അലിഫ് ലാം റാ. തങ്ങളുടെ നാഥന്റെ അനുമതിയനുസരിച്ച് മനുഷ്യരെ അന്ധകാരങ്ങളില്‍ നിന്നു പ്രകാശത്തിലേക്ക് കൊണ്ടുവരാനായി താങ്കള്ക്കു നാമവതരിപ്പിച്ചു തന്ന വേദമാണിത്.
ഇബ്രാഹീം إبراهيم Ibrahim
സൂറത്ത് ഇബ്രാഹീം (Ibrahim), ഖുർആൻ അധ്യായം 14 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 52 ആയത്തുകൾ വായിക്കുക. Read Surah Ibrahim with Arabic text and മലയാളം translation.
-പ്രതാപശാലിയും സ്തുത്യര്‍ഹനുമായവന്റെ, ഭുവനവാനങ്ങളിലുള്ളവയുടെ ഉടമയായ അല്ലാഹുവിന്റെ പന്ഥാവിലേക്ക്- നിഷേധികള്‍ക്ക് ഗുരുതരശിക്ഷ മൂലം മഹാനാശം തന്നെയാണ് വരാനിരിക്കുന്നത്.
ഐഹിക ജീവിതത്തെ പാരത്രിക ജീവിതത്തേക്കാള്‍ ഇഷ്ടപ്പെടുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നു ജനങ്ങളെ തടയുകയും ആ മാര്‍ഗത്തെ വളച്ചൊടിക്കുവാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നവരാണവര്‍. അവര്‍ വിദൂരമായ വഴികേടിലാകുന്നു.
യാതൊരു റസൂലിനെയും അദ്ദേഹം തന്റെ ജനങ്ങള്‍ക്കു കാര്യങ്ങള്‍ വിവരിച്ചു കൊടുക്കുവാനായി അവരുടെ ഭാഷയിലല്ലാതെ നാം അയച്ചിട്ടില്ല. അങ്ങനെ താനുദ്ദേശിക്കുന്നവരെ അല്ലാഹു വഴി പിഴപ്പിക്കുകയും ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അവന്‍ പ്രതാപശാലിയും മികച്ച തന്ത്രജ്ഞനുമാകുന്നു.
സത്യമായും മൂസാനബിയെ (സ്വജനതയിലേക്കു) നമ്മുടെ ദൃഷ്ടാന്തങ്ങളോടുകൂടെ നാം അയച്ചു. (അദ്ദേഹത്തോട് നാം പറഞ്ഞു:) ഇരുട്ടുകളില്‍ നിന്നു പ്രകാശത്തിലേക്ക് താങ്കളുടെ ജനതയെ നയിക്കുകയും (പൂര്‍വ്വ സമുദായങ്ങളില്‍ കഠിന ശിക്ഷ നടന്ന) അല്ലാഹുവിന്റെ ആ ദിവസങ്ങളെപ്പറ്റി അവരെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുക. നിശ്ചയമായും അങ്ങേയറ്റം ക്ഷമ കൈക്കൊള്ളുകയും കൂടുതല്‍ നന്ദി കാണിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.
മൂസാനബി തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): ഫിര്‍ഔന്‍ കുടുംബത്തിന്റെ മര്‍ദ്ദനങ്ങളില്‍നിന്നു അല്ലാഹു നിങ്ങളെ രക്ഷിച്ചപ്പോള്‍ അവന്‍ ചെയ്തുതന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍ത്തുനോക്കുക. അവര്‍ നിങ്ങളെ കഠിന ശിക്ഷ അനുഭവിപ്പിച്ചും നിങ്ങളുടെ പുരുഷ സന്താനങ്ങളെ അറുകൊല ചെയ്തും സ്ത്രീ സന്താനങ്ങളെ ജീവിക്കാന്‍ വിട്ടും കൊണ്ടിരിക്കുകയായിരുന്നല്ലോ. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കടുത്ത പരീക്ഷണമായിരുന്നു അതിലുണ്ടായിരുന്നത്
നിങ്ങള്‍ നന്ദി കാണിക്കുന്നപക്ഷം നിശ്ചയമായും ഞാന്‍ അനുഗ്രഹങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും നന്ദികേട് കാണിച്ചാല്‍ എന്റെ ശിക്ഷ അതികഠിനം തന്നെയായിരിക്കുന്നതുമാണ്' എന്നു നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദര്‍ഭം (ഓര്‍ക്കുക എന്നും മൂസാനബി അവരെ ഉണര്‍ത്തി.)
