Monday, 12 October 2026 Hijri: — 03:21:25 pm
MalayalamQuran.in
Quran translation reader

യൂസുഫ് يوسف Yusuf

Surah 12 മക്കിയ്യ • مكية • Makkiyah 111 ആയത്തുകൾ • 111 Ayahs

സൂറത്ത് യൂസുഫ് (Yusuf), ഖുർആൻ അധ്യായം 12 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 111 ആയത്തുകൾ വായിക്കുക. Read Surah Yusuf with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

അലിഫ് ലാം റാ ഇതു വ്യക്തമായ ഗ്രന്ഥത്തില്‍ നിന്നുള്ള വാക്യങ്ങളാകുന്നു.

الٓرۚ تِلۡكَ ءَايَٰتُ ٱلۡكِتَٰبِ ٱلۡمُبِينِ ۝١
2

നിങ്ങള്‍ ഗ്രഹിക്കുവാന്‍ വേണ്ടി അറബി ഭാഷയിലുള്ള ഖുര്‍ആനായി ഇതിനെ നിശ്ചയമായും നാം അവതരിപ്പിച്ചു.

إِنَّآ أَنزَلۡنَٰهُ قُرۡءَٰنًا عَرَبِيّٗا لَّعَلَّكُمۡ تَعۡقِلُونَ ۝٢
3

ഈ ഖുര്‍ആനെ ബോധനം നല്‍കുക വഴി ഏറ്റവും വിശിഷ്ടമായ ഒരു ചരിത്രം താങ്കള്‍ക്ക് നാം വിവരിച്ചു തരുന്നു. മുമ്പ് താങ്കള്‍ ഇതിനെ കുറിച്ചു ബോധമില്ലാത്തവരില്‍ പെട്ട ആള്‍ തന്നെയായിരുന്നു.

نَحۡنُ نَقُصُّ عَلَيۡكَ أَحۡسَنَ ٱلۡقَصَصِ بِمَآ أَوۡحَيۡنَآ إِلَيۡكَ هَٰذَا ٱلۡقُرۡءَانَ وَإِن كُنتَ مِن قَبۡلِهِۦ لَمِنَ ٱلۡغَٰفِلِينَ ۝٣
4

യൂസുഫ് നബി തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): എന്റെ പിതാവേ, പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു.

إِذۡ قَالَ يُوسُفُ لِأَبِيهِ يَٰٓأَبَتِ إِنِّي رَأَيۡتُ أَحَدَ عَشَرَ كَوۡكَبٗا وَٱلشَّمۡسَ وَٱلۡقَمَرَ رَأَيۡتُهُمۡ لِي سَٰجِدِينَ ۝٤
5

പിതാവ് പറഞ്ഞു: ''പ്രിയമകനേ, നിന്റെ സ്വപ്നം സഹോദരന്മാര്‍ക്കു പറഞ്ഞു കൊടുക്കരുതേ! അപ്പോള്‍ അവര്‍ നിനക്കെതിരില്‍ ഗൂഢാലോചന നടത്തും. പിശാചു മനുഷ്യന്റെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു.'

قَالَ يَٰبُنَيَّ لَا تَقۡصُصۡ رُءۡيَاكَ عَلَىٰٓ إِخۡوَتِكَ فَيَكِيدُواْ لَكَ كَيۡدًاۖ إِنَّ ٱلشَّيۡطَٰنَ لِلۡإِنسَٰنِ عَدُوّٞ مُّبِينٞ ۝٥
6

'അപ്രകാരം രക്ഷിതാവ് നിന്നെ ഉല്‍കൃഷ്ടനായി തെരഞ്ഞെടുക്കുന്നതും സ്വപ്‌നങ്ങളുടെ പരിണാമ ഫലങ്ങളില്‍ ചിലത് നിനക്ക് പഠിപ്പിക്കുന്നതുമാണ്. മുമ്പ്, നിന്റെ രണ്ടു പിതാക്കളായ ഇബ്രാഹീമിനും ഇസ്ഹാഖിനും തന്റെ അനുഗ്രഹം പൂര്‍ത്തിയാക്കി കൊടുത്തതു പോലെ നിനക്കും യഅ്ഖൂബ് കുടുംബത്തിന്നും തന്റെ അനുഗ്രഹം അവന്‍ പൂര്‍ത്തിയാക്കിത്തരുന്നതുമാണ്. നിശ്ചയമായും നിന്റെ രക്ഷിതാവ് സര്‍വജ്ഞനും മഹാ യുക്തിമാനുമത്രേ.''

وَكَذَٰلِكَ يَجۡتَبِيكَ رَبُّكَ وَيُعَلِّمُكَ مِن تَأۡوِيلِ ٱلۡأَحَادِيثِ وَيُتِمُّ نِعۡمَتَهُۥ عَلَيۡكَ وَعَلَىٰٓ ءَالِ يَعۡقُوبَ كَمَآ أَتَمَّهَا عَلَىٰٓ أَبَوَيۡكَ مِن قَبۡلُ إِبۡرَٰهِيمَ وَإِسۡحَٰقَۚ إِنَّ رَبَّكَ عَلِيمٌ حَكِيمٞ ۝٦
7

നിശ്ചയമായും യൂസുഫ് നബിയുടെയും സഹോദരന്മാരുടെയും ചരിത്രത്തില്‍ അതിനെ കുറിച്ചു അന്വേഷിക്കുന്നവര്‍ക്കു പല പാഠങ്ങളുമുണ്ട്.

۞ لَّقَدۡ كَانَ فِي يُوسُفَ وَإِخۡوَتِهِۦٓ ءَايَٰتٞ لِّلسَّآئِلِينَ ۝٧
8

'യൂസുഫും അവന്റെ (മാതാവൊത്ത) സഹോദരനുമാണ് പിതാവിന്നു നമ്മെക്കാള്‍ ഏറ്റവും ഇഷ്ടമുള്ളവര്‍; നാമാകട്ടെ പ്രാപ്തിയുള്ള ഒരു സംഘമാണ് താനും; പിതാവ് വ്യക്തമായ അബദ്ധത്തില്‍ പെട്ടിരിക്ക തന്നെയാകുന്നു' എന്ന് അവര്‍ (പിതാവൊത്ത സഹോദരന്മാര്‍ അന്യോന്യം) പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക)

إِذۡ قَالُواْ لَيُوسُفُ وَأَخُوهُ أَحَبُّ إِلَىٰٓ أَبِينَا مِنَّا وَنَحۡنُ عُصۡبَةٌ إِنَّ أَبَانَا لَفِي ضَلَٰلٖ مُّبِينٍ ۝٨
9

നിങ്ങള്‍ യൂസുഫിനെ കൊന്നുകളയുകയോ ഏതെങ്കിലുമൊരു ഭൂമിയില്‍ കൊണ്ടുപോയി വിട്ടുകളയുകയോ ചെയ്യുക; എന്നാല്‍ പിതാവിന്റെ മുഖം നിങ്ങള്‍ക്കു ഒഴിഞ്ഞുകിട്ടും; അതിന്നുശേഷം നിങ്ങള്‍ക്ക് നല്ല മനുഷ്യരാവുകയും ചെയ്യാമല്ലോ (എന്ന് അവരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു.

ٱقۡتُلُواْ يُوسُفَ أَوِ ٱطۡرَحُوهُ أَرۡضٗا يَخۡلُ لَكُمۡ وَجۡهُ أَبِيكُمۡ وَتَكُونُواْ مِنۢ بَعۡدِهِۦ قَوۡمٗا صَٰلِحِينَ ۝٩
10

അവരില്‍ നിന്നു മറ്റൊരാള്‍ പറഞ്ഞു: യൂസുഫിനെ നിങ്ങള്‍ കൊല്ലരുത്; വല്ലതും ചെയ്‌തേ തീരു എങ്കില്‍ ഒരു കിണറ്റിന്നടിയിലേക്ക് ഇട്ടേക്കുക. എന്നാല്‍ വല്ല വഴിയാത്രക്കാരും അവനെ എടുത്തുകൊണ്ട് പോയിക്കൊള്ളും.

قَالَ قَآئِلٞ مِّنۡهُمۡ لَا تَقۡتُلُواْ يُوسُفَ وَأَلۡقُوهُ فِي غَيَٰبَتِ ٱلۡجُبِّ يَلۡتَقِطۡهُ بَعۡضُ ٱلسَّيَّارَةِ إِن كُنتُمۡ فَٰعِلِينَ ۝١٠
11

അവര്‍ ചോദിച്ചു: ''ഞങ്ങളുടെ പിതാവേ, അങ്ങേക്കെന്തായിപ്പോയി! യൂസുഫിന്റെ കാര്യത്തില്‍ അങ്ങ് ഞങ്ങളെ വിശ്വസിക്കുന്നില്ലല്ലോ. ഞങ്ങളാവട്ടെ അവന്റെ ഗുണകാംക്ഷികള്‍ തന്നെയാണുതാനും.''

قَالُواْ يَٰٓأَبَانَا مَا لَكَ لَا تَأۡمَ۬نَّا عَلَىٰ يُوسُفَ وَإِنَّا لَهُۥ لَنَٰصِحُونَ ۝١١
12

''നാളെ അവനെ ഞങ്ങളോടൊന്നിച്ചു (മരുഭൂമിയിലേക്കു) അയച്ചു തരിക. അവന്‍ യഥേഷ്ടം പഴങ്ങള്‍ തിന്നുകയും കളിക്കുകയും ചെയ്യട്ടെ. നിശ്ചയമായും അവനെ ഞങ്ങള്‍ നല്ലവണ്ണം സൂക്ഷിച്ചു സംരക്ഷിച്ചുകൊള്ളാം.''

أَرۡسِلۡهُ مَعَنَا غَدٗا يَرۡتَعۡ وَيَلۡعَبۡ وَإِنَّا لَهُۥ لَحَٰفِظُونَ ۝١٢
13

പിതാവ് പറഞ്ഞു: നിങ്ങള്‍ അവനെ കൊണ്ടുപോകുന്നത് എന്നെ ദുഃഖിതനാക്കുക തന്നെ ചെയ്യും. നിങ്ങള്‍ അശ്രദ്ധരായിരിക്കെ അവനെ ചെന്നായ തിന്നേക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു.

قَالَ إِنِّي لَيَحۡزُنُنِيٓ أَن تَذۡهَبُواْ بِهِۦ وَأَخَافُ أَن يَأۡكُلَهُ ٱلذِّئۡبُ وَأَنتُمۡ عَنۡهُ غَٰفِلُونَ ۝١٣
14

അവര്‍ മറുപടി നല്‍കി: ഞങ്ങള്‍ ഒരു പ്രബല സംഘമായിരിക്കെ അവനെ ചെന്നായ തിന്നുവെങ്കില്‍ ഞങ്ങള്‍ അപ്പോള്‍ വലിയ നഷ്ടക്കാരായി തീരുമല്ലോ!

قَالُواْ لَئِنۡ أَكَلَهُ ٱلذِّئۡبُ وَنَحۡنُ عُصۡبَةٌ إِنَّآ إِذٗا لَّخَٰسِرُونَ ۝١٤
15

അങ്ങനെ അവര്‍ യൂസുഫിനെ കൊണ്ടു പോകുകയും കിണറ്റിന്നടിയിലേക്കു ഇട്ടുകളയാമെന്നു ഏകകണ്ഠമായി തീരുമാനിക്കുകയും ചെയ്തപ്പോള്‍ (പല അതിക്രമങ്ങളും പ്രവര്‍ത്തിച്ചു. തല്‍സമയം) അദ്ദേഹത്തിന്നു നാം ബോധനം നല്‍കി: അവരുടെ ഈ നടപടിയെക്കുറിച്ചു നീ തന്നെ അവരോടു പറയുന്നതാണ്. എന്നാല്‍ (അപ്പോള്‍ നിന്നെ) അവര്‍ അറിയുകയില്ല.

فَلَمَّا ذَهَبُواْ بِهِۦ وَأَجۡمَعُوٓاْ أَن يَجۡعَلُوهُ فِي غَيَٰبَتِ ٱلۡجُبِّۚ وَأَوۡحَيۡنَآ إِلَيۡهِ لَتُنَبِّئَنَّهُم بِأَمۡرِهِمۡ هَٰذَا وَهُمۡ لَا يَشۡعُرُونَ ۝١٥
16

സന്ധ്യമയങ്ങിയപ്പോള്‍ അവര്‍ കരഞ്ഞുകൊണ്ട് പിതാവിനടുത്തെത്തുകയും.

وَجَآءُوٓ أَبَاهُمۡ عِشَآءٗ يَبۡكُونَ ۝١٦
17

ഇങ്ങനെ ബോധിപ്പിക്കുകയുമുണ്ടായി: 'ബാപ്പാ, ഞങ്ങള്‍ ഓട്ടപ്പന്തയത്തിന് പോവുകയും യൂസുഫിനെ സാധനങ്ങള്ക്ക രികെ വിടുകയും ചെയ്തിരുന്നു. അപ്പോഴവനെ ചെന്നായ തിന്നു. നേരു പറയുകയാണെങ്കില്‍ തന്നെയും അങ്ങു ഞങ്ങളെ വിശ്വസിക്കുകയില്ല!'

