Sunday, 11 October 2026 Hijri: — 08:25:19 pm
MalayalamQuran.in
ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam
Quran translation reader

അസ്സുഖ്റുഫ് الزخرف Az-Zukhruf

Surah 43 മക്കിയ്യ • مكية • Makkiyah 89 ആയത്തുകൾ • 89 Ayahs

സൂറത്ത് അസ്സുഖ്റുഫ് (Az-Zukhruf), ഖുർആൻ അധ്യായം 43 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 89 ആയത്തുകൾ വായിക്കുക. Read Surah Az-Zukhruf with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

ഹാമീം

حمٓ ۝١
2

സ്പഷ്ടമായ ഈ വേദം തന്നെയാണ് (സത്യം).

وَٱلۡكِتَٰبِ ٱلۡمُبِينِ ۝٢
3

നിശ്ചയമായും ഇതിനെ നാം അറബി ഭാഷയിലുള്ള ഖുര്‍ആനാക്കിയിരിക്കുന്നു. നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി.

إِنَّا جَعَلۡنَٰهُ قُرۡءَٰنًا عَرَبِيّٗا لَّعَلَّكُمۡ تَعۡقِلُونَ ۝٣
4

അതു ഒരു മൂലഗ്രന്ഥത്തില്‍ നമ്മുടെ അടുക്കല്‍ ഉന്നതപദവിയിലിരിക്കുന്നതും തത്ത്വങ്ങളാല്‍ നിറക്കപ്പെട്ടതും തന്നെയാകുന്നു.

وَإِنَّهُۥ فِيٓ أُمِّ ٱلۡكِتَٰبِ لَدَيۡنَا لَعَلِيٌّ حَكِيمٌ ۝٤
5

എന്നിരിക്കെ നിങ്ങള്‍ അതിരുവിട്ടുപോയ ഒരു ജനതയായിരിക്കയാല്‍ നിങ്ങളില്‍ നിന്ന് ഈ ഖുര്‍ആനെ നാം നീക്കിക്കളയുമോ?

أَفَنَضۡرِبُ عَنكُمُ ٱلذِّكۡرَ صَفۡحًا أَن كُنتُمۡ قَوۡمٗا مُّسۡرِفِينَ ۝٥
6

പൂര്‍വികരില്‍ എത്രയെത്ര നബിമാരെയാണ് നാം അയച്ചത്.

وَكَمۡ أَرۡسَلۡنَا مِن نَّبِيّٖ فِي ٱلۡأَوَّلِينَ ۝٦
7

ഏതൊരു നബി അവരുടെ അടുക്കല്‍ ചെന്നാലും അവരദ്ദേഹത്തെ പരിഹസിക്കാതെ വിട്ടിട്ടില്ല.

وَمَا يَأۡتِيهِم مِّن نَّبِيٍّ إِلَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ ۝٧
8

തന്നിമിത്തം ഇവരേക്കാള്‍ കൈയൂക്കില്‍ ശക്തരായിരുന്നവരെ നാം നശിപ്പിച്ചുകളഞ്ഞിട്ടുണ്ട്. പൂര്‍വികരുടെ (ശിക്ഷയുടെ) ഉപമകള്‍ (മുമ്പ് ഖുര്‍ആനില്‍) കഴിഞ്ഞുപോയിരിക്കുന്നു.

فَأَهۡلَكۡنَآ أَشَدَّ مِنۡهُم بَطۡشٗا وَمَضَىٰ مَثَلُ ٱلۡأَوَّلِينَ ۝٨
9

ആകാശഭൂമികളെ സൃഷ്ടിച്ചതാരാണെന്ന് താങ്കള്‍ അവരോട് ചോദിച്ചാല്‍ പ്രതാപവാനും സര്‍വജ്ഞനുമായ അല്ലാഹുവാണ് അവ സൃഷ്ടിച്ചതെന്ന് അവര്‍ പറയും.

وَلَئِن سَأَلۡتَهُم مَّنۡ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ لَيَقُولُنَّ خَلَقَهُنَّ ٱلۡعَزِيزُ ٱلۡعَلِيمُ ۝٩
10

അതെ, അവന്‍ നിങ്ങള്‍ക്ക് ഭൂമിയെ ഒരു വിരിപ്പാക്കിത്തരികയും (ഉദ്ദിഷ്ട സ്ഥാനങ്ങളിലേക്ക്) നിങ്ങള്‍ എത്തിച്ചേരുവാന്‍ അതില്‍ നിങ്ങള്‍ക്ക് വഴികള്‍ ഒരുക്കിത്തരികയും ചെയ്തിരിക്കുന്നു.

ٱلَّذِي جَعَلَ لَكُمُ ٱلۡأَرۡضَ مَهۡدٗا وَجَعَلَ لَكُمۡ فِيهَا سُبُلٗا لَّعَلَّكُمۡ تَهۡتَدُونَ ۝١٠
11

അവന്‍ ആകാശത്തു നിന്ന് ഒരു തോതനുസരിച്ച് വെള്ളം ഇറക്കിത്തരികയും ചെയ്തിരിക്കുന്നു. (അങ്ങനെയുള്ളവനാണവന്‍.) എന്നിട്ട് അത് (വെള്ളം) മൂലം നാം (അല്ലാഹു) നിര്‍ജീവരാജ്യത്തെ ജീവിപ്പിച്ചു. അതുപോലെ നിങ്ങള്‍ (ഖബ്‌റുകളില്‍ നിന്ന്) പുറത്തേക്ക് കൊണ്ടുവരപ്പെടുന്നതാകുന്നു.

وَٱلَّذِي نَزَّلَ مِنَ ٱلسَّمَآءِ مَآءَۢ بِقَدَرٖ فَأَنشَرۡنَا بِهِۦ بَلۡدَةٗ مَّيۡتٗاۚ كَذَٰلِكَ تُخۡرَجُونَ ۝١١
12

എല്ലാ ഇണവസ്തുക്കളെയും സൃഷ്ടിച്ചവനുമാണവന്‍. നിങ്ങള്‍ക്ക് യാത്ര ചെയ്യുവാനുള്ള കപ്പലുകളെയും അവന്‍ നിങ്ങള്‍ക്ക് ഏര്‍പ്പെടുത്തിത്തന്നിരിക്കുന്നു.

وَٱلَّذِي خَلَقَ ٱلۡأَزۡوَٰجَ كُلَّهَا وَجَعَلَ لَكُم مِّنَ ٱلۡفُلۡكِ وَٱلۡأَنۡعَٰمِ مَا تَرۡكَبُونَ ۝١٢
13

നിങ്ങള്‍ക്ക് അവയുടെ പുറത്ത് ശരിക്ക് കയറിയിരിക്കുവാനും പിന്നെ അതിന്മേല്‍ കയറി ശരിയായാല്‍ നിങ്ങളുടെ രക്ഷിതാവിന്റെ അനുഗ്രഹം നിങ്ങളോര്‍ക്കുവാനും നിങ്ങള്‍ ഇങ്ങനെ പറയുവാനും വേണ്ടി: ഇതിനെ ഞങ്ങള്‍ക്ക് കീഴ്‌പ്പെടുത്തിത്തന്നവന്‍ മഹാപരിശുദ്ധന്‍! ഞങ്ങള്‍ (സ്വന്തമായി) ഇതിനെ കീഴ്‌പ്പെടുത്തുവാന്‍ കഴിവുള്ളവരായിരുന്നില്ല.