മൂസാനബി പറഞ്ഞു: നിങ്ങളും ഭൂലോകത്തുള്ള എല്ലാവരും നന്ദികേട് കാണിച്ചാല്‍ തന്നെ (അല്ലാഹുവിന്നു ഒരു ദോഷവുമില്ല;) അല്ലാഹു നിശ്ചയമായും പരാശ്രയരഹിതനും സ്തുത്യര്‍ഹനുമാണ്.
നിങ്ങള്‍ക്കുമുമ്പ് ജീവിച്ചവരുടെ-നൂഹ് നബിയുടെ ജനത, ആദ് സമൂദ് എന്നീ സമുദായങ്ങള്‍, അവര്‍ക്കു ശേഷം ജീവിച്ചവര്‍-അവരെക്കുറിച്ചു അല്ലാഹുവിനല്ലാതെ അറിവില്ലതന്നെ-ചരിത്രം നിങ്ങള്‍ക്കറിയില്ലേ? തങ്ങളുടെ ദൂതന്മാര്‍ സ്പഷ്ടമായ ദൃഷ്ടാന്തങ്ങളും കൊണ്ട് അവരുടെ അടുക്കല്‍ ചെന്നു. അന്നേരം അവര്‍ വായില്‍ കൈവെക്കുകയാണ് ചെയ്തത്. നിങ്ങള്‍ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതിനെ ഞങ്ങള്‍ നിഷേധിക്കുകയും ഏതൊന്നിലേക്കു ക്ഷണിക്കുന്നുണ്ടോ അതില്‍ ഞങ്ങള്‍ ഏറെ സംശയിക്കുകയും ചെയ്യുന്നു എന്നവര്‍ പറയുകയും ചെയ്തു.
ദൂതന്മാര്‍ ചോദിച്ചു: ആകാശ ഭൂമികളെ സൃഷ്ടിച്ച അല്ലാഹുവിനെപ്പറ്റിയുണ്ടോ വല്ല സംശയവും? അവന്‍ ക്ഷണിക്കുന്നതു നിങ്ങളുടെ തെറ്റുകള്‍ മാപ്പുചെയ്തുതരുവാനും ഒരു നിശ്ചിത കാലം വരെ (മരണം വരെ ശിക്ഷ കൂടാതെ) നിങ്ങള്‍ക്ക് സമയം നീട്ടിയിട്ടുതരുവാനുമാകുന്നു. അവര്‍ പറഞ്ഞു: നിങ്ങള്‍ ഞങ്ങളെപ്പോലെയുള്ള മനുഷ്യര്‍ തന്നെയാണ്. ഞങ്ങളുടെ പൂര്‍വ്വപിതാക്കള്‍ ആരാധിച്ചു വന്നിരുന്ന ദൈവങ്ങളെ ആരാധിക്കുന്നതില്‍ നിന്നു ഞങ്ങളെ തടയണമെന്നാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ടു വ്യക്തമായ ഒരു (അമാനുഷിക) ദൃഷ്ടാന്തം നിങ്ങള്‍ കാണിച്ചു തരിക.