قَالُواْ يَٰٓأَبَانَآ إِنَّا ذَهَبۡنَا نَسۡتَبِقُ وَتَرَكۡنَا يُوسُفَ عِندَ مَتَٰعِنَا فَأَكَلَهُ ٱلذِّئۡبُۖ وَمَآ أَنتَ بِمُؤۡمِنٖ لَّنَا وَلَوۡ كُنَّا صَٰدِقِينَ ۝١٧
18

അവര്‍ യൂസുഫിന്റെ കുപ്പായത്തില്‍ കൃത്രിമരക്തം പുരട്ടിക്കൊണ്ടാണ് വന്നത്. അദ്ദേഹം പറഞ്ഞു: അല്ല (നിങ്ങള്‍ പറഞ്ഞതു ഞാന്‍ സ്വീകരിക്കില്ല.) എന്തോ ഒരു കടുംകൈ ചെയ്യുവാന്‍ സ്വഹൃദയങ്ങള്‍ നിങ്ങളെ പ്രേരിപ്പിച്ചു. അതു വളരെ നല്ലതായി നിങ്ങള്‍ക്ക് തോന്നി. അതിനാല്‍ ഭംഗിയായ ക്ഷമയാണ് (ഞാന്‍ കൈക്കൊള്ളുന്നത്). നിങ്ങള്‍ പറയുന്നതിന്റെ യാഥാര്‍ത്ഥ്യം കണ്ടുപിടിക്കുവാന്‍ സഹായമര്‍ത്ഥിക്കപ്പെടുന്നവന്‍ അല്ലാഹുവാകുന്നു. (അതിനാല്‍ അവനോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.)

وَجَآءُو عَلَىٰ قَمِيصِهِۦ بِدَمٖ كَذِبٖۚ قَالَ بَلۡ سَوَّلَتۡ لَكُمۡ أَنفُسُكُمۡ أَمۡرٗاۖ فَصَبۡرٞ جَمِيلٞۖ وَٱللَّهُ ٱلۡمُسۡتَعَانُ عَلَىٰ مَا تَصِفُونَ ۝١٨
19

ഒരു സംഘം യാത്രക്കാര്‍ (ആ വഴിക്കു) വന്നു. അങ്ങനെ വെള്ളം കോരുന്നവനെ (ഈ കിണറ്റിന്റെ അടുക്കലേക്കു) അവര്‍ അയക്കുകയും അവന്‍ (കിണറ്റിലേക്ക്) കൊട്ടക്കോരി താഴ്ത്തുകയും ചെയ്തപ്പോള്‍ അവന്‍ പറഞ്ഞു: ''ഹാ, എന്തൊരു സന്തോഷം! ഇതാ ഒരു ബാലന്‍!'' അവര്‍ ആ ബാലനെ ഒരു കച്ചവടച്ചരക്കായി ഒളിച്ചുവെച്ചു. അവര്‍ പ്രവര്‍ത്തിച്ചതിനെ കുറിച്ചു അല്ലാഹു നന്നായി അറിയുന്നവനാണ്.

وَجَآءَتۡ سَيَّارَةٞ فَأَرۡسَلُواْ وَارِدَهُمۡ فَأَدۡلَىٰ دَلۡوَهُۥۖ قَالَ يَٰبُشۡرَىٰ هَٰذَا غُلَٰمٞۚ وَأَسَرُّوهُ بِضَٰعَةٗۚ وَٱللَّهُ عَلِيمُۢ بِمَا يَعۡمَلُونَ ۝١٩
20

അവര്‍ അദ്ദേഹത്തെ ഒരു തുച്ഛ വിലക്ക് - അല്‍പം ദിര്‍ഹമുകള്‍ക്ക് - വിറ്റുകളഞ്ഞു. അവന്റെ വിലയില്‍ വലിയ താല്‍പര്യമില്ലാത്തവരായിരുന്നു അവര്‍.

وَشَرَوۡهُ بِثَمَنِۭ بَخۡسٖ دَرَٰهِمَ مَعۡدُودَةٖ وَكَانُواْ فِيهِ مِنَ ٱلزَّٰهِدِينَ ۝٢٠
21

ഈജിപ്തില്‍ യൂസുഫ് നബിയെ വിലക്കുവാങ്ങിയ ആള്‍ തന്റെ ഭാര്യയോട് പറഞ്ഞു: ''ഇവനെ മാന്യമായി ഇവിടെ താമസിപ്പിക്കുക. ഇവന്‍ നമുക്ക് ഭാവിയില്‍ ഉപകാരപ്പെട്ടേക്കാം. അല്ലെങ്കില്‍ ഇവനെ നമുക്ക് ദത്തുപുത്രനാക്കി വെക്കാം.'' അപ്രകാരം യൂസുഫ് നബിക്ക് (ഈജിപ്ഷ്യന്‍) ഭൂമിയില്‍ നാം സൗകര്യമുണ്ടാക്കിക്കൊടുത്തു; (അവിടെ അദ്ദേഹം ഭരണം നടത്തുവാനും) സ്വപ്നവാര്‍ത്തകളുടെ വ്യാഖ്യാനം തനിക്കു നാം പഠിപ്പിക്കുവാനും വേണ്ടി. അല്ലാഹു അവന്റെ കാര്യത്തില്‍ വിജയിക്കുന്നവനാണ്. പക്ഷെ അധികമാളുകളും ഗ്രഹിക്കുന്നില്ല.

وَقَالَ ٱلَّذِي ٱشۡتَرَىٰهُ مِن مِّصۡرَ لِٱمۡرَأَتِهِۦٓ أَكۡرِمِي مَثۡوَىٰهُ عَسَىٰٓ أَن يَنفَعَنَآ أَوۡ نَتَّخِذَهُۥ وَلَدٗاۚ وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِي ٱلۡأَرۡضِ وَلِنُعَلِّمَهُۥ مِن تَأۡوِيلِ ٱلۡأَحَادِيثِۚ وَٱللَّهُ غَالِبٌ عَلَىٰٓ أَمۡرِهِۦ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ۝٢١
22

അങ്ങനെ തന്റെ പരിപൂര്‍ണ്ണ യൗവന ദശപ്രാപിച്ചപ്പോള്‍ അദ്ദേഹത്തിന്നു വിധികല്‍പിക്കുവാനുള്ള കഴിവും വിജ്ഞാനവും നാം നല്‍കി. പുണ്യവാന്‍മാര്‍ക്ക് അപ്രകാരം നാം പ്രതിഫലം നല്‍കുന്നതാണ്.

وَلَمَّا بَلَغَ أَشُدَّهُۥٓ ءَاتَيۡنَٰهُ حُكۡمٗا وَعِلۡمٗاۚ وَكَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ ۝٢٢
23

യൂസുഫ് താമസിച്ചിരുന്ന ഗൃഹത്തിന്റെ നായിക അദ്ദേഹത്തെ കുതന്ത്രം പ്രയോഗിച്ചു വശീകരിക്കാന്‍ ശ്രമിച്ചു. അവള്‍ വാതിലുകളെല്ലാം അടച്ചു പൂട്ടിയിട്ട് 'ഇങ്ങു വാ' എന്നു കല്‍പിച്ചു. അദ്ദേഹം പറഞ്ഞു: അല്ലാഹുവില്‍ ശരണം! അദ്ദേഹം (നിങ്ങളുടെ ഭര്‍ത്താവ്) എന്റെ യജമാനനാണ്. വളരെ നല്ലനിലക്കാണ് അദ്ദേഹം എന്നെ താമസിപ്പിച്ചിരിക്കുന്നത്. അക്രമികള്‍ ഒരിക്കലും വിജയിക്കുക യില്ല.

وَرَٰوَدَتۡهُ ٱلَّتِي هُوَ فِي بَيۡتِهَا عَن نَّفۡسِهِۦ وَغَلَّقَتِ ٱلۡأَبۡوَٰبَ وَقَالَتۡ هَيۡتَ لَكَۚ قَالَ مَعَاذَ ٱللَّهِۖ إِنَّهُۥ رَبِّيٓ أَحۡسَنَ مَثۡوَايَۖ إِنَّهُۥ لَا يُفۡلِحُ ٱلظَّٰلِمُونَ ۝٢٣
24

സത്യമായും അവള്‍ അദ്ദേഹത്തെ കുറിച്ചു കരുതി. തന്റെ രക്ഷിതാവിന്റെ ദൃഷ്ടാന്തം കണ്ടിരുന്നില്ലെങ്കില്‍ അദ്ദേഹവും കരുതുമായിരുന്നു. അപ്രകാരം നാം ചെയ്തതു തിന്മയെയും നീചവൃത്തിയെയും അദ്ദേഹത്തില്‍ നിന്നു തിരിച്ചുകളയുവാനാണ്. നിശ്ചയമായും അദ്ദേഹം നമ്മുടെ ഉല്‍കൃഷ്ട ദാസന്മാരില്‍പെട്ട ആളാകുന്നു.

وَلَقَدۡ هَمَّتۡ بِهِۦۖ وَهَمَّ بِهَا لَوۡلَآ أَن رَّءَا بُرۡهَٰنَ رَبِّهِۦۚ كَذَٰلِكَ لِنَصۡرِفَ عَنۡهُ ٱلسُّوٓءَ وَٱلۡفَحۡشَآءَۚ إِنَّهُۥ مِنۡ عِبَادِنَا ٱلۡمُخۡلَصِينَ ۝٢٤
25

അവരിരുവരും (മുന്നിലും പിന്നിലുമായി) വാതില്‍ക്കലേക്കു മല്‍സരിച്ചോടുകയും അവളദ്ദേഹത്തിന്റെ കുപ്പായം പിന്നില്‍ നിന്നു വലിച്ചു കീറുകയും ചെയ്തു. അവളുടെ ഭര്‍ത്താവ് വാതില്‍ക്കലെത്തിയതായി ഇരുവരും കണ്ടു. അവള്‍ പറഞ്ഞു: അങ്ങയുടെ ഭാര്യയെ ദുര്‍നടപ്പില്‍ അകപ്പെടുത്തുവാന്‍ ഉദ്ദേശിച്ച ഇവന്റെ പ്രതിഫലം, തടവിലാക്കുകയോ വേദനാജനകമായ മറ്റുവല്ല ശിക്ഷയും നല്‍കുകയോ തന്നെയാണ്.

وَٱسۡتَبَقَا ٱلۡبَابَ وَقَدَّتۡ قَمِيصَهُۥ مِن دُبُرٖ وَأَلۡفَيَا سَيِّدَهَا لَدَا ٱلۡبَابِۚ قَالَتۡ مَا جَزَآءُ مَنۡ أَرَادَ بِأَهۡلِكَ سُوٓءًا إِلَّآ أَن يُسۡجَنَ أَوۡ عَذَابٌ أَلِيمٞ ۝٢٥
26

അദ്ദേഹം (യൂസുഫ്) പറഞ്ഞു: ''എന്റെ ഹൃദയത്തെ കുതന്ത്രം പ്രയോഗിച്ചു വശീകരിക്കാന്‍ ശ്രമിച്ചത് ഇവളാകുന്നു.'' അന്നേരം അവളുടെ കുടുംബത്തില്‍പെട്ട ഒരാള്‍ ഇങ്ങനെ സാക്ഷി പറഞ്ഞു: ''അയാളുടെ കുപ്പായം മുന്‍ഭാഗത്താണ് കീറിയിട്ടുള്ളതെങ്കില്‍ അവളുടെ വാദമാണ് സത്യം; അയാള്‍ അസത്യവാദികളില്‍ പെട്ടവനുമാണ്.'

قَالَ هِيَ رَٰوَدَتۡنِي عَن نَّفۡسِيۚ وَشَهِدَ شَاهِدٞ مِّنۡ أَهۡلِهَآ إِن كَانَ قَمِيصُهُۥ قُدَّ مِن قُبُلٖ فَصَدَقَتۡ وَهُوَ مِنَ ٱلۡكَٰذِبِينَ ۝٢٦
27

'മറിച്ചു പിന്നിലാണ് കുപ്പായം കീറിയിട്ടുള്ളതെങ്കില്‍ അവള്‍ കളവു പറഞ്ഞു; അദ്ദേഹം സത്യവാദികളില്‍പെട്ട ആളുമാണ്.''

وَإِن كَانَ قَمِيصُهُۥ قُدَّ مِن دُبُرٖ فَكَذَبَتۡ وَهُوَ مِنَ ٱلصَّٰدِقِينَ ۝٢٧
28

അങ്ങനെ യൂസുഫ് നബിയുടെ കുപ്പായം പിന്നില്‍ നിന്നു കീറിയതായി കണ്ടപ്പോള്‍ അദ്ദേഹം (ഭാര്യയോട്) പറഞ്ഞു: ''ഈ ആരോപണം നിങ്ങള്‍ പെണ്ണുങ്ങളുടെ കുതന്ത്രങ്ങളില്‍ പെട്ടതാണ്. നിങ്ങളുടെ കുതന്ത്രങ്ങള്‍ വളരെ സാമര്‍ഥ്യമുള്ളവ തന്നെ!''

فَلَمَّا رَءَا قَمِيصَهُۥ قُدَّ مِن دُبُرٖ قَالَ إِنَّهُۥ مِن كَيۡدِكُنَّۖ إِنَّ كَيۡدَكُنَّ عَظِيمٞ ۝٢٨
29

(അനന്തരം അസീസ് പറഞ്ഞു:) ''ഓ യൂസുഫ്, ഇതു നീ വിട്ടേക്കുക; (ആരോടും പറയണ്ട. പിന്നെ, ഭാര്യയോട് പറഞ്ഞു:) നീ നിന്റെ പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുക. നീ കുറ്റക്കാരില്‍ പെട്ടവള്‍ തന്നെയാ കുന്നു.''

يُوسُفُ أَعۡرِضۡ عَنۡ هَٰذَاۚ وَٱسۡتَغۡفِرِي لِذَنۢبِكِۖ إِنَّكِ كُنتِ مِنَ ٱلۡخَاطِـِٔينَ ۝٢٩
30

പട്ടണത്തിലെ ചില (കുലീന) മഹിളകള്‍ പറഞ്ഞു: അസീസിന്റെ ഭാര്യ ഭൃത്യനെ കുതന്ത്രം പ്രയോഗിച്ചു വശീകരിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. അവനോടുള്ള പ്രേമം അവളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ്. അവള്‍ സ്പഷ്ടമായ വഴികേടില്‍ പെട്ടതായിട്ടാണ് ഞങ്ങള്‍ കാണുന്നത്.