لِتَسۡتَوُۥاْ عَلَىٰ ظُهُورِهِۦ ثُمَّ تَذۡكُرُواْ نِعۡمَةَ رَبِّكُمۡ إِذَا ٱسۡتَوَيۡتُمۡ عَلَيۡهِ وَتَقُولُواْ سُبۡحَٰنَ ٱلَّذِي سَخَّرَ لَنَا هَٰذَا وَمَا كُنَّا لَهُۥ مُقۡرِنِينَ ۝١٣
14

നിശ്ചയമായും ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് ഞങ്ങള്‍ മടങ്ങിച്ചെല്ലുന്നവരാണ്.

وَإِنَّآ إِلَىٰ رَبِّنَا لَمُنقَلِبُونَ ۝١٤
15

അല്ലാഹുവിന് അവന്റെ അടിമകളില്‍ നിന്ന് സന്താനങ്ങളെ അവര്‍ സ്ഥാപിച്ചിരിക്കുന്നു. നിശ്ചയമായും മനുഷ്യന്‍ പ്രത്യക്ഷമായ നന്ദിയില്ലാത്തവന്‍ തന്നെ.

وَجَعَلُواْ لَهُۥ مِنۡ عِبَادِهِۦ جُزۡءًاۚ إِنَّ ٱلۡإِنسَٰنَ لَكَفُورٞ مُّبِينٌ ۝١٥
16

അതല്ല, താന്‍ സൃഷ്ടിക്കുന്നതില്‍ ചിലതിനെ അവന്‍ പെണ്‍മക്കളാക്കിവെക്കുകയും ആണ്‍മക്കളെ നിങ്ങള്‍ക്ക് പ്രത്യേകമാക്കിത്തരികയും ചെയ്തിരിക്കയാണോ!

أَمِ ٱتَّخَذَ مِمَّا يَخۡلُقُ بَنَاتٖ وَأَصۡفَىٰكُم بِٱلۡبَنِينَ ۝١٦
17

താന്‍ കരുണാനിധിയായ അല്ലാഹുവിന് തുല്യമാക്കിയതിനെ (പെണ്‍മക്കളെ) പറ്റി അവരില്‍ ഒരാള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍ മഹാദുഃഖിതനായുംകൊണ്ട് അവന്റെ മുഖം കറുത്തിരുണ്ടതായിത്തീരും.

وَإِذَا بُشِّرَ أَحَدُهُم بِمَا ضَرَبَ لِلرَّحۡمَٰنِ مَثَلٗا ظَلَّ وَجۡهُهُۥ مُسۡوَدّٗا وَهُوَ كَظِيمٌ ۝١٧
18

ആഭരണാലങ്കാരങ്ങളിലായി വളര്‍ത്തപ്പെടുന്നവരെയാണോ (നിങ്ങള്‍ അല്ലാഹുവിന്റെ സന്താനങ്ങളാക്കി വെക്കുന്നത്)? അവരാകട്ടെ വാഗ്വാദത്തില്‍ (ന്യായം) വ്യക്തമാക്കാ(ന്‍ കഴിവില്ലാ)ത്തവരുമാണ്.

أَوَمَن يُنَشَّؤُاْ فِي ٱلۡحِلۡيَةِ وَهُوَ فِي ٱلۡخِصَامِ غَيۡرُ مُبِينٖ ۝١٨
19

കരുണാനിധിയായ അല്ലാഹുവിന്റെ അടിമകളായ മലക്കുകളെ അവര്‍ സ്ത്രീകളാണെന്ന് വിധി കല്‍പിച്ചിരിക്കുന്നു. അവരുടെ സൃഷ്ടിപ്പിന് ഇവര്‍ (അവിടെ) ഹാജറുണ്ടായിരുന്നോ? അവരുടെ സാക്ഷ്യം എഴുതിവെക്കപ്പെടുകയും അവര്‍ (അതിനെപ്പറ്റി) ചോദിക്കപ്പെടുകയും ചെയ്യുന്നതാണ്.

وَجَعَلُواْ ٱلۡمَلَٰٓئِكَةَ ٱلَّذِينَ هُمۡ عِبَٰدُ ٱلرَّحۡمَٰنِ إِنَٰثًاۚ أَشَهِدُواْ خَلۡقَهُمۡۚ سَتُكۡتَبُ شَهَٰدَتُهُمۡ وَيُسۡـَٔلُونَ ۝١٩
20

കരുണാനിധിയായ അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ മലക്കുകള്‍ക്ക് ഞങ്ങള്‍ ഇബാദത്ത് ചെയ്യുമായിരുന്നില്ല എന്ന് അവര്‍ പറയുന്നു. അതുസംബന്ധിച്ച് അവര്‍ക്ക് ഒരു വിധ അറിവുമില്ല. അവര്‍ ഊഹിച്ചുപറയുക മാത്രമാണ് ചെയ്യുന്നത്.

وَقَالُواْ لَوۡ شَآءَ ٱلرَّحۡمَٰنُ مَا عَبَدۡنَٰهُمۗ مَّا لَهُم بِذَٰلِكَ مِنۡ عِلۡمٍۖ إِنۡ هُمۡ إِلَّا يَخۡرُصُونَ ۝٢٠
21

അതല്ല, ഇതിനുമുമ്പ് അവര്‍ക്ക് നാം വല്ല വേദഗ്രന്ഥവും കൊടുത്തിട്ട് അവരതിനെ മുറുകെ പിടിച്ചിരിക്കുന്നവരാണോ?

أَمۡ ءَاتَيۡنَٰهُمۡ كِتَٰبٗا مِّن قَبۡلِهِۦ فَهُم بِهِۦ مُسۡتَمۡسِكُونَ ۝٢١
22

(അതൊന്നുമല്ല,) പക്ഷേ, നിശ്ചയമായും ഞങ്ങളുടെ പൂര്‍വപിതാക്കളെ ഒരു മാര്‍ഗത്തിലായി ഞങ്ങള്‍ കണ്ടെത്തിച്ചു, ഞങ്ങള്‍ അവരുടെ കാല്‍പാടുകള്‍ പിന്‍പറ്റിക്കൊണ്ട് നേര്‍വഴി പ്രാപിക്കുന്നവരാകുന്നു എന്നാണവര്‍ പറയുന്നത്.