ദുതന്മാര്‍ അവരോട് പറഞ്ഞു: 'ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യര്‍ തന്നെയാണ്. പക്ഷേ അല്ലാഹു തന്റെ അടിമകളില്‍ അവനുദ്ദേശിക്കുന്നവരെ (പ്രവാചകത്വം കൊണ്ടും മറ്റും) അനുഗ്രഹിക്കുന്നു. അല്ലാഹുവിന്റെ അനുമതി കൂടാതെ നിങ്ങള്‍ക്കു ഒരു ദൃഷ്ടാന്തം കാണിക്കുക എന്നതു ഞങ്ങള്‍ക്കു സാധ്യമല്ല. അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവെ മാത്രം അവലംബമാക്കിക്കൊള്ളട്ടെ.'
രക്ഷാമാര്‍ഗത്തില്‍ അല്ലാഹു ഞങ്ങളെ ചേര്‍ത്തി തന്നിരിക്കെ എങ്ങനെയാണ് അവനെ അവലംബമാക്കാതിരിക്കുക! നിങ്ങളേല്‍പിച്ചുകൊണ്ടിരിക്കുന്ന മര്‍ദ്ദനങ്ങള്‍ ഞങ്ങള്‍ സഹിക്കുക തന്നെ ചെയ്യും. എന്നാല്‍ ഭരമേല്‍പിക്കുന്നവര്‍ അല്ലാഹുവെ തന്നെ ഭരമേല്‍പിക്കട്ടെ!
സത്യനിഷേധികള്‍ അവരുടെ ദൂതന്മാരോട് പറഞ്ഞു: 'നിശ്ചമായും ഞങ്ങള്‍ നാട്ടില്‍നിന്നു നിങ്ങളെ പുറത്താക്കും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക് വരണം. രണ്ടിലൊന്നു കൂടിയേ കഴിയൂ.' അപ്പോള്‍ ആ ദുതന്മാരുടെ രക്ഷിതാവ് അവര്‍ക്ക് സന്ദേശം നല്‍കി: 'നിശ്ചയമായും ഈ അക്രമികളെ നാം നശിപ്പിക്കുക തന്നെ ചെയ്യും;
എന്നിട്ട് അവര്‍ നശിച്ച ശേഷം ഈ ഭൂമിയില്‍ നിങ്ങളെ നാം നിവസിപ്പിക്കും. എന്റെ മുന്നില്‍ നില്‍ക്കുന്നതിനെ ഭയപ്പെടുകയും എന്റെ താക്കീതിനെ പേടിക്കുകയും ചെയ്യുന്നവര്‍ക്കാണിത്.' (ഈ ആനുകൂല്യം ലഭിക്കുക.)
പ്രവാചകര്‍ വിജയത്തിന്നു പ്രാര്‍ത്ഥിച്ചു. അഹങ്കാരികളും സത്യത്തെ എതിര്‍ക്കുന്നവരുമായ എല്ലാവരും പരാജയമടഞ്ഞു.
അവന്റെ വഴിയെ നരകവുമുണ്ട്; രക്തവും ചലവും കലര്ന്ന് ദ്രാവകമാണവന്ന് കുടിപ്പിക്കപ്പെടുക.
അത് കീഴ്‌പോട്ടിറക്കാനവന്‍ സാഹസപ്പെട്ടുനോക്കും; പക്ഷെ, കഴിയുമാറാകില്ല. മരണം എല്ലാ സ്ഥലത്തുനിന്നും അവനുനേരെ വരും, എന്നാല്‍ മരിക്കുകയുമില്ല. അതിനു ശേഷവുമുണ്ട് കഠോരമായ ശിക്ഷ!
തങ്ങളുടെ രക്ഷിതാവിനെ നിഷേധിച്ചവരുടെ നില, അവരുടെ പ്രവൃത്തികള്‍ കൊടു ങ്കാറ്റുള്ള ദിവസത്തില്‍ കാറ്റത്ത് പാറിപ്പോകുന്ന വെണ്ണീര്‍ പോലെയാകുന്നു. സമ്പാദിച്ചതൊന്നും അനുഭവിക്കാന്‍ അവര്‍ക്കു കഴിയുന്നതല്ല. അതു (അവരുടെ ഈ നില) സത്യത്തില്‍നിന്നു വിദൂരമായ വ്യതിചലനം തന്നെയാണ്.