۞ وَقَالَ نِسۡوَةٞ فِي ٱلۡمَدِينَةِ ٱمۡرَأَتُ ٱلۡعَزِيزِ تُرَٰوِدُ فَتَىٰهَا عَن نَّفۡسِهِۦۖ قَدۡ شَغَفَهَا حُبًّاۖ إِنَّا لَنَرَىٰهَا فِي ضَلَٰلٖ مُّبِينٖ ۝٣٠
31

അങ്ങനെ ആ സ്ത്രീകളുടെ കുറ്റാരോപണത്തെ കുറിച്ചു കേട്ടപ്പോള്‍ അവരുടെ അടുക്കലേക്കു അവള്‍ ആളെ അയച്ചു ക്ഷണിക്കയും അവര്‍ക്കു ഇരിപ്പിടം സജ്ജീകരിക്കുകയും ചെയ്തു. (സല്‍ക്കാര വിഭവങ്ങള്‍ കഴിക്കേണ്ടതിന്നു) ഓരോരുത്തര്‍ക്കും ഓരോ കത്തിവെച്ചുകൊടുത്തു. (അവര്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍) 'ആ സ്ത്രീകളുടെ മുമ്പിലേക്ക് ചെല്ല്' എന്നു യൂസുഫിനോട് അവള്‍ കല്‍പിച്ചു. അങ്ങനെ അദ്ദേഹത്തെ കണ്ടപ്പോള്‍ അവര്‍ അത്ഭുതപരതന്ത്രരാവുകയും തങ്ങളുടെ കൈകള്‍ സ്വയം മുറിപ്പെടുത്തുകയുമുണ്ടായി. അവര്‍ (അമ്പരന്നുകൊണ്ട്) പറഞ്ഞു: തമ്പുരാനേ, ഇതു ഒരു മനുഷ്യനല്ല, ശ്രേഷ്ഠനായ മലക്ക് തെന്നയാണ്!

فَلَمَّا سَمِعَتۡ بِمَكۡرِهِنَّ أَرۡسَلَتۡ إِلَيۡهِنَّ وَأَعۡتَدَتۡ لَهُنَّ مُتَّكَـٔٗا وَءَاتَتۡ كُلَّ وَٰحِدَةٖ مِّنۡهُنَّ سِكِّينٗا وَقَالَتِ ٱخۡرُجۡ عَلَيۡهِنَّۖ فَلَمَّا رَأَيۡنَهُۥٓ أَكۡبَرۡنَهُۥ وَقَطَّعۡنَ أَيۡدِيَهُنَّ وَقُلۡنَ حَٰشَ لِلَّهِ مَا هَٰذَا بَشَرًا إِنۡ هَٰذَآ إِلَّا مَلَكٞ كَرِيمٞ ۝٣١
32

അവള്‍ പറഞ്ഞു: (സഹോദരിമാരേ,) അവന്റെ കാര്യത്തിലാണ് നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തിയിരുന്നത്. അവന്റെ ഹൃദയം വശീകരിച്ചു സ്വാധീനപ്പെടുത്തുവാന്‍ നിശ്ചയമായും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അവന്‍ ചെറുത്തുനില്‍ക്കുകയാണ് ചെയ്തത്. ഞാന്‍ കല്‍പിക്കുന്നതു അനുസരിക്കാത്ത പക്ഷം അവന്‍ ജയിലിലാക്കപ്പെടുന്നതും നിന്ദ്യരില്‍ പെട്ടുപോകുന്നതുമാണ്, തീര്‍ച്ച.

قَالَتۡ فَذَٰلِكُنَّ ٱلَّذِي لُمۡتُنَّنِي فِيهِۖ وَلَقَدۡ رَٰوَدتُّهُۥ عَن نَّفۡسِهِۦ فَٱسۡتَعۡصَمَۖ وَلَئِن لَّمۡ يَفۡعَلۡ مَآ ءَامُرُهُۥ لَيُسۡجَنَنَّ وَلَيَكُونٗا مِّنَ ٱلصَّٰغِرِينَ ۝٣٢
33

(ഇതുകേട്ട) അദ്ദേഹം പ്രാര്‍ത്ഥിച്ചു: എന്റെ രക്ഷിതാവേ, അവര്‍ (സ്ത്രീകള്‍) എന്തിലേക്കാണോ എന്നെ ക്ഷണിക്കുന്നത് അതിനേക്കാള്‍ എനിക്കിഷ്ടം ജയില്‍ തന്നെയാകുന്നു. അവരുടെ കുതന്ത്രങ്ങള്‍ എന്നില്‍ നിന്നു നീ തിരിച്ചുകളഞ്ഞില്ലെങ്കില്‍ ഞാന്‍ അവരിലേക്കു ചാഞ്ഞുപോകുന്നതും മൂഢരിലുള്‍പ്പെടുന്നതുമാണ്.

قَالَ رَبِّ ٱلسِّجۡنُ أَحَبُّ إِلَيَّ مِمَّا يَدۡعُونَنِيٓ إِلَيۡهِۖ وَإِلَّا تَصۡرِفۡ عَنِّي كَيۡدَهُنَّ أَصۡبُ إِلَيۡهِنَّ وَأَكُن مِّنَ ٱلۡجَٰهِلِينَ ۝٣٣
34

അപ്പോള്‍ തന്റെ പ്രാര്‍ത്ഥന രക്ഷിതാവ് സ്വീകരിക്കുകയും അവരുടെ കുതന്ത്രങ്ങള്‍ തന്നില്‍ നിന്നു തിരിച്ചു കളയുകയും ചെയ്തു. നിശ്ചയമായും അവന്‍ എല്ലാം കേള്‍ക്കുന്നവനും സര്‍വജ്ഞനും തന്നെയാണ്.

فَٱسۡتَجَابَ لَهُۥ رَبُّهُۥ فَصَرَفَ عَنۡهُ كَيۡدَهُنَّۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡعَلِيمُ ۝٣٤
35

ദൃഷ്ടാന്തങ്ങള്‍ കണ്ട ശേഷവും, കുറെകാലത്തേക്ക് അദ്ദേഹത്തെ ജയിലില്‍ ആക്കാമെന്ന് പിന്നീടവര്‍ക്കു തോന്നി.

ثُمَّ بَدَا لَهُم مِّنۢ بَعۡدِ مَا رَأَوُاْ ٱلۡأٓيَٰتِ لَيَسۡجُنُنَّهُۥ حَتَّىٰ حِينٖ ۝٣٥
36

അദ്ദേഹത്തോടൊപ്പം മറ്റു രണ്ടുയുവാക്കളും ജയിലില്‍ പ്രവേശിച്ചു. അവരില്‍ ഒരാള്‍ പറഞ്ഞു: 'ഞാന്‍ മദ്യം (ഉണ്ടാക്കുവാന്‍ മുന്തിരിച്ചാര്‍) പിഴിഞ്ഞെടുക്കുന്നതായി സ്വപ്നം കണ്ടിരിക്കുന്നു.' ഞാന്‍ തലയില്‍ റൊട്ടിചുമക്കുന്നതായും അതില്‍ നിന്നു പക്ഷികള്‍ തിന്നുന്നതായും സ്വപ്നം കണ്ടുവെന്ന് മറ്റേയാളും വ്യക്തമാക്കി. ഈ സ്വപ്നങ്ങളുടെ വ്യാഖ്യാനം ഞങ്ങള്‍ക്കു പറഞ്ഞുതരിക. നിശ്ചയമായും പുണ്യവാന്‍മാരില്‍പെട്ട ആളായി താങ്കളെ ഞങ്ങള്‍ കാണുന്നു.

وَدَخَلَ مَعَهُ ٱلسِّجۡنَ فَتَيَانِۖ قَالَ أَحَدُهُمَآ إِنِّيٓ أَرَىٰنِيٓ أَعۡصِرُ خَمۡرٗاۖ وَقَالَ ٱلۡأٓخَرُ إِنِّيٓ أَرَىٰنِيٓ أَحۡمِلُ فَوۡقَ رَأۡسِي خُبۡزٗا تَأۡكُلُ ٱلطَّيۡرُ مِنۡهُۖ نَبِّئۡنَا بِتَأۡوِيلِهِۦٓۖ إِنَّا نَرَىٰكَ مِنَ ٱلۡمُحۡسِنِينَ ۝٣٦
37

അദ്ദേഹം പ്രസ്താവിച്ചു: 'നിങ്ങളിരുവര്‍ക്കും നല്‍കപ്പെടുന്ന ഭക്ഷണം കിട്ടിക്കഴിയുന്നതിന്നു മുമ്പ് തന്നെ അതിന്റെ പരിണാമത്തെ കുറിച്ച് ഞാന്‍ പറഞ്ഞുതരാം. എന്റെ രക്ഷിതാവ് എന്നെ പഠിപ്പിച്ചു തന്നതില്‍പെട്ടതാണത്. അല്ലാഹുവില്‍ വിശ്വസിക്കാതിരിക്കയും പരലോകത്തെ നിഷേധിക്കയും ചെയ്യുന്നവരുടെ നടപടി മാര്‍ഗത്തെ തള്ളിക്കളഞ്ഞവനാണ് ഞാന്‍.'

قَالَ لَا يَأۡتِيكُمَا طَعَامٞ تُرۡزَقَانِهِۦٓ إِلَّا نَبَّأۡتُكُمَا بِتَأۡوِيلِهِۦ قَبۡلَ أَن يَأۡتِيَكُمَاۚ ذَٰلِكُمَا مِمَّا عَلَّمَنِي رَبِّيٓۚ إِنِّي تَرَكۡتُ مِلَّةَ قَوۡمٖ لَّا يُؤۡمِنُونَ بِٱللَّهِ وَهُم بِٱلۡأٓخِرَةِ هُمۡ كَٰفِرُونَ ۝٣٧
38

എന്റെ പിതാക്കളായ ഇബ്രാഹീം, ഇസ്ഹാഖ്, യഅ്ഖൂബ് എന്നിവരുടെ നടപടിമാര്‍ഗത്തെ ഞാന്‍ പിന്‍പറ്റിയിരിക്കുന്നു. അല്ലാഹുവിനോട് യാതൊന്നിനെയും പങ്കു ചേര്‍ക്കാന്‍ ഞങ്ങള്‍ക്കു ഒരിക്കലും നിവൃത്തിയില്ല തന്നെ. അല്ലാഹു ഞങ്ങള്‍ക്കും മറ്റു മനുഷ്യര്‍ക്കും നല്‍കിയ അനുഗ്രഹത്തില്‍പെട്ടതാണത്. പക്ഷെ മിക്ക ആളുകളും (ഈ അനുഗ്രഹത്തിന്നു) നന്ദി കാണിക്കുന്നില്ല.

وَٱتَّبَعۡتُ مِلَّةَ ءَابَآءِيٓ إِبۡرَٰهِيمَ وَإِسۡحَٰقَ وَيَعۡقُوبَۚ مَا كَانَ لَنَآ أَن نُّشۡرِكَ بِٱللَّهِ مِن شَيۡءٖۚ ذَٰلِكَ مِن فَضۡلِ ٱللَّهِ عَلَيۡنَا وَعَلَى ٱلنَّاسِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَشۡكُرُونَ ۝٣٨
39

എന്റെ രണ്ടു ജയില്‍സഖാക്കളേ, ഭിന്നരായ പല ദൈവങ്ങളോ അതല്ല എല്ലാവരേയും അടക്കിഭരിക്കുന്ന ഏകനായ അല്ലാഹുവോ ആരാണുത്തമന്‍?

يَٰصَٰحِبَيِ ٱلسِّجۡنِ ءَأَرۡبَابٞ مُّتَفَرِّقُونَ خَيۡرٌ أَمِ ٱللَّهُ ٱلۡوَٰحِدُ ٱلۡقَهَّارُ ۝٣٩
40

അവനെ വിട്ട് നിങ്ങള്‍ ആരാധിക്കുന്ന വസ്തുക്കളെല്ലാം തന്നെ നിങ്ങളും നിങ്ങളുടെ പൂര്‍വ്വപിതാക്കളും സൃഷ്ടിച്ച പേരുകള്‍ മാത്രമാണ്. അവയെ ആരാധിക്കണമെന്നതിന്ന് യാതൊരു തെളിവും അല്ലാഹു അവതരിപ്പിച്ചിട്ടില്ല. ആ അധികാരം അല്ലാഹുവിന്നു മാത്രമുള്ളതാണ്. തന്നെ മാത്രമേ നിങ്ങള്‍ ആരാധിക്കാവൂ എന്ന് അവന്‍ ശാസിച്ചിരിക്കുന്നു. അതാണ് നേരായ മതം. പക്ഷെ അധികമാളുകളും (ഈ വസ്തുത) ഗ്രഹിക്കുന്നില്ല.

مَا تَعۡبُدُونَ مِن دُونِهِۦٓ إِلَّآ أَسۡمَآءٗ سَمَّيۡتُمُوهَآ أَنتُمۡ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلۡطَٰنٍۚ إِنِ ٱلۡحُكۡمُ إِلَّا لِلَّهِ أَمَرَ أَلَّا تَعۡبُدُوٓاْ إِلَّآ إِيَّاهُۚ ذَٰلِكَ ٱلدِّينُ ٱلۡقَيِّمُ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ۝٤٠
41

എന്റെ രണ്ടു ജയില്‍സഖാക്കളേ, നിങ്ങളിലൊരാള്‍ തന്റെ യജമാനന്നു മദ്യം കുടിപ്പിക്കുന്നതാണ്. മറ്റവനാകട്ടെ, കുരിശില്‍ തറച്ചു കൊല്ലപ്പെടുന്നതും എന്നിട്ട് അവന്റെ തല പക്ഷികള്‍ തിന്നുന്നതുമാകുന്നു. നിങ്ങളിരുവരും ചോദിച്ച കാര്യത്തിന്റെ തീരുമാനം വിധിക്കപ്പെട്ടുകഴിഞ്ഞു.