بَلۡ قَالُوٓاْ إِنَّا وَجَدۡنَآ ءَابَآءَنَا عَلَىٰٓ أُمَّةٖ وَإِنَّا عَلَىٰٓ ءَاثَٰرِهِم مُّهۡتَدُونَ ۝٢٢
23

(നബിയേ,) അപ്രകാരം തന്നെ താങ്കള്‍ക്ക് മുമ്പ് ഒരു രാജ്യത്തും ഒരു താക്കീതുകാരനെ (പ്രവാചകനെ) നാം അയച്ചിട്ട് അവിടത്തെ സുഖലോലുപന്‍മാര്‍ (ഇങ്ങനെ) പറയാതിരുന്നിട്ടില്ല: ഞങ്ങളുടെ പിതാക്കളെ ഒരു മാര്‍ഗത്തില്‍ ഞങ്ങള്‍ കണ്ടെത്തിച്ചു; അവരുടെ കാല്‍പാടുകളിലൂടെ ഞങ്ങള്‍ പിന്തുടരുന്നവരാണ്, തീര്‍ച്ച.

وَكَذَٰلِكَ مَآ أَرۡسَلۡنَا مِن قَبۡلِكَ فِي قَرۡيَةٖ مِّن نَّذِيرٍ إِلَّا قَالَ مُتۡرَفُوهَآ إِنَّا وَجَدۡنَآ ءَابَآءَنَا عَلَىٰٓ أُمَّةٖ وَإِنَّا عَلَىٰٓ ءَاثَٰرِهِم مُّقۡتَدُونَ ۝٢٣
24

അദ്ദേഹം (താക്കീതുകാരന്‍) ചോദിച്ചു: നിങ്ങളുടെ പൂര്‍വപിതാക്കള്‍ നടന്നതായി കണ്ടെത്തിച്ചതിനേക്കാള്‍ മാര്‍ഗദര്‍ശകമായതിനെ ഞാന്‍ നിങ്ങള്‍ക്ക് കൊണ്ടുവന്നാലും (നിങ്ങള്‍ അവരെത്തന്നെ പിന്തുടരുകയാണോ?) അവര്‍ പറഞ്ഞു: നിങ്ങള്‍ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതിനെ ഞങ്ങള്‍ നിഷേധിക്കുന്നവര്‍ തന്നെയാണ്.

۞ قَٰلَ أَوَلَوۡ جِئۡتُكُم بِأَهۡدَىٰ مِمَّا وَجَدتُّمۡ عَلَيۡهِ ءَابَآءَكُمۡۖ قَالُوٓاْ إِنَّا بِمَآ أُرۡسِلۡتُم بِهِۦ كَٰفِرُونَ ۝٢٤
25

അങ്ങനെ നാം അവരോട് ശിക്ഷാനടപടി എടുത്തു. അപ്പോള്‍ നോക്കുക, ആ സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയാണ് ഉണ്ടായത്?

فَٱنتَقَمۡنَا مِنۡهُمۡۖ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلۡمُكَذِّبِينَ ۝٢٥
26

നിങ്ങള്‍ ആരാധിക്കുന്ന വസ്തുക്കളില്‍ നിന്ന് ഞാന്‍ തീര്‍ച്ചയായും ഒഴിവായവനാണ് എന്ന് ഇബ്രാഹീം (നബി) തന്റെ പിതാവിനോടും ജനതയോടും പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക).

وَإِذۡ قَالَ إِبۡرَٰهِيمُ لِأَبِيهِ وَقَوۡمِهِۦٓ إِنَّنِي بَرَآءٞ مِّمَّا تَعۡبُدُونَ ۝٢٦
27

എന്നെ സൃഷ്ടിച്ചവന്‍ ഒഴികെ. കാരണം അവന്‍ എന്നെ നേര്‍മാര്‍ഗത്തിലാക്കുകതന്നെ ചെയ്യുന്നതാണ്.

إِلَّا ٱلَّذِي فَطَرَنِي فَإِنَّهُۥ سَيَهۡدِينِ ۝٢٧
28

അദ്ദേഹം അത് (ആ വാക്യം) തന്റെ സന്തതികളില്‍ അവശേഷിക്കുന്ന ഒരു വാക്യമാക്കി. അവര്‍ (അതിലേക്ക്) മടങ്ങുവാന്‍ വേണ്ടി.

وَجَعَلَهَا كَلِمَةَۢ بَاقِيَةٗ فِي عَقِبِهِۦ لَعَلَّهُمۡ يَرۡجِعُونَ ۝٢٨
29

എങ്കിലും ഈ കൂട്ടര്‍ക്കും ഇവരുടെ പിതാക്കള്‍ക്കും ഞാന്‍ ജീവിതസുഖം നല്‍കി. (അങ്ങനെ അതില്‍ അവര്‍ വ്യാപൃതരായി.) അവര്‍ക്ക് സത്യവും (ഖുര്‍ആനും) സ്പഷ്ടമാക്കുന്ന ഒരു റസൂലും വരുന്നതുവരെ.

بَلۡ مَتَّعۡتُ هَٰٓؤُلَآءِ وَءَابَآءَهُمۡ حَتَّىٰ جَآءَهُمُ ٱلۡحَقُّ وَرَسُولٞ مُّبِينٞ ۝٢٩
30

സത്യം അവര്‍ക്ക് വന്നുകിട്ടിയപ്പോള്‍, ഇതൊരു ജാലമാണ്; നിശ്ചയമായും ഞങ്ങള്‍ ഇതിനെ നിഷേധിക്കുന്നു എന്നവര്‍ പറയുകയാണ് ചെയ്തത്.

وَلَمَّا جَآءَهُمُ ٱلۡحَقُّ قَالُواْ هَٰذَا سِحۡرٞ وَإِنَّا بِهِۦ كَٰفِرُونَ ۝٣٠
31

അവര്‍ (ഇങ്ങെന) ചോദിക്കയുമുണ്ടായി: ഈ ഖുര്‍ആന്‍ ഈ രണ്ടുനാടുകളില്‍ ഏതെങ്കിലുമുള്ള മഹാനായ ഒരു പുരുഷന്റെ മേല്‍ എന്തുകൊണ്ട് അവതരിപ്പിക്കപ്പെട്ടില്ല?

وَقَالُواْ لَوۡلَا نُزِّلَ هَٰذَا ٱلۡقُرۡءَانُ عَلَىٰ رَجُلٖ مِّنَ ٱلۡقَرۡيَتَيۡنِ عَظِيمٍ ۝٣١
32

(നബിയേ,) അവരാണോ താങ്കളുടെ രക്ഷിതാവിന്റെ കാരുണ്യം ഭാഗിച്ചുകൊടുക്കുന്നത്? ഐഹികജീവിതത്തില്‍ അവരുടെ ജീവിത വിഭവങ്ങള്‍ അവര്‍ക്കിടയില്‍ നാം തന്നെ ഭാഗിച്ചുകൊടുത്തിരിക്കുകയാണ്. അവരില്‍ ചിലരെ മറ്റു ചിലര്‍ക്കുമേല്‍ പല പടികള്‍ നാം ഉയര്‍ത്തിവെക്കുകയും ചെയ്തിരിക്കുന്നു. അവരില്‍ ചിലര്‍ മറ്റു ചിലരെ കീഴ്‌പ്പെടുത്തിവെക്കുവാന്‍ വേണ്ടി. താങ്കളുടെ രക്ഷിതാവിന്റെ കാരുണ്യം അവര്‍ ശേഖരിക്കുന്നതിനേക്കാള്‍ എത്രയോ ഉത്തമമാകുന്നു.