നിശ്ചയമായും അല്ലാഹു ആകാശഭൂമികളെ യുക്തി പൂര്‍വ്വമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നു താങ്കള്‍ മനസ്സിലാക്കിയിട്ടില്ലേ? ഉദ്ദേശിക്കുന്ന പക്ഷം അവന്‍ നിങ്ങളെ നശിപ്പിക്കുന്നതും ഒരു പുതിയ ജനതയെ കൊണ്ടുവരുന്നതുമാണ്.
അതു അല്ലാഹുവിന്നു ഒട്ടും പ്രയാസമുള്ളതല്ല.
(പരലോകത്ത്) അവരെല്ലാവരും അല്ലാഹുവിന്റെ മുമ്പില്‍ ഹാജറാകും. അന്നേരം പാവങ്ങള്‍ (അനുയായികള്‍) അഹംഭാവം നടിച്ചിരുന്നവരോട് (നേതാക്കളോട്) ചോദിക്കും: 'ഞങ്ങള്‍ നിങ്ങളുടെ അനുയായികള്‍ തന്നെയായിരുന്നു; അതുകൊണ്ട് അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്നു വല്ലതും ഞങ്ങളില്‍ നിന്നു ഒഴിവാക്കി തരുവാന്‍ നിങ്ങള്‍ക്ക് കഴിയുമോ?' അപ്പോള്‍ നേതാക്കള്‍ പറയും: അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കിയിരുന്നെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്കും നേര്‍വഴി കാണിച്ചു തരുമായിരുന്നു. (ഇന്നു) നാം അക്ഷമ കാണിച്ചു, അല്ലെങ്കില്‍ ക്ഷമിച്ചു-രണ്ടും ഫലത്തില്‍ സമമാകുന്നു. നമുക്ക് യാതൊരു രക്ഷാമാര്‍ഗവുമില്ല തന്നെ.
വിധി നടത്തപ്പെട്ടുകഴിഞ്ഞാല്‍ (സ്വര്‍ഗാവകാശികളെയും നരകാവകാശികളെയും അതതുസ്ഥലങ്ങളില്‍ ആക്കിക്കഴിഞ്ഞാല്‍) പിശാച് പ്രഖ്യാപിക്കും: നിശ്ചയമായും അല്ലാഹു നിങ്ങളോട് സത്യമായ ചില വാഗ്ദാനങ്ങള്‍ ചെയ്തു. ഞാനും നിങ്ങളോട് ചില വാഗ്ദാനങ്ങള്‍ ചെയ്കയുണ്ടായി. എന്നാല്‍ നിങ്ങളോട് ചെയ്ത വാഗ്ദാനം ഞാന്‍ ലംഘിച്ചിരിക്കുന്നു. നിങ്ങളെ നിര്‍ബന്ധിക്കുവാന്‍ യാതൊരു അധികാര ശക്തിയും എനിക്കുണ്ടായിരുന്നില്ല. പക്ഷേ നിങ്ങളെ (എന്റെ മാര്‍ഗത്തിലേക്ക്) ഞാന്‍ വിളിച്ചു; അപ്പോള്‍ നിങ്ങളതു സ്വീകരിച്ചു എന്നു മാത്രം. അതിനാല്‍ എന്നെ നിങ്ങള്‍ കുറ്റപ്പെടുത്തരുത്. നിങ്ങള്‍ സ്വയം തന്നെ കുറ്റപ്പെടുത്തിക്കൊള്ളുക. എനിക്കു നിങ്ങളെ രക്ഷിക്കുവാനോ നിങ്ങള്‍ക്ക് എന്നെ രക്ഷിക്കുവാനോ (ഇന്നു) കഴിയുന്നതല്ല. നിങ്ങള്‍ എന്നെ മുമ്പ് അല്ലാഹുവിനോട് പങ്കുചേര്‍ത്തതിനെ നിശ്ചയമായും ഞാന്‍ നിഷേധിക്കുന്നു. അക്രമികള്‍ക്ക് വേദനാജനകമായ ശിക്ഷതന്നെയാണ് ലഭിക്കുക.