يَٰصَٰحِبَيِ ٱلسِّجۡنِ أَمَّآ أَحَدُكُمَا فَيَسۡقِي رَبَّهُۥ خَمۡرٗاۖ وَأَمَّا ٱلۡأٓخَرُ فَيُصۡلَبُ فَتَأۡكُلُ ٱلطَّيۡرُ مِن رَّأۡسِهِۦۚ قُضِيَ ٱلۡأَمۡرُ ٱلَّذِي فِيهِ تَسۡتَفۡتِيَانِ ۝٤١
42

ആ ഇരുവരില്‍ മോചിതനാകുമെന്നു കരുതിയവനോട് യൂസുഫ്‌നബി പറഞ്ഞു: ''നിന്റെ യജമാനന്റെയടുത്ത് എന്റെ കാര്യം ഓര്‍മിപ്പിക്കണം!'' എന്നാല്‍ തന്റെ യജമാനനെ ഓര്‍മ്മപ്പെടുത്തുന്നതില്‍ നിന്ന് പിശാച് അവനെ മറപ്പിച്ചു. അങ്ങനെ അദ്ദേഹം ഏതാനും വര്‍ഷങ്ങള്‍ ജയിലില്‍ പാര്‍ത്തു.

وَقَالَ لِلَّذِي ظَنَّ أَنَّهُۥ نَاجٖ مِّنۡهُمَا ٱذۡكُرۡنِي عِندَ رَبِّكَ فَأَنسَىٰهُ ٱلشَّيۡطَٰنُ ذِكۡرَ رَبِّهِۦ فَلَبِثَ فِي ٱلسِّجۡنِ بِضۡعَ سِنِينَ ۝٤٢
43

രാജാവ് (ഒരു ദിവസം) പറഞ്ഞു: ഏഴു തടിച്ചുകൊഴുത്ത പശുക്കളെ മെലിഞ്ഞൊട്ടിയ ഏഴെണ്ണം തിന്നുന്നതായി ഞാന്‍ സ്വപ്‌നം കണ്ടിരിക്കുന്നു. ഏഴു പച്ച ധാന്യക്കതിരുകളും അത്രയും ഉണങ്ങിയതും ഞാന്‍ കണ്ടു. അതുകൊണ്ട് എന്റെ ഭരണമേധാവികളേ, നിങ്ങള്‍ സ്വപ്ന വ്യാഖ്യാനം നിര്‍വ്വഹിക്കുമെങ്കില്‍ എന്റെ സ്വപ്നത്തിന്റെ പൊരുള്‍ പറഞ്ഞുതരിക.

وَقَالَ ٱلۡمَلِكُ إِنِّيٓ أَرَىٰ سَبۡعَ بَقَرَٰتٖ سِمَانٖ يَأۡكُلُهُنَّ سَبۡعٌ عِجَافٞ وَسَبۡعَ سُنۢبُلَٰتٍ خُضۡرٖ وَأُخَرَ يَابِسَٰتٖۖ يَٰٓأَيُّهَا ٱلۡمَلَأُ أَفۡتُونِي فِي رُءۡيَٰيَ إِن كُنتُمۡ لِلرُّءۡيَا تَعۡبُرُونَ ۝٤٣
44

അവര്‍ പറഞ്ഞു: ഇതൊക്കെ പൊയ്ക്കിനാവുകളുടെ മിശ്രിതങ്ങളാണ്. പൊയ്ക്കിനാക്കളുടെ വ്യാഖ്യാനമറിയുന്നവരല്ല ഞങ്ങള്‍.

قَالُوٓاْ أَضۡغَٰثُ أَحۡلَٰمٖۖ وَمَا نَحۡنُ بِتَأۡوِيلِ ٱلۡأَحۡلَٰمِ بِعَٰلِمِينَ ۝٤٤
45

രണ്ടു ജയില്‍ പുള്ളികളില്‍ നിന്നു, രക്ഷപ്പെടുകയും കുറെകഴിഞ്ഞ് വിഷയം ഓര്‍മ്മവരികയും ചെയ്തവന്‍ പറഞ്ഞു: ഈ സ്വപ്നത്തിന്റെ വ്യാഖ്യാനം നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുതരാം. എന്നെ (യൂസുഫ് നബിയുടെയടുത്തേക്ക്) അയക്കുക.

وَقَالَ ٱلَّذِي نَجَا مِنۡهُمَا وَٱدَّكَرَ بَعۡدَ أُمَّةٍ أَنَا۠ أُنَبِّئُكُم بِتَأۡوِيلِهِۦ فَأَرۡسِلُونِ ۝٤٥
46

(അവന്‍ ചെന്ന് പറഞ്ഞു:) ഓ യൂസുഫ്, ഓ സത്യസന്ധാ, തടിച്ചു കൊഴുത്ത ഏഴു പശുക്കളെ മെലിഞ്ഞൊട്ടിയ ഏഴെണ്ണം തിന്നുന്നു. പിന്നെ ഏഴു പച്ച കതിരുകള്‍, വേറെ ഏഴുണങ്ങിയതും - ഈ സ്വപ്‌നത്തെക്കുറിച്ച് ഞങ്ങള്‍ക്കൊരു തീരുമാനം പറഞ്ഞുതരിക, എനിക്കു (രാജാവിന്റെ) ആളുകളുടെയടുത്തേക്ക് മടങ്ങേണ്ടതുണ്ട്.

يُوسُفُ أَيُّهَا ٱلصِّدِّيقُ أَفۡتِنَا فِي سَبۡعِ بَقَرَٰتٖ سِمَانٖ يَأۡكُلُهُنَّ سَبۡعٌ عِجَافٞ وَسَبۡعِ سُنۢبُلَٰتٍ خُضۡرٖ وَأُخَرَ يَابِسَٰتٖ لَّعَلِّيٓ أَرۡجِعُ إِلَى ٱلنَّاسِ لَعَلَّهُمۡ يَعۡلَمُونَ ۝٤٦
47

യൂസുഫ് നബി പറഞ്ഞു-(വ്യാഖ്യാനം ഇതാണ്:) നിങ്ങള്‍ ഏഴു കൊല്ലം തുടര്‍ച്ചയായി കൃഷിചെയ്യണം. എന്നിട്ട്, കൊയ്‌തെടുക്കുന്ന ധാന്യങ്ങള്‍ (ദുഷിക്കാതിരിക്കാന്‍) - ആഹാരത്തിന്നുവേണ്ട അല്‍പമൊഴിച്ച് - അവയുടെ കതിരുകളില്‍ തന്നെ സൂക്ഷിക്കണം.

قَالَ تَزۡرَعُونَ سَبۡعَ سِنِينَ دَأَبٗا فَمَا حَصَدتُّمۡ فَذَرُوهُ فِي سُنۢبُلِهِۦٓ إِلَّا قَلِيلٗا مِّمَّا تَأۡكُلُونَ ۝٤٧
48

പിന്നീട് കഠിന ക്ഷാമത്തിന്റെ ഏഴു വര്‍ഷങ്ങള്‍ വരും. അന്നേക്ക് മുന്‍കരുതലായി വെച്ചിരുന്നതൊക്കെ അവ തിന്നു തീര്‍ക്കുന്നതാണ്; നിങ്ങള്‍ പ്രത്യേകം സൂക്ഷിക്കുന്ന അല്‍പമൊഴികെ.

ثُمَّ يَأۡتِي مِنۢ بَعۡدِ ذَٰلِكَ سَبۡعٞ شِدَادٞ يَأۡكُلۡنَ مَا قَدَّمۡتُمۡ لَهُنَّ إِلَّا قَلِيلٗا مِّمَّا تُحۡصِنُونَ ۝٤٨
49

തദനന്തരം ഒരു കൊല്ലം വരും. അന്നു ജനങ്ങള്‍ക്കു അനുഗ്രഹവും സുഭിക്ഷതയുമുണ്ടാകും; (ധാരാളം പഴസ്സത്തും എണ്ണയുമൊക്കെ) അവര്‍ പിഴിഞ്ഞെടുക്കുകയും ചെയ്യും.

ثُمَّ يَأۡتِي مِنۢ بَعۡدِ ذَٰلِكَ عَامٞ فِيهِ يُغَاثُ ٱلنَّاسُ وَفِيهِ يَعۡصِرُونَ ۝٤٩
50

അദ്ദേഹത്തെ എന്റെയടുത്ത് ഹാജറാക്കുക എന്നു രാജാവ് കല്‍പിച്ചു. അങ്ങനെ തന്റെയടുത്ത് രാജദൂതന്‍ വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നിന്റെ യജമാനന്റെ അടുക്കലേക്കു തിരിച്ചുപോകുകയും സ്വന്തം കൈകളെ മുറിപ്പെടുത്തിയ സ്ത്രീകളുടെ നിലപാടെന്തെന്നു അദ്ദേഹത്തോട് ചോദിക്കുകയും ചെയ്യുക. നിശ്ചയമായും എന്റെ രക്ഷിതാവ് അവരുടെ കുതന്ത്രങ്ങളെ കുറിച്ച് നല്ലവണ്ണം അറിയുന്നവനാണ്.

وَقَالَ ٱلۡمَلِكُ ٱئۡتُونِي بِهِۦۖ فَلَمَّا جَآءَهُ ٱلرَّسُولُ قَالَ ٱرۡجِعۡ إِلَىٰ رَبِّكَ فَسۡـَٔلۡهُ مَا بَالُ ٱلنِّسۡوَةِ ٱلَّٰتِي قَطَّعۡنَ أَيۡدِيَهُنَّۚ إِنَّ رَبِّي بِكَيۡدِهِنَّ عَلِيمٞ ۝٥٠
51

രാജാവ് (ആ സ്ത്രീകളെ വരുത്തി) ചോദിച്ചു: 'യൂസുഫിനെ വശീകരിക്കുവാന്‍ കുതന്ത്രം പ്രയോഗിച്ചപ്പോള്‍ നിങ്ങളുടെ അനുഭവം എന്തായിരുന്നു?' ആ സ്ത്രീകള്‍ പറഞ്ഞു: 'അല്ലാഹു പരിശുദ്ധന്‍!' 'അദ്ദേഹത്തില്‍ യാതൊരു നടപടിദോഷവും ഞങ്ങള്‍ അറിഞ്ഞിട്ടില്ല.' അസീസിന്റെ ഭാര്യ പറഞ്ഞു: ഇപ്പോള്‍ സത്യം വെളിപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഞാനാണ് അദ്ദേഹത്തെ വശീകരിക്കാന്‍ കുതന്ത്രം പ്രയോഗിച്ചത്. നിശ്ചയമായും അദ്ദേഹം സത്യവാന്മാരില്‍ പെട്ടവനാണ്.

قَالَ مَا خَطۡبُكُنَّ إِذۡ رَٰوَدتُّنَّ يُوسُفَ عَن نَّفۡسِهِۦۚ قُلۡنَ حَٰشَ لِلَّهِ مَا عَلِمۡنَا عَلَيۡهِ مِن سُوٓءٖۚ قَالَتِ ٱمۡرَأَتُ ٱلۡعَزِيزِ ٱلۡـَٰٔنَ حَصۡحَصَ ٱلۡحَقُّ أَنَا۠ رَٰوَدتُّهُۥ عَن نَّفۡسِهِۦ وَإِنَّهُۥ لَمِنَ ٱلصَّٰدِقِينَ ۝٥١
52

(യൂസുഫ് പ്രസ്താവിച്ചു:) ഞാനിങ്ങനെ ചെയ്തത് തന്റെ അഭാവത്തില്‍ അദ്ദേഹത്തെ ഞാന്‍ വഞ്ചിച്ചിട്ടില്ലെന്നും വഞ്ചകന്‍മാരുടെ കുതന്ത്രങ്ങളെ അല്ലാഹു ഒരിക്കലും ഫലപ്പെടുത്തുകയില്ലെന്നും അദ്ദേഹം അറിയേണ്ടതിനാണ്.

ذَٰلِكَ لِيَعۡلَمَ أَنِّي لَمۡ أَخُنۡهُ بِٱلۡغَيۡبِ وَأَنَّ ٱللَّهَ لَا يَهۡدِي كَيۡدَ ٱلۡخَآئِنِينَ ۝٥٢
53

'കുറ്റങ്ങളില്‍ നിന്നു എന്റെ മനസ്സിനെ ഞാന്‍ ഒഴിവാക്കുന്നില്ല. നിശ്ചയമായും മനുഷ്യമനസ്സ് തിന്മകളിലേക്ക് വളരെയേറെ പ്രേരിപ്പിക്കുന്നതു തന്നെയാണ്. എന്റെ രക്ഷിതാവ് കരുണ ചെയ്തതൊഴികെ. നിശ്ചയമായും എന്റെ രക്ഷിതാവ് ഏറ്റവും പൊറുക്കുന്നവനും പരമ കാരുണികനുമാണ്.''

۞ وَمَآ أُبَرِّئُ نَفۡسِيٓۚ إِنَّ ٱلنَّفۡسَ لَأَمَّارَةُۢ بِٱلسُّوٓءِ إِلَّا مَا رَحِمَ رَبِّيٓۚ إِنَّ رَبِّي غَفُورٞ رَّحِيمٞ ۝٥٣
54

അദ്ദേഹത്തെ എന്റെയടുത്ത് കൊണ്ടുവരിക; എന്റെ സ്വന്തം ഉപദേഷ്ടാവായി നിയമിക്കട്ടെ എന്നു രാജാവ് കല്‍പിച്ചു. അങ്ങനെ അദ്ദേഹം (വന്ന്) രാജാവുമായി സംസാരിച്ചപ്പോള്‍ രാജാവ് പറഞ്ഞു: നിശ്ചയമായും താങ്കള്‍ ഇന്നു നമ്മുടെയടുത്ത് ഉന്നത സ്ഥാനമുള്ളവനും വിശ്വസ്തനുമാകുന്നു.