أَهُمۡ يَقۡسِمُونَ رَحۡمَتَ رَبِّكَۚ نَحۡنُ قَسَمۡنَا بَيۡنَهُم مَّعِيشَتَهُمۡ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۚ وَرَفَعۡنَا بَعۡضَهُمۡ فَوۡقَ بَعۡضٖ دَرَجَٰتٖ لِّيَتَّخِذَ بَعۡضُهُم بَعۡضٗا سُخۡرِيّٗاۗ وَرَحۡمَتُ رَبِّكَ خَيۡرٞ مِّمَّا يَجۡمَعُونَ ۝٣٢
33

മനുഷ്യരെല്ലാം ഒരേയൊരു സമുദായമായിത്തീരുമായിരുന്നില്ലെങ്കില്‍ കരുണാനിധിയായ അല്ലാഹുവിനെ നിഷേധിക്കുന്നവരുടെ വീടുകള്‍ക്ക് വെള്ളികൊണ്ടുള്ള മേല്‍പുരകളും അവര്‍ക്ക് മേല്‍പോട്ട് കയറുവാനുള്ള കോണികളും നാം ഉണ്ടാക്കിക്കൊടുക്കുമായിരുന്നു,

وَلَوۡلَآ أَن يَكُونَ ٱلنَّاسُ أُمَّةٗ وَٰحِدَةٗ لَّجَعَلۡنَا لِمَن يَكۡفُرُ بِٱلرَّحۡمَٰنِ لِبُيُوتِهِمۡ سُقُفٗا مِّن فِضَّةٖ وَمَعَارِجَ عَلَيۡهَا يَظۡهَرُونَ ۝٣٣
34

അവരുടെ വീടുകള്‍ക്ക് (വെള്ളികൊണ്ടുള്ള) വാതിലുകളും അവര്‍ക്ക് ചാരി ഇരിക്കുവാനുള്ള കട്ടിലുകളും (നാം ഉണ്ടാക്കിക്കൊടുക്കുമായിരുന്നു).

وَلِبُيُوتِهِمۡ أَبۡوَٰبٗا وَسُرُرًا عَلَيۡهَا يَتَّكِـُٔونَ ۝٣٤
35

(അപ്രകാരം) സ്വര്‍ണാലങ്കാരവും. (വാസ്തവത്തില്‍) അവയെല്ലാം തന്നെ ഐഹിക ജീവിതത്തിന്റെ ഉപകരണങ്ങള്‍ മാത്രമാണ്. പരലോകം താങ്കളുടെ രക്ഷിതാവിങ്കല്‍ ദോഷബാധയെ സൂക്ഷിക്കുന്നവര്‍ക്കാകുന്നു.

وَزُخۡرُفٗاۚ وَإِن كُلُّ ذَٰلِكَ لَمَّا مَتَٰعُ ٱلۡحَيَوٰةِ ٱلدُّنۡيَاۚ وَٱلۡأٓخِرَةُ عِندَ رَبِّكَ لِلۡمُتَّقِينَ ۝٣٥
36

കരുണാനിധിയായ അല്ലാഹുവിന്റെ സ്മരണവിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം അവന് ഒരു പിശാചിനെ നാം ഏര്‍പ്പെടുത്തിക്കൊടുക്കും. അപ്പോള്‍ ആ പിശാച് അവന്റെ കൂട്ടുകാരനായിരിക്കുന്നതാണ്.

وَمَن يَعۡشُ عَن ذِكۡرِ ٱلرَّحۡمَٰنِ نُقَيِّضۡ لَهُۥ شَيۡطَٰنٗا فَهُوَ لَهُۥ قَرِينٞ ۝٣٦
37

നിശ്ചയമായും ആ പിശാചുക്കള്‍ അവരെ നേര്‍മാര്‍ഗത്തില്‍ നിന്ന് തടയുകയും തങ്ങള്‍ നേര്‍മാര്‍ഗം പ്രാപിച്ചവരാണെന്നു അവര്‍ ധരിക്കുകയും ചെയ്യും.

وَإِنَّهُمۡ لَيَصُدُّونَهُمۡ عَنِ ٱلسَّبِيلِ وَيَحۡسَبُونَ أَنَّهُم مُّهۡتَدُونَ ۝٣٧
38

അങ്ങനെ നമ്മുടെയടുക്കല്‍ വരുമ്പോള്‍ (തന്റെ കൂട്ടാളിയോട്) അവന്‍ പറയും: അയ്യോ, എന്റെയും നിന്റെയും ഇടയില്‍ ഉദയാസ്തമന സ്ഥാനങ്ങളുടെ ഇടയിലുള്ള അത്ര ദൂരമുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ! അപ്പോള്‍ ആ കൂട്ടുകാരന്‍ വളരെ ചീത്ത.

حَتَّىٰٓ إِذَا جَآءَنَا قَالَ يَٰلَيۡتَ بَيۡنِي وَبَيۡنَكَ بُعۡدَ ٱلۡمَشۡرِقَيۡنِ فَبِئۡسَ ٱلۡقَرِينُ ۝٣٨
39

(അന്നേരം അല്ലാഹു പറയും:) നിങ്ങളുടെ ആഗ്രഹം ഇന്ന്-നിങ്ങളുടെ അക്രമം വ്യക്തമായ ഈ സന്ദര്‍ഭത്തില്‍-നിങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നതല്ലതന്നെ. കാരണം, നിങ്ങള്‍ ഇരുകൂട്ടരും ശിക്ഷയില്‍ പങ്കുകാരാണ്.

وَلَن يَنفَعَكُمُ ٱلۡيَوۡمَ إِذ ظَّلَمۡتُمۡ أَنَّكُمۡ فِي ٱلۡعَذَابِ مُشۡتَرِكُونَ ۝٣٩
40

എന്നാല്‍ (നബിയേ,) ബധിരന്മാരെ താങ്കള്‍ കേള്‍പ്പിക്കുമോ? അല്ലെങ്കില്‍ അന്ധന്മാരെയും വ്യക്തമായ ദുര്‍മാര്‍ഗത്തിലായവരെയും താങ്കള്‍ നേര്‍മാര്‍ഗത്തിലാക്കുമോ?

أَفَأَنتَ تُسۡمِعُ ٱلصُّمَّ أَوۡ تَهۡدِي ٱلۡعُمۡيَ وَمَن كَانَ فِي ضَلَٰلٖ مُّبِينٖ ۝٤٠
41

ഇനി (ഇവിടെ നിന്ന് മരണം മുഖേന) താങ്കളെ നാം കൊണ്ടുപോയെങ്കില്‍ അവരോട് നാം ശിക്ഷാനടപടികള്‍ എടുക്കുക തന്നെ ചെയ്യുന്നതാണ്.