സത്യവിശ്വാസം കൈകൊള്ളുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരെ അടിഭാഗത്ത് കൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളില്‍ പ്രവേശിപ്പിക്കപ്പെടും. തങ്ങളുടെ രക്ഷിതാവിന്റെ അനുമതിയോടെ അവരതില്‍ ശാശ്വതമായി നിവസിക്കുന്നതാണ്. അവിടെ അവരുടെ അഭിവാദ്യം സലാമാകുന്നു.
ഒരു നല്ല വചനത്തിന്നു അല്ലാഹു ഉപമ കാണിച്ചതെങ്ങനെയെന്നു താങ്കള്‍ കണ്ടില്ലേ? അതൊരു നല്ല വൃക്ഷം പോലെയാണ്. അതിന്റെ മുരട് ഭൂമിയില്‍ ശരിക്കു ഊന്നിപ്പിടിക്കുകയും ശാഖകള്‍ വളരെ പൊക്കത്തില്‍ വളര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു
അതെപ്പോഴും അല്ലാഹുവിന്റെ അനുമതിയോടെ പഴങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. മനുഷ്യര്‍ ചിന്തിച്ചു ഗ്രഹിക്കുവാന്‍ വേണ്ടി അല്ലാഹു അവര്‍ക്കു ഉപമകള്‍ വിവരിച്ചുകൊടുക്കുകയാണ്.
തെറ്റായ ഒരു വചനത്തിന്റെ സ്ഥിതി ഭൂമിയുടെ മുകളില്‍ നിന്നു പറിച്ചെടുക്കപ്പെട്ട ചീത്തയായ ഒരു വൃക്ഷം പോലെയാണ്. അതിന്നു തീരേ നിലനില്‍പില്ല.
സത്യവിശ്വാസികളെ സ്ഥിരമായ വചനം മൂലം ഐഹിക ജീവിതത്തിലും പാരത്രിക ജീവിതത്തിലും അല്ലാഹു ഉറപ്പിച്ചുനിറുത്തുകയും അക്രമികളെ അല്ലാഹു വഴിപിഴപ്പിക്കുകയും ചെയ്യും. താനുദ്ദേശിക്കുന്നതു അല്ലാഹു ചെയ്യുന്നു.
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് കൃതജ്ഞതയ്ക്കു പകരം കൃതഘ്‌നത കാട്ടുകയും സ്വന്തം ജനത്തെ നാശത്തിന്റെ സങ്കേതമായ നരകത്തില്‍ ആപതിപ്പിക്കുകയും ചെയ്തവരെ താങ്കള്‍ കാണുന്നില്ലേ?
അതില്‍ (നരകത്തില്‍) പ്രവേശിച്ച് അവര്‍ നരകിക്കും. എത്ര ദുഷിച്ച സങ്കേതമാണത്!
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നു ജനങ്ങളെ തെറ്റിക്കേണ്ടതിന്നായി അവന്ന് ചില തുല്യശക്തികളെ അവര്‍ സ്ഥാപിച്ചു. താങ്കള്‍ പറയുക: നിങ്ങള്‍ (അല്‍പ ദിവസം) സുഖിച്ചു കൊള്ളുക; നിങ്ങളുടെ മടക്കം നരകത്തിലേക്കു തന്നെയാണ്.
