‍ ചിലതു താങ്കള്‍ക്കു നാം കാണിച്ചുതരികയോ അതിന്നു മുമ്പായി തന്നെ താങ്കളെ മരണപ്പെടുത്തുകയോ (എന്തായാലും താങ്കള്‍ക്കിടിവൊന്നുമില്ല.) നമ്മുടെ സന്ദേശം ജനങ്ങളെ അറിയിക്കുക മാത്രമേ താങ്കള്‍ക്കു ചുമതലയുള്ളൂ. അവരുടെ വിചാരണ നമ്മുടെ അധികാരത്തില്‍ തന്നെയാണ്.
ഭൂമിയെ അതിന്റെ നാനാഭാഗങ്ങളില്‍ നിന്നും നാം ചുരുക്കി കൊണ്ടുവരുന്നതു അവര്‍ കാണുന്നില്ലേ? അല്ലാഹു വിധി കല്‍പിക്കുന്നു. അവന്റെ വിധിയെ തിരുത്തുവാന്‍ ആരുമില്ലതന്നെ. അവന്‍ വളരെ വേഗം വിചാരണ ചെയ്യുന്നവനാണ്.
ഇവര്‍ക്കു മുമ്പുണ്ടായിരുന്നവര്‍ ഗൂഢതന്ത്രം പ്രയോഗിച്ചിട്ടുണ്ട്. എന്നാല്‍ അല്ലാഹുവിന്നാണ് എല്ലാ ഗൂഢതന്ത്രങ്ങള്‍ക്കും (പ്രതിക്രിയനല്‍കാന്‍) കഴിയുക. ഓരോ വ്യക്തിയും പ്രവര്‍ത്തിക്കുന്നത് അവന്‍ അറിയുന്നു. പരലോകത്തെ ശോഭനമായ പര്യവസാനം ആര്‍ക്കാണ് അനുഭവപ്പെടുക എന്നു സത്യനിഷേധികള്‍ പിന്നീട് മനസ്സിലാക്കും.
താങ്കള്‍ റസൂലല്ല എന്നു സത്യനിഷേധികള്‍ പറയുന്നു. താങ്കള്‍ മറുപടി നല്‍കുക: എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹുവും വേദജ്ഞാനമുള്ളവരും മതി.