فَإِمَّا نَذۡهَبَنَّ بِكَ فَإِنَّا مِنۡهُم مُّنتَقِمُونَ ۝٤١
42

അല്ലെങ്കില്‍ അവരോട് നാം താക്കീത് ചെയ്ത ശിക്ഷ താങ്കള്‍ക്ക് നാം കാണിച്ചുതരികയാണെങ്കില്‍ അതിനും അവരുടെ മേല്‍ നാം കഴിവുള്ളവരാകുന്നു.

أَوۡ نُرِيَنَّكَ ٱلَّذِي وَعَدۡنَٰهُمۡ فَإِنَّا عَلَيۡهِم مُّقۡتَدِرُونَ ۝٤٢
43

അതിനാല്‍ താങ്കള്‍ക്ക് ബോധനം നല്‍കപ്പെട്ടിട്ടുള്ളതിനെ (സന്ദേശത്തെ) താങ്കള്‍ മുറുകെ പിടിക്കുക. തീര്‍ച്ചയായും താങ്കള്‍ നേര്‍മാര്‍ഗത്തില്‍ തന്നെയാകുന്നു.

فَٱسۡتَمۡسِكۡ بِٱلَّذِيٓ أُوحِيَ إِلَيۡكَۖ إِنَّكَ عَلَىٰ صِرَٰطٖ مُّسۡتَقِيمٖ ۝٤٣
44

ഇത് (ഖുര്‍ആന്‍) താങ്കള്‍ക്കും താങ്കളുടെ ജനതക്കും ഒരു കീര്‍ത്തിയാണ്, തീര്‍ച്ച. പിന്നീട് (ഇതിനെപ്പറ്റി) നിങ്ങളോട് ചോദിക്കപ്പെടുകയും ചെയ്യും.

وَإِنَّهُۥ لَذِكۡرٞ لَّكَ وَلِقَوۡمِكَۖ وَسَوۡفَ تُسۡـَٔلُونَ ۝٤٤
45

താങ്കള്‍ക്കുമുമ്പ് നമ്മുടെ റസൂലുകളായി നാം അയച്ചിട്ടുള്ളവരോട് താങ്കള്‍ ചോദിച്ചുനോക്കുക, കരുണാനിധിയായ അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന വല്ല ഇലാഹുകളെയും നാം നിയമിച്ചിട്ടുണ്ടോ എന്ന്.

وَسۡـَٔلۡ مَنۡ أَرۡسَلۡنَا مِن قَبۡلِكَ مِن رُّسُلِنَآ أَجَعَلۡنَا مِن دُونِ ٱلرَّحۡمَٰنِ ءَالِهَةٗ يُعۡبَدُونَ ۝٤٥
46

നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിര്‍ഔന്റെയും അവന്റെ പ്രധാനികളുടെയും അടുക്കലേക്ക് മൂസാ (നബി)യെ നാം അയക്കുകതന്നെ ചെയ്തു. എന്നിട്ടദ്ദേഹം അവനോട് പറഞ്ഞു: നിശ്ചയമായും ഞാന്‍ ലോകരക്ഷിതാവിന്റെ റസൂലാകുന്നു.

وَلَقَدۡ أَرۡسَلۡنَا مُوسَىٰ بِـَٔايَٰتِنَآ إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦ فَقَالَ إِنِّي رَسُولُ رَبِّ ٱلۡعَٰلَمِينَ ۝٤٦
47

അങ്ങനെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി അദ്ദേഹം അവരുടെ അടുക്കല്‍ ചെന്നപ്പോള്‍ അവരതാ അതിനെപ്പറ്റി ചിരിക്കുന്നു.

فَلَمَّا جَآءَهُم بِـَٔايَٰتِنَآ إِذَا هُم مِّنۡهَا يَضۡحَكُونَ ۝٤٧
48

അവര്‍ക്ക് നാം കാണിച്ചുകൊടുത്തിരുന്ന ഒരോ ദൃഷ്ടാന്തവും അതിന്റെ ഇണയെക്കാള്‍ വലിയതായിരുന്നു. അവര്‍ മടങ്ങേണ്ടതിന് വേണ്ടി പലതരം ശിക്ഷകള്‍ മുഖേന നാം അവരെ പിടിക്കുകയും ചെയ്തു.

وَمَا نُرِيهِم مِّنۡ ءَايَةٍ إِلَّا هِيَ أَكۡبَرُ مِنۡ أُخۡتِهَاۖ وَأَخَذۡنَٰهُم بِٱلۡعَذَابِ لَعَلَّهُمۡ يَرۡجِعُونَ ۝٤٨
49

അവര്‍ പറഞ്ഞു: ഹേ മഹാപണ്ഡിതാ, താങ്കളുടെ രക്ഷിതാവ് താങ്കള്‍ക്ക് അറിയിച്ചുതന്നതനുസരിച്ച് ഞങ്ങള്‍ക്കുവേണ്ടി അവനോട് പ്രാര്‍ഥിക്കുക. നിശ്ചയമായും ഞങ്ങള്‍ നേര്‍വഴി പ്രാപിക്കാം (സത്യവിശ്വാസികളാകാം).

وَقَالُواْ يَٰٓأَيُّهَ ٱلسَّاحِرُ ٱدۡعُ لَنَا رَبَّكَ بِمَا عَهِدَ عِندَكَ إِنَّنَا لَمُهۡتَدُونَ ۝٤٩
50

അങ്ങനെ അവരില്‍ നിന്ന് നാം ശിക്ഷ അകറ്റിയപ്പോള്‍ അവരതാ കരാര്‍ലംഘനം ചെയ്യുന്നു.

فَلَمَّا كَشَفۡنَا عَنۡهُمُ ٱلۡعَذَابَ إِذَا هُمۡ يَنكُثُونَ ۝٥٠
51

ഫിര്‍ഔന്‍ തന്റെ ജനതയോട് വിളിച്ചുചോദിച്ചു: എന്റെ ജനങ്ങളേ, ഈജിപ്തിന്റെ ആധിപത്യം എനിക്കല്ലേ? ഈ നദികള്‍ ഒഴുകുന്നത് എന്റെ താഴ്ഭാഗത്തുകൂടിയല്ലേ? അപ്പോള്‍ ഇതെല്ലാം നിങ്ങള്‍ കണ്ടുമനസ്സിലാക്കുന്നില്ലേ?

وَنَادَىٰ فِرۡعَوۡنُ فِي قَوۡمِهِۦ قَالَ يَٰقَوۡمِ أَلَيۡسَ لِي مُلۡكُ مِصۡرَ وَهَٰذِهِ ٱلۡأَنۡهَٰرُ تَجۡرِي مِن تَحۡتِيٓۚ أَفَلَا تُبۡصِرُونَ ۝٥١
52

അഥവാ അധമനും വ്യക്തമായി സംസാരിച്ചേക്കാത്തവനുമായ ഇവനെക്കാള്‍ ഉത്തമന്‍ ഞാനാകുന്നു. (ഇതും നിങ്ങള്‍ കണ്ടുമനസ്സിലാക്കുന്നില്ലേ?)