സത്യവിശ്വാസികളായ എന്റെ അടിമകളോട് പറയുക. എന്നാല്‍ അവര്‍ നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുന്നതും യാതൊരു ക്രയവിക്രയങ്ങളും മൈത്രീ ബന്ധങ്ങളും നടക്കാത്ത ഒരു ദിവസം വന്നെത്തും മുമ്പ് തന്നെ നാം കൊടുത്തതില്‍ നിന്നു രഹസ്യമായും പരസ്യമായും അവര്‍ ചെലവു ചെയ്യുന്നതുമാണ്.
ഭുവനവാനങ്ങളെ സൃഷ്ടിക്കുകയും ആകാശത്തുനിന്നു മഴ പെയ്യിച്ച് അതുമൂലം നിങ്ങള്‍ക്ക് ആഹാരത്തിന്നായി ചില പഴങ്ങള്‍ ഉല്‍പാദിപ്പിക്കുകയും തന്റെ കല്‍പനയനുസരിച്ചു കപ്പലുകള്‍ സമുദ്രത്തില്‍ സഞ്ചരിക്കുവാനായി സ്വാധീനിച്ചുതരികയും നദികളെ സ്വാധീനപ്പെടുത്തി തരികയും ചെയ്തവനാകുന്നു അല്ലാഹു.
ഇടമുറിയാതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയില്‍ സൂര്യനെയും ചന്ദ്രനെയും നിങ്ങള്‍ക്കു വഴിപ്പെടുത്തിതരികയും രാപ്പകലുകളെ കീഴ്‌പ്പെടുത്തുകയും ചെയ്തിരിക്കുന്നവനുമാണ് (അല്ലാഹു).
(മാത്രമല്ല) നിങ്ങള്‍ അവനോട് ആവശ്യപ്പെടുന്നതില്‍ നിന്നെല്ലാം അവന്‍ നിങ്ങള്‍ക്കു നല്‍കിയിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എണ്ണിനോക്കുവാന്‍ ശ്രമിക്കുന്നപക്ഷം അതുകണക്കാക്കുവാന്‍ നിങ്ങള്‍ക്കു കഴിയുന്നതല്ല. മനുഷ്യന്‍ കടുത്ത അക്രമിയും തീരെ നന്ദിയില്ലാത്തവനും തന്നെയാണ്.
ഇബ്രാഹീം നബി പ്രാര്‍ത്ഥിച്ച സന്ദര്‍ഭം (ഓര്‍ക്കുക): എന്റെ രക്ഷിതാവേ, ഈ രാജ്യം നീ നിര്‍ഭയമാക്കുകയും എന്നെയും സന്താനങ്ങളെയും ബിംബാരാധനയില്‍ നിന്നു അകറ്റി നിറുത്തുകയും ചെയ്യേണമേ!
എന്റെ രക്ഷിതാവേ, ഈ വിഗ്രഹങ്ങള്‍ ഒട്ടധികം മനുഷ്യരെ വഴിപിഴപ്പിച്ചിരിക്കുന്നു. അതുകൊണ്ട്, എന്നെ ആരെങ്കിലും പിന്‍പറ്റിയാല്‍ അവന്‍ എന്റെ കൂട്ടത്തില്‍ പെട്ടവനാകുന്നു. ആരെങ്കിലും എന്റെ നിര്‍ദ്ദേശം ലംഘിക്കുന്നപക്ഷം നിശ്ചയമായും നീ വളരെ പൊറുക്കുന്നവനും പരമകാരുണികനുമാണല്ലോ.
ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്താനങ്ങളില്‍ ചിലരെ കൃഷിയില്ലാത്ത ഒരു താഴ്‌വരയില്‍ നിന്റെ ആദരണീയ മന്ദിരത്തിനടുത്തു ഞാനിതാ കുടിയിരുത്തിയിരിക്കുന്നു. രക്ഷിതാവേ, അവര്‍ നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുവാനാണ് (ഞാനിതു ചെയ്തിരിക്കുന്നത്). അതുകൊണ്ടു മനുഷ്യരില്‍ ചിലരുടെ ഹൃദയങ്ങളെ ഇവരുടെ നേരെ സ്‌നേഹം കാണിക്കുന്നതാക്കുകയും നന്ദിയുള്ളവരായിരിക്കാന്‍ ഇവര്‍ക്കു പഴങ്ങള്‍ ആഹാരം നല്‍കുകയും ചെയ്യേണമേ!
38. രക്ഷിതാവേ, ഞങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതുമെല്ലാം നിശ്ചയമായും നീ അറിയുന്നു. ആകാശത്തോ ഭൂമിയിലോ ഉള്ള ഒരു കാര്യവും അല്ലാഹുവിന്നു അപ്രത്യക്ഷമായി പോകുന്നതല്ല.
വാര്‍ദ്ധക്യ ദശയില്‍ എനിക്കു ഇസ്മാഈലിനെയും ഇസ്ഹാഖിനെയും ദാനം ചെയ്ത അല്ലാഹുവിന്നു എല്ലാ സ്തുതിയും. നിശ്ചയമായും എന്റെ രക്ഷിതാവ് പ്രാര്‍ത്ഥന സ്വീകരിക്കുന്നവന്‍ തന്നെയാണ്.
രക്ഷിതാവേ, എന്നെ നീ നമസ്‌കാരം നിലനിറുത്തുന്നവനാക്കേണമേ! എന്റെ സന്താനങ്ങളില്‍ പെട്ടവര്‍ക്കും (അതിന്നു സൗഭാഗ്യം നല്‍കേണമേ!) ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാര്‍ത്ഥന നീ സ്വീകരിക്കേണമേ!
ഞങ്ങളുടെ രക്ഷിതാവേ, വിചാരണാദിവസം എനിക്കും എന്റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും നീ പൊറുത്തുതരേണേമ!
അക്രമികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു അല്ലാഹു അശ്രദ്ധനാണെന്നു താങ്കള്‍ ഒരിക്കലും ധരിച്ചുപോകരുത്. (ഭയം നിമിത്തം) കണ്ണുകള്‍ മേലോട്ടു തുറിച്ചുനോക്കിക്കൊണ്ടു നില്‍ക്കുന്ന ഒരു ഭയങ്കര ദിവസത്തിലേക്കു അവരുടെ കാര്യം അവന്‍ നീട്ടിവെച്ചിരിക്കുക മാത്രമാണ്.
അന്നു അവര്‍ ധൃതിപ്പെട്ടവരായും തല ഉയര്‍ത്തിപ്പിടിച്ചവരായും (വിളിക്കുന്നവന്റെ അടുക്കലേക്ക്) വരുന്നതാണ്. കണ്ണുകള്‍ അവരിലേക്കു തിരിഞ്ഞുനോക്കുകയില്ല. അവരുടെ ഹൃദയങ്ങള്‍ (വിചാര വികാരങ്ങള്‍ നശിച്ചു) ശൂന്യങ്ങളുമായിരിക്കും.
മനുഷ്യര്‍ക്കു ശിക്ഷ വന്നെത്തുന്ന ദിവസത്തെക്കുറിച്ചു അവരെ താക്കീതുചെയ്യുക. അപ്പോള്‍ അക്രമികള്‍ പ്രാര്‍ത്ഥിക്കും: 'ഞങ്ങളുടെ രക്ഷിതാവേ, അല്‍പകാലത്തേക്കുകൂടി നീ ഞങ്ങള്‍ക്ക് സമയം നീട്ടിതരേണമേ! എന്നാല്‍ ഞങ്ങള്‍ നിന്റെ വിളി സ്വീകരിക്കുകയും നിന്റെ ദൂതന്മാരെ പിന്‍പറ്റുകയും ചെയ്തുകൊള്ളാം.' (അന്നേരം അല്ലാഹു ചോദിക്കും:) 'നിങ്ങള്‍ക്കു (ഭൗതിക ജീവിതത്തില്‍നിന്നു) ഒരു സ്ഥലമാറ്റമുണ്ടാവുകയേയില്ലെന്നു നിങ്ങള്‍ മുമ്പു സത്യം ചെയ്തിട്ടുണ്ടായിരുന്നില്ലേ?'