وَقَالَ ٱلۡمَلِكُ ٱئۡتُونِي بِهِۦٓ أَسۡتَخۡلِصۡهُ لِنَفۡسِيۖ فَلَمَّا كَلَّمَهُۥ قَالَ إِنَّكَ ٱلۡيَوۡمَ لَدَيۡنَا مَكِينٌ أَمِينٞ ۝٥٤
55

യൂസുഫ് നബി പറഞ്ഞു: ഈ നാട്ടിലെ ഖജനാവുകളുടെമേല്‍ എന്നെ അധികാരപ്പെടുത്തുക. ഞാന്‍ ശരിക്കു സൂക്ഷിച്ചു സംരക്ഷിക്കുന്നവനും അതിനെക്കുറിച്ചു വേണ്ടതെല്ലാം അറിയുന്നവനും തന്നെയാണ്.

قَالَ ٱجۡعَلۡنِي عَلَىٰ خَزَآئِنِ ٱلۡأَرۡضِۖ إِنِّي حَفِيظٌ عَلِيمٞ ۝٥٥
56

അങ്ങനെ ഈജിപ്തില്‍ തനിക്കിഷ്ടമുള്ള എവിടെയും താമസിക്കത്തക്കവിധം യൂസുഫ് നബിക്ക് നാം സ്വാധീനം നല്‍കി. ഉദ്ദേശിക്കുന്നവര്‍ക്കു നമ്മുടെ അനുഗ്രഹം നാം എത്തിച്ചു കൊടുക്കും. പുണ്യവാന്‍മാരുടെ പ്രതിഫലം നാം ഒരിക്കലും പാഴാക്കുകയില്ല.

وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِي ٱلۡأَرۡضِ يَتَبَوَّأُ مِنۡهَا حَيۡثُ يَشَآءُۚ نُصِيبُ بِرَحۡمَتِنَا مَن نَّشَآءُۖ وَلَا نُضِيعُ أَجۡرَ ٱلۡمُحۡسِنِينَ ۝٥٦
57

സത്യത്തില്‍ വിശ്വസിക്കുകയും സൂക്ഷിച്ചു പ്രവര്‍ത്തിക്കയും ചെയ്തു കൊണ്ടിരിക്കുന്നവര്‍ക്കു പരലോക പ്രതിഫലമാണ് (ഇവയെക്കാളെല്ലാം) വളരെ ഉത്തമം.

وَلَأَجۡرُ ٱلۡأٓخِرَةِ خَيۡرٞ لِّلَّذِينَ ءَامَنُواْ وَكَانُواْ يَتَّقُونَ ۝٥٧
58

യൂസുഫ് നബിയുടെ സഹോദരന്മാര്‍ (ഈജിപ്തില്‍) വരികയും എന്നിട്ട് അദ്ദേഹത്തിന്നടുത്തേക്ക് കടന്നു ചെല്ലുകയും ചെയ്തു. അപ്പോള്‍ അവരെ അദ്ദേഹം മനസ്സിലാക്കി; അവര്‍ക്കദ്ദേഹത്തെ മനസ്സിലായതുമില്ല.

وَجَآءَ إِخۡوَةُ يُوسُفَ فَدَخَلُواْ عَلَيۡهِ فَعَرَفَهُمۡ وَهُمۡ لَهُۥ مُنكِرُونَ ۝٥٨
59

അവര്‍ക്കു വേണ്ട സാമാനങ്ങളെല്ലാം തയ്യാറാക്കി കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ''നിങ്ങളുടെ പിതാവൊത്ത സഹോദരനെ കൂടി എന്റെ അടുത്ത് കൊണ്ടുവരണം. ഞാന്‍ ധാന്യങ്ങള്‍ പൂര്‍ത്തിയാക്കി അളന്നുതരുന്നതും നന്നായി സല്‍ക്കരിക്കുന്നവനാണ് എന്നതും നിങ്ങള്‍ കാണുന്നില്ലേ?''

وَلَمَّا جَهَّزَهُم بِجَهَازِهِمۡ قَالَ ٱئۡتُونِي بِأَخٖ لَّكُم مِّنۡ أَبِيكُمۡۚ أَلَا تَرَوۡنَ أَنِّيٓ أُوفِي ٱلۡكَيۡلَ وَأَنَا۠ خَيۡرُ ٱلۡمُنزِلِينَ ۝٥٩
60

'ഇനി അവനെ കൊണ്ടുവന്നിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്റെ അടുത്ത് ധാന്യം തന്നെയില്ല. നിങ്ങള്‍ എന്നെ സമീപിക്കയുമരുത്.''

فَإِن لَّمۡ تَأۡتُونِي بِهِۦ فَلَا كَيۡلَ لَكُمۡ عِندِي وَلَا تَقۡرَبُونِ ۝٦٠
61

അവര്‍ മറുപടി നല്‍കി: അവനെ അയച്ചുതരുവാന്‍ പിതാവിനോട് ഞങ്ങള്‍ ആവശ്യപ്പെട്ടു നോക്കാം. ഞങ്ങളതു തീര്‍ച്ചയായും ചെയ്യാം.

قَالُواْ سَنُرَٰوِدُ عَنۡهُ أَبَاهُ وَإِنَّا لَفَٰعِلُونَ ۝٦١
62

യൂസുഫ് നബി തന്റെ ഭൃത്യന്‍മാരോട് കല്‍പിച്ചു: അവര്‍ തന്ന വില അവരുടെ ചരക്കുകളില്‍ തന്നെ വെക്കുക. അവര്‍ സ്വകുടുംബത്തില്‍ തിരിച്ചെത്തിയാല്‍ അതു മനസ്സിലാവുകയും മടങ്ങിവരികയും ചെയ്‌തേക്കാം.

وَقَالَ لِفِتۡيَٰنِهِ ٱجۡعَلُواْ بِضَٰعَتَهُمۡ فِي رِحَالِهِمۡ لَعَلَّهُمۡ يَعۡرِفُونَهَآ إِذَا ٱنقَلَبُوٓاْ إِلَىٰٓ أَهۡلِهِمۡ لَعَلَّهُمۡ يَرۡجِعُونَ ۝٦٢
63

അങ്ങനെ തങ്ങളുടെ പിതാവിങ്കല്‍ മടങ്ങി ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, (സഹോദരനെ കൊണ്ടുചെല്ലാത്ത പക്ഷം) ഞങ്ങള്‍ക്ക് ധാന്യം നിരോധിക്കപ്പെട്ടിരിക്കയാണ്. അതുകൊണ്ട് സഹോദരനെ ഞങ്ങളോടൊന്നിച്ചയച്ചു തന്നാലും. എന്നാല്‍ ഞങ്ങള്‍ക്ക് ധാന്യം അളന്നു വാങ്ങാം, അവനെ ഞങ്ങള്‍ ശരിക്കുസൂക്ഷിച്ചു സംരക്ഷിക്കുകയും ചെയ്തുകൊള്ളാം. (52)

فَلَمَّا رَجَعُوٓاْ إِلَىٰٓ أَبِيهِمۡ قَالُواْ يَٰٓأَبَانَا مُنِعَ مِنَّا ٱلۡكَيۡلُ فَأَرۡسِلۡ مَعَنَآ أَخَانَا نَكۡتَلۡ وَإِنَّا لَهُۥ لَحَٰفِظُونَ ۝٦٣
64

യഅ്ഖൂബ് നബി പറഞ്ഞു: ഇവന്റെ സഹോദര(യൂസുഫി)ന്റെ കാര്യത്തില്‍ മുമ്പ് നിങ്ങളെ വിശ്വസിച്ചതു പോലെയല്ലാതെ ഇവന്റെ കാര്യത്തില്‍ നിങ്ങളെ ഞാന്‍ വിശ്വസിക്കുമോ? (ആവട്ടെ, കൊണ്ടുപോയ്‌ക്കൊള്ളുക.) എന്നാല്‍ അല്ലാഹുവാണ് ഏറ്റവും നല്ല സംരക്ഷകന്‍. അവന്‍ കാരുണികരില്‍ വെച്ചേറ്റവും കരുണചെയ്യുന്നവനാകുന്നു.

قَالَ هَلۡ ءَامَنُكُمۡ عَلَيۡهِ إِلَّا كَمَآ أَمِنتُكُمۡ عَلَىٰٓ أَخِيهِ مِن قَبۡلُ فَٱللَّهُ خَيۡرٌ حَٰفِظٗاۖ وَهُوَ أَرۡحَمُ ٱلرَّٰحِمِينَ ۝٦٤
65

അങ്ങനെ അവര്‍ സാമാനം തുറന്നു നോക്കിയപ്പോള്‍ കൊടുത്ത വില തങ്ങള്‍ക്കു തന്നെ തിരിച്ചു നല്‍കപ്പെട്ടതായി കണ്ടു. അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, (ഇതിനപ്പുറം) നമുക്കെന്താണ് വേണ്ടത്! നാം കൊടുത്ത വില ഇതാ നമുക്ക് തന്നെ മടക്കിത്തന്നിരിക്കുന്നു. (അങ്ങ് സഹോദരനെ കൂടി അയക്കുന്ന പക്ഷം) നമ്മുടെ കുടുംബത്തിനു ഞങ്ങള്‍ ആഹാരം കൊണ്ടുവരാം; സഹോദരനെ ഞങ്ങള്‍ ശരിക്കു സൂക്ഷിച്ചു സംരക്ഷിക്കുകയും ചെയ്തുകൊള്ളാം. ഒരൊട്ടകം ചുമക്കുന്ന ധാന്യം നമുക്ക് കൂടുതല്‍ ലഭിക്കുകയും ചെയ്യും. അതു (രാജാവിന്നു) പ്രയാസമില്ലാത്ത അളവാണ്.

وَلَمَّا فَتَحُواْ مَتَٰعَهُمۡ وَجَدُواْ بِضَٰعَتَهُمۡ رُدَّتۡ إِلَيۡهِمۡۖ قَالُواْ يَٰٓأَبَانَا مَا نَبۡغِيۖ هَٰذِهِۦ بِضَٰعَتُنَا رُدَّتۡ إِلَيۡنَاۖ وَنَمِيرُ أَهۡلَنَا وَنَحۡفَظُ أَخَانَا وَنَزۡدَادُ كَيۡلَ بَعِيرٖۖ ذَٰلِكَ كَيۡلٞ يَسِيرٞ ۝٦٥
66

അദ്ദേഹം പ്രസ്താവിച്ചു: ''നിങ്ങളെ (അപ്രതിഹതമായ) വല്ല ആപത്തും വലയം ചെയ്താല്‍ അല്ലാതെ അവനെ തിരിച്ചു കൊണ്ടുവരുമെന്നു എനിക്ക് അല്ലാഹുവിനെകൊണ്ടു സത്യം ചെയ്ത് ഉറപ്പു തന്നാലേ അവനെ നിങ്ങളുടെ കൂടെ ഞാന്‍ പറഞ്ഞയച്ചു തരൂ.'' അങ്ങനെ അവര്‍ ഉറപ്പ് കൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: നാം പറയുന്ന ഈ കാര്യത്തിന് അല്ലാഹു സാക്ഷിയാകുന്നു.

قَالَ لَنۡ أُرۡسِلَهُۥ مَعَكُمۡ حَتَّىٰ تُؤۡتُونِ مَوۡثِقٗا مِّنَ ٱللَّهِ لَتَأۡتُنَّنِي بِهِۦٓ إِلَّآ أَن يُحَاطَ بِكُمۡۖ فَلَمَّآ ءَاتَوۡهُ مَوۡثِقَهُمۡ قَالَ ٱللَّهُ عَلَىٰ مَا نَقُولُ وَكِيلٞ ۝٦٦
67

അദ്ദേഹം നിര്‍ദ്ദേശിച്ചു: എന്റെ മക്കളേ, നിങ്ങള്‍ (ഈജിപ്ത് പട്ടണത്തിലേക്കു) ഒരു വാതിലിലൂടെ പ്രവേശിക്കരുത്; വിവിധ കവാടങ്ങളിലൂടെ കടക്കുക. അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും നിങ്ങളില്‍ നിന്നും തടയുവാന്‍ എനിക്കു കഴിയുകയില്ല. അധികാര ശക്തി അല്ലാഹുവിനു മാത്രമാകുന്നു. അവനെ തന്നെയാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്. ഭരമേല്‍പിക്കുന്നവര്‍ അവനെ തന്നെയാണ് ഭരമേല്‍പിക്കേണ്ടതും.

وَقَالَ يَٰبَنِيَّ لَا تَدۡخُلُواْ مِنۢ بَابٖ وَٰحِدٖ وَٱدۡخُلُواْ مِنۡ أَبۡوَٰبٖ مُّتَفَرِّقَةٖۖ وَمَآ أُغۡنِي عَنكُم مِّنَ ٱللَّهِ مِن شَيۡءٍۖ إِنِ ٱلۡحُكۡمُ إِلَّا لِلَّهِۖ عَلَيۡهِ تَوَكَّلۡتُۖ وَعَلَيۡهِ فَلۡيَتَوَكَّلِ ٱلۡمُتَوَكِّلُونَ ۝٦٧
68

അവരുടെ പിതാവ് കല്‍പിച്ച അതേ രൂപത്തില്‍ അവര്‍ പട്ടണത്തില്‍ പ്രവേശിച്ചപ്പോള്‍ അല്ലാഹുവിന്റെ വിധിയില്‍ നിന്നു യാതൊന്നിനെയും അവരില്‍ നിന്നു അതു തടഞ്ഞില്ല; തന്റെ ഹൃദയത്തില്‍ യഅ്ഖൂബ് നബി കരുതിയ ഒരാവശ്യം ഒഴികെ. അദ്ദേഹം നാം പഠിപ്പിച്ചു കൊടുത്തതിനാല്‍ നല്ല അറിവുള്ള ആളാണ്. പക്ഷെ അധികമാളുകളും അറിയുന്നില്ല.