أَمۡ أَنَا۠ خَيۡرٞ مِّنۡ هَٰذَا ٱلَّذِي هُوَ مَهِينٞ وَلَا يَكَادُ يُبِينُ ۝٥٢
53

എന്നാല്‍, (ഇവന്‍ പറയുന്നത് സത്യമാണെങ്കില്‍) ഇവന് സ്വര്‍ണത്തിന്റെ വളകള്‍ അണിയിക്കപ്പെടാത്തതെന്തുകൊണ്ട്? അല്ലെങ്കില്‍ ഇവനൊന്നിച്ച് കൂട്ടംചേര്‍ന്ന് മലക്കുകള്‍ വരാഞ്ഞതെന്തുകൊണ്ട്?

فَلَوۡلَآ أُلۡقِيَ عَلَيۡهِ أَسۡوِرَةٞ مِّن ذَهَبٍ أَوۡ جَآءَ مَعَهُ ٱلۡمَلَٰٓئِكَةُ مُقۡتَرِنِينَ ۝٥٣
54

അങ്ങനെ അവര്‍ തന്റെ ജനതയെ വിഡ്ഢികളാക്കിത്തീര്‍ത്തു. അതിനാല്‍ അവര്‍ അവനെ അനുസരിച്ചു. അവര്‍ ധിക്കാരികളായ ഒരു ജനത തന്നെയായിരുന്നു.

فَٱسۡتَخَفَّ قَوۡمَهُۥ فَأَطَاعُوهُۚ إِنَّهُمۡ كَانُواْ قَوۡمٗا فَٰسِقِينَ ۝٥٤
55

അങ്ങനെ അവര്‍ നമ്മെ കോപിപ്പിച്ചപ്പോള്‍ അവരെ നാം ശിക്ഷിച്ചു. അവരെയെല്ലാം നാം വെള്ളത്തില്‍ മുക്കിക്കൊന്നു.

فَلَمَّآ ءَاسَفُونَا ٱنتَقَمۡنَا مِنۡهُمۡ فَأَغۡرَقۡنَٰهُمۡ أَجۡمَعِينَ ۝٥٥
56

അങ്ങനെ അവരെ നാം പിന്നീടുള്ളവര്‍ക്ക് ഒരു മുന്‍മാതൃകയും ഒരു ഉപമയും ആക്കിവെച്ചു.

فَجَعَلۡنَٰهُمۡ سَلَفٗا وَمَثَلٗا لِّلۡأٓخِرِينَ ۝٥٦
57

(നബിയേ,) മര്‍യമിന്റെ പുത്രനെ ഒരു ഉപമയാ(യി കാണി)ക്കപ്പെട്ടപ്പോള്‍ താങ്കളുടെ ജനതയതാ അതിനെക്കുറിച്ച് (ആഹ്ലാദിച്ച്) ആര്‍ത്തുവിളിക്കുന്നു.

۞ وَلَمَّا ضُرِبَ ٱبۡنُ مَرۡيَمَ مَثَلًا إِذَا قَوۡمُكَ مِنۡهُ يَصِدُّونَ ۝٥٧
58

ഞങ്ങളുടെ ഇലാഹുകളോ ഉത്തമം, അതല്ല അദ്ദേഹമോ എന്നവര്‍ ചോദിക്കുന്നു. ഒരു തര്‍ക്കമായിട്ട് മാത്രമാണ് താങ്കളുടെ നേരെ അവരതെടുത്തുകാട്ടുന്നത്. മാത്രമല്ല, അവര്‍ തര്‍ക്കശീലക്കാരായ ഒരു ജനതയാകുന്നു.

وَقَالُوٓاْ ءَأَٰلِهَتُنَا خَيۡرٌ أَمۡ هُوَۚ مَا ضَرَبُوهُ لَكَ إِلَّا جَدَلَۢاۚ بَلۡ هُمۡ قَوۡمٌ خَصِمُونَ ۝٥٨
59

നാം അനുഗ്രഹം ചെയ്തുകൊടുത്ത ഒരു അടിമ മാത്രമാണദ്ദേഹം. ഇസ്രാഈല്‍ സന്തതികള്‍ക്ക് അദ്ദേഹത്തെ നാമൊരു അത്ഭുത ദൃഷ്ടാന്തമാക്കുകയും ചെയ്തിരിക്കുന്നു.

إِنۡ هُوَ إِلَّا عَبۡدٌ أَنۡعَمۡنَا عَلَيۡهِ وَجَعَلۡنَٰهُ مَثَلٗا لِّبَنِيٓ إِسۡرَٰٓءِيلَ ۝٥٩
60

നാം ഉദ്ദേശിക്കുന്ന പക്ഷം ഭൂമിയില്‍ നിങ്ങള്‍ക്ക് പകരം നില്‍ക്കുന്ന മലക്കുകളെതന്നെ നിങ്ങളില്‍ നിന്ന് സൃഷ്ടിച്ചാക്കുമായിരുന്നു.

وَلَوۡ نَشَآءُ لَجَعَلۡنَا مِنكُم مَّلَٰٓئِكَةٗ فِي ٱلۡأَرۡضِ يَخۡلُفُونَ ۝٦٠
61

നിശ്ചയമായും അദ്ദേഹം (ഈസാനബി) അന്ത്യസമയത്തിനുള്ള ഒരു അറിവാകുന്നു.(28) അതിനാല്‍ നിങ്ങള്‍ അതിനെപ്പറ്റി ഒട്ടും സംശയിക്കേണ്ടാ. നിങ്ങള്‍ എന്നെ (എന്റെ മാര്‍ഗത്തെ) പിന്തുടരുക. ഇതാണ് ചൊവ്വായ വഴി.

وَإِنَّهُۥ لَعِلۡمٞ لِّلسَّاعَةِ فَلَا تَمۡتَرُنَّ بِهَا وَٱتَّبِعُونِۚ هَٰذَا صِرَٰطٞ مُّسۡتَقِيمٞ ۝٦١
62

(ഈ വഴി വിട്ട്) പിശാച് നിങ്ങളെ തടയാതിരിക്കട്ടെ. നിശ്ചയമായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷ ശത്രുവാകുന്നു.

وَلَا يَصُدَّنَّكُمُ ٱلشَّيۡطَٰنُۖ إِنَّهُۥ لَكُمۡ عَدُوّٞ مُّبِينٞ ۝٦٢
63

വ്യക്തമായ ചില ലക്ഷ്യങ്ങളുമായി ഈസാ വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്ക് വിജ്ഞാനവും കൊണ്ടുവന്നിരിക്കുന്നു; നിങ്ങള്‍ (പരസ്പരം) ഭിന്നിച്ചിരിക്കുന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുവാന്‍ വേണ്ടിയും. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക.