സ്വന്തം ആത്മാക്കളോട് അക്രമം പ്രവര്‍ത്തിച്ചവരുടെ പാര്‍പ്പിടങ്ങളില്‍ നിങ്ങള്‍ നിവസിക്കുകയും അവരെക്കൊണ്ട് എങ്ങനെയാണ് നാം ചെയ്തതെന്നു നിങ്ങള്‍ക്കു ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പല ഉദാഹരണങ്ങളും നിങ്ങള്‍ക്കു നാം എടുത്തുകാണിച്ചുതരികയും ചെയ്തു.'
തങ്ങളാല്‍ കഴിയുന്ന കുതന്ത്രങ്ങളൊക്കെ അവര്‍ പ്രയോഗിച്ചു. അവരുടെ കുതന്ത്രങ്ങള്‍ (ക്കുള്ള പ്രതിഫലം) അല്ലാഹുവിങ്കലുണ്ട്. അവരുടെ കുതന്ത്രം പര്‍വ്വതങ്ങള്‍ സ്ഥാനം തെറ്റിപ്പോകത്തക്കതൊന്നുമായിട്ടില്ല.
അതുകൊണ്ട്, തന്റെ ദൂതന്മാരോട് ചെയ്ത വാഗ്ദാനം ലംഘിക്കുന്നവനാണെന്നു അല്ലാഹുവിനെ പറ്റി ഒരിക്കലും ധരിച്ചു പോകരുത്. നിശ്ചയമായും അല്ലാഹു പ്രതാപശാലിയും കുറ്റക്കാരെ ശിക്ഷിക്കുന്നവനുമാകുന്നു.
48. ഈ ഭൂമിയെ മറ്റൊരു ഭൂമിയായും ആകാശങ്ങളെ വേറെ ആകാശങ്ങളായും മാറ്റപ്പെടുകയും അവരെല്ലാവരും ഏകനും എല്ലാവരെയും അടക്കിഭരിക്കുന്നവനുമായ അല്ലാഹുവിന്റെ മുമ്പില്‍ ഹാജരാവുകയും ചെയ്യുന്ന ദിവസം (അതു നടക്കുന്നതാണ്).
അന്ന് ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടവരായി കുറ്റവാളികളെ താങ്കള്‍ കാണും.
അവരുടെ കുപ്പായങ്ങള്‍ പന്തം കൊണ്ടുള്ളതായിരിക്കുന്നതും അവരുടെ മുഖങ്ങളെ അഗ്നി മൂടുന്നതുമാണ്.
ഓരോരുത്തര്‍ക്കും അവര്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം നല്‍കുവാനാണ് അല്ലാഹു (മേല്‍പ്രകാരം ചെയ്തത്). നിശ്ചയമായും അല്ലാഹു വളരെ വേഗം വിചാരണ ചെയ്യുന്നവനാകുന്നു.
ഈ ഖുര്‍ആന്‍ ജനങ്ങള്‍ക്കൊരു ഉദ്‌ബോധനമത്രേ. അതുവഴി അവരെ താക്കീതു ചെയ്യുവാനും അവന്‍ ഏക ഇലാഹ് തന്നെയാണ് എന്ന് അവര്‍ ഗ്രഹിക്കുവാനും ബുദ്ധിമാന്‍മാര്‍ ശ്രദ്ധിക്കുവാനും വേണ്ടിയാണ് (അല്ലാഹു ഇതവതരിപ്പിച്ചിരിക്കുന്നത്).