وَلَمَّا دَخَلُواْ مِنۡ حَيۡثُ أَمَرَهُمۡ أَبُوهُم مَّا كَانَ يُغۡنِي عَنۡهُم مِّنَ ٱللَّهِ مِن شَيۡءٍ إِلَّا حَاجَةٗ فِي نَفۡسِ يَعۡقُوبَ قَضَىٰهَاۚ وَإِنَّهُۥ لَذُو عِلۡمٖ لِّمَا عَلَّمۡنَٰهُ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ۝٦٨
69

അവര്‍ യൂസുഫ് നബിയുടെ അടുക്കലേക്കു പ്രവേശിച്ചപ്പോള്‍ സ്വസഹോദരനെ തന്റെ അടുക്കല്‍ അദ്ദേഹം താമസിപ്പിച്ചു. എന്നിട്ടദ്ദേഹം (രഹസ്യമായി) പറഞ്ഞു: ഞാന്‍ തന്നെയാണ് നിന്റെ സഹോദരന്‍ (യൂസുഫ്)! അതുകൊണ്ട്, അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി നീ വ്യസനിക്കേണ്ട.

وَلَمَّا دَخَلُواْ عَلَىٰ يُوسُفَ ءَاوَىٰٓ إِلَيۡهِ أَخَاهُۖ قَالَ إِنِّيٓ أَنَا۠ أَخُوكَ فَلَا تَبۡتَئِسۡ بِمَا كَانُواْ يَعۡمَلُونَ ۝٦٩
70

അങ്ങനെ അവരുടെ സാമാനങ്ങള്‍ കെട്ടി ഒരുക്കി അയച്ചപ്പോള്‍ ഒരു കോപ്പ തന്റെ സഹോദര(ബിന്‍യാമീ)ന്റെ കെട്ടില്‍ അദ്ദേഹം വെച്ചു. പിന്നെ അവര്‍ പോയി കുറച്ചു കഴിഞ്ഞ ശേഷം ഒരാള്‍ വിളിച്ചു പറഞ്ഞു: ഹേ യാത്രക്കാരേ, നിങ്ങള്‍ കള്ളന്മാര്‍ തന്നെയാണ്.

فَلَمَّا جَهَّزَهُم بِجَهَازِهِمۡ جَعَلَ ٱلسِّقَايَةَ فِي رَحۡلِ أَخِيهِ ثُمَّ أَذَّنَ مُؤَذِّنٌ أَيَّتُهَا ٱلۡعِيرُ إِنَّكُمۡ لَسَٰرِقُونَ ۝٧٠
71

അപ്പോള്‍ ഇവരുടെ നേരെ തിരിഞ്ഞുകൊണ്ടു അവര്‍ ചേദിച്ചു: എന്താണ് നിങ്ങള്‍ക്ക് കാണാതെ പോയത്?

قَالُواْ وَأَقۡبَلُواْ عَلَيۡهِم مَّاذَا تَفۡقِدُونَ ۝٧١
72

അവര്‍ മറുപടി നല്‍കി: രാജാവിന്റെ കോപ്പ ഞങ്ങള്‍ കാണുന്നില്ല. അതു കൊണ്ടുവരുന്നവന്നു ഒരൊട്ടകം ചുമക്കുന്നത്ര ധാന്യം സമ്മാനമായി നല്‍കുന്നതാണ്. ഞാനതേറ്റിരിക്കുന്നു.

قَالُواْ نَفۡقِدُ صُوَاعَ ٱلۡمَلِكِ وَلِمَن جَآءَ بِهِۦ حِمۡلُ بَعِيرٖ وَأَنَا۠ بِهِۦ زَعِيمٞ ۝٧٢
73

അവര്‍ പറഞ്ഞു: അല്ലാഹുവിനെ തന്നെ സത്യം, ഞങ്ങള്‍ ഈ നാട്ടില്‍ നാശമുണ്ടാക്കുവാനല്ല വന്നിട്ടുള്ളതെന്നും മോഷണം നടത്തുന്നവരായിട്ടില്ലെന്നും നിങ്ങള്‍ നല്ലവണ്ണം ഗ്രഹിച്ചിട്ടുണ്ടല്ലോ.

قَالُواْ تَٱللَّهِ لَقَدۡ عَلِمۡتُم مَّا جِئۡنَا لِنُفۡسِدَ فِي ٱلۡأَرۡضِ وَمَا كُنَّا سَٰرِقِينَ ۝٧٣
74

അവര്‍ ചോദിച്ചു: നിങ്ങള്‍ പറയുന്നതു അസത്യമാണെങ്കില്‍ ആ കളവിന് എന്താണ് ശിക്ഷ?

قَالُواْ فَمَا جَزَٰٓؤُهُۥٓ إِن كُنتُمۡ كَٰذِبِينَ ۝٧٤
75

അവര്‍ പ്രതികരിച്ചു: അതിന്നുള്ള ശിക്ഷ, ആരുടെ കെട്ടില്‍ നിന്നു അതു കണ്ടുകിട്ടിയോ അവന്‍ തന്നെയാണ്. അതാണ് ആ കളവിന്നുള്ള ശിക്ഷ. അങ്ങനെയാണ് അക്രമികള്‍ക്ക് ഞങ്ങള്‍ ശിക്ഷ നല്‍കാറുള്ളത്.

قَالُواْ جَزَٰٓؤُهُۥ مَن وُجِدَ فِي رَحۡلِهِۦ فَهُوَ جَزَٰٓؤُهُۥۚ كَذَٰلِكَ نَجۡزِي ٱلظَّٰلِمِينَ ۝٧٥
76

അങ്ങനെ അദ്ദേഹം സ്വസഹോദരന്റെ കെട്ട് പരിശോധിക്കുന്നതിന്റെ മുമ്പ് മറ്റുള്ളവരുടേത് പരിശോധിക്കുവാന്‍ തുടങ്ങി. പിന്നെ സഹോദരന്റെ (ബിന്‍യാമീന്റെ) കെട്ടില്‍ നിന്നു കോപ്പ കണ്ടെടുത്തു. ഇപ്രകാരം യൂസുഫ് നബിക്ക് നാം തന്ത്രം പഠിപ്പിച്ചു കൊടുത്തു. ഈജിപ്ത് രാജാവിന്റെ മതം (നിയമം) അനുസരിച്ചു തന്റെ സഹോദരനെ പിടിച്ചു വെക്കുവാന്‍ യൂസുഫ് നബിക്ക് നിവൃത്തിയുണ്ടായിരുന്നില്ല. അല്ലാഹു ഉദ്ദേശിച്ചതിനാല്‍ മാത്രമാണ് അതിന്നു കഴിഞ്ഞത്. നാം ഉദ്ദേശിച്ചവരെ നാം പല പടികള്‍ ഉയര്‍ത്തുന്നു. എല്ലാ അഭിജ്ഞന്‍മാര്‍ക്കും ഉപരിയായി കൂടുതല്‍ അറിവുള്ളവനുണ്ട്.

فَبَدَأَ بِأَوۡعِيَتِهِمۡ قَبۡلَ وِعَآءِ أَخِيهِ ثُمَّ ٱسۡتَخۡرَجَهَا مِن وِعَآءِ أَخِيهِۚ كَذَٰلِكَ كِدۡنَا لِيُوسُفَۖ مَا كَانَ لِيَأۡخُذَ أَخَاهُ فِي دِينِ ٱلۡمَلِكِ إِلَّآ أَن يَشَآءَ ٱللَّهُۚ نَرۡفَعُ دَرَجَٰتٖ مَّن نَّشَآءُۗ وَفَوۡقَ كُلِّ ذِي عِلۡمٍ عَلِيمٞ ۝٧٦
77

അവര്‍ പറഞ്ഞു: ''ഇവന്‍ മോഷ്ടിച്ചെങ്കില്‍ (അതില്‍ വലിയ അത്ഭുതമൊന്നുമില്ല,) ഇവന്റെ ഒരു സഹോദരനും മുമ്പ് മോഷ്ടിച്ചിട്ടുണ്ട്.'' അന്നേരം യുസുഫ് നബി അതു മനസ്സില്‍ മറച്ചു വെച്ചു; അവര്‍ക്കതു വെളിവാക്കികൊടുത്തില്ല. അതായതു അദ്ദേഹം (മനസാ) പറഞ്ഞു: ''നിങ്ങളാണ് ചീത്ത സ്ഥാനത്ത് നിലകൊള്ളുന്നത്. നിങ്ങള്‍ പറയുന്നതിനെ പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്.''

۞ قَالُوٓاْ إِن يَسۡرِقۡ فَقَدۡ سَرَقَ أَخٞ لَّهُۥ مِن قَبۡلُۚ فَأَسَرَّهَا يُوسُفُ فِي نَفۡسِهِۦ وَلَمۡ يُبۡدِهَا لَهُمۡۚ قَالَ أَنتُمۡ شَرّٞ مَّكَانٗاۖ وَٱللَّهُ أَعۡلَمُ بِمَا تَصِفُونَ ۝٧٧
78

അവര്‍ പറഞ്ഞു: ''ഓ അസീസ്, ഇവന്നു വയോവൃദ്ധനായ ഒരു പിതാവുണ്ട്. അതിനാല്‍ ഇവന്നുപകരം ഞങ്ങളില്‍ ആരെങ്കിലുമൊരാളെ അങ്ങ് പിടിച്ചുവെച്ചാലും. വളരെ ഉപകാരശീലനായിട്ടാണ് അങ്ങയെ ഞങ്ങള്‍ കാണുന്നത്.''

قَالُواْ يَٰٓأَيُّهَا ٱلۡعَزِيزُ إِنَّ لَهُۥٓ أَبٗا شَيۡخٗا كَبِيرٗا فَخُذۡ أَحَدَنَا مَكَانَهُۥٓۖ إِنَّا نَرَىٰكَ مِنَ ٱلۡمُحۡسِنِينَ ۝٧٨
79

അദ്ദേഹം പറഞ്ഞു: നമ്മുടെ സാധനം ആരുടെ പക്കല്‍നിന്നു കണ്ടുകിട്ടിയോ അവനെയല്ലാതെ മറ്റൊരാളെ പിടിച്ചുവെക്കുന്നതില്‍ നിന്നു നാം അല്ലാഹുവിനെ അഭയം പ്രാപിക്കുന്നു. അങ്ങനെ ചെയ്യുന്ന പക്ഷം നിശ്ചയമായും ഞങ്ങള്‍ അക്രമികള്‍ തന്നെയാണ്!

قَالَ مَعَاذَ ٱللَّهِ أَن نَّأۡخُذَ إِلَّا مَن وَجَدۡنَا مَتَٰعَنَا عِندَهُۥٓ إِنَّآ إِذٗا لَّظَٰلِمُونَ ۝٧٩
80

അങ്ങനെ ബിന്‍യാമീനെ സംബന്ധിച്ചു നിരാശരായിക്കഴിഞ്ഞപ്പോള്‍ അവര്‍ ഒരു ഒഴിഞ്ഞ സ്ഥലത്തിരുന്നു കൂടിയാലോചന നടത്തി. അവരില്‍ മൂത്തവന്‍ പറഞ്ഞു: ''അല്ലാഹുവിനെ മുന്‍നിര്‍ത്തിക്കൊണ്ടു പിതാവ് (ബിന്‍യാമീന്റെ കാര്യത്തില്‍) ഉറപ്പ് വാങ്ങിയത് നിങ്ങള്‍ക്കോര്‍മയില്ലേ? ഇതിന്റെ മുമ്പു തന്നെ യൂസുഫിന്റെ കാര്യത്തില്‍ നിങ്ങള്‍ വീഴ്ച കാണിച്ചിട്ടുമുണ്ട്. അതുകൊണ്ട് എനിക്ക് പിതാവ് അനുവാദം തരികയോ അല്ലാഹു ഒരു തീരുമാനം നല്‍കുകയോ ചെയ്യുന്നതുവരെ ഞാനീ രാജ്യം വിടുന്നതല്ല. അല്ലാഹു വിധികര്‍ത്താക്കളില്‍ ഏറ്റവും നീതിപൂര്‍വ്വം വിധിക്കുന്നവനാകുന്നു.''

فَلَمَّا ٱسۡتَيۡـَٔسُواْ مِنۡهُ خَلَصُواْ نَجِيّٗاۖ قَالَ كَبِيرُهُمۡ أَلَمۡ تَعۡلَمُوٓاْ أَنَّ أَبَاكُمۡ قَدۡ أَخَذَ عَلَيۡكُم مَّوۡثِقٗا مِّنَ ٱللَّهِ وَمِن قَبۡلُ مَا فَرَّطتُمۡ فِي يُوسُفَۖ فَلَنۡ أَبۡرَحَ ٱلۡأَرۡضَ حَتَّىٰ يَأۡذَنَ لِيٓ أَبِيٓ أَوۡ يَحۡكُمَ ٱللَّهُ لِيۖ وَهُوَ خَيۡرُ ٱلۡحَٰكِمِينَ ۝٨٠
81

'നിങ്ങള്‍ പിതാവിങ്കലേക്കു മടങ്ങിക്കൊള്ളുക. എന്നിട്ട് അദ്ദേഹത്തോട് പറയുക-ഞങ്ങളുടെ പിതാവേ, നിശ്ചയമായും അങ്ങയുടെ പുത്രന്‍ മോഷണം നടത്തി. ശരിക്കു അറിഞ്ഞ കാര്യത്തിന്നു മാത്രമാണ് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. അദൃശ്യകാര്യങ്ങള്‍ സൂക്ഷിക്കുന്നവരായിട്ടില്ലല്ലോ ഞങ്ങള്‍.''

ٱرۡجِعُوٓاْ إِلَىٰٓ أَبِيكُمۡ فَقُولُواْ يَٰٓأَبَانَآ إِنَّ ٱبۡنَكَ سَرَقَ وَمَا شَهِدۡنَآ إِلَّا بِمَا عَلِمۡنَا وَمَا كُنَّا لِلۡغَيۡبِ حَٰفِظِينَ ۝٨١
82

'ഞങ്ങള്‍ താമസിച്ചിരുന്ന ആ നാട്ടുകാരോടും ഞങ്ങള്‍ ഇങ്ങോട്ട് പോരുമ്പോള്‍ ഞങ്ങളോടു കൂടെ ഉണ്ടായിരുന്ന യാത്രക്കാരോടും അങ്ങ് അന്വേഷിക്കുക. നിശ്ചയം ഞങ്ങള്‍ സത്യം പറയുന്നവര്‍ തന്നെയാണ്.''