وَلَمَّا جَآءَ عِيسَىٰ بِٱلۡبَيِّنَٰتِ قَالَ قَدۡ جِئۡتُكُم بِٱلۡحِكۡمَةِ وَلِأُبَيِّنَ لَكُم بَعۡضَ ٱلَّذِي تَخۡتَلِفُونَ فِيهِۖ فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ۝٦٣
64

നിശ്ചയമായും അല്ലാഹു തന്നെയാണ് എന്റെയും നിങ്ങളുടെയും രക്ഷിതാവ്. അതുകൊണ്ട് അവനെ നിങ്ങള്‍ ആരാധിക്കുക. ഇത് ചൊവ്വായ പാതയാണ്.

إِنَّ ٱللَّهَ هُوَ رَبِّي وَرَبُّكُمۡ فَٱعۡبُدُوهُۚ هَٰذَا صِرَٰطٞ مُّسۡتَقِيمٞ ۝٦٤
65

എന്നിട്ട് അവര്‍ക്കിടയില്‍ പല കക്ഷികള്‍ ഭിന്നിച്ചു. അതിനാല്‍ അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക് ഒരു ദിവസത്തെ വേദനാജനകമായ ശിക്ഷ മൂലം വമ്പിച്ച നാശം!

فَٱخۡتَلَفَ ٱلۡأَحۡزَابُ مِنۢ بَيۡنِهِمۡۖ فَوَيۡلٞ لِّلَّذِينَ ظَلَمُواْ مِنۡ عَذَابِ يَوۡمٍ أَلِيمٍ ۝٦٥
66

അവര്‍ ഓര്‍ക്കാത്തവരായിരിക്കെ പെട്ടെന്ന് ആ അന്ത്യസമയം അവര്‍ക്ക് വന്നെത്തുന്നതിനെയല്ലാതെ ഇനി വല്ലതും അവര്‍ കാത്തുകൊണ്ടിരിക്കുന്നുണ്ടോ?

هَلۡ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأۡتِيَهُم بَغۡتَةٗ وَهُمۡ لَا يَشۡعُرُونَ ۝٦٦
67

അന്ന് സ്‌നേഹിതന്മാര്‍ പരസ്പരം ശത്രുക്കളായിരിക്കും. ഭയഭക്തന്മാര്‍ ഒഴികെ.

ٱلۡأَخِلَّآءُ يَوۡمَئِذِۭ بَعۡضُهُمۡ لِبَعۡضٍ عَدُوٌّ إِلَّا ٱلۡمُتَّقِينَ ۝٦٧
68

എന്റെ അടിമകളേ, ഇന്ന് നിങ്ങള്‍ക്ക് യാതൊരു ഭയവുമില്ല. നിങ്ങള്‍ വ്യസനിക്കുകയുമില്ല.

يَٰعِبَادِ لَا خَوۡفٌ عَلَيۡكُمُ ٱلۡيَوۡمَ وَلَآ أَنتُمۡ تَحۡزَنُونَ ۝٦٨
69

നമ്മുടെ ആയത്തുകളില്‍ വിശ്വസിക്കുകയും മുസ്‌ലിംകളായി (നമ്മെ അനുസരിച്ചവരായി) തീരുകയും ചെയ്ത (നമ്മുടെ അടിമകള്‍).

ٱلَّذِينَ ءَامَنُواْ بِـَٔايَٰتِنَا وَكَانُواْ مُسۡلِمِينَ ۝٦٩
70

നിങ്ങളും നിങ്ങളുടെ ഇണകളും സന്തോഷഭരിതരായിക്കൊണ്ട് സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക (എന്ന് അവരോട് പറയപ്പെടും).

ٱدۡخُلُواْ ٱلۡجَنَّةَ أَنتُمۡ وَأَزۡوَٰجُكُمۡ تُحۡبَرُونَ ۝٧٠
71

സ്വര്‍ണത്തിന്റെ ചില തളികകളും കോപ്പകളുമായി അവര്‍ക്കിടയില്‍ ചുറ്റിനടക്കപ്പെടും. മനസ്സുകള്‍ ആശിക്കുന്നതും കണ്ണുകള്‍ രസിക്കുന്നതുമായതെല്ലാം അതിലുണ്ട്. നിങ്ങളതില്‍ നിരന്തരവാസികളുമാണ്.

يُطَافُ عَلَيۡهِم بِصِحَافٖ مِّن ذَهَبٖ وَأَكۡوَابٖۖ وَفِيهَا مَا تَشۡتَهِيهِ ٱلۡأَنفُسُ وَتَلَذُّ ٱلۡأَعۡيُنُۖ وَأَنتُمۡ فِيهَا خَٰلِدُونَ ۝٧١
72

നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് നിങ്ങള്‍ക്ക് അനന്തരാവകാശമായി നല്‍കപ്പെട്ട സ്വര്‍ഗമാണത്.

وَتِلۡكَ ٱلۡجَنَّةُ ٱلَّتِيٓ أُورِثۡتُمُوهَا بِمَا كُنتُمۡ تَعۡمَلُونَ ۝٧٢
73

നിങ്ങള്‍ക്ക് അതില്‍ ധാരാളം പഴവര്‍ഗങ്ങളുണ്ട്. അതില്‍ നിന്ന് നിങ്ങള്‍ തിന്നുന്നതാണ്.

لَكُمۡ فِيهَا فَٰكِهَةٞ كَثِيرَةٞ مِّنۡهَا تَأۡكُلُونَ ۝٧٣
74

നിശ്ചയമായും കുറ്റവാളികള്‍ നരകശിക്ഷയില്‍ നിരന്തരവാസികളാകുന്നു.

إِنَّ ٱلۡمُجۡرِمِينَ فِي عَذَابِ جَهَنَّمَ خَٰلِدُونَ ۝٧٤
75

ആ ശിക്ഷ അവര്‍ക്ക് ലഘൂകരിക്കപ്പെടുകയില്ല. അവരതില്‍ ആശ മുറിഞ്ഞവരായിരിക്കും.

لَا يُفَتَّرُ عَنۡهُمۡ وَهُمۡ فِيهِ مُبۡلِسُونَ ۝٧٥
76

നാം അവരോട് അക്രമം പ്രവര്‍ത്തിച്ചിട്ടില്ല. പക്ഷേ, അവര്‍ തന്നെയാണ് അക്രമികളായിത്തീര്‍ന്നത്.

وَمَا ظَلَمۡنَٰهُمۡ وَلَٰكِن كَانُواْ هُمُ ٱلظَّٰلِمِينَ ۝٧٦
77

അവര്‍ വിളിച്ചുപറയും: മാലിക്കേ, താങ്കളുടെ രക്ഷിതാവ് ഞങ്ങളെ മരണപ്പെടുത്തട്ടെ. അദ്ദേഹം പറയും: നിശ്ചയമായും നിങ്ങള്‍ (നരകത്തില്‍തന്നെ) താമസിക്കുന്നവരാണ്.

وَنَادَوۡاْ يَٰمَٰلِكُ لِيَقۡضِ عَلَيۡنَا رَبُّكَۖ قَالَ إِنَّكُم مَّٰكِثُونَ ۝٧٧
78

നിശ്ചയമായും നിങ്ങള്‍ക്ക് നാം സത്യം കൊണ്ടുവന്നുതന്നു. പക്ഷേ, നിങ്ങളില്‍ അധികമാളുകളും സത്യത്തെ വെറുക്കുന്നവരാകുന്നു.

لَقَدۡ جِئۡنَٰكُم بِٱلۡحَقِّ وَلَٰكِنَّ أَكۡثَرَكُمۡ لِلۡحَقِّ كَٰرِهُونَ ۝٧٨
79

അതല്ല, അവര്‍ ചില പരിപാടി ഉറപ്പിച്ചുവെച്ചിട്ടുണ്ട്. എന്നാല്‍, നാമും (ചില പരിപാടികള്‍) ഉറപ്പിച്ചുവെക്കുന്നവരാകുന്നു.

أَمۡ أَبۡرَمُوٓاْ أَمۡرٗا فَإِنَّا مُبۡرِمُونَ ۝٧٩
80

അഥവാ അവര്‍ (മനസ്സുകളില്‍) രഹസ്യമാക്കിവെച്ചതും അവര്‍ പരസ്പരം സ്വകാര്യം പറയുന്നതും നാം കേള്‍ക്കുന്നില്ലെന്ന് അവര്‍ വിചാരിക്കുന്നുണ്ടോ? അതെ! (നാം കേള്‍ക്കുന്നുണ്ട്;) നമ്മുടെ ദൂതന്മാര്‍ അവരുടെ അടുക്കല്‍ അതെഴുതുന്നുമുണ്ട്.

أَمۡ يَحۡسَبُونَ أَنَّا لَا نَسۡمَعُ سِرَّهُمۡ وَنَجۡوَىٰهُمۚ بَلَىٰ وَرُسُلُنَا لَدَيۡهِمۡ يَكۡتُبُونَ ۝٨٠
81

(നബിയേ,) പറയുക: കരുണാനിധിയായ അല്ലാഹുവിന് ഒരു സന്താനമുണ്ടായിരുന്നെങ്കില്‍ (അതിനെ) ആരാധിക്കുന്നവരില്‍ ഞാന്‍ ഒന്നാമത്തവനായിരിക്കും.

قُلۡ إِن كَانَ لِلرَّحۡمَٰنِ وَلَدٞ فَأَنَا۠ أَوَّلُ ٱلۡعَٰبِدِينَ ۝٨١
82

ആകാശഭൂമികളുടെ ഉടമസ്ഥന്‍-അര്‍ശിന്റെ ഉടമസ്ഥന്‍-അവര്‍ വര്‍ണിച്ചുപറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍.

سُبۡحَٰنَ رَبِّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ رَبِّ ٱلۡعَرۡشِ عَمَّا يَصِفُونَ ۝٨٢
83

ആകയാല്‍ അവരെ വിട്ടേക്കുക. അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്ന ആ ദിവസത്തെ കണ്ടുമുട്ടുന്നതുവരെ അവര്‍ (ദുര്‍മാര്‍ഗത്തില്‍) പ്രവേശിച്ചും കളിച്ചും കൊണ്ടിരുന്നുകൊള്ളട്ടെ.

فَذَرۡهُمۡ يَخُوضُواْ وَيَلۡعَبُواْ حَتَّىٰ يُلَٰقُواْ يَوۡمَهُمُ ٱلَّذِي يُوعَدُونَ ۝٨٣
84

അവന്‍ ആകാശത്തില്‍ ആരാധ്യനാണ്. ഭൂമിയിലും ആരാധ്യനാണ്. അവന്‍ തന്നെയാണ് അഗാധജ്ഞനും സര്‍വജ്ഞനും.

وَهُوَ ٱلَّذِي فِي ٱلسَّمَآءِ إِلَٰهٞ وَفِي ٱلۡأَرۡضِ إِلَٰهٞۚ وَهُوَ ٱلۡحَكِيمُ ٱلۡعَلِيمُ ۝٨٤
85

ആകാശഭൂമികളുടെയും അവക്കിടയിലുള്ളതിന്റെയും ആധിപത്യം ആര്‍ക്കുള്ളതാണോ അവന്‍ വളരെ മഹത്ത്വമേറിയവനാകുന്നു. അവന്റെ പക്കലാണ് അന്ത്യസമയത്തെക്കുറിച്ചുള്ള അറിവ്. അവങ്കലേക്കുതന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.

وَتَبَارَكَ ٱلَّذِي لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَا وَعِندَهُۥ عِلۡمُ ٱلسَّاعَةِ وَإِلَيۡهِ تُرۡجَعُونَ ۝٨٥
86

അവനുപുറമെ അവര്‍ ആരാധിക്കുന്നവര്‍ ശുപാര്‍ശയെ അധീനമാക്കുകയില്ല. അറിയുന്നവരായുംകൊണ്ട് സത്യത്തിന് സാക്ഷ്യം വഹിച്ചവര്‍ അല്ലാതെ.

وَلَا يَمۡلِكُ ٱلَّذِينَ يَدۡعُونَ مِن دُونِهِ ٱلشَّفَٰعَةَ إِلَّا مَن شَهِدَ بِٱلۡحَقِّ وَهُمۡ يَعۡلَمُونَ ۝٨٦
87

അവരെ സൃഷ്ടിച്ചതാരാണെന്ന് താങ്കള്‍ ചോദിച്ചാല്‍ അല്ലാഹു എന്ന് അവര്‍ പറയുകതന്നെ ചെയ്യും. പിന്നെ എങ്ങനെയാണവര്‍ (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നത്?

وَلَئِن سَأَلۡتَهُم مَّنۡ خَلَقَهُمۡ لَيَقُولُنَّ ٱللَّهُۖ فَأَنَّىٰ يُؤۡفَكُونَ ۝٨٧
88

എന്റെ രക്ഷിതാവേ, ഇക്കൂട്ടര്‍ സത്യവിശ്വാസം സ്വീകരിക്കാത്തൊരു ജനതയാണ് തീര്‍ച്ച, എന്ന അദ്ദേഹത്തിന്റെ (നബിയുടെ) വാക്കിനെപ്പറ്റിയും (അല്ലാഹുവിങ്കല്‍ അറിവുണ്ട്.)

وَقِيلِهِۦ يَٰرَبِّ إِنَّ هَٰٓؤُلَآءِ قَوۡمٞ لَّا يُؤۡمِنُونَ ۝٨٨
89

അതുകൊണ്ട് (നബിയേ,) താങ്കള്‍ അവരെ വിട്ടുപിരിയുകയും 'സലാം' എന്ന് അവരോട് പറയുകയും ചെയ്തുകൊള്ളുക. അവര്‍ പിന്നീട് അറിഞ്ഞുകൊള്ളും.

فَٱصۡفَحۡ عَنۡهُمۡ وَقُلۡ سَلَٰمٞۚ فَسَوۡفَ يَعۡلَمُونَ ۝٨٩