وَسۡـَٔلِ ٱلۡقَرۡيَةَ ٱلَّتِي كُنَّا فِيهَا وَٱلۡعِيرَ ٱلَّتِيٓ أَقۡبَلۡنَا فِيهَاۖ وَإِنَّا لَصَٰدِقُونَ ۝٨٢
83

(അങ്ങനെ അവര്‍ വന്നു കാര്യങ്ങളവതരിപ്പിച്ചപ്പോള്‍) അദ്ദേഹം പറഞ്ഞു: ''അല്ല, എന്തോ ഒരു കാര്യം ചെയ്യുവാന്‍ നിങ്ങളുടെ മനസ്സുകള്‍ പ്രേരിപ്പിച്ചു. അതുവളരെ നല്ലതായി നിങ്ങള്‍ക്കു തോന്നി. അതിനാല്‍ ഭംഗിയായ ക്ഷമയാണ് (ഞാന്‍ കൈകൊള്ളുന്നത്). അല്ലാഹു അവരെല്ലാവരെയും (മൂന്നു പേരെയും) എന്റെ അടുക്കലേക്കു (ഒരു ദിവസം) കൊണ്ടു വന്നേക്കാം. നിശ്ചയമായും അവന്‍ സര്‍വ്വജ്ഞനും മഹായുക്തിമാനുമാകുന്നു.''

قَالَ بَلۡ سَوَّلَتۡ لَكُمۡ أَنفُسُكُمۡ أَمۡرٗاۖ فَصَبۡرٞ جَمِيلٌۖ عَسَى ٱللَّهُ أَن يَأۡتِيَنِي بِهِمۡ جَمِيعًاۚ إِنَّهُۥ هُوَ ٱلۡعَلِيمُ ٱلۡحَكِيمُ ۝٨٣
84

അദ്ദേഹം അവരെ വിട്ടുമാറുകയും യൂസുഫിനെ കുറിച്ചുള്ള എന്റെ ദുഃഖമേ എന്നു പറഞ്ഞു കരയുകയും ചെയ്തു. അങ്ങനെ ദുഃഖം മൂലം (കരഞ്ഞു കരഞ്ഞ്) കണ്ണുകള്‍ വെളുത്തു. അദ്ദേഹം നിറഞ്ഞ ദുഃഖിതനായിരുന്നു.

وَتَوَلَّىٰ عَنۡهُمۡ وَقَالَ يَٰٓأَسَفَىٰ عَلَىٰ يُوسُفَ وَٱبۡيَضَّتۡ عَيۡنَاهُ مِنَ ٱلۡحُزۡنِ فَهُوَ كَظِيمٞ ۝٨٤
85

അവര്‍ പറഞ്ഞു: അല്ലാഹുവിനെ തന്നെ സത്യം! അങ്ങ് ക്ഷീണിച്ചു മരിക്കാറാവുകയോ മരിച്ചവരില്‍ പെട്ടുപോവുകയോ ചെയ്യുന്നതുവരെ യൂസുഫിനെ ഓര്‍ത്തുകൊണ്ടേയിരിക്കുമല്ലോ, (കഷ്ടം)!

قَالُواْ تَٱللَّهِ تَفۡتَؤُاْ تَذۡكُرُ يُوسُفَ حَتَّىٰ تَكُونَ حَرَضًا أَوۡ تَكُونَ مِنَ ٱلۡهَٰلِكِينَ ۝٨٥
86

അദ്ദേഹം പറഞ്ഞു: ''നിശ്ചയം അല്ലാഹുവിങ്കല്‍ മാത്രം എന്റെ വ്യസനവും ദുഃഖവും ഞാന്‍ ബോധിപ്പിക്കുന്നു. നിങ്ങള്‍ അറിയാത്ത കാര്യങ്ങള്‍ അല്ലാഹുവിങ്കല്‍ നിന്നു ഞാന്‍ അറിയുന്നു.''

قَالَ إِنَّمَآ أَشۡكُواْ بَثِّي وَحُزۡنِيٓ إِلَى ٱللَّهِ وَأَعۡلَمُ مِنَ ٱللَّهِ مَا لَا تَعۡلَمُونَ ۝٨٦
87

'എന്റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും സഹോദരനെയും പറ്റി സൂക്ഷമാന്വേഷണം നടത്തുക. അല്ലാഹുവിന്റെ അനുഗ്രഹത്തെകുറിച്ചു നിരാശരാവരുത്. സത്യനിഷേധികളായ ജനത മാത്രമേ അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്നു നിരാശപ്പെടുകയുള്ളൂ.''

يَٰبَنِيَّ ٱذۡهَبُواْ فَتَحَسَّسُواْ مِن يُوسُفَ وَأَخِيهِ وَلَا تَاْيۡـَٔسُواْ مِن رَّوۡحِ ٱللَّهِۖ إِنَّهُۥ لَا يَاْيۡـَٔسُ مِن رَّوۡحِ ٱللَّهِ إِلَّا ٱلۡقَوۡمُ ٱلۡكَٰفِرُونَ ۝٨٧
88

അങ്ങനെ (ഈജിപ്തില്‍ എത്തി) യൂസുഫ് നബിയുടെ അടുത്ത് പ്രവേശിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ഓ അസീസ്, ഞങ്ങളെയും കുടുംബത്തെയും കടുത്ത ക്ഷാമം ബാധിച്ചിരിക്കുന്നു. അല്‍പം വില മാത്രമാണ് ഞങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്. അതിനാല്‍ ഞങ്ങള്‍ക്കു വേണ്ട ധാന്യം നല്‍കിയാലും! ഞങ്ങള്‍ക്കു ദാനം നല്‍കിയാലും!! നിശ്ചയമായും ദാനധര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കുന്നതാണ്.

فَلَمَّا دَخَلُواْ عَلَيۡهِ قَالُواْ يَٰٓأَيُّهَا ٱلۡعَزِيزُ مَسَّنَا وَأَهۡلَنَا ٱلضُّرُّ وَجِئۡنَا بِبِضَٰعَةٖ مُّزۡجَىٰةٖ فَأَوۡفِ لَنَا ٱلۡكَيۡلَ وَتَصَدَّقۡ عَلَيۡنَآۖ إِنَّ ٱللَّهَ يَجۡزِي ٱلۡمُتَصَدِّقِينَ ۝٨٨
89

അദ്ദേഹം ചോദിച്ചു: നിങ്ങള്‍ അറിവില്ലാത്തവരായിരുന്ന കാലത്ത് യൂസുഫിനെയും അവന്റെ സഹോദരനെയും കൊണ്ട് എന്തെല്ലാം ചെയ്തുവെന്നു നിങ്ങള്‍ക്കോര്‍മ്മയുണ്ടോ?

قَالَ هَلۡ عَلِمۡتُم مَّا فَعَلۡتُم بِيُوسُفَ وَأَخِيهِ إِذۡ أَنتُمۡ جَٰهِلُونَ ۝٨٩
90

അവര്‍ ചോദിച്ചു: അവിടന്നു തന്നെയാണോ യൂസുഫ്? അദ്ദേഹം പറഞ്ഞു: അതെ, ഞാന്‍ യൂസുഫാണ്; ഇത് (ബിന്‍യാമീന്‍) എന്റെ സഹോദരനും. നിശ്ചയമായും അല്ലാഹു ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. വല്ലവനും സൂക്ഷിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന പക്ഷം അത്തരം പുണ്യവാന്മാരുടെ പ്രതിഫലം അല്ലാഹു ഒരിക്കലും പാഴാക്കുകയില്ല. തീര്‍ച്ച.

قَالُوٓاْ أَءِنَّكَ لَأَنتَ يُوسُفُۖ قَالَ أَنَا۠ يُوسُفُ وَهَٰذَآ أَخِيۖ قَدۡ مَنَّ ٱللَّهُ عَلَيۡنَآۖ إِنَّهُۥ مَن يَتَّقِ وَيَصۡبِرۡ فَإِنَّ ٱللَّهَ لَا يُضِيعُ أَجۡرَ ٱلۡمُحۡسِنِينَ ۝٩٠
91

അവര്‍ പറഞ്ഞു: അല്ലാഹു തന്നെ സത്യം, ഞങ്ങള്‍ക്കില്ലാത്ത പല ശ്രേഷ്ഠതകളും അല്ലാഹു താങ്കള്‍ക്കു നല്‍കിയിരിക്കുന്നു. ഞങ്ങള്‍ കുറ്റക്കാര്‍ തന്നെയാണ്.

قَالُواْ تَٱللَّهِ لَقَدۡ ءَاثَرَكَ ٱللَّهُ عَلَيۡنَا وَإِن كُنَّا لَخَٰطِـِٔينَ ۝٩١
92

അദ്ദേഹം പറഞ്ഞു: ''ഇന്നു നിങ്ങളെപ്പറ്റി യാതൊരാക്ഷേപവുമില്ല. അല്ലാഹു നിങ്ങള്‍ക്കു പൊറുത്തു തരട്ടെ. അവന്‍ കാരുണികരില്‍ ഏറ്റവുമധികം കരുണ ചെയ്യുന്നവനാകുന്നു.''

قَالَ لَا تَثۡرِيبَ عَلَيۡكُمُ ٱلۡيَوۡمَۖ يَغۡفِرُ ٱللَّهُ لَكُمۡۖ وَهُوَ أَرۡحَمُ ٱلرَّٰحِمِينَ ۝٩٢
93

'നിങ്ങള്‍ എന്റെ കുപ്പായം കൊണ്ടുപോകുകയും പിതാവിന്റെ മുഖത്ത് അത് വെച്ചുകൊടുക്കുകയും ചെയ്യുക. എന്നാല്‍ അദ്ദേഹം കാഴ്ചയുള്ള ആളായി മാറും. എന്നിട്ട് നിങ്ങളുടെ കുടുംബങ്ങളെ എല്ലാം കൂട്ടി എന്റെ അടുത്തേക്ക് വരിക. ''

ٱذۡهَبُواْ بِقَمِيصِي هَٰذَا فَأَلۡقُوهُ عَلَىٰ وَجۡهِ أَبِي يَأۡتِ بَصِيرٗا وَأۡتُونِي بِأَهۡلِكُمۡ أَجۡمَعِينَ ۝٩٣
94

യാത്രാസംഘം (ഈജിപ്തില്‍ നിന്നു) പുറപ്പെട്ടപ്പോള്‍ അവരുടെ പിതാവ് പറഞ്ഞു: നിശ്ചയമായും യൂസുഫിന്റെ വാസന ഞാന്‍ അനുഭവിക്കുന്നു. വാര്‍ദ്ധക്യം മൂത്തു ബുദ്ധി നഷ്ടമായവന്‍ എന്നു എന്നെ നിങ്ങള്‍ കുറ്റപ്പെടുത്തുന്നില്ലെങ്കില്‍ (ഇതു വിശ്വസിക്കുമായിരുന്നു.)

وَلَمَّا فَصَلَتِ ٱلۡعِيرُ قَالَ أَبُوهُمۡ إِنِّي لَأَجِدُ رِيحَ يُوسُفَۖ لَوۡلَآ أَن تُفَنِّدُونِ ۝٩٤
95

കുടുംബത്തിലുള്ളവര്‍ പറഞ്ഞു: അല്ലാഹുവിനെ തന്നെ സത്യം, നിശ്ചയമായും താങ്കളിപ്പോഴും പഴയ പിഴച്ച ധാരണയില്‍ തന്നെയാണല്ലോ!

قَالُواْ تَٱللَّهِ إِنَّكَ لَفِي ضَلَٰلِكَ ٱلۡقَدِيمِ ۝٩٥
96

അങ്ങനെ ശുഭ വാര്‍ത്താവാഹകന്‍ വന്നപ്പോള്‍ ആ കുപ്പായം അദ്ദേഹത്തിന്റെ മുഖത്ത് വെച്ചു. തല്‍സമയം താന്‍ കാഴ്ചയുള്ള ആളായിത്തീര്‍ന്നു. ''നിശ്ചയമായും നിങ്ങളറിയാത്തതു അല്ലാഹുവിങ്കല്‍ നിന്നു ഞാനറിയുന്നുവെന്നു നിങ്ങളോട് ഞാന്‍ പറഞ്ഞിരുന്നില്ലേ'' എന്നദ്ദേഹം ചോദിച്ചു.

فَلَمَّآ أَن جَآءَ ٱلۡبَشِيرُ أَلۡقَىٰهُ عَلَىٰ وَجۡهِهِۦ فَٱرۡتَدَّ بَصِيرٗاۖ قَالَ أَلَمۡ أَقُل لَّكُمۡ إِنِّيٓ أَعۡلَمُ مِنَ ٱللَّهِ مَا لَا تَعۡلَمُونَ ۝٩٦
97

അവര്‍ അപേക്ഷിച്ചു: ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുകിട്ടുവാനായി അങ്ങ് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലും! നിശ്ചയമായും ഞങ്ങള്‍ കുറ്റവാളികളായിക്കഴിഞ്ഞിരിക്കുന്നു

قَالُواْ يَٰٓأَبَانَا ٱسۡتَغۡفِرۡ لَنَا ذُنُوبَنَآ إِنَّا كُنَّا خَٰطِـِٔينَ ۝٩٧
98

അദ്ദേഹം പറഞ്ഞു: ഞാന്‍ പിന്നീട് നിങ്ങള്‍ക്കു വേണ്ടി എന്റെ രക്ഷിതാവിനോടു പാപമോചനം തേടിക്കൊള്ളാം. അവന്‍ ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനും തന്നെയാണ്.

قَالَ سَوۡفَ أَسۡتَغۡفِرُ لَكُمۡ رَبِّيٓۖ إِنَّهُۥ هُوَ ٱلۡغَفُورُ ٱلرَّحِيمُ ۝٩٨
99

അങ്ങനെ അവര്‍ യൂസുഫ് നബിയുടെ അടുത്ത് പ്രവേശിച്ചപ്പോള്‍ മാതാപിതാക്കളെ തന്നിലേക്ക് അദ്ദേഹം ചേര്‍ത്തു. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നിര്‍ഭയരായി നിങ്ങള്‍ ഈജിപ്തില്‍ പ്രവേശിക്കുക എന്നദ്ദേഹം പ്രസ്താവിച്ചു.

فَلَمَّا دَخَلُواْ عَلَىٰ يُوسُفَ ءَاوَىٰٓ إِلَيۡهِ أَبَوَيۡهِ وَقَالَ ٱدۡخُلُواْ مِصۡرَ إِن شَآءَ ٱللَّهُ ءَامِنِينَ ۝٩٩
100

അദ്ദേഹം മാതാപിതാക്കളെ കട്ടിലില്‍ കയറ്റിയിരുത്തി. അവരെല്ലാവരും തനിക്കു സാഷ്ടാംഗം ചെയ്യുന്നവരായി വീണു. അദ്ദേഹം പറഞ്ഞു: എന്റെ വന്ദ്യപിതാവേ, ഞാന്‍ മുമ്പ് കണ്ട സ്വപ്നത്തിന്റെ പുലര്‍ച്ചയാണിത്. എന്റെ രക്ഷിതാവ് അത് സാക്ഷാല്‍കരിച്ചിരിക്കുന്നു. എന്നെ ജയിലില്‍ നിന്നു മോചിതനാക്കിയപ്പോഴും എന്റെയും സഹോദരന്മാരുടെയും ഇടയില്‍ പിശാച് കുഴപ്പം ഉണ്ടാക്കിയ ശേഷം നിങ്ങളെ മരുഭൂമിയില്‍ നിന്നു ഇവിടെ കൊണ്ടുവന്നപ്പോഴും എനിക്ക് അവന്‍ വലിയ ഗുണം ചെയ്തിട്ടുണ്ട്. നിശ്ചയമായും എന്റെ രക്ഷിതാവ് താനുദ്ദേശിക്കുന്ന കാര്യങ്ങള്‍ക്കു വളരെ ഗൂഢമായി പ്ലാനിടുന്നവനാണ്. അവന്‍ സര്‍വ്വജ്ഞനും മഹാ യുക്തിമാനുമാകുന്നു.

وَرَفَعَ أَبَوَيۡهِ عَلَى ٱلۡعَرۡشِ وَخَرُّواْ لَهُۥ سُجَّدٗاۖ وَقَالَ يَٰٓأَبَتِ هَٰذَا تَأۡوِيلُ رُءۡيَٰيَ مِن قَبۡلُ قَدۡ جَعَلَهَا رَبِّي حَقّٗاۖ وَقَدۡ أَحۡسَنَ بِيٓ إِذۡ أَخۡرَجَنِي مِنَ ٱلسِّجۡنِ وَجَآءَ بِكُم مِّنَ ٱلۡبَدۡوِ مِنۢ بَعۡدِ أَن نَّزَغَ ٱلشَّيۡطَٰنُ بَيۡنِي وَبَيۡنَ إِخۡوَتِيٓۚ إِنَّ رَبِّي لَطِيفٞ لِّمَا يَشَآءُۚ إِنَّهُۥ هُوَ ٱلۡعَلِيمُ ٱلۡحَكِيمُ ۝١٠٠
101

'എന്റെ രക്ഷിതാവേ, എനിക്കു നീ ആധിപത്യം നല്‍കുകയും സ്വപ്നങ്ങളുടെ വ്യാഖ്യാനം പഠിപ്പിക്കുകയും ചെയ്തു. ആകാശ ഭൂമികളുടെ സ്രഷ്ടാവേ, നീയാണ് ഇഹത്തിലും പരത്തിലും എന്റെ രക്ഷാധികാരി. എന്നെ നീ മുസ്‌ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ!'' (എന്നു യൂസുഫ് നബി പ്രാര്‍ത്ഥിച്ചു).

۞ رَبِّ قَدۡ ءَاتَيۡتَنِي مِنَ ٱلۡمُلۡكِ وَعَلَّمۡتَنِي مِن تَأۡوِيلِ ٱلۡأَحَادِيثِۚ فَاطِرَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ أَنتَ وَلِيِّۦ فِي ٱلدُّنۡيَا وَٱلۡأٓخِرَةِۖ تَوَفَّنِي مُسۡلِمٗا وَأَلۡحِقۡنِي بِٱلصَّٰلِحِينَ ۝١٠١
102

ഇതു അദൃശ്യ വാര്‍ത്തകളില്‍ പെട്ടതാണ്. താങ്കള്‍ക്ക് നാം വഹ്‌യ് നല്‍കിയതാണിത്. (യൂസുഫ് നബിക്കെതിരില്‍), ഗൂഢാലോചന നടത്തുന്നവരായി തങ്ങളുടെ പ്ലാന്‍ യോജിച്ചു തീരുമാനിച്ചപ്പോള്‍ അവരുടെ മുമ്പില്‍ താങ്കളുണ്ടായിരുന്നില്ലല്ലോ.

ذَٰلِكَ مِنۡ أَنۢبَآءِ ٱلۡغَيۡبِ نُوحِيهِ إِلَيۡكَۖ وَمَا كُنتَ لَدَيۡهِمۡ إِذۡ أَجۡمَعُوٓاْ أَمۡرَهُمۡ وَهُمۡ يَمۡكُرُونَ ۝١٠٢
103

താങ്കള്‍ എത്രതന്നെ ആഗ്രഹിച്ചാലും അധികമാളുകളും സത്യത്തില്‍ വിശ്വസിക്കുന്നവരല്ല.

وَمَآ أَكۡثَرُ ٱلنَّاسِ وَلَوۡ حَرَصۡتَ بِمُؤۡمِنِينَ ۝١٠٣
104

പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കു യാതൊരു പ്രതിഫലവും താങ്കള്‍ അവരോട് ആവശ്യപ്പെടുന്നില്ല. ഈ ഖുര്‍ആന്‍ ലോകര്‍ക്കെല്ലാം ഉല്‍ബോധനം മാത്രമാകുന്നു.

وَمَا تَسۡـَٔلُهُمۡ عَلَيۡهِ مِنۡ أَجۡرٍۚ إِنۡ هُوَ إِلَّا ذِكۡرٞ لِّلۡعَٰلَمِينَ ۝١٠٤
105

ആകാശ ഭൂമികളില്‍ എത്രയെത്ര ദൃഷ്ടാന്തങ്ങളാണുള്ളത്! അവയുടെ മുകളിലൂടെ അവരതാ നടന്നു പോകുന്നു. അവരാകട്ടെ ആ ദൃഷ്ടാന്തങ്ങളെ അശേഷം ഗൗനിക്കാത്തവരാണ്.

وَكَأَيِّن مِّنۡ ءَايَةٖ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ يَمُرُّونَ عَلَيۡهَا وَهُمۡ عَنۡهَا مُعۡرِضُونَ ۝١٠٥
106

അവരില്‍ അധികപേരും അല്ലാഹുവിനോട് മറ്റു വസ്തുക്കളെ പങ്കുചേര്‍ക്കുന്നവരായി മാത്രമേ അവനില്‍ വിശ്വസിക്കുന്നുള്ളൂ.

وَمَا يُؤۡمِنُ أَكۡثَرُهُم بِٱللَّهِ إِلَّا وَهُم مُّشۡرِكُونَ ۝١٠٦
107

അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്നു തങ്ങളെ ആകമാനം വലയം ചെയ്യുന്ന വല്ല ശിക്ഷയും വന്നെത്തുകയോ തങ്ങള്‍ ഓര്‍ക്കാത്ത നിലയില്‍ ലോകാവസാനം പെട്ടെന്നു വന്നുഭവിക്കുകയോ ചെയ്യുന്നതിനെപ്പറ്റി അവര്‍ നിര്‍ഭയരായിരിക്കുന്നുവോ?

أَفَأَمِنُوٓاْ أَن تَأۡتِيَهُمۡ غَٰشِيَةٞ مِّنۡ عَذَابِ ٱللَّهِ أَوۡ تَأۡتِيَهُمُ ٱلسَّاعَةُ بَغۡتَةٗ وَهُمۡ لَا يَشۡعُرُونَ ۝١٠٧
108

പറയുക: ഇതാണ് എന്റെ മാര്‍ഗം-അല്ലാഹുവിങ്കലേക്കു ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും തികഞ്ഞ ലക്ഷ്യത്തോട് കൂടെയാണ് നിലകൊള്ളുന്നത്. അല്ലാഹു പരിശുദ്ധനാണ്. ഞാന്‍ ബഹുദൈവ വിശ്വാസികളില്‍ പെട്ടവനല്ല.

قُلۡ هَٰذِهِۦ سَبِيلِيٓ أَدۡعُوٓاْ إِلَى ٱللَّهِۚ عَلَىٰ بَصِيرَةٍ أَنَا۠ وَمَنِ ٱتَّبَعَنِيۖ وَسُبۡحَٰنَ ٱللَّهِ وَمَآ أَنَا۠ مِنَ ٱلۡمُشۡرِكِينَ ۝١٠٨
109

താങ്കള്‍ക്കു മുമ്പ് പട്ടണവാസികളില്‍ നിന്നുള്ള പുരുഷന്മാരെ തന്നെയാണ് നാം റസൂലുകളായി നിയോഗിച്ചിരുന്നത്; അവര്‍ക്കു നാം ബോധനം നല്‍കുകയും ചെയ്തു. അവര്‍ (സത്യ നിഷേധികള്‍) ഭൂമിയില്‍ സഞ്ചരിക്കുകയും എന്നിട്ടു തങ്ങള്‍ക്കു മുമ്പുള്ളവരുടെ പരിണാമം എങ്ങനെ ആയിത്തീര്‍ന്നുവെന്നു നോക്കുകയും ചെയ്യുന്നില്ലേ? സൂക്ഷിച്ചു ജീവിക്കുന്നവര്‍ക്ക് പരലോക വീടാണുത്തമം. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുന്നില്ലേ?

وَمَآ أَرۡسَلۡنَا مِن قَبۡلِكَ إِلَّا رِجَالٗا نُّوحِيٓ إِلَيۡهِم مِّنۡ أَهۡلِ ٱلۡقُرَىٰٓۗ أَفَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَيَنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبۡلِهِمۡۗ وَلَدَارُ ٱلۡأٓخِرَةِ خَيۡرٞ لِّلَّذِينَ ٱتَّقَوۡاْۚ أَفَلَا تَعۡقِلُونَ ۝١٠٩
110

(പൂര്‍വ്വ സമുദായങ്ങള്‍ നിഷേധിച്ചപ്പോള്‍ ഉടനടി ശിക്ഷിച്ചിരുന്നില്ല.) അങ്ങനെ (അവരെ കുറിച്ചു) മുര്‍സലുകള്‍ നിരാശരാവുകയും തങ്ങളോട് (ദൈവദൂതന്മാര്‍) പറഞ്ഞിരുന്നതെല്ലാം കള്ളമായിരുന്നുവെന്നു ജനങ്ങള്‍ക്കും തോന്നിക്കഴിയുകയും ചെയ്തപ്പോള്‍ നമ്മുടെ സഹായം അവര്‍ക്കു വന്നുകിട്ടി. അങ്ങനെ നാം ഉദ്ദേശിക്കുന്നവര്‍ക്കു രക്ഷ ലഭിച്ചു. കുറ്റവാളികളില്‍ നിന്നു നമ്മുടെ ശിക്ഷ ഒരിക്കലും തട്ടിത്തിരിക്കപ്പെടുന്നതല്ല.

حَتَّىٰٓ إِذَا ٱسۡتَيۡـَٔسَ ٱلرُّسُلُ وَظَنُّوٓاْ أَنَّهُمۡ قَدۡ كُذِبُواْ جَآءَهُمۡ نَصۡرُنَا فَنُجِّيَ مَن نَّشَآءُۖ وَلَا يُرَدُّ بَأۡسُنَا عَنِ ٱلۡقَوۡمِ ٱلۡمُجۡرِمِينَ ۝١١٠
111

നിശ്ചയമായും അവരുടെ (പ്രവാചകന്മാരുടെയും സമുദായങ്ങളുടെയും) ചരിത്രങ്ങളില്‍ ബുദ്ധിമാന്‍മാര്‍ക്കു വലിയ പാഠമുണ്ട്. ഇതു (ഖുര്‍ആന്‍) കെട്ടിയുണ്ടാക്കാവുന്ന ഒരു വാര്‍ത്തയല്ല. പിന്നെയോ, ഇതിന്നു മുമ്പ് വന്നിട്ടുള്ള അല്ലാഹുവിന്റെ സന്ദേശങ്ങളെ ശരിവെക്കുന്നതും എല്ലാ കാര്യങ്ങളെയും വിശദീകരിക്കുന്നതും സത്യത്തില്‍ വിശ്വസിക്കുന്ന ജനതക്കു മാര്‍ഗ ദര്‍ശനവും കാരുണ്യവുമാകുന്നു.

لَقَدۡ كَانَ فِي قَصَصِهِمۡ عِبۡرَةٞ لِّأُوْلِي ٱلۡأَلۡبَٰبِۗ مَا كَانَ حَدِيثٗا يُفۡتَرَىٰ وَلَٰكِن تَصۡدِيقَ ٱلَّذِي بَيۡنَ يَدَيۡهِ وَتَفۡصِيلَ كُلِّ شَيۡءٖ وَهُدٗى وَرَحۡمَةٗ لِّقَوۡمٖ يُؤۡمِنُونَ ۝